Thursday 18 August 2016

വിവാഹത്തിന്റെ കര്‍മ്മശാസ്ത്രം

 

താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .

***********************************************************************************

ആരോഗ്യവും ആവശ്യവും ചിലവുകൾക്ക് കഴിവുമുള്ളവന് വിവാഹം സുന്നത്താണ്. സ്വതന്ത്രന്ന് ഒരേ അവസരത്തിൽ നാല് ഭാര്യമാരേയും അടിമക്ക് രണ്ട് പേരേയും ഭാര്യയാക്കി വെക്കൽ അനുവദനീയമാണ്. 

സ്വതന്ത്രൻ വെള്ളാട്ടിയെ വിവാഹം ചെയ്യുന്നതിന്ന് നാല് നിബന്ധനകളുണ്ട്: 

1) സ്വതന്ത്ര സ്ത്രീയുടെ മഹ്റി(വിവാഹമൂല്യം)ന്ന് കഴിവില്ലാതിരിക്കുക. 

2) വ്യഭിചാരം ഭയപ്പെടുക. 

3) സുഖാനുഭവത്തിന്ന് പറ്റിയ സ്വതന്ത്ര സ്ത്രീ അധീനത്തിലില്ലാതിരിക്കുക. 

4) വിവാഹം കഴിക്കുന്ന വെള്ളാട്ടി മുസ്ലിമായിരിക്കുക.


പെണ്ണുകാണൽ

പുരുഷൻ സ്ത്രീയെ നോക്കുന്നതിന്ന് ഏഴ് വിധനിയമങ്ങൾ ബാധകമാകും:


1) അനുവദിക്കപ്പെട്ട യാതൊരാവശ്യവും കൂടാതെ അന്യ സ്ത്രീയെ നോക്കൽ - ഇത് ഹറാമാണ്.

2) സ്വന്തം ഭാര്യയേയും സ്വന്തം ദാസിയേയും ഗുഹ്യസ്ഥാനമടക്കമുള്ള ശരീരഭാഗങ്ങളെല്ലാം നോക്കൽ - ഇത് അനുവദനീയമാകുന്നു. പക്ഷേ, ഗുഹ്യസ്ഥാനത്ത് നോക്കൽ കറാഹത്തുണ്ട്.

3) വിവാഹം ചെയ്തു കൊടുത്ത തന്റെ ദാസിയുടേയും കുടുംബബന്ധം മുഖേനയോ വിവാഹ ബന്ധം മുഖേനയോ മുലകുടി ബന്ധം മുഖേനയോ താനുമായി വിവാഹബന്ധം നിഷിദ്ധമായ സ്ത്രീയുടേയും പുരുഷന്മാർ തമ്മിലും മുട്ട് പൊക്കിളിന്റെ ഇട അല്ലാത്ത സ്ഥലം നോക്കൽ - ഇത് അനുവദനീയമാണ്.

4) താൻ വിവാഹം ചെയ്യാനുറപ്പിച്ച സ്ത്രീയെ നോക്കൽ - വിവാഹാലോചന നടത്തുന്നതിന്നു മുമ്പ് അവളുടെ മുഖവും മുൻകൈയും നോക്കിക്കാണൽ സുന്നത്താകുന്നു.

5) ചികിത്സാവശ്യാർത്ഥം നോക്കൽ. അന്യസ്ത്രീയുടെ ശരീരത്തിൽ ചികിത്സാർത്ഥം ആവശ്യമായ സ്ഥലം നോക്കൽ അനുവദനീയമാണ്.

6) ഇടപാട് നടത്തുക, സാക്ഷിപറയുക എന്നീ അവസരങ്ങളിൽ സ്ത്രീയുടെ മുഖം നോക്കൽ അനുവദനീയമാകും.

7) സ്ത്രീകളോ പുരുഷന്മാരോ ആയ അടിമകളെ വാങ്ങുമ്പോൾ മുട്ട് പൊക്കിൾ ഇട അല്ലാത്തത് നോക്കൽ അനുവദനീയമാണ്.


നിക്കാഹിന്റെ ഘടകങ്ങൾ

നിക്കാഹിന്റെ അനിവാര്യമായ ഘടകങ്ങൾ അഞ്ചാണ്:


1) വധു

2)വരൻ. വരനെ നിജപ്പെടുത്തുന്നത് നിർബന്ധമാണ്. നിജപ്പെടുത്താതെ നിങ്ങൾ രണ്ടിൽ നിന്നൊരാൾക്ക് എന്റെ മകളെ ഞാൻ വിവാഹം ചെയ്തുതന്നു എന്നു പറഞ്ഞാൽ ശരിയാവുകയില്ല. കൂടാതെ ആ വധുവിന് (സഹകളത്രമാകൽ) നിഷിദ്ധമാക്കപ്പെട്ട (രക്തബന്ധത്തിലുള്ള) ഒരു സ്ത്രീ വരന്റെ അധീനത്തിൽ ഭാര്യയായി ഇല്ലാതിരിക്കുക എന്നതും നിർബന്ധമാണ്.

3) വലിയ്യ് (കൈക്കാരൻ).

4) സാക്ഷികൾ. രണ്ട് സാക്ഷികളും വലിയ്യുമില്ലാതെ നികാഹ് സാധുവാകുകയില്ല.

5) സീഗ (നികാഹിന്റെ വാക്യം) സവ്വജ്ത്തുക്ക..; ഇന്ന സ്ത്രീയെ നിനക്ക് ഞാൻ ഇണയാക്കിത്തന്നു. 

അൻകഹ്ത്തുക...ഇന്ന സ്ത്രീയെ നിനക്ക് ഞാൻ കൂട്ടിച്ചേർത്തുതന്നു എന്നിങ്ങനെയുള്ള ഈജാബി; (ബാദ്ധ്യത)ന്റെ വാക്കുകൾ കൊണ്ടും അവളുടെ നികാഹ് ഞാൻ സ്വീകരിച്ചു എന്നോ, അവളുടെ നികാഹ് ഞാൻ തൃപ്തിപ്പെട്ടു എന്നോ പറയുന്ന ഖബൂലി (സ്വീകാര്യത്തി)ന്റെ വചനം കൊണ്ടും മാത്രമേ നികാഹ് സാധുവാകുകയുള്ളൂ. ഈജാബിന്റേയും ഖബൂലിന്റേയും ഇടയിൽ മറ്റൊന്നുകൊണ്ടും വേർപിരിക്കാൻ പാടുള്ളതല്ല.


സാക്ഷിക്കും വലിയ്യിന്നും ആറ് ശർത്തുകളുണ്ട്:

1) മുസ്ലിമായിരിക്കൽ
2) പ്രായപൂർത്തിയായവരായിരിക്കൽ
3) ബുദ്ധിക്ക് സ്ഥിരതയുള്ളവരായിരിക്കൽ
4) സ്വതന്ത്രരായിരിക്കൽ
5) പുരുഷനായിരിക്കൽ
6) നീതിമാനായിരിക്കൽ. 

എന്നാൽ ദിമ്മിയ്യായ (മുസ്ലിം ഭരണത്തിൻ കീഴിൽ കപ്പം കൊടുത്തു ജീവിക്കുന്നവർ) അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കുന്നവൻ മുസ്ലിമാകലും ദാസിയെ കെട്ടിച്ചുകൊടുക്കുന്നവൻ നീതിമാനായിരിക്കലും ശർത്തില്ല.

അധികാരം

ഒരു സ്ത്രീയെ വിവാഹം ചെയ്തു കൊടുക്കുവാനുള്ള അധികാരം (വിലായത്ത്) അവളുടെ പിതാവ്, പിതാമഹൻ, (അവർ മുകളിലോളം) മാതാപിതാക്കളിലൊത്ത സഹോദരൻ, പിതാവിലൊത്ത സഹോദരൻ, മേൽ പറഞ്ഞ സഹോദരപുത്രൻ, മാതാപിതാക്കളിലൊത്ത പിതൃവ്യൻ, പിതാവിലൊത്ത പിതൃവ്യൻ, ഇവരുടെ സന്താനങ്ങൾ, അടിമത്തമോചനം ചെയ്തവൻ, അവന്റെ അസ്വബക്കാർ, ഹാക്കിം (ന്യായാധിപൻ) എന്നിവർക്കാകുന്നു.

ഹാക്കിമിന്ന് തന്റെ അധികാര പരിധിയിൽ പെട്ട സ്ത്രീകളെമാത്രമേ വിവാഹം ചെയ്തു കൊടുക്കാൻ അവകാശമുള്ളൂ. പിതാവ്, പിതാമഹൻ ഒഴിച്ചുള്ള അധികാരസ്ഥരാരും - ഹാകിം ഉൾപ്പെടെ- പ്രായപൂർത്തിയാവാത്ത സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കരുത്. 

പ്രായപൂർത്തിയായവളും സംയോഗം കൊണ്ട് കന്യകത്വം നീങ്ങിയവളുമായ സ്ത്രീയെ വാക്ക് മൂലമുള്ള സമ്മതം കൂടാതെ ആർക്കും കെട്ടിക്കുവാൻ അനുവാദമില്ല. പിതാവും മറ്റെല്ലാവരും ഈ വിധിയിൽ സമന്മാരാണ്. സ്ത്രീ കന്യകയായിരിക്കുമ്പോൾ അവളുടെ അനുവാദം കൂടാതെ പിതാവിന്നും പിതാമഹന്നും കെട്ടിക്കൽ അനുവദനീയമാകുന്നു. എന്നാൽ പ്രായപൂർത്തിയായവളോട് സമ്മതം വാങ്ങൽ അവർക്ക് സുന്നത്തുണ്ട്. മൗനം അവളുടെ സമ്മതമാണ്.

കന്യകത്വം നീങ്ങിയ പ്രായപൂർത്തിയാകാത്തവളെ ആരും കെട്ടിച്ചുകൊടുക്കൽ അനുവദനീയമല്ല. പ്രായപൂർത്തിയായ ശേഷം അനുവാദമുണ്ടായാൽ ആർക്കും കെട്ടിക്കാം. (മടക്കി എടുക്കാവുന്ന ത്വലാഖ് മൂലമല്ലാതെ) ഇദ്ദ: (ദീക്ഷ) ഇരിക്കുന്ന സ്ത്രീയോട് വ്യക്തമായി വിവാഹാലോചന നടത്തൽ നിഷിദ്ധമാണ്. എന്നാൽ വ്യംഗ്യമായി (സൂചനാവാക്കുകൾ ഉപോയോഗിച്ചു)അങ്ങനെ ചെയ്യുന്നതിന്ന് വിരോധമില്ല.


വിവാഹം നിഷിദ്ധമായവർ

ഖുർആനിൽ വിവാഹം നിഷിദ്ധമാക്കിയ സ്ത്രീകൾ പതിനാലാണ്. 

ഇതിൽ കുടുംബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ ഏഴ് പേരാകുന്നു: മാതാവ്, പിതാ-മാതാമഹികൾ (അവർ എത്ര മേൽപോട്ട് പോയാലും), പുത്രിമാർ, പൗത്രികൾ (അവർ എത്ര താഴെത്തോളം), സഹോദരികൾ മൂന്ന് വിധത്തിലുള്ളതും, പിതൃസഹോദരികൾ മൂന്ന് വിധത്തിലുള്ളതും, മാതൃസഹോദരികൾ മൂന്ന് വിധത്തിലുള്ളതും, സഹോദര പുത്രിമാർ, സഹോദരീ പുത്രിമാർ (ഇവർ എത്ര കീഴ്പോട്ടു പോയാലും).

കുടുംബ ബന്ധം മുഖേന ഹറാമായവരെല്ലാം മുലകുടി ബന്ധത്തിലൂടെയും ഹറാമാകും. പക്ഷേ, അതിൽ നിന്ന് അഞ്ച് സ്ത്രീകൾ ഒഴിവാണ്. ഇവർ കുടുംബ ബന്ധത്തിലൂടെ ഹറാമാകുമെങ്കിലും മുലകുടി ബന്ധത്തിലൂടെ ഹറാമാകുകയില്ല. വിവാഹ ബന്ധത്തിലൂടെ ഹറാമായവർ ഭാര്യയുടെ ഉമ്മ, ഭാര്യയുടെ പുത്രി (ഭാര്യയുമായി സംയോഗം നടന്നാൽ മാത്രമെ ഈ പുത്രി ഹറാമാകുകയുള്ളൂ.), പിതാവിന്റെ ഭാര്യ (പിതാവ് മുകളിലോളം), സന്താനങ്ങളുടെ ഭാര്യമാർ (സന്താനങ്ങൾ എത്ര കീഴ്പോട്ട് പോയാലും) എന്നിവരാകുന്നു.

ഒരു സ്ത്രീയേയും അവളുടെ അടുത്ത ബന്ധത്തിൽ പെട്ട മറ്റൊരു സ്ത്രീയേയും ഒരവസരത്തിൽ ഭാര്യമാരാക്കിവെക്കൽ അനുവദനീയമല്ല. ഈ പറഞ്ഞ അടുത്ത ബന്ധമെന്നാൽ രണ്ടിൽ ഒരു സ്ത്രീയെ പുരുഷനായി സങ്കൽപ്പിച്ചാൽ അവർ തമ്മിൽ വിവാഹം നിഷിദ്ധമാകും എന്നതാണ്. മേൽ പറഞ്ഞവരാണ് വിവാഹം നിഷിദ്ധമാക്കപ്പെട്ടവർ.

ഭാര്യാഭർത്താക്കളിൽ ഒരാൾക്ക് താഴെ പറയുന്ന അഞ്ച് ന്യൂനതകളിൽ ഏതെങ്കിലുമൊന്നുണ്ടായാൽ വിവാഹം ദുർബലപ്പെടുത്തുവാൻ രണ്ടുപേർക്കും അധികാരമുണ്ട്. ഭ്രാന്ത്, കുഷ്ഠരോഗം, വെള്ളപാണ്ട്, ഭാര്യ യോനിയിൽ അസ്ഥിയോ മാംസമോ തിങ്ങിയവളാകുക, ഭർത്താവ് ലിംഗം മുറിക്കപ്പെട്ടവനോ അതിന്ന് പ്രവർത്തന ശക്തിയില്ലാത്തവനോ ആകുക എന്നിവയാണ് ന്യൂനതകൾ.

വിവാഹ വേളയിൽ പ്രസ്തുത ന്യൂനതയെ സംബന്ധിച്ച് അറിയാതെയാണ് വിവാഹം നടന്നിട്ടുള്ളതെങ്കിൽ മാത്രമെ ഫസ്ഖി(വിവാഹം ദുർബലപ്പെടുത്തുന്നതി)ന്ന് രണ്ടുപേർക്കും അധികാരമുണ്ടാകുകയുള്ളൂ.


കടപ്പാട് : ഇസ്‌ലാംഓൺവെബ്

No comments:

Post a Comment