Thursday 30 July 2020

സരിയ്യു സ്സഖ്ത്വീ: (റ) : വാക്കും വഴിയും

അബുൽഹസൻ എന്നു വിളിപ്പേര്.പിതാവ് അൽമുഗല്ലസ്.പ്രസിദ്ധ സൂഫിഗുരു ജുനൈദുൽ ബഗ്ദാദിയുടെ അമ്മാവനും ഗുരുവുമാണ്. ആദ്യകാലത്ത് കച്ചവടക്കാരനായിരുന്നു. സ്വന്തമായി ഒരു കടയുണ്ടായിരുന്നു. ഇടക്കിടെ സൂഫിഗുരു മഅ്റൂഫുൽ കർഖിയെ സന്ദർശിക്കും.ഒരുദിവസം മഅ്റൂഫുൽ കർഖി ഒരു അനാഥ ബാലനെയുമായി സരിയ്യുസ്സഖത്വിയുടെ കടയിൽ വന്ന് പറഞ്ഞു:"ഈ ബാലന് ഉടുവസ്ത്രങ്ങൾ നൽകുക".സരിയ്യ് അവന് വസ്ത്രം വാങ്ങിക്കൊടുത്തു. അന്നേരം മഅ്റൂഫുൽ കർഖി ഇപ്രകാരം പ്രാർഥിച്ചു: "അല്ലാഹു നിങ്ങൾക്ക് ഈദുൻയാവിനെ ഏറ്റവും വെറുപ്പുള്ളതാക്കിത്തീർക്കട്ടെ".നിലവിലെ അവസ്ഥയിൽനിന്ന് അല്ലാഹു നിങ്ങളെ മോചിപ്പിക്കട്ടെ.ഇതോടെ സരിയ്യുസ്സഖത്വിയുടെ മനം മാറിമറിഞ്ഞു. ഭൗതിക താൽപര്യങ്ങളല്ലാം അദ്ദേഹത്തിന് കഠിന വെറുപ്പുള്ളതായി ത്തീർന്നു. 

ഹിജ്റ 251ൽ 98ാം വയസ്സിൽ സരിയുസ്സഖ്ത്വി അന്തരിച്ചു. ബഗ്ദാദിലെശുനൂസിയ്യയിലാണ് ഖബർ. 


മൊഴികൾ:

ഈദുൻയാവിൽ അഞ്ചു വസ്തുക്കളൊഴിച്ച് ബാക്കിയെല്ലാം വ്യർഥമാണ്.

വിശപ്പടക്കാനുള്ള ഭക്ഷണം 
ദാഹജലം
നഗ്നത മറക്കാനുള്ള വസ്ത്രം 
താമസിക്കാനുള്ള വീട്
 ഉപകരിക്കുന്ന ജ്ഞാനം 

നാലുകാര്യങ്ങൾ അബ്ദാലുകളുടെ പദവിയിലെത്തിയവരുടെ സ്വഭാവമാണ്.

പരമമായ സൂക്ഷ്മത
 ഉദ്ദേശ്യശുദ്ധി
 മറ്റുള്ളവരെക്കുറിച്ചുള്ള സൽവിചാരം
 ജനങ്ങളോടുള്ള സദുപദേശം.

നാലുകാര്യങ്ങൾ മനുഷ്യനെ ഉന്നതിയിലെത്തിക്കും

 ജ്ഞാനം
 ഉത്തമസംസ്കാരം
 ഇസ്‌ലാമിക ജീവതനിഷ്ഠ
 വിശ്വസ്തത 

അനുഗ്രഹങ്ങളുടെ വിലയറിയാത്തവനിൽനിന്ന് അവനറിയാത്ത വഴിക്ക് അല്ലാഹു അത് എടുത്തുകളയുന്നതാണ്. 

ശരിയെന്നുറപ്പുള്ളത് സ്വീകരിക്കുക. തിന്മയെന്നുറപ്പുള്ളത് വെടിയുക.നല്ലതെന്നോ തിന്മയെന്നോ സംശയമുള്ളത് ചെയ്യാതിരിക്കുക. അല്ലാഹുവായിരിക്കട്ടെ വഴികാട്ടി. ആവശ്യങ്ങളത്രയും അവന്റെ മുന്നിലർപിക്കുക. എന്നാൽ മറ്റുള്ളവരിൽ നിന്നെല്ലാം നിനക്ക് മുക്തി നേടാം. 
   
സ്വന്തത്തെ പിടിച്ചു കെട്ടാനാവുക എന്നതാണ് ഏറ്റവും ബലവത്തായ ശക്തി. സ്വത്വത്തെ നിയന്ത്രിക്കാനാവാത്തവന് മറ്റുള്ളവരെയും നിയന്ത്രിക്കാനാവില്ല. മീതെയുള്ളവനെ അനുസരിച്ചാൽ താഴെയുള്ളവൻ നിന്നെയും അനുസരിക്കും. അല്ലാഹുവെ ഭയക്കുന്നവനെ മറ്റെല്ലാവരും ഭയക്കുന്നു. മനസ്സിന്റെ വിവർത്തകനാണ് നാവ്.മനസ്സിന്റെ കണ്ണാടിയാണ് മുഖം. മനസ്സ് ഒളിപ്പിച്ചുവെക്കുന്നത് മുഖം വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്.

മനസ്സുകൾ മൂന്നുതരമാണ്.

പർവതസമാനം: യാതൊന്നും അതിനെചലിപ്പിക്കുകയില്ല. 

ഈന്തപ്പനക്കു സമാനം: മുകൾഭാഗം കാറ്റിലുലയുമെങ്കിലും അടിഭാഗം ഉറച്ചുനിൽക്കും.

തുവലിനു സമാനം: അത്കാറ്റിൽ ആടിയുലയും. പിടിച്ചു നിൽക്കാനാകില്ല. 


സമ്പാദ്യം കുറഞ്ഞുപോകുന്നതിൽ ആധിയുണ്ടെങ്കിൽ ആയുസ്സ് കുറഞ്ഞു പോവുന്നതോർത്ത് കരഞ്ഞു കൊണ്ടിരിക്കുക. 

ജനങ്ങളുടെ പ്രയാസങ്ങളകറ്റുക, ഒപ്പം അവരിൽ നിന്നുള്ള പ്രയാസങ്ങൾ നേട്ടങ്ങൾ മോഹിക്കാതെയും ദേഷ്യം തോന്നാതെയും സഹിക്കുക. ഇതാണ് സൽസ്വഭാവം.  

ഏറ്റവും ഉത്തമമായ കാര്യങ്ങൾ അഞ്ചാകുന്നു.

ചെയ്തുപോയ പാപങ്ങളോർത്ത് കരയുക
ന്യൂനതകൾ തിരുത്തുക
സദാ അല്ലാഹുവെ അനുസരിക്കുക
മനസ്സിൽനിന്ന് സംശയങ്ങൾ ദൂരീകരിക്കുക
ഇഛകളുടെ വാഹകനാവാതിരിക്കുക

അഞ്ചുകാര്യങ്ങളോടൊപ്പം മറ്റൊരു കാര്യവും കൂട്ടുകൂടാനെത്തില്ല.

അല്ലാഹുവെക്കുറിച്ചുള്ള യഥാർത്ഥ ഭയം.
അല്ലാഹുവിലുള്ള ശുഭ പ്രതീക്ഷ.
അല്ലാഹുവോട് മാത്രമുള്ള സ്നേഹം.
അല്ലാഹുവിനെ ക്കുറിച്ചുള്ള ലജ്ജ. 
അല്ലാഹുവിനെ  ഓർക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ഉല്ലാസം. 

തന്നിലില്ലാത്ത ഗുണം അഭിനയിച്ച് ആളാവുന്നവന്ന് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവുകയില്ല. 

സൽകർമങ്ങൾ, പിന്നെയാകാമെന്ന് കരുതി നീട്ടിവെക്കുന്നവൻ ചതിയിലകപ്പെട്ടവനാണ് അന്ത്യനാളിൽ അവന്റെ സങ്കടം ദൈർഘ്യമേറിയതായിരിക്കും.സജ്ജനങ്ങൾ മോഹിക്കുന്ന സ്ഥാനമലങ്കരിക്കുന്നവൻ ഭാഗ്യവാനാണ്. 

ഭൗതിക നേട്ടത്തിനു മാത്രമായി തുനിയാതിരിക്കുക. അല്ലാഹുവിൽനിന്ന് നിന്നിലേക്കുള്ള പാശം മുറിഞ്ഞുപോകും. ഭൂമിയിൽ അഹങ്കാരത്തോടെ നടക്കാതിരിക്കുക. അടുത്ത ദിനം അത് നിന്റെ കുഴിമാടമാണ്.


ഉത്തമന്മാരുടെ അടയാളം മൂന്നുകാര്യങ്ങളാണ്.
 
അവർ സദാ പാപമോചനം തേടിക്കൊണ്ടിരിക്കും.
സഹജീവികളോടെല്ലാം വിനയം കാണിക്കും.
ഉദാരത അവരുടെ പ്രകൃതമായിരിക്കും. 

മന്നു കാര്യങ്ങൾ അല്ലാഹുവിൽ നിന്നുള്ള കോപത്തിന്റെ കവാടങ്ങളാണ്. 

വിനോദം 
പരിഹാസം
പരദൂഷണം

ഇസ്ലാമിന്റെ സ്തംഭവും അതിന്റെ ഉയർന്ന ഭാഗവും അല്ലാഹുവെക്കുറിച്ചുള്ള സൽവിചാരമാണ്. 

നാലുകാര്യങ്ങൾ ഒരു ദാസനെ അല്ലാഹുവിലേക്കടുപ്പിക്കുന്നു. 
രണ്ടുകാര്യങ്ങൾ അകറ്റുകയും ചെയ്യുന്നു. 

അടുപ്പിക്കുന്ന നാലുകാര്യങ്ങൾ 

വൻ പാപങ്ങൾ ചെയ്യാതിരിക്കാനുള്ള ജാഗ്രത.
ആരാധനകൾക്കായുള്ള പരിശ്രമം. 
മാന്യത കാത്തുസൂക്ഷിക്കുക.
അല്ലാഹുവിന് വേണ്ടിയല്ലാത്ത കാര്യങ്ങളു പേക്ഷിക്കുക.

 അകറ്റുന്ന രണ്ട് കാര്യങ്ങൾ;

നിർബന്ധകാര്യങ്ങൾ പാഴാക്കി ഐഛിക കാര്യങ്ങളിലേർപെടുക.
മനസ്സിൽ സത്യസന്ധതയില്ലാതെ കർമങ്ങളനുഷ്ഠിക്കുക. 

ജഞാനികളോടൊപ്പമിരുന്ന് മനസ്സിനെ ജീവസ്സുറ്റതാക്കുക. നിത്യവ്യഥയിലും മനസ്സകത്തെ പ്രകാശം ജ്വലിപ്പിച്ചുനിർത്തുക. ഭയക്കേണ്ട സന്ദർഭങ്ങളിൽ ചിന്താകുലനാകുക. ഹൃദയം വിറകൊള്ളുമ്പോൾ അല്ലാഹുവോട് പ്രാർഥിച്ചുകൊണ്ടേയിരിക്കുക.സത്യസന്ധത യോടെ മാത്രം അല്ലാഹുവിനുവേണ്ടി അണിഞ്ഞൊരുങ്ങുക. അല്ലാഹുവിന്റെ അടുത്തേക്കു നേരത്തെ പോകാൻ താല്പര്യപ്പെടുക. സുകൃതങ്ങൾ പിന്നെയാകാം എന്നുകരുതി നീട്ടിവെക്കാതിരിക്കാൻ ശ്രദ്ധിക്കുക.  


കടപ്പാടുകൾ നിർവഹിക്കുന്നതിൽ സജ്ജനങ്ങളുമായി മത്സരിക്കുക.ഐഛിക കാര്യങ്ങൾ കളങ്കരഹിതമായി അനുഷ്ഠിക്കുന്നതിലും നിരോധിത കാര്യങ്ങളിലെത്തുമോ എന്ന ഭയത്താൽ ഹലാലുകളെ ഉപേക്ഷിക്കുന്ന കാര്യത്തിലും ഉത്തമന്മാരെ മറികടക്കാൻ യത്നിക്കുക. 

അല്ലാഹുവോടൊത്ത് മധുര ഭാഷണത്തിന്റെ തെളിഞ്ഞ ഹൃദയവുമായി തയാറെടുക്കുക.വലിയ തോതിൽ നന്ദി ചെയ്യുക. വർധിച്ച അനുഗ്രഹങ്ങൾ ലഭിക്കും.സുകൃതങ്ങൾ കൂടുതലായി ചെയ്തുകൊണ്ടിരിക്കുക. വന്നുപോയ വീഴ്ചകൾ പരിഹരിക്കപ്പെടും. സൽകർമങ്ങളിൽ മുഴുകുക.വരാനിരിക്കുന്ന വിപത്തുകളെ ഭയന്നുകൊണ്ടിരിക്കുകയും ചെയ്യുക.

No comments:

Post a Comment