Wednesday 10 August 2016

ഹിജാമഃ അഥവാ കൊമ്പുവയ്ക്കല്‍ ചികിത്സാ രീതി






💥 ഹിജാമഃ (കൊമ്പുവയ്ക്കല്‍) എന്നത് പ്രവാചകന്‍ മുഹമ്മദ് നബി (സ.അ) പഠിപ്പിച്ച ഒരു ചര്യയും ചികിത്സാരീതിയുമാണ്. ബുഖാരി, മുസ്ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിലടക്കം മുപ്പതില്‍ പരം ഹദീസുകള്‍ ഹിജാമഃ യുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഈ ചികിത്സാ സമ്പ്രദായം Cupping, Leeching, bloodletting, പ്രച്ഛാനം, രക്തമോക്ഷം എന്നീ വിവിധ പേരുകളില്‍ പുരാതന കാലഘട്ടം മുതല്‍ക്കുള്ള വിവിധ സമൂഹങ്ങളിലും, വിവിധ ചികിത്സാ ശാഖകളിലും നിലിവിലുണ്ടായിരുന്നു എങ്കിലും ഒരു ‘പ്രവാചകചര്യ പിന്‍പറ്റുക’ എന്ന ഉദ്ദേശ്യമായിരിക്കണം ഇത് ചെയ്യുന്ന ഒരു സത്യവിശ്വാസിക്ക് പ്രധാനമായും ഉണ്ടായിരിക്കേണ്ടത്.

✅ ചാന്ദ്രമാസം -17, 19, 21, വ്യാഴം, തിങ്കള്‍ എന്നീ ദിവസങ്ങള്‍ ഹിജാമഃ ചെയ്യാന്‍ ഏറ്റവും ഉത്തമമായ ദിവസങ്ങളാണ്.

❌ ബുധനാഴ്ച ഹിജാമഃ ചെയ്യുന്നത് വിരോധിച്ചിട്ടുണ്ട്.

💥 നാം ചെയ്യുന്ന വിവിധ ചികിത്സകളില്‍ ഏറ്റവും ശ്രേഷ്ഠവും ഫലപ്രദവുമായത് ഹിജാമഃ ചെയ്യലാണ്.

💥 ഹിജാമഃ ചെയ്യുന്ന അവസരത്തില്‍ ആയത്തുല്‍ കുര്‍സിയ്യ് (آية الكرسي) ഓതുന്നവന് ഹിജാമഃ പ്രയോജനകരമായിത്തീരുന്നതാണ്.

💥 ഹിജാമഃ ചെയ്തശേഷം കുളിക്കുന്നത് പ്രബലമായ സുന്നത്താണ്.

🍇 [ ഹിജാമഃ യുമായി ബന്ധപ്പെട്ട ഹദീസുകള്‍]

♻ ഇബ്നു അബ്ബാസ് (റ) നിവേദനം - നബി (സ.അ) പറയുന്നു: “ഹിജാമഃ ചെയ്യല്‍ എത്ര നല്ല ചികിത്സയാണ്. അത് (ദുഷിച്ച) രക്തത്തെ നീക്കിക്കളയുകയും കണ്ണുകള്‍ക്ക് തെളിച്ചം നല്‍കുകയും നട്ടെല്ലിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. “ [ ഹാകിം (19/128) 8368]

♻അബൂഹുറയ്റ (റ) നിവേദനം - നബി(സ.അ) അരുളി: “നിങ്ങള്‍ ചികിത്സിക്കുന്നവയില്‍ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കില്‍ അത് ഹിജാമഃ ചെയ്യുന്നതിലാണ്.” [അബൂദാവൂദ് (10/346) 3359], [അഹ്മദ് 8513]

♻സമുറ ബിന്‍ ജുന്‍ദുബ് (റ) നിവേദനം – നബി(സ.അ) അരുളി: “ജനങ്ങളുടെ ഉത്തമ ചികിത്സകളില്‍പ്പെട്ടതാണ് ഹിജാമഃ ചെയ്യല്‍” [അഹ്മദ് (33/42) 20171]

♻അബൂഹുറയ്റ (റ) നിവേദനം - നബി(സ.അ) അരുളി: “ജനങ്ങള്‍ ചെയ്യുന്ന പ്രയോജനകരമായ ചികിത്സകളില്‍പ്പെട്ടതാണ് ഹിജാമഃ ചെയ്യല്‍ എന്ന് ജിബ് രീല്‍ (അ.സ) എന്നെ അറിയിച്ചു“ [ഹാകിം (4/232) 7470]

♻നബി(സ.അ) പറഞ്ഞു: “നിങ്ങള്‍ ചികിത്സിക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായത് കൊമ്പ് വയ്ക്കലാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ ഔഷധങ്ങളില്‍ ഉത്തമമാണ്.” [മുസ്ലിം (11/62) 1577]

♻ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ.അ) കൊമ്പുവെച്ചു. കൊമ്പു വെക്കുന്നവന് പ്രതിഫലം നല്‍കി, ഔഷധം നസ്യം ചെയ്യുകയും ചെയ്തു. [(മുസ്ലിം – (11/65) 1577)]

♻ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(സ.അ) അരുളി: “ഏതെങ്കിലും വസ്തുക്കളില്‍ രോഗശമനമുണ്ടെങ്കില്‍ അത് ഹിജാമഃയിലും തേന്‍ കുടിക്കുന്നതിലുമാണ്. [ത്വബരി – (6/324) 2817)]

♻നബി(സ.അ) അരുളിയതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: “ഹിജാമഃ ചെയ്യുന്നവന്‍ എത്ര നല്ല മനുഷ്യനാണ്. അയാള്‍ അശുദ്ധ രക്തം കളയുന്നു, നട്ടെല്ലിന് ആശ്വാസം നല്‍കുന്നു, കണ്ണിന് തെളിച്ചമുണ്ടാക്കുന്നു.” അദ്ദേഹം തുടര്‍ന്നു: നബി(സ.അ) യെ ആകാശാരോഹണം ചെയ്യിക്കപ്പെട്ടപ്പോള്‍ മലക്കുകളുടെ ഓരോ സംഘത്തിനടുത്തുകൂടി കടന്നുപോകുമ്പോഴും അവര്‍ പറയുമായിരുന്നു; താങ്കള്‍ ഹിജാമഃ ചെയ്യുന്നത് കണിശമാക്കുക. ശേഷം തങ്ങള്‍ പറഞ്ഞു, “നിങ്ങള്‍ക്ക് ഹിജാമ ചെയ്യുന്നതിന് ഏറ്റവും നല്ല ദിവസങ്ങള്‍ (ചാന്ദ്രമാസം) പതിനേഴ്, പത്തൊമ്പത്, ഇരുപത്തൊന്ന് എന്നീ ദിവസങ്ങളാണ്” [തിര്‍മുദി – (7/376) 3468]

♻ഇബ്നു മസ്ഊദ്(റ) പറയുന്നു: റസൂലുല്ലാഹി (സ.അ) യെ രാപ്രയാണം ചെയ്യിക്കപ്പെട്ട രാത്രിയെക്കുറിച്ച് വിവരിക്കവേ തങ്ങള്‍ അരുളി; “ഓരോ സംഘം മലക്കുകളുടെ അരികിലൂടെ കടന്നുപോകുമ്പോഴെല്ലാം അവര്‍ പറഞ്ഞുകൊണ്ടിരുന്നു, താങ്കളുടെ സമുദായത്തോട് ഹിജാമ ചെയ്യാന്‍ കല്പിക്കുക”

♻അനസുബ്നുമാലിക്(റ) നിവേദനം റസൂലുല്ലാഹി (സ.അ) അരുളി: “ഇസ്റാഇന്റെ രാത്രിയില്‍ ഞാന്‍ ഓരോ സംഘം മലക്കുകളുടെ അരികിലൂടെ പോകമ്പോഴെല്ലാം അവര്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. മുഹമ്മദേ തങ്ങളുടെ ജനതയോട് ഹിജാമഃ ചെയ്യാന്‍ കല്പിക്കുക” [ഇബ്നുമാജ – (10/296) 3470]

♻ഇബ്നു അബ്ബാസ് (റ) നിവേദനം: റസൂലുല്ലാഹി (സ.അ) അരുളി: “ചാന്ദ്രമാസത്തിലെ പതിനേഴ്, പത്തൊമ്പത്, ഇരുപത്തൊന്ന് എന്നീ തീയതികളിലൊന്നില്‍ നിങ്ങള്‍ ഹിജാമഃ ചെയ്യുക (അത് ചെയ്യാതെ) നിങ്ങളുടെ രക്തം പതയ്ക്കാനും അത് നിങ്ങളെ വധിക്കാനും ഇടവരരുത്” [ബസ്സാര്‍ – (2/177) 4917]

♻നാഫിഅ് ഇബ്നു ഉമര്‍(റ) ല്‍ നിന്നും നിവേദനം: റസൂലുല്ലാഹി (സ.അ) അരുളി: “വെറും വയറ്റില്‍ ഹിജാമഃ ചെയ്യലാണ് ഏറ്റവും ഉചിതമായത്. അതില്‍ രോഗശമനവും, ഐശ്വര്യവും ഉണ്ട്. ഇതിലൂടെ ബുദ്ധി ശക്തിയും ഓര്‍മ്മ ശക്തിയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഐശ്വര്യം കിട്ടുന്നതിനായി വ്യാഴാഴ്ച ദിവസം നിങ്ങള്‍ ഹിജാമഃ ചെയ്യുക. ബുധന്‍, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നിങ്ങള്‍ ഹിജാമ ചെയ്യരുത്. തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങള്‍ ഹിജാമഃ ചെയ്യുന്നതിനായി തെരഞ്ഞെടുക്കുക. കാരണം ആ ദിവസത്തിലാണ് അല്ലാഹു അയ്യൂബ് നബി(അ.സ) ന് രോഗശമനം നല്‍കിയത്. അദ്ദേഹത്തെ രോഗം നല്‍കി അവന്‍ പരീക്ഷിച്ചത് ഒരു ബുധനാഴ്ച ദിവസമായിരുന്നു. ആയതിനാല്‍ കുഷ്ഠം, വെള്ളപ്പാണ്ട് എന്നീ രോഗങ്ങള്‍ തുടങ്ങുന്നത് ബുധനാഴ്ച രാവോ പകലോ ആയിരിക്കും” [ഇബ്നുമാജ – (10/306) 3478]

♻ഇബ്നു അബ്ബാസ് (റ) നിവേദനം: ബനീ ബയാളയിലെ ഒരു അടിമ നബി (സ.അ) ക്ക് കൊമ്പ് ചികിത്സ നടത്തി. അപ്പോള്‍ നബി(സ.അ) അവന് പ്രതിഫലം നല്‍കി. അവന്റെ യജമാനനോട് സംസാരിക്കുകയും അദ്ദേഹം അവന് നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്തു. പ്രതിഫലം നിഷിദ്ധമായിരുന്നുവെങ്കില്‍ നബി(സ.അ) അത് നല്‍കുമായിരുന്നില്ല. [(മുസ്ലിം – (11/66) 1577)]

♻നബി(സ.അ)യുടെ സേവകയായിരുന്ന സല്‍മ (റ) ല്‍ നിന്നും നിവേദനം. അവര്‍ പറഞ്ഞു “ആരെങ്കിലും തങ്ങളോട് തലവേദനയെക്കുറിച്ച് ആവലാതി പറഞ്ഞാല്‍ നീ ഹിജാമ ചെയ്യുക എന്നും ആരെങ്കിലും കാലുകളുടെ വേദനയെക്കുറിച്ച് പറഞ്ഞാല്‍ മൈലാഞ്ചി പുരട്ടുക എന്നും പറയുമായിരുന്നു” [അബൂദാവൂദ് – (10/347) 3860)], ഹാകിം (19/115)

♻ആയിശ (റ) നിവേദനം: അവര്‍ നബി (സ.അ) യെക്കുറിച്ച് പറയുന്നു: “നബി തങ്ങള്‍ വലിയ അശുദ്ധി, ജുമുഅ ദിവസം, ഹിജാമഃ ചെയ്യല്‍, മയ്യത്തിനെ കുളിപ്പിക്കല്‍ എന്നീ നാല് കാരണങ്ങളുടെ പേരില്‍ കുളിക്കുമായിരുന്നു” [അബൂദാവൂദ് – (1/423) 294]

♻അലി(റ) നിവേദനം: റസൂലുല്ലാഹി (സ.അ) അരുളി: “ഹിജാമഃയുടെ സന്ദര്‍ഭത്തില്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുന്നവന് ഹിജാമ പ്രയോജനകരമായിത്തീരുന്നതാണ്.” [അല്‍ അദ്കാര്‍ – (1/305)

♻ നബി(സ) പറഞ്ഞു: ”നിങ്ങളുടെ മരുന്നുകളില്‍ (ചികിത്സകളില്‍) വല്ല നന്മയും ഉണ്ടെങ്കില്‍ അത് തേന്‍ കുടിക്കുന്നതിലും കൊമ്പ് വെക്കുന്നതിലും തീ കൊണ്ട് ചൂട് വെക്കുന്നതിലുമാണ്. ചൂട് വെക്കുന്ന ചികിത്സ ഞാന്‍ ചെയ്യുകയില്ല.” ഇതേകാര്യം സംബന്ധിച്ച് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസിലുള്ളത് ‘ഈ മൂന്ന് കാര്യങ്ങളിലാണ് ശമനമുള്ളത്. എന്നാല്‍ ചൂടു വെക്കുന്നത് ഞാന്‍ വിലക്കുന്നു’ എന്ന് നബി(സ) പറഞ്ഞുവെന്നാണ്.

✅ നബി(സ) തലവേദന ശമിക്കുന്നതിന് വേണ്ടി ഹിജാമഃ ചെയ്യിച്ചുവെന്ന് ഇബ്‌നുഅബ്ബാസ് പറഞ്ഞതായി ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അബൂതൈ്വബ എന്ന വ്യക്തിയെക്കൊണ്ട് നബി(സ) ഹിജാമഃ ചെയ്യിച്ചുവെന്നും അതിന് പ്രതിഫലം നല്കിയെന്നും അനസ്(റ) പറഞ്ഞതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രക്തം ദുഷിക്കുകയോ, ശരീരത്തില്‍ എവിടെയെങ്കിലും രക്തത്തിന്റെ അളവ് കൂടുകയോ ചെയ്താല്‍ ഏതെങ്കിലും ഉപകരണം മുഖേന രക്തം വലിച്ചെടുക്കുന്ന ഈ ചികിത്സാസമ്പ്രദായം പല നാടുകളിലും നിലവിലുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ചില ആയുര്‍വേദ വൈദ്യന്മാര്‍ ദുഷിച്ച രക്തമുള്ള ഭാഗത്ത് അട്ട എന്ന ജീവിയെ കടിപ്പിച്ച് രക്തം ഒഴിവാക്കിക്കളയാറുണ്ട്. രക്തം, ചലം, കഫം എന്നിവ രോഗിയുടെ ശരീരത്തില്‍ നിന്ന് ഉപകരണം കൊണ്ട് വലിച്ചെടുത്ത് ഒഴിവാക്കുന്ന രീതി ആധുനിക ചികിത്സയിലുമുണ്ട്. ഹിജാമഃ നബി(സ) അംഗീകരിച്ചു എന്നല്ലാതെ ഈ ചികിത്സ സ്വീകരിക്കാന്‍ വിശ്വാസികളെ അദ്ദേഹം പൊതുവായി ആഹ്വാനം ചെയ്തുവെന്ന് ഹദീസുകളില്‍ കാണുന്നില്ല.

✅ പ്രവാചകന്‍ പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70 ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന  ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. നവ ജീവിത ശൈലി ഭക്ഷണ രീതിയിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് കണ്ടെത്തിയിട്ടുണ്ട്.

❓ഹിജാമ തെറാപ്പി എങ്ങനെ

വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകള്‍ അമര്‍ത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നും പേര് വന്നത്. അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളില്‍ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുര്‍വേദത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.



കഴുത്ത് വേദന, മുട്ട് വേദന, സന്ധികളില്‍ വേദന തുടങ്ങിയവ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി. ശരീരത്തില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാല്‍ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. വിദഗ്ധനായ ഒരു ഹിജാമ തെറാപിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്.




No comments:

Post a Comment