Monday 25 December 2017

അലി (റ അ)ചരിത്രം









ഹൈദർ...സിംഹം എന്നാണ് ആ വാക്കിന്റെ അർത്ഥം.

അസദ്...ആ വാക്കിന്റെ അർത്ഥവും സിംഹം തന്നെ.

ഹൈദർ എന്ന് കുഞ്ഞിന് പേർ വെക്കപ്പെട്ടു. പറഞ്ഞാൽ തീരാത്ത സവിശേഷതകളുള്ള കുഞ്ഞ്...

ഗർഭിണിയായ ഉമ്മ പേര് ഫാത്വിമ.

ആരാണ് ഫാത്വിമ ? മക്കയുടെ നായകൻ അബൂത്വാലിബിന്റെ ഭാര്യ. പേരും പെരുമയുമുള്ള കുലീന വനിത. അവർ ഇടക്കിടെ കഅ്ബാലയത്തിൽ പോവും ത്വവാഫ് ചെയ്യും. പൂർണ ഗർഭിണിയായി അപ്പോഴും ത്വവാഫ് ചെയ്യും ...

ഒരിക്കൽ കഅബയുടെ സമീപത്തായിരുന്നപ്പോൾ പ്രസവ വേദന തുടങ്ങി. കഅ്ബാലയത്തിൽ കയറി അവിടെ പ്രസവം നടന്നു.  ആ കുഞ്ഞിന് മാതാവ് നൽകിയ പേര് ഹൈദർ ...

ഫാത്വിമയുടെ പിതാവിന്റെ പേര്  അസദ് ...

അസദ് എന്നാൽ സിംഹം. സ്വന്തം പിതാവിന്റെ പേരിന്റെ അർത്ഥം കിട്ടുന്ന മറ്റൊരു പേരാണ് ഹൈദർ. അങ്ങനെ ചിന്തിച്ച് ഫാത്വിമ തന്റെ കുഞ്ഞിന് ഹൈദർ എന്ന് പേരിട്ടു ...

പിതാവ് അബൂത്വാലിബ് കുഞ്ഞിന് മറ്റൊരു പേരാണ് നൽകിയത് അലി ...

അലി ഹൈദർ ...

ഇസ്ലാമിക ചരിത്രത്തിലെ നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ്  (റ) ...

കർറമല്ലാഹു വജ്ഹഹു
അല്ലാഹു അദ്ദേഹത്തിന്റെ മുഖത്തെ ആദരിക്കട്ടെ ... (ആമീന്‍)

അലിയ്യുബ്നു അബീത്വാലിബ് എന്ന പേര് കേൾക്കുമ്പോൾ കർറമല്ലാഹു വജ്ഹഹു എന്നാണ് പറയുക ...

ഫാത്വിമ ബിൻത് അസദ് പ്രസവിച്ച കുഞ്ഞ് ധീരതയിലും ശക്തിയിലും ഒരു സിംഹം തന്നെയായിരുന്നു.  തന്നെ ആക്രമിക്കാൻ വന്ന ഒരാളെയും വെറുതെ വിട്ടില്ല. എത്ര വലിയ മല്ലൻ വന്നാലും  മലർത്തയടിക്കും. എത്ര വലിയ യോദ്ധാവായാലും പൊക്കിയെടുത്ത് നിലത്തടിക്കും. പിന്നെ അയാൾ അലിയുടെ നേരെ വരില്ല... പ്രതിയോഗിയെ നിലത്ത് വീഴ്ത്താതെ വിടില്ല. വലിയ പാറക്കല്ലുകൾ അത് പൊക്കണമെങ്കിൽ എത്രയോ ശക്തന്മാർ ഒന്നിച്ചു ശ്രമിക്കണം. എന്നാൽതന്നെ പൊക്കിയെങ്കിലായി അങങനെയുള്ള കല്ല് അലി ഒറ്റക്ക് എടുത്ത് പൊക്കും
നിലത്തെറിയും. കാണികൾ കോരിത്തരിക്കും അതാണ് അലി ഹൈദർ  (ക.വ.) മക്കക്കാർക്ക് ആ ചെറുപ്പക്കാരൻ എന്നും ഒരത്ഭുതമായിരുന്നു
ശക്തന്മാരുടെ മുഖത്തും വാക്കിലും കാണാറുള്ളത് ഗർവും ഗമയുമാണ് എന്നാൽ അലി (റ)വിന്റെ മുഖത്തും വാക്കിലും അവ കാണില്ല വിനയവും ലാളിത്യവുമാണ് കാണുക

അറേബ്യയിലെ സമുന്നതമായ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് ...

ഖുറയ്ശി ഗോത്രത്തിൽ ...



ഹാശിം കുടുംബത്തിൽ ഖുറയ്ശികളുടെ ഗോത്രമഹിമ വളരെ പ്രസിദ്ധമാണ്. നേതൃത്വ ഗുണങ്ങൾ വേണ്ടുവോളമുള്ളവരാണവർ

ശുദ്ധമായ അറബി ഭാഷയാണവർ സംസാരിച്ചിരുന്നത് സാഹിത്യം അവരുടെ ഭ്രമമായിരുന്നു കവിതകൾ ഇഷ്ടപ്പെട്ടു കവികളെ ആദരിച്ചു നിരവധി വാഗ്മികൾ അവർക്കിടയിലുണ്ടായിരുന്നു. ഖുറയ്ശികളുടെ ഭാഷ ശരിയായ ഭാഷ എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു ...

ധീരതയിൽ അവർ മുന്നിട്ടുനിന്നു. യുദ്ധം വെട്ടിജയ്ക്കും തോറ്റോടുകയില്ല ...

മക്കയിലേക്ക് ധാരാളം അതിഥികൾ വരും. കച്ചവടത്തിനും കഹ്ബ സന്ദർശിക്കാനുമാണ്. വരുന്നത് അതിഥികളെ ഖുറൈശികൾ നന്നായി സൽക്കരിക്കും. ഖുറൈശികളുടെ സൽക്കാര പ്രിയം പ്രസിദ്ധമായിത്തീർന്നു. നാട്ടിൽ ചില ഉപമകൾ പ്രചരിച്ചിട്ടുണ്ട്. നന്നായി ദാനം ചെയ്യുന്നവരെപ്പറ്റി ആളുകൾ ഇങ്ങനെ പറയാൻ തുടങ്ങി: 

ഖുറയ്ശികളെപ്പോലെ ഒരു ഉദാരമതി നല്ല വാക് വൈഭവമുള്ള ആളെപ്പറ്റി ആളുകൾ ഇങ്ങനെ പറയും:

ഖുറയ്ശികളെപ്പോലെ വാചാലതയുള്ള ആൾ ധാരാളം കുടുംബങ്ങൾ ചേർന്നതാണ് ഗോത്രം. ഖുറൈശികൾക്കിടയിൽ ധാരാളം കുടുംബങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബനൂഹാശിം
ഖുറയ്ശികളുടെ പൊതുനേതൃത്വം ബനൂഹാശിമിന്റെ കൈവശമായിരുന്നു ...

നബി (സ)തങ്ങളുടെ ഉപ്പൂപ്പമാരിൽ ഒരാളായിരുന്നു ഹാശിം. മക്കയെ സമ്പന്നമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ചത് ഹാശിം ആകുന്നു ...

ഹാശിമിന്റെ മകനായിരുന്നു അബ്ദുൽ മുത്വലിബ്. അബ്ദുൽ മുത്വലിബിന്റെ മകനാണ് അബൂത്വാലിബ് അബൂത്വാലിബിന്റെ മകൻ അലി (റ) ...

അബ്ദുൽ മുത്വലിബിന്റെ മറ്റൊരു മകനാണ് അബ്ദുല്ല. അബ്ദുല്ലായുടെ പുത്രനാണ് മുഹമ്മദ് നബി (സ) തങ്ങൾ. അബൂത്വാലിബും അബ്ദുല്ലയും സഹോദരങ്ങൾ. ഒരേ ഉമ്മയുടെയും ഉപ്പയുടെയും മക്കൾ

ഉമ്മായുടെ പേര് ഫാത്വിമ .
അബൂത്വാലിബും അബ്ദുല്ലയും വിവാഹിതരായി
അബൂത്വാലിബ്  അസദിന്റെ മകൾ ഫാത്വിമയെ വിവാഹം ചെയ്തു. അബ്ദുല്ല ആമിന ബീവി (റ) യെ വിവാഹം ചെയ്തു.
ഫാത്വിമ ആറ് മക്കളെ പ്രസവിച്ചു
നാല് പുത്രന്മാരും രണ്ട് പുത്രിമാരും അവരുടെ പേരുകൾ പറയാം ...

പുത്രന്മാർ :(1) ത്വാലിബ് (2) ഉഖൈൽ (3)ജഹ്ഫർ (4)അലി
പുത്രിമാർ: (1) ഉമ്മുഹാനി (2)ജുമാന

ആമിനാബീവി (റ) ഒരാൺകുഞ്ഞിനെ മാത്രമേ പ്രസവിച്ചുള്ളൂ... നമ്മുടെ നബി മുഹമ്മദ് മുസ്തഫ  (സ)തങ്ങൾ...

പ്രസവം നടക്കുന്നതിന് മുമ്പുതന്നെ അബ്ദുല്ല മരണപ്പെട്ടുപോയിരുന്നു മകന് ആറ് വയസുള്ളപ്പോൾ ഉമ്മ ആമിന ബീവി  (റ)യും വഫാത്തായി ഉമ്മ ബാപ്പമാരുടെ വേർപാടിന്റെ ദുഃഖം അനുഭവിച്ചു കൊണ്ടാണ് വളർന്നുവന്നത് ...

നബി (സ)തങ്ങൾക്ക് മുപ്പത് വയസ്സായ കാലത്താണ് അലി (റ) പ്രസവിക്കപ്പെടുന്നത്.

അവർ തമ്മിൽ പ്രായത്തിൽ മുപ്പത് വയസ്സിന്റെ അന്തരം അബൂത്വാലിബിന്റെ യഥാർത്ഥ പേര് അബുദുമനാഫ് എന്നായിരുന്നു ത്വാലിബ് എന്ന പുത്രൻ ജനിച്ചപ്പോൾ അബൂത്വാലിബ്  എന്ന വിളിപ്പേര് ഉണ്ടായി അത് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു ...

നബി  (സ)തങ്ങൾക്ക് ആറ് വയസ്സുള്ളപ്പോൾ ഒരു യാത്ര പോയിട്ടുണ്ട്. യസ്രിബിലേക്ക്. മദീന പട്ടണത്തിന്റെ അന്നത്തെ പേര് യസ്രിബ് എന്നായിരുന്നു. ആ യാത്രാസംഘത്തിൽ മൂന്നുപേരുണ്ടായിരുന്നു.
ആറ് വയസ്സുള്ള പൊന്നോമന മകൻ ,ഉമ്മ ആമിനാ ബീവി (റ) കൂട്ടത്തിൽ ഒരു നീഗ്രോ പെൺകുട്ടി അന്ന് ഏതാണ്ട് പന്ത്രണ്ട് വയസ്സുള്ള ഒരു കറുത്ത കുട്ടി
പേര് ബറക ...

വർഷങ്ങൾക്കു ശേഷം ബറക  വിവാഹിതയാവുകയും ഐമൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു അതോടെ അവർക്കൊരു വിളിപ്പേര് കിട്ടി ഉമ്മുഐമൻ...

ഇസ്ലാമിക ചരിത്രത്തിലെ പുണ്യവതിയാണ് ഉമ്മുഐമൻ (റ). മൂന്നുപേരും മദിനയിലെത്തി. ബന്ധുക്കളുടെ വീട്ടിൽ താമസിച്ചു, പിതാവിന്റെ ഖബ്ർ സിയാറത്ത് ചെയ്തു ...

ആ സമയത്ത് ഉമ്മ അതീവ ദുഃഖിതയായിരുന്നു. ഉമ്മയുടെ ദുഃഖം  പൊന്നുമോന്റെ ഇളംമനസ്സിനെയും ബാധിച്ചു. നിശ്ചിത ദിവസങ്ങൾ കൊഴിഞ്ഞു തീർന്നു അവർ മടക്കയാത്ര തുടങ്ങി അബവാഹ് എന്ന സ്ഥലത്തെത്തി ആമിനാ ബീവി (റ)ക്ക് രോഗം ബാധിച്ചു. അബവാഇൽ ഇറങ്ങി വിശ്രമിച്ചു ...

പൊന്നുമോനെ ബറകയുടെ കൈകളിൽ ഏൽപിച്ചു ആമിന ബീവി (റ) കണ്ണടച്ചു. അവിടെ ഖബറടക്കപ്പെട്ടു.  ഇനിയുള്ള ജീവിത യാത്രയിൽ ഉമ്മയുടെ കൂട്ടില്ല. ഒട്ടകക്കാരൻ രണ്ട് കുട്ടികളെ ഒട്ടകക്കട്ടിലിൽ ഇരുത്തി യാത്ര തുടർന്നു മക്കയിലെത്തി. പിന്നീട് പൊന്നുമോന്റെ സംരക്ഷണം അബ്ദുൽ മുത്വലിബിനായിരുന്നു. ഉപ്പൂപ്പയെ മോൻ അതിയായി സ്നഹിച്ചു എപ്പോഴും അവർ ഒന്നിച്ചായിരുന്നു. ഊണിലും ഉറക്കിലും പിരിയില്ല. രണ്ട് വർഷങ്ങൾ അങ്ങനെ കടന്നുപോയി. മോന് എട്ട് വയസ്സായി കുട്ടിയുടെ കാര്യത്തിലാണ് അബ്ദുൽ മുത്തലിബിന് എപ്പോഴും ഉൽക്കണ്ഠ തന്റെ കാലം കഴിഞ്ഞാൽ ഈ കുട്ടിയെ ആര് സംരക്ഷിക്കും ? ഒരു സംരക്ഷകൻ വേണം                                 
തന്റെ മക്കളുടെ കൂട്ടത്തിൽ അതിന് പറ്റിയ ആൾ ആരാണ്...?   അബൂത്വാലിബ് പറ്റിയ ആൾ അത് തന്നെ വിളിച്ചു ചോദിച്ചു. അബൂത്വാലിബും പിതാവ് അബ്ദുൽ മുത്വലിബും തമ്മിൽ സംഭാഷണം നടന്നു അബൂത്വാലിബ് സന്തോഷപൂർവം  കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു പിതാവിന് സമാധാനമായി ...

എനിക്കിനി സമാധാനത്തോടെ മരിക്കാം അബ്ദുൽ മുത്തലിബ് പറഞ്ഞു.

ഏറെനാൾ കഴിഞ്ഞില്ല അബ്ദുൽ മുത്വലിബ് വഫാത്തായി അതിനുശേഷം മോൻ അബൂത്വാലിബിന്റെ വീട്ടിൽ താമസമായി ...

അബൂത്വാലിബും ഭാര്യ ഫാത്വിമയും അവരാണിപ്പോൾ തന്റെ മാതാപിതാക്കൾ മാതാപിതാക്കൾ സ്വന്തം മക്കളെ ഇത്രത്തോളം സ്നേഹിക്കുമോ? സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും രണ്ട് സാഗരങ്ങൾ ഫാത്വിമയെക്കുറിച്ച് നബി  (സ)പലപ്പോഴും പറയുന്നതിങ്ങനെ : ഇവർ എന്റെ ഉമ്മയാണ് എന്റെ ഉമ്മായുടെ വഫാത്തിനുശേഷം എനിക്കു ലഭിച്ച ഉമ്മ...

അബൂത്വാലിബ് പണക്കാരനായിരുന്നില്ല. ജീവിതത്തിന്റെ കടുപ്പം അനുഭവിച്ചിട്ടുണ്ട്. ഭർത്താവിന്റെ സന്തോഷത്തിലും. സങ്കടത്തിലും പങ്കു ചേർന്ന ഭാര്യയായിരുന്നു ഫാത്വിമ ...

വീട്ടിൽ പലരും വരും. ഭക്ഷണത്തിന് വിളമ്പി ഒപ്പിക്കാൻ പ്രയാസമായിവരും ചിലപ്പോൾ.

അവസാനമാകുമ്പോൾ ഫാത്വിമാക്ക് ഒന്നും കാണില്ല. പട്ടിണി പുറത്ത് പറയില്ല. തന്റെ വിശപ്പ് പ്രശ്നമല്ല. മോൻ വിശപ്പനുഭവിക്കരുത് തന്റെ ഭക്ഷണം മോന് നൽകും. വിശപ്പടങ്ങുവോളം കൊടുക്കും. വിശേഷമായി വല്ല ആഹാരവുമുണ്ടാക്കിയാൽ കുറച്ചെടുത്തു കരുതിവെക്കും മോന് പിന്നീടൊരിക്കൽകൂടി കൊടുക്കാൻ ...

ഈ ഫാത്വിമയാണ് അലി (റ)വിനെ പ്രസവിച്ചത്. നബി (സ) തങ്ങൾക്ക് ആ കുഞ്ഞിനോട് എന്തുമാത്രം സ്നേഹം കാണും. ഇരുപത്തഞ്ചാം വയസ്സിൽ നബി (സ)തങ്ങൾ വിവാഹിതനായി മക്കയിലെ ധനികയായ ഖദീജയാണ് വധു ...

വിവാഹ കർമങ്ങൾക്കെല്ലാം നേതൃത്വം വഹിച്ചത് അബൂത്വാലിബായിരുന്നു. പിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ടുതന്നെ എല്ലാം നടത്തി ...

ഫാത്വിമാക്കും കുടുംബാംഗങ്ങൾക്കുമെല്ലാം അന്നെന്തൊരു സന്തോഷമായിരുന്നു. ആ വീട്ടിൽ നിന്നാണല്ലോ പുതിയാപ്പിള ഇറങ്ങിപ്പോയത് അണിഞ്ഞൊരുങ്ങി. എന്തൊരു മൊഞ്ചിലാണ് ഇറങ്ങിപ്പോയത്. പൊരുത്തം ചോദിക്കാനുള്ളത് ഫാത്വിമയോട് തന്നെ. ഫാത്വിമയുടെ മനസ്സ് നിറഞ്ഞുപോയി.  തൊഴിലെടുക്കാൻ മാത്രം വളർന്നപ്പോൾ പല ജോലികൾക്കും പോയി കൂലി കിട്ടിയാൽ അബൂത്വാലിബിനെ ഏൽപിക്കും. കുടുംബഭാരം ലഘൂകരിക്കാൻ ഒരു സഹായം  മക്കക്കാർ മോനെ അൽ അമീൻ എന്നു വിളിച്ചു. സത്യസന്ധൻ. സത്യമല്ലാതെ പറയില്ല. അൽ അമീൻ എന്ന വിളി കേൾക്കുമ്പോൾ ഫാത്വിമയുടെ ഖൽബ് കോരിത്തരിക്കും. അൽ അമീൻ വിവാഹിതനാവുന്നു. എല്ലാവരും പുറപ്പെട്ടു. വധു ഗൃഹത്തിലെത്തി വിധിപ്രകാരം വിവാഹം നടന്നു. അതൊരു വഴിത്തിരിവായിരുന്നു...

അൽ അമീൻ താമസം മാറുകയാണ്. ഖദീജ (റ)യുടെ വലിയ വീട്ടിലേക്ക്. അബൂത്വാലിബിന്റെ വീട്ടിൽ ഒരംഗംപോലെത്തന്നെയാണ്. പിന്നെയും അൽ അമീൻ ഇടക്കിടെ വരും. ആഹാരം കഴിക്കും. വിശേഷങ്ങൾ പറയും. അൽഅമീന് കച്ചവടത്തിന്റെ തിരക്ക് കൂടി. വിവാഹത്തിന്റെ അഞ്ചാം വാർഷികം. ആ വർഷത്തിലാണ് ഖദീജ ആ സന്തോഷവാർത്ത കേട്ടത്, ഫാത്വിമ പ്രസവിച്ചു ആൺകുഞ്ഞ്...

ആ കുഞ്ഞാണ് അലി ഹൈദർ ...


ഖദീജ (റ)യുടെ ഖൽബ് നിറയെ സന്തോഷം. ഭർത്താവിന്റെ ബന്ധുക്കളോടെല്ലാം അവർക്ക് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. വിശേഷ സന്ദർഭങ്ങളിൽ പാരിതോഷികങ്ങൾ നൽകും. ബുദ്ധിമുട്ടുകൾ വരുമ്പോൾ നന്നായി സഹായിക്കും. ഖദീജ (റ)യുടെ പ്രസവങ്ങൾ നടന്നപ്പോഴെല്ലാം ബന്ധുക്കൾ വന്നുചേർന്നു പ്രചരണങ്ങളിൽ മുഴുകി. അലി ഹൈദർ കണ്ണു തുറന്നപ്പോൾ കണ്ടത് ഈ സ്നേഹപ്പെരുമഴയായിരുന്നു

 ദിവ്യസന്ദേശം വന്ന രാവ്





അബ്ദുൽ മുത്തലിബിന്റെ പുത്രനാണ് അബ്ബാസ്  (റ)...
അബൂത്വാലിബിന്റെയും അബ്ദുല്ല എന്നിവരുടെയും സഹോദരൻ. ഉന്നത തറവാട്ടിൽ നിന്നാണ് അബ്ബാസ് (റ) വിവാഹം ചെയ്തത്. അവർക്കൊരു പുത്രൻ ജനിച്ചു കുഞ്ഞിന് ഫള്ൽ എന്ന് പേരിട്ടു. ഫള്ൽ ജനിച്ചതോടെ ഉമ്മാക്ക് വിളിപ്പേര് കിട്ടി ഉമ്മുൽ ഫള്ൽ ...
ഉമ്മുൽ ഫള്ൽ (റ) ആദ്യകാല മുസ്ലിംകളിൽ പെടുന്നു. അവർ ഇസ്ലാംമതത്തെക്കുറിച്ച് കേട്ടറിഞ്ഞത് ഖദീജ (റ) യിൽ നിന്നുതന്നെയാണ്.
അറിഞ്ഞു തുടങ്ങിയപ്പോൾ ആകാംഷ വർധിച്ചു. കൂടുതൽ അറിയാനുള്ള ജിജ്ഞാസ. അറിഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ ഈമാൻ പ്രകാശിച്ചു. അബ്ബാസും ഉമ്മുൽ ഫള്ലും സ്നേഹസമ്പന്നരായ ദമ്പതിമാർ. നുബുവ്വത്ത് ലഭിക്കുന്നതിന്റെ രണ്ട് വർഷം മുമ്പ് തന്നെ സംഭവം പറയാം ...

മക്കയിൽ കൊടിയ ക്ഷാമം പിടിപെട്ടു. ദാരിദ്ര്യവും പട്ടിണിയും പടർന്നുപിടിച്ചു. വെച്ചുവിളമ്പാൻ ഭക്ഷ്യവസ്തുക്കളില്ല അബൂത്വാലിബ് വല്ലാതെ വിഷമിച്ചുപോയി. കാര്യമായ വരുമാനങ്ങളൊന്നുമില്ല. കുറെ വയറുകൾ വിശക്കുന്നു വിശപ്പിന്റെ വിളി ശക്തമായി ...

അൽ അമീൻ ഈ അവസ്ഥ കണ്ടു മനസ്സിളകി നേരെ അബ്ബാസ് (റ) വിനെ ചെന്നു കണ്ടു സംസാരിച്ചു. അവസ്ഥ വിവരിച്ചു എന്നിട്ടിങ്ങനെ ഒരു നിർദേശം വെച്ചു  ...

അബൂത്വാലിബിന്റെ ഒരു മകനെ നിങ്ങൾ വീട്ടിൽ കൊണ്ടു വന്നു സംരക്ഷിക്കണം. ഒരു മകനെ ഞാനും സംരക്ഷിക്കാം. അബ്ബാസ് (റ) സമ്മതിച്ചു. ഇരുവരും അബൂത്വാലിബിനെ കാണാനെത്തി.  സംഗതി അവതരിപ്പിച്ചു. സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ സമ്മതിച്ചു ...

അലി (റ)വിനെ നബി (സ)തങ്ങൾ മാറോട് ചേർത്തണച്ചു. അബ്ബാസ് (റ)ജഹ്ഫറിനെയും മാറോട് ചേർത്ത്പിടിച്ചു. കുട്ടികൾ തൽക്കാലം താമസം മാറുകയാണ്. ചെറിയൊരു വേർപാട്. വേർപാടിന്റെ വേദന ഫാത്വിമ മക്കളെ മുത്തം നൽകി പറഞ്ഞയച്ചു. നനഞ്ഞ കണ്ണുകളോടെ കുട്ടികൾ ഇറങ്ങിപ്പോയി ...

ഭർത്താക്കന്മാരുടെ തീരുമാനം ഭാര്യമാർ സന്തോഷപൂർവ്വം സ്വാഗതം ചെയ്തുകഴിഞ്ഞിരുന്നു. വീട്ടുലുള്ളവരെല്ലാം സന്തോഷത്തോടെ കുട്ടികളെ സ്വാഗതം ചെയ്തു ...

ഉമ്മുൽ ഫള്ൽ നല്ല ആഹാരമുണ്ടാക്കി ജഹ്ഫറിനെ സൽക്കരിച്ചു. സന്തോഷപൂർവം ജഹ്ഫർ ആഹാരം കഴിച്ചു. വല്ലാത്തൊരു നിർവൃതിയോടെ ഉമ്മുൽഫള്ൽ നോക്കിനിന്നു ...

അലി (റ) വന്നുകയറി. ഖദീജ (റ) കൈ നീട്ടി സ്വീകരിച്ചു. എട്ട് വയസ്സുള്ള കുട്ടി.
നല്ല ചുണക്കുട്ടൻ. ബുദ്ധിമാൻ, ആരോഗ്യവാൻ, നല്ല സാഹിത്യ വാസന, കവിത ചൊല്ലുന്നത് കേട്ടാൽ ശ്രദ്ധിക്കും, ഭാവന വികസിക്കും, ഒരിക്കൽ കേട്ടാൽ മതി മറക്കില്ല, അതിശയകരമായ ഓർമശക്തി, മറ്റു കുട്ടികളിൽനിന്നെല്ലാം പല നിലക്കും വ്യത്യസ്ഥനാണ്. കളിയിലും വിനോദത്തിലും താൽപര്യമില്ല. ജോലി ചെയ്യും. അധ്വാനിക്കും. സേവന തൽപരൻ. ബുദ്ധിപൂർവം സംസാരിക്കും. വെറുംവർത്തമാനം പറഞ്ഞ് സമയം കളയില്ല. വിശപ്പടങ്ങാൻമാത്രം ആഹാരം കഴിക്കും. വാരിവലിച്ചു തിന്നില്ല. മക്കയുടെ ആത്മാവ് കണ്ടെത്തിയ കുട്ടി ...
അൽ അമീൻ ...

സ്നേഹവാത്സല്യങ്ങളുടെ നിറകുടം അൽ അമീനും അലി ഹൈദറും ആത്മാവുകളുടെ പൊരുത്തം. ഒരേ ഗോത്രം ഒരേ കുടുംബം ഒരേ രക്തം. എന്തൊരു ചേർച്ച... ഒരേ ചിന്ത ഒരേ വികാരം ഒരാൾ നുബുവ്വത്തിലേക്ക് മറ്റെയാൾ വിലായത്തിലേക്ക്. അലിയുടെ സൗഭാഗ്യം അത് അവർണനീയം ആർക്കും അത് വർണ്ണിക്കാനാവില്ല ...

നബി (സ)തങ്ങൾ അലിയെ ചേർത്തുപിടിച്ചു.

അല്ലാഹു ഏതൊരു പ്രകാശത്തെയാണോ ആദ്യം സൃഷ്ടിച്ചത് ആ പ്രകാശമാണ് തന്നെ ചേർത്തു പിടിച്ചിരിക്കുന്നത്. ആ പ്രകാശം തന്റെ ആത്മാവിനെ പ്രശോഭിതമാക്കുന്നു. ഖദീജ (റ) തനിക്കു ലഭിച്ച രണ്ടാമത്തെ ഉമ്മയാണിത്. സ്നേഹവാത്സല്യങ്ങളുടെ കേദാരം ...

എട്ട് വയസ്സ് ബാല്യദശ പഠനത്തിന്റെ കാലം. അലി പഠിക്കുകയാണ്. എന്താണ് പഠന വിഷയം. അൽ അമീന്റെയും ഖദീജ ബീവിയുടെയും ജീവിതം. അത് നന്നായി പഠിച്ചറിയുകയാണ് കുട്ടി. ഹിറാഗുഹ മലയുടെ മുകളിലെ ഗുഹ. അധ്വാനിച്ചു കയറിയാൽ അവിടെയെത്താം ...

കുട്ടി മല കയറിപ്പോയിട്ടുണ്ട്. ഹിറാഗുഹ കണ്ടിട്ടുണ്ട്. ആ പ്രദേശമെല്ലാം നല്ല പരിചയമാണ്. അലി ചുറ്റുപാടുകൾ നല്ലതുപോലെ മനസ്സിലാക്കിയിട്ടുണ്ട്. വിശാലമായ മരുഭൂമി. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്നു. എണ്ണിയാൽ തീരാത്ത മലകൾ, മൊട്ടക്കുന്നുകൾ ...

എന്തുമാത്രം പാറക്കെട്ടുകൾ. മീതെ നീലാകാശം. എന്തൊരു സംവിധാനം... കിഴക്കൻ മലകൾക്കപ്പുറത്ത് നിന്ന് ഉദിച്ചുയരുന്ന സൂര്യൻ. സൂര്യ രശ്മികൾ മരുഭൂമിയെ ചൂടുപിടിപ്പിക്കുന്നു. മരുക്കപ്പൽ എന്ന് പേര് കിട്ടിയ ഒട്ടകം ...

ഒട്ടകം വേണം ചൂടുള്ള മരഭൂമിയിൽ യാത്ര ചെയ്യാൻ. അൽ അമീൻ വീട്ടിൽ നിന്നിറങ്ങുന്നു. കൈയിൽ കുറെ നാളത്തേക്കുള്ള ആഹാരം. ഹിറായിലേക്കു പോവുകയാണ്. ഗുഹയിൽ ഏകനായി ഇരിക്കും. അല്ലാഹുവുമായുള്ള ബന്ധം. ആഹാരം തീർന്നാൽ വീണ്ടും വരും. അല്ലെങ്കിൽ അങ്ങോട്ട് കൊണ്ടുചെന്ന് കൊടുക്കും ...

ഹിറായിൽ ഖദീജ ബീവി പോയിട്ടുണ്ട്. അലിയും പോയിട്ടുണ്ട്. അൽ അമീൻ ഹിറായിലായിരിക്കുന്ന രാവുകൾ വീട്ടിൽ ഒരുതരം ഏകാന്തത തോന്നും. അൽ അമീനെക്കുറിച്ചു സംസാരിക്കും. ഊണിലും ഉറക്കിലുമെല്ലാം അൽ അമീനെക്കുറിച്ചാണ് ചിന്ത ...

കഹ്ബാ ശരീഫ് അതുമായി എന്തൊരു വൈകാരിക ബന്ധം. ചരിത്രം പറയുന്ന മണൽപ്പരപ്പ്. താഴ്ന്നുകിടക്കുന്ന സ്ഥലം. ചുറ്റും മലകൾ, മഴ പെയ്താൽ വെള്ളം കുത്തിയൊലിക്കും.  കഅ്ബയുടെ ചുറ്റും വെള്ളം ഉയരും. പിന്നെ ഭക്തജനങ്ങളുടെ മനസ്സിൽ വെപ്രാളം. പ്രായംചെന്നവർ എത്രയോ വെള്ളപ്പൊക്കങ്ങളുടെ കഥകൾ പറയുന്നത് കേട്ടിട്ടുണ്ട് ...

തോരാതെ പെയ്ത മഴ. വറുതിയുടെ നാളുകൾ. അങ്ങനെ നീങ്ങിപ്പോവുകയാണ് കാലം. അപ്പോൾ മറക്കാനാവാത്ത ആ രാത്രി കടന്നുവന്നു. പുറത്ത് ആരുടെയോ ശബ്ദം കേട്ടു എല്ലാവരും ചെവിയോർത്തു... പരിചയമുള്ള സ്വരം. ഉൽക്കണ്ഠ കലർന്ന സ്വരം തീർച്ച ... അൽ അമീൻ തന്നെ ... എന്തായിത്...? ഈ രാത്രി...?  ഇങ്ങനെയൊരു വരവ്...?

സമ്മിലൂനീ ...... സമ്മിലൂനീ....


എന്നെ പുതപ്പുകൊണ്ട് മൂടിത്തരൂ... പുതപ്പിച്ചുതരൂ...... അൽ അമീൻ വന്നു കയറി ഖദീജ ബീവി സ്നേഹത്തോടെ സ്വീകരിച്ചു, പരിചരിച്ചു കട്ടിലിൽ കിടത്തി. അങ്ങനെയായിരുന്നു തുടക്കം. ദിവ്യവെളിപാടിന്റെ ആരംഭം അത് ഹിറായിലായിരുന്നു.

തനിക്കെന്താണ് സംഭവിച്ചത്...?  എന്തോ പറ്റിയിരിക്കുന്നു. ഇല്ല ഹിതകരമല്ലാത്തതൊന്നും സംഭവിക്കില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്ന ആളാണ് ...

ഖദീജാ ബീവിയുടെ ആശ്വാസ വചനങ്ങൾ. ആ ദിവസങ്ങളിലെ വീട്ടിലെ അന്തരീക്ഷം. ആ അന്തരീക്ഷത്തിലാണ് അലി എന്ന പത്ത് വയസ്സുകാരൻ. അൽ അമീനെക്കുറിച്ചുള്ള ചിന്തകൾ മനസ്സ് നിറയെ അത് മാത്രം. വീട്ടിൽ കുറെ കുട്ടികളുണ്ട്. അൽ അമീന്റെ സ്വന്തം മക്കൾ. അവർക്കു പുറമെ സൈദ് എന്ന കുട്ടി ഐമൻ എന്ന കുട്ടി

എല്ലാകുട്ടികളും സംഭവങ്ങളറിയുന്നു ...




എന്താണെന്നൊരു രൂപവുമില്ല. പൂർവ വേദങ്ങൾ പഠിച്ച പണ്ഡിതനാണ് വറഖത്ത് ബ്നു നൗഫൽ. പ്രായമേറെ കടന്നുപോയിട്ടുണ്ട്. ഖദീജാ ബീവിയുടെ ബന്ധുവാണ്. ദമ്പതികൾ അദ്ദേഹത്തെ കണ്ടു, എല്ലാം വിശദമായി കേട്ടു, എന്നിട്ടു പറഞ്ഞു ...

സംശയമില്ല ഇത് ആ മാലാഖ തന്നെ. മൂസാ (അ) ന്റെ അടുക്കൽ വന്ന ദൂതൻ തന്നെ ...

ഖദീജ... ഇത് ഈ സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട നബിയാകുന്നു. ഈ സമൂഹം നബിയെ ഉപദ്രവിക്കും. നാട്ടിൽ നിന്ന് പുറത്ത് പോവേണ്ടിവരും ...

ഈ ജനത എന്നെ ഇന്നാട്ടിൽ നിന്ന് പുറത്താക്കുമോ...? ഉൽക്കണ്ഠ നിറഞ്ഞ ചോദ്യം...

ഇത് പോലുള്ള സന്ദേശങ്ങളുമായി വന്നവർക്കെല്ലാം അങ്ങനെ സംഭവിച്ചിട്ടുണ്ട്. അക്കാലത്ത് ഞാനുണ്ടെങ്കിൽ തീർച്ചയായും സഹായിക്കും. ഏറെനാൾ കഴിഞ്ഞില്ല ... വറഖത്ത് മരണപ്പെട്ടു...
ആ വീട്ടിൽ അലി (റ) വിന് ഒരു കൂട്ടുകാരനുണ്ട് ...

നബി (സ)തങ്ങളുടെയും ഖദീജ (റ)യുടെയും സംരക്ഷണയിൽ വളരുന്ന ഒരു ചെറുപ്പക്കാരൻ...

സൈദ് ബ്നു ഹാരിസ് ...

നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ. നന്നായി ജോലി ചെയ്യും. അമ്പരിപ്പിക്കുന്ന ഒരു കഥയാണ് സൈദിന്റെ ജീവിതം. സൈദും അലിയും നല്ല കൂട്ടുകാരാണവർ. നബി (സ) തങ്ങളുടെയും ഖദീജ (റ)യുടെയും സ്നേഹവാത്സല്യം വേണ്ടുവോളം ലഭിച്ച ഭാഗ്യവാൻ ...  

ഇരുവരും അതിരാവിലെ ഉണരും. കഴിയാവുന്ന ജോലികൾ ചെയ്യും. തമാശകൾ പറയും. ചിരിക്കും വീട്ടിനകത്തും പുറത്തും ഓടിനടക്കും  ...

ആഹാര സമയം ആഹ്ലാദത്തിന്റെ സമയം. അടുക്കളയിൽ ആഹാരം വിളമ്പൻ തുടങ്ങും. കൂട്ടുകാർ പാത്രങ്ങൾ സുപ്രയിൽ കൊണ്ടുവന്നു വെക്കും. നബി (സ)യോടൊപ്പം കുട്ടികൾ ആഹാരം കഴിക്കാനിരിക്കും. അനൂതിയുടെ നിമിഷങ്ങൾ മറക്കാനാവാത്ത അനുഭവം... 

അലി കൂട്ടുകാരന്റെ ജീവിത കഥ കേൾക്കാൻ തുടങ്ങി. ആ കഥ കേട്ടാൽ ഏത് കുട്ടിയും ഞെട്ടിപ്പോകും. അങ്ങകലെ ഒരു ഗ്രാമം പാറക്കെട്ടുകളും മൊട്ടക്കുന്നുകളും അതിരിട്ട് നിർത്തിയ ചെറിയ ഗ്രാമം. അവിടെയാണ് പൗരപ്രമുഖനായ ഹാരിസ് താമസിക്കുന്നത്. ഹാരിസിന്റെ ഭാര്യ സുഹ്ദ. അവരുടെ ഓമനപുത്രൻ സൈദ്. സ്നേഹത്തിന്റെ പൊലിമ നിറഞ്ഞ ജീവിതം.  സന്തോഷകരമായ ജീവിതം. ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളും അവർക്കൊപ്പം ജീവിച്ചു. നന്നായി അധ്വാനിച്ചു ശാന്തരായി ജീവിച്ചു...

 അപ്പോഴാണ് ആ സംഭവം നടന്നത്. ഒരുകൂട്ടം ബന്ധുക്കളോടൊപ്പം  അവർ യാത്ര ചെയ്യുകയായിരുന്നു.  വിജനമായ പാത. പെട്ടെന്ന് കൊള്ളക്കാർ ചാടിവീണു. മിന്നലാക്രമണം നടന്നു. പൊടിപടലങ്ങളുയർന്നു ആക്രോശങ്ങൾ ... പെണ്ണുങ്ങളുടെ കൂട്ട നിലവിളി...  

യാത്രക്കാരുടെ കൈവശമുള്ളതെല്ലാം കൊള്ളക്കാർ തട്ടിപ്പറിച്ചു.  കുറെ മനുഷ്യരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അക്കൂട്ടത്തിൽ സൈദും പെട്ടുപോയി. കൊള്ളക്കാർ സ്ഥലം വിട്ടു. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു. സൈദിനെ കാണാനില്ല. മാതാപിതാക്കളുടെ ദുഃഖം പറഞ്ഞറിയിക്കാനായില്ല. സൈദിനെ കൊള്ളക്കാർ കൊണ്ടുപോയി. അവൻ കരഞ്ഞിട്ടും കൊഞ്ചിപ്പറഞ്ഞിട്ടും കൊള്ളക്കാരുടെ ക്രൂരമായ പെരുമാറ്റം ... തന്നെപ്പോലെ മറ്റ് ചിലരെയും കൊള്ളക്കാർ പിടികൂടിയിട്ടുണ്ട്. മുതിർന്നവരുടെ സംസാരത്തിൽനിന്ന് ഒരു കാര്യം മനസ്സിലായി. തങ്ങൾ അടിമകളായിരിക്കുന്നു... അടിമച്ചന്തയിൽ വിലപേശി വിൽക്കപ്പെടും എന്തൊരു ദുരവസ്ഥ...?  

കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ ഇനി എന്നെങ്കിലും കണ്ടുമുട്ടാൻ കഴിയുമോ...?

ഭയന്നത് തന്നെ സംഭവിച്ചു. പിടികൂടിയവരെയെല്ലാം കൊള്ളക്കാർ അടിമക്കച്ചവടക്കാർക്ക് വിറ്റുകളഞ്ഞു. ഇനി തങ്ങൾ അടിമച്ചന്തയിൽ പ്രദർശന വസ്തുക്കളായി മാറും. ചന്തയിലേക്ക് കൊണ്ടുപോകുംമുമ്പെ വയറ് നിറയെ ആഹാരം തന്നു ക്ഷീണം തട്ടാതിരിക്കാൻ ...  

ചന്തയിൽ നല്ല ഉത്സാഹത്തോടെ നിൽക്കണം. അപ്പോൾ നല്ല വില കിട്ടും. കച്ചവടക്കാരന്റെ നോട്ടം അതാണ്. അടിമകളുടെ വസ്ത്രം ധരിപ്പിച്ചു ...

സൈദ് അടിമയായി അടയാളപ്പെടുത്തപ്പെട്ടു. ചന്തയിലെത്തി രാവിലെ മുതൽ ആവശ്യക്കാർ വരവായി. സൈദിന് നല്ല വില നിശ്ചയിച്ചു. പലരും വന്നു നോക്കിപ്പോയി വില ചോദിച്ചു ... 

നാനൂറ് ദിർഹം ...

അപ്പോൾ സമ്പന്നനായൊരു ഖുറൈശി പ്രമുഖൻ അടിമച്ചന്തയിലേക്ക് കടന്നുവന്നു. ഖുവൈലിദിന്റെ മകൻ ഹസാമിന്റെ മകൻ ഹകീം ആയിരുന്നു ആ പ്രമുഖൻ. ഖുവൈലിദിന്റെ മകളാണ് ഖദീജ (റ) എന്ന കാര്യം കൂടി ഇവിടെ ഓർക്കുക. ഖദീജ (റ) യുടെ സഹോദരൻ ഹസാമിന്റെ മകനാണ് ഹകീം. കച്ചവടക്കാർ ഭവ്യതയോടെ സംസാരിച്ചു. ആരോഗ്യവും അഴകുമുള്ള അടിമകളെ കാണിച്ചുകൊടുത്തു. സൈദിനെ കണ്ടപ്പോൾ സന്തോഷം തോന്നി. വില ചോദിച്ചു നാനൂറ് ദിർഹം. ഹകീം കുറെ അടിമകളെ വാങ്ങി. കൂട്ടത്തിൽ സൈദിനെയും വാങ്ങി. സൈദ് പ്രതീക്ഷയോടെ ഹകീമിന്റെ മുഖത്തേക്ക് നോക്കി. തന്റെ പുതിയ യജമാനൻ തന്നോടിത്തിരി കരുണ കാണിക്കുമോ... ?

ആർക്കറിയാം... അടിമകളെ തെളിച്ചുകൊണ്ട് പോവുകയാണ്. കാലികളെപ്പോലെ സൈദ് നടന്നു. നനഞ്ഞ കണ്ണുകളോടെ ഹകീമിന്റെ വലിയ വീട്. ഒട്ടകക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നു. ഐശ്വരും നിറഞ്ഞൊഴുകുന്ന ചുറ്റുപാടുകൾ. തൊഴിലെടുക്കുന്ന അടിമകൾ, അവരുടെ മുഖം പ്രസന്നമാണ്. അവരെല്ലാം ശാന്തരാണ്. ഇവിടെ ശാന്തമായൊരു ജീവിതം കിട്ടണേ... വെള്ളം കിട്ടി. ആഹാരം കിട്ടി. കിടന്നുറങ്ങാൻ ഇടം കിട്ടി. ശാന്തമായി ഉറങ്ങി. ക്ഷീണം തീർന്നപ്പോൾ ഉത്സാഹമായി. അതിഥികളായി ആരൊക്കെയോ വന്നിട്ടുണ്ട്. അവർ തങ്ങളുടെ സമീപത്തേക്കാണ് വരുന്നത്. പുതുതായി വാങ്ങിയ അടിമകളെ കാണാൻ സൈദ് അതിശയത്തോടെ നോക്കി... 

കുലീന വനിതയുടെ മനോഹരമായ മുഖത്തേക്ക്.   എത്ര മനോഹരിയായ വനിത. എന്തൊരഴക്. ആകർഷകമായ സംസാരരീതി. കാരുണ്യത്തോടെയുള്ള നോട്ടം ചിരിക്കുമ്പോൾ വല്ലാത്തൊരു ശോഭ 
ഹകീം അവരോടിങ്ങനെ പറഞ്ഞു;  

അമ്മായീ...... ഒരു അടിമയെ ഞാൻ നിങ്ങൾക്ക് സമ്മാനമായി നൽകുന്നു. ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാം. ഹകീമിന്റെ അമ്മായിയാണ് ഈ ബഹുമാന്യയായ വനിത. പിതാവിന്റെ സഹോദരി. സൈദ് അവരെ ആദരവോടെ നോക്കി. അവർ സൈദിനെ ദയയോടെ നോക്കി. എനിക്ക് ഇവനെ മതി. അവർ സൈദിനെ തിരഞ്ഞെടുത്തു. കൊള്ളാം നല്ലവനാണ് കൊണ്ടുപോയ്ക്കൊള്ളൂ... അവർ ഖദീജ ബീവി (റ)ആയിരുന്നു ...  

സൈദ് അവരുടെ കൂടെ പോയി ഖദീജ (റ)യുടെ വീട്ടിലെത്തി സമാധാനമായി അവർ ഉമ്മയും മകനുംപോലെ കഴിഞ്ഞു സൈദ് ഉത്സാഹത്തോടെ പണിയെടുത്തു നല്ല ആഹാരം, നല്ല വസ്ത്രം, വിശ്രമം ...
എല്ലാം ഇഷ്ടമായി. ജീവിതം സന്തോഷകരമായി. അങ്ങനെയിരിക്കെ സൈദ് ഒരു വാർത്ത അറിഞ്ഞു...

യജമാനത്തിയുടെ വിവാഹം നടക്കാൻ പോവുന്നു. അൽ അമീൻ എന്നു മക്കക്കാർ വിളിക്കുന്ന യുവാവാണ് വരൻ. വീട്ടിലാകെ സന്തോഷം കതിർകത്തിനിൽക്കുന്നു. വിവാഹ സുദിനം അടുത്ത് വരുംതോറും ആഹ്ലാദം വർധിക്കുന്നു. സൈദ് ദുഃഖങ്ങൾ മറന്നു മനസ്സിൽ സന്തോഷം നിറഞ്ഞു. ഉറങ്ങാൻ വൈകിയ രാവുകൾ, വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു ...

സൈദ് തന്നെക്കൊണ്ടാവുന്ന ജോലികളെല്ലാം ചെയ്യുന്നുണ്ട്. യജമാനത്തി ഒരു രാജാത്തി തന്നെ.  വീട് നിറയെ വിരുന്നുകാർ എന്തുമാത്രം ആഹാര സാധനങ്ങളാണ്  വെച്ചുവിളമ്പുന്നത് ... ആടിനെ അറുക്കാത്ത ദിവസങ്ങളില്ല. ഉച്ചയാവുമ്പോൾ ആട്ടിറച്ചി വേവുന്ന മണം പരക്കും. ഒടുവിൽ ആ സുന്ദര സുദിനമെത്തി. വിവാഹ സുദിനം. പുതിയാപ്പിളയും കൂട്ടരും വരികയാണ്. ഖുറയ്ശി പ്രമുഖന്മാർ കൂട്ടത്തോടെ വരുന്നു. മക്കായിലെ ഏറ്റവും കുലീനരായ വ്യക്തികൾ. വലിയ പന്തലിൽ എല്ലാവരുമെത്തി ...

ബഹുമാനപുരസ്സരം സ്വീകരിച്ചിരുത്തി ശീതള പാനീയങ്ങൾ നൽകി വിവാഹ ചടങ്ങുകൾ ആരംഭിച്ചു ... എല്ലാറ്റിനും അബൂത്വാലിബിന്റെ  നേതൃത്വം. കർമങ്ങളവസാനിച്ചു. ഹൃദ്യമായ സദ്യ തുടങ്ങി. എല്ലാവരും ആഹ്ലാദം പങ്കിടുകയാണ് ...

ഖദീജ (റ) നന്നായി ധർമം ചെയ്യാറുണ്ട്. അവരുടെ ഔദാര്യം തേടി വരുന്ന പാവങ്ങൾ ധാരളമുണ്ട്. അത്തരക്കാർക്കെല്ലാം വേണ്ടുവോളം ആഹാരം നൽകി ...

വിവാഹത്തിന്റെ തിരക്കൊഴിഞ്ഞു. സൈദ് ക്ഷീണിച്ചുപോയി. യജമാനത്തി സൈദിനെ വിളിച്ചു കുളിച്ചുവരാൻ പറഞ്ഞു. നന്നായി കുളിച്ചു വൃത്തിയായി പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. സൈദിനെ യജമാനത്തി കൂട്ടിക്കൊണ്ടുപോയി അൽ അമീന്റെ മുമ്പിലേക്ക്. സൈദ് അൽ അമീന്റെ മുഖത്തേക്കു നോക്കി. എന്തൊരു ശോഭ, ഇതുപോലൊരു മുഖം ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാനുമാവില്ല. കണ്ടിട്ട് മതിവരുന്നില്ല. എന്തൊരു സുഗന്ധം... നോക്കൂ ഇവനെ  താങ്കൾക്കു നൽകുന്നു. ഇതാണെന്റെ വിവാഹ സമ്മാനം ...

ഖദീജ (റ) യുടെ വാക്കുകൾ ... സൈദ് കോരിത്തരിച്ചുപോയി. അൽ അമീൻ സന്തോഷപൂർവം സമ്മാനം സ്വീകരിച്ചു ...

സൈദിന് പിതാവിനെപ്പോലെയായിരുന്നു അൽ അമീൻ.  സൈദിന്റെ പദവി ഉയർന്നു. വിനയം വർധിച്ചു. സൈദ് കുടുംബത്തിലെ ഒരംഗത്തെപോലെ ജീവിച്ചു. അങ്ങനെയായിരിക്കുമ്പോഴാണ് അലി എന്ന കുട്ടി വന്നു ചേരുന്നത്. ആറ് വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ ...

വീട്ടിൽ രണ്ട് കുട്ടികൾ. അലിയും സൈദും. പരിശുദ്ധമായ ഇളം മനസ്സുകളുടെ ഉടമകൾ.

ഒന്നിച്ചാണ് ആഹാരം. ഒരേ  മേൽപ്പുരക്കുകീഴിൽ അന്തിയുറങ്ങുന്നു. എന്തൊരു നിഷ്കളങ്കമായ സ്നഹബന്ധം. പിൽക്കാല ചരിത്രത്തിൽ അവർ ഇതിഹാസ പുരുഷന്മാരായിമാറി. ധീരതയുടെ പര്യായങ്ങൾ.  എത്രയെത്ര രണാങ്കണങ്ങളെയാണവർ കോരിത്തരിപ്പിച്ചത്. എത്രയെത്ര മഹനീയ സദസ്സുകളിലാണവർ വാഴ്ത്തപ്പെട്ടത്. പിൽക്കാല തലമുറകൾക്കായി ചരിത്രം ആ വീരസ്മരണകൾ കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട് ...

 ഇസ്ലാമിലേക്കുള്ള ആദ്യക്ഷണം. ആ ക്ഷണം വീട്ടിൽതന്നെയായിരുന്നു നടന്നത്. " ആരാധനക്കർഹൻ അല്ലാഹു മാത്രമാകുന്നു അവനല്ലാതെ ഒരു ആരാധ്യനില്ല മുഹമ്മദ് അവന്റെ ദൂതനാകുന്നു ..."നിങ്ങൾ സാക്ഷ്യം വഹിക്കുക ...

ആദ്യത്തെ വിളിയാട്ടം. ആ വിളിക്കുത്തരം നൽകാൻ മുമ്പോട്ട് വന്നത് ആരൊക്കെയായിരുന്നു ...

ഖദീജ (റ), അലി (റ), സൈദ് (റ) 

നബി (സ)പറഞ്ഞതെല്ലാം അവർ അപ്പടി വിശ്വസിച്ചു. ഒട്ടും സംശയിച്ചുനിന്നില്ല. ദൃഢവിശ്വാസികൾ ...

ലാ ഇലാഹ ഇല്ലല്ലാഹ് ...

അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല  മുഹമ്മദ് റസൂലുല്ലാഹ് മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. നബി (സ) തങ്ങളോടൊപ്പം ജീവിക്കുന്ന മൂന്നുപേർ അവർക്കത് മനസ്സിന്റെ വെളിച്ചമായി മാറി. ആത്മാവിന്റെ  ശോഭയായി മാറി. അവരാണ് തൗഹീദിന്റെ സാക്ഷികൾ. സത്യസാക്ഷികൾ. അവരുടെ ജീവിതം പിൽക്കാലക്കാർക്ക് രോമാഞ്ചജനകമായ ചരിത്രമായിത്തീർന്നു ...

ആദ്യം വിശ്വസിച്ചത് ഖദീജ (റ) ...




നബി (സ)തങ്ങളും ഖദീജ (റ)യും കൂടി നിസ്കരിച്ചു. അത് പത്ത് വയസ്സുകാരനായ അലി കാണാനിടയായി. അതിശയത്തോടെ നോക്കി. നിസ്കാരം കഴിഞ്ഞപ്പോൾ അലി ചോദിച്ചു... നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത്.  നബി (സ) കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കുട്ടി പറഞ്ഞു:  

ഞാൻ ഉപ്പയോട് സമ്മതം ചോദിക്കട്ടെ. എന്നിട്ട് വിശ്വസിക്കാം. കുട്ടിയുടെ ബുദ്ധി നന്നായി പ്രവർത്തിച്ചു. സ്വയം ചിന്തിച്ചു. തന്നെ സൃഷ്ടിച്ചത് അല്ലാഹു ഉപ്പായെ സൃഷ്ടിച്ചതും അല്ലാഹു അങ്ങനെയുള്ള അല്ലാഹുവിൽ വിശ്വസിക്കാൻ ഉപ്പായുടെ സമ്മതം വേണോ...? എന്തിന്...?

ഉപ്പായോട് സമ്മതം ചോദിക്കേണ്ടതില്ലെന്ന് കുട്ടി തീരുമാനിച്ചു. സത്യസാക്ഷ്യം വഹിക്കാൻ സന്നദ്ധനായി. പത്താം വയസ്സിൽ സത്യസാക്ഷ്യവചനം മൊഴിഞ്ഞു. പിന്നീടുള്ള ജീവിതം ഇസ്ലാമിനുവേണ്ടി തനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും...?  പത്ത് വയസ്സുകാരൻ ചിന്തിച്ചു. ആ പ്രായത്തിൽതന്നെ അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അവയെല്ലാം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു

അലി (റ) മിടുമിടുക്കനായ കുട്ടിയാണ്. അതിശയിപ്പിക്കുന്ന ഓർമ്മ ശക്തിയാണ്. കേട്ടാൽ ഉടനെ പഠിക്കും. പഠിച്ചതൊന്നും മറക്കില്ല എല്ലാം ഓർമയിലുണ്ടാവും. ആവശ്യം വരുമ്പോൾ ഓർമയിൽനിന്ന് പരതിയെടുക്കും വളരെ വേഗത്തിൽ തന്നെ ...

ബുദ്ധിശക്തിയും ധീരതയും കുട്ടിക്ക് വേണ്ടുവോളമുണ്ട്. എന്തും നേരിടാനുള്ള മനക്കരുത്തും ...

നബി (സ)തങ്ങളെ അഗാധമായി സ്നേഹിച്ചു. എന്ത് പറഞ്ഞാലും വിശ്വസിക്കും. എന്ത് കൽപിച്ചാലും അനുസരിക്കും. ജീവൻ നൽകാൻ പറഞ്ഞാൽ സന്തോഷത്തോടെ നൽകും ഒട്ടും സംശയിച്ചു നിൽക്കില്ല. ഇങ്ങനെയുണ്ടോ ഒരു സമർപ്പണം... അലി (റ) വിന്റെ  സമർപ്പണം കാലത്തെ  അതിശയിപ്പിക്കുന്ന വിധമാണ്. പകരം കിട്ടിയതോ ? പരിശുദ്ധമായ സ്നേഹം. മികച്ച പരിഗണന. മാനസികമായ പൊരുത്തം. ആത്മാവുകളുടെ അടുപ്പം നബി (സ)തങ്ങളും അലി (റ)വും. അവർ പിതാവും പുത്രനും പോലെയാണ്. അകലാൻ കഴിയാത്ത കൂട്ടുകാരെപ്പോലെയാണ്.  

നബി (സ)വീട്ടിൽ നിന്നിറങ്ങുന്നു. അലി കൂടെയിറങ്ങുന്നു. രണ്ടു പേരും നടക്കുന്നു. ശാന്തരായി തൊട്ടുതൊട്ടുള്ള നടപ്പ്. സുന്ദരമായ സായാഹ്നം സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നിറങ്ങുകയാണ്. വെയിലിന് ചൂട് കുറഞ്ഞു. മരങ്ങളുടെ നിഴലുകൾക്ക് നീളം കൂടിക്കൂടി വരുന്നു. 
മഹത്തായ കഅ്ബാലയം അതിന്നടുത്തുകൂടി ഇരുവരും നടന്നു പോവുന്നു. നിരവധി സന്ദർശകർ വന്നുകൂടിയിട്ടുണ്ട്. ചിലർ ബിംബങ്ങളെ വണങ്ങുന്നു. ചിലർ കഅ്ബാലയം ചുറ്റുന്നു. വലിയ ബിംബത്തിന് മുമ്പിൽ ബലി നടത്തിയ മൃഗത്തിന്റെ രക്തവും കാഷ്ടവും പരന്നുകിടക്കുന്നു ...

ഖലീലുല്ലാഹി ഇബ്രാഹീം (അ) പണിതുയർത്തിയ വിശുദ്ധ ഭവനമാണിത്. തൗഹീദിന്റെ കേന്ദ്രം. പിൽക്കാലക്കാർ ഇത് ശിർക്കിന്റെ (ബഹുദൈവ വിശ്വാസത്തിന്റെ) കേന്ദ്രമാക്കി മാറ്റി.  കഅ്ബാലയത്തിന്നകത്തും പുറത്തും ബിംബങ്ങൾ. അവയെ ആരാധിക്കാൻ വന്നെത്തുന്നവരെത്ര. കഅ്ബാലയം കടന്നു മുമ്പോട്ടു പോയി. നബി (സ)പല കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. കുട്ടി എല്ലാം അതീവ ശ്രദ്ധയോടെ കേൾക്കുന്നു. മനസ്സിലാക്കുന്നു. വിജ്ഞാനത്തിന്റെ അമൂല്യമായ മുത്തുകൾ മറ്റെവിടെനിന്നും ഇത് കിട്ടില്ല. എന്തൊരു സൗഭാഗ്യം. വിശാലമായ മലഞ്ചരിവ്. നേർത്ത ഇരുൾ വീണു കഴിഞ്ഞു. സൂര്യൻ അസ്തമിച്ചിരിക്കുന്നു. വിജനമായ മലഞ്ചരിവ്. നോക്കെത്താവുന്ന അകലത്തിൽ മനുഷ്യരെ കാണാനില്ല. നിസ്കാരത്തിന് സമയമായിരിക്കുന്നു. നബി (സ)മുമ്പിൽ നിന്നു. കുട്ടി തൊട്ടു പിന്നിൽ അല്ലാഹു അക്ബർ ...

നബി (സ) തക്ബീർ ചൊല്ലി നിസ്കാരത്തിൽ  പ്രവേശിച്ചു. കുട്ടിയും തക്ബീർ ചൊല്ലി നിസ്കാരം തുടങ്ങി.  സർവശക്തനായ അല്ലാഹുവിന്റെ മുമ്പിൽ കൈകെട്ടി നിൽക്കുന്നു. അവനെ വാഴ്ത്തുന്നു. എല്ലാം അവന് മുമ്പിൽ സമർപ്പിച്ച ഭക്തന്മാർ.  നിസ്കാരം പൂർത്തിയാക്കി. എന്തൊരാശ്വാസം സംതൃപ്തി നബി(സ)തങ്ങളോടൊപ്പം നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞല്ലോ... കുട്ടിയുടെ മനസ്സ് കോരിത്തരിച്ചു. ഇതാണ് സൗഭാഗ്യം. ഇതിനേക്കാൾ വലിയൊരു സൗഭാഗ്യമില്ല...

 മൂകമായ ചൂറ്റുപാട്. പരിസരം നിശ്ചലം. മനസ്സ് നിറയെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ മാത്രം. എങ്ങോട്ട് നോക്കിയാലും   അല്ലാഹുവിനെ ഓർമപെടുത്തുന്ന കാഴ്ചകൾ  മാത്രം  ഉയർന്നു നിൽക്കുന്ന മൊട്ടക്കുന്നുകൾ, ആകാശ നീലിമയിൽ വിഹരിക്കുന്ന മേഘങ്ങൾ, കണ്ണ് മിഴിച്ചു നോക്കുന്ന നക്ഷത്രങ്ങൾ, എല്ലാം അല്ലാഹുവിന്റെ സൃഷ്ടികൾ. ഇരുവരും മടങ്ങുകയാണ് വീട്ടിലേക്ക്...

കഅ്ബാലയത്തിന് മുമ്പിൽ മണ്ണെണ്ണ വിളക്കിന്റെ നേർത്ത പ്രകാശം. ഇരുട്ട് പരന്ന മുറ്റത്ത് അന്തിയുറങ്ങുന്ന വിദേശികൾ. യാത്രാക്ഷീണം തീർക്കുന്ന ഒട്ടകങ്ങൾ. എല്ലാം  പതിവു കാഴ്ചകൾ. മേഘങ്ങൾക്കിടയിലൂടെ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചന്ദ്രന്റെ മുഖം. അപ്പോൾ വഴിയിൽ നേർത്ത നിലാവ്  പരന്നൊഴുകുന്നു. ആ നിലാവെട്ടത്തിൽ ഇരുവരും നടന്നു വീട്ടിലെത്തി. ഖദീജ (റ)  ആഹാരം വിളമ്പിക്കൊടുത്തു. ഇരുവരും കൈ കഴുകി ഇരുന്നു. ഹൃദ്യമായ ആഹാരം. ആഹാരം ചവച്ചരച്ചിറക്കുമ്പോഴും കുട്ടിയുടെ മനസ്സിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്ത മാത്രം. പലരും ഇസ്ലാം മതത്തെക്കുറിച്ചു കേട്ടു. ചിലരൊക്കെ  ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പൗരപ്രമുഖൻ, ധനികൻ, മികച്ച വസ്ത്ര വ്യാപാരി, ഉദാരമതി എന്നീ നിലകളിൽ പ്രസിദ്ധനാണ് അബൂബക്കർ. മക്കക്കാർക്കെല്ലാം വളരെ പ്രിയപ്പെട്ട ആളാണ്  അൽ അമീന്റെ അടുത്ത സ്നേഹിതനുമാണ്. കൂട്ടുകാർ തമ്മിൽ സംസാരിച്ചു മനസ്സിൽ ഈമാനിന്റെ തിളക്കമുണ്ടായി. പിന്നെയൊട്ടും താമസമുണ്ടായില്ല സത്യസാക്ഷ്യ വചനം ചൊല്ലി മുസ്ലിമായി ...

ഖദീജ (റ), അലി (റ), സൈദ് (റ) എന്നിവരുടെ മനസ്സിൽ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അത് ...

അബൂബക്കർ സിദ്ദീഖ് (റ)  എന്നാണ് പിന്നീടദ്ദേഹം അറിയപ്പെട്ടത് ...

മക്കയിലെ മറ്റൊരു  പ്രമുഖനാണ് ഉസ്മാൻ. സുമുഖനായ ചെറുപ്പക്കാരൻ. വ്യാപാരി, ധനികൻ, ഉദാരമതി എന്നൊക്കെ ഉസ്മാനെ വിശേഷിപ്പിക്കാം ...

അബൂബക്കർ സിദ്ദീഖ് (റ) വിന്റെ അടുത്ത കൂട്ടുകാരൻ. കൂട്ടുകാർ തമ്മിൽ സംഭാഷണം നടന്നു. ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെകുറിച്ചും സംസാരിച്ചു.  മനസ്സ് പ്രകാശിച്ചു. നബി (സ)തങ്ങളുടെ സന്നിധിയിൽ വന്നു. ഇസ്ലാം സ്വീകരിച്ചു ...

ഖദീജ (റ), അലി (റ), സൈദ് (റ) എന്നിവർവീണ്ടും സന്തോശഭരിതരായി അല്ലാഹുവിനെ സ്തുതിച്ചു. ചില ദിവസങ്ങളിൽ ചിലർ വരും. ഇസ്ലാം മതം സ്വീകരിക്കും. പലരും അടിമകളായിരുന്നു. തീരെ സാമ്പത്തിക ശേഷിയില്ലാത്തവർ വന്നു. സത്യം സ്വീകരിച്ചു. ഇങ്ങനെയുള്ള ദുർബലർക്ക് ഖദീജ  (റ) പണം നൽകി. ആഹാരം നൽകി. വസ്ത്രം നൽകി. അയൽനാടുകളിൽ നിന്ന് ചിലർ വരും. മക്കയിൽ ചുറ്റിനടക്കും... 

നബി (സ) തങ്ങളെക്കുറിച്ചു കേട്ടിട്ട് വന്നതാണ്. കാണാൻ ആഗ്രഹിച്ചു വന്നതാണ്. ആരോടും അന്വേഷിക്കില്ല. മക്കക്കാർ നബി (സ)യുടെ ശത്രുക്കളായിക്കഴിഞ്ഞിട്ടുണ്ട്. അവരോട് നബിയെക്കുറിച്ചു ചോദിച്ചാൽ കുഴപ്പമാവും. ഇത്തരക്കാരെ അലി (റ)നോട്ടമിടും. അവരുടെ ചലനങ്ങൾ ശ്രദ്ധിക്കും. പിന്നെ അടുത്തുകൂടും. പരിചയപ്പെടും. സംസാരിക്കും എന്തിന് വന്നു... എന്ന് അന്വേഷിക്കും അവർ ചില സൂചനകൾ നൽകും ...

നബിയാണെന്ന് പറയുന്ന ഒരാൾ ഇവിടെയുണ്ടോ ...? ഇങ്ങനെ ഒരു ചോദ്യം വന്നുകിട്ടിയാൽ മതി. പിന്നെ കാര്യങ്ങളെല്ലാം അലി എന്ന കുട്ടി വിശദീകരിച്ചുകൊടുക്കും ...

ആഗതന്റെ കാര്യം ഏറ്റെടുക്കും. ആരും കാണാതെ വളരെ രഹസ്യമായി നബി (സ) തങ്ങളുടെ സമീപത്തെത്തും. അദ്ദേഹം സത്യസാക്ഷ്യ വചനം മൊഴിയുന്നത് രോമാഞ്ചത്തോടെ നോക്കിനിൽക്കും. ഇങ്ങനെയുള്ളവരെ ഇടക്കിടെ കണ്ടുമുട്ടും ...

ഒരു ദിവസം ഒരു വിദേശിയെ കണ്ടു. അദ്ദേഹം ആരോടും ഒന്നും സംസാരിക്കുന്നില്ല. അലി (റ) നോട്ടമിട്ടു.  രാത്രി ആഹാരം കഴിക്കുന്നതും ഉറങ്ങാൻ കിടക്കുന്നതും കണ്ടു. അന്ന് സംസാരിക്കാൻ പോയില്ല. അടുത്ത ദിവസം സംസാരിച്ചു. പേരും നാടും ചോദിച്ചറിഞ്ഞു. പേര് അബൂദർറ് ഗിഫാർ. ഗോത്രക്കാരനാണ് യസ്രിബിലാണ് ഗിഫാർ ഗോത്രം താമസിക്കുന്നത്. മക്കക്കാരുടെ യാത്രാസംഘങ്ങൾ അതുവഴിയാണ് പോവുന്നത്. അന്ത്യപ്രവാചകൻ ആഗതനായി എന്ന് കേട്ട് വന്നതാണ്. നേരത്തെ തന്റെ സഹോദരനെ മക്കയിലേക്കയച്ചിരുന്നു. അദ്ദേഹം മക്കയിൽ വന്നു നബി (സ)തങ്ങളെ കണ്ടുമുട്ടി. വിശുദ്ധ ഖുർആൻ പാരായണം ശ്രവിച്ചു. യസ്രിബിൽ മടങ്ങിയെത്തി അബൂദർറിനോട് സന്തോഷവാർത്ത അറിയിച്ചു ...

ആവേശഭരിതനായ അബൂദർറ് ഉടനെ മക്കയിലേക്ക് പുറപ്പെട്ടതാണ്. ചോദിക്കാൻ പറ്റിയ ആരെയും കാണാതെ വിഷമിക്കുകയായിരുന്നു 
അലി (റ). വളരെ രഹസ്യമായി അദ്ദേഹത്തെ നബി (സ)യുടെ സന്നിധിയിൽ എത്തിച്ചു. ഇസ്ലാം മതം സ്വീകരിച്ചു. ഇക്കാര്യം വളരെ രഹസ്യമാക്കിവെക്കണമെന്ന് നബി (സ) അദ്ദേഹത്തെ ഉപദേശിച്ചു ...

അദ്ദേഹം കഅ്ബാലയത്തിൽ വന്നു. താൻ ഇസ്ലാം മതം സ്വീകരിച്ച കാര്യം പ്രഖ്യാപിച്ചു. ഖുറയ്ശികൾ മർദ്ദനവും തുടങ്ങി ... 

കച്ചവടക്കാരാരോ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. വിളിച്ചു പറഞ്ഞു ഒന്നടങ്ങിക്കിട്ടി ...

അവശനായ അബൂദർറ് നബി സന്നിയിലെത്തി.  നബി (സ)അദ്ദേഹത്തെ പറഞ്ഞ് സമാധാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയച്ചു. സമാനമായ പല സംഭവങ്ങൾക്കും അലി (റ) സാക്ഷിയായി. ഇസ്ലാം മതം സ്വീകരിച്ച പലരെയും ഖുറൈശികൾ തിരിഞ്ഞു പിടിച്ച് മർദ്ദിക്കാൻ തുടങ്ങി. മർദ്ദനങ്ങളുടെ വേദനിപ്പിക്കുന്ന കഥകൾ  അലി (റ) കേട്ടുകൊണ്ടിരുന്നു. ഇളം മനസ്സ് പിടഞ്ഞുപോയ ദിവസങ്ങൾ ... 

ഒരു ദിവസം നബി (സ)തങ്ങളും അലി (റ)വും വിജനമായ മലഞ്ചരിവിലെത്തി.  അവർ നിസ്കാരം തുടങ്ങി. എവിടെയോ പോയ അബൂത്വാലിബ് അതുവഴി നടന്നുവരികയായിരുന്നു. രണ്ടുപേരെയും കണ്ടു. അതിശയത്തോടെ നോക്കി. ഇവരെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ...? നിസ്കാരം കഴിഞ്ഞു. അപ്പോൾ അവർ അബൂത്വാലിബിനെ കണ്ടു. പരസ്പരം നോക്കി. അതിശയവും ആകാംക്ഷയും നിറഞ്ഞ നോട്ടം. നിങ്ങളെന്താണിവിടെ ചെയ്തുകൊണ്ടിരുന്നത് ...? 

ഞങ്ങൾ ആരാധനയിലായിരുന്നു ...

ഏത് മതത്തിലെ ആരാധനയാണിത്... ? 




അല്ലാഹുവിന്റെമതം. മലക്കുകളുടെയും പ്രവാചകന്മാരുടെയും മതം. നമ്മുടെ പൂർവ പിതാവായ ഖലീലുല്ലാഹി ഇബ്രാഹീം  നബിയുടെ മതം. ആ മതത്തിലെ ആരാധന നിസ്കാരം. ഇസ്ലാം മതം ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും അങ്ങ് സാക്ഷ്യം വഹിച്ചാലും നബി (സ) വിനയപൂർവം അപേക്ഷിച്ചു ...

നിന്റെ മതം സ്വീകരിക്കാൻ എനിക്ക് നിർവാഹമില്ല. ഖുറയ്ശികളുടെ നടപടികൾ കൈവെടിയാൻ എന്നെക്കൊണ്ടാവില്ല. നീ നിന്റെ ദൗത്യവുമായി മുമ്പോട്ടു പോവുക. എന്നെക്കൊണ്ടാവുന്ന എല്ലാ സംരക്ഷണവും ഞാൻ നൽകും ...

സഹോദര പുത്രൻ പറയുന്നത് സത്യമാണെന്ന് അബൂത്വാലിബിന് അറിയാം. അതുകൊണ്ടാണ് പിന്തുണ പ്രഖ്യാപിച്ചത്.
നിലവിലുള്ള നടവഴികൾ കൈയ്യൊഴിയാൻ അദ്ദേഹം തയ്യാറായില്ല ...

അദ്ദേഹം മകന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു:  എന്താണ് നിന്റെ നിലപാട്...?  

ഉപ്പാ... ഞാൻ സത്യസാക്ഷ്യം വഹിച്ചുകഴിഞ്ഞു. അല്ലാഹുവിലും അവന്റെ ദൂതനിലും ഞാൻ വിശ്വസിച്ചുകഴിഞ്ഞു. ഞാൻ അല്ലാഹുവിനെ ആരാധിക്കുന്നു. അവന്റെ റസൂലിനെ അനുഗമിക്കുന്നു ...

ഉപ്പയുടെ പ്രതികരണം ഇങ്ങനെ ...

അവൻ നല്ല കാര്യത്തിലേക്കാണ് നിന്നെ ക്ഷണിച്ചിരിക്കുന്നത്. നീ അത് സ്വീകരിച്ചത് നന്നായി. അത് മുറികെ പിടിച്ച് മുമ്പോട് പോവുക ...

പുത്രന് പിതാവിന്റെ ആശീർവാദം ...

അവർ സംസാരിച്ചുകൊണ്ട് നടന്നു. കഅ്ബാലയത്തിന്നടുത്തു വെച്ച് അവർ വഴിപിരിഞ്ഞു ...

അലി (റ)വിന്റെ മനസ്സിൽ ഒരു മോഹമുണ്ട് ...

തന്റെ പ്രിയപ്പെട്ട ഉമ്മ. അവർ ഈ സന്ദേശം സ്വീകരിച്ചെങ്കിൽ എത്ര നന്നായേനെ ...
എപ്പോഴും അതാണ് ചിന്ത. ഉമ്മ മുസ്ലിമാവണം. അൽ അമീനെ അവർ വല്ലാതെ സ്നേഹിക്കുന്നു. ജീവനെക്കാളേറെ... അൽ അമീൻ പറഞ്ഞാൽ അവർ വിശ്വസിക്കും. വല്ലാത്തൊരു പ്രതീക്ഷ.  ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. അൽ അമീൻ ക്ഷണിച്ചു. അവർ ക്ഷണം സ്വീകരിച്ചു...

 ആരാധനക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും അവർ സാക്ഷ്യപ്പെടുത്തി. കരുത്തുറ്റ ഈമാൻ അവരുടെ മനസ്സിലുറച്ചു... അലി (റ)വിന്റെ മനസ്സിൽ അന്നെന്തൊരു സന്തോഷമായിരുന്നു. തന്റെ ഉമ്മ... മുസ്ലിമായ ഉമ്മ ...

എന്റെ ഉമ്മാക്കു ശേഷം അല്ലാഹു എനിക്കു നൽകിയ ഉമ്മയാണിത്. അൽ അമീൻ അങ്ങനെ പ്രഖ്യാപിച്ചു. അബൂത്വാലിബിന്റെ ഭാര്യ ഫാത്വിമ അവർ ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നു. പേരെടുത്ത തറവാടുകളിലെ കുലീന വനിതകൾ ഞെട്ടിപ്പോയി. വിമർശനങ്ങളും പരിഹാസങ്ങളുമുയർന്നു. പരിഹാസത്തിന്റെ നോട്ടങ്ങളും വാക്കുകളും വരാൻ തുടങ്ങി...

ഏത് പ്രതികൂല സാഹചര്യവും നേരിടാൻ ആദ്യകാല സ്വഹാബിവനിതയായ ഫാത്വിമ (റ) സജ്ജയായിക്കഴിഞ്ഞു  .
ഖുറൈശികളുടെ ക്രൂര മർദ്ദനങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇപ്പോഴിതാ പുതിയ ഒരു പീഡനരീതി സ്വീകരിച്ചിരിക്കുന്നു. ബഹിഷ്കരണം ...

ബനൂഹാശിം കുടുംബത്തെ എല്ലാ രംഗങ്ങളിലും ബഹിഷ്കരിക്കുക. ഒരു സഹകരണവും പാടില്ല. ബഹിഷ്കരണ വ്യവസ്ഥകൾ എഴുതിയുണ്ടാക്കി കഅ്ബാലയത്തിന്റെ ചുമരിൽ ഒട്ടിച്ചുവെച്ചു. ബനൂഹാശിം കുടുംബക്കാരുമായി സംസാരിക്കരുത്. ഒരു വസ്തുവും അവർക്ക് നൽകില്ല. വിൽപന നടത്തില്ല. അവരിൽനിന്ന് ഒരു വസ്തുവും  വിലക്കു വാങ്ങില്ല. അല്ലാതെയും വാങ്ങില്ല. വിവാഹബന്ധം പാടില്ല. ഒരു ചടങ്ങിനും ക്ഷണിക്കില്ല. അങ്ങനെ പോവുന്നു വ്യവസ്ഥകൾ ...

മക്കയിലേക്കിറങ്ങാൻ വയ്യ. കണ്ടാൽ എല്ലാവരും മുഖം തിരിച്ചു കളയും. ബനൂഹാശിം ഒറ്റപ്പെട്ടു. അബൂത്വാലിബിന്റെ താഴ് വര  എല്ലാവരും അവിടേക്ക് നീങ്ങി. അലി (റ) വേദനയോടെ പിതാവിനെ നോക്കി. വൃദ്ധനായ പിതാവിനെയും ബഹിഷ്കരിച്ചിരിക്കുന്നു. പിതാവ് ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. പക്ഷെ നബി (സ) തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നു. അതാണ് ബഹിഷ്കരണത്തിന്റെ കാരണം ... 

ഖദീജ (റ) വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ക്ഷീണമുണ്ട് അവരും ബഹിഷ്കരിക്കപ്പെട്ടു. എല്ലാവരും മലഞ്ചരിവിലാണ്. കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ തീർന്നു. ഇനിയെന്ത്?  

സാധനങ്ങൾ വാങ്ങാൻ കിട്ടില്ല. ആരും ഒന്നും വിൽക്കില്ല. വെറുതെയും തരില്ല. എല്ലാവരും ഖുറയ്ശികളുടെ കൽപന അനുസരിക്കുന്നു. വറുതികളുടെ നാളുകൾ വന്നു. ചെറുപ്പക്കാരനായ അലി (റ) ശരിക്കും പട്ടിണിയുടെ സ്വാദറിഞ്ഞു. ആഹാരം ലഭിക്കാത്ത രാപ്പകലുകൾ. പട്ടിണി കിടക്കുന്ന മാതാപിതാക്കൾ. കണ്ടു സഹിക്കാനാവുന്നില്ല. മരത്തിന്റെ ഇലകൾവരെ ഭക്ഷിച്ചു.  മൂന്നു വർഷങ്ങൾ ഇതേ നിലയിൽ തുടർന്നു. ബഹിഷ്കരണത്തിന്റെ   വ്യവസ്ഥകളെഴുതിയ കടലാസ് ചിതൽതിന്നുപോയി. ചില നല്ല മനുഷ്യർ ഇടപെട്ടു. ബഹിഷ്കരണം അവസാനിച്ചു. മലഞ്ചരിവിലുള്ളവർ പുറത്ത് വന്നു. എല്ലും തൊലിയുമായി നടന്നു വന്നു. ശരീരം തകർന്നെങ്കിലും മനസ്സ് തളർന്നില്ല. പിതാവിന്റെ അവസ്ഥ ദയനീയമാണ്. ശരീരത്തിന്റെ ശക്തിയെല്ലാം ചോർന്നുപോയിരിക്കുന്നു. ശയ്യാവലംബിയായിപ്പോയി. പരിചരണം കൊണ്ട് കാര്യമുണ്ടായില്ല. മരുന്നുകൾ ഫലം ചെയ്തില്ല. മക്കയുടെ നായകൻ അബൂത്വാലിബ് മരണപ്പെട്ടു...

അലി (റ)അവർകളുടെ നയനങ്ങൾ നിറഞ്ഞൊഴുകി. കടുത്ത ദുഃഖം കടിച്ചിറക്കി മരണാനന്തര കർമ്മങ്ങൾ നിർവഹിച്ചു. മയ്യിത്ത് കട്ടിൽ വീട്ടിൽനിന്ന് നീങ്ങി. മയ്യിത്ത് കട്ടിലും വലിയ ജനക്കൂട്ടവും നീങ്ങിപ്പോയി. ഫാത്വിമാക്ക് സങ്കടം അടക്കാനായില്ല ...

അലി (റ) എല്ലായിടത്തും ഓടിനടക്കുന്നു. വീട്ടുകാര്യങ്ങൾ നിർവഹിക്കുന്നു ... 

ഖദീജ ബീവി (റ) കിടപ്പിലാണ്. രോഗം മൂർച്ചിച്ചുവരികയാണ്. മരുന്നുകൾ ഫലം ചെയ്യുന്നില്ല ...

രണ്ടാമത്തെ അഭയകേന്ദ്രവും നഷ്ടപ്പെടുകയാണ്. അവർ ധനികയായിരുന്നു. ഉള്ളതെല്ലാം മുസ്ലിം സമൂഹത്തിന് വേണ്ടി ചെലവാക്കി. കാര്യമായിട്ടൊന്നും കൈവശമില്ല. എല്ലാം അലി (റ)വിന്നറിയാം. ഒടുവിൽ ആ ദുഃഖവാർത്തയും മക്കാപട്ടണം കേട്ടു. മക്കയുടെ നായിക ഖദീജ (റ) വഫാത്തായി ...

അലി (റ) പ്രവാചകരുടെ മുഖത്തേക്കു നോക്കി. നോക്കാനാവുന്നില്ല എന്തൊരു വേദനയാണവിടെ തളംകെട്ടി നിൽക്കുന്നത്. മരണാനന്തര കർമ്മങ്ങൾ മുറപോലെ നടന്നു. അലി (റ)ഓടിനടന്ന് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മയ്യ്ത്ത് കട്ടിലെത്തി. മയ്യിത്ത് അതിൽ കിടത്തി ജനക്കൂട്ടം അതുമായി പടിയിറങ്ങി. ഖദീജ (റ) മണ്ണിലേക്കു മടങ്ങി. അഭയസ്ഥാനങ്ങൾ രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു.  അലി(റ) ആ ദിവസങ്ങളിൽ എന്തൊരു വേദനയാണ്  സഹിച്ചത്. രണ്ടുപേരും ഒരേ വർഷമാണ് മരണപ്പെട്ടത്. ചരിത്രം ആ വർഷത്തെ ദുഃഖവർഷം എന്ന് വിളിക്കുന്നു ...

നബി (സ) അനുഭവിക്കുന്ന ദുഃഖം അലി (റ) നേരിട്ട് കാണുകയാണ്. ഖുറയ്ശികളുടെ ആഹ്ലാദവും കാണുന്നുണ്ട്. മുഹമ്മദിനെ ഇനിയാര് സംരക്ഷിക്കും ...? 

അബൂത്വാലിബ് പോയില്ലേ ? ഖദീജയും പോയില്ലേ ? തങ്ങൾക്കിനി ആരെയും ഭയപ്പെടാനില്ല. ഇനി ഒരു കൈനോക്കാം എന്തെല്ലാം പരിഹാസങ്ങൾ... ? എല്ലാം അലി (റ) കേൾക്കുന്നു. അനുഭവിക്കുന്നു. ഖുറൈശികൾ പീഢനങ്ങൾക്ക് ശക്തി കൂട്ടി. ഈ ഘട്ടത്തിൽ യസ്രിബിൽ നിന്ന് ഒരു സംഘമാളുകൾ മക്കയിൽ വന്നു. നബി (സ) തങ്ങളുമായി സംസാരിച്ചു. ചില ഉടമ്പടികളിൽ എത്തിച്ചേർന്നു ... 

നബി (സ)തങ്ങളെ അവർ യസ്രിബിലേക്ക് ക്ഷണിച്ചു. യസ്രിബ് ഒരു അഭയ കേന്ദ്രമായിരിക്കും. മുസ്ലിംകളെ അങ്ങോട്ടയക്കാം. മക്കയിൽ തങ്ങാൻ വയ്യാത്ത അവസ്ഥയായിരിക്കുന്നു ...

ഹിജ്റ വിശുദ്ധ പലായനം ...



അതിന്ന് സമയമായിരിക്കുന്നു. ഒറ്റയായും ചെറുസംഘങ്ങളായും നാടുവിടുക. ഖുറയ്ശികൾ അറിയരുത്. അറിഞ്ഞാൽ സമ്മതിക്കില്ല  അക്രമിക്കും. മരണംവരെ സംഭവിക്കാം. നബി (സ)അനുയായികൾക്ക് നിർദേശം നൽകി. പരമരഹസ്യമായി യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി. എല്ലാ കാര്യങ്ങളിലും അലി (റ) പങ്ക് വഹിക്കുന്നു. രഹസ്യമായി സന്ദേശങ്ങൾ  കൈമാറുന്നതിലും യാത്രയുടെ ഒരുക്കങ്ങളിലുമെല്ലാം സഹായിയാണ് ...

പിറന്ന നാട്, പിച്ചവെച്ചു നടന്ന നാട്, വിയർപ്പൊഴുക്കി അധ്വാനിച്ച നാട്, ആ നാടിനോട് വിട പറയുക. എല്ലാ മനസ്സിലും വേർപാടിന്റെ വേദന. നബി (സ) തങ്ങൾ മിക്ക ദിവസങ്ങളിലും അബൂബക്കർ സിദ്ദീഖ് (റ) വിന്റെ വീട്ടിൽ പോവും. 

അതുപോലെ അബൂബക്കർ സിദ്ദീഖ് (റ) നബി (സ)യുടെ വീട്ടിലും വരും. മുസ്ലിംകളുടെ പൊതുകാര്യങ്ങളെക്കുറിച്ച് സംസാരിക്കും. മുസ്ലിംകൾ, വ്യക്തികളും ചെറുസംഘങ്ങളും നബി (സ)തങ്ങളെ കാണാൻ വന്നുകൊണ്ടിരുന്നു. മിക്കയാളുകളും അലി (റ) വിനെയും കാണുന്നു. വേണ്ട ഉപദേശങ്ങൾ നൽകി അവരെ യാത്ര അയക്കുന്നു...

മിസ്അബ് ബ്നു ഉമൈർ (റ) യസ്രിബിലുണ്ട്. മഹാനായ സ്വഹാബിവര്യൻ. യസ്രിബുകാരെ മതം പഠിപ്പിക്കാൻ വേണ്ടി നബി (സ) തങ്ങൾ അയച്ചതാണ്. മിസ്അബ് (റ) വിന്റെ ശ്രമഫലമായി ധാരാളമാളുകൾ യസ്രിബിൽ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട് ... 

മുസ്ലിംകൾ മക്ക വിടാൻ തുടങ്ങി. ആരുമറിഞ്ഞില്ല ഒന്നും സംഭവിക്കാത്തതുപോലെ ദിനരാത്രങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു.  മക്കയിൽ ചിലയാളുകളെ കാണാനില്ല. കുറെ ദിവസങ്ങളായി കാണാനില്ല. ഖുറൈശികൾ പരസ്പരം അന്വേഷണം തുടങ്ങി... ഇവരൊക്കെ എവിടെപ്പോയി...?   

ചോദ്യം കേട്ടവർ വേറെ ചിലരെക്കുറിച്ചായി അന്വേഷണം. അവരെയും കാണാനില്ല ...

മർദ്ദിക്കപ്പെട്ട പലരെയും കാണാനില്ല. അവർ നമ്മെ കബളിപ്പിച്ചു കടന്നിരിക്കുന്നു. ഇനിയുള്ളവരെയെങ്കിലും പിടികൂടണം ...  

മക്കയിൽ ഒരുതരം ഉൽക്കണ്ഠ പരന്നു. രക്ഷപ്പെട്ടവർ യസ്രിബിലേക്ക് പോയിരിക്കാമെന്നാണ് ഊഹം ...

മുഹമ്മദ് മക്കയിൽ തന്നെയുണ്ട്. 

അബൂബക്കർ സ്ഥലത്തുണ്ട്.

അലിയെയും കാണാനുണ്ട്.

ഇവരും സ്ഥലംവിടുമോ... ? അവരെ വിടരുത്. മുഹാജിറുകൾ ഇസ്ലാമിന്റെ സംരക്ഷണത്തിന് വേണ്ടി സ്വദേശം വിട്ട മുഹാജിറുകൾ, അവരാണ് ഈ സമൂഹത്തിലെ മഹാന്മാർ ...

അല്ലാഹുവിന്റെ കൽപനക്ക് കാത്തിരിക്കുകയാണ് നബി (സ)തങ്ങൾ. കൽപന കിട്ടിയാൽ പുറപ്പെടും. യാത്രയിലെ കൂട്ടുകാരൻ അബൂബക്കർ സിദ്ദീഖ് (റ).
അലി (റ) മക്കയിൽ ബാക്കിയാവും. നിശ്ചിത സമയംവരെ. സമയമായാൽ സ്ഥലംവിടും. വല്ലാത്ത ഉൽക്കണ്ഠ നിറഞ്ഞ ദിവസങ്ങളാണ് ഇനി മക്കയിൽ വരാനുള്ളത് ... 

 ദാറുന്നദ്വ്വ 

ഖുറൈശികളുടെ മക്കയിലെ പൊതുവേദിയാണത്. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ അവിടെയാണ് യോഗം ചേരുക ...

പ്രമുഖരെല്ലാം എത്തിക്കഴിഞ്ഞു. വളരെ ഗൗരവമുള്ള വിഷയം സദസ്സിനുമുമ്പിൽ അവതരിക്കപ്പെട്ടു ...

നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മുഹമ്മദ്. അവനെ ഇല്ലായ്മ ചെയ്യണം ...

ഇതാണ് വിഷയം. എല്ലാവരും ഗൗരവ ചിന്തയിലാണ്. ഏതാനും വർഷങ്ങൾകൊണ്ട്  ഇവിടെ എന്തെല്ലാം സംഭവങ്ങളാണ് നടന്നത്...?  തങ്ങളുടെ മതവിശ്വാസത്തിന്റെ അടിത്തറ ഇളക്കിക്കളഞ്ഞില്ലേ ...? 

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്ന് വിശ്വസിക്കാൻ എത്രയോ ആളുകൾ ധൈര്യം പ്രകടിപ്പിച്ചില്ലേ ...? 

മുഹമ്മദിന്റെ അനുയായികൾ  മിക്കവാറും മക്കവിട്ടുകഴിഞ്ഞു. അവർ യസ്രിബിലേക്കാണ് പോയത്. കാലം ചെല്ലുമ്പോൾ അവർ ശക്തിയായി മാറും. ഒരു കാലം വരും, അന്നവർ മക്കയിൽ തിരിച്ചുവന്ന്  തങ്ങളോട് പ്രതികാരം ചെയ്തേക്കാം...

യോഗാന്തരീക്ഷം ചൂടുപിടിക്കുകയാണ്. പലരും തീവ്ര  വികാരം പ്രകടിപ്പിക്കുന്നു.  മുഹമ്മദിനെ വധിക്കുക. മറ്റൊരു തീരുമാനം വേണ്ട എങ്ങനെ വധിക്കും ...? ബനൂഹാശിം പ്രതികാരം ചെയ്യില്ലേ ...? അതിന് വഴിയുണ്ട് എല്ലാ തറവാട്ടിൽ നിന്നും ഓരോരുത്തരെ തിരഞ്ഞെടുക്കുക. അവർ വാളുമായി വീട്ടിനു ചുറ്റും നിൽക്കുക. രാവിലെ പുറത്തിറങ്ങുമ്പോൾ എല്ലാവരുംകൂടി വെട്ടിക്കൊല്ലുക. കൊലയിൽ ധാരാളം പേർ പങ്കാളികളാവുക. ബനൂഹാശിം  ആരോടാണ് പ്രതികാരം ചെയ്യുക ...? നമുക്ക് നഷ്ടപരിഹാരം നൽകാം. ഒരാളുടെ രക്തത്തിനുള്ള വില അത്രതന്നെ ...

അവർ തീരുമാനത്തിലെത്തി. വിവരം പരമ രഹസ്യമാക്കിവെച്ചു ... 

അല്ലാഹു നബി (സ)തങ്ങൾക്ക് വിവരം നൽകി. ആ രാത്രി തന്നെ മക്ക വിട്ടുപോവാൻ അനുമതിയും നൽകി ...

അബൂബക്കർ സിദ്ദീഖ് (റ) വിന്റെ വീട്ടിലെത്തി യാത്രയുടെ ഒരുക്കങ്ങൾ നടത്താൻ ആവശ്യപ്പെട്ടു ... 

അലി (റ)വിനെ ചില ചുമതലകൾ ഏൽപിക്കുകയാണ്. ജീവൻ അപകടത്തിൽപെടാവുന്ന ചുമതലകളാണ്. തന്റെ വിരിപ്പിൽ ആ രാത്രി കിടന്നുറങ്ങുക അലി (റ) ആ ചുമതല ഏറ്റെടുത്തു. ശത്രുക്കളുടെ വാളിനുനേരെ കഴുത്ത് നീട്ടിക്കൊടുക്കുക എന്ന് പറയുന്നത് പോലെയാണത്. ജീവിതവും മരണവും അല്ലാഹുവിൽ ഭരമേൽപിച്ച അലി (റ)വിന് മറ്റൊന്നും ചിന്തിക്കാനില്ല ...

ആ വീടിനു ചുറ്റും ഇരുട്ട് മൂടി. ശത്രുക്കൾ പതുങ്ങിപ്പതുങ്ങി വന്നു. അവരുടെ കൈകളിൽ മൂർച്ച കൂടിയ വാൾ... അവർ അതുമായി നിലയുറപ്പിച്ചു ...

അലി (റ) നബി (സ)തങ്ങളുടെ വിരിപ്പിൽ കിടന്നു. നല്ല ഉറക്കം ലഭിക്കുകയും ചെയ്തു ...

രാവിലെ എന്തും സംഭവിക്കാം. ഉന്നംവെച്ച ആളിനെ കിട്ടാതെവരുമ്പോൾ ശത്രുക്കൾ പ്രതികാരം തീർത്തേക്കാം. ആ ചിന്തയൊന്നും ഉറക്കിന് തടസ്സമായില്ല ...

രാത്രിയിൽ നബി (സ)പുറത്തിറങ്ങി ഒരുപിടി മണ്ണ് വാരി ശത്രുക്കളുടെ മുഖത്തേക്കെറിഞ്ഞു...  അവർക്ക് ഒന്നും കാണാൻ വയ്യാതായി.  നബി (സ) ഇറങ്ങിപ്പോയി. ആരും കണ്ടില്ല. പ്രഭാതമായി ശത്രുക്കൾ വാതിൽപ്പഴുതിലൂടെ ഒളിഞ്ഞുനോക്കി, കട്ടിലിൽ ഒരാൾ കിടക്കുന്നുണ്ട്. ആശ്വാസമായി. പിന്നെയും കുറെ നേരം കാത്തിരുന്നു. വാതിൽ തുറക്കപ്പെട്ടു. പുറത്ത് വന്നത് അലി. 
പിന്നത്തെ കഥ പറയണോ ...? 

ആൾബലവും ആയുധബലവും കൊണ്ടെന്ത് കാര്യം...?  തങ്ങളെ കബളിപ്പിച്ചു കടന്നുകളഞ്ഞില്ലേ ...? പിടികൂടാനുള്ള നെട്ടോട്ടം തുടങ്ങി. അബൂബക്കറിനെയും കാണാനില്ലെന്ന വാർത്ത പരന്നു ... 

ശത്രുക്കളുടെ മധ്യത്തിൽ അലി (റ)ഒറ്റക്കായി. ആളുകൾ പല സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടി നബി (സ)തങ്ങളെ ഏൽപിച്ചിരുന്നു. അവയെല്ലാം ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കണം. അത് അലി (റ)വിന്റെ ചുമതലയാണ്. മൂന്നു ദിവസം കൊണ്ട് എല്ലാം തീർക്കണം. എന്നിട്ട് വളരെ രഹസ്യമായി നാട് വിടണം. തനിക്കും കിട്ടണം ഹിജ്റയുടെ പ്രതിഫലം.  മക്കയിലെ മൂന്നു ദിവസങ്ങൾ, മറക്കാനാവാത്ത ദിവസങ്ങൾ തന്നെയാണവ. മക്ക ഇളകിമറിയുകയാണ്. പ്രവാചകനെ പിടികൂടാനുള്ള തീവ്രശ്രമങ്ങൾ നടന്നു. പിടികൂടുന്നവർക്ക് വമ്പിച്ച ഇനാം പ്രഖ്യാപിക്കപ്പെട്ടു...

നബി (സ)തങ്ങളെ പിടികൂടണം. സമ്മാനം നേടണം. എത്രയോ സാഹസികന്മാർ നെട്ടോട്ടം ഓടുകയാണ്. അലി (റ)എല്ലാം കാണുന്നു. എന്തൊരു കാഴ്ച. മൂന്നു ദിവസങ്ങൾ കൊണ്ടു ചുമതലകൾ പൂർത്തിയാക്കി. സൂക്ഷിപ്പു സാധനങ്ങൾ ഉടമസ്ഥർക്കു നൽകി ...

ഇനി നാടു വിടണം എങ്ങനെ...? 

രാത്രിയുടെ ഇരുട്ടിൽ യാത്ര ചെയ്യും. നേരം വെളുത്താൽ ഒളിച്ചിരിക്കും. ദീർഘദൂരം നടന്നു. കാലുകൾ പൊട്ടി നീര് വന്നു വീർത്തു നടക്കാൻ വയ്യാത്ത അവസ്ഥയാണ്. എന്നിട്ടും നടന്നു. കാലിൽ തുണി ചുറ്റിക്കെട്ടി.  ഉറക്കമില്ലാത്ത രാവുകൾ. ക്ഷീണിച്ചു വിവശനായി ദീർഘദൂരം നടന്ന് ഖുബായിലെത്തി. മുസ്ലിംകളുള്ള ഗ്രാമ പ്രദേശം.  മുസ്ലിം വീട് കണ്ടെത്തി. ശയ്യയിൽ വീണുപോയി. വാർത്ത പ്രചരിക്കാൻ ഏറെ സമയം വേണ്ട. അലി (റ) എത്തിയ വാർത്ത പരന്നു ...

നബി (സ)ഖുബായിൽ തന്നെ ഉണ്ടായിരുന്നു. അലി (റ)വിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അലിക്കു സുഖമില്ലെന്നറിഞ്ഞ് നബി (സ)പുറപ്പെട്ടു. ആ കൂടിക്കാഴ്ച വളരെ വികാരഭരിതമായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. നബി (സ)ധൃതിയിൽ നടന്നുവരികയാണ്. അലിയെ കാണാൻ  സ്വഹാബികൾ കൂടിനിൽപ്പുണ്ട് ...

അലി (റ)കിടന്ന കിടപ്പിൽ നിന്നെഴുന്നേൽക്കാൻ പാടുപെടുന്നു. നബി (സ) തങ്ങളുടെ മുഖം കാണുന്നു. അലി (റ) വിന്റെ നയനങ്ങൾ നിറയുന്നു. സലാം ചൊല്ലി, സ്നേഹവാത്സല്യങ്ങളുടെ പ്രവാഹം ...

അലി (റ) കാലുകൾ നീട്ടിവെച്ചു. മുറിവുകൾ, കാൽ നിറയെ നീര്. തുണികൊണ്ടുള്ള ചുറ്റിക്കെട്ട്. എന്തൊരു ത്യാഗം. കെട്ടുകൾ അഴിച്ചുമാറ്റി മുറിവുകൾ പരിശോധിച്ചു. കാലിലെ വൃണം  കാരണം എനിക്ക് നടക്കാൻ പറ്റിയില്ല. അങ്ങയെ വന്നു കാണാൻ കഴിഞ്ഞില്ല. അലി (റ)വേദനയോടെ പറഞ്ഞു...
നബി (സ) തങ്ങളുടെ നയനങ്ങൾ നിറഞ്ഞൊഴുകുന്നത് ചുറ്റും നിന്നവർ കണ്ടു. നീര് വന്ന ഭാഗത്തൊക്കെ നബി (സ)തങ്ങൾ തന്റെ ഉമിനീര് പുരട്ടി ഇരുകരങ്ങൾ കൊണ്ടും കാൽ തടവിക്കൊടുത്തു.  പുണ്യം നിറഞ്ഞ കരങ്ങൾ കൊണ്ടുള്ള തടവൽ. ആ തടവലിന് അത്ഭുത ശക്തിയുണ്ട്. ഈ കാലുകൾ തളർന്നു പോവരുത്. ഈ കാലുകൾ ബലം കൂടിയതാവണം. വേദന വേണ്ട. നീര് കെട്ടി ബുദ്ധിമുട്ടിയാൽ പറ്റില്ല.  ഇനിയുള്ള കാലം നിരന്തരം ചലിക്കേണ്ട കാലുകളാണിത്. ഈ കാലുകൾക്കിനി വിശ്രമം കാണില്ല. 
അതെ അത് തന്നെയാണ് സംഭവിച്ചത് ...

ആ കാലുകൾക്ക് ബലം കൂടി. ഒരിക്കലും തളർന്നില്ല. അത് റബീഉൽ അവ്വൽ മാസമായിരുന്നു. ആ മാസം  മധ്യത്തോടെയാണ് അലി (റ) ഖുബായിലെത്തിയത്. അലി (റ) എത്തിയശേഷം എല്ലാവരും കൂടി യസ്രിബിലേക്കു നീങ്ങി. യസ്രിബ് ആഹ്ലാദം കൊള്ളുകയാണ്. ആവേശകരമായ സ്വീകരണം ...

അൻസ്വാറുകൾ മുഹാജിറുകളെ സ്വീകരിച്ചു. സ്വന്തം സഹോദരങ്ങളായിട്ടാണ് സ്വീകരിച്ചത് ...

നബി (സ)അവർക്കിടയിൽ സാഹോദര്യബന്ധം സുദൃഢമാക്കി. ചരിത്രം വിസ്മയിച്ചുപോയ സാഹോദര്യബന്ധം. ഓരോ മുഹാജിറിനെയും ഓരോ അൻസ്വാരിക്ക് ഏൽപിച്ചു കൊടുത്തു. സഹോദരനായി സ്വീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി... 

എന്റെ സഹോദരൻ അലിയാകുന്നു.  
നബി (സ) പ്രഖ്യാപിച്ചു.  സ്വഹാബികൾ സന്തോഷപൂർവം ആ പ്രഖ്യാപനം സ്വാഗതം ചെയ്തു ...

പല ചരിത്രകാരന്മാരും ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചില റിപ്പോർട്ടുകളിൽ ഇങ്ങനെ കാണാം:  

അലി (റ)വിനെ സഹോദരനായി സ്വീകരിച്ചത് സഹ്ലുബ്നു ഹുദൈഫ (റ) ആയിരുന്നു ... 

അലി (റ)എപ്പോഴും നബി (സ)യുടെ നോട്ടത്തിലും പരിഗണനയിലും തന്നെയായിരുന്നു. പല ചുമതലകൾ നിർവഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാം കൃത്യമായി ചെയ്തു തീർക്കും. സത്യവിശ്വാസികളുടെ ആദരവ് നേടുകയും ചെയ്യും. വിലായത്തിന്റെ ഉന്നത പദവിയാണ് അലി (റ) വഹിച്ചത്...

 ദാരിദ്ര്യം ആ മഹാനെ വിട്ടകന്ന് പോയതേയില്ല. പല നാളുകളിലും പട്ടിണിയിലായിരുന്നു.  യഥാർത്ഥ മഹാന്മാരുടെ അവസ്ഥയാണത് ...
നബി (സ)തങ്ങളുടെ ഓമന മകൾ ഫാത്വിമ. 
ഏറ്റവും ഇളയ മകൾ. 
പൊന്നുമോളെ ലാളിച്ചു മതിയായില്ല. അതിനു മുമ്പെ ഉമ്മ ഖദീജ ബീവി (റ) വഫാത്തായി. ഫാത്വിമ കൊച്ചു കുട്ടിയാണ്. ഉമ്മ പോയി ഇത്താത്തമാരാണ് മോളെ നോക്കി വളർത്തിയത്. മൂത്ത ഇത്താത്ത സൈനബ് എന്തൊരു സ്നേഹമാണ് ഇത്താത്താക്ക്. അവരുടെ നേരെ ഇളയതാണ് റുഖിയ്യ  ഇത്താത്ത. അവർ ഭർത്താവിനോടൊപ്പം അബ്സീനിയായിലായിരുന്നു. പിന്നെയുള്ളത് ഇളയ ഇത്താത്ത ഉമ്മുകുൽസൂം.  സൈനബും ഉമ്മുകുൽസൂമുമാണ്  ഓമനയായ ഫാത്വിമയെ ലാളിച്ചു വളർത്തിയത്...
നബി (സ)യുടെ തനിപ്പകർപ്പാണ് ഫാത്വിമ അതേ നടത്തം, ഭാവം .
നബി (സ)തങ്ങൾ ഫാത്വിമയോട് കാണിച്ച സ്നേഹവാത്സല്യങ്ങൾ വിവരിക്കാൻ വാക്കുകളില്ല. ഫാത്വിമക്ക് ഇത്താത്തമാരെ വല്ലാത്ത ഇഷ്ടമായിരുന്നു. 

പിൽക്കാലത്ത് ഫാത്വിമ (റ) രണ്ട് പെൺകുട്ടികളെ പ്രസവിച്ചു. അവർക്ക് സൈനബ് എന്നും ഉമ്മുകുൽസൂം എന്നും പേരിട്ടു. ഇത്താത്തമാരോടുള്ള സ്നേഹം അങ്ങനെയാണ് പ്രകടിപ്പിച്ചത് ...

കുട്ടിക്കാലത്ത് ഫാത്വിമയോട് കാണിച്ച അതേ സ്നേഹപ്രകടനം മുതിർന്ന ശേഷവും നബി  (സ)മകളോട് കാണിച്ചിരുന്നു. ഫാത്വിമ (റ) വരുമ്പോൾ എഴുന്നേറ്റുനിന്ന് സ്വീകരിക്കും, കെട്ടിപ്പിടിക്കും, മുത്തം കൊടുക്കും. തന്റെ ഇരിപ്പിടത്തിൽ തന്നെ ചേർത്തിരുത്തും ...

നബി (സ)തങ്ങളും സ്വഹാബികളും യസ്രിബിലെത്തിയതോടെ ആ പട്ടണത്തിന്റെ പേര് തന്നെ മാറ്റപ്പെട്ടു. ഹിജ്റക്ക് ശേഷം യസ്രിബ് മദീനയായി.  ഹിജ്റ വന്നിട്ട് ഒരു വർഷം കടന്നുപോയി. ഇത് രണ്ടാം വർഷം. ഹിജ്റ രണ്ടാം വർഷത്തിന് പല പ്രാധാന്യങ്ങളുമുണ്ട്.  റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത് ഈ വർഷമാണ്. സക്കാത്ത് നിർബന്ധമായി വന്ന വർഷം. ചെറിയ പെരുന്നാളും വലിയ പെരുന്നാളും വന്നു. ഫിത്വർ സകാത്തും ഉള്ഹിയ്യത്തും വന്നു. ബദ്ർ യുദ്ധം നടന്നു. ഹിജ്റ രണ്ടാം വർഷത്തിൽ തന്നെയാണ് അലി (റ) വിവാഹിതനാവുന്നത് ...

ഉമ്മുസലമ (റ)  നബി (സ)തങ്ങളുടെ പ്രിയ പത്നി. ഒരു ദിവസം നബി (സ)അവരെ കാണാൻ വന്നു. അവർ അകത്തിരുന്നു സംസാരിക്കുകയാണ്. മുൻവാതിൽ അടഞ്ഞു കിടന്നു. പുറത്തുനിന്ന് ഒരാൾ വാതിലിൽ മുട്ടി ആരാണ്...?  ഉമ്മുസലമ (റ) ചോദിച്ചു... നബി  (സ)ഇങ്ങനെ പറഞ്ഞു:  

ഉമ്മുസലമാ..... വാതിൽ തുറന്നുകൊടുക്കൂ .....അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടുന്ന ഒരാളാണത് പറയൂ ..... ആരാണയാൾ ... ? ഉമ്മുസലമ (റ) ചോദിച്ചു 

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സഹോദരൻ പിന്നെ ഒന്നും ചോദിച്ചില്ല ധൃതിയിൽ വാതിൽ തുറന്നു ആഗതൻ കടന്നു വന്നു ... അലി (റ)..

ഉമ്മുസലമ (റ) വേഗത്തിൽ അകത്തേക്ക് പോയി. അലി (റ)ഗൗരവമുള്ള ഒരു കാര്യം പറയാൻ വന്നതാണ്. വാക്കുകൾ പുറത്ത് വരുന്നില്ല. ദൃഷ്ടികൾ താഴ്ത്തി നിന്നു ... 

ഇരിക്കൂ .....അലി... നബി (സ)പറഞ്ഞു 
അലി (റ) ഇരുന്നു. മൗനം തന്നെ ...

എന്ത് പറയാനാണ് വന്നത് ...? പറഞ്ഞോളൂ... എന്ത് പറഞ്ഞാലും പരിഗണിക്കും ...

അലി (റ) സംസാരിച്ചു ... വല്ലാത്തൊരാവേശത്തോടെ..., അല്ലാഹുവിന്റെ റസൂലേ ....അങ്ങാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാൾ. എന്റെ പിതാവിനെക്കാളും മാതാവിനെക്കാളും ഞാൻ അങ്ങയെ ഇഷ്ടപ്പെടുന്നു. ഒന്നു മറിയാത്ത കുട്ടിയായിരുന്നപ്പോൾ അങ്ങ് എന്നെ കൊണ്ടുപോയി വളർത്തി. എന്നെ സംസ്കാരം പഠിപ്പിച്ചു. വിശുദ്ധ ഖുർആൻ പഠിപ്പിച്ചു. നല്ലതും ചീത്തയും വേർതിരിച്ചുതന്നു. എന്നെ മനുഷ്യനാക്കി വളർത്തി. അങ്ങയോടല്ലാതെ മറ്റാരോടും എന്റെ കാര്യങ്ങൾ പറയാനില്ല ...

അലീ..... പറയൂ..... എന്താണ് നിനക്ക് വേണ്ടത്...? 

എനിക്കൊരു കുടുംബജീവിതം വേണം ... വിവാഹം വേണം ...

അലീ..... നീ ആരെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു ...?

അങ്ങയുടെ മകൾ ഫാത്വിമയെ എനിക്ക് വിവാഹം ചെയ്തു തരുമോ...? 

അകത്തുനിന്ന് സംഭാഷണം ശ്രദ്ധിക്കുകയാണ് ഉമ്മുസലമ (റ). അവർ നബി (സ)യുടെ മുഖത്തേക്ക് നോക്കി ...

മനോഹരമായ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നു. മുഖത്ത് പ്രകാശം പരക്കുന്നു... നബി (സ)വളരെ സന്തോഷത്തിലാണ് ...

അലീ ..... നിന്റെ കൈവശം എന്താണുള്ളത് ...? ഫാത്വിമാക്ക് മഹ്റ് കൊടുക്കാൻ ...

അലി (റ)വിന്റെ മുഖം വാടി. ദുഃഖത്തോടെ മറുപടി നൽകി. എന്റെ അവസ്ഥ അങ്ങേക്കറിയാമല്ലോ എന്റെ കൈവശം പണമൊന്നുമില്ല... എന്റെ വാളും പടയങ്കിയും ഒട്ടകവുമല്ലാതെ മറ്റൊന്നും എന്റെ കൈശമില്ല ... 

നബി (സ)തങ്ങൾ ഫാത്വിമ (റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു:  
മോളേ... ഫാത്വിമാ.....ഞാനൊരു കാര്യം ചോദിക്കാം മനസ്സിലുള്ളത് തുറന്നു പറയണം... അലി നിന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു  നിന്റെ അഭിപ്രായം എന്താണ്...?  

മനോഹരമായ മുഖത്ത് നാണം പരന്നു. അവർ സ്വരം താഴ്ത്തി പറഞ്ഞത് ഇത്രമാത്രം : 

അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ഇഷ്ടമാണ് എന്റെ ഇഷ്ടം ...

വിവാഹത്തിന് സമ്മതമാണെന്ന് മനസ്സിലായി. നബി (സ)തങ്ങൾ അലി (റ)വിനെ ഇങ്ങനെ അറിയിച്ചു... ഫാത്വിമാക്ക് നാനൂറ് ദിർഹം മഹ്ർ നൽകണം നിന്റെ പടയങ്കി വിറ്റ് പണമുണ്ടാക്കുക ...

അലി (റ) പടയങ്കി വിറ്റു. മഹ്റിനുള്ള പണമായി. നബി (സ)തന്റെ ഭൃത്യൻ അനസ് (റ) വിനെ വിളിച്ചു വരുത്തി. നീ പോയി അബൂബക്കർ, ഉമർ, ഉസ്മാൻ, ത്വൽഹ, സുബൈർ  എന്നീ മുഹാജിറുകളെയും അത്രയും എണ്ണം അൻസ്വാറുകളെയും വിളിച്ചു കൊണ്ടു വരിക ...





അനസ് (റ)  പോയി എല്ലാവരെയും വിവരമറിയിച്ചു. എല്ലാവരും വന്നുചേർന്നു. അനുഗ്രഹീതമായ സദസ്സ്. നബി (സ)ഖുതുബ നിർവഹിച്ചു. നാനൂറ് ദിർഹം മഹറിനു പകരം ഫാത്വിമയെ അലിക്ക് വിവാഹം ചെയ്തുകൊടുക്കുന്നതായി അറിയിച്ചു ...

അലി (റ) പറഞ്ഞു:  ഞാൻ സ്വീകരിച്ചു. തൃപ്തിപ്പെട്ടു. ആ മഹാന്മാർ നിക്കാഹിന് സാക്ഷികളായി. എല്ലാ മനസ്സുകളിലും സന്തോഷം നിറഞ്ഞു നിന്നു ...

എന്തൊരു ഭക്തിനിർഭരമായ അന്തരീക്ഷം. എല്ലാം വളരെ ലളിതം. ആർഭാഢങ്ങളില്ല. പൊലിപ്പും പൊങ്ങച്ചവുമില്ല. മാതൃകാ വിവാഹം ...

അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് അലി (റ)സുജൂദ് ചെയ്തു. സുജൂദിൽനിന്ന് തല ഉയർത്തിയപ്പോൾ നബി (സ) പ്രാർത്ഥിച്ചു ...

ബാറക്കല്ലാഹു ലകുമാ.... വ ബാറക്ക അലൈക്കുമാ....

ഒരു തളികയിൽ കാരക്ക കൊണ്ടു വന്നു. അത് സദസ്സ് ഭക്ഷിച്ചു. ചടങ്ങുകൾ അവസാനിച്ചു ...

ബദ്ർ യുദ്ധത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹവാർത്ത മദീനാ നിവാസികളെ സന്തോഷിപ്പിച്ചു ...

അലി (റ)വും ഫാത്വിമ (റ)യും 
അവരിൽനിന്നാണ് ഇനി അനുഗ്രഹീതമായ തലമുറ വരാൻ പോവുന്നത് ... ശാഖോപശാഖകളായി ലോകമെങ്ങും വ്യാപിക്കാൻ പോവുന്ന അഹ്ലുബൈത്ത് ...

അഹ്ലുബൈത്ത് സകല മനുഷ്യർക്കുമുള്ള അഭയകേന്ദ്രം. അതിൽ അഭയം പ്രാപിച്ചവർക്കു രക്ഷ, അല്ലാത്തവർക്ക് അരക്ഷിതാവസ്ഥ ...

ഏതാനും മാസങ്ങൾക്കു ശേഷമാണ് പുതിയ പെണ്ണിനെ കൂട്ടിക്കൊണ്ട് പോവുന്ന ചടങ്ങ് നടന്നത് ...
അന്ന് വലീമത്ത് നടത്തണം. വിവാഹ സദ്യ 
ഒരു ആടിനെ വാങ്ങണം. കുറച്ച് റൊട്ടിയുണ്ടാക്കണം. അതാണ് അലി (റ)വിന്റെ മനസ്സിലെ ആഗ്രഹം.
അതിനുവേണം കുറച്ചു പണം. എവിടെനിന്നുണ്ടാക്കും ... ? 

മനസ്സിൽ ചെറിയ ഒരാശയം വിരിഞ്ഞു. വാസനപ്പുല്ല് ശേഖരിച്ചു വിൽപ്പന നടത്തുക. അല്ലാഹു തുണയാവട്ടെ. അങ്ങനെ ഒരു ആടിനെ വാങ്ങി. കുറച്ച് ചോളവും വാങ്ങി. മണവാട്ടിയെ അണിയിച്ചൊരുക്കാൻ കുലീന വനിതകൾ വന്നു ചേർന്നു. അബ്ദുൽ മുത്തലിബിന്റെ പുത്രിമാർ മുൻപന്തിയിലുണ്ട്. നബി (സ)തങ്ങളും പത്നിമാരും സജീവമാണ് ... 

മുഹാജിറുകളും അൻസ്വാറുകളുമായ ചില വനിതകളുമുണ്ട്. സന്തോഷം കതിർകത്തിനിന്ന സന്ദർഭം ...

ആരോ പാട്ട്  പാടി. മറ്റുള്ളവർ ഏറ്റുപാടി. അതോടെ അന്തരീക്ഷം ആഹ്ലാദഭരിതമായി ...

ഉമ്മുസലമ (റ), ആഇശ (റ), ഹഫ്സ (റ) എന്നിവർ ഈണത്തിൽ പാടി. മറ്റൊരു നല്ല പാട്ടുകാരി മആദ (റ) ...

നബി (സ)വളരെ സന്തോഷവാനാണ്. തന്റെ കോവർകഴുതയെ കൊണ്ടു വന്നു മകളെ അതിന്റെ പുറത്തിരുത്തി. പെണ്ണുങ്ങൾ ചുറ്റും  കൂടി അങ്ങനെ ആ സംഘം മുമ്പൊട്ട് നീങ്ങി.

നബി (സ)പിന്നാലെ നടന്നു. കൂടെ ബന്ധുക്കളും... ഹംസ (റ), അഖീൽ (റ) എന്നിവർ അക്കൂട്ടത്തിലുണ്ട് ...

ആ സംഘം പുതുമാരന്റെ വീട്ടിലെത്തി. വളരെ  ചെറിയൊരു വീട്. സൗകര്യങ്ങൾ വളരെ പരിമിതം. ഭേദപ്പെട്ട ഷീറ്റും  പുതപ്പും തലയിണയും വാങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു ചെറിയ പുതപ്പാണുള്ളത്. രണ്ട് ശരീരങ്ങൾ മറക്കാൻ മാത്രമുള്ള വലുപ്പം അതിന്നില്ല. പുതച്ചാൽ കാലും തലയും പുറത്ത് കാണും. അലി (റ)വിന്റെ ഉമ്മ ഫാത്വിമ (റ) മരുമകളായി വന്ന ഫാത്വിമയെ മനംനിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു ...

അൽഹംദുലില്ലാഹ് 

ഇതിനെക്കാൾ പുണ്യവതിയായൊരു മരുമകൾ വരാനില്ല ... ഫാത്വിമ (റ) കുടുംബിനിയായി മാറി. വീട്ടിനകത്തെ ജോലിയെല്ലാം അവർതന്നെ ചെയ്യും.
പുറത്തെ ജോലികൾ ഉമ്മയും ചെയ്യും. പിന്നെപ്പിന്നെ ഫാത്വിമ (റ)യുടെ ജോലിഭാരം കൂടിക്കൂടി വന്നു. ധാന്യം പൊടിക്കാൻ നല്ല അധ്വാനം വേണം. കല്ല് തിരിച്ച് കൈയിൽ തഴമ്പ് വന്നു. തഴമ്പിന് വേദന വന്നു. വെള്ളം കോരിക്കൊണ്ടുവരേണ്ടിവന്നു. വസ്ത്രം അലക്കണം. വളരെ കഷ്ടപ്പാടുകൾ സഹിച്ചു. പരുക്കൻ ജീവിതം തന്നെ...

 ഫാത്വിമ (റ)ഗർഭിണിയായി. അത് എല്ലാവർക്കും സന്തോഷ വാർത്തയായിരുന്നു.  ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഹസൻ എന്ന് പേരിട്ടു. നബി (സ)തങ്ങളോട് രൂപസാദൃശ്യമുള്ള കുട്ടി ...

പ്രസവിച്ച പത്നിയെ കഴിയാവുന്ന വിധത്തിലൊക്കെ അലി (റ)പരിചരിച്ചു. കടുത്ത ദാരിദ്ര്യം കാര്യമായിട്ടൊന്നും ചെയ്യാൻ അനുവദിച്ചില്ല ...

ഹസൻ എന്ന കുട്ടിക്ക് ഒരു വയസ് പ്രായം ആയപ്പോൾ ഫാത്വിമ (റ)രണ്ടാമത്തെ പുത്രനെ പ്രസവിച്ചു ...
കുഞ്ഞിന് ഹുസൈൻ എന്ന് പേരിട്ടു.
ഹസനും ഹുസൈനും ഈ സമൂഹത്തിന് ലഭിച്ച പ്രകാശ ദീപങ്ങൾ ...

നബി (സ) തങ്ങൾ ആ കുഞ്ഞുങ്ങളെ അഗാധമായി സ്നേഹിച്ചു. അവരുടെ കളിയിലും ചിരിയിലും പങ്കുകൊണ്ടു. അവർ മുട്ടുകാലിൽ ഇഴഞ്ഞു  നടക്കുമ്പോൾ നബി  (സ) തങ്ങളും അവരോടൊപ്പം മുട്ടുകാലിൽ നടന്നു ... നബി (സ)യുടെ ശിരസ്സ് പിടിച്ച് താഴ്ത്തും. എന്നിട്ട് പിരടിയിൽ കയറിയിരിക്കും. ചിരിച്ചു രസിക്കും. അവരുടെ തമാശകളിൽ ചേരും, ആസ്വദിക്കും ....

നിസ്കാരം നിർവഹിക്കുമ്പോൾ കുട്ടികൾ അടുത്തുവരും. സുജൂദ് ചെയ്യുമ്പോൾ പിരടിയിൽ കയറിയിരിക്കും. അവർ താഴെ ഇറങ്ങുന്നതുവരെ ക്ഷമിക്കും. എന്നിട്ട് തല ഉയർത്തും. കുഞ്ഞുങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നബി (സ)ലോകത്തെ പഠിപ്പിച്ചത് ഈ വിധത്തിലായിരുന്നു. അന്ത്യനാൾ വരെയുള്ള തലമുറകൾ അതറിയുന്ന അതിശയത്തോടെ അതിനെക്കുറിച്ചെല്ലാം സംസാരിക്കുന്നു ...

ഹസനും ഹുസൈനും ...

അവരെക്കുറിച്ചു രേഖപ്പെടുത്തട്ടെ, അവരെ വാഴ്ത്തിക്കൊണ്ട് കവിതകളെത്ര ...

അക്കാലത്ത് അറബി ഭാഷയിൽ അവരെ വാഴ്ത്തി. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഭാഷകളായ ഭാഷകളിലെല്ലാം അവർ വാഴ്ത്തപ്പെട്ടു. ഇനിയുമത് തുടരും അന്ത്യനാൾ വരെ. പരലോകത്ത് ചെന്നാലോ... ? 

സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളായിരിക്കും ഹസൻ (റ)വും ഹുസൈൻ (റ) വും. 
സ്വർഗത്തിലെ സ്ത്രീകളുടെ നേതാവാണ് ഫാത്വിമ (റ) ... 
നബി (സ)തങ്ങൾ അലി (റ)വിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്. സയ്യിദുദ്ദുൻയാ വ സയ്യിദുൽ ആഖിറ ...
ദുനിയാവിലെ നേതാവ് പരലോകത്തെയും നേതാവ് ...
നമ്മുടെ ആത്മാവിനോട് ഏറ്റവും അടുത്തു നിൽക്കേണ്ട കുടുംബമാണവർ ...

നബി (സ)തങ്ങൾ, ഫാത്വിമ (റ), അലി (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരടങ്ങിയ കുടുംബം ...
അലി (റ)വിന്റെ മഹത്വം വിവരിക്കാൻ ആർക്കാണു കഴിയുക... ? 
മഹാപണ്ഡിതൻ, സർഗസിദ്ധിയുള്ള കവി, സാഹിത്യകാരൻ, നിരൂപകൻ, ന്യായാധിപൻ, ഉജ്ജ്വല വാഗ്മി, ചിന്തകൻ, ബുദ്ധിജീവി, ധീരയോദ്ധാവ്, ഭരണാധികാരി എന്നൊക്കെ വർണിക്കാം ...

ഇവയിലൊന്നും  ഒതുങ്ങുന്നതല്ല ആ വ്യക്തിത്വം ...

ജാഹിലിയ്യാ കാലം അത് കവിതയുടെയും പ്രസംഗത്തിന്റെയും കാലമായിരുന്നു. കുട്ടിക്കാലത്ത് തന്നെ അലി (റ) ആ കവിതകൾ കേൾക്കുകയും പഠിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. പിന്നീട് ധാരാളം കവിതകൾ രചിക്കുകയും ചെയ്തു ...

വീട്ടിൽ വെച്ച് ഭാര്യയും ഭർത്താവും കവിതകൊണ്ട് സംഭാഷണം നടത്തിയിരുന്നു... 

ജാഹിലിയ്യാ കാലത്ത് പ്രസംഗകലയും ഉന്നത നിലവാരം പ്രാപിച്ചിരുന്നു. ജ്വലിക്കുന്ന വാക്കുകൾ ചേർത്തുവെച്ചുള്ള ആകർഷകമായ പ്രസംഗങ്ങൾ പ്രസംഗകലക്ക് വലിയ മതിപ്പുണ്ടായിരുന്നു. കാലം അക്കാലത്ത് ലക്ഷണമൊത്ത പ്രസംഗമാണ് അലി (റ) നടത്തിയത് ...

വിശുദ്ധ ഖുർആൻ വന്നതോടെ കവിതക്കു മങ്ങലേറ്റു. ശ്രദ്ധ മുഴുവൻ ഖുർആനിലേക്കായി ...

എന്നാൽ പ്രസംഗകല ഉജ്ജ്വലമായിത്തീർന്നു. ഖുർആൻ വിജ്ഞാനം പ്രസംഗകല സമ്പുഷ്ടമാക്കി.  വഹിയ് ഇറങ്ങുമ്പോൾ അത് രേഖപ്പെടുത്തുന്ന എഴുത്തുകാരിൽ പ്രമുഖനായിരുന്നു അലി (റ) ...
ഖുർആൻ വചനങ്ങളുടെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ അലി (റ) വിന് കഴിഞ്ഞു ...

ഖുർആനിനെക്കുറിച്ച് എന്തും ചോദിച്ചുകൊള്ളൂ ഞാൻ പറഞ്ഞു തരാം അലി (റ)വിന്റെ വചനമാണിത്.  അതുപോലെ പറയാൻ മറ്റാർക്ക് കഴിയും...?  

അന മദീനത്തുൽ ഇൽ വ അലിയ്യുൻ ബാബുഹാ  
(ഞാൻ വിജ്ഞാനത്തിന്റെ പട്ടണമാകുന്നു. അതിന്റെ വാതിൽ അലിയാകുന്നു.)
നബി (സ)യുടെ വചനമാണിത്.

അപൂർവ വിജ്ഞാനത്തിന്റെ അനേക വാതിലുകൾ അലി (റ)വിന്റെ മുമ്പിൽ തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു.

അപൂർവ വിജ്ഞാന ശാഖകൾ സ്വായത്തമാക്കിയതോടെ അലി (റ)വിന്റെ പ്രസംഗം അത്യുജ്ജ്വലമായിത്തീർന്നു. പ്രസംഗ വൈഭവത്തിൽ  അലി (റ)വിനെ പിന്നിലാക്കാൻ ആരുമില്ല. മുൻകാലക്കാരിലില്ല. പിൽക്കാലക്കാരിലുമില്ല... 

ഭാഷാ വിജ്ഞാനത്തിൽ ഒന്നാം സ്ഥാനക്കാരനാണ്. ആളുകൾ ഭാഷ തെറ്റായി പ്രയോഗിച്ചാൽ അദ്ദേഹം ദുഃഖിതനാവുമായിരുന്നു ...

ഇസ്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പ്രചരിക്കുകയും, പുതുതായി ധാരാളമാളുകൾ അറബി ഭാഷ കൈകാര്യം ചെയ്യാൻ തുടങ്ങുകയും ചെയ്തപ്പോൾ വ്യാകരണം അനിവാര്യമായിരുന്നു ...

വ്യാകരണത്തിന്റെ ആദ്യരൂപം ഉണ്ടാക്കിയെടുത്തത് അലി (റ)ആയിരുന്നു. നഹ്വ് എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന്റെതാകുന്നു ...

ഭാഷയുടെ ആദ്യപാഠമായി ഇസ്മ് (നാമം), ഫിഹ്ല് (ക്രിയ), ഹർഫ്(അവ്യയം) എന്നൊക്കെ പറഞ്ഞുവെച്ചത് അലി (റ)ആകുന്നു ...

കർമശാസ്ത്രം ആ നാക്കിൻതുമ്പിലുണ്ടായിരുന്നു. കർമങ്ങളുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉടനെ ഉത്തരം കിട്ടും. നക്ഷത്രങ്ങളെക്കുറിച്ച് നന്നായറിയാം. ജ്യോതിശാസ്ത്രത്തിനപ്പുറമുള്ള വിജ്ഞാനം നേടിയിരുന്നു. അനന്തരാവകാശ നിയമങ്ങൾ ഞൊടിയിടയിൽ പറയുമായിരുന്നു. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾ വരുമ്പോൾ ആദ്യത്തെ മൂന്നു ഖലീഫമാരും അലി (റ)വിനെ ആശ്രയിച്ചിരുന്നു ...

ഏറ്റവും മികച്ച വിജ്ഞാനം തൗഹീദ്. വിജ്ഞാനം അതൊരു മഹാവിജ്ഞാനമാണ്. മഹ്രിഫത്ത് സമുദ്രംപോലെ വിശാലമാണത്. അതിന്റെ അധിപൻ അലി (റ).

ഔലിയാക്കൾക്കും ആരിഫീങ്ങൾക്കുമൊക്കെ അതിൽനിന്ന് അൽപമൊക്കെ കിട്ടിയിട്ടുണ്ട്. സുൽത്താനുൽ ഔലിയ 

ഔലിയാക്കന്മാരുടെ സുൽത്വാൻ ആരാണത് ? 
കേൾക്കാൻ യോഗ്യരായവരോട് യോഗ്യരല്ലാത്തവരെ മികച്ച ശിക്ഷണത്തിലൂടെ യോഗ്യരാക്കിയെടുക്കുകയും ചെയ്തു ...

ഇന്നും ഖാദിരി ശൈഖുമാർ അത് തുടർന്നുകൊണ്ടിരിക്കുന്നു. അവരിലൂടെ അലി(റ)വിന്റെ അനുഗ്രഹം ലോകമെങ്ങും ഒഴുകിക്കൊണ്ടിരിക്കുന്നു ...

പരിശുദ്ധമായ ത്വരീഖത്തിന്റെ മശാഇഖന്മാരിലൂടെ അനുഗ്രഹം വരുന്നു ...

സാദാത്തീങ്ങളിലൂടെയും വരുന്നു. സാദാത്തീങ്ങളെന്നാൽ, അഹ്ലുബൈത്ത്.

 അഹ്ലുബൈത്ത് രണ്ട്  കൈവഴികളിലൂടെ വരുന്നു. ഹസനിയും,ഹുസൈനിയും 
ഹസൻ (റ) വിന്റെ പരമ്പര ഹസനി  
ഹുസൈൻ (റ) വിന്റെ പരമ്പര ഹുസൈനി... 

സയ്യിദന്മാരുടെ പരമ്പര നോക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പരമ്പര നോക്കാറുണ്ട് ...




ഉമ്മ ഹസനിയും ഉപ്പ ഹുസൈനിയുമായി വരാം. അപ്പോൾ ആ സയ്യിദ് ഹസനിയും ഹുസൈനിയുമാകുന്നു. ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി.) അവർകളുടെ പിതാവ് ഹസനിയും മാതാവ് ഹുസൈനിയും ആകുന്നു. 

മഹാനവർകൾ ഹസനിയും ഹുസൈനിയും ആകുന്നു അതുകൊണ്ടാണ് മുഹിയുദ്ദീൻ മാലയിൽ ഖാളി മുഹമ്മദ് (റ) ഇങ്ങനെ പാടിയത് ...
സുൽത്വാനുൽ ഔലിയ എന്ന് പേരുള്ളോവർ തായും ബാവയും (ഉമ്മയും ഉപ്പയും ) സയ്യിദാകുന്നു ഒരാൾ ഹസനി, മറ്റെയാൾ ഹുസൈനി ...

അന്ത്യനാൾ വരെ ഈ പരമ്പര നീണ്ടു നിൽക്കും ...

ഹസൻ ബസ്വരി (റ) അലി (റ)വിന്റെ ശിഷ്യനാകുന്നു. മുരീദാകുന്നു. ആ മഹാന്റെ പരമ്പരയും നീണ്ടുനിൽക്കും. അലി (റ) എന്നും സജീവ സാന്നിദ്ധ്യമാണ്... നബി (സ) തങ്ങളോടുള്ള അടങ്ങാത്ത സ്നേഹം. ആ സ്നേഹത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള സന്നദ്ധത. ചരിത്രത്തിൽ ഇതിന് എത്രയോ ഉദാഹരണങ്ങൾ കാണാം. ആരെയും കോരിത്തരിപ്പിക്കുന്ന ഒരു സംഭവം പറയാം ...

നബി (സ)യുടെ വീട്ടിൽ പട്ടിണിയാണ്. വെച്ചുവിളമ്പാൻ ഒന്നുമില്ല. ഒരു കാരക്ക പോലുമില്ല ...

അലി (റ) ഇതറിഞ്ഞു. കൂലിപ്പണി ചെയ്തു എന്തെങ്കിലും സമ്പാദിക്കണം. തൊഴിൽ അന്വേഷിച്ചു നടന്നു. തൊഴിലാളികളെ വേണ്ടത് ജൂതന്മാർക്കാണ്. അലി (റ) ഒരു ജൂതനെ സമീപിച്ചു. ഒരു തൊഴിൽ ആവശ്യപ്പെട്ടു ...

ജൂതന്റെ തോട്ടത്തിൽ വെള്ളം നനയ്ക്കണം. ഒരു തൊട്ടി വെള്ളം നനച്ചാൽ ഒരു കാരക്ക കൂലി. കഠിനമായ അദ്ധ്വാനം ചെറിയ പ്രതിഫലം.  ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരി നനയ്ക്കാൻ തുടങ്ങി. പതിനേഴ് തൊട്ടി വെള്ളം കോരി നനച്ചു. പതിനേഴ് കാരക്ക കിട്ടി. അതുമായി നബി (സ) തങ്ങളുടെ വീട്ടിൽ ഓടിയെത്തി. കാരക്ക വിനയപൂർവം നൽകി ...

നബി (സ) ചോദിച്ചു:  ഇതെവിടെനിന്ന് കിട്ടി...?

അലി (റ) സംഭവം വിവരിച്ചു ...

വീണ്ടും ചോദ്യം വന്നു:  അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്നേഹമാണോ നിന്നെ ഇതിന് പ്രേരിപ്പിച്ചത്...?  

അതെ യാ റസൂലല്ലാഹ് ...

ഇനിയെന്താണ് പറയാൻ പോവുന്നത്. എന്നറിയാൻ അലി (റ) ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ...

അപ്പോൾ കേട്ട വചനം അത് കേട്ടാലാരും ഒന്നു ഞെട്ടും.  ആ വചനം ഇങ്ങനെയായിരുന്നു : 

അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഈ വിധത്തിൽ സ്നേഹിക്കുന്നവർക്കു നേരെ പ്രളയജലത്തിന്റെ ശക്തിയോടെ ദാരിദ്ര്യം വന്നെത്തും ...

എന്തൊരു വചനമാണിത് ... ? 

പ്രളയജലം എത്ര ശക്തിയിലാണൊഴുകുക ? എത്ര വേഗത്തിലാണൊഴുകുക ? ആ ശക്തിയിലും വേഗത്തിലും ദാരിദ്ര്യം വരും ...

ആർക്കു നേരെയാണ് ദാരിദ്ര്യം ഇരമ്പി വരുന്നത് ... ?

അല്ലാഹുവിനെയും അവന്റെ റസൂലിനെയും അഗാധമായി സ്നേഹിക്കുന്നവർക്കു നേരെയാണ് വരുന്നത് ...

ഖദീജ (റ), അബൂബക്കർ (റ) തുടങ്ങി പലരും ധനികരായിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ സകല സ്വത്തും ചെലവഴിച്ചു. ഒടുവിൽ ദരിദ്രരായി മാറി ...

പട്ടിണിയും, പരിവട്ടവും ദുരിതവും സഹിക്കുന്ന സകല മനുഷ്യർക്കും അലി (റ)വിന്റെ ചരിത്രം ആവേശം നൽകുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റയും ക്ഷമയുടെയും മാതൃകകൾ ആ ചരിത്രത്തിൽ നിന്നാണ് ലഭിക്കേണ്ടത് ...

പതിവായി ആട്ടുകല്ലിൽ ധാന്യം അരച്ചെടുക്കണം, എന്നിട്ട് റൊട്ടിയുണ്ടാക്കണം കടുത്ത ജോലിയാണത്. കൈയിൽ വേദനയായി. ശരീരം ക്ഷീണിക്കുകയും ചെയ്തു. ജോലിക്കൊരാളെ കിട്ടിയിരുന്നെങ്കിൽ ...?

ഭാര്യാ ഭർത്താക്കാന്മാർ അക്കാര്യം ചർച്ച ചെയ്തുകൊണ്ടിരുന്നു. നബി (സ)തങ്ങളോട് പറഞ്ഞാൽ ഒരാളെ കിട്ടുമോ? ചിലപ്പോൾ കിട്ടിയേക്കും. പോയി പറയുന്നതെങ്ങനെ ? വല്ലാത്ത ലജ്ജ തോന്നി ...

ഒരു ദിവസം അലി (റ) ഭാര്യയോട് പറഞ്ഞു:  കുറെ യുദ്ധമുതലുകൾ വന്നു ചേർന്നിട്ടുണ്ട്. കൂട്ടത്തിൽ കുറെ അടിമകളുമുണ്ട്. നിങ്ങൾ ചെന്ന് ചോദിച്ചാൽ ഒരാളെ നമുക്കു കിട്ടിയേക്കും. ഒന്ന് ചെന്ന് ചോദിച്ചു നോക്കൂ ...

പോവാൻ നാണം എന്നിട്ടും പോയി. അവിടെ എത്തിയപ്പോൾ വന്ന കാര്യം പറയാൻ ലജ്ജ. പിതാവിനെ കണ്ടു കുശലം പറഞ്ഞു തിരിച്ചു പോന്നു. മറ്റൊരു ദിവസം ഫാത്വിമ (റ) വീണ്ടും പോയി. ഭർത്താവ് നിർബന്ധിച്ചപ്പോൾ പോയി. അന്ന് ഉപ്പയെ കണ്ടില്ല. ആഇശ (റ) യെ കണ്ട് തിരിച്ചു പോന്നു ...

നബി (സ)തങ്ങൾ വീട്ടിലെത്തിയപ്പോൾ ആഇശ (റ) മകൾ വന്ന  വിവരം പറഞ്ഞു. ഉടനെത്തന്നെ പിതാവ് മകളുടെ വീട്ടിലേക്ക് പുറപ്പെട്ടു ...

നബി (സ)തങ്ങൾ സലാം ചൊല്ലി കടന്നുവന്നു. സംഭാഷണത്തിന്നിടയിൽ അലി (റ) ഫാത്വിമ (റ) യുടെ പ്രയാസങ്ങൾ സൂചിപ്പിച്ചു.  ഒരു അടിമയെ കിട്ടിയാൽ കൊള്ളാം എന്ന ആഗ്രഹം പ്രകടിപ്പിച്ചു ...

നബി (സ)തങ്ങളുടെ മറുപടി ഇങ്ങനെയായിരുന്നു : 

വളരെ ദരിദ്രരായ ഒരു കൂട്ടം മുസ്ലിംകൾ മസ്ജിദിന്റെ ചരുവിൽ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ ഞാൻ നിങ്ങൾക്കെങ്ങനെ വേലക്കാരനെ വെച്ചു തരും. നിങ്ങൾ ചോദിച്ചതിനെക്കാൾ മെച്ചമായ ഒരു കാര്യം ഞാൻ പറഞ്ഞു തരാം ... 

ഉറങ്ങാൻ കിടക്കുമ്പോൾ സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നിവ മുപ്പത്തിമൂന്ന് തവണ വീതം ചൊല്ലുക അതാണ് നിങ്ങൾക്കു കൂടുതൽ ഫലപ്രദം ...

നബി (സ) തങ്ങൾ തിരിച്ചു പോയി. ബന്ദികളായ അടിമകളെ വിറ്റ് പണം മസ്ജിദിലെ സാധുക്കൾക്കു വേണ്ടി  ചെലവഴിച്ചു. ഫാത്വിമ (റ)യും അലി (റ)വും ശാന്തരായി നബി (സ)യുടെ ഉപദേശം നടപ്പാക്കി ...

ഒരിക്കൽ നബി (സ)തങ്ങൾ  അലി (റ)വിന്റെ വീട്ടിൽ വന്നു. ഫാത്വിമ (റ)യും മക്കളും വീട്ടിലുണ്ടായിരുന്നു ... അലി (റ) വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം മസ്ജിദിൽ ആണെന്ന് വിവരം കിട്ടി. ക്ഷേമാന്വേഷണങ്ങൾ നടത്തിയ ശേഷം നബി  (സ)മസ്ജിദിലേക്ക് നടന്നു. അലി (റ) കിടക്കുകയായിരുന്ന വയറിന്റെ ഭാഗത്ത് നിന്ന് പുതപ്പ് നീങ്ങിയിട്ടുണ്ട്. വയറിന്മേൽ മണ്ണ് പുരട്ടിയിട്ടുണ്ട്. നബി (സ) തങ്ങൾ തന്റെ അനുഗ്രഹീത കരങ്ങൾകൊണ്ട് മണ്ണ് തുടച്ചു കളഞ്ഞു എന്നിട്ട് പറഞ്ഞു:  

ഇരിക്കൂ അബൂതുറാബ് (മണ്ണിന്റെ പിതാവ്) 
അലി (റ)വിന് ആ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു. രണ്ട് തവണ അബൂതുറാബ് എന്ന് വിളിച്ചു. അങ്ങനെയൊരു വിളിപ്പേര് പ്രസിദ്ധമാവുകയും ചെയ്തു ... 

ബദർ രണാങ്കണത്തിൽ അലി (റ) അവർകളുടെ ധീര പോരാട്ടം ആർക്കാണ് മറക്കാനാവുക ...

യുദ്ധത്തിന്റെ മുന്നോടിയായി നടന്നത് ദ്വന്ദയുദ്ധമാണ്. മക്കയുടെ വീര പോരാളികൾ ആയുധങ്ങളുമായി പോർക്കളത്തിലിറങ്ങി മുസ്ലിംകളെ വെല്ലുവിളിച്ചു...

ഉത്ബത്തുബ്നു റബീഅഃ സഹോദരൻ ശൈബത്ത്, വലീദ് ...
മൂന്നു അൻസാരികൾ വെല്ലുവിളി സ്വീകരിച്ചു പോരിന്നിറങ്ങി. ശത്രുക്കൾ ഇങ്ങനെ വിളിച്ചു പറഞ്ഞു:  

നിങ്ങളെ ഞങ്ങൾക്കാവശ്യമില്ല മക്കയിൽ നിന്ന് ഓടിവന്നവരില്ലേ...? അവരിറങ്ങട്ടെ ...

ഉത്ത്ബത്തും ശൈബത്തും പോരാട്ടത്തിൽ വീരന്മാരാണ്. യുദ്ധത്തിലും കുതിര സവാരിയിലും അവരെ വെല്ലാൻ ആരുമില്ല. ഇതെല്ലാം നന്നായറിയാവുന്ന നബി (സ) തങ്ങൾ അവരെ നേരിടാൻ ആരെയാണ് നിയോഗിച്ചത് ... ? 
തനിക്ക് ഏറ്റവും പ്രിയപ്പെട്ട അടുത്ത ബന്ധുക്കളെ ഹംസ  (റ), അലി(റ), ഉബൈദത്ത് (റ) 

ഉബൈദത്ത് (റ) ഉത്ബത്തിനെ വെല്ലുവിളിച്ചു. ഹംസ (റ) ശൈബത്തിനെ വെല്ലുവിളിച്ചു. അലി (റ)വലീദിനെ വെല്ലുവിളിച്ചു. പടവാൾ ചുഴറ്റിക്കൊണ്ട് ആറുപേരും ചാടിയിറങ്ങി വന്നു പൊരിഞ്ഞ യുദ്ധം തുടങ്ങി. അലി (റ) ഒറ്റ വെട്ടിന് വലീദിനെ വീഴ്ത്തിക്കളഞ്ഞു. മുശ്രിക്കുകളുടെ ആവേശമായിരുന്ന വലീദ് വധിക്കപ്പെട്ടു. ഹംസ (റ) വിന്റെ ഉഗ്രൻ ആക്രമണം തടുക്കാൻ ശൈബത്തിന് കഴിഞ്ഞില്ല. ശൈബത്തും വധിക്കപ്പെട്ടു ...

ഉത്ബത്തും ഉബൈദത്ത് (റ) വും പൊരിഞ്ഞ പോരാട്ടത്തിലാണ്. ഉബൈദത്ത് (റ) വിന് വെട്ടേറ്റു. ഹംസ (റ), അലി (റ)എന്നിവർ മിന്നൽ വേഗത്തിൽ ഉത്ബത്തിന്റെ മേൽ ചാടിവീണു അവന്റെ കഥ കഴിച്ചു ...

ഏറെക്കഴിയുംമുമ്പെ ഉബൈദത്ത് ശഹീദായി...

ദുൽഫുഖാർ ...




ചരിത്രത്തെ കിടിലംകൊള്ളിച്ച ദുൽഫുഖാർ 

ബദർ യുദ്ധവേളയിൽ നബി (സ)തങ്ങൾ അലി (റ)അവർകൾക്ക് സമ്മാനിച്ച വാളാണ് ദുൽഫുഖാർ ...

ആ വാൾകൊണ്ടാണ് അലി (റ) വീരേതിഹാസങ്ങൾ രചിച്ചത്. എത്രയെത്ര പോർക്കളങ്ങളെ ദുൽഫുഖാർ രോമാഞ്ചമണിയിച്ചു. അറബി മലയാളത്തിൽ രചിക്കപ്പെട്ട പടപ്പാട്ടുകളിൽ ദുൽഫുഖാർ മിന്നിത്തിളങ്ങി നിൽക്കുന്നു. ദുൽഫുഖാറിനെ വാഴ്ത്തുന്ന പരാമർശങ്ങൾ ലോക ഭാഷകളിലെല്ലാം കാണാം ...

അലി (റ)വിന് ലഭിച്ച വിലമതിക്കാനാവാത്ത പാരിതോഷികമായിരുന്നു ആ വാൾ. ജീവനെപ്പോലെ ദുൽഫുഖാറിനെ സ്നേഹിച്ചു. ജീവിതാന്ത്യംവരെ കരുതലോടെ സൂക്ഷിച്ചു ...

അലി (റ) എവിടെയുണ്ടോ അവിടെ ദുൽഫുഖാറും ഉണ്ട്. എവിടെ ദുൽഫുഖാർ ഉണ്ടോ അവിടെ വിജയം ഉണ്ട് ...

അലി (റ)വിന്റെ ധീരനായ കുതിരയും ദുൽഫുഖാറും ചരിത്രത്തെ വിസ്മയം കൊള്ളിച്ചിട്ടുണ്ട് ...

ഒരു സദസ്സിൽ ദുൽഫുഖാർ എന്നു പറഞ്ഞാൽ മതി അവിടെ ആവേശത്തിന്റെ അലകടൽ ഇരമ്പും. ധീരസാഹസികതയുടെ ആവേശകരമായ ഓർമകൾ ഉണരും. നിർജ്ജീവമായ മനസ്സുകളെ സജീവമാക്കിത്തീർക്കും ...

ഉഹ്ദ് യുദ്ധം അത് വലിയൊരു പരീക്ഷണമായിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകൾ വിജയിച്ചു. ശത്രുക്കൾ പിൻതിരിഞ്ഞോടി ...

മലയുടെ മുകളിൽ അൻപത് വില്ലാളികളെ നബി (സ)കർശനനിർദേശങ്ങളോടെ നിർത്തിയിരുന്നു.  അബ്ദുല്ലാഹിബ്നു ജുബൈർ (റ) ആയിരുന്നു അവരുടെ നേതാവ്. യുദ്ധത്തിൽ ജയിച്ചാലും തോറ്റാലും നിങ്ങൾ സ്ഥലം വിടാൻ പാടില്ല. നിർദേശം കിട്ടുന്നതുവരെ അതായിരുന്നു കൽപന. പക്ഷെ അവർ കൽപന ലംഘിച്ചു. യുദ്ധം ജയിച്ചു എന്ന് കണ്ടപ്പോൾ അവർ സ്ഥലം വിടാൻ തുടങ്ങി. അബ്ദുല്ലാഹിബ്നു ജുബൈർ അതിന്നനുവദിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അവഗണിച്ചു ഭൂരിഭാഗം ആളുകളും സ്ഥലംവിട്ടു. ഇതൊരു വൻ വീഴ്ചയായിരുന്നു. ശത്രുക്കൾ മല അധീനപ്പെടുത്തി മുസ്ലിംകളെ ആക്രമിച്ചു. അമ്പുകളും കുന്തങ്ങളും തുരുതുരാ വരാൻ തുടങ്ങി ...

യുദ്ധം അവസാനിപ്പിച്ച് വിശ്രമിക്കുകയായിരുന്ന മുസ്ലിംകൾ പരിഭ്രാന്തരായി പരക്കം പാഞ്ഞു. മുഹമ്മദ് കൊല്ലപ്പെട്ടു. ശത്രുക്കൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നബി (സ) തങ്ങൾ എവിടെ?  പലർക്കും അറിയില്ല. നിരവധിപേർക്കു മുറിവേറ്റു. ഈ ഘട്ടത്തിൽ അലി (റ)നബി (സ)യോടൊപ്പം ചേർന്നു നിൽക്കുകയായിരുന്നു ...
ശത്രുക്കളുടെ ആക്രമണത്തിൽ നബി (സ) തങ്ങളുടെ ഒരു പല്ല് കൊഴിഞ്ഞു വീണു. ശിരസ്സിൽ മുറിവ് പറ്റുകയും ചെയ്തു ...  

ഫാത്വിമ (റ) യുടെ സാഹസികത തെളിഞ്ഞു കണ്ട ഒരു സന്ദർഭം കൂടിയാണിത്. ശത്രുക്കളുടെ  മാരകായുധങ്ങൾക്കു മുമ്പിലൂടെ അവർ ഓടിവരികയാണ്. നബി  (സ)തങ്ങളെ അന്വേഷിച്ചു ഓടിനടക്കുന്നു. അമ്പുകളും കുന്തങ്ങളും ചീറിവരുന്നതു കണ്ടിട്ടും പിന്തിരിഞ്ഞില്ല. എന്റെ ഉപ്പയെവിടെ... ? 

ഉപ്പയെ തിരിഞ്ഞു പിടിച്ചു. കൈപിടിച്ചു വലിച്ചുകൊണ്ടുപോയി സുരക്ഷിത സ്ഥാനത്ത് കൊണ്ടുപോയി നിർത്തി. തലയിൽ നിന്ന് രക്തം ഒഴുകിക്കൊണ്ടിരുന്നു. ഫാത്വിമ (റ) യോടൊപ്പം കുറെ സ്ത്രീകളും ഓടിയെത്തിയിരുന്നു. പാത്രങ്ങളിൽ വെള്ളം കൊണ്ടുവന്നിട്ടുണ്ട്. ഈത്തപ്പനയോലയുടെ പായ കരിച്ച് കരിയും കൊണ്ടുവന്നിട്ടുണ്ട്. അത് മുറിവിൽ വെച്ചുകെട്ടും.  ഒരു പാത്രം വെള്ളം അലി (റ)വിന്റെ കൈയിൽ കൊടുത്തിട്ട് ഫാത്വിമ (റ)പറഞ്ഞു:  വെള്ളം ഒഴിച്ചുതരൂ ഞാൻ മുറിവ് കഴുകാം... അലി (റ) വെള്ളം ഒഴിച്ചുകൊടുത്തു. ഫാത്വിമ (റ)മുറിവ് കഴുകി. അപ്പോൾ രക്തം കൂടുതൽ ഒഴുകി ...

ഫാത്വിമ (റ) പായയുടെ ഒരു കീറ് മുറിച്ചെടുത്തു മിനുസപ്പെടുത്തി മുറിവിൽ ഒട്ടിച്ചുവച്ചു. അപ്പോൾ രക്ത പ്രവാഹം നിന്നു. അപ്പോഴെല്ലാം ഫാത്വിമ (റ) പൊട്ടിക്കരയുന്നുണ്ടായിരുന്നു. മുറിവേറ്റ് വീണവർക്ക് ദാഹജലം നൽകി, മുറിവുകൾ കെട്ടിക്കൊടുത്തു. മുസ്ലിം സൈന്യം ഒന്നിച്ചു ചേരുകയും പ്രത്യാക്രമണം നടത്തി ശത്രുക്കളെ ഓടിക്കുകയും ചെയ്തു ...

ഉഹ്ദിൽ അലി(റ), ഫാത്വിമാ (റ) എന്നിവർ കാണിച്ച ധൈര്യം എക്കാലവും സ്മരിക്കപ്പെടും ...

ഹിജ്റ അഞ്ചാം വർഷം നടന്ന ഖന്ദഖ് യുദ്ധം ഇതിന് അഹ്സാബ് യുദ്ധം എന്നും പറയും ...



അലി (റ)വിന്റെ ധീരത പ്രകടമായ മറ്റൊരു രംഗമാണിത്. ശത്രുക്കൾ സംഘടിച്ചു. നിരവധി ഗോത്രങ്ങൾ ഐക്യമുന്നണിയായി സർവായുധങ്ങളുമായി മക്കയിൽ നിന്ന് പുറപ്പെട്ടു ...

സൽമാനുൽ ഫാരിസി (റ) വിന്റെ നിർദേശപ്രകാരം കിടങ്ങ് കുഴിച്ചു. വടക്കു പടാഞ്ഞാറൻ ദിശയിൽ മദീനയിലേക്കുള്ള പ്രവേശന മാർഗമാണത്. പതിനായിരത്തോളം വരുന്ന സൈന്യം എത്തി. ഞെട്ടിപ്പോയി ... മുമ്പിൽ കിടങ്ങ്. അറബികൾക്ക് പരിചയമില്ലാത്ത യുദ്ധതന്ത്രം. അതിസാഹസികരമായ ഒരു കൂട്ടം അശ്വഭടന്മാർ ശത്രുക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. കിടങ്ങിന്റെ വീതി കുറഞ്ഞ ഭാഗം നോക്കി അവർ ചാടിക്കടന്നുവന്നു. അംറുബ്നു അബ്ദൂദ് ശത്രുപക്ഷത്തെ മല്ലൻ. ആർക്കും അവനെ ജയിക്കാനാവില്ല എന്നാണ് മക്കക്കാരുടെ വിശ്വാസം. അവനെപ്പറ്റി ആളുകൾക്കിടയിൽ ഒരു ചൊല്ലുണ്ട്. ആയിരം അശ്വഭടന്മാർക്ക് തുല്യൻ. അവനതാ മുസ്ലിംകളെ വെല്ലുവിളിക്കുന്നു. എന്നോട് പൊരുതാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ ഇറങ്ങിവാ....

അലി (റ) നബി (സ)യോട് സമ്മതം ചോദിച്ചു. സമ്മതം നൽകിയില്ല. മല്ലൻ ശബ്ദമുയർത്തി ചോദിച്ചു ...

രക്തസാക്ഷികൾ പ്രവേശിക്കുമെന്ന് നിങ്ങൾ പറയുന്ന സ്വർഗമെവിടെ ...? രക്തസാക്ഷികളാവാൻ ആരും തയ്യാറില്ലേ ? എന്താ ആരും വരാത്തത്...? 

അലി (റ) പലതവണ സമ്മതം ചോദിച്ചു കിട്ടിയില്ല. സഹിക്കാൻ കഴിയാത്ത വാക്കുകൾ വിളിച്ചു പറഞ്ഞപ്പോൾ അലി (റ) വികാരഭരിതനായി അഭ്യർത്ഥിച്ചു: 

അല്ലാഹുവിന്റെ റസൂലേ ആ ധിക്കാരിയെ നേരിടാൻ എന്നെ അനുവദിച്ചാലും ...

നബി (സ) അനുവാദം നൽകി 

ദുൽഫുഖാർ ചുഴറ്റിക്കൊണ്ട് രണാങ്കണത്തിലേക്ക് കുതിച്ച അലി (റ) വിനെ കണ്ടപ്പോൾ മല്ലൻ പരിഹസിച്ചു... 

നിന്നെക്കാൾ പ്രായമുള്ള ആരും വരാൻ തയ്യാറില്ലേ... ? ആർക്കും ധൈര്യമില്ലേ... ?

എടാ കുട്ടീ.... കയറിപ്പോവൂ...നിന്റെ രക്തമൊഴുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല... 

അലി (റ) വിളിച്ചു പറഞ്ഞതിങ്ങനെ ; 

അല്ലാഹുവാണെ നിന്റെ രക്തമൊഴുക്കുന്നത് എനിക്ക് ഇഷ്ടമാണ്... 

മല്ലൻ കോപകുലനായി തന്റെ മൂർച്ചയേറിയ വാൾ ആഞ്ഞു വീശി  അലി (റ)വിന്റെ കൈവശം തോൽപരിചയാണുണ്ടായിരുന്നത് അതുകൊണ്ട് വെട്ട് തടുത്തു. പരിച വെട്ടിമുറിച്ചു വാൾ തലയിൽ കൊണ്ടു. അലി (റ) മല്ലന്റെ കഴുത്തിലെ ഞരമ്പ്  ലക്ഷ്യം വെച്ചു ചാടിയൊരു വെട്ട് ലക്ഷ്യം തെറ്റിയില്ല രക്തം ചീറ്റി അവൻ നിലത്ത് വീണു. ചാടിയെണീക്കാൻ നോക്കുമ്പോൾ വീണ്ടും വെട്ട് മല്ലൻ രക്തത്തിൽ കുളിച്ചു മരണപ്പെട്ടു... 

അല്ലാഹു അക്ബർ... 

അലി (റ) ഉറക്കെ തക്ബീർ ചൊല്ലി... 

ബദ്ർ യുദ്ധത്തിൽ അലി (റ)വാണ് പതാക വഹിച്ചത് എന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്... 

ഉഹ്ദ് പോർക്കളത്തിൽ മിസ്അബുബ്നു ഉമൈർ (റ)  ആയിരുന്നു പതാക വഹിച്ചത്. അദ്ദേഹം വീര രക്തസാക്ഷിയായിത്തീർന്നപ്പോൾ അലി (റ) പതാക ഏറ്റുവാങ്ങി... 

എല്ലാ മനസ്സുകളും അലി (റ)വിന്റെ പേരിൽ അഭിമാനം കൊണ്ടു. ഹിജ്റ ആറാം വർഷം 
നബി (സ)തങ്ങളും സ്വഹാബികളും ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്കു പുറപ്പെട്ടു. 
ഹുദൈബിയ്യ എന്ന സ്ഥലത്തെത്തിയപ്പോൾ ഖുറൈശികൾ തടഞ്ഞു. മക്കയിൽ പ്രവേശിക്കാൻ സമ്മതിച്ചില്ല...

പല ചർച്ചകൾ നടന്നു. ഒരു സന്ധിയുണ്ടാക്കാൻ തീരുമാനിച്ചു. സന്ധിവ്യവസ്ഥകൾ എഴുതാൻ നബി (സ) നിയോഗിച്ചത് അലി (റ) വിനെയായിരുന്നു. 

നബി (സ) ഇങ്ങനെ എഴുതാൻ ആവശ്യപ്പെട്ടു...

ബിസ്മില്ലാഹി റഹ്മാനി റഹീം ...

ഖുറൈശികളുടെ പ്രതിനിധിയായ സുഹൈലുബ്നുഅംറ് ഉടനെ എതിർത്തു.
അറബികളുടെ പാരമ്പര്യപ്രകാരം ബിസ്മി എഴുതണം ബിസ്മികല്ലാഹുമ്മ എന്നെഴുതണം 

അങ്ങനെ എഴുതിക്കൊള്ളാൻ നബി (സ) ആവശ്യപ്പെട്ടു. അലി (റ)അങ്ങനെ എഴുതി.

നബി (സ) അടുത്ത വാചകം പറഞ്ഞുകൊടുത്തു...
അല്ലാഹുവിന്റെ റസൂലായ മുഹമ്മദിൽ നിന്ന്...ഉടനെ സുഹൈൽ ചാടിയെണീറ്റ് പറഞ്ഞു അത് പറ്റില്ല. അബ്ദുല്ലയുടെ മകൻ മുഹമ്മദിൽ നിന്ന് എന്നെഴുതണം. നബി (സ) പറഞ്ഞ ഉടനെ അലി (റ) റസൂലുല്ലാഹി എഴുതിക്കഴിഞ്ഞിരുന്നു. അത് വെട്ടാൻ നബി  (സ) കൽപിച്ചു. 
അത് വെട്ടിക്കളയാൻ തന്നെക്കൊണ്ടാവില്ല. അലി (റ)തയ്യാറായില്ല ...

നബി (സ)തങ്ങൾ തന്നെ അത് വെട്ടിക്കളഞ്ഞു ... 

അലി (റ) എഴുതി മുഹമ്മദുബ്നു അബ്ദില്ല ...

പ്രത്യക്ഷത്തിൽ സന്ധിവ്യവസ്ഥകൾ മുസ്ലിംകൾക്കനുകൂലമായി തോന്നിയില്ല. എന്നാൽ അതൊരു വൻവിജയമായിരുന്നുവെന്ന് കാലം തെളിയിച്ചു ...

ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധം 

അലി (റ)വിന്റെ വ്യക്തിത്വം വെട്ടിത്തിളങ്ങിയ സന്ദർഭം. തന്ത്രപ്രാധാന്യമുള്ള പ്രദേശമാണ് ഖൈബർ ജൂതന്മാരുടെ സുശക്തമായ കോട്ടകളുണ്ടവിടെ എല്ലാ രീതിയിലും ശക്തരാണവർ ...

മുസ്ലിം സമൂഹത്തിന്റെ സുരക്ഷക്ക്  വൻ ഭീഷണിയാണവർ. ഖൈബർ ജയ്ച്ചടക്കേണ്ടത് അത്യാവശ്യമായിരുന്നു. മുസ്ലിംകൾക്കെതിരെയുള്ള പല ഗൂഢാലോചനകളും നടക്കുന്നതവിടെയാണ്. എല്ലാ ശത്രുക്കളും അവിടെ ഒത്തു ചേരുന്നു. 

മദീനയിൽ നിന്ന് എഴുപത് മൈൽ അകലെയാണ് ഖൈബർ. നബി (സ)തങ്ങൾ പതിനാലായിരം യോദ്ധാക്കളുമായി അവിടെയെത്തി ...

ഉഗ്രമായ പോരാട്ടങ്ങൾ നടന്നു. കോട്ടകൾ ഓരോന്നായി അധീനപ്പെടുത്തി. വലിയ കോട്ട അൽ ഖമൂസ് കോട്ട .

അത് പിടിച്ചെടുക്കാൻ പറ്റുന്നില്ല. അത്രക്ക് സുശക്തമാണത്. നാളുകൾ പലത് കടന്നുപോയി. യുദ്ധം അനിശ്ചിതമായി നീളുന്നു. ഒരു ദിവസം നബി (സ)തങ്ങൾ ഇങ്ങനെ പ്രസ്താവിച്ചു ... നാളെ ഞാൻ ഈ കൊടി ഒരാളെ ഏൽപിക്കും. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പ്രീതി നേടിയ ആളാണത്. അയാൾ കാരണം കോട്ട ജയിച്ചടക്കാനാവും.  ഓരോ  സ്വഹാബിയുടെ മനസ്സിലും പ്രതീക്ഷ വളർന്നു  ആ സൗഭാഗ്യം തനിക്ക് കിട്ടുമോ...?  

ആ രാത്രിയുടെ ചിന്ത അതുതന്നെ. നേരം പുലർന്നു എല്ലാവരും ആകാംക്ഷയിലാണ് ...

അലി എവിടെ...?  

നബി (സ)അന്വേഷിച്ചു ...

കണ്ണ് രോഗം ബാധിച്ചു വിശ്രമിക്കുകയാണ്. അലിയെ വിളിക്കൂ ... അലിയെ വിളിച്ചു കൊണ്ടു വന്നു. ശക്തമായ  കണ്ണുരോഗം. വല്ലാത്ത അസ്വസ്ഥത. കണ്ണ് തുറക്കാൻ പറ്റുന്നില്ല. വെളിച്ചം കാണാൻ പ്രയാസം. ഇരട്ടിൽ പോയി കിടന്നാൽ മതി ...

നബി (സ)തന്റെ ഉമിനീര് അലി (റ)വിന്റെ കണ്ണിൽ പുരട്ടി. 

രോഗശമനത്തിനായി പ്രാർത്ഥിച്ചു. ഒരു നവോന്മേഷം കൈവന്നു. 
അലീ.... ഈ കൊടി ഞാൻ നിന്നെ ഏൽപിക്കുന്നു. മുമ്പോട്ടു പോവുക അവരെ ഇസ്ലാമിലേക്കു ക്ഷണിക്കുക... ഇത് അല്ലാഹുവിന്റെ കൽപനയാണെന്നറിയിക്കുക. നീ കാരണം ഒരാൾ സന്മാർഗം പ്രാപിച്ചാൽ അതായിരിക്കും അനേകം ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനേക്കാൾ നല്ലത് ...

കണ്ണുരോഗം ശമനമായി. വർധിച്ച വീര്യത്തോടെ മുന്നേറി. ജൂതന്മാരുടെ സേനാനായകൻ മുറഹ്ഹിബ് അലി (റ) അവനെ സന്മാർഗത്തിലേക്കു ക്ഷണിച്ചു. അവൻ അവജ്ഞയോടെ അലി (റ)വിന്റെ വാക്കുകൾ തള്ളിക്കളഞ്ഞു. മുറഹ്ഹിബും അലിയും ഏറ്റുമുട്ടി. ഉഗ്ര പോരാട്ടം മുറഹ്ഹിബ് ആഞ്ഞുവെട്ടി. അലി (റ)പരിചകൊണ്ട് തടുത്തു. വെട്ടിന്റെ ശക്തിയിൽ പരിച തെറിച്ചു പോയി ...

ശത്രു വീണ്ടും വാൾ വീശുകയാണ്. പരിച കൈവശമില്ല. വെട്ട് തടുക്കാൻ സമീപത്ത് ഒരു സാധനവുമില്ല ...

കോട്ടയുടെ വാതിലുണ്ട്. ഭാരം വളരെ കൂടുതലാണ്. അതൊന്ന് പൊക്കാൻ നല്ല ആരോഗ്യമുള്ള നാൽപതാളുകൾ വേണം. ചിന്തിച്ചു നിൽക്കാൻ സമയമില്ല. ഒരു ചാട്ടം ... കോട്ട വാതിൽ പിടിച്ചു ശക്തമായൊരു വലി. എല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് ഒറ്റ വലി..  കോട്ടവാതിൽ പൊളിഞ്ഞു. ഒറ്റക്ക് കോട്ടവാതിൽ പൊക്കിയെടുത്തു. മുറഹ്ഹിബിനെ നേരിട്ടു. അടുത്ത നിമിഷം മുറഹ്ഹിബ് തല തകർന്ന് താഴെ വീണു... അവന്റെ ശരീരം ചിതറിപ്പോയി. മുസ്ലിംകൾ കൂട്ടത്തോടെ കോട്ടയ്ക്കകത്തേക്ക് കുതിച്ചു കയറി... ഖൈബർ വിജയം അലി (റ)വിന്റെ വിജയം. ഇസ്ലാമിക ചരിത്രത്തിലെ നിർണായക വിജയമാണിത് ... 

ഹിജ്റ എട്ടാം വർഷം ...

നബി (സ) മക്ക മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. നീക്കങ്ങളെല്ലാം പരമ രഹസ്യമാണ് ഖുറൈശികൾ യാതൊന്നും അറിയരുത്... 

ഒരുദിവസം അനുയായികളോടൊപ്പം മക്കയിൽ പ്രവേശിക്കുക. നേരത്തെ ഒരു വിവരവും അവർക്ക് കിട്ടരുത് ...

ഹാത്വിബ് (റ) സ്വഹാബയാണ്. അദ്ദേഹം ഒരു കത്തെഴുതി. ഖുറൈശികൾക്ക് അയക്കാനുള്ള കത്ത് നബി (സ)തങ്ങളുടെ പുറപ്പാടിനെക്കുറിച്ചായിരുന്നു. കത്ത് തന്റെ ഭാര്യയും കുട്ടികളും മറ്റു കുടുംബാംഗങ്ങളും  മക്കയിലാണ്. അവരെ സംരക്ഷിക്കാനാളില്ല. ഖുറൈശികൾ അവരെ നോക്കണം. അതിനുവേണ്ടി ഖുറൈശികൾക്ക് ഒരു ഉപകാരം ചെയ്യാം. ഈ ചിന്തയിൽ നിന്നാണ് കത്ത് പിറന്നത്. ഒരു സ്ത്രീ കത്തുമായി പുറപ്പെട്ടു. മുടിക്കെട്ടിനുള്ളിലാണ് കത്ത്. സ്ത്രീ യാത്ര പുറപ്പെട്ടു. അല്ലാഹുവിൽനിന്ന് ദിവ്യസന്ദേശം വന്നു. നബി (സ) വിവരമറിഞ്ഞു ...

നല്ല കുതിരസവാരി അറിയുന്നവരെ വിടണം. സ്ത്രീയെ പിടികൂടി കത്ത് കൈവശപ്പെടുത്താൻ സാഹസികരായ രണ്ടു പേരെ അയക്കാം ...

ഒന്നാമൻ അലി (റ) തന്നെ. കൂടെ സുബൈർ  (റ). കുതിരകൾ അതിശ്രീഘ്രം പാഞ്ഞു. നബി  (സ) തങ്ങൾ സൂചിപ്പിച്ച സ്ഥലത്ത് വെച്ചുതന്നെ സ്ത്രീയെ കണ്ടെത്തി.  നിന്റെ കൈവശമുള്ള കത്ത് തരൂ ... എന്റെ കൈവശം കത്തില്ല. ഉണ്ട് മര്യാദക്ക് കത്ത് തരണം  അല്ലെങ്കിൽ നിന്റെ ദേഹം പരിശോധിക്കും ... 
സ്ത്രീ ഭയന്നുപോയി. മുടിക്കെട്ടിൽ നിന്ന് കത്തെടുത്തു കൊടുത്തു. അലി (റ)വും സുബൈർ (റ) വും കത്ത് നബി (സ)യെ ഏൽപിച്ചു ...

ഹാത്വിബ് ബദ്റിൽ പങ്കെടുത്തിരുന്നു. അതിനാൽ നടപടിയൊന്നും ഉണ്ടായില്ല ...

അലി (റ)വിനെ നബി (സ) തങ്ങൾ യമനിലേക്കയച്ചു. ഇസ്ലാം മത പ്രചരണത്തിന് വേണ്ടിയാണ് അയച്ചത് ...

യമനിലെത്തി പലരെയും കണ്ട് സംസാരിച്ചു. പ്രഭാഷണങ്ങൾ നടത്തി. ശ്രോതാക്കളുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന ആകർഷകമായ സംസാരം ...

ഹമദാൻ ഗോത്രം അപ്പാടെ ഇസ്ലാം സ്വീകരിച്ചു. ഈ വാർത്ത അറിയിച്ചുകൊണ്ട് അലി (റ)ഒരു കത്തെഴുതി നബി (സ) തങ്ങൾക്ക് അയച്ചുകൊടുത്തു... 

കത്ത് വായിച്ചുകേട്ട നബി (സ) സന്തോഷവാനായി. നന്ദിയുടെ സുജൂദ് ചെയ്തു. സുജൂദിൽ നിന്ന് ശിരസ്സുയുർത്തി രണ്ട് തവണ ഇങ്ങനെ പറഞ്ഞു:  ഹമദാനികൾക്കു സമാധാനം ഹമദാനികൾക്കു സമാധാനം ...

ഹിജ്റ ഒമ്പതാം വർഷം ഹജ്ജ് നിർബന്ധമാക്കപ്പെട്ടു ... അബൂബക്കർ സിദ്ദീഖ് (റ) വിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകളെ ഹജ്ജ് ചെയ്യാൻ വേണ്ടി മക്കയിലേക്കയച്ചു. അവർ പോയ ശേഷം ചില ഖുർആൻ വചനങ്ങൾ അവതരിച്ചു. ആ വചനങ്ങൾ മക്കയിലുള്ളവരെ അറിയിക്കണം. അതിനുവേണ്ടി അലി (റ) അവർകളെ അയച്ചു ...

വഴിയിൽ വെച്ചുതന്നെ അവർ കണ്ടുമുട്ടി. പിന്നീട് മക്കയിലേക്കു ഒന്നിച്ചു യാത്ര ചെയ്തു. മക്കക്കാരെ വിശുദ്ധ ഖുർആൻ വചനങ്ങൾ അലി (റ)ഓതിക്കേൾപ്പിച്ചു. എല്ലാവരും ഹജ്ജ് നിർവഹിച്ചു ...

വിടവാങ്ങൽ ഹജ്ജ് ...




നബി (സ)തങ്ങളുടെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലേറെ മുസ്ലിംകൾ മക്കയിലെത്തി. അലി (റ)കൂടെത്തന്നെയുണ്ട്. ഓരോ കർമവും നടക്കുമ്പോൾ തൊട്ടടുത്ത് തന്നെയുണ്ട്. അറഫായിൽ ഒന്നിച്ചുണ്ട് ...

ബലി ദിനം നബി (സ) നൂറ് ഒട്ടകത്തെ അറുക്കാൻ നിശ്ചയിച്ചു. അറുപത്തിമൂന്ന് ഒട്ടകങ്ങളെ നബി (സ)തങ്ങൾ തന്നെ അറുത്തു ബാക്കിയുള്ളവയെ അലി (റ) അറുത്തു ...

മിനായിൽ രാപ്പാർത്തു. മക്കയിൽ തിരിച്ചെത്തി. വിടവാങ്ങൽ ത്വവാഫ് നടത്തി.  ജനങ്ങളോട് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാൻ കൽപ്പിച്ചു. എല്ലാവരും യാത്രയായി. നബി (സ) തങ്ങളും മദീനക്കാരും പുറപ്പെട്ടു... 

ഗദീർ ഖുമ്മിലെത്തി തമ്പടിച്ചു. അവിടെവെച്ച് നബി (സ) പ്രസംഗിച്ചു. പ്രസംഗത്തിൽ അലി (റ) വിന്റെ മഹത്വങ്ങൾ വിവരിച്ചു. ജനങ്ങൾ അതിശയത്തോടെ കേട്ടുകൊണ്ടിരുന്നു. നബി (സ)ഇതുകൂടി പറഞ്ഞു:  

അലിയെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും. അലിയോട് ശത്രുത കാണിക്കുന്നവരോട് അല്ലാഹുവും ശത്രുത പുലർത്തും. അലി (റ)വിന്റെ ആത്മീയവും ഭൗതികവുമായ ഔന്നിത്യം മനസ്സിലാക്കാൻ പ്രേരണ നൽകുന്ന വചനം ...

ദുൽഹജ്ജ് മാസത്തിൽ തന്നെ അവർ മദീനയിലെത്തി. സ്വഹാബികളുടെ മനസ്സുകളിൽ ഒരു ദുഃഖചിന്തയുണ്ട്. വിടവാങ്ങൽ ഹജ്ജോടുകൂടി മതത്തിന്റെ പൂർത്തീകരണം നടന്നിരിക്കുന്നു. എല്ലാവരും അതിൽ ആഹ്ലാദിച്ചു. അബൂബക്കർ സിദ്ദീഖ്  (റ) ദുഃഖിതനായി കാണപ്പെട്ടു. കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു ... 

മതത്തിന്റെ പൂർത്തീകരണം നടന്നാൽ പിന്നെ പ്രവാചകന്റെ ആവശ്യം കഴിഞ്ഞു. അവിടുത്തെ വിയോഗത്തിന്റെ സൂചനയാണിത്. അപ്പോഴാണ് എല്ലാവരും അതുവഴി ചിന്തിച്ചത് ... 

ദുൽഹജ്ജ് അവസാനിച്ചു. പുതു വർഷം പിറന്നു ... മുഹർറം, സഫർ മാസങ്ങൾ മുമ്പിലുണ്ട്. പിന്നെ വരുന്നത് റബീഉൽ അവ്വൽ മാസം. റബീഉൽ അവ്വലിലാണ് വിയോഗം നടക്കുന്നത്. പനി വന്നു, പനി കൂടി ബോധക്ഷയം വന്നു. മസ്ജിദിലേക്കു പോവാൻ പറ്റാതെയായി. നബി (സ)തങ്ങളെ പരിചരിക്കാൻ അലി (റ)വും ഫാത്വിമ (റ)യും കൂടെത്തന്നെയുണ്ട് ...

ഉൽക്കണ്ഠ നിറഞ്ഞ മദീന നിസ്കാരത്തിന് അബൂബക്കർ സിദ്ദീഖ് (റ) നേതൃത്വം നൽകുന്നു. എവിടെയും ദുഃഖം മാത്രം ... 

ഫാത്വിമ (റ)ഉപ്പയുടെ അടുത്തിരിക്കുന്നു. കുടുംബാംഗങ്ങൾ നോക്കിനിൽക്കുന്നു. ഉപ്പ മകളുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു. മകൾ കരയാൻ തുടങ്ങി... രണ്ടാമതും സ്വകാര്യം പറഞ്ഞു, അപ്പോൾ മകൾ ചിരിച്ചു ... നബി (സ)തങ്ങൾ പറഞ്ഞതെന്താണെന്ന് പിന്നീടാണ് വെളിപ്പെടുത്തിയത്. ഈ രോഗത്തിൽ ഞാൻ രക്ഷപ്പെടില്ലെന്നാണ് ആദ്യം പറഞ്ഞത്. അപ്പോൾ കരഞ്ഞു ...
ഞാൻ മരണപ്പെട്ടശേഷം എന്റെയടുത്ത് ആദ്യം എത്തിച്ചേരുന്ന കുടുംബാംഗം നീ ആയിരിക്കും അത് പറഞ്ഞപ്പോൾ ചിരിച്ചു ...

നിസ്കാരം, സക്കാത്ത്, അടിമകളുടെ അവകാശങ്ങൾ നൽകൽ എന്നിവ കൃത്യമായി നടത്തണമെന്ന് വഫാത്തിന് തൊട്ടു മുമ്പ് വസ്വിയ്യത്ത് ചെയ്തതായി അലി (റ) പ്രസ്താവിച്ചിട്ടുണ്ട് ...

അവസാനഘട്ടം സമാഗതമാവുകയാണ്. സ്വുബ്ഹി നിസ്കാരം നടക്കുമ്പോൾ അലി (റ)വിന്റെയും ഫസലുബ്നു അബ്ബാസ്  (റ) വിന്റെയും ചുമലിൽ താങ്ങിക്കൊണ്ട് മസ്ജിദിൽ പോയി. സ്വിദ്ദീഖ് (റ) വിന്റെ വലതു വശത്തിരുന്നുകൊണ്ട് നബി (സ) നിസ്കരിച്ചു. ആഇശ (റ) യുടെ മുറിയിൽ വെച്ചാണ് വഫാത്തായത്. അലി(റ), അബ്ബാസ്(റ), പുത്രൻ ഫസൽ, ഖുസാം, ഉസാമ ബിൻ സൈദ് എന്നിവർ ചേർന്നാണ് കുളിപ്പിച്ചത് ...

ഉസാമയും ശുക്റാനും വെള്ളം ഒഴിച്ചുകൊടുത്തു. അലി (റ) ശരീരം കഴുകി. എന്തൊരു സുഗന്ധം കുളിപ്പിച്ചുകൊണ്ടിരുന്ന അലി (റ)പറഞ്ഞു: ജീവിച്ചിരുന്നപ്പോഴും മരണശേഷവും അങ്ങയുടെ ശരീരത്തിന് എന്തു നല്ല സുഗന്ധം ...

കുളിപ്പിക്കൽ കർമം പൂർത്തിയായി. കഫൻ ചെയ്തു. കഫൻ ചെയ്യൽ കർമത്തിന്റെ വിശദാംശങ്ങൾ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട് സന്ദർശകർക്കുവേണ്ടി പള്ളിയുടെ ഭാഗത്തെ വാതിൽ തുറന്നു. അവസാനമായി ഒന്നു നോക്കാൻ ജനാസ നിസ്കാരം നിർവഹിക്കാൻ ആളുകളുടെ പ്രവാഹമായി...

ഖബറടക്കൽ കർമത്തിന് നേതൃത്വം വഹിച്ചതും അലി (റ)ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളായിരുന്നു.  എല്ലാം കഴിഞ്ഞു... റൗളാ ശരീഫിൽ ദുഃഖിച്ചിരിക്കാൻ അലി (റ)വിന് സമയമില്ല. ഓർമ്മകൾ തിരതല്ലി വരികയാണ്. അവയ്ക്കൊന്നും പിടികൊടുക്കാതെ സമൂഹത്തെ ശാന്തരാക്കാനും അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനും വേണ്ടി അലി (റ) രംഗത്ത് വന്നു. തിരക്കോട് തിരക്കുള്ള ദിവസങ്ങൾ ...

അബൂബക്കർ സിദ്ദീഖ് (റ) ഒന്നാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു ...
ഖലീഫയെന്ന നിലയിലുള്ള ആദ്യത്തെ പ്രസംഗം നടത്തി. ഈ പ്രസംഗം കഴിഞ്ഞ ഉടനെ അലി (റ) ബൈഅത്ത് നടത്തി ...

അബൂബക്കർ (റ) ഖലീഫയായി സ്ഥാനമേറ്റ ദിവസം തന്നെ അലി (റ)വിന്റെ ബൈഅത്ത് നടന്നുവെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് ...

പ്രധാന കാര്യങ്ങളിലെല്ലാം ഒന്നാം ഖലീഫ അലി (റ)വുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. നബി (സ) തങ്ങളുടെ വഫാത്ത് കഴിഞ്ഞിട്ട് ആറ് മാസമായി. ഫാത്വിമ (റ)ക്ക് പിതാവിന്നടുത്തേക്ക് പോവാൻ സമയമായി. പ്രസംഗത്തിന്നിടയിൽപോലും നബി (സ) ഫാത്വിമയെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട് ...

ഫാത്വിമ എന്റെ ശരീരത്തിന്റെ കഷ്ണമാണ്. ആര് അവരെ ദുഃഖിപ്പിക്കുന്നുവോ അവരെന്നെയാണ് ദുഃഖിപ്പിക്കുന്നത്. ഈ വിധത്തിലായിരുന്നു നബി (സ)യുടെ പ്രശംസ ...

നബി (സ)യാത്ര പോകുമ്പോൾ അവസാനം സന്ദർശിക്കുക ഫാത്വിമ (റ)യെ ആയിരിക്കും. യാത്ര കഴിഞ്ഞുവന്നാൽ ആദ്യം സന്ദർശിക്കുക ഫാത്വിമ (റ)യെയായിരിക്കും. ഫാത്വിമ (റ)ക്ക് നബി (സ)യുമായി വല്ലാത്ത രൂപസാദൃശ്യം ഉണ്ടായിരുന്നു. മഗ്രിബിനും ഇശാഇനും ഇടയിലായിരുന്നു ഫാത്വിമ (റ)യുടെ വഫാത്ത്. മരണവാർത്ത കേട്ട് മദീന ഞെട്ടിപ്പോയി. അബൂബക്കർ സിദ്ദീഖ് (റ), ഉമർ  (റ), സുബൈർ (റ), അബ്ദുറഹ്മാനുബ്നു ഔഫ് (റ) തുടങ്ങിയവർ പെട്ടെന്നുതന്നെ വന്നുചേർന്നു ...

ജനാസ നിസ്കാരത്തിന് താങ്കൾ നേതൃത്വം നൽകണം. അലി (റ) ഖലീഫയോടാവശ്യപ്പെട്ടു. താങ്കൾ ഉള്ളപ്പോഴോ ? ഖലീഫ ചോദിച്ചു ...
അലി (റ)നിർബന്ധം തുടർന്നു. ഖലീഫ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു ...

ഹിജ്റ 11 റമളാൻ മൂന്നിനായിരുന്നു വഫാത്ത്. 

അലി (റ)-ഫാത്വിമ (റ) ദമ്പതികൾക്ക് അഞ്ച് മക്കളുണ്ടായിരുന്നു. (1)ഹസൻ  (2)ഹുസൈൻ  (3)മുഹ്സിൻ (4)സൈനബ് (5)ഉമ്മുകുൽസൂം ...

നബി (സ)തങ്ങളുടെ വിയോഗദുഃഖം അലി (റ) വിന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. അതിന്നിടയിൽ പ്രിയ പത്നി ഫാത്വിമ (റ) യുടെ വിയോഗം ദുഃഖത്തിനു മേൽ ദുഃഖം ...
സമൂഹം ഒറ്റക്കെട്ടായി നിൽക്കണം ഭിന്നിക്കരുത് ... ഇതിനുവേണ്ടി ഏത് ത്യാഗം  ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു ...

ഒന്നാം ഖലീഫ ഭരണം നടത്തിയത് രണ്ട് വർഷവും മൂന്നു മാസവുമായിരുന്നു.  അറുപത്തി മൂന്നാം വയസ്സിൽ ഖലീഫ വഫാത്തായി. വീണ്ടും ദുഃഖത്തിന്റെ ദിനങ്ങൾ. മദീന ശോകമൂകമായി. ആഇശ (റ) പിതാവിനെയോർത്ത് കരഞ്ഞു ...

ഖലീഫയുടെ മരണവാർത്തയറിഞ്ഞ് അലി (റ) വീട്ടിൽ ഓടിയെത്തി. നിശ്ചലനായി കിടക്കുന്ന ഖലീഫയെ നോക്കി അലി (റ) പറഞ്ഞ വികാരഭരിതമായ വാക്കുകൾ കാലത്തെ പ്രകമ്പനം  കൊള്ളിക്കുന്നതായിരുന്നു ...

വന്ദ്യരായ അബൂബക്കർ ...,

അല്ലാഹു താങ്കളെ അനുഗ്രഹക്കട്ടെ ... നബി (സ) തങ്ങൾ ഇസ്ലാം മതത്തിലേക്ക് ആളുകളെ ക്ഷണിച്ചപ്പോൾ ഒന്നാമതായി ക്ഷണം സ്വീകരിച്ച പുരുഷനാണ് താങ്കൾ. എല്ലാവരെക്കാളും മുമ്പെ താങ്കൾ ഇസ്ലാംമും ഈമാനും പൂർണമാക്കി. ഏറ്റവും കൂടുതൽ തഖ്വ (ഭയഭക്തി) താങ്കളുടെ മനസ്സിലാണ്. നബി (സ)തങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് താങ്കളെയാണ് ...

എല്ലാവരും പ്രവാചകനെ കളവാക്കിയപ്പോൾ താങ്കൾ സത്യമാക്കി. താങ്കൾ സിദ്ദീഖ് എന്ന് വാഴ്ത്തപ്പെട്ടു. എല്ലാവരും കൈവിട്ടപ്പോൾ കൂടെനിന്നു ...

രണ്ടിൽ രണ്ടാമനായി ഹിജ്റയിൽ സഹയാത്രികനായിരുന്നു.  ഏറ്റവും നല്ല പിൻഗാമിയായി സേവനം ചെയ്തു. അല്ലാഹുവിന് പ്രിയങ്കരനാണ് താങ്കൾ. അല്ലാഹു താങ്കൾക്ക് ഉചിതമായ പ്രതിഫലം നൽകട്ടെ ആമീൻ ...

ഖലീഫയുടെ മരണാനന്തര ചടങ്ങുകളെല്ലാം ഭംഗിയായി നിർവഹിക്കപ്പെട്ടു ...

ഉമറുൽ ഫാറൂഖ് (റ) അധികാരത്തിൽ വന്നു. 
രണ്ടാം ഖലീഫയും അലി (റ)വിന്റെ സേവനം വേണ്ടതുപോലേ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രധാന കാര്യങ്ങളിലെല്ലാം കൂടിയാലോചന നടത്തിയിരുന്നു. സങ്കീർണ പ്രശ്നങ്ങൾ എത്ര ലളിതമായാണ് അലി (റ)കൈകാര്യം ചെയ്യുന്നത്. ഇത് ഉമർ (റ) വിന് സഹായകമായി ...

നീറുന്ന പ്രശ്നങ്ങൾ അലി (റ)വിന്റെ സഹായത്തോടെ പരിഹരിച്ച ശേഷം ഉമർ (റ) പറഞ്ഞു ...

അലി  ഇല്ലായിരുന്നെങ്കിൽ ഉമർ നശിച്ചത് തന്നെ. എല്ലാവരുടെയും ഓർമയിൽ ഒരു നബി വചനമുണ്ട് ...
അലിയാണ് ഏറ്റവും നല്ല വിധികർത്താവ് ...

ഒരിക്കൽ ഉമർ (റ) ബൈത്തുൽ മുഖദ്ദസിലേക്ക് പോയി. കുറെനാൾ കഴിഞ്ഞാണ് മടങ്ങിവന്നത്. ഇക്കാലത്ത് ഭരണനിർവഹണം നടത്തിയത് അലി (റ) ആയിരുന്നു ...

ഫാത്വിമ (റ)യുടെ വഫാത്തുവരെ അലി (റ) മറ്റൊരു വിവാഹവും കഴിച്ചിട്ടില്ല. അവരുടെ വഫാത്തിന് ശേഷം ചില വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഉമർ (റ) വിന്റെ ഓമന മകളാണ് ഉമ്മുകുൽസൂം ...

ഉമ്മുകുൽസൂമിനെ അലി (റ)വിന് വിവാഹം ചെയ്തുകൊടുത്തു. ഉമർ (റ) - അലി (റ) തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായി, ദൃഢമായി ...

നഹാവന്ദ് യുദ്ധം ഇസ്ലാമിക ചരിത്രത്തിലെ അത്യുഗ്ര പോരാട്ടം. മുസ്ലിംകളെ ലോക ശക്തികൾ ഒന്നിച്ചാക്രമിക്കുകയാണ്. ശത്രുക്കൾക്കെതിരെ യുദ്ധം നയിക്കാൻ ഖലീഫ സന്നദ്ധനായി. പലരും ഖലീഫയെ പ്രോത്സാഹിപ്പിച്ചു ...

അലി (റ) സമ്മതിച്ചില്ല. ന്യായങ്ങൾ നിരത്തി സംസാരിച്ചു. അലി (റ)പറഞ്ഞത് സത്യമാണെന്ന് ഖലീഫ സമ്മതിച്ചു ...
നുഹ്മാനുബ്നു മുഖ്രിനെ സൈന്യാധിപനായി നിയോഗിച്ചു. എന്നാൽ ബൈത്തുൽ മുഖദ്ദസിലേക്കു പോവാൻ അലി (റ)ഖലീഫയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അത് അനിവാര്യമായിരുന്നു. അങ്ങനെ അവിസ്മരണീയമായ ചരിത്രവേള ഉണ്ടായിത്തീർന്നു ...

ഉമർ (റ) വധിക്കപ്പെട്ട ദിവസം അലി (റ)ദുഃഖം സഹിക്കാതെ കരഞ്ഞുപോയി ...
പുതപ്പിട്ടു മൂടിയ ഖലീഫയുടെ മയ്യിത്തിന് മുമ്പിൽ അലി (റ)വന്നു നിന്ന രംഗം കണ്ടവരാരും മറക്കില്ല ...

ചില വാചകങ്ങൾ പറഞ്ഞു. പിന്നെ സംസാരിക്കാനാവാതെ പൊട്ടിക്കരഞ്ഞു...  
പിന്നീട് പലരും അലി (റ)വിനോട് ചോദിച്ചു: 

താങ്കൾ സഹിക്കാനാവാത്ത സങ്കടത്തിലായിരുന്നു. സ്വയം നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു. എന്താണ് കാരണം...? 
മറുപടി ഒരു വാചകം മാത്രം ...

ഉമർ (റ) വിന്റെ മരണംകൊണ്ട് മുസ്ലിം സമുദായത്തിനുണ്ടായ നഷ്ടം അന്ത്യനാൾ വരെ നികത്താൻ കഴിയുകയില്ല. ആ വസ്തുത എനിക്കറിയാം. അതാണ് എന്നെ കരയിപ്പിച്ചത് ...

മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ (റ) പ്രധാന കാര്യങ്ങളിലെല്ലാം അലി (റ)വിന്റെ ഉപദേശം തേടിയിരുന്നു ...

സബഇകൾ എന്ന അക്രമി സംഘം മൂന്നാം ഖലീഫയെ ഉപരോധിച്ച ഘട്ടത്തിൽ അലി (റ) അവരുമായി എത്രയോ തവണ വാക്പോര് നടത്തിയിട്ടുണ്ട് ...

ഖലീഫയുടെ ജീവൻ രക്ഷിക്കാൻവേണ്ടി സ്വന്തം മക്കളായ ഹസനെയും ഹുസൈനെയും കാവൽ നിർത്തിയിരുന്നു ...

വിപ്ലവകാരികൾ വെള്ളം നിരോധിച്ചു. ഒരു തുള്ളി വെള്ളം അകത്തേക്ക് കടത്താൻ സമ്മതിച്ചില്ല. വിപ്ലവകാരികൾ തടിച്ചുകൂടി നിൽക്കുകയായിരുന്നു. അവർക്കിടയിലൂടെ ഒരു പാത്രം വെള്ളവുമായി ഞെങ്ങിഞെരുങ്ങിപ്പോവുന്ന അലി (റ)വിനെ കാണാം ...

പലപ്പോഴും പാത്രം താഴെ വീഴും എന്ന നിലയിൽ വെള്ളം വീട്ടിലെത്തിക്കുക തന്നെ ചെയ്തു ...

വിപ്ലവകാരികൾ ഖലീഫയെ ഹജ്ജിനു പോകാൻ വിട്ടില്ല. ഒടുവിൽ അലി (റ)ആ വാർത്ത കേട്ട് ഞെട്ടിപ്പോയി. വൃദ്ധനായ ഖലീഫയെ വിപ്ലവകാരികൾ വധിച്ചു. 

എന്തൊരു വാർത്തയാണിത്. അലി (റ)ഏറെ വിഷമിച്ചുപോയ ദിവസമാണത്. പല അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവന്നു. സമൂഹം ഭിന്നിക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല ...

പലരും അലി (റ)വിനെ കാണാൻ വരുന്നു. സമൂഹം നാശത്തിന്റെ വക്കിലാണ്. ഈ സമുദായത്തെ രക്ഷിക്കാൻ താങ്കൾ നേതൃത്വം നൽകണം. താങ്കൾ ഖലീഫയാകണം. ഞങ്ങൾ ബൈഅത്ത് ചെയ്യാം ...

ദയവായി എന്നെ ഒഴിവാക്കുക ... മറ്റാരെയെങ്കിലും ഖലീഫയാക്കുക ... അലി (റ) തന്റെ നിലപാട് വ്യക്തമാക്കി. മദീന കലങ്ങിമറിയുകയാണ്. ആയിരക്കണക്കായ വിപ്ലവകാരികൾ ഖലീഫയുടെ വീടും പൊതുഖജനാവും കൊള്ളയടിച്ചു കഴിഞ്ഞു. അവർ പല രാജ്യങ്ങളിലേക്ക് കടന്നു. അവരെ പിടികൂടുക ശിക്ഷിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ഖലീഫ രക്തസാക്ഷിയായിട്ട് ദിവസങ്ങളായി. നേതാവുണ്ടായിട്ടില്ല. 

എല്ലാവരും അലി (റ)വിനെയാണ് നോക്കുന്നത്. അലി (റ)വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. പല പ്രമുഖന്മാരും വന്നു സമ്മർദ്ദം ചെലുത്തി. ഖലീഫയായി വരാൻ താങ്കളെപ്പോലെ യോഗ്യനായ ഒരാളെയും ഞങ്ങൾ കാണുന്നില്ല. താങ്കൾ ഈ സമൂഹത്തിന് നേതൃത്വം നൽകിയാലും. 
പലരും നിർബന്ധിച്ചതിനാൽ ഖിലാഫത്ത് ഏറ്റെടുക്കേണ്ടിവന്നു. 

ഹിജ്റ 35.ദുൽഖഅദ് 24 വെള്ളിയാഴ്ച ദിവസം 
അന്ന് മസ്ജിദിൽ വെച്ച് ഖലീഫയായി... പള്ളിയിലെത്തിയവരെല്ലാം ബൈഅത്ത് ചെയ്തു ...

ബൈഅത്ത് കഴിഞ്ഞശേഷം അലി (റ)ഒരു പ്രസംഗം നടത്തി. ഖലീഫ എന്ന നിലയിൽ ആദ്യ പ്രസംഗം ...

മുസ്ലിം രക്തം പവിത്രമാണെന്നും അതിന് വിലയുണ്ടെന്നും വ്യക്തമാക്കുന്ന പ്രസംഗം. ഒരു മുസ്ലിംമിന്റെയും രക്തമൊഴുക്കരുത് അന്ത്യനാളിൽ അത് ചോദ്യംചെയ്യപ്പെടും ...

അല്ലാഹു വിശുദ്ധ ഖുർആൻ നൽകിയിട്ടുണ്ട്. അതിൽ നന്മയും തിന്മയും വേർതിരിച്ചു തന്നിട്ടുണ്ട്. നന്മ പിൻപറ്റുക, തിന്മ ഒഴിവാക്കുക ...
ഒരു മുസ്ലിമിനെ ബുദ്ധിമുട്ടിക്കാൻ പാടില്ല വലിയ കുറ്റമാണത്. അല്ലാഹുവിനെ അനുസരിക്കുക.

സന്ദർഭത്തിനൊത്ത പ്രസംഗമാണ് നടത്തിയത് ...

മൂന്നാം ഖലീഫയുടെ രക്തത്തിന് പോലും വിലയില്ലെന്ന ചിന്ത പടർന്ന സാഹചര്യത്തിൽ, രക്തത്തിന്റെ വിലയും പരിശുദ്ധിയും വ്യക്തമാക്കിക്കൊണ്ടാണ് പ്രസംഗിച്ചത്.
നാട്ടിലാകെ ഊഹാപോഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. സാധാരണക്കാർ കിംവദന്തികളിൽ പെട്ടുപോയിട്ടുണ്ട്. അല്ലാത്തവരും പെട്ടുപോയി. കാര്യങ്ങൾ കൂടുതൽ സങ്കീർണമായി വരികയാണ്. എവിടെച്ചെന്നാലും ഉസ്മാൻ (റ) വിന്റെ വധത്തെക്കുറിച്ചാണ് ചർച്ച...

ഘാതകരെ പിടിച്ചു ശിക്ഷിക്കണമെന്ന മുറവിളി ഉയർന്നു. കുറ്റക്കാരെ പിടികൂടുന്നതിൽ അലി (റ)ഉദാസീനത കാണിക്കുന്നു എന്നൊരു വാർത്തയും തൽപര കക്ഷികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു... 

ഇസ്ലാമിന്റെ കെട്ടുറപ്പ് തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട സബഇകൾ എന്ന കക്ഷി, അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാക്കി ...
ആരായിരുന്നു അലി (റ)... ?

അദ്ദേഹം പറയാറുണ്ടായിരുന്ന ഒരു വചനം നോക്കാം. ആ വചനം മതി അദ്ദേഹം ആരാണെന്ന് മനസ്സിലാക്കാൻ 

ദുനിയാവേ... എന്നെ വിട്ടുപോവൂ... പ്രലോഭിപ്പിക്കാൻ നീ മറ്റാരെയെങ്കിലും നോക്കൂ...

അതായിരുന്നു അലി (റ)... 

ദുനിയാവിന്റെ നിറപ്പകിട്ടിൽ വീഴില്ല. ധനം, അധികാരം, പദവി, ആഡംബരം ഇവയൊന്നും വേണ്ട... 

സത്യം മാത്രം പറയുക, സത്യത്തിനുവേണ്ടി മാത്രം നിലകൊള്ളുക. ഇതായിരുന്നു നിലപാട്.  ഖിലാഫത്ത് അധികാരമാണ്. ഉത്തരവാദിത്വമാണ്. എവിടെയും സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളും.  ഭരണാധികാരികൾക്ക് നയങ്ങളും പരിപാടികളുമുണ്ടാകും പല നീക്കുപൊക്കുകളുമുണ്ടാകും അധികാരം നിലനിർത്താൻ പല അടവുകൾ പയറ്റും ലോകമെങ്ങും കാണാവുന്ന കാര്യങ്ങളാണിവ. 

അലി (റ)വിന്റെ നിലപാടെന്താണ്... ?

സത്യമെന്ന് പൂർണബോധ്യമുള്ള കാര്യങ്ങൾ ചെയ്യും അത്രതന്നെ. ഇക്കാര്യത്തിൽ ആരുടെയും വ്യക്തിതാൽപര്യങ്ങൾ പരിഗണിക്കില്ല. ഇങ്ങനെ പോയാൽ പലരുടെയും ശത്രുത സമ്പാദിക്കേണ്ടിവരും. അതൊന്നും സാരമില്ല. 
സത്യത്തിന് വേണ്ടി ജീവൻ നൽകേണ്ടിവന്നാൽ നൽകാം...

നാടാകെ തെറ്റിദ്ധാരണകൾ പടരുകയാണ്. തെറ്റിദ്ധാരണകൾ നീക്കാൻ വേണ്ടി സംസാരിക്കാം. പറയുന്ന കാര്യങ്ങൾ ജനം വിശ്വസിച്ചില്ലെങ്കിലോ ...?
പലരുടെയും മനസ്സിൽ ശത്രുതയുണ്ട്. തെറ്റിദ്ധാരണകൾ കാരണം വന്ന ശത്രുത. അവർ ആയുധമേന്തി തന്നെ ആക്രമിക്കാൻ വന്നേക്കാം എന്ത് ചെയ്യും ...?

ആക്രമിക്കാൻ വരുന്നവർ യഥാർത്ഥത്തിൽ ശത്രുക്കളല്ല. മിത്രങ്ങൾ തന്നെയാണ്. അത് തനിക്കറിയാം അറിഞ്ഞിട്ടെന്ത് ഫലം... ? 
മിത്രങ്ങളുടെ മനസ്സിൽ ശത്രുത ആയുധമണിഞ്ഞു വരുന്നു. തന്നെ ആക്രമിക്കുന്നു താനെന്ത് ചെയ്യും...? തിരിച്ചും ആക്രമിക്കേണ്ടിവരും കടുത്ത ദുഃഖത്തോടെ ...

ഒരു മനുഷ്യന് ഇങ്ങനെ ഒരവസ്ഥ വന്നുപെട്ടാൽ...?  ആ അവസ്ഥയിലാണ്  അലി (റ)... 

തന്നെ ഖലീഫയായി തിരഞ്ഞെടുത്തിരിക്കുന്നു. താൻ ഒഴിഞ്ഞു മാറാൻ നോക്കി സമ്മതിച്ചില്ല. നിർബന്ധിച്ചു ഏറ്റു. ഈ സാഹചര്യത്തിൽ സത്യവിശ്വാസികൾ എന്താണ് ചെയ്യേണ്ടത്... ?  ഖലീഫയുടെ കരങ്ങൾക്ക് ശക്തി പകർന്നു നൽകണം. പല ഭാഗങ്ങളിലും അതുണ്ടായില്ല. അവർ അടങ്ങിയിരുന്നോ... ? അതുമില്ല. അവർ ജനങ്ങളെ സംഘടിപ്പിച്ചു. അവരെ ആയുധമണിയിച്ചു. യുദ്ധ സജ്ജരാക്കി. ആർക്കെതിരെ ഖലീഫക്കെതിരെ... 

ഇവിടെയാണ് അലി (റ)വിന്റെ ത്യാഗം നാമറിയേണ്ടത്. ബൈഅത്ത് ചെയ്ത ചിലർപോലും പിൻമാറിക്കളഞ്ഞു. ഖലീഫയുടെ മനസ്സിലെ ദുഃഖത്തിന്റെ ആഴമെത്രയാണ്. ഖലീഫ ജനങ്ങളോട് പ്രസംഗിച്ചു. പ്രസംഗത്തിന്റെ ആശയം ഇങ്ങനെയാകുന്നു.  സഹോദരങ്ങളേ നിങ്ങൾ ഇസ്ലാമിനെ നന്നായി പഠിക്കുക. ഇസ്ലാമിക നിർദേശങ്ങൾക്കനുസരിച്ച് ജീവിക്കുക. ദുനിയാവ് പിന്നിട്ട് പോയ്ക്കൊണ്ടിരിക്കുന്നു. പരലോകം സമീപിച്ചുകൊണ്ടിരിക്കുന്നു. 
സഹോദരങ്ങളേ  നിങ്ങൾ ദുനിയാവിന്റെ മക്കളാവരുത്. നിങ്ങൾ ആഖിറത്തിന്റെ മക്കളാവുക... 

ഭൗതിക സുഖങ്ങൾ ത്യജിച്ച സഹോദരങ്ങൾ എങ്ങനെയാണിവിടെ ജീവിച്ചത്... 

അവർ ഭൂമിയെ പരവതാനിയാക്കി. മണ്ണ് വിരിപ്പാക്കി. വെള്ളത്തെ സുഗന്ധമായിക്കണ്ടു... 

അറിയുക ആഖിറത്തെ കൊതിക്കുന്നവർ ദേഹേച്ഛകളെ വെടിയുന്നു... 

നരകത്തെ ഭയന്നവൻ നിയമങ്ങൾ അനുസരിക്കും. നിയമവിരുദ്ധമായതൊന്നും ചെയ്യില്ല... 

സ്വർഗം ആശിക്കുന്നവർ സൽകർമങ്ങൾ വർദ്ധിപ്പിക്കാൻ ധൃതി കാണിക്കുന്നു... 

സജ്ജനങ്ങൾ രാത്രിയിൽ ധാരാളം സുന്നത്ത് നിസ്കരിക്കും. ദുആ ഇരക്കും. വിശുദ്ധ ഖുർആൻ പാരായണം ചെയ്യും. കവിളുകളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകും... 

പകലിൽ സൽകർമങ്ങൾ വർദ്ധിപ്പിക്കും. ദാഹവിവശരാവും. പലർക്കും നോമ്പായിരിക്കും. ക്ഷീണിതരാണവർ. അവരെ കാണുന്നവർ പറയും അവർ രോഗികളാണ്. അല്ല അവർക്ക് രോഗമില്ല. പരലോകത്തെക്കുറിച്ചുള്ള ചിന്തയാണവരെ ക്ഷീണിപ്പിച്ചത്. മനസ്സിൽ തട്ടുന്ന പ്രസംഗം. പക്ഷെ ഫലം വന്നില്ല. ഇനിയുള്ള രംഗങ്ങൾ നടുക്കത്തോടെയല്ലാതെ ഓർക്കാൻ വയ്യ. ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൾ. ഇരുഭാഗത്തും മുസ്ലിംകൾ. ഇരുചേരിയിലും സ്വഹാബികളുണ്ട്... 

ഇസ്ലാമിന്റെ ശത്രുക്കളുടെ സൂത്രങ്ങൾ വിജയിക്കുന്നു. വാൾമുനകൾ ഏറ്റുമുട്ടുന്നു. രക്തം ചീറ്റുന്നു. മുസ്ലിം യോദ്ധാക്കൾ മരിച്ചുവീഴുന്നു. എന്തൊരു രംഗം അപ്പോഴും അലി (റ) പ്രസംഗിക്കുന്നു. ഐഹിക ജീവിതം ഇത് നശ്വരമാണ്. ഇതൊരു ഓട്ടപ്പന്തയമാണ്. മോഹങ്ങളാണ് ഓടാൻ പ്രേരിപ്പിക്കുന്നത്. ഐഹിക ജീവിതത്തിന് പരിധിയുണ്ട്. അതിനപ്പുറം ഓടാനാവില്ല. തളർന്നുവീഴും. ഭൗതിക സുഖങ്ങൾക്കു പിന്നാലെ ഓടരുത്... 

എല്ലാ പ്രതീക്ഷകളും അല്ലാഹുവിൽ അർപ്പിക്കുക. അവന്റെ വിധി സ്വീകരിക്കുക. അതിൽ തൃപ്തരാവുക. പ്രതീക്ഷയോടെ കർമ്മങ്ങൾ നിർവഹിക്കുക. സത്യം മുറുകെ പിടിക്കുക... 

സത്യം കൺമുമ്പിലുണ്ട്. അത് അവഗണിക്കുന്നവർ നിർഭാഗ്യവാന്മാരാണ്. സത്യം ഉപകാരപ്പെടാത്തവരാണവർ. 

സത്യം ഉപകരിക്കാത്തവനെ മിഥ്യകൾ ഉപദ്രവിക്കും. അവർക്ക് ശാന്തിയില്ല. സമാധാനമില്ല. അസ്വസ്ഥത മാത്രം. അറിയുക, ദുനിയാവ് വർത്തമാന കാലത്തിന്റെ സദ്യയാണ്. അത് സൂക്ഷിച്ചു ഭക്ഷിക്കണം. പരലോകം യാഥാർത്ഥ്യമാണ്. ശാശ്വതമാണ്. അതിന്ന് വേണ്ടി യത്നിക്കുക... 

ഞാൻ നിങ്ങളുടെ കാര്യത്തിൽ ഭയപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ദേഹേച്ഛകളെ പിന്തുടരൽ. മോഹങ്ങളുടെ ആധിക്യം. രണ്ടും ഭയാനകമാണ്... 

ദേഹേച്ഛകൾ സത്യത്തിൽ നിന്ന് നമ്മെ അകറ്റിക്കളയും. മോഹങ്ങളുടെ ആധിക്യം പരലോകത്തെ മറപ്പിച്ചു കളയും. ഇത്തരം പ്രസംഗങ്ങൾ പലയിടത്തും നടന്നു. അലി (റ)വിന്റെ ജീവിതം സത്യത്തിനുവേണ്ടിയുള്ള പോരാട്ടം. അദ്ദേഹത്തെ തേടുന്ന വീട് പരലോകം... 

സത്യവിശ്വാസിക്ക് ഭൂമി കർമരംഗമാണ്. ഭൂമിയിൽ കർമം ചെയ്താലേ പരലോകത്തെ ഫലം കിട്ടുകയുള്ളൂ. പ്രവാചകന്മാർ വന്നത് ഇവിടെയാണ്. വിശുദ്ധ വേദഗ്രന്ഥങ്ങൾ അവതരിച്ചതിവിടെയാണ്. അല്ലാഹുവിന്റെ വിശുദ്ധ ഭവനമായ കഅ്ബ ഇവിടെയാണ്. സത്യവിശ്വാസികൾ ഇവിടെ കാരുണ്യം വിതച്ചു. തൊഴിലെടുത്തു ജീവിച്ചു.   ഭൂമി ശാന്തിയുടെ കേന്ദ്രമാക്കി മാറ്റി. ഭൂമിയിൽ ജീവിച്ചുകൊണ്ടവർ സ്വർഗം സമ്പാദിച്ചു.

ഒരു പ്രസംഗത്തിൽ അലി (റ) ഇങ്ങനെയൊക്കെയാണ് സംസാരിച്ചത് ...

അലി (റ) കുട്ടിപ്രായത്തിൽ ഇസ്ലാമിൽ വന്നതാണ്. കുട്ടിക്കാലത്ത് തന്നെ ഇസ്ലാമിനുവേണ്ടി നന്നായി കഷ്ടപ്പെട്ടു. വളരുംതോറും ജോലിഭാരം കൂടിക്കൂടിവന്നു. 

വിശ്രമം എന്തെന്നറിയാത്ത ജീവിതം. സത്യത്തിനു വേണ്ടിയുള്ള കഠിനാദ്ധ്വാനം. അവസാന ദിവസംവരെ അങ്ങനെത്തന്നെയായിരുന്നു ജീവിതം... 

എല്ലാം ദീനിനുവേണ്ടി, പരലോകത്തിനുവേണ്ടി... ഹജ്ജത്തുൽ വിദാഇൽ നടന്ന ഒരു സംഭവം പറയാം... നബി (സ)തങ്ങളും വമ്പിച്ച സ്വഹാബി സംഘവും ഹജ്ജിന് വേണ്ടി മക്കത്തേക്ക് പുറപ്പെട്ടു.

ആ സന്ദർഭത്തിൽ അലി (റ) യമനിലായിരുന്നു. അലി (റ) ഒരു സംഘം മുസ്ലിം യോദ്ധാക്കളുമായി മക്കയിലേക്ക് പുറപ്പെട്ടു. നബി (സ)തങ്ങളോടൊപ്പം ചേരണം. ഹജ്ജ് നിർവഹിക്കണം. ധൃതിയിൽ യാത്രയായി ...

മക്കയുടെ അതിർത്തിയിലെത്തി. സൈന്യത്തെ അവിടെ നിർത്തി ഒരു നായകനെ നിയോഗിച്ചു ...

അലി (റ)നബി (സ)തങ്ങളെ കാണാൻ മക്കയിലേക്ക് പ്രവേശിച്ചു. യമനിൽ നിന്ന് ലഭിച്ച വിലകൂടിയ വസ്ത്രങ്ങൾ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്നു. മക്കയിൽ പ്രവേശിക്കുമ്പോൾ അവ ധരിക്കാമെന്ന് സൈനികർ കരുതി. എല്ലാവരും പുതിയ വേഷം ധരിച്ചു ആവേശഭരിതരായി നിന്നു ...

അലി (റ)തിരിച്ചെത്തി. ആർഭാഢവേഷം കണ്ട് ക്ഷോഭിച്ചു. എന്താണിത്... ? അലി (റ) ഉച്ചത്തിൽ ചോദിച്ചു ...

മക്കയിൽ പ്രവേശിക്കുമ്പോൾ നല്ല വേഷം ധരിക്കാമെന്ന് കരുതി സൈന്യാധിപൻ പറഞ്ഞു.  എല്ലാവരും ആർഭാഢ വേഷം അഴിച്ചുമാറ്റൂ... ആർഭാഢം നമുക്കു പറഞ്ഞതല്ല. 

പലർക്കും ദുഃഖം തോന്നി. എന്നാലും എല്ലാവരും വേഷം മാറി ...

നബി (സ)തങ്ങളോട് ചിലർ ഇതിനെപ്പറ്റി പരാതി പറഞ്ഞു. നബി (സ)തങ്ങൾ പറഞ്ഞ മറുപടി ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നു. അതിങ്ങനെയാകുന്നു: 

ജനങ്ങളേ അലിയെപ്പറ്റി നിങ്ങൾ പരാതി പറയരുത്. പരാതിക്ക് അതീതമായ രീതിയിൽ അല്ലാഹുവിന്റെ മാർഗത്തിൽ കഷ്ടപ്പാട് സഹിച്ചവനാണ് അലി ...

ഹിജ്റ നടന്ന കാലം. ഓരോ മുഹാജിറിനെയും ഓരോ അൻസ്വാരി സഹോദരനായി സ്വീകരിച്ചു തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. 
അലി (റ)വിനെ നബി (സ)ആർക്കും നൽകിയില്ല. നബി (സ)അലി (റ)വിനെ കെട്ടിപ്പിടിച്ചുകൊണ്ട് പ്രഖ്യാപിച്ചു. അലി എന്റെ സഹോദരനാണ്. അലി (റ)വിന്റെ സവിശേഷമായ വ്യക്തിത്വം വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്... ഉഹ്ദ് യുദ്ധ ഭൂമിയിലെ ഒരു രംഗം കാണുക ...

മുശ്രിക്കുകളുടെ അണിയിൽനിന്ന് ഒരു ശക്തൻ മുസ്ലിംകളെ വെല്ലുവിളിച്ചുകൊണ്ട് മുമ്പോട്ടു വന്നു. 

അബൂസഹ്ദ്ബ്നു അബീത്വൽഹ അതായിരുന്നു അവന്റെ പേര്. പോർവിളി സ്വീകരിച്ചു കൊണ്ട് അലി (റ)മുമ്പോട്ടു കുതിച്ചു. പടവാളുകൾ ഏറ്റുമുട്ടി. ഉഗ്രമായ പോരാട്ടം. അലി (റ)വിന്റെ വെട്ടേറ്റ് ശത്രു നിലംപതിച്ചു. ശത്രു കിടന്നു പിടയാൻ തുടങ്ങി. അലി (റ)വാൾ ഉയർത്തി. വാൾ ഉടനെ ശരീരത്തിൽ പതിയും. എതിരാളി മരണമടയും. മരണവെപ്രളത്തിന്നിടയിൽ ശത്രുവിന്റെ വസ്ത്രം അഴിഞ്ഞുപോയി. ഗുഹ്യസ്ഥാനം വെളിവായി. അത് കണ്ടതും അലി (റ)നോട്ടം തിരിച്ചു. വാൾ താഴ്ത്തി തിരിച്ചു പോന്നു. താങ്കളെന്താണ് ശത്രുവിനെ വധിക്കാതെ തിരിച്ചു പോന്നത്... ? മുസ്ലിം യോദ്ധാക്കൾ ചോദിച്ചു ...

അലി (റ)നൽകിയ മറുപടി ഇതായിരുന്നു:  

അവന്റെ ഗുഹ്യസ്ഥാനം വെളിവായി. അപ്പോൾ എനിക്ക് അവന്റെ ഭാര്യയോട് അലിവ് തോന്നി.



മാന്യതയും, വിവേകവും, ആത്മനിയന്ത്രണവും പ്രകടിപ്പിച്ച എത്രയോ രംഗങ്ങൾ അലി (റ)വിന്റെ യുദ്ധ ചരിത്രത്തിൽ കാണാം. മക്കാ വിജയം നടന്ന ദിവസം ...

സ്വഹാബികൾ കൂട്ടംകൂട്ടമായി വരികയാണ്. വർഷങ്ങൾക്കു മുമ്പ് നടന്ന കൊടുംപീഡനങ്ങളുടെ വേദനിപ്പിക്കുന്ന ഓർമകൾ അവരുടെ മനസ്സിൽ തെളിഞ്ഞു വരികയാണ് ...

സഹ്ദുബ്നു ഉബാദ (റ) കൊടി പിടിക്കുന്നു. മുസ്ലിംകളുടെ വൻസംഘം പിന്നിലുണ്ട്. മക്കയിലെ ഖുറൈശികൾക്കെതിരായ ചില പരാമർശങ്ങൾ സഹ്ദ്(റ)വിൽ നിന്നുണ്ടായി. അതുകേട്ട ഉമർ (റ) അസ്വസ്ഥനായി. സഹ്ദ് ശത്രുക്കൾക്കെതിരെ പടപൊരുതുമോ... ? 

ഉമർ (റ) ഉടനെ നബി (സ)തങ്ങളുടെ സമീപത്ത് ഓടിവന്നു വിവരം പറഞ്ഞു... 

ഇത് വികാരപ്രകടനത്തിന്റെ സമയമല്ല. വിവേകം പ്രകടിപ്പിക്കേണ്ട സമയമാണ്. സ്വയം നിയന്ത്രണത്തിന്റെ വേളയാണ്. വിവേകവും, സ്വയം നിയന്ത്രണ ശക്തിയുമുള്ള ഒരാൾ പതാക വഹിക്കണം. അങ്ങനെയുള്ള ഒരാൾ ആര് ...? രണ്ടാമതൊരാലോചന കൂടാതെ പറയാം അലി (റ). നബി (സ)അലി (റ)വിനെ വിളിച്ചു ഇങ്ങനെ കൽപ്പിച്ചു. ഉടനെ സഅദിനെ സമീപിക്കുക. കൊടി ഏറ്റുവാങ്ങുക. ആ കൊടിയുമായി ആദ്യം മക്കയിൽ പ്രവേശിക്കുന്നത് അലി ആയിരിക്കണം...

 ശത്രുക്കളുടെ സകല പീഡനങ്ങളെക്കുറിച്ചും നന്നായറിയാവുന്ന അലി (റ)തികഞ്ഞ പക്വതയോടെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. പ്രതികാര ചിന്തകളൊന്നും മനസ്സിലുദിച്ചില്ല. നബി (സ)എന്ത് കൽപിക്കുന്നുവോ അത് നിർവഹിക്കുക. അലി (റ) വിന്റെ സമചിത്തത അതെല്ലാവരും വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. മിത്രങ്ങളും ശത്രുക്കളും ...

ഒരിക്കൽ നബി (സ) പറഞ്ഞു:  അലീ നിനക്ക് ഞാൻ തരുന്നത് ഉത്തരവാദിത്വങ്ങളാണ്. ഉത്തരവാദിത്വങ്ങൾക്കു മേൽ ഉത്തരവാദിത്വം. പലർക്കും പലവിധ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. അലി (റ) ആനുകൂല്യത്തിന്റെ ആളല്ല. കൽപനകൾ സ്വീകരിച്ച് കഠിനാദ്ധ്വാനം ചെയ്യുന്ന സേവകനാണ്...

അല്ലാഹുവിന്റെയും തിരുദൂതരുടെയും പ്രീതി നേടിയ സേവകൻ ...
ഖിലാഫത്ത് ഏറ്റെടുത്ത ഉടനെ പുതിയ ഗവർണർമാരെ നിയോഗിച്ചു. ഏറ്റവും വിശ്വസ്ഥരായിരുന്നു അവർ... 

ബസ്വറയിലെ ഗവർണറായി നിയോഗിക്കപ്പെട്ടത് ഉസ്മാനുബ്നു ഹനീഫ് (റ) ആയിരുന്നു. അമ്മാറുബ്നു ഹസാൻ (റ) വിനെ കൂഫയിലെ ഗവർണറായി നിയമിച്ചു. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) യമനിലേക്കും, ഖൈസ്ബ്നു സഹ്ദ് (റ) ഈജിപ്തിലും, സുഹൈലുബ്നു ഹുനൈഫ് (റ) ശാമിലും നിയോഗിക്കപ്പെട്ടു... 

ഇതിൽ ഒരാളൊഴികെ മറ്റെല്ലാവരും ചാർജ്ജെടുത്തു. ശാമിലെ ഗവർണർക്ക് അധികാരമേൽക്കാൻ കഴിഞ്ഞില്ല. ശാമിൽ നിലവിലുള്ള ഗവർണർ  മുആവിയ (റ) ആണ്. അദ്ദേഹത്തെ മാറ്റി തൽസ്ഥാനത്ത് സുഹൈലുബ്നു ഹുനൈഫ് (റ) നെ നിയോഗിക്കുകയാണ് അമീറുൽ മുഹ്മിനീൻ അലി (റ) ചെയ്തത്... 

മുആവിയ (റ) സ്ഥാനമൊഴിയാൻ തയ്യാറായില്ല. അദ്ദേഹത്തിന്റെ പട്ടാളക്കാർ സുഹൈൽ (റ) വിനെ തിരിച്ചയച്ചു... 

ഖലീഫയെ അനുസരിക്കാൻ മുആവിയ ബാധ്യസ്ഥനാണ്. പക്ഷെ മുആവിയ ഖലീഫയുടെ കത്തുകൾക്കുപോലും വിലകൽപിച്ചില്ല. അലി (റ)യെ ഖലീഫയായി അംഗീകരിച്ചില്ല. ബൈഅത്ത് ചെയ്തില്ല. മുആവിയ ഖലീഫയുടെ മുമ്പിൽ വെല്ലുവിളിയായിത്തീർന്നു. ഇവിടെ ബലംപ്രയോഗിക്കൽ അനിവാര്യമാണ്. ഉസ്മാൻ (റ) വിന്റെ ഘാതകരെ പിടികൂടണമെന്ന മുറവിളി ഉയരുകയാണ്.

ആരാണ് ഘാതകർ... ?

ആയിരക്കണക്കിനാളുകൾ കുറ്റം ഏറ്റുപറയുന്ന അവസ്ഥ. ഖലീഫയുടെ പ്രഖ്യാപനം വന്നു. എനിക്കൽപം സാവകാശം തരൂ... നാട്ടിൽ ക്രമസമാധാനം ശരിയാക്കട്ടെ. എന്നിട്ട് ഘാതകരെ പിടിച്ചു ശിക്ഷിക്കാം ...
ഉടനെ ഉയർന്നു പ്രതിഷേധം ...

പറ്റില്ല, സാവകാശം തരില്ല. ഉടനെ പിടിക്കണം. ശിക്ഷിക്കണം. മറ്റെല്ലാ നടപടികളും അതിന് ശേഷം മാത്രം ...

ഖലീഫയെ കൂടുതൽ പ്രയാസപ്പെടുത്തിയ മൂന്നാമതൊരു സംഭവം കൂടി നടന്നു ...

ആഇശ (റ), ത്വൽഹ (റ), സുബൈർ (റ) എന്നിവർ മക്കയിൽ നിന്ന് നേരെ ഇറാഖിലേക്കു യാത്ര തിരിച്ചു. ഉസ്മാൻ (റ) വിന്റെ കൊലയാളികളോട് പ്രതികാരം ചെയ്യാൻ ഇറാഖുകാരെ പ്രേരിപ്പിക്കുക ഇതായിരുന്നു അവരുടെ ലക്ഷ്യം. ഇത് വളരെ അപകടകരമായ നീക്കമാണെന്ന് ഖലീഫ മനസ്സിലാക്കി ...
വധിക്കപ്പെടുമ്പോൾ ഉസ്മാൻ (റ) വിന്റെ ശരീരത്തിലുണ്ടായിരുന്ന ഉടുപ്പ് ഇപ്പോൾ മുആവിയയുടെ കൈവശമാണുള്ളത്. ചോര പുരണ്ട ഉടുപ്പ് പള്ളിയിൽ തൂക്കിയിട്ടു. പതിനായിരക്കണക്കിനാളുകൾ ഉടുപ്പ് കണ്ട് പൊട്ടിക്കരയുന്നു ...

ഘാതകരോട് പടപൊരുതാൻ പ്രതിജ്ഞ ചെയ്യുന്നു. എല്ലാവരും നിയമം കൈയിലെടുക്കുന്നു. ഖലീഫക്ക് ശക്തമായ പിന്തുണ നൽകേണ്ട പ്രതിസന്ധി ഘട്ടത്തിൽ ഇവരൊക്കെ കൂടുതൽ പ്രയാസപ്പെടുത്തുകയാണ് ചെയ്തത്. സമുദായം കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്ന് ഖലീഫക്ക് ബോധ്യമായി. ഇനിയെന്ത് വേണം...?  പറയുന്നതൊന്നും അനുസരിക്കുന്നില്ലെങ്കിൽ ഖലീഫക്ക് ബലം പ്രയോഗിക്കുകയല്ലാതെ നിവൃത്തിയില്ല ...

ആഇശ (റ)യും വൻ മുസ്ലിം സമൂഹവും ബസ്വറയിലെത്തി ക്യാമ്പ് ചെയ്തു. ഖലീഫയും സൈന്യവും ബസ്വറയിലെത്തി. ഒരു യുദ്ധം ആസന്നമായിരിക്കുന്നു. അതൊഴിവാക്കണം.  ഖലീഫയുടെ ചില പ്രതിനിധികൾ രംഗത്തുവന്നു. ആഇശ (റ) യുടെ പ്രതിനിധികളും രംഗത്തെത്തി. അവർ കാര്യങ്ങൾ തുറന്നു സംസാരിച്ചു. പരസ്പരം കേട്ടു. പല തെറ്റിദ്ധാരണകളും നീങ്ങി. 
ആഇശ (റ) യുദ്ധം വേണ്ടെന്ന് പറഞ്ഞു മദീനയിലേക്ക് മടങ്ങിക്കൊള്ളാമെന്ന് സമ്മതിച്ചു ...

അലി (റ) അവർകൾക്കും സമാധാനമായി. യുദ്ധമില്ല മനസ്സ് ശാന്തമായി. ഇരു ക്യാമ്പിലുള്ളവരും ശാന്തമായി ഉറങ്ങി ...

ഉസ്മാൻ (റ) വിന്റെ ഘാതകർ 




അവർ ഉറങ്ങിയില്ല. അവർ പ്രചരിപ്പിച്ച കിംവദന്തികളും നുണ പ്രചരണങ്ങളുമാണ് ഇരുവിഭാഗത്തെയും യുദ്ധത്തിന്റെ വക്കിൽ  എത്തിച്ചത്.
മുസ്ലിംകൾ ഭിന്നിക്കണം. നിരവധി കക്ഷികളായി മാറണം. പരസ്പരം യുദ്ധം ചെയ്യണം. നശിക്കണം. അതാണവരുടെ ആവശ്യം. അതിന്നു വേണ്ടിയാണവർ കഠിനമായി അദ്ധ്വാനിക്കുന്നത്. കാത്തുകാത്തിരുന്ന യുദ്ധം ഒഴിവായിപ്പോവുകയോ ...? 

അത് പാടില്ല. യുദ്ധം നടക്കണം. തങ്ങൾ ആയിരം പേരുണ്ട് വേണ്ടത്ര ആയുധങ്ങളുണ്ട്.  പാതിരാത്രിയിൽ ആഇശയുടെ ക്യാമ്പിലേക്ക് കുതിച്ചു ചെല്ലുക. എല്ലാവരും യാത്രാക്ഷീണത്താൽ നല്ല ഉറക്കിലാണ്. കുറെയാളുകളെ വെട്ടിക്കൊലപ്പെടുത്താം. അലി (റ)യുടെ ആളുകളാണ് ആക്രമിക്കുന്നതെന്ന് അവർ ധരിക്കും. ഉടനെ അലിയുടെ ക്യാമ്പ് ആക്രമിക്കും. അവർ തമ്മിൽ പട തുടങ്ങിയാൽ തങ്ങൾക്ക് കാഴ്ചക്കാരായി നോക്കിനിന്ന് രസിക്കാം. ആഇശായുടെ സൈന്യത്തെ നയിക്കുന്ന ത്വൽഹ (റ), സുബൈർ (റ) എന്നിവരാണ്. ഇവരുടെ ചലനങ്ങൾ പ്രത്യേകം നിരീക്ഷിക്കണം ... 

നികൃഷ്ഠരായ ആയിരം മനുഷ്യർ ആയുധമണിഞ്ഞു. പാതിരാത്രി സമയം ശാന്തമായുറങ്ങുന്ന മനുഷ്യരുടെ മധ്യത്തിലേക്കു പാഞ്ഞുകയറി. പോർവിളി മുഴക്കിക്കൊണ്ടുള്ള ക്രൂരമായ ആക്രമണം തുടങ്ങി. അലർച്ച, നിലവിളി, മരണവെപ്രാളം,

ആഇശ (റ) യുടെ ക്യാമ്പിലുള്ളവർ ആയുധമണിഞ്ഞു. അലി (റ)വിന്റെ ക്യാമ്പിനെ ആക്രമിച്ചു ...

യുദ്ധം ശക്തി പ്രാപിക്കുയാണ്. ഇസ്ലാമിന്റെ ശത്രുക്കൾ ആഹ്ലാദം കൊള്ളുകയാണ്. അലി (റ)കാര്യങ്ങൾ മനസ്സിലാക്കുന്നു. യുദ്ധം എങ്ങനെ അവസാനിപ്പിക്കും. അതാണ് ചിന്ത... 

അലി (റ) എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭാരമേൽപിച്ചുകൊണ്ട് തന്റെ കുതിരയെ മുമ്പോട്ടു പായിച്ചു.  എതിർ സൈന്യത്തിന്റെ സമീപം വന്നു നിന്നു. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...

ത്വൽഹാ...... ഇങ്ങോട്ട് വരൂ...... 

സുബൈർ....ഇങ്ങോട്ട് വരൂ....
എന്റെയടുക്കൽ വരൂ....

ഇരുവരും ഖലീഫയുടെ സമീപത്തെത്തി. 
അലി(റ) ത്വൽഹ (റ) വിനോട് ശബ്ദമുയർത്തി ചോദിച്ചു ത്വൽഹാ .... താങ്കൾ സ്വന്തം ഭാര്യയെ വീട്ടിലിരുത്തി നബി (സ)യുടെ ഭാര്യയെയും കൂട്ടി യുദ്ധത്തിന് വന്നിരിക്കുകയാണോ... ? 

ചോദ്യം കേട്ടും ത്വൽഹ (റ) ഞെട്ടിപ്പോയി. മുഖം മ്ലാനമായി വാൾ പിന്നെ ഉയർന്നില്ല ...

ദുഷ്ടന്മാർ അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്. അദ്ദേഹം ഇനി യുദ്ധം ചെയ്യില്ല. യുദ്ധക്കളം വിട്ടുപോവുകയാണ്. ചിലർ അദ്ദേഹത്തെ പിന്തുടർന്നു. അലി (റ) സുബൈർ (റ) വിനോട് ചോദിച്ചു 
സുബൈർ........

ഒരു ദിവസം ഞാൻ നബി (സ)യുടെ സന്നിധിയിലേക്ക് കടന്നുവന്നു. അപ്പോൾ താങ്കൾ അവിടെ ഉണ്ടായിരുന്നു. താങ്കൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഓർമയുണ്ടോ അതൊക്കെ...?  

അപ്പോൾ നബി (സ)ചോദിച്ചു സുബൈറിന് ഇവനെ ഇഷ്ടമാണോ ...? 
താങ്കൾ പറഞ്ഞു : അതെ  .

അത് കേട്ടപ്പോൾ നബി (സ)പറഞ്ഞു:  ഒരു ദിവസം വരും അന്ന് നിങ്ങൾ ഇവനോട് അക്രമം കാണിക്കും. യുദ്ധം ചെയ്യും. ഓർമയുണ്ടോ ...? 

സുബൈർ (റ) പതറിയ സ്വരത്തിൽ പറഞ്ഞു :  
ഞാൻ മറന്നത് നിങ്ങൾ ഓർമിപ്പിച്ചു. വാൾ താഴെയിട്ടു. ഉറക്കെ പൊട്ടിക്കരഞ്ഞു. ഈ യുദ്ധം അക്രമമാണ്. ചെയ്യാൻ പാടില്ലാത്തതായിരുന്നു. സുബൈർ (റ) യുദ്ധക്കളം വിടുകയാണ്.  ശത്രുക്കൾ വളരെ രഹസ്യമായി ത്വൽഹ (റ) വിനെയും സുബൈർ (റ) വിനെയും പിന്തുടർന്നു. 
വഴിയിൽ വെച്ച് വധിച്ചുകളഞ്ഞു... 

യുദ്ധം തുടരുകയാണ്. എങ്ങനെ യുദ്ധം നിൽക്കും ആഇശ (റ) യുദ്ധക്കളത്തിലാണ്. ഒട്ടകപ്പുറത്ത് കൂടാരത്തിൽ. ഒട്ടകത്തെ കൊല്ലണം. ആഇശ (റ) ക്ക് ഒരാപത്തും പറ്റാൻ പാടില്ല. കൂടാരം പൊക്കിയെടുത്ത് മാറ്റണം. ചിലരെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തി. പിന്നെയെല്ലാം ധൃതിയിൽ നടന്നു. ഒട്ടകം വധിക്കപ്പെട്ടു. കൂടാരം എടുത്തുമാറ്റപ്പെട്ടു. ആഇശ (റ) യെ ഒരു വീട്ടിൽ താമസിപ്പിച്ചു. സഹോദരനെ കൂടെ അയച്ചു. പിന്നീടവരെ മദീനയിലേക്കയച്ചു. ഇതാണ് ജമൽ യുദ്ധം...

ഖലീഫ യുദ്ധം ജയിച്ചു. പക്ഷെ ദുഃഖമായിരുന്നു മനസ്സ് നിറയെ. ശത്രുക്കളുടെ ക്രൂരമായ വഞ്ചനയെക്കുറിച്ച് മുസ്ലിംകൾ ബോധവാന്മാരായി. ആഇശ (റ) അതീവ ദുഃഖിതയായിരുന്നു. പിൽക്കാല ജീവിതത്തിൽ ആ ദുഃഖം നിലനിന്നു ...

ശാമിലെ ഗവർണറായിരുന്ന മുആവിയ ഖലീഫയെ അംഗീകരിക്കാതെ സ്വതന്ത്ര ഭരണാധികാരിയായി വാഴുകയാണ്.
സുശക്തമായൊരു സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. നല്ല വേതനവും ആനുകൂല്യങ്ങളും നൽകി അവരെ കൂറുള്ള സൈന്യമാക്കി നിർത്തി ...

ശാം സമ്പന്ന രാഷ്ട്രമാണ്. ജനങ്ങൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. കൃഷിയിലും കാലി വളർത്തലിലും കച്ചവടത്തിലും അവർ മുൻപന്തിയിലായിരുന്നു ...

ചരിത്രപ്രസിദ്ധമായ ലോക മാർക്കറ്റ് ശാമിലായിരുന്നു. എല്ലാ സാഹചര്യങ്ങളും മുആവിയ ഉപയോഗപ്പെടുത്തി. അവിടെ സുഖമായി വാഴുകയാണ് ...

മകൻ യസീദ് സുഖലോലുപനായിരുന്നു. ഉസ്മാൻ (റ) വിന്റെ രക്തംപുരണ്ട ഉടുപ്പ് കൊടിപോലെ ഉയർത്തിക്കാണിച്ചു. അമ്പതിനായിരം ആളുകൾ അതിന്നു താഴെ തടിച്ചുകൂടി. അവർ കരയുന്നു. താടിയിലൂടെ കണ്ണീരൊഴുക്കുന്നു. അവർ ഖലീഫക്കെതിരെ പൊരുതാൻ തയ്യാറായി നിന്നു. ഖലീഫയും സൈന്യവും കൂഫയിലെത്തി. ഖലീഫക്കു താമസിക്കാൻ ഔദ്യോഗിക വസതി ഒരുങ്ങിനിൽക്കുന്നു...

അലി (റ)പ്രഖ്യാപിച്ചു: ഞാനിതിൽ താമസിക്കില്ല. അദ്ദേഹം സാധാരണക്കാരനെപ്പോലെ ഒരു ചെറിയ വീട്ടിൽ താമസിച്ചു. 
സൗകര്യപ്രദമായ ഔദ്യോഗിക വസതിയിൽ താമസിക്കാൻ പൗര മുഖ്യന്മാരും മറ്റും ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:  

എനിക്കിതിന്റെ ആവശ്യമില്ല. ഉമറുബ്നുൽ ഖത്താബ് (റ) ഇതിനെ വെറുത്തിരുന്നു ...

കൂഫ അങ്ങാടിയിൽ ഖലീഫയെ കാണാം. വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കൊണ്ട് വരും. ചുമന്ന് കൊണ്ടുവരുമ്പോൾ പലരും സഹായിക്കാൻ സന്നദ്ധരായി വരും.
വീട്ടിലേക്കുള്ള സാധനങ്ങൾ വീട്ടുകാരൻ തന്നെ ചുമന്നുകൊണ്ട് പോവണം. അലി (റ) വിന്റെ മറുപടി ആരെങ്കിലും വഴിതെറ്റി വന്നാൽ അവർക്ക് വഴി കാണിച്ചുകൊടുക്കും. ബലഹീനന്മാരെ സഹായിക്കും. ഭാരം ചുമക്കുന്നവരെ സഹായിക്കും. വൃദ്ധരുടെ ഭാരം ചുമക്കും. ഇതിൽനിന്നൊക്കെ ഖലീഫയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു നോക്കി. ഒരു ശ്രമവും വിജയിച്ചില്ല ...

സാധാരണക്കാരന്റെ വസ്ത്രം ധരിച്ചു. സാധാരണക്കാരന്റെ ആഹാരം കഴിച്ചു ജീവിച്ചു. ശൈലിയിൽ മാറ്റമില്ല. മൂന്ന് വെള്ളിക്ക് വാങ്ങിയ ഉടുപ്പ് ധരിച്ച് കഴുതപ്പുറത്ത് കയറി സഞ്ചരിക്കുന്ന ഖലീഫയെ ചിലർ ഉപദേശിച്ചു ...

നല്ല വസ്ത്രം ധരിച്ച് ഒരു ഭരണാധികാരിയുടെ പ്രൗഢിയോടെ കുതിരപ്പുറത്ത് സഞ്ചരിക്കണം... 

അലി (റ) ഇങ്ങനെ മറുപടി നൽകി:  

ദുനിയാവിനെ അവഗണിക്കാൻ എന്നെ അനുവദിക്കുക ...

ലോകാനുഗ്രഹിയായ പ്രവാചകനെപ്പോലെ ലളിതമായ ജീവിതം നയിച്ചു. ദുനിയാവിന്റെ ആഢംബരങ്ങളെ അവഗണിച്ചു. ഇതിന്ന് വിരുദ്ധമായ അവസ്ഥയായിരുന്നു മുആവിയയുടേത്. നല്ല ഭവനം, നല്ല ഭക്ഷണം, വിലകൂടിയ വസ്ത്രങ്ങൾ, സുഖസൗകര്യങ്ങൾ, വമ്പിച്ച സൈനിക ശക്തി ...

അധികാരം നിലനിർത്താനുള്ള തന്ത്രങ്ങൾ, ഉപായങ്ങൾ, ഖലീഫക്കെതിരെ യുദ്ധസന്നാഹങ്ങൾ ...

അലി (റ) വിന്റെ കാലത്ത് ജീവിച്ച മഹാപണ്ഡിതനായിരുന്നു ഇമാം ഹസൻ ബസ്വരി (റ). അലി (റ)വിൽ നിന്ന് വിജ്ഞാനം നേടിയ മഹാൻ. ഇസ്ലാമും, ഈമാനും, ഇഹ്സാനും പഠിച്ചറിഞ്ഞു. ഇഹ്സാൻ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്ത് അത് തിരിച്ചു കൊണ്ടുവരാനുള്ള മാർഗം പഠിപ്പിച്ചു കൊടുത്തു. അങ്ങനെ തസ്വവ്വുഫ് എന്ന വിജ്ഞാനശാഖയുണ്ടായി. ആദ്യകാല സൂഫി പ്രമുഖനായി ഹസൻ ബസ്വരി (റ) ചരിത്രത്തിൽ ഇടംനേടി. അദ്ദേഹം തന്റെ ആത്മീയ ഗുരുവായ അലി (റ)അവർകളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ് : 

അലി (റ) അവർകളെ അല്ലാഹു അനുഗ്രഹിക്കട്ടെ... ഈ സമുദായത്തിന്റെ ആത്മീയ ഗുരുവാണ് ഇമാം അലി (റ)... ആത്മീയ സരണിയിൽ പ്രവേശിക്കുന്നവർക്ക് പ്രകാശം നൽകുന്ന വഴിവിളക്കാണ് സയ്യിദുനാ അലി (റ) ...

ഉമറുബ്നുൽ അബ്ദുൽ അസീസ് (റ) ഇങ്ങനെ പ്രസ്താവിച്ചു:  
ഭൗതിക വിരക്തിയിൽ മുമ്പിലായിരുന്നു അലിയ്യുബ്നു അബീത്വാലിബ് (റ) ...

വിലായത്തിന്റെ സമുന്നത പദവിയാണ് മഹാനവർകൾക്കുള്ളത്. ആത്മീയ ലോകത്തെ മഹാപുരുഷന്മാർക്ക് അവിടുത്തെ അനുഗ്രഹങ്ങൾ സിദ്ധിച്ചുകൊണ്ടിരിക്കുന്നു ...
മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ (റ) വധിക്കപ്പെട്ടപ്പോൾഏറ്റവുമധികം ദുഃഖിച്ചത് അലി (റ)ആയിരുന്നു ...

മഹാനവർകൾ ഖൽബുരുകി പ്രാർത്ഥിച്ചത് ഇങ്ങനെയായിരുന്നു : 

അല്ലാഹുവേ ഉസ്മാന്റെ കൊലപാതകത്തിൽ എനിക്കൊരു പങ്കുമില്ല. എന്റെ നിരപരാധിത്വം  ഞാൻ നിനക്കുമുമ്പിൽ സമർപ്പിക്കുന്നു. ഞാനൊരുവിധത്തിലും അതിനെ അനുകൂലിച്ചിട്ടില്ല അല്ലാഹുവേ ..... ഉസ്മാന്റെ ഘാതകരെ നീ ശപിക്കേണമേ ...

ഉസ്മാൻ (റ) വധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ സ്വന്തം പുത്രന്മാരായ ഹസൻ (റ), ഹുസൈൻ  (റ) എന്നിവരോട് അലി (റ) പറഞ്ഞ വികാരഭരിതമായ വാക്കുകൾ പ്രസിദ്ധമാണ് ...

ഖലീഫയെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ നിങ്ങൾക്ക് രക്തസാക്ഷികളായിക്കൂടായിരുന്നോ ...? 

ഇതാണ് സത്യാവസ്ഥ എന്നിട്ടും മുആവിയ ശാമിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നതെന്താണ്. .? 

ഉസ്മാന്റെ കൊലപാതകത്തിൽ അലിക്ക് പങ്കുണ്ട്. കൊലയാളികളെ അലി സംരക്ഷിക്കുന്നു ...

ശാമുകാർ (സിറിയക്കാർ) അത് പൂർണമായി വിശ്വസിച്ചു. കുറുച്ചുപേരൊഴികെ. അവർക്കു സത്യമറിയാം... സ്വന്തം കാര്യലാഭത്തിനുവേണ്ടി മുആവിയയുടെ കൂടെ നിന്നു.  സിറിയക്കാരിൽ ഭൂരിപക്ഷവും സമീപ കാലത്ത് ഇസ്ലാമിൽ വന്നവരാണ്. നവമുസ്ലിംകൾ ഇസ്ലാമിന്റെ ആളായി അവർ കണ്ടത് മുആവിയയെയാണ് ...

ആനുകൂല്യങ്ങൾ നൽകി അവരെയെല്ലാം പാട്ടിലാക്കിവെച്ചിരിക്കുകയാണ്. മുആവിയയും കുട്ടരും പറഞ്ഞതേ അവർ കേട്ടിട്ടുള്ളൂ... നബി (സ) തങ്ങളെ അവർ കണ്ടിട്ടില്ല. ബദ്റും ഉഹ്ദും അവർ കണ്ടിട്ടേയില്ല പറഞ്ഞുകേട്ട വിവരമേയുള്ളൂ ...

അലി (റ) യെ അവർ കണ്ടിട്ടില്ല. മഹാന്റെ മഹത്വങ്ങളൊന്നും ആരും അവർക്കു പറഞ്ഞുകൊടുത്തിട്ടില്ല. അവർ ഉസ്മാൻ  (റ)വിന്റെ ഉടുപ്പു കണ്ടു. അതിലെ രക്തം കണ്ടു. മരണ പ്രതിജ്ഞയെടുത്തു ...
അലിക്കെതിരെ മരണംവരെ യുദ്ധം ചെയ്യും* ഉസ്മാന്റെ ചോരക്ക് പകരം ചോദിക്കും അതാണവരുടെ മുദ്രാവാക്യം. അരലക്ഷം ഭടന്മാരാണ് മരണ പ്രതിജ്ഞയെടുത്ത് സജ്ജമായിരിക്കുന്നത്. പതിനായിരത്തിലധികം പേരാണ് ഈ വധത്തിലെ കുറ്റക്കാർ. വിദൂര ദിക്കുകളിലുള്ളവർ തികഞ്ഞ അച്ചടക്ക ലംഘനമാണ് മുആവിയ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ നേർവഴിക്കു കൊണ്ടുവരാൻ അലി(റ)എല്ലാ ശ്രമങ്ങളും നടത്തി ഒന്നും വിജയിച്ചില്ല കത്തുകളയച്ചു പ്രതിനിധികളെ അയച്ചു ഫലമില്ല ...
സിഫിൻ 

മുസ്ലിം രക്തം പരന്നൊഴുകാൻ പോവുന്ന മണൽഭൂമി. അതിന്നടുത്തുകൂടി യൂഫ്രട്ടീസ് ഒഴുകുന്നു. മുആവിയയുടെ സൈന്യത്തിന്റെ അധീനതയിലാണ് യൂഫ്രട്ടീസ് നദി അലിക്കും കൂട്ടർക്കും വെള്ളം കൊടുക്കില്ല സൈന്യാധിപന്റെ പ്രഖ്യാപനം 

അലി(റ)യും സൈന്യവും വളരെ വിഷമത്തിലായി. ദാഹിച്ചു വലഞ്ഞു ഒരു തുള്ളി വെള്ളമില്ല 

അലി(റ)ദൂതന്മാരെ അയച്ചു അവർ സന്ദേശം കൈമാറി ഇതായിരുന്നു സന്ദേശം:  

വെള്ളം തടയാൻ പാടില്ല. അത് യുദ്ധ മര്യാദക്കെതിരാണ്. മുആവിയ ആ സന്ദേശം തള്ളിക്കളഞ്ഞു. വെള്ളത്തിന് വേണ്ടി ബലപ്രയോഗം നടത്താതെവയ്യ 

അശ്അസ് ബ്നു ഖൈസ് ...




അശ്തർ അലി (റ)വിന്റെ സേനാനായകന്മാർ 
അവരുടെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടു യൂഫ്രട്ടീസ് നദിയുടെ കാവൽക്കാരുമായി ഏറ്റുമുട്ടി. അവരെ തുരത്തി വിട്ടു. ഇപ്പോൾ യൂഫ്രട്ടീസിന്റെ അധിപൻ അലി (റ)യാണ് അലി (റ)ഇങ്ങനെ പ്രഖ്യാപിച്ചു:  
ശുദ്ധജലം ജനങ്ങൾക്കു കുടിക്കാനുള്ളതാണ്. അത് തടയാൻ പാടില്ല. ആർക്കു വേണമെങ്കിലും ശുദ്ധജലമെടുക്കാം... തടസ്സമില്ല ...

എന്തൊരു ഔദാര്യം ആ ഔദാര്യം ഇല്ലായിരുന്നുവെങ്കിൽ മുആവിയയുടെ സൈന്യം വെള്ളം കിട്ടാതെ ബുദ്ധിമുട്ടിപ്പോകുമായിരുന്നു. അവസാന നിമിഷം വരെയും അലി (റ)യുദ്ധം ഒഴിവാക്കാൻ നോക്കി സമാധാന സംഭാഷണത്തിനായി നാല് നേതാക്കളെ അയച്ചു അവർ മുആവിയയോട് നല്ല രീതിയിൽ സംസാരിച്ചു...

ധിക്കാരപരമായിരുന്നു മറുപടി, ഉസ്മാന്റെ ഘാതകരെ പിടിച്ച് ഞങ്ങളെ ഏൽപിക്കണം എന്നാൽ യുദ്ധം ഒഴിവാക്കാം ... നടക്കാത്ത കാര്യമാണ് വാശിപിടിച്ചു പയുന്നത്. യുദ്ധം ചെയ്തു ഖലീഫയെ തോൽപിക്കണം എന്നിട്ട് തന്റെ ഭരണം ഉറപ്പിക്കണം അതാണ് ലക്ഷ്യം 

അത് മുഹർറം മാസമായിരുന്നു. യുദ്ധം പാടില്ലാത്ത മാസം. മുഹർറം കഴിയുംവരെ കാത്തിരുന്നു...

 സഫർ മാസം പിറന്നു പിന്നെയും സമാധാന സംഭാഷണം നടത്തി. അതും വെറുതെയായി.  അലി (റ) തന്റെ സൈന്യത്തിന് നൽകിയ നിർദ്ദേശങ്ങൾ ഇവയായിരുന്നു: 

നിങ്ങൾ യുദ്ധം തുടങ്ങരുത്. യുദ്ധം തുടങ്ങുന്നത് അവരായിരിക്കണം. അതുവരെ കാത്തിരിക്കുക. നിങ്ങൾ യുദ്ധത്തിൽ വിജയിച്ചാൽ ഉടനെ അക്രമണം നിർത്തണം. പിന്തിരിഞ്ഞോടുന്നവനെ കൊല്ലരുത്. പരിക്കേറ്റവരെ പരിചരിക്കണം. കൊല്ലപ്പെട്ടവരെ അവഹേളിക്കരുത്. സമ്മതമില്ലാതെ ആരുടെയും വീട്ടിൽ കടക്കരുത് അവരുടെ മുതലുകൾ എടുക്കരുത്. എപ്പോഴും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കണം. നിങ്ങളെ തെറി വിളിച്ചാലും സ്ത്രീകളെ ഉപദ്രവിക്കരുത് ...

യുദ്ധം ഒഴിവാകുമെന്ന പ്രതീക്ഷ അസ്തമിച്ചു 
ഘോരയുദ്ധം പൊട്ടിപ്പുറപ്പെട്ടു  കൂട്ടക്കുരുതിയാണ് പിന്നെ നടന്നത് ...

യുദ്ധം നീണ്ടു നീണ്ടു പോയി. രക്തപങ്കിലമായ നാളുകൾ എത്രയോ കടന്നുപോയി... മരിച്ചുവീണവർക്കു കണക്കില്ല. പരിക്കേറ്റവർ അതിനെക്കാൾ എത്രയോ ഇരട്ടിയാണ്. മുആവിയയുടെ സൈന്യത്തിന് ക്ഷീണം ബാധിച്ചു. തോറ്റോടാൻ സമയമായിരിക്കുന്നു 

അംറുബ്നുൽ ആസ്വ് ...
മുആവിയാക്ക് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്നത് അദ്ദേഹമാണ് മുആവിയ ചോദിച്ചു:  യുദ്ധത്തിൽ നാം പരാജയപ്പെടാൻ പോവുന്നു അലി വിജയിക്കും ആ വിജയം ഇല്ലാതാക്കാൻ എന്ത് തന്ത്രമാണ് നിങ്ങളുടെ കൈവശമുള്ളത് ...

ഒരു തന്ത്രമുണ്ട് പറയാം  ...

നമ്മുടെ സൈന്യം ഖുർആൻ ഉയർത്തിപ്പിടിക്കണം. യുദ്ധം നിർത്തി ഖുർആനിലേക്ക് മടങ്ങാൻ അലിയുടെ സൈന്യത്തോട്പറയണം. ഖുർആൻ അനുസരിച്ചു വിധിക്കാം എന്ന് പ്രഖ്യാപിക്കണം. നമ്മുടെ ആഹ്വാനം അവർ സ്വീകരിച്ചേക്കാം 

എങ്കിൽ അവർ ഭിന്നിക്കും പരസ്പരം കലഹം തുടങ്ങും  

നമ്മുടെ ആഹ്വാനം അവർ തള്ളിക്കളഞ്ഞേക്കാം എങ്കിലും അവർ ഭിന്നിക്കും  പരസ്പരം പോരടിക്കും ...

എന്തൊരു കൗശലം. കൗശലത്തിൽ കുടുങ്ങിയാലും ഭിന്നിക്കും. കുടുങ്ങിയില്ലെങ്കിലും ഭിന്നിക്കും ...

മുആവിയയുടെ മുൻനിര സൈന്യം മുസ്ഹാഫുകൾ പൊക്കിക്കാണിച്ചു അതിലേക്കു വിളിച്ചു ...

അലി (റ)വിളിച്ചു പറഞ്ഞു:  ഇത് ചതിയാണ്. ചതിയിൽ കുടുങ്ങരുത്. യുദ്ധം തുടരുക. വിജയം നമ്മെ തേടിയെത്തിയിരിക്കുന്നു. യുദ്ധത്തിന്റെ അവസാന ഘട്ടമാണ് അവർ പരാജയം സമ്മതിക്കാൻ പോവുകയാണ്. പൊരുതൂ... പൊരുതി മുന്നേറൂ..... വിജയം വരിക്കൂ ...

ഒരു വിഭാഗം യുദ്ധം നിർത്തിക്കളഞ്ഞു. അവർ വിളിച്ചു പറഞ്ഞു:  ഖുർആനിലേക്കാണ് വിളിച്ചത് അത് സ്വീകരിക്കുകതന്നെ ഇനി യുദ്ധം വേണ്ട ...

സ്വന്തം സൈന്യത്തിലെ ഒരു വിഭാഗം യുദ്ധം നിർത്തി നേതാവിനെതിരെ കയർക്കുന്നു... 

ഒരു വിഭാഗം യുദ്ധം തുടരുന്നു. അവരെയും ഇക്കൂട്ടർ നിർബന്ധിച്ചു പിന്തിരിപ്പിച്ചു... 

യുദ്ധം നിന്നു മുആവിയക്ക് ആശ്വാസമായി. ഇനി അംറിന്റെ കൗശലം രംഗത്ത് വരികയാണ് ...

ഇരു വിഭാഗത്തിൽനിന്നും ഓരോ പ്രതിനിധികളെ തിരഞ്ഞെടുക്കുക അവർ ഒന്നിച്ചിരുന്നു ചർച്ച ചെയ്തു തീരുമാനമുണ്ടാക്കുക.
മുആവിയ തന്റെ പ്രതിനിധിയെ പ്രഖ്യാപിച്ചു:  

അംറുബ്നു ആസ്വ് 

അലി (റ)വിന് കാര്യം ബോധ്യമായി മഹാതന്ത്രശാലിയായ അംറിനെ നേരിടാൻ തന്ത്രം തിരിയുന്ന ആൾ തന്നെ വേണം... 

അബ്ദുല്ലാഹിബ്നു അബ്ബാസ്  - അലി (റ)പ്രഖ്യാപിച്ചു ...
അംറിന്റെ തന്ത്രങ്ങൾ അബ്ദുല്ലിഹിബ്നു അബ്ബാസിന് തിരിയും. പക്ഷെ അലി (റ)വിന്റെ അനുയായികൾ സമ്മതിച്ചില്ല അവർ പറഞ്ഞു:  

അബൂമൂസൽ അശ്അരി മതി 

അലി (റ)  എതിർത്തു. അംറിന്റെ കുതന്ത്രങ്ങളിൽ അബൂ മൂസ വീണുപോകും. ശുദ്ധനാണ്. കൗശലം മനസ്സിലാവില്ല ...

അലി (റ)വിനു നേരെ അനുയായികൾ തട്ടിക്കയറി ...

യുദ്ധം തുടരാൻ പറഞ്ഞപ്പോൾ നിങ്ങളെന്നെ എതിർത്തു. തൊട്ടടുത്തെത്തിയ വിജയം നിങ്ങൾ കളഞ്ഞു കുളിച്ചു. ഇപ്പോൾ പ്രതിനിധിയെ വെക്കുന്ന കാര്യത്തിലും  നിങ്ങളെന്നെ എതിർക്കുകയാണോ... ? 

അനുയായികൾ ബഹളംവെച്ചു. അലി (റ) സമ്മതിച്ചു. അബൂമൂസൽ അശ്അരി പ്രതിനിധിയായി ...

രണ്ട് പ്രതിനിധികളും ചേർന്നു വിധി പ്രസ്താവിക്കും. 
അലി (റ)വിന്റെ സൈന്യത്തിലെ ഒരു വിഭാഗം പുതിയൊരു വാദവുമായി രംഗത്ത് വന്നു ...

അല്ലാഹുവാണ് വിധികർത്താവ് മനുഷ്യരെ വിധികർത്താവാക്കാൻ പാടില്ല ...

ലാ ഹുക്മ ഇല്ലാ ലില്ലാഹ് 

അല്ലാഹുവിനല്ലാതെ വിധി കൽപിക്കാൻ അർഹതയില്ല ...

എല്ലാം അലി (റ) കണ്ടറിയുന്നു.
യുദ്ധം നിർത്തിയത് വലിയ അബദ്ധം ...

അബൂമൂസൽ അശ്അരിയെ പ്രതിനിധിയാക്കിയത് രണ്ടാമത്തെ അബദ്ധം ...

ലാ ഹുക്മ ഇല്ലാ ലില്ലാഹി എന്ന മുദ്രാവാക്യം മൂന്നാമത്തെ തെറ്റ് ...

മൂന്നു പ്രശ്നങ്ങൾ അലി (റ)വിനെ വരിഞ്ഞു മുറുക്കി ...

അംറുബ്നുൽ ആസ്വും അബൂമൂസൽ അശ്അരിയും പലതവണ ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തി ...

അലിയെയും മുആവിയെയും അധികാര സ്ഥാനങ്ങളിൽ നിന്ന് പിരിച്ചു വിടുക യോഗ്യനായ ഒരാളെ മുസ്ലിം സമൂഹം ഖലീഫയാക്കുക ...

ഈ തീരുമാനം പ്രഖ്യാപിക്കാൻ പോവുകയാണ് വമ്പിച്ച ജനം തടിച്ചുകൂടിയിട്ടുണ്ട്. 
അംറിന്റെ നിർബന്ധം കാരണം ആദ്യ പ്രഖ്യാപനം നടത്താൻ അബൂമൂസ മുമ്പോട്ടു വന്നു അദ്ദേഹം പറഞ്ഞു:  

ഞങ്ങൾ ദീർഘമായി ചർച്ച നടത്തി തീരുമാനമെടുത്തു. അലിയെയും മുആവിയെയും പിരിച്ചു വിടുക ജനങ്ങൾ ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഇതാണ് തീരുമാനം. ഈ തീരുമാനപ്രകാരം ഞാൻ അലിയെയും മുആവിയെയും പിരിച്ചു വിട്ടിരിക്കുന്നു ...

ഉടനെ അംറ് കയറിവന്ന് പ്രഖ്യാപിച്ചു:  

എന്റെ കൂട്ടുകാരൻ പറഞ്ഞത് നിങ്ങൾ കേട്ടുകഴിഞ്ഞു ഖിലാഫത്തിൽ നിന്ന് അലിയെ അദ്ദേഹം പിരിച്ചു വിട്ടു ഞാൻ മുആവിയയെ ഖലീഫയായി നിയമിച്ചിരിക്കുന്നു ...

അബൂമൂസൽ അശ്അരി പ്രതിഷേധിച്ചു.
ഇത് ചതിയാണ് ഇതല്ല തീരുമാനം. അബൂമൂസ നാണംകൊണ്ട് തല താഴ്ത്തി ലജ്ജാ ഭാരത്തോടെ അദ്ദേഹം മക്കയിലേക്കു യാത്രയായി ...

അലി (റ)വിന്റെ സൈന്യം രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യുദ്ധം നിർത്തി മധ്യസ്ഥ ശ്രമത്തെ (തഹ്കീ ) അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും 
മധ്യസ്ഥ ശ്രമത്തെ എതിർത്തവർ സൈന്യത്തിൽ നിന്ന് പുറത്തുപോയി. പുറത്ത് പോയവർ എന്ന അർത്ഥത്തിൽ അവരെ ഖവാരിജുകൾ എന്ന് വിളിക്കുന്നു ...

അവരുടെ എണ്ണം പന്ത്രണ്ടായിരം വരും അവരുടെ മുദ്രാവാക്യം ലാ ഹുക്മ ഇല്ലാ ലില്ലാഹ് ...

അവർ വിധിച്ചു:  അലിയും മുആവിയയും കുറ്റക്കാരാണ് ഹറൂറ എന്ന സ്ഥലത്ത് സംഘടിച്ചു. ജനങ്ങളെ തങ്ങളുടെ പാർട്ടിയിലേക്കു ക്ഷണിച്ചു. 
അലി (റ) ഖവാരിജുകളെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നടത്തിനോക്കി. ഒന്നും വിജയിച്ചില്ല. പല പ്രമുഖരും അവരുടെ ക്യാമ്പിൽ ചെന്ന് സംസാരിച്ചു. പരാജയപ്പെട്ടു. അവസാനം അലി (റ)നേരിട്ടു സംസാരിച്ചു... 

അലി (റ)മസ്ജിദിൽ വെച്ചു പ്രസംഗിക്കുമ്പോൾ ഇവർ ബഹളം വെക്കും. ബുദ്ധിമുട്ടിക്കും. ലാ ഹുക്മ ഇല്ലാ ലില്ലാഹ് വിളിച്ചു പറയും. നാൾക്കുനാൾ അവരുടെ ശക്തി വർധിക്കുകയാണ്. അവരുടെ പാർട്ടിയിൽ ചേരാത്തവരെ വധിക്കുക പതിവായി ...

നഹ്റവാൻ എന്ന സ്ഥലത്തുവെച്ച് ഖവാരിജുകളുമായി അലി (റ)യുദ്ധം നടത്തി. നിരവധി ഖവാരിജുകളെ വധിച്ചു. അവരുടെ ശല്യം തീർന്നുവെന്ന് കരുതി ...

ശല്യം തീരുകയല്ല രൂക്ഷമാവുകയാണ് ചെയ്തത്. സ്വന്തം സൈന്യത്തിൽ തന്നെ ഖവാരിജുകളുണ്ട് എന്ന് മനസ്സിലായി. ഇതെന്തൊരു പരീക്ഷണമാണ്. 
ശാമുകാർക്കെതിരെയുള്ള യുദ്ധം തുടരണം. സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരുടെ കടമയാണത്. ചതിപ്രയോഗത്തിലൂടെയാണ് അധികാരം പിടിച്ചെടുത്തത്. ഒരു സൈന്യത്തെ സജ്ജമാക്കണം അതായിരുന്നു അലി (റ)വിന്റെ ചിന്ത ...

അദ്ദേഹം തന്റെ സൈനിക ക്യാമ്പിൽചെന്ന് അവരോട് സംസാരിച്ചു. ശാമിലേക്ക് പുറപ്പെടാൻ സന്നദ്ധരാവുക. നാം സത്യത്തിന് വേണ്ടി പോരാടാൻ പോവുകയാണ്. 
അപ്പോൾ സൈന്യത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:  

അമീറുൽ മുഹ്മിനീൻ ഞങ്ങൾക്ക് നാട്ടിലേക്ക് മടങ്ങിപ്പോവണം. ഞങ്ങളുടെ അമ്പുകൾ തീർന്നിരിക്കുന്നു. വാളുകൾക്ക് മൂർച്ചയില്ല. ഞങ്ങൾ ക്ഷീണിതരാണ് ...

യുദ്ധത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഉദാസീന ഭാവം ...

നാട്ടിലേക്കു പോവാൻ സമയമായിട്ടില്ല. യുദ്ധം ജയിച്ചിട്ട് പോയാൽ മതി. സത്യത്തിന്റെ മാർഗത്തിൽ ഉറച്ചു നിൽക്കണം. 
യുദ്ധത്തിന്നൊരുങ്ങാൻ ശക്തമായ കൽപന നൽകി .. 

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഖലീഫ ക്യാമ്പ് സന്ദർശിക്കാനെത്തി. വളരെ കുറച്ച് ആളുകൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ... ആയിരക്കണക്കായ സൈനികർ സ്ഥലം വിട്ടിരിക്കുന്നു. എന്തൊരു ദയനീയമായ അവസ്ഥ ...

അതേ സമയം മുആവിയ ശക്തി സംഭരിക്കുകയായിരുന്നു. പല സൂത്രങ്ങളും പ്രയോഗിച്ച് അലി (റ)വിനെ തളർത്താൻ ശ്രമിച്ചു. അനുയായികളിൽ ചിലരെ സ്വന്തം പാളയത്തിലെത്തിച്ചു. അവരെ ഉപയോഗിച്ചു പലകളികൾ കളിച്ചു ...

ഐശ്വര്യംനിറഞ്ഞു തുളുമ്പിനിൽക്കുന്ന നാടാണ് ഈജിപ്ത്. അത് കൈവശപ്പെടുത്തണമെന്ന് മുആവിയ തീരുമാനിച്ചു. ഈജിപ്തിൽ അലി (റ) നിയോഗിച്ച ഗവർണറായിരുന്നു ഖൈസ് ബ്നു സഅദ്. ഇദ്ദേഹത്തെക്കുറിച്ച് മുആവിയയുടെ ആൾക്കാർ പല കഥകൾ പറഞ്ഞു പരത്തി. ഇദ്ദേഹം മുആവിയയുടെ ആളാണ് പരസ്പരം കത്തുകളയക്കാറുണ്ട് അങ്ങനെ പലതും നാട്ടിൽ പരന്നു... 

അലി (റ)ഇദ്ദേഹത്തെ മാറ്റി പകരം മുഹമ്മദുബ്നു അബീബകറിനെ നിയോഗിച്ചു. മുഹമ്മദുബ്നു അബീബകറിനെ തളർത്താനുള്ള എല്ലാ ശ്രമങ്ങളും മുആവിയയുടെ ആൾക്കാർ നടത്തിക്കൊണ്ടിരുന്നു. അവരുമായുള്ള ഏറ്റുമുട്ടലിൽ മുഹമ്മദുബ്നു അബീബകർ പരാജയപ്പെട്ടു ...  
ഈ സന്ദർഭത്തിൽ മുആവിയ ആറായിരം പടയാളികളടങ്ങുന്ന സൈന്യത്തെ ഈജിപ്തിലേക്കയച്ചു. അംറുബ്നു ആസ്വ് ആയിരുന്നു സൈന്യാധിപൻ ...

അംറ് ഈജിപ്തിലെത്തി ഗവർണറായിരുന്ന മുഹമ്മദുബ്നു അബീബകറിനെ വധിച്ചു അധികാരം കരസ്ഥമാക്കി ...

ആഇശ (റ) യുടെ സഹോദരനായ മുഹമ്മദുബ്നു അബീബകറിന്റെ മയ്യിത്തിനെപ്പോലും അവഹേളിച്ചു. കിരാതമായ തേർവാഴ്ചകൾ നടന്നു. ചത്ത കഴുതയോടൊപ്പം ചുട്ടുകരിച്ചു എന്നുവരെ ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് ...

ഈജിപ്തിന്റെ ഭരണം മുആവിയ ഏറ്റെടുത്തു... 




മുആവിയ തന്റെ പ്രതിനിധിയായി യസീദുബ്നു ശജ്റ എന്ന യോദ്ധാവിനെ മക്കയിലേക്കയച്ചു. മക്ക കീഴടക്കി. മക്കക്കാരിൽനിന്ന് ബൈഅത്ത് വാങ്ങി മക്ക മുആവിയയുടെ കീഴിൽ വന്നു ...

യമനിലേക്കും സൈന്യത്തെ അയച്ചു.അലി പക്ഷക്കാരെ വധിച്ചു  അധികാരം പിടിച്ചടക്കി. 
മുആവിയയുടെ പ്രതിനിധി ബുസർ മദീനയിലെത്തി ഒരു യുദ്ധത്തിന് നിൽക്കാതെ മദീന കീഴടങ്ങി.  പിന്നെ മുആവിയയുടെ സൈന്യം ജൈത്രയാത്ര നടത്തുകയായിരുന്നു. മദാഇൻ കീഴടക്കി. അൻബാർ, ദൂമതുൽ ജൻദൽ, അൽജസീറ  തുടങ്ങി നിരവധി പ്രദേശങ്ങൾ പിടിച്ചടക്കി ...

അലി (റ)വിന്റെ ഭരണം ഇറാഖിലും ചില ഇറാൻ പ്രദേശങ്ങളിലും ഒതുങ്ങി ...

മുആവിയ നാൾക്കുനാൾ ശക്തനായിത്തീരുന്നു.
അലി (റ)വിന് സ്വന്തം സൈന്യത്തിലുള്ള വിശ്വാസം തകർന്നു. കൽപനകൾ അനുസരിക്കാത്ത വിഭാഗം.  മുആവിയയുടെ സൈന്യം ഇടക്കിടെ ഇറാഖിന്റെ ഗ്രാമങ്ങളിൽ മിന്നലാക്രമണം നടത്തിക്കൊണ്ടിരുന്നു. അവരെ തുരത്തിയോടിക്കാൻ അലി (റ) തന്റെ സൈന്യത്തിന് കൽപന കൊടുത്തു.
സൈന്യം ഭീരുക്കളും ഉദാസീനരുമായി കാണപ്പെട്ടു ...
ഈ ഘട്ടത്തിൽ അലി (റ) ചെയ്ത പ്രസംഗം ആരെയും ദുഃഖിതരാക്കും ...

അൻബാർ എന്ന പ്രദേശം മുആവിയ അധീനപ്പെടുത്തിയെന്ന വാർത്ത ഖലീഫയെ ദുഃഖിതനാക്കി. ഞെട്ടിക്കുന്ന വാർത്തയാണ് പിന്നാലെ വന്നത്. തന്റെ ഗവർണറെ വധിക്കുകയും ചെയ്തിരിക്കുന്നു ...

അലി (റ)കോപാകുലനായി വീട്ടിൽ നിന്നിറങ്ങി ഒരു കുന്നിൽ കയറിനിന്നു. താഴെ തന്റെ സൈന്യം തിങ്ങിക്കൂടിനിന്നു. ആ കുന്നിൽനിന്നു കൊണ്ടായിരുന്നു പ്രസംഗം. പ്രസക്ത ഭാഗം ഇങ്ങനെയാകുന്നു : 

ജിഹാദ് സ്വർഗത്തിലേക്കുള്ള  ഒരു വാതിലാകുന്നു. ആ വാതിലിൽ നിന്ന് മുഖംതിരിക്കരുത്. മുഖം തിരിച്ചാൽ നിന്ദ്യനായി മാറും. അവൻ അപമാനിതനായി ജീവിക്കേണ്ടിവരും ...

ഞാൻ നിങ്ങളെ യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. രാത്രിയിലും പകലിലും ഞാൻ നിങ്ങളെ വിളിക്കുന്നു.  രഹസ്യമായും പരസ്യമായും വിളിക്കുന്നു. 

ഇങ്ങോട്ടാക്രമിക്കുന്നതിന് മുമ്പ് അങ്ങോട്ടാക്രമിക്കണം. ഞാനെത്ര തവണ നിങ്ങളെ ഓർമപ്പെടുത്തി. 

നിങ്ങൾ ഭീരുക്കളായിപ്പോയി. ഒന്നിനും കൊള്ളരുതാത്തവരായി. എന്റെ വാക്കുകൾക്ക് നിങ്ങൾ വില കൽപിച്ചില്ല. ഇപ്പോൾ നിങ്ങൾ അറിഞ്ഞല്ലോ ...
അൻബാർ അക്രമിക്കപ്പെട്ടു. അവിടുത്തെ ഗവർണർ ഹസ്സാനുബ്നു ഹസ്സാനെ കൊലപ്പെടുത്തി ... 

സ്ത്രീകളും പുരുഷന്മാരും കൊലചെയ്യപ്പെട്ടു. ദുഷ്ടന്മാർ വീടുകൾ കൊള്ളയടിച്ചു.  മുസ്ലിം സ്ത്രീകളുടെ ശരീരത്തിലെ ആഭരണം തട്ടിപ്പറിച്ചു കടന്നുകളഞ്ഞു. സകല സാധനങ്ങളും കൊള്ളയടിച്ചു. നമ്മുടെ ജനങ്ങൾ നിരാലംബരും, നിസ്സഹായരും, നിരായുധരുമായിരുന്നു. അക്രമികൾക്ക് ഒരു പോറൽപോലും ഏറ്റില്ല ...

അക്രമിക്കാൻ വേണ്ടി അവർ സംഘടിച്ചിരിക്കുന്നു. നിങ്ങൾ സത്യപാതയിലായിട്ടുപോലും നിങ്ങൾക്ക് സംഘടിക്കാനാവുന്നില്ല. തണുപ്പുകാലത്ത് നിങ്ങളോട് യുദ്ധത്തെക്കുറിച്ച് പറഞ്ഞാൽ നിങ്ങളുടെ മറുപടി തണുപ്പൊന്നു കഴിയട്ടെ എന്നാവും ...

ഉഷ്ണ കാലത്ത് യുദ്ധത്തെക്കുറിച്ച് പറഞ്ഞാൽ ഉഷ്ണമൊന്നു തീരട്ടെയെന്നാവും. നിങ്ങൾ പറയുക ...

തണുപ്പിൽ നിന്നും ചൂടിൽ നിന്നും ഒളിച്ചോടുന്ന സമൂഹമേ നിങ്ങൾക്കെവിടെയാണ് രക്ഷ...? 

നിങ്ങളുടെ ധിക്കാരവും നിഷേധവും എന്റെ എല്ലാ ലക്ഷ്യങ്ങളെയും തകിടം മറിച്ചിരിക്കുന്നു.
എന്റെ അവസ്ഥ എത്രത്തോളമെത്തിയെന്നറിയാമോ...? ഖുറൈശികൾ പറയുന്നു: 

അബൂത്വാലിബിന്റെ മകൻ ധീരനാണ്. പക്ഷെ യുദ്ധതന്ത്രമറിയില്ല. എന്നെപ്പോലെ യുദ്ധതന്ത്രമറിയുന്നവർ മറ്റാരുണ്ട് ... ?  

അല്ലാഹുവാണെ സത്യം ഇരുപത് വയസ്സ് തികയുംമുമ്പെ യുദ്ധക്കളത്തിലിറങ്ങിയവനാണ് ഞാൻ...

ഇപ്പോഴും ഞാൻ യുദ്ധ സജ്ജനാണ്. 
എന്തുകാര്യം ...? എന്റെ സൈന്യം ഭീരുക്കളുടെ കൂട്ടായ്മയായിപ്പോയി. എന്റെ യുദ്ധതന്ത്രം കൊണ്ടെന്ത് ഫലം ...? 

എന്തൊരു പ്രസംഗം ...

ഒരു ധീര നേതാവ് നേരിടുന്ന പരീക്ഷണം ...

സ്ഥിതിഗതികൾ ഓരോ ദിവസവും മോശമായി വരികയാണ്. സൈന്യത്തിന്റെ ശക്തി ചോർന്നുപോയ്ക്കൊണ്ടിരുന്നു. സ്വന്തക്കാർ  എതിർക്കുകയാണ്. വിമർശിക്കുകയാണ്. ആളുകൾ തന്നെ വിട്ട് പോയ്ക്കൊണ്ടിരിക്കുന്നു ...

ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരിൽ ഏറ്റവും ഉന്നതനാണ് അലി (റ). ഏറ്റവും വലിയ പണ്ഡിതനുമാണ്. ഏറ്റവും കൂടുതൽ ഇബാദത്തെടുക്കുന്ന ആളുമാണ്. ഭൗതിക വിരക്തിയിലും ഒന്നാമൻ. എന്നിട്ടും ആളുകൾ വിട്ടുപോവുകയാണ് ...
ഒറ്റപ്പെടലിന്റെ വല്ലാത്ത അവസ്ഥ. ഈമാനിന്റെ പ്രകാശം വഹിക്കുന്നവർ മഹാനെ തേടിയെത്തുന്നു. ഭൗതികതയുടെ നിറപ്പകിട്ടുകൾ മാഞ്ഞുപോകുമ്പോഴും പുണ്യപുരുഷന്മാരുടെ സാമീപ്യം ആശ്വാസമായി ...

താൻ ജീവനെക്കാളേറെ സ്നേഹിക്കുന്ന നബി  (സ) തങ്ങൾ പുണ്യ റൗളാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു. ചുറ്റുപാടുകളുടെ സമ്മർദ്ദം കാരണം തനിക്ക് മദീനയിൽ പോവാൻ കഴിയുന്നില്ല. പുണ്യ റൗളാശരീഫ് സിയാറത്ത് ചെയ്യാനാവുന്നില്ല. എന്തൊരവസ്ഥയാണിത് ...

തനിക്കു താങ്ങും തണലുമായിരുന്ന പ്രിയ പത്നി ഫാത്വിമ (റ)വഫാത്തായിട്ട് കാലമെത്രയായി. അവരും പുണ്യ മദീനയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഒന്നു സിയാറത്ത് ചെയ്യാൻ തനിക്കാവുന്നില്ല. എത്ര പരിതാപകരമായ അവസ്ഥയാണിത് ...

പ്രിയപ്പെട്ട മക്കൾ ഇമാം ഹസൻ (റ), ഇമാം ഹുസൈൻ (റ) രണ്ടു പേരും ക്ലേശങ്ങൾ സഹിച്ചു ജീവിക്കുന്നു ...

തന്നെപ്പോലെ അവരും അപകടങ്ങൾക്കു മധ്യത്തിലാണ്. തന്റെ നാശം കൊതിക്കുന്നവർ അവരെയും അപായപ്പെടുത്താൻ നോക്കും. എല്ലാ അക്രമങ്ങളും മരണം എന്ന കവാടം കടക്കുന്നതുവരെ. അത് കഴിഞ്ഞാൽ പിന്നെയാർക്കും ഒന്നും ചെയ്യാനാവില്ല ...

നഹർവാൻ യുദ്ധം ...

ഖവാരിജുകൾക്കെതിരെ നടന്ന ഉഗ്രയുദ്ധം. നിരവധിയാളുകൾ വധിക്കപ്പെട്ടു. 

ഖവാരിജുകളുടെ മനസ്സിൽ നിന്ന് ആ രംഗം മാഞ്ഞുപോയില്ല. തങ്ങളുടെ പ്രയിയപ്പെട്ടവർ രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്ന രംഗം. പ്രതികാരം ചെയ്യണം ആ ചിന്ത മനസ്സിൽ നീറിപ്പുകഞ്ഞു ...

ലോകത്ത് ഏറ്റവും വലിയ കുറ്റം ചെയ്ത മൂന്നുപേർ ഖവാരിജുകളുടെ വീക്ഷണത്തിൽ ആ മൂന്നുപേർ അലി, മുആവിയ, അംറുബ്നുൽ ആസ്വ് എന്നിവരാകുന്നു ...

മൂന്നുപേരെയും വധിക്കണം. അതിനുവേണ്ടി ഗൂഢാലോചന നടത്തി അവർ ദൃഢപ്രതിജ്ഞയെടുത്തു ...

ഒരേ ദിവസം, ഒരേ സമയം, മൂന്നുപേരെയും വധിക്കുക സ്വന്തം ജീവൻ നൽകി ശ്രമം വിജയിപ്പിക്കുക...

മൂന്നപേരെ അതിനുവേണ്ടി ചുമതലപ്പെടുത്തി. 

(1) അബ്ദുർറഹ്മാനുബ്നു മുൽജിം 
(2) ബറക്കുബ്നു അബ്ദില്ല 
(3) അംറബ്നു ബകർ 

അബ്ദുറഹ്മാനുബ്നു മുൽജി അലിയെ വധിക്കണം. ബറക്കുബ്നു അബ്ദില്ല മുആവിയയെ വധിക്കണം.

അംറുബ്നു ബകർ വധിക്കേണ്ടത് അംറുബ്നുൽ ആസ്വിനെയാണ്. മൂന്നുപേരും പ്രതിജ്ഞയെടുത്തുകഴിഞ്ഞു... തയ്യാറെടുപ്പുകൾക്കു മാസങ്ങൾ തന്നെ ചെലവഴിച്ചു മൂർച്ചയുള്ള വാൾ വാങ്ങി വിഷം പുരട്ടി രഹസ്യ നീക്കങ്ങൾ നടത്തി... 

ഹിജ്റ നാൽപതാം വർഷം റമളാൻ പതിനേഴ് 
അന്ന് മൂന്നുപേരും വധിക്കണം ...

ബറക്കുബ്നു അബ്ദില്ല  ശാം (സിറിയ) യിലെത്തി നോമ്പും നിസ്കാരവുമൊക്കെ കഴിച്ചുകൂട്ടി ...

രാവിലെ സ്വുബ്ഹി നിസ്കാരത്തിന് പള്ളിയിലെത്തിയ മുആവിയയെ വെട്ടി. ലക്ഷ്യം തെറ്റി പൃഷ്ഠ ഭാഗത്താണ് വെട്ട് കൊണ്ടത്. മുറിവ് പറ്റിയതേയുള്ളൂ വധിക്കപ്പെട്ടില്ല ...

ബറകയെ പിടികൂടി വധിച്ചുകളഞ്ഞു ...

വിഷം ഊട്ടിയ വാളാണ് പ്രയോഗിച്ചത് വിഷം ശരീരത്തിൽ പടരുംമുമ്പ് മുറിവേറ്റ ഭാഗം പൊള്ളിക്കണം. തീകൊണ്ട് പൊള്ളിക്കുന്നത് അസഹ്യമായിത്തോന്നി. അല്ലെങ്കിൽ കടുപ്പം കൂടിയ മരുന്ന് കഴിക്കണം. ആ മരുന്ന് കഴിച്ചാൽ സന്താനോൽപാദനശേഷി നഷ്ടപ്പെടും.  യോഗ്യരായ പുത്രന്മാരുണ്ടല്ലോ രണ്ടു പേർ യസീദും അബ്ദുല്ലയും അത് മതി എന്നുവെക്കാം. കടുത്ത മരുന്നു കഴിച്ചു മുറിവുണങ്ങി ...

അംറുബ്നുൽ ബകർ ഈജിപ്തിലെത്തി. അംറുബ്നുൽ ആസ്വിന്റെ ചലനങ്ങൾ നോക്കി മനസ്സിലാക്കി ...

സ്വുബ്ഹിക്കു പള്ളിയിലെത്തുമ്പോൾ വെട്ടണം. പറ്റിയ സ്ഥലം കണ്ടുപിടിച്ചു ഒളിച്ചിരുന്നു ...

ആ രാത്രിയിൽ അംറുബ്നുൽ ആസ്വിന് വയറിന് അസുഖം ബാധിച്ചു. പിറ്റേന്ന് സുബ്ഹി നിസ്കാരത്തിന് മസ്ജിദിൽ പോവാൻ പറ്റാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാഭടന്മാരുടെ നേതാവാണ് ഖാരിജ. നിസ്കാരത്തിന് നേതൃത്വം വഹിക്കാൻ അന്ന് പള്ളിയിലെത്തിയത് ഖാരിജയായിരുന്നു... 

ഇരുട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന അംറുബ്നുൽ ബകർ ചാടി വീണു ഖാരിജയെ വെട്ടി. അംറുബ്നുൽ ആസ്വ് ആണെന്ന ധാരണയിലാണ് ആഞ്ഞു വെട്ടിയത്... 

ഖാരിജ വെട്ടേറ്റ് വീണു ചലനങ്ങളവസാനിച്ചു. ശഹീദായി. ഘാതകനെ പിടികൂടി. അംറുബ്നുൽ ആസ്വിന്റെ മുമ്പിൽ ഹാജറാക്കി. ഘാതകന് അബദ്ധം പറ്റിയെന്ന് മനസ്സിലായി. സഹിക്കാനാവാത്ത ദുഃഖം വന്നു. പൊട്ടിക്കരയാൻ തുടങ്ങി... 

അംറ് ഘാതകനോട് പറഞ്ഞു:  നീ എന്നെ വധിക്കാൻ വന്നു നിന്റെ ലക്ഷ്യം നടന്നില്ല. അല്ലാഹു ഉദ്ദേശിച്ചത് നടന്നു...

ഘാതകൻ വലിയ വേദനയോടെ കരഞ്ഞു ...

നീ വലിയ സാഹസികനാണല്ലോ എന്നിട്ടും മരണത്തെ ഭയന്നു കരയുകയാണോ... ?

ഇല്ല ഞാൻ മരണത്തെ ഭയക്കുന്നില്ല. എനിക്കു ലക്ഷ്യം നേടാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം കൊണ്ടാണ് കരയുന്നത്. എന്റെ കൂട്ടുകാർ രണ്ടുപേരും ലക്ഷ്യം നേടി എനിക്കതിന് കഴിഞ്ഞില്ല. ഞാൻ ഇതാ വധിക്കപ്പെടാൻ  പോവുന്നു ...

അബ്ദുറഹ്മാനുബ്നു മുൽജിം വിഷത്തിൽ ഊട്ടിയ വാളുമായി കൂഫയിലെത്തി. പരിസരമെല്ലാം നിരീക്ഷിച്ചു രാത്രിതന്നെ ഇരുട്ടിൽ ഒളിച്ചിരിക്കാൻ തുടങ്ങി ...

ആളുകൾ പതിനേഴാം നോമ്പിന്റെ അത്താഴം കഴിച്ചു. പലരും മസ്ജിദിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അലി (റ) വീട്ടിൽ നിന്നിറങ്ങി മസ്ജിദിലേക്കു വന്നു. ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി.

ഇത് ജുമുഅ ദിവസമാണ്

സ്വുബ്ഹിയുടെ സമയമായി. ഘാതകൻ കുറെ നേരമായി ഊരിപ്പിടിച്ച വാളുമായി കാത്തിരിക്കുകയാണ് ...

അലി (റ) അതാ നടന്നുവരുന്നു. കാത്തിരുന്ന നിമിഷമെത്തി.  ഘാതകൻ ഇരുട്ടിൽ നിന്ന് ഒറ്റച്ചാട്ടം. ഒറ്റ വെട്ട്. തലയിൽ തന്നെയാണ് വാൾ പതിച്ചത്. വാൾ താഴ്ന്നിറങ്ങി രക്തം ചീറ്റി. മുടി ചുവപ്പ് വർണമായി... 

അവനെപ്പിടിക്കൂ രക്ഷപ്പെടാൻ അനുവദിക്കരുത്. 
അലി (റ)വിന്റെ ശബ്ദം ആളുകൾ കേട്ടു അവർ മുമ്പോട്ട് കുതിച്ചു. ഘാതകനെ പിടികൂടി ...

അലി (റ) രക്തത്തിൽ കുളിച്ച് വീണുകിടക്കുകയാണ്. നിസ്കാരം നിർവഹിക്കുക ...

ജഅദ്ബ്നു ഉബൈറുബ്നു അബീവഹബ് നിസ്കാരത്തിന് ഇമാമത്ത് നിന്നു ... 

നിസ്കാരത്തിനുശേഷം അലി (റ)വിനെ വീട്ടിലേക്ക് മാറ്റി. തന്റെ ഘാതകന്റെ കാര്യത്തിൽ ഖലീഫ തീരുമാനം പറഞ്ഞു ...

ഞാൻ മരിക്കുകയാണെങ്കിൽ എന്നെ വധിച്ചതുപോലെ അവനെയും വധിക്കുക. ഞാൻ ജീവിക്കുകയാണെങ്കിൽ അവനെ എന്ത് ചെയ്യണമെന്ന് പിന്നീട്  തീരുമാനിക്കാം ...

അവനോട് നല്ല രീതിയിൽ പെരുമാറണം. വധിക്കുകയാണെങ്കിൽ ശരീരം അലങ്കോലപ്പെടുത്തരുത്. കടിക്കുന്ന നായയുടെ ശരീരംപോലും അലങ്കോലമാക്കരുതെന്ന് നബി (സ) തങ്ങൾ അരുൾ ചെയ്തിട്ടുണ്ട് ...

ചുറ്റും കൂടിയവർ ഇങ്ങനെ ചോദിച്ചു:  

അങ്ങ് വഫാത്താവുകയാണെങ്കിൽ ഞങ്ങൾ ഹസനെ ഖലീഫയായി സ്വീകരിക്കട്ടെയോ ?ഞങ്ങൾ ഹസന് ബൈഅത്ത് ചെയ്യട്ടയോ ?  

ഞാനങ്ങനെ കൽപിക്കുന്നില്ല. വിരോധിക്കുന്നുമില്ല ...

ഇബ്നു മുൽജിം കാര്യങ്ങൾ വ്യക്തമാക്കി. 
ആയിരം ദിർഹം കൊടുത്താണ് മേത്തരം വാൾ വാങ്ങിയത്. ഒരു മാസക്കാലം വാൾ വിഷത്തിലൂട്ടി. അതിനും ചെലവായി ആയിരം ദിർഹം ...

സംഭവബഹുലമായ നാല് വർഷവും ഒമ്പത് മാസവുമായിരുന്നു അലി (റ)വിന്റെ ഭരണകാലം. പ്രശ്നസങ്കീർണമായ കാലത്താണ് ഭരണം  ഏറ്റെടുത്തത്. പിന്നീട് പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണമായിത്തീർന്നു. വിശ്രമം, ശാന്തി, സമാധാനം ഇവയൊന്നും പിന്നീടുണ്ടായിട്ടില്ല ...

പുത്രന്മാരായ ഹസനും ഹുസൈനും തൊട്ടടുത്ത് തന്നെയുണ്ട്. അവർക്കു വിലപ്പെട്ട ഉപദേശം നൽകി... 

അല്ലാഹുവിനെ സൂക്ഷിക്കുക ...

വാക്കുകളും പ്രവർത്തികളും അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കണം. ദുനിയാവിന്റെ പിന്നാലെ പോവരുത്. ദുനിയാവിലെ സുഖങ്ങൾ തേടിപ്പോവരുത്. സത്യം മാത്രം പറയുക. സത്യത്തിനുവേണ്ടി നിലകൊള്ളുക. അനാഥരോട് കരുണ കാണിക്കുക. മറ്റുള്ളവരെ സഹായിക്കണം.  അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം. അക്രമിയുടെ എതിരാളിയായിരിക്കുക. അക്രമിക്കപ്പെടുന്നവന്റെ സഹായിയാവുക ...

വിശുദ്ധ ഖുർആൻ അനുസരിച്ച് ജീവിക്കുക. പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കുക ...

ഇമാം ഹസൻ (റ) വിന് നൽകിയ പ്രത്യേക ഉപദേശം ഇങ്ങനെയായിരുന്നു : 

ജനങ്ങൾക്കു മാപ്പ് നൽകുക. കോപം അടക്കുക. കുടുംബബന്ധം പാലിക്കുക. വിവരമില്ലാത്തവരോട് പൊറുക്കുക ...

വെട്ടേറ്റ പകലും പിന്നെ രാത്രിയും കടന്നുപോയി. രണ്ടാം ദിവസം പുലർന്നു. ആളുകൾ വന്നുകൊണ്ടിരുന്നു. പിറന്നു വീണ മക്ക, കർമരംഗമായിരുന്ന മദീന അവയെല്ലാം എത്രയോ അകലെയാണ്. വിദൂരമായ കൂഫയിലാണ് തന്റെ അന്ത്യം ...

രണ്ടാം പകൽ കടന്നുപോയി അലി (റ) അന്ത്യശ്വാസം വലിച്ചു. ജ്വലിച്ചുനിന്ന ജീവിതം അവസാനിച്ചു. ഇനി ആത്മീയ ലോകത്ത് ജ്വലിച്ചുനിൽക്കും ...

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

ഹസൻ, ഹുസൈൻ, സഹോദര പുത്രൻ അബ്ദുല്ലാഹിബ്നു ജഹ്ഫർ എന്നിവർ മയ്യിത്ത് കുളിപ്പിച്ചു ...

ഹസൻ (റ) ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി.  എവിടെ ഖബറടക്കും... ? എവിടെ ഖബറടക്കിയാലും ഖവാരിജുകൾ മാന്തിയെടുക്കുമെന്ന ഭയമുണ്ട്. അത്രക്ക് നിഷ്ഠൂരന്മാരായിട്ടുണ്ട് ഖവാരിജുകൾ ...

കൂഫയിലെ വീട്ടിന്നകത്ത് തന്നെ ഖബറടക്കപ്പെട്ടു...
ഖബറടക്കൽ സംബന്ധമായി വേറെയും അഭിപ്രായമുണ്ട് ...

വഫാത്താവുമ്പോൾ അലി (റ)വിന് അറുപത്തി മൂന്നു വയസ്സായിരുന്നു. അബൂബക്കർ (റ), ഉമർ (റ)എന്നിവരും അറുപത്തി മൂന്നാം വയസ്സിലാണ് വഫാതായത്. നബി (സ)തങ്ങളുടെ വഫാത്തും അറുപത്തി മൂന്നാം വയസ്സിൽ. ഉസ്മാൻ (റ) വഫാത്തായത് എൺപത്തി രണ്ടാം വയസ്സിലായിരുന്നു
 അലി (റ)അവർകൾക്ക് ഫാത്വിമ (റ)യിൽ മൂന്നു പുത്രന്മാരും രണ്ട് പുത്രിമാരും ജനിച്ചു. ഹസൻ, ഹുസൈൻ, മുഹ്സിൻ മൂന്നാമത്തെ പുത്രൻ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു ...

കർബല രണാങ്കണത്തിലാണ് ഇമാം ഹുസൈൻ (റ) വധിക്കപ്പെട്ടത്. പുത്രിമാർ സൈനബ്, ഉമ്മുകുൽസൂം എന്നിവരായിരുന്നു... 

ഫാത്വിമ (റ) യുടെ വഫാത്തിനുശേഷം അലി (റ) ചില വിവാഹങ്ങൾ നടത്തിയിട്ടുണ്ട്. അവരിൽ ജനിച്ച പുത്രിമാരും പ്രസിദ്ധരായിത്തീർന്നു. ഇവരിൽ മിക്കവരും കർബല യുദ്ധത്തിൽ ശഹീദായി. അങ്ങനെ അവരുടെ പേരുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത വിധം ചരിത്രത്തിൽ രേഖപ്പെട്ടുപോയി ...

ചില പുത്രന്മാരുടെ പേരുകൾ കാണുക : 

(1) അബ്ബാസ് (2) ജഹ്ഫർ (3) അബ്ദുല്ല (4) ഉസ്മാൻ ഇവർ നാലുപേരും കർബലയിൽ ശഹീദായി. (5)ഉബൈദുല്ല (6)അബൂബക്കർ 
ഇവരും കർബലയിൽ രക്തസാക്ഷികളായിത്തീർന്നുവെന്ന് ചില രേഖകളിൽ കാണാം ...

(7) യഹ്യ (8) മുഹമ്മദുൽ അസ്ഗർ (9) ഉമർ (10) മുഹമ്മദുൽ ഔസത്വ് (11) മുഹമ്മദുൽ അക്ബർ  എന്നീ പുത്രന്മാരും വളരെ പ്രസിദ്ധരായിത്തീർന്നു. മുഹമ്മദുൽ അക്ബർ എന്ന പുത്രൻ ഇബ്നുൽ ഹനഫിയ്യ എന്ന പേരിൽ പ്രസിദ്ധനായി... ആ കാലഘട്ടത്തിലെ വലിയ ആത്മീയ ഗുരുവായിരുന്നു. അഗാധമായ പാണ്ഡിത്യവും ഇബാദത്തുകളും അദ്ദേഹത്തെ ആദരണീയനാക്കിത്തീർത്തു ...

ആധുനിക കാലഘട്ടത്തിലെ അറബി സാഹിത്യ നിരൂപകന്മാർ പോലും അലി (റ) അവർകളുടെ സാഹിത്യ നൈപുണ്യത്തെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട് ...

പ്രസംഗ കലയിൽ അലി (റ) ഒരത്ഭുത പ്രതിഭാസമായിരുന്നുവെന്നാണ് അവർ വിലയിരുത്തുന്നത്. മുൻകാലക്കാരിലോ പിൽകാലക്കാരിലോ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന പ്രാസംഗികനില്ല. ഭാഷാ സാഹിത്യത്തിന്റെ അവസ്ഥയും അങ്ങനെ തന്നെ ...

മുസ്ലിംകളുടെ കൂട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ പ്രാസംഗികനും എഴുത്തുകാരുടെ ഇമാമും ആയിരുന്നു അലി (റ) എന്നാണ് സാഹിത്യ നിരൂപകൻ അഹമ്മദ് ഹസൻ സയ്യാത്ത് രേഖപ്പെടുത്തിയത്. ഏറ്റവും വലിയ തത്വജ്ഞാനിയായിരുന്നു അലി (റ). തത്വജ്ഞാനം ആ ഖൽബിൽനിന്ന് പ്രവഹിക്കുകയായിരുന്നു...

ഇനി അലി (റ)വിന്റെ ചില വചനങ്ങൾ നോക്കാം. ഒരിക്കലും തിളക്കം കുറയാത്ത മുത്തുമണികൾ ...


1. അല്ലാഹുവിൽ പ്രതീക്ഷ അർപ്പിക്കുക. മറ്റാരിലും പ്രതീക്ഷ വെക്കരുത് ...


2. സ്വന്തം പാപങ്ങളെ ഭയപ്പെടുക. മറ്റൊന്നിനെയും ഭയക്കരുത് ...

3. അറിയാത്ത കാര്യങ്ങൾ പഠിക്കണം അതിൽ ലജ്ജ പാടില്ല. പഠിക്കാതെ പാമരനായി ജീവിക്കരുത് ...

4. നിങ്ങൾക്കറിയാത്ത ഒരു കാര്യം ആരെങ്കിലും ചോദിച്ചാൽ എനിക്കറിയില്ല എന്നുതന്നെ പറയണം ...

5. ക്ഷമ ധീരതയാകുന്നു ...

6.  ചിന്ത തെളിഞ്ഞ കണ്ണാടിയാകുന്നു ...

7. നല്ല പെരുമാറ്റമാണ് നല്ല ആഭരണം ...

8. ഒരാൾക്ക് സ്വീകാര്യത ലഭിക്കുന്നത്, മറ്റുള്ളവരുടെ നന്മകൾ കൂടി അയാൾ സ്വീകരിക്കുമ്പോഴാണ് ...

9. അല്ലാഹു നിന്നെ സ്വതന്ത്രനായിട്ടാണ് സൃഷ്ടിച്ചത്. പിന്നെന്തിനാണ് നീ മറ്റൊരാളുടെ അടിമയാകാൻ പോവുന്നത്?  (ബുദ്ധി, ചിന്ത, ആദർശം ഇതൊന്നും പണയപ്പെടുത്തരുത് )

10. വ്യാമോഹം വിഡ്ഢികളുടെ  മൂലധനമാകുന്നു. വ്യാമോഹത്തിന്റെ പിന്നാലെ ഓടരുത് ...

11. മനുഷ്യൻ തനിക്കറിയാത്തതിന്റെ ശത്രുവാകുന്നു ...

12 . സ്വന്തത്തെ തിരിച്ചറിയണം. എന്നാൽ പിന്നെ ചതിയും അപകടങ്ങളും ഭയപ്പെടാനില്ല 

13. വാക്കുകൾ പറയുമ്പോൾ സൂക്ഷിക്കുക. സ്ഥാനം തെറ്റിയ വാക്കുകൾ അനുഗ്രഹങ്ങൾ തട്ടിത്തെറിപ്പിച്ചുകളയും ...

14. ആളുകളോട് അവരുടെ ഗ്രഹണശേഷിക്കനുസരിച്ചു മാത്രമേ സംസാരിക്കാവൂ ...

15. മനസ്സ് ക്ഷീണിക്കും വിശ്രമം നൽകണം. കഴമ്പുള്ള ഫലിതങ്ങൾ പറയാം ആസ്വദിക്കാം ക്ഷീണം പോകും ...




ഇങ്ങനെ ഇമാം അലി (റ)അവർകളുടെ നിരവധി വചനങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പ്രസംഗങ്ങളും രേഖയായി വന്നിട്ടുണ്ട്. അവയിലെ പദപ്രയോഗങ്ങളും ഉപമകളും വളരെ ആകർഷകമാണ്. മനുഷ്യരുടെ ബുദ്ധിയും  ചിന്തയും തട്ടിയുണർത്തുന്നതുമാണ്...

പ്രതിഭാസമ്പന്നനായ കവിയായിരുന്നു അലി (റ). നിരവധി വരികൾ ഗ്രന്ഥങ്ങളിൽ കാണാം കവിതാസമാഹാരങ്ങൾ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് ...

പൗരുഷത്തിന്റെയും, ധീരതയുടെയും, ഗാംഭീര്യത്തിന്റെയും പ്രതിരൂപമായിരുന്നു അലി (റ). മുൻകോപിയല്ല പരുക്കനുമല്ല നല്ല മയമുള്ള ആളാണ്. വിനയം നിറഞ്ഞ പെരുമാറ്റമാണ്.  മുഖത്ത് കോപമോ വെറുപ്പോ പ്രകടമാവാറില്ല. എപ്പോഴും പ്രസന്നമായ മുഖം. സദാ പുഞ്ചിരി തൂകും. ശാന്തമായ കാൽവെപ്പുകളോടെയാണ് നടപ്പ്...

ഗവർണർമാർക്ക് നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു:  

ജനങ്ങളോട് നീതി കാണിക്കുക. സമഭാവന പുലർത്തുക. ജനങ്ങളുടെ ആവലാതികൾ ക്ഷമയോടെ കേൾക്കുക. ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിൽ താമസം വരുത്തരുത്...

സകാത്തും നികുതിയും പിരിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് നൽകിയ നിർദേശം ഇങ്ങനെയായിരുന്നു :

ആളുകളുടെ ഇടയിലെത്തിയാൽ സലാം പറയുക. ഗൗരവഭാവം പാടില്ല. അനന്തരം സൗമ്യമായി ഇങ്ങനെ പറയണം : താങ്കളുടെ സ്വത്തിൽനിന്ന് അല്ലാഹുവിന്റെ അവകാശം സ്വീകരിക്കാൻ ഖലീഫ എന്നെ അയച്ചിരിക്കുന്നു. ആ വിധത്തിൽ വല്ലതും നൽകാനുണ്ടെങ്കിൽ എന്നെ ഏൽപിക്കുക ...

അവർ തന്നാൽ സ്വീകരിക്കുക. ഇല്ലെങ്കിൽ മടങ്ങിപ്പോരുക. അവർക്ക് നാൽക്കാലി സമ്പത്തുണ്ടെങ്കിൽ അവരുടെ അനുവാദമില്ലാതെ അവയെ സമീപിക്കരുത്. ഉടമസ്ഥന്റെ സമ്മതത്തോടെ കാലികളെ സമീപിക്കാം. കണക്കെടുപ്പ് നടത്താം ...

തനിക്ക് ആരിൽനിന്നും ഒരു സൗജന്യവും ലഭിക്കരുതെന്നായിരുന്നു ഖലീഫയുടെ തീരുമാനം. തന്നെ പരിചയമില്ലാത്ത കച്ചവടക്കാരിൽ  നിന്നാണ് സാധനങ്ങൾ വാങ്ങുക. പരിചയത്തിന്റെ പേരിൽ വില കുറക്കുകയൊന്നും വേണ്ട. വല്ലാത്ത സൂക്ഷ്മത തന്നെ ...

ബസ്വറയിലെ ഗവർണറായിരുന്നു ഉസ്മാനുബ്നു ഹുനൈഫ്. ബസ്വറയിലെ ഒരു പ്രമുഖൻ അദ്ദേഹത്തെ വിരുന്നിന് ക്ഷണിച്ചു. ഏതാനും പ്രുമുഖ വ്യക്തികളാണ് ക്ഷണിക്കപ്പെട്ടിരുന്നത്. സാധാരണക്കാർ ഉണ്ടായിരുന്നില്ല ...
ഇതറിഞ്ഞ ഖലീഫ ഗവർണർക്ക് താക്കീത് നൽകിക്കൊണ്ട് കത്തയച്ചു. അതിൽ എഴുതിയതിങ്ങനെയായിരുന്നു : 

ഇബ്നു ഹുനൈഫ് താങ്കളെ ആരോ വിരുന്നിന് ക്ഷണിച്ചതായി അറിഞ്ഞു. മുന്തിയതരം ഭക്ഷണം വിളമ്പിയ സദ്യയിൽ പങ്കെടുത്തു. സാധാരണക്കാർ ക്ഷണിക്കപ്പെട്ടില്ല. പാവപ്പെട്ടവരെ ക്ഷണിക്കാത്ത വിരുന്ന് സംശയാസ്പദമാണെന്ന കാര്യം താങ്കൾ ഓർക്കണം. നല്ലതാണെന്ന് ഉറപ്പുള്ള ആഹാരം മാത്രമേ തൊണ്ടയിൽ നിന്ന് താഴോട്ടിറക്കാവൂ ....

അലി(റ)വിന്റെ പ്രസംഗങ്ങളിലെ സാഹിത്യ ഭംഗി കാരണം അവ പലരും ഉദ്ധരിക്കാറുണ്ട് ...

ഒരു നേതാവിന്റെ മുറിപ്പെട്ട മനസ്സിന്റെ വേദനയും അതിൽ തുടിച്ചുനിൽക്കുന്നു ചില വാക്കുകൾ കാണുക : 

ബാഹ്യമായി നോക്കിയാൽ നിങ്ങൾ ശക്തമായ സൈന്യമാണ്. ആന്തരികമായ നിങ്ങളുടെ അവസ്ഥ ചൊറിപിടിച്ച ഒട്ടകത്തെപ്പോലെയാണ് ...

എത്ര കാലമാണ് ഞാൻ നിങ്ങളെ തെളിച്ചുകൊണ്ട് നടക്കുക. കീറിത്തുന്നിയ പഴയ വസ്ത്രം പോലെയാണ് നിങ്ങളുടെ അവസ്ഥ. ഒരു ഭാഗം തുന്നിയെടുക്കുമ്പോൾ മറുഭാഗം കീറിപ്പോവുന്ന അവസ്ഥ. സിറിയൻ സൈന്യം വരുന്നു എന്ന് കേട്ടാൽ നിങ്ങൾ വീട്ടിൽ വാതിലടച്ചു ഒളിച്ചിരിക്കും. പൂച്ച മാളത്തിൽ ഒളിക്കുംപോലെ.  ധീരനായ പടനായകന് അവസാന കാലത്ത് ലഭിച്ച സൈന്യത്തിന്റെ അവസ്ഥയാണിത്...

മറ്റൊരിക്കൽ പറഞ്ഞ വാചകങ്ങൾ നോക്കൂ: 

നിങ്ങളുടെ പ്രവർത്തന ശൈലി ശത്രുക്കൾക്കു പ്രോത്സാഹനം നൽകുന്നു. നിങ്ങളുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടവന് സ്വസ്ഥയില്ല. സ്വന്തം വീട് പോലും സംരക്ഷിക്കാനാവാത്ത നിങ്ങൾ എങ്ങനെ നാട് രക്ഷിക്കും...?  

അലി (റ) വധിക്കപ്പെട്ടതിനു ശേഷം മുആവിയയും മിനാറുബ്നു ളംറയും തമ്മിൽ നടന്ന സംഭാഷണം പലരും ഉദ്ധരിച്ചിട്ടുണ്ട് ...

മുആവിയ ചോദിച്ചു : അലി എങ്ങനെയുള്ള ആളായിരുന്നു ...? 

അത് പറയാൻ എന്നെ നിർബന്ധിക്കരുത് മിറാർ ഒഴിഞ്ഞു മാറാൻ നോക്കി.

മുആവിയ വിട്ടില്ല നിർബന്ധം തുടർന്നു ...

വരുന്നത് വരട്ടെ എന്ന മട്ടിൽ മിറാർ സംസാരിച്ചു. അലി നല്ല ദീർഘവീക്ഷണമുള്ള ആളായിരുന്നു. വമ്പിച്ച ശക്തിയുള്ള ആളുമായിരുന്നു. ശുദ്ധമായ ഭാഷയിൽ ആകർഷകമായി സംസാരിച്ചു. സത്യവും നീതിയും മുറുകെ പിടിച്ചു ജീവിച്ചു. ഭൗതിക സുഖങ്ങൾ ത്യജിച്ചു. പരിത്യാഗത്തിൽ മുമ്പിലായിരുന്നു  ...

അഗാധ പാണ്ഡിത്യത്തിന്റെ ഉടമ, മികച്ച വാഗ്മി, സാഹിത്യകാരൻ, കവി ...

രാത്രിയിൽ ഇബാദത്തെടുക്കുമ്പോൾ അദ്ദേഹം പൊട്ടിക്കരയുമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും എന്നും ഒപ്പമുണ്ടായിരുന്നു.  പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. രുചി കുറഞ്ഞ ഭക്ഷണം കഴിച്ചു. എന്തു സംശയം ചോദിച്ചാലും മറുപടി കിട്ടും. അദ്ദേഹത്തിന്റെ മുമ്പിൽ വന്ന് നിന്ന് സംസാരിക്കാൻ ഞങ്ങൾക്കു ഭയമായിരുന്നു. അഗതികളെ സഹായിച്ചു, ദുർബലരെ പ്രത്യേകം പരിഗണിച്ചു...

അള്ളാഹു സാക്ഷി ചില രാത്രികളിൽ ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്. ആരാധനകളിൽ മുഴുകിയ അവസ്ഥയിൽ ശരീരം വിറയ്ക്കും. തൊണ്ടയിടറും. ആ കരച്ചിലിന്റെ ശബ്ദം എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നതുപോലെ തോന്നുന്നു...

ഇരുട്ടുള്ള പാതിരാത്രികളിൽ ഞാൻ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട് ... അതിപ്രകാരമായിരുന്നു : 

ദുനിയാവേ.... എന്നെ വിട്ടുപോവുക. നിന്റെ വഞ്ചനയിൽ ഞാൻ വീഴില്ല. എന്നിൽനിന്ന് നീ യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ദുനിയാവേ നിനക്ക് പ്രായം കുറവാണ്. നീ നൽകുന്ന സുഖങ്ങൾക്ക് ആയുസ്സ് കുറവാണ്. നീ എന്നെ ചതിക്കാൻ നോക്കണ്ട. ഭൗതിക സുഖങ്ങൾക്കും ആഢംബരങ്ങൾക്കും പിന്നിൽ നിന്റെ വഞ്ചനയുണ്ട്. ആ സുഖങ്ങൾ തേടിപ്പോയവർ വലിയ അപകടത്തിൽ പെട്ടു... 

മുആവിയ ഞെട്ടിപ്പോയി. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. താടിരോമങ്ങൾ നനഞ്ഞു. താടിയിലൂടെ ഒഴുകിയ കണ്ണുനീർത്തുള്ളികൾ ഉടുപ്പിൽ വീണു നനഞ്ഞു ... തൊണ്ടയിടറിക്കൊണ്ട് അദ്ദേഹം പറഞ്ഞു:  അല്ലാഹു അബുൽ ഹസനെ അനുഗ്രഹിക്കട്ടെ. താങ്കൾ പറഞ്ഞതെത്ര വാസ്തവം. അദ്ദേഹം അങ്ങനെത്തന്നെയായിരുന്നു...

അദ്ദേഹത്തിന്റെ മരണത്തിൽ നിനക്കുള്ള ദുഃഖം എത്രത്തോളമുണ്ടെന്ന് പറയൂ .... 

തൊണ്ടയിടറിക്കൊണ്ടായിരുന്നു മറുപടി. എന്റെ ദുഃഖം.... ഒരു പിതാവിന്റെ ദുഃഖം പോലെയാണ്. തന്റെ മടിത്തട്ടിൽ കിടക്കുന്ന പുത്രനെ ശത്രു വധിച്ചാൽ ആ പിതാവിന് എത്ര ദുഃഖമുണ്ടാവുമോ അത്രയാണെന്റെ ദുഃഖം. മുആവിയാക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചദ്ദേഹം ബോധവാനായി. നിയമവാഴ്ച ഉറപ്പാക്കണം. അതാണ് ഒന്നാമതായി വേണ്ടത്. വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ശ്രമങ്ങൾ മുളയിൽതന്നെ നുള്ളിക്കളയണം ...

അരാജകത്വം അവസാനിപ്പിക്കണം. നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കണം. ഇസ്ലാം മത പ്രചാരണം വ്യാപിപ്പിക്കണം . ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധം തുടരണം. നാവികപ്പട ശക്തിപ്പെടണം. കടൽയുദ്ധം അനിവാര്യമായിവരും. മികച്ച ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോടെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇസ്ലാമിക വിജ്ഞാന കേന്ദ്രങ്ങൾ പല ഭാഗത്തും സ്ഥാപിക്കപ്പെട്ടു.  നിരവധി പണ്ഡിതൻമാർ വളർന്നു വന്നു. അവർ ഗ്രന്ഥങ്ങൾ രചിച്ചു. ഇസ്ലാമിക വിജ്ഞാനം വിവിധ ശാഖകളായി വികസിച്ചു.  ഓരോ വൈജ്ഞാനിക ശാഖയിലും നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളുടെ വിസ്തൃതി വളരെ വർധിച്ചു. തപാൽ സമ്പ്രദായം വളർന്നു. ആശുപത്രികളുണ്ടായി. വിദ്യാലയങ്ങൾ വർധിച്ചു. ലൈബ്രറികളുണ്ടായി...

ദമസ്കസ് ലോകത്തിലെ ഏറ്റവും മികച്ച വൈജ്ഞാനിക കേന്ദ്രമായി വളർന്നു. ലോകസഞ്ചാരികളും ചരിത്രകാരന്മാരും തൊഴിൽ വിദഗ്ധരും അങ്ങോട്ടൊഴുകിവന്നു. ഇസ്ലാം അതിന്റെ യാത്ര തുടരുകയാണ്...

ആത്മീയതയുടെ ലോകം വളർന്നു വലുതായിരുന്നു. ഹസൻ ബസ്വരി (റ), മഹ്റൂഫുൽ ഖർഹി (റ), സരിയ്യുസ്വിഖ്ത്വി (റ), ജുനൈദുൽ ബഗ്ദാദി (റ), അബൂബക്കർ ശിബ്ലി(റ)...തുടങ്ങിയ ആദ്യകാലസൂഫികളിലൂടെ വന്ന ആത്മീയതയുടെ കൈവഴികൾ ആ വഴികളിൽ എന്നും അലി (റ)വിന്റെ അദൃശ്യ സാന്നിധ്യമുണ്ട് ...

ശാഖോപശാഖകളായി ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന അഹ്ലുബൈത്തിന്റെ ഓരോ കണ്ണിയും അലി (റ) - ഫാത്വിമ (റ) ദമ്പതികളുടെ പുണ്യചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. ദിവ്യമായ ആ ഓർമയിൽ വിരാമം നൽകട്ടെ ...

സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരാണ് അലി (റ)വും ഫാത്വിമ (റ)യും. അവർ കാണിച്ചു തന്ന വഴിയിൽ സഞ്ചരിച്ച് അവരോടൊപ്പം സ്വർഗീയാരാമങ്ങളിലെത്തിച്ചേരാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ...

2 comments:

  1. ഫാത്തിമ (റ) യെ നിക്കാഹ്‌ ചെയ്യാൻ അലി (റ) തന്റെ പടയങ്കി വിറ്റത്‌ ആർക്ക്‌?

    ReplyDelete
    Replies
    1. 480 ദിർഹം വിലയ്ക്ക് ഉസ്മാൻ (റ) വിനാണ് വിറ്റത് എന്ന് ചരിത്രം പറയുന്നു . നബി (സ) യുടെ കരളിന്റെ കഷ്ണമായ ഫാത്തിമ (റ) വിവാഹം കഴിക്കാനാണ് ഇത് വിറ്റതെന്നറിഞ്ഞപ്പോൾ ഉസ്മാൻ (റ) അത് തിരികെ നൽകുകയുണ്ടായി .

      Delete