Saturday 2 December 2017

അമ്മാറുബ്നു യാസിർ (റ)






ക'അബ കണ്ടു കഴിയാം





ചരിത്രപ്രസിദ്ധമായ പല പ്രദേശങ്ങളുള്ള നാടാണ് യമൻ പൗരാണിക നാഗരിതയുടെ നാട് പ്രകൃതി രമണീയമായ ഒരു ഗ്രാമം അധ്വാനശീലരായ മനുഷ്യർ ഗ്രാമീണർക്ക് സുപരിചിതനാണ് ആമിർ 

നന്നായി അധ്വാനിച്ചു കുടുംബം നോക്കുന്ന മാന്യ വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ് മാലിക് ഗ്രാമീണർക്ക് പ്രിയങ്കരനായിരുന്നു മാലികിന്റെ പിതാവ് കിനാനയും പ്രസിദ്ധനായിരുന്നു 

ആമിറിന്റെ കുടുംബം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിച്ചു കുടുംബാംഗങ്ങൾ നന്നായി അധ്വാനിക്കും അതുകൊണ്ട് അല്ലലില്ലാതെ ജീവിക്കാൻ കഴിഞ്ഞു 

ആമിറിന്റെ മകനാണ് യാസിർ 

യാസിറും അധ്വാനശീലനാണ് പരുക്കൻ സാഹചര്യങ്ങളോട് പട പൊരുതി ജീവിച്ചു ആരോഗ്യമുള്ള ശരീരം ആരോഗ്യമാണ് യാസിറിന്റെ കൈമുതൽ 

ആമിറിന്റെ ഒരു മകനെ കാണാതെ പോയി നാട് വിട്ടതാണ് അത് കുടുംബത്തിൽ ദുഃഖം പരത്തി കാലമേറെ ചെന്നപ്പോൾ മകൻ മക്കയിലുണ്ടെന്ന് വിവരം കിട്ടി യമനിൽ നിന്ന് ധാരാളമാളുകൾ മക്കയിലെ കഹ്ബ സന്ദർശിക്കാൻ പോവാറുണ്ട് കാണാതെ പോയ പലരെയും മക്കത്ത് വെച്ച് കണ്ടുമുട്ടിയ അനുഭവമുണ്ട് 

യമനിൽ ലോകപ്രസിദ്ധമായ മാർക്കറ്റ് ഉണ്ടായിരുന്നു അറബ് ഗോത്രങ്ങൾ കച്ചവട ചരക്കുകളുമായി യമനിൽ എത്തിയിരുന്നു മക്കയിൽ നിന്ന് വരുന്ന കച്ചവടക്കാരിലൂടെ മക്കത്തെ വിവരങ്ങൾ യമനിൽ എത്തിക്കൊണ്ടിരുന്നു 

ആമിറിന്റെ മകൻ യാസിർ മക്കത്തേക്ക് പോവാൻ തയ്യാറായി സഹോദരനെ അന്വേഷിച്ചുള്ള യാത്ര മരുഭൂമിയിലൂടെ ദീർഘയാത്ര നടത്തി മക്കത്തെത്തി മക്ക ഒരത്ഭുത ലോകമായിട്ടാണ് യാസിർ കണ്ടത് ലോക പ്രസിദ്ധമായ കഹ്ബ 
കഅബ ചുറ്റാനെത്തുന്ന ജനവിഭാഗങ്ങൾ ഏതെല്ലാം നാട്ടുകാർ പല ഭാഷക്കാർ പല വർണ്ണത്തിലുള്ളവർ പല രീതിയിൽ വസ്ത്രം ധരിച്ചവർ എല്ലാവരും ഇവിടെ ഒരുമിച്ചു ചേരുന്നു ഇതുപോലെ മറ്റൊരിടമില്ല ഈ സ്ഥലം വിട്ടുപോവാൻ കഴിയുന്നില്ല കഹ്ബയുടെ സമീപം താമസിക്കാൻ മോഹം  യാസിർ മക്കായുടെ ഭാഗമായി മാറുകയായിരുന്നു യാസിർ സഹോദരനെ കണ്ടിരിക്കാം നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരിക്കാം  യാസിർ തന്നെ പലതവണ നാട്ടിൽ പോയി വന്നിരിക്കാം കുടുംബ ബന്ധങ്ങൾ സൂക്ഷിക്കാൻ അതൊക്കെ വേണമല്ലോ യാസിർ മക്കയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചുവെന്നത് ചരിത്രം താമസിക്കുമ്പോൾ ഒരു സംരക്ഷികൻ വേണം കൊള്ളാവുന്ന ഒരാളുമായി സൗഹാർദ്ദക്കരാർ ഉണ്ടാക്കണം എങ്കിൽ പിന്നെ പേടിക്കാനില്ല  ഒറ്റപ്പെട്ടാൽ ആരെങ്കിലും പിടിച്ചു കൊണ്ടുപോവും അടിമച്ചന്തയിൽ വിറ്റ് കളയും മുഗീറയുടെ മകൻ അബൂഹുദൈഫ  പൊതുകാര്യ പ്രസക്തൻ സമ്പന്നൻ മികച്ച കച്ചവടക്കാരൻ മക്കയിലെ നേതാക്കാൾക്ക് പ്രിയങ്കരൻ 

മുഗീറയുടെ മകൻ അബൂഹുദൈഫയുമായിട്ടാണ് യാസിർ കരാറുണ്ടാക്കിയത്  ബനൂ മഖ്സൂം ഗോത്രക്കാരനാണ് അബൂഹുദൈഫ   ഈന്തപ്പനത്തോട്ടങ്ങളും ,ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളുമെല്ലാം മഖ്സൂം ഗോത്രത്തിന്റെ ഉടമസ്ഥതയിലുണ്ട് ധാരാളം തൊഴിലുകൾ തൊഴിലെടുക്കാൻ എത്രയോ അടിമകൾ വേലക്കാർ വേറെയും 

ബനൂമഖ്സൂം ഗോത്രക്കാരുടെ തൊഴിലാളികളിലൊരാളായി മാറി  യാസിർ പകലന്തിയോളം പണിയെടുക്കും ജോലിയിൽ നല്ല കണിശത പാലിക്കും എല്ലാ കാര്യത്തിലും ആത്മാർത്ഥത സന്ധ്യാ നേരത്ത് പുറത്തേക്കിറങ്ങും മക്കയിലെ തെരുവുകളിലൂടെ നടക്കും ഒരു സായാഹ്ന യാത്ര ആ യാത്ര ചെന്നവസാനിക്കുന്നത് കഹ്ബാലയത്തിനു സമീപം  പിന്നെ അവിടെ ഇരിക്കും കഹ്ബ നോക്കിയിരിക്കും 

ഇബ്രാഹിം നബി  (അ) മകൻ ഇസ്മാഈൽ (അ),ഇരുവരും ചേർന്ന് പണിതുയർത്തിയ കഹ്ബാലയം

അക്കാലം മുതൽ ഇവിടെ ത്വവാഫ് നടക്കുന്നു ഇന്നും അത് തുടരുന്നു സന്ധ്യാനേരത്ത്  ഇവിടെ ആളുകൾ ധാരാളം വന്നുകൂടുന്നു സ്വദേശികളും വിദേശികളും മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മല അബൂ ഖുബൈസ് മല 

യാസിർ അത്ഭുതത്തോടെ അബൂഖുബൈസ് മലയിലേക്ക് നോക്കി മക്കായുടെ ചരിത്രം ഒഴികിപ്പോയത് അബൂഖുബൈസിന്റെ മുമ്പിലൂടെയാകുന്നു 

ഹജറുൽ അസ്വദ് ,മഖാമു ഇബ്രാഹിം
സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെട്ട കല്ലുകൾ 

നൂഹ് നബി  (അ) ന്റെ കാലത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ ഹജറുൽ അസ്വദും മഖാമു ഇബ്രാഹീമും അബൂഖുബൈസ് മലയിലാണ് സൂക്ഷിക്കപ്പെട്ടത്  വെള്ളപ്പൊക്കത്തിൽ കഹ്ബ തകർന്നുപോയി  ചുമരുകൾ തകർന്നൊഴുകിപ്പോയി അടിത്തറ ബാക്കിയായി അതും ഇടിഞ്ഞു പൊളിഞ്ഞു എത്രയോ നൂറ്റാണ്ടുകൾ അങ്ങനെ കടന്നുപോയി ഇബ്രാഹിം  (അ)ന്റെ കാലം വന്നു കഹ്ബ പുതുക്കിപ്പണിയാൻ കൽപന വന്നു പിതാവും പുത്രനും അതിന് സന്നദ്ധരായി  ജിബ്രീൽ  (അ) എന്ന മലക്ക് നിഴൽ വിരിച്ചു കാണിച്ചുകൊടുത്തു നിഴൽ വീണ പ്രദേശമാണ് കഹ്ബ അത്രയും പ്രദേശത്ത് അടിത്തറ പണിയണം അതിൽ ചുമർ കെട്ടണം ഹജറുൽ അസ്വദ് വെക്കണം ജിബ്രീൽ  ( അ) അബൂഖുബൈസ് മലയിൽ നിന്ന് ഹജറുൽ അസ്വദും മഖാമു ഇബ്രാഹീമും കുഴിച്ചെടുത്തു  പിതാവും പുത്രനും ചേർന്നു കഅബ പുതുക്കിപ്പണിതു ചുമരുയർന്നപ്പോൾ ഹജറുൽ അസ്വദ് വെച്ചു  ഇബ്രാഹിം  (അ) കയറിനിന്ന കല്ലാണ് മാഖാമു ഇബ്രാഹിം ചുമർ കെട്ടിക്കൊണ്ടിരുന്നപ്പോൾ കല്ല് നാല് ഭാഗത്തും നീക്കിയിട്ടുകൊണ്ടിരുന്നു  പിന്നെയത് കഹ്ബായുടെ മുൻഭാഗത്ത് തന്നെയിട്ടു യാസിർ പലരിൽ നിന്നും കേട്ട അറിവുകൾ കേട്ടറിഞ്ഞ കാര്യങ്ങൾ ഓർക്കാനെന്ത് രസം കഹ്ബായുടെ സമീപം കഴിഞ്ഞുകൂടാൻ അവസരം കിട്ടിയത് തന്നെ വലിയൊരു സൗഭാഗ്യം കഹ്ബ കണ്ടു കഴിയാം താനിരിക്കുന്ന മണൽത്തരികൾ  എത്രയോ പുണ്യാത്മാക്കളുടെ പാദങ്ങൾ പതിഞ്ഞ മണൽത്തരികൾ  എത്രയോ പ്രവാചകന്മാർ ഇതിലൂടെ നടന്നുപോയിട്ടുണ്ട് ഔലിയാക്കൾ ആരിഫീങ്ങൾ സ്വാലിഹീങ്ങൾ അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചു ജീവിച്ച സജ്ജനങ്ങൾ അതെല്ലാം പോയ കാലത്തിന്റെ കഥകൾ ഇന്നത്തെ അവസ്ഥ അതൊന്നുമല്ല ഇന്ന് കഹ്ബ നിറയെ ബിംബങ്ങൾ നോക്കി നടത്താൻ കുറെ ധിക്കാരികൾ അസ്വസ്ഥതയോടെ യാസിർ എഴുന്നേറ്റു ഇരുട്ടിലൂടെ ധൃതിയിൽ നടന്നു പോയി ..


ആമിറിന്നു പകരം അമ്മാർ 


യാസിർ കഠിനമായി ജോലി ചെയ്യുന്നു പൊള്ളുന്ന വെയിൽ വക വെക്കാതെ അധ്വാനിക്കുന്നു ശരീരത്തിലൂടെ വിയർപ്പൊഴുക്കുന്നു അബൂഹുദൈഫ കൗതുകത്തോടെ നോക്കുന്നു ഇവനെ വേലക്കാരനായി  കിട്ടിയത് തന്റെ ഭാഗ്യം യൗവ്വനം പൂത്തുലഞ്ഞു നിൽക്കുന്ന പ്രായം ഈ പ്രായത്തിലാണ് വിവാഹം കഴിക്കേണ്ടത് വിവാഹം യാസിറിനെ കൂടുതൽ ഊർജ്ജ സ്വലനാക്കും അത് നല്ലതാണ് കൂടുതൽ നന്നായി അദ്ധ്വാനിക്കും അതിന്റെ നേട്ടം അബൂഹുദൈഫക്കാണ് ഒരു കറുത്ത സുന്ദരിയുടെ മുഖം മനസ്സിൽ തെളിഞ്ഞു തന്റെ അടിമകളിൽ ഒരുവൾ ഈ വലിയ വീട്ടിൽ പല അടിമപ്പെൺക്കൊടിമാരുണ്ട് അവർക്കിടയിലെ അഴകുള്ള ചെറുപ്പക്കാരിയാണ്  സുമയ്യഃ

യാസിർ ഇവിടെ വരൂ അബുഹുദൈഫ വിളിച്ചു

യാസിർ വിനയത്തോടെ ഓടിവന്നു

നിനക്കൊരു വിവാഹം കഴിക്കണ്ടേ ? ഒരു കുടുംബജീവിതമൊക്കെ വേണ്ടേ ?

യാസിർ ഒന്നും പറഞ്ഞില്ല എല്ലാം ഇവിടത്തെ ഇഷ്ടംപോലെ 

നിനക്ക് പറ്റിയ ഒരു പെൺകുട്ടി ഇവിടെയുണ്ട് 

അത് കേട്ടപ്പോൾ മനസ്സിൽ ജിജ്ഞാസ വളർന്നു ആരായിരിക്കും അവൾ? തിളങ്ങുന്ന കണ്ണുകൾ അബൂഹുദൈഫ നോക്കി
യാസിറിന്റെ മുഖത്തെ ഭാവം അബൂഹുദൈഫ വായിച്ചെടുത്തു  ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ കടന്നുപോയി അബൂഹുദൈഫയുടെ നാവിൽ നിന്ന് ആ പേര് ഒഴികിവന്നു സുമയ്യഃ

യാസിറിന്റെ മനസ്സിൽ കൊള്ളിയാൻ വീശി ആഹ്ലാദം മനസ്സിലേക്കൊഴുകിയെത്തി 

സുമയ്യയെന്ന അടിമപ്പെൺകുട്ടി അവളെ ജീവിതസഖിയായി സ്വീകരിക്കുക  സുഖവും ദുഃഖവും പങ്കുവെക്കാൻ ഒരു പങ്കാളി  യാസിറിന്റെ മുഖത്ത് സന്തോഷം പരക്കുന്നത് അബൂഹുദൈഫ കണ്ടു ആ സംഭാഷണം അവിടെ അവസാനിച്ചു

യാസിർ തിരക്കുപിടിച്ച ജോലിയിലേക്കു മടങ്ങി അന്നത്തെ സായഹ്ന യാത്രക്ക് പ്രത്യേക സുഖം തോന്നി മക്കയിലെ തെരുവുകളിലൂടെ നടന്നു സന്ധ്യയുടെ തിരക്കു പിടിച്ച തെരുവുകൾ കച്ചവട കേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ട് നേർത്ത ഇരുളിന്റെ ആവരണമണിഞ്ഞ രണ്ട് മലകൾ സഫായും മർവയും ചരിത്ര സ്മരണകൾ അയവിറക്കി  അവയങ്ങിനെ ഉയർന്നു നിൽക്കുന്നു 

സഫാ മലക്ക് എന്തൊരുയരം  ഇതിന്റെ മുകളിലേക്കാണ് അന്ന് ഹാജറാ ബീവി ഓടിക്കയറിയത് എന്തൊരു ബദ്ധപ്പാടായിരുന്നു അന്ന് മക്കത്ത് ആൾപ്പാർപ്പില്ല വിജനമാണ് ഹാജറാബീവിയും കൈക്കുഞ്ഞും മാത്രം കൈയിൽ കരുതിയ വെള്ളം തീർന്നു കുഞ്ഞിന് ദാഹം വന്നു അത് കൈകാലിട്ടടിച്ച് കരയാൻ തുടങ്ങി ഉമ്മാക്ക് സഹിക്കാനാകുമോ ? ഉമ്മ വെള്ളമന്വേഷിച്ചിറങ്ങി സഫായുടെ ഉച്ചിവരെ ഓടിക്കയറി ദൂരേക്ക് നോക്കി  എവിടെയും വെള്ളത്തിന്റെ തിളക്കമില്ല മനുഷ്യരുടെ ചലനമില്ല സർവ്വത്ര വിജനം  പോയതിനെക്കാൾ വേഗത്തിൽ ഓടിയിറങ്ങി മോൻ കരച്ചിൽ തന്നെ അകലെ മർവ മല മർവയെത്തുംവരെ ഓടി തളർന്നുപോയി ശരീരം വിയർപ്പിൽ കുളിച്ചു  ഒരിറക്കു വെള്ളത്തിനുവേണ്ടി മർവായുടെ ഉച്ചിയിലേക്ക് ഓടിക്കയറി പ്രതീക്ഷയോടെ ചുറ്റും നോക്കി നിരാശ മാത്രം മർവാ ഓടിയിറങ്ങി കുഞ്ഞിന്റെയടുത്ത് പാഞ്ഞെത്തി അത് കരച്ചിൽ തുടരുന്നു ഒരിറ്റ് വെള്ളത്തിനുവേണ്ടിയുള്ള നിർത്താത്ത കരച്ചിൽ മാതൃഹൃദയം വെന്തുരുകി വീണ്ടും സഫായുടെ മുകളിലേക്ക് അവിടെ നിന്നിറങ്ങി മർവായിലേക്ക് മർവായിൽ നിന്നിറങ്ങി സഫായിലേക്ക്  ഓടി തളർന്നവശയായി കുഞ്ഞിന്റെയരികിൽ ഓടിയെത്തി അപ്പോൾ അത്ഭുതം സംഭവിച്ചു മരുഭൂമിയിൽ ഉറവ പൊട്ടി കുഞ്ഞ് കാലിട്ടടിച്ച സ്ഥലം അവിടെ ജിബ്രീൽ  (അ) ചിറകിട്ടടിച്ചു സംസം പൊട്ടിയൊഴുകി  നീരുറവ ഹാജറ (റ) തടം കെട്ടി നിർത്തി  സംസം കച്ചവട സംഘങ്ങളെ ആകർഷിച്ചു സംസം കാരണം മക്കയിൽ ജനവാസമുണ്ടായി കച്ചവടമുണ്ടായി  ഈ കഹ്ബാലയത്തിന്നടുത്ത് ഹാജറാബീവി അന്ത്യവിശ്രമം കൊള്ളുന്നു ഇസ്മാഈൽ(അ)നെ പോറ്റി വളർത്തി വലുതാക്കിയ ഉമ്മ അവർ ഇവിടെത്തന്നെയുണ്ട് കഹ്ബാലയത്തിന് സമീപം പോയിരുന്നു ചില പരിചയക്കാരെ കണ്ടു സംസാരിച്ചു  സംസാരത്തിൽ സന്തോഷം മുമ്പെങ്ങുമില്ലാത്തവിധം ആഹ്ലാദകരമായിരുന്നു അന്നത്തെ സംഭാഷണം ഓർമ്മയിൽ സുമയ്യ തെളിഞ്ഞു നിൽക്കുന്നു അബൂഹുദൈഫ സുമയ്യയോടും സംസാരിച്ചു എല്ലാം യജമാനന്റെ തീരുമാനം അടിമപ്പെൺകുട്ടി എന്ത് പറയാൻ മാതാപിതാക്കളും ബന്ധുക്കളും സംസാരിക്കട്ടെ അങ്ങനെ ആ വിവാഹം ഉറപ്പിക്കപ്പെട്ടു ഏത് വിവാഹ നിശ്ചയവും ആഹ്ലാദകരമായ വാർത്തയാണ് അബൂഹുദൈഫയിൽ നിന്ന് തന്നെ വാർത്ത പരന്നു  തിയ്യതി നിശ്ചയിക്കപ്പെട്ടു വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു  കഴിഞ്ഞു അബൂഹുദൈഫ തന്നെ പരിപാടികൾ തയ്യാറാക്കി എല്ലാം വളരെ ലളിതം വിവാഹ സുദിനം വന്നു ചടങ്ങുകൾ ഭംഗിയായി നടന്നു 

സുമയ്യ യാസിറിന്റെ ജീവിത പങ്കാളിയായി മരുഭൂമിയുടെ മക്കൾ ഒന്നായി സ്നേഹവും, കരുണയും ,വിശ്വാസവും നിറഞ്ഞ ദാമ്പത്യം രാവുകളിൽ അവർ ജീവിത കഥകൾ പങ്കിട്ടു കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥകൾ



മാസങ്ങൾ കടന്നുപോയപ്പോൾ സുമയ്യ ആ യാഥാർത്ഥ്യമറിഞ്ഞു താൻ ഗർഭിണിയായിരിക്കുന്നു യാസിറിന്റെ കാതിൽ സ്വകാര്യം പറഞ്ഞു മുഖം പ്രസന്നമാവുന്നത് നോക്കിനിന്നു  മക്കയിലെ തെരുവുകളിൽ അവർ ഒന്നിച്ചു നടന്നു കഹ്ബാലയം കണ്ട ദമ്പതികൾ ചരിത്ര സ്മരണകൾ അയവിറക്കിക്കൊണ്ടവർ കഹ്ബം നോക്കിനിന്നു മാസങ്ങൾ പിന്നെയും കടന്നുപോയി യാസിർ ഭാര്യയുടെ സുഖ പ്രസവത്തിനുവേണ്ടി മനസ്സ് തുറന്നു പ്രാർത്ഥിച്ചു  ആൺകുഞ്ഞിനു ആർത്തിയോടെ കാത്തിരിക്കുന്ന കാലം പെൺകുഞ്ഞ് പിറക്കുന്നത്  നാണക്കേടായി കരുതുന്ന കാലം അക്കാലത്താണ് സുമയ്യയുടെ പ്രസവം കാതുകൾ ആ വാർത്തക്കുവേണ്ടി കാത്തിരുന്നു വാർത്ത വന്നു ആൺകുഞ്ഞ് സുമയ്യക്ക് അഭിമാനിക്കാം യാസിർ തന്റെ പിതാവിനെ കുറിച്ചോർത്തു പിതാവിന്റെ പേർ ആമിർ മകന് തന്റെ പിതാവിന്റെ പേരിടണം പേരിന്റെ കാര്യത്തിൽ ആർക്കും എതിർപ്പില്ല പിതാവിന്റെ പേര് തന്നെയിടാം ആമിറിന് പകരം അമ്മാർ എന്ന് പേരിടാം  സുമയ്യയുടെയും യാസിറിന്റെയും പ്രിയ പുത്രൻ അമ്മാർ 

മനസ്സിൽ തെളിഞ്ഞ മുഖം

കച്ചവട യാത്രകൾ  മക്കായുടെ നാഡിമിടിപ്പുകളാണത് ഓരോ ഗോത്രവും കച്ചവട സംഘത്തെ അയക്കും കഹ്ബാലയത്തിന്നടുത്തു നിന്നാണ് യാത്ര പുറപ്പെടുക ബനൂമഖ്സൂം ഖോത്രക്കാരുടെ കച്ചവട സംഘം പുറപ്പെടുന്ന ദിവസം അന്ന് ഗോത്രക്കാർക്കെല്ലാം ആഹ്ലാദമാണ് എല്ലാവരും ചേർന്നാണ് കച്ചവട സംഘത്തെയാത്ര അയക്കുക അവിടുത്തെ അടിമകൾക്കും തൊഴിലാളികൾക്കും സന്തോഷം യാസിറിനും സുമയ്യാക്കും  സന്തോഷം ഉഷ്ണ കാലത്തൊരു യാത്ര ശൈത്യകാലത്തൊരു യാത്ര ആ യാത്രയിൽ ഗോത്രത്തിന് വേണ്ടതെല്ലാം വാങ്ങിക്കൊണ്ടുവരും 

ധാന്യം, വസ്ത്രം, പാത്രങ്ങൾ, ആഭരണം, സുഗന്ധ ദ്രവ്യങ്ങൾ, മരുന്നുകൾ, ആയുധങ്ങൾ, എണ്ണ ,മറ്റു വേണ്ടപ്പെട്ട സാധനങ്ങൾ ഒരു യാത്ര ശാമിലേക്ക് മറ്റൊന്നു യമിനിലേക്ക്

യമനിലേക്ക് കച്ചവട സംഘം പുറപ്പെടുമ്പോൾ യാസിറിന്റെ മനസ്സിൽ ജന്മനാടിനെക്കുറിച്ചുള്ള ഓർമ്മകൾ തെളിയും കുട്ടിക്കാലം ഓർമ്മവരും തന്റെ ഗ്രാമം അവിടുത്തെ കളിക്കൂട്ടുകാർ ഗ്രാമത്തിലെ ഒറ്റയടിപ്പാതകളിൽ ഓടിക്കളിച്ചു നടന്നത് അവിടുത്തെ മലകളും മണൽഭൂമികളും എല്ലാം ഓർമ്മ വരും 

കഹ്ബാലത്തിന്റെ മുമ്പിലെന്നും ഖുറൈശി പ്രമുഖന്മാരെ കാണാം വട്ടമിരുന്ന് സൊറ പറയുന്ന കൊമ്പന്മാർ 
അബൂജഹൽ ,ഉത്ബത്ത്,ശൈബത്ത്,ഉമയ്യത്ത് അങ്ങനെ എത്രയെത്ര ഭീകരന്മാരായ നേതാക്കൾ ബിംബങ്ങളെ തൊഴാൻ വരുന്നവർ ബലിയർപ്പിക്കാൻ വരുന്നവർ ഉടുത്തൊരുങ്ങി വരുന്ന കുലീന വനിതകൾ ഉക്കാള് ചന്തയിലെ കാഴ്ചകൾ കവിയരങ്ങുകൾ മത്സര വേദികൾ,പൊങ്ങച്ചം പറയുന്നവർ ഇടക്കിടെ വാഗ്വാദങ്ങൾ ,ഏറ്റുമുട്ടലുകൾ മദ്യസേവകരുടെ സദസ്സുകൾ നുരയുന്ന മദ്യചഷകങ്ങളുടെ ചുറ്റുമിരുന്ന് പൊട്ടിച്ചിരിക്കുന്നവർ ഇവയെല്ലാം കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി കഹ്ബയുടെ ചുറ്റും ഖുറൈശികളുടെ വീടുകൾ അവയിലേറ്റവും ശ്രദ്ധിക്കപ്പെടുന്നത് അബ്ദുൽ മുത്തലിബിന്റെ വീടാണ് ഇരുനില വീട്  ഒരുപാട് ഓർമ്മകൾ അയവിറക്കുന്ന വീട് അബ്ദുൽ മുത്തലിബ് മക്കായുടെ നേതാവായിരുന്നു അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല 

അബ്ദുല്ല ആമിനയെ വിവാഹം ചെയ്തു മണവാട്ടിയെ കൊണ്ടു വന്നത് ഈ വീട്ടിലേക്കായിരുന്നു 

ശാമിലേക്ക് കച്ചവ സംഘം പുറപ്പെടാറായ സമയം അപ്പോഴാണ് ആ വിവാഹം നടന്നത് അബ്ദുല്ലായും ആമിനയും  കുറച്ചു ദിവസം ഈ വീട്ടിൽ താമസിച്ചു ആമിനയോട് യാത്ര പറഞ്ഞ് അബ്ദുല്ല കച്ചവട സംഘത്തിൽ ചേർന്നു

നവദമ്പതികളുടെ വേർപാടിന്റെ രംഗം ഹൃദയസ്പർശിയായിരുന്നു മരുഭൂമി മുറിച്ചു കടന്നു കച്ചവടസംഘം മുമ്പോട്ട് പോയി ആമിനയോട് യാത്ര പറഞ്ഞുപോയ അബ്ദുല്ല തിരിച്ചുവന്നില്ല കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോൾ യസ്രിബിൽ വെച്ചു മരണപ്പെട്ടു മക്കാപട്ടണത്തെ ദുഃഖത്തിലാഴ്ത്തിയ വേർപാട് അന്ന് ആമിന ഗർഭിണിയായിരുന്നു ആ വർഷം റബീഉൽ അവ്വൽ പന്ത്രണ്ടിന് ഒരാൺകുഞ്ഞിനെ പ്രസവിച്ചു മക്കക്കാരുടെ പ്രിയങ്കരനായ മുഹമ്മദ്  എല്ലാവരും അൽ അമീൻ എന്നാണ് വിളിക്കുക വിശ്വസ്ഥനായ ചെറുപ്പക്കാരൻ ഇരുപത്തഞ്ചാം വയസ്സിൽ ഖദീജയെ വിവാഹം ചെയ്തു സന്തോഷകരമായ ജീവിതം നയിക്കുന്നു ഇതുപോലൊരാളെ യാസിർ മുമ്പു കണ്ടിട്ടില്ല എന്തൊക്കെയോ സവിശേഷതകളുള്ള ആളാണ് വരവ് കണ്ടാൽ നോക്കിനിന്നുപോവും അൽ അമീന് ആറ് വയസ്സുള്ളപ്പോൾ ഉമ്മ മരണപ്പെട്ടു എട്ട് വയസ്സുള്ളപ്പോൾ ഉപ്പൂപ്പ അബ്ദുൽ മുത്തലിബും മരിച്ചുപോയി ഇപ്പോൾ ഖദീജയുടെ വീട്ടിലാണ് താമസം പഴയ സംഭവങ്ങളെല്ലാം പറഞ്ഞു കേട്ടതാണ് കേട്ടതെല്ലാം മനസ്സിൽ തട്ടി ഇനിയൊരിക്കലും മറക്കില്ല യാസിറും സുമയ്യയും അമ്മാറും ഒരു കൊച്ചു കുടിലിൽ കഴിഞ്ഞുകൂടുന്നു ഉള്ളത് കഴിച്ച് സന്തോഷമായി കഴിയുന്നു അമ്മാർ വളർന്നു വലുതായി നല്ലൊരു ചെറുപ്പക്കാരൻ  ഒരു ദിവസം യാസിർ ചില വിശേഷവാർത്തകളുമായിട്ടാണ് വന്നത് ഭാര്യയും മകനുമായി വിശേഷം പങ്കിട്ടു അവരും ചിലതൊക്കെ കേട്ടിരുന്നു  അൽ അമീൻ പറഞ്ഞ കാര്യങ്ങൾ

അല്ലാഹു ഏകനാകുന്നു മുഹമ്മദ് അവന്റെ ദൂതനാകുന്നു ഇതാണ് അൽ അമീൻ പറഞ്ഞതിന്റെ ചുരുക്കം ഏകനായ അല്ലാഹു അവന് പങ്കുകാരില്ല അവനാണ് സൃഷ്ടാവ് അവനെ അനുസരിച്ചു ജീവിക്കണം അൽ അമീൻ സത്യസന്ധനാണെന്ന് യാസിറിനും കുടുംബത്തിനുമറിയാം  അക്കാര്യത്തിൽ സംശയവുമില്ല ജീവിതത്തിൽ ഇന്നോളം ഒരു കളവും പറഞ്ഞിട്ടില്ല മനുഷ്യ സേവനം ജീവിത ലക്ഷ്യമാക്കിയ ആളാണ് മറ്റുള്ളവരെ സഹായിക്കാൻ ഇത്രയും താൽപര്യം കാണിക്കുന്ന ഒരാളും മക്കയിലില്ല അശരോടും ,രോഗികളോടും വല്ലാത്ത സഹതാപം കാണിക്കും കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും ഒരു വാക്ക് പറഞ്ഞാൽ അതെല്ലാവരും വിശ്വസിക്കും പക്ഷെ ഇക്കാര്യം  ?
താൻ അല്ലാഹുവിന്റെ പ്രവാചകനാണെന്ന കാര്യം ?

അതെന്തേ ആളുകൾ വിശ്വസിക്കാത്തത് ? ഇന്നോളം കളവ് പറയാത്ത ആൾ അക്കാര്യത്തിൽ കളവ് പറയുമോ ?


യാസിറും സുമയ്യയും അമ്മാറും നന്നായി ചിന്തിച്ചു അൽ അമീൻ പറഞ്ഞത് സത്യമായിരിക്കുമെന്നവർക്ക് തോന്നി അല്ലാഹു എത്രയോ പ്രവാചകന്മാരെ അയച്ചിട്ടുണ്ട് മനുഷ്യരെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുവാൻ വേണ്ടിയാണ് പ്രവാചകന്മാർ വന്നത് അവരെ പിൻപറ്റിയവർക്ക് അല്ലാഹുവിന്റെ സാമീപ്യം കിട്ടി  പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് അൽ അമീൻ  അങ്ങനെയാണ് തങ്ങൾ കേട്ടത് അത് ശരിയാണെങ്കിൽ ....? ഒരു പ്രവാചകനെ കണ്ട ഭാഗ്യം ഇത് അന്ത്യപ്രവാചകനാണോ ? ആണെന്ന് തന്നെ മനസ്സ് പറയുന്നു മൂന്നുപേരുടെയും മനസ്സുകൾ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത് കേട്ടതെല്ലാം സത്യമോ? സത്യമായിരിക്കട്ടെ എന്തേ മനസ്സങ്ങനെ മോഹിക്കാൻ ? രാവേറെയായി ഉറങ്ങാൻ കിടന്നു മനസ്സ് നിറയെ ചിന്തകൾ ചിന്തകൾക്കിടയിൽ മനോഹരമായ മുഖം പുഞ്ചിരി തൂകുന്ന മുഖം അൽഅമീൻ എപ്പോഴോ ഉറങ്ങിപ്പോയി ശാന്തമായുറങ്ങി അതിരാവിലെ ഉണർന്നു ഇന്ന് ചെയ്തുതീർക്കേണ്ട ജോലികൾ അതോർത്തുകൊണ്ടാണ് എഴുന്നേൽക്കുക പെട്ടെന്ന് മനസ്സിൽ മുഖം തെളിഞ്ഞു അൽ അമീൻ പകൽ സമയത്ത് ജോലി ചെയ്യുമ്പോഴൊക്കെയും അൽ അമീൻ മനസ്സിലുണ്ടായിരുന്നു  ..

സത്യസാക്ഷ്യം വഹിച്ചു 



ക'അബാലയത്തിന് മുമ്പിൽ ഖുറൈശി നേതാക്കൾ അവരുടെ മുഖം ഗൗരവം പൂണ്ടിരിക്കുന്നു മനസ്സിൽ ചൂടുള്ള ചിന്തകൾ അവർ അൽ അമീനെതിരായി സംസാരിക്കുന്നു

നമ്മുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവൻ ചോദ്യം ചെയ്തിരിക്കുന്നു നമ്മുടെ നടപടികളെ അവൻ തള്ളിപ്പറഞ്ഞരിക്കുന്നു വെറുതെ വിടാൻ പറ്റില്ല  ചെറുപ്പക്കാരനായ അമ്മാർ അവരുടെ ശബ്ദം കേട്ടു രോഷം കൊണ്ടു  അന്തരീക്ഷം ചൂടുപിടിക്കുകയാണെന്ന് മനസ്സിലായി അൽ അമീൻ പറഞ്ഞ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയാണ് ആകർഷകമായ പലതും അതിലുണ്ട് അല്ലാഹു ഏകനാകുന്നു അവനാണ് സൃഷ്ടാവ് അവൻ എല്ലാം അറിയുന്നു എല്ലാം കാണുന്നു കേൾക്കുന്നു അവൻ മനുഷ്യരുടെ മനസ്സ് കാണുന്നു മനുഷ്യ മനസ്സിലെ വിചാരങ്ങളറിയുന്നു വികാരങ്ങളറിയുന്നു അവനെ വാഴ്ത്തുവീൻ അവനെ മാത്രം ആരാധിക്കുവീൻ എത്ര ആകർഷകമായ വചനങ്ങൾ അമ്മാർ ചിന്തിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ  ആരൊക്കെയോ അത് കേട്ടെന്നാണ് പറയുന്നത് ഒളിഞ്ഞു നിന്ന് കേട്ടതാണത്രെ  ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുമത്രെ കവിതയേക്കാൾ മധുരമുള്ളതാണെന്നാണ് കേട്ടവർ പറയുന്നത് ഒന്ന് കേട്ടിരുന്നെങ്കിൽ കേൾക്കാനെന്താണൊരു മാർഗ്ഗം? 

മക്കക്കാർക്ക് പരിചിതനാണ് അബൂബക്കർ സിദ്ദീഖ്  (റ) രാത്രിയിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു ഇരുട്ടിൽ ഒളിഞ്ഞിരുന്ന് ചിലരത് കേട്ടു കേട്ടതിനെക്കുറിച്ച് അവർ സ്വകാര്യം പറഞ്ഞു 
ഇതുപോലൊന്ന് ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടില്ല കേട്ടിട്ട് മതിവന്നില്ല അമ്മാറിന്റെ മനസ്സിൽ മോഹം വളർന്നു  നാളുകൾ നീങ്ങി വാർത്തകൾ കൂടുതൽ വന്നു തുടങ്ങി പലരും ഇസ്ലാം മതം വിശ്വസിച്ചിരിക്കുന്നു വിശ്വാസം രഹസ്യമാക്കി വെച്ചിരിക്കുകയാണ്  പിന്നെ കേട്ടത് ഞെട്ടിക്കുന്ന വാർത്തകളാണ് ക്രൂര മർദ്ദനങ്ങളുടെ കഥകൾ പീഢനങ്ങൾ ഇസ്ലാം മതം വിശ്വസിച്ച ഒരാളെയും വെറുതെ വിട്ടില്ല മർദ്ദിച്ചു മതം മാറ്റും അബൂജഹലും കൂട്ടരും ഇറങ്ങിക്കഴിഞ്ഞു മക്ക ഇളകി മറിയാൻ തുടങ്ങി  ഇസ്ലാം മതം വിശ്വസിച്ച ചിലരെ അമ്മാർ കണ്ടുമുട്ടി അവരുടെ സംസാരം അമ്മാറിനെ അത്ഭുതപ്പെടുത്തി പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് മുസ്തഫ  (സ) ലോകാനുഗ്രഹിയായ പ്രവാചകൻ 
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കണം  എല്ലാ കർമ്മങ്ങൾക്കും പ്രതിഫലമുണ്ട് ഒന്നും വിട്ടുപോവില്ല എല്ലാ വേദനകൾക്കും പ്രതിഫലമുണ്ട് മർദ്ദിക്കട്ടെ സഹിക്കാം ക്ഷമിക്കാം ക്ഷമാശീലരോടൊപ്പമാണ് അല്ലാഹു മർദ്ദനങ്ങളും പീഢനങ്ങളും നമ്മെ അല്ലാഹുവിലെത്തിക്കും എളുപ്പ മാർഗ്ഗത്തിലൂടെ എത്തിക്കും അമ്മാർ അത് കേട്ട് രോമാഞ്ചമണിഞ്ഞു  സത്യവിശ്വാസം കൈകൊള്ളുക അതിന്റെ പേരിൽ ശത്രുക്കളുടെ മർദ്ദനമേൽക്കുക അത് കാരണമായി അല്ലാഹുവിന്റെ പ്രീതി നേടാൻ കഴിയുക അതിൽപ്പരം സൗഭാഗ്യം മറ്റെന്തുണ്ട്  ? ഇനിയെന്തിന് വൈകിക്കണം ? ഒരു നിമിഷം നേരത്തെ ആയാൽ അത്രയും നല്ലത് ഇസ്ലാമിലേക്ക് മുന്നേറുക ഇനിയും വൈകിക്കൂടാ അമ്മാർ വീട്ടിലെത്തി ഉമ്മ ബാപ്പമാരെ കണ്ടു നമുക്കും സത്യവിശ്വാസം കൈക്കൊള്ളാം അല്ലാഹുവിന്റെ ദൂതനെ ചെന്നു കാണാം വരുന്നത് വരട്ടെ 
അമ്മാർ ആവേശത്തോടെ സംസാരിച്ചു  വരാനെന്തിരിക്കുന്നു ? കൂടിപ്പോയാൽ മരണം സംഭവിക്കും അതിനപ്പുറം ചെയ്യാൻ ഇവർക്കാകില്ലല്ലോ 

മനോഹരമായ സായാഹ്നം  മൂന്നുപേരും കുളിച്ചൊരുങ്ങി ശരീരവും വസ്ത്രവും വൃത്തിയായി മനസ്സ് നിറയെ വെളിച്ചം വീട്ടിൽ നിന്നിറങ്ങി മുസ്ലിം സഹോദരങ്ങളെ തേടിയിറങ്ങി ഇത് അല്ലാഹുവിലേക്കുള്ള മുന്നേറ്റമാണ് മനസ്സിളകിമറിയുന്നു ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥ കഹ്ബാലയം കണ്ടു കാണാൻ പാകത്തിലിരുന്നു സന്ധ്യയുടെ ആവരണം വീണു  ചിലരെ കണ്ടു ഇരുളിന്റെ മറവിൽ അവർ ഇരുന്നു സ്വരം താഴ്ത്തി സംസാരിച്ചു ഇസ്ലാം മതത്തെക്കുറിച്ച് പറയുന്നത് കേട്ടു ഉൾപ്പുളകമുണ്ടായി ഏകനായ അല്ലാഹുവിനെക്കുറിച്ചു കേട്ടു വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു ത്രസിക്കുന്ന മനസ്സുമായി അവർ മടങ്ങിപ്പോന്നു 

ഇറാഖിലെ മൗസിൽ പ്രദേശം  അവിടെ പേർഷ്യൻ ചക്രവർത്തിയുടെ കീഴിലുള്ള ഒരു സേവകനായിരുന്നു സനാൻ അദ്ദേഹത്തിന്റെ മകനാണ് സുഹൈബ്  റോമക്കാർ ഇറാഖിൽ വലിയ ആക്രമണം നടത്തി കൊള്ള നടത്തി പലരേയും പിടിച്ചു കൊണ്ടുപോയി കൂട്ടത്തിൽ സുഹൈബിനെയും പിടിച്ചു കൊണ്ടുപോയി അന്ന് സുഹൈബ് ചെറിയ കുട്ടിയായിരുന്നു റോമക്കാർ സുഹൈബിനെ അറബികൾക്ക് വിറ്റു അടിമക്കുട്ടിയായി മക്കയിലെത്തി 

അബ്ദുല്ലാഹിബ്നു ജദ്ആന്റെ അടിമയായി സുഹൈബ് വളർന്നു നല്ലൊരു ചെറുപ്പക്കാരനായി പിന്നീട് സുഹൈബിനെ സ്വതന്ത്രനാക്കി എന്നിട്ടും യജമാനന്റെ കൂടെ താമസിച്ചു  അപ്പോഴാണ് ഇസ്ലാമിന്റെ വിളി കേട്ടത് അത് സ്വീകരിക്കാൻ തയ്യാറായി ഒരു ദിവസം രാത്രി ആരുമറിയാതെ അർഖം എന്ന സ്വഹാബിയുടെ വീട്ടിന്റെ മുമ്പിലെത്തി നബി  (സ)തങ്ങളും ഏതാനും അനുയായികളും അകത്തുണ്ട് ഇരുട്ടിൽ പതുങ്ങിനിൽക്കുകയാണ് സുഹൈബ് അപ്പോൾ തൊട്ടടുത്ത് തന്നെ മറ്റൊരു ആൾരൂപം അപ്രതീക്ഷിതമായ കൂടിക്കാഴ്ച 

നിങ്ങളാരാണ് ?എന്തിനിവിടെ വന്നു?  സുഹൈബ് ചോദിച്ചു

നിങ്ങളാരാണ് ? എന്തിനിവിടെ വന്നു?  മറ്റെയാൾ മറുചോദ്യം ചോദിച്ചു

ഞാൻ സുഹൈബ് ബ്നു സനാൻ നബി  (സ) തങ്ങളെ കണ്ട് ഇസ്ലാം മതം സ്വീകരിക്കാൻ വന്നതാണ് ഉടനെ മറ്റെയാൾ ഇങ്ങനെ പറഞ്ഞു 

ഞാൻ അമ്മാറുബ്നു യാസിർ നിങ്ങളുടെ അതേ ലക്ഷ്യം തന്നെ എനിക്കും 

സുവൈബും അമ്മാറും ഒന്നിച്ച് അകത്ത് കടന്നു നബി  ( സ) ഇരുവരെയും സ്വീകരിച്ചു ഇരുവരും മുസ്ലിംകളായി മുഹ്മിനീങ്ങളായി കുറെ നേരം ഉപദേശങ്ങൾ കേട്ടു വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു സത്യ സാക്ഷ്യം വഹിച്ചു പുറത്തിറങ്ങി ഇരുളിൽ മറഞ്ഞു 

അമ്മാർ (റ) വീട്ടിലെത്തി നടന്നതെല്ലാം മാതാപിതാക്കളെ അറിയിച്ചു അവർക്ക് സന്തോഷമായി 

നിങ്ങളെ ഞാൻ തബിതങ്ങളുടെ സമീപത്തേക്ക് കൊണ്ടുപോവാം ഇനി കാത്തിരിക്കേണ്ടതില്ല അമ്മാർ (റ) പറഞ്ഞു 

ഏറെ നാൾ കഴിഞ്ഞില്ല മാതാപിതാക്കളെ നബി  (സ) യുടെ സന്നിധിയിലെത്തിച്ചു അവർ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിംകളായി  നബി  (സ)താങ്കൾ നൽകിയ ഉപദേശങ്ങൾ ഓരോ വാക്കും മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങിപ്പോയി ഒരിക്കലും മറക്കാത്ത വാക്കുകൾ 

ലാ ഇലാഹ ഇല്ലല്ലാഹ്..... മുഹമ്മദു റസൂലുല്ലാഹ് ..അതാണിനി ഹൃദയത്തിന്റെ ശബ്ദം രക്തത്തിലും മജ്ജയിലും അലിഞ്ഞു ചേരേണ്ട ശബ്ദം നബി  (സ) തങ്ങളിൽ നിന്നു കേട്ട വിശുദ്ധ ഖുർആൻ വചനങ്ങൾ അവ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്നു ശരീരമാകെ വ്യാപിച്ചു

സൃഷ്ടാവായ റബ്ബിന്റെ വചനങ്ങൾ ഇതിന് പകരം മറ്റൊന്നില്ല കവികൾ ധാരമുള്ള നാടാണ് വിശുദ്ധ ഖുർആൻ കവിതയെക്കാൾ എത്രയോ ആകർഷകം ഒരു നിമിഷം നേരത്തെ ഇസ്ലാം മതം സ്വീകരിച്ചാൽ അത്രയും നന്ന്   അമ്മാർ സത്യസാക്ഷ്യം വഹിച്ചു സംതൃപ്തനായി മാതാപിതാക്കളും സത്യസാക്ഷ്യം വഹിച്ചു ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു  മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു  അവർ സത്യ സാക്ഷ്യം മൊഴിഞ്ഞു കഴിഞ്ഞു അവർ പുതിയ മനുഷ്യരായിരിക്കുന്നു ഉപ്പായും ഉമ്മായും സത്യസാക്ഷ്യം വഹിച്ച സന്തോഷത്തിലാണ് മൂന്നുപേരും സത്യസരണിയിലെത്തി അജ്ഞതയുടെ ഇരുട്ടിൽ നിന്ന് മോചിതരായി പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി മനസ്സ് കോരിത്തരിച്ചു നബി  (സ)തങ്ങളുടെ ഉപദേശങ്ങൾ  മനോഹരമായ മൊഴിമുത്തുകൾ അവ മനസ്സിൽ തേൻമഴയായി വർഷിക്കുന്നു അമൂല്യമായ വാക്കുകൾ അവ കല്ലിൽ കൊത്തിയത് പോലെ മനസ്സിൽ പതിഞ്ഞുപോയി ഈ മാർഗത്തിൽ ജീവിച്ചു മരിക്കണം അതിനുവേണ്ടി എന്തും സഹിക്കാം സലാം ചൊല്ലിയിറങ്ങി മെല്ലെ നടന്നു പറഞ്ഞതെല്ലാം മനസ്സിലുണ്ട് ഇനിയൊരിക്കലും മറന്നുപോവില്ല പരലോക ചിന്ത മനസ്സിനെ പിടിച്ചു കുലുക്കുന്നു ഓരോ ചലനവും രേഖപ്പെടുത്തപ്പെടും അതിന് മലക്കുകളുണ്ട് അവർക്ക് ക്ഷീണമില്ല മറതിയോ ഉറക്കമോ ഇല്ല സദാ ജാഗരൂകരാണ്


ഒരു കുടുംബം മുസ്ലിംമായി അക്കാര്യം ഗോത്രക്കാരറിഞ്ഞില്ല ഒരു ദിവസം കഴിഞ്ഞു നബി  (സ)തങ്ങളെ കാണാൻ മോഹം വളരെ സൂക്ഷിക്കണം ശത്രുക്കളറിയും അറിഞ്ഞാൽ എന്ത് സംഭവിക്കും ?ഊഹിക്കാനാവാത്ത ശിക്ഷ ലഭിക്കും എല്ലാം ഏറ്റുവാങ്ങേണ്ടിവരും എന്തു വന്നാലും നബി  (സ)യെ കാണണം മനസ്സ് പിടിയിൽ നിൽക്കുന്നില്ലല്ലോ  ..

ആദ്യത്തെ രക്തസാക്ഷികൾ




സത്യ വിശ്വാസം പ്രകാശമാണ് അത് മൂടിവെക്കാനാവില്ല നാളുകൾ കഴിയുമ്പോൾ വിശ്വാസം പുറത്തറിയും  ബനൂമഖ്സൂം ഗോത്രത്തിന്റെ വേലക്കാരാണ് യാസിറും സുമയ്യയും അമ്മാറും അവർ ഇസ്ലാം മതം വിശ്വസിച്ചതായി വാർത്ത വന്നു  ഇസ്ലാംമത വിരോധം കത്തിനിൽക്കുന്ന സമയം അപ്പോഴാണ് ഈ വാർത്ത വന്നത് ബനൂ മഖ്സൂം ഗോത്രക്കാർ ഞെട്ടിപ്പോയി തങ്ങളുടെ വേലക്കാർ തങ്ങളെ അപമാനിക്കുകയോ ? ഗോത്രത്തിലെ കിങ്കരന്മാർ ഓടിയെത്തി മൂന്നു പേരെയും കൂടി ചോദ്യം ചെയ്തു അവർ സത്യം പറഞ്ഞു  നിങ്ങൾ മുഹമ്മദിനെ കണ്ടുവോ ? അവൻ പറഞ്ഞത് വിശ്വസിച്ചുവോ ? 

കണ്ടു വിശ്വസിച്ചു 

എന്താണ് നിങ്ങൾ വിശ്വസിച്ചത് ?

ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു 

അത് മൂഢവിശ്വാസമാണ് അത് കളയണം നമുക്ക് നമ്മുടെ പഴയ വിശ്വാസം മതി അതിലേക്ക് മടങ്ങണം 

ഞങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു 

അത് പാടില്ല പഴയ വിശ്വാസത്തിലേക്കു മടങ്ങണം തയ്യാറുണ്ടോ ?

ഇല്ല ഇനി പഴയതിലേക്കില്ല

ഇല്ലേ?  ഇല്ലെങ്കിൽ കാണിച്ചുതരാം
കിങ്കരന്മാർ കോപംകൊണ്ട് വിറച്ചു ഇരുമ്പലക്ക പോലുള്ള കൈകളുയർന്നു കവിളുകളിൽ ആഞ്ഞു പതിച്ചു എന്തൊരു വേദന തല കറങ്ങിപ്പോയി  അപ്പോൾ അവർ മനസ്സ് കൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു  അല്ലാഹുവേ സഹിക്കാൻ കഴിവു തരേണമേ ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തേണമേ വീണ്ടും അടി ഭീഷണിപ്പെടുത്തൽ ചോദ്യം ചെയ്യൽ അടിയുടെ ശക്തിയിൽ വീണുപോയി മുറിവ് പറ്റി രക്തം വന്നു എന്തു ചെയ്തിട്ടും പിൻമാറുന്ന മട്ടില്ല മരുഭൂമിയിൽ വെയിൽ കത്തിപ്പടരുന്നു ചെരിപ്പിടാതെ കാൽവെക്കാൻ കഴിയില്ല അത്രക്ക് ചൂട് 

മൂന്നു പേരെയും കൊണ്ടുവന്നു വിവസ്ത്രരാക്കി നഗ്ന ശരീരങ്ങൾ പൊള്ളുന്ന മണൽപ്പരപ്പിലേക്ക് വലിച്ചെറിഞ്ഞു എന്തൊരു ചൂട് തൊലി പൊള്ളുന്നു എന്തൊരു വേദന  ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്  അവരുടെ നാക്കിലും മനസ്സിലും അത് മാത്രം ചുട്ടുപൊള്ളുന്ന മണലിൽ ശരീരം മലർത്തിക്കിടത്തി വലിയ കല്ലുകൾ നെഞ്ചിൽ കയറ്റിവെച്ചു ശ്വാസ തടസ്സം നേരിട്ടു കടുത്ത ശിക്ഷ കാണാൻ ക്രൂരന്മാർ കൂട്ടം കൂടി നിൽക്കുന്നു  വൈകുന്നേരമായി അന്നത്തെ ശിക്ഷ അവസാനിച്ചു ശരീരം തല്ലിച്ചതച്ചിരിക്കുന്നു എത്രയോ മുറിവുകൾ ചോരപ്പാടുകൾ വേവിച്ചെടുത്തത് പോലെയായി ഒന്നിനും കഴിയുന്നില്ല ശക്തി ചോർന്നു വീണുപോയി വിവരം മക്കയിലാകെ പരന്നു സമ്മിശ്ര വികാരങ്ങളുണർന്നു വിവരമറിഞ്ഞ് നബി  (സ) ദുഃഖിതനായി വേദനയോടെ നടന്നു വന്നു യാസിർ കുടുംബം താമസിക്കുന്ന കൊച്ചു വീട്ടിന്നടുത്തെത്തി യാസിർ  കുടുംബം നബി  (സ) തങ്ങളുടെ ശബ്ദം കേട്ടു 

യാസിർ കുടുംബമേ ക്ഷമിച്ചാലും നിങ്ങളുടെ വാസസ്ഥലം സ്വർഗമാകുന്നു 

മതി അത് കേട്ടാൽ മതി ശത്രുക്കൾ പീഢിപ്പിക്കട്ടെ കൊന്നു കളയട്ടെ മരിച്ചാൽ ചെന്നു ചേരാനുള്ള സ്ഥലം സ്വർഗമാകുന്നു  വേദന മറന്നു ക്ഷീണം മറന്നു തളർന്നു കിടന്നു  മയങ്ങിപ്പോയി പിറ്റേന്നും കിങ്കരന്മാരെത്തി ചോദ്യം ചെയ്തു  ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്

 കൂടുതൽ ആവേശത്തിൽ ചൊല്ലി ശിക്ഷ ക്രൂരമായിരുന്നു നഗ്ന ശരീരങ്ങൾ ഇരുമ്പു കവചത്തിലാക്കി പൊള്ളുന്ന മണൽപ്പരപ്പിലിട്ടു  ഇരിമ്പിന് ചൂടു പിടിച്ചു ശരീരം പൊള്ളാനും വേവാനും തുടങ്ങി തൊലി കരിഞ്ഞു അന്നു മുഴുവൻ ഇതായിരുന്നു അവസ്ഥ നേർത്ത ബോധമുണ്ടെന്ന് മാത്രം ശരീരത്തിന് വേവുന്ന വേദന പല വിധ പീഢനങ്ങൾ തുടർന്നു   വെള്ളത്തിൽ തല പിടിച്ചു താഴ്ത്തി തല ഉയർത്താൻ വിട്ടില്ല ശ്വാസ തടസ്സം നേരിട്ടു മരണം മുമ്പിൽ കണ്ട നിമിഷങ്ങൾ വിശ്വാസം പതറിയില്ല അത് ഉറച്ചു തന്നെ നിന്നു 

ശപിക്കപ്പെട്ട അബൂജഹ്ൽ വന്നു ശിക്ഷയുടെ നേതൃത്വം ഏറ്റെടുത്തു സുമയ്യ (റ) യുടെ നേരെ വന്നു കൈ ആഞ്ഞു വീശി അടിച്ചു സുമയ്യ (റ) കറങ്ങി വീണുപോയി ചവിട്ടി മെതിച്ചു എന്നിട്ട് ചോദ്യം ചെയ്തു 

നേർത്തം ശബ്ദം കേട്ടു അത് തൗഹീദിന്റെ ശബ്ദമായിരുന്നു കോപം അരിച്ചു കയറി ഒരു അടിമപ്പെണ്ണിന്റെ ധിക്കാരം ഞാൻ തന്നെ അവളുടെ ധിക്കാരം തീർത്തേക്കാം 

ഉസ്മാനുബ്നു അഫ്ഫാൻ  (റ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട് 

നബി  (സ) തങ്ങളും ഞാനും കൂടി മരുഭൂമിയിലൂടെ വരികയായിരുന്നു കുറെ ദൂരം ചെന്നപ്പോൾ ആ ദുഃഖ രംഗം കണ്ടു യാസിറും സുമയ്യയും ,അമ്മാറും ശിക്ഷിക്കപ്പെടുന്ന രംഗം 

യാസിർ  (റ) പറഞ്ഞു:  ഓ ......നബിയേ..... ഇതാണ് ഞങ്ങളുടെ അവസ്ഥ 

നബി  ( സ) ദുഃഖത്തോടെ പറഞ്ഞു: ക്ഷമിക്കുക അല്ലാഹുവേ യാസിർ കുടുംബത്തിന് നീ പൊറുത്തു കൊടുക്കേണമേ 

ഉസ്മാൻ  (റ) ഈ രംഗം കണ്ട് വല്ലാതെ ദുഃഖിച്ചു  അബൂജഹലിന്റെ കോപവും യാസിർ  (റ)വിന്റെ ഈമാനും മത്സരിച്ചു മുന്നേറി  ശിക്ഷ കൂടുന്നതിനനുസരിച്ചു ഈമാൻ ശക്തി പ്രാപിക്കുന്നു എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നബി  (സ)തങ്ങൾ ആ കുടുംബത്തെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു 

ഒരിക്കൽ നബി  (സ) പറഞ്ഞു:  അമ്മാറിന്റെ കുടുടബമേ സന്തോഷിക്കുക നിങ്ങളുടെ മടക്കസ്ഥാനം സ്വർഗമാകുന്നു ഈ സന്തോഷവാർത്ത യാസിറിന് ശക്തി പകർന്നു യാസിർ  (റ)വിന് ഈമാനിനു മേൽ ഈമാൻ അബൂജഹലിന് കോപത്തിന് മേൽ കോപം നബി  (സ)നൽകിയ സന്തോഷവാർത്ത പുലരാറായി  അബൂജഹലിന്റെ വാശി വർദ്ധിച്ചു യാസിറിനെ കൊണ്ട് ഇസ്ലാമിനെതിരായി ഒരു വാക്ക് പറയിക്കണം  അതാണ് വാശി .വാശി ജയിക്കണം അതിനു വേണ്ടി ഏതറ്റം വരെ പോവാനും തയ്യാറായി  മർദ്ദനത്തിന് ശക്തി കൂടി പലവിധ ആയുധങ്ങളുപയോഗിച്ചു കണ്ണിൽ ചോരയില്ലാത്ത മർദ്ദനം  യാസിറിന്റെ മാറിടം നിശ്ചലമായി ശ്വാസം നിലച്ചു ധീരനായ യാസിർ കണ്ണടച്ചു യാസിർ  (റ) രക്തസാക്ഷിയായി ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

നിശ്ചലമായ ശരീരത്തിനു ചുറ്റും രക്തം പടർന്നു കിടന്നു മണൽ തരികളിൽ ചെഞ്ചായം പൂശിയ രക്തം  ആദ്യത്തെ രക്തസാക്ഷി  അബൂജഹൽ തളർന്നിരുന്നുപോയി യാസിർ  (റ)വധിക്കപ്പെട്ടു എന്നിട്ടും അബൂജഹൽ ജയിച്ചില്ല ഇപ്പോൾ കോപം മുഴുവൻ സുമയ്യയോടാണ് അടിമപ്പെണ്ണിനെ അനുസരിപ്പിക്കണം സുമയ്യ (റ)യെ മലർത്തിക്കിടത്തി ചവിട്ടും തൊഴിയും തുടർന്നു ഇടക്കിടെ ചോദ്യം ചെയ്യും തൗഹീദിന്റെ നേർത്ത ശബ്ദം മാത്രം 

മൂർച്ചയുള്ള കുന്തവുമായി അബൂജഹൽ ഓടിയെത്തി കുന്തം ഉയർന്നു സുമയ്യ (റ) യുടെ നാഭിക്കു താഴ്ഭാഗമാണ് അവൻ ഉന്നം വെച്ചത്  ഉയർന്ന കുന്തം ശക്തിയായി അമർന്നു ശരീരത്തിലേക്ക് താഴ്ന്നിറങ്ങി ചോര ചിന്തി അൽപ നേരത്തെ പിടച്ചിൽ പിന്നെ ശരീരം നിശ്ചലമായി ആത്മാവ് വേർപിരിഞ്ഞു രക്തസാക്ഷിയായി  ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ  ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടിവന്ന ആദ്യത്തെ വനിത

കിങ്കരന്മാർ പൊട്ടിച്ചിരിച്ചു വിജയം വരിച്ചതായി അവർക്കു തോന്നി വാസ്തവം അതായിരുന്നില്ല  മണൽപ്പരപ്പിൽ പരന്ന ഓരോ തുള്ളി രക്തവും അറബികളുടെ മനസ്സിനെ ത്രസിപ്പിക്കുകയായിരുന്നു അത് ഈമാനികാവേശമായി കത്തിപ്പടരുകയായിരുന്നു 

സുമയ്യയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല  അവർ അനശ്വരയായി മാറുകയായിരുന്നു മനുഷ്യ മനസ്സുകളിൽ  അവർ ജീവിച്ചു  ചരിത്ര താളുകളിലും ജീവിച്ചു  അവരുടെ ത്യാഗത്തിന്റെയും ക്ഷമയുടെയും കഥകൾ പറഞ്ഞവസാനിച്ചില്ല തലമുറകൾ അത് പറഞ്ഞുകൊണ്ടേയിരുന്നു  സുമയ്യ (റ) അങ്ങേ ലോകത്തേക്കു പോയി പ്രിയപ്പെട്ട ഭർത്താവിന് പിന്നാലെ 

ഭർത്താവിന് കൊടും പീഢനത്തെ അതിജീവിക്കാനായില്ല വീര രക്തസാക്ഷിയായി  യാസിർ  (റ)വിന്റെ ത്യാഗവും ക്ഷമയും അറബികളെ അമ്പരപ്പിച്ചു മക്കായെ കോരിത്തരിപ്പിച്ചു  ഒരിക്കലും തീരാത്ത ആവേശമായി യാസിർ  (റ) മാറുകയാണ്  വീര രക്തസാക്ഷിയായി  യാസിർ കുടുംബത്തിന്റെ രക്തം ആ മണൽത്തരികളെ ചുവപ്പിച്ചു  ആ ചുവപ്പു വർണ്ണം അറബ് മനസ്സിൽ മായാതെ കിടന്നു പിന്നിലെ വന്നവർക്കതാവേശമായി ഈമാനികാവേശത്തിന്റെ പ്രചോദനമായി കാലഘട്ടത്തെ അത് പ്രകമ്പനം കൊള്ളിച്ചു  ..

മദീനയിലേക്ക്



യാസിർ  (റ) ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി  സുമയ്യ (റ) ആദ്യത്തെ വനിതാ രക്തസാക്ഷി ഇരുവരും രക്തസാക്ഷികളായി ചരിത്രത്തിന്റെ ഭാഗമായി അവരുടെ ഓമന മകൻ അമ്മാർ (റ)  കിരാതമായ മർദ്ദനമുറകൾ തുടരുകയാണ്   നിരന്തര പീഢനം ശരീരത്തിൽ  എത്ര മുറിവുകൾ ചൂടുപിടിച്ച മണൽ പരപ്പിൽ നഗ്ന ശരീരം വലിച്ചെറിയ്യുന്നു മുറിവുകളിൽ ചൂടു പടർന്നു കയറുന്നു  അസഹ്യമായ നീറ്റൽ  ബിംബങ്ങളെ വാഴ്ത്തുക ശത്രുക്കൾ നിർബന്ധിച്ചുകൊണ്ടിരുന്നു അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു ശത്രുക്കൾ ലാത്തയെയും ഉസ്സയെയും വാഴ്ത്തുന്ന വചനങ്ങൾ പറഞ്ഞുകൊണ്ടുരുന്നു അവ ഏറ്റു പറയാൻ നിർബന്ധിക്കുന്നു മർദ്ദിക്കുന്നു  എത്ര നിർബന്ധിച്ചിട്ടും മർദ്ദിച്ചിട്ടും അനുസരിക്കുന്നില്ല തല വെള്ളത്തിൽ മുക്കി ശ്വാസം കിട്ടുന്നില്ല ബോധം നശിക്കുകയാണ് പരിസരം മറന്നിരിക്കുന്നു മർദ്ദകന്മാർ എന്തൊക്കെയോ ചൊല്ലിക്കൊടുക്കുന്നു ഒന്നും മനസ്സിൽ പതിയുന്നില്ല ഏതോ വാചകങ്ങൾ ഏറ്റു പറഞ്ഞുപോയി ഏതോ ബിംബങ്ങളുടെ പേര് പറഞ്ഞുപോയി ശത്രുക്കൾക്ക് സന്തോഷമായി തൽക്കാലത്തേക്ക് മർദ്ദനം നിർത്തി തളർന്നു വീണുപോയി കുറെ കഴിഞ്ഞ് മയക്കം വിട്ടുണർന്നു നടന്ന കാര്യങ്ങൾ ഓർത്തു നോക്കി പറയാൻ പാടില്ലാത്തത് പറഞ്ഞു പോയിരിക്കുന്നു  സഹിക്കാൻ കഴിയുന്നില്ല ഇനിയെന്ത് ചെയ്യും?  പിന്നെ എണീറ്റ് ഓട്ടമായിരുന്നു നബി  (സ)തങ്ങളുടെ സമീപത്തേക്ക് പൊട്ടിക്കരയുന്നുണ്ട് കണ്ണീരൊഴുക്കുന്നുണ്ട് നബി  (സ)തങ്ങളെ നേർക്കുനേരെ കാണുന്നു  കരച്ചിൽ നിർത്താനാവുന്നില്ല നബി  (സ) അമ്മാർ (റ) വിനെ സ്നേഹപൂർവ്വം സ്വീകരിച്ചു കണ്ണീർ തുടച്ചുകൊടുത്തു എന്നിട്ടങ്ങനെ ചോദിച്ചു: ശത്രുക്കൾ നിന്നെ വെള്ളത്തിൽ മുക്കി ശ്വാസ തടസ്സമുണ്ടായി പിന്നെ അവർ നിന്നോട് ചിലത് പറയാൻ നിർബന്ധിച്ചു നീ പറഞ്ഞുപോയി അല്ലേ ? അതല്ലേ ഉണ്ടായത് ?

അസഹ്യമായ വേദനയോടെ അമ്മാർ (റ) സമ്മതിച്ചു അദ്ദേഹം നബി  (സ) തങ്ങളുടെ മുഖത്ത് നോക്കി അവിടെ വെറുപ്പില്ല കോപമില്ല മുഖം ശാന്തമാണ് ചുണ്ടുകളിൽ മന്ദസ്മിതം അമ്മാർ (റ)വിന് വല്ലാത്ത അതിശയം തോന്നി 

നബി  (സ) വിശുദ്ധ ഖുർആൻ വചനം ഓതിക്കേൾപ്പിച്ചു 

സൂറത്തുന്നംലിലെ നൂറ്റി ആറാം വചനം അതിന്റെ ആശയം ഇങ്ങനെ  :

ആരെങ്കിലും തന്റെ വിശ്വാസത്തിനു ശേഷം അല്ലാഹുവിനെ നിഷേധിച്ചാൽ സത്യവിശ്വാസം കൊണ്ട് തന്റെ ഹൃദയം അടങ്ങിയിരിക്കെ നിർബന്ധത്തിന് വിധേയനായവൻ ഒഴികെ ആരുടെ ഹൃദയം ദൈവനിഷേധം കൊണ്ട് വികസിച്ചുവോ അവന് അല്ലാഹുവിന്റെ കോപവും കഠിന ശിക്ഷയും ഉണ്ടായിരിക്കും  (16:106)

ആരെങ്കിലും സത്യവിശ്വാസിയായി അതിനു ശേഷം ദൈവ നിഷേധിയായി എന്നാൽ അവന്റെ മേൽ അല്ലാഹുവിന്റെ കോപവുമുണ്ടാവും അവന് കഠിന ശിക്ഷ ലഭിക്കുകയും ചെയ്യും

എന്നാൽ അമ്മാർ (റ) ഇതിൽ പെടില്ല അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും ദൈവ വിശ്വാസം രൂഢമൂലമാണ് നിർബന്ധത്തിനു വഴങ്ങി ചില വാക്കുകൾ പറഞ്ഞു പോയതാണ് അതു കാരണം ദൈവ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഒഴിവായി

അമ്മാർ (റ)വിനാശ്വാസമായി സത്യവിശ്വാസം  കൂടുതൽ ശക്തമായി 

അംറുബ്നു മൈമൂൻ (റ) ഒരു സംഭവം വിവരിക്കുന്നു 

ഒരിക്കൽ ശത്രുക്കൾ അമ്മാർ (റ)വിനെ തീ കൊണ്ട് പൊള്ളിച്ചു ശരീരത്തിന്റെ പല ഭാഗത്തും പൊള്ളൽ വല്ലാത്ത നീറ്റൽ നബി  ( സ) തങ്ങൾ വിവരമറിഞ്ഞു ദുഃഖത്തോടെ നടന്നുവന്നു ആ കാഴ്ച കണ്ടു അമ്മാറിന്റെ അവസ്ഥ ദയനീയം തന്നെ 

നബി  (സ) അമ്മാർ (റ) വിന്റെ ശീരസ്സിൽ തലോടി എന്നിട്ടിങ്ങനെ പറഞ്ഞു:  തീ ......നീ അമ്മാറിന് തണുപ്പും രക്ഷയുമാവുക ഇബ്രാഹിം നബി  (അ) ന് തണുപ്പും രക്ഷയും ആയതുപോലെ

അങ്ങനെ എത്രയെത്ര രംഗങ്ങൾ നബി  (സ) തങ്ങൾ അമ്മാർ (റ) വിനെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി മനസ്സറിഞ്ഞ് സ്നേഹിച്ചുപോയി അമ്മാർ (റ) ഖുറൈശികളുടെ കണ്ണാൽ പെടാതിരിക്കാൻ ശ്രമിച്ചു ഒളിവിൽ കഴിഞ്ഞുകൂടി 

കൂടുതൽ പേർ ഇസ്ലാം മതം സ്വീകരിച്ചു ഖുറൈശികൾ കൂടുതൽ ക്ഷുഭിതരായി കൂടുതൽ പേരെ മർദ്ദിക്കേണ്ടിവന്നു അവർക്ക് അമ്മാറിനെ മാത്രം നോക്കിയാൽ പോരാ എന്ന അവസ്ഥയായി 

ഇതിന്നിടയിൽ കൂറെ പേർ അബ്സീനിയായിലേക്ക് പോയി ശത്രുക്കൾക്ക് അടിയേറ്റത് പോലെയായി 

അബ്സീനിയായിൽ നിന്ന് അവരെ തിരിച്ചു കൊണ്ടു വരണം അബ്സീനിയൻ കൊട്ടാരത്തിൽ ചെന്ന് രാജാവിനെ കാണണം മക്കയിൽ നിന്ന് വന്നവരെ തിരിച്ചയക്കാൻ നിർബന്ധിക്കണം രാജാവിൽ സമ്മർദ്ദം ചെലുത്താൻ അബ്സീനിയായിലെ പ്രമുഖന്മാരെ കൂട്ടുപിടിച്ചു 

വാചാലമായി സംസാരിക്കാൻ കഴിവുള്ള ചില ദൂതന്മാർ അബ്സീനിയായിലെത്തി കൊട്ടാരത്തിൽ ചെന്ന് രാജാവിനോട് സംസാരിച്ചു മക്കയിൽ നിന്നെത്തിയ അഭയാർത്ഥികളെ തിരിച്ചയക്കണമെന്നപേക്ഷിച്ചു അവിടത്തെ പ്രമുഖന്മാർ പിന്താങ്ങുകയും ചെയ്തു 

രാജാവ് അഭയാർത്ഥികളെ വരുത്തി കാര്യം തിരക്കി അഭയാർത്ഥികളുടെ പ്രതിനിധിയായി ജഹ്ഫറുബ്നു അബീത്വാലിബ് (റ) സംസാരിച്ചു രാജാവ് ശ്രദ്ധിച്ചു കേട്ടു 

മുസ്ലിംകൾ ഇന്നാട്ടിൽ തന്നെ താമസിച്ചുകൊള്ളട്ടെ അവരെ തിരിച്ചയക്കേണ്ടതില്ല രാജാവ് പ്രഖ്യാപിച്ചു 

ഖുറൈശി പ്രതിനിധികൾ ഇളിഭ്യരായി മടങ്ങേണ്ടിവന്നു  ഈ സംഭവം  ഖുറൈശികളെ പ്രകോപിതരാക്കി മർദ്ദനത്തിന് ശക്തി കൂട്ടി  കാലം പിന്നെയും നീങ്ങി മുസ്ലിംകൾ മദീനയിലേക്ക് ഹിജ്റ പോവാൻ തുടങ്ങി  ഒറ്റയായും കൂട്ടമായും നാട് വിട്ടുകൊണ്ടിരുന്നു  നബി  (സ)തങ്ങളും അബൂബക്കർ സിദ്ദീഖ്  (റ)വും നാടുവിട്ടു ഖുറൈശികൾക്ക് കരണത്തടി കിട്ടിയത് പോലെയായി  യസ്രിബ് പട്ടണത്തിന്റെ പേര് മാറി മദീനത്തുന്നബിയ്യി ആയി മാറി മദീനയിൽ ഇസ്ലാം നന്നായി വളർന്നു   അമ്മാർ (റ) മദീനയിലെത്തി ആശ്വാസമായി  നബി  (സ) തങ്ങൾ അമ്മാർ (റ) നെ വിളിക്കുന്നതെങ്ങനെയാണ് സുമയ്യയുടെ മകനേയെന്ന്  അത് കേൾക്കുമ്പോൾ അമ്മാർ (റ) വിന് വലിയ സന്തോഷമാണ്  നബിതങ്ങൾ തന്റെ മാതാവിനെ ഓർക്കുന്നുണ്ടല്ലോ തിരുനാവിൽ നിന്ന് തന്റെ മാതാവിന്റെ പേര് വരുന്നുണ്ടല്ലോ എത്രയോ ആശ്വാസം നൽകുന്ന ചിന്ത 

ആദ്യകാല മുസ്ലിംകൾ മദീനയിൽ വളരെയേറെ ആദരിക്കപ്പെട്ടു അമ്മാർ (റ) അക്കൂട്ടത്തിൽ പെടുന്നു 

ആദ്യരക്തസാക്ഷിയായ യാസിർ  (റ) വിന്റെ മകൻ ആദ്യ വനിതാ രക്തസാക്ഷിയായ സുമയ്യയുടെ മകൻ  ആ നിലയിലും അമ്മാർ (റ) ആദരിക്കപ്പെട്ടു യാസിർ  (റ)വിന്റെ കുടുംബം സഹിച്ച കടുത്ത മർദ്ദനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ മദീനയിൽ പ്രചരിച്ചു  കടുത്ത യാതനകളിലൂടെയാണ് മുഹ്മിനീങ്ങളുടെ യാത്ര ചരിത്രം അങ്ങനെയാണ് പറഞ്ഞു തരുന്നത് യാതനകൾ ഇനിയുമേറെ വരാനുണ്ട് അവയെല്ലാം  സത്യവിശ്വാസികൾ തരണം ചെയ്യേണ്ടതുണ്ട് ..

ബദർ പോർക്കളത്തിൽ




നബി(സ) മദീനയിലെത്തിയ ആദ്യനാളുകൾ അബൂ അയ്യൂബുൽ അൻസാരി (റ) വിന്റെ വീട്ടിൽ താമസം ധാരാളമാളുകൾ നിത്യവും സന്ദർശകരായി വരുന്നുണ്ട് ഒരു മസ്ജിദ് പണിയണം സമീപത്തുളള മൈതാനം കൊള്ളാം അത് രണ്ട് യത്തീം മക്കളുടെ വകയാണ് സ്ഥലം വിലകൊടുത്തു വാങ്ങി സ്ഥലം നിരപ്പാക്കണം മണ്ണ് കുഴിച്ച് പാകപ്പെടുത്തി കട്ടയുണ്ടാക്കണം തറ കെട്ടാൻ കല്ല് വേണം  അധ്വാനമുള്ള ജോലികൾ ധാരാളം കിടക്കുന്നു നല്ല ആരോഗ്യമുള്ള അമ്മാർ (റ) ആവേശത്തോടെ വന്നു അധ്വാനത്തിന്റെ കാര്യത്തിൽ അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാണ്  തറ കൊത്തി നിരപ്പാക്കാൻ തുടങ്ങി അമ്മാർ വെയിലത്ത് നന്നായി അദ്ധ്വാനിച്ചു വിയർപ്പൊഴുക്കി  പരലോകത്തേക്കുള്ള സമ്പാദ്യം  ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നു തോൽപ്പാത്രത്തി ചുമന്ന് കൊണ്ടുപോവുന്നു മണ്ണ് കുഴക്കുന്നു കട്ടയുണ്ടാക്കുന്നു വെയിലിൽ കട്ടകൾ ഉണക്കുന്നു 

ചുമർ കെട്ടാൻ തുടങ്ങിയപ്പോൾ അമ്മാർ (റ) കൂടുതൽ അധ്വാനിച്ചു മറ്റുള്ളവർ ഓരോ കട്ട ചുമന്നുകൊണ്ട് വരുമ്പോൾ അമ്മാർ (റ) രണ്ടെണ്ണം ചുമന്നുകൊണ്ടുവരും  ഒരവസരത്തിൽ വലിയൊരു കല്ല് ചുമന്നുകൊണ്ട് വന്ന് എന്തൊരു ഭാരം നടക്കാൻ നന്നെ വിഷമിച്ചുപോയി 

നബി  (സ) ആ രംഗം നോക്കി കൊണ്ട് നിൽക്കുന്നു മനസ്സിൽ വല്ലാത്ത സ്നേഹം വന്നുപോയി  വലിയ കല്ല് സ്ഥാനത്തെത്തിച്ചു തലയിലും മുഖത്തും പൊടി മൂടിക്കിടക്കുന്നു ശരീരം നിറയെ പൊടിയും വിയർപ്പും 

നബി  (സ)തങ്ങൾ പുണ്യം നിറഞ്ഞ കൈകൊണ്ട് മുഖത്തെ പൊടി തുടച്ചുമാറ്റി തല തടവി പൊടി നീക്കി  അമ്മാർ (റ) അനുഗ്രഹീതനായി വല്ലാത്ത അനുഭൂതി അമ്മാർ (റ)വിന്റെ ഭാവി ജീവിതം നബി  (സ) കാണുന്നു  പതിറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന കാര്യം മുസ്ലിംകൾ രണ്ട് ഗ്രൂപ്പായി തിരിയുന്നു പരസ്പരം പോരടിക്കുന്നു അമ്മാർ (റ) സത്യത്തിന്റെ ഭാഗത്ത് ഉറച്ചു നിന്നു പോരാടുന്നു  അക്രമികളായ ഒരു സംഘം അമ്മാർ (റ) വിനെ  ആഞ്ഞുവെട്ടുന്നു   അദ്ദേഹം രക്തസാക്ഷിയായി മരിച്ചുവീഴുന്നു  നബി  (സ) കണ്ടു പറയുകയും ചെയ്തു  പലരും കേട്ടു അവർ ഓർമ്മയിൽ സൂക്ഷിച്ചു  മസ്ജിദുന്നബവിയുടെ നിർമ്മാണം പൂർത്തിയായി എന്നു പറയാം  നിസ്കാരം തുടങ്ങി  അമ്മാർ (റ) അതിൽ സജീവമായി പങ്കെടുത്തു മസ്ജിദ് പരിപാലനത്തിന് കഠിനാദ്ധ്വാനം ചെയ്തു 

കറുത്ത നിറം പൊക്കം കൂടിയ ശരീരം വിരിഞ്ഞ മാറിടം നല്ല ആരോഗ്യം അതായിരുന്നു അമ്മാർ  (റ)  അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തിയ തൊഴിലാളി നേതൃത്വ ഗുണങ്ങൾ നിറഞ്ഞുനിന്ന മഹാൻ 

മസ്ജിദിൽ നടന്ന എല്ലാ ചടങ്ങുകൾക്കും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട് അധികം സംസാരിക്കില്ല അധിക നേരവും മൗനം ഖൽബ് ദിക്റിൽ മുഴകും ആവശ്യത്തിനു മാത്രം സംസാരിക്കും  നബി  (സ) തങ്ങളുടെ ജീവിതം അമ്മാർ (റ) നന്നായി പഠിച്ചു വളരെയടുത്തു നിന്നു തന്നെ പഠിച്ചു  നബി(സ)യെ എങ്ങനെ സ്നേഹിക്കണം ? അത് നന്നായി പഠിച്ചു നന്നായി സ്നേഹിച്ചു  അവിടുത്തെ പൊരുത്തം നേടി  യുദ്ധത്തിന്റെ മേഘപാളികൾ പ്രത്യക്ഷമായ നാളുകൾ യുദ്ധം വന്നാൽ ജീവൻ നൽകാൻ അമ്മാർ (റ) തയ്യാർ 

ഹിജ്റഃ യുടെ രണ്ടാം വർഷം റമളാൻ മാസം മുഴുവൻ നോമ്പെടുക്കൽ  നിർബന്ധമായി സ്വഹാബികൾ നോമ്പെടുക്കാൻ തുടങ്ങി ഒരു മാസത്തെ നോമ്പ് നോറ്റ് പരിശീലിക്കുകയാണ് അതിന്നിടയിലാണ് ഞെട്ടിക്കുന്ന വാർത്ത വന്നത് മക്കയിൽ നിന്ന് സൈന്യം പുറപ്പെട്ടിരിക്കുന്നു അബൂജഹൽ നേതൃത്വം വഹിക്കുന്ന സൈന്യം  അമ്മാർ (റ) അസ്വസ്ഥനായി മനസ്സിൽ രോഷം പുകയുന്നു  തന്റെ പ്രിയപ്പെട്ട മാതാവിനെ ഇഞ്ചിഞ്ചായി കൊന്ന കൊടും പഹയൻ ഇസ്ലാം മതത്തെ തുടച്ചുനീക്കാൻ വരികയാണ് ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കാം തന്റെ വൃദ്ധനായ പിതാവിനെ മർദ്ദിച്ചു കൊന്ന ക്രൂരൻ  അമ്മാർ (റ) പല്ല് ഞെരിച്ചു റമളാൻ പന്ത്രണ്ട് അന്നാണ് സൈന്യം പുറപ്പെടുന്നത് അതിനു മുമ്പെ സൈന്യത്തിലേക്ക് ആളെയെടുത്തു അമ്മാർ (റ) ആദ്യ സംഘത്തിൽ തന്നെയുണ്ട്  യദ്ധ സാമഗ്രികളെല്ലാം കുറവ് ഭക്ഷ്യവസ്തുക്കൾ തീരെ കുറവ് നോമ്പ് കാലവും കൊടും പരീക്ഷണം റമളാൻ പതിനാറിന് ബദ്റിലെത്തി പിറ്റേന്ന് യുദ്ധം പൊട്ടി ഒരു ഭാഗത്ത് മുന്നൂറ്റി പതിമൂന്ന് പേരുടെ സൈന്യം  മറുഭാഗത്ത് അബൂജഹലിന്റെ ആയിരം പേരുള്ള സൈന്യം അഹങ്കാരികളുടെ പട  ഇരു സൈന്യവും ബദറിൽ ഏറ്റുമുട്ടി

അമ്മാർ (റ) മക്കാ നേതാക്കളെ കണ്ടു തന്നെ ക്രൂരമായി മർദ്ദിച്ച ക്രൂരന്മാരെ കണ്ടു തന്റെ പിതാവിനെ മർദ്ദിച്ചു കൊന്ന ക്രൂരന്മാരെകണ്ടു തന്റെ മാതാവിനെ കുന്തംകൊണ്ട് കുത്തിക്കൊന്ന അബൂജഹലിനെ കണ്ടു മർദ്ദകരെ കണ്ടു കൂടി നിന്ന് പൊട്ടിച്ചിരിച്ചവരെ കണ്ടു  അമ്മാർ (റ) പരിസരം മറന്നു കൈ മെയ് മറന്നു  മിന്നൽപ്പിണറായി മാറി തിളങ്ങുന്ന വാളുമായി കുതിച്ചു കണ്ണിൽ കണ്ട ശത്രുക്കളെയെല്ലാം വെട്ടി വീഴ്ത്തി എന്തൊരു മുന്നേറ്റം

അഹദ്....അഹദ്.....അഹദ്..

അമ്മാർ (റ) വിൽ നിന്ന് ആ വാക്ക് ഉയർന്നുകൊണ്ടിരുന്നു പടവെട്ടുന്ന മുസ്ലിംകളെല്ലാം അത് പറയുന്നുണ്ട്  മക്കയിൽ വെച്ചു ക്രൂരമായി മർദ്ദിക്കപ്പെട്ടപ്പോൾ ബിലാൽ  (റ) ഉച്ചരിച്ച വാക്കാണത് അഹദ് .....അഹദ്  ......

അല്ലാഹു അഹദ് (അല്ലാഹു ഏകനാകുന്നു ) എന്നാണുദ്ദേശ്യം യുദ്ധക്കളം പെട്ടെന്നിളകി മറിഞ്ഞു തക്ബീർ ധ്വനികളുയർന്നു ആരോ ഉറക്കെ വിളിച്ചു പറയുന്നു അബൂജഹൽ വെട്ടേറ്റ് വിണു അമ്മാർ (റ) അത് കേട്ടു മേലാകെ കോരിത്തരിക്കുന്നു ഇടംവലം തിരിയാൻ നിവൃത്തിയില്ല ശത്രുക്കൾ പൊതിഞ്ഞു നിൽക്കുന്നു അമ്മാർ ആഞ്ഞുവെട്ടുന്നു എന്തൊരു കൈവേഗത  പിന്നെയും പിന്നെയും അട്ടഹാസങ്ങൾ മക്കായുടെ കരൾത്തുടിപ്പുകൾ തകർന്നുവീഴുന്നു അമ്മാർ (റ) ആ കാഴ്ച കണ്ടു അവിശ്വസനീയമായ കാഴ്ച തന്നെ പൊതിഞ്ഞു നിന്നവർ പിന്തിരിഞ്ഞോടുന്നു  തന്റെ ജീവനുവേണ്ടി ആർത്തിയോടെ പടപൊരുതിയവർ തന്നെ ഉപേക്ഷിച്ചു പോവുന്നു  എന്തൊരതിശയകരമായ കാഴ്ച ബദർ രണാങ്കണത്തിൽ മലക്കുകളിറങ്ങി അവർ മുസ്ലിംകളെ സഹായിച്ചു ശത്രുക്കൾ ചിന്നിച്ചിതറി പരാജയത്തിന്റെ രുചിയറിഞ്ഞു കൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞ് ജീവനുംകൊണ്ടോടിപ്പോയി നിന്ദ്യമായ പരാജയം സത്യവിശ്വാസികളുടെ മഹാവിജയം യുദ്ധം അവസാനിച്ചു  അമ്മാർ (റ) വാൾ തുടച്ചു വൃത്തിയാക്കി ഉറയിലിട്ടു  നെറ്റിയിലെ വിയർപ്പു തുള്ളികളും തുടച്ചു  രണാങ്കണത്തിലൂടെ നടന്നു മരിച്ചു വീണവരെ കാണാൻ നബി  (സ) അതാ നിൽക്കുന്നു വധിക്കപ്പെട്ട ശരീരത്തിലേക്ക് നോക്കിനിൽക്കുന്നു  അതാരുടെ ശവശരീരം 

അബൂജഹലിന്റെ  ശരീരം

അമ്മാർ (റ) അതിലേക്ക് നോക്കി പിന്നെ നബിതങ്ങളുടെ മുഖത്തേക്കും നോക്കി ആ മുഖത്തെ അപ്പോഴത്തെ ഭാവം നബി  (സ) പറയുന്നു

അമ്മാർ നോക്കൂ നിന്റെ മാതാവിനെ കൊന്നവൻ

അമ്മാർ (റ) അത് കേട്ട് ഞെട്ടി ഒരൊറ്റ വചനം ഇതിൽ എന്തെല്ലാം ഉൾക്കൊള്ളുന്നു

തന്റെ പ്രിയപ്പെട്ട മാതാപിതാക്കൾ ബനൂമഖ്സൂം ഗോത്രക്കാരുടെ വേലക്കാർ ആരുമറിയാതെ മണ്ണിടിഞ്ഞു പോവേണ്ട സാധുക്കൾ പക്ഷെ അവർ ഇവിടെ അനുസ്മരിക്കപ്പെട്ടിരിക്കുന്നു പിന്നാലെ വരുന്നവർ അവരെ ഓർക്കും അഭിമാനപൂർവ്വം അവരുടെ ചരിത്രം പറയും എന്തൊരു പദവി  ?
അവർ ആദ്യ രക്തസാക്ഷികൾ 

ആ രക്തസാക്ഷിത്വമാണ് അവർക്ക്  ഈ പദവി നൽകിയത് രക്തസാക്ഷികളുടെ പദവി അത് വർണ്ണിക്കാൻ വാക്കുകളില്ല അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി  ശത്രുക്കൾ വലിച്ചെറിഞ്ഞിട്ടുപോയ വസ്തുക്കൾ ശേഖരിക്കണം വധിക്കപ്പെട്ടവരെ ഖബറടക്കണം പിന്നേയും ഒരുപാട് ജോലികളുണ്ട് എല്ലായിടത്തും അമ്മാർ (റ)വിന്റെ സാന്നിധ്യമുണ്ട്  അല്ലാഹു കരുണയുടെയും  അനുകമ്പയുടെയും ഉറവിടമാണ് അവൻ സഹായം വാഗ്ദാനം ചെയ്തു ഇത് അനുഭവമാണ് അനുഭവത്തിൽ നിന്നാണ് ബദ്രീങ്ങൾ പാഠം പഠിച്ചത് ഒരിക്കലും മറക്കാത്ത പാഠം

രണാങ്കണത്തിലെ ജോലികൾ തീർത്തു ബന്ദികളെയും കൊണ്ട് മദീനയിലേക്ക് മടങ്ങുന്നു വന്നത് ദരിദ്രരായിട്ടായിരുന്നു കൈയിൽ കാര്യമായിട്ടൊന്നുമില്ല മടക്കം അങ്ങനെയല്ല കൈനിറയെ യുദ്ധ മുതലുകളുമായിട്ടാണ് മടക്കം ..

യമാമ യുദ്ധം



ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹ്ദ് യുദ്ധം ഉഹ്ദിന്റെ ആലോചന മുതൽ അമ്മാർ (റ) സജീവമായിരുന്നു യുദ്ധം വളരെ വലിയ പരീക്ഷണമായി മാറി 

അമ്മാർ (റ)  എല്ലാ പരക്ഷണ വേളകളിലും ഉറച്ചു നിന്നു  കുന്തങ്ങളും ,അമ്പുകളും ,വാളുകളും ചീറ്റിവന്ന വേളകളിൽ അതിശയിപ്പിക്കുന്ന  മെയ് വഴക്കത്തോടെയാണവയെ നേരിട്ടത് 

ഖന്തഖിലേക്ക് സൈന്യം നീങ്ങിയപ്പോൾ അമ്മാർ (റ) മുൻപന്തിയിലുണ്ടായിരുന്നു കൊടും  പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കാലത്താണ് കഷ്ടപ്പെട്ട് കിഴങ്ങ് കുഴിച്ചത് 

തബൂക് മറ്റൊരു പരീക്ഷണമായിരുന്നു പതറാത്ത പാദങ്ങളിൽ ധീരമായി മുന്നേറുന്ന അമ്മാറിനെയാണ് അന്ന് കണ്ടത് എല്ലാ യുദ്ധങ്ങളിലും നബി  (സ) തങ്ങളോടൊപ്പം പങ്കെടുത്തു എല്ലാ പ്രതിസന്ധിഘട്ടത്തിലും ധീരമായി നിന്നു 

മദീനയിലെത്തിയ ശേഷം തിരക്കു പിടിച്ച ജീവിതമായിരുന്നു യുദ്ധങ്ങൾക്കു മേൽ യുദ്ധങ്ങൾ ഒട്ടനേകം പ്രശ്നങ്ങൾ അവയുമായി കെട്ടുപിണഞ്ഞ ജീവിതം  വല്ലപ്പോഴെങ്കിലും വീണുകിട്ടുന്ന ഒഴിവു സമയം അപ്പോൾ മാതാപിതാക്കളെ ഓർത്തുപോകും  പ്രായം ചെന്ന പിതാവ് ഖുറൈശികളുടെ മർദ്ദനം അസഹ്യമായ ഘട്ടം മർദ്ദനം സഹിക്കാൻ വാർദ്ധക്യം പര്യാപ്തമല്ല  അന്നൊക്കെ രാവിലെയും വൈകുന്നേരവും നബി  (സ) തങ്ങൾ വരും ആശ്വാസ വചനങ്ങൾ പറയും എരിയുന്ന മനസ്സിൽ തണുപ്പ് വീഴുന്നതപ്പോഴാണ് 

ബദ്റിൽ വെച്ച് നബി  (സ) അബൂജഹ്ലിന്റെ ശവശരീരം കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ അമ്മാർ(റ) ഓർത്തു 

നിന്റെ പിതാവിന്റെ ഘാതകനെ അല്ലാഹു വധിച്ചു  നബി(സ) തങ്ങൾ അമ്മാർ (റ) വിന്റെ മാറിടത്തിൽ കൈവെച്ച് അനുഗ്രഹിച്ചിട്ടുണ്ട് അപ്പോൾ ഈമാനിന്റെ ശാന്തത അമ്മാർ (റ) അനുഭവിച്ചു

അമ്മാർ (റ)വിന്റെ മനസ്സ് നിറയെ ഈമാനായിരുന്നു  ഒരിക്കൽ നബി  (സ) തങ്ങൾ പറഞ്ഞു:  അമ്മാറിന്റെ മജ്ജവരെ ഈമാനാകുന്നു 

മക്കയിൽ വെച്ച് പരസ്യമായി മുസ്വല്ല വിരിച്ച് നിസ്കരിച്ച രണ്ടാളുകളെക്കുറിച്ച് ചരിത്രം എടുത്തു പറയുന്നുണ്ട്

1. അബൂബക്കർ  (റ)
2. അമ്മാർ (റ)

നബി  (സ)തങ്ങൾക്ക് അമ്മാർ (റ) വിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു തിരിച്ചും അങ്ങനെ തന്നെ 

നബി  (സ ) രോഗബാധിതനായി എന്നറിഞ്ഞപ്പോൾ അമ്മാർ (റ) അനുഭവിച്ച ദുഃഖം അത് വർണ്ണിക്കാനാവില്ല  സാധാരണ ഗതിയിൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന അമ്മാർ (റ) കടുത്ത ദുഃഖം കൂടി ആയാലോ ? 

ഒടുവിൽ ആ ദുഃഖവാർത്ത മദീനയിൽ പ്രചരിച്ചു  നബി  (സ) വഫാത്തായിരിക്കുന്നു ധീരനായ അമ്മാർ (റ) തളർന്നു ഇനിയെന്ത്? ഇനിയെന്തിന് ജീവിതം? 

അബൂബക്കർ സിദ്ദീഖ്  (റ) സന്ദർഭത്തിനൊത്തുയർന്നു ദുഃഖം സഹിക്കാനാവാതെ വെറുങ്ങലിച്ചു നിന്നവരെ തട്ടിയുണർത്തി  കടമകളെക്കുറിച്ചു ബോധ്യം വരുത്തി എല്ലാറ്റിനും അമ്മാർ (റ) സാക്ഷിയായി 

ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ) തങ്ങൾ റൗളാശരീഫിൽ ഖബറടക്കപ്പെട്ടു  ആ ഭാഗത്തേക്ക് നോക്കുമ്പോൾ അമ്മാർ (റ)വിന് ദുഃഖം അണപൊട്ടിയൊഴുകും  ഒന്നാം ഖലീഫ അധികാരമേറ്റു മുസ്ലിം ഭരണകൂടത്തിനു നേരെ വെല്ലുവിളി ഉയർന്നു  കള്ള പ്രവാചകന്മാർ രംഗത്തിറങ്ങി അവർ ഇസ്ലാംമിനെ തകർക്കും അതിന് മുമ്പെ അവരെ തകർക്കണം  മുസൈലിമത്തുൽ കദ്ദാബ്

ശക്തനായ കള്ളപ്രവാചകൻ വമ്പിച്ച സൈന്യത്തെ സജ്ജമാക്കി ഒന്നാം ഖലീഫക്കെതിരെ വെല്ലുവിളി ഉയർന്നു  ഖലീഫ കള്ളപ്രവാചകന്നെതിരെ സൈന്യത്തെ നിയോഗിച്ചു ആ സൈന്യത്തിൽ അമ്മാർ (റ) ഉണ്ടായിരുന്നു  സൈന്യത്തിലധികവും സമീപകാലത്ത് ഇസ്ലാമിൽ വന്ന ചെറുപ്പക്കാരായിരുന്നു അവർ ബദ്റും ഉഹ്ദും കണ്ടവരല്ല കേട്ടറിവ് മാത്രമേയുള്ളൂ

യമാമാ യുദ്ധം അത് കത്തിപ്പടർന്നു

കള്ള പ്രവാചകന്റെ സൈന്യം ശക്തമായി മുന്നേറി മുസ്ലിം സൈന്യത്തിലെ ചെറുപ്പക്കാരുടെ അണി പിളർന്നു അവർ ചിതറിയോടി അമ്മാർ (റ)വിന് സഹിച്ചില്ല ഉറച്ചു നിന്ന് പോരാടാൻ അദ്ദേഹംവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു ആര് കേൾക്കാൻ 

അബ്ദുല്ലാഹിബ്നു ഉമർ (റ) ആ രംഗം ഇങ്ങനെ വിവരിക്കുന്നു 

യമാമ യുദ്ധം കൊടുമ്പിരി കൊള്ളുന്നു പഴയ തലമുറയിൽപെട്ടവർ ധീരമായി പൊരുതുന്നു ചെറുപ്പക്കാർ ചിതറിയോടി സഹികെട്ട അമ്മാർ ( റ) ഒരു പാറപ്പുറത്ത് കയറിനിന്നു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു 

മുസ്ലിം സമൂഹമേ നിങ്ങൾ പിന്തിരിഞ്ഞോടുകയാണോ ? സ്വർഗത്തിൽ നിന്നാണോ നിങ്ങൾ പിന്തിരിഞ്ഞോടുന്നത് ? തിരിച്ചു വരൂ  ഞാൻ അമ്മാറുബ്നു യാസിർ ആകുന്നു  ഇങ്ങോട്ടു വരൂ....തിരിച്ചു വരൂ
..... 

അപ്പോൾ അദ്ദേഹത്തിന്റെ ചെവി അറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു  അതിൽ നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടിരുന്നു  ശത്രുക്കളെ തുരത്തണം സ്വന്തം അണികളെ പിടിച്ചു നിർത്തുകയും വേണം അതായിരുന്നു അമ്മാർ (റ)വിന്റെ അവസ്ഥ   ഒടുവിൽ മുസൈലിമത്തുൽ കദ്ദാബ് വധിക്കപ്പെട്ടു 

യമാമയിൽ മുസ്ലിം സൈന്യം വിജയിച്ചു അമ്മാർ (റ)വിന്റെ ഒരു ചെവി നഷ്ടപ്പെട്ടു   ആ മുറിചെവി കാണുമ്പോൾ ആളുകൾ യമാമാ യുദ്ദം ഓർമ്മിക്കും അമ്മാർ(റ)വിനെക്കുറിച്ച് ഓർക്കാനും പറയാനും എന്തെല്ലാം കാര്യങ്ങളുണ്ട് മസ്ജിദുന്നബവി പണിയുന്ന കാലം ഒരു വലിയ പാറക്കല്ല് വളരെ വിഷമിച്ചു ചുമന്നുകൊണ്ട് വരികയാണ് അമ്മാർ (റ) നബി (സ) ആ രംഗം നോക്കി നിൽക്കുന്നു 

പാറക്കല്ല് അതിന്റെ സ്ഥാനത്തെത്തിച്ചു തലമുടി നിറയെ പൊടിയുണ്ട് ശരീരം വിയർപ്പിലും പൊടിയിലും കുളിച്ചിട്ടുണ്ട് നബി  (സ) സ്നേഹപൂർവ്വം തലമുടിയിലെ പൊടി തട്ടിക്കൊടുത്തു 

അമ്മാർ (റ) വിന്റെ ഭാവി ജീവിതത്തിലേക്ക് കണ്ണയച്ചുകൊണ്ട് നബി  (സ) പറഞ്ഞു:  അമ്മാർ അക്രമികളായ ഒരു വിഭാഗക്കാരുടെ കൈകൊണ്ടായിരിക്കും നിന്റെ മരണം  എത്രയോ സ്വഹാബികൾ അത് കേട്ടു കേൾക്കാത്ത പലരും കേട്ടവരിൽ നിന്നറിഞ്ഞു

ഒരിക്കൽ ഭയാനകമായൊരു സംഭവം നടന്നു ഒരു മതിലിന് താഴെ നിന്ന് അമ്മാർ (റ) ജോലി ചെയ്തുകൊണ്ടിരിക്കുന്നു പെട്ടെന്ന് മതിൽ തകർന്നു വീണു അമ്മാർ (റ) അതിന്നടിയിൽ പെട്ടു  അമ്മാർ (റ) മരിച്ചുപോയെന്ന് എല്ലാവരും ധരിച്ചു ഇതിന്നിടയിൽ ചിലർ മണ്ണ് നീക്കാൻ തുടങ്ങി   ചിലർ നബി  (സ)യെ സമിപിച്ചു അമ്മാർ മതിലിന്നടിയിൽ പെട്ട് മരിച്ചുവെന്നറിയിച്ചു കേട്ടവർ ഭയന്നുപോയി 

നബി  (സ) പറഞ്ഞു:  അമ്മാർ മരിച്ചിട്ടില്ല ഒരു വിഭാഗം അക്രമികളുടെ കൈകൊണ്ടായിരിക്കും  അമ്മാറിന്റെ മരണം  മണ്ണു നീക്കിയപ്പോൾ അമ്മാർ (റ) എണീറ്റുവന്നു അത്ഭുതം ഒരാപത്തും പറ്റിയില്ല അങ്ങനെ എത്രയെത്ര സംഭവങ്ങൾ കാലം ഒഴുകിക്കൊണ്ടിരുന്നു ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ..

കൂഫയിലെ ഗവർണർ 



ഒന്നാം ഖലീഫക്ക് ഒട്ടെറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് നബി  (സ) യുടെ അവസാന ഘട്ടത്തിൽ ഇസ്ലാമിലേക്കുവന്ന ചിലർ മതം ഉപേക്ഷിച്ചുപോയി നല്ലൊരു വിഭാഗം കള്ള പ്രവാചകന്മാരുടെ കൂടെ കൂടി 

ഇനി സകാത്ത് നൽകേണ്ടതില്ല എന്നു തീരുമാനിച്ചു ഒരു കൂട്ടർ ഇവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കാൻ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്  (റ) തയ്യാറായി ഇത്തരം നടപടികൾ വിജയകരമായി  പൂർത്തിയാക്കാൻ തലമുതിർന്ന സ്വഹാബികൾ ശക്തമായി നിലകൊണ്ടു അപ്പോഴെല്ലാം അമ്മാർ (റ) മുൻപന്തിയിലുണ്ടായിരുന്നു  സൈനിക നടപടികളിൽ പങ്കെടുത്തു ഒന്നാം ഖലീഫയുടെ മരണം

അമ്മാർ (റ) വിനെ അതീവ ദുഃഖിതനാക്കിയ അനുഭവം  പഴയ സഹപാഠികൾ ഇസ്ലാമിന്റെ ആദ്യഘട്ടത്തെ കുറിച്ചോർത്തു മക്കായിലെ നാളുകൾ   മർദ്ദനങ്ങളുടെയും പീഡനങ്ങളുടെയും  കാലം അവരുടെ ശരീരത്തിൽ അതിന്റെ പാടുകൾ ബാക്കി കിടക്കുന്നു  ആ നാളുകൾ അബൂബക്കർ  (റ) പല അടിമകളെയും വിലക്കു വാങ്ങി മോചിപ്പിച്ചു വിട്ടു  പീഡനങ്ങളിൽ നിന്ന് അങ്ങനെ പലരെയും മോചിപ്പിച്ചു അദ്ദേഹത്തിന്റെ ധനം ദീനിന് ഉപകരിച്ചു ആ സഹൃദയൻ മരിച്ചു കിടക്കുന്നു ഹിജ്റയിൽ നബി  (സ)യുടെ കൂട്ടുകാരൻ ഗുഹയിലെ കൂട്ടാളി  അന്ത്യവിശ്രമത്തിലും കൂട്ടാളികൾ തന്നെ  റൗളാശരീഫിൽ ഖബർ കുഴിച്ചു നബി  (സ) യുടെ ഖബറിന്നടുത്തു തന്നെ സിദ്ദീഖ്  (റ)വിന്റെ ഭൗതിക ശരീരം മണ്ണിലേക്ക് താഴ്ന്നു   

അമ്മാർ (റ) കണ്ണീർ തുടച്ചു 

രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ്  (റ)സ്ഥാനമേറ്റു സുവർണ കാലഘട്ടം വികാസം പ്രാപിച്ചു ലോകത്തെ വിസ്മയം കൊള്ളിച്ച ഭരണം പരിഷ്കാരങ്ങളുടെ കാലഘട്ടം  ഇസ്ലാം വിദൂര ദിക്കുകളിൽ വ്യാപിക്കുന്നു ഫലസ്തീൻ ,ഈജിപ്ത്, ഇറാഖ് തുടങ്ങിയ വിദൂര നാടുകളിലേക്ക് ഇസ്ലാമിന്റെ പ്രകാശമെത്തുന്നു 

അറേബ്യൻ മരുഭൂമിയുടെ മക്കൾ വിദൂര ദിക്കുകളിലേക്ക് പട നയിച്ചു വിശുദ്ധ ഖുർആന്റെ പ്രകാശം അവരുടെ മനസുകളെ ദീപ്തമാക്കിയിരുന്നു ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനവിഭാഗം അവരായിരുന്നു അവർ ലോകജേതാക്കളായി മാറി 

അതിപ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ഉമർ (റ) അദ്ദേഹം അമ്മാർ (റ)വിനെ നന്നായി പരിഗണിച്ചു 

അമ്മാർ (റ)വിനെ കൂഫയിലെ ഗവർണറായി നിയോഗിച്ചു   ഇബ്നു മസ്ഊദിനെ അവിടത്തെ മുഅല്ലിമും മന്ത്രിയുമായി നിയമിച്ചു 

ഉമർ (റ) കൂഫയിലെ ജനങ്ങൾക്ക് ഇങ്ങനെ കത്തെഴുതി

ഞാൻ അമ്മാറിനെ നിങ്ങൾക്ക് ഗവർണറായും ഇബ്നു മസ്ഊദിനെ മന്ത്രിയും മുഅല്ലിമുമായും അയക്കുന്നു അവർ രണ്ടുപേരും ബദർ യുദ്ധത്തിൽ പങ്കെടുത്തവരാകുന്നു നബി  (സ)യുടെ അനുയായികളിൽ പ്രസിദ്ധരുമാകുന്നു നബി  (സ)യോട് വളരെ അടുപ്പമുള്ളവരുമാകുന്നു 

ഉമർ  (റ)വിന്റെ മനസ്സിന് നല്ല ആശ്വാസം തോന്നി  വിശ്വസ്ഥരും ,നിസ്വാർത്ഥരും ,സേവന  സന്നദ്ധരുമായ രണ്ട് പേരെ നിയോഗിച്ച ആശ്വാസം 

ഖലീഫയുടെ ധാരണയും പ്രതീക്ഷയും തെറ്റിയില്ല സന്ദർഭത്തിനൊത്തുയർന്നു പ്രയത്നിച്ച് എല്ലാവരുടെയും പ്രശംസ നേടി 

അധികാരം കിട്ടി പദവി കിട്ടി  അതോടെ അമ്മാർ (റ) കൂടുതൽ വിനീതനായിത്തീർന്നു ഒരു സാധാരണക്കാരനെപ്പോലെ അമ്മാർ (റ) മാർക്കറ്റിൽ പോവും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങികെട്ടാക്കി ചുമലിൽ ചുമന്നുകൊണ്ട് പോവും പലരും അത്ഭുതത്തോടെ ആ കാഴ്ച നോക്കിനിൽക്കും

ഒരിക്കൽ ഒരു സാധാരണക്കാരൻ അങ്ങാടിയിൽ വെച്ച് ഗവർണറെ കളിയാക്കി മുറിചെവിയാ എന്നു വിളിച്ചു 

അദ്ദേഹം ശാന്തനായി ഇങ്ങനെ പറഞ്ഞു 

അല്ലാഹുവിന്റെ മാർഗത്തിൽ മുറിക്കപ്പെട്ട ചെവിയാണത് അതുകൊണ്ട് എന്റെ ശരീരത്തിലെ മാന്യമായൊരു ഭാഗമാണത് അതിനെയാണ് നീ പരിഹസിച്ചത്   യമാമ യുദ്ധത്തിലാണ് ചെവി നഷ്ടപ്പെട്ടത് രണ്ടു വിഭാഗക്കാർ ഭിന്നിച്ചാൽ ആരെ പിന്തുണക്കും ? പിൽക്കാലത്ത് പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത വന്നപ്പോൾ ആളുകൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങി  സത്യമെവിടെ മിഥ്യയെവിടെ ?  അതറിയാനാവാത്ത കാലം വന്നാൽ എന്ത് ചെയ്യും?  സത്യത്തെയാണ് പിന്തുണക്കേണ്ടത് പക്ഷെ സത്യമെവിടെ ? ഇങ്ങനെയൊരു സാഹചര്യം വന്നാൽ ഒരു കാര്യം ചെയ്യാം 


അമ്മാർ (റ) എവിടെ നിൽക്കുന്നുവെന്ന് നോക്കുക അമ്മാർ (റ) എവിടെ നിൽക്കുന്നുവോ അവിടെയാണ് സത്യം

മനുഷ്യരുടെ മനസ്സ് വായിക്കാൻ മിടുക്കരായ ചിലരുണ്ട് അവരിൽ പ്രമുഖനായിരുന്നു ഹുദൈഫത്തുൽ യമാനി (റ)  അദ്ദേഹം മരണാസന്നനായി കിടക്കുന്നു അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നവർ ഇങ്ങനെ ചോദിച്ചു 

ജനങ്ങൾ ഭിന്നിക്കുന്ന കാലം വന്നാൽ ഞങ്ങൾ ആരുടെ കൂടെ നിൽക്കും ഉടനെ വന്നു മറുപടി 

നിങ്ങൾ സുമയ്യയുടെ മകന്റെ കൂടെ നിൽക്കുക അന്ത്യം വരെ അദ്ദേഹം സത്യത്തിനൊപ്പമായിരിക്കും പ്രമുഖരായ പല സ്വഹാബിമാരും അമ്മാർ (റ) വിനെക്കുറിച്ച് ഇതുപോലെ പറഞ്ഞിട്ടുണ്ട്  കൂഫയിലെ ഭരണാധികാരിയായി ജോലി നോക്കിയ കാലമത്രയും സത്യത്തിനും നീതിക്കും വേണ്ടി മാത്രമാണദ്ദേഹം നിലകൊണ്ടത് പാവപ്പെട്ടവർക്കും അശരണർക്കും നീതി ഉറപ്പു വരുത്തി വഴിവിട്ടു നടന്നവരെയൊന്നും വെറുതെ വിട്ടില്ല പൊതു വിപണി നന്നായി പ്രവർത്തിച്ചു സാധാരണക്കാർക്ക് മിതമായ വിലക്ക് സാധനം ലഭ്യമാക്കി  ആർക്കും അദ്ദേഹത്തെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാമായിരുന്നു ആരുടെയും ശുപാർ ആവശ്യമില്ല  ആവലാതികൾ ശ്രദ്ധിച്ചു കേൾക്കും പരാതികൾക്ക് പെട്ടെന്ന് തീർപ്പ് കൽപിക്കുകയും ചെയ്യും.

സാധാരണക്കാർക്കിടയിൽ ഗവർണറെക്കുറിച്ചുള്ള മതിപ്പ് ഉയരാൻ ഇതൊക്കെ കാരണമായി  സമീപ കാലത്ത് ഇസ്ലാം ദീൻ സ്വീകരിച്ച ധാരാളമാളുകൾ ആ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു  മുസ്ലിം സൈന്യത്തിന്റെ ജൈത്രയാത്രയാണ് അവരിൽ പലരെയും ഇസ്ലാമിലേക്ക് ആകർഷിച്ചത്  സുഖസൗകര്യങ്ങളും ആശ്വാസവും കൊതിക്കുന്ന പുതിയ തലമുറ   പഴയ തലമുറയുടെ ത്യാഗത്തിന്റെയും   സഹനത്തിന്റെയും ക്ഷമയുടെയും ചരിത്രം അവർ കേട്ടറിഞ്ഞിട്ടേയുള്ളൂ  അത്തരക്കാരിൽ ഈമാൻ  രൂഢമൂലമാക്കാൻ അമ്മാർ (റ) ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടുണ്ട് പൂർവ്വികരുടെ ധീരമായ നടപടികൾ അതേപടി സ്വജീവിതത്തിൽ പകർത്താൻ സന്നദ്ധരായ ചെറുപ്പക്കാരും ധാരാളമുണ്ടായിരുന്നു  കള്ളന്മാർക്കും ചൂഷകന്മാർക്കും അഴിമതിക്കാർക്കും അമ്മാർ (റ) വിന്റെ ഭരണകാലത്ത് മര്യാദക്കാരായി ജീവിക്കേണ്ടിവന്നു തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പായിരുന്നു  നീതിയും ന്യായവും തെളിഞ്ഞു നിന്ന കാലം ..

ഉസ്മാൻ  (റ) രക്തസാക്ഷിയായി




നീതിമാനും അതിശക്തനുമായ ഭരണാധികാരിയുമായിരുന്ന ഉമർ (റ) വധിക്കപ്പെട്ടപ്പോൾ അമ്മാർ (റ) ഞെട്ടിപ്പോയി ഇനി ആര്? സമൂഹം എങ്ങോട്ട് നീങ്ങുന്നു ? ഇസ്ലാമിന്റെ ജൈത്രയാത്ര ശത്രുവിഭാഗങ്ങളെ വിറളി പിടിപ്പിച്ചിരുന്നു സിറിയയിലും പേർഷ്യയിലും മുസ്ലിം സേന നേടിയ വിജയങ്ങൾ ലോകത്തെ ഞെട്ടി വിറപ്പിച്ചു കഴിഞ്ഞിരുന്നു   

വിദൂരമായ സിറിയൻ അതിർത്തിയിലും ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ പേർഷ്യയിലും നടന്ന സാഹസികമായ യുദ്ധങ്ങളിൽ അമ്മാർ (റ) മുൻനിരയിലുണ്ടായിരുന്നു പ്രായത്തെ മറന്ന ഉഗ്ര പോരാട്ടമാണദ്ദേഹം നടത്തിയത്  തകർന്നുവീണ ശക്തികൾ ഇസ്ലാമിന്റെ നാശം കൊതിച്ചു നേർക്കുനേരെ യുദ്ധം ചെയ്തു മുസ്ലിം ശക്തി തകർക്കാനാവില്ലെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു  നേർക്കുനേരയുള്ള ബലപ്രയോഗം വേണ്ട വഞ്ചന മുസ്ലിം സമുഹത്തിൽ നുഴഞ്ഞു കയറുക നുണകൾ പ്രചരിപ്പിക്കുക ഗ്രൂപ്പുകളുണ്ടാക്കുക വിപ്ലവങ്ങളുണ്ടാക്കി പരസ്പര കലഹത്തിന് വഴിയൊരുക്കുക 

മുസ്ലിംകൾ മുസ്ലിംകളോടേറ്റുമുട്ടണം പരസ്പരം പോരടിച്ചു രക്തമൊഴുക്കണം അതിന് വളരെ വിദഗ്ധമായി കെണിയൊരുക്കണം ശത്രുക്കളുടെ ബുദ്ധി നന്നായി പ്രവർത്തിച്ചു പല പദ്ധതികൾ ആസൂത്രണം ചെയ്തു ഇതിന് ജൂത ശക്തിയും ബുദ്ധിയും നേതൃത്വം നൽകി  പ്രത്യക്ഷത്തിൽ മുസ്ലിംകൾ എല്ലാ വേദികളിലും അവരുണ്ട് മഹാന്മാരായ സ്വഹാബികളുടെ മക്കളെയാണവർ വല വീശിയത് 

മൂന്നാം ഖലീഫ ഉസ്മാൻ  (റ) സാത്വികനായ ഭരണാധികാരി  അദ്ദേഹത്തിന്റെ ഗവർണർമാരിലും ഉന്നത ഉദ്യോഗസ്ഥരിലും ചിലർ വിമർശനവിധേയരാക്കി ഇവരുടെ വീഴ്ചകൾ വിപ്ലവ സംഘങ്ങൾക്ക് വളരാൻ സാധ്യത വർദ്ധിപ്പിച്ചു ചിലരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഖലീഫയെ വിമർശിക്കാൻ തുടങ്ങി  ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഖലീഫ ശിക്ഷിക്കുകയും പിരിച്ചു വിടുകയുമൊക്കെ ചെയ്തിട്ടുണ്ട് അതൊന്നും വിപ്ലവകാരികൾ കണ്ടതായി നടിക്കില്ല ഖലീഫക്കെതിരെ ജനങ്ങളെ ഇളക്കിവിടുകയാണവർ 

അമ്മാർ (റ)വിനെ ഏറ്റവുമധികം വിഷമിപ്പിച്ച സംഭവപരമ്പരകളാണ് ഇനി നടക്കാൻ പോവുന്നത് 

കലാപകാരികൾ മദീനയിലെത്തി ഉസ്മാൻ  (റ)വിന്റെ വീട് ഉപരോധിച്ചു എല്ലാ ഭാഗത്ത് നിന്നും പ്രവേശനം തടഞ്ഞു ഉന്നത സ്വഹാബിമാരെപ്പോലും തടഞ്ഞു നിർത്തി അവർക്കു സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല 

അലി(റ), ഹസൻ (റ) ,ഹുസൈൻ  (റ) ,ഇബ്നു ഉമർ (റ) ,ഇബ്നു സുബൈർ  (റ) എന്നിവർ കലാപകാരികളുമായി ഇടക്കിടെ സംസാരിക്കും അവരെ അനുനയിപ്പിക്കാൻ ശ്രമിക്കും ഒന്നും ഫലിക്കുന്നില്ല   ഖലീഫയുടെ രക്തത്തിന് ദാഹിക്കുന്ന കലാപകാരികൾ ഇതെല്ലാം അനുഭവിച്ചറിയുകയാണ് അമ്മാർ (റ)  ഖലീഫക്ക് പള്ളിയിൽ പോവാനും പറ്റുന്നില്ല  ഉപരോധം നീണ്ടുനിന്നു കലാപകാരികൾ കൂട്ടം കൂട്ടമായി വന്നു ചേർന്നു  ഉപരോധം ദുൽഹജ്ജ്പതിനെട്ടുവരെ തുടർന്നു കലാപകാരികളെ നേരിടാൻ ചിലർ തയ്യാറായി 

അബ്ദുല്ലാഹിബ്നു ഉമർ (റ) ,ഹസൻ  (റ),ഹുസൈൻ  (റ) ,അബൂഹുറൈറ (റ) തുടങ്ങിയവർ ഇതിന്നായി ഖലീഫയോട് സമ്മതം ചോദിച്ചു ഏറ്റുമുട്ടാൻ പാടില്ലെന്നും എല്ലാവരും മടങ്ങിപ്പോവണമെന്നും ഖലീഫ നിർദേശിച്ചു 

അലി(റ) ഇതേ ആവശ്യം ഉന്നയിച്ചപ്പോഴും ഖലീഫ സമ്മതിച്ചില്ല ഉപരോധം ശക്തമാക്കി പുറത്തുള്ളവരുമായി സംസാരം നിരോധിച്ചു 

കുടിവെള്ളം തീർന്നു വെള്ളപ്പാത്രവുമായി വന്ന അലി(റ)നെ കലാപകാരികൾ ചീത്ത വിളിച്ചു അദ്ദേഹം കയറിവന്ന മൃഗത്തെ ഓടിച്ചു വിട്ടു

ഇതിന്നിടയിൽ സിറിയയിലെ ഗവർണർ അമീർ മുആവിയ ഖലീഫയെ അങ്ങോട്ടു ക്ഷണിച്ചു നബി  (സ)യുടെ സാമീപ്യം ഉപേക്ഷിക്കാനാവില്ലെന്ന മറുപടി നൽകി 

ഹിജ്റ 35 .ദുൽഹജ്ജ് :18 ജുമുഅ ദിവസം 

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്  അന്ന് സംഭവിച്ചത് സംസാരിക്കാൻ ചെന്ന അബ്ദുല്ലാഹിബ്നു സുബൈർ  (റ) ,ഹസൻ (റ), കലാപകാരികൾ പരിക്കേൽപിച്ചു അന്ന് ഖലീഫ നോമ്പെടുത്തിരുന്നു ഖുർആൻ പാരായണം നടത്തിക്കൊണ്ടിരുന്ന ഖലീഫയെ വിപ്ലവകാരികൾ വെട്ടി വീഴ്ത്തി  ഉപരോധത്തിൽ പതിനായിരത്തോളം വിപ്ലവകാരികൾ പങ്കെടുത്തെന്നും അത് നാല് മാസത്തോളം തുടർന്നു വെന്നും റിപ്പോർട്ടുണ്ട്  വിപ്ലവകാരികളെ നേരിടാൻ നിരവധി പേർ തയ്യാറായെങ്കിലും ഖലീഫ സമ്മതിച്ചില്ല തനിക്കുവേണ്ടി ഒരൊറ്റ തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത് എന്ന് നിർബന്ധമുണ്ടായിരുന്നു  ഖലീഫയെ കുറെ വിഷമിപ്പിക്കും വധിക്കുയില്ല എന്നായിരുന്നു പൊതു ധാരണ 

ഖലീഫ രണ്ട് റക്അത്ത് നിസ്കരിച്ചു വിശുദ്ധ ഖുർആൻ എടുത്ത് പാരായണം തുടങ്ങി വിപ്ലവകാരികൾ വീട് പൊളിച്ചു അകത്ത് കടന്നു അവർ ആയുധങ്ങളുമായെത്തി മരണം കൺമുമ്പിൽ കണ്ടു   ധീരമായ ഇരിപ്പ് വിശുദ്ധ ഖുർആൻ പാരായണം തുടർന്നു എൺപത് കഴിഞ്ഞ വൃദ്ധനായ ഖലീഫയെ വിപ്ലവകാരികൾ ആഞ്ഞുവെട്ടി വലതു  കൈപ്പത്തി അറ്റ് തൂങ്ങി 

ഖലീഫ ഇങ്ങനെ പറഞ്ഞു:  ഖുർആൻ ആയത്തുകൾ എഴുതിയ ആദ്യത്തെ കൈക്കാണ് നിങ്ങൾ വെട്ടിയത്  തുടർച്ചയായ വെട്ടുകൾ പെട്ടെന്ന് മുസ്ഹഫ് അടച്ചു മാറോടണച്ചുപിടിച്ചു അന്ത്യശ്വാസം വലിക്കുമ്പോൾ വിശുദ്ധ ഗ്രന്ഥം മാറോട് ചേർത്തു പിടിച്ച നിലയിലായിരുന്നു  വിശുദ്ധ രക്തം നാലുപാടും ചിതറി ഖലീഫ രക്തസാക്ഷിയായി കലാപകാരികളെ നേരിടാൻ ഖലീഫ സമ്മതം നൽകിയിരുന്നുവെങ്കിൽ അവിടെ യുദ്ദക്കളമാകുമായിരുന്നു അതുണ്ടായില്ല ഒരൊറ്റ മനുഷ്യൻ പോലും മരിച്ചുവീഴാൻ അനുവദിച്ചില്ല  അമ്മാർ (റ)ഖൽബുരുകി കരഞ്ഞുപോയ ദിവസം  ഇസ്ലാമിന്റെ ആദ്യഘട്ടം എന്തുമാത്രം ത്യാഗം സഹിച്ചിട്ടുണ്ട് അക്കാലത്താണ് ഉസ്മാൻ  (റ) ഇസ്ലാമിലേക്ക് വന്നത് ധനികനായ ഉസ്മാൻ  (റ)  എന്തുമാത്രം സമ്പത്താണ് ഇസ്ലാമിനു വേണ്ടി ചെലവാക്കിയത് ആ മഹാനെയാണ് വധിച്ചത് ഇത് ഭിന്നിപ്പിന്റെ തുടക്കമാണ് ഇനി പഴയ കാലം തിരിച്ചു വരില്ല

ഭിന്നിപ്പ് രൂക്ഷമാവും വിശുദ്ധ രക്തമാണൊഴുക്കിയത് ഇനി രക്തച്ചൊരിച്ചിൽ ഒരുപാട് നടക്കും അക്രമികൾ അധികാരമേൽക്കും നിരപരാധികൾ അക്രമിക്കപ്പെടും കാലമെത്ര മാറിപ്പോയിരിക്കുന്നു അമ്മാർ (റ) വേദനയോടെ ചിന്തിച്ചു ..

മദീന വിട്ടു 



മദീന ഇളകി മറിഞ്ഞ അഞ്ച് ദിവസങ്ങൾ പതിനായിരത്തോളം വരുന്ന സായുധ വിപ്ലവകാരികളിൽ ആരൊക്കെയാണ് ഖലീഫയെ വധിച്ചത്  ?

പുറത്തുള്ളവർ അതെങ്ങനെ അറിയും ?  പതിനായിരം പേരും കുറ്റം ഏറ്റെടുക്കാൻ തയ്യാറായാലോ ? ഇതാണ് മദീനയുടെ അവസ്ഥ അഞ്ച് ദിവസങ്ങൾ കടന്നുപോയി ഇനിയാര് ?  അലി(റ) വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല  ദുഃഖം അദ്ദേഹത്തെ ഒന്നിനും അനുവദിക്കുന്നില്ല  എല്ലാവരുടെയും പ്രതീക്ഷ അലി(റ)വിലാകുന്നു അതിനേക്കാൾ അനുയോജ്യനായ ഒരാളെ കാണാനില്ല  ജനങ്ങൾ അലി(റ)വിനെ നിർബന്ധിക്കാൻ തുടങ്ങി സമ്മർദ്ദം മുറുകിയപ്പോൾ അദ്ദേഹം വീട്ടിൽ നിന്ന് പുറത്ത് വന്നു   ബൈഅത്ത് ചെയ്യാൻ  ആളുകൾ കാത്തുനിൽക്കുന്നു  തലപ്പാവ് ധരിച്ച് അലി(റ) മസ്ജിദിലെത്തി അവിടെ കൂടിയവരെല്ലാം ബൈഅത്ത് ചെയ്തു  ബൈഅത്ത് സ്വീകരിച്ച ശേഷം അവിടെ കൂടിയവരോട് അലി(റ) പ്രസംഗിച്ചു 

വിശുദ്ധ ഖുർആൻ നമ്മുടെ മുമ്പിലുണ്ട് അതിൽ നന്മയും തിന്മയും  വിവരിച്ചിരിക്കുന്നു നന്മ സ്വീകരിക്കുക തിന്മയിൽ നിന്ന് അകന്നു നിൽക്കുക

ഹൃദയസ്പർശിയിയ പ്രസംഗം തൗഹീദിന്റെയും ഇഖ്ലാസിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞു ഇസ്ലാമിന്റെ ആദ്യ ഘട്ടം പരാമർശിച്ചു കുറച്ചാളുകൾ കഷ്ടപ്പാടുകൾ ദാരിദ്ര്യം മർദ്ദനം  അക്കാലം പോയി ഇന്നത്തെ അവസ്ഥ വന്നു അതിന് അല്ലാഹുവിനോട്  നന്ദിയുള്ളവരാവുക

കെട്ടുറപ്പുള്ള ഭരണകൂടം സ്ഥാപിക്കാനാണ് അലി(റ) ഉദ്ദേശിക്കുന്നത് എന്തായാലും അതിന്നനുവദിച്ചുകൂടെന്നാണ് വിപ്ലവകാരികളുടെ നിലപാട് 

നാട്ടിൽ ആഭ്യന്തര കലഹങ്ങൾ ഇളക്കിവിടാൻ മാർഗങ്ങൾ അന്വേഷിക്കുകയാണവർ  അവർ ഖലീഫക്കു മുമ്പിലെ വലിയ വെല്ലുവിളിയാണ് 

ഖലീഫയുടെ രക്തത്തിന് പ്രതികാരം ചെയ്യുക മുസ്ലിം ലോകത്തിന്റെ ആവശ്യം അതായിരുന്നു പല രാജ്യക്കാരും അക്കാര്യം പറഞ്ഞുകൊണ്ട് കത്തെഴുതി  മദീനയിൽ ഈ മുറവിളി  വളരെ ശക്തമായി ഉയർന്നു അലി(റ) നേരിട്ട രണ്ട് പ്രധാന വെല്ലുവിളികൾ ഇവയായിരുന്നു  ഭരണകൂടത്തിന്റെ കെട്ടുറപ്പ് നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച വിപ്ലവ പ്രസ്ഥാനങ്ങൾ ഒരു ഭാഗത്ത് 

ഉസ്മാൻ  (റ) വിന്റെ  രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് അലറി വിളിച്ചു വരുന്നവർ മറുഭാഗത്ത് 

അലി (റ)വിന്റെ പ്രഖ്യാപനം വന്നു

ക്രമസമാധാന നില ഭദ്രമാവാതെ ഉസ്മാൻ  (റ)വിന്റെ ഘാതകരെ പിടികൂടാനും ശിക്ഷിക്കാനും കഴിയില്ല അതുകൊണ്ട് അൽപം കാത്തിരിക്കുക 

ഒട്ടും കാത്തിരിക്കാൻ വയ്യെന്നായി അക്കൂട്ടർ 

എന്തായിരിക്കും ആ അവസ്ഥയിൽ പെട്ട ഒരു ഭരണാധികാരിയുടെ നില ശത്രുവാര് ? മിത്രമാര് ?  തിരിച്ചറിയാനാവാത്ത പ്രതിസന്ധി  ഘാതകരെ പിടികൂടി ശിക്ഷിക്കുന്നതിൽ അലി കുറ്റകരമായ അനാസ്ഥ കാണിക്കുന്നു   അമവികൾ വിളിച്ചു കൂവി നടന്നു 

ഈ ഘട്ടത്തിൽ അമ്മാർ (റ)വിന്റെ  അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ  എന്തായിരുന്നു ആ മനസിന്റെ അവസ്ഥ  കാര്യങ്ങൾ കൈവിട്ടു പോവുന്നത് കണ്ണുകൊണ്ട് നോക്കിക്കാണേണ്ടിവരിക എന്തൊരു ദയനീയമായ അവസ്ഥ  ?  അമർച്ച ചെയ്യാൻ പ്രയാസമാകുംവിധം വിപ്ലവകാരികളുടെ ശക്തി വളർന്നിരിക്കുന്നു  എങ്ങനെയും സമ്പത്തുണ്ടാക്കുക സുഖിക്കുക അതിനു തടസ്സം നിൽക്കുന്ന വ്യവസ്ഥകൾ തട്ടിത്തെറിപ്പിക്കുക വ്യക്തികളെ വക വരുത്തുക 

അമ്മാർ (റ) ഇത് കാണുന്നു എത്ര ത്യാഗം സഹിച്ചാണ് ഇസ്ലാമിക വ്യവസ്ഥിതി കെട്ടിപ്പടുത്തത് എത്രയെത്ര ജീവൻ നൽകിയാണിത് പണിതുയർത്തിയത്എന്തുമാത്രം വിശുദ്ധ രക്തമാണ് അതിന് വേണ്ടി ഒഴുക്കപ്പെട്ടത്  എന്നിട്ടിപ്പോൾ ?  ഈ വിപ്ലവകാരികൾ എത്ര സമർത്ഥമായാണ് അവയെല്ലാം  തല്ലിത്തകർക്കുന്നത് ?   എന്തെങ്കിലും ചെയ്തേ പറ്റൂ  അല്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്ത് ഫലം ? അമ്മാർ (റ) അലി(റ)വിനെ സമീപിച്ചു ബൈഅത്ത് ചെയ്തിരുന്നു നിയമാനുസരണം തിരഞ്ഞെടുക്കപ്പെട്ട ഖലീഫയാണിത് ആ ഖലീഫയെ സഹായിക്കുക അതാണിനി തന്റെ ജീവിത ദൗത്യം  ത്വൽഹ (റ), സുബൈർ  (റ) , എന്നീ പ്രമുഖ സ്വഹാബികൾ അലി(റ) വിനെ സമീപിച്ചു 
ഖലീഫയെ വധിച്ചവരെ പിടിച്ചു ശിക്ഷിക്കണം  അതായിരുന്നു ആവശ്യം അലി(റ) ഇങ്ങനെ പറഞ്ഞു

ഖലീഫയുടെ വധത്തിൽ നിരവധി പേർ പങ്കാളികളാണ് അവർ വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു അവരുടെ പേര് വിവരങ്ങൾ കൃത്യമായി അറിയില്ല അതുകൊണ്ട് പെട്ടെന്ന് എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയില്ല

ഈ മറുപടിയിൽ അവർ തൃപതരായില്ല അവർ മക്കത്തേക്ക് പോയി ആഇശ (റ) വിനെ കണ്ടു സംസാരിച്ചു   അവരും വമ്പിച്ച അനുയായി സംഘവും ബസ്വറയിലെത്തി ഖലീഫയുടെ രക്തത്തിന് പ്രതിക്രിയ ചെയ്യാൻ ബസ്വറയിലെത്തി ഖലീഫയുടെ രക്തത്തിന് പ്രതിക്രിയ ചെയ്യാൻ ബസ്വറക്കാരുടെ പിന്തുണ തേടി

ഈ സംഭവം അലി(റ)വിനെ കൂടുതൽ ദുർഘടത്തിലാക്കി മദീന വിടാൻ അലി(റ) നിർബന്ധിതനായി കടുത്ത പ്രതിസന്ധിയിലായ അലി(റ) വിനു വേണ്ടി രംഗത്തിറങ്ങാൻ സന്നദ്ധരായത് രണ്ട് നേതാക്കളായിരുന്നു  ഒന്ന് സ്വന്തം മകൻ ഹസൻ (റ) രണ്ട് അമ്മാറുബ്നു യാസിർ  (റ) ഇരുവരും അലി(റ)വുമായി കൂടിയാലോചന നടത്തി അങ്ങനെയാണ് മദീനയിൽ ഒരു  പ്രതിനിധിയെ നിയോഗിക്കാനും മദീനയിൽ നിന്ന് ഖലീഫ ഇറാഖിലേക്ക് പുറപ്പെടാനും തയ്യാറായത്  വമ്പിച്ചൊരു സൈന്യം കൂടെയുണ്ടായിരുന്നു വിപ്ലവകാരികളിൽ പലരും  ഈ സൈന്യത്തിൽ കയറി കൂടിയിരുന്നു പിന്നീടുണ്ടായ പല അത്യാഹീതങ്ങൾക്ക് ഈ വിപ്ലവകാരികളാണ് കാരണക്കാർ 

സുദീർഘമായ യാത്ര നടത്തി ദുഖാർ എന്ന സ്ഥലത്തെത്തി അലി(റ) അവിടെ ക്യാമ്പ് ചെയ്തു 

ഹസൻ (റ)വിനെയും അമ്മാർ (റ)വിനെയും കൂഫയിലേക്കയച്ചു കൂഫക്കാരുടെ പിന്തുണ തേടാനായിരുന്നു അത്  ഇരുവരും കൂഫയിലെത്തി പ്രധാനികളുമായി ചർച്ച നടത്തി നിരവധി പേർ അവരോടൊപ്പം വന്നു അവരെയും കൂട്ടി അലി(റ) ബസ്വറയിലെത്തി 

ഒരു യുദ്ധം ഉണ്ടാവരുതേയെന്ന് അമ്മാർ (റ) പ്രാർത്ഥിച്ചുകൊണ്ടിരുന്നു 

ത്വൽഹ (റ) സുബൈർ  (റ) ,ആഇശ (റ) എന്നിവരുമായി ഖലീഫ സംഭാഷണം നടത്തി യുദ്ധം വേണ്ടെന്നും തിരിച്ചു പോവാമെന്നും തീരുമാനമായി 

വിപ്ലവകാരികൾ തന്ത്രം മെനഞ്ഞു രാത്രിയിൽ ചെണ്ട കൊട്ടി തീ കത്തിച്ചു യുദ്ധം തുടങ്ങുന്നതിന്റെ ബഹളങ്ങൾ കേൾപ്പിച്ചു ഇരുകൂട്ടരും തെറ്റിദ്ധരിച്ചു പരസ്പരം പഴിചാരി യുദ്ധം തുടങ്ങി ഘോര യുദ്ധം തന്നെ 

ഹിജ്റ: 36 ജമാദുൽ ആഖിറിലായിരുന്നു യുദ്ധം
അലി(റ)വിന്നായിരുന്നു വിജയം ആഇശ (റ)വിനെ ആദരവോടെ മദീനയിലേക്കയച്ചു ത്വൽഹ (റ), സുബൈർ  (റ) എന്നീ ശ്രേഷ്ഠ സ്വഹാബികളെ കലാപകാരികൾ വധിച്ചു 

അലി(റ) വിവിധ നാടുകളിലെ ഗവർണർമാരെ മാറ്റി നിയമിച്ചു സിറിയയിലെ ഗവർണർ അമീർ മുആവിയ ആയിരുന്നു അദ്ദേഹത്തിന് പകരം സഹ്ലുബ്നു ഹുനൈഫിനെ നിയമിച്ചു ഇത് അമീർ മുആവിയയെ പ്രകോപിപ്പിച്ചു ഖലീഫയെ ധിക്കരിച്ചു 

ഉസ്മാൻ  (റ)വിന്റെ രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് അമീർ മുആവിയയും ശബ്ദമുയർത്തിപ്പറഞ്ഞു അദ്ദേഹത്തിന്റെ ഒരു പ്രതിനിധി അലി(റ)വിനെ കാണാൻ വന്നു കൈയിൽ ഒരു കത്തിയുമായിട്ടാണ് വന്നത് 

അദ്ദേഹം അലി(റ)വിനോട്  പറഞ്ഞു:  ഞാൻ ദമാസ്കസിൽ നിന്നാണ് വരുന്നത് അവിടത്തെ മസ്ജിദിലെ മിമ്പറിൽ ഉസ്മാൻ  (റ)വിന്റെ രക്തം പുരണ്ട കുപ്പായം തൂക്കിയിട്ടിരിക്കുന്നു അതിന്റെ താഴെയിരുന്ന് എഴുപതിനായിരം ആളുകൾ കണ്ണീർ വാർക്കുകയാണ് അവരിൽ നിന്നാണ് ഞാൻ വരുന്നത് ഉസ്മാന്റെ രക്തത്തിന് പ്രതികാരം ചെയ്യണം  മറ്റൊന്നും അവർക്ക് കേൾക്കണ്ട 

അലി(റ) ഞെട്ടിപ്പോയി അദ്ദേഹം പറഞ്ഞു  : അല്ലാഹുവേ ഉസ്മാന്റെ രക്തത്തിൽ എനിക്ക് യാതൊരു പങ്കുമില്ലെന്ന് നിനക്കറിയാമല്ലോ 

എന്തൊരവസ്ഥയാണിത്

ഒരു മനുഷ്യൻ ഈ സാഹചര്യത്തെ എങ്ങനെ നേരിടും ?

അമ്മാർ (റ)കൂടെത്തന്നെയുണ്ട് ഭൂമിയിലെ ജീവിതം കുടുസ്സായിരിക്കുന്നു  ദുസ്സഹമായിരിക്കുന്നു  അമീർ മുആവിയയുമായി യുദ്ധം ചെയ്യാൻ അലി(റ) നിർബന്ധിതനായിരിക്കുന്നു ..

അന്ത്യ പോരാട്ടം 




അമ്മാറുബ്നു യാസിർ  (റ) തൊണ്ണൂറ്റി മൂന്ന് വയസ്സുള്ള വൃദ്ധൻ സമാദരണീയനായ സ്വഹാബീവര്യൻ  അദ്ദേഹത്തെ രണാങ്കണം മാടിവിളിക്കുന്നു ഇതായിരിക്കാം ഒരുപക്ഷെ തന്റെ അവസാന യുദ്ധം ഇന്ന് താൻ നബി  (സ) തങ്ങളെ കണ്ടുമുട്ടുമായിരിക്കും കവചം ധരിച്ചു പടത്തൊപ്പി ചൂടി ആയുധമണിഞ്ഞു പഴയ കൊടി കൈയിലെടുത്തു  ഈ കൊടിയും പിടിച്ച് എത്രയോ യുദ്ധങ്ങളിൽ നബി  (സ) തങ്ങളോടൊപ്പം പങ്കെടുത്തിട്ടുണ്ട് ഇന്നും ഈ കൊടിയുമായിട്ടാണ് ഞാൻ പുറപ്പെടുന്നത് 

നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട ഖലീഫയാണ് അലി (റ)  ആ ഖലീഫയെ നിലനിർത്തേണ്ടത് തന്റെ കടമയാണ് ജീവൻ വെടിഞ്ഞും ആ കടമ ഞാൻ നിർവഹിക്കും 

അമീർ മുആവിയായുടെ കൂടെ വൻ സൈന്യമുണ്ട് അതിൽ ഏറെയും നവ മുസ്ലിംകളാണ് റോമക്കാരുടെയും പേർഷ്യക്കാരുടെയും അധീനതയിൽ നിന്ന് മോചിപ്പിക്കപ്പെട്ട നാടുകളിലെ ജനങ്ങൾ ഇസ്ലാമിന്റെ ജൈത്രയാത്ര കണ്ട് അവർ ആദ്യം അമ്പരന്നു പിന്നെ ആവേശപൂർവ്വം ഇസ്ലാം മതം സ്വീകരിച്ചു 

അമീർ മുആവിയയുടെ ആളുകൾ എന്താണോ അവർക്ക് പറഞ്ഞ് കൊടുത്ത് പഠിപ്പിച്ചത് അത് മാത്രമേ  അവർക്കറിയുകയുള്ളൂ അലി(റ)വിന്നെതിരെ അവർ ആർത്തിരമ്പി വരികയാണ്  അവരെ തടുക്കണം തുരത്തിയോടിക്കണം  അങ്ങനെ ഖിലാഫത്ത് നിലനിർത്തണം  അമ്മാർ (റ) സൈന്യത്തിലേക്കിറങ്ങി ഉച്ചത്തിൽ വിളിച്ചു പറയാൻ തുടങ്ങി ജനങ്ങളേ ഉസ്മാന്റെ കൊലക്ക് പ്രതികാരം ചെയ്യണമെന്നാണ്  അക്കൂട്ടർ പറയുന്നത് അവർ പറയുന്നത് ശരിയല്ല പ്രതികാരം എന്നത് അവർ നാവുകൊണ്ട് പറയുന്ന വെറും വാക്കാണ് ഭൗതിക സുഖങ്ങളും ആഢംബരങ്ങളുമാണ് അവർക്കു വേണ്ടത് അതിനു വേണ്ടിയാണവർ യുദ്ധം ചെയ്യുന്നത് ഇസ്ലാമിക പാരമ്പര്യമോ യോഗ്യതയോ അവർക്കില്ല  അല്ലാഹുവിനെക്കുറിച്ചുള്ള ഭയം അവരുടെ മനസ്സിലില്ല ഞങ്ങളോടൊപ്പം വരൂ സത്യത്തിന് വേണ്ടി നമുക്ക് പോരാടാം
അത് കേട്ടതോടെ ജനങ്ങൾ ഇളകി ആവേശഭരിതരായി തന്റെ കൊടി ഉയർത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു

അല്ലാഹുവാണെ സത്യം ഈ കൊടിയും പിടിച്ച് എത്രയോ രണാങ്കണങ്ങളിൽ ഞാൻ നബിതങ്ങളോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട് ഇതാ ഇതും പിടിച്ചാണ് ഇന്ന് ഞാൻ യുദ്ധത്തിനിറങ്ങുന്നത് നാം സത്യപാതയിലാണ്..... അവർ നമ്മെ തുരത്തിയോടിച്ചാലും നാം സത്യമാർഗത്തിൽ തന്നെയായിരിക്കും അവർ സ്വാർത്ഥതയുടെ ആൾക്കാരാകുന്നു 

ജനങ്ങൾ ആവേശഭരിതരായി  ആയുധമണിഞ്ഞു ചുറ്റും കൂടി ശത്രുനിരകളെ ലക്ഷ്യമാക്കി ഒറ്റ കുതിപ്പ് വാർദ്ധക്യം മറന്നു ക്ഷീണം മറന്നു ആദ്യകാല രണാങ്കണങ്ങളെ ഓർമിപ്പിക്കുന്ന പോരാട്ടം  തന്റെ മുമ്പിൽ പെട്ടവർക്കെല്ലാം വെട്ട് കിട്ടുന്നുണ്ട്  അമ്മാറിനെ വെട്ടാൻ ആളുകൾക്ക് ഭയം അക്രമികളായ ഒരു വിഭാഗം അമ്മാറിനെ വധിക്കുമെന്ന് നബി  (സ) പ്രവചിച്ചിട്ടുണ്ട്  ആ പ്രവചനം എല്ലാവരുടെയും മനസ്സിലുണ്ട് അതുകൊണ്ട് പലരും ഒഴിഞ്ഞു മാറുകയാണ് അമ്മാർ (റ) ആവേശപൂർവ്വം യുദ്ധം ചെയ്തു മുന്നേറുന്നു കൊടി ഉയർത്തിപ്പിടിച്ചിരിക്കുന്നു ഒരു വരി ബൈത്ത് ഈണത്തിൽ പാടുന്നുണ്ട് അതിന്റെ ആശയം ഇങ്ങനെയാകുന്നു

പ്രയങ്കരനായ നബിതങ്ങളെയും കൂട്ടുകാരെയും ഞാനിന്ന് കണ്ടു മുട്ടും കേട്ടവരെല്ലാം അമ്പരന്നു  അമ്മാർ(റ) ആവേശഭരിതനായി രക്തസാക്ഷിയാവാൻ തയ്യാറെടുത്തു കഴിഞ്ഞു പരിസരം മറന്ന പോരാട്ടം ചെറുപ്പക്കാരുടെ സംഘം സംഘടിച്ചു വൃദ്ധനെ വകവരുത്താൻ ദൃഢ നിശ്ചയം ചെയ്തു  അവർ ആഞ്ഞു വെട്ടി മുന്നേറി അമ്മാർ (റ) വിന്റെ കൈക്ക് വെട്ടേറ്റു രക്തം വാർന്നൊഴുകി കൊടി പിടിവിട്ടില്ല മാറോട് ചേർത്ത് പിടിച്ചു 

ധീരനായ അമ്മാർ (റ) യുദ്ധക്കളത്തിൽ വീണു വസ്ത്രം രക്തത്തിൽ പടർന്നു  അംഗചലനങ്ങൾ നേർത്തു വന്നു നിശ്ചലമായി  അമ്മാറുബ്നു യാസിർ  (റ) വീര രക്തസാക്ഷിയായി  അലി(റ) വിന് സഹിക്കാനായില്ല ജീവിതയാത്രയിലുടനീളം കൂടെയുണ്ടായിരുന്ന മുതിർന്ന സ്വഹാബി സഹോദരൻ സത്യത്തിനുവേണ്ടി നിലക്കൊണ്ട മഹാൻ  ആഢംബരങ്ങളും സുഖസൗകര്യങ്ങളും കൈവെടിഞ്ഞ ത്യാഗി അന്ത്യം വരെ പോരാടി വീരമൃത്യു വരിച്ചു അദ്ദേഹത്തിന്റെ വരികൾ അപ്പോഴും കൂടെയുള്ളവരുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു  നബി  (സ) തങ്ങളെയും കൂട്ടുകാരെയും ഞാനിന്നു കാണും മറക്കാനാവാത്ത വരികൾ

അലി(റ) അമ്മാർ (റ)വിന്റെ ചലനമറ്റ ശരീരം വാരിയെടുത്തു ദുരേക്ക് ചുമന്നു കൊണ്ടുപോയി ചോര പുരണ്ട വസ്ത്രത്തിൽ തന്നെയാണ് ഖബറടക്കിയത്  ആ ഖബറിലേക്ക് നോക്കിയപ്പോൾ സ്വഹാബികൾ നബി  (സ)തങ്ങളുടെ വാക്കുകൾ ഓർത്തു

അമ്മാറിനെ സ്വീകരിക്കാൻ സ്വർഗ്ഗം വെമ്പൽ കൊള്ളുന്നു  അമീർ മുആവിയയുടെ   പക്ഷത്ത് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടായി അമ്മാറിനെ വധിച്ചത് ശരിയായില്ലെന്ന് ചിലർ പറഞ്ഞു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി  ചിലർ യുദ്ധം നിർത്തി പിൻവാങ്ങി മറ്റു ചിലർ അലി(റ) വിന്റെ പക്ഷം ചേർന്നു ബാക്കിയുള്ളവർ യുദ്ധം തുടർന്നു  അമ്മാറിനെ യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് വന്നവരാണ് കുറ്റക്കാർ നമ്മളല്ല

അമീർ മുആവിയ തന്റെ അനുയായികളോട് അങ്ങനെയാണ് പറഞ്ഞത്  അവർക്കത് മതിയായിരുന്നു 

അമ്മാർ (റ) വിന്റെ മരണം അലി(റ)വിനെ വളരെ ദുഃഖത്തിലാക്കി അതുപോലെയുള്ള മുതിർന്ന സ്വഹാബികൾ കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു  നാളുകൾ കഴിയുംതോറും ഖലീഫയുടെ സ്ഥിതിഗതികൾ മോശമായിക്കൊണ്ടിരിക്കുകയാണ് സ്വന്തക്കാർ തന്നെ എതിർക്കാൻ തുടങ്ങി  സൈന്യം കൽപനകൾ അനുസരിക്കാത്ത അവസ്ഥയിലെത്തി സിറിയക്കാരുടെ ശക്തി അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു ഖലീഫയുടെ കീഴിലുള്ള പ്രദേശങ്ങൾ അവർ പിടിച്ചടക്കിക്കൊണ്ടിരുന്നു ഖവാരിജുകൾ രഹസ്യ യോഗം കൂടി അലി(റ) വിനെ വധിക്കാൻ തീരുമാനമെടുത്തു 

അബ്ദുറഹ്മാനുബ്നു മുൽജിം വിഷമൂട്ടിയ വാളുമായി കാത്തിരുന്നു ഹിജ്റ: 40 , റമളാൻ 17-ന് അലി(റ) ഇബ്നു മുൽജിമിന്റെ വാളിന്നിരയായി നാല് വർഷവും ഒമ്പത് മാസവും ഭരണം നടത്തിയ ഖലീഫ രക്തസാക്ഷിയായി 

അമീർ മുആവിയ ഭരണമേറ്റു ഇസ്ലാമിക മുന്നേറ്റവും ഭരണമികവും നിറഞ്ഞ ഒരു കാലഘട്ടം വന്നു  എല്ലാവിധ വൈജ്ഞാനിക ശാഖകളും വളർന്നു  മുസ്ലിം സൈന്യം സുശക്തമായി അമവിയ്യ ഭരണം ഉറച്ച അടിത്തറയിൽ  പടുത്തുയർത്തപ്പെട്ടു  സിന്ധ് മുതൽ സ്പെയിൻ വരെ ഇസ്ലാം വ്യാപിക്കുന്നതാണ് പിന്നീട് ലോകം കണ്ടത് ........

No comments:

Post a Comment