Tuesday 17 April 2018

സംശയവും മറുപടിയും - വിൽക്കൽ വാങ്ങലുകൾ

 

സാധനം ചെലവാകാൻ വേണ്ടി കളവ് പറയൽ ഹറാമല്ലേ ?

ഹറാമാണ് ഭൂമി, വാഹനക്കച്ചവടക്കാർ ,ബ്രോക്കർമാർ,മരക്കച്ചവടക്കാർ ,മത്സ്യ-മാംസ കച്ചവടക്കാർ, ഷോപ്പുകളിൽ നിൽക്കുന്ന സെയിൽസ്മാൻമാർ തുടങ്ങിയവരൊക്കെ കച്ചവടം നടക്കാൻ വേണ്ടി കളവ് പറയുന്നുണ്ടെങ്കിൽ അതെല്ലാം ഹറാം തന്നെ കളവ് പറയൽ ചരക്ക് വേഗം ചിലവാക്കിത്തരും ,ബർക്കത്തിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (ബുഖാരി)

മണൽ ,മെറ്റൽ നിർമ്മാണ വസ്തുക്കൾ, ലോറിക്കാർ അളവ് കൂട്ടി പറയാറുണ്ട്  (ഉദാ :80ഫൂട്ട്,100 ഫൂട്ട് ഉണ്ട് എന്ന് പറയും )ഇത് ഹറാമല്ലേ ?

തീർച്ചയായും ഹറാമാണ്  

വിൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാം ?

മദ്യം,കഞ്ചാവ്, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ ,നജസുകൾ,ഹറാമായ ഉപകരണങ്ങൾ തുടങ്ങിയവ  

ലോഡ്ജ്, ക്വാട്ടേഴ്സ് തുടങ്ങിയവ അനാശ്യാസത്തിന് വിട്ടുകൊടുത്താൽ ഉടമസ്ഥനും കുറ്റക്കാരനാവില്ലേ ? 

ആവും തെറ്റിന് സൗകര്യമൊരുക്കി കൊടുക്കുന്നതും തെറ്റ് തന്നെ 

കളവ് പറയാതെ കച്ചവടം നടക്കില്ല എന്നാണല്ലോ എല്ലാവരും പറയുന്നത്? 

അത് ശരിയല്ല സത്യം പറഞ്ഞാൽ ഉള്ള ലാഭത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യും

അമിതമായ കൊള്ളലാഭം എടുക്കാൻ പാടുണ്ടോ ? 

ഇല്ല എന്ന നിയമമില്ലെങ്കിലും തന്നോട് മറ്റൊരാൾ എടുക്കാമെന്ന് നമുക്ക് ഉൾക്കൊള്ളാവുന്ന ലാഭമോ  നാം മറ്റുള്ളവരോട് എടുക്കാവൂ (ഇഹ്യാഉലുമിദ്ധീൻ 2/98)ഒരു ലക്ഷത്തിന് വാങ്ങിയ വസ്തു കുറഞ്ഞകാലയളവിനുള്ളിൽ പത്ത് ലക്ഷത്തിന് നമുകൊരാൾ മറിച്ചുവിറ്റാൽ ഒമ്പത് ലക്ഷം അയാൾ ലാഭം എടുക്കുന്നത് നമുക്ക് ഉൾക്കൊള്ളാനാവില്ല അതുപോലെ നമ്മളും ഒരു ലക്ഷത്തിന്റെ മുതൽ പത്ത് ലക്ഷത്തിന് വിൽക്കരുത് ഇതാണ് തഖ്വ്വ കുറഞ്ഞ ലാഭം കൊണ്ട് തൃപ്തി പെടുന്നവർക്ക് കച്ചവടം കൂടുകയും ബർകത്ത് ലഭിക്കുകയും ചെയ്യുമെന്നും ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട് 

സത്യസന്ധനായ കച്ചവടക്കാരന്റെ പ്രതിഫലം എന്താണ്? 

ശുഹദാക്കളുടെയും സിദ്ധീഖീങ്ങളുടെയും കൂടെ നാളെ പരലോകത്ത് അല്ലാഹു അയാളെ ഒരുമിച്ച് കൂട്ടും എന്ന് നബി  (സ)പ്രസ്താവിച്ചിരിക്കുന്നു (തുർമുദി,ഹാകിം)

ഏറ്റവും നല്ല ഭക്ഷണം ഏതാണ്? 

സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയത് എന്നാണ് ഹദീസിൽ പറഞ്ഞത് (അഹ്മദ്) എന്നാൽ പണ്ഡിതർ ,മുസ്ലിംങ്ങളുടെ പൊതുപ്രവർത്തകർ തുടങ്ങിയവർ ഉള്ള സമയം മറ്റുള്ളവർക്ക് അറിവ് പഠിപ്പിക്കാനും മറ്റും ഉപയോഗിക്കണമെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് 

ലോട്ടറി എടുക്കൽ ഹറാമാണോ ?

ഹറാമാണ് 

കടകളിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാനകൂപ്പൺ വഴി കിട്ടുന്നവ ഹറാമാണോ ?

അല്ല 

ബാങ്ക് ,ലോട്ടറി, ബാർ തുടങ്ങിയ ഹറാമിന്റെ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകൽ ഹറാമല്ലേ ?

ഹറാമാണ് 

ഒരാൾ വില പറഞ്ഞ് ഉറപ്പിച്ചശേഷം മറ്റൊരാൾ വില കൂട്ടി പറഞ്ഞ് കച്ചവടം മുടക്കാൻ പാടുണ്ടോ ? 

ഒരാൾ വില പറഞ്ഞു ആ വില വിൽക്കുന്നവന് തൃപ്തിയുമായി കച്ചവടം ഉറപ്പിക്കുകയും ചെയ്താൽ പിന്നെ മറ്റൊരാൾ വില പറയുന്നത് ഹറാമാണ് ഉറപ്പിച്ചില്ലെങ്കിൽ വീണ്ടും പറയാം (തുഹ്ഫ4/313)

ഭൂമിയോ മറ്റോ വാങ്ങാൻ വേണ്ടി അഡ്വാൻസ് കൊടുത്ത ചെറിയ സംഖ്യ കച്ചവടം നടന്നില്ലെങ്കിൽ എന്തു ചെയ്യണം?  

തിരിച്ചു കൊടുക്കണം തിരിച്ചു കൊടുക്കാതിരിക്കൽ ഹറാമാണ് (തുഹ്ഫ 4/355)

ഖബറിങ്ങലും മറ്റും ഖുർആൻ ഓതാൻ വേണ്ടി ആളെ കൂലിക്ക് വിളിക്കാമോ ? 

വിളിക്കാം ഹജ്ജ്, സക്കാത്ത്  വിതരണം ,ഉളുഹിയ്യത്ത് വിതരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ ഇബാദത്തുകൾക്കൊക്കെ ആളെ കൂലിക്ക് വിളിക്കാം  (തുഹ്ഫ 6/180)

ഭൂമി, ഖബർസ്ഥാന് വേണ്ടി വാടകക്ക് എടുക്കാമോ ? 

മറുപടി:  ഇല്ല  (ഫത്ഹുൽ മുഈൻ 282) 


No comments:

Post a Comment