Thursday 11 August 2016

സുലൈഖ ബീവി(റ)

 

പ്രവാചകവര്യരായ യൂസുഫ് നബി(അ) ന്റെ കാലത്തെ ഈജിപ്തിലെ മന്ത്രിയായിരുന്ന അസീസിന്റെ പത്‌നിയായിട്ടാണ് സുലൈഖ ബീവി(റ)യെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. യൂസുഫ് നബി(അ) ജീവിതത്തിൽ നിർണായക പരീക്ഷണം ഏൽക്കേണ്ടിവരാൻ കാരണക്കാരിയാണ് സുലൈഖ ബീവി(റ). ഇരുവരുടെയും ചരിത്രം വിവരിക്കാൻ പരിശുദ്ധ ഖുർആൻ ഒരു അധ്യായം തന്നെ തെരഞ്ഞെടുത്തു. സാധാരണ ഗതിയിൽ പ്രവാചകൻമാരുടെ ചരിത്രങ്ങൾ പല സൂറത്തുകളിൽ പലയിടങ്ങളിൽ പറയുകയാണ് ഖുർആനിന്റെ ശൈലി. എന്നാൽ യൂസുഫ് സൂറത്തിൽ മഹാനവർകളുടെ ചരിത്രം മാത്രമാണ് വിവരിക്കുന്നത്.

തന്റെ സഹോദരൻമാരുടെ അസൂയാമനോഭാവമാണ് യൂസുഫ് നബി(അ) യെ ഈജിപ്തിലെ കൊട്ടാരത്തിലെത്തിച്ചത്. സഹോദരങ്ങൾ കിണറ്റിലെറിഞ്ഞ യൂസുഫ് നബിയെ ഒരു യാത്രാസംഘം കരയ്‌ക്കെത്തിക്കുകയായിരുന്നു. മദ്‌യനിൽ നിന്നും ഈജിപ്തിലേക്ക് പോവുകയായിരുന്നു അവർ.

യഥാർഥത്തിൽ ഈജിപ്തിലേക്കുള്ള വഴി അതല്ലായിരുന്നെങ്കിലും അവർ വഴിതെറ്റി അതുവഴി വന്നതായിരുന്നു. യാത്രാസംഘത്തിന് കലശയായ ദാഹം അനുഭവപ്പെട്ടപ്പോൾ അവരിലൊരാൾ കിണറ്റിനരികിലെത്തുകയും ബക്കറ്റ് കിണറ്റിലേക്കിറക്കുകയും ചെയ്തു. ബക്കറ്റ് കണ്ട് യൂസുഫ് നബി(അ) അതിൽ പിടിച്ചു. അത് ശ്രദ്ധയിൽപെട്ട യാത്രാസംഘം യൂസുഫ് നബി(അ) യെ കരയിലേക്കുകയറ്റി. അതിസുന്ദരനായ യൂസുഫ് നബിയെ ഈജിപ്തിൽ ചെന്ന് അടിമയായി വിൽക്കാനായിരുന്നു അവരുടെ പ്ലാൻ. ഈജിപ്തിൽ ചെന്ന് യൂസുഫ് നബിയെ അവർ തുഛം വിലയ്ക്കു വിറ്റു.

യൂസുഫ് നബിയെ യാത്രാസംഘത്തിൽ നിന്നും വാങ്ങിയത് അന്നത്തെ ഈജിപ്തിലെ രാജാവായിരുന്ന റയ്യാന്റെ മന്ത്രി ഖിത്വ്ഫീർ എന്ന വ്യക്തിയായിരുന്നു(ഈജിപ്തിൽ ധനകാര്യം കൈകാര്യം ചെയ്യുന്നവർ അസീസ് എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടത്). യൂസുഫ് നബി(അ) യെ വാങ്ങിയ അദ്ദേഹത്തിന് യൂസുഫ് നബി(അ) ന്റെ മുഖത്ത് അത്ഭുതകരമായ മഹത്വത്തിന്റെ ലക്ഷണങ്ങൾ കാണാൻ സാധിച്ചു. 

അതിനാൽതന്നെ അടിമയോടെന്നപോലെ യൂസുഫിനോട് പെരുമാറരുതെന്നും മാന്യമായ രീതിയിൽ താമസസൗകര്യം ഏർപെടുത്തണമെന്നും തന്റെ ഭാര്യ സുലൈഖയോട് മന്ത്രി പറഞ്ഞു. ഈ സന്ദർഭം പരിശുദ്ധ ഖുർആൻ വിവരിക്കുന്നു. : 

ഈജിപ്തിൽ യൂസുഫ് നബിയെ വിലയ്ക്കുവാങ്ങിയ ആൾ തന്റെ ഭാര്യയോടു പറഞ്ഞു, ഇവനെ മാന്യമായി ഇവിടെ താമസിപ്പിക്കുക. ഇവൻ നമുക്ക് ഭാവിയിൽ ഉപകാരപ്പെട്ടേക്കാം. അല്ലെങ്കിൽ ഇവനെ ദത്തുപുത്രനാക്കി വെക്കാം. അപ്രകാരം യൂസുഫ് നബി(അ)ക്ക് ഭൂമിയിൽ(ഈജിപ്തിൽ) നാം സൗകര്യമൊരുക്കിക്കൊടുത്തു. (അവിടെ അദ്ദേഹത്തിന് ഭരണം നടത്തുവാനും ) സ്വപ്ന വാർത്തകളുടെ വ്യാഖ്യാനം തനിക്കു നാം പഠിപ്പിക്കുവാനും വേണ്ടി. അല്ലാഹു അവന്റെ കാര്യത്തിൽ വിജയിക്കുന്നവനാണ്. പക്ഷേ അധികമാളുകളും ഗ്രഹിക്കുന്നില്ല.(യൂസുഫ് 21)

സുലൈഖാ ബീവി(റ) യെ പരാമർശിക്കുന്ന ഖുർആനിലെ ആദ്യ സൂക്തമാണിത്. അതുപ്രകാരം തന്നെ യൂസുഫ് നബിയെ അവർ അവരുടെ വസതിയിൽ മാന്യമായ രീതിയിൽ പരിപാലിച്ചു വളർത്തി. പിതാവ് യഅ്ഖൂബ് നബിയുടെ സ്‌നേഹ വാത്സല്യത്തിൽ 12 വർഷം വളർന്ന യൂസുഫ് നബി പിന്നീട് അടിമച്ചന്തയെല്ലാം തരണംചെയ്ത് 17- മത്തെ വയസ്സിലാണ് ഈജിപ്തിലെ കൊട്ടാരത്തിലെത്തുന്നത്. അവിടെയാണ് അദ്ദേഹത്തിന്റെ യൗവ്വനത്തിന്റെ മുഴുവൻ ഭാഗവും ചിലവഴിച്ചത്. യൂസുഫ് നബി(അ)യുടെ അതീവ സൗന്ദര്യവും ശരീരഘടനയുമെല്ലാം കണ്ട് അസീസിന്റെ ഭാര്യ സുലൈഖ യൂസുഫ് നബി(അ) യിൽ അതീവ തൽപരയായിരുന്നു.

യൂസുഫ് നബി(അ) സുലൈഖ ബീവി(റ) യിലൂടെ ഒരു പരീക്ഷണത്തിന് വിധേയനാവുകയായിരുന്നു. ഒരു പ്രാവശ്യമെങ്കിലും തന്റെ ഇംഗിതം യൂസുഫ് നബി(അ) യിൽ സാധ്യമാക്കണമെന്ന അടങ്ങാത്ത താൽപര്യം സുലൈഖ(റ) യിൽ ഉണ്ടായിരുന്നു. യൂസുഫ് നബിയുടെ ഹൃദയശുദ്ധിയും ചാരിത്ര്യശുദ്ധിയും ശരിക്കു മനസ്സിലാക്കിയവളായിരുന്നു സുലൈഖ ബീവി(റ). 

അതിനാൽതന്നെ വളരെ പെട്ടെന്നൊന്നും തന്റെ താൽപര്യത്തിന് യൂസുഫ് നബി(അ) വഴങ്ങില്ല എന്നവർക്കുറപ്പായിരുന്നു. സാധാരണ രീതിയിലുള്ള ഒരു വികാര പ്രകടനത്തിലൂടെയോ ശരീരചേഷ്ടകളിലൂടെയോ തന്റെ താൽപര്യം യൂസുഫിനെ അറിയിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ സുലൈഖ കുതന്ത്രംചെയ്യാൻ തന്നെ തീരുമാനിച്ചു. 

തന്റെ ആഗ്രഹ സഫലീകരണത്തിന് അനുയോജ്യമായ സന്ദർഭം സുലൈഖ ബീവി(റ) ക്ക് ലഭിച്ചു. ഒരു ദിവസം തന്റെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് സുലൈഖബീവി(റ) എല്ലാ ആഢംബരത്തോടെയും ചമഞ്ഞണിഞ്ഞ് കൂടുതൽ സൗന്ദര്യവതിയായി വീട്ടിലെ ഏഴുവാതിലുകളും ഭദ്രമായി അടച്ച് യൂസുഫിനെ തന്റെ ആഗ്രഹ സഫലീകരണത്തിന്ന് ക്ഷണിച്ചു. ഈ ക്ഷണത്തിന് ഖുർആൻ ഉപയോഗിച്ച പദം: ”ഹയ്ത ലക” (ഇവിടെ വാ) എന്നാണ്. 

പരിശുദ്ധ ഖുർആൻ വിശദീകരിക്കുന്നു, യൂസുഫ് താമസിച്ചിരുന്ന ഗൃഹത്തിന്റെ നായിക അദ്ദേഹത്തിൽ കുതന്ത്രം പ്രയോഗിച്ച് വശീകരിക്കാൻ ശ്രമിച്ചു. അവൾ വാതിലുകളെല്ലാം അടച്ചു പൂട്ടിയിട്ടു. ഇങ്ങു വാ എന്ന് കൽപിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൽ ശരണം, അവൻ എന്റെ യജമാനനാണ്, വളരെ നല്ല നിലയിലാണ് അവൻ എന്നെ താമസിപ്പിച്ചിരിക്കുന്നത്. അക്രമികൾ ഒരിക്കലും വിജയിക്കില്ല. (യൂസുഫ് 23)


ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം ഇരുവരുടെയും സ്ഥാനമാണ്. സുലൈഖ(റ) ആഢംബരവും സൗന്ദര്യവും ഒത്തുചേർന്ന സ്ത്രീ, അതിലുപരി മന്ത്രിയുടെ പത്‌നിയും. എന്നാൽ യൂസുഫ് നബിയാകട്ടെ, അടിമച്ചന്തയിൽ നിന്നും തന്റെ ഭർത്താവ് വാങ്ങിയ അടിമ! ആയതിനാൽതന്നെ അത്തരത്തിൽ കുലീനയായ ഒരു സ്ത്രീ തന്റെ ആഗ്രഹ സഫലീകരണത്തിന് മുതിരുമ്പോൾ സന്ദർഭം എല്ലാതരത്തിലും അനുയോജ്യമാവണം. 

വീടിന്റെ ഏഴു വാതിലുകളുമടച്ച് അതിന്റെയുള്ളിലാണ് ഈ സംഭവം നടക്കുന്നത്. അതുകൊണ്ടുതന്നെ പുറത്ത് ഒരു വ്യക്തി പോലും അറിയാൻ സാധ്യതയുമില്ല. അതിലുപരി മന്ത്രിപത്‌നിയായതിനാലും യൂസുഫ് തന്റെ ഭൃത്യനായതിനാലും ആരും സംശയിക്കാനും ഇടയില്ല. എന്നിട്ടും യൂസുഫ് നബി(അ) പറഞ്ഞത് ‘അല്ലാഹുവിനെ സൂക്ഷിക്കുക. ഈ വീടിന്റെ ഉടമസ്ഥനും നിങ്ങളുടെ ഭർത്താവുമായ എന്റെ യജമാനനിൽ ഞാൻ പൂർണ വിശ്വസ്തനാണ്. അതിനാൽതന്നെ അദ്ദേഹത്തിന്റെ വിശ്വാസ്യത തകർക്കാനോ അക്രമികളിൽപെടാനോ ഞാൻ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു.

സൗന്ദര്യവും ആഢംബരവും പ്രതാപവുമുള്ള ഒരു യുവതി തന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി സുന്ദരനായ യുവാവിനെ ക്ഷണിക്കുമ്പോൾ സ്വാഭാവികമായും രക്തവും മജ്ജയുമുള്ള ഒരാളിൽ വികാരം ഇളകും എന്നതിൽ സംശയമില്ല. അതല്ലെങ്കിൽ അയാൾ മനുഷ്യനല്ല എന്ന് പറയേണ്ടി വരും. അത്തരത്തിൽ ഒരു ചായ്‌വ് യൂസുഫ് നബിയിലും ഉണ്ടായി. എന്നാൽ യൂസുഫ് നബി(അ) യുടെ വിശ്വാസ ദൗർബല്യത്തെയല്ല, മറിച്ച് പൂർണ അനുകൂല സാഹചര്യത്തിലും തന്റെ നാഥൻ ഇഷ്ടപ്പെടാത്ത ഒരു പ്രവർത്തനത്തിൽ നിന്ന് പിൻമാറിയതിനാൽ അദ്ധേഹത്തിന്റെ മഹത്വത്തെയാണ് അത് നമുക്ക് വ്യക്തമാക്കിത്തരുന്നത്. 

പരിശുദ്ധ ഖുർആൻ ഈ സന്ദർഭം വിവരിക്കുന്നു; സത്യമായും അവർ അദ്ദേഹത്തെ സംബന്ധിച്ചു കരുതി. തന്റെ ദൃഷ്ടാന്തം കണ്ടിരുന്നില്ലെങ്കിൽ അദ്ദേഹവും കരുതുമായിരുന്നു. അപ്രകാരം നാം ചെയ്ത തിന്മയെയും നീചപ്രവൃത്തിയെയും അദ്ദേഹത്തിൽ നിന്ന് തിരിച്ചുകളയാനാണ്, നിശ്ചയമായും അദ്ദേഹം നമ്മുടെ ഉൽകൃഷ്ട ദാസൻമാരിൽ പെട്ട വ്യക്തിയാവുന്നു.(യൂസുഫ് 24)

തന്റെ ദൃഷ്ടാന്തം കണ്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹവും കരുതുമായിരുന്നു എന്നാണ് ഖുർആൻ പറഞ്ഞത്. അഥവാ യൂസുഫ് നബി(അ) യെ സുലൈഖ(റ) ആഗ്രഹ പൂർത്തീകരണത്തിന് ക്ഷണിച്ചപ്പോൾ യൂസുഫ് നബി(അ) അല്ലാഹുവിൽ അഭയം തേടി. യൂസുഫ് നബി(അ) യുടെ വാക്കുകൾതന്നെ ഖുർആൻ വിവരിക്കുന്നു; 

കുറ്റങ്ങളിൽ നിന്ന് എന്റെ മനസ്സിനെ ഞാൻ ഒഴിവാക്കുന്നില്ല. നിശ്ചയം മനുഷ്യമനസ്സ് തിൻമകളിലേക്ക് വളരെയധികം പ്രോത്സാഹിപ്പിക്കുന്നത് തന്നെയാണ്. (യൂസുഫ് 53)

അപ്രകാരം യൂസുഫ് നബിയുടെ മനസ്സ് തിൻമകളിലേക്ക് ചായാതിരിക്കുവാൻ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. അഥവാ കുറ്റം ചെയ്യാതിക്കാനുള്ള ബോധം മനസ്സിൽ ഉണ്ടാക്കി. ‘ബുർഹാൻ’എന്നാണ് ഖുർആൻ അതിനെ സൂചിപ്പിക്കുന്നത്. 

ഇമാം ഖുർതുബി(റ) പറയുന്നു: ആ ബുർഹാൻ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ നിന്നുള്ള ഒരു ദൃഷ്ടാന്തമാണ്. അത് യൂസുഫ് നബി(അ) ന്ന് കാണിച്ചുകൊടുത്തു. അപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസം ശക്തമാവുകയും തെറ്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്തു. 

യൂസുഫ് നബി(അ) ന്റെ മനസ്സ് തെറ്റിലേക്ക് ചായുമോ എന്ന ഘട്ടത്തിൽ അദ്ദേഹത്തിന് തന്റെ പിതാവ് യഅ്ഖൂബ് നബി(അ) ന്റെ രൂപം കാണിച്ചുകൊടുക്കുകയാണുണ്ടായത്. യഅ്ഖൂബ് നബി(അ) യൂസുഫ് നബി(അ) ന്റെ നെഞ്ചിലേക്ക് ശക്തമായി പ്രഹരിക്കുകയും അതിനാൽ യൂസുഫ് നബി(അ) സുലൈഖയിൽ നിന്ന് തെന്നിമാറുകയും ചെയ്തു.

തന്റെ ഇംഗിതത്തിന് യൂസുഫ് നബി(അ) വഴങ്ങാത്തപക്ഷം അദ്ദേഹത്തെ നിർബന്ധിപ്പിക്കുവാൻ സുലൈഖ ശ്രമിച്ചു. തൽസമയം സുലൈഖയെ തള്ളിമാറ്റി യൂസുഫ് നബി(അ) രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ സുലൈഖയും പുറപ്പെട്ടു. വാതിലിനടുത്തെത്താറായപ്പോൾ പുറത്തേക്ക് ഓടാതിരിക്കുവാൻവേണ്ടി സുലൈഖ യൂസുഫ് നബി(അ) യുടെ ജുബ്ബയുടെ പിൻഭാഗം പിടിച്ചുവലിച്ചു. തൽഫലമായി ജുബ്ബ കീറുകയും ചെയ്തു. ഇരുവരും ചെന്നുപെട്ടത് യജമാനനായ അസീസിന്റെ മുന്നിലായിരുന്നു. 

ഭർത്താവിനെ കണ്ട സുലൈഖ യൂസുഫ് നബി(അ) ൽ കുറ്റം ചാർത്തി. അങ്ങയുടെ ഭാര്യയെ യൂസുഫ് അവഹേളിക്കുവാൻ ശ്രമിച്ചുവെന്നും ബലാൽകാരത്തിന് ക്ഷണിച്ചപ്പോൾ താൻ ഓടിയതാണെന്നും സുലൈഖ പറഞ്ഞു. ഇതുകേട്ട യൂസുഫ് നബി(അ) താൻ വഞ്ചിക്കപ്പെട്ടതാണെന്നുംയജമാനത്തിയാണ് തന്നെ വശീകരിക്കാൻ ശ്രമിച്ചതെന്നും പറഞ്ഞു. ഇങ്ങനെ രണ്ടുപേരും പ്രത്യാരോപണങ്ങൾ നടത്തുന്നതിനിടയിൽ സുലൈഖയുടെ ബന്ധു പ്രശ്‌നം പരിഹരിക്കാൻ മുന്നോട്ടുവന്നു. അദ്ദേഹം പറഞ്ഞു: 

യൂസുഫിന്റെ ജുബ്ബയുടെ മുൻവശമാണ് കീറിയതെങ്കിൽ ഇവൻ ബലാൽകാരം ചെയ്യുകയും കുറ്റക്കാരനുമാണ്. പിൻവശമാണ് കീറിയതെങ്കിൽ ഇവൾ യൂസുഫിനെ ബലാൽകാരം ചെയ്യുകയും ഇവൾ കുറ്റക്കാരിയുമാണ്. യജമാനൻ നോക്കിയപ്പോൾ യൂസുഫിന്റെ ഖമീസിന്റെ പിൻവശം കീറിയതായാണ് കണ്ടെത്തിയത്. ഇതുകണ്ട യജമാനൻ ഇത് സ്ത്രീകളുടെ കുതന്ത്രത്തിൽ പെട്ടതാണെന്നും പറഞ്ഞ് സംഭവം മറക്കാൻ യൂസുഫ് നബി(അ) യോടും തെറ്റിൽ പാശ്ചാത്തപിക്കാൻ സുലൈഖ(റ) യോടും പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു.

എന്നാൽ മന്ത്രിവസതിയിൽ നടന്ന സംഭവം പട്ടണത്തിൽ പാട്ടാവുകയും എല്ലാ സ്ത്രീകളുടെ ചെവിയിലുമെത്തുകയും ചെയ്തു. മന്ത്രിയുടെ ഭാര്യ യുവാവിനെ കാമിച്ചുവത്രെ, അതും ഭൃത്യനെ! മോശമായിപ്പോയി! ഇപ്രകാരം പറഞ്ഞ് അവർ സംഭവം പ്രചരിപ്പിച്ചു. ഇതറിഞ്ഞ സുലൈഖ അവരെ പരീക്ഷിക്കാൻ തീരുമാനിച്ചു. തീർത്തും ആഢംബരപൂർണമായ രീതിയിൽ അവരെ സൽകരിച്ചു. എല്ലാവർക്കും പഴങ്ങളും അത് മുറിക്കാനുള്ള കത്തിയും നൽകി. അവർ പഴങ്ങൾ മുറിക്കാൻ തുടങ്ങിയ സമയം സുലൈഖ യൂസുഫ് നബി(അ) യോട് അവർക്കിടയിലൂടെ കടന്നുപോവാൻ പറഞ്ഞു. 

സുലൈഖയുടെ കൽപന മാനിച്ച് യൂസുഫ്(അ) അവർക്കിടയിലൂടെ കടന്നുപോയി. യൂസുഫ് നബി(അ) യുടെ അപാരമായ സൗന്ദര്യം കണ്ട് അവർ പരസ്പരം മറന്നുപോയി. പഴങ്ങൾക്കൊപ്പം തങ്ങളുടെ കൈവിരലുകളും അവർ മുറിച്ചു. യൂസുഫ് നബി(അ) യുടെ സൗന്ദര്യത്തിൽ ലയിച്ച അവർ വേദന അറിഞ്ഞില്ല. അവർ തങ്ങളിലേക്ക് യൂസുഫ് നബിയുടെ ശ്രദ്ധതിരിക്കാൻ ആവുംവിധമെല്ലാം ശ്രമിച്ചു. ഇതെല്ലാം കണ്ടുനിന്ന സുലൈഖ(റ) അവരോട് പറഞ്ഞു: ഞാൻ കാമിച്ചുവെന്നുപറഞ്ഞ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തിയ യുവാവാണിത്. ഇപ്പോൾ നിങ്ങൾ ഇദ്ദേഹത്തെ കണ്ടപ്പോൾ എന്തെല്ലാം ചെയ്തു. സ്വബോധം നഷ്ടപ്പെട്ട് നിങ്ങൾ നിങ്ങളുടെ കൈവിരലുകൾ പോലും മുറിച്ചു. ഇവനെ ഞാൻ കാമിച്ചു എന്നത് സത്യംതന്നെ എന്നാൽ ഇവൻ അതിന്നുവഴങ്ങിയില്ല. നിശ്ചയം ഞാൻ കൽപിച്ചത് ഇവൻ ചെയ്തില്ലെങ്കിൽ നിന്ദ്യനായി ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.

തന്റെ ഭാര്യയുടെ കഥകൾ പട്ടണത്തിലാകെ പരന്നതിനാൽ മന്ത്രി അപമാനത്തിൽ നിന്നും രക്ഷപ്പെടാനും കുറെ കാലത്തേക്ക് സംഭവം ജനങ്ങളുടെ മനസ്സിൽനിന്ന് മാറ്റാനും വേണ്ടി യൂസുഫ് നബിയെ കുറ്റക്കാരനാക്കി ജയിലിലടച്ചു. നിരപരാധിയാണെന്ന് സർവരാലും തെളിഞ്ഞിട്ടും മന്ത്രിയുടെ ബന്ധുക്കൾ യൂസുഫ് നബി(അ) നുള്ള ശിക്ഷ ശരിവെക്കുകയായിരുന്നു. 

എന്നാൽ യൂസുഫ് നബി(അ) ക്ക് ഇതിൽ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. ഒരു നിലക്ക് യൂസുഫ് നബി(അ) ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. സുലൈഖ(റ) തന്റെ ഇംഗിതം സാധ്യമാക്കുമെന്ന് വെല്ലുവിളിച്ചപ്പോൾ തന്നെ യൂസുഫ് നബി(അ) കാരാഗൃഹവാസം ആഗ്രഹിച്ചിരുന്നു. കാരണം, അവർ ക്ഷണിക്കുന്ന സുഖസമ്പൂർണ്ണമായ മണിയറയെക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടത് ജയിലായിരുന്നു. എന്റെ നാഥാ, അവർ എന്നെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാൾ ജയിലാണ് എനിക്കു പ്രിയംങ്കരം, അവരുടെ തന്ത്രം നീ എന്നിൽ നിന്ന് തിരിച്ചുവിടാത്ത പക്ഷം ഞാൻ അവരിലേക്കു ആകൃഷ്ടനാവുകയും വിവരമില്ലാത്തവരിൽ പെട്ടുപോവുകയും ചെയ്യും. അങ്ങനെ യൂസുഫ് നബി(അ) വിശ്വസ്തതയും സദാചാരവും പുലർത്തിയതിന് അന്യായമായ ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു.

ജയിൽവാസത്തിനിടയിൽ യൂസുഫ് നബി(അ) രണ്ടൂപേരെ പരിചയപ്പെട്ടിരുന്നു. അതിലൊരാൾ കുറ്റവിമുക്തനായി രാജാവിന്റെ അടുക്കലേക്ക് പോകുന്നതറിഞ്ഞ് യൂസുഫ് നബി(അ) അദ്ദേഹത്തോട് തന്റെ നിരപരാധിത്വത്തെയും താൻ അനുഭവിച്ച ദാരുണതയെയും കുറിച്ച് രാജാവിനോട് പറയാൻ പറഞ്ഞു. എന്നാൽ കൊട്ടാരത്തിലെത്തിയ കൂട്ടുകാരൻ യൂസുഫ് നബി(അ) യെക്കുറിച്ച് പറയാൻ മറന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം രാജാവ് ഒരു സ്വപ്നം കാണുകയും അതിന്റെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട സമയത്ത് തന്റെ സ്വപ്നത്തിന് ജയിലിൽനിന്നും വിശദീകരണം നൽകിയ യൂസുഫ് നബി(അ) യെ ആ വ്യക്തിക്ക് ഓർമവരികയും, രാജാവിനോട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. 

രാജാവ് അദ്ദേഹത്തോട് യൂസുഫ് നബി(അ) യെ സമീപിച്ച് തന്റെ സ്വപ്നത്തിന് വ്യാഖ്യാനം തേടാൻ ആവശ്യപ്പെട്ടു. യൂസുഫ് നബി(അ) യുടെ വ്യാഖ്യാനം കേട്ട രാജാവ് അതീവ സന്തുഷ്ടനാവുകയും യൂസുഫ് നബി(അ) യെ കൊട്ടാരത്തിൽ വിളിച്ച് സമ്മാനങ്ങൾ നൽകുവാനും തീരുമാനിച്ചു. എന്നാൽ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിൽ ചെല്ലാൻ യൂസുഫ് നബി(അ) തിടുക്കം കാണിച്ചില്ല. കാരണം നിരപരാധിയായി, അഭിമാനം നഷ്ടപ്പെട്ടവനായിട്ടാണ് താൻ ജയിലിലായത്. അതിനാൽതന്നെ തന്റെ അഭിമാനം വീണ്ടെടുക്കുന്നതുവരെ ജയിലിൽ നിന്ന് പുറത്തിറങ്ങില്ല എന്ന് അദ്ദേഹം ശപഥം ചെയ്തു. സൽകാരത്തിനിടയിൽ തന്നെ വശീകരിക്കാൻ ശ്രമിച്ച സ്ത്രീകളുടെ ഉള്ളിലിരിപ്പ് അറിയണമെന്നും തന്നെ വഞ്ചിച്ച മന്ത്രിയുടെ പത്‌നി ജനങളെ കബളിപ്പിക്കുകയാണെന്നും യൂസുഫ് നബി(അ) മനസ്സിൽ ഉറപ്പിച്ചു.

യൂസുഫ് നബി(അ) യുടെ ആവശ്യം അറിഞ്ഞ രാജാവ് ആ സ്ത്രീകളെ വിളിച്ച് വിചാരണ ചെയ്തു. സൽകാരത്തിനിടയിൽ യൂസുഫ് നബി(അ) യുടെ ശ്രദ്ധ ക്ഷണിക്കാൻ തങ്ങൾ കാണിച്ച ചേഷ്ടകളിൽ അദ്ദേഹം വഴങ്ങിയോ എന്നും അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ നിങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്നും രാജാവ് ചോദിച്ചു. തങ്ങളുടെ അനുനയ ശ്രമങ്ങൾക്കൊന്നുംതന്നെ അദ്ദേഹം വഴങ്ങിയില്ല എന്നുമാത്രമല്ല അദ്ദേഹം മാന്യനും ശുദ്ധനുമാണെന്നും അവർ പറഞ്ഞു. യൂസുഫിന്റെ സൗന്ദര്യംകണ്ട് താനാണ് യൂസുഫിനെ വശീകരിക്കാൻ ശ്രമിച്ചതെന്ന് മുൻപ് കൂട്ടുകാരികൾക്കുമുന്നിൽ തുറന്നുസമ്മതിച്ച സുലൈഖക്ക് തന്റെ വാക്കിൽ നിന്ന് പിൻമാറാൻ കഴിഞ്ഞില്ല. 

അവർ രാജാവിന്റെ മുന്നിൽ താനാണ് യൂസുഫിനെ വശീകരിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം മാന്യനും ശുദ്ധനുമായതിനാൽ തന്റെ ആഗ്രഹപൂർത്തീകരണത്തിന് അദ്ദേഹം വഴങ്ങിയില്ലെന്നും സുലൈഖ തുറന്നുസമ്മതിച്ചു. എന്നാൽ മാന്യനും ശുദ്ധപ്രകൃതനുമായ ഒരു യുവാവിനെക്കുറിച്ച് തെറ്റായ ആരോപണം ഉന്നയിച്ചു ജയിലിലടക്കാൻ താൻ കാരണക്കാരിയായതിൽ സുലൈഖ(റ) മാനസാന്തരപ്പെടുകയും അവർ അതിൽ പാശ്ചാതത്തപിക്കുകയും ചെയ്തു. അവർ അപ്രകാരം പറഞ്ഞ സന്ദർഭം ഖുർആൻ വിശദീകരിക്കുന്നു; 

”ഇപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഞാനാണ് അദ്ദേഹത്തെ വശീകരിക്കാൻ ശ്രമിച്ചത്, അദ്ദേഹം സത്യവാൻമാരിൽപെട്ടവനാണ്” (യൂസുഫ് 51)

No comments:

Post a Comment