Friday, 20 April 2018
പുത്തൻ വാദത്തിന്റെ വേരുകൾ
Wednesday, 18 April 2018
സുബ്ഹിയിലെ ഖുനൂത്തും വിഘടിത വാദങ്ങളും
ഖുനൂത് എന്ന അറബി പദത്തിനു പ്രാര്‍ത്ഥിക്കുക,വിനയം കാണിക്കുക,മൌനം ദീക്ഷിക്കുക എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ നിസ്കാരത്തില്‍ നിര്‍വ്വഹി ക്കപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഇവിടെ ഖുനൂത് കൊണ്ട് വിവക്ഷിക്കുന്നത്. നിസ്കാരത്തില്‍ മൂന്നുവിധം ഖുനൂത് നിര്‍വ്വഹിക്കപ്പെടുന്നു.
1. നാസിലത്തിന്റെ ഖുനൂത് : മുസ്‌ലിം സമൂഹത്തിനു പൊതുവായി എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ എല്ലാ നിസ്കാരത്തിലും ഒരുപോലെ നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. ഒരിക്കല്‍ ഒരു കൂട്ടം പ്രബോധകരെ ശത്രുപക്ഷം നിര്‍ദാക്ഷിണ്യം അറുകൊല ചെയ്തപ്പോള്‍ ഒരു മാസക്കാലം നബി(സ്വ)യും സ്വഹാബത്തും ഈ ഖുനൂത് നിര്‍വ്വഹിച്ചു.
2.വിത്റിലെ ഖുനൂത്:വിശുദ്ധ റമളാനിലെ അവസാന പകുതിയിലെ വിത്ര്‍ നിസ്കാര ത്തില്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. നബി(സ്വ)യും സ്വഹാബിമാരും ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
3. സ്വുബ്ഹിയിലെ ഖുനൂത് : എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്‍ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്.
ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: സുബ്ഹിയിലെ രണ്ടാം റക്അത്തിലും റമളാനിൽ രണ്ടാം പകുതിക്ക് ശേഷം വിത്റിലെ അവസാന റക്അത്തിലും അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങളിൽ നാസിലത്തിന് വേണ്ടിയും അവസാനത്തെ റക്അത്തിൽ ഇഅ്തിദാലിൽ പതിവായി ചൊല്ലുന്ന ദിക്റിന് ശേഷം ഖുനൂത്ത് ഓതൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ: 66)
"അല്ലാഹുമ്മഹ്ദിനീ" മുതൽ തുടങ്ങുന്ന ഖുനൂത്തിൽ ഒരു ഭാഗം ദുആയും മറ്റൊരു ഭാഗം സനാഉം (കീർത്തനം) ആകുന്നു മഅ്മൂമായി നിസ്കരിക്കുന്നവൻ ദുആയിൽ ആമീൻ പറയണം സനാഇൽ ഇമാമിനോടൊപ്പം ഓതണം
ഖുനൂത്തിൽ മഅ്മൂം ഇമാമിന്റെ ദുആക്ക് ആമീൻ പറയൽ സുന്നത്താകുന്നു വ ബാരിക് ലീ ഫീമാ അഅ്ത്വൈത വരെയാണ് ദുആയുള്ളത് ശേഷമുള്ള സനാഅ് മഅ്മൂം പതുക്കെ ചൊല്ലണം (തുഹ്ഫ:2/67)
ഖുനൂത്തിന് ശേഷം നബി (സ)യുടെ മേൽ സ്വലാത്തും സലാമും സുന്നത്താണ് ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ഇത് ചൊല്ലണം മഅ്മൂം ചൊല്ലുകയോ ആമീൻ പറയുകയോ വേണ്ടത് നമുക്ക് നോക്കാം
ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: പ്രബല അഭിപ്രായമനുസരിച്ച് നബി (സ) യുടെ മേലിലുള്ള സ്വലാത്ത് ദുആയിൽ പെട്ടതാകുന്നു ഇമാം ഉറക്കെയാക്കിയാൽ മഅ്മൂം ഉറക്കെ ആമീൻ പറയണം ഇമാമിനോടൊപ്പം ചേരുകയെന്ന അഭിപ്രായം തള്ളപ്പെട്ടതാണ് (തുഹ്ഫ:2/72)
ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായമനുസരിച്ച് നബി (സ)യുടെ മേലിലുള്ള സ്വലാത്ത് ഇമാം ചൊല്ലുമ്പോൾ ആമീൻ പറയലാണ് മഅ്മൂമിന് സുന്നത്ത് തുഹ്ഫയിലെ പ്രബലമെന്ന വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലമാ ശർവാനി(റ) എഴുതുന്നത് താഴെ നോക്കുക
എങ്കിലും ഏറ്റവും നല്ലത് ആമീൻ പറയലും ചൊല്ലുകയുമാണ് ഇമാമിന്റെ സ്വലാത്തിന് ആമീൻ പറഞ്ഞതിനുശേഷം സ്വലാത്തു ചൊല്ലുക
ഇമാം റംലി(റ) വിന്റെ ശർഹുൽ ബഹ്ജയിൽ പറയുന്നത് ഇതു രണ്ടുമാവൽ വളരെ നല്ലതാണെന്നാണ് ഇതിൽ രണ്ട് അഭിപ്രായമനുസരിച്ചും കർമമുണ്ട്(ശർവാനി:2/73)
ഖുനൂത്ത് ഒറ്റക്ക് നിസ്കരിക്കുന്നവൻ ഏക വചനമായിട്ടും ഇമാം ബഹുവചനമായിട്ടുമാണ് ചൊല്ലേണ്ടത് ഒറ്റക്ക് നിസ്കരിക്കുന്നവനും മഅ്മൂമും പതുക്കെയാണ് ഖുനൂത്ത് ഓതേണ്ടത് ഇതെല്ലാം തുഹ്ഫയിൽ തന്നെ കാണാം.
ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:
“സ്വുബ്ഹി നിസ്കാരത്ത് തില്‍ ഖുനൂത്ത് ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.
ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു:
നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്‍, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്‍(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).
“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)
“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).
“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്‌ലിം)
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.
“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)
”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28)
ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)
ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).
ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്‍) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504).
എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).
അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു.
ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).
ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത സ്വഹാബി വര്യന്‍ നിസ് കാരവേളയില്‍ വിദൂരത്തായതുകൊണ്ടോ നബി(സ്വ)യും മേല്‍പറഞ്ഞ സ്വഹാബികളും ഖുനൂത് പതുക്കെയാക്കിയതുകൊണ്ടോ കേള്‍ക്കാതിരിക്കാനും ന്യായമുണ്ടെന്ന് ഹാഫിള് ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ നബി(സ്വ) വിത്റിലല്ലാതെ ഖുനൂത് ഓതിയിട്ടില്ല എന്ന ഇബ്നു മസ്ഊദി(റ)ല്‍ നിന്നുള്ള നിവേദനം വളരെ ദുര്‍ബലമാണ്” (അ ല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ – 2/286).
ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോ ദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു. സുബൈദ്(റ) പറഞ്ഞു. ‘സ്വു ബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ – 2/312).
Tuesday, 17 April 2018
സംശയവും മറുപടിയും - വിൽക്കൽ വാങ്ങലുകൾ
സാധനം ചെലവാകാൻ വേണ്ടി കളവ് പറയൽ ഹറാമല്ലേ ?
ഹറാമാണ് ഭൂമി, വാഹനക്കച്ചവടക്കാർ ,ബ്രോക്കർമാർ,മരക്കച്ചവടക്കാർ ,മത്സ്യ-മാംസ കച്ചവടക്കാർ, ഷോപ്പുകളിൽ നിൽക്കുന്ന സെയിൽസ്മാൻമാർ തുടങ്ങിയവരൊക്കെ കച്ചവടം നടക്കാൻ വേണ്ടി കളവ് പറയുന്നുണ്ടെങ്കിൽ അതെല്ലാം ഹറാം തന്നെ കളവ് പറയൽ ചരക്ക് വേഗം ചിലവാക്കിത്തരും ,ബർക്കത്തിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ബുഖാരി)
മണൽ ,മെറ്റൽ നിർമ്മാണ വസ്തുക്കൾ, ലോറിക്കാർ അളവ് കൂട്ടി പറയാറുണ്ട് (ഉദാ :80ഫൂട്ട്,100 ഫൂട്ട് ഉണ്ട് എന്ന് പറയും )ഇത് ഹറാമല്ലേ ?
തീർച്ചയായും ഹറാമാണ്
വിൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാം ?
മദ്യം,കഞ്ചാവ്, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ ,നജസുകൾ,ഹറാമായ ഉപകരണങ്ങൾ തുടങ്ങിയവ
ലോഡ്ജ്, ക്വാട്ടേഴ്സ് തുടങ്ങിയവ അനാശ്യാസത്തിന് വിട്ടുകൊടുത്താൽ ഉടമസ്ഥനും കുറ്റക്കാരനാവില്ലേ ?
ആവും തെറ്റിന് സൗകര്യമൊരുക്കി കൊടുക്കുന്നതും തെറ്റ് തന്നെ
കളവ് പറയാതെ കച്ചവടം നടക്കില്ല എന്നാണല്ലോ എല്ലാവരും പറയുന്നത്?
അത് ശരിയല്ല സത്യം പറഞ്ഞാൽ ഉള്ള ലാഭത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യും
അമിതമായ കൊള്ളലാഭം എടുക്കാൻ പാടുണ്ടോ ?
ഇല്ല എന്ന നിയമമില്ലെങ്കിലും തന്നോട് മറ്റൊരാൾ എടുക്കാമെന്ന് നമുക്ക് ഉൾക്കൊള്ളാവുന്ന ലാഭമോ നാം മറ്റുള്ളവരോട് എടുക്കാവൂ (ഇഹ്യാഉലുമിദ്ധീൻ 2/98)ഒരു ലക്ഷത്തിന് വാങ്ങിയ വസ്തു കുറഞ്ഞകാലയളവിനുള്ളിൽ പത്ത് ലക്ഷത്തിന് നമുകൊരാൾ മറിച്ചുവിറ്റാൽ ഒമ്പത് ലക്ഷം അയാൾ ലാഭം എടുക്കുന്നത് നമുക്ക് ഉൾക്കൊള്ളാനാവില്ല അതുപോലെ നമ്മളും ഒരു ലക്ഷത്തിന്റെ മുതൽ പത്ത് ലക്ഷത്തിന് വിൽക്കരുത് ഇതാണ് തഖ്വ്വ കുറഞ്ഞ ലാഭം കൊണ്ട് തൃപ്തി പെടുന്നവർക്ക് കച്ചവടം കൂടുകയും ബർകത്ത് ലഭിക്കുകയും ചെയ്യുമെന്നും ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്
സത്യസന്ധനായ കച്ചവടക്കാരന്റെ പ്രതിഫലം എന്താണ്?
ശുഹദാക്കളുടെയും സിദ്ധീഖീങ്ങളുടെയും കൂടെ നാളെ പരലോകത്ത് അല്ലാഹു അയാളെ ഒരുമിച്ച് കൂട്ടും എന്ന് നബി (സ)പ്രസ്താവിച്ചിരിക്കുന്നു (തുർമുദി,ഹാകിം)
ഏറ്റവും നല്ല ഭക്ഷണം ഏതാണ്?
സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയത് എന്നാണ് ഹദീസിൽ പറഞ്ഞത് (അഹ്മദ്) എന്നാൽ പണ്ഡിതർ ,മുസ്ലിംങ്ങളുടെ പൊതുപ്രവർത്തകർ തുടങ്ങിയവർ ഉള്ള സമയം മറ്റുള്ളവർക്ക് അറിവ് പഠിപ്പിക്കാനും മറ്റും ഉപയോഗിക്കണമെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട്
ലോട്ടറി എടുക്കൽ ഹറാമാണോ ?
ഹറാമാണ്
കടകളിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാനകൂപ്പൺ വഴി കിട്ടുന്നവ ഹറാമാണോ ?
അല്ല
ബാങ്ക് ,ലോട്ടറി, ബാർ തുടങ്ങിയ ഹറാമിന്റെ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകൽ ഹറാമല്ലേ ?
ഹറാമാണ്
ഒരാൾ വില പറഞ്ഞ് ഉറപ്പിച്ചശേഷം മറ്റൊരാൾ വില കൂട്ടി പറഞ്ഞ് കച്ചവടം മുടക്കാൻ പാടുണ്ടോ ?
ഒരാൾ വില പറഞ്ഞു ആ വില വിൽക്കുന്നവന് തൃപ്തിയുമായി കച്ചവടം ഉറപ്പിക്കുകയും ചെയ്താൽ പിന്നെ മറ്റൊരാൾ വില പറയുന്നത് ഹറാമാണ് ഉറപ്പിച്ചില്ലെങ്കിൽ വീണ്ടും പറയാം (തുഹ്ഫ4/313)
ഭൂമിയോ മറ്റോ വാങ്ങാൻ വേണ്ടി അഡ്വാൻസ് കൊടുത്ത ചെറിയ സംഖ്യ കച്ചവടം നടന്നില്ലെങ്കിൽ എന്തു ചെയ്യണം?
തിരിച്ചു കൊടുക്കണം തിരിച്ചു കൊടുക്കാതിരിക്കൽ ഹറാമാണ് (തുഹ്ഫ 4/355)
ഖബറിങ്ങലും മറ്റും ഖുർആൻ ഓതാൻ വേണ്ടി ആളെ കൂലിക്ക് വിളിക്കാമോ ?
വിളിക്കാം ഹജ്ജ്, സക്കാത്ത് വിതരണം ,ഉളുഹിയ്യത്ത് വിതരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ ഇബാദത്തുകൾക്കൊക്കെ ആളെ കൂലിക്ക് വിളിക്കാം (തുഹ്ഫ 6/180)
ഭൂമി, ഖബർസ്ഥാന് വേണ്ടി വാടകക്ക് എടുക്കാമോ ?
മറുപടി: ഇല്ല (ഫത്ഹുൽ മുഈൻ 282)
Saturday, 14 April 2018
പ്രവാചകരുടെ മാതാപിതാക്കള്‍ പിഴച്ചവരോ?
മുത്ത് റസൂലി(റ)ന്റെയും, ഇബ്‌റാഹീം നബി(അ)യുടെയും ഈ രണ്ടു മഹാപ്രവാചകന്മാരുടെയും മാതാപിതാക്കള്‍ നരകാവകാശികളാണെന്നാണ് ബിദ്അത്തുകാര്‍ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അവരെ മഹത്ത്വവവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മൗലിദുകള്‍ അസ്വീകാര്യമാണെന്നും മതവിരുദ്ധര്‍ വാദിക്കുന്നു.
നബി(സ്വ)യുടെ പിതൃപരമ്പരയില്‍പെട്ട ഇബ്‌റാഹിം നബി(അ)യുടെ പിതാവ് ആസര്‍ തനി ബിംബാരാധകനാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഇബ്‌റാഹിം തന്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. വിഗ്രഹങ്ങളെ നിങ്ങള്‍ ദൈവമായി സ്വീകരിക്കുകയാണോ? നിങ്ങളെയും നിങ്ങളുടെ ജനതയെയും വ്യക്തമായ വഴികേടിലായി ഞാന്‍ കാണുന്നു’ (സൂറത്തു അന്‍ആം 74). ഇതോടെ നബി(സ്വ)യുടെ കുടുംബ പരമ്പര കളങ്കരഹിതമാണെന്ന് പറയുന്നതിനര്‍ത്ഥമില്ലെന്നു മനസ്സിലായില്ലേ ?
ഖുര്‍ആന്‍ പറഞ്ഞ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവായിരുന്നില്ല. പിതൃവ്യനായിരുന്നുവെന്നാണ് പണ്ഡിതന്മാര്‍ ഇതിനു നല്‍കുന്ന മറുപടി.
അല്ലാമാ ആലൂസി വിശദീകരിക്കുന്നു: ‘അഹ്‌ലുസ്സുന്നയുടെ പണ്ഡിതരില്‍ ഭൂരിഭാഗവും ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ലെന്ന പക്ഷക്കാരാണ്. നബി(സ)യുടെ പിതാമഹന്മാരില്‍ അവിശ്വാസിയായ ഒരാള്‍ പോലുമില്ല. കാരണം നബി(സ്വ) പറയുന്നു: ‘സംശുദ്ധമായ ആളുകളുടെ മുതുകിലൂടെ വിശുദ്ധരായ സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങളിലേക്ക് എന്നെ നീക്കം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.’ സത്യനിഷേധികളെ കുറിച്ച് സംശുദ്ധര്‍ എന്ന് പറയാന്‍ പാടില്ല. മുശ്‌രിക്കുകള്‍ നജസാണെന്നാണല്ലോ ഖുര്‍ആനിന്റെ പ്രഖ്യാപനം (റൂഹുല്‍ മആനി: 7/194,95).
ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ) വിശദമായി എഴുതുന്നതിങ്ങനെ: ആസര്‍ ഇബ്‌റാഹിം നബിയുടെ പിതാവല്ലായിരുന്നുവെന്നതിന് തെളിവുകള്‍ പലതാണ്. നബിമാരുടെ പിതാക്കന്മാര്‍ ഒരിക്കലും അവിശ്വാസികളാവുകയില്ല എന്നതാണിതില്‍ പ്രധാനം. തിരുനബി(സ്വ)യുടെ നൂറിനെ സ്രഷ്ടാവിനെ സാഷ്ടാംഗം ചെയ്യുന്നവരിലൂടെ മാത്രം കൈമാറപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ശുഅറാഅ് സൂറത്തിലെ 219-ാം സൂക്തം ഇക്കാര്യമാണ് വിളിച്ചോതുന്നത്.
ഇബ്‌റാഹിം നബി(അ)യുടെ പിതാവടക്കമുള്ള നബി(സ്വ)യുടെ കുടുംബ പരമ്പരയിലെ എല്ലാവരും തൗഹീദില്‍ വിശ്വസിച്ചവരാണെന്ന് പ്രസ്തുത ആയത്ത് തറപ്പിച്ച് പറയുന്നു. ഇബ്‌നു അബീശൈബയും ഇബ്‌നുല്‍ മുന്‍ദിറും ഇബ്‌നു അബീഹാതിമും നിരവധി പരമ്പരകളിലൂടെ ഉദ്ധരിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കുക.
സൂറത്തു അന്‍ആമിലെ 74-ാം ആയത്തിന്റെ തഫ്‌സീറില്‍ ഇബ്‌നുല്‍ മുന്‍ദിര്‍(റ) ഇബ്‌നു ജുറൈജില്‍ നിന്ന് സ്വഹീഹായ സനദോടെ ഉദ്ധരിച്ചിരിക്കുന്നത് കാണാം: ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ല. ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് തീറഖ് അെല്ലങ്കില്‍ താറഖ് ബിന്‍ ശാരിഖ് ബിന്‍ നാഖൂര്‍ ബ്ന്‍ ഫാത്വിം എന്നാകുന്നു. ഇമാം സുദ്ദി(റ)യില്‍ നിന്ന് സ്വഹീഹായ സനദോടെ ഇബ്‌നു അബീഹാതം ഉദ്ധരിക്കുന്ന സംഭവവും ഇതിന് ഉപോല്‍ബലകമാണ്. ഇബ്‌റാഹിം നബിയുടെ പിതാവ് താറഖാണ് എന്നദ്ദേഹം സ്ഥിരീകരിക്കുന്നു. ‘അബ്’ എന്ന പദം പിതൃവ്യന്‍ എന്ന അര്‍ത്ഥത്തെ കുറിക്കാന്‍ അറബികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നാണിതിന്റെ ന്യായീകരണം (മസാലികുല്‍ ഹുനഫാ പേ: 33).
ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍(റ) തന്റെ തഫ്‌സീറില്‍ സുലൈമാനുബ്ന്‍ സര്‍ദില്‍ നിന്നുദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)യെ തീയിലേക്കെറിയാന്‍ ആബാലവൃദ്ധം ജനങ്ങളും വിറകുശേഖരിക്കാന്‍ തുടങ്ങി. തീയിലേക്കെടുത്തറിയുമെന്നായപ്പോള്‍ ഇബ്‌റാഹിം(അ) പറഞ്ഞു: ‘എനിക്കല്ലാഹു മതി, കാര്യങ്ങളേല്‍പ്പിക്കാന്‍ അവനത്രെ ഏറ്റവും നല്ലവന്‍ (സൂറത്തുല്‍ അമ്പിയാഅ് 69)
അല്ലാഹുവിന്റെ കല്‍പന പ്രകാരം തീ തണുപ്പും രക്ഷയുമായി മാറുകയും ഇബ്‌റാഹിം നബി ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. അപ്പോള്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യന്‍ പറഞ്ഞു: ഞാന്‍ നിമിത്തമാണ് ഇബ്‌റാഹിം നബി രക്ഷപ്പെട്ടത്. അപ്പോള്‍ ഒരു തീനാളം അദ്ദേഹത്തിന്റെ കാല്‍പാദത്തില്‍ പതിക്കുകയും അയാള്‍ എരിഞ്ഞമരുകയുമുണ്ടായി. പ്രസ്തുത സംഭവത്തില്‍ ‘അമ്മ്’ അഥവാ പിതൃവ്യന്‍ എന്ന പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത് (റൂഹുല്‍ മആനി 7/194, മസാലികുല്‍ ഹുനഫാ: പേ: 34).
ഇബ്‌റാഹിം നബിയുടെ ‘അമ്മ്’ (പിതൃവ്യന്‍) ആണ് ആസര്‍ എന്ന് ബോധ്യപ്പെട്ടല്ലോ. എങ്കില്‍ എന്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ‘അബ്’ എന്ന് പ്രയോഗിച്ചു എന്ന സംശയമുയര്‍ന്നു വരും. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന് അര്‍ത്ഥം കുറിക്കാന്‍ ‘അബ്’ എന്ന പദം ഉപയോഗിക്കാറുണ്ട്. (സഹോദരന്റെ മകനെ ‘യാ ബുനയ്യ’ എന്ന് വിളിക്കലും അറബി ഭാഷയില്‍ സാധാരണമാണ്). അല്ലാഹു പറയുന്നു: ‘മരണാസന്നനായ യഅ്ഖൂബ് നബി(അ) മക്കളോട് ചോദിച്ചു: എനിക്ക് ശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക? അവര്‍ പറഞ്ഞു. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരായ ഇബ്‌റാഹിം നബിയും ഇസ്മാഈല്‍ നബിയും ഇസ്ഹാഖ് നബിയും ആരാധിച്ച അല്ലാഹുവിനെയാണ് ഞങ്ങളാരാധിക്കുക (അല്‍ ബഖറ-133). ഇസ്മാഈല്‍ നബി(അ), യഅ്ഖൂബ് നബി(അ)യുടെ പിതാവല്ല, പിതൃവ്യനാണ്. എന്നിട്ടും അല്ലാഹു പ്രയോഗിച്ചത് (ആബാഅ്) എന്ന പദമാണ്.
ശൈഖ് സനാഉല്ലാ അല്‍ മള്ഹരി(റ) പറയുന്നു: ‘സ്വഹീഹായ അഭിപ്രായ പ്രകാരം ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ് ആസര്‍. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന പദം കുറിക്കാന്‍ പിതാവ് എന്നര്‍ത്ഥം വരുന്ന അബ് പ്രയോഗിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ (അല്‍ ബഖറ 133) സ്വീകരിച്ച ശൈലി ഇതിനു തെളിവാണ്. ആസറിന്റെ യഥാര്‍ത്ഥ പേര് നാഖൂര്‍ എന്നായിരുന്നു. ആദ്യം അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിലും നംറൂദിന്റെ മന്ത്രിയായതോടെ ഭൗതിക നേട്ടം കൊതിച്ച് തന്റെ പിതാമഹന്മാരുടെ മതമൊഴിവാക്കുകയായിരുന്നു ഇയാള്‍.
ഇമാം റാസി(റ) ആസര്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്, പിതാവല്ല എന്ന് പറഞ്ഞിട്ടുണ്ട്. പൂര്‍വസൂരികളില്‍പെട്ട വലിയ ഒരു സംഘം ഇതേ അഭിപ്രായക്കാരാണ്. ഇമാം സുര്‍ഖാനി(റ) പറയുന്നു: ശിഹാബുല്‍ ഹൈതമി വ്യക്തമാക്കിയത് പോലെ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതൃവ്യനാണ് എന്ന വിഷയത്തില്‍ ചരിത്ര പണ്ഡിതന്മാരും അഹ്‌ലുല്‍ കിതാബും ഏകാഭിപ്രായക്കാരാണ്. ഇമാം റാസി(റ)യും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇമാം സുയൂഥി(റ) പറയുന്നു: ഇബ്‌റാഹിം നബിയുടെ പിതാവ് താറഖ് ആണെന്നാണ് ഇബ്‌നു അബ്ബാസ്(റ), മുജാഹിദ്(റ), ഇബ്‌നു ജരീര്‍(റ), സുദ്ദി(റ) എന്നിവര്‍ പറഞ്ഞിട്ടുള്ളത്. തഫ്‌സീറു ഇബ്‌നില്‍ മുന്‍ദിറില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു അസര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആസര്‍ എന്ന പദം പരിചയപ്പെടുത്തി ‘അല്‍ ഖാമൂസ്’ രേഖപ്പെടുത്തുന്നു: ‘ഇത് ഇബ്‌റാഹിം നബിയുടെ പിതൃവ്യന്റെ പേരാണ്. പിതാവിന്റെ പേര് താറഖ് എന്നാണ്’ (തഫ്‌സീറുല്‍ മള്ഹരി 3/256).
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് വിവിധ പരമ്പരകളോടെ ഉദ്ധരിക്കുന്നു: ‘ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് ആസര്‍ എന്നല്ല, താറഖ് എന്നാണ്.’ ഇതേ ആശയം അദ്ദുര്‍റുല്‍ മന്‍സൂറിന്റെ മൂന്നാം വാള്യം 43-ാം പേജിലും ഇബ്‌നു കസീര്‍ രണ്ടാം വാള്യം 100-ാം പേജിലും കാണാം.
ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ‘ആസര്‍ യഥാര്‍ത്ഥത്തില്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്. അറബികള്‍ പിതൃവ്യനെയും അബ് എന്നാണ് പേര് വിളിക്കാറുള്ളത്. അല്ലാഹു സൂറത്തുല്‍ ബഖറയിലെ 133-ാം ആയത്തിലും ഇതേ പ്രയോഗം നടത്തിയിട്ടുണ്ട്. യഅ്ഖൂബ് നബി(അ)യുടെ പിതൃവ്യനായ ഇസ്മാഈല്‍ നബിയെ അബ് എന്ന് പരിചയപ്പെടുത്തി (അല്‍മിനഹുല്‍ മക്കിയ്യ 1/152).
മുഹമ്മദ് ബ്‌നു കഅബ്(റ), ഖതാദ(റ), മുജാഹിദ്(റ), ഹസന്‍(റ) തുടങ്ങിയവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ആസര്‍ ഒരു സത്യവിശ്വാസിയായി കാണാന്‍ ഇബ്‌റാഹിം നബി(അ)ക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. ശിര്‍ക്ക് വെടിയില്ലെന്ന് കണ്ടപ്പോള്‍ ഇബ്‌റാഹിം നബി(അ) പിന്തിരിഞ്ഞു.
(ഇബ്‌റാഹിം നബിയെ തിയ്യിലിട്ട ആ ദിവസത്തില്‍ തന്നെയായിരുന്നു ആസറിന്റെ അന്ത്യമെന്ന് നേരത്തെ പറഞ്ഞത് മറക്കാതിരിക്കുക). തീയിലിട്ട സംഭവം കഴിഞ്ഞയുടന്‍ ഇബ്‌റാഹിം(അ) ശാമിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മിസ്‌റിലേക്ക് പലായനം ചെയ്തു. മിസ്‌റില്‍ വെച്ചാണ് ഹാജര്‍(റ)യെ സേവകയായി ലഭിക്കുന്നത്. പിന്നീട് അദ്ദേഹം ശാമിലേക്ക് തന്നെ തിരിച്ചുപോയി. ആ സമയത്താണ് ഹാജറ ബീവി(റ)യെയും മകന്‍ ഇസ്മാഈല്‍(അ)നെയും മക്കയില്‍ കൊണ്ടുചെന്നാക്കാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. ഭാര്യയെയും മകനെയും വിജനമായ ഭൂമിയില്‍ തനിച്ചാക്കി ഇബ്‌റാഹിം നബി(അ) ‘ഞങ്ങളുടെ രക്ഷിതാവേ, നീ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എല്ലാ വിശ്വാസികള്‍ക്കും വിചാരണനാളില്‍ പൊറുത്തു തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു (സൂറത്തു ഇബ്‌റാഹിം 41).
മാതാപിതാക്കള്‍ കാഫിറാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഇബ്‌റാഹിം നബി(അ) ദുആ ചെയ്യുമോ?
ഈ സംഭവം വിശദീകരിച്ച് ഇമാം സുയൂഥി(റ) പറയുന്നു: പിതൃവ്യനായ ആസര്‍ മരിച്ച ശേഷവും ഇബ്‌റാഹിം നബി(അ) പിതാവിന് വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തിയിട്ടുണ്ട്. അവിശ്വാസിയായതു കാരണം ഇബ്‌റാഹിം നബി(അ) ഇസ്തിഗ്ഫാര്‍ നിര്‍ത്തിയെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയത് സ്വന്തം പിതാവിനെ കുറിച്ചല്ലെന്നും പിതൃവ്യനെ കുറിച്ചാണെന്നും ഇതില്‍ നിന്നും ബോധ്യമായി.
ഹാഫിള് ഇബ്‌നു സഅദ് ഉദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)ക്ക് ഇസ്മാഈല്‍(അ) ജനിക്കുന്നത് 90-ാം വയസ്സിലാണ്. ത്വബഖാതില്‍ അദ്ദേഹം തന്നെ കലബി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: ബാബിലോണില്‍ നിന്നും ശാമിലേക്ക് പലായനം ചെയ്തത് 37-ാം വയസ്സിലായിരുന്നു. തിയ്യിലിടല്‍ കൃത്യം കഴിഞ്ഞയുടനെയാണല്ലോ പലായനവും പിതൃവ്യന്റെ മരണവുമുണ്ടായത്. ഇസ്മാഈല്‍ നബി(അ) ജനിച്ച ശേഷമാണ് മക്കയിലേക്ക് പോയതും മാതാപിതാക്കള്‍ക്ക് വേണ്ടി ദുആ ചെയ്തതും. അതായത് ആസര്‍ മരിച്ച് 50-ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇബ്‌റാഹിം നബി(അ) മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട് (അല്‍ ഹാവി ലില്‍ ഫതാവാ: 2/214,215).
ആസര്‍ തന്നെയാണ് ഇബ്‌റാഹിം നബിയുടെ പിതാവെന്ന് സമ്മതിച്ചാല്‍ തന്നെ നബി(സ്വ)യുടെ നൂര്‍ ഒരു കാഫിറിലൂടെ കടന്ന് പോയെന്ന് പറയാന്‍ യാതൊരു ന്യായവുമില്ല. അല്ലാമാ അശ്ശൈഖ് മുഹമ്മദ് നൂവി അല്‍ ജാവി(റ) പറയുന്നു: നബി(സ്വ)യുടെ നൂര്‍ മുതുകിലായിരിക്കെ അവരുടെ പിതാമഹന്മാരില്‍ ഒരാളും വിഗ്രഹാരാധകരായിട്ടില്ല. അതില്‍ നിന്നവര്‍ സംശുദ്ധരാണ്. അതേസമയം അവിടുത്തെ നൂര്‍ കടന്ന് പോയതിന് ശേഷം വിഗ്രഹാരാധനയടക്കം അവിശ്വാസത്തിന്റെ വിവിധ പ്രവണതകള്‍ അവരില്‍ നിന്നുണ്ടായേക്കാം (തഫ്‌സീറുല്‍ മുനീര്‍ 1/272).
ആസര്‍ ആദ്യകാലത്ത് സത്യവിശ്വാസിയായിരുന്നുവെന്ന് തഫ്‌സീറുല്‍ മള്ഹരിയില്‍ നിന്നു നാം നേരത്തെ ഉദ്ധരിച്ചതോര്‍ക്കുക. ഇമാം സ്വാവിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ഹാശിയതു സ്വാവി അലാ തഫ്‌സീര്‍ ജലാലൈന്‍ 2/23,24). ചുരുക്കത്തില്‍, ആസര്‍ വിശ്വാസിയാണെന്ന പ്രബല അഭിപ്രായമനുസരിച്ചും അല്ലെന്ന ദുര്‍ബല വീക്ഷണമനുസരിച്ചും നബി(സ്വ)യുടെ നൂര്‍ അവിശ്വാസികളിലൂടെ വന്നിട്ടില്ലെന്ന് വ്യക്തമായി.
ഇത്രയും തെളിവുകൾ ഉദ്ധരിച്ചത് ഇബ്‌റാഹീം നബി (അ) യുടെ പിതാവ് ഇസ്‌ലാം സ്വീകരിച്ചെന്നും അദ്ധേഹത്തിന്റെ പേര് താറഖ് എന്ന് പകൽ വെളിച്ചം പോലെ മനസ്സിലായിരിക്കുകയാണ്
അടുത്തത് മുഹമ്മദ് നബി (സ) യുടെ മാതാപിതാക്കളെ പറ്റി വിശദീകരിക്കാം
ഇന്ന അബീ വഅബാക ഫിന്നാര്‍
നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു ഹദീസ് ഭാഗമാണ് ‘എന്റെയും താങ്കളുടെയും പിതാക്കള്‍ നരകത്തിലാണ്’ എന്നത്. ഇതു ദുര്‍വ്യാഖ്യാനിച്ചാണ് പുണ്യറസൂല്‍(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളാണെന്ന അധര്‍മം ഇവര്‍ പ്രചരിപ്പിക്കുന്നത്.
ഇതിനും അഹ്‌ലുസ്സുന്ന മറുപടി നല്‍കിയിട്ടുണ്ട്. നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലെല്ലന്ന് പറഞ്ഞവരൊക്കെ ഈ ഹദീസ് കണ്ടവരാണ്. വിശദീകരിക്കാം. ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്:
ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ഈ ഹദീസില്‍ പ്രതിപാദിച്ച അബ് എന്ന പദത്തിന്റെ ഉദ്ദേശ്യം പിതാവ് അല്ല. മറിച്ച് നബി(സ്വ)യുടെ പിതൃവ്യനാണ്. അറബികള്‍ അമ്മ് (പിതൃവ്യന്‍) എന്ന പദത്തിനു പകരം അബ് എന്ന പദം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ട് (ഇബ്‌നു ഹജര്‍ അല്‍ ഹൈതമി-അല്‍മിനഹുല്‍ മക്കിയ്യ പേ: 153).
ഇതനുസരിച്ച് നബി(സ്വ) പറഞ്ഞത് തന്റെ പിതൃവ്യനെ കുറിച്ചാണ്. നരകാവകാശിയായ പിതൃവ്യന്‍ നബി(സ്വ)ക്കുണ്ടല്ലോ? ഇതു മുഖേന നബി(സ്വ)യുടെ മാതൃപിതൃ പരമ്പര അവിശ്വാസികളാണെന്ന് വരില്ലന്ന് സ്പഷ്ടം.
വിശ്വസികളുടെ തെളിവ്
നബി(സ്വ) അവിടുത്തെ ഭൗതിക ജീവിതത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണല്ലോ. അവരെ ഇസ്‌ലാമിന്റെ പടിക്ക് പുറത്തിരുത്തുന്നതും സത്യനിഷേധികളോടൊപ്പം നരകാവകാശികളായി അവരുമുണ്ടാകുമെന്നു പറയുന്നതും യഥാര്‍ത്ഥ വിശ്വാസിക്ക് ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. സൃഷ്ടികളില്‍ ഏറ്റവും ഉത്തമരായ നബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യനിഷേധത്തില്‍ മരണപ്പെട്ടവരാണെന്നു പറയുന്നതിലപ്പുറം ഒരു നാണക്കേട് അവിടുത്തെ സംബന്ധിച്ച് വരാനില്ലെന്ന് തീര്‍ച്ച.
നബി(സ്വ)ക്കെതിരായി ഒരു വിരലനക്കാന്‍ പോലും അനുവദിക്കാത്ത നമ്മുടെ മഹാന്മാരായ മുന്‍ഗാമികള്‍ ഈ പിഴച്ച വാദത്തെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്.
മാലികീ പണ്ഡിതനായ അബൂബക്കര്‍ ഇബ്‌നു അറബിയോട് നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറഞ്ഞ ഒരാളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: അയാള്‍ ശപിക്കപ്പെട്ടവനാണ്. കാരണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു; അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും വേദനിപ്പിക്കുന്നവരെ ഇരുലോകങ്ങളിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്ക് കഠിന ശിക്ഷ തയ്യാര്‍ ചെയ്തിട്ടുമുണ്ട് (അല്‍ അസ്ഹാബ് 57)
തിരു നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറയുന്നതിലപ്പുറം വലിയ ഒരക്രമവും അവിടത്തോട് ചെയ്യാനില്ല (അര്‍റസാഇലുത്തിസ്അ്: പേ. 201).
ശേഷം അങ്ങയുടെ നാഥന്‍ തങ്ങളിഷ്ടപ്പെടുന്നത് (എല്ലാ നന്മയും) നല്‍കും. അങ്ങനെ തങ്ങള്‍ തൃപ്തിയടയുകയും ചെയ്യും (അള്ളുഹാ-5) എന്ന് അല്ലാഹു പറയുന്നു. സ്വന്തം ഉമ്മയും ഉപ്പയും നരകയാതന അനുഭവിക്കുമ്പോള്‍ സ്വര്‍ഗീയാനുഭൂതികളാസ്വദിച്ച് തിരുനബി തൃപ്തിയടയുമെന്ന് ഊഹിക്കാന്‍ നമുക്ക് കഴിയുമോ?
ഖസീദത്തു അല്ലഫൽ അലിഫ്
തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ താമ്രപര്‍ണി നദീതീരത്തെ ചരിത്രവിശ്രുതമായ കായല്‍പട്ടണത്ത് ഹിജ്റ 1153ല്‍ ജനിച്ച ഉമര്‍ വലിയുല്ലാഹി(റ)വിന്റെ രചനയാണിത്.
മതവിജ്ഞാനത്തിന്റെ കേസരികള്‍ താമസിച്ചിരുന്ന നാടാണ് കായല്‍പട്ടണം. മഖ്ദൂമുമാര്‍, കേരളത്തിലെത്തുന്നതിന് മുമ്പ് കായല്‍പട്ടണത്ത് താമസിച്ചിരുന്നതായി ചരിത്രം പറയുന്നു .പിതാവ് ശൈഖ് അബ്ദുല്‍ ഖാദിര്‍ എന്നവരില്‍ നിന്ന് പ്രാഥമിക വിജ്ഞാനം കരസ്ഥമാക്കിയ കഥാപുരുഷന്‍, സയ്യിദ് മുഹമ്മദ് മൌലല്‍ ബുഖാരി അടക്കമുള്ള ഉന്നതരില്‍ നിന്നും ഉപരിപഠനം നടത്തുകയും പണ്ഡിത കേസരികളില്‍ ഒരാളായി മാറുകയും ചെയ്തു.
കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടുകയും ഖാദിരിയ്യ: രിഫാഇയ്യ: തുടങ്ങിയ ആത്മീയ വഴികളില്‍ പ്രവേശിക്കുകയും ചെയ്തു. ഹജ്ജ് ഉംറകള്‍ക്കായി മക്കയില്‍ എത്തിയ ഉമര്‍ വലിയുല്ലാഹി(റ) റൌളാ സന്ദര്‍ശനത്തിനു ശേഷം മദീനയില്‍ തന്നെ താമസിച്ചു. അസ്സയ്യിദ് അല്ലാമാ മുഹമ്മദ് മുഹ്സിന്‍ അല്‍ ഹുബൈഖി(റ) എന്നിവരില്‍ നിന്നും ജ്ഞാനം നുകരുകയും ആദ്ധ്യാത്മിക വെളിച്ചം പകര്‍ന്നെടുക്കുകയും ചെയ്തു.
പഠനാനന്തരം മദീനയില്‍ തന്നെ മതാധ്യാപന വൃത്തിയിലേര്‍പ്പെട്ടു. അഞ്ചു വര്‍ഷത്തെ അദ്ധ്യായന വൃത്തിക്ക് ശേഷം ഗുരുവിന്റെ അനുമതി പ്രകാരം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി. മദീനയില്‍ നിന്നുള്ള മടക്ക യാത്രാവേളയിലാണ് സ്വല്ലല്‍ ഇലാഹു ക്രോഡീകരിച്ചത് എന്നാണ് പ്രമുഖ ഭാഷ്യം. വിരഹ ദു:ഖത്തിന്റെ കാവ്യാവിഷ്കാരമായി ഈ പ്രകീര്‍ത്തന കാവ്യം പരിഗണിക്കപ്പെടുന്നു .
കേവലമായ അനുരാഗത്തില്‍ നിന്ന് മാത്രമല്ല സ്വല്ലല്‍ ഇലാഹു വിരിയുന്നത്. ആദ്ധ്യാത്മികതയുടെ അന്തര്‍ലയങ്ങളും പ്രേമഭാജനത്തോടുള്ള ആത്മ സംവേദനങ്ങളും ആത്മനിസ്സാരതയുടെ വിഹ്വലതകളും ഇഴ ചേര്‍ന്നാണ് ഈ കവിത പ്രവഹിക്കുന്നത്. അറബി അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങള്‍ കൊണ്‍ടും തുടങ്ങി ഭാഷാ സാകല്യത്തിന്റെ പരിധികള്‍ക്കുമപ്പുറത്തേക്ക് തിരുനബിയുടെ പ്രപഞ്ചത്തെ വികസിപ്പിക്കുകയാണ് കവി ചെയ്യുന്നത്
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്‍റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...