Tuesday 12 December 2017

ശൈഖ് മുഹിയുദ്ധീൻ അബ്‌ദുൽ ഖാദർ ജീലാനി (റ)




ശൈഖ് ജീലാനി (റ) ഹിജ്റ 470-ൽ പരിശുദ്ധ റമളാൻ ഒന്നിന് ഇറാനിലെ ജീലാൻ എന്ന പ്രദേശത്താണ് ജനിച്ചത്. മുത്ത് ഹബീബ് ﷺ തങ്ങളുടെ കരളിന്റെ കഷ്ണമായ ബീവി ഫാതിമ (റ)യുടെ മക്കളായ  ഹുസൈൻ (റ) വിന്റെ കുടുംബ പരമ്പരയിലൂടെ  ജീലാനി അവറുകളുടെ ഉമ്മയും (ഫാതിമ). പിതാവായ അബൂമൂസാ സ്വാലിഹ് ഹസ്സൻ (റ) കുടുംബ പരമ്പരയിലൂടെ റസൂൽ കരീം ﷺ തങ്ങളുടെ കുടുംബത്തിലേക്ക് ബന്ധപ്പെട്ട് കിടക്കുന്ന തലമുറയിൽപ്പെട്ട ആളാണ് ജീലാനി(റ).

ശരീഅത്തും ത്വരീഖത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീഅത്തില്ലാത്ത ത്വരീഖത്തില്ല. മുൻകാമികൾ ഇവ രണ്ടും നിലനിർത്തിയവരായിരുന്നു...

ഒരാൾ ഒരു ശൈഖിന്റെ നേതൃത്വത്തിൽ ഖൽബിനെ സംസ്കരിച്ച് അല്ലാഹുﷻവുമായി ബന്ധപ്പെടാനും ശരീരത്തെ റുബൂബിയ്യത്തിൽ പരശീലിപ്പിക്കാനും ചില ഉടമ്പടി ചെയ്യുന്നതിനെ ത്വരീഖത്തിൽ ചേരുക എന്ന് പറയുന്നു.

ആദ്യകാലത്ത് ഇഹ്സാൻ, തസ്കിയത്ത് എന്നെല്ലാം അറിയപ്പെട്ടിരുന്നു എന്നുമാത്രം. ഇത് അല്ലാഹുﷻവിലേക്ക് ചേരാനുള്ള വഴികളിൽ ഒന്നുമാത്രമാണ്.

ശൈഖുമായി ബൈഅത്ത് ചെയ്യുമ്പോൾ മുരീദിനോട് ഒരു ലക്ഷം തഹ്ലീൽ, അല്ലെങ്കിൽ ഇഖ്ലാസ് ചൊല്ലണമെന്നും വിവിധ ദിക്റുകൾ പതിവാക്കണമെന്നും മറ്റും നിർദ്ദേശിക്കുന്നു. ഇതിനെ നമുക്ക് ഇൻഷൂറിനോട് ഉപമിക്കാം. സമ്പന്നനാണെങ്കിൽ പോലും ഒരാൾ ഒരു വാഹനം ഇറക്കുമ്പോൾ ഇൻഷൂർ ചെയ്യാറുണ്ട്. ഇതേപോലെ ശരീഅത്ത് പ്രകാരം ജീവിക്കുന്നവൻ തന്റെ ജീവിതത്തിന്റെ ഇൻഷൂർ പ്രീമിയമായി ശൈഖിന്റെ ആജ്ഞപ്രകാരം ദിനേന ഇവർ ചൊല്ലിക്കൊണ്ടിരിക്കുന്ന ദിക്റുകളും മറ്റും, ഇവനെ ഇഹപര വിജയിയാക്കാൻ സഹായിക്കുന്നു. ലോകത്ത് ആകമാനം വ്യാപിച്ചു കിടക്കുന്നതാണ് ഖാദിരിയ്യാ ത്വരീഖത്ത്. മഹാനായ ശൈഖ് മുഹിയുദ്ധീൻ ജീലാനിയെക്കുറിച്ചുള്ള ഈ ചരിത്രം ശൈഖവർകളുടെ ജീവിതത്തെയും ദർശനങ്ങളെയും മാത്രമല്ല, ത്വരീഖത്തിന്റെ പ്രാധാന്യവും നമ്മെ ബോധ്യപ്പെടുത്തുന്നു...

അബ്ബാസിയ്യാ ഖിലാഫത്തിന്റെ ഭരണ സിരാകേന്ദ്രമാണ് ബഗ്ദാദ്. അവിടെ നടക്കുന്ന ഓരോ ചലനവും ലോകമറിയും. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണത്. ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) വിന്റെ പ്രവർത്തന കേന്ദ്രം ബഗ്ദാദ് ആവണമെന്നത് അല്ലാഹുﷻവിന്റെ നിശ്ചയം.

ലോക മുസ്ലിം സമൂഹം വൻ പ്രതിസന്ധിയിൽ പെട്ട കാലം. അധികാര വടംവലികൾ ശക്തമായി. നിരന്തര യുദ്ധങ്ങൾ,  രക്തക്കറ പുരണ്ട തെരുവുകൾ, കൊള്ളയടിക്കപ്പെട്ട പട്ടണം, കത്തിക്കരിഞ്ഞ കെട്ടിടങ്ങൾ, നാഗരികതകൾക്ക് തീ കൊളുത്തപ്പെട്ടു. സാംസ്കാരിക ചിഹ്നങ്ങൾ കത്തിച്ചാമ്പലായി. മനുഷ്യമനസ്സുകൾ പകയും വൈരവും ശത്രുതയും പ്രതികാര ചിന്തയും കൊണ്ട് നീറിപ്പുകഞ്ഞു. ശപിക്കപ്പെട്ട ശൈത്വാന്മാർ പൊട്ടിച്ചിരിച്ചു...

ഇസ്ലാമിന്റെ ആത്മാവ് വേദന കൊണ്ട് പിടഞ്ഞു. അപ്പോൾ ശൈഖ് ജീലാനി (റ) വാക്കുകൾ ബഗ്ദാദിന്റെ അന്തരീക്ഷത്തിൽ ഇടിമുഴക്കങ്ങൾ പോലെ പ്രതിധ്വനിച്ചു. ശക്തമായ പദപ്രയോഗങ്ങൾ മനുഷ്യമനസ്സുകളിൽ കൊടുങ്കാറ്റു സൃഷ്ടിച്ചു. നിർജീവമായി കിടന്ന മനുഷ്യ മനസ്സുകൾക്ക് ജീവൻ നൽകി. അനേകായിരങ്ങളുടെ മനസ്സിൽ തൗഹീദ് സ്ഥാപിച്ചു. അപ്പോൾ ഈമാനിന്റെ പ്രകാശം പരന്നു.  ദീനിനെ പുനർജീവിപ്പിച്ചു. അപ്പോൾ അബ്ദുൽ ഖാദിർ മുഹിയുദ്ധീനായി. മാലോകർ തന്നെയാണ് ആദ്യമായി മുഹിയുദ്ധീൻ എന്ന് വിളിച്ചത്. അപ്പോൾ ആകാശ ഭൂമികൾ ഏറ്റുവിളിച്ചു...

ശൈഖ് മുഹിയുദ്ധീൻ (റ)വിന്റെ ചരിത്രം പറയാൻ ആർക്കാണാവുക..? മനസ്സിലൊതുങ്ങാത്തതെങ്ങനെ എഴുതും..?

അല്ലാഹുവേ ശൈഖ് ജിലാനി (റ) കാണിച്ചുതന്ന മാർഗത്തിലൂടെ ജീവിക്കാനും, അവസാനം പൂർണ്ണ മുഹ്മിനായി മരിക്കാനും ഞങ്ങൾക്ക് നീ തൗഫീഖ് നൽകേണമേ...ആമീൻ യാ റബ്ബൽ ആലമീന്‍


കേരള മുസ്ലിംകൾക്കൊരു പ്രത്യേക സാംസ്കാരിക പാരമ്പര്യമുണ്ട്. എല്ല വിശേഷ സന്ദർഭങ്ങളിലും നടത്തുന്ന കൂട്ടുപ്രാർത്ഥന...

ഒരാൾ സ്വരമുയർത്തി അൽ - ഫാത്തിഹ വിളിക്കുന്നു. എല്ലാവരും ഭക്തി പുരസ്സരം ഫാത്തിഹയും, ഖുൽഹുവല്ലാഹു അഹദ്, ഖുൽ അഊദുബിറബ്ബിൽ ഫലഖ്, ഖുൽ അഊദു ബിറബ്ബിന്നാസ് എന്നീ സൂറത്തുകളും ഓതുന്നു. എന്നിട്ട് ഒരാൾ ദുആ ചെയ്യും. ബാക്കിയുള്ളവർ ആമീൻ പറയും...


അരനൂറ്റാണ്ടിനപ്പുറം ഒരു വല്ലാത്ത കാലം ഇവിടെ കടന്നുപോയിട്ടുണ്ട്. വൈദ്യുതിയില്ലാത്ത, ടെലിഫോണില്ലാത്ത, സഞ്ചരിക്കാൻ റോഡുകളില്ലാത്ത, വാഹനങ്ങളില്ലാത്ത,കൂറ്റൻ കെട്ടിടങ്ങളില്ലാത്ത,പരിഷ്കാരങ്ങളില്ലാത്ത കാലം...

പട്ടണങ്ങളിൽ വൈദ്യുതിയും, ടെലിഫോണും, റേഡിയോയും, കാറുകളും എത്തിത്തുടങ്ങുന്ന കാലം.  ഗ്രാമീണർക്ക് അതൊക്കെ കേട്ടുകേൾവി മാത്രം. ഓലമേഞ്ഞ വീടുകൾ, വെളിച്ചത്തിന് മണ്ണെണ്ണ വിളക്കുകൾ. ചരക്കു നീക്കത്തിന് കാളവണ്ടികൾ. എവിടെയും ദാരിദ്ര്യം കൊടിക്കുത്തിവാഴും കാലം. എങ്കിലും അക്കാലത്തെ മനുഷ്യമനസ്സുകളിൽ സ്നേഹമുണ്ടായിരുന്നു. അന്ന് വീട്ടിൽ ഒരു കോഴിയെ അറുക്കുന്നെങ്കിൽ അതൊരു വിശേഷ സംഭവമാണ്...

അന്നത്തെ സന്തോഷത്തിൽ പങ്കാളിയാകാനും ദുആ ഇരക്കാനും വേണ്ടി ഒരു മൊല്ലാക്കയെയോ മുക്രിയെയോ മുസ്ല്യാരെയോ അവർ ക്ഷണിക്കും. ഭക്ഷണം കഴിച്ച ശേഷം ഫാത്തിഹ വിളിച്ചു ദുആ ഇരക്കും. വീട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും മനസ്സ് തുറന്ന് ആമീൻ പറയും. ഈ ദുആക്ക് ഒരു പേരുണ്ട് ഒജീനിച്ചാൽ ദുആ...

സന്തോഷ വേളയിലും ദുഃഖ സമയത്തും ദുആയുണ്ട്. മരണം ദുഃഖമാണ്. മരണവീട്ടിൽ പല ഘട്ടങ്ങളിൽ ദുആയുണ്ട്. മയ്യിത്ത് എടുക്കുമ്പോഴും, ഖബറടക്കം കഴിഞ്ഞും, ഖബർ സിയാറത്തിനും ദുആയുണ്ട്. മരിച്ച അന്ന് മുതൽ മൂന്നു ദിവസം തുടർച്ചയായി ദുആ മൂന്നിനും, പതിനഞ്ചിനും, നാൽപതിനും, മരണ വാർഷികങ്ങൾക്കും ദുആയുണ്ട്...

വിവാഹത്തോടനുബന്ധിച്ച് എത്ര പ്രാർത്ഥനകളാണ്. പുതിയാപ്പിള ഇറങ്ങുമ്പോൾ, നിക്കാഹ് കഴിഞ്ഞാൽ,  പുതിയ പെണ്ണിറങ്ങുമ്പോൾ, സൽക്കാരങ്ങൾ നടക്കുമ്പോൾ, പ്രസവത്തിനു കൂട്ടിക്കൊണ്ട് വരുമ്പോൾ, പ്രസവം കഴിഞ്ഞ് മടങ്ങുമ്പോൾ അങ്ങനെ ദുആയുടെ സന്ദർഭങ്ങളെത്രെ...

യാത്രക്കിറങ്ങുമ്പോൾ, യോഗം തുടങ്ങുമ്പോൾ, വഅള് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും, വീടിന് കല്ലിടുമ്പോൾ, കച്ചവടം തുടങ്ങുമ്പോൾ, നേർച്ച നടത്തുമ്പോൾ... പറഞ്ഞു തീർക്കാൻ പ്രയാസം തോന്നും. വിശേഷ സന്ദർഭങ്ങളിലെല്ലാം ദുആ നമ്മുടെ മഹത്തായ പാരമ്പര്യം. കാര്യങ്ങളിലെല്ലാം ബർക്കത്തുണ്ടാവാനാണ് ദുആ.

ഹംദും സ്വലാത്തും ചൊല്ലി ദുആ തുടങ്ങുന്നു. ഓതിയ സൂറത്തുകളും സ്വലാത്തും ഹദ്യ ചെയ്യുന്നു. സമർപ്പണം നടത്തുന്നു ആർക്ക്..?
ഒന്നാമതായി നബിﷺതങ്ങൾക്ക്. രണ്ടാമതോ..? ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) മഹാന്ന്.

നബിﷺയുടെ പേര് പറയുമ്പോൾ എല്ലാവരുംകൂടി ഉറക്കെ സ്വലാത്ത് ചൊല്ലും, ശൈഖിന്റെ പേര് കേൾക്കുമ്പോൾ ഖദ്ദസല്ലാഹു സിർറഹുൽ അസീസ് എന്നോ, റളിയല്ലാഹു അൻഹു എന്നോ ചൊല്ലും.  രണ്ടോ മൂന്നോ ആളുകളുള്ള കൊച്ചു സദസ്സിലായാലും ആയിരങ്ങൾ പങ്കെടുത്ത സമ്മേളനത്തിലായാലും ഹദ്യ ചെയ്യുന്നവിധം ഇതുതന്നെ...

നബിﷺതങ്ങളെ എല്ലാവർക്കും അടുത്തറിയാം. അത് കഴിഞ്ഞാൽ അവർക്ക് ഏറ്റവും പരിചയമുള്ള മഹാൻ ശൈഖ് മുഹിയുദ്ധീൻ (റ) അവർകളാകുന്നു. മഹാന്റെ പത്ത് കറാമത്തുകൾ പറയാൻ കഴിയാത്ത കുട്ടികൾ പോലുമില്ല. എല്ലാ വഅളിന്റെ സദസ്സിലും അക്കാലത്ത് ആ മഹാനെപ്പറ്റി പറയും. മഹത്തായ മുഹിയുദ്ധീൻ മാല ഉദ്ധരിക്കും. ശൈഖ് മുഹിയുദ്ധീൻ (റ)വിനെ കേരളീയർക്ക് പരിചയപ്പെടുത്തിക്കൊടുത്തത് മുഖ്യമായും മൂന്ന് കുടുംബങ്ങളാണ്. മഖ്ദൂം കുടുംബം, കായൽപട്ടണത്തെ ഖാഹിരി കുടുംബം, കോഴിക്കോട് ഖാളി കുടുംബം...

തമിഴ്നാട്ടിലെ കായൽപട്ടണം മുതൽ കർണ്ണാടകയിലെ മംഗലാപുരം വരെയുള്ള പ്രദേശങ്ങളിൽ ദീനീ പ്രവർത്തനങ്ങളുടെ നേതൃത്വം ഒരു കാലത്ത് മഖ്ദൂമികളുടെ കൈയിലായിരുന്നു. കേരളത്തിൽ എത്രയോ തലമുറകൾക്ക് അവർ ദീനീ വിജ്ഞാനം നൽകി. പള്ളി ദർസുകളിൽ പഠിപ്പിക്കുന്ന പല കിതാബുകളും അവർ രചിച്ചതാണ്. പൊന്നാനിയിൽ മഖ്ദൂമിന്റെ പള്ളിയിൽ ചെന്ന് വിളക്കത്തിരിക്കലാണ് അന്നത്തെ ബിരുദം. ഉപരിപഠനത്തിന് പൊന്നാനിയിൽ ചെല്ലുക. വിളക്കിന്റെ വെളിച്ചത്തിലിരുന്ന് ഓതുക അതാണ് ബിരുദം...

മഖ്ദൂം കുടുംബം ഖാദിരിയ്യ ത്വരീഖത്ത് പ്രചരിപ്പിച്ചു. കുടുംബത്തിലെ പ്രമുഖന്മാർ  ത്വരീഖത്തിന്റെ ശൈഖുമാരായിരുന്നു. ശൈഖ് സൈനുദ്ദീൻ ഒന്നാമൻ സൂഫിമാർഗം പരിചയപ്പെടുത്താൻ മനോഹരമായൊരു കാവ്യം രചിച്ചു. ഹീദായത്തുൽ അദ്കിയ ഇലാ ത്വരീഖിൽ ഔലിയ.

കേരളത്തിലെ മത കലാലയങ്ങളിൽ ഇത് എത്ര കാലമായി പഠിപ്പിച്ചു വരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ കാവ്യത്തിന് മക്കയിൽ നിന്നും ജാവയിൽ നിന്നും വ്യാഖ്യാന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.  മക്കാസ്വദേശിയായ പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനുമായ സയ്യിദ് അബൂബക്കർ ബക്കരി തയ്യാറാക്കിയ വ്യഖ്യാനത്തിന്റെ പേര് കിഫായത്തുൽ അദ്കിയ ഫീ മിൻഹാജിൽ അസ്ഫിയാ എന്നാകുന്നു. ഹിജ്റ 1302 ൽ  ഈജിപ്തിലാണ് ഇത് അച്ചടിച്ചത്. രണ്ടാമത്തെ വ്യാഖ്യാനം തയ്യാറാക്കിയത് അല്ലാമാ മുഹമ്മദ് നൂമിൽ ജാമി എന്ന പണ്ഡിതനാണ്. രണ്ട് വ്യാഖ്യാനങ്ങളും ലോക പ്രസിദ്ധമായിത്തീർന്നു...

തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദും രണ്ടാമനാകുന്നു. അഹങ്കാരികളും അക്രമികളുമായ പോർച്ചുഗീസുകാർക്കെതിരെ പടപൊരുതാൻ പ്രേരിപ്പിക്കുന്ന നിരവധി കൃതികൾ മഖ്ദൂം പണ്ഡിതൻമാർ രചിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാർമാരുടെ നേതൃത്വത്തിൽ നാവികപ്പട പോർച്ചുഗീസുകാർക്കെതിരെ അറബിക്കടലിൽ നടത്തിയ ധീര പോരാട്ടങ്ങളുടെ പരമ്പരകൾ ഇന്ത്യാചരിത്രത്തിലെ രോമാഞ്ചജനകമായ രംഗങ്ങളാകുന്നു. വീരോതിഹാസം ചമച്ച ധീര പോരാളികളിലേറെപ്പേരും ഖാദിരിയ്യാ ത്വരീഖത്ത് സ്വീകരിച്ചവരായിരുന്നു.

കേരളം കണ്ട ആദ്യത്തെ ചരിത്ര ഗ്രന്ഥമാണ് തുഹ്ഫത്തുൽ മുജാഹിദീൻ...

കോഴിക്കോട് ഖാളിമാരിൽ പ്രമുഖനായിരുന്നു, മഹാപണ്ഡിതനും സാഹിത്യകാരനും കവിയും ഖാദിരിയ്യാ ത്വരീഖത്തിന്റെ അക്കാലത്തെ ശൈഖുമായ ഖാളി മുഹമ്മദ്  (റ) അവർകൾ. സാധാരണക്കാർക്ക് ശൈഖ് മുഹിയുദ്ധീൻ (റ)വിനെ പരിചയപ്പെടുത്താനും അവരെ ഖാദിരിയ്യാ ത്വരീഖത്തിലേക്ക് ക്ഷണിക്കാനും വേണ്ടിയാണ് അദ്ദേഹം മനോഹരമായ മുഹിയുദ്ധീൻ മാല രചിച്ചത്.

നമുക്ക് ലഭിച്ച അറബി മലയാള സാഹിത്യ കൃതികളിൽ ഏറ്റവും പഴക്കം ചെന്നത് മുഹിയുദ്ധീൻ മാലയാണ്. അതിനു മുമ്പുള്ള സാഹിത്യ സമ്പത്ത് മുഴുവനായും നഷ്ടപ്പെടുകയോ പാശ്ചാത്യർ കടത്തിക്കൊണ്ട് പോവുകയോ ചെയ്തു.

കൊല്ലവർഷം 782-ൽ മുഹിയുദ്ധീൻ മാല രചിക്കപ്പെട്ടു...

അച്ചടി വരുന്നതിന് മുമ്പുള്ള ഏതാണ്ട് മൂന്നു നൂറ്റാണ്ട് കാലം മുഹിയുദ്ധീൻ മാല മനുഷ്യമനസ്സുകളിലാണ് സൂക്ഷിക്കപ്പെട്ടത്. ഒരു തലമുറ അടുത്ത തലമുറയെ പാടിപ്പിച്ചു കാണാതെ പഠിച്ചു. ഇശാ - മഗ്രിബിന്നിടയിൽ അവരത് പാടിക്കൊണ്ടിരുന്നു.

കേരളത്തിൽ ഖാദിരികൾ സംഘടിപ്പിക്കുന്ന മജ്ലിസുകളിൽ പങ്കെടുക്കാൻ കായൽപട്ടണത്തെ ശൈഖുമാർ വരാറുണ്ടായിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലർത്തി അവർ കോഴിക്കോട്ടും പൊന്നിനിയിലും വരുമായിരുന്നു...

ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ)  രചിച്ച മനോഹര കാവ്യമാണ് ഖുത്ബിയ്യത്ത്. ഇത് കേരളത്തിൽ പ്രചുര പ്രചാരം നേടി. വീടുകളിലും പള്ളികളിലും ഭക്തിപൂർവ്വം ചൊല്ലിവന്നു. കായൽപട്ടണത്തോട് ചേർത്താണ് ഖാഹിരി എന്ന് പറയുന്നത്. മഖ്ദൂം, ഖാഹിരി, കോഴിക്കോട് ഖാളി കുടുംബങ്ങൾ തമ്മിൽ മൂന്നു വിധത്തിൽ ബന്ധങ്ങളുണ്ട്. വിവാഹ ബന്ധം, ഗുരു - ശിഷ്യ ബന്ധം, ശൈഖ് മുരീദ് ബന്ധം ഇവരൊക്കെ ചേർന്ന് ശൈഖ് മുഹിയുദ്ധീൻ (റ)വിനെ കേരളക്കാർക്ക് പരിചയപ്പെടുത്തി. ശൈഖ് അവർകൾ മലയാളികൾക്ക് പ്രയങ്കരനായിത്തീർന്നു. ശൈഖിന്റെ കറാമത്തുകൾ കേരള മുസ്ലിം സമൂഹത്തെ അതിശയം കൊള്ളിച്ചു.

ശൈഖ് അവർകളുടെ മുരീദുമാർ ബഗ്ദാദിൽ നിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്. കേരളത്തിലും വന്നിട്ടുണ്ട്. അവരും ത്വരീഖത്ത് പ്രചരണം നടത്തി. കേരളത്തിലെ മുഹിയുദ്ധീൻ പള്ളികൾ എണ്ണത്തിൽ ധാരാളമുണ്ടായിരുന്നു. പിൽക്കാലക്കാർ ത്വരീഖത്ത് വേണ്ടെന്ന് വെച്ചപ്പോൾ ഒരുപാട് പള്ളികളുടെ പേരും മറന്നുപോയി. ചരിത്രത്തിന്റെ ശേഷിപ്പുകളായിചില പള്ളികളുടെ പേരുകൾ ബാക്കിയായി.

ആദ്യ നൂറ്റാണ്ടിൽ ഇഹ്സാൻ, തസ്ക്കിയത്ത് എന്നീ പദങ്ങൾ സർവ്വ സാധാരണമായിരുന്നു.

ഇസ്ലാം, ഈമാൻ, ഇഹ്സാൻ ഇവ സ്വഹാബികളുടെ ജീവിതം സമ്പന്നമാക്കി...

മനുഷ്യ മനസ്സുകളിലെ മാലിന്യങ്ങൾ മുഴുവൻ നീക്കുക കിബ്റ് (അഹങ്കാരം) , ഹസദ് (അസൂയ) തുടങ്ങിയ ദുർഗുണങ്ങൾ പാടെ നീക്കിക്കളയുക, മനസ്സിനെ വെളുപ്പിക്കുക, പ്രകാശിപ്പിക്കുക, സംസ്കരിക്കുക ഇതാണ് തസ്കിയത്ത്...

ഇതേ അർത്ഥത്തിലാണ് പിന്നീട് തസ്വവ്വുഫ് വന്നത്. മനുഷ്യൻ നന്നാവാൻ തസ്വവ്വുഫ് വേണം. തസ്വവ്വുഫിനെ ലോകത്തിന് പരിചയപ്പെടുത്തിയ ആദ്യകാലക്കാർ മഹാപുരുഷന്മാരായ ഹസനുൽ ബസ്വരി (റ), മഹ്റൂഫുൽ ബർഹ (റ) എന്നിവരാകുന്നു.

ഹിജ്റ കഴിഞ്ഞ് അഞ്ഞൂറ് കൊല്ലം കഴിയുമ്പോൾ മനുഷ്യർ ദുനിയാവിന്റെ അടിമകളായിത്തീർന്നു. രാജാക്കന്മാർ സുഖഭോഗങ്ങൾക്ക് പിന്നാലെ പാഞ്ഞു. സാധാരണക്കാർ അവരെ പിന്തുടർന്നു. ഈ ജനതയെയാണ് ശൈഖ് മുഹിയുദ്ധീൻ (റ) സംസ്കരിച്ചെടുത്തത്.

ലോകപ്രശസ്ത ഇന്ത്യൻ പണ്ഡിതൻ സയ്യിദ് അബുൽ ഹസൻ അലി നദ് വി (ന.മ) അവർകളുടെ വാക്കുകൾ നോക്കൂ...

തന്റെ രിജാലുൽ ഫിക്രി വദ്ദഹ്വ എന്ന കൃതിയിൽ പറയുന്നു:

എഴുപത്തിമൂന്നു വർഷക്കാലം ശൈഖ് ജീലാനി ബഗ്ദാദിൽ കഴിച്ചു കുട്ടി.അഞ്ച് അബ്ബാസി ഖലീഫമാരുടെ സമകാലികനാകാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ബഗ്ദാദിലേക്ക് വരുമ്പോൾ അൽ മുസ്തള്ഹിർ ബി അംരില്ലയായിരുന്നു ഖലീഫ. പിന്നീട് അൽ മുസ്തർശിദ്, അൽ റശീദ്, അൽ മുഖ്തഫി ബി അംരില്ല, അൽ മുസ്തൻജിദ് ബില്ലാഹ് എന്നീ ഖലീഫമാർ രാജ്യം ഭരിച്ചു. സംഭവ ബഹുലമായിരുന്നു ഈ കാലഘട്ടം. ബഗ്ദാദ് ആയിരുന്നു ഈ സംഭവങ്ങളുടെ ആസ്ഥാനം. ഖലീഫമാരും സൽജൂക്കി സുൽത്താന്മാരും തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു. മുസ്ലിംകൾ പരസ്പരം യുദ്ധം ചെയ്തു.

(ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) എന്ന ഗ്രന്ഥത്തിൽ നിന്ന് )

പോരാട്ടം അതിശക്തമായി. ബഗ്ദാദിന്റെ തെരുവുകളിൽ മനുഷ്യരക്തമൊഴുക്കി. കൊലവിളികൾ, അട്ടഹാസങ്ങൾ, പട്ടണമൊട്ടാകെ കൊള്ളയടിക്കപ്പെട്ടു.  സാംസ്കാരിക ചിഹ്നങ്ങൾ തല്ലിത്തകർക്കപ്പെട്ടു. ജനം ജീവനുംകൊണ്ടോടുന്നു. അതിദയനീയമായ എത്രയോ രംഗങ്ങൾ... ശൈഖ് (റ) അവ കണ്ട് അസ്വസ്ഥനായി ചിന്തിച്ചു...

അക്രമികളാര്..? മുസ്ലിംകൾ...

അക്രമിക്കപ്പെടുന്നവരോ..? മുസ്ലിംകൾ...

ഇരുകൂട്ടരും ഒരേ ഖിബ്ലയിലേക്ക് തിരിയുന്നവർ. ഒരേ വേദം പാരായണം ചെയ്യുന്നവർ. ഇരു കൂട്ടർക്കും പണ്ഡിതവ്യൂഹങ്ങളുണ്ട്. ഗ്രന്ഥപ്പുരകളുണ്ട്. എന്നിട്ടെന്തേ ഇങ്ങനെ മുസ്ലിം രക്തമൊഴുക്കുന്നു..?

ചെറുപ്പക്കാരനായ ശൈഖ് അബ്ദുൽ ഖാദിർ  (റ) വിന്റെ മനസ്സിൽ വികാരങ്ങളുടെ കൊടുങ്കാറ്റടിച്ചു.  യമനികളിലെ രക്തം തിളച്ചു മറിഞ്ഞു. ഇല്ലേ ഇതിനൊരു പരിഹാരം..?

ഐഹിക സുഖാഢംബരങ്ങളുടെ മോഹവലയത്തിലാണ് മനുഷ്യ മനസ്സുകൾ. ദുനിയാവിന്റെ അടിമകളായി മാറിയ മനുഷ്യൻ ഇവർക്കൊരു മോചനം വേണ്ടെ..?

വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും അവഗാഹം നേടിയിട്ടുണ്ട്. മനഷ്യമനസ്സുകളുടെ വിമോചനത്തിന് മാർഗ്ഗം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എല്ലാ സുഖസൗകര്യങ്ങളും വലിച്ചെറിഞ്ഞ് കരിമ്പടം ചുറ്റി അല്ലാഹുﷻവിലേക്ക് യാത്ര തിരിച്ചു.   ഒടുങ്ങാത്ത ദുരിതങ്ങളുടെ കൊടും പരീക്ഷണങ്ങളുടെ ദുർഘടമായ യാത്ര. ഊതിക്കാച്ചിയ പൊന്നുപോലെയായി. ദിവ്യവിജ്ഞാനത്തിന്റെ എഴുപത് വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു...

എല്ലാം നേടി തിരിച്ചെത്തുമ്പോഴേക്കും പുരുഷായുസ്സിലെ അമ്പത് വർഷങ്ങൾ കടന്നുപോയിക്കഴിഞ്ഞിരുന്നു...

പിന്നീടുള്ള നാൽപ്പത് വർഷങ്ങൾ അത് മനുഷ്യവർഗത്തിനുള്ളതായിരുന്നു. പതിനായിരക്കണക്കായ ശിഷ്യന്മാരെ വളർത്തിയെടുത്തു. ഒന്നാം തരം ശിക്ഷണമാണവർക്ക് ലഭിച്ചത്.  അവരെ ലോകമെങ്ങും അയച്ചു. പിൽക്കാല ദീനീ പ്രവർത്തനങ്ങളുടെ നേതൃത്വം അവരുടെ കരങ്ങളിലൂടെ നാം കാണുന്നു...

ശൈഖ് അവർകൾ അന്ന് ബഗ്ദാദിൽ ഇങ്ങനെ പ്രഖ്യാപിച്ചു:

എന്റെ പിൻഗാമികൾ അന്ത്യനാൾ വരെയുണ്ടാവും അവരോട് സഹവസിക്കുക. ഇരുലോക വിജയം നേടുക...


സുൽത്വാനുൽ ഔലിയ...

ഔലിയാക്കളുടെ സുൽത്വാൻ. ആ പദങ്ങളുടെ ഗാംഭീര്യം അത് കണക്കാക്കുവാൻ ആർക്കാണ് കഴിയുക..?
അല്ലാഹുﷻവിന്നല്ലാതെ...

അല്ലാഹു ﷻ മനുഷ്യവർഗത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ അമ്പിയാക്കളെ അയച്ചു. അവർ മനുഷ്യരുടെ മുമ്പിൽ വന്നു നിന്നു സത്യവും മിഥ്യയും വ്യക്തമാക്കിക്കൊടുത്തു. ഇരുട്ടും വെളിച്ചവും വേർതിരിച്ചുകൊടുത്തു. വെളിച്ചത്തിലെത്തിയവർ സൗഭാഗ്യവാന്മാർ  ഇരുട്ടിൽ ഒട്ടിനിന്നവർ പരാജിതരായി. നഷ്ടപ്പെട്ടതിനെയോർത്ത് നെടുംഖേദത്തിലായി...

അന്ത്യപ്രവാചകൻ വന്നു. അഖില ലോകത്തിന്നുള്ള ദൂതൻ. സത്യസന്ദേശം ലോകമെങ്ങും എത്തി. അന്ത്യപ്രവാചകരുടെ വഫാത്തോടെ അമ്പിയാക്കളുടെ പരമ്പര അവസാനിച്ചു. സന്മാർഗം ബാക്കിയായി. ഒപ്പം തന്നെ ദുർമാർഗ്ഗവും. സന്മാർഗത്തിലേക്ക് വഴിനടത്താൻ ഇനിയൊരു നബിയില്ല. ജനങ്ങളെ സന്മാർഗത്തിലേക്ക് വഴിനടത്താൻ ഇനിയാര്..?

അമ്പിയാക്കളുടെ അനന്തരാവകാശികൾ ആരിഫീങ്ങൾ. അല്ലാഹുﷻവിനെ അറിഞ്ഞ പണ്ഡിതൻമാർ. അവർ എക്കാലത്തുമുണ്ട്.  ഔലിയാക്കൾ അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാർ. അവർ ജനങ്ങളെ സന്മാർഗത്തിലേക്ക് വഴിനടത്തും. ദുർമാർഗത്തിലേക്ക് പോവുന്നവരെ പിന്തിരിപ്പിക്കും. അത് തന്നെയാണവരുടെ കർമ്മം അന്ത്യം വരെ. അതിന്നവർക്ക് പടപ്പുകളുടെ പ്രതിഫലം വേണ്ട. പടച്ചവന്റെ പ്രതിഫലം മതി. അല്ലാഹുﷻവിനെ കണ്ടെത്തിക്കുക അതാണവർക്ക് വേണ്ട പ്രതിഫലം ലിഖാഹ്...

ഔലിയാക്കൾ സന്മാർഗത്തിന്റെ പ്രകാശഗോപുരങ്ങൾ... അപ്പോൾ ഔലിയാക്കളുടെ സുൽത്വാൻ..? വിശേഷിപ്പിക്കാൻ പദദാരിദ്ര്യം അനുഭവപ്പെടുന്നതവിടെയാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) കാലം കാത്തിരുന്ന മഹാത്മാവ്. ലോകമെങ്ങും സന്മാർഗത്തിന്റെ പ്രകാശം പരത്തിയ മഹാപുരുഷൻ. ആ കാലൊച്ച മതി കാലം കിടിലം കൊള്ളാൻ. അനേകലക്ഷം ശ്രോതാക്കളുടെ ബുദ്ധിമണ്ഡലങ്ങൾ തട്ടിയുണർത്തിയ പ്രസിദ്ധനായ പ്രഭാഷകൻ.  രാജാക്കന്മാരുടെയും മന്ത്രിമാരുടെയും സൈന്യാധിപന്മാരുടെയും, സാധാരണക്കാരുടെയും മനസ്സുകളിൽ മാറ്റത്തിന്റെ കോളിളക്കം സൃഷ്ടിച്ച പ്രസംഗ വൈഭവത്തിന്റെ ഉടമ. ആത്മീയതയുടെ അത്യുന്നത മേഖലകളിൽ ആധിപത്യം സ്ഥാപിച്ച അത്ഭുത പ്രതിഭ. വിലായത്തിന്റെ ഉന്നത ശ്രേണിയിലെത്തി അവിടെ പാടിപ്പറന്ന രാജകിളി...

വിശുദ്ധ ഖുർആന്റെ ആന്തരിക ജ്ഞാനം നേടി. ഏഴ് ആകാശങ്ങളും അതിനപ്പുറവും കണ്ടു. പ്രപഞ്ചത്തിന്റെ അജബുകൾ കണ്ടറിഞ്ഞു. മനുഷ്യ മനസ്സിൽ തൗഹീദിന്റെ പ്രകാശം ജ്വലിപ്പിച്ചുവെച്ച മഹാൻ. ദീനീ സേവനത്തിന് അജണ്ട നൽകിയ നായകൻ. കാലമെത്ര കടന്നുപോയാലും പുതുമ നശിക്കാത്ത അജണ്ട. ഓരോ പ്രഭാഷണത്തിനൊരുങ്ങുമ്പോഴും മഹാന്റെ മുമ്പിൽ മനുഷ്യസാഗരം രൂപംകൊള്ളുകയായിരുന്നു. മനുഷ്യ സമൂഹത്തിന്റെ മനസ്സ് കാണുന്നു. മനസ്സ് നിറയെ മാലിന്യങ്ങൾ, വർഷങ്ങളായി കട്ടപിടിച്ചു കിടക്കുന്ന മാലിന്യങ്ങളുടെ കൂമ്പാരം തട്ടിപ്പൊട്ടിച്ച് തൂത്തു വൃത്തിയാക്കാൻ ശൈഖ് ജീലാനി (റ) തന്റെ ആത്മീയ ശക്തി പ്രയോഗിച്ചു...

മനുഷ്യ മനസ്സുകൾക്ക് എന്നോ നഷ്ടപ്പെട്ടുപോയിരുന്ന ചേതന മഹാനവർകൾ പുനഃസ്ഥാപിച്ചുകൊടുത്തു. ആത്മസംസ്കരണത്തിന്റെ പ്രായോഗിക പദ്ധതികളുമായി എല്ലാ വിഭാഗം ജനങ്ങളെയും ബന്ധപ്പെടുത്തി. ഈ പ്രായോഗിക പദ്ധതിയെ കാലം ഖാദിരി മാർഗ്ഗം എന്നു വിളിച്ചു...

സമസൃഷ്ടി സ്നേഹം ഖാദിരിമാർഗത്തിന്റെ  മുഖമുദ്രയാകുന്നു. സേവനത്തിനു ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്. ഞാൻ അല്ലാഹുﷻവിന്റെ പടപ്പ്, സകല ചരാചരങ്ങളും അല്ലാഹുﷻവിന്റെ പടപ്പുകൾ, വിശാലമായൊരു കുടുംബം, ഞാൻ ആ വലിയ കുടുംബത്തിലെ ഒരംഗം മാത്രം. വിശാല കുടുംബത്തിലെ എല്ലാ അംഗങ്ങളെയും സ്നേഹിക്കുക. അതിന് തരപ്പെടും വിധം മനസ്സ് വലുതാക്കിയെടുക്കുക...

അല്ലാഹുﷻവിന്റെ വിധികൾ വിനയത്തോടെ സ്വീകരിക്കുക. വിധി അനുകൂലമായാലും പ്രതികൂലമായാലും സംതൃപ്തിയോടെ ഏറ്റുവാങ്ങുക. അഹങ്കാരത്തിന്റെ അവസാനത്തെ കണികയും മനസ്സിൽ നിന്ന് തൂത്തുവാരിയാലേ അതിന് കഴിയുകയുള്ളൂ...

ശൈഖ് ജീലാനി (റ) ഇടുങ്ങിയ മനസ്സുകളെ വിശാലമാക്കി. എന്നിട്ടവിടെ തൗഹീദിന്റെ വെളിച്ചം കൊളുത്തി. മനുഷ്യമനസ്സുകൾ മസ്ജിദുകൾ പോലെയായി. ശത്രുവിനെപ്പോലും സ്നേഹിക്കാൻ കഴിയുന്ന മനസ്സുകൾ. വിശന്നവർക്കാഹാരം നൽകുക, ദാഹിച്ചവർക്ക് ദാഹജലം നൽകുക, രോഗികളെ പരിചരിക്കുക, നിത്യവൃത്തിക്കുള്ള വക കഠിനാദ്ധ്വാനത്തിലൂടെ നേടുക, മനുഷ്യ സേവന മാർഗ്ഗങ്ങളിലേക്ക് ധീരമായി കടന്നുചെല്ലുക.

പറഞ്ഞതെല്ലാം പ്രയോഗത്തിൽ വന്നു. രോമാഞ്ചജനകമായ രംഗങ്ങൾക്ക് ലോകം സാക്ഷി. കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും ഖാദിരി മാർഗ്ഗം സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തുനിന്നു. പ്രകാശം പരത്തുന്ന ദിവ്യ ദീപങ്ങളായി ഖാദിരി മാർഗ്ഗത്തിന്റെ വക്താക്കൾ ലോകമെങ്ങും വ്യാപിച്ചു. ഒരിക്കലും മങ്ങാത്ത പ്രകാശമായി ഖാദിരി മാർഗ്ഗം നിലനിന്നു...

കാലത്തിന്റെ സ്മരണയിൽ ശൈഖ് ജീലാനി (റ) വെട്ടിത്തിളങ്ങി നിൽക്കുകയാണ്. എക്കാലവും അങ്ങനെ തന്നെ...

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ പിറന്നത് മക്കയിലാണ്. പ്രവാചകത്വം ലഭിച്ചതും അവിടെ വെച്ചു തന്നെ. ഇസ്ലാം മത പ്രചരണത്തിന്റെ ആദ്യ കേന്ദ്രവും മക്ക തന്നെ. സത്യ ദീനിന്റെ ആദ്യ കിരണങ്ങൾ വീണ പുണ്യനഗരം. മക്ക അക്കാലത്ത് ശിർക്കിന്റെ കേന്ദ്രമാണ്. മനുഷ്യരെ ശിർക്കിൽ നിന്ന് തൗഹീദിലേക്ക് നയിക്കുക അതാണ് പ്രവാചകദൗത്യം. മനുഷ്യമനസ്സുകളിൽ തൗഹീദ് ഉറപ്പിക്കുക അതാണ് ആദ്യം വേണ്ടത്. തൗഹീദ് ഉറച്ച ശേഷം കർമ്മങ്ങൾ പരിശീലിപ്പിക്കാം...

തൗഹീദിന് ഒരു പ്രതിജ്ഞാവചനമുണ്ട്. ആ വചനത്തിന് രണ്ട് ഭാഗങ്ങളുണ്ട്. രണ്ട് ഭാഗങ്ങളും മനസ്സിലുറപ്പിക്കണം, നാവുകൊണ്ട് പ്രഖ്യാപിക്കുകയും വേണം.

സത്യസാക്ഷ്യം വഹിക്കുക. "അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു"  ഇതാണ് രണ്ട് ഭാഗങ്ങൾ. ഇവ ഖൽബിൽ ഉറപ്പിക്കണം. നാവുകൊണ്ട് സാക്ഷ്യപ്പെടുത്തണം...

അല്ലാഹു ﷻ അല്ലാതെ ഒരു ഇലാഹും ഇല്ലെന്നും മുഹമ്മദ് ﷺ അല്ലാഹുﷻവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. ഈ സത്യസാക്ഷ്യവചനം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോവരുത്. മറന്നുപോവരുത്.  നബി ﷺ തങ്ങളുടെ മുമ്പിലിരിക്കുമ്പോൾ ഈമാൻ ശക്തി കൂടുന്നു. അല്ലാഹുﷻവിന്റെ റസൂലിനെയാണ് താൻ കണ്ടുകൊണ്ടിരിക്കുന്നത്. വീട്ടിലേക്കോ ജോലിസ്ഥലത്തേക്കോ പോകുമ്പോൾ അത് ഇത്ര ശക്തമായ അളവിൽ നിലനിന്നുകൊള്ളണമെന്നില്ല. ഈമാനിന് ശക്തി കുറഞ്ഞുപോയോ എന്ന ഭയം മനസ്സിൽ ഉദിച്ചാൽ ഉടനെ സ്വഹാബികൾ നബിﷺയുടെ സന്നിധിയിലേക്ക് ഓടിവരും...

നബി ﷺ തങ്ങളുടെ സുന്ദരവദനം കാണുന്നതോടെ ഈമാൻ വർദ്ധിക്കുകയായി.  അവർ കൂട്ടംകൂടിയിരുന്നു ദിക്റ് ചൊല്ലും അപ്പോൾ ഈമാൻ വർദ്ധിക്കും. നമ്മുക്ക് ഈമാൻ പുതുക്കാം എന്നൊരു പ്രയോഗം തന്നെയുണ്ട്.  ജദ്ദിദൂ ഈമാനകും തൗഹീദിന്റെ വചനമാണ് ശ്രേഷ്ഠമായ ദിക്റ് "ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്"
നാവിലും ഖൽബിലും അതുണ്ടാവും.  തൗഹീദ് ഈമാൻ സ്വഹാബികളിൽ അതേറ്റവും ശക്തമായി നിലനിന്നു. അല്ലാഹുﷻവും അവന്റെ തിരുദൂതരും (ﷺ) അവർക്കു വേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരാവുക, ജീവൻ പോലും. അവരാണ് ശക്തമായ ഈമാനുള്ളവർ തൗഹീദ് നേടിയവർ...

ശരീരത്തിലെ അവയവങ്ങൾ വെട്ടിമാറ്റിയാൽ പോലും അല്ലാഹുﷻവിനെയും റസൂൽ ﷺ തങ്ങളെയും കൈവെടിയാൻ തയ്യാറില്ലാത്ത  സ്വഹാബികൾ. അവരുടെ മനസ്സിലെ ഈമാനിന്റെ ശക്തി അത്രയേറെ ഉണ്ടായിരുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്...

തൗഹീദിന്റെ ശക്തി അത്രമേൽ വർധിക്കാനെന്താണ് കാരണം..?  നബി ﷺ തങ്ങളുമായുള്ള സഹവാസം. അറബിയിൽ പറഞ്ഞാൽ സ്വുഹ്ബത്ത്...

തൗഹീദ് ശക്തിപ്പെടാൻ സ്വുഹ്ബത്ത് വേണം. സ്വുഹ്ബത്ത് കാരണം അവർക്ക് സ്വഹാബി എന്ന പേരുകിട്ടി. പിൽക്കാലക്കാരുടെ തൗഹീദ് ശക്തമാവാനെന്തു വേണം..?  പ്രവാചകരുടെ അനന്തരാവകാശികളായ ഔലിയാക്കന്മാരുമായി സ്വുഹബത്ത് കൂടണം...

നബി ﷺ തങ്ങളുടെ കാലം കഴിഞ്ഞ്  അഞ്ഞൂറ് കൊല്ലത്തിന് ശേഷം ശക്തമായ തൗഹീദ് ഉള്ള ഒരു വലിയ ജനക്കൂട്ടത്തെ നാം കാണുന്നു. അത്രമേൽ ശക്തമായ തൗഹീദ് ആ ജനക്കൂട്ടത്തിന് ലഭിക്കാൻ കാരണമെന്ത്..?

ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) എന്ന മഹാനുമായി സ്വുഹ്ബത്തു വെച്ചതുകൊണ്ട്. മഹാന്റെ സന്നിധിയിലായിരിക്കുമ്പോൾ ശിഷ്യന്മാരുടെ ശക്തി കൂടിക്കൂടിവന്നു. മനസ്സിൽ തൗഹീദ് ഉറച്ചാൽ അല്ലാഹുﷻവിന് വഴിപ്പെടും. സന്തോഷത്തിലും ദുഃഖത്തിലും അല്ലാഹുﷻവിൽ അഭയം തേടും. വിധി എങ്ങനെയൊക്കെ വന്നാലും സ്വീകരിക്കും.  പതറിപ്പോവില്ല. ദുഃഖിച്ച് സ്വയം നശിക്കില്ല. സന്തോഷം കൊണ്ട് തുള്ളിച്ചാടില്ല. തൗഹീദ് പരമപ്രധാനം...

ഇസ്ലാം കാര്യങ്ങളിൽ പ്രഥമവും അതുതന്നെ ശഹാദത്ത് കലിമ. സത്യസാക്ഷ്യ വചനം.  തൗഹീദ് മനസ്സിലുറച്ചു കഴിഞ്ഞാൽ പിന്നെ നല്ലതേ ചിന്തിക്കുകയുള്ളൂ. അല്ലാഹുﷻവും അവന്റെ റസൂൽ ﷺ യും തൃപ്തിപ്പെടുന്ന കാര്യങ്ങൾ മാത്രം ചിന്തിക്കും. നാവ് നല്ലത് മാത്രം പറയും. കൈകൾ നല്ലത് മാത്രം ചെയ്യും...

മനുഷ്യരെ ഈ അവസ്ഥയിലെത്തിക്കുകയാണ് നബി ﷺ തങ്ങൾ ചെയ്തത്. ഹിജ്റ കഴിഞ്ഞ് അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെ ഇതുപോലുള്ള ഒരവസ്ഥയിലേക്കെത്തിക്കാൻ ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദിർ ജീലിനി (റ) വിന് കഴിഞ്ഞു.  രാജാക്കന്മാരും പ്രജകളും ശൈഖ് മുഹിയുദ്ധീൻ (റ) വിന്റെ സന്നിധിയിൽ വന്നു. ജീവിതത്തിൽ വന്നുപോയ തെറ്റുകൾ ഏറ്റുപറഞ്ഞു. പശ്ചാത്തപിച്ചു ഖേദിച്ചു മടങ്ങി. ഇനി നല്ലവരായി ജീവിച്ചുകൊള്ളാമെന്നും, തെറ്റുകൾ ആവർത്തിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്തു. ശൈഖ് ജീലാനി (റ)വിനെ മുൻനിർത്തി അല്ലാഹുﷻവിനോടാണ് പ്രതിജ്ഞ ചെയ്തത്. ശൈഖിന്റെ മുമ്പിൽ വന്നു ബൈഅത്ത് ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തി...

രണ്ട് കാലഘട്ടങ്ങളുടെ സാദൃശ്യം നാമിവിടെ കാണുന്നു. നബി ﷺ തങ്ങളുടെ കാലഘട്ടം സ്വുഹ്ബത്തിന്റെയും, തൗഹീദിന്റെയും, തസ്ക്കീയത്തിന്റെയും കാലഘട്ടം.

ശൈഖ് മുഹിയുദ്ധീൻ (റ)വിന്റെ കാലഘട്ടമോ..?

സ്വുഹ്ബത്തിന്റെയും, തൗഹീദിന്റെയും, തസ്വവ്വുഫിന്റെയും കാലഘട്ടം.
ആത്മസംസ്കരണം, മനസ്സിന്റെ ശുദ്ധീകരണം, അഹങ്കാരം, അസൂയ, വെറുപ്പ് തുടങ്ങിയ  മാലിന്യങ്ങളിൽ നിന്ന് മനസ്സിനെ ശുദ്ധീകരിക്കുക, മനസ്സ് ശുദ്ധമാവുന്നതോടെ ശരീരവും, ജീവിതം മുഴുവനായും ശുദ്ധീകരിക്കപ്പെടുന്നു...

നബിﷺയുടെ കാലത്ത് തസ്കിയത്ത് എന്ന പദം പ്രചാരത്തിലായി. പിൽക്കാലത്ത് അതേ സ്ഥാനത്ത് തസ്വവ്വുഫ് എന്ന പദം വന്നു.  നമ്മുടെ മനസ്സ് ശുദ്ധീകരിക്കാൻ കഴിവുള്ള ഒരു മഹാനുമായി സ്വുഹ്ബത്ത് വേണം. അപ്പോൾ നമുക്ക് നല്ല ശിക്ഷണം ലഭിക്കും. അങ്ങനെ മനസ്സിൽ തൗഹീദ് ശക്തമാക്കാം.

അപ്പോൾ നമ്മുടെ ജീവിതവും മരണവും അല്ലാഹുﷻവിന് വേണ്ടിയാണെന്ന് പറയുന്നത് അർത്ഥവത്തായിത്തീരും.

അല്ലാഹുﷻവും അവന്റെ റസൂൽ ﷺ തങ്ങളും മനസ്സിൽ നിറഞ്ഞു നിൽക്കണം. ഇബ്ലീസിന് കയറിനിൽക്കാൻ ഇടം കൊടുക്കരുത്.  ഈ അവസ്ഥ പ്രാപിച്ചവരുടെ മനസ്സിൽ അഹങ്കാരമുണ്ടാവില്ല. അസൂയ, വെറുപ്പ്, കള്ളം പറയൽ, വഞ്ചന, പരദൂഷണം  എന്നിവയൊന്നും ആ ജിവിതത്തിലുണ്ടാവില്ല.  എന്ത് വന്നാലും സത്യമേ പറയുകയുള്ളൂ..  സത്യവാൻമാരായിട്ടാണ് സഹവാസം. നിസ്കാരത്തിൽ നല്ല മനഃസാന്നിധ്യം...

നിസ്കരിക്കുമ്പോൾ മറ്റു ചിന്തകൾ മനസ്സിലേക്ക് കയറിവരില്ല. ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) തന്റെ മുരീദന്മാർക്ക് മികച്ച ശിക്ഷണം നൽകി ഈ വിധത്തിൽ ആക്കിത്തീർത്തു.  ഈ ശിക്ഷണരീതി എക്കാലവും ഇവിടെയുണ്ടാവുമെന്ന് ശൈഖ് ജീലാനി അവർകൾ പ്രഖ്യാപിച്ചിട്ടുണ്ട്...

യോഗ്യനായ ഒരു ഗുരുവിന്റെ ശിക്ഷണത്തിലൂടെ മാത്രമേ ഉന്നതമായ ആത്മീയ ദറജകൾ പ്രാപിക്കാൻ കഴിയുകയുള്ളൂ... യോഗ്യനായൊരു ഗുരുവുമായി സ്വുഹ്ബത്ത് സ്ഥാപിക്കാത്തവനെ ശപിക്കപ്പെട്ട ഇബ്ലീസ് ചതിയിൽ പെടുത്തും. അഹങ്കാരത്തിന്റെ അംശങ്ങൾ മനസ്സിലേക്കിട്ടു കൊടുത്തുകൊണ്ടാവാം ഈ വഞ്ചന...

മനുഷ്യർക്ക് എല്ലാ കൗശലങ്ങളും പഠിപ്പിച്ചുകൊടുക്കുന്നത് ഇബ്ലീസ് (ല) ആകുന്നു. അവന്റെ ചതിയിൽ പെടാതിരിക്കാൻ നല്ല മുൻകരുതലുകൾ വേണം. ഈ മുൻകരുതൽ ലോകത്തെ പഠിപ്പിച്ചുവെന്നതാണ്  മുഹിയുദ്ധീൻ ശൈഖ് (റ)വിന്റെ മഹത്തായ സേവനം. പിൽക്കാലക്കാരായ നാം അതറിയണം. പഠിക്കണം. പ്രയോഗത്തിൽ വരുത്തി രക്ഷപ്പെടുകയും വേണം...

നബിﷺതങ്ങളും സ്വഹാബികളും മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോയി. ഹിജ്റ എന്ന മഹാസംഭവം നടന്ന ശേഷം നാനൂറ്റി എഴുപത് കൊല്ലങ്ങൾ കടന്നുപോയിരിക്കുന്നു.  നാനൂറ്റി എഴുപത് കൊല്ലങ്ങൾക്കിടയിൽ ലോകത്ത് എന്തെല്ലാം മാറ്റങ്ങൾ വന്നു..?

ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിസ്തൃതി വളരെയേറെ വർദ്ധിച്ചിരിക്കുന്നു. ഇസ്ലാമിക സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ധാരാളം കേന്ദ്രങ്ങൾ വളർന്നു വന്നിരിക്കുന്നു. ധാരാളം പണ്ഡിതൻമാർ, നിരവധി ഗ്രന്ഥങ്ങൾ, പ്രസിദ്ധമായ ഗ്രന്ഥാലയങ്ങൾ, പഠന കേന്ദ്രങ്ങൾ, പരിഷ്കൃത രീതിയിലുള്ള പട്ടണങ്ങൾ എല്ലാ ശാസ്ത്രശാഖകളും വളർന്നിരിക്കുന്നു. ഇസ്ലാമിക വിജ്ഞാനത്തിന് ധാരാളം കൈവഴികളുണ്ടായിരിക്കുന്നു. എണ്ണിപ്പറയാൻ ഒരുപാട് നേട്ടങ്ങൾ.  എത്രയോ ഭരണാധികാരികൾ. പല രാജ്യങ്ങൾ പല രാജാക്കന്മാർ ഭരിക്കുന്നു. ഓരോ രാജാവിനും കൊട്ടാരമുണ്ട്. കൊട്ടാരം കാവൽക്കാരുണ്ട്. രാജ്യരക്ഷക്ക് സൈന്യമുണ്ട്. ഒരു രാജാവ് മറ്റൊരു രാജാവിനെ അസൂയയോടെ നോക്കികാണുന്നു. ഒരു രാജാവിന്റെ ആഢംബരപൂർണമായ കൊട്ടാരം കൂടി തനിക്ക് കിട്ടിയാൽ കൊള്ളാമെന്ന് കൂട്ടത്തിൽ ശക്തനായ രാജാവ് ആഗ്രഹിക്കുന്നു...

അന്യന്റെ കൊട്ടാരം വെറുതെ കിട്ടുമോ..?

ബലം പ്രയോഗിച്ചു പിടിച്ചെടുക്കണം. ഒരുപാട് മനുഷ്യന്മാരുടെ രക്തമൊഴുക്കി യുദ്ധം ചെയ്യണം. മുസ്ലിം സൈന്യം മുസ്ലിം സൈന്യത്തോടേറ്റുമുട്ടണം. മുസ്ലിം രാജാവ് മുസ്ലിം രാജാവിനോട് യുദ്ധം ചെയ്യണം. അങ്ങനെ എത്രയെത്ര യുദ്ധങ്ങൾ നടന്നു.  കൊല്ലപ്പെട്ടവർക്കുണ്ടോ വല്ല കണക്കും. ഇന്നലെ രാത്രി അന്തപ്പുരത്തിലെ മണിമെത്തയിൽ ശയനം കൊണ്ട മഹാരാജാവ് ഇന്നിതാ പെരുവഴിയിൽ ശരീരം പിളർക്കപ്പെട്ട മൃതദേഹമായി വീണുകിടക്കുന്നു...

വിജയിച്ച രാജാവും കൂട്ടരും വിജയാഹ്ലാദം കൊള്ളുന്നു. അദ്ദേഹം രമ്യഹർമങ്ങൾ നിർമ്മിക്കുന്നു. മസ്ജിദുകൾ മോഡി കൂട്ടുന്നു. ഗ്രന്ഥകാരന്മാരെ, പണ്ഡിതന്മാരെ വാഴ്ത്തുന്നു. പഠന കേന്ദ്രങ്ങൾ വികസിക്കുന്നു. ജീവിതം ഉല്ലസിക്കുന്നു.  ഐഹിക ജീവിതത്തെ അളവറ്റ് സ്നേഹിക്കുന്ന രാജാക്കന്മാർ. അവർക്കൊത്ത മന്ത്രിമാർ. രാജാവിന്റെ ഇംഗിതം സാധിപ്പിച്ചുകൊടുക്കുന്ന സൈന്യാധിപന്മാരും ഉദ്യോഗസ്ഥരും. ഇവരെ പിന്തുണക്കുന്ന സാധാരണക്കാരും.

ജനനം 

പരലോകത്തെ മറന്നവർ, ഐഹിക ജീവിതത്തെ ഏറെ സ്നേഹിച്ചവർ. വിദ്യയും സമ്പത്തും വർദ്ധിക്കുന്നു. മനസ്സുകളിൽ പിശാചിന്റെ ആധിപത്യമാണ്. ഹിജ്റ കഴിഞ്ഞ് നാനൂറ്റി എഴുപത് കൊല്ലമാവുമ്പോൾ ലോകത്തിന്റെ അവസ്ഥ ഇതാണ്. ഈ ചുറ്റുപാടിലാണ് ശൈഖ് മുഹിയുദ്ധീൻ (റ) ഭൂജാതനാവുന്നത്..!!

ശാന്തമായ ഗ്രാമപ്രദേശം. ഏറെയൊന്നും അറിയപ്പെടാത്ത ഗ്രാമം. ഈ കുഞ്ഞ് ജനിച്ചത് കാരണം ആ ഗ്രാമം പ്രസിദ്ധമായി. കാലം മറക്കാത്ത ഗ്രാമമായി മാറി...

ജീലാൻ എന്ന ഗ്രാമം പ്രസിദ്ധമാവുകയാണ്. കീലാൻ, ജീൽ, കീൽ എന്നീ പേരുകളിലും ആ ഗ്രാമം അറിയപ്പെട്ടു. ജീലാൻ പ്രദേശത്ത് അല്ലാഹുﷻവിന്റെ ഔലിയാക്കൾ വന്നു താമസിക്കുന്നുണ്ട്. അഹ്ലുബൈത്തിൽ പെട്ട പല കുടുംബങ്ങളും അവിടെയുണ്ട്. പണ്ഡിത കുടുംബങ്ങളുണ്ട്. മസ്ജിദും മദ്രസയുമുണ്ട്...

അബൂ സ്വാലിഹ് മൂസാ ജംഗി ദോസ്ത് (റ)  ജീലാനിലെ ഉന്നത വ്യക്തിത്വം. സയ്യിദ് കുടുംബത്തിൽ ജനിച്ചു. പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് ഇൽമ് നേടി. ചെറുപ്പത്തിൽ തന്നെ ഇൽമും ഇബാദത്തിലും മുന്തിനിന്നു...

അബൂ സ്വാലിഹ് എന്ന ചെറുപ്പക്കാരനെ എല്ലാവരും ഇഷ്ടപ്പെട്ടു. സൂക്ഷ്മതയുള്ള ജീവിതം. ഒരു ദിവസം ഒരു സംഭവം നടന്നു...

നദിയിലൂടെ ഒരു അത്തിപ്പഴം ഒഴുകിവരികയാണ്. അത് പിടിച്ചെടുക്കാൻ കൗതുകം തോന്നി. അബൂസ്വാലിഹ് (റ) പിടിച്ചെടുത്തു. നല്ല സ്വാദുള്ള പഴം കടിച്ചു തിന്നു... തിന്നു കഴിഞ്ഞപ്പോഴാണ് മനസ്സിൽ ഗൗരവമുള്ള ചിന്തകൾ ഉണർന്നത്...

ആരുടെ അത്തിപ്പഴം..?  ഉടമസ്ഥനാര്..?

താനത് ഭക്ഷിച്ചത് അയാൾ ഇഷ്ടപ്പെടുമോ..? മനസ്സിൽ വെപ്രാളം, ഉടമസ്ഥനെ കാണണം. പൊരുത്തപ്പെടുവിക്കണം, മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു...

അടുത്ത പ്രഭാതത്തിൽ നദീതീരത്തുകൂടെ യാത്ര തുടങ്ങി. ഉടമസ്ഥനെ അന്വേഷിച്ചു നടന്നു. ദിവസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. പിന്നെയും അന്വേഷണം തുടർന്നു. തന്റെ ഗ്രാമത്തിൽ നിന്ന് ഏറെ ദൂരത്തെത്തി...

നദിയുടെ കരയിൽ ഒരത്തിമരം. ഒരു കൊമ്പ് നദിയിലേക്ക് നീണ്ടു നിൽക്കുന്നു. അതിൽ അത്തിപ്പഴമുണ്ട്. അതിന്റെ ഉടമസ്ഥനെ കണ്ടെത്തി. അബ്ദുല്ല സൗമഈ (റ)...

സയ്യിദാണ്. ആലിമും ആബിദുമാണ്. നാട്ടുകാർക്ക് പ്രിയങ്കരനുമാണ്...

അബൂസ്വാലിഹ് (റ) അദ്ദേഹത്തിന്റെ സമീപത്തെത്തി. അത്തിപ്പഴം തിന്ന കാര്യം പറഞ്ഞു. അത്തിപ്പഴത്തിന്റെ വില കൊടുക്കാൻ കൈയിൽ പണമില്ല. പകരം തോട്ടത്തിൽ പണിയെടുക്കാം. അബൂസ്വാലിഹ് (റ) തോട്ടത്തിൽ പണി തുടങ്ങി. ദിവസങ്ങൾ മാസങ്ങളായി. മാസങ്ങൾ വർഷങ്ങളായി. അതിന്നിടയിൽ ആത്മീയ ശിക്ഷണവും ലഭിക്കുന്നു...

ഒരു ദിവസംഅബ്ദുല്ലാ സൗമഈ (റ) പറഞ്ഞു:

"താങ്കൾ വളരെയേറെ ജോലി ചെയ്തു അതുകൊണ്ട് ഞാനൊരു സമ്മാനം തരാം..."

"താങ്കൾ നൽകിയ ആത്മീയ ശിക്ഷണം തന്നെ വലിയ സമ്മാനമാണല്ലോ" ... ശിഷ്യൻ വിനയത്തോടെ പറഞ്ഞു

"എനിക്കൊരു മകളുണ്ട്. അവൾ അന്ധയും ബധിരയും മൂകയും മുടന്തിയുമാണ്. അവളെ ഞാൻ നിങ്ങൾക്ക് വിവാഹം ചെയ്തു തരാം..."

ആത്മീയ ഗുരുവിന്റെ ഉപദേശം ശിരസാ വഹിക്കുക തന്നെ. വെറുപ്പൊന്നും പ്രകടിപ്പിച്ചില്ല. വിധിപോലെ വരട്ടെ. നിക്കാഹ് നടന്നു... ചടങ്ങുകൾ കഴിഞ്ഞു... വധുവിനെ കണ്ടു ഞെട്ടിപ്പോയി...!!

സുന്ദരി, ഉത്തമ സ്വഭാവഗുണമുള്ള ചെറുപ്പക്കാരി. പണ്ഡിത വനിത... ആരാധനകളിൽ കണിശ സ്വഭാവം. പറഞ്ഞ ന്യൂനതകളൊന്നുമില്ല... പേര് ഫാത്വിമ...

അബ്ദുല്ല സൗമഈ (റ) ഇങ്ങനെ പറഞ്ഞു:

"എന്റെ മകൾ അന്യപുരുഷനെ കണ്ടിട്ടില്ല. അവൾ അന്ധയാണെന്ന് പറയാൻ കാരണം, മതതത്വങ്ങൾക്കെതിരായി അവൾ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല മൂകയാണെന്ന് പറയാൻ അതാണ് കാരണം,  ഇസ്ലാമിന്നെതിരായി യാതൊന്നും തന്നെ അവൾ ഇന്നുവരെ കേട്ടിട്ടില്ല ബധിരയെന്നു പറയാനതാണ് കാരണം. ഒരു തെറ്റിലേക്കും അവൾ നടന്നു ചെന്നിട്ടില്ല അതാണ് മുടന്തിയെന്ന് പറയാൻ കാരണം... "

ഫാത്വിമയെന്ന ചെറുപ്പക്കാരി അബൂസ്വാലിഹിനോടൊപ്പം ജീലാനിയിൽ വന്നു താമസമാക്കി. നന്മ നിറഞ്ഞ ദമ്പതികളെ എല്ലാവരും ഇഷ്ടപ്പെട്ടു...

പ്രവാചക പുത്രിയാണ് ഫാത്വിമ (റ). അവരുടെ ഭർത്താവ് അലി (റ). ഈ ദമ്പതികളുടെ മക്കളാണ് ഹസൻ (റ), ഹുസൈൻ (റ) എന്നിവർ...

ഇമാം ഹസൻ (റ) വിന്റെ സന്താന പരമ്പരയിലാണ് അബൂസ്വാലിഹ് മൂസാ ജങ്കി ദോസ്ത് (റ) പിറന്നത്...

അദ്ദേഹത്തിന്റെ ഭാര്യ ഫാത്വിമയുടെ പിതൃപരമ്പര ചെന്നെത്തുന്നത് ഇമാം ഹുസൈൻ (റ)വിലാകുന്നു. രണ്ട് പരമ്പരകൾ ഒരു വീട്ടിൽ ഒരുമിച്ചുകൂടുന്നു. അപൂർവമായ ബഹുമതി തന്നെ. ഭർത്താവ് ഹസനിയാണ്, ഭാര്യ ഹുസൈനിയും. ഇവർക്കൊരു കുഞ്ഞ് ജനിച്ചാൽ എങ്ങനെയായിരിക്കും പരമ്പര പറയുക..?

ഹസനിയും ഹുസൈനിയുമായ കുഞ്ഞ് എത്ര അനുഗ്രഹീതനായിരിക്കും. ആ കുഞ്ഞ്  ഹസനികളും ഹുസൈനികളുമായ ബന്ധുക്കൾ ആ വീട്ടിൽ വിരുന്നുവരും. നല്ല സദ്യയൊരുക്കി ഫാത്വിമ വിരുന്നുകരെ സൽക്കരിക്കും. കാലം കുറെ കടന്നുപോയി. ഫാത്വിമ ഗർഭിണിയായി. ബന്ധുക്കൾക്കും അയൽക്കാർക്കുമെല്ലാം അതൊരു സന്തോഷവാർത്തയായിരുന്നു. ഹിജ്റ നാനൂറ്റി എഴുപത് വിശുദ്ധ റമളാൻ വന്നുചേർന്നു...

ഫാത്വിമ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കുടുംബത്തിലാകെ സന്തോഷം അലതല്ലി. കാലം കാത്തിരുന്ന കുഞ്ഞാണിത്. കടന്നുപോയ കാലത്ത് ജീവിച്ച മഹാന്മാരായ ഔലിയാക്കൾ ഈ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. വിഖ്യാതനായ ശൈഖ് അബൂബക്കർ (റ) പ്രഖ്യാപിച്ചതിങ്ങനെയായിരുന്നു...

ജനങ്ങളേ, അതിവിദൂരമല്ലാത്ത ഭാവിയിൽ ഒരു കുഞ്ഞ് ജനിക്കും. ഉന്നത പദവിയിലും സ്ഥിതിയിലും ആ മഹാത്മാവ് പ്രവർത്തിക്കും. അല്ലാഹുﷻവിന്റെ കൽപന പ്രകാരം ആ മഹാത്മാവ് ഇങ്ങനെ പ്രഖ്യാപിക്കും:

"എന്റെ പാദം ലോകത്തിലെ എല്ലാ ശൈഖുമാരുടെയും ചുമലിലാകുന്നു ..."

"ആ മഹാന്റെ പേര് അബ്ദുൽ ഖാദർ എന്നും, സ്ഥാനപ്പേര് മുഹിയുദ്ധീൻ എന്നുമായിരിക്കും ..."

ലോകപ്രസിദ്ധനായ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഒരു വെള്ളിയാഴ്ച ദിവസം ഇബാദത്തിൽ പ്രവേശിച്ചു. ധ്യാനനിരതനായി (മുറാഖബ) ഇരിക്കുകയാണ്. പെട്ടെന്നദ്ദേഹം ഞെട്ടി തല ഉയർത്തിക്കൊണ്ട് പറഞ്ഞു...

"അദ്ദേഹത്തിന്റെ പാദം എന്റെ ചുമലിൽ അദ്ദേഹത്തിന്റെ പാദം എന്റെ ചുമലിൽ"  ഇത് പറഞ്ഞ ശേഷം വീണ്ടും ധ്യാനത്തിലേക്ക് പോയി. കുറെ കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് വന്നപ്പോൾ ശിഷ്യന്മാർ ചോദിച്ചു: അങ്ങ് പറഞ്ഞതിന്റെ രഹസ്യമെന്താണ്..?

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു:

"ഹിജ്റ അഞ്ചാം ശതകത്തിന്റെ അന്ത്യത്തിൽ അബ്ദുൽ ഖാദർ എന്ന് പേരുള്ള ഒരു മഹാപുരുഷൻ ജനിക്കും. അത്യുന്നത പദവിയുള്ള മഹാൻ. ആ മഹാപുരുഷന്റെ പാദം എല്ലാ ശൈഖുമാരുടെയും ചുമലിലായിരിക്കും..."

എത്രയോ ഔലിയാക്കൾ പ്രവചിച്ച ജനനമാണിത്. റമളാൻ മാസത്തിന്റെ തുടക്കത്തിൽ പ്രസവിക്കപ്പെട്ട കുഞ്ഞ്. ഹസനിയും ഹുസൈനിയുമായ കുഞ്ഞ്. ഈ കുഞ്ഞാണ് കാലഘട്ടത്തെ കോരിത്തരിപ്പിച്ച ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ)...

മഹാനായ ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) രചിച്ച ഖുത്ബിയ്യത്തിൽ ഇങ്ങനെ കാണാം:

"താങ്കൾ ഹുസൈനിയ്യ് ആകുന്നു. ഒപ്പം ഹസനിയും ആകുന്നു. താങ്കളും പിതാവും മാതാവും ആദരണീയരായി ഒന്നിച്ചു ചേർന്നിരിക്കുന്നു. താങ്കൾ പ്രകാശിക്കുന്ന സൂര്യനും പൂർണ ചന്ദ്രനുമായിരിക്കുന്നു. മുഹിയുദ്ധീൻ എന്ന് വിളിക്കാൻ ഏറെ അർഹതപ്പെട്ടവൻ താങ്കൾ തന്നെയാകുന്നു..."

മഹത്തായ മുഹിയുദ്ധീൻ മാലയുടെ നാലാം വരി ഇങ്ങനെയാകുന്നു ...

_സുൽത്വാനുൽ ഔലിയായെന്ന് പേരുള്ളോർ  സയ്യിദ് അവർ തായും ബാവയും ആണോവർ..._

(മുഹിയുദ്ധീൻ ശൈഖ് (റ) സുൽത്വാനുൽ ഔലിയ എന്ന പേരിൽ അറിയപ്പെടുന്നു അദ്ദേഹത്തിന്റെ മാതാവും പിതാവും അഹ്ലുബൈത്തിൽ പെട്ടവരാകുന്നു)

റമളാൻ മാസത്തിന്റെ തുടക്കത്തിൽ പിറന്ന കുഞ്ഞിനെക്കുറിച്ച് ഒരത്ഭുതവാർത്ത നാടാകെ പരന്നു...

കുഞ്ഞ് പകൽ സമയത്ത് മുല കുടിക്കുന്നില്ല.  ജീലാനിലെ ഒരു കുഞ്ഞിനെക്കുറിച്ചും ഇങ്ങനെ കേട്ടിട്ടില്ല. നിരവധിയാളുകൾ ഫാത്വിമയെ കാണാൻ വന്നു. കേട്ടത് ശരിയാണോ എന്നറിയാൻ..!!

ഫാത്വിമ പറഞ്ഞു: കേട്ടത് ശരി തന്നെ. റമളാൻ മാസത്തിൽ പകൽ സമയത്ത് കുഞ്ഞ് മുലപ്പാൽ കുടിച്ചിട്ടില്ല. ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഒരു സംഭവമുണ്ടായി. റമളാൻ വരികയാണ്. സംശയത്തിന്റെ രാവ് നാളെ നോമ്പ് നോൽക്കണോ വേണ്ടെയോ..?  ചന്ദ്രക്കല കണ്ടില്ല. നേരം പുലർന്നു. പലരും ഫാത്വിമയുടെ വീട്ടിലെത്തി, കുഞ്ഞിന്റെ അവസ്ഥയെന്ത്..? ഫാത്വിമ പറഞ്ഞു: ഇന്ന് കുഞ്ഞ് പാൽ കുടിച്ചിട്ടില്ല...

അന്ന് റമളാനാണെന്ന് എല്ലാവർക്കും ബോധ്യമായി. ജീലാൻ നിവാസികൾ ഫാത്വിമയെ ഉമ്മുൽ ഖൈർ എന്നും അമതുൽ ജബ്ബാർ എന്നും വിളിച്ചിരുന്നു. മുഹിയുദ്ധീൻ മാലയിൽ ഇങ്ങനെ കാണാം:

_മുതലായെ റമളാനിൽ മുപ്പത് നാളിലും മുല കുടിക്കും കാലം മുലനെ തൊടാതോവർ_ (വരി:95)

ഇക്കാര്യം ഉമ്മുൽ ഖൈർ പറഞ്ഞതായി പല മഹാന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.  റമളാനിലെ പ്രഥമ രാത്രിയിൽ ശൈഖ് അവർകൾ പ്രസവിക്കപ്പെട്ടു. പിറ്റേന്ന് റമളാൻ ഒന്ന് ആദ്യ പകൽ മുതൽ മുപ്പത് നാളിലും പകൽ പാൽ കുടിച്ചില്ല.  ഈ വിധത്തിൽ പല റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. കുഞ്ഞിന് അബ്ദുൽ ഖാദർ എന്ന് പേരിട്ടു. അബ്ദുൽ ഖാദർ അത്ഭുത ശിശുവാണ്. അല്ലാഹുﷻവിന്റെ പ്രത്യേകമായ കാരുണ്യം കുഞ്ഞിനോടൊപ്പമുണ്ട്. ആകാശ ലോകങ്ങൾ കുഞ്ഞിനെ അറിഞ്ഞു കഴിഞ്ഞു. ഒരു ഖുത്ബിന്റെ പിറവിയാണ് നടന്നിരിക്കുന്നത്. മഹത്തായ മുഹിയുദ്ധീൻ മാലയിലെ അഞ്ചാമത്തെ വരി ശ്രദ്ധിക്കൂ:

_ബാവാ മുതുവിന്ന് ഖുത്ബായി വന്നോവർ ബാനം അതേളിലും കേളി നിറച്ചോവർ..._

പിതാവിന്റെ മുതുകിലായിരുന്ന കാലത്ത് തന്നെ അദ്ദേഹം ഖുത്ബാണ്. ഏഴ് ആകാശങ്ങളിലും പ്രസിദ്ധനാണ്.

ഔലിയാക്കന്മാരുടെ നേതൃപദവിയാണ് മഹാന് നൽകപ്പെട്ടത്. ഖുത്ബ്, ഗൗസുൽ അഹ്ളം എന്നീ പേരുകളിൽ മഹാൻ അറിയപ്പെട്ടു. മറ്റു പേരുകളിൽ ചിലത് ഇവയാണ്...

ഗൗസ് പാക് (പരിശുദ്ധനായ ഗൗസ് )

മുഹിയുദ്ധീൻ (ദീനിനെ പുനരുജ്ജീവിപ്പിച്ചവൻ)

ഗൗസുസ്സഖലൈൻ (ഇരുലോകങ്ങളുടെ ഗൗസ്)

ഗൗസുൽ അഹ്ളം ദസ്തഗീർ (മഹാനായ ഗൗസും സഹായിയും )

ഗൗസു സ്സമദാനി (അല്ലാഹുﷻവിന്റെ ഗൗസ്)

ഖുത്വ് ബു റബ്ബാനി (അല്ലാഹുﷻവിന്റെ ഖുത്ബ്)

ഇമാമുൽ ഫാരിഖീൻ (സർവ്വകകഷികളുടെയും ഇമാം)

മഹ്ബൂബെ സുബ്ഹാനി (അല്ലാഹുﷻവിന്റെ മഹ്ബൂബ് ) ...


മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും ലാളനയേറ്റ് കുഞ്ഞ് വളർന്നു വരികയാണ്. കുഞ്ഞിന്റെ കാര്യം നാട്ടിൽ പ്രസിദ്ധമായി.

അഹ്ലുബൈത്തിൽപെട്ട കുഞ്ഞ്, റമളാനിൽ പകൽ സമയം മുലകുടിക്കാത്ത കുഞ്ഞ്, ഇത് സാധാരണക്കാരായ മനുഷ്യരുടെ കഥ...


സാധാരണക്കാരല്ലാത്ത മഹാന്മാർ കുട്ടിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആത്മീയതയുടെ അത്യുന്നത പദവി അലങ്കരിക്കുന്ന കുഞ്ഞാണിത്. മലക്കുകൾ കുഞ്ഞിനു ചുറ്റുമുണ്ട്. കുഞ്ഞ് വളർന്നു വന്നു. പിതാവ് മരണപ്പെട്ടു. കുട്ടിയെ വളർത്തൽ മാതാവിന്റെ ചുമതലയായി. മാതാവ് പണ്ഡിത വനിതയാണ്. കുട്ടി മാതാവിനെ കണ്ടു പഠിക്കുന്നു. മാതാവിൽ നിന്ന് കേട്ടു പഠിക്കുന്നു. ഉമ്മ അറബി അക്ഷരങ്ങൾ പഠിപ്പിച്ചു. വിശുദ്ധ ഖുർആൻ പഠിപ്പിച്ചു. വിശ്വാസകാര്യങ്ങളും കർമ്മങ്ങളും പഠിപ്പിച്ചു. അതിബുദ്ധിമാനായ കുട്ടി ഒരിക്കൽ കേട്ടാൽ മതി പിന്നെ മറക്കില്ല...

കുട്ടിയെ പ്രാഥമിക മദ്റസയിൽ ചേർത്തു. ധാരാളം കൂട്ടുകാരോടൊപ്പം ഓതിപ്പഠിക്കാം. മദ്റസയിലെത്തി ഉത്സാഹിച്ചു പഠനം തുടങ്ങി. അബ്ദുൽ ഖാദർ എന്ന കുട്ടിയെ എല്ലാവരും ഇഷ്ടപ്പെട്ടു. കുട്ടിയുടെ ഓർമ്മശക്തി എല്ലാവരെയും അത്ഭുതപ്പെടുത്തി. കൂട്ടുകാർ പല ദിവസങ്ങൾ കൊണ്ട് പഠിക്കുന്നത് അബ്ദുൽഖാദർ ഒറ്റ ദിവസം കൊണ്ട് പഠിക്കും. കുട്ടി വീട്ടിൽ നിന്നിറങ്ങി മദ്റസയിലേക്ക് നടന്നു പോവും. കൂടെ ചിലർ നടന്നുവരും കൂട്ടിനുവേണ്ടി. അവർ മലക്കുകളായിരുന്നു. മലക്കുകൾ മദ്റസയിലെത്തി കുട്ടികളോടിങ്ങനെ പറയും കുട്ടികളേ അല്ലാഹുﷻവിന്റെ വലിയ്യിന് ഇരിക്കാൻ സൗകര്യം ചെയ്തുകൊടുക്കുക.

കുട്ടികൾ സൗകര്യം ചെയ്തുകൊടുക്കും. അവതവർക്ക് വളരെ സന്തോഷമായിരുന്നു. പിൽക്കാലത്ത്  മുഹിയുദ്ധീൻ ശൈഖ് (റ) ഒരു സദസ്സിൽ വെച്ച് ഇങ്ങനെ പറഞ്ഞു:

ഞാൻ വീട്ടിൽ നിന്ന് മദ്റസയിലേക്ക് പോവുമ്പോൾ മലക്കുകൾ കൂടെ വരും. മദ്റസയിലെ എന്റെ കൂട്ടുകാരോട് മലക്കുകൾ സംസാരിക്കും അത് ഞാൻ കേൾക്കും...

ഒരു ദിവസം അപരിചിതനായ ഒരു മനുഷ്യൻ അവിടെ വന്നു. അദ്ദേഹം മലക്കുകളുടെ സംസാരം കേട്ടു. അല്ലാഹുﷻവിന്റെ വലിയ്യിന് ഇരിക്കാൻ സൗകര്യം നൽകുക എന്ന് മലക്കുകൾ പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം ഒരു മലക്കിനോട് ഇങ്ങനെ ചോദിച്ചു :

"എന്താണ് ഈ കുട്ടിയുടെ അവസ്ഥ..?" മലക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു ...

ഈ കുട്ടി ഉന്നതമായ അവസ്ഥയിലെത്തും. ഈ കുട്ടിക്ക് എല്ലാം നൽകപ്പെടും. ഒന്നും തടയപ്പെടുകയില്ല. എല്ലാ സൗകര്യങ്ങളും നൽകപ്പെടും. വഞ്ചിക്കപ്പെടുകയില്ല. എല്ലാം കേട്ടു കഴിഞ്ഞശേഷം അദ്ദേഹം അപ്രത്യക്ഷനായി. നാൽപ്പത് വർഷങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടു മുട്ടി. ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അദ്ദേഹം അക്കാലത്തെ അബ്ദാലുകളിൽ പെട്ട മഹാനായിരുന്നു.  ഈ സംഭവം നടക്കുമ്പോൾ മുഹിയുദ്ധീൻ ശൈഖ് (റ) പത്ത് വയസ്സുള്ള കുട്ടിയായിരുന്നു. കുട്ടിക്കാലത്ത് നടന്ന പല അത്ഭുത സംഭവങ്ങളും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.

ദീനീ വിജ്ഞാനം നേടാൻ പോവുന്ന കുട്ടികൾക്ക് മലക്കുകൾ ചിറക് വിരിച്ചുകൊടുക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അക്കാലത്തെ ഔലിയാക്കൾ കുട്ടിയെ തിരിച്ചറിഞ്ഞു. കുട്ടിയെ കാണാൻ വേണ്ടി അവർ വന്നു ചേരുകയും ചെയ്തു. കുട്ടിയെ കാണുന്നത് തന്നെ വലിയ സൗഭാഗ്യമാണ്. അക്കാര്യം നന്നായറിയുന്നത് ഔലിയാക്കന്മാർ തന്നെ.  മുഹിയുദ്ധീൻ ശൈഖ് (റ) വിന്റെ ബാല്യകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈരടികൾ കാണുക:

_ഫള്ളിയിൽ ഓതുംനാൾ മലക്കുകൾ ചൊല്ലുവാർ ഫുള്ളാരെ താനം കൊടുഫീൻ അതെന്നോവർ_

_ഇതിനെ ഫടച്ചെന്ന് തൂങ്ങുമ്പോൾ കേട്ടോവർ യെവിടെക്കെ ങ്ങാനും ഫോകുമ്പോൾ കേട്ടോവർ_

(മുഹിയുദ്ധീൻ മാല വരി: 96,97)

മലക്കുകൾ മദ്റസയിലെ കുട്ടികളോട് സംസാരിച്ച സംഭവമാണ് ആദ്യ ഈരടിയിലുള്ളത്. രണ്ടാമത്തെ ഈരടിയിൽ രണ്ട് സംഭവങ്ങൾ പറയുന്നു. ഒന്ന് കുട്ടിക്കാലത്ത് നടന്നതാണ്. രണ്ടാമത്തേത് പിൽക്കാലത്ത് പരീക്ഷണങ്ങളുടെ കാലത്ത് നടന്നതാണ്. കുട്ടിക്കാലത്ത് നടന്ന സംഭവം ശൈഖ് മുഹിയുദ്ധീൻ (റ) പിൽക്കാലത്ത് വിവരിച്ചതിങ്ങനെയാണ്...

ഞാൻ കുട്ടികളോടൊപ്പം കളിക്കാൻ പോവാൻ വിചാരിക്കും. അപ്പോൾ ഞാനൊരു ശബ്ദം കേൾക്കും. അനുഗ്രഹീതനായവരേ എങ്ങോട്ട് പോവുന്നു..?

അശരീരി കേട്ട് ഞാൻ ഭയന്നു പോവും. ഉമ്മായുടെ മടിത്തട്ടിൽ അഭയം തേടും.

ഇനി രണ്ടാമത്തെ സംഭവം :  മനുഷ്യ മനസ്സുകളെ നന്നാക്കിയെടുക്കാനുള്ള മാർഗ്ഗമന്വേഷിച്ചുള്ള യാത്ര. ഹഖ് തേടി ഏകനായി വിജനമായ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തു. ആഹാര പാനീയങ്ങളില്ലാതെ നന്നെ ക്ഷീണിച്ചു തൂങ്ങിയുറക്കം വന്നു...

അപ്പോൾ അശരീരി മുഴങ്ങി...

അബ്ദുൽ ഖാദർ നിന്നെ ഞാൻ പടച്ചത് ഉറങ്ങാൻ വേണ്ടിയാണോ..?

ശൈഖ് അവർകൾ ഞെട്ടിയുണർന്നു. ഉറങ്ങിക്കളയാൻ സമയമില്ല. തന്റെ ലക്ഷ്യത്തിലെത്തിച്ചേരണം. അതിന് കഠിന പരിശ്രമം വേണം. ഊണും ഉറക്കവും വിശ്രമവുമില്ലാതെ ശൈഖ് അവർകൾ ലക്ഷ്യം തേടി യാത്ര തുടർന്നു.


ഒരു അറഫാ ദിനത്തിൽ നടന്ന സംഭവം വളരെ പ്രസിദ്ധമാണ്. പിറന്ന നാട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ ചെറുപ്പക്കാരനായ അബ്ദുൽഖാദറിനെ പ്രേരിപ്പിച്ചത് ആ സംഭവമാണ്...

നാട്ടിൻ പുറത്തെ പാടങ്ങളിൽ ധാരാളം കാളകളും പശുക്കളും മേഞ്ഞു നടക്കുന്നു. പുല്ല് തിന്നാൻ വേണ്ടി പറമ്പിലും പാടത്തും നടക്കുന്ന കാലികൾ. ചില കുട്ടികൾ അവയുടെ പിന്നാലെ ഓടും അവയെ അടിച്ചോടിക്കും. കാളകൾ ഓടുമ്പോൾ പിന്നാലെ ഓടും നല്ല രസം കുട്ടികൾ ആർത്തു ചിരിക്കും...

ഇത് കണ്ടപ്പോൾ അബ്ദുൽ ഖാദർ (റ)വും കാലികളുടെ പിന്നാലെ നടന്നു...

ഒരു പശു തിരിഞ്ഞു നിന്നു അബ്ദുൽ ഖാദർ  (റ)വിനോട് ചോദിച്ചു...

അബ്ദുൽ ഖാദർ ഇതിനാണോ നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്..? ഇതുകൊണ്ട് നിങ്ങൾ കൽപിക്കപ്പെട്ടിട്ടില്ല. അബ്ദുൽ ഖാദർ (റ)നിശ്ചലനായി നിന്നുപോയി. പശു നൽകിയ താക്കീത്..!!

നാട്ടിൻ പുറത്തെ കുട്ടികൾ കാലികളുടെ പിന്നാലെ ഓടിക്കളിക്കും. അബ്ദുൽ ഖാദർ  (റ) അങ്ങനെ ചെയ്യാൻ പാടില്ല. പശുക്കളുടെ പിന്നാലെ പോവാൻ അബ്ദുൽ ഖാദർ (റ) കൽപിക്കപ്പെട്ടിട്ടില്ല. തന്റെ ജീവിതലക്ഷ്യം മഹോന്നതമാണ്. പശു പറഞ്ഞത് കേട്ട് ഭയന്നുപോയി. ഭയപ്പാടോടെ വീട്ടിലേക്ക് ഓടി. വീട്ടിലെത്തിയിട്ടും സ്വസ്ഥതയില്ല. മനസ്സിൽ ചൂടുള്ള ചിന്തകൾ. ഏതോ ഒരു പ്രേരണയിൽ വീട്ടിന്റെ തട്ടിൻപുറത്ത് കയറി അകലേക്കു നോക്കി. അത്ഭുതകരമായ കാഴ്ച. വിദൂരമായ അറഫാ കാണുന്നു. അവിടെ ഹാജിമാരുടെ മഹാസംഘം. പ്രാർത്ഥനയിൽ മുഴുകിയ ഹാജിമാർ. അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹം. അല്ലാഹുﷻവിന്റെ മാർഗത്തിൽ ജീവിതം സമർപ്പിക്കുക. പശുവിന്റെ വാക്കുകൾ ബോധ്യപ്പെടുത്തിത്തന്നത് അതാണ്.

ഇസ്ലാമിക വിജ്ഞാനത്തിന്റെ കേന്ദ്രമാണ് ബാഗ്ദാദ്. അവിടേക്ക് പോകണം വിദ്യ നേടണം. വിദ്യയിലൂടെയാണ് വളർച്ച. ഉമ്മയോട് സമ്മതം വാങ്ങണം എന്നിട്ട് പുറപ്പെടാം. വല്ലാത്തൊരു മുഖഭാവത്തോടെ മകൻ ഉമ്മയുടെ മുമ്പിൽ വന്നു നിന്നു...

"ഉമ്മാ... അല്ലാഹുﷻവിന് വേണ്ടി എന്നെ നിങ്ങൾ നൽകുക. എന്നെ ബഗ്ദാദിലേക്ക് പോവാൻ അനുവദിക്കുക. ഞാനവിടെ പോയി പഠിക്കട്ടെ. സ്വാലിഹീങ്ങളായ മഹാന്മാരുമായി ബന്ധപ്പെടുകയും ചെയ്യട്ടെ..."

"മോനേ... ഇങ്ങനെയൊക്കെ ചിന്തിക്കാൻ എന്താണ് കാരണം..?" ഉമ്മ ചോദിച്ചു...

നടന്ന സംഭവങ്ങളെല്ലാം മകൻ വിവരിച്ചു.  പശു പറഞ്ഞ കാര്യങ്ങൾ, തട്ടിൻപുറത്തു കയറിയപ്പോൾ കണ്ട കാഴ്ച...

എന്റെ പൊന്നുമോനെ തടഞ്ഞു നിർത്തിക്കൂടാ..... അവൻ പഠിച്ചു വളരണം. മഹത്തായ പദവികൾ നേടണം. ലോകത്തിന് അവനിലൂടെ ഉപകാരം സിദ്ധിക്കണം. അതെല്ലാം നടക്കണമെങ്കിൽ മകൻ ബാഗ്ദാദിലേക്ക് പോവണം. മകനെ പിരിയുന്നതെങ്ങനെ..?  മകനെ സ്നേഹിച്ചു മതിയായിട്ടില്ല. മനസ്സ് നീറിപ്പുകയുന്നു. മകനോടുള്ള സ്നേഹം തന്നെ അധീനപ്പെടുത്തുകയാണോ..?
പാടില്ല. മകനെ അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ വിടണം. അങ്ങനെ അല്ലാഹുﷻവിന്റെ തൃപ്തി നേടണം...

റബ്ബേ ... എന്റെ മനസ്സിന് സമാധാനം നൽകേണമേ... ഉമ്മയും മകനും തമ്മിൽ സംഭാഷണം. ഒടുവിൽ ഉമ്മ സമ്മതം നൽകി...

മകന്റെ മുഖം തെളിഞ്ഞു. മരണപ്പെട്ടുപോയ ഉപ്പയുടെ ഓർമ്മകൾ ഉണർന്നു. ഉപ്പയുടെ വകയായി സ്വർണ്ണ നാണയങ്ങൾ ബാക്കിയുണ്ട്. എൺപത് സ്വർണ്ണനാണയങ്ങൾ. ഉമ്മ അത് രണ്ടായി ഭാഗിച്ചു. നാൽപത് നാണയങ്ങൾ വീതം... ഒരു വിഹിതം അബ്ദു ഖാദറിന്.
മറ്റേ വിഹിതം അനുജന്...

നാൽപത് സ്വർണ്ണനാണയങ്ങൾ ചെറിയൊരു സഞ്ചിയിലാക്കി ഉടുപ്പിൽ തുന്നിപ്പിടിപ്പിച്ചു. വീണുപോവുകയില്ല. ആരും കാണുകയില്ല. ഉമ്മ കരഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് പറഞ്ഞു:

മോനേ അല്ലാഹുﷻവിന് വേണ്ടി നിന്നിൽ നിന്ന് ഞാൻ ഒഴിവായിരിക്കുന്നു. ഈ മുഖം ഖിയാമം നാൾ വരെ ഞാൻ കാണുകയില്ല  മോനേ.... "സത്യമേ പറയാവൂ..." മോൻ ഉമ്മാക്ക് വാക്കു കൊടുത്തു ... സത്യമേ പറയൂ
മകൻ യാത്രക്കിറങ്ങി. പരസ്പരം നോക്കി സലാം ചൊല്ലിപ്പിരിഞ്ഞു...

ഒരു ചെറിയ യാത്രാ സംഘത്തോടൊപ്പം അബ്ദുൽ ഖാദർ (റ) ബഗ്ദാദിലേക്ക് പുറപ്പെട്ടു. ഉമ്മ കണ്ണുകൾ തുടച്ചു, തേങ്ങൽ അടക്കിപ്പിടിച്ചു. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്കാണല്ലോ മോൻ പോയത്. എന്റെ മോന് എപ്പോഴും അല്ലാഹുﷻവിന്റെ കാവലുണ്ടാവും. മോൻ പഠിച്ചു വളരട്ടെ. ആത്മീയ പുരുഷനായി മാറട്ടെ. ഇത് ആത്മീയ പുരുഷന്മാരുടെ കുടുംബമാണ്. മോന്റെ ഉപ്പ മഹാനായിരുന്നു. അദ്ദേഹത്തിന്റെ ഉപ്പയും അങ്ങനെ തന്നെ. അവിടന്നങ്ങോട്ട് സിൽസിലയിലുള്ളവരൊക്കെ മഹാന്മാർ തന്നെ.  തന്റെ ബന്ധുക്കളും മഹാന്മാർ തന്നെ. മഹാന്മാരുടെ പരമ്പരയിലെ മഹാപുരുഷനായി മാറട്ടെ മകൻ. മകനുവേണ്ടി തുറന്നു പ്രാർത്ഥിച്ചു...

ഈ വേർപാട് അല്ലാഹുﷻവിനു വേണ്ടിയുള്ള ത്യാഗം ...
ആ ചിന്തയിൽ ആശ്വാസം കണ്ടു...

മഹാനായ ശൈഖ് മുഹിയുദ്ധീൻ (റ) തന്റെ ബഗ്ദാദ് യാത്രയെക്കുറിച്ച് പിൽക്കാലത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു...

ഒരു ചെറിയ യാത്രാ സംഘത്തോടൊപ്പം ഞാൻ ബഗ്ദാദിലേക്കു പുറപ്പെട്ടു. ഞങ്ങൾ ഹമദാൻ എന്ന രാജ്യം പിന്നിട്ട് വിജനമായ മലഞ്ചരിവിലെത്തി. തറൻതക്  എന്ന പ്രദേശം. മലഞ്ചെരിവിൽകൂടി അറുപത് കുതിര സവാരിക്കാർ കുതിച്ചു വന്നു ഞങ്ങളെ വളഞ്ഞു. ആയുധധാരികളായ കൊള്ളക്കാർ.  കച്ചവടക്കാരെ പിടികൂടി അവരുടെ കൈവശമുള്ള സാധനങ്ങളെല്ലാം പിടിച്ചെടുത്തു. ആദ്യഘട്ടത്തിൽ ആരും എന്റെ നേരെ വന്നില്ല. കച്ചവടക്കാരെയെല്ലാം കൊള്ളയടിച്ച ശേഷം കൊള്ളക്കാരിലൊരാൾ എന്റെ നേരെ വന്നു ചോദിച്ചു...

"ഓ... ഫഖീർ നിന്റെ കൈവശം വല്ലതുമുണ്ടോ..?"

ഞാൻ പറഞ്ഞു : " ഉണ്ട് നാൽപത് ദീനാർ "

കൊള്ളക്കാരൻ ചോദിച്ചു:  "എവിടെ..?"

"എന്റെ കക്ഷത്തിനു താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്..."

ഞാൻ കളി പറയുകയാണെന്നയാൾക്കു തോന്നി. അയാൾ എന്നെ വിട്ടുപോയി.  മറ്റൊരാൾ വന്നു ചോദിച്ചു നിന്റെ കൈവശമെന്തുണ്ട്..?

" നാൽപ്പത് ദീനാർ "

" എവിടെ അത്..? "

" എന്റെ കക്ഷത്തിന് താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്..."

അയാൾക്കും വിശ്വാസം വന്നില്ല. അയാളും എന്നെ വിട്ടുപോയി. കുറെകഴിഞ്ഞ് രണ്ടുപേരും കൊള്ളത്തലവന്റെ അടുത്തെത്തി ഈ സംഭവം വിവരിച്ചു...

"അവനെ ഇവിടെ കൊണ്ടുവരൂ..."

കൊള്ളത്തലവൻ കൽപ്പിച്ചു...

കൊള്ളക്കാർ എന്നെ തലവന്റെ മുമ്പിൽ ഹാജറാക്കി. അപ്പോൾ യാത്രാ സംഘത്തിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ ഓഹരി ചെയ്യുകയായിരുന്നു...

" നിന്റെ പക്കൽ എന്താണുള്ളത്..?"

കൊള്ളത്തലവൻ ചോദിച്ചു...

" നാൽപ്പത് ദീനാർ " കൂസലില്ലാതെ മറുപടി...

"അതെവിടെ..?"

"എന്റെ കക്ഷത്തിനു താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്..."

തുന്ന് പൊട്ടിക്കാൻ കൽപ്പിച്ചു. തുന്ന് പൊട്ടിച്ചു... നാൽപ്പത് ദീനാർ പുറത്തെടുത്തു...

കൊള്ളത്തലവൻ ഞെട്ടിപ്പോയി..!!

" നീ സത്യം പറയാൻ കാരണമെന്ത്..?"
 കൊള്ളത്തലവൻ ചോദിച്ചു...

"സത്യം പറയാൻ എന്റെ ഉമ്മ എന്നോട് ഉടമ്പടി ചെയ്തിട്ടുണ്ട്. ഒരിക്കലും ഞാനത് ലംഘിക്കുകയില്ല..."

ഇത് കേട്ട് കൊള്ളത്തലവൻ കരഞ്ഞു... കൊള്ളത്തലവൻ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു...

നീ നിന്റെ ഉടമ്പടി ലംഘിച്ചില്ല...

എന്നാൽ ഞാനോ..? ഇത്രയും പ്രായമായിട്ടുപോലും എന്റെ റബ്ബിന്റെ ഉടമ്പടി ഞാൻ പാലിച്ചിട്ടില്ല. കൊള്ളത്തലവൻ എന്റെ കൈക്ക് തൗബ ചെയ്തു മടങ്ങി. അത് കണ്ട് കൊള്ള സംഘത്തിലുള്ളവരും തൗബ ചെയ്തു മടങ്ങി...

കൊള്ളക്കാർ തലവനോടിങ്ങനെ പറഞ്ഞു...

" നിങ്ങൾ കൊള്ളയടിക്കുന്നതിൽ ഞങ്ങളുടെ നേതാവായിരുന്നു. ഇപ്പോൾ തൗബയിലും ഞങ്ങളുടെ നേതാവായി..."

അങ്ങനെ അവരെല്ലാവരും എന്റെ കൈക്ക് തൗബ ചെയ്തു മടങ്ങി. യാത്രാ സംഘത്തിൽ നിന്ന് പിടിച്ചെടുത്തതെല്ലാം തിരിച്ചു കൊടുത്തു...

ഈ കൊള്ള സംഘമാണ് എന്റെ കൈക്ക് തൗബ ചെയ്തു മടങ്ങിയ ആദ്യ സംഘം...

_കളവ് പറയല്ലയെന്നുമ്മ ചൊന്നോരെ
കള്ളന്റെ കയ്യില് പൊന്ന് കൊടുത്തോവർ_
  (മുഹിയുദ്ധീൻ മാല)

ഇവരുടെ ആത്മീയ പദവികൾ അല്ലാഹു ﷻ ഉയർത്തിക്കൊടുത്തു. കൊള്ളക്കാരുടെ തൗബ യാത്രാസംഘത്തെ വളരെയേറെ സന്തോഷിപ്പിച്ചു. സമാധാനത്തോടെ അവർ യാത്ര തുടർന്നു. എല്ലാം അല്ലാഹുﷻവിന്റെ കാരുണ്യം... അൽഹംദുലില്ലാഹ് ...അല്ലാഹുﷻവിന് സ്തുതി...

മനസ്സുകൾ ഭക്തി നിർഭരം... സത്യം പറഞ്ഞതിന്റെ പ്രതിഫലം അതെത്ര മഹത്തരം. സത്യം മുറുകെ പിടിക്കണം ഉമ്മയോടുള്ള വസ്വിയ്യത്താണത്...

ഉമ്മ ... സത്യസന്ധത അവിടെയാണ് അല്ലാഹുﷻവിന്റെ കാരുണ്യം...

പിൽക്കാലത്ത് ശൈഖ് അവർകളോട് ചിലർ ചോദിച്ചു

"ഏതൊന്നിന്മേലിലാണ് താങ്കളുടെ പ്രസ്ഥാനം പടുത്തുയർത്തിയിരിക്കുന്നത്..?"

ഉടനെ മറുപടി വന്നു ... "സത്യത്തിന്മേൽ"

കുട്ടിപ്രായത്തിൽ പോലും കളവ് പറഞ്ഞിട്ടില്ല. കളിയായിട്ടുപോലും കളവ് പറഞ്ഞിട്ടില്ല. യാത്രാസംഘം യാത്രയുടെ അവസാന ഘട്ടത്തിലെത്തി. പ്രസിദ്ധമായ ബഗ്ദാദ് പട്ടണം. തലപൊക്കി നിൽക്കുന്ന കെട്ടിടങ്ങൾ. ജനവാസം കൂടിയ പ്രദേശങ്ങൾ. തെരുവുകൾ, അടുത്തടുത്തായി വീടുകൾ. ശൈഖ് അബ്ദുൽ ഖാദർ (റ) വിന് അന്ന് പതിനെട്ടു വയസ്സാണെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്...

പതിനെട്ടാം വയസ് വഴിത്തിരിവായി. മസ്ജിദുകൾ അല്ലാഹുﷻവിന്റെ ഭവനങ്ങൾ. വിദ്യ തേടി വരുന്നവർ നിരവധിയാണ്. അവരെല്ലാം എത്തിച്ചേരുന്നത് മസ്ജിദുകളിൽ. അബ്ദുൽ ഖാദർ (റ) ഇൽമിന്റെ സദസ്സിലെത്തി. പല മഹാപണ്ഡിതന്മാരിൽ നിന്നും ഇൽമ് നേടി...

ലോകപ്രസിദ്ധമായ മഹാപണ്ഡിതന്മാരുടെ മുമ്പിലിരുന്ന് കിതാബുകൾ ഓതിപ്പഠിച്ചു. ആ ചെറുപ്പക്കാരന് ഇൽമ് ചൊരിഞ്ഞു കൊടുത്ത മഹാപണ്ഡിതന്മാരുടെ പേരുകൾ ചരിത്രം കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട്...


ഹിജ്റ അഞ്ഞൂറ്റി അമ്പത്തെട്ട് കാലം...

ശൈഖ് അബ്ദുൽ ഖാദർ (റ) ബഗ്ദാദിൽ കത്തി ലങ്കിനിൽക്കുന്ന കാലം. മഹാന്റെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്. ധാരാളം ആരിഫീങ്ങൾ പങ്കെടുത്ത സദസ്സ്. അവരിലൊരാളാണ് ശൈഖ് ഇബ്നുദ്ദീബഖി (റ). അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു:

ഹിജ്റ അഞ്ഞൂറ്റി അമ്പത്തെട്ടിൽ ബഗ്ദാദിൽ വെച്ച് ശൈഖ് അബ്ദുൽ ഖാദർ (റ) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു, ഇരുപത്തഞ്ച് വർഷം ഞാൻ ചുറ്റി നടന്നു. ഇറാഖിലെ മരുഭൂമിയിലും മറ്റ് വിജന പ്രദേശങ്ങളിലും  തീർത്ഥാടനം നടത്തി... ഇശാഅ്‌ നിസ്കരിക്കാൻ വേണ്ടി എടുത്ത വുളൂഅ് കൊണ്ട് സുബ്ഹി നിസ്കരിച്ചു. നാൽപ്പത് വർഷം ആ നിലയിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്.

ഇശാഇന് ശേഷം ഞാൻ വിശുദ്ധ ഖുർആൻ പാരായണം നടത്തും. ഒറ്റക്കാലിൽ നിന്നുകൊണ്ടാണ് പാരായണം. ഭിത്തിയിൽ കുറ്റിയടിച്ചിട്ടുണ്ട്. അതിൽ പിടിച്ചു നിൽക്കും ഉറക്കം വരാതിരിക്കാൻ. അത്താഴ സമയമാകുമ്പോഴേക്കും ഖത്തം തീർത്തിട്ടുണ്ടാവും. ഈ രീതിയിലുള്ള ഖുർആൻ പാരായണം പതിനഞ്ച് വർഷം തുടർന്നു...
 മഹത്തായ മുഹിയുദ്ധീൻ മാലയിലെ ഒരു വരി കാണുക...

_ഒരു കാമൽ നിന്നിട്ടൊരു ഖത്തം തീർത്തോവർ_
_ഒരു ചൊൽ മുതലായി മുവ്വാണ്ട് കാത്തോവർ_

ശൈഖ് അബ്ദുൽ ഖാദർ (റ) ഒരു കാലിൽ നിന്ന് ഒരു ഖത്തം ഓതിത്തീർത്തു. പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി ഒരേ സ്ഥലത്ത് മൂന്നു വർഷം കാത്തിരുന്നു. എത്ര അത്ഭുതകരമായ സംഭവം... രണ്ട് മഹാസംഭവങ്ങളാണ് ഈ വരിയിലുള്ളത്. ഒരു കാലിൽ നിന്ന് ഖത്തം ഓതിത്തീർത്തു, വാക്ക് പാലിക്കാൻ വേണ്ടി ഒരേ സ്ഥലത്ത് മൂന്നു കൊല്ലം കാത്തുനിന്നു. ഹിജ്റ അഞ്ഞൂറ്റി അമ്പത്തെട്ടിൽ ബഗ്ദാദിൽ നടത്തിയ പ്രസംഗത്തിൽ ശൈഖ് അബ്ദുൽ ഖാദിർ (റ) ഈ രണ്ട് സംഭവങ്ങളും എടുത്തു പറഞ്ഞു.
ആ സദസ്സിലുണ്ടായിരുന്ന പല മഹാപണ്ഡിതന്മാരും ആ സംഭവങ്ങൾ രേഖപ്പെടുത്തിവെച്ചു...

മഹാനായ ഖിള്ർ (അ) ഇടക്കിടെ ശൈഖ് അബ്ദുൽ ഖാദർ (റ)യുമായി ബന്ധപ്പെടാറുണ്ടായിരുന്നു. അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾ യാദൃശ്ചിക സംഭവങ്ങളല്ല. അല്ലാഹുﷻവിന്റെ നിശ്ചയപ്രകാരമാണത് നടക്കുന്നത്. അതുകൊണ്ട് പല നേട്ടങ്ങളുണ്ട്...

ഖിള്ർ (അ) അപാരമായ വിജ്ഞാനത്തിന്റെ ഉടമയാണ്. ആ വിജ്ഞാനത്തിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദർ (റ)വിന് പലതും ലഭിക്കണം. അത് കാരണമായി പദവികൾ ഉയരണം.

മഹാനായ മൂസാ (അ), ഖിള്ർ (അ)ൽ നിന്ന് വിജ്ഞാനം നേടിയിട്ടുണ്ട്. അദൃശ്യ ജ്ഞാനത്തിന്റെ കേദാരം തന്നെയാണ് ഖിള്ർ (അ). ആ ജ്ഞാനമത്രയും അല്ലാഹു ﷻ നൽകിയതാണ്. അല്ലാഹു ﷻ ഉദ്ദേശിക്കുന്നവരുടെ സമീപം ഖിള്ർ (അ) എത്തിച്ചേരും. കൽപന പോലെ വിദ്യ നൽകുകയും ചെയ്യും. ഉന്നതന്മാരായ ഔലിയാക്കളുടെ സമീപം ഖിള്ർ (അ) എത്തിച്ചേരും. ശൈഖ് അബുദുൽ ഖാദർ ജീലാനി (റ)വിന്റെ സമീപം നിരവധി തവണ വന്നിട്ടുണ്ട്...

 മുഹിയുദ്ധീൻ മാലയിലെ ഒരു വരി ശ്രദ്ധിക്കുക ...

_യേറിയ കൂറും ഖിള്റെ കാണുന്നോവർ_
_അവരുടെ അറിവും നിലയും നിറഞ്ഞോവർ_

ശൈഖ് അബ്ദുൽ ഖാദർ (റ) പലപ്പോഴും ഖിള്ർ (അ) നെ കാണാറുണ്ടായിരുന്നു. മഹത്തായ അറിവുകളും സ്ഥാനമാനങ്ങളും നേടുകയും ചെയ്തിരുന്നു.  ശൈഖ് അബ്ദുൽ ഖാദർ (റ) വും ഖിള്ർ (അ) അവർകളും തമ്മിലുള്ള ബന്ധം വളരെ ദൃഢമായിരുന്നു. അതിനെപ്പറ്റി നാം പ്രത്യേകം മനസ്സിലാക്കണം...

ശൈഖ് അബ്ദുൽ ഖാദർ (റ) അവർകളുടെ ശിഷ്യനും പ്രശസ്ത സൂഫിവര്യനുമായ ശൈഖ് അബൂ സുഊദ് അൽ ഹരീമി (റ) പ്രസ്താവിക്കുന്നു..,

എന്റെ നേതാവായ ശൈഖ് അബ്ദുൽ ഖാദിർ  (റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:

ഇറാഖിലെ മരുഭൂമിയിലും മറ്റു വിജന പ്രദേശങ്ങളിലും ഇരുപത്തഞ്ച് വർഷക്കാലം ഞാൻ തീർത്ഥാടനം നടത്തി. എനിക്ക് സൃഷ്ടികളെ അറിയാത്ത അവസ്ഥയായി അവർക്ക് എന്നെയും അറിയാത്ത അവസ്ഥയായി...

അദൃശ്യ വ്യക്തികൾ (രിജാലുൽ ഗൈബ് ) വരാൻ തുടങ്ങി. ജിന്നുകളുടെ കൂട്ടങ്ങളും വന്നു. അവർ അല്ലാഹുﷻവിലേക്കെത്താനുള്ള മാർഗ്ഗം എനിക്കു പഠിപ്പിച്ചു തന്നു...

ഇറാഖിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഖിള്ർ (അ) എന്റെ കൂടെയുണ്ടായിരുന്നു. ആദ്യം എനിക്കദ്ദേഹത്തെ അറിയുമായിരുന്നില്ല. ഞങ്ങൾ സംഭാഷണം നടത്തി. ഞങ്ങൾ ഗുരുഷിശ്യന്മാരായി. ഒരു വ്യവസ്ഥയുണ്ട്, അദ്ദേഹം പറയുന്നത് അനുസരിക്കണം. എതിര് പറയരുത്, ചെയ്യരുത്. വ്യവസ്ഥ അംഗീകരിച്ചു. കൽപിച്ചതിങ്ങനെയായിരുന്നു : ഇവിടെ ഇരിക്കുക. ഞാൻ വരുന്നത് വരെ. വ്യവസ്ഥ അംഗീകരിച്ചതല്ലേ..? തെറ്റിക്കാൻ പറ്റുമോ..? പറ്റില്ല. അനുസരണയുള്ള ശിഷ്യനായി അവിടെ ഇരുന്നു. കാത്തിരിപ്പ് നീണ്ടു... ദിവസങ്ങൾ മാസങ്ങളായി. ഗുരു വന്നില്ല. വാക്ക് മാറ്റാനും പറ്റില്ല. പന്ത്രണ്ട് മാസങ്ങൾ കഴിഞ്ഞു. ഒരു കൊല്ലം... ഗുരു വന്നു. കുറച്ചുനേരം കൂടെയിരുന്നു. അത്രമാത്രം... പിന്നെയും പോയി. വീണ്ടും കാത്തിരിക്കാൻ പറഞ്ഞിട്ട് പോയി...

കാത്തിരുന്നു. ഒരു കൊല്ലം കൂടിക്കഴിഞ്ഞു വീണ്ടും വന്നു. അൽപനേരമിരുന്നു. സ്ഥലം വിടാൻ അനുവാദമില്ല. ഗുരു പോയി ശിഷ്യന്റെ കാത്തിരിപ്പ് തുടർന്നു...  ഒരു വർഷംകൂടി കടന്നുപോയി. ഗുരു വന്നു... മൂന്നു വർഷത്തെ കാത്തിരിപ്പ്...

_ഒരു ചൊൽ മുതലായി മുവ്വാആണ്ട് കാത്തോവർ_

എന്ന വരി ഈ കാത്തിരിപ്പിനെക്കുറിച്ചാണ്. വലിയ പരീക്ഷണമാണിത്. പരീക്ഷണത്തിൽ വിജയിച്ചു. ഗുരു സംതൃപ്തനായി. ഗുരു തൃപ്തിയോടെ പല കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അല്ലാഹുﷻവിനെക്കുറിച്ചുള്ള അറിവുകൾ, മഅ് രിഫത്ത്... മൂന്നു വർഷം കഴിഞ്ഞപ്പോൾ ഗുരു സന്തുഷ്ടനും സന്തോഷവാനുമായിരുന്നു. ശിഷ്യന്റെ കൂടെയിരുന്നു പാലും പത്തിരിയും കഴിച്ചു... ഏകാന്തവാസ കാലഘട്ടത്തിലെ ഭീകര സംഭവങ്ങൾ ശൈഖ് അബ്ദുൽ ഖാദർ (റ) ഇങ്ങനെ വിവരിക്കുന്നു...

ദുനിയാവിന്റെ അലങ്കാരങ്ങളും ആഢംബരങ്ങളും എനിക്കു മുമ്പിൽ കാണിക്കപ്പെട്ടു. അതിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ അല്ലാഹു ﷻ എന്നെ സഹായിച്ചു. ദുനിയാവിന്റെ ഇഛകളിൽ നിന്ന് ഞാൻ മോചിതനായി.  പിശാചുക്കൾ പല കോലങ്ങളിൽ വന്നു. ഒറ്റക്ക് വന്നു, സംഘമായും വന്നു. എന്നെ ഇളക്കി വിടുക, എന്റെ നിശ്ചയദാർഢ്യത്തെ ഇളക്കുക, എന്നെ പ്രകോപിതനാക്കുക ഈ ലക്ഷ്യത്തോടെ അവരെത്തി. പല വിധത്തിലുള്ള ആയുധങ്ങളേന്തി എന്നോട് യുദ്ധം ചെയ്തു.  ഞാൻ എന്റെ പാദങ്ങളിൽ ഉറച്ചു നിന്നു. അല്ലാഹു ﷻ എന്നെ ഉറപ്പിച്ചു നിർത്തി. പേടിപ്പെടുത്തുന്ന പാതിരാത്രികളിൽ പോലും എന്റെ പാദങ്ങൾ പതറിയില്ല. പേടിപ്പെടുത്തുന്ന എന്തെല്ലാം സംഗതികളുണ്ടോ അവയിലേക്കെല്ലാം ഞാൻ കടന്നു ചെന്നു. എപ്പോഴും ഞാൻ നിർഭയനായിരുന്നു...

എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ച ദാസനെ അല്ലാഹു ﷻ ഏറ്റെടുത്തു കാത്തു സംരക്ഷിച്ചു...

പിശാചുക്കൾക്കെതിരെ ശൈഖ് അബ്ദുൽ ഖാദർ (റ) അവർകൾ നടത്തിയ പോരാട്ടങ്ങൾ വികാരഭരിതമാണ്...

ചില രംഗങ്ങൾ നമുക്കു കാണാം...

ശൈഖ് ഉസ്മാൻ അസ്വീറ ഫൈനി (റ) പ്രസ്താവിക്കുന്നു : ശൈഖ് അബ്ദുൽ ഖാദർ  (റ) പറയുന്നത് ഞാൻ കേട്ടു, രാത്രിയും പകലും ഞാൻ വിജന പ്രദേശങ്ങളിൽ കഴിച്ചുകൂട്ടി. പിശാചുക്കൾ അണിയണിയായിട്ട് വരും. പലതരം ആയുധങ്ങൾ ധരിച്ച യോദ്ധാക്കൾ. അവർക്ക് എന്നോട് യുദ്ധം ചെയ്യണം. എന്റെ ഏകാഗ്രത നശിപ്പിക്കണം, എന്നെ ഇളക്കിപ്പുറപ്പെടുവിക്കണം, പ്രകോപിതനാക്കണം. തീപിടിച്ച വസ്തുക്കൾ എന്റെ നേരെ വലിച്ചെറിയാൻ തുടങ്ങി  തീജ്വാലകൾ എന്റെ നേരെ വന്നു. ഞാനെന്റെ ഖൽബിനെ ഉറപ്പിച്ചു നിർത്തി പതറിപ്പോവാതെ സൂക്ഷിച്ചു. അപ്പോൾ ആകാശത്ത് നിന്ന് ഒരു വിളിയാളം കേട്ടു...

"ഓ... അബ്ദുൽ ഖാദർ എഴുന്നേൽക്കുക. അവർക്കു നേരെ മുന്നേറുക..."

ശൈഖ് അബ്ദുൽ ഖാദർ (റ) ആ ശബ്ദത്തിന്റെ ഉറവിടം മനസ്സിലാക്കി. ധൃതിയിൽ എഴുന്നേറ്റു. പിശാചുക്കളുടെ അണികൾക്കു നേരെ ധീരമായി മുന്നേറി.

പിശാചുക്കളുടെ അടി പതറി. ഭയന്നുപോയി അവർ ഇടത്തോട്ടും വലത്തോട്ടും ഓടി രക്ഷപ്പെട്ടു...

ഒരിക്കൽ ഒരു ശൈത്വാൻ ഒറ്റക്കു വന്നു. ശക്തനാണവൻ...  ശൈഖിന് നേരെ കോപത്തോടെ നോക്കി, എന്നിട്ട് വിളിച്ചു പറഞ്ഞു :  ഇവിടെ നിന്ന് എഴുന്നേറ്റ് പോവുക. ഉടനെ പോവണം സ്ഥലം കാലിയാക്കണം ഇല്ലെങ്കിൽ ഞാൻ ശരിപ്പെടുത്തിക്കളയും. ശൈത്വാൻ ഭീഷണി തുടരുകയാണ്.  ഞാനങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ വിളിച്ചു പറയുന്നു. കുറെ നേരം ഇത് തുടർന്നു...

ശൈഖ് അബ്ദുൽ ഖാദർ (റ) കൈ ഉയർത്തി ഇങ്ങനെ പറഞ്ഞു: " ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം "  ശൈഖ് അവർകൾ ശൈത്വാനെ രൂക്ഷമായൊന്നു നോക്കി. ആ നോട്ടത്തിന്റെ ശക്തിയിൽ ശൈത്വാൻ കത്തിക്കരിഞ്ഞുപോയി...

ഒരിക്കൽ വികൃത രൂപത്തിലുള്ള ഒരു ശൈത്വാൻ വന്നു. വല്ലാത്ത ദുർഗന്ധം വമിക്കുന്നുണ്ട്...  അവൻ പറഞ്ഞു:

ഞാൻ ഇബ്ലീസാണ്. ഞാൻ അങ്ങേക്ക് സേവനം ചെയ്യാൻ വന്നതാണ്. അങ്ങ് കാരണം എനിക്ക് പല കഷ്ടനഷ്ടങ്ങൾ  വന്നിട്ടുണ്ട്. എന്നെ സേവകനായി സ്വീകരിച്ചാലും...

കോപത്തോടെ ശൈഖവർകൾ വിളിച്ചു പറഞ്ഞു...

" പോ ... ശപിക്കപ്പെട്ടവനേ... "

പെട്ടെന്ന് അന്തരീക്ഷത്തിൽ നിന്ന് ഒരു കൈ അവന്റെ ശിരസ്സിലടിച്ചു. അടിയുടെ ശക്തിയിൽ അവൻ ഭൂമിയിലേക്ക് താഴ്ന്നു...

മറ്റൊരിക്കൽ ഇബ്ലീസ് (ല.അ) വന്നു. കൈയിൽ തീജ്വാലയുമുണ്ട്. ശൈഖിനെ വെല്ലുവിളിക്കുകയാണ് ഏറ്റുമുട്ടാൻ... പെട്ടെന്ന് കുതിരപ്പുറത്ത് ഒരാൾ വന്നു. അദ്ദേഹം ശൈഖിന് ഒരു വാൾ നൽകി. അതുമായി ശൈഖ് മുന്നേറി. വെല്ലുവിളിച്ചു നിന്ന ഇബ്ലീസ് അതിവേഗം ഓടിപ്പോയി... മൂന്നാം തവണയും ഇബ്ലീസ് (ല.അ) എത്തി. കുറെ ദൂരെ മാറിയിരുന്നു തലയിൽ മണ്ണ് വാരിയിടുന്നു. അതീവ ദുഃഖിതൻ. കരയാൻ തുടങ്ങി അവൻ ദുഃഖവും നിരാശയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു:  ഓ അബ്ദുൽ ഖാദർ  താങ്കൾ കാരണം ഞാൻ വളരെ ദുഃഖിതനായിരിക്കുന്നു. എപ്പോഴും എനിക്കാണ് പരാജയം നിങ്ങൾക്കാണ് വിജയം...

ശൈഖ് അവർകൾ കോപത്തോടെ വിളിച്ചു പറഞ്ഞു :

"ശപിക്കപ്പെട്ടവനേ പോ... നിന്റെ ഈ വചനം എനിക്ക് വളരെ കഠിനമായി അനുഭവപ്പെടുന്നു..."

ഒരിക്കൽ ചക്രവാളത്തിൽ ഒരു പ്രകാശം കണ്ടു. വാസ്തവത്തിൽ അത് പ്രകാശമായിരുന്നില്ല ഇരുട്ടായിരുന്നു. ഇരുട്ടിന്റെ ഒരുതരം തിളക്കം ...

ചക്രവാളത്തിൽ നിന്നൊരു ശബ്ദം കേട്ടു ...

"ഓ ... അബ്ദുൽ ഖാദർ ഞാൻ നിന്റെ റബ്ബ് ആകുന്നു. എല്ലാ ഹറാമുകളും നിനക്ക് ഞാൻ ഹലാലാക്കിയിരിക്കുന്നു. ബാക്കിയുള്ളവർക്കെല്ലാം ഹറാം തന്നെ. നിനക്ക് മാത്രം ഹലാൽ

ശൈഖ് അവർകൾ കോപത്തോടെ അവനെ ആട്ടിവിട്ടു...

" പോ... ശപിക്കപ്പെട്ടവനേ..."

പ്രകാശം ഇരുട്ടായി മാറി. അന്തരീക്ഷത്തിൽ കണ്ട രൂപം പുകയായി മാറി. ഇബ്ലീസ് നിരാശനായി.  വീണ്ടും ഇബ്ലീസ് വന്നു ഇങ്ങനെ പറഞ്ഞു ...

ഓ... അബ്ദുൽ ഖാദർ താങ്കൾ നേടിയ ഇൽമ് കൊണ്ടും, ഫിഖ്ഹ് കൊണ്ടും അല്ലാഹുﷻവിന്റെ ഹിക്മ് കൊണ്ടും താങ്കൾ നേടിയ ദറജകളുടെ അവസ്ഥ (ഹാല്) കൊണ്ടും താങ്കൾ ഇത്തവണ വിജയിച്ചു.

ഒരു കാര്യം മനസ്സിലാക്കിക്കൊള്ളൂ ഈ തന്ത്രം പ്രയോഗിച്ച് ത്വരീഖത്തിന്റെ എഴ്പത് ശൈഖുമാരെ ഞാൻ വഴിപിഴപ്പിച്ചിട്ടുണ്ട്...

ശൈഖ് അബ്ദുൽ ഖാദർ (റ) ഇങ്ങനെ പറഞ്ഞു : അല്ലാഹുﷻവിന് സ്തുതി. എല്ലാ അനുഗ്രഹങ്ങളും അവനാണ് നൽകുന്നത്...

"പിശാചാണെന്ന് എങ്ങനെ മനസ്സിലായി..?"

ശിഷ്യൻമാർ ചോദിച്ചു...

ശൈഖിന്റെ മറുപടി ഇങ്ങനെ:

"അവന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലായി. നീചമായ കാര്യങ്ങൾ നിർവ്വഹിക്കാൻ അല്ലാഹു ﷻ കൽപ്പിക്കുകയില്ല..." ശൈഖിന്റെ മറുപടി   ത്വരീഖത്തിന്റെ മാർഗത്തിൽ പ്രവേശിച്ചവരെ വഴിതെറ്റിക്കാൻ പിശാച് സദാ ശ്രമിച്ചു കൊണ്ടിരിക്കും. പിശാച് തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും. ശരീഅത്ത് അവഗണിക്കാൻ കൽപിക്കും. അത് അനുസരിച്ചാൽ വഴിതെറ്റും തീർച്ച. യഥാർത്ഥ ത്വരീഖത്തുകാർ ശരീഅത്ത് കാര്യക്ഷമമായി നടപ്പിലാക്കും. ശൈഖ് അബ്ദുൽ ഖാദർ (റ) ശരീഅത്ത് മുറുകെപ്പിടിച്ചു. അതോടൊപ്പം ത്വരീഖത്തും. അതിലൂടെ ഹഖീഖത്തിലെത്തി.   മുഹിയുദ്ധീൻ മാലയിൽ ഇങ്ങനെ കാണാം...

_ബലത്ത് ശരീഅത്തെന്നും കടലുള്ളോവർ_
_ഇടത്ത് ഹഖീഖത്തെന്നും കടലുള്ളോവർ_

ശൈഖ് അവർകളുടെ വലത് ശരീഅത്ത് എന്ന കടലും, ഇടത് ഭാഗത്ത് ഹഖീഖത്ത് എന്ന കടലുമുണ്ട്.  ആത്മീയ പുരുഷന്മാർ ശരീഅത്തിൽ നിന്ന് ത്വരീഖത്തിലെത്തുന്നു. ത്വരീഖത്തിൽ നിന്ന് ഹഖീഖത്തിലും.  ഇവയിലെല്ലാം ശൈഖ് അബ്ദുൽ ഖാദർ (റ) ഒന്നാം നിരയിലാണ്. ശരീഅത്ത് നന്നായി പഠിച്ചു. മറ്റുള്ളവരെ പഠിപ്പിച്ചു. ജീവിതത്തിൽ പകർത്തി. കാലം സാക്ഷിയാണ്... മഹാനവർകളുടെ ത്വരീഖത്ത് അല്ലാഹുﷻവിലെത്താനുള്ള മാർഗമാണ്...

മഹാനവർകൾ കഴിഞ്ഞാൽ നാമറിയുന്ന പ്രസിദ്ധനായ വലിയ്യാണ് സുൽത്വാനുൽ ആരിഫീൻ സയ്യിദ് അഹ്മദുൽ കബീർ രിഫാഇ (ഖ.സി) ശൈഖ് രിഫാഈ (റ) മഹാനെക്കുറിച്ചു പറഞ്ഞതിങ്ങനെയാണ്...

ശൈഖ് അബ്ദുൽ ഖാദർ (റ)വിന്റെ വിശേഷണങ്ങൾ പറഞ്ഞു തീർക്കാൻ ആർക്ക് കഴിയും..? അദ്ദേഹത്തിന്റെ വലത് ഭാഗത്ത് ശരീഅത്ത് എന്ന കടലുണ്ട്. ഇടത് ഭാഗത്ത് ഹഖീഖത്ത് എന്ന കടലുണ്ട്. രണ്ടിൽ നിന്നും വേണ്ടുവോളം കോരിയെടുക്കുന്നു. അദ്ദേഹത്തിനൊരു രണ്ടാമനില്ല. ഇതുപോലെ പല മഹാന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്...

 പകരക്കാരനില്ലാത്ത പുണ്യാത്മാവ്...
 പകരം വെക്കാനാവാത്ത വിജ്ഞാന സാഗരം...


ശൈഖ് അബ്ദുൽ ഖാദർ (റ) അവർകളെ അസ്വസ്ഥനാക്കിയ ചില സംഭവങ്ങളാണ് ഇനി പറയുന്നത്...

ബാഗ്ദാദിൽ അധികാര വടംവലികൾ നടക്കുകയാണ്. പല തരത്തിലുള്ള ഫിത്നകൾ പൊട്ടിപ്പുറപ്പെട്ടു. അക്രമം, കൊള്ള, കൊള്ളിവെയ്പ്പ്...

ശൈഖ് അവർകൾ ബാഗ്ദാദ് വിട്ടുപോവാൻ തീരുമാനിച്ചു. തന്റെ പ്രിയപ്പെട്ട മുസ്ഹഫ് കയ്യിലെടുത്തു. വിജനമായ മരുഭൂമിയിലേക്കുള്ള യാത്രയാണിത്...

ഒരാൾ ശൈഖുനയെ തടഞ്ഞുനിർത്തി. ശൈഖിന് അദ്ദേഹത്തെ പരിചയമില്ല. അദ്ദേഹം ചോദിച്ചു: "താങ്കൾ എങ്ങോട്ടാണ് പോവുന്നത്..?  പോവരുത്. ബഗ്ദാദ് വിട്ടുപോവരുത്. ജനങ്ങൾക്ക് താങ്കളെക്കൊണ്ട് പല ആവശ്യങ്ങളുണ്ട്... "

ശൈഖ് തിരിച്ചു ചോദിച്ചു: "ജനങ്ങൾക്ക് എന്നെക്കൊണ്ട് എന്ത് ഉപകാരം കിട്ടാൻ..?  ഞാൻ എന്റെ ദീൻ സംരക്ഷിക്കാൻ പോവുകയാണ്..."

അദ്ദേഹം പറഞ്ഞു:  "താങ്കൾ പോവരുത് താങ്കളുടെ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി ഇവിടെ നിൽക്കൂ..."

ഈ സംഭാഷണം ശൈഖ് അവർകൾക്ക് വലിയ ഭാരമായിത്തോന്നി. അസ്വസ്ഥത വർധിച്ചു. ഭാരം അസഹ്യമായി വരികയാണ് ആരിഫീങ്ങളിൽ പെട്ട ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോയി. കണ്ടെങ്കിൽ തന്റെ പ്രയാസങ്ങൾ അവരോട് പറയാമായിരുന്നു...

അല്ലാഹുവേ എന്റെ പ്രയാസങ്ങൾ ലഘൂകരിച്ചുതരുന്ന ഒരു മഹാനിലേക്ക് എന്നെ എത്തിക്കേണമേ...

മനസ്സുരുകിയ പ്രാർത്ഥന മനസ്സിന്റെ ഭാരം വർദ്ധിച്ചുകൊണ്ടിരുന്നു. അന്ന് രാത്രി വളരെ പ്രയാസത്തോടെ കടന്നുപോയി. പിറ്റേദിവസം ഒരു വീടിനു മുമ്പിലൂടെ നടന്നുപോവുകയാണ്. വീടിന്റെ വാതിൽ തുറക്കപ്പെട്ടു. ഒരാൾ പ്രത്യക്ഷപ്പെട്ടു അദ്ദേഹം പറഞ്ഞു :

"അബ്ദുൽ ഖാദർ വരൂ ..."

ശൈഖ് അവർകൾ അടുത്തേക്കു ചെന്നു. വിനയത്തോടെ നിന്നു. അദ്ദേഹം ഗൗരവത്തോടെ ചോദിച്ചു...

"നീ എന്താണ് ഇന്നലെ അല്ലാഹുﷻവിനോട് തേടിയത്..? "

ഇന്നലത്തെ ദുആകൾ ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. മൗനം പാലിച്ചു, മൗനം അൽപം നീണ്ടു...

വീട്ടുകാരൻ വീട്ടിന്റെ വാതിൽ ശക്തിയായി വലിച്ചടച്ചു. അടിയുടെ ശക്തിയിൽ പൊടിപറന്നു ശൈഖിന്റെ മുഖത്ത് പതിച്ചു. മുമ്പിൽ കൊട്ടിയടക്കപ്പെട്ട വാതിൽ...

ഇനിയെന്ത്..? എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് മുമ്പോട്ട് നടന്നു. കുറെ ദൂരമെത്തി. അപ്പോൾ മനസ്സിൽ ചില ചിന്തകൾ വന്നു.  അദ്ദേഹം അല്ലാഹുﷻവിന്റെ ഔലിയാക്കളിൽ പെട്ട ആളായിരിക്കാം. എങ്കിൽ താൻ അവിടെത്തന്നെ നിൽക്കേണ്ടതായിരുന്നു. സ്ഥലം വിട്ടത് നന്നായില്ല...

ഇന്നലെ അല്ലാഹുﷻവിനോട് തേടിയ കാര്യം ഓർമ്മവരികയും ചെയ്തു. തിരിച്ചു നടക്കാം...  ശൈഖ് അവർകൾ വീടും നോക്കി തിരിച്ചു നടന്നു. വീടെവിടെ..? വാതിലെവിടെ..?  മനസ്സിലാവുന്നില്ല. ഒരു വിധത്തിലും തിരിച്ചറിഞ്ഞില്ല. വല്ലാത്ത സങ്കടം തോന്നി. മനസ്സ് വിങ്ങി. അന്വേഷണം പിന്നെയും തുടർന്നു. ആ വീട്ടുകാരനെ കുറിച്ചു ചില വിവരങ്ങൾ കിട്ടി. ആളെപ്പറ്റി കേട്ടപ്പോൾ ഞെട്ടി.  അത് പ്രസിദ്ധനായ ഹമ്മാദുദ്ദബ്ബാസ് (റ) ആയിരുന്നു. നന്നായി ശ്രമിച്ചു മഹാനെ കണ്ടെത്തി സംസാരിച്ചു. തന്റെ മനസ്സിന്റെ ഭാരം ലഘൂകരിച്ചുതന്നു...

ശൈഖ് ഹമ്മാദു ദബ്ബാസ് (റ)വിന്റെ  സേവകനായ ശൈഖ് അഹമദ് (റ) നല്ലൊരു വിശദീകരണം നമുക്കു നൽകുന്നു. ഹമ്മാദ് (റ) വും ശൈഖ് അബ്ദുൽ ഖാദർ (റ)വും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരണം:

ഹമ്മാദ് (റ) വളരെ പരുഷമായിട്ടാണ് പെരുമാറിയത്. പല തവണ ഇതാവർത്തിച്ചു. എല്ലാം ക്ഷമിച്ചു സഹിച്ചു. ഒടുവിൽ പ്രിയപ്പെട്ട ശിഷ്യനായി...

പല ചരിത്രകാരന്മാർ ശൈഖ് അഹ്മദ് (റ) വിന്റെ വിവരണം ഉദ്ധരിച്ചിട്ടുണ്ട് ഖാദിമു ശൈഖ് ഹമ്മാദ് (റ) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്...

പ്രസിദ്ധനായ  ശൈഖ് തഖ് യുദ്ദീൻ മുഹമ്മദ് വാഇളു ലുബ്നാനി (റ) എന്ന മഹാൻ തന്റെ റൗളത്തുൽ അബ്റാർ വ മഹാസിനുൽ അഖ്ബാർ എന്ന ഗ്രന്ഥത്തിൽ നൽകുന്ന വിവരണം ഇങ്ങനെയാകുന്നു :

ശൈഖ് അബ്ദുൽ ഖാദർ (റ) ബാഗ്ദാദിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ, ഖിള്ർ (അ) അത് തടഞ്ഞു. പ്രവേശിക്കാൻ സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: "ഏഴ് കൊല്ലത്തേക്ക് ബഗ്ദാദിൽ പ്രവേശിക്കരുതെന്ന് കൽപനയുണ്ട്..."

വിജനമായ തീരത്ത് ഏഴ് വർഷം താമസിക്കേണ്ടിവന്നു. ദുരിതം നിറഞ്ഞ ഏഴ് വർഷങ്ങൾ. പട്ടിണിയുടെ കാലം. ചെടികളുടെ ഇലകൾ തിന്നേണ്ടിവന്ന ഘട്ടം. അല്ലാഹുﷻവിനുവേണ്ടി ഇബാദത്തുകളിൽ മുഴുകി ഇലകൾ ഭക്ഷിച്ചത് കാരണം ശരീരത്തിൽ പച്ച നിറം കാണപ്പെട്ടു...

ഏഴ് വർഷങ്ങൾ കടന്നുപോയി ഒരു രാത്രിയിൽ വിളിയാളം കേട്ടു...

" ഓ ... അബ്ദുൽ ഖാദർ ബഗ്ദാദിൽ പ്രവേശിക്കുക... "

അന്ന് നല്ല തണുപ്പുള്ള രാത്രിയായിരുന്നു. മഴ പെയ്യുന്നുണ്ട്. ബഗ്ദാദിൽ പ്രവേശിക്കുകയാണ്. മഴ നനഞ്ഞു തണുത്തു... എങ്ങോട്ട് പോവും, അകലെ ശൈഖ് ഹമ്മാദ് (റ) അവർകളുടെ സാവിയ കാണുന്നുണ്ട്. പ്രതീക്ഷയോടെ അങ്ങോട്ട് നടന്നു...

ശൈഖ് ഹമ്മാദ് (റ) ധൃതിയിൽ മുരീദന്മാർക്ക് കൽപന നൽകി. സാവിയയുടെ വാതിലടച്ചു കുറ്റിയിടുക, . വിളക്കുകൾ കെടുത്തുക.  സാവിയ ത്വരീഖത്തിന്റെ ശൈഖുമാരും മുരീദുമാരും താമസിക്കുന്ന സ്ഥലം ഇബാദത്ത്, ഉപദേശം നൽകൽ, ഭക്ഷണം പാകം ചെയ്തു കൊടുക്കൽ, ഉറക്കം എന്നിവയെല്ലാം സാവിയയിൽ നടക്കുന്നു. ത്വരീഖത്ത് എത്തിയ നാടുകളിലെല്ലാം സാവികൾ വളർന്ന ചില നാടുകളിൽ ഖാൻഖാഹ് എന്നറിയപ്പെടുന്നു...

ശിഷ്യർ അനുസരിച്ചു. സാവിയയുടെ വാതിലടച്ചു വിളക്കുകൾ അണച്ചു സർവ്വത്ര കൂരിരുട്ട്...

ശൈഖ് അബ്ദുൽ ഖാദിർ (റ) സാവിയയുടെ വാതിലിനു മുമ്പിൽ വന്നു നിന്നു. അതടച്ച് കുറ്റിയിട്ടുകഴിഞ്ഞു.

വാതിൽ മുട്ടുന്നത് അദബുകേടാണ്. ക്ഷമയോടെ പുറത്ത് കാത്തുനിന്നു. മഴ, തണുപ്പ്, ഇരുട്ട്, ക്ഷീണം... മെല്ലെ ഉറങ്ങിപ്പോയി... അല്ലാഹു ﷻ ഉറക്കം നൽകി പരീക്ഷിക്കുകയാണ്. ഉറങ്ങി സ്വപ്ന സ്ഖലനമുണ്ടായി. കുളിച്ചു വന്നു. അല്ലാഹു ﷻ വീണ്ടും ഉറക്കം നൽകി. വീണ്ടും സ്ഖലനമുണ്ടായി. വീണ്ടും കുളിച്ചു വന്നു പിന്നെയും ഉറക്കം. പതിനേഴ് തവണ ഇതാവർത്തിച്ചു. പതിനേഴ് സ്ഖലനം, പതിനേഴ് കുളി. കടുത്ത പരീക്ഷണത്തിന്റെ രാത്രി അവസാനിക്കാനായി. സ്വുബ്ഹിക്ക് വാതിൽ തുറക്കപ്പെട്ടു...

ശൈഖ് ഹമ്മാദ് (റ) സാവിയായിൽ നിന്ന് പുറത്ത് വന്നു. ശൈഖ് അബ്ദുൽ ഖാദർ (റ) വിന്റെ മുഖത്തേക്ക് കരുണയോടെ നോക്കി. പിന്നെ കെട്ടിപ്പിടിച്ചു ഗാഢമായി അന്വേഷിച്ചു. എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി. ശൈഖ് ഹമ്മാദ് (റ) സ്നേഹപൂർവ്വം സംസാരിച്ചു...

"മോനേ.... അബ്ദുൽ ഖാദർ ഇന്ന് ദൗലത്ത് (അധികാരം) എനിക്കാണ്. നാളെ ദൗലത്ത് നിനക്കാണ്. നാളെ നിനക്ക് ദൗലത്ത് ലഭിക്കുമ്പോൾ ഈ വൃദ്ധനോട് നീതി കാണിക്കേണമേ..."

കഴിഞ്ഞ രാത്രിയിൽ നടന്നതെല്ലാം അല്ലാഹുﷻവിന്റെ പരീക്ഷണങ്ങളായിരുന്നു. അതിലെല്ലാം ശൈഖ് അബ്ദുൽ ഖാദിർ (റ) വിജയം വരിച്ചു...

ഗ്വിബ്ത്വുത്തുന്നാളിർ എന്ന ഗ്രന്ഥത്തിൽ അൽ അസ്ഖലാനിയുടെ വാക്കുകൾ കാണാം...

ശൈഖ് അബ്ദുൽ ഖാദിർ (റ) ഇൽമ് തേടിപ്പോകും. ഇടക്കിടെ ശൈഖ് ഹമ്മാദ് (റ) വിനെ കാണാൻ വരും. പരുഷമായ വാക്കുകൾ കൊണ്ടാണ് സ്വീകരണം. നീ എന്തിനിവിടെ വന്നു..?  നീ ഫഖീഹ് ആണ്. നീ ഫുഖഹാക്കളുടെ കൂടെ പോയ്ക്കൊള്ളൂ എല്ലാം നിശബ്ദനായി കേൾക്കും...


ഒരു ജുമുഅ ദിവസം നടന്ന സംഭവം പറയാം...

ഹമ്മാദ് (റ)വും ഒരു വലിയ സംഘം മുരീദന്മാരും ജുമുഅക്ക് വേണ്ടി പുറപ്പെട്ടു. റസ്വാഫയിലെ ജുമാമസ്ജിദിലേക്കാണ് യാത്ര. ശൈഖ് അബ്ദുൽ ഖാദർ (റ)വും ആ സംഘത്തിൽ കൂടി. നല്ല തണുപ്പുള്ള കാലമാണ്. പകൽ സമയത്തു പോലും തണുപ്പുണ്ട്. അവർ പുഴയുടെ കരയിലെത്തി. പുഴയിൽ നല്ല വെള്ളമുണ്ട്. പുഴ കടക്കാൻ പാലം സ്ഥാപിച്ചിട്ടുണ്ട്. പാലത്തിലൂടെ നടന്ന് അക്കരെയെത്താം. സൂക്ഷിച്ചു നടക്കണം അല്ലെങ്കിൽ താഴെ വീഴും. പുഴയിലാണെങ്കിൽ നിറയെ തണുത്ത വെള്ളം...

പാലത്തിലൂടെ നടക്കാൻ തുടങ്ങി. ശൈഖ് ഹമ്മാദ് (റ) ശൈഖ് അബ്ദുൽ ഖാദിർ (റ) വിന്റെ സമീപം തന്നെയുണ്ട്.  പെട്ടെന്നാണത് സംഭവിച്ചത്. ശൈഖ് ഹമ്മാദ് (റ) ശൈഖ് അബ്ദുൽ ഖാദർ (റ)വിനെ പിടിച്ചൊരു തള്ള്. ശൈഖ് അബ്ദുൽ ഖാദിർ (റ) പാലത്തിൽ നിന്ന് വീണു...

ശൈഖ് അബ്ദുൽ ഖാദിർ (റ) ബിസ്മി ചൊല്ലി ജുമുഅയുടെ സുന്നത്ത് കുളി മനസ്സിൽ കരുതി  വെള്ളത്തിൽ വീണു കഴിഞ്ഞു. കൈവശമുണ്ടായിരുന്ന ചില സാധനങ്ങൾ നനയാതിരിക്കാൻ വേണ്ടി ഒരു കൈയിൽ ഉയർത്തിപ്പിടിച്ചു. പുഴയിൽ നിന്ന് നീന്തി രക്ഷപ്പെട്ടു. വസ്ത്രം പിഴിഞ്ഞുടുത്തു. ഇതിനിടയിൽ ശൈഖ് ഹമ്മാദ് (റ)വും കൂട്ടരും വളരെ ദൂരത്തെത്തിക്കഴിഞ്ഞിരുന്നു. ശൈഖ് അബ്ദുൽ ഖാദിർ (റ)അവരെ പിന്തുടർന്നു...

മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതിങ്ങനെയാണ്...

ശൈഖ് അബ്ദുൽ ഖാദിർ (റ) വിശന്ന വയറുമായിട്ടായിരിക്കും ശൈഖിനെ കാണാൻ വരിക. വന്നുകഴിഞ്ഞാൽ ശൈഖ് ഹമ്മാദ് (റ) ഇങ്ങനെ പറയും...

ഇവിടെ ധാരാളം പത്തിരിയും ഫാലൂദയും വന്നിരുന്നു. എല്ലാം ഞങ്ങൾ ഭക്ഷിച്ചു. നിനക്ക് ഒന്നും തന്നെയില്ല. ശൈഖ് അബ്ദുൽ ഖാദർ  (റ) ക്ഷമിക്കും. അത് അല്ലാഹു ﷻ തനിക്ക് കണക്കാക്കിയിട്ടില്ല എന്നോർത്ത് സമാധാനിക്കും. ശൈഖ് ഹമ്മാദ് (റ) ആ ചെറുപ്പക്കാരനെ പലവിധത്തിൽ ഉപദ്രവിച്ചുകൊണ്ടിരുന്നു.  ഇതെല്ലാം ശിഷ്യന്മാർ കാണുന്നു. ഇത് ഉപദ്രവിക്കപ്പെടേണ്ട ഒരാളാണെന്ന് അവർക്കും തോന്നി. ശിഷ്യന്മാരും ഉപദ്രവം തുടങ്ങി. ഇത് കണ്ടപ്പോൾ ശൈഖ് ഹമ്മാദ് (റ) വിന് കോപം വന്നു. ശിഷ്യന്മാരെ ചീത്ത വിളിച്ചു...

ശൈഖ് ഹമ്മാദ് കോപത്തോടെ പറഞ്ഞതിങ്ങനെ :

" എന്ത്..? എന്താണ് നിങ്ങൾ ചെയ്യുന്നത്..?  നിങ്ങൾ അബ്ദുൽ ഖാദറിനെ ഉപദ്രവിക്കുകയോ..? നിങ്ങൾക്കെന്തറിയാം..?
ഓർത്തോളൂ, നിങ്ങളിൽ ഒരാൾക്കുപോലും അദ്ദേഹത്തോടൊപ്പമെത്താൻ കഴിയില്ല. ഞാൻ അദ്ദേഹത്തെ പരീക്ഷിക്കുകയാണ്. നിങ്ങൾ അതു കണ്ട് വഞ്ചിതരാവരുത്.  അബ്ദുൽ ഖാദർ ഉറപ്പുള്ള പർവ്വതം പോലെയാകുന്നു. നാം ഒത്തു ശ്രമിച്ചാലും ഇളക്കം വരാത്ത മലയാണത്..."

ശൈഖ് ഹമ്മാദുദ്ദബ്ബാസ് (റ) ജനിച്ചത് ശാമിലാകുന്നു. പിന്നീട് ബഗ്ദാദിലെ മുളഫ്ഫരിയ്യായിൽ വന്നു താമസമാക്കി. ബഗ്ദാദിൽ അക്കാലത്തുണ്ടായിരുന്ന ശൈഖുമാരെല്ലാം ഹമ്മാദ് (റ)വുമായി ബന്ധപ്പെട്ടിരുന്നു. ധാരാളം കറാമത്തുകൾ പ്രകടമായിട്ടുണ്ട്...

ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) വിന്റെ ശൈഖുമാരിൽ ഒരാളെന്ന നിലയിൽ ഏറെ പ്രസിദ്ധനായിത്തീർന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള സുദൃഢബന്ധം വ്യക്തമാക്കുന്ന ഒരു സംഭവം ശൈഖ് അബ്ദുല്ല സുഹ്റവർദി (റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്...


ശൈഖ് അബ്ദുൽ ഖാദർ (റ) ഇങ്ങനെ പറഞ്ഞു :

ഞാൻ അല്ലാഹുﷻവിനോട് ഒരു കാര്യം ഉടമ്പടി ചെയ്യുന്നു. എന്റെ മുരീദുമാരെല്ലാം തൗബയോടുകൂടി മരിക്കണം.  അന്ത്യനാൾ വരെയുള്ള എന്റെ മുരീദുമാരിൽ ഒരാൾപോലും തൗബയില്ലാതെ മരിക്കരുത്. എത്ര ഗൗരവമുള്ള വാക്കുകൾ. മുരീദന്മാരുടെ കാര്യത്തിൽ എന്തൊരു ജാഗ്രത. ഈ ഉടമ്പടി സ്വീകരിച്ചുവോ..? ഉത്തരം പറയുന്നത് ശൈഖ് ഹമ്മാദ് (റ) ആകുന്നു. മഹാനവർകൾ ഇങ്ങനെ പറഞ്ഞു ...

നിങ്ങളുടെ ഉടമ്പടി സ്വീകരിച്ചു എന്നതിന് അല്ലാഹു ﷻ എന്നെ സാക്ഷിയാക്കിയിരിക്കുന്നു. ഖാദിരിയ്യാ ത്വരീഖത്തിലെ ഒരു മുരീദിന് ലഭിക്കുന്ന അവസ്ഥ എത്ര മനോഹരം...

മുഹ്യിദ്ദീൻ മാലയിലെ ഈ വരികൾ ശ്രദ്ധിക്കൂ...

_എന്റെ മുരീദുകൾ ഈ തൗബയിൽ എണ്ണിയെ എന്നും മരിക്കരുതെന്ന് കൊതിച്ചോവർ_

_അതിനെ ഖബൂലാക്കിയാനെന്ന് ചൊല്ലിയാർ  അവരുടെ ഉസ്താദ് ഹമ്മാദതെന്നോവർ_

ഈ വരികൾ അതിശയോക്തി ഒട്ടും തന്നെയില്ല. ഖാദിരിയ്യാ ത്വരീഖത്തിലെ ശൈഖുമാർ അവരുടെ മുരീദുമാരെ സ്വർഗ്ഗാവകാശികളാക്കി മാറ്റുന്നത് കഠിനാധ്വാനത്തിലൂടെയാണ്. തർബിയത്ത് നൽകി മുരീദിന്റെ ഖൽബ് ശുദ്ധീകരിക്കുന്നു. പാപക്കറകൾ നീക്കുന്നു. അഹങ്കാരത്തിന്റെ (ഖിബ്റിന്റെ)യും അസൂയയുടെയും പൊടിപോലും ഖൽബിൽ ബാക്കി കാണില്ല. അല്ലാഹുﷻവിന്റെ വിധികൾ സന്തോഷപൂർവ്വം സ്വീകരിക്കുന്ന സ്ഥിതിയിലെത്തിക്കുന്നു. അല്ലാഹുﷻവിനോടും നബിﷺതങ്ങളോടും  ഉള്ള മുഹബ്ബത്ത് ഉന്നത നിലവാരത്തിലെത്തിക്കുന്നു. ശരീഅത്ത് പൂർണമായി പാലിക്കുന്നു. ത്വരീഖത്ത് അതിന് ശക്തി പകരുന്നു.  ഇങ്ങനിയൊക്കെയുള്ളവർക്കാണല്ലോ സ്വർഗ്ഗം...

നന്നായി മരിക്കണമെന്നാഗ്രഹിക്കുന്നവർക്കുള്ള ജീവിതപദ്ധതിയാണ് ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) ലോകത്തിന് മുമ്പിൽ സമർപ്പിച്ചത്. അത് അന്ത്യനാൾ വരെ സജീവമായി നിലനിൽക്കും. ശൈഖ് അവർകൾ തന്നെയാണ് അക്കാര്യം ഉറപ്പിച്ചു പറഞ്ഞത്...

ശൈഖ് മുഹിയുദ്ധീൻ (റ)വിന്റെ മുരീദന്മാർ തൗബയോടെ മരിക്കും...

എക്കാലത്തേക്കും മുരീദുമാർക്കുള്ള സന്തോഷവാർത്ത...

പട്ടിണിയുടെ ഇരുപത് നാളുകൾ ശൈഖ് അബ്ദുൽ ഖാദർ (റ) വിശന്നു പൊരിയുന്ന വയറുമായി നടന്നു. എത്തിപ്പെട്ടത് ഈവാനു കിസ്റായിൽ...

അവിടെ ചെന്നപ്പോൾ അതിശയകരമായ കാഴ്ച. എഴുപത് ഔലിയാക്കൾ വിശപ്പ് സഹിക്കുന്നു. പേർഷ്യ ഐശ്വര്യത്തിന്റെയും ആഢംബരത്തിന്റെയും നാടാണ്. പക്ഷെ എഴുപത് ഔലിയാക്കന്മാർക്ക് വിശക്കുന്നു. ഭക്ഷണം കിട്ടിയിട്ട് നാളുകളായി. ഇവരുടെ മഹത്വം ആരറിയുന്നു. ഇവർ പരലോകത്തെ രാജാക്കന്മാരാണ്. ഇവിടെ വിശക്കുന്ന ഫഖീറന്മാർ അവർക്ക് ഒരു നേരത്തെ ആഹാരം നൽകാൻ ശൈഖ് അബ്ദുൽ ഖാദർ (റ) ആശിച്ചുപോയി...

എങ്ങനെ നടക്കാൻ..? ബഗ്ദാദിലേക്കു തന്നെ മടങ്ങിപ്പോന്നു. അത്ഭുതം എന്റെ നാട്ടുകാരൻ ഒരാൾ അവിടെ എത്തിയിരിക്കുന്നു. ഉമ്മ ഒരു ചെറിയ സംഖ്യ അയാളുടെ കൈവശം കൊടുത്തയച്ചിരിക്കുന്നു. ഞാനത് കൈയിൽ വാങ്ങി എഴുപത് ഔലിയാക്കന്മാരുടെ കാര്യമാണ് മനസ്സിൽ ആദ്യം ഓർമ്മവന്നത്. മറ്റൊന്നും ചിന്തിക്കാൻ നേരമില്ല ഉടനെ യാത്ര തിരിച്ചു...

ഈവാനു കിസ്റായിൽ എത്തി. ഒരു നാണയം മാറ്റിവെച്ചു. ബാക്കി അവർക്കിടയിൽ വീതിച്ചുകൊടുത്തു. മനസ്സിന്നാശ്വാസമായി. അമൂല്യ സൗഭാഗ്യം.... ബഗ്ദാദിൽ തിരിച്ചെത്തി. മാറ്റിവെച്ച നാണയത്തിന് ആഹാരം വാങ്ങി, അവിടത്തെ ഫഖീറന്മാരെയും കൂട്ടി ആഹാരം കഴിച്ചു. ചില ദിവസങ്ങളിൽ നിലത്ത് വീണു കിടക്കുന്ന ധാന്യമണികൾ പെറുക്കിത്തിന്നേണ്ടിവന്നു. മറ്റൊരു ആഹാരവുമില്ല...

ചീരയുടെ വീണുകിടക്കുന്ന ഇലകളും തണ്ടും പെറുക്കിത്തിന്നും. ചീരക്കച്ചവടം നടക്കുന്ന കടകൾക്കരികിലൂടെ നടന്നാൽ അവ ലഭിക്കും. ചെടികളുടെ ഇലകൾ പറിച്ചുതിന്നും. കുറച്ചു കഴിഞ്ഞപ്പോൾ അവിടെയും പരീക്ഷണം...

ധാന്യമണി പെറുക്കാൻ ചെല്ലുമ്പോൾ മറ്റാരെങ്കിലും അത് പെറുക്കിയെടുക്കും. ചെല്ലുന്നേടത്തെല്ലാം തന്നെ മുൻകടക്കാൻ ആരെങ്കിലുമുണ്ടാവും. ദൂരെ നിന്ന് ഒരു പച്ചയില കാണും. അത് കണ്ട് നടന്നു ചെല്ലും. അവിടെ എത്തുമ്പോഴേക്കും അതാരെങ്കിലും പറിച്ചു തിന്നിട്ടുണ്ടാവും...

ഒന്നും കിട്ടാതെയായി. അവശനായി റൈഹാനിമാർക്കറ്റിലെത്തി. തിന്നാൻ പറ്റുന്ന ഒന്നും കിട്ടിയില്ല. അവിടത്തെ മസ്ജിദിൽ ചെന്നിരുന്നു.  അകലെ ഒരാൾ ഇരിക്കുന്നത് കണ്ടു. ഒരു യുവാവ്, അയാൾ ഭക്ഷണം കഴിക്കുകയാണ്. മനുഷ്യൻ ഭക്ഷണം കഴിക്കുന്ന കാഴ്ച അതൊരു വല്ലാത്ത കാഴ്ചയായി അപ്പോൾ തോന്നി... ആ കാഴ്ച ഉറ്റുനോക്കിയിരുന്നു. അയാൾ ഭക്ഷണം കഴിക്കാൻ വായ തുറക്കുമ്പോൾ, ശൈഖ് അവർകൾ അറിയാതെ വായ തുറന്നു പോകും എന്തൊരവസ്ഥ..?

കുറെ കഴിഞ്ഞപ്പോൾ യുവാവ് ശൈഖിനെ കണ്ടു. അയാൾ ശൈഖിനെ ക്ഷണിച്ചു. ശൈഖ് എഴുന്നേറ്റു നടന്നു അയാൾക്കരികിലെത്തി കൂടെ ഇരുന്നു...

"നിങ്ങൾ ഏത് നാട്ടുകാരനാണ്..? " യുവാവ് ചോദിച്ചു...

"ഞാൻ ജീലാനി സ്വദേശിയാണ്..."

"നിങ്ങളെന്തിനിവിടെ വന്നു..?" ശൈഖ് ചോദിച്ചു...

"ഞാൻ ഒരാളെ അന്വേഷിച്ചു വന്നതാണ്. ജീലാൻ സ്വദേശിയായ അബ്ദുൽ ഖാദറിനെ പലയിടത്തും അന്വേഷിച്ചു. കണ്ടെത്താനായില്ല..."

"അത് ഞാൻ തന്നെയാണ്..."

അൽഹംദുലില്ലാഹ്... അതിശയകരം തന്നെ. നിങ്ങളുടെ ഉമ്മ എട്ട് സ്വർണനാണയങ്ങൾ എന്നെ ഏൽപ്പിച്ചിരുന്നു.നിങ്ങളെ ഏൽപിക്കാൻ. എവിടെയെല്ലാം നിങ്ങളെ തിരക്കി നടന്നു. എന്റെ കൈവശമുള്ള സ്വന്തം പണം തീർന്നു. എനിക്കാണെങ്കിൽ വിശപ്പ് സഹിക്കാനാവുന്നില്ല. നിങ്ങളുടെ നാണയത്തിൽ നിന്ന് ഒരെണ്ണം ഞാൻ വായ്പയെടുത്തു. അതുകൊണ്ട് വാങ്ങിയ ഭക്ഷണമാണിത്. നിങ്ങളും കൂടി ഇത് കഴിക്കണം. നിങ്ങളുടെ പണം അനുവാദമില്ലാതെ കടമെടുത്തു. മാപ്പാക്കണം...

രണ്ടുപേരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു.

ശൈഖ് അയാളെ ആശ്വസിപ്പിച്ചു. ഏതാനും നാണയങ്ങൾ അയാൾക്ക് നൽകി. ബാക്കി സംഖ്യ സൂക്ഷിച്ചുവെച്ചു. ഇനിയും ആവശ്യക്കാരുണ്ടാവും അവരെ സഹായിക്കാം...

രോമവസ്ത്രം ധരിച്ചു കീറത്തുണി തലയിൽ കെട്ടി നഗ്നപാദനായി നടന്നു. മുള്ളുകൾ ചവിട്ടി നടന്നു. കല്ലുകളും പാറകളും ചവിട്ടിക്കടന്നു. കൊടിയ വറുതികൾ... പുഴക്കരയിലെ ചവറുകളിൽ നിന്നു വരെ പെറുക്കിത്തിന്നിട്ടുണ്ട്. ദേഹേഛയോടുള്ള സമരം. മഹ്രിഫത്തിന്റെ പ്രകാശം മനസ്സിലേക്കു കടന്നുവരുന്നത് ഇതുപോലുള്ള ഘട്ടങ്ങളിലാണ്. ഖൽബ് വെട്ടിത്തിളങ്ങുമ്പോൾ പരിസരം മറന്നു പോകും. ആഹ്ലാദം കൊള്ളും. അട്ടഹസിക്കും. ദിവ്യജ്ഞാനത്തിന്റെ പുതിയ പ്രകാശം ലഭിക്കുമ്പോൾ ചിരിക്കുകയും അട്ടഹസിക്കുകയും ചെയ്യും. അത് കാണുമ്പോൾ ആളുകൾ പറയും, ഭ്രാന്തൻ... ദീൻ കൂടി പോയ ആളുകളെ പറയാറില്ലേ ഇതുപോലൊരു വാക്കുകൾ...

ആളുകൾ ചിലപ്പോൾ അങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഭാരം തോന്നും. ഭൂമിയിൽ കിടക്കും. അൽപം കഴിയുമ്പോൾ ആശ്വാസം തോന്നും. ബോധം കെട്ടുപോയ ചില സന്ദർഭങ്ങളുണ്ട്... ഒരിക്കൽ ഉച്ചത്തിൽ അട്ടഹസിച്ചു ബോധം നഷ്ടപ്പെട്ടു. ആളുകൾ ഓടിക്കൂടി. മരിച്ചുപോയി എന്നു തോന്നി. വളരെ നേരം കഴിഞ്ഞിട്ടും ചലനമില്ല. മരിച്ചത് തന്നെ ആളുകൾ മരണ ക്രിയകൾക്ക് തയ്യാറായി. മയ്യിത്ത് കുളിപ്പിക്കാൻ തയ്യാറായി. കഫൻ തുണി കൊണ്ടുവന്നു. കുളിപ്പിക്കാൻ വേണ്ടി കട്ടിലിൽ കിടത്തി. അപ്പോൾ ബോധം വന്നു...

പരീക്ഷണങ്ങളുടെ ശക്തി കൂടുംതോറും ആത്മീയ പദവികൾ ഉയർന്നുവരും. ശൈഖ് അബ്ദുൽ ഖാദർ (റ) കഠിനമായി പരീക്ഷിക്കപ്പെട്ടു. അത്യുന്നതമായ പദവികൾ നൽകപ്പെട്ടു.  ജീവിത കാലത്ത് തന്നെ ഉന്നതപദവിയിലെത്തി. മരണാനന്തരവും ഉന്നത പദവിയിൽ തന്നെ.  ദുനിയാവിലും ആഖിറത്തിലും രാജപദവിയാണ്.  മരണാനന്തരവും മഹാൻ ഭൂമിയിൽ കർമ്മനിരതനാണ്. മഹാന്റെ ചരിത്രം വിവരിച്ച ചിലർ വീരരക്തസാക്ഷികളായ ജഹ്ഫറുബ്നു അബീത്വാലിബ് (റ) വിന്റെ മരണാനന്തരമുള്ള അവസ്ഥ എടുത്തു പറഞ്ഞിരിക്കുന്നു...

മുഹ്ത്തത്ത് യുദ്ധത്തിൽ ജഹ്ഫർ (റ) വീര രക്തസാക്ഷിയായി. രണ്ട് കരങ്ങളും വെട്ടിമുറിക്കപ്പെട്ടു. മുഹ്ത്തത്ത് മദീനയിൽ നിന്ന് വളരെ അകലെയാണ്. നബി ﷺ മദീനയിലാണുള്ളത്. ജഹ്ഫർ (റ) മുഹ്തത്തിൽ രക്തസാക്ഷിയായി...

മദീനയിൽ നിന്ന് കൊണ്ട് നബി ﷺ പറയുന്നു...

നോക്കൂ.. ഇത് ജിബ്രീൽ.., ഇതാ മീക്കാഈൽ... അവരോടൊപ്പം ഇതാ ജഹ്ഫർ എത്തിയിരിക്കുന്നു. ഇരുകരങ്ങൾക്കു പകരം അല്ലാഹു ﷻ ജഹ്ഫറിന് രണ്ട് ചിറകുകൾ നൽകിയിരിക്കുന്നു. താനുദ്ദേശിക്കുന്നിടത്തേക്ക് ജഹ്ഫറിന് പാറി നടക്കാം...

ശഹീദായതോടെ ജഹ്ഫർ (റ) വിന്റെ സഞ്ചാര വേഗത കൂടി. നിമിഷങ്ങൾകൊണ്ടെത്തിച്ചേരാം...

ശൈഖ് അബ്ദുൽ ഖാദർ (റ) കേൾക്കും,  കാണും, അതിവേഗം സഞ്ചരിക്കും. വിളിക്കുത്തരം നൽകും. എല്ലാ കഴിവും അല്ലാഹു ﷻ നൽകിയതാണ്...

മുജാഹദയുടെ പാരമ്യതയിലെത്തിയ കാലം... ഇബാദത്തിൽ മുഴുകിയ നാൽപ്പത് ദിവസങ്ങൾ. അത്രയും ദിവസം ഭക്ഷണമില്ല. ശാരീരികേഛകൾ ഹനിക്കപ്പെട്ടു. ബുർജ് എന്ന സ്ഥലത്താണുള്ളത്...

ശൈഖ് അബ്ദുൽ ഖാദർ (റ) പതിനൊന്ന് കൊല്ലം അവിടെ താമസിച്ചിട്ടുണ്ട്. ഇത്രയും നീണ്ട കാലം  താമസിച്ചതിനാൽ ആ പ്രദേശത്തിന് ബുർജുൽ അജമി എന്ന പേർ കിട്ടി. അജമി എന്നാൽ അനറബി എന്നാണർത്ഥം. ശൈഖിന്റെ മാതൃഭാഷ ഫാരിസി ആകുന്നു. അറബിയല്ല. ബുർജുൽ അജമിൽ വെച്ച് ശൈഖ് അബ്ദുൽ ഖാദർ അല്ലാഹുﷻവിനോട് കരാർ ചെയ്തു...

ഞാൻ തിന്നുകയോ കുടിക്കുകയോ ഇല്ല എന്നെ നിർബന്ധിച്ചു ചെയ്യിക്കുന്നത് വരെ... അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്നുള്ള കൽപന വരുംവരെ ഇനി തീറ്റിയും കുടിയുമില്ല...

ശൈഖ് അബ്ദുൽ ഖാദർ (റ)വിന്റെ പ്രധാന ശൈഖാണ് ശൈഖ് അബുസഈദ് അൽ മഖ്റമി (റ). മഹാനവർകളുടെ സാക്ഷാൽ പേര് മുബാറക് ബ്നു അലി എന്നാകുന്നു. ഹമ്പലി മദ്ഹബിലെ പ്രസിദ്ധ ഫഖീഹ് ആണ്. ബഗ്ദാദിൽ ഖാളിയും മുദരിസുമാണ്. അദ്ദേഹം സ്ഥാപിച്ച മദ്റസയാണ് പിൽക്കാലത്ത് ശൈഖ് അബ്ദുൽ ഖാദർ (റ) ഏറ്റെടുത്ത് വിശ്വപ്രസിദ്ധമാക്കിത്തീർത്തത്...

ബുർജുൽ അജമിൽ ശൈഖ് അബ്ദുൽ ഖാദർ (റ) നാൽപത് നാളത്തെ നിരാഹാരത്തിൽ കഴിയുന്ന അവസരം.  ഒരാൾ കുറച്ചു ഭക്ഷണം മുമ്പിൽ കൊണ്ടുവന്നുവെച്ചു. ശരീരം അത് തിന്നാൻ കൊതിച്ചു, ശരീരത്തെ നിയന്ത്രിച്ചു. കൽപന വരട്ടെ എന്നിട്ടാവാം ആഹാരം കഴിക്കൽ. തന്റെ ഉള്ളിൽ നിന്ന് ഒരട്ടഹാസം ഉയർന്നു. വിശപ്പിന്റെ വിളിയാണത്. ആ വിളി കേട്ട് കൊണ്ട് ശൈഖ് അബൂ സഈദ് കടന്നു വന്നു. എന്നിട്ട് ചോദിച്ചു...

"അബ്ദുൽ ഖാദർ എന്താണാ ശബ്ദം..?"

" നഫ്സിന്റെ അട്ടഹാസം "

അബൂസഈദ് (റ)വിന് കാര്യം മനസ്സിലായി. അദ്ദേഹം ശിഷ്യനെ വിളിച്ചു...

"അബ്ദുൽ ഖാദർ താങ്കൾ ബാബുൽ അസ്ജിലെ എന്റെ വീട്ടിലേക്ക് വരൂ..."

വീട്ടിലേക്ക് ക്ഷണിച്ചിട്ട് അദ്ദേഹം പോയി. പോവാൻ തോന്നിയില്ല. അവിടെത്തന്നെയിരുന്നു .


കുറെ കഴിഞ്ഞപ്പോൾ ഖിള്ർ (അ) വന്നു. അബൂസഈദ് വീട്ടിലേക്ക് ക്ഷണിച്ചില്ലേ, പോവണം...

ഖിള്ർ (അ)ന്റെ നിർബന്ധം കാരണം എഴുന്നേറ്റു ബാബുൽ അസ്ജിലേക്ക് നടന്നു...

വീട്ടിന്റെ വാതിൽക്കൽ തന്നെ അബൂസഈദ് (റ) നിൽപ്പുണ്ട്. സന്തോഷത്തോടെ സ്വാഗതം ചെയ്തു. ജീവിതത്തിലെ മഹാസംഭവം അവിടെ നടക്കാൻ പോവുന്നു...  ശൈഖായി അവരോധിക്കപ്പെടുന്നു... ഹിർഖ ധരിപ്പിക്കപ്പെടുന്നു. അബൂ സഈദ് (റ) ചോദിച്ചു...

ഞാൻ വിളിച്ചത് പോരായിരുന്നോ..?, ഖിള്ർ നിർബന്ധിക്കേണ്ടിവന്നു ഇവിടെ വരാൻ...   അകത്ത് കൊണ്ടുപോയി ഭക്ഷണം വാരിക്കൊടുത്തു. വിശപ്പടങ്ങി. മനസ്സ് ശാന്തമായി. ശാന്തമായ കടൽപോലെയായി. ചടങ്ങ് തുടങ്ങുകയായി. വിധിപ്രകാരം എല്ലാ കാര്യങ്ങളും നടക്കണം. സ്ഥാനവസ്ത്രം ധരിക്കണം. അതാണ് ഹിർഖ അബൂസഈദ്  (റ) തന്റെ പ്രിയ മുരീദ് അബ്ദുൽ ഖാദറിനെ ഹിർഖ ധരിപ്പിച്ചു. തുടർന്നു പ്രാർത്ഥന...

ശൈഖ് അബ്ദുൽ ഖാദർ (റ)വിന് ഹിർഖ ധരിപ്പിച്ച അഭിവന്ദ്യരായ ശൈഖ് എന്ന നിലയിൽ ശൈഖ് അബൂസഈദ് (റ) ഇസ്ലാമിക ചരിത്രത്തിൽ അവിസ്മരണീയനായിത്തീർന്നു...

ശൈഖ് അബ്ദുൽ ഖാദർ (റ)വിന്റെ മൂന്നു സുപ്രധാന ശൈഖുമാർ ഇവരാകുന്നു...

1) ശൈഖ് ഹമ്മാദു ദ്ദബ്ബാസ് (റ)
2) ശൈഖ് അബൂസഈദ് മുബാറക് അൽ മഖ്റമി (റ)
3) ശൈഖ് യൂസുഫുൽ ഹമദാനി (റ)

ശൈഖ് അബൂയഹ്ഖൂബ് യൂസുഫുബ്നു അയ്യൂബിൽ ഹമദാനി (റ) അവർകൾ ബഗ്ദാദിലെ വളരെ പ്രസിദ്ധനായ ആത്മീയ ഗുരുവാണ്. ശൈഖ് അബ്ദുൽ ഖാദർ (റ) അദ്ദേഹത്തിൽ നിന്ന്  വിലപ്പെട്ട ഇൽമുകൾ നേടിയിട്ടുണ്ട്. ഒരിക്കൽ ശൈഖ് അബ്ദുൽ ഖാദർ (റ) അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹം എഴുന്നേറ്റു വന്നു സ്വീകരിച്ചു...

ശൈഖ് യൂസുഫുൽ ഹമദാനി (റ) ഉപദേശിച്ചതിങ്ങനെയായിരുന്നു...

"ഓ... അബ്ദുൽ ഖാദർ താങ്കൾ ജനങ്ങളോട് സംസാരിക്കണം. അവരെ സ്വർഗത്തിലേക്കാനയിക്കണം..."

ശൈഖ് അബ്ദുൽ ഖാദർ (റ) പറഞ്ഞു...

"യാ... സയ്യിദീ... അജമിയായ ഞാനെങ്ങനെ ഇവരോട് പ്രസംഗിക്കും. ഇവർ അറബി സാഹിത്യം നന്നായി കൈകാര്യം ചെയ്യുന്നവരാണ്. സുന്ദരമായ അറബിയിൽ വാചാലമായി സംസാരിക്കും..."

ശൈഖ് യൂസുഫ് ഹമദാനി (റ) പറഞ്ഞു:

"താങ്കൾ വിശുദ്ധ ഖുർആൻ പഠിച്ചിട്ടുണ്ട്. ഫിഖ്ഹും ഉസ്വൂൽ ഫിഖ്ഹും വ്യാകരണവും, തഫ്സീറും, ഹദീസും പഠിച്ചിട്ടുണ്ട്. താങ്കൾക്ക് ശുദ്ധ അറബിയിൽ നന്നായി സംസാരിക്കാൻ കഴിയും... നന്നായി സംസാരിച്ചോളൂ... നിങ്ങൾക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്..."

പൊതുരംഗത്തേക്കിറങ്ങാൻ ശൈഖിന്റെ ആഹ്വാനം വന്നു. എങ്കിലും മടിച്ചുനിന്നു. ജനങ്ങളിൽ നിന്നകന്ന് നിന്ന് ഇബാദത്തിൽ മുഴുകാനായിരുന്നു ആദ്യ ഘട്ടത്തിൽ താൽപര്യം...

ഇരുപത്തഞ്ച് വർഷക്കാലം ചുറ്റിക്കറങ്ങി നടന്നു. കൊടുംപരീക്ഷണങ്ങളുടെ കാലഘട്ടം. അല്ലാഹു ﷻ ഇൽമിന്റെ കവാടങ്ങൾ തുറന്നു കൊടുത്തു. മനുഷ്യരെ സംസ്കരിച്ചെടുക്കാനുള്ള മാർഗം പഠിച്ചു. മനുഷ്യരെ അല്ലാഹുﷻവിലേക്ക് അടുപ്പിക്കാനുള്ള വഴികൾ കിട്ടി. അസൂയയും അഹങ്കാരവും മനസ്സിൽ നിന്നു തുടച്ചുനീക്കാനുള്ള മാർഗ്ഗം കണ്ടെത്തി.  ആശയങ്ങൾ മനസ്സിൽ തിങ്ങിനിറഞ്ഞു.  ആരോടെങ്കിലും തുറന്നു സംസാരിക്കണം. അല്ലെങ്കിൽ ശ്വാസം മുട്ടും എന്ന അവസ്ഥയായി. അമ്പത് വയസ്സാവാൻ പോവുന്നു. ആകാശത്തിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കുന്നു...

"ഓ അബ്ദുൽ ഖാദർ.., ബഗ്ദാദിൽ പ്രവേശിക്കുക. ജനങ്ങളോട് സംസാരിക്കുക..."

അങ്ങനെ ബഗ്ദാദിൽ പ്രവേശിച്ചു. ജനങ്ങളെ സമീപിച്ചു. പക്ഷെ ആരും തന്നെ ഗൗനിക്കുന്നില്ല. അവരെല്ലാം ഭൗതിക കാര്യങ്ങളിൽ വ്യാപൃതരായിക്കഴിയുന്നു. വീണ്ടും വിളിയാളമുണ്ടായി...

" ഓ അബ്ദുൽ ഖാദർ.., ജനങ്ങളിലേക്ക് പോകൂ... ജനങ്ങളിലേക്ക് പോകൂ... നിങ്ങളുടെ സംസാരം അവർക്ക് പ്രയോജനം ചെയ്യും..."

അപ്പോൾ ശൈഖ് പറഞ്ഞു: " എന്നെക്കൊണ്ട് ജനങ്ങൾക്കെന്ത് കാര്യം..? ഞാൻ എന്റെ ദീനിന്റെ സംരക്ഷണം നോക്കട്ടെ..."

അപ്പോൾവീണ്ടും ശബ്ദം മുഴങ്ങി

" ജനങ്ങളിലേക്കു പോവൂ ... അവരുമായി ബന്ധപ്പടൂ... അതിലൂടെയാണ്  നിങ്ങളുടെ ദീനിന്റെ രക്ഷ ..."

അല്ലാഹു ﷻ തനിക്കു  ചെയ്തുതന്ന അതിമഹത്തായ രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് അപ്പോൾ ഓർക്കുകയാണ്.

അല്ലാഹുﷻവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കുമ്പോൾ പലരും വഴിതെറ്റിപ്പോവാറുണ്ട്. താൻ അങ്ങനെ വഴിതെറ്റിപ്പോവുകയില്ലെന്നതിന് അല്ലാഹുﷻവിൽനിന്ന് സാക്ഷിപത്രം ലഭിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല എഴുപത് എണ്ണം...

ഇവിടെ ചെറിയൊരു വിശദീകരണം വേണം. പറയാം...  ശൈഖ് ഹമ്മാദ് (റ)വിന്റെ മജ്ലിസ്..,  ധാരാളം മഹാത്മാക്കൾ പങ്കെടുത്ത സദസ്സ്. ആ സദസ്സിൽ ശൈഖ് അബ്ദുൽ ഖാദർ (റ)സംസാരിച്ചു. തന്നെപ്പറ്റിത്തന്നെയാണ് സംസാരിക്കുന്നത്. തനിക്കു ലഭിച്ച പദവികളും മേൻമകളും അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങളാണ് എടുത്ത് പറയുന്നത്. അത്ഭുത വാർത്തകൾ
കുറെ നേരം കേട്ട് കഴിഞ്ഞപ്പോൾ ശൈഖ് ഹമ്മാദ് (റ)തന്റെ മുരീദായ ശൈഖ് അബ്ദുൽ ഖാദറിനെ ഇങ്ങനെ ഉപദേശിച്ചു...

" അനുഗ്രഹങ്ങൾ കാരണം നിങ്ങൾ വഴിതെറ്റിപ്പോവുന്നത് ഭയപ്പെടണം..."

ശൈഖ് ജീലാനി (റ)തന്റെ കൈ ഉയർത്തിക്കാണിച്ചു...

" ഇതിൽ രേഖപ്പെടുത്തിയതെന്താണെന്ന് അങ്ങ് ഹൃദയം കൊണ്ട് വായിച്ചറിയുക..."

കൈപ്പടം ശൈഖിന്റെ നെഞ്ചിൽ ചേർത്തുവെച്ചു. മുരീദിന്റെ കൈപ്പടത്തിൽ രേഖപ്പെടുത്തിയ ആശ്ചര്യകരമായ കാര്യങ്ങൾ ശൈഖ് ഹമ്മാദ് (റ) ഖൽബുകൊണ്ട് വായിച്ചു. അൽപനേരം അദ്ദേഹം എല്ലാം മറന്ന് അവർണ്ണനീയമായ അനുഭൂതിയിൽ ലയിച്ചു പോയി...

മജ്ലിസ് ആകാംക്ഷയോടെ നോക്കിനിൽക്കുന്നു. അൽപം കഴിഞ്ഞ് ശൈഖ് ഹമ്മാദ് (റ) ആവേശത്തോടെ പറഞ്ഞു:

" ശൈഖ് അബ്ദുൽ ഖാദർ വഞ്ചിക്കപ്പെടുകയില്ല. അതിന് അല്ലാഹുﷻവിൽ നിന്നുള്ള എഴുപത് ഉടമ്പടികൾ ഈ കൈവെള്ളയിലുണ്ട്. ഞാനതെല്ലാം ഖൽബുകൊണ്ട് വായിച്ചു..."

പിൽക്കാലത്ത് നടന്ന സംഭവമാണ് മീതെ വായിച്ചത്. പൊതുരംഗത്തിറങ്ങും മുമ്പുതന്നെ ഇക്കാര്യം കൈവെള്ളയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനും അവരോട് സംസാരിക്കാനും കൽപന വന്നപ്പോൾ ഓർമ്മ വന്ന ഒന്നാമത്തെ കാര്യം ഇതാകുന്നു...

രണ്ടാമത്തെ കാര്യം ഇതാണ്...

തന്റെ മുരീദുകൾ തൗബയോടുകൂടി മാത്രമേ മരിക്കുകയുള്ളൂവെന്ന് അല്ലാഹുﷻവിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്...

ഈ രണ്ട് കാര്യങ്ങൾ ഓർത്തപ്പോൾ ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ പ്രേരണ കിട്ടി. ശൈഖ് അബ്ദുൽ ഖാദർ (റ) പറയുന്നു;  ഞാൻ ജനങ്ങളിലേക്ക് ചെന്നു സംസാരിച്ചു തുടങ്ങി. അപ്പോൾ പ്രകാശം എന്നിലേക്കു വരുന്നത് കണ്ടു...

ഞാൻ സ്വയം ചോദിച്ചു പോയി എന്താണിത്..? എന്തൊരവസ്ഥയാണിത്..? എന്താ സംഭവം..?  അപ്പോൾ എന്നോട് ഇങ്ങനെ പറയപ്പെട്ടു :

സയ്യിദുനാ മുഹമ്മദുറസൂലുല്ലാഹി ﷺ തങ്ങളെ അഭിനന്ദിക്കുകയാണ്. അല്ലാഹു ﷻ തങ്ങൾക്കു നൽകിയ സൗഭാഗ്യങ്ങളുടെ പേരിൽ അനുമോദനം അറിയിക്കുകയാണ്.  ഞാൻ റസൂൽ ﷺ യെ കണ്ടു...

നബി ﷺ എന്നെ വിളിച്ചു...

" ഓ ... അബ്ദുൽ ഖാദർ..."

ഞാൻ സന്തോഷഭരിതനായി. വായുവിലൂടെ ഏഴ് ചവിട്ടടി വെച്ചു. ആഹ്ലാദത്തിന്റെ ചുവടുകൾ.  ഞാൻ വായ തുറന്നു. നബി ﷺ ഏഴ് തവണ വായിൽ തുപ്പിത്തന്നു...

പിന്നാലെ വരുന്നു അലി (റ)...

എന്റെ വായിൽ അലി (റ) മൂന്നു തവണ തുപ്പിത്തന്നു...

അപ്പോൾ ഞാൻ അലി (റ)വിനോട് ചോദിച്ചു, അങ്ങ് എന്തുകൊണ്ടാണ് തുപ്പലിന്റെ എണ്ണം ചുരുക്കിക്കളഞ്ഞത്..?

അലി(റ) പറഞ്ഞു:  " നബിﷺയോടുള്ള അദബ് കൊണ്ട്..."

ഉടനെ നബിﷺതങ്ങൾ എന്നെ സ്ഥാനവസ്ത്രം അണിയിച്ചു. ഞാൻ ചോദിച്ചു ഇതെന്താണ്..?

നബിﷺതങ്ങൾ പറഞ്ഞു: താങ്കൾ ഔലിയാക്കന്മാരുടെ ഖുത്വുബ് ആകുന്നു. അതിന്നുള്ള പ്രത്യേക സ്ഥാന വസ്ത്രമാണ്. കരാറ് പുതുക്കൽ നടന്നുവന്നത്. ബൈഅത്തിലൂടെ മനുഷ്യർക്ക് സമൂല മാറ്റം വന്നു. അവർ യഥാർത്ഥ മുഹ്മിനീങ്ങളായിത്തീർന്നു. മുഹ്മിനീങ്ങളിൽ  കാണപ്പെടേണ്ട സവിശേഷ ഗുണങ്ങളെല്ലാം അവരിൽ വ്യക്തമായി കാണപ്പെട്ടു...

ബൈഅത്ത് ചെയ്തവരെ ദിക്റ് ചൊല്ലാൻ പഠിപ്പിച്ചു. നാവുകൊണ്ടും ഖൽബ് കൊണ്ടും അവർ ദിക്ർ ചൊല്ലി. കാലാന്തരത്തിൽ ഓരോ ശ്വാസവും ദിക്റായി മാറി. ദാകിരീങ്ങളുടെ ഒരു മഹാലോകം വളർത്തിയെടുത്തു...

സമസൃഷ്ടി സ്നഹത്തിന്റെയും, മാനുഷിക സ്നേഹത്തിന്റെയും ഒരൊറ്റ അവസരം പോലും പാഴാക്കാത്ത ഖാദിരികളുടെ ലോകം...


ബാഗ്ദാദിലെ ലത്വീഫിയ്യ മദ്റസ വളരെ പ്രസിദ്ധമാണ്. ശൈഖ് അബൂസഈദ് (റ) അവർകളാണ് ഈ മദ്റസ നിർമിച്ചത്. ഈ മദ്റസയിൽ ശൈഖ് അബ്ദുൽ ഖാദർ (റ) അധ്യാപകനായി സേവനമാരംഭിച്ചു...

ഉന്നത നിലവാരമുള്ള ദർസ്, ഫത് വ നൽകൽ, വയള് എന്നിവയാണ് ശൈഖ് അവർകളുടെ മുഖ്യ സേവന മേഖലകൾ. മറ്റ് പൊതു പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു...

മദ്റസയിൽ വെച്ചുള്ള വയള് കേൾക്കാൻ ധാരാളമാളുകൾ വരാൻ തുടങ്ങി. മദ്റസ തിങ്ങി നിറഞ്ഞു. ശ്രോതാക്കളെ ഉൾക്കൊള്ളാൻ കഴിയാതെയായി. മദ്റസയിൽ കിതാബ് ഓതാൻ പല രാജ്യങ്ങളിൽ നിന്നും യുവാക്കൾ എത്തിക്കൊണ്ടിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവന്നു. ഫത് വ ചോദിക്കാനും ഉപദേശം തേടാനും വരുന്നവരുടെ എണ്ണവും വർദ്ധിച്ചു...

ബാബുൽ അസ്ജിലാണ് മദ്റസയുള്ളത്. മദ്റസയുടെ വിപുലീകരണം ബാബുൽ അസ്ജുകാരുടെ പൊതു ആവശ്യമായിത്തീർന്നു. മദ്റസ നന്നായി വിപുലീകരിക്കണം അതിന് ധാരാളം സ്ഥലം വേണം. തൊട്ടടുത്തെല്ലാം വീടുകളാണ്. ആളുകൾ കൂടിയാലോചന നടത്തി. ചുറ്റുഭാഗത്തുമുള്ളവർ തങ്ങളുടെ വീടുകൾ മദ്റസക്കു നൽകാൻ തയ്യാറായി.  ആവശ്യമുള്ളത്ര സ്ഥലം കിട്ടി. പണക്കാർ ആവശ്യം പോലെ പണം നൽകി സഹായിച്ചു. പാവപ്പെട്ടവർ വെറുതെയിരുന്നില്ല. അവർ പണിയെടുക്കാൻ സന്നദ്ധരായി. അവസാനം അദ്ധ്വാനം സംഭാവന നൽകി സാധാരണക്കാരും ഇടത്തരക്കാരും മുമ്പോട്ട് വന്നു. കൈയിലുള്ളതെല്ലാം സംഭാവന നൽകി സ്ത്രീകളും സജീവമായി സഹകരിച്ചു...

ഒരു പാവപ്പെട്ട സ്ത്രീയും ഭർത്താവും മദ്റസയെ സഹായിച്ച സംഭവം പല ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്. 

സ്ത്രീ വളരെ ദരിദ്രയാണ്. ഇരുവരും കൂടി ശൈഖ് അവർകളെ കാണാൻ വന്നു. സ്ത്രീ ഇങ്ങനെ പറഞ്ഞു: ശൈഖ് അവർകളേ ഇതെന്റെ ഭർത്താവാണ് കൂലിപ്പണിക്കാരനാണ്. മഹറ് വകയിൽ ഇയാൾ എനിക്ക് ഇരുപത് ദീനാർ തരാനുണ്ട്. പത്ത് ദീനാർ ഇയാൾക്ക് ഞാൻ പൊരുത്തപ്പെട്ടുകൊടുക്കാം. പത്ത് ദീനാറിന് മദ്റസക്കു ജോലി ചെയ്തു തരണം. ശൈഖ് അവർകൾ അത് സ്വീകരിച്ചു...

ഒരു ദിവസത്തെ ജോലി ശ്രമദാനം അടുത്ത ദിവസത്തെ ജോലിക്ക് കൂലി നൽകും. ദരിദ്രനായതുകൊണ്ടാണത്. ഒന്നിടവിട്ട ദിവസം കൂലി കിട്ടിയില്ലെങ്കിൽ വീട് പട്ടിണിയാവും.  അഞ്ച് ദീനാറിന്റെ തൊഴിൽ സൗജന്യമായി ചെയ്തു. അഞ്ച് ദീനാറിന്റെത് ബാക്കിയുണ്ട്. അപ്പോൾ ശൈഖ് അവർകൾ പറഞ്ഞു : മതി അഞ്ച് ദീനാർ നിനക്ക് വിട്ടുതന്നിരിക്കുന്നു. ഇതുപോലെയുള്ള നിരവധി രംഗങ്ങൾക്കു മദ്റസ ലത്വീഫിയ്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്  ഹിജ്റ അഞ്ഞൂറ്റി ഇരുപത്തെട്ടിൽ മദ്റസയുടെ വിപുലീകരണം പൂർത്തിയായി. മദ്റസയുടെ പ്രവർത്തനം സജീവമായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജനപ്രവാഹമായി...

തിരക്കു പിടിച്ച ജീവിതം. എപ്പോഴും ജനക്കൂട്ടം. ദർസ്, വയള്, ഫത്വ , പൊതുപരിപാടികൾ, ഔറാദുകൾ, ഇബാദത്ത്, അനേകമാളുകൾക്ക് ബൈഅത്ത് നൽകണം, ദാമ്പത്യ ജീവിതം ഗ്രന്ഥ രചന, അന്നദാനം, കറാമത്തുകൾ, തർബിയത്ത്...

അമ്പത്തി ഒന്നാമത്തെ വയസ്സു മുതൽ തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സുവരെയുള്ള നാൽപ്പത് വർഷങ്ങൾ സംഭവബഹുലമായ നാൽപ്പത് വർഷങ്ങൾ...  അന്നദാനം എല്ലാ ദിവസവും നടക്കും. ഒരൽപം ഭക്ഷണത്തിനായി എത്തുന്ന അഗതികളും ഫഖീറന്മാരും നൂറുക്കണക്കിൽ വരും. പല തരക്കാരായ സന്ദർശകർ വലിയൊരു ജനക്കൂട്ടമായി മാറും. എല്ലാവർക്കും ആഹാരം നൽകും. ശൈഖ് അവർകൾ തന്റെ മുരീദന്മാരെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു...

"ഏറെ പുണ്യമുള്ള സൽക്കർമ്മമാണ് അന്നദാനം. ഈ ലോകം മുഴുവൻ എനിക്കു കിട്ടിയാൽ അതെല്ലാം വിശന്നവന് ആഹാരം നൽകാൻ ഞാൻ ചെലവഴിക്കും..."

ശൈഖ് അവർകളുടെ പ്രഭാഷണം കേൾക്കാൻ എത്തിയ ക്രൈസ്തവരുടെയും യഹൂദരുടെയും എണ്ണം ആയിരക്കണക്കിൽ വരും. അല്ലാഹുﷻവിലേക്കെത്താനുള്ള മോഹം അവരുടെ മനസ്സിൽ വളർന്നു. ശൈഖിനെ സമീപിക്കുന്നു, ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കാനാവശ്യപ്പെടുന്നു...

ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് ﷺ അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു...  ഇത് സത്യസാക്ഷ്യവചനം.   അല്ലാഹുﷻവിന്റെ വിധിവിലക്കുകൾ പാലിച്ചു ജീവിച്ചുകൊള്ളാമെന്ന് ഉടമ്പടി നടത്തുകയും ചെയ്യുന്നു. (ബൈഅത്ത്) ബൈഅത്തിലൂടെ തൗഹീദ് മനസ്സിലുറക്കുന്നു. ശൈഖിന്റെ കൽപനയിലും പൊരുത്തത്തിലുമാണ് ഇനിയുള്ള ജീവിതം തന്നെ.

അല്ലാഹുﷻവിന്റെ തൃപ്തിയിലേക്കെത്തിക്കുന്നത് ശൈഖാണ്. ശൈഖിന്റെ മുമ്പിൽ മുരീദിന്റെ സമർപ്പണം. സ്വയം സമർപ്പണം. ശൈഖ് ശരീഅത്തിലേക്കും ത്വരീഖത്തിലേക്കുമാണ് ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിക്കാൻ അക്കാലക്കാർക്ക് മടിയില്ല. തന്റെ മുരീദന്മാർക്ക് ശൈഖ് സദാ സന്തോഷവാർത്ത നൽകിക്കൊണ്ടിരുന്നു. ഇതവരെ കർമ്മോൽസുകരാക്കിമാറ്റി. ഒന്നുമറിയാത്തവർക്ക് ശൈഖ് വിദ്യ നൽകി ഉന്നത പദവികളിലെത്തിച്ചു...

കിബ്റ് പാടില്ല. കിബ്റ് നടിച്ചവരുടെ പദവികൾ തെറിപ്പിച്ചുകളഞ്ഞു. ഇതെല്ലാം നാടാകെ അറിഞ്ഞ വസ്തുതകളാണ്.  ശൈഖിന്റെ മുമ്പിൽ വെച്ച് പശ്ചാത്തപിച്ചു മടങ്ങിയ ആദ്യ സംഘം ആരാണ്..?

പഴയ കൊള്ള സംഘം. ഉന്നത പഠനത്തിന് വേണ്ടി ബഗ്ദാദിലേക്ക് കച്ചവട സംഘത്തോടൊപ്പം വരുമ്പോൾ പ്രത്യക്ഷപ്പെട്ട കൊള്ളസംഘം. സത്യം പറയുകയും സ്വർണ്ണ നാണയങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തപ്പോൾ മാനസാന്തരം വന്ന കൊള്ളക്കാർ, ശൈഖ് അവർകളുടെ കൈക്ക് തൗബ ചെയ്തു മടങ്ങി ആത്മീയ പുരുഷ്യന്മാരായിത്തീർന്നു. ആ സംഘത്തെക്കുറിച്ച് പിൽക്കാലത്ത് പ്രസംഗത്തിൽ ശൈഖ് പരാമർശിക്കാറുണ്ടായിരുന്നു...

യമനിൽ നിന്ന് വന്ന  ഒരു ക്രിസ്ത്യൻ പുരോഹിതന്റെ കാര്യം പല ചരിത്രകാരന്മാരും പറയുന്നുണ്ട്...

അദ്ദേഹം ഇസ്ലാം നന്നായി പഠിച്ചു. ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു. യോഗ്യനായ ഒരു പണ്ഡിതന്റെ മുമ്പിൽ വെച്ച് ഇസ്ലാം മതം സ്വീകരിക്കണമെന്ന് തീരുമാനിച്ചു. അദ്ദേഹം തന്നെ തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുന്നു...

ഒരു ദിവസം  ഞാൻ ഈസാ നബി (അ)നെ സ്വപ്നം കണ്ടു. ഈസാ (അ) എന്നോടിങ്ങനെ പറഞ്ഞു...

" നീ ബഗ്ദാദിൽ പോവുക. ശൈഖ് അബ്ദുൽ ഖാദറിനെ ചെന്നു കാണുക. ശൈഖ് മുഖേന ഇസ്ലാം മതം സ്വീകരിക്കുക. ഇന്ന് ലോകത്തുള്ളവരിൽ ഏറ്റവും ഗുണമുള്ളവൻ ആ മഹാനാകുന്നു..."

നിർദ്ദേശം പോലെ ബഗ്ദാദിലെത്തി. ശൈഖിനെ കണ്ടു. ഇസ്ലാം മതം സ്വീകരിച്ചു. ധന്യനായി...

ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) വിന്റെ മജ്ലിസിന്റെ ഗാംഭീര്യം മനസ്സിലാക്കിത്തരുന്ന ധാരാളം റിപ്പോർട്ടുകൾ മഹാന്മാരുടെ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്...

ശൈഖ് അബൂ സഅദ് അൽ ഖൈലൂനി (റ) വിന്റെ വാക്കുകൾ പ്രസിദ്ധമാണ്. ശൈഖ് അബൂസഅദ് (റ) പറയുന്നു: "നബി ﷺ തങ്ങളെയും, നബിമാരിൽപെട്ട ചിലരെയും ശൈഖ് അബ്ദുൽ ഖാദറിന്റെ മജ്ലിസിൽ ഞാൻ കണ്ടിട്ടുണ്ട്. ഒന്നിലധികം തവണ കണ്ടിട്ടുണ്ട്..."

നബിമാരുടെ റൂഹുകൾ ആകാശത്തും ഭൂമിയിലും സഞ്ചരിക്കും. ചക്രവാളത്തിൽ കാറ്റ് സഞ്ചരിക്കുംപോലെ...

സംഘം സംഘമായി മലക്കുകൾ മജ്ലിസിൽ വന്നിറങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ട്. ജിന്നുകൾ വലിയ സംഘമായി വന്നു മജ്ലിസിൽ തള്ളിക്കയറിയിരിക്കും. അദൃശ്യ പുരുഷൻമാർ ധാരാളം വന്നുചേരും...

ഖിള്ർ (അ) നെ നിരവധി തവണ ഞാൻ മജ്ലിസിൽ കണ്ടു. ഇതിനെപ്പറ്റി ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ കിട്ടിയ മറുപടി  ഇതായിരുന്നു : " വിജയം ആഗ്രഹിക്കുന്നവർ ഈ മജ്ലിസിൽ വരൽ നിർബന്ധമാണ്..."

ബഗ്ദാദിനെ ധന്യമാക്കിയ സദസ്സാണത്. ഇറാഖിന്റെ ഐശ്വര്യമാണത്. ഏതോ കാലത്ത് മരണപ്പെട്ടുപോയ പുണ്യപുരുഷന്മാരുടെ ആത്മാവുകൾ അവിടെ ഹാളിറാകുന്നു...

നബി ﷺ തങ്ങൾ വരുന്ന മജ്ലിസ്...

ആ മജ്ലിസിന്റെ മഹത്വം വർണ്ണിക്കാൻ ആർക്കാണ് കഴിയുക. അതിൽ പങ്കെടുത്തവർ സൗഭാഗ്യവാന്മാർ...

ഇന്നത്തെ കാലത്ത് ജീവിക്കുന്ന മുസ്ലിംകൾക്ക് ആ മജ്ലിസിന്റെ ഗാംഭീര്യവും മഹത്വവും വേണ്ടതുപോലെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. പണ്ഡിത ധർമ്മമാണത്. മജ്ലിസിന്റെ മഹത്വം മനസ്സിലാക്കിയാൽ അവിടെ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാൻ പൊതുജനങ്ങൾക്ക് താൽപര്യം കാണും. ശൈഖ് അബ്ദുൽ ഖാദർ (റ) വിന്റെ പ്രസംഗങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. അതറിഞ്ഞാൽ ജനങ്ങൾ നന്നായിത്തീരും...

ഫുതൂഹുൽ ഗൈബ്, അൽ ഫത്ഹുറബ്ബാനി തുടങ്ങിയ ഗ്രന്ഥങ്ങൾ ശൈഖ് അബ്ദുൽ ഖാദർ (റ)വിന്റെ പ്രസംഗങ്ങളുടെ സമാഹാരമാണ്. ജനസദസ്സുകൾ സംഘടിപ്പിക്കണം. ആ കിതാബുകൾ വായിച്ചു വിശദീകരിച്ചു കൊടുക്കണം. കേട്ടു തുടങ്ങുമ്പോൾ ബഗ്ദാദിലെ സദസ്സിലിരിക്കുകയാണോ എന്നവർക്ക് തോന്നിപ്പോവും. മനസ്സിടറും. അപ്പോൾ ആശയങ്ങൾ നന്നായിപ്പതിയും. കണ്ണീരൊഴുകും. ദുആക്ക് കണ്ണീരോടെ ആമീൻ പറയും.  ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) വുമായി ശക്തമായ ആത്മബന്ധം സ്ഥാപിക്കപ്പെടും...

ഇന്ന് ജനങ്ങൾ മുഹിയുദ്ധീൻ ശൈഖ് (റ) വിനെ വേണ്ടവിധം അറിയുന്നില്ല. ബഗ്ദാദിലെ മഹാന്റെ പ്രസംഗങ്ങൾ ആരും അവർക്ക് പറഞ്ഞുകൊടുക്കുന്നില്ല. ജനങ്ങൾ ശരീരേഛകളെ പിൻപറ്റിപ്പോവുന്നു. ശരീരേഛകളെ ഹനിക്കാൻ മുഹിയുദ്ധീൻ ശൈഖിനെക്കുറിച്ചുള്ള വിവരങ്ങൾ മനുഷ്യരെ സഹായിക്കും...

ശൈഖ് അബ്ദുൽ ഖാദർ (റ)വിനെ അടുത്തറിയാൻ ജനങ്ങൾക്ക് അവസരം നൽകേണ്ടതാണ്...

 മഹത്തായ മുഹിയുദ്ധീൻ മാലയിലെ ഈ വരികൾ ശ്രദ്ധിക്കൂ...

_അമ്പിയാക്കന്മാരും ഔലിയാക്കന്മാരും അവരുടെ റൂഹും അവിടെ വരുന്നോവർ_ _അങ്ങിനെ തന്നെ മലാഇക്കത്തന്മാരും അവരുടെ മജ്ലിസിൽ ഹാളിറാകുന്നോവർ_ _ആ വണ്ണം നമ്മുടെ ഖോജാ റസൂലുല്ലാ അവരുടെ റൂഹും അവിടെ വരുന്നോവർ..._

ആ സദസ്സിൽ അല്ലാഹു ﷻ അനുഗ്രഹം ചൊരിഞ്ഞു. സദസ്സിലെത്തിയവർ അനുഗ്രഹീതരായി. സത്യവിശ്വാസം ശക്തമായി. പ്രാർത്ഥനകൾ സ്വീകരിക്കപ്പെട്ടു...

സദസ്സിൽ പങ്കെടുത്ത ഒരോരുത്തരും ദീനീ പ്രവർത്തകരായി മാറുകയാണ്. വെറുതെ കേട്ടുപോവുകയല്ല, പഠിച്ചത് സ്വയം പകർത്തുന്നു. മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നു. ഓരോരുത്തരുടെയും ലക്ഷ്യം വിശുദ്ധമാണ്. അതിനാൽ അവരുടെ കർമ്മങ്ങൾ അല്ലാഹു ﷻ വിജയിപ്പിച്ചുകൊടുക്കുന്നു...

അവരെല്ലാം ശരീഅത്തിന്റെ ആളുകളാണ്. ഒപ്പംതന്നെ ത്വരീഖത്തിന്റെയും...

ആ മജ്ലിസിൽ മനുഷ്യരെപ്പോലെ ധാരാളം ജിന്നുകളും പങ്കെടുക്കാറുണ്ടായിരുന്നു. ഈമാനും തൗബയും ലഭിക്കാനാണവർ വരുന്നത്. ഔലിയാക്കളിൽ പലരുടെയും സദസ്സിൽ ജിന്നുകൾ വരാറുണ്ട്. അവർ ജിന്നുകളോട് സംസാരിക്കും. ജിന്നുകൾ അവരെ അനുസരിക്കും. അവരെ സംബന്ധിച്ചിടത്തോളം അതൊക്കെ സാധാരണ സംഭവങ്ങളാണ്...


ശൈഖ് അബൂ സകരിയ്യ ബഗ്ദാദി (റ) വളരെ പ്രസിദ്ധനായൊരു പുണ്യ പുരുഷനാണ്. അദ്ദേഹത്തിന്റെ പിതാവ് ആത്മീയ നേതാവായിരുന്നു. ധാരാളം ശിഷ്യന്മാരുള്ള ശൈഖ് ജിന്നുകളുമായി നല്ല ബന്ധമുള്ള ആളായിരുന്നു. ഒരു ദിവസം അദ്ദേഹം ജിന്നുകളെ വിളിച്ചു. ജിന്നുകളാരും വന്നില്ല, വളരെ വൈകി അവരെത്തി...

എന്നിട്ടവർ പറഞ്ഞു: "ശൈഖ് അബ്ദുൽ ഖാദർ ജനങ്ങളോട് സംസാരിക്കുന്ന ദിവസം ഞങ്ങളെ വിളിക്കരുത്..."

എന്താണ് കാരണമെന്നന്വേഷിച്ചു, അവർ പറഞ്ഞു : ഞങ്ങൾ അവിടെ സന്നിഹിതരാവാറുണ്ട്.  ശൈഖ് അത്ഭുതത്തോടെ ചോദിച്ചു, നിങ്ങളും പോവാറുണ്ടോ..? ജിന്നുകൾ ഒരു വിശദീകരണം തന്നെ നൽകി...

"ഞങ്ങൾ പോവാറുണ്ട് ശൈഖ് അബ്ദുൽ ഖാദർ (റ) വിന്റെ മജ്ലിസിൽ. ഞങ്ങളുടെ തിരക്ക് മനുഷ്യരുടെ തിരക്കിനേക്കാൾ വലുതാണ്. ഞങ്ങളിൽ പെട്ട പല കൂട്ടങ്ങൾ മഹാന്റെ പ്രസംഗം കാരണം ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്..."

ഈമാനും തൗബയും ലഭിക്കാനാണ് ജിന്നുകൾ വന്നത്. ഔലിയാക്കളുടെ ചരിത്രത്തിൽ ഇത് ധാരാളം കാണാം...

മനുഷ്യരും ജിന്നുകളും മോശമായ ജീവിതം നയിച്ചേക്കാം, പാപങ്ങൾ ചെയ്തേക്കാം, പിൽക്കാലത്ത് മാനസാന്തരമുണ്ടാവുന്നു. അതിനെന്തെങ്കിലും കാരണമുണ്ടാവാം...

തൗബ ചെയ്യണം. ഈമാൻ കിട്ടണം എന്ന് തോന്നിയാൽ ഔലിയാക്കളെ സമീപിക്കും. അവരുടെ മുമ്പിൽ വെച്ച് കുറ്റങ്ങൾ ഏറ്റു പറയും. പശ്ചാത്തപിക്കും. ഇനി മേൽ തെറ്റ് ചെയ്യില്ലെന്ന് ഉടമ്പടി ചെയ്യും...

സയ്യിദ് അബുൽ ഹസൻ അലി നദ് വി അവർകളുടെ ഗ്രന്ഥങ്ങളിൽ ഇന്ത്യൻ ശൈഖുമാരെ പരിചയപ്പെടുത്തുന്നുണ്ട്... പ്രത്യേകിച്ച് ചിഷ്ത്തി ശൈഖുമാരെ...

കുറ്റം ചെയ്തവർ ശൈഖുമാരോടു പശ്ചാത്തപിക്കുന്നതിന്റെയും ബൈഅത്ത് ചെയ്യുന്നതിന്റെയും നിരവധി ഉദാഹരണങ്ങൾ എടുത്തു കാണിക്കുന്നുണ്ട്. ലോകമെങ്ങും ഇത് സംഭവിച്ചിട്ടുണ്ട്...

ഈമാനും തൗബയും ലഭിക്കാൻ വേണ്ടി ശൈഖവർകളെ സമീപിക്കുന്ന മനുഷ്യരോടൊപ്പം ധാരാളം ജിന്നുകളും ഉണ്ടായിരുന്നുവെന്ന് മഹത്തായ മുഹിയുദ്ധീൻ മാലയിൽ പറയുന്നത് കാണുക...

_ഏറും അവർക്കിട്ടെ ഇൻസിലും ജിന്നുകൾ  ഈമാനും തൗബയും വാങ്ങുവാൻ ചെന്നോവർ_

നാം ധാരാളമായി മുഹിയുദ്ധീൻ മാല പാടണം. മൗലിദ് കിതാബ് അലമാറയിലെ അലങ്കരാവസ്തുവാക്കി മാറ്റരുത്. അത് കൂടെക്കൂടെ ഉപയോഗിക്കണം. മുഹിയുദ്ധീൻ മാല പാടുംതോറും നമുക്ക് ശൈഖുമായി അടുത്ത ബന്ധമുണ്ടാവുന്നു.  ത്വരീഖത്തോടുകൂടിയാണെങ്കിൽ അതനുഭവപ്പെടുക തന്നെ ചെയ്യും. ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) ആരാണ്..?

" സുൽത്വാനുൽ ഔലിയ "

സുൽത്വാനുൽ ഔലിയായുടെ മജ്ലിസിന്റെ ഗാംഭീര്യം വിവരിക്കാൻ ആർക്കാണ് കഴിയുക.

ഒരു സംഭവം പറയട്ടെ...

ശൈഖ് മത്വർ ഖാദിറാനി (റ) ഔലിയാക്കൾക്കിടയിലെ മഹാനാണ്. അദ്ദേഹത്തിന്റെ മകനാണ് കറം (റ). പിതാവിനൊത്ത മകൻ തന്നെ. സാധാരണക്കാർ കാണാത്തത് കാണും. കേൾക്കാത്തത് കേൾക്കും. പിതാവിൽ നിന്ന് അറിവ് നേടി പണ്ഡിതനായി. മഹ്രിഫത്ത് കിട്ടി ആരിഫായി. പിതാവിന്റെ കാലം കഴിയാറായി. മരണം ആസന്നമായി. പുത്രൻ പിതാവിനെ നന്നായി പരിചരിച്ചു. പൊരുത്തം തേടി പുത്രൻ പിതാവിനോട് വിനയപൂർവ്വം ചോദിച്ചു...

"അങ്ങയുടെ ശേഷം ഞാൻ ആരെ പിൻപറ്റണം..?"

പെട്ടെന്നായിരുന്നു മറുപടി. ശൈഖ് അബ്ദുൽ ഖാദറിനെ. ശൈഖ് അബ്ദുൽ ഖാദർ (റ) വിനെ കുറിച്ച് അക്കാലത്ത് കറം (റ) വിന് വേണ്ടത്ര വിവരമൊന്നും കിട്ടിയിട്ടില്ല...

പിതാവിന്റെ മറുപടിയിൽ തൃപ്തി വന്നില്ല.  കുറച്ചു കഴിഞ്ഞു വീണ്ടും ചോദിച്ചു...

ഉപ്പാ.. അങ്ങേക്ക് ശേഷം ഞാനാരെ പിൻപറ്റണം. പിതാവ് വളരെ കൃത്യമായി മറുപടി നൽകി...

"ശൈഖ് അബ്ദുൽ ഖാദറിനെ"

അപ്പോഴും മനസ്സിൽ തൃപ്തി വന്നില്ല. പിതാവ് മരണാസന്നനായി കിടക്കുന്നു. തന്റെ കാര്യം ഉറപ്പു വരുത്തണം. വളരെ വിനീതനായി മൂന്നാമതും ചോദിച്ചു. അതിനും അതേ മറുപടി...

പിതാവ് ഇത്രകൂടി പറഞ്ഞു...

ശൈഖ് അബ്ദുൽ ഖാദറിനെത്തന്നെ പിൻപറ്റണം. അക്കാലത്ത് അദ്ദേഹം തന്നെയാണ് പിൻപറ്റപ്പെടേണ്ടത്. ഏറെക്കഴിഞ്ഞില്ല പിതാവ് മരണപ്പെട്ടു. പിതാവിന്റെ വാക്കുകൾ മനസ്സിൽ ചലനം സൃഷ്ടിക്കുന്നു. ഒരു സമാധാനം കിട്ടുന്നില്ല. ബഗ്ദാദിലേക്ക് പുറപ്പെടാൻ തന്നെ തീരുമാനിച്ചു. ഏറെ വഴിദൂരമുണ്ട്. യാത്ര ചെയ്തു ബഗ്ദാദിലെത്തി. മജ്ലിസ് കണ്ട് അത്ഭുതപ്പെട്ടു പോയി. എന്തൊരു ജനക്കൂട്ടം...

ജിന്നുകൾ, മലക്കുകൾ, അദൃശ്യ പുരുഷന്മാർ...

ശൈഖ് അബ്ദുൽ ഖാദർ (റ) പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. കറം (റ) കേട്ട വാചകങ്ങൾ ഇവയായിരുന്നു...

ഞാനൊരു സാധാരണ പ്രാസംഗികനല്ല. ഞാൻ അല്ലാഹുﷻവിന്റെ കൽപന പ്രകാരമാണ് സംസാരിക്കുന്നത്. വായുവിൽ നിൽക്കുന്ന ആളുകളുണ്ട്. അവർക്കു വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.  ശൈഖ് അബ്ദുൽ ഖാദർ (റ) ഇത്രയും പറഞ്ഞ് വായുവിലേക്ക് നോക്കി. അപ്പോൾ കറം (റ)വും നോക്കി...

പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടവരുടെ നിരകൾ പ്രകാശിക്കുന്ന കുതിരകളുടെ പുറത്താണവർ. അവരുടെ തിരക്കു കാരണം തനിക്ക് ആകാശം കാണാനാവുന്നില്ല. അവർ വിനയത്തോടെ തല താഴ്ത്തിപ്പിടിച്ചിരിക്കുന്നു...

ചിലർ കരയുന്നുണ്ട്. ചിലർ ഭയപ്പെടുന്നു. ചിലരുടെ വസ്ത്രങ്ങളിൽ തീ കാണുന്നു.  ഈ രംഗം കണ്ടതോടെ കറം (റ)വിന്റെ നിയന്ത്രണം വിട്ടു. അദ്ദേഹം ജനങ്ങൾക്കിടയിലൂടെ ഓടി .

പരിഭ്രാന്തനായി ഓടി ശൈഖ് അവർകളുടെ അടുത്തെത്തി. കസേരക്കരികിൽ നിന്നു ശൈഖ് അവർകൾ അദ്ദേഹത്തെ കണ്ടു. ചെവി പിടിച്ചു കൊണ്ട്  ചോദിച്ചു :

"കറം നിന്റെ ഉപ്പ ആദ്യ തവണ പറഞ്ഞപ്പോൾ തന്നെ അംഗീകരിക്കാമായിരുന്നില്ലേ..?"

കറം (റ)വിന് അബദ്ധം മനസ്സിലായി.

പിതാവ് ആദ്യ തവണ പറഞ്ഞപ്പോൾ തന്നെ സ്വീകരിക്കേണ്ടതായിരുന്നു. കാര്യങ്ങളെല്ലാം ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നു. ഇന്നലെ കഴിഞ്ഞതെല്ലാം ഇവിടെ അറിയാം. ഇവിടെ ഉദ്ദേശിച്ചതെല്ലാം നടക്കും. തന്റെ മനസ്സ് കാണുന്നുണ്ട്. ഒന്നും ഗോപ്യമല്ല. ഖാദിരിയ്യാ ത്വരീഖത്തിലെ മുരീദന്മാരിലൂടെ ഈ സംഭവം പ്രസിദ്ധമായി.  ഈ വരികൾശ്രദ്ധിക്കൂ...

_കൺകൊണ്ട് കാമാൽ അരുതാതെ ലോകരെ കാമാൻ അവർ ചുറ്റും എപ്പോളും ഉള്ളോവർ_

(കൺകൊണ്ട് കണ്ടു കണക്കാക്കാനാവാത്തത്ര കൂടുതൽ ആളുകൾ പ്രസംഗം കേൾക്കാൻ തടിച്ചു കൂടി)

ചിലർ ജീവിച്ചിരിക്കുന്നവരെ മാത്രം കാണുന്നു. മറ്റു ചിലർ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കാണുന്നു...

തേനീച്ചയും ഉറുമ്പും...

മനുഷ്യനുമായി വളരെ ബന്ധമുള്ള രണ്ട് ജീവികൾ. ഉറുമ്പു വരാത്ത വീടുകളുണ്ടോ..? മധുരമുള്ള വസ്തുക്കൾ താഴെ വീണാൽ ഏറെ താമസിയാതെ ഉറുമ്പെത്തും.  ഉറുമ്പുകളുടെ ചലനം കൗതുകകരമാണ്.  നീണ്ട നിരയുമായി ധൃതിയിൽ നടന്നുപോവുന്ന ഉറുമ്പുകൂട്ടങ്ങളെ കുട്ടികൾ നോക്കി നിന്ന് രസിക്കും. ഉറുമ്പിന്റെ സംഘടിതശക്തി  അതിനെപ്പറ്റി പലരും ഉദാഹരണം പറയാറുണ്ട്. അറബിയിൽ നംല് എന്നു പറയുന്നു...

സുലൈമാൻ നബി (അ)ന്റെ കാലത്ത് ജീവിച്ച ഉറുമ്പുകളുടെ കഥ ഖുർആനിലുണ്ട്...

തേനീച്ചയെക്കുറിച്ചോർക്കുമ്പോൾ തേൻ ഓർമ്മവരും. എത്ര പാടുപെട്ടാണ് തേനീച്ചകൾ തേൻ സമ്പാദിക്കുന്നത്. തേനിന്റെ മധുരം ആരും ഇഷ്ടപ്പെടും. റാണിയുടെ കീഴിലാണ് തേനീച്ച സമൂഹം. തേനീച്ചയുടെ സാമൂഹിക ജീവിതക്രമം എല്ലാവർക്കുമറിയാം. ഐക്യത്തിന്റെ ശക്തിയും സാഹോദര്യത്തിന്റെ സ്ഥാനവുമൊക്കെ പറയുമ്പോൾ നാം ഉദാഹരണം പറയാറുള്ളത് ഉറുമ്പിനെയും തേനീച്ചയെയുമാണ്...

പൂക്കളിലെ തേൻ ശേഖരിക്കാൻ പോവുന്ന തേനീച്ചകളുടെയും, ഭക്ഷ്യവസ്തുക്കൾ  തേടിപ്പോവുന്ന ഉറുമ്പുകളുടെയും ഉപമ ആരെയും ആകർഷിക്കും...

ശൈഖ് അബ്ദുൽ ഖാദർ (റ) വിനെ തേടിവരുന്നവരെ തേനീച്ചക്കൂട്ടത്തോടും, ഉറുമ്പിൻ കൂട്ടത്തോടും ഉപമിച്ചിരിക്കുന്നു...

ചിന്താർഹമായ ഉപമയാണത്. ഔലിയാക്കളും, പണ്ഡിതന്മാരും, നേതാക്കളും, സാധാരണക്കാരും ശൈഖിനെ തേടിവരുന്നു. അവരുടെ ആധിക്യം കാണിക്കാൻ ഉറുമ്പിനോടും തേനീച്ചയോടും ഉപമിക്കാം. അത് മാത്രമല്ല കാര്യം... ശൈഖിനെ തേടിവരുന്നവരുടെ അച്ചടക്കം, അനുസരണ ശീലം, ഐക്യബോധം, സാഹോദര്യം, ലക്ഷ്യബോധം തുടങ്ങി നിരവധി ഗുണങ്ങൾ ഇതുൾക്കൊള്ളുന്നുണ്ട്...

പ്രതിഭാസമ്പന്നനായ കവി ഖാളി മുഹമ്മദ് തങ്ങളുടെ ഈരടി കാണുക...

_തേനീച്ച വെച്ചപോൽ ഉറുമ്പ് ചാലിട്ടപോൽ  ദിശ അവർ എപ്പോളും ആവണ്ണം ഉള്ളോവർ_

ശൈഖ് ജീലാനി (റ)വിന്റെ വാക്കുകളുടെ മധുരം, അതനുഭവിച്ചവർക്ക് അവിടെ വരാതിരിക്കാനാവില്ല...

തേനീച്ച തേൻ തേടുന്ന ആവേശത്തോടെ അവരെത്തും...

എന്റെ കാൽ എല്ലാ വലിയ്യിന്റെയും ചുമലിലാണ് എന്ന് പ്രഖ്യാപിക്കുക. എല്ലാ വലിയ്യ്‌കളും സന്തോഷപൂർവ്വം അതംഗീകരിക്കുക.

തലതാഴ്ത്തിക്കൊടുക്കുക എന്തൊരവസ്ഥയാണത്..? എന്തൊരതിശയം. അതിശയകരമായ ആ അവസ്ഥയിലാണ് ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) അവർകൾ...

ശൈഖ് അവർകൾ ജനിക്കുന്നതിന്റെ മുമ്പുതന്നെ ഇക്കാര്യം ലോകം അറിഞ്ഞിട്ടുണ്ട്. ശൈഖ് അബൂബക്കറുബ്നു ഹവാർ അൽ ബത്വാഇഹി (റ) തന്റെ മജ്ലിസിൽ വെച്ച് ഇങ്ങനെ പ്രസ്താവിച്ചു...

"ഇറാഖിൽ അനറബിയായ ഒരു മഹാൻ വരും. അല്ലാഹുﷻവിങ്കലും ജനങ്ങളിലും അദ്ദേഹത്തിന് ഉന്നതമായ പദവിയുണ്ടായിരിക്കും. മഹാന്റെ പേര് അബ്ദുൽ ഖാദർ എന്നായിരിക്കും. താമസം ബഗ്ദാദിലായിരിക്കും. മഹാൻ പറയും, ഈ പാദം എല്ലാ വലിയ്യ്‌കളുടെയും ചുമലിലാകുന്നു ..."

"അക്കാലത്തുള്ള എല്ലാ വലിയ്യ്‌കളും വഴങ്ങിക്കൊടുക്കും. അക്കാലത്ത് അദ്വിതീയനായിരിക്കും ആ മഹാൻ..."

ശൈഖ് അബ്ദുൽ ഖാദർ (റ) ജനിക്കുന്നതിന്റെ എത്രയോ വർഷങ്ങൾക്കു മുമ്പാണ് ഈ പ്രവചനം നടന്നത്. അതുപോലെ സംഭവങ്ങൾ നടന്നു. കാലം സാക്ഷി...

മറ്റൊരു മഹാനായ വലിയ്യാണ് ശൈഖ് അബൂഅഹ്മദുൽ ജൗനി (റ). അദ്ദേഹം പ്രസ്താവിച്ചതിങ്ങനെയാകുന്നു...

"അനറബി രാജ്യത്ത് ഒരു കുട്ടി ജനിക്കും. ആ കുട്ടിയിൽ നിന്ന് ധാരാളം കറാമത്തുകൾ പ്രകടമാവും. മുഴുവൻ ഔലിയാക്കളിൽ നിന്നും പരിപൂർണ്ണമായ സ്വീകരണമാണ് കുട്ടിക്ക് ലഭിക്കുക. എന്റെ കാൽ എല്ലാ ഔലിയാഇന്റയും ചുമലിലാണെന്ന് കുട്ടി പറയും. അക്കാലത്തുള്ള എല്ലാ ഔലിയാഉം അത് അംഗീകരിക്കും. തന്റെ കാലക്കാർക്കും തന്നെ കണ്ടവർക്കും പുണ്യം കിട്ടും..."

ഇതുപോലെ പല പ്രമുഖന്മാരും പ്രവചിച്ചിട്ടുണ്ട്. ബഗ്ദാദിലെ ഒരു പ്രദേശമാണ് ഖൽമുനിയ. അവിടെയാണ് ശൈഖ് അബുൽ വഫ (റ) താമസിക്കുന്നത്...

 ചെറുപ്പകാലത്ത് ശൈഖ് അബ്ദുൽ ഖാദർ  (റ) അവിടെ പോകും. ചെറുപ്പക്കാരൻ വന്നു കയറിയാൽ ശൈഖ് അബുൽ വഫ (റ) എഴുന്നേറ്റ് ചെന്ന് സ്വീകരിക്കും. കൂടെയുള്ളവരോട് എഴുന്നേൽക്കാൻ പറയും...

ഒരിക്കൽ ശൈഖ് അബുൽ വഫാ (റ) വിനോട് ചിലർ ആ ചെറുപ്പക്കാരനെപ്പറ്റി ചോദിച്ചു. അദ്ദേഹം നല്ലൊരു വിശദീകരണം നൽകി...

ഈ യുവാവിന് ഒരു നല്ല കാലം വരും. സാധാരണക്കാരും അല്ലാത്തവരും അദ്ദേഹത്തിലേക്ക് വരും ഭാവിയിൽ. ഭാവിയിൽ ബഗ്ദാദിൽ വെച്ചു അദ്ദേഹം ഇങ്ങനെ പ്രഖ്യാപിക്കും...

"എന്റെ കാൽ എല്ലാ വലിയ്യ്‌കളുടെയും ചുമലിലാകുന്നു. എല്ലാ വലിയ്യ്‌കളും ഇത് കേട്ട് തല താഴ്ത്തികൊടുക്കും..."

ശൈഖ് അബ്ദുൽ ഖാദർ (റ)വിന്റെ ഉസ്താദായ ശൈഖ് ഹമ്മാദുദ്ദബ്ബാസ് (റ) തന്നെ ഇക്കാര്യം മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. പിൽക്കാലത്ത് എന്ത് സംഭവിച്ചു എന്ന് നോക്കാം...

ബഗ്ദാദിലെ മഹാ സദസ്സ്. ഔലിയാക്കൾ തിങ്ങിനിറഞ്ഞിട്ടുണ്ട്. മഹാനവർകൾ പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരും ശ്രദ്ധാപൂർവം കേൾക്കുന്നു. അതിന്നിടയിൽ ആ പ്രഖ്യാപനം വന്നു...

എന്റെ ഈ പാദം എല്ലാ വലിയ്യ്‌കളുടെയും ചുമലിലാകുന്നു. സദസ്സിൽ നിന്നൊരാൾ അത് കേട്ടയുടനെ ചാടിയെണീറ്റു. എല്ലാവരും ആകാംഷയോടെ നോക്കി...

അത് ശൈഖ് അലിയ്യുബ്നു ഹീതി (റ) ആയിരുന്നു. ശൈഖ് അബ്ദുൽ ഖാദർ (റ) വിന്റെ  സമീപത്തേക്കോടിച്ചെന്നു. ശൈഖ് അലിയ്യുബ്നു ഹീതി (റ) ശൈഖ് അബ്ദുൽ ഖാദർ (റ)വിന്റെ പാദമെടുത്ത് തന്റെ ചുമലിൽ വെച്ചു. ഇത് കണ്ട് മറ്റ് ശൈഖുമാരും മുമ്പോട്ട് വന്നു. എല്ലാവരും പാദം വെക്കാൻ തല നീട്ടിക്കൊടുത്തു...

ശൈഖ് അവർകളുടെ പുത്രന്മാർ ആ സദസ്സിലുണ്ടായിരുന്നു. അവർ ഈ രംഗത്തിന് സാക്ഷിയാണ്. അവർ പാദം വെക്കുന്നത് നേരിൽ കാണുകയും ചെയ്തു...

വളരെ പ്രാധാന്യത്തോടെ അവരത് രേഖപ്പെടുത്തിവെച്ചു. ആ സമയത്ത് ഉന്നതന്മാരായ അമ്പതിലേറെ ഔലിയാക്കൾ സദസ്സിലുണ്ടായിരുന്നു. എല്ലാവരും തല താഴ്ത്തിക്കൊടുത്തു. അവരെല്ലാം പിൽക്കാലത്ത് ഈ സംഭവം നിരവധി സദസ്സുകളിൽ അനുസ്മരിച്ചിട്ടുണ്ട്...

ശൈഖ് അലിയ്യുബ്നു ഹീതി (റ) പാദമെടുത്ത് പിരടിയിൽ വെക്കുന്നത് കണ്ടുവെന്ന് നിരവധി റിപ്പോർട്ടുകളുണ്ട്...

ശൈഖ് അബ്ദുൽ ഖാദർ (റ)വിന് തല കുനിച്ചു കൊടുത്ത മഹാന്മാരായ ഔലിയാക്കളുടെ പേര് വിവരങ്ങൾ ബഹ്ജത്തുൽ അസ്റാർ എന്ന കിതാബിൽ കാണാം...

മഹത്തായ മുഹിയുദ്ധീൻ മാലയിലെ ഈ വരി പാടി നോക്കൂ...

_എല്ലാ മശാഇഖന്മാരുടെ തോളുമ്മൽ  ഏകൽ അരുളാലെ എന്റെ കാൽ എന്നോവർ_

അല്ലാഹുﷻവിന്റെ കൽപന പ്രകാരം എല്ലാ മശാഇഖുമാരുടെയും ചുമലിൽ എന്റെ കാലുണ്ട് എന്ന് ശൈഖ് പറഞ്ഞു...

എല്ലാ ശൈഖുമാരിലും ശൈഖ് അബ്ദുൽ ഖാദർ (റ) വിന് അധികാരം നൽകിയത് അല്ലാഹുﷻവാണ്.  ആ കൽപന പ്രകാരമാണ് പ്രഖ്യാപനം. മശാഇഖന്മാരുടെ അനുസരണയും അങ്ങനെത്തന്നെ.  ഈ സംഭവം നടക്കുമ്പോൾ ഭൂമിയും ആകാശവും രോമാഞ്ചം കൊണ്ടുപോയി. എന്തൊരു രംഗം...

എന്റെ ഈ പാദം എല്ലാ വലിയ്യുകളുടെയും ചുമലിലാകുന്നു എന്ന് ശൈഖ് അവർകൾ പ്രസ്താവിച്ചപ്പോൾ, മലക്കുകളുടെ മഹാസംഘങ്ങൾ അത് സത്യമാണെന്ന് സാക്ഷ്യം വഹിച്ചു. ആ സമയത്ത് അദൃശ്യപുരുഷന്മാരുടെ മഹാസംഗമമായിരുന്നു അവിടെ. അവരെല്ലാം സാക്ഷ്യം വഹിച്ചു...

ഈ ഈരടി കൂടെ പാടാം...

_അന്നേരം മലക്കുകൾ മെയ്യെന്ന് ചൊന്നാരെ അവരെ തലക്കുമ്മൽ ഖൽബ് പൊതിഞ്ഞോവർ_

ശൈഖ് അവർകൾ പറഞ്ഞത് സത്യമാണെന്ന് ആ സമയത്ത് മലക്കുകൾ പറഞ്ഞു.  ശൈഖിനു ചുറ്റും  (ഭൂമിയിലും ആകാശത്തിലും) ഔലിയാക്കളും മലക്കുകളും പൊതിഞ്ഞു നിന്നു. മലക്കുകൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: ശൈഖ് പറഞ്ഞത് സത്യമാകുന്നു...

ആ സമയത്ത് ശൈഖിന്റെ ഖൽബ് ദിവ്യപ്രകാശത്താൽ നിറഞ്ഞു.

പ്രത്യേകമായൊരു സ്ഥാനവസ്ത്രം മഹാനവർകൾ ധരിച്ചു. അപ്പോൾ ആകാശലോകത്ത് അദൃശ്യ പുരുഷന്മാരും മലക്കുകളും അണിയണിയായി നിന്നു. ഭൂമിയിലെ സകല വലീയ്യ്‌കളും തല താഴ്ത്തികൊടുത്തു.  സദസ്സിൽ ഹാജരായവർ മാത്രമല്ല തല താഴ്ത്തി കൊടുത്തത്. വിദൂര രാജ്യങ്ങളിലുള്ളവരും തല താഴ്ത്തിയിട്ടുണ്ട്.  ഖാഫ് മല ബഗ്ദാദിൽ നിന്ന് എത്രയോ ദൂരെയാണ്. ബഹറ് മുഹീത്വ് എന്ന മഹാ സമുദ്രവും ഏറെ അകലെയാണ്. യഹ്ജൂജുകളുടെ നാടും അകലെത്തന്നെ...

ശൈഖ് അവർകളുടെ പ്രഖ്യാപനം  വന്നപ്പോൾ ഖാഫ് മലയിലെയും, ബഹറ് മുഹീത്വിലെയും, യഹ്ജൂജിന്റെ നാട്ടിലെയും ഔലിയാക്കൾ തല താഴ്ത്തി കൊടുത്തു. ഈ ഈരടിയൊന്ന് ചൊല്ലിനോക്കൂ...

_ഖാഫ് മലയിന്നും ബഹറ് മുഹീത്വിന്നും  യഹ്ജൂജ് നാട്ടിന്നും തലനെ താത്തിച്ചോവർ_

ശൈഖ് അവർകളുടെ പ്രഖ്യാപനം വന്നപ്പോൾ ഖാഫ് മലയിലും ബഹറ് മുഹീത്വിലും യഹ്ജൂജിന്റെ നാട്ടിലുമുള്ള ഔലിയാഅ്‌ തലതാഴ്ത്തിക്കൊടുത്തു. ഏത് വിദൂര ദിക്കിലും ഔലിയാക്കളുണ്ട്. അവർക്ക് നൽകപ്പെട്ട ഔദ്യോഗിക കൃത്യങ്ങൾ നിർവ്വഹിച്ചുക്കൊണ്ടിരിക്കുന്നു. ഖിയാമം നാൾ വരെ അവരുടെ ദൗത്യം തുടരും. സംവിധാനവും ഇവിടെ നിലനിൽക്കും. അവരെല്ലാം ശൈഖ് അവർകളുടെ നേതൃത്വം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി ഈ ഈരടി കൂടി പാടാം...

_അപ്പോളേ ഭൂമീലെ ശൈഖൻമാരെല്ലാരും അവർക്ക് തല താഴ്ത്തി ചാച്ചിക്കൊടുത്തോവർ_

ശൈഖ് അവർകൾ പ്രഖ്യാപനം നടത്തിയപ്പോൾ ഭൂമിയിലുള്ള സകല ശൈഖുമാരും തല താഴ്ത്തിക്കൊടുത്തു...

ശൈഖ് അബൂ മുഹമ്മദൽ ബസ്വരി (റ) പ്രസിദ്ധനായ വലിയ്യാണ്. ശൈഖ് അബ്ദുൽ ഖാദിർ (റ) വിന്റെ പ്രഖ്യാപനം വരുമ്പോൾ അദ്ദേഹം ദൂരെ ഒരു നാട്ടിലാണുള്ളത്. തന്റെ മജ്ലിസിൽ ശിഷ്യന്മാരോട് ആത്മീയ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അദ്ദേഹം നിശബ്ദനായി.  അവിടെ കൂടിയവരെല്ലാം ആകാംക്ഷയോടെ നോക്കി നിൽക്കുന്നു. അദ്ദേഹം ഏതോ ലോകത്താണ്...

പെട്ടെന്നദ്ദേഹം പറഞ്ഞു: "എന്റെ തലയിലും" അത് പറഞ്ഞു തല താഴ്ത്തി. പിന്നെ സംസാരിച്ചില്ല വീട്ടിലേക്ക് പോയി...

പിന്നീടാണ് ശിഷ്യന്മാർക്ക് വിശദീകരണം ലഭിച്ചത്. അത് സമയം അവിസ്മരണീയമാണ്. ബഗ്ദാദിൽ ശൈഖ് അബ്ദുൽ ഖാദർ (റ) വിന്റെ പ്രഖ്യാപനം നടത്തി അപ്പോഴാണ് സംസാരം നിർത്തിയത്...

എന്റെ പാദം എല്ലാ വലിയ്യ്‌കളുടെയും ചുമലിലാണ് എന്ന പ്രഖ്യാപനം വന്നപ്പോൾ ഞാൻ തല താഴ്ത്തി കൊടുത്തു.  എന്റെ തലയിലും എന്നു പറഞ്ഞുകൊണ്ട് ഭൂമിയിലുള്ള എല്ലാ വലിയ്യുകളും ഇങ്ങനെ ചെയ്തിട്ടുണ്ട്.  ആ സദസ്സിലുണ്ടായിരുന്ന പലരും ബഗ്ദാദിൽ പോയി സംഭവത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി. ലോകത്തുള്ള എല്ലാ വലിയ്യുകളും തല താഴ്ത്തി കൊടുത്തപ്പോൾ ഒരാൾ മാത്രം താഴ്ത്താൻ മടിച്ചു നിന്നു. ഇസ്ഫഹാനിലെ ഒരു വലിയ്യ് തല ചായ്ച്ചുകൊടുക്കാത്തത് കാരണം അദ്ദേഹത്തിന്റെ വിലായത്ത് നഷ്ടപ്പെട്ടു...

ഈ ഈരടി കാണുക ...

_അതിയിൽ ഒരു ശൈഖ് അതല്ലെന്ന് ചൊന്നാരെ  അവരെ വലിപ്പട്ടം നീക്കിച്ച് വെച്ചോവർ_

ശൈഖ് അബ്ദുൽ ഖാദർ (റ)വിന്റെ കൽപന അനുസരിക്കാത്ത വലിയ്യിന്റെ വിലായത്ത് ശൈഖ് അവർകൾ നീക്കിക്കളഞ്ഞു.

വിലായത്തിന്റെ ലോകത്ത് സുൽത്വാനാണ് ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) അവർകൾ. അത് അംഗീകരിക്കണം. മഹാന്റെ പദവികളെ ആരും താഴ്ത്തിക്കാണരുത്. മഹാന്റെ കറാമത്തുകൾ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം കറാമത്തുകൾ മറ്റാരിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒട്ടേറെ മഹാന്മാർ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. മഹാന്റെ ഒരു കറാമത്ത് പോലും നിഷേധിക്കാൻ പാടില്ല. പരിഹസിക്കാനും കളിയാക്കാനും പാടില്ല. ഏറ്റവും വലിയ നിർഭാഗ്യവാന്മാരിൽ പെട്ടുപോവും...
കറാമത്ത് നിഷേധിക്കുമ്പോൾ അല്ലാഹു ﷻ നൽകിയ കഴിവിനെയാണ് നിഷേധിക്കുന്നത്...

അമ്പിയാക്കന്മാരാണ് ദുനിയാവിൽ ദീൻ പ്രചരിപ്പിച്ചത്. അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. മനുഷ്യരിൽ നിന്ന് ഒരു പ്രതിഫലവും ചോദിച്ചില്ല. പ്രതിഫലം അല്ലാഹുﷻവിങ്കലാണ്. അമ്പിയാക്കളുടെ പിൻഗാമികളാണ് ഔലിയാക്കൾ. അവർ ദീൻപ്രചരിപ്പിക്കുന്നു. അവരും പ്രതിഫലം അല്ലാഹുﷻവിങ്കൽ തന്നെ പ്രതീക്ഷിക്കുന്നു. അങ്ങനെയുള്ള ഔലിയാക്കളുടെ നേതാവാണ് ശൈഖ് അബ്ദുൽ ഖാദർ (റ)...

അവരെ വെറുത്തവരെ അല്ലാഹു ﷻ വെറുക്കും. അല്ലാഹു ﷻ വെറുത്താൽ എല്ലാം നഷ്ടപ്പെട്ടില്ലേ..?

ഔലിയാക്കളുടെ കാര്യം ഗൗരവത്തോടെ സൂക്ഷിക്കണം. അവർക്കെതിരെ ഒരു വാക്ക് പറഞ്ഞുപോയാൽ പിന്നെയത് മായ്ച്ച് കളയാൻ പറ്റില്ല...

ശൈഖ് അബ്ദുൽ ഖാദർ (റ) വിന്റെ സേവകനാണ് ശൈഖ് അബ്ദുൽ ഹസൻ ബഗ്ദാദി (റ)... സേവനത്തിലൂടെ മഹത്തായ പദവി നേടിയ മഹാനാണദ്ദേഹം. രാത്രി വളരെ ഉറക്കമൊഴിച്ചിരിക്കും. വല്ല ആവശ്യത്തിനും ശൈഖ് ഉണർന്നാലോ

അതോർത്ത് കാത്തിരിക്കും. ഉറക്കം വരില്ല...

ഹിജ്റ അഞ്ഞൂറ്റി അമ്പത്തിമൂന്നു കാലം സഫർ മാസത്തിലെ ഒരു രാത്രി. പാതിരാത്രിയിൽ ശൈഖ് അവർകൾ ഉണർന്നു. വാതിൽ തുറന്ന് പുറത്ത് വന്നു. അബുൽ ഹസൻ ബഗ്ദാദി വെള്ളപ്പാത്രവുമായി അടുത്തേക്ക് ചെന്നു. പാത്രം വാങ്ങിയില്ല. ഒന്നും പറഞ്ഞുമില്ല. നേരെ നടന്നു അബുൽ ഹസൻ പിന്നാലെ നടന്നു. മദ്റസയുടെ കവാടത്തിനടുത്തേക്കു നടന്നു. അടച്ചിട്ട കവാടം തനിയെ തുറന്നു. ശൈഖ് പുറത്തേക്കിറങ്ങി. അബുൽ ഹസൻ പിന്നാലെ ഇറങ്ങി. പട്ടണത്തിലൂടെ നടന്നു. നഗരാതിർത്തിയെത്തി. നഗര കവാടം തനിയെ തുറന്നു. കവാടം കടന്നു വീണ്ടും യാത്ര. കവാടം തനിയെ അടഞ്ഞു...

അപരിചിതമായ ഒരു നാട്ടിൽ എത്തിയിരിക്കുന്നു. ഒരു പഴയ കെട്ടിടം, ശൈഖ് അതിന്നകത്തേക്ക് കയറി. അവിടെ ആറ് ആളുകൾ ഉണ്ടായിരുന്നു. സലാം ചൊല്ലലും മടക്കലും നടന്നു. അബുൽ ഹസൻ അവിടെത്തന്നെ നിന്നു രംഗം നിരീക്ഷിച്ചുകൊണ്ട്. അകത്തു നിന്ന് ഒരു കരച്ചിൽ കേട്ടു. പിന്നെയത് കേൾക്കാതെയായി. ഒരാൾ അകത്തേക്കു പോയി അധികം  വൈകാതെ മടങ്ങി. അദ്ദേഹം പിരടിയിൽ ഒരാളെ ചുമന്നുകൊണ്ട് പുറത്തേക്ക് പോയി. അൽപം കഴിഞ്ഞ് മറ്റൊരാൾ വന്നു.

മീശയുള്ള ഒരാൾ തല തുറന്നിട്ടിരിക്കുന്നു. അതൊരു ക്രിസ്ത്യാനിയാണ്. തലമുടിയും മീശയും നീക്കി ശൈഖ് അവർകളുടെ മുമ്പിലിരുന്നു. ശൈഖ് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു.  അയാൾ മുസ്ലിമായി. മുഹമ്മദ് എന്നു പേർ വെച്ചു. അദ്ദേഹത്തിന്റെ ശിരസ്സ് മറച്ചു തൊപ്പി പോലുള്ളത് ധരിപ്പിച്ചു...

ശൈഖ് പറഞ്ഞു: മരിച്ചുപോയ ആളുടെ സ്ഥാനത്ത് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു. ആറ് പേരും സമ്മതിച്ചു. ഞങ്ങൾ പൂർണമായി അംഗീകരിച്ചു. പിന്നെ താമസിച്ചില്ല ശൈഖ് മടക്കയാത്ര ആരംഭിച്ചു. അബുൽ ഹസൻ പിന്നാലെ നടന്നു. ബഗ്ദാദ് നഗര കവാടമെത്തി. കവാടം സ്വയം തുറന്നു. മദ്റസയിലെത്തി. മദ്റസയുടെ വാതിൽ സ്വയം തുറന്നു. ശൈഖ് താമസസ്ഥലത്തെത്തി. കറുത്ത രാത്രിയുടെ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു. അബുൽ ഹസൻ എല്ലാം കണ്ടു. ഒന്നും മനസ്സിലായില്ല...

തിരിച്ചെത്തിയിട്ടും അമ്പരപ്പ് മാറിയില്ല. പിറ്റെ ദിവസം ദർസിലത്തെ ഗൗരവം മുറ്റിയ അന്തരീക്ഷം. അബുൽ ഹസൻ നന്നായി ധൈര്യം സംഭരിച്ച് ഒരു ചോദ്യം...

ഇന്നലെ രാത്രി എന്താണ് നടന്നത്..?

ശൈഖ് ഒരു വിവരണം നൽകി. അതിങ്ങനെ...

ആ രാജ്യം നഹാവന്ദ് ആകുന്നു. അവിടെ കണ്ട ആറ് പേർ അബ്ദാലന്മാരാണ്. അബ്ദാലന്മാർ ഏഴ് പേരാണ്. ഏഴാമൻ രോഗിയായിരുന്നു. അദ്ദേഹമാണ് കരഞ്ഞത്. അദ്ദേഹം മരണാസന്നനായപ്പോൾ ഞാൻ കാണാൻ പോയതാണ്. അപ്പോൾ അവിടെ വന്ന ആൾ ഖിള്ർ (അ) ആകുന്നു... രോഗത്തിൽ കിടന്ന ആൾ മരിച്ചു. മരിച്ച ആളെ എടുത്തു കൊണ്ടുപോയി.

പിന്നീടവിടെ വന്നത് ഒരു  ക്രിസ്ത്യാനിയാണ്. അയാളുടെ സ്വദേശം ഖസ്തൻതീനിയ (കോൺസ്റ്റാന്റ് നോപ്പിൾ) ആകുന്നു. അയാൾക്ക് ഞാൻ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. മരിച്ച ആൾക്ക് പകരമായി ഞാൻ അയാളെ നിയോഗിച്ചു. അപ്പോൾ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിമായ ആളെ അബ്ദാലന്മാരായ ഔലിയാക്കളുടെ കൂട്ടത്തിൽ ചേർത്തു. ശൈഖ് പറഞ്ഞു നിർത്തി...

അത്ര വലിയ അധികാരമുള്ള ആളായിരുന്നു ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ (റ) എന്ന് നാം മനസ്സിലാക്കുക. പദവികൾ നൽകാനും എടുത്തു കളയാനും അധികാരം ലഭിച്ച മഹാനാണ് ശൈഖ് അവർകൾ...

ദുനിയാവിൽ ദീൻ നടത്താൻ വേണ്ടി വന്നവരാണ് നബി ﷺ... തങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ് മഹാൻ വന്നത്. നബി ﷺ  തങ്ങൾ അല്ലാഹുﷻവിന്റെ പ്രതിനിധിയാണ്.  നബി ﷺ തങ്ങളുടെ പ്രതിനിധി അല്ലാഹുﷻവിന്റെ പ്രതിനിധി തന്നെ യാകുന്നു...

മഹാനായ സദഖത്തുല്ലാഹിൽ ഖാഹിരി (റ) അവർകൾ ശൈഖ് അബ്ദുൽ ഖാദർ (റ) വിനെ തന്റെ ഖുത്വ് ബിയത്ത് എന്ന വിഖ്യാത കാവ്യത്തിൽ വിശേഷിപ്പിച്ചത് ഖലീഫത്തുല്ലാഹി ഫീനാ മുഹിയുദ്ധീനി എന്നാകുന്നു.

ഹിജ്റ അഞ്ഞൂറ്റി പതിനൊന്ന് കാലം. ഒരു വെള്ളിയാഴ്ച ദിവസം ശൈഖ് അബ്ദുൽ ഖാദർ (റ) യാത്ര കഴിഞ്ഞ് ബഗ്ദാദിലേക്ക് മടങ്ങുകയാണ്. കാലിൽ ചെരിപ്പില്ലാതെ നടക്കുന്നു. വഴിയിൽ ഒരു രോഗി  വീണുകിടക്കുകയാണ്. വളരെ ക്ഷീണിതൻ. എഴുന്നേൽക്കണമെന്നുണ്ട് പറ്റുന്നില്ല...

അസ്സലാമു അലൈക യാ അബ്ദുൽ ഖാദർ രോഗി വിളിച്ചു സലാം പറയുന്നു. സലാം മടക്കി അടുത്തേക്കു ചെല്ലാൻ പറയുന്നു. അടുത്തു ചെന്നു നോക്കി അവശനായ രോഗി, എഴുന്നേൽക്കാൻ എന്നെയൊന്നു സഹായിക്കൂ ശൈഖ് അവർകൾ. രോഗിയെ എഴുന്നേൽപ്പിച്ചു വിവരങ്ങൾ തിരക്കി...

പെട്ടെന്ന് രോഗിയിൽ മാറ്റങ്ങൾ.  ആരോഗ്യവും  സൗന്ദര്യവും മടങ്ങിവന്നു. സന്തോഷവാനും ധീരനുമായി മാറിയിരിക്കുന്നു. ശൈഖ് ഭയന്നുപോയി എന്തൊരു മാറ്റം..?

"നിങ്ങൾ എന്നെ അറിയുമോ ...?"
അദ്ദേഹം ചോദിച്ചു ...

"ഇല്ല..." ശൈഖ് മറുപടി നൽകി

"എന്നാൽ അറിഞ്ഞു കൊള്ളുക. ഞാനാണ് ഇസ്ലാം ദീൻ. ഞാൻ വളരെ ക്ഷീണിതനായിരുന്നു. നിങ്ങളുടെ അല്ലാഹു ﷻ എന്നെ പുനരുജ്ജീവിപ്പിച്ചു. നിങ്ങൾ ദീനിനെ ജീവിപ്പിച്ചവനാണ്  മുഹിയുദ്ധീൻ. അതെ മുഹിയുദ്ധീൻ തന്നെയാണ്. അങ്ങനെ ദീൻ വിളിച്ചുകഴിഞ്ഞാൽ എല്ലാവരും വിളിച്ചു കൊള്ളും. ശൈഖ്  മുഹിയുദ്ധീൻ അബ്ദുൽ ഖാദർ (റ) നേരെ ജുമുഅത്ത് പള്ളിയിലേക്കാണ് പോയത്. അവിടെ ചെന്നപ്പോൾ ഒരാൾ തനിക്കു നേരെ വരുന്നു. ചെരിപ്പുമായി വരികയാണ്. എന്നെ ചെരിപ്പ് ധരിപ്പിച്ചു. എന്നിട്ടദ്ദേഹം വിളിച്ചു :  യാ സയ്യിദീ
മുഹിയുദ്ധീൻ...

ആശ്ചര്യകരം തന്നെ. ഇന്നുവരെ ആരും വിളിക്കാത്ത പേര്. പള്ളിയിൽ കയറി നിസ്കാരത്തിൽ പങ്കെടുത്തു. മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജനങ്ങളെല്ലാം ചുറ്റും കൂടി. എല്ലാവരും ബഹുമാനപൂർവ്വം വിളിക്കുന്നു. യാ മുഹിയുദ്ധീൻ... എല്ലാവരും കൈ പിടിച്ചു ചുംബിക്കുന്നു. മുഹിയുദ്ധീൻ എന്ന പേര് പ്രസിദ്ധമാവുകയാണ്. ദീനിന്റെ സമുദ്ധാരകൻ ജനനായകൻ മനോഹരമായ മുഹിയുദ്ധീൻ മാലയിലെ ഈരടി പാടാം...

_മൂലം ഉടയോവൻ ഏകൽ അരുളാലെ  മുഹിയുദ്ധീൻ എന്ന പേർ ദീൻ താൻ വിളിച്ചോവർ_

അല്ലാഹുﷻവിന്റെ ഏകൽകൊണ്ട് ശൈഖ് അവർകളെ ദീൻ തന്നെ മുഹിയുദ്ധീൻ എന്നു വിളിച്ചു...

ശൈഖ് അബ്ദുൽ ഖാദർ (റ) വിന്റെ പ്രത്യേക മഹത്വമാണ് നാമിവിടെ കണ്ടത്. ദീനുൽ ഇസ്ലാം മുഹിയുദ്ധീൻ എന്നു വിളിച്ചത്...

മറ്റൊരു മഹത്വം കൂടി പറയാം... യാ ഗൗസുൽ അഹ്ളം...

ഗൗസുൽ അഹ്ളം എന്നത് ശൈഖ് അബ്ദുൽ ഖാദർ (റ)വിന് അല്ലാഹു ﷻ നൽകിയ സ്ഥാനപ്പേര്...

യാ ഗൗസുൽ അഹ്ളം എന്ന വിളിയെക്കുറിച്ച് ശൈഖ് മുഹിയുദ്ധീൻ (റ) തന്നെ വിവരിച്ചിട്ടുണ്ട്. പല ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്. മിഹ്റാജ് യാത്രയിലാണിത് സംഭവിച്ചത്. അല്ലാഹുﷻവിന്റെ സന്നിധിയിലാണ് നബി ﷺ തങ്ങൾ. അത്യുന്നതമായ സ്ഥലത്താണ് സർവ്വശക്തനായ റബ്ബ് തന്റെ ദൂതനെ അഭിവാദ്യം ചെയ്ത പുണ്യ സ്ഥലം...

അവിടെ വെച്ച് നബി ﷺ തങ്ങൾ ഒരാളെ കാണുന്നു. ഇതാരാണെന്ന് നബി ﷺ ചോദിച്ചു. അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് വന്ന അറിയിപ്പ് ഇപ്രകാരമായിരുന്നു...

ഇത് താങ്കളുടെ സന്താന പരമ്പരയിൽ പെട്ട കുട്ടിയാകുന്നു. താങ്കളുടെ വിലായത്തിന്റെ അവകാശിയുമാണ്.  ഇത് മുഹിയുദ്ധീൻ ആണ്. താങ്കൾക്കു ശേഷം ദീനിനെ പുനരുജ്ജീവിപ്പിക്കുന്നവൻ. പേര് അബ്ദുൽ ഖാദർ എന്നാകുന്നു...

കുട്ടിയെ അല്ലാഹു ﷻ അൽ ഗൗസുൽ അഹ്ളം എന്നു വിളിച്ചു. നബിﷺക്ക് സന്തോഷമായി. തഫ്രീഹുൽ ഖാത്വിർ എന്ന കിതാബിൽ നിന്ന് പലരും ഇത് ഉദ്ധരിച്ചിട്ടുണ്ട്...

മിഹ്റാജ് നടക്കുന്ന കാലത്ത് ശൈഖ് അബ്ദുൽ ഖാദർ (റ) ആത്മാവുകളുടെ ലോകത്താണുള്ളത്. ഭൗതിക ശരീരമല്ല. ഭൗതിക ശരീരമില്ലാത്ത അവസ്ഥയിൽ നബി ﷺ തങ്ങൾ കണ്ടു. മിഹ്റാജ് കഴിഞ്ഞ് നൂറ്റാണ്ടുകൾക്കു ശേഷമാണ് ശൈഖ് മുഹിയുദ്ധീൻ (റ) ഭൂമിയിൽ ജനിക്കുന്നത്...

മിഹ്റാജ് യാത്രയിൽ എത്രയോ നബിമാരെയും മഹാത്മാക്കളെയും നബി ﷺ കണ്ടിട്ടുണ്ട്. ആയിരക്കണക്കായ വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ജീവിച്ചു മരിച്ചുപോയവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഭൂമിയിൽ ജനച്ചിട്ടില്ലാത്തവരെയും നൂറ്റാണ്ടുകൾക്കു മുമ്പ് മരിച്ചുപോയവരെയും നബി ﷺ കണ്ടിട്ടുണ്ട്...

സ്വർഗ്ഗവും നരകവും കണ്ടു. സ്വർഗ്ഗത്തിൽ പ്രത്യേക പദവി ലഭിച്ചവരെ കണ്ടു. നരകത്തിൽ ശിക്ഷ അനുഭവിക്കുന്നവരെ കണ്ടു.  തന്റെ സമുദായത്തിന് പിൽക്കാലത്ത് വരുന്ന അവസ്ഥകളെക്കുറിച്ച് നബി ﷺ പറഞ്ഞിട്ടുണ്ട്...

ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ഗൗസുൽ അഹ്ളം എന്ന പേരിൽ വളരെ പ്രസിദ്ധനാണ്. മിഹ്റാജിന്റെ രാത്രിയിൽ ശൈഖ് മുഹിയുദ്ധീൻ (റ) അർശിന്റെ സമീപത്തു വെച്ച് നബി ﷺ തങ്ങളുമായി കണ്ടുമുട്ടിയെന്ന് ആരിഫീങ്ങളായ പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. ശൈഖ് അവർകൾ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്...

അൽ ഫുയൂളാത്തു റബ്ബാനിയ്യ ഫിൽ മആസിരി വൽ ഔറാദിൽ ഖാദിരിയ്യ എന്ന ഗ്രന്ഥം നോക്കിയാൽ അല്ലാഹു ﷻ യാ ഗൗസുൽ അഹ്ളം എന്നു വിളിച്ച നിരവധി രംഗങ്ങൾ കാണാൻ കഴിയും...  മഹാനായ ഖാളി മുഹമ്മദ് അവർകൾ ഇങ്ങനെ എഴുതി:

_ആവണ്ണം അല്ലാ പടച്ചവൻ താൻ തന്നെ  യാ ഗൗസുൽ അഹ്ളം എന്ന് അല്ലാഹ് വിളിച്ചോവർ_

(ശൈഖ് അവർകളെ യാ ഗൗസുൽ അഹ്ളം എന്ന് അല്ലാഹു ﷻ വിളിച്ചിരിക്കുന്നു)

ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ)വിന്റെ കുടുംബ ജീവിതത്തെക്കുറിച്ച് വിശദമായ വിവരണങ്ങൾ പല കിതാബുകളിലും വന്നിട്ടുണ്ട്. മഹാനവർകൾക്ക് സമ്പന്നമായൊരു സന്താന പരമ്പരയാണുള്ളത്. തലമുറകളുടെ ചരിത്രം നോക്കിയാൽ അനേകം ഔലിയാക്കളെ കാണാം...

ലോകമെങ്ങും ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രകാശമെത്തിക്കുന്നതിൽ ഇവർ നല്ല പങ്കു വഹിച്ചിട്ടുണ്ട്. പിൽക്കാല ഇസ്ലാമിക ചരിത്രത്തിലെ നവോത്ഥാന നായകന്മാർ  അനീതിക്കും അക്രമത്തിനുമെതിരെ ലോകത്ത് നടന്ന പല സമരങ്ങൾക്കും ഇവർ നേതൃത്വം വഹിച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ വിമോചനത്തിന് ഇവർ നടത്തിയ ശ്രമങ്ങൾ അവിസ്മരണീയമാണ്...

ഖലാഇദുൽ ജവാഹിർ എന്ന കിതാബിൽ ശൈഖ് അവർകളുടെ മക്കളെക്കുറിച്ചും മക്കളുടെ മക്കളെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്...

അമ്പത് വയസ്സ് വരെ ശൈഖ് അബ്ദുൽ ഖാദർ (റ) വിവാഹം കഴിച്ചിട്ടില്ല.  സ്വാലിഹീങ്ങളായ മഹാന്മാർ ഇങ്ങനെ ചോദിച്ചു... താങ്കളെന്താണ് വിവാഹം കഴിക്കാത്തത്..?

 "നബി ﷺ തങ്ങൾ കൽപിക്കുന്നതുവരെ ഞാൻ വിവാഹം കഴിക്കില്ല..."

ഇതായിരുന്നു മഹാന്റെ മറുപടി ...

 കാലമെത്തിയപ്പോൾ കൽപനയായി. വിവാഹമായി. സ്വാലിഹത്തായ നാല് കുലീന വനിതകളെ പത്നിമാരായി ലഭിച്ചു. ഉന്നത സ്വഭാവഗുണങ്ങളുള്ള മഹതികൾ. മഹാന്റെ മഹത്വം മനസ്സിലാക്കി ജീവിച്ചവർ...

നാൽപത്തി ഒമ്പത് സന്താനങ്ങൾ ജനിച്ചു. ഇരുപത്തേഴ് ആൺകുട്ടികളും, ഇരുപത്തിരണ്ട് പെൺകുട്ടികളും.  കുഞ്ഞുങ്ങളിൽ പലരും ശൈശവത്തിൽ തന്നെ മരണപ്പെട്ടു. കുഞ്ഞുങ്ങളുടെ മരണം ദുഃഖകരമാണ്. അതിന്റെ പേരിൽ ഔദ്യോഗിക കർമ്മങ്ങൾ മുടക്കില്ല. ദർസും പ്രഭാഷണവുമൊക്കെ അന്നു നടക്കും. മുതഅല്ലിമീങ്ങൾക്ക് ദർസ് നടത്തിക്കൊണ്ടിരിക്കുമ്പോഴായിരിക്കും കുഞ്ഞ് മരണപ്പെട്ട വിവരം അറിയുക...

കുളിപ്പിച്ചു കഫൻ ചെയ്തു കൊണ്ടുവരും, ബന്ധപ്പെട്ടവർ കുളിപ്പിക്കും, കഫൻ ചെയ്യും, എന്നിട്ട് മയ്യിത്ത് കൊണ്ടുവരും. ശൈഖ് അവർകൾ എഴുന്നേറ്റ് വന്നു മയ്യിത്ത് നിസ്കരിക്കും, എന്നിട്ട് ദർസ് തുടരും  ബന്ധുക്കളും മറ്റും ചേർന്ന് ഖബറടക്കും...

ജീവിച്ചിരുന്ന മക്കളെല്ലാം ആത്മീയ ലോകത്ത് ഉന്നത സ്ഥാനത്ത് എത്തിച്ചേർന്നു. അഗാധ പണ്ഡിതന്മാരും ശൈഖുമാരുമായിത്തീർന്നു...

മക്കളിൽ വളരെ പ്രസിദ്ധമായിത്തീർന്നത് ശൈഖ് അബ്ദുൽ വഹാബ് (റ) അവർകളാണ്. പ്രധാന ഗുരു പിതാവ് തന്നെ. പിതാവിനെക്കുറിച്ചുള്ള ഒട്ടേറെ വിലപ്പെട്ട വിവരങ്ങൾ ഇദ്ദേഹമാണ് ലോകത്തിന് നൽകിയത്. ഇരുപത് വയസ്സാകുമ്പോഴേക്ക് പണ്ഡിത പ്രതിഭയായിത്തീർന്നു. പിതാവിന്റെ മദ്റസയിൽ അധ്യാപകനായി തീർന്നു...

നന്നായി വയള് പറയും ഫത് വ നൽകും പിതാവിന്റെ മരണ ശേഷം നോക്കിനടത്തി. ദർസും പ്രഭാഷണവും തുടർന്നു. ഫത് വകൾ നൽകി 593- ൽ വഫാത്തായി. ഹൽബിലെ മഖ്ബറയിൽ ഖബറടക്കപ്പെട്ടു...

മറ്റൊരു മകനാണ് ഈസാ (റ). പിതാവിൽ നിന്ന് തന്നെ ധാരാളം പഠിച്ചു. മഹാപണ്ഡിതൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായി. പിതാവിന്റെ സന്ദേശത്തിന്റെ കരുത്തുറ്റ പ്രചാരകൻ. ഈജിപ്ത്, ഡമസ്കസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് വിജ്ഞാനം നേടി. ഒടുവിൽ ഈജിപതിൽ  താമസമാക്കി. ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രശസ്ത കേന്ദ്രങ്ങൾ ഈജിപ്തിൽ വളർന്നുവന്നു. അധ്യാപനം, പ്രഭാഷണം, ആത്മീയ ശിക്ഷണം, ഗ്രന്ഥരചന എന്നിവക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. ഈജിപ്തിൽ തന്നെയായിരുന്നു മരണം...

മറ്റൊരു പ്രഗത്ഭനായ മകൻ ശൈഖ് അബൂബക്കർ അബ്ദുൽ അസീസ് (റ) അവർകളാകുന്നു.

പിതാവിൽ നിന്ന് വിവിധ വിജ്ഞാന ശാഖകളിൽ അറിവ് നേടി ദർസും, വയളും, ആത്മീയ ശിക്ഷണങ്ങളും ജീവിത ലക്ഷ്യമാക്കി പ്രപഞ്ചരഹസ്യങ്ങൾ തേടി കാട്ടിൽ താമസിച്ചിട്ടുണ്ട്. കുടുംബം ജീവിതം നയിച്ചു സന്താന പരമ്പരയുണ്ട്. ഇവരിൽ ആരിഫീങ്ങളായിത്തീർന്ന പലരും പർവ്വ പ്രദേശങ്ങളിൽ താമസിച്ചു...

ശൈഖ് അബ്ദുൽ ജബ്ബാർ (റ) പ്രസിദ്ധനായിത്തീർന്ന മറ്റൊരു മകനാണ്. പിതാവിൽ നിന്ന് തന്നെ പഠിച്ചു. സൂഫിമാർഗത്തിൽ വല്ലാതെ തൽപരനായി. ഫഖീർമാരുടെ കൂടെ ജീവിച്ചു. യൗവ്വനം തീരുംമുമ്പെ വഫാത്തായി. പിതാവിന്റെ ദർഗയുടെ സമീപം അന്ത്യവിശ്രമം കൊള്ളുന്നു...

മറ്റൊരു പുത്രൻ ശൈഖ് അബ്ദുറസാഖ് (റ). മഹാപണ്ഡിതൻ, കർമ്മശാസ്ത്രത്തിൽ അഗാധജ്ഞാനം. ഫഖീഹ് ആയും സൂഫിയായും അറിയപ്പെട്ടു ...

ഗൗസുൽ അഹ്ളം (റ) വിന്റെ പ്രസംഗങ്ങൾ ക്രോഡീകരിച്ചു ഫുത്തൂഹുൽ ഗൈബ് പുറത്തിറക്കി. ധാരാളം മുരീദന്മാരുണ്ട്. ത്വരീഖത്ത് പ്രചാരണത്തിൽ കാര്യമായ പങ്ക് വഹിച്ചു. പ്രധാന ഗുരു പിതാവ് തന്നെ. ആരിഫീങ്ങളിൽ നിന്ന് ധാരാളം പഠിച്ചു. മരണം ഹിജ്റ 603 - ൽ...

മറ്റൊരു പ്രഗത്ഭ പുത്രനാണ് ശൈഖ് ഇബ്രാഹിം (റ). പിതാവിൽ നിന്ന് പഠിച്ചു. പ്രമുഖരായ ഉസ്താദുമാരിൽ നിന്നും വിവിധ വിജ്ഞാനശാഖകളിൽ അവഗാഹം നേടി.

ഇറാഖിൽ വാസ്വിത്വ് എന്നൊരു സ്ഥലമുണ്ട്. അവിടെയായിരുന്നു സേവനകേന്ദ്രം. ആത്മീയ സരണിയിലേക്ക് നിരവധി പേരെ കൊണ്ടു വന്നു. മരണം ഹിജ്റ 592- ൽ...

ശൈഖ് മുഹമ്മദ് (റ) മറ്റൊരു മകനാണ്. പിതാവിൽ നിന്നു പഠിച്ചു. പ്രമുഖരായ ആരിഫീങ്ങളിൽ നിന്നു പഠിച്ചു. ആത്മീയ നേതാവായി ഉയർന്നു. ധാരാളം സഞ്ചരിച്ചു. ആത്മീയ വെളിച്ചം നിരവധി പേർക്ക് നല്കി. ഹിജ്റ 600- ൽ വഫാത്തായി...

ശൈഖ് അബ്ദുല്ല (റ) മറ്റൊരു പുത്രൻ. ധാരാളം ശിഷ്യന്മാരുള്ള ശൈഖ് പ്രധാന ഗുരു പിതാവ് തന്നെ. പിതാവിന്റെ സന്ദേശത്തിന്റെ ശക്തനായ പ്രചാരകൻ. മരണം ഹിജ്റ 589- ൽ...

ശൈഖ് യഹ്‌യ (റ) പ്രസിദ്ധനായ പുത്രനാണ്. പിതാവിൽ നിന്ന് പഠിച്ചു. പല നാടുകൾ സഞ്ചരിച്ചു മതപ്രചരണം നടത്തി. പിതാവിന്റെ പാതയിലേക്ക് ജനങ്ങളെ നയിച്ചു. ഹിജ്റ 600- ൽ മരണം. ആത്മസംസ്കരണ രംഗത്ത്  അദ്ദേഹത്തിന്റെ സേവനങ്ങൾ ചരിത്രം വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്...

ശൈഖ് മൂസ (റ) പിതാവിൽ നിന്ന് പഠിച്ചു. മറ്റു മഹാന്മാരിൽ നിന്നും പഠിച്ചു ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ചു. ഡമസ്കസിൽ സേവനം ചെയ്തു. ധാരാളം സഞ്ചരിച്ചു. നിരവധി ശിഷ്യന്മാരുണ്ട്. ഹിജ്റ 618- ൽ ഡമസ്കസിൽ വഫാത്തായി...

ചില പുത്രന്മാരുടെ പേരുകൾ മാത്രമാണ് പറഞ്ഞത്. കാലം മറക്കാത്ത മഹാന്മാർ. മറ്റുള്ളവരും പ്രഗത്ഭർ തന്നെ...

പെൺമക്കൾ സ്ത്രീകൾക്കിടയിലെ ജ്വലിക്കുന്ന ദീപങ്ങളായിരുന്നു. എല്ലാവരും പണ്ഡിത വനിതകൾ. ഇൽമിലും ഇബാദത്തിലും ഒന്നാം നിരക്കാർ. ആത്മീയതയുടെ വെളിച്ചം സ്ത്രീ ജനങ്ങളുടെ മനസ്സിൽ എത്തിച്ചുകൊടുത്തു. ഗൗസുൽ അഹ്ളമിന്റെ സന്താന പരമ്പരയുടെ സേവനങ്ങൾ അവിസ്മരണീയമാണ്.

മക്കളും അവരുടെ പരമ്പരകളും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവർ ലോകമെങ്ങും സഞ്ചരിച്ചു. വിദൂര ദിക്കുകളിൽ താമസിച്ചു. കിഴക്കും പടിഞ്ഞാറും ലോകങ്ങൾ അവരെ ആദരവോടെ വരവേറ്റു.  അവരും അവരുടെ അനേക ലക്ഷം വരുന്ന ശിഷ്യന്മാരും ലോകമെങ്ങുമുള്ള ദീനീ പ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. സ്നേഹം കൊണ്ടവർ ലോകം ഭരിച്ചു. വാത്സല്യം കൊണ്ടവർ മനുഷ്യ മനസ്സുകളിലെ രാജാക്കന്മാരായിത്തീർന്നു...

അവരുടെ കർമ്മ മാർഗ്ഗമായ ഖാദിരിയ്യാ ത്വരീഖത്ത് ലോകത്തിന് ഏറ്റവും പ്രിയപ്പെട്ടതായിത്തീർന്നു...

മുരീദുമാർ...

ഗൗസുൽ അഹ്ളം (റ)വിന്റെ മഹാന്മാരായ മുരീദുകൾ മുസ്ലിം സമൂഹത്തിന് ലഭിച്ച വിലപ്പെട്ട സമ്പത്താണവർ. വിലായത്തിന്റെ വിവിധ മേഖലയിലെത്തിയവർ...

അബ്ദാലുകൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ സന്മാർഗത്തിന്റെ ജ്വലിക്കുന്ന ദീപങ്ങൾ മികച്ച ശിക്ഷണം ലഭിച്ചവർ. ഗൗസുൽ അഹ്ളം (റ) വിൽ നിന്ന് തർബിയത്ത് ലഭിച്ചവർ. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചേരും.

ഓരോ നാട്ടിലെയും ദീനീ ചലനങ്ങൾ ശക്തമാക്കും. ദീനീ പ്രവർത്തനത്തിന്റെ ശരിയായ രൂപരേഖ അവർ പഠിച്ചറിഞ്ഞിരിക്കുന്നു. മനുഷ്യമനസ്സുകളിലെ അന്ധകാരമകറ്റാനവർക്കറിയാം. പകരം തൗഹീദിന്റെ വെളിച്ചമെത്തിക്കാനുമറിയാം. താൻ കാണിച്ചുകൊടുത്ത കർമ്മപദ്ധതി അത് എക്കാലത്തേക്കും അനുയോജ്യമാണ്. അത് പ്രയോഗത്തിൽ വന്നുകൊണ്ടേയിരിക്കും അന്ത്യനാൾ വരെ...

തന്റെ ഖലീഫമാർ വളരെപ്പേരുണ്ട്. അവർക്കു മുരീദന്മാരുണ്ടാവും. ഖലീഫമാരുണ്ടാവും. അവരിൽ നിന്ന് ഈ പ്രകാശം അടുത്ത തലമുറ ഏറ്റുവാങ്ങും. മശാഇഖന്മാരുടെ നീണ്ട പരമ്പരയുണ്ടാവും. അവരതിലൂടെ താൻ കൊളുത്തിവെച്ച പ്രകാശം കൈമാറ്റപ്പെടും.  ഈ ത്വരീഖത്തിന്റെ ശൈഖുമാർ അന്ത്യനാൾ വരെ കാണും. അവരുടെയെല്ലാം മുരീദുമാർ തന്റെ മുരീദുമാരാണ്. താനവർക്ക് കാവലാളാണ്...

ഗൗസുൽ അഹ്ളം (റ) പറയുന്നു :

എന്റെ മുരീദുമാർ വിളിച്ചാൽ ഞാൻ വിളി കേൾക്കും. മുരീദുമാരെ നിങ്ങൾക്ക് സന്തോഷം. എന്റെ മുരീദുമാരിൽ ഒരാൾ പോലും നരകത്തിലില്ല. നിങ്ങളെല്ലാം പൂർണ്ണമായ ഈമാനോടെ മരിക്കും. അങ്ങനെ മരിക്കുന്നവർക്കാണ് സകല വിജയവും. ശരീഅത്തിന്റെ എല്ലാ വിശദാംശങ്ങളും പഠിക്കുക. പഠിച്ചതെല്ലാം പ്രയോഗത്തിൽ വരുത്തുക. അത് അർത്ഥവത്താവാൻ ത്വരീഖത്ത് വേണം. ത്വരീഖത്ത് ശരീഅത്തിനെ സഫലമാക്കുന്നു...

ഗൗസുൽ അഹ്ളം (റ) മുരീദുമാരോട് വല്ലാത്ത സ്നേഹമാണ്. അവരെ സഹായിച്ചുകൊണ്ടിരിക്കും. മുസ്ലിം സഹോദരങ്ങളെ, എന്റെ യഥാർത്ഥ പിൻഗാമികളായ ശൈഖുമാരെ നിങ്ങൾ തേടിപ്പിടിക്കണം. അവർ നിങ്ങളുടെ അഭയകേന്ദ്രങ്ങളാകുന്നു. ഓർക്കുക അവർ സന്മാർഗത്തിന്റെ പ്രകാശ ഗോപുരങ്ങളാകുന്നു. മരണ സമയമാണ് ഏറ്റവും വലിയ പ്രതിസന്ധി. അത് വിജയകരമായി തരണം ചെയ്യാൻ എന്റെ പിൻഗാമികൾക്കു കഴിയും...

മുഹിയുദ്ധീൻ മാലയിലെ ഈ വരികൾ ശ്രദ്ധിക്കൂ...

_യെന്നെ ഫിടിച്ചവർ യേതും ഫേടിക്കണ്ട യെന്നെ ഫിടിച്ചോർക്ക് ഞാൻ കാവൽ യെന്നോവർ_

_യെല്ലാ മുരീദുകൾ താൻ തന്റെ ശൈഖേപ്പോൽ യെന്റെ മുരീദുകൾ യെന്നെ ഫോൽ യെന്നോവർ_

മുരീദുമാർക്ക് ലഭിച്ച സന്തോഷവാർത്തയാണിത്. അന്ത്യനാൾ വിചാരണ ദിനം അന്ന് മുരീദുകളെല്ലാം ഒന്നിച്ചുചേരും. കൺവെട്ടത്തിൽ കാണാൻ കഴിയുംവിധം ഒരുമിച്ചുചേരും. അവർ സ്വർഗത്തിലേക്ക് പോവും...

ശൈഖ് അബൂസഈദ് (റ), ശൈഖ് അബൂമുഹമ്മദ് അൽ അവാനി(റ), ശൈഖ് ബസാർ (റ) തുടങ്ങി നിരവധി മഹാന്മാർ ഗൗസുൽ അഹ്ളം (റ)വിന്റെ വാക്കുകൾ ഉദ്ധരിച്ചിട്ടുണ്ട്...

എന്റെ മുരീദുകൾ മുഴുവനും സ്വർഗത്തിൽ കടക്കുമെന്ന വാഗ്ദാനം അല്ലാഹുﷻവിൽ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് ശൈഖ് അബ്ദുൽ ഖാദിർ (റ) പറഞ്ഞു...

ഗൗസുൽ അഹ്ളം (റ) വിന്റെ പ്രസംഗം നേരിൽ കേട്ട ശൈഖ് അബുൽ ഹസൻ (റ) രേഖപ്പെടുത്തുന്നു...

ശൈഖ് അബ്ദുൽ ഖാദർ (റ) ഇങ്ങനെ പറഞ്ഞു:

കണ്ണെത്തുന്ന അകലത്തിലുള്ള ഒരു കിതാബ് എനിക്ക് നൽകപ്പെട്ടു. അതിൽ അന്ത്യനാൾ വരെയുള്ള എന്റെ മുരീദുമാരുടെ പേരുകളുണ്ട്. എന്റെ റബ്ബിന്റെ സന്നിധിയിൽ നിന്ന് എന്റെ പാദങ്ങൾ പിന്തിരിയുന്നതല്ല., എനിക്കും എന്റെ മുരീദുകളായ നിങ്ങൾക്കും സ്വർഗത്തിൽ പ്രവേശിക്കുവാനുള്ള അനുവാദം കിട്ടിയാലല്ലാതെ...

ബഹ്ജത്തുൽ അസ്റാർ എന്ന ഗ്രന്ഥത്തിൽ നിന്ന് നിരവധി ചരിത്രകാരന്മാർ ഈ വരികൾ ഉദ്ധരിച്ചിട്ടുണ്ട്...

മഹത്തായ മുഹിയുദ്ധീൻ മാലയിലെ ഈ വരികൾ ഇതിനോട് ചേർത്ത് നോക്കൂ...

_കൺകൂട വട്ടത്തിൽ മുരീദൂകൾ സ്വർഗത്തിൽ ഫോമെന്ന് അല്ലാഹ് കൊടുത്തോവർ_

ശൈഖ് അബുൽ ഹസൻ ഖുറശി (റ) വിന്റെ വാക്കുകൾ വളരെ പ്രസിദ്ധമാണ് അദ്ദേഹം പറയുന്നു...

ശൈഖ് അബ്ദുൽ ഖാദർ (റ) ഇങ്ങനെ പറഞ്ഞു: നരകത്തെ കാക്കുന്ന മാലിക് എന്ന മലക്കിനോട് ഞാൻ ചോദിച്ചു: നിങ്ങളുടെ പട്ടികയിൽ എന്റെ മുരീദുമാർ ആരെങ്കിലുമുണ്ടോ..?

മാലിക് പറഞ്ഞു:

ഇല്ല...

ബഹ്ജത്തുൽ അസ്റാറിൽ നിന്ന് നിരവധി പണ്ഡിതൻമാർ ഇത് ഉദ്ധരിച്ചിട്ടുണ്ട്...

മുഹിയുദ്ധീൻ മാലയിലെ ഈ ഈരടി ശ്രദ്ധിക്കൂ...

_നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന് നരകത്തെ കാക്കും മലക്ക് പറഞ്ഞോവർ_

 ഒരു ഈരടി കൂടി

_യെന്റെ കൊടിന്റെ കീള് യെല്ലാവലീകളും യെന്റെ മുരീദിന് ഞാൻ ശാഫിഹ് യെന്നോവർ_

ശൈഖ് അവർകളുടെ കാലക്കാരായ ഔലിയാക്കന്മാർക്കും, അതിനു ശേഷമുള്ള ഔലിയാക്കന്മാർക്കുമെല്ലാം മഹാനവർകൾ ഇമാമാകുന്നു...

ശൈഖിനെ തേടുക...
തേടിപ്പിടിച്ച് മുരീദാവുക...
വിജയം വരിക്കുക....

_കോഴിടെ മുള്ളോട് കൂകെന്ന് ചെന്നാരെ കൂശാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ_

ചെറിയ കുട്ടികൾക്കു പോലും സുപരിചിതമായ വാരിയാണിത്. മുഹിയുദ്ധീൻ മാല അംഗീകരിക്കുന്നവർ ഗൗരവത്തോടെയും വിമർശകർ തമാശയായും ഈ വരി പാടും. പാടിപ്പാടി ഏറെ സുപരിചിതമായിത്തീർന്നു...

ശൈഖ് മുഹിയുദ്ധീൻ (റ) വിന്റെ മഹത്തായൊരു കറാമത്താണിത്. ശൈഖുമാരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കറാമത്തുകൾ വെളിവായത് ഈ മഹാനിൽ നിന്നാകുന്നു. മറ്റാരിൽ നിന്നും അത്രയും കറാമത്തുകൾ വെളിവായിട്ടില്ലെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. കറാമത്തുകൾ നിരവധിയാണ്. പ്രസിദ്ധവുമാണ്. ഓരോ കറാമത്തും മറ്റുള്ളവരിൽ ഇസ്ലാം മത വിശ്വാസം ദൃഢപ്പെടുത്താൻ സഹായിക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിലാണ് കറാമത്ത് കാണിച്ചിട്ടുള്ളത്...

ആത്മീയ മർഗത്തിലേക്കു കടന്നുവന്ന ശൈഖ് അവർകൾ സഹിച്ച ത്യാഗങ്ങൾ നാം നേരെത്തെ വായിച്ചുകഴിഞ്ഞു. ആത്മീയ വളർച്ച നേടാൻ കഷ്ടപ്പെടണം. ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടിവരും. ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ ത്യജിക്കേണ്ടിവരും...

ഉന്നത പദവിയിലെത്തിയവർ നല്ല ഭക്ഷണം കഴിച്ചെന്ന് വരാം. മുഹിയുദ്ധീൻ ശൈഖ് (റ) വിന്റെ ജീവിതത്തിൽ നാമത് കാണുന്നു. പിൽക്കാലത്ത് മഹാൻ നല്ല ആഹാരം കഴിച്ചു. നല്ല വസ്ത്രം ധരിച്ചു. വിലകൂടിയ കുതിരകളെ ഉപയോഗിച്ചു. നല്ല ചെരിപ്പ് ധരിച്ചു. നല്ല വീട്ടിൽ താമസിച്ചു. സാമ്പത്തിക വളർച്ചയുണ്ടായി. അല്ലാഹുﷻവിന്റെ ഔലിയാക്കൾക്ക് അതൊക്കെ ആകാവുന്നതാണ്. കല്ലിലും മുള്ളിലും ചവിട്ടി നടന്ന കാലത്ത് ശൈഖ് അവർകളുടെ കാലിൽ ചെരിപ്പില്ലായിരുന്നു.

നഗ്നപാദനായി നടത്തിയ പല യാത്രകൾ കഴിഞ്ഞുപോയിട്ടുണ്ട്. പിൽക്കാലത്ത് മഹാൻ വിലകൂടിയ ചെരുപ്പുകൾ ധരിച്ചു.  മഹാൻ എക്കാലവും ദീനീ സേവനത്തിലായിരുന്നു. മനസ്സിൽ അല്ലാഹു ﷻ മാത്രം. അതിൽ നിന്ന് തെറ്റിയ ഒരു നിമിഷവുമില്ല. അതാണ് ആന്തരിക രംഗം. പുറമെ നിന്നു നോക്കുമ്പോൾ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടത് കാണാം. അത് മനസ്സിനെ സ്പർശിക്കുന്നില്ല. മീതെ ഉദ്ധരിച്ച മുഹിയുദ്ധീൻ മാലയിലെ വരിയിൽ നിന്ന് ഇതൊക്കെ മനസ്സിലാക്കാം...

ശൈഖ് അവർകളെ വളരെയേറെ ആദരിക്കുന്ന ഒരു സ്ത്രീ, തന്റെ പൊന്നുമകന് ശൈഖ് അവർകളിൽ നിന്ന് ആത്മീയ ശിക്ഷണം ലഭിക്കണമെന്ന് അവരാഗ്രഹിക്കുന്നു. മഹാനെ ശൈഖായി ലഭിക്കണമെന്ന് മകന് വലിയ ആഗ്രഹമുണ്ട്. ഉമ്മയും മകനും തമ്മിൽ പലതവണ ഇക്കാര്യം സംസാരിച്ചു.  ശൈഖിനും അല്ലാഹുﷻവിനും മകനെ വിട്ടുകൊടുക്കാൻ ഉമ്മ സന്നദ്ധയായി. ആത്മീയ പുരുഷന്മാരെ തന്റെ അരികിൽ പിടിച്ചിരുത്താൻ ഒരു ഉമ്മാക്കും എപ്പോഴും കഴിയില്ല. ദീനീ സേവനത്തിന് വേണ്ടി ലോകത്തിന്റെ ഏത് ഭാഗത്തേക്കും സഞ്ചരിക്കേണ്ടവരാണവർ. ഇടക്കിടെ വരികയും കാണുകയും ചെയ്യും...

ഉമ്മ മകനെയും കൂട്ടി ശൈഖ് അവർകളുടെ മുമ്പിലെത്തി ഇങ്ങനെ അറിയിച്ചു. എന്റെ മകനെ ഏറ്റെടുക്കണം. ഇവന്റെ മേലുള്ള എന്റെ അവകാശം താങ്കൾക്കും അല്ലാഹുﷻവിനും വേണ്ടി ഞാൻ ഒഴിവാക്കിത്തന്നിരിക്കുന്നു...

ശൈഖ് കുട്ടിയെ സ്വീകരിച്ചു. അവനെ ആത്മീയ പരിശീലനത്തിന് വിധേയനാക്കി ഉയർത്തിക്കൊണ്ടുവരാൻ ശൈഖ് തീരുമാനിച്ചു. അതോടെ ആഹാരവും ഉറക്കവും കുറഞ്ഞു. ശരീരം മെലിഞ്ഞു, ക്ഷീണിച്ചു നിറം മാറി...

ഒരിക്കൽ ഉമ്മ മകനെ കാണാനെത്തി. മകന്റെ അവസ്ഥ ഉമ്മയെ വല്ലാതെ  വേദനിപ്പിച്ചു...

തൊലിയുള്ള ഗോതമ്പ് കൊണ്ടുള്ള പരുക്കൻ റൊട്ടിയാണ് മകന്റെ ഭക്ഷണം. ഉറക്കം തീരെ കുറവ്. ക്ഷീണം...

ശൈഖിനോട് പരാതി പറയാൻ തന്നെ ഉമ്മ തീരുമാനിച്ചു. കാത്തു നിന്നു, ഊഴം വന്നപ്പോൾ സംസാരിച്ചു. ശൈഖിന്റെ മുമ്പിലേക്കു കടന്നുവന്നപ്പോൾ കണ്ട കാഴ്ച ഉമ്മയെ അത്ഭുതപ്പെടുത്തി. ശൈഖ് കോഴിക്കറി കൂട്ടിയാണ് ഭക്ഷിക്കുന്നത്. തിന്നു കഴിഞ്ഞ കോഴിയുടെ എല്ലുകൾ കൂട്ടിവെച്ചിരിക്കുന്നു...

ഉമ്മ വേദനയോടെ പറഞ്ഞു :

യാ സയ്യിദീ... താങ്കൾ കോഴിയിറച്ചി കഴിക്കുന്നു. എന്റെ മകൻ പരുക്കൻ ഗോതമ്പ് റൊട്ടി കഴിക്കുന്നു. ആ വാക്കുകളിൽ അവരുടെ സങ്കടം മുഴുവൻ അലിഞ്ഞു ചേർന്നിരുന്നു...

ശൈഖ് അവർകൾ തന്റെ കൂട്ടിയിട്ട എല്ലുകളുടെ മീതെ വെച്ചു എന്നിട്ടിങ്ങനെ പറഞ്ഞു...

നുരുമ്പിയ എല്ലുകളെ ജീവിപ്പിക്കുന്ന അല്ലാഹുﷻവിന്റെ അനുമതിയോടെ നീ എഴുന്നേൽക്കുക...

പാത്രത്തിൽ കിടന്ന എല്ലുകൾ കോഴിയായി മാറുന്നു. കൂവുന്നു. ഉമ്മ അത്ഭുതപ്പെട്ടു നിൽക്കുന്നു...

ശൈഖവർകൾ അവരോടിങ്ങനെ പറഞ്ഞു :

നിങ്ങളുടെ മകൻ ഈ അവസ്ഥയിൽ എത്തിയാൽ ഇഷ്ടമുള്ളത് ഭക്ഷിക്കാം...

ഉമ്മാക്ക് കാര്യം ശരിക്കും മനസ്സിലായി.  കണ്ടുനിന്നവർക്കും മനസ്സിലായി. കേട്ടറിഞ്ഞവർക്കും മനസ്സിലായി. ഈ സംഭവം അവിസ്മരണീയമായി നിലനിന്നു. മഹാന്മാരുടെ കിതാബുകളിൽ സ്ഥലം പിടിച്ചു. മഹത്തായ മുഹിയുദ്ധീൻ മാലയിലൂടെ മലയാളക്കരയുടെ മുക്കുമൂലകളിലുള്ളവരെല്ലാം അറിഞ്ഞു.   ആ കുട്ടി ത്വരീഖത്തിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. മുജാഹദയുടെ ഘട്ടത്തിലെത്തിക്കഴിഞ്ഞിരുന്നു. പരീക്ഷണങ്ങളിലൂടെ കുട്ടി ഉയർന്നു വരികയാണ്.

ഇത് ഒരു കറാമത്തിന്റെ കഥ...

അത്ഭുതകരവും പഠനാർഹവുമായ എത്രയെത്ര കറാമത്തുകൾ. അവയിലേക്കു കടക്കുന്നില്ല. ഏറ്റവും വലിയ കറാമത്ത് എന്താണ്..?

ചത്തുകിടക്കുന്ന ഖൽബുകളെ ജീവിപ്പിച്ചു എന്നതാണ്. ചലനമില്ലാതെ കിടന്ന മനുഷ്യനെ സജീവമാക്കിയെടുത്തു. എല്ലാവർക്കും വേണ്ടപ്പെട്ടവരാക്കിത്തീർത്തു...

വിജ്ഞാന സാഗരം, ആത്മീയതയുടെ വെള്ളിവെളിച്ചം, മഹാനായ വലിയ്യ്, അനുഗ്രഹീതനായ കവി, ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖ്, നിരവധി ശിഷ്യന്മാരുടെ ഗുരു, ജനങ്ങളുടെ അഭയകേന്ദ്രം, ഇങ്ങനെയൊക്കെയും അതിലധികവും വിശേഷിപ്പിക്കപ്പെടാവുന്ന ഒരു മഹാപുരുഷന്റെ നാമം ഉച്ചരിക്കാം...

ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ).

നമുക്ക് വളരെ സുപരിചിതമായ നാമമാണത്. പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം അനുഗ്രഹീതനായ കവിയുമാണ്.  നബി ﷺ തങ്ങളുടെ മദ്ഹുകൾ എഴുതി. അവയെല്ലാം വളരെ പ്രസിദ്ധമായി...

ഒരിക്കൽ തന്റെ ആത്മീയ ഗുരു ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (ഖ.സി) അവർകളെ സ്വപ്നത്തിൽ കണ്ടു. സംഭാഷണം നടന്നു. ആ സംഭാഷണം പുതിയൊരു കവിതയുടെ രചനക്ക് കാരണമായി. ആത്മീയ ഗുരു ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) വിനെക്കുറിച്ച് കവിത രചിക്കാൻ തീരുമാനിച്ചു...

ആത്മീയ ഗുരുവിനെ നന്നായറിയാം. പിന്നെയും പഠിച്ചു. വിളിച്ചാൽ വിളി കേൾക്കുന്ന ശൈഖ്  വിളിക്കട്ടെ. ആവശ്യക്കാരൊക്കെ വിളിക്കട്ടെ. ദുനിയാവിന്റെയും ആഖിറത്തിന്റെയും ആവശ്യങ്ങൾ ചോദിക്കട്ടെ. ചോദിച്ചു വാങ്ങട്ടെ...

എങ്ങനെ ചോദിക്കണം..? അത് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. തന്റെ കവിതയുടെ ലക്ഷ്യം അതായിരിക്കട്ടെ. ശൈഖിനെ മുൻനിർത്തി അല്ലാഹുവിﷻനോട് ചോദിക്കുക. മുരീദുമാരുടെ ആവശ്യങ്ങൾ അല്ലാഹു ﷻ നിർവ്വഹിച്ചു കൊടുക്കും. ശൈഖ് പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് കവിത രചിച്ചത്. ഈ മഹത്തായ കവിതയാണ് ഖുതുബിയ്യത്ത്...

കേരളക്കരക്ക് ഖുത്ബിയ്യത്ത് എത്ര സുപരിചിതം. കേരളത്തിലുടനീളം ഖാദിരിയ്യാ ത്വരീഖത്ത് വളർന്നു പന്തലിച്ചുനിന്ന കാലത്താണ് ഖുത്ബിയ്യത്ത് രചിക്കപ്പെട്ടത്. അതുകൊണ്ട് ഖുത്ബിയ്യത്തിന് നല്ല സ്വീകാര്യതയായി...

ഹിജ്റ 1040-ൽ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) അവർകൾ തമിഴ്നാട്ടിലെ കായൽപട്ടണത്ത് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ശൈഖ് സുലൈമാനുൽ ഖാഹിരി (റ) മഹാപണ്ഡിതനും അക്കാലത്തെ ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു. സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ മാതാവ് ഫാത്വിമ പണ്ഡിതവനിതയും പുണ്യവതിയും ആയിരുന്നു...

ശൈഖ് സുലൈമാൻ ഖാഹിരി (റ) ഫാത്വിമ ദമ്പതികൾക്ക് ജനിച്ച അഞ്ച് പുത്രന്മാരും മഹാപണ്ഡിതന്മാരായി. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമാരുമായി. അവരിൽ മൂന്നാമനാണ് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ). കായൽപട്ടണത്തോട് ചേർന്നാണ് ഖാഹിരി എന്നു പറയുന്നത്.  അഞ്ചു ശൈഖുമാരുടെ ഉമ്മയായ ഫാത്വിമ എന്നവർ മഖ്ദൂം കുടുംബാംഗമാണ്. ഒരു ചെറിയ വിശദീകരണം ഇവിടെ ആവശ്യമുണ്ട്...

യമനിലെ മഹ്ബറിൽ നിന്നാണ് മഖ്ദൂം കുടുംബം വന്നത്. അവർ ആദ്യം താമസമാക്കിയത് തമിഴ്നാട്ടിലെ കടലോര പ്രദേശത്താണ്. അവർ താമസിച്ചത് കാരണം ആ പ്രദേശത്തിന് മഹ്ബർ എന്ന പേർ കിട്ടി...

മധുര, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി, നാഗൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഖ്ദൂം കുടുംബക്കാർ താമസിച്ചു. പിന്നീട് അവരിൽ ചിലർ കൊച്ചിയിൽ വന്നു താമസമാക്കി. ശൈഖ് സൈനുദ്ദീൻ ഒന്നാമൻ ഹിജ്റ 873-ൽ കൊച്ചിയിലാണ് ജനിച്ചത്. മഖ്ദൂമി പണ്ഡിതന്മാരെ കേരളത്തിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു പൊന്നാനിയിൽ വന്നു താമസമാക്കി. ശൈഖ് സൈനുദ്ദീൻ ഒന്നാമൻ പൊന്നാനിയിലെത്തി...

കേരളത്തിലെ മതപഠനം, ത്വരീഖത്ത്, ഖാളിസ്ഥാനം എന്നിവയെല്ലാം മഖ്ദൂമീങ്ങളുടെ നേതൃത്വത്തിലായി.  കായൽപട്ടണം മുതൽ മംഗലാപുരം വരെയുള്ള മഹല്ലുകളിൽ മഖ്ദൂമീങ്ങൾ ഖാളിമാരായി വന്നു. അവരിൽ പ്രമുഖരുടെ പേരിനു മുമ്പിൽ ശൈഖ് എന്നു കാണാം. അവർ ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്നു. കേരളത്തെ ത്വരീഖത്തിന്റെ വളക്കൂറുള്ള മണ്ണാക്കിമാറ്റിയത് ഈ ശൈഖുമാരാണ്. ജനങ്ങൾക്കിടയിൽ അവർ ബോധവൽക്കരണം നടത്തി...

ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച ഹിദായത്തുൽ അദ്കിയ ഇലാ ത്വരീഖിൽ ഔലിയ എന്ന കാവ്യം ഈ രംഗത്തെ മഹത്തായ സംഭാവനയാണ്. കേളത്തിലെ മതകലാലയങ്ങളിൽ വമ്പിച്ച പ്രാധാന്യത്തോടെ അദ്കിയ പഠിപ്പിച്ചുവന്നു...

ഖാഹിരികളും മഖ്ദൂമീങ്ങളും തമ്മിൽ വിവാഹബന്ധങ്ങളുണ്ടായി. ഇരുകൂട്ടരും ഖാദിരിയ്യ ശൈഖുമാർ...

ശൈഖ് മഖ്ദൂമല്ലാഹ് അഹമദിൽ യമനി  എന്ന മഹാന്റെ പുത്രി ഫാത്വിമയെ ശൈഖ് സുലൈമാനുൽ ഖാഹിരി (റ) വിവാഹം ചെയ്തു. അവർക്കു ജനിച്ച കുട്ടിയാണ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ). അദ്ദേഹം രചിച്ച ഖുത്ബിയ്യത്ത് പള്ളികളിലും വീടുകളിലും ധാരാളമായി പാരായണം ചെയ്തു...

ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രചാരം വർദ്ധിപ്പിച്ച കൃതിയാണ് ഖുത്ബിയ്യത്ത്. അതിലെ ഈരടികൾ ശ്രദ്ധിക്കൂ...

ശൈഖ് മുഹിയുദ്ധീൻ (റ) വിനെ അഭിസംബോധന ചെയ്തു കൊണ്ട് കവി പറയുന്നു...

(എന്റെ ത്വരീഖത്തിൽ പ്രവേശിക്കാനുദ്ദേശിക്കുന്നവർക്ക് വേണ്ടി തീർച്ചയായും എന്റെ ഈ കൈ സദാ നിലകൊള്ളുന്നതാണ്  സന്മാർഗമാഗ്രഹിക്കുന്ന ആളുകൾ ഈ വഴി മുഖേന വിജയം വരിക്കുന്നു)

 ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമാർ അന്ത്യനാൾ വരെ ഉണ്ടാകുമെന്ന് സാരം. അവരിൽ നിന്ന് ബൈഅത്ത് ചെയ്തു ചിട്ടയോടെ ജീവിച്ചവർ സൗഭാഗ്യവാന്മാർ. ഖാഹിരികളോടും മഖ്ദൂമികളോടും ബന്ധപ്പെട്ടതാണ് കോഴിക്കോട് ഖാളി കുടുംബം. ഖാളി കുടുംബത്തിലെ പ്രമുഖരെല്ലാം ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമാരായിരുന്നു...

ഖാളി ഒന്നാമൻ മഹാപണ്ഡിതനും, നേതാവും, സാഹിത്യ പ്രവർത്തകനുമായിരുന്നു. അദ്ദേഹം  മുഹിയുദ്ധീൻ മാല രചിച്ചു.  അറബി മലയാള സാഹിത്യത്തിൽ കണ്ടെടുക്കപ്പെട്ട രചനകളിൽ ഏറ്റവും പഴക്കം ചെന്നതാണ് മുഹിയുദ്ധീൻ മാല...

ശൈഖ് മുഹിയുദ്ധീൻ (റ)വിനെ സാധാരണക്കാർക്കു പോലും മനസ്സിലാവുന്ന രീതിയിൽ മാലയിൽ വിവരിക്കുകയാണ്...

എല്ലാ വിഭാഗം ജനങ്ങളെയും ഖാദിരിയ്യഃ ത്വരീഖത്തിലേക്ക് ക്ഷണിക്കുകയാണ് മുഹിയുദ്ധീൻ മാലയിലൂടെ ഖാളി മുഹമ്മദ്  (റ) അവർകൾ ചെയ്യുന്നത്...

തന്റെ ത്വരീഖത്ത് അന്ത്യനാൾ വരെ നിലനിൽക്കുമെന്ന ശൈഖ് അബ്ദുൽ ഖാദർ (റ) അവർകളുടെ വചനം ഖാളി മുഹമ്മദ് (റ) മാലയിൽ ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഈ വരി ശ്രദ്ധിക്കൂ...

_എല്ലാരെ കോഴിയും കൂകിയടങ്ങുമേ  മുഹിയുദ്ധീൻ ഖിയാമത്തോളം കൂകും_

ശൈഖ് മുഹിയുദ്ധീൻ (റ)വിന്റെ മുരീദാവാൻ കവി ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. നോക്കൂ...

_ആഖിറം തന്നെ കൊതിയുള്ള ലോകരേ  അവരെ മുരീദായിക്കൊള്ളുവിൻ അഫോളേ_

യഥാർത്ഥ ഖാദിരിയ്യ ത്വരീഖത്തിന്റെ ഏത് കാലത്തുള്ള ശൈഖുമായി ബൈഅത്ത് ചെയ്തവനും ശൈഖ് മുഹിയുദ്ധീൻ (റ) വിന്റെ മുരീദാകുന്നു...

ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കാൻ വൈമനസ്യം കാണിച്ചവരോട് മാലയിൽ ഒരു ചോദ്യമുണ്ട്...

_ഇത്തിരെ ഫോരിശ ഉള്ളൊരു ശൈഖിനാ ഇട്ടേച്ചെവിടേക്ക് പോകുന്നു ലോകരേ_

ഖാളി മുഹമ്മദ് (റ) മാലയിൽ ഹൃദയ സ്പർശിയായ ഒരു പ്രാർത്ഥനയും നടത്തുന്നുണ്ട്...

മുഹിയുദ്ധീൻ മാലക്കു വേണ്ടി പ്രസംഗിക്കുന്നവരും, എഴുതുന്നവരും, വാദപ്രതിവാദത്തിൽ ഏർപ്പെടുന്നവരും, സുന്നത്ത് ജമാഅത്തിനുവേണ്ടി പ്രവർത്തിക്കുന്ന എല്ല സഹോദരങ്ങളും ഈ പ്രാർത്ഥന ആത്മാർത്ഥമായി ചൊല്ലണം. ചൊല്ലിക്കോളൂ...

_"ഞങ്ങളെല്ലാരും അവരെ മുരീദാവാൻ _ഞാങ്ങൾക്ക് ഉതവിതാ ഞങ്ങളെ നായനേ"_

ഈ പ്രാർത്ഥന ഫലപ്രദമായാൽ സുന്നത്ത് ജമാഅത്തിനു വേണ്ടി നിലക്കൊള്ളുന്ന ഒരാൾക്കും പരാജയം വരില്ല. അവർ ഭിന്നിക്കില്ല. ശിഥിലമാവില്ല. ശക്തി ചോർന്നുപോവില്ല.   വിജയത്തിനുമേൽ വിജയം വന്നു ഭവിക്കും. ഒറ്റക്കെട്ടായി നിലകൊള്ളും. ഏറ്റവും നല്ല സന്തോഷവാർത്ത അവർക്കാകുന്നു. ഇഹത്തിലും പരത്തിലും അവരാണ് ഉന്നതന്മാർ. ആത്മീയ വളർച്ച കൊതിക്കുന്നവർ തങ്ങളുടെ ശക്തി വർദ്ധിക്കണമെന്നാഗ്രഹിക്കുന്നവർ ഇഹപര വിജയം കാംക്ഷിക്കുന്നവർ ശൈഖ് അബ്ദുൽ ഖാദർ (റ)വിനെ ഓർക്കട്ടെ, അടുത്തറിയട്ടെ, മുരീദായിക്കൊള്ളട്ടെ...

ആശ്വാസവും, സമാധാനവും, സന്തോഷവും, സൗഭാഗ്യവും വന്നു ചേരും

സംഭവബഹുലമായ തൊണ്ണൂറ് വർഷങ്ങൾ അത് കടന്നുപോയിരിക്കുന്നു. സഫലമായ കാലം. ഇത് തൊണ്ണൂറ്റി ഒന്നാം വയസ്സ് ഹിജ്റ 561 കാലം റബീഉൽ ആഖിർ 11...

മരണത്തിന്റെ കാർമേഘപാളികൾ ഉരുണ്ടുകൂടി. എല്ലാം ശൈഖവർകൾ അറിയുന്നു. വേർപാട് ഇതാ എത്രയോ അടുത്തെത്തിയിരിക്കുന്നു.  ശരീരത്തിൽ വേദന പടർന്നു ശയ്യാവലംബിയായി. അദൃശ്യ പുരുഷന്മാരുടെ ആഗമനം. അവരുമായിട്ടാണ് കൂട്ട്. ജീവിച്ചിരിക്കുന്നവരിൽ നിന്നകന്നു.  മക്കളുണ്ട് സമീപം അവർ അന്ത്യോപദേശം കേൾക്കാൻ കാത്തിരിക്കുന്നു. പല നാടുകളിൽ നിന്നെത്തിയ പ്രധാനികളായ മുരീദുമാരുണ്ട് അവർ ആകാംക്ഷാഭരിതരാണ്. അവരുടെ കാര്യത്തിലല്ല ശൈഖിന്റെ ശ്രദ്ധ. അവർക്കു കാണാനാവാത്ത ആരൊക്കെയോ വരുന്നു. അവർ കടന്നുവരട്ടെ. ആളുകൾ കൂട്ടം കൂടിനിന്ന് അവരെ ബുദ്ധിമുട്ടിക്കരുത്.  ആർക്കും ഒന്നും ചോദിക്കാൻ ധൈര്യം പോര. പുത്രൻ അബ്ദുൽ വഹാബ് മുമ്പോട്ട് വന്നു വിനയത്തോടെ ചോദിച്ചു...

ഉപ്പാ... അങ്ങയുടെ കാലശേഷം ഞങ്ങൾ ചെയ്യേണ്ട കർമ്മങ്ങൾ എന്തൊക്കെയാണ്..?

ശൈഖ് അവർകൾ മറുപടി നൽകി. അല്ലാഹുﷻവിനോട് ഭയഭക്തി കാണിക്കുക. അവനെ മാത്രം ഭയപ്പെടുക. മറ്റാരെയും ഭയപ്പെടരുത്. എല്ലാ ആവശ്യങ്ങളും അല്ലാഹുﷻവിനോട് ചോദിക്കുക. മറ്റാരോടും ചോദിക്കരുത്. മറ്റാരെയും ആശ്രയിക്കരുത്. എന്തിനും അല്ലാഹുﷻവാണ് ആശ്രയം. അവൻ ഏകനാകുന്നു. അവന്റെ ഏകത്വമാണ് സർവ്വതിന്റെയും കാതൽ...

പിന്നെ നിശബ്ദനായി... സംസാരമില്ല. പക്ഷെ ഖൽബ് ഇളകി മറിയുന്നു. ഖൽബിൽ നിറയെ ദിക്റുകൾ... ശൈഖ് അവർകൾ കണ്ണ് തുറന്നു മക്കളെ നോക്കി... എന്നിട്ടിപ്രകാരം പറഞ്ഞു:

ബാഹ്യമായി ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. യഥാർത്ഥത്തിൽ ഞാൻ നിങ്ങളിൽ നിന്ന് എത്രയോ അകലെയാണ്. നിങ്ങളല്ലാത്ത മറ്റൊരു വിഭാഗത്തിനൊപ്പമാണ് ഞാനുള്ളത്. എന്റെ സന്നിധിയിൽ പലരും എത്തിക്കഴിഞ്ഞു. നിങ്ങൾ മാറി നിൽക്കൂ, അവർക്ക് വിശാലത നൽകൂ, തടസ്സമുണ്ടാക്കരുത്...

ശൈഖ് സലാം മടക്കിക്കൊണ്ടിരുന്നു.

വഅലൈക്കുമുസ്സലാം വറഹ്മുല്ലാഹി വബറക്കാത്തുഹു... അല്ലാഹു ﷻ എന്റെയും നിങ്ങളുടെയും തൗബ സ്വീകരിക്കട്ടെ... സംസാരം നിലച്ചു. ദിക്റുകളിൽ മുഴുകിപ്പോയി... സമയം ഇഴഞ്ഞു നീങ്ങി... ശൈഖ് വീണ്ടും സലാം മടക്കുന്നു. കൈ വീശുന്നു. ശൈഖ് സംസാരിച്ചു...

നമ്മെ ഏറ്റെടുത്തവൻ അല്ലാഹുﷻവാണ്. പിന്നെ മറ്റാരെ ഭയപ്പെടണം.  നിങ്ങൾ അല്ലാഹുﷻവിലേക്ക് മടങ്ങുവിൻ. വരവേൽക്കുന്ന സമയം നിങ്ങൾ ഒന്നാം നിരയിൽ തന്നെ വേണം...

ശൈഖ് അബ്ദുൽ അസീസ് (റ) മെല്ലെ ചോദിച്ചു ...

ഉപ്പാ... അങ്ങയുടെ വേദന എങ്ങനെയുണ്ട്..?

മറുപടി ഇങ്ങനെ : ഒരാളും ഒന്നിനെപ്പറ്റിയും എന്നോട് ചോദിക്കരുത്. ഞാൻ ഇൽമിൽ കിടന്നു മറിയുകയാണ്...

ഓരോ പുത്രൻമാർ ഇടക്കിടെ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നു. ഇടക്കിടെ മറുപടി പറയുന്നു...

എന്റെ ശരീരത്തിലെ ഓരോ അവയവവും വേദനിക്കുന്നു. കഠിനമായ വേദന. ഖൽബിനു മാത്രം വേദനയില്ല. അത് ശാന്തമാണ്. അത് അല്ലാഹുﷻവിനോടൊപ്പം ആനന്ദം കൊള്ളുന്നു...

അല്ലാഹു ﷻ അവനാണ് പരിശുദ്ധൻ. എല്ലാ സഹായങ്ങളും അവനിൽ നിന്നാണെനിക്ക് ലഭിച്ചത്. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. എന്നെന്നും ജീവിക്കുന്നവൻ. അവൻ വിശുദ്ധനാണ്...   സമയം സമാഗതമായി കാത്തിരുന്ന നിമിഷങ്ങളെത്തി. ആ വാക്കുകൾ പുറത്തു വന്നു. അവസാനത്തെ വാക്കുകൾ...

ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹി.... അല്ലാഹ് ....അല്ലാഹ് ...
ആത്മാവ് ശരീരത്തിൽ നിന്ന് വേർപ്പെട്ടുപോയി...

"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ..."

മഹത്തായ മുഹിയുദ്ധീൻ മാലയിലെ ഈ വരികൾ ഓർക്കുക

_നാൽഫതിറ്റാണ്ടോളം വഅള് പറഞ്ഞോവർ നന്നായി തൊണ്ണൂറ് കാലം ഇരുന്നോവർ_

ശൈഖ് അവർകൾ നാൽപ്പത് കൊല്ലം വഅള് പറഞ്ഞു സേവന നിരതനായി. തൊണ്ണൂറ് കൊല്ലം ജീവിച്ചു. തൊണ്ണൂറ് കഴിഞ്ഞാണ് വഫാത്ത്...

ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) വഫാത്തായി. മഹാനവർകളുടെ സന്ദേശം ലോകമെങ്ങും എത്തിക്കാനുള്ള ശ്രമം ശക്തമായി തുടർന്നു. ശൈഖ് അവർകളുടെ മക്കളും മുരീദുമാരും ഈ ശ്രമത്തിന് നേതൃത്വം നൽകി...

'ഫത്ഹു റബ്ബാനി' 'ഫത്ഹുൽ ഗൈബ്' എന്നിവ ശൈഖ് അവർകളുടെ പ്രസംഗങ്ങളുടെ സമാഹാരങ്ങളാണ്. ശൈഖിന്റെ സന്ദേശം അതുൾക്കൊള്ളുന്നു. ഇവക്ക് നിരവധി പ്രതികളുണ്ടായി. അച്ചടി വന്ന ശേഷം പല നാടുകളിൽ നിന്നായി നിരവധി പതിപ്പുകൾ അച്ചടിക്കപ്പെട്ടു. നിരവധി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. ലോകമെങ്ങും പ്രചരിച്ചു...

വിദൂര ദിക്കുകളിൽ ത്വരീഖത്ത് പ്രചരിപ്പിച്ച മഹാന്മാരുടെ പേരുകൾ ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം...

യമനിലെ ത്വരീഖത്ത് പ്രചാരണത്തിന് നേതൃത്വം വഹിച്ചത്, ശൈഖ് അലി അൽ ഹദ്ദാദ് അവർകളാകുന്നു...

സിറിയയിൽ പ്രചാരണം നടത്തിയതിൽ പ്രമുഖൻ ശൈഖ് മുഹമ്മദ് അൽ ബത്വാഇഹിയാകുന്നു. ശൈഖ് മുഹമ്മദ് ബ്നു അബ്ദുസ്സമദ് ഹിജാസിൻ പ്രചരിപ്പിച്ചു...

പേർഷ്യ വഴി ഖാദിരിയ്യാ ത്വരീഖത്ത് ഉത്തരേന്ത്യയിലെത്തി. യമനിൽ നിന്നാണ് കേരളത്തിലെത്തിയത്...

ഇന്ത്യയിൽ ദക്കാനിലും മലബാറിലുമാണ് ഖാദിരി ത്വരീഖത്ത് ആദ്യമെത്തിയതെന്ന് ചരിത്രം പറയുന്നു. ദക്കാനിൽ മീർ നൂറുല്ലയാണ് നേതൃത്വം വഹിച്ചത്. ദക്കാൻ ഭരിച്ച ബാമിനി സൂൽത്താന്മാർ ഖാദിരി മാർഗ്ഗം പ്രോത്സാഹിപ്പിച്ചു...

ഖാദിരികളുടെ ആസ്ഥാനം പല നാടുകളിൽ പല പേരുകളിലാണ് അറിയപ്പെട്ടത്. സാവിയ, റുബാത്ത്, ഖാൻഖാഹ്, തഖിയ്യ തുടങ്ങിയ പേരുകൾ പ്രസിദ്ധമായി. പലരും അതിനു നൽകിയ മലയാള പരിഭാഷ പർണ്ണശാല എന്നാകുന്നു. ശൈഖും ഒരു കൂട്ടം മുരീദുമാരും താമസിക്കുന്ന കേന്ദ്രം. ഒരു കേന്ദ്രത്തിൽ നൂറുകണക്കിനാളുകൾ കാണും...

ഇസ്താംബൂളിൽ ഖാദിരി മാർഗ്ഗം പ്രചരിപ്പിച്ചത് ഇസ്മാഈൽ റൂമി അവർകളാകുന്നു. തോപ് ഖാന എന്ന സ്ഥലത്ത് അദ്ദേഹം റുബാത്ത് സ്ഥാപിച്ചു എന്നു കാണുന്നു.

ക്രിസ്താബ്ദം പതിനഞ്ചാം നൂറ്റാണ്ടിൽ ദമസ്കസിൽ സാവിയ നിർമ്മിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ ലോകത്തിന്റെ പല ഭാഗത്തും ഇത്തരം കേന്ദ്രങ്ങൾ വന്നിട്ടുണ്ട്.

ഇസ്താംബൂളിൽ ഖാദിരി മാർഗ്ഗം പ്രചരിപ്പിച്ച ഇസ്മാഈൽ റൂമിയെ ചരിത്രം പീർസാനി (പീർ:ശൈഖ്, സാനി:രണ്ടാം) എന്ന് വിളിക്കുന്നു അമ്പതോളം തഖിയ്യകൾ സ്ഥാപിച്ച മഹാനാണ് ഇദ്ദേഹം.

ഗൗസുൽ അഹ്ളമിന്റെ ശിഷ്യൻ ശൈഖ് മുഹമ്മദ് ഹുസൈൻ ജീലാനി (റ) ഇന്ത്യയിൽ വരികയും മുൾട്ടാന് സമീപമുള്ള ഉച്ച് എന്ന സ്ഥലത്ത് ഖാൻഖാഹ് സ്ഥാപിക്കുകയും ചെയ്തു. ഉച്ച് മുസ്ലിം കേന്ദ്രമായി മാറി...

മുൾട്ടാനിൽ ശൈഖ് മൂസ അവർകളും, ലാഹോറിൽ ശൈഖ് ദാവൂദ് അവർകളും, കാശ്മീരിൽ നാവുഷാ ഗഞ്ച് ബക്ഷ് അവർകളും, ദൽഹിയിൽ അബുൽ ഫതഹ് മക്കി, ശൈഖ് അബ്ദുൽ ഹഖ് എന്നിവരും, പഞ്ചാബിൽ മിയാൻമീർ അവർകളും ഖാദിരി ത്വരീഖത്ത് പ്രചരിപ്പിച്ചു. ഷാജഹാൻ ചക്രവർത്തിയുടെ മകൻ ദാര ഖാദിരി മാർഗ്ഗം സ്വീകരിച്ചു.

സൂഫിസത്തിന്റെ ആദ്യ കേന്ദ്രങ്ങൾ ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവയാകുന്നു. ആദ്യകാല സൂഫികളിൽ മൂന്നു പ്രധാനികളുണ്ട്
ക്രിസ്തുവർഷം 815-ൽ മരണപ്പെട്ട മഹ്റൂഫുൽ കർഖി (റ),
ക്രി. 865 -ൽ മരണപ്പെട്ട സരിയ്യുസ്സിഖ്തി (റ), ക്രി. 910 മരണപ്പെട്ട ജുനൈദുൽ ബഗ്ദാദി (റ)

മരണപ്പെട്ട ക്രമം ശ്രദ്ധിക്കുക നബി ﷺ തങ്ങളുടെ ഏഴാം തലമുറക്കാരനായ പേരക്കുട്ടി സയ്യിദ് അലിയ്യുരിളാ (റ)വിന്റെ ശിഷ്യനാണ് മഹ്റൂഫുൽ കർഖി (റ). അദ്ദേഹത്തിന്റെ ശിഷ്യനാണ് സരിയ്യുസ്സിഖ്തി(റ). ഇദ്ദേഹത്തിന്റെ സഹോദരി പുത്രനും പ്രധാന ശിഷ്യനുമാണ് മഹാനായ ജുനൈദുൽ ബഗ്ദാദി (റ)...

ഇനിയൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നബിﷺയിൽ നിന്ന് തുടങ്ങി ശൈഖ് മുഹിയുദ്ധീൻ (റ) വരെയുള്ള ആത്മീയ ഗുരുക്കന്മാരുടെ പരമ്പര (സിൽസില) യിൽ ഈ മൂന്നു മഹാന്മാരുണ്ട്...

സിൽസില മശാഇഖന്മാരുടെ പേര് വിളിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഈ മൂന്ന് മഹാന്മാരും ഉൾപ്പെടുന്നുവെന്നത് വലിയൊരു മഹത്വം തന്നെയാണ്.

സൂഫി കേന്ദ്രങ്ങളെ ഖാൻഖാഹ് എന്നു വിളിച്ചു തുടങ്ങിയത് ഖുറാസാൻകാരാണ്. മധ്യ പൗരസ്ത്യ ദേശത്തും വടക്കൻ ആഫ്രിക്കൻ മേഖലയിലും ഇവ റുബാത്തുകളാണ്...

പിൽക്കാലത്ത് പല രാജ്യങ്ങളിൽ പല പേരുകളായി ജമാഅത്ത്, ഖാന, സാവിയ, തഖിയ്യ, തക്വാവ് തുടങ്ങിയവ...

സൂഫികളെക്കുറിച്ചു പറയുമ്പോൾ മറക്കാൻ പാടില്ലാത്ത പേരാണ്  അബൂ യസീദിൽ ബിസ്താമി (റ). ക്രി.878 - ൽ മരണപ്പെട്ട ആദ്യകാല സൂഫീവര്യൻ. ഖുറാസാനിലെ സൂഫികളിൽ പ്രമുഖൻ. ക്രി.861 - ൽ മരണപ്പെട്ട ദുആൻ മിസ്വരി (റ) ഈജിപ്തിലെ ആദ്യകാല സൂഫിയാണ്...

ശൈഖ് അബ്ദുൽ ഖാദർ (റ) ജനിക്കുന്നതിന്റെ മൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പാണ് മാലിക്കു ദീനാർ കേരളത്തിൽ വന്നതെന്നും, അദ്ദേഹം ആദ്യകാല സൂഫിവര്യനായ ഹസൻ ബസരിയുടെ ശിഷ്യനായിരുന്നുവെന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...

ഏഷ്യൻ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ പ്രമുഖരായ വ്യാപാരികളിൽ നല്ലൊരു വിഭാഗം ഖാദിരികളായിരുന്നു. ഈ ഭൂഖണ്ഡങ്ങളിൽ ഇസ്ലാം മതം പ്രചരിക്കുന്നതിൽ അവർ മുഖ്യ പങ്ക് വഹിച്ചു...

കൊറമാണ്ടൽ തീരത്ത് നിന്ന് ഖാദിരി മാർഗ്ഗം കേരളത്തിലെത്തി കൊറമാണ്ടലിൽ യമനിൽ നിന്നുള്ള അറബി വ്യാപാരികൾ എത്തിക്കൊണ്ടിരുന്നു...

മഅബർ എന്നറിയപ്പെടുന്നതും ഈ പ്രദേശമാണ്. ഇവിടെ നിന്നാണ് മഖ്ദൂമീങ്ങൾ വന്നത്. മദ്ഖൂമീങ്ങൾ വരുന്നതിന്റെ എത്രയോ വർഷം മുമ്പ് ഖാദിരി മാർഗ്ഗം കേരളത്തിലെത്തി എന്നതിനും രേഖയുണ്ട്...

ശൈഖ് ഫരീദുദ്ദീൻ അബ്ദുൽ ഖാദർ ഖുറാസാനി എന്ന മഹാൻ ഖാദിരി ത്വരീഖത്തത് കേരളത്തിലെത്തിച്ചു എന്നാണ് രേഖ...

പണ്ഡിതന്മാർക്കു പുറമെ കച്ചവടക്കാരും സാധാരണക്കാരുമൊക്കെ മഖ്ദൂമുമാരുടെ മുരീദന്മാരായിരുന്നുവെന്ന് രേഖകളിൽ കാണുന്നു.

ഖലന്തർ എന്ന പേരിൽ ചില  പ്രമുഖർ അറിയപ്പെട്ടു. കുഞ്ഞാലി മരക്കാർ ഈ പേരിലറിയപ്പെട്ടു...

പാശ്ചാത്യർക്കെതിരെ ഇന്ത്യയുടെ ഏത് ഭാഗത്ത് നടന്ന സമരത്തിലും മുൻനിരയിൽ നിന്നത് ത്വരീഖത്ത് സ്വീകരിച്ച ധീരയോദ്ധാക്കളായിരുന്നു.

മുഹിയുദ്ധീൻ മാല രചിച്ച മഹാനായ ഖാളി മുഹമ്മദ് തന്റെ പുത്രന് മുഹിയുദ്ധീൻ എന്ന് പേരിട്ടു. ഖാദിരിയ്യ ത്വരീഖത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതനാണ് ഇപ്പറഞ്ഞ മുഹിയുദ്ധീൻ...

ഇദ്ദേഹത്തിന്റെ പുത്രനാണ് ഖാളി അബ്ദുസ്സലാം. ഇദ്ദേഹത്തിന് വളരെക്കാലം മക്കളില്ലായിരുന്നു.

ഇക്കാലത്ത് കായൽപട്ടണത്ത് നിന്ന് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) കോഴിക്കോട്ടു വന്നു.  മുച്ചുന്താപ്പള്ളിയിലും ജുമുഅത്ത് പള്ളിയിലും ഖാഹിരി കുറെ നാൾ താമസിച്ചു. ഖാളി അബ്ദുസ്സലാം ഖാഹിരി  അവർകളുടെ മുമ്പിൽ സങ്കടം ബോധിപ്പിച്ചു. ഖാഹിരി ദുആ ഇരന്നു...

ഖാളി അബ്ദുസ്സലാമിന് കുട്ടി ജനിച്ചു. കുട്ടിക്ക് സദഖത്തുല്ല എന്ന് പേരിട്ടു. പിന്നീട് ഈ കുട്ടി ഖാളി സദഖത്തുല്ല എന്ന പേരിൽ പ്രസിദ്ധനായി. സദഖത്തുല്ലാഹിൽ ഖാഹിരി രചിച്ച ഖുത്ബിയ്യത്ത് കേരളത്തിൽ വളരെ പ്രചാരത്തിൽ വന്നു...

ശൈഖ് അബ്ദുൽ ഖാദർ (റ) വാഴ്ത്തുന്ന നിരവധി കവിതകൾ അറബിയിലും അറബി മലയാളത്തിലും രചിക്കപ്പെട്ടു. അറബീ മലയാളത്തിൽ ചരിത്രവും വന്നു. ഫുത്തൂഹുൽ ഗൈബിന് അറബി മലയാളം പരിഭാഷ വന്നു...

രസിക ശിരോമണി കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടും, നൂൽ മദ്ഹും ശൈഖ് ജീലാനിയെ വാഴ്ത്തുന്നതാണ്. കുഞ്ഞായിൻ മുസ്ലിയാർ ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും പ്രചാരകനുമായിരുന്നു. കുഞ്ഞിമരക്കാർ ശഹീദ് അവർകൾ മഖ്ദൂമിന്റെ മുരീദായിരുന്നു...

മുഹിയുദ്ധീൻ ബൈത്ത്, മുഹിയുദ്ധീൻ മൗലീദ്, മുഹിയുദ്ധീൻ റാത്തീബ് എന്നിവ പ്രചാരത്തിൽ വന്നു. കുഞ്ഞുങ്ങൾക്ക് മുഹിയുദ്ധീൻ പേര് വെക്കാൻ തുടങ്ങി...

മൊയ്തീൻ, മൊയ്തുട്ടി, മൊയ്തുണ്ണി, മൊയ്തു, മൊയ്തീൻ കുട്ടി, കുഞ്ഞിമൊയ്തീൻ, മൊയ്തീൻ കുഞ്ഞി  തുടങ്ങിയ നിരവധി പേരുകളുടെ യഥാർത്ഥ രൂപം മുഹിയുദ്ധീൻ ആകുന്നു...

വെള്ളക്കാർക്കെതിരെ സമരം നയിച്ച ധീര പോരാളികൾക്ക് ആത്മീയ വെളിച്ചം നൽകിയ മമ്പുറം സയ്യിദലവി തങ്ങൾ  (ഖ.സി.) അവർകളും മകൻ സയ്യിദ് ഫസൽ തങ്ങളുമെല്ലാം ത്വരീഖത്തിന്റെ ശൈഖുമാരായിരുന്നു...

അവർ നമുക്ക് നൽകിയ ആത്മീയ വെളിച്ചം നാം കെടാതെ സൂക്ഷിക്കുക...
അടുത്ത തലമുറക്ക് കൈമാറുക...
അതാണ് നമ്മുടെ കടമ.
അല്ലാഹു അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

No comments:

Post a Comment