Tuesday 3 April 2018

സംശയവും മറുപടിയും - അറവും , കൊല്ലലും

 

പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി എങ്കിൽ ആ ഭക്ഷണം കഴിക്കാമോ ?

ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ  ഭക്ഷിക്കാം (തുഹ്ഫ 9/318)

കടന്നൽ കൂടിന് തീവെക്കാൻ പറ്റുമോ? ചുട്ടുകരിക്കാൻ അല്ലാഹുവിന് മാത്രമല്ലേ അവകാശമുള്ളൂ ? 

തീ വെച്ചാലെ നശിക്കൂ എന്നുണ്ടെങ്കിൽ തീ വെക്കാം (തുഹ്ഫ 9/318,383)

അറുക്കുന്നതിനിടയിൽ കത്തി താഴെ വീണു വീണ്ടുമെടുത്ത് അറുത്തു എന്നാൽ ആ അറവ് ശരിയാകുമോ ? 

അറവ് മൃഗം പിടഞ്ഞതിനാലോ മറ്റോ കത്തി ഉയർത്തി ഉടനെത്തന്നെ താഴ്ത്തിയാലും വീണുപോയ കത്തിയെടുത്ത് ഉടനെ അറവ് തുടർന്നാലുമൊക്കെ അറവ് ശരിയാകും (തുഹ്ഫ ,ശർവാനി 9/323)

ആടുകളെ അറുക്കാൻ കിടത്തേണ്ടത്എങ്ങനെ? 

ഇടത് ഭാഗത്തിൻമേൽ ചെരിച്ചാണ് കിടത്തേണ്ടത് അതാണ് സുന്നത്ത് (തുഹ്ഫ 9/325)

അറുക്കുന്നതിന്റെ മുമ്പ് ജീവിക്ക് വെള്ളം കൊടുക്കേണ്ടതുണ്ടോ ?

ഉണ്ട് സുന്നത്താണ് കാരണം അത് മൃഗത്തിന്റെ തോൽപൊളിക്കൽ എളുപ്പമാക്കും (തുഹ്ഫ ,ശർവാനി 9,325)

അറവു മൃഗത്തിന്റെ മുമ്പിൽവെച്ച് തന്നെ കത്തിമൂർച്ച കൂട്ടാൻ പറ്റുമോ ? 

കറാഹത്താണ് (തുഹ്ഫ 9/325)

ഒരു മൃഗത്തിന്റെ മുമ്പിലിട്ട് മറ്റൊരു മൃഗത്തെ അറുക്കുന്നത് തെറ്റല്ലേ ?

തെറ്റാണ് കറാഹത്താണ് (തുഹ്ഫ 9/325)

അറുത്ത മൃഗത്തിന്റെ ജീവൻപോവുന്നതിന് മുമ്പ് തോല് പൊളിക്കാനും മറ്റും പാടുണ്ടോ ?

ഇല്ല കറാഹത്താണ് (തുഹ്ഫ 9/325)

അറവുമൃഗത്തിന്റെ ഏതുഭാഗമാണ് ഖിബ്ലക്ക് നേരെ വരേണ്ടത്? 

അറുക്കുന്ന ഭാഗം, മുഖമല്ല എങ്കിലേ അറുക്കുന്നവനും ഖിബിലക്ക് മുന്നിടാൻ കഴിയുകയുള്ളൂ ഇത് രണ്ടും സുന്നത്താണ് (തുഹ്ഫ 9/325)

റോഡരികിൽ വെച്ച് അറവ് നടത്തുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്?

പൊതുവഴിയിൽ മൂത്രമൊഴിക്കുന്നത് പോലെ അതും കറാഹത്താണ് എന്നാൽ ഹറാമാണെന്നാണ് ഇഹ്യയയിലുള്ളത് (തുഹ്ഫ 9/325)

അറുക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്  ?

ബിസ്മില്ലാഹിർറഹ്മാനിറഹീം അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ മുഹമ്മദ്  (ഫത്ഹുൽ മുഈൻ 156) നബി  (സ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ സുന്നത്താണ് (തുഹ്ഫ 9/325)

ഉളുഹിയ്യത്ത് അറുക്കുമ്പോഴോ ?

ഉളുഹിയത്ത് ,അഖീഖത്ത് മുതലായ ഇബാദത്തായിവരുന്ന എല്ലാ അറവിലും ബിസ്മിയുടെ മുമ്പും പിമ്പും മൂന്ന് തക്ബീറും കൂടി ചൊല്ലലും സുന്നത്താണ്  (തുഹ്ഫ് ,ശർവാനി 9/326)

ബിസ്മി ചൊല്ലാതെ അറുത്തത് ഹലാലാണോ ?

ഹലാലാണ് കാരണം ബിസ്മി ചൊല്ലൽ സുന്നത്തേയുള്ളൂ എന്നാൽ ഇമാം അബൂഹനീഫ (റ) പറയുന്നത് മനപ്പൂർവം ബിസ്മി ഒഴിവാക്കിയാൽ അത് ഭക്ഷിക്കൽ ഹലാലാവില്ല എന്നാണ് (ശർവാനി 9/326,റഹ്മത്തുൽഉമ്മ 1/146)

മീൻപിടുത്തക്കാരൻ വലയെറിയുമ്പോൾ മുകളിൽ പറഞ്ഞവ ചൊല്ലൽ സുന്നത്തുണ്ടോ ?

ഉണ്ട് അപ്രകാരം വേട്ടമൃഗത്തെ എറിയുമ്പോഴുമൊക്കെ മേൽപറഞ്ഞ ബിസ്മിയും സ്വലാത്തും ചൊല്ലൽ സുന്നത്താണ് (തുഹ്ഫ 9/325)

ജീവികളെ ആവശ്യമില്ലാതെ കൊന്നുരസിക്കുന്നത് തെറ്റല്ലേ ?

അതെ ഹറാമാണ് 

(തുഹ്ഫ 9/329)

തത്ത ,ലൗബേർഡ്സ് തുടങ്ങിയ വർണം കൊണ്ടോ,ശബ്ദംകൊണ്ടോ ഉപകാരമുള്ള പക്ഷികളെയും മറ്റും കൂട്ടിലിട്ട് വളർത്താറുണ്ട് ഇത് ശരിയാണോ ? അവയെ തുറന്ന് വിടുകയല്ലേ വേണ്ടത് ?

അത്തരം ജീവികളെ കൂട്ടിലിട്ട് വളർത്തൽ അനുവദനീയമാണ് (തുഹ്ഫ 9/337)

അന്യവ്യക്തിയുടെ പറമ്പിൽ വീണുകിടക്കുന്ന മാമ്പഴം ,ചക്ക തുടങ്ങിയവ അനുവാദമില്ലാതെ എടുക്കാമോ ?

മതിൽകെട്ടിനകത്ത് വീണത് എടുക്കൽ ഹറാമാണ് .മതിലില്ല എന്നാലും ഉടമസ്ഥന് തൃപ്തിയില്ലാത്തതാണെങ്കിലും ഹറാമാണ് എന്നാൽ ഉടമസ്ഥന് വിരോധമില്ല എന്ന് ഭാവനയുണ്ടെങ്കിൽ എടുക്കൽ അനുവദനീയമാണ് (തുഹ്ഫ9/338) 

No comments:

Post a Comment