Wednesday 20 January 2021

കുട്ടിയുടെ ഛർദ്ദി നജസോ?

 

മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെ ഛർദ്ദി നജസാണോ? ഇതിൽ മുലപ്പാലും മറ്റുപാലും സമമാണോ?

രണ്ട് മാസം പ്രായമുള്ള കുട്ടിയുടെ മൂത്രം നജസ് ആണോ ? ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേറെ വേറെ നിയമം ആണോ ? നജസ് ആണെങ്കിൽ അത് എങ്ങനെ നീക്കം ചെയ്യാം ?

ശരീരത്തിലോ വസ്‌ത്രത്തിലോ നജസ് ആവുകയും അത് നീക്കം ചെയ്യുകയും ചെയ്താൽ നജസ് നീങ്ങി എന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡം എന്താണ് ? 


ഛർദ്ദിച്ചതു നജസുതന്നെ. അതു മുലപ്പാലാകട്ടെ, മറ്റുപാലാകട്ടെ എല്ലാം സമം. പക്ഷേ, തുടരെ ഛർദ്ദിച്ചുകൊണ്ടിരിക്കുന്നതുമൂലം നിരന്തരം ശുദ്ധിയാക്കൽ വിഷമമുള്ളപ്പോൾ ആ കുട്ടിയുടെ മാതാവിന്റെ മുലയിൽ നിന്നും കുട്ടിയുടെ വായയിൽ പ്രവേശിക്കുന്ന ഭാഗത്തെതൊട്ടു വിടുതിയുണ്ട്. കഴുകാതെ നമസ്കരിക്കാം. ഫത്ഹുൽമുഈൻ പേ:35.

കുട്ടികളുടെ വായ നജസാണെന്നുറപ്പുള്ളതോടെ തന്നെ ആ വായ ചേരുന്ന ഭാഗങ്ങളെ തൊട്ടെല്ലാം വിടുതിയുണ്ടെന്ന് ഇബ്നുസ്സ്വലാഹ്(റ) പ്രസ്താവിച്ചിരിക്കുന്നു. ഫത്ഹുൽമുഈൻ.


(മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 1/46)


എത്ര പ്രായം കുറഞ്ഞ കുട്ടിയുടെ മൂത്രമാണെങ്കിലും അത് നജസ് തന്നയാണ്. അതില്‍ ആണ്‍, പെണ്‍ എന്ന വ്യത്യാസമില്ല. എന്നാല്‍ പാലല്ലാതെ ഭക്ഷണമായി മറ്റൊന്നും കഴിക്കാത്ത രണ്ടു വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രം ലഘുവായ നജസായതിനാല്‍ ആ നജസിന്‍റെ തടി നീക്കിയ ശേഷം നജസായ എല്ലാ സ്ഥലത്തും വെള്ളം എത്തിച്ചാല്‍ മതി. ഇതല്ലാത്ത മറ്റു നജസുകളെ പോലെ വെള്ളം ഒലിപ്പിച്ചു കഴുകല്‍ നിര്‍ബന്ധമില്ല.

നജസ് നീങ്ങി എന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡം നിറം, മണം, രുചി എന്നിവ നീങ്ങലാകുന്നു. എത്ര പ്രയാസപ്പെട്ടു കഴുകിയിട്ടും നിറമോ മണമോ രണ്ടിലൊന്ന് മാത്രം ബാക്കിയാകുന്നതിന് വിരോധമില്ല. രുചി ശേഷിച്ചാല്‍ നജസ് നീങ്ങിയിട്ടില്ലെന്നുതന്നെ മനസ്സിലാക്കണം.


മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment