Tuesday 30 June 2020

പുകവലി ഇസ്ലാമിക ദൃഷ്ടിയിൽ




നമ്മുടെ ശരീരത്തിന് ഹാനികരമാകുന്നതൊന്നും ഉപയോഗിക്കാൻ നമുക്ക് അനുവാദമില്ല. പരിശുദ്ധ ഖുർആൻ വളരേ വ്യക്തമായി ഇക്കാര്യം ഉണർത്തിയിട്ടുണ്ട് (സൂറത്തുൽ ബഖറഃ). നിങ്ങൾക്ക് ഗുണകരമാകുന്ന നല്ല വസ്തുക്കൾ നിങ്ങൾക്ക് അല്ലാഹു അനുവദിക്കുകയും ചീത്ത വസ്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കകയും ചെയ്യുന്നു (സൂറത്തുൽ അഅ്റാഫ്). സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിൽ അവൻ നിങ്ങൾക്ക് നൽകിയതിൽ നിന്ന് നല്ലവയെ മാത്രം നിങ്ങൾ ഭക്ഷിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുക (സൂറത്തുൽ ബഖറഃ) ഇങ്ങനെ ധാരാളം ശാസനകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്.

പുകവലി ഏതെങ്കിലും അര്‍ത്ഥത്തില്‍ ശരീരത്തിന് പ്രയോജനകരമാണ് എന്ന് ആരെങ്കിലും പറയുന്നതായി കേട്ടിട്ടില്ല. എന്നല്ല, ഒട്ടേറെ വൈദ്യന്മാരും ഗവേഷകന്മാരും അതിന്റെ ഉപദ്രവത്തെയും ദോഷത്തെയും കുറിച്ച് ദീര്‍ഘമായി എഴുതുകയും വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. പതിയെ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന വിഷമാണ് പുകവലി എന്നതില്‍ അവരെല്ലാവരും ഏകോപിച്ചിരിക്കുന്നു.

ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ  പൊതുവായ നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന കല്ല്, മണ്ണ്, വിഷം തുടങ്ങിയവ എല്ലാ വസ്തുക്കളും എത്ര കുറച്ചാണെങ്കിലും നിഷിദ്ധമാണ് (ഫത്ഹുല്‍മുഈന്‍ )

അപ്പോള്‍ പുകവലി കാരണം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ കര്‍മ്മശാസ്ത്ര വീക്ഷണ പ്രകാരം അത് നിഷിദ്ധവും കുറ്റകരവുമാണ്. നിലവിലെ സാഹചര്യത്തില്‍ പുകവലിയെ വിലയിരുത്തുമ്പോള്‍ പൊതുവില്‍ അത് നിഷിദ്ധമാണ് എന്ന് തന്നെ പറയേണ്ടിവരും. പുകവലി ഉല്‍പന്നങ്ങളുടെ ഉപയോഗം മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നത് ഇന്ന് ഏറെ വ്യക്തമാണല്ലോ.

പുകയില ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അതിന്റെ കവർ ചട്ടയിൽ തന്നെ എഴുതിയിരിക്കുന്നത് എന്താണെന്ന് ഇത് ഉപയോഗിക്കുന്നവർക്കും , അല്ലാത്തവർക്കും അറിയാവുന്ന കാര്യമാണ് . പല രാജ്യങ്ങളിലും പല രീതിയിലുള്ള മുന്നറിയിപ്പാണ് നൽകുന്നത് (പുകവലി ഹാനികരമാണ്. ആരോഗ്യം അനുഗ്രഹമാണ്. തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കാണ്).

ഇന്ന് ധാരാളം പേർ ഉപയോഗിക്കുന്ന ബീഡിയും സികരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും ശരീത്തിന് അപകടകരമാം വിധം ഹാനികരമാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ. വായയിലും കഴുത്തിലും ശ്വാസ കോശത്തിലും ഹൃദയത്തിലും ആമാശയത്തിലുമൊക്കെ അർബുദവും മറ്റു മാരക അസുഖങ്ങളും ബാധിക്കുവാനും പെട്ടെന്നുള്ള മരണത്തിനും അവ  കാരണമകുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. 

ചില മാരകമായ രോഗങ്ങള്‍ക്ക് പുകവലി കാരണമാകുമെന്ന് വ്യക്തമായിരിക്കുന്നു. പുകവലിക്കാത്തവരേക്കാള്‍ എത്രയോ കൂടിയ മരണനിരക്കാണ് പുകവലിക്കുന്നവരുടേതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങി മാരകമായ പല രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുവെന്ന് ഇതുസംബന്ധിച്ച ഗേവഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. മരണത്തിന് കാരണമാകുന്ന 80% രോഗങ്ങളും പുകവലി കൊണ്ട് രൂപപ്പെടുന്നവയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടാതെ ചുണ്ട്, വായ, തൊണ്ടക്കുഴി, അണ്ണാക്ക് തുടങ്ങിയവയെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍ക്കും ഇത് വഴിവെക്കുന്നു

പുകവലി ശരീരത്തെ എവ്വിധം ബാധിക്കുമെന്നതിനെക്കുറിച്ച് പറയാന്‍ പണ്ഡിതന്‍മാരെക്കാള്‍ യോഗ്യത ഡോക്ടര്‍മാര്‍ക്കാണ്. അവര്‍ക്കാണതിന്റെ ദോഷവശങ്ങളെക്കുറിച്ച് നന്നായറിയുക. പുകവലി, ശരീരത്തെ മൊത്തത്തിലും ശ്വാസകോശങ്ങളെ പ്രത്യേകിച്ചും ബാധിക്കുമെന്നും, ശ്വാസകോശ അര്‍ബുദത്തിന് കാരണമാവുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്.  പുകവലിക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ലോകജനത മുഴുക്കെ മുറവിളി കൂട്ടുന്നതും ഈയൊരു സാഹചര്യത്തിലാണ്.


പുകവലിയുടെ ദോഷങ്ങൾ 

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി പദാർത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകൾ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്‌. കാരണം തുടങ്ങിയാൽ ശീലം നിർത്തുന്നത് ശ്രമകരമാകും. നിക്കോട്ടിൻ എന്ന ഈ വില്ലൻ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറിൽ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങൾ ഉണ്ടാക്കും. എന്തിനു മുലപ്പാലിൽ പോലും നിക്കോട്ടിൻ എത്തപ്പെടും.

പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അവർ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും അതിൽ കാര്യമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങൾ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്‌. പ്രതി വർഷം 70 ലക്ഷം മരണങ്ങൾ! അതിൽ തന്നെ 9 ലക്ഷത്തോളം പേർ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാൻഡ് സ്മോകിങ് അഥവാ മറ്റൊരാൾ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്. 2004 ൽ ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തിൽ 28% ഇത്തരത്തിൽ ആയിരുന്നു. ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം  2015 ൽ ലോകത്താകമാനം ഉണ്ടായ ആകെ മരണങ്ങളിൽ 11% പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ 52.2% മരണങ്ങൾ ചൈന, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമാണ്.

ഒരു സിഗരെറ്റ്‌ വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്ന് കണക്കാക്കമത്രേ. പുകവലിക്കുന്ന ഒരാൾക്ക്‌ പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷം ആയുസ്സ് കുറവായിരിക്കും.

പുകയില ഉപഭോഗം പല വിധ കാൻസറുകൾക്ക് കാരണമാവുന്നു. പുകവലിയുമായി ബന്ധപ്പെട്ടാണ്  80% - 90% ശ്വാസകോശ കാൻസറുകളും ഉണ്ടാവുന്നതും/മരണപ്പെടുന്നതും. സിഗരറ്റ്‌ കത്തിയുണ്ടാവുന്ന പുകയിൽ ആർസെനിക്, ലെഡ്, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ് എന്നു തുടങ്ങി 4000 ത്തോളം രാസവസ്തുക്കൾ ഉണ്ട്. ഇതിൽ 250 ഓളം ഹാനീകാരകമാണ്. അതിൽ തന്നെ 50 ഓളം കാൻസറിന് കാരണമാവുന്നവയാണ്. 

ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസർ ചുണ്ടിലും വായ്ക്കുള്ളിലും ഉണ്ടാവുന്നതാണ്. ഇതിനു ഹേതു പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമൊക്കെയാണ്. 

ഹൃദയാഘാതം, പക്ഷാഘാതം, സി.ഒ.പി.ഡി/ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ (ഇതിലൂടെ ശ്വാസകോശ ക്ഷമതയെ ബാധിക്കും). പ്രമേഹം,നേത്രരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് പുകയില കാരണമാവുന്നു.

പുകവലി പുരുഷത്വത്തിന്റെ പ്രതീകമായി ചിലരെങ്കിലും കൊണ്ടുനടക്കാറുണ്ട്. ഇത്തരക്കാർ ഓർത്തിരിക്കേണ്ടത് പുകവലി പുരുഷത്വത്തിനുതന്നെ സാരമായ ക്ഷതം എൽപ്പിക്കാവുന്ന ഒന്നാണ്. അത് ലിംഗോദ്ധാരണശേഷിയെ ബാധിക്കാം.

പുകയില സൗന്ദര്യത്തിനു കോട്ടം ഉണ്ടാക്കാം. ത്വക്കിൽ വ്യതിയാനങ്ങൾ, നിറം മാറ്റം, പല്ലിൽ കറ, മോശം മണം എന്നിവ ഉദാഹരണം മാത്രം.

പുകയില ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കാം.

ഗർഭാവസ്ഥയിൽ പുകയില മൂലം ശിശുവിന് തൂക്കം കുറയാം, മാസം തികയാതെ പ്രസവിക്കുന്ന അവസ്ഥ ഉണ്ടാവാം.

പുകവലി വ്യക്തിയെ മാത്രമല്ല അയാളുടെ വേണ്ടപ്പെട്ടവരെക്കൂടി രോഗികൾ ആക്കാം, പ്രത്യേകിച്ച് കുട്ടികളെ. ഒരാൾ വലിച്ചു പുറത്തേക്ക് വിടുന്ന പുക മറ്റൊരാളുടെ ഉള്ളിൽ കടന്നു പുകവലിക്കാത്ത ആളിലും രോഗങ്ങൾ ഉണ്ടാക്കാം. ഇതിനെയാണ് സെക്കന്റ് ഹാൻഡ്‌ സ്മോകിങ് എന്നു വിശേഷിപ്പിക്കുന്നത്.

ലൈറ്റ്സ് എന്ന ഗണത്തിൽപ്പെടുന്ന സിഗരെറ്റുകൾ, സിഗാർ(ചുരുട്ട്), ഇലക്ട്രോണിക് സിഗരറ്റ്‌ എന്നിവയുമൊക്കെ ഹാനീകാരകമാണ്. അവ ഒന്നും അപകടരഹിതമല്ല.

ലോകാര്യോഗ്യ സംഘടനയുടെ 2008 ലെ റിപ്പോർട്ട് അനുസരിച്ച്  പുകയില ഉപയോഗം മൂലം ദിനേന 14000 ത്തോളം ആളുകളും പ്രതിവർഷം 5.4 മില്യൺ ആളുകളും മരിക്കുന്നുണ്ട്. ഓരോ വര്ഷം കഴിയുന്തോറും ഈ അളവ് കൂടിക്കൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത മറക്കരുത് .

സിഗററ്റിന്റെയും , ബീഡിയുടേയുമൊക്കെ വാസന പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിസ്‌കരിക്കാൻ വരുന്ന പലരും ഇത് ഉപയോഗിക്കുന്നവരുടെ അടുത്ത് നിൽക്കാൻ മടിക്കുന്നു എന്ന് വസ്തുത ആരും വിസ്മരിക്കേണ്ടതില്ല .

ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.''

ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

പുകയില ഉത്പന്നങ്ങളിൽ ഉണ്ടാകുന്ന ദോഷം, വ്യാപാരം, വ്യാപാരം, പുകയില ഉപയോഗം എന്നിവ ഹറാമാണ് (നിരോധിക്കപ്പെട്ടവ). പ്രവാചകൻ (സ) പറഞ്ഞു: "നിങ്ങൾക്കോ ​​മറ്റുള്ളവരുടേതോ ഉപദ്രവിക്കരുത്" എന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പുകവലി അസംഭവ്യമാണ്. ഖുർആനിന്റെ ആശയം പ്രവാചകൻ (സ) പ്രവാചകൻ (സ) പറഞ്ഞു: "നന്മയും തിന്മയും അവരെ വിലക്കുന്നു; (അക്കാദമിക് റിസേർച്ച്, ഫത്വ, സ്ഥിരം സൗദി അറേബ്യ).

ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ് പുകവലി. കോടിക്കണക്കിന് രൂപ പ്രതിദിനം ഇതിന് വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ മരണങ്ങള്‍ക്കും മാരകമായ അസുഖങ്ങള്‍ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്. 1964-2004 കാലയളവില്‍ 12 മില്യണ്‍ മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ചിലര്‍ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച് മഹാനായ ഇബ്നുഹജര്‍ (റ)നോട് ഒരാള്‍ ചോദിച്ചു. പുതുതായി വന്ന ഇതിനെക്കുറിച്ച് പഠനം നടത്തിയ ശേഷം മഹാനവര്‍കള്‍ ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന് അത് നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.(ഫതാവാ)

പുകവലി ഒരാള്‍ക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഉറപ്പായാല്‍ തീര്‍ച്ചയായും അത് അയാള്‍ക്ക് ഹറാം തന്നെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്) അവര്‍ക്ക് ഹലാലാക്കുകയും ചീത്ത കാര്യങ്ങളെ (ഖബാഇസ്) അവര്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്ന പ്രവാചകരെ പിന്തുടരുന്നവര്‍ എന്ന സൂറുതല്‍ അഅ്റാഫിലെ സൂക്തത്തിന്‍റെ വെളിച്ചത്തിലും പല പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്. സാമാന്യ ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയില്ലെന്നും ഖബാഇസിന്‍റെ ഗണത്തിലേ ഉള്‍പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ. 

സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത് ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത് മോശമാണെന്ന് സ്വയം അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവ് തന്നെയാണ്. ചുരുക്കത്തില്‍ പുകവലി നിരുല്‍സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ വസ്തുക്കളുടെ ഗണത്തില്‍ എണ്ണപ്പെടേണ്ടതും തന്നെയാണ്. വ്യക്തിപരമായി അത് ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന സാഹചര്യത്തില്‍ അത് ഉപയോഗിക്കല്‍ ഹറാം തന്നെയാണ്.


ചിലയാളുകളുടെ ചോദ്യമാണ്, ഖണ്ഡിതമായ തെളിവില്ലാതെ എങ്ങിനെ പുകവലി ഹറാമാകുമെന്ന്. ഓരോ ഹറാമിനും കൃത്യമായ തെളിവുകള്‍ അല്ലാഹു അറയിച്ചിട്ടില്ല. മറിച്ച് ചില അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതിനു കീഴില്‍ വരുന്നവയായിരിക്കും ചില നിഷിദ്ധങ്ങള്‍.  ഉദാഹരണത്തിന്, മ്ലേഛമായവയും ഉപദ്രവകരമായതും അല്ലാഹു നിഷിദ്ധമാക്കി എന്ന ഖണ്ഡിതമായ തെളിവ്, ആ ഇനത്തില്‍ വരുന്നവയെല്ലാം നിഷിദ്ധമാകാന്‍ മതിയാകുന്നതാണ്. അതുകൊണ്ടാണ് ഖണ്ഡിതമായ തെളിവില്ലാത്ത കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിഷിദ്ധമാണെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചത്.

ബാഹ്യവും പ്രകടവുമായ തെളിവുകള്‍ മാത്രം മാനദണ്ഡമാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഇബ്‌നു ഹസ്മിനെപ്പോലുള്ള പണ്ഡിതന്‍മാര്‍ പോലും, ഉപദ്രവമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ നിഷിദ്ധമായി കണക്കാക്കുന്നു. എല്ലാ കാര്യത്തിലും നന്‍മയുണ്ടാവണമെന്ന് ദൈവം വിധിയെഴുതിയിരിക്കുന്നു എന്ന നബി (സ) വചനത്തിന്റെ വെളിച്ചത്തില്‍, ഉപദ്രവകരമായതൊന്നും നന്‍മയുടെ ഗണത്തില്‍ പെടില്ല എന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തത്തിനും മറ്റുളളവര്‍കും ഉപദ്രവമുണ്ടാക്കരുത് എന്ന നബി (സ) വചനവും നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലരുത് (നിസാഅ് : 29) എന്ന ഖുര്‍ആന്‍ വചനവും ഇതിനു തെളിവായെടുക്കാം.


തനിക്ക് ഉപകാരമില്ലാത്ത കാര്യങ്ങളില്‍ ധനം ചെലവഴിക്കല്‍ അഭിലഷണീയമല്ല. ആരോഗ്യവും സമ്പത്തും അമാനത്താകുന്നു. ആരോഗ്യം നശിപ്പിക്കുന്നതും ധനം അനാവശ്യമായി ചെലവഴിക്കുന്നതും അനുവദനീയമല്ല. ധനം അന്യായമായി ചെലവഴിക്കുന്നത് നബി (സ) നിരോധിച്ചതും അതുകൊണ്ടാണ്. ധനമുപയോഗിച്ച് നാശം വാങ്ങുകയാണ് പുകവലിക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ ധനം ധൂര്‍ത്തടിക്കരുത്. തീര്‍ച്ചയായും ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (അന്‍ആം:141) എന്ന ഖുര്‍ആനിക വാക്യം ശ്രദ്ധേയം. പുകവലിക്കായി ധനം ചെലവഴിക്കുന്നത് ധനം നഷ്ടപ്പെടുത്തുന്നതിന് തുല്യം തന്നെ.കൂടാതെ പുകവലിമൂലമുള്ള സാമ്പത്തിക നഷ്ടം കണക്കാക്കിയാൽ അതൊരു വലിയ സംഖ്യയായിരിക്കും . 

ഊരിപ്പോരാന്‍ സാധിക്കാത്ത വിധം  തെറ്റുകള്‍ക്ക് അടിമപ്പെട്ടു പോകും എന്നതും പുകവലിയുടെ മറ്റൊരു ദോഷവശമാണ്. ഇത്തരം അടിമപ്പെടലിന്റെ ഫലമെന്നോണം ചില പുകവലിക്കാര്‍ സ്വന്തം കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലേക്ക് തരംതാണു പോകുന്നു. ഏതെങ്കിലും ഒരു സുപ്രഭാതത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നതല്ല ഈ ദുശ്ശീലം. അഥവാ നിര്‍ത്തിയാല്‍ തന്നെ ശക്തി ശയിക്കുകയും ചിന്താ വ്യതിയാനമുണ്ടാവുകയും മാത്രമല്ല, പലപ്പോഴും മാനസിക വിഭ്രാന്തി വരെ സംഭവിച്ചേക്കാം. ചുരുക്കത്തില്‍ പുകവലിക്കടിപ്പെട്ടാല്‍ തിരിച്ചുവരാന്‍ പ്രയാസമെന്ന് ചുരുക്കം.

മനുഷ്യാരോഗ്യത്തെ ഹനിക്കുന്നതെല്ലാം അടിസ്ഥാനപരമായി ഹറാം തന്നെയാണ്. സ്വന്തത്തെ നശിപ്പിക്കരുതെന്നും ധൂര്‍ത്തന്‍മാരാകരുതെന്നും ഖുര്‍ആന്‍ നിരന്തരം ഉല്‍ബോധിപ്പിക്കുന്നത് കാണാം. (ബഖറ : 195, നിസാഅ് : 29, അന്‍ആം : 141, ഇസ്‌റാഅ് : 26-27)

വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പൗരുഷത്തിന്റെ അടയാളമാണ് പുകവലി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന യുവാക്കളോട് ഈ ദുരന്തത്തില്‍ വീണുപോകരുതെന്നേ എനിക്ക് പറാനുള്ളൂ. ആത്മീയമായോ ഭൗതികമായോ യാതൊരു നേട്ടവും നല്‍കാത്ത, എന്നാല്‍ കോട്ടം മാത്രം നല്‍കുന്ന ഈ വിപത്ത് നമുക്ക് വേണ്ട. പതിയെ പതിയെ അര്‍ബുദമെന്ന മഹാമാരിയിലേക്കും പ്രയാസപൂര്‍ണ്ണമായ നരകയാതനയിലേക്കും മാത്രമേ പുകവലി നമ്മെ നയികുകയുള്ളൂ.

പക്ഷെ ഇപ്പോഴും പണ്ഡിതർ പുകവലിയുടെ വിഷയത്തിൽ ഹറാം തന്നെയാണ് എന്നൊരു പൊതു അഭിപ്രായം രേഖപ്പെടുത്തിയതായി കാണാൻ കഴിയുന്നില്ല . പക്ഷെ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇത് തീർത്തും വർജ്ജിക്കേണ്ടുന്ന ഒരു പ്രവർത്തി ആണെന്നാണ്.

No comments:

Post a Comment