Thursday 14 December 2017

ഖദീജ (റ)






മഴയെ സ്നേഹിച്ച പെൺകുട്ടി




മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങൾ കറുത്തിരുണ്ട മലകളുടെ നീണ്ട നിരകൾ അവയ്ക്കു പിന്നിൽ അസ്തമയ സൂര്യൻ ചരിഞ്ഞിറങ്ങി

ഇരുണ്ട മലകൾക്കിടയിൽ പരന്നു കിടക്കുന്ന മരുഭൂമി മരുഭൂമിയിൽ നേർത്ത ഇരുട്ട് വ്യാപിച്ചു കഴിഞ്ഞു പടിഞ്ഞാറുനിന്നും നീങ്ങി വരുന്ന ചെറിയ ഒട്ടകസംഘം ഗോത്രത്തലവന്മാരുടെ സംഘം യാത്ര കഴിഞ്ഞു വരുന്നു ഗാംഭീര്യം നിറഞ്ഞ മുഖവുമായി ഒരാൾ ഒട്ടകപ്പുറത്തിരിക്കുന്നു ഖുവൈലിദ് ബ്നു സഅദ് മക്കക്കാർക്കു സുപരിചിതനായ പൗരപ്രമുഖൻ ധനികനായ കച്ചവടക്കാരൻ

ആ കണ്ണുകൾ വല്ലാതെ തിളങ്ങി കുഞ്ഞുമോളെ കാണാനുള്ള വല്ലാത്ത മോഹം കുഞ്ഞുമോളെ പ്രസവിച്ച ഫാത്തി ബിൻത് സയിദിനെ കാണാനുള്ള മോഹം ജീവിത ഭാരം ചുമക്കാൻ പ്രചോദനമേകുന്ന പ്രിയപത്നി അകലെ വലിയ വീടിന്റെ അവ്യക്തമായ രൂപം അവിടെയൊരു വിളക്ക് മങ്ങിക്കത്തുന്നുണ്ടോ ? മക്കയിലെ വീടുകളിലൊന്നും വിളക്ക് കത്തുന്നില്ല വിളക്കു കത്തിക്കാൻ എണ്ണ വേണ്ടേ ? എണ്ണയ്ക്ക് കടുത്ത ക്ഷാമം ഒരു തുടം എണ്ണയ്ക്ക് വലിയ വില കൊടുക്കണം

ഖാഫിലക്കാർ ശാമിൽനിന്ന് എണ്ണ വാങ്ങിക്കൊണ്ട് വരും മക്കയിലെ തെരുവിൽ വിൽപ്പനക്ക് വെക്കും സാധാരണക്കാർക്കൊന്നും എണ്ണ വാങ്ങാനാവില്ല

കഅബലായത്തിനു മുമ്പിൽ ഒരു വിളക്ക് കത്തും കഅബാലയം സന്ദർശിക്കാൻ വരുന്നവർക്ക് വഴി കാണാൻ സാധാരണക്കാർ സന്ധ്യയുടെ വെട്ടം മായും മുമ്പെ അത്താഴം കഴിക്കും അതാണ് പതിവ്

വലിയ വിശേഷങ്ങളുണ്ടാവുമ്പോഴാണ് വീടുകളിൽ വിളക്ക് തെളിയുക വിവാഹം,മരണം, പ്രസവം, കവിതാരചനയുടെ ആഘോഷം ഈ ഘട്ടങ്ങളിൽ വിളക്ക് തെളിയും

ഫാത്തിമാ ബിൻത്ത് സായിദ് പ്രസവിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ ബന്ധുക്കളെ വരവ് നിലച്ചിട്ടില്ല

ഗോത്രത്തിലെ കുലീന വനിതകൾ രാത്രി കാലങ്ങളിൽ കുഞ്ഞിനെ കാണാൻ വന്നേക്കാം അപ്പോൾ വീട്ടിൽ വെളിച്ചമില്ലെങ്കിൽ മാനക്കേടാണ്

ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചെന്നു കേട്ടാൽ ഭർത്താവിന്റെ മുഖം മങ്ങും നെറ്റി ചുളിയും മാനക്കേട്കൊണ്ട് തല കുനിയും കൂട്ടുകാർ കളിയാക്കിച്ചിരിക്കും അതാണ് കാലം

ഖുവൈലിദിന്റെ മുഖം മങ്ങിയില്ല നെറ്റി ചുളിഞ്ഞില്ല മാനക്കേട്കൊണ്ട് തല കുനിഞ്ഞുപോയില്ല

പ്രിയ പത്നി പ്രസവിച്ചത് പെൺകുഞ്ഞിനെ അത് കേട്ടപ്പോൾ ഖുവൈലിദിന്റെ മനസ്സിൽ സന്തോഷം ഫാത്തിമയോടുള്ള സ്നേഹം വർദ്ധിച്ചതേയുള്ളൂ

ഒട്ടകസംഘം വീട്ടിനു മുമ്പിലെത്തി മങ്ങിക്കത്തുന്ന വിളക്ക് കാറ്റിൽ ആടിക്കളിക്കുന്നു മരുഭൂമി തഴുകിയെത്തുന്ന ഇളം ചൂടുള്ള കാറ്റ് വേലക്കാർ ഓടിയെത്തി ഒട്ടകപ്പുറത്തുള്ള കെട്ടുകൾ വീട്ടിന്നകത്തേക്ക് കൊണ്ടുപോയി ഈത്തപ്പഴക്കെട്ടുകൾ,മുന്തിരി,അത്തിപ്പഴം അതിഥികൾ വരുമ്പോൾ മാനമായി സൽക്കരിക്കാൻ അതൊക്കെ വേണം

കുഞ്ഞിനു പേരിടണം ആ പേര് കേൾക്കാൻ ഒരു ഗോത്രം മുഴുവൻ കാതോർക്കുന്നു കാത്തിരുന്നവരെ സന്തോഷഭരിതരാക്കിക്കൊണ്ട് ഒടുവിൽ പേര് പ്രഖ്യാപിക്കപ്പെട്ടു ഖദീജ

അഴകേറിയ പൈതലിന് അനുയോജ്യമായ പേര് കുലീന വനിതകൾ ഖദീജയെ മാറി മാറിയെടുത്തോമനിച്ചു മൃദുലമായ കവിളുകളിൽ എത്രയെത്ര സ്നേഹചുംബനങ്ങൾ

മാതാപിതാക്കളുടെ ഖൽബുകളിൽ ഖദീജ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു വീട്ടിൽ ആഹ്ലാദം കതിർ കത്തി നിന്നു പാതിരാത്രിയിൽ കുഞ്ഞൊന്നു കരഞ്ഞാൽ പരിചാരകരുടെ കൂട്ടം ഓടിയെത്തും ഫാത്തിമയെ കുളിപ്പിക്കാനും ആഹാരം കഴിപ്പിക്കാനും പരിചാരകന്മാരെത്ര

ഖദീജ മെല്ലെ വളരുകയാണ് അവൾ തൊട്ടിലിൽ നിന്നിറങ്ങി നിലത്ത് ഇഴഞ്ഞു നീങ്ങാൻ തുടങ്ങി ഇളം ചുണ്ടുകളിൽ വിടരുന്ന മന്ദസ്മിതത്തിനെന്ത് ശോഭ

അവളുടെ ചുണ്ടുകളിൽ വിടർന്നുവന്ന മന്ദഹാസം മാതാപിതാക്കളെ ആഹ്ലാദം കൊള്ളിച്ചു അവളുടെ നാവിൽനിന്നും നേർത്ത പദങ്ങൾ ഒഴുകി വരാൻ തുടങ്ങി

ഖദീജ ശൈശവം പിന്നിട്ടു ബാല്യദശയിലെത്തി മിടുമിടുക്കിയായ പെൺകുട്ടി അതിശയകരമായ ബുദ്ധിശക്തി കേട്ടതൊന്നും മറന്നുപോവില്ല മറ്റുള്ളവർക്കു നൽകാൻ മനസ്സു നിറയെ സ്നേഹം റോസാപ്പൂവിന്റെ അഴക് വീട്ടിനകത്തും പുറത്തും ഓടിനടക്കും കുസൃതികൾ കാണിക്കും തമാശകൾ പറയും പൊട്ടിച്ചിരിക്കും ആരെയും ആകർഷിക്കുന്ന സംസാരം ഒട്ടകങ്ങളോടും കുതിരകളോടും കിന്നാരം പറയും ആട്ടിൻ കുട്ടികളെ ഓമനിക്കും കഴുതകളെ ഓടിച്ചുകളിക്കും മുതിർന്നവരോടൊപ്പം മലഞ്ചെരിവിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കും കവിതകൾ കേട്ടാസ്വദിക്കും കവിതകളിൽ നിന്ന് മഴമേഘങ്ങളെക്കുറിച്ചറിഞ്ഞു അപൂർവ്വമായി മാത്രം വരുന്ന മഴത്തുള്ളികളെ സ്നേഹിച്ചു മക്കയിൽനിന്ന് ഖാഫില പുറപ്പെടുമ്പോൾ വീട്ടിൽ അതേക്കുറിച്ചുള്ള ചർച്ചകൾ നടക്കും ബന്ധുക്കളിൽ പലരും ഖാഫിലകളിൽ പോവുന്നുണ്ടാവും കൊല്ലത്തിൽ ചുരുങ്ങിയത് രണ്ട് യാത്രകൾ കാണും ഒരു യാത്ര ശാമിലേക്ക് മറ്റൊന്ന് യമനിലേക്ക് ഖാഫില തിരിച്ചെത്തുമ്പോൾ മക്കയിൽ ഉത്സവ പ്രതീതിയാണ് അതിന്റെ അലയൊലികൾ ഖദീജയുടെ വീട്ടിലുമെത്തും
ശാമിലെ ലോകപ്രസിദ്ധമായ മാർക്കറ്റ് ഖദീജ ഭാവനയിൽ കാണുന്നു.

യമനിലേക്കുള്ള കടുസ്സായ മലമ്പാതകൾ അവൾ മനസ്സിൽ ദർശിക്കുന്നു ചുട്ടുപൊള്ളുന്ന മണലാരണ്യത്തെയും അതിലെ യാത്രക്കാരെയും ഖദീജ സ്നേഹിച്ചു ഈത്തപ്പനകൾ കുലുക്കുന്നതും കായകൾ വളരുന്നതും പഴുത്ത് പാകമാകുന്നതും ഖദീജ നോക്കിക്കണ്ടു അത്തിമരങ്ങളും മുന്തിരിക്കുലകളും അവളെ നോക്കി പുഞ്ചിരി തൂകി

കൗമാരം ഖദീജയിൽ വികൃതി കളിച്ചു അറബിപ്പെൺകൊടിമാർ നേരത്തെ സ്വപ്നം കാണാൻ തുടങ്ങുന്നു

ഖദീജയുടെ ഖൽബിലെ സ്വപ്നങ്ങൾക്ക് കൗമാരം വർണ്ണപ്പൊലിമ ചാർത്തി ഖദീജയെ ജീവിത സഖിയായി ലഭിക്കാൻ അറബി യുവാക്കൾ പലരും കൊതിച്ചു

ഖുവൈലിദിന്റെ വീട്ടിൽ ഖദീജയുടെ വിവാഹക്കാര്യം സജീവ ചർച്ചയായി ഖദീജക്ക് മികച്ച മഹർ ലഭിക്കണം പെൺവീട്ടുകാർക്ക് വരനിൽനിന്ന് സ്വത്ത് ലഭിക്കുന്നു അതാണ് കല്യാണം വിശേഷം പെൺവീട്ടുകാർ സ്ത്രീധനം കൊടുക്കേണ്ട പകരം അവർക്ക് വരൻ പണം നൽകണം മഹർ ചില്ലറത്തുകയൊന്നുമല്ല : നൂറുകണക്കിന് ഒട്ടകങ്ങൾ

അക്കാലത്താണ് ഖദീജയുടെ വിവാഹാലോചന സുമുഖനും ധനികനുമായ ഒരു ചെറുപ്പക്കാരൻ വന്നു പേരെടുത്ത കച്ചവടക്കാരൻ പിൽക്കാലത്ത് 'അബൂഹാല' എന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന യുവാവ് ആ യുവാവിനെ ഖദീജയുടെ ബന്ധുക്കൾ തിരഞ്ഞെടുത്തു വിവാഹം നിശ്ചയിച്ചു ഗോത്രത്തിന്റെ അന്തസ്സിനൊത്ത വിവാഹം ഒന്നിനും ഒരു കുറവും വരാൻ പാടില്ല വേണ്ടപ്പെട്ടവരെ വിട്ടുപോവാതെ ക്ഷണിക്കണം നാടിളക്കുന്ന കല്യാണം വേണം

കാത്തിരുന്ന സുദിനമെത്തി വിവാഹസുദിനം പുതുമാരനും കൂട്ടരുമെത്തി ഖദീജയുടെ വീട്ടിനു മുമ്പിൽ കെട്ടി ഉയർത്തിയ വലിയ തമ്പിൽ വരനെയും കൂട്ടരെയും സ്വീകരിച്ചിരുത്തി മൺപാത്രത്തിൽ വെച്ചു തണുപ്പിച്ച ശീതള പാനീയങ്ങൾ നൽകി വിവാഹ കർമ്മങ്ങൾ ഓരോന്നായി നടന്നു മഹർ നൽകി ഖദീജ ഭർതൃമതിയായി സൽക്കാരങ്ങളുടെ മൂന്ന് ദിനരാത്രങ്ങൾ കടന്നുപോയി അക്കാലത്തെ ചടങ്ങ് അതാണ് മൂന്ന് ദിവസം പുതിയാപ്പിള പുതിയ പെണ്ണിന്റെ വീട്ടിൽ താമസിക്കണം

നാലാം നാൾ നവദമ്പതികൾ യാത്രതിരിക്കുന്നു ഭർത്താവിന്റെ വീട്ടിലേക്ക് മണവാട്ടിക്ക് ഹൃദ്യമായ സ്വാഗതം ഇനി ഖദീജയുടെ താമസം ഭർത്താവിന്റെ വീട്ടിൽ ശാന്തിയും ,സമാധാനവും , സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതം അതായിരുന്നു ബുദ്ധിമതിയായ ഖദീജയുടെ മോഹം ഭാര്യയുടെ സന്തോഷവും സംതൃപ്തിയുമായിരുന്നു ഭർത്താവിന്റെ ലക്ഷ്യം സ്നേഹത്തിലും വാത്സല്യത്തിലും വിടർന്നു വന്ന മാതൃകാ ദാമ്പത്യം..

ആദ്യത്തെ അനുഭവം

ഖദീജയുടെ ഖൽബ് കുളിരണിഞ്ഞു അല്ലാഹു തനിക്ക് ഏറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞുതന്നിരിക്കുന്നു സ്നേഹം നിറഞ്ഞ ഭർത്താവ് ധീരനും ധനികനും സുമുഖനുമായ ഭർത്താവ് അതാണല്ലോ ഒരു യുവതിയുടെ വലിയ മോഹം തനിക്കത് സഫലമായിരിക്കുന്നു

ഈത്തപ്പനയിൽ ചാരിനിന്ന് ഖദീജ ആകാശത്തേക്കു നോക്കി അല്ലാഹുവിന്റെ അത്ഭുതങ്ങൾ നിറഞ്ഞുനിൽക്കുന്ന നീലാകാശം ഒരു തുള്ളി മഴ വീണിട്ട് കാലമെത്രയായി ഈത്തപ്പനകൾ കുലച്ചുതുടങ്ങുന്നതേയുള്ളൂ ഇത് പഴുത്തു പാകമാകാൻ ഇനിയും മാസങ്ങളെടുക്കും ചൂട് ശക്തിയാവുമ്പോൾ ഈത്തപ്പനക്കുലകൾ പഴുക്കുന്നു

ഭർത്താവിന്റെ ഒട്ടകക്കൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു ഭക്ഷണം പാകം ചെയ്യുന്ന പരിചാരികമാരുടെ കലപില ശബ്ദം പാത്രങ്ങൾ കൂട്ടിമുട്ടുമ്പോഴുള്ള മുഴക്കം തൊട്ടുമുമ്പിൽ ഭർത്താവിന്റെ ചിരിക്കുന്ന മുഖം എന്താ ഇത്ര വലിയ ചിന്ത? സ്നേഹം നിറഞ്ഞ ചോദ്യം

ഓ.... വെറുതെ ഓരോന്നു ചിന്തിച്ചുപോയി ജീവിതത്തെക്കുറിച്ചു എന്ത് ചിന്തിക്കാൻ സമൃദ്ധിയുടെ മദ്ധ്യത്തിൽ ജനിച്ചുവളർന്നു അല്ലലെന്തെന്നറിഞ്ഞില്ല ജീവിതത്തിന്റെ ഭാരം അറിഞ്ഞില്ല

അസുഖം തോന്നുന്നുണ്ടോ ? ഭർത്താവിന്റെ ചോദ്യം

ഖദീജയുടെ മുഖത്ത് ലജ്ജയുടെ ആവരണം വീണു ഗർഭിണിയുടെ നാണം ഇതാദ്യത്തെ അനുഭവമാണല്ലോ ഗർഭത്തിന്റെ വിഷമങ്ങൾ സഹിക്കുന്നതും ഒരു സുഖമല്ലേ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു എന്താ ഒന്നും മിണ്ടാത്തത് ?

ഖദീജ തലോടി ഒന്നും മിണ്ടാനില്ലെന്ന അർത്ഥത്തിൽ

ഗർഭിണിയാണെന്നറിഞ്ഞതോടെ ഗോത്രക്കാർക്കെ എന്തൊരാഹ്ലാദം ഭർത്താവിന്റെ ബന്ധത്തിൽപ്പെട്ട പെണ്ണുങ്ങൾ പലരും കാണാൻ വന്നു പാരിതോഷികങ്ങൾ തന്നു സ്നേഹം കൊണ്ടവർ തന്നെ വീർപ്പുമുട്ടിച്ചു തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ചോർത്തപ്പോൾ ഖദീജയുടെ കണ്ണുകൾ നിറഞ്ഞു അകലെ ഒട്ടകത്തെ പരിചരിക്കുന്ന അടിമകൾ അവർക്കു നേരെ ഭർത്താവ് നടന്നുപോയി അകന്നുപോവുന്ന ഭർത്താവിന്റെ രൂപം നീണ്ട കൈകൾ ആഞ്ഞു വീശിയുള്ള നടപ്പ് ഖദീജ ആവേശത്തോടെ നോക്കി നിന്നു

ഖദീജ അടുക്കളയിലേക്കു നടന്നു താനും എന്തെങ്കിലും ചെയ്യണമല്ലോ ഖദീജ കടന്നു ചെന്നപ്പോൾ അടിമപ്പെൺകുട്ടികൾ ആദരവോടെ മാറിനിന്നു

അടിമച്ചന്തയിൽ നിന്നും വിലക്കുവാങ്ങിയ പെൺകുട്ടികൾ അവരുടെ ജീവിതം വിലക്കു വാങ്ങിയ യജമാനന്നുള്ളതാണ് ജോലിക്കുവേണ്ടിയുള്ള രാപ്പകലുകൾ മോഹങ്ങളില്ലാത്ത ജീവിതം

യജമാനത്തിയുടെ കാരുണ്യത്തോടെയുള്ള ഒരു നോട്ടം അത് മതി അവരെ സന്തുഷ്ടരാക്കാൻ ഖദീജയുടെ നോട്ടത്തിൽ കാരുണ്യമേയുള്ളൂ അടിമപ്പെൺകുട്ടികളെ അതാവേശംകൊള്ളിക്കുന്നു അവർ ഖദീജയുടെ സാമീപ്യം കൊതിക്കുന്നു ആ ശബ്ദത്തിന് കാതോർക്കുന്നു യജമാനത്തിയുടെ കൽപ്പന കേൾക്കാൻ കാത്തിരിക്കുന്നു പറഞ്ഞതനുസരിക്കാൻ വെമ്പൽകൊള്ളുന്നു ഖദീജയെക്കുറിച്ചുള്ള ഓർമ്മകൾപോലും അടിമകളുടെ മനസ്സിൽ പ്രകാശം പരത്തുന്നു വലിയ അടുക്കളയിൽ വളരെപ്പേർക്ക് ഭക്ഷണമൊരുക്കണം അവിടത്തെ ബദ്ധപ്പാടുകളിൽ ഖദീജയും ചേർന്നു കൂട്ടുകുടുംബത്തിലെ അനേകമംഗങ്ങൾ വേലക്കാരുടെയും വേലക്കാരികളുടെയും വലിയ കൂട്ടം അവർക്കെല്ലാം ആഹാരമൊരുക്കി വലിയ പാത്രങ്ങളിൽ വിളമ്പി റൊട്ടിയും ,ചുട്ടെടുത്ത മാംസവും അവയ്ക്ക് ചുറ്റും അറബികൾ വട്ടമിട്ടിരുന്നു ചൂടുള്ള ആഹാരം ആർത്തിയോടെ വാരിത്തിന്നുന്നു ഖദീജ കൗതുകത്തോടെ നോക്കി നിന്നു

ദിനരാത്രങ്ങൾ കടന്നുപോയി ദിവസങ്ങൾ മാസങ്ങളായി വളർന്നു ഖദീജ പൂർണ്ണ ഗർഭിണിയായി അവർ മാതാവിന്റെ സാന്നിധ്യം കൊതിച്ചു വയറ്റിൽ കിടക്കുന്ന കുഞ്ഞിനെക്കുറിച്ചാണ് എപ്പോഴും ചിന്ത ഒടുവിൽ ആ സന്തോഷവാർത്ത ഒഴുകിയെത്തി ഖദീജ പ്രസവിച്ചു പെൺകുഞ്ഞ് പെൺകുഞ്ഞിന്റെ പിറവി ആരെയും അലോസരപ്പെടുത്തിയില്ല ആഹ്ലാദം അലതല്ലിയുയർന്നു പൊന്നുമോൾക്കു പേരിട്ടു ഹാല

ബന്ധുക്കളെല്ലാം വന്ന്കൂടി എല്ലാവർക്കും വിരുന്നൊരുക്കി ഹാലയെ എല്ലാവരും സ്നേഹിച്ചു മോൾ മെല്ലെ വളർന്നു ഹാലയുടെ ഇളംകവിളിൽ ഖദീജ മുത്തം ചാർത്തി പൊന്നുമോളേ ....എന്റെ ഹാല മോളേ....ഖദീജ മെല്ലെ വിളിച്ചു ഹാല മോണ കാട്ടി ചിരിച്ചു ഹാലയെ തൊട്ടിലിൽ കിടത്തി ഖദീജ താരാട്ടു പാടിയുറക്കി ഹാലയുടെ വരവോടെ ഭർത്താവിന്നു പുതിയപേര് കിട്ടി അബൂഹാല ഇപ്പോൾ ആളുകൾ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നു

ആ വിളി കേൾക്കുമ്പോൾ ഖദീജ കോരിത്തരിക്കും' ഹാലയുടെ പിതാവ് ' എന്നർത്ഥം വരുന്ന പദം അബൂഹാല

ആൺകുട്ടികൾക്ക് വല്ലാത്ത പ്രാധാന്യമുള്ള കാലമാണ് ഭർത്താവിന് ഒരാൺകുഞ്ഞിനെ സമ്മാനിക്കാൻ തനിക്കു കഴിയുമോ ?

മനസ്സിന്റെ അടിത്തട്ടിലെവിടെയോ പ്രതീക്ഷയുടെ നേർത്ത തിളക്കം
അല്ലാഹുവേ എനിക്കതിന്നുള്ള സൗഭാഗ്യമേകണമേ പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി

പെൺകുട്ടികളെ പ്രസവിച്ചതു കാരണം പീഢിപ്പിക്കപ്പെട്ട പെണ്ണുങ്ങൾ ഏറെയാണ് തനിക്കുനേരെ നിന്ദ്യതയുടെ നോട്ടംപോലുമുണ്ടായില്ല എങ്കിലും ഒരാൺകുഞ്ഞിനുവേണ്ടി മനസ്സു ദാഹിക്കുന്നു

ഹാല വളർന്നു വന്നു അവൾ ഓടിച്ചാടികളിക്കുന്നു അവളുടെ കളിതമാശകൾ കുടുംബത്തിലാകെ ഹരം പകരുന്നു ഗോത്രത്തിലെ കുലീന വനിതകളുടെ കാതുകളിൽ ആ സന്തോഷവാർത്ത ഒഴുകിയെത്തി ഖദീജ വീണ്ടും ഗർഭിണിയായിരിക്കുന്നു ഇത് ആൺകുഞ്ഞാവണേ ... സ്ത്രീകൾ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു ഖദീജയുടെ മനസ്സ് സദാ നേരവും പ്രാർത്ഥനാനിർഭരം ഇത് ആൺകുഞ്ഞാവണേ ആൺകുഞ്ഞിനെ പ്രസവിച്ചാൽ ഭർത്താവിനെന്ത് സന്തോഷമായിരിക്കും തന്റെ മോഹം അതിരുകടന്നതായിപ്പോയോ ? ഖദീജക്ക് ഉൽക്കണ്ഠ ഏതൊരു അറബിപ്പെണ്ണും ആഗ്രഹിക്കുന്നതല്ലേ താനും ആഗ്രഹിച്ചുള്ളൂ ഇതെങ്കിലും ആൺകുഞ്ഞായിരിക്കണമെന്ന് ഭർത്താവിന്നും ആഗ്രഹം കാണില്ലേ ? ഇതും പെൺകുട്ടി ആയാൽ?

ഭർത്താവിന്റെ മനസ്സിന്റെ അവസ്ഥയെന്താവും ? ഖദീജയുടെ മനസ്സ് പിടഞ്ഞു മാസങ്ങൾ പറന്നകന്നു ഖദീജ ഉൽക്കണ്ഠാകുലയായി ഖദീജ പ്രസവിച്ചു ഗോത്രക്കാരൊക്കെ ഉൽക്കണ്ഠയോടെ ചോദിച്ചു കുഞ്ഞ് ആണോ പെണ്ണോ ? ആഹ്ലാദം കൊള്ളിക്കുന്ന മറുപടി വന്നു ആൺകുഞ്ഞ്

ഖദീജയുടെ മനസ്സ് തണുത്തു അല്ലാഹുവേ നീയെന്റെ വിളികേട്ടു നിനക്കാണ് സർവ്വസ്തുതിയും അൽഹംദുലില്ലാഹ് ആഹ്ലാദം അണപൊട്ടിയൊഴുകിയ ദിവസങ്ങൾ

ആൺകുഞ്ഞ് പിറന്നാൽ പിന്നെ കുടുംബത്തിനുത്സവമാണ് അബൂഹാലയും കുടുംബവും ആഹ്ലാദത്തിമർപ്പിലാണ് അവർ ഖദീജയെ സ്നേഹംകൊണ്ട് പൊതിഞ്ഞു പൊന്ന്മോന്ന് പേരിട്ടു ഹിന്ദ്

മാതാപിതാക്കൾ ഹിന്ദിനെ അതിരില്ലാതെ ഓമനിച്ചു ദുഃഖത്തിന്റെ മേഘപാളികൾ ആ കുടുംബത്തിനു നേരെ നീങ്ങി വരികയാണെന്ന സത്യം ആരുമറിഞ്ഞില്ല ഖദീജയെയും രണ്ടു മക്കളെയും ദുഃഖം ആവരണം ചെയ്യാൻ പോവുകയാണ് വിധിയുടെ പരീക്ഷണം സമീപിക്കുന്നു ആഹ്ലാദത്തിന്റെ അലയടികൾ നിലയ്ക്കാറായി മരണത്തിന്റെ മാലാഖയെത്തി ആത്മാവ് കൊണ്ടുപോവാൻ മരണത്തിന്റെ മാലഖക്ക് അബൂഹാലയുടെ ആത്മാവിനെ വേണം അബൂഹാലക്ക് അനുവദിക്കപ്പെട്ട ആയുസ്സ് അവസാനിച്ചിരിക്കുന്നു അബൂഹാലയുടെ ആത്മാവ് വിട്ടുപിരിഞ്ഞു

ഒരു ഗോത്രം ഒന്നാകെ ദുഃഖത്തിന്റെ അഗാധമായ കയത്തിൽ വീണു ആരൊക്കെയോ ചേർന്ന് ഖദീജയെ എടുത്തു കിടത്തി മകൾ നിർത്താതെ നിലവിളിച്ചു അബൂഹാല മണ്ണിലേക്കു മടങ്ങി ശ്മശാനത്തിലി പുതിയ ഖബറിന്മേൽ കണ്ണുനീർത്തുള്ളികൾ വീണു.

ഒരിക്കൽക്കൂടി മണവാട്ടി 



ഈ വീട്ടിലേക്ക് കടന്നുവരുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നു മനസ്സിൽ ഇവിടെനിന്നു മരിച്ചു പിരിയണമെന്നായിരുന്നു മോഹം മരണംവരെ ഈ കുടുംബത്തിലെ ഒരംഗമായി കഴിയുക ആ മോഹം കരിഞ്ഞുപോയി

സ്നേഹിക്കാൻ മാത്രമറിയുന്ന ഭർത്താവ് ആ ഭർത്താവിന്റെ തണൽപറ്റി ജീവിക്കാനാശിച്ചു ആ ഭർത്താവിനെയാണ് വിധി തട്ടിയെടുത്തത് താൻ വിധവയായിത്തീർന്നു ചെറുപ്പക്കാരിയായ വിധവ രണ്ടു കൊച്ചുമക്കളെ തന്നിട്ട് ഭർത്താവ് മരണപ്പെട്ടു സഹിക്കാനാവാത്ത ദുഃഖം ഭർത്താവിന്റെ വമ്പിച്ച സ്വത്തിന്റെ ഭാഗം കിട്ടി വിധവ പിന്നേയും ജീവിച്ചു മക്കൾക്കു വേണ്ടി കാലം കടന്നുപോയി

'മോളേ ഇങ്ങനെ കഴിഞ്ഞാൽ മതിയോ? ഉമ്മ വാത്സല്യപൂർവ്വം ചോദിച്ചു
പിന്നെന്തുവേണം ഉമ്മാ?
'പെണ്ണായാൽ ഒരാൺ തുണ വേണം'?
'ഉണ്ടായിരുന്നല്ലോ കടപുഴകിവീണതല്ലേ'?
'വിധിയെന്ന് സമാധാനിക്കുക '
'ഞാൻ സഹിച്ചോളം ',
'മോളെ.....നീ ചെറുപ്പമാണ്'
'അതുകൊണ്ട് '?
'ഇനിയും വിവാഹത്തിന് അവസരമുണ്ട് ',
'ഉമ്മാ....അതു വേണ്ട'
'മോളേ....മോൾ വാശി പിടിക്കരുത് '
'ഉമ്മാ.....എന്നെ വെറുതെ വിടൂ...'
ഉമ്മ പിൻവാങ്ങി

ഇത് പലതവണ ആവർത്തിച്ചു പല വിവാഹാലോചനകളും വന്നു ഒന്നും നടന്നില്ല സമ്മതിച്ചില്ല 'അതീഖ്' എന്ന ചെറുപ്പക്കാരൻ വന്നു ഖദീജയെ വിവാഹം ചെയ്യാൻ മോഹം ബന്ധുക്കളുടെ നിർബന്ധം .നിർബന്ധം കൂടിയപ്പോൾ സമ്മതിച്ചു ഒരിക്കൽ കൂടി മണവാട്ടിയായി വില കൂടിയ വസ്ത്രങ്ങൾ ധരിച്ചു സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു വലിയ മഹർ ലഭിച്ചു അതീഖിന്റെ വീട്ടിലെത്തി ഹൃദ്യമായ സ്വീകരണം സമ്പന്ന കുടുംബത്തിലെ ജീവിതം ദുഃഖം മെല്ലെ മെല്ലെ നീങ്ങിപ്പോയി ഖദീജയുടെ ചുണ്ടുകളിൽ വീണ്ടും പുഞ്ചിരി വിടർന്നു ഖൽബിൽ ആഹ്ലാദം പടർന്നു കണ്ണുകളിൽ തിളക്കം കൂടി ഖദീജ ഗർഭിണിയായി ഗോത്രങ്ങൾക്ക് സന്തോഷം അതീഖിന്റെ പരിചരണം എപ്പോഴുമുണ്ട്

ഈത്തപ്പനമരങ്ങൾ തണൽവിരിച്ച വഴിയിലൂടെ ഖദീജ നടന്നു അതീഖിന്റെ കൂടെ ഖദീജ പ്രസവിച്ചു പെൺകുഞ്ഞ് അതീഖിന് സന്തോഷമായി ഖദീജ തനിക്കൊരു കുഞ്ഞിനെ തന്നല്ലോ ദമ്പതികൾ കുഞ്ഞിനെ ലാളിച്ചു ആഹ്ലാദം അലയടിച്ചുനിന്ന കുടുംബം

വീണ്ടും ദുഃഖത്തിന്റെ കറുത്ത മേഘങ്ങൾ വരവായി മരണത്തിന്റെ കാലൊച്ച വീണ്ടും വരുന്നു അതീഖിന്റെ ആത്മാവിനെ കൊണ്ടുപോവണം ആയുസ്സ് അവസാനിച്ചിരിക്കുന്നു അതീഖിന്റെ ചേതനയറ്റ ശരീരം ആത്മാവ് പറന്നുപോയിരിക്കുന്നു ഖദീജയെ പെണ്ണുങ്ങൾ താങ്ങിക്കിടത്തി ആശ്വസിപ്പിക്കാൻ വാക്കുകളില്ല

വീണ്ടും വിധവയുടെ ജീവിതം വിധിക്കപ്പെട്ടിരിക്കുന്നു എന്തൊരു പരീക്ഷണം കവിളുകളിൽ കണ്ണീർച്ചാലുകൾ മയ്യിത്ത്കട്ടിൽ വന്നു അതീഖിനെ അതിൽ ചുമന്ന് കൊണ്ട് പോയി ഖദീജ ചിറകറ്റ കിളിയെപ്പോലെയായി ശ്മശാനത്തിൽ ഒരു ഖബർ കൂടി ഉയർന്നു

രാപ്പകലുകളുടെ പ്രയാണത്തിനു മാറ്റമില്ല അവ ചലിച്ചുകൊണ്ടേയിരിക്കുന്നു മാസങ്ങൾ വർഷങ്ങളായി വളർന്നു കൊണ്ടിരുന്നു

'മോളേ....ഖദീജാ....'
എന്താണുമ്മാ.....
നീ ചെറുപ്പമാണ് മോളേ.... നിനക്കു ചെറുപ്പക്കാരിയുടെ അഴകും ആരോഗ്യവുമുണ്ട്
ഉമ്മാ എന്തിനാണിതൊക്കെ എന്നെ ഓർമ്മപ്പെടുത്തുന്നത്
പല ചെറുപ്പക്കാരും വിവാഹാലോചനയുമായി വരുന്നു
വേണ്ട എനിക്കിനി വിവാഹം വേണ്ട
മോളേ...
എന്നെ ആരും നിർബന്ധിക്കേണ്ട

പിന്നെ ? ഇങ്ങനെ കഴിഞ്ഞാൽ മതിയോ ?

എനിക്ക് നിരാശയില്ല ഞാൻ വെറുതെയിരിക്കുകയല്ലല്ലോ എനിക്ക് എന്തെല്ലാം ജോലികളുണ്ട്

ഉമ്മ പിൻവാങ്ങി

ഖദീജ പറഞ്ഞത് ശരിയാണ് അവരിന്ന് ധൃതി പിടിച്ച ജീവിതമാണ് നയിക്കുന്നത് സ്വന്തമായി ബിസിനസ്സ് ഉണ്ട് പുരുഷന്റെ ബുദ്ധിയും തന്റേടവുമാണവർക്ക് അവർ ശാമിലേക്കും യമനിലേക്കും കച്ചവടസംഘത്തെ അയക്കുന്നു മിടുക്കന്മാരായ പുരുഷന്മാർ കച്ചവടസംഘത്തെ നയിക്കുന്നു

ഓരോ കച്ചവടയാത്ര കഴിയുമ്പോഴും നല്ല ലാഭം കിട്ടുന്നു ഖദീജയുടെ ഒട്ടകക്കൂട്ടങ്ങളുടെയും ആട്ടിൻകൂട്ടങ്ങളുടെയും ഈത്തപ്പനത്തോപ്പുകളുടേയും വലുപ്പം വർദ്ധിച്ചു വന്നു ഖദീജയുടെ വലിയ ഭവനം അഗതികളുടെ അഭയ കേന്ദ്രം വിശന്നു വലഞ്ഞു വരുന്നവർക്കെല്ലാം അവിടെ നിന്ന് ആഹാരം ലഭിക്കും യത്തീമുകളുടെ സംരക്ഷണം ,വിധവകളുടെ സംരക്ഷണം അതിനു വേണ്ടിയാണ് ഖദീജ സമ്പാദിക്കുന്നത് അശരണരും അഗതികളും ഖദീജയെ സ്നേഹിക്കുന്നു ദൂര ദിക്കുകളിൽനിന്ന് വന്നവർ ഖദീജയുടെ വിരുന്നുകാരായി മാറുന്നു ഖദീജയുടെ ഔദാര്യം അത് നാട് നീളെ പ്രസിദ്ധമായിത്തീർന്നു സൽഗുണസമ്പന്നയാണവർ അതുകാരണം വളരെ നേരത്തെത്തന്നെ അവർക്കൊരു സ്ഥാനപ്പേരു ലഭിച്ചു -ത്വാഹിറ

മക്കയുടെ നായകനാണ് അബ്ദുൽ മുത്തലിബ് അബ്ദുൽ മുത്തലിബിന് ഖദീജയെ വലിയ കാര്യമാണ് ഖദീജയുടെ ഔദാര്യശീലവും വിശാലമനസ്കതയും അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചിരുന്നു

അബ്ദുൽ മുത്തലിബ് വൃദ്ധനായി താടിരോമങ്ങൾ നരച്ചു വെളുത്തു സാമ്പത്തിക സ്ഥിതിയും മോശമായി അബ്ദുൽ മുത്തലിബിന് ധാരാളം മക്കളുണ്ട് അതിൽ ഏറ്റവും ഇഷ്ടപ്പെട്ട മകൻ അബ്ദുല്ലാ അബ്ദുല്ലയുടെ കഥ മക്കക്കാർ ഉൾക്കിടിലത്തോടെ ഓർക്കും അബ്ദുല്ലയുടെ ജീവൻ ബലിക്കല്ലിൽ ഹോമിക്കാൻ പോയകഥ ആർക്കാണ് മറക്കാൻ കഴിയുക

പണ്ട് അബ്ദുൽ മുത്തലിബിന് ഒറ്റ മകനേ ഉണ്ടായിരുന്നുള്ളൂ ഹാരിസ് അക്കാലത്ത് അബ്ദുൽ മുത്തലിബ് ഒരു നേർച്ച നേർന്നു തനിക്ക് പത്തു പുത്രന്മാർ ജനിച്ചാൽ ഒരാളെ ബലിയറുക്കും വർഷങ്ങൾ പലതും കടന്നുപോയി പല ഭാര്യമാരിലായി പത്തു പുത്രന്മാരുണ്ടായി ഏത് മകനെ ബലിയറുക്കണം ? കഅബാലയത്തിലെത്തി നറുക്കിട്ടു നോക്കി അബ്ദുല്ലക്ക് നറുക്ക് വീണു അബ്ദുൽ മുത്തലിബ് തന്റെ മകനെ അറുക്കാൻ സന്നദ്ധനായി മക്കക്കാർ ഞെട്ടിപ്പോയി വമ്പിച്ച പ്രതിഷേധമുയർന്നു എല്ലാവർക്കും പ്രിയങ്കരനായ അബ്ദുല്ലയെ അറുക്കാൻ പാടില്ല നേർച്ച വീട്ടാൻ പോംവഴി കണ്ടെത്തണം പലരും ഇടപെട്ടു പോംവഴികണ്ടെത്തി നൂറ് ഒട്ടകത്തെ ബലിയറുത്തു അബ്ദുല്ലയുടെ ജീവൻ രക്ഷപ്പെടുത്തി

മക്കാ പട്ടണം ഇളകി മറിഞ്ഞ നാളുകളായിരുന്നു അവ അന്ന് ഖദീജ ബാലികയായിരുന്നു കുട്ടിക്കാലത്ത് നടന്ന സംഭവം അവർ ഒരിക്കലും മറന്നില്ല നരബലി ഒഴിവായിക്കിട്ടിയ സന്തോഷം അബ്ദുല്ലായുടെ വിവാഹാന്വേഷണവാർത്തയും ഖദീജ കേട്ടു കുട്ടിക്കാലത്തു തന്നെ തന്റെ ബന്ധത്തിൽപെട്ട ഒരു പെൺകുട്ടിയെ വധുവാക്കി തെരഞ്ഞെടുത്തു എന്നു കേട്ടപ്പോൾ ഖദീജാക്ക് സന്തോഷം തോന്നി

ആമിനയെ ഖദീജ കണ്ടിട്ടുണ്ട് സൽഗുണസമ്പന്നയും സുന്ദരിയുമാണ് അവർക്ക് നല്ലൊരു ദാമ്പത്യം ലഭിക്കട്ടെ ഖദീജ ആശംസിച്ചു അബ്ദുല്ല ആമിനയെ വിവാഹം കഴിച്ചപ്പോൾ മക്കക്കാർ മുഴുവൻ സന്തോഷിച്ചു മരണത്തിൽ നിന്ന് രക്ഷപ്പെട്ട ചെറുപ്പക്കാരൻ വിവാഹിതനായല്ലോ ഇനിയവർ ദീർഘനാൾ ജീവിക്കട്ടെ എല്ലാവരുടെയും ആശംസ..

ഖാഫിലയ്ക്ക് പുതിയ നായകൻ 



വർഷങ്ങൾ പലതും കടന്നുപോയി ഇതിന്നിടയിൽ എത്രയെത്ര വിവാഹാലോചനകൾ ഖദീജ ഒന്നിനും ചെവി കൊടുത്തില്ല രണ്ടു തവണ വിവാഹിതയായി രണ്ടും നീണ്ടുനിന്നില്ല രണ്ടു മക്കളെയും നോക്കി കച്ചവട കാര്യങ്ങൾ ശ്രദ്ധിച്ച് ജീവിക്കാം ഇനിയൊരിക്കൽ കൂടി ഭാര്യയാവാൻ വയ്യ ഖദീജ സമ്പന്നയാണ് വ്യാപാരം വളർന്നു വരുന്നു അവരുടെ ഔദാര്യശീലം വളരെ പ്രസിദ്ധമാണ് അവശരും ആലംബഹീനരും രോഗികളും യാത്രക്കാരും ഖദീജയുടെ ഇരുനില മാളികയിലെത്തുന്നു അവർക്ക് വേണ്ടത് നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു അടുക്കളയിൽ എന്നും സദ്യയൊരുക്കുന്ന തിരക്ക് ഭക്ഷണം കഴിക്കാനെന്നും ഒരുപാടാളുകൾ കാണും കൊടുക്കുന്തോറും കൂടിവരികയാണ് സിറിയയിലേക്ക് കച്ചവടസംഘത്തെ അയക്കാൻ സമയമായി നല്ലൊരു മാനേജരെ വേണം ആ വിവരം മക്കയിലാകെ പരന്നു നല്ല പ്രതിഫലമുള്ള ജോലി മക്കയുടെ നേതാവാണ് അബൂത്വാലിബ് അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ സഹോദരപുത്രൻ വളരുന്നു തന്റെ സഹോദരൻ അബ്ദുല്ലയുടെ പുത്രൻ ഇരുപത്തഞ്ച് വയസ്സുള്ള സുമുഖനായ ചെറുപ്പക്കാരൻ 'അൽ അമീൻ 'എന്ന് മക്കക്കാർ വിളിക്കുന്ന യുവാവ് അബൂത്വാലിബ് സഹോദരപുത്രനെ സമീപത്തേക്ക് വിളിച്ചു

എന്റെ പൊന്നുമോനേ..... എനിക്ക് പ്രായമായി പഴയതുപോലെ അദ്ധ്വാനിക്കാൻ കഴിവില്ല നമ്മുടെ വരുമാനം കുറഞ്ഞു വലിയൊരു കുടുംബത്തെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ട് എന്റെ മോൻ എന്തെങ്കിലും ജോലി ചെയ്തു സമ്പാദിക്കേണ്ട സമയമായിരിക്കുന്നു ഖദീജ കച്ചവടം നടത്താൻ ഒരു മാനേജരെ അന്വേഷിക്കുന്നുണ്ട് ഞാൻ മോന്റെ കാര്യം ഖദീജയോട് സംസാരിക്കട്ടെയോ ?

മൂത്താപ്പയുടെ വാക്കുകൾ ചെറുപ്പക്കാരന്റെ മനസ്സിൽ തട്ടി കണ്ണുകൾ തിളങ്ങി വാക്കുകൾ ഒഴുകിവന്നു മൂത്താപ്പ സംസാരിച്ചോളൂ
......
ആശ്വാസമായി വൃദ്ധനയനങ്ങളിൽ പ്രകാശം അബൂത്വാലിബ് ഖദീജയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്റെ വീടിനു ലഭിച്ച സൗഭാഗ്യമായി ഖദീജ കരുതി ഹൃദ്യമായി സ്വീകരിച്ചു സൽക്കരിച്ചു സംഭാഷണത്തിനിടയിൽ ചോദിച്ചു 'ഖദീജ ഒരു മാനേജരെ അന്വേഷിക്കുന്നതായി അറിഞ്ഞു എന്റെ സഹോദരപുത്രനെ പരിഗണിക്കാമോ

ആരെ ? അൽ അമീനെയോ ?
അതെ, അവനെത്തന്നെ
വളരെ വളരെ സന്തോഷം
പ്രതിഫലം കുറച്ചു കൂട്ടിത്തരണം
ചോദിക്കാതെത്തന്നെ ഞാനതു തരുമല്ലോ
ആശ്വാസത്തോടെ അബൂത്വാലിബ് അവിടെ നിന്നിറങ്ങി ഖദീജക്ക് മനസ്സ് നിറയെ സന്തോഷം ആശ്വാസം ഖദീജ തന്റെ വേലക്കാരനെ വിളിച്ചു മൈസറാ....

മൈസറ ഓടിയെത്തി

മൈസറാ..... ഇത്തവണ നമ്മുടെ കച്ചവടസംഘത്തെ നയിക്കുന്നത് അൽ അമീൻ ആയിരിക്കും അദ്ദേഹത്തെ പരിചരിക്കാൻ നീ കൂടെ പോവണം

അങ്ങനെയാവട്ടെ യജമാനത്തീ.......

സന്ധ്യാനേരംനൂറുകണക്കിന് ഒട്ടകങ്ങൾ അണിനിരന്നു അവയുടെ മുതുകിൽ വലിയ ചാക്കുകെട്ടുകൾ ഈത്തപ്പഴത്തിന്റെയും മുന്തിരിയുടെയും കെട്ടുകൾ ഒട്ടകത്തിന്റെ മുതുകിൽ ഇരുഭാഗങ്ങളിലായി തൂക്കിയിട്ടു

കച്ചവട സംഘമെത്തി അൽ അമീൻ അവരെ നയിക്കുന്നു ഒട്ടകസംഘത്തെ മക്കക്കാർ 'ഖാഫില' എന്നു വിളിക്കുന്നു ഖാഫില പുറപ്പെടുന്നത് മക്കക്കാർക്ക് ഉത്സവം പോലെയാണ് ജനങ്ങൾ തടിച്ചുകൂടി ആഹ്ലാദപൂർവ്വം യാത്രയയക്കും ഖദീജ വന്നു അൽ അമീനെ ചുമതലയേൽപ്പിച്ചു ഖാഫില പുറപ്പെട്ടു അൽ അമീൻ യാത്രയായി

അബൂത്വാലിബ് കണ്ണുനീർ തുടച്ചു

മൈസറാക്ക് അൽ അമീനെ അടുത്തറിയാൻ അവസരം കിട്ടി അൽ അമീന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചു അവയോരോന്നും മൈസറയെ അത്ഭുതപ്പെടുത്തി ആഴ്ചകൾക്കു ശേഷം ഖാഫില ശാമിലെത്തി അവിടത്തെ ലോകപ്രസിദ്ധമായ മാർക്കറ്റ് ചരക്കുകൾ ഇറക്കിവെച്ചു പല രാജ്യക്കാരായ കച്ചവടക്കാർ വന്നു ചരക്കിനു വില പറഞ്ഞു

മാനേജറുടെ സംസാരം മൈസറ ശ്രദ്ധിച്ചു

ചരക്കുകളുടെ ഗുണം പറയുന്നു അതിശയോക്തിയില്ല ന്യൂനതയുള്ളത് തുറന്നു പറയുന്നു സംസാരത്തിൽ സത്യസന്ധത പെരുമാറ്റത്തിൽ വിനയം ചരക്കുകൾ വളരെ വേഗം വിറ്റ് തീർന്നു നല്ല ലാഭവും കിട്ടി

മക്കയിലേക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങി ഭക്ഷ്യവസ്തുക്കൾ , തുണിത്തരങ്ങൾ ,ആയുധങ്ങൾ, ആഭരണങ്ങൾ , പാത്രങ്ങൾ , സുഗന്ധദ്രവ്യങ്ങൾ ,എണ്ണ .....

ഖദീജ പ്രത്യേകം പറഞ്ഞേൽപ്പിച്ച സാധനങ്ങളും വാങ്ങി ഖാഫിലക്ക് ആകപ്പാടെ പതിവിൽക്കവിഞ്ഞ ആവേശം മൈസറക്ക് എന്തെന്നില്ലാത്ത ആഹ്ലാദം

ഖാഫില മടങ്ങുകയാണ്

മൈസറ അൽ അമീനിൽ പല അതിശയങ്ങൾ കണ്ടു എല്ലാം യജമാനത്തിയോട് പറയണം മക്കയിൽ എത്തിയെങ്കിൽ

ആഴ്ചകൾ കടന്നുപോയി ഖാഫില മക്കയെ സമീപിച്ചുകഴിഞ്ഞു

ഇപ്പോൾ മൈസറ ഖാഫിലയുടെ മുമ്പെ സഞ്ചരിക്കുന്നു ഖാഫിലയെത്തുംമുമ്പെ യജമാനത്തിയുടെ വീട്ടിലെത്തണം വിശേഷങ്ങങ്ക പറയണം അവർ ആഹ്ലാദപൂർവ്വം ഇറങ്ങി വന്ന് ഖാഫിലയെ സ്വീകരിക്കട്ടെ

മൈസറ വീട്ടുമുറ്റത്തെത്തി

മാളികമുകളിൽനിന്ന് യജമാനത്തി അത് കണ്ടു നിമിഷങ്ങൾകൊണ്ടവൾ താഴെയെത്തി മൈസറ ധൃതിയിൽ സംസാരിച്ചു

അൽ അമീൻ സാധാരണ മനുഷ്യനല്ല ....പല അത്ഭുതങ്ങളും കണ്ടു മേഘം തണൽ നൽകുന്നു ....

മൈസറയുടെ വിശദീകരണം ഖദീജയെ ആവേശഭരിതയാക്കി അവർ പുറത്തിറങ്ങി

മക്കക്കാർ തടിച്ചുകൂടി

ഖാഫിലയെത്തി

വമ്പിച്ച സ്വത്തുമായി ഖാഫിലയെത്തി

സ്വത്തിൽ അധികഭാഗവും മക്കയിൽ വിൽപ്പന നടത്താനുള്ളതാണ് കുറെ ഭാഗം പാവങ്ങൾക്ക് ദാനം ചെയ്യും

അൽ അമീന്ന് മാന്യമായ പ്രതിഫലം കിട്ടി

സന്തോഷത്തോടെ സ്വീകരിച്ചു ഖദീജ നന്ദി പറഞ്ഞു

അൽ അമീൻ വീട്ടിലേക്കു മടങ്ങി ഖദീജയുടെ മനസ്സിൽ അൽ അമീന്റെ മുഖം നിറഞ്ഞുനിന്നു

നാൽപത് വയസ്സായ ഖദീജ വീണ്ടും ദാമ്പത്യം സ്വപ്നം കണ്ടു അൽ അമീനെ ഭർത്താവായി ലഭിച്ചെങ്കിൽ ...... ലഭിക്കുമോ? എങ്ങനെ ലഭിക്കാൻ ....

ഖദീജയെ കാണാൻ കൂട്ടുകാരിയെത്തി മനസ്സിലെ മോഹം കൂട്ടുകാരിയറിഞ്ഞു
'മോഹം സഫലമാകുമോ എന്ന് ഞാനൊന്ന് നോക്കട്ടെ ' അതും പറഞ്ഞ് കൂട്ടുകായി പോയി

അവളോട് പറഞ്ഞത് അബദ്ധമായെന്ന് ഖദീജക്ക് തോന്നി വേണ്ടിയിരുന്നില്ല ആകെയൊരു ബദ്ധപ്പാട് 

ഇരുപത്തഞ്ചുകാരൻ നാൽപതുകാരിയെ സ്വീകരിക്കുമോ ? വിദൂര സാധ്യതപോലും കാണുന്നില്ല

ഖദീജയെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂട്ടുകാരി തിരിച്ചെത്തി അൽ അമീന്ന് വിരോധമൊന്നുമില്ല

ഖദീജയുടെ ഖൽബ് കുളിരണിഞ്ഞു

അബൂത്വാലിബ് വിവരമറിഞ്ഞു വൃദ്ധമനസ്സിൽ പൂത്തുലഞ്ഞു ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞ ചെറുപ്പക്കാരന് ഒരത്താണി മക്കക്കാർ വാർത്തയറിഞ്ഞു കേട്ടവർക്കൊക്കെ സന്തോഷം

അൽ അമീൻ ഗോത്രനേതാക്കളോടൊപ്പം എത്തി മഹർ നൽകി നിക്കാഹ് നടന്നു
അന്നവിടെ തടിച്ചുകൂടിയ അഗതികൾക്കും അശരണർക്കും വിഭവസമൃദ്ധമായ സദ്യ കിട്ടി

ഒരുപാടാളുകൾക്ക് ഖദീജ സമ്മാനം നൽകി ഖദീജ ഭാര്യയായി അൽ അമീൻ എന്നറിയപ്പെട്ട മുഹമ്മദ് നബി(സ) യുടെ ഭാര്യ..

ഞാൻ സ്വീകരിക്കുന്നു 



ഖദീജയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നു നിറഞ്ഞു

കച്ചവടം വളർന്നു ഐശ്വര്യം നിറഞ്ഞു മാതൃകാ ദാമ്പത്യം അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാർ ഒരിക്കലും ഒരു പിണക്കവും അവർക്കിടയിലുണ്ടായില്ല കാലം കടന്നുപോയി വിവാഹത്തിന്റെ പതിനഞ്ചാം വാർഷികം കഴിഞ്ഞു ഭർത്താവിന് നാൽപത് വയസ്സ് ഭാര്യക്ക് അമ്പത്തിയഞ്ച്

മക്കയിലെ സാമൂഹികാന്തരീക്ഷം ഭർത്താവിനെ അസ്വസ്ഥനാക്കി എങ്ങും ബിംബാരാധന ,മദ്യപാനം, ചൂതുകളി, സ്ത്രീപീഡനം ,പലിശ ,അധർമ്മം, അനീതി.... കണ്ടു സഹിക്കാനാവാതെ മല കയറി ഹിറാ ഗുഹയിൽ ചെന്നിരുന്നു പകലും രാത്രിയും ഹിറായിൽ ഇരിക്കും ഇടക്കിടെ മടങ്ങിവരും

ഖദീജ ഭക്ഷണം പൊതിഞ്ഞുകൊടുക്കും അത് തീരുമ്പോൾ എത്തിച്ചുകൊടുക്കും
ഒരു രാത്രി , ഗുഹയിൽ ആരോ കടന്നു വന്നു 'വായിക്കുക' ആഗതന്റെ കല്പന
'ഞാൻ വായനക്കാരനല്ല' എഴുതാനും വായിക്കാനും പഠിക്കാത്ത 'അൽ അമീൻ ' മറുപടി നൽകി

ആഗതൻ അൽഅമീനെ ആശ്ലേഷിച്ചു പിന്നെ വിട്ടു

'വായിക്കുക' വീണ്ടും കൽപന 

ശക്തമായ ആശ്ലേഷം വല്ലാതെ വിഷമിച്ചുപോയി

'വായിക്കുക' വീണ്ടും കല്പന
'ഞാൻ വായനക്കാരനല്ല'

അതിശക്തമായ ആശ്ലേഷം വാരിയെല്ലുകൾ തകരുകയാണോ ഭയന്നു വിറച്ചു ശരീരം കിടുകിടുത്തു

ആഗതന്റെ ശബ്ദം മുഴങ്ങി

'ഇഖ്റഹ് ബിസ്മി റബ്ബിക്കല്ലദീ ഖലഖ് '

സ്രഷ്ടാവായ നിന്റെ റബ്ബിന്റെ നാമത്തിൽ വായിക്കുക.....
അല്ലമ ബിൽ ഖലം

(പേന കൊണ്ട് എഴുതാൻ പടിപ്പിച്ച നാഥൻ ) ആഗതൻ അപ്രത്യക്ഷനായി
ഭയവും ആശങ്കയും പനിയും മലയിറങ്ങി 

വളരെ ദൂരം ഓടി വീട്ടിലെത്തി

'എന്നെ പുതപ്പിട്ടു മൂടുക '

ഖദീജ ഞെട്ടി എന്താണിത് ? ഭർത്താവ് തളർന്നിരിക്കുന്നു മുഖത്ത് വല്ലാത്ത വെപ്രാളം പിടിച്ച് കട്ടിലിൽ കിടത്തി പുതപ്പിച്ചു

നടന്ന സംഭവങ്ങൾ അദ്ദേഹം ഭാര്യയോട് പറഞ്ഞു

'എന്നെ പിശാച് ബാധിച്ചതാണോ ? '

ഒരിക്കലുമല്ല അങ്ങയെ പിശാചു ബാധിക്കില്ല അങ്ങ് കുടുംബ ബന്ധം ചേർക്കുന്നവനാണ് നിരാലംബരെ സഹായിക്കുന്നവർ അതിഥികളെ സൽക്കരിക്കുന്നവർ പിശാചുബാധയേൽക്കില്ല നമുക്ക് വറഖത്ത് ബ്നു നൗഫലിനെ കാണാൻ പോകാം അദ്ദേഹം തൗറാത്തും ഇഞ്ചീലും പഠിച്ച പണ്ഡിതനാണ്

ഭർത്താവ് സമ്മതിച്ചു ഇരുവരും വറഖത്തിന്റെ വീട്ടിലെത്തി വിവരങ്ങൾ പറഞ്ഞു

സംഭവങ്ങൾ കേട്ടപ്പോൾ വറഖത്തിന്റെ മുഖത്ത് സന്തോഷം
'മകനേ നിന്റയടുത്ത് വന്നത് ജിബ്രീൽ എന്ന മലക്ക് ആകുന്നു പണ്ട് മൂസാനബിയുടെയും അതിനുശേഷം ഈസാനബിയുടെയും അടുത്തുവന്ന ജിബ്രീൽ നീ ഈ സമുദായത്തിലേക്കുള്ള പ്രവാചകനാകുന്നു ഇന്നാട്ടുകാർ നിന്നെ പുറത്താക്കും അന്നു ഞാനുണ്ടാകുന്നെങ്കിൽ ....'

'എന്ത് എന്നെ ഇന്നാട്ടുകാർ പുറത്താക്കുമോ ?'

'അതെ മകനേ ഇതുപോലുള്ള ദൈവിക സന്ദേശങ്ങളുമായി വന്നിട്ടുള്ള പ്രാചകൻമാർക്കെല്ലാം കടുത്ത യാതനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് '

ഖദീജയുടെ മനസ്സിൽ സന്തോഷവും അത്ഭുതവും ഉത്കണ്ഠയും വളർന്നു
വീട്ടിലേക്കു മടങ്ങി ഖദീജ ഭർത്താവിനെ കട്ടിലിൽ കിടത്തി പുതപ്പിട്ടു മൂടി
ഖദീജക്ക് ഉറങ്ങാൻ കഴിഞ്ഞില്ല മനസ്സാകെ ഇളകി മറിയുന്നു ഇനി എന്തൊക്കെ സംഭവിക്കും ......

ജിബ്രീൽവീണ്ടും വന്നു അൽ അമീന്റെ നെറ്റിത്തടം വിയർത്തു

'മൂടിപ്പുതച്ചവനേ.....എഴുന്നേൽക്കുക നിന്റെ ജനതക്ക് മുന്നറിയിപ്പ് നൽകുക ' ദിവ്യ കല്പന വന്നു ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിക്കാനുള്ള കൽപ്പന
പുതപ്പ് വലിച്ചെറിഞ്ഞു

ഖദീജ കടന്നുവന്ന് അപേക്ഷിച്ചു അവിടെ കിടക്കൂ വിശ്രമിക്കൂ 

എഴുന്നേൽക്കാറായില്ല ഞാൻ പുതപ്പിച്ചുതരാം

'ഓ ഖദീജാ ഉറക്കിന്റെയും വിശ്രമത്തിന്റെയും കാലം കടന്നുപോയിരിക്കുന്നു എന്റെ ജനതയെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു ആരെയാണ് ഞാൻ വിളിക്കേണ്ടത് ? ആരാണ് എന്റെ വിളി സ്വീകരിക്കുക ?'

ഖദീജ കോരിത്തരിച്ചു അവർ പരിസരം മറന്നു: 'പ്രിയ ഭർത്താവിനോട് ചേർന്നുനിന്നുകൊണ്ട് അവർ പ്രഖ്യാപിച്ചു : ആ വിളി ഞാൻ സ്വീകരിക്കുന്നു '

അൽ അമീൻ ആഹ്ലാദഭരിതനായി തന്റെ ദൗത്യം ഒരാൾ സ്വീകരിച്ചിരിക്കുന്നു

'അല്ലാഹു ഏകനാണെന്നും അവന്നു പങ്കുകാരില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചുകൊള്ളുന്നു ' ഖദീജയുടെ പ്രഖ്യാപനം

സത്യസാക്ഷ്യത്തിനു സാക്ഷിയായി അന്നവിടെ ഒരു കുട്ടി ഉണ്ടായിരുന്നു അലിയ്യ്ബ്നു അബീ ത്വാലിബ് അതു അബൂത്വാലിബിന്റെ മകൻ അലി അബൂ ത്വാലിബിന്ന് വാർദ്ധക്യത്തിൽ ലഭിച്ച മകൻ

അദ്ദേഹം ആ കുട്ടിയെ വളർത്തിയെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു ഒരിക്കൽ അൽ അമീൻ ഭാര്യയോടിങ്ങനെ പറഞ്ഞു : 'മൂത്താപ്പ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അലിയെ നമുക്ക് വളർത്തിക്കൂടേ? '

'എനിക്ക് സന്തോഷമേയുള്ളൂ '

അൽ അമീൻ അലിയെ കൂട്ടിക്കൊണ്ടു വന്നു ആദ്യം അബൂത്വാലിബ് സമ്മതിച്ചില്ല എന്നെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു

അലി വളരെ ബുദ്ധിമാനായിരുന്നു ആ കുട്ടി പ്രവാചകനുമായി സംസാരിച്ചു അല്ലാഹുവിനെക്കുറിച്ച് ഇസ്ലാം മതത്തെക്കുറിച്ച്

ഈ പ്രപഞ്ചത്തിനൊരു നാഥൻ വേണമെന്നു കുട്ടി മനസ്സിലാക്കി അവൻ ഏകനായിരിക്കണം രണ്ടാൾ പാടില്ല അപ്പോൾ തർക്കം വരും നാശം വരും

മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് ദൈവം തന്നെ അറിയിക്കണം ദിവ്യസന്ദേശങ്ങൾ വേണം അതെത്തിക്കാൻ ജിബ്രീൽ എന്ന മലക്കുവേണം ദിവ്യസന്ദേശങ്ങൾ ജനങ്ങൾക്കു വിവരിച്ചുകൊടുക്കാൻ പ്രവാചകൻ വേണം

എന്നെ അല്ലാഹു സൃഷ്ടിച്ചു ആ അല്ലാഹുവിന്റെ പ്രവാചകനിൽ വിശ്വസിക്കേണ്ടത് എന്റെ ചുമതലയാകുന്നു

അങ്ങനെ അലി(റ) ഇസ്ലാമിൽ പ്രവേശിച്ചു പ്രവാചകരുടെ അടുത്ത കൂട്ടുകാരനായിരുന്നു അബൂബക്കർ സിദ്ദീഖ്(റ) ആ കൂട്ടുകാരനും ഇസ്ലാം സ്വീകരിച്ചു

ഖദീജ സത്യവിശ്വാസം സ്വീകരിച്ചതോടെ സ്വഹാബി വനിതയായിത്തീർന്നു അതുകൊണ്ട് അവരുടെ പേര് കേൾക്കുമ്പോൾ ഒരു പ്രാർത്ഥനാ വചനം ചൊല്ലണം

'അല്ലാഹു അവരെ തൃപിതിപ്പെടട്ടെ ' എന്ന വചനം അറബിയിൽ 'റളിയല്ലാഹു അൻഹാ'

ഖദീജ എന്ന പേരിന്റെ കൂടെ ബ്രാക്കറ്റിൽ 'റ' എന്നു കണ്ടാൽ അത് ഈ അറബി വചനത്തിന്റെ ചുരുക്കമാണെന്ന് മനസ്സിലാക്കണം

ഖദീജ (റ) സ്വത്ത് ഇസ്ലാംമിന്റെ പ്രചരണത്തിന് വേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചു 

ആദ്യകാല മുസ്ലിംകളെ ഖുറൈശി ഗോത്രക്കാർ ക്രൂരമായി പീഡിപ്പിച്ചു അവരിൽ പലരും അടിമകളായിരുന്നു അടിമകളെ വിലക്കുവാങ്ങാനും സ്വതന്ത്രരാക്കാനും ഒരുപാട് ധനം ചെലവഴിച്ചു

സാമ്പത്തികമായി ശേഷി കുറഞ്ഞവരായിരുന്നു ഇസ്ലാം സ്വീകരിച്ച പലരും അവർക്കു വേണ്ടി ഖദീജ(റ) ധാരാളം പണം ചെലവഴിച്ചു

ആ ദാമ്പത്യത്തിൽ ആൺകുഞ്ഞുങ്ങളും പെൺകുഞ്ഞുങ്ങളും ജനിച്ചു

ഖാസിം, അബ്ദുല്ല, എന്നിവർ ആൺകുട്ടികൾ

ആൺമക്കൾക്ക് അമിത പ്രാധാന്യം നൽകുന്ന കാലം പെൺമക്കളെ കുഴിച്ചു മൂടാൻ വരെ തയ്യാറായവർ ജീവിക്കുന്നകാലം ആൺകുട്ടികൾ ജനിച്ചപ്പോൾ ദമ്പതികൾക്കെന്തു സന്തോഷം. സന്തോഷം നീണ്ടുനിന്നില്ല ആൺകുട്ടികൾ ചെറുപ്പത്തിൽത്തന്നെ മരണപ്പെട്ടു ദമ്പതികൾ കടുത്ത ദുഃഖം സഹിച്ചു

സൈനബ് ,റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നിവർ പുത്രിമാർ

പെൺകുട്ടികൾ ദുശ്ശശകുനമായി കരുതപ്പെട്ട കാലം അക്കാലത്ത് സ്നേഹവും വാത്സല്യവുംകൊണ്ട് പെൺമക്കളെ വീർപ്പുമുട്ടിക്കുകയായിരുന്നു ഈ ദമ്പതികൾ പെൺകുട്ടികൾക്കു നൽകിയ സ്നേഹ വാത്സല്യങ്ങളുടെ ആധിക്യം മക്കക്കാരെ അതിശയിപ്പിച്ചു 

പിൽക്കാലത്ത് ഇബ്രാഹിം എന്ന ഒരാൺകുട്ടി പ്രവാചകന്നു ലഭിച്ചു ആ കുട്ടിയുടെ മാതാവ് മാരിയ്യത്തുൽ ഖിബ്തിയ്യ ആയിരുന്നു

ധനികനായ ചെറുപ്പക്കാരനായിരുന്നു ഉസ്മാൻ അബൂബക്കർ (റ) വിന്റെ സ്നേഹിതൻ ഇസ്ലാമിനെക്കുറിച്ചു മനസ്സിലാക്കി വൈകാതെ സ്വീകരിച്ചു ധനികനാണെങ്കിലും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നു ആ ഭീകരനാളുകളിലൊന്നിൽ ഉസ്മാൻ (റ) റുഖിയ്യ (റ)യെ വിവാഹം ചെയ്തു

ദുഃഖത്തിന്റെ വർഷം 



ഖദീജ(റ) ആ വാർത്ത കേട്ടു ഞെട്ടി ബഹിഷ്കരണം മുസ്ലിം കുടുംബങ്ങൾ ബഹിഷ്കരിക്കപ്പെടുന്നു മറ്റുള്ളവർ കണ്ടാൽ മിണ്ടുകയില്ല സാധനങ്ങൾ കൊടുക്കില്ല ,വാങ്ങില്ല ഒരു വിധത്തിലുള്ള ബന്ധവുമില്ല ബഹിഷ്കരണ വ്യവസ്ഥകളെഴുതി കഅബയിൽ പതിച്ചു

പ്രവാചക കുടുംബത്തെ ഒറ്റപ്പെടുത്തുക ശത്രുക്കൾ ആസൂത്രണം ചെയ്ത പദ്ധതി
'ശിഹ്ബു അബീത്വാലിബ്' 

ഒരു മലഞ്ചെരിവിന്റെ പേരാണത് മുസ്ലിംകൾ അവിടെയാണ് ബഹിഷ്കരണകാലത്ത് താമസിക്കേണ്ടിവന്നത് പിറന്ന നാട്ടിൽ അന്യരെപ്പോലെ കഴിയേണ്ടിവന്നു

അങ്ങാടിയിൽ ചെന്നു ഒരു സാധനം വാങ്ങാൻ കഴിയില്ല കച്ചവടക്കാർ മുഖത്ത് നോക്കില്ല സംസാരിക്കില്ല കടുത്ത പരീക്ഷണത്തിന്റെ നാളുകൾ

പാവപ്പെട്ട മുസ്ലിംകളുടെ സംരക്ഷണത്തിനുവേണ്ടി ഖദീജ (റ) യുടെ സ്വത്തിന്റെ അധികഭാഗവും ചെലവായിപ്പോയിരുന്നു ബഹിഷ്കരണ കാലമെത്തുമ്പോൾ അവരും ദാരിദ്ര്യത്തിന്റെ വക്കിലെത്തിക്കഴിഞ്ഞിരുന്നു ഓരോ ദിവസവും ദുഃഖവാർത്തകൾ വന്നുകൊണ്ടിരുന്നു കടുത്ത പരീക്ഷണങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു

മകളുടെ പലായനം മനസ്സിനെ ഇളകി മറിച്ചു

റുഖിയ്യ എന്ന മകൾ

ഉസ്മാൻ(റ) വിന്റ ഭാര്യ ഒരു ദിവസം ഉസ്മാൻ (റ) ഭാര്യയോടിങ്ങനെ പറഞ്ഞു :

ശത്രുക്കൾ നമ്മെ രണ്ടുപേരെയും നോട്ടമിട്ടിരിക്കുകയാണ് നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് പോലും അവർക്ക് പകയാണ്

' നമ്മളെന്തുചെയ്യും ? ഭാര്യ ചോദിച്ചു

നാടു വിട്ടു പോവുക അല്ലാതൊരു മാർഗ്ഗവുമില്ല ആരുമറിയാതെ കപ്പൽ കയറി അബ്സീനിയയിലേക്കു പോവുക നീ ഉമ്മയോടും ബാപ്പയോടും കാര്യം പറഞ്ഞ് അവരുടെ സമ്മതം വാങ്ങണം കഴിയും വേഗം രക്ഷപ്പെടണം

ഉമ്മ ബാപ്പമാരോട് വിവരം പറഞ്ഞു കടുത്ത ദുഃഖത്തോടെ സമ്മതം നൽകി ഉമ്മയും മകളും കെട്ടിപ്പിടിച്ചു കരഞ്ഞു നല്ല ഇരുട്ടുള്ള രാത്രിയിൽ മകൾ യാത്രയായി ഭർത്താവിന്റെ നിഴൽപോലെ അവർ ആരുമറിയാതെ തുറമുഖത്തെത്തി കപ്പൽ പുറപ്പെടാൻ നിൽക്കുന്നു കപ്പലിൽ കയറിപ്പറ്റി കപ്പൽ വിട്ടു അൽഹംദുലില്ലാഹ് അങ്ങനെ എത്രയെത്ര സംഭവങ്ങൾ

ഇപ്പോഴിതാ ഭർത്താവും കൂട്ടരും മലഞ്ചെരുവിലേക്ക് പോകുന്നു ഖദീജ(റ)ഒട്ടും മടിച്ചില്ല കയ്യിൽ കിട്ടിയ സാധനങ്ങളുമായി പുറപ്പെട്ടു മലഞ്ചെരുവിലെ പരുക്കൻ ജീവിതം കിടന്നുറങ്ങാൻ സൗകര്യമില്ല ആവശ്യത്തിന് ആഹാരമില്ല എങ്കിലും ഒരു സമാധാനമുണ്ട് ശത്രുക്കളുടെ മുഖം കാണേണ്ട അവരുടെ കുത്തുവാക്കുകൾ കേൾക്കേണ്ട പരിഹാസം അനുഭവിക്കണ്ട ദിവസങ്ങൾ കഴിയും തോറും പ്രയാസം കൂടിക്കൂടി വന്നു മലഞ്ചെരുവിലേക്ക് ആഹാരവും വെള്ളവും എത്താനുള്ള മാർഗ്ഗങ്ങളെല്ലാം ഖുറൈശികൾ തടഞ്ഞു മരത്തിന്റെയും കുറ്റിച്ചെടികളുടെയും ഇലകൾ വരെ ഭക്ഷിക്കേണ്ടിവന്നു മൂന്നു കൊല്ലക്കാലം കഠിനമായ ബഹിഷ്കരണം മൂന്നാം വർഷം അതികഠിനമായ പരീക്ഷണം പലരും രോഗികളായി മാറി ഖദീജ(റ) യുടെ ആരോഗ്യം തകർന്നു രോഗിയായി മക്കയിലെ ചില നല്ല മനുഷ്യർ അസ്വസ്ഥരായി ഒരു കൂട്ടം മനുഷ്യരെ ഇങ്ങനെ ശിക്ഷിക്കാമോ ? അവർ സമാന മനസ്കരെ സംഘടിപ്പിച്ചു ശക്തി സംഭരിച്ചു മുന്നേറി ബഹിഷ്കരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു അവരുടെ ശക്തിയുടെ മുമ്പിൽ ധിക്കാരികൾ പതറി ബഹിഷ്കരണം അവസാനിച്ചു മുസ്ലിംകൾ വീണ്ടും മക്കാ പട്ടണത്തിലെത്തി പുനർജന്മം ലഭിച്ചതു പോലെ

വീണ്ടും ചിരിക്കുന്ന മുഖങ്ങൾ കണ്ടു അബൂത്വാലിബും ഖദീജ(റ) യും കിടപ്പിലായി വാർദ്ധക്യവും രോഗങ്ങളും അവരെ തളർത്തി എല്ലാ പ്രയാസങ്ങളിലും നബിയെ സഹായിച്ചവർ അവരതാ തളർന്ന് കിടക്കുന്നു വൃദ്ധനായെങ്കിലും അബൂത്വാലിബിന് ജനസ്വാധീനം കുറഞ്ഞില്ല ശത്രുക്കൾ അദ്ദേഹത്തെ ഭയന്നു അബൂത്വാലിബിനെ ഭയന്നിട്ടാണ് അവർ നബി(സ)യുടെ മേൽ കൈ വെക്കാതിരുന്നത്

ബഹിഷ്കരണം അവസാനിച്ചിട്ട് ആറ് ദിവസമായി ആബൂത്വാലിബിന്റെ രോഗം മൂർച്ഛിച്ചുഅത്യാസന്ന നിലയിലായി വേണ്ടപ്പെട്ടവരൊക്കെ വന്നുകൂടി നോക്കിനിൽക്കെ കണ്ണുകൾ അടഞ്ഞുപോയി ശ്വാസം നിലച്ചുപോയി ദീർഘകാലം മക്കയുടെ നായകനായി വാണ അബൂത്വാലിബ് മരണപ്പെട്ടു ഖദീജ(റ) ക്ക് മരണവീട്ടിൽ വരാൻ കഴിഞ്ഞില്ല അവർ കഠിനമായ രോഗത്തിൽ കിടക്കുകയാണ് അബൂത്വാലിബിന്റെ മയ്യിത്ത് ഖബറടക്കി ഖുറൈശികൾ നബിയുടെ മുഖത്ത് നോക്കി പൊട്ടിച്ചിരിച്ചു അബൂത്വാലിബ് ഇല്ലാത്ത മക്ക ഇനി നിന്നെ വെറുതെ വിടില്ല വെല്ലുവിളികൾ ഉയരുകയാണ് നബി (സ) പ്രിയപത്നിയുടെ സമീപം വന്ന് ഇരുന്നു രോഗം കലശലാണ് ഭർത്താവ് സ്നേഹപൂർവ്വം പരിചരിക്കുന്നു അബൂത്വാലിബ് മരണപ്പെട്ടിട്ട് മൂന്നു ദിവസമായി അപ്പോൾ ഖദീജ(റ) അത്യാസന്ന നിലയിലായി ഒരു ജീവിതം എരിഞ്ഞടുങ്ങുകയായി ശ്വാസഗതി നേർത്തുനേർത്തു വന്നു ഒടുവിൽ നിശ്ചലമായി ഖദീജ(റ) മരണപ്പെട്ടു

നബി(സ)യുടെ നയനങ്ങൾ നിറഞ്ഞൊഴുകി കടുത്ത താങ്ങ് മനസ്സിനെ അധീനപ്പെടുത്തി തന്റെ അഭയം തകർന്നുപോയി അബൂത്വാലിബും ഖദീജയും വേർപിരിഞ്ഞു ഇത് ദുഃഖംവർഷം എക്കാലവും ഇത് ദുഃഖവർഷമായി ഓർമ്മിക്കപ്പെടും മർദ്ദനങ്ങൾ ശക്തിപ്പെട്ടു ജീവിതം ദുസ്സഹമായി നാടു വിടാതെ വയ്യ മക്ക വിട്ടു പോവുക ഇനിഅതേ മാർഗമുള്ളൂ ഹിജ്റയുടെ കവാടം തുറക്കപ്പെടാറായി പിതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മകൾ മക്കളെ ആശ്വസിപ്പിക്കുന്ന പിതാവ് റുഖിയ്യ അപ്പോഴും അബ്സീനിയയിലായിരുന്നു മൂത്ത മകൾ സൈനബ് ദുഃഖം സഹിക്കാനാവാതെ കരഞ്ഞു സൈനബിന്റെ കഴുത്തിലെ സ്വർണമാല തിളങ്ങി ഏറെക്കാലം ഉമ്മാമയുടെ കഴുത്തിൽ കിടന്ന മാല വിവാഹസമയത്ത് മകൾക്ക് സമ്മാനിച്ചു ആ മാല നബിയുടെ മനസ്സിൽ എന്തെല്ലാം ഓർമ്മകൾ ഉണർത്തി സൈനബിന്റെ ഭർത്താവ് അബുൽ ആസ്ബ്നു റബീഹ് അക്കാലത്ത് അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നില്ല സൈനബ് മുസ്ലിംമായിക്കഴിഞ്ഞിരുന്നു മക്കാജീവിതം ദുസ്സഹമായപ്പോൾ അനുയായികൾക്ക് ഹിജ്റ പോകാൻ അനുവാദം നൽകി ഇരുട്ടിന്റെ മറവിൽ അനുയായികൾ നാടു വിട്ടു ഇത് ശത്രുക്കളെ കോപാകുലരാക്കി

ഒടുവിൽ നബി(സ)യും സിദ്ദീഖ്(റ)വിനോടൊപ്പം നാടുവിട്ടു ഖുറൈശികൾ പ്രതികാരദാഹവുമായി ഓടിനടന്നു പിടികൂടാനായില്ല

നബി(സ)യും അനുയായികളും നശിച്ചു കാണാൻ ഖുറൈശികൾ ആഗ്രഹിച്ചു അവരെ തുടച്ചുനീക്കാൻ വേണ്ടി അബൂജഹലിന്റെ നേതൃത്വത്തിൽ ആയിരത്തോളം വരുന്ന ശക്തമായ സൈന്യം ബദർ എന്ന സ്ഥലത്തെത്തി അവരെ നേരിടാൻ വേണ്ടി മുസ്ലിംകൾ ബദറിലേക്ക് മാർച്ച് ചെയ്യാൻ നിർബന്ധിതരായിത്തീർന്നു

നബിയും മുന്നൂറ്റിപ്പതിമൂന്ന് സ്വഹാബികളും ബദറിൽ എത്തി ചരിത്രത്തിൽ ഇവർ 'ബദ്രീങ്ങൾ 'എന്നറിയപ്പെടുന്നു

നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യുദ്ധം റമസാൻ മാസത്തിലെ നോമ്പ് നിർബന്ധമായ കാലം നോമ്പ് നോറ്റ് യുദ്ധത്തിനിറങ്ങി ശത്രുക്കളുടെ കൂട്ടത്തിൽ സൈനബിന്റെ ഭർത്താവുമുണ്ടായിരുന്നു യുദ്ധം തുടങ്ങി ഘോര യുദ്ധം ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം ഈ ചിന്തയായിരുന്നു മുസ്ലിം മനസ്സുകളിൽ അത്ഭുതം മുസ്ലിംകൾ അനുനിമിഷം മുന്നോറിക്കൊണ്ടിരുന്നു ശത്രുക്കളുടെ പാദങ്ങൾ പതറി ശത്രുക്കളുടെ നേതാവ് അബൂജഹൽ വധിക്കപ്പെട്ടു അനുയായികൾക്ക് പിടിച്ചുനിൽക്കാനായില്ല അവർ പിന്തിരിഞ്ഞോടി പലരും പിടിക്കപ്പെട്ടു ബന്ധിതരായി ബന്ധനസ്ഥരുടെ കൂട്ടത്തിൽ സൈനബിന്റെ ഭർത്താവും പെട്ടു അവരെ മദീനയിലേക്കു കൊണ്ടുപോയി ബന്ധനസ്ഥരോട് വളരെ കരുണയോടെ പെരുമാറി മോചനദ്രവ്യം വാങ്ങി വിട്ടയക്കാൻ ഉത്തരവായി പണമില്ലാത്തവരോട് പത്ത് കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ കൽപിച്ചു
ബന്ധുക്കൾ മോചനദ്രവ്യം നൽകി തടവുകാരെ മോചിപ്പിച്ചുകൊണ്ടുപോയി സൈനബ് തന്റെ ഭർത്താവിന്റെ മോചനദ്രവ്യമായി കൊടുത്തയച്ചത് ആ മാലയായിരുന്നു

വിവാഹസമയത്ത് ഖദീജ(റ) മകൾക്കു കൊടുത്ത മാല .മാല കണ്ടു തിരുമേനി ഞെട്ടി മാല ധരിച്ചു നിൽക്കുന്ന ഖദീജ(റ)യുടെ രൂപം മനസ്സിൽ തെളിഞ്ഞു നബി(സ)യുടെ പ്രയാസം സ്വഹാബികൾ മനസ്സിലാക്കി അവർ മാലമടക്കിക്കൊടുത്തു സൈനബിന്റെ ഭർത്താവിനെ മോചിപ്പിച്ചു

ഖദീജയെക്കുറിച്ചു നബി(സ)എപ്പോഴും അനുസ്മരിക്കുമായിരുന്നു ഖദീജ(റ)യുടെ ബന്ധുക്കളെയും സ്നേഹിതകളെയും നബി(സ) സ്നേഹിച്ചു

അവരിൽ ആരെക്കണ്ടാലും നബിആദരിക്കും സ്വീകരിക്കും സൽക്കരിക്കും

'സഹായിക്കാനാളില്ലാത്ത കാലത്ത് ഖദീജ എന്നെ സഹായിച്ചു സംരക്ഷിച്ചു എനിക്കൊന്നുമില്ലാതിരുന്ന കാലത്ത് ഖദീജ എനിക്കുവേണ്ടി ധാരാളം ചെലവാക്കി പിൽക്കാലത്ത് നബി തങ്ങൾ അങ്ങനെ പറയുമായിരുന്നു

ഇസ്ലാമിലേക്കു കടന്നു വന്ന കാലത്ത് ഖദീജ(റ) സമ്പന്നയായിരുന്നു മരണ സമയത്ത് ദരിദ്രയും

സമ്പത്തെല്ലാം ദൈവമാർഗത്തിൽ ചെലവഴിച്ച ഖദീജ (റ) പുണ്യവതിയായിത്തീർന്നു എക്കാലത്തെ വനിതകൾക്കും അവർ മാതൃക....

No comments:

Post a Comment