Saturday 4 June 2016

നോമ്പ് കാർക്കുണ്ടാകുന്ന ചില സംശയങ്ങളും മറുപടിയും






നോമ്പ് നിര്‍ബന്ധമുള്ളവര്‍ ആര്?


പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയും നോമ്പിനു കഴിവുമുള്ള എല്ലാ മുസ്‌ലിംകള്‍ക്കും നോമ്പു നിര്‍ബന്ധമാണ്. കുട്ടി, ഭ്രാന്തന്‍, രോഗം കൊണ്ടോ മറ്റോ നോമ്പിനു ആവതില്ലാത്തവര്‍, ആര്‍ത്തവകാരി, പ്രസവരക്തക്കാരി തുടങ്ങിയവര്‍ക്കൊന്നും നോമ്പ് നിര്‍ബന്ധമില്ല. ആര്‍ത്തവകാരിയും പ്രസവരക്തക്കാരിയും പിന്നീട് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ദീര്‍ഘദൂരമുള്ള (ഏകദേശം 132 കി.മീ.) ഹലാലായ യാത്രക്കാരനും നോമ്പുപേക്ഷിക്കാം. പിന്നീട് ഖളാഅ് വീട്ടണം.


നിയ്യത്തു ചെയ്ത ശേഷം സുബ്ഹിക്കു മുമ്പ് നോമ്പു ബാത്വിലാവുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിയ്യത്തു പുതുക്കേണ്ടതുണ്ടോ?


പുതുക്കേണ്ട ആവശ്യമില്ല. നോമ്പിന്റെ നിയ്യത്തു ചെയ്തു ശേഷം ഇസ്‌ലാമില്‍നിന്നു പുറത്തു പോവല്‍ അല്ലാത്ത, നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് നിയ്യത്തിനു കുഴപ്പമില്ല. അതേസമയം ആദ്യം നിയ്യത്തു ചെയ്തു, ശേഷം അതുവേണ്ടെന്നുവെച്ചാല്‍ നിയ്യത്തു അസാധുവാകുന്നതും പുതുക്കല്‍ നിര്‍ബന്ധവുമാണ്.


വാര്‍ദ്ധക്യം കാരണമോ സുഖപ്പെടുമെന്ന പ്രതീക്ഷയില്ലാത്ത രോഗം കാരണമോ നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും?


അത്തരക്കാര്‍ക്കു നോമ്പല്ല നിര്‍ബന്ധം. ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മി.ലി.) ഭക്ഷ്യവസ്തു ഫഖീറിനോ മിസ്‌കീനിനോ നല്‍കലാണു നിര്‍ബന്ധം. പിന്നീട് രോഗം സുഖപ്പെട്ടാലും നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. (ഫത്ഹുല്‍ മുഈന്‍, പേജ് 188)


സൂര്യന്‍ അസ്തമിച്ചതു മുതലാണല്ലോ ഇസ്‌ലാമിക വീക്ഷണത്തില്‍ ദിവസാരംഭം. എന്നിരിക്കെ, നിയ്യത്തില്‍ ‘സൗമ ഗദിന്‍’ (നാളത്തെ നോമ്പിനെ) എന്നു കരുതുന്നതിന്റെ സാംഗത്യം?


നിയ്യത്തില്‍ ‘സൗമ ഗദിന്‍’ എന്നതിന്റെ വിവക്ഷ ഈ രാത്രിയെ തുടര്‍ന്നു വരുന്ന പകല്‍ എന്നാണ്. (മുഗ്‌നി 1/425)


റമളാന്‍ മാസത്തില്‍ ചില സ്ത്രീകള്‍ മരുന്നുപയോഗിച്ചു ആര്‍ത്തവം നിര്‍ത്തി മാസം മുഴുവനും നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ. ഇതു അനുവദനീയമാണോ?


അതെ. മരുന്നുപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ നോമ്പനുഷ്ഠിക്കണം. (തല്‍ഖീസുല്‍ മറാം 247)


എന്തുകൊണ്ടല്ലാമാണ് നോമ്പു മുറിയുക?


നാലു കാര്യങ്ങള്‍കൊണ്ടാണു നോമ്പു മുറിയുക. 

സംയോഗം ചെയ്യല്‍, മറ്റു മാര്‍ഗ്ഗത്തില്‍ സ്ഖലിപ്പിക്കല്‍, ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍, തുറക്കപ്പെട്ട ദ്വാരത്തിലൂടെ ഉള്ളിലേക്കു വല്ല വസ്തുവും കടക്കല്‍ എന്നിവയാണവ. 

പകലില്‍ നാവു തേച്ചു അണ്ണാക്കില്‍ തട്ടുമ്പോള്‍ തികട്ടി വരുന്നത് ഉണ്ടാക്കി ഛര്‍ദ്ദിക്കലാണ്. 

വായ, മൂക്ക്, ചെവി, മലമൂത്രദ്വാരം, മുലക്കണ്ണ് എന്നിവയിലൂടെ അകത്തേക്ക് വല്ലതും പ്രവേശിച്ചാല്‍ നോമ്പു മുറിയും. മൂര്‍ദ്ദാവിലൂടെയോ ഉദരത്തിന്മേലുള്ള മുറിവിലൂടെയോ വല്ലതും ഉള്ളിലേക്ക് പോയാലും നോമ്പ് മുറിയും. 

നോമ്പുകാരനാണെന്നകാര്യം മറന്ന് നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നോമ്പ് മുറിയില്ല. ഫര്‍ളോ, സുന്നത്തോ ആയ കുളിയില്‍ വെള്ളം കോരി കുളിക്കുകയോ അവിചാരിതമായി വെള്ളം ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയില്ല. വുളൂഇല്‍ വായില്‍ വെള്ളം കൊപ്ലിക്കുമ്പോള്‍ അമിതമാക്കുകയും അതുമൂലം വെള്ളം അകത്തേക്ക് കടക്കുകയും ചെയ്താല്‍ നോമ്പ് മുറിയും. (തുഹ്ഫ 3/441, കുര്‍ദി 2/178)


ഉമിനീര്‍ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?


മറ്റൊരാളുടെ ഉമിനീര്‍ വിഴുങ്ങുക, നാവില്‍ നിര്‍ത്തിക്കൊണ്ടല്ലാതെ വായക്കു പുറത്തുവന്ന ഉമിനീര്‍ നാവുകൊണ്ടോ മറ്റോ ഉള്ളിലേക്കു കയറ്റി വിഴുങ്ങുക, മറ്റുവല്ലതും കലര്‍ന്ന ഉമിനീര്‍ വിഴുങ്ങുക, ഉമിനീര്‍ കൊണ്ടു നനഞ്ഞ നൂല്‍ വേര്‍പ്പെടുത്താന്‍ സാധിക്കുന്നത്ര നനവുള്ളതിനോടു കൂടെ അതിനെ വായിലേക്ക് മടക്കിവിഴുങ്ങുക തുടങ്ങിയവയെല്ലാം നോമ്പു മുറിക്കുന്ന ഉമിനീരുകളാണ്. 

എന്നാല്‍, സ്വന്തം വായിലെ ഉമിനീര്‍ വിഴുങ്ങിയാലും സ്വന്തം ഉമിനീരോടെ നാവു പുറത്തേക്കിടുകയും നാവു ഉള്ളിലേക്കു തന്നെ വലിക്കുകയും ചെയ്തു ഉമിനീര്‍ വിഴുങ്ങിയാലും നോമ്പു മുറിയുകയില്ല. (തുഹ്ഫ 3/ 445)

മറ്റൊന്നും കലരാത്ത കേവലം ഉമിനീര്‍ വായയില്‍നിന്ന് തന്നെ ഉള്ളിലേക്ക് ആകുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. ഉമിനീരിനോടൊപ്പം ഊനില്‍നിന്നോ മറ്റോ പുറപ്പെട്ട രക്തത്തിന്‍റെ അംശമോ വെള്ളത്തിന്‍റെ അംശമോ മറ്റോ കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കാരണം നോമ്പ് മുറിയുന്നതാണ്. വായയയുടെ പരിധിയില്‍നിന്ന് ചുണ്ടിന്‍റെ ബാഹ്യഭാഗത്തേക്കോ മറ്റോ പുറത്ത് വന്ന ശേഷം ആ ഉമിനീര്‍ തിരിച്ച് വായിലേക്ക് ആക്കി അകത്തേക്ക് പ്രവേശിച്ചാലും നോമ്പ് മുറിയുന്നതാണ്.


ഇഞ്ചക്ഷന്‍, ഗ്ലൂക്കോസ് എന്നിവയൊ കൊണ്ടൊക്കെ നോമ്പ് മുറിയുമോ?

ഇല്ല. ഞരമ്പിലേക്കു അടിക്കുന്ന ഇഞ്ചക്ഷനായാലും മാംസത്തിലേക്കടിക്കുന്നതായാലും നോമ്പ് മുറിയില്ല. ഞരമ്പ് മുറിച്ചു രക്തമെടുത്ത സ്ഥലത്തു മരുന്നുവെച്ചപ്പോള്‍ മരുന്നു ഞരമ്പിന്റെ ഉള്ളിലേക്ക് കടന്നാലും നോമ്പ് മുറിയില്ല. (അന്‍വാര്‍ 1/160, അല്‍ ബയാന്‍ 3/503)


ഉള്ളിലേക്ക് വല്ലതും പ്രവേശിച്ചാല്‍ നോമ്പ് മുറിയുമെന്നാണ് നിയമം. ഇന്‍ജക്ഷനുകളില്‍ ചിലത് ഞരമ്പിനുള്ളിലേക്ക് ചെയ്യുന്നതും ചിലത് മാംസത്തിലേക്ക് ചെയ്യുന്നതും ഉണ്ട്. ഞരമ്പിനുള്ളിലേക്ക് ചെയ്യുന്ന ഇഞ്ചക്ഷന്‍ കൊണ്ടുനോമ്പ് മുറിയുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഫിഖ്ഹിന്റെ ഗ്രന്ഥങ്ങള്‍ നിര്‍വ്വചിക്കുന്ന വിധമുള്ള ഉള്ള ഞരമ്പുകള്‍ക്ക് ഇല്ലെന്നും ആയതിനാല്‍ ഇഞ്ജക്ഷനിലൂടെ നോമ്പ് മുറിയില്ലെന്നുമാണ് പ്രബലാഭിപ്രായം.


ശൗച്യം ചെയ്യുമ്പോള്‍ നോമ്പു മുറിയുന്ന രൂപം വരുമോ?


അതെ. ശുചീകരണവേളയില്‍ കഴുകല്‍ നിര്‍ബന്ധമായ പരിധിയുടെ അപ്പുറത്തേക്ക് സ്ത്രീയുടെ യോനിയില്‍ വിരല്‍ പ്രവേശിച്ചാലും സ്ത്രീപുരുഷഭേദമന്യെ പിന്‍ദ്വാരത്തില്‍ കൈ പ്രവേശിച്ചാലും നോമ്പ് മുറിയും. (തുഹ്ഫ 3/442)


ഗര്‍ഭിണി നോമ്പൊഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയോ?


ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്നു നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടയും കാര്യത്തില്‍ ഭയന്നു നോമ്പൊഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. നോമ്പു കാരണം കുട്ടിക്കു മാത്രം ബുദ്ധിമുട്ടുവരും എന്ന നിലക്കാണു നോമ്പൊഴിവാക്കിയതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. (തുഹ്ഫ 3/446)


ഈ മുദ്ദുകള്‍ അവരുടെ മേലിലാണു നിര്‍ബന്ധം, ഭര്‍ത്താവിന്റെ മേലിലല്ല. (ശര്‍വാനി) ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും ഒരു മുദ്ദ് മതി.


കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?


വായയുടെ ബാഹ്യഭാഗത്തേക്ക് എത്തിയ കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയും. (തുഹ്ഫ 3/349)


കഫം അതിന്റെ ഉല്ഭവസ്ഥലത്ത്നിന്ന് പിരിഞ്ഞാല്, പുറത്തേക്കെടുത്ത് തുപ്പിക്കളയല് നിര്ബന്ധമാണ്. അതിന് സാധിച്ചിട്ടും അങ്ങനെ ചെയ്യാതെ അകത്തേക്ക് പോയാല് നോന്പ് മുറിയും. എന്നാല്, അതിന് കഴിയാതെയാണ് അകത്തേക്ക് പോയതെങ്കില് നോന്പ് മുറിയുകയില്ല.


എന്തുകൊണ്ടു നോമ്പു തുറക്കലാണു ഏറ്റവും പുണ്യം?

ഉ:  ഈത്തപ്പഴം, കാരക്ക, സംസംവെള്ളം, മധുരമുള്ള തീ സ്പര്‍ശിക്കാത്ത വെള്ളം എന്ന ക്രമത്തിലാണു പുണ്യം. എന്തുകൊണ്ട് നോമ്പ് തുറന്നാലും അല്ലാഹുമ്മലകസുംതു ദഹബല്ലമഉ…. എന്ന ദിക്ര്‍ ചൊല്ലല്‍ സുന്നത്താണ്. (കുര്‍ദി, ബുജൈരിമി)


നോമ്പുകാരന്‍ തന്റെ രക്തം ടെസ്റ്റ്‌ ചെയ്യുന്നത് നോമ്പ് മുറിക്കുമോ?


സിറിഞ്ചിന്‍റെ സൂചി മുന ശരീരത്തിലെത്തുന്നത് സാധാരണ ഉള്ളെന്നു വിശേഷിപ്പിക്കാത്തിടത്തായതിനാല്‍ അതു മൂലം നോമ്പു മുറിയുകയില്ല. പരിശോധനക്കാവശ്യമായ രക്തം ശരീരത്തില്‍ നിന്ന് കുത്തിയെടുക്കാനായി സിറിഞ്ചു ശരീരത്തിലേക്ക് കുത്തിയിറക്കുന്നതോ രക്തം ശരീരത്തില്‍ പുറത്തു പോരുന്നതോ നോമ്പു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. അതിനാല്‍ പരിശോധനക്കായി രക്തം നല്‍കുന്നതിലൂടെ നോമ്പു മുറിയുകയില്ല.


നോമ്പുകാര്‍ കുളിക്കുമ്പോള്‍ വെള്ളം ചെവിയില്‍കയറുന്നത് കൊണ്ട് നോമ്പിന് ഭംഗം വരുമോ. നോമ്പ് നോറ്റ് ആവി പിടിക്കുന്നതിന്റെ വിധിയും ഒന്ന് വിശദീകരിക്കാമോ


നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്ന സമയത്ത് വെള്ളം അവിചാരിതമായി അകത്തേക്ക് പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതല്ല. നിര്‍ബന്ധമല്ലാത്ത കുളികളില്‍ നോമ്പ് ബാതിലാവുന്നതാണ്. എന്നാല്‍ വെള്ളത്തില്‍ മുങ്ങിയാണ് കുളിച്ചതെങ്കില്‍, അതിലൂടെ വെള്ളം അകത്തേക്ക് കടന്നാല്‍ നിര്‍ബന്ധകുളിയിലും നോമ്പ് ബാതിലാവുന്നതാണ്.

തടിയുള്ള എന്തെങ്കിലും സാധനം അകത്തേക്ക് പ്രവേശിക്കുന്നതിലൂടെയാണ് നോമ്പ് മുറിയുന്നത്. ആവി പിടിക്കുന്നത് ആവി മാത്രമാണ് അകത്തേക്ക് കയറുന്നത് എങ്കില്‍ നോമ്പ് മുറിയുകയില്ല. മറിച്ച് അതോടൊപ്പം ജലകണികകളോ മറ്റോ കയറുന്നുവെങ്കില്‍ നോമ്പ് മുറിയുന്നതാണ്.


പുകവലി കൊണ്ട് നോമ്പ് മുറിയുമോ ?

തടിയുള്ള വസ്തു ശരീരത്തിലെ ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വരങ്ങളിലൂടെ പ്രവേശിച്ചാല്‍ നോമ്പു മുറിയും. വെറും പുകയ ഈ വിഷയത്തില്‍ തടിയുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പുക അകത്തേക്ക് പ്രവേശിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാല്‍ പുകയില അടങ്ങിയ പുക വലിക്കുമ്പോള്‍ പുകയോടൊപ്പം തടിയുള്ള വസ്തുക്കളും ഉള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. وَمِنْ الْعَيْنِ الدُّخَانُ الْمَشْهُورُ പുകവലിക്കുമ്പോഴുണ്ടാകുന്ന പുക തടിയുള്ളതില്‍ പെട്ടതാണ് അത് അകത്ത് പ്രവേശിക്കുന്നതിലൂടെ നോമ്പ് മുറിയുമെന്ന് ശര്‍വാനിയില്‍ പറയുന്നത് കാണാം. നോമ്പ് മുറിയില്ല എന്ന അഭിപ്രായവും ഉണ്ട്.


സ്വപ്ന സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുമോ? കുളി നിര്‍ബന്ധമാവുമോ? അതോ അത് ശുദ്ധിയാക്കി നിസ്കരിക്കാമോ?


സ്വപ്ന സ്ഖലനം കാരണമായി നോമ്പ് മുറിയില്ല. സ്വേഛ പ്രകാരമുള്ള നേരിട്ടുള്ള പ്രവര്‍ത്തനഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ.അതു മൂലം കുളി നിര്‍ബന്ധമാവും. കുളിച്ചതിനു ശേഷമേ നിസ്കരിക്കാവൂ. ശുദ്ധിയാക്കി നിസ്കരിച്ചാല്‍ പോര.


ഭാര്യയെ തൊട്ടാല്‍ നോമ്പ് മുറിയുമോ?


തൊടല്‍ കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. മറ കൂടാതെ തൊടല്‍ കൊണ്ട് സ്കലനം സംഭവിച്ചാല്‍ നോമ്പ് മുറിയുന്നതാണ്.


അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ അറിയാതെ തന്നെ പുക അകത്ത് പോകുന്നു. ഇത് കൊണ്ട് നോമ്പ് മുറിയുമോ?


തടിയുള്ള വസ്തു ശരീരത്തിലെ ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വരങ്ങളിലൂടെ പ്രവേശിച്ചാലേ നോമ്പു മുറിയുകയുള്ളൂ. പുകയെ ഈ വിഷയത്തില്‍ തടിയുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പുക ശ്വസിച്ചോ മറ്റോ അകത്തേക്ക് പ്രവേശിച്ചാലും നോമ്പു മുറിയുകയില്ല. (തുഹ്ഫ)


കണ്ണില്‍ മരുന്ന് ഒഴിച്ചാല്‍ നോമ്പ് മുറിയുമോ ?


കണ്ണില്‍ മരുന്ന് ഒഴിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല എന്നതാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. എന്നാല്‍ മറ്റുമദ്ഹബുകളില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുള്ളതിനാല്‍ അത്യാവശ്യമില്ലെങ്കില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.


മല ബന്തം ഒഴിവാക്കുവാന്‍ വിരല്‍ മലദ്വാരത്തിലേക്ക് കയറ്റിയാല്‍ നോമ്പ് മുറിയുമോ


മലദ്വാരത്തിലൂടെ മലം പുറത്തെടുക്കാനായി വിരലുകള്‍ പ്രവേശിപ്പിക്കുന്നത് നോമ്പു മുറിയുന്ന കാര്യത്തില്‍ പെട്ടതാണ്. പുക്കളിനു താഴെയുള്ള ദ്വാരങ്ങളിലൂടെ അകത്തു എന്തെങ്കിലും പ്രവേശിച്ചാല്‍ നോമ്പു മുറിയുകയില്ലെന്ന അഭിപ്രായം മാലികീ മദ്ഹബിലുണ്ട്. വളരെ പ്രയാസപ്പെടുന്നവര്‍ ഈ മദ്ഹബു തഖ്‍ലീദ് ചെയ്ത് നോമ്പു നോല്ക്കാവുന്നതാണ്.


ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കിയാല്‍ നോമ്പ് മുറിയുമോ?


ചെവിക്കുള്ളിലെ പാടയിലോ (ഇയര്‍ഡ്രം) അപ്പുറത്തോ എത്തുന്നതോടെ ഉള്ള എന്ന് പറയാവുന്ന ഭാഗമായി എന്നാണ് പണ്ഡിതര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ബഡ്സ് അവിടേക്ക് എത്താറില്ല. അത്തരം ഉപയോഗം കൊണ്ട് നോമ്പ് മുറിയുകയുമില്ല. എന്നാല്‍ അധികം ഉള്ളിലേക്ക് പോകും വിധം ഉപയോഗിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. 

ചെവി വൃത്തിയാക്കാന്‍ സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളൊക്കെ ഈ പരിധിയിലാണ് വരിക. പുറഭാഗം എന്ന് പറയാവുന്നിടത്ത് ഉപയോഗിച്ചത് കൊണ്ട് മുറിയില്ല. എന്നാലും ഉപേക്ഷിക്കുന്നതാണ് ഉത്തമം.


ഞാന് ഗൾഫിൽ നിന്നും  നോമ്പെടുത്തു നാട്ടിലേക്ക് പോയി. നാട്ടിലെ പെരുന്നാള് വന്നപ്പോള് എനിക്ക് 28 നോന്പേ ആയിരുന്നുള്ളൂ. എന്ത് ചെയ്യണം


നാട്ടുകാരോടൊപ്പം അന്നേ ദിവസം തന്നെ പെരുന്നാള് നിര്വവ്വഹിക്കുക, എന്നിട്ട് തൊട്ടടുത്ത ദിവസം ഒരു നോന്പ് ഖളാഅ് വീട്ടുക. ഇരുപത്തൊന്പത് നോറ്റശേഷമാണ് നാട്ടില് പെരുന്നാള് വരുന്നതെങ്കില് (നാട്ടുകാര്ക്ക് മുപ്പത്) ഖളാഅ് വീട്ടേണ്ടതുമില്ല.


ഹൈള്കാരി, രക്തം മുറിഞ്ഞാല് നാളെ ഞാന് നോന്പ് നോല്ക്കും എന്ന് നിയ്യത് ചെയ്യുകയും സുബ്ഹിക്ക് മുന്പായി രക്തം മുറിയുകയും ചെയ്തു. നോമ്പ് ശരിയാവുമോ


ഹൈളിന്റെ അവളുടെ സാധാരണ ദിവസങ്ങള് പൂര്ത്തിയായ ശേഷമാണ് ഇങ്ങനെ നിയ്യത് ചെയ്യുന്നതെങ്കില് നിയ്യത് ശരിയാവുന്നതാണ്, നോന്പ് സാധുവുമാണ്. അല്ലാത്ത പക്ഷം, നിയ്യത് ശരിയാവില്ല.


വലിയ അശുദ്ധിയുള്ളവന് നോമ്പിന് സുബ്ഹിക്ക് മുന്പായി കുളിക്കേണ്ടതുണ്ടോ.


ഇല്ല, നോന്പിന് ശുദ്ധിയുണ്ടായിരിക്കല് ശർത്ത് അല്ല. അത് കൊണ്ട് തന്നെ സുബ്ഹിക്ക് മുന്പായി നിര്ബന്ധമായ കുളി നിര്വ്വഹിക്കല് നിര്ബന്ധമില്ല. എന്നാല് പൂര്ണ്ണശുദ്ധിയോടെ നോന്പില് പ്രവേശിക്കലാണ് ഉത്തമം.


മുന്‍സമുദായങ്ങള്‍ക്ക് നോമ്പുണ്ടായിരുന്നോ?


അതെ, എന്നാല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന റമളാന്‍ നോമ്പ് നമ്മുടെ പ്രത്യേകതയാണ്. (ഇആനത്ത് 2:215)


റമളാന്‍ നോമ്പ് ഫര്‍ളാക്കപ്പെട്ടതെന്ന്?


ഹിജ്‌റ രണ്ടാം വര്‍ഷത്തിലെ ശഅബാനില്‍ (എ.ഡി 642) -(തുഹ്ഫ 3:408)


30 നോമ്പ് ലഭിച്ചാലും 29 നോമ്പ് ലഭിച്ചാലും പ്രതിഫലം തുല്യമാണോ?


റമളാന്‍ നോമ്പ് എന്ന നിലക്ക് പ്രതിഫലം തുല്യമാണ്. ദിവസങ്ങളെ പരിഗണിച്ച് നോക്കിയാല്‍ മുപ്പത് പൂര്‍ത്തിയായി കിട്ടിയ നോമ്പില്‍ മാസത്തില്‍ കൂടുതല്‍ പ്രതിഫലമുണ്ട്. (തുഹ്ഫ 3:408)


നബി(സ) എത്ര വര്‍ഷം നോമ്പ് പിടിച്ചിട്ടുണ്ട്? ഈ വര്‍ഷങ്ങളില്‍ മുപ്പത് പൂര്‍ത്തിയാക്കിയിട്ടുണ്ടോ?


ഒമ്പത് വര്‍ഷം, ഒമ്പത് വര്‍ഷങ്ങളില്‍ ഒരു വര്‍ഷമാണ് മുപ്പത് പൂര്‍ത്തിയായി കിട്ടിയത്. 

(തുഹ്ഫ 3:408)


നോമ്പ് സ്ഥിരപ്പെടാന്‍ എത്രപേര്‍ മാസം കാണണം?


നീതിമാനായ ഒരു വ്യക്തി. (പെരുന്നാള്‍ സ്ഥിരപ്പെടാന്‍ രണ്ടാള്‍ കാണണം.) (തുഹ്ഫ 3:412). 

സ്ത്രീ മാസം കാണല്‍കൊണ്ട് ഖാളിക്ക് ഉറപ്പിക്കാന്‍ പറ്റില്ല. സ്ത്രീയെ വിശ്വസിച്ചവര്‍ക്ക് അവളുടെ വാക്ക് സ്വീകരിക്കാം. (തുഹ്ഫ 3:416)


നോമ്പുകാരനായ ഒരാള്‍ പുഴവക്കിലൂടെ നടന്നുപോവുമ്പോള്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. ഉടനെ നോമ്പുകാരന്‍ വെള്ളത്തില്‍ ചാടുകയും മുങ്ങുന്ന ആളെ രക്ഷപ്പെടുത്തുകയും ചെയ്തു. പക്ഷേ ഉള്ളിലേക്ക് വെള്ളം കടന്ന് അയാളുടെ നോമ്പ് മുറിഞ്ഞുപോയി. ഒരാളെ രക്ഷപ്പെടുത്താന്‍ വേണ്ടി നോമ്പു മുറിച്ചതിന് അയാള്‍ കുറ്റക്കാരനാവുമോ. നഷ്ടപ്പെട്ട നോമ്പു ഖളാഅ്‌വീട്ടിയാല്‍ മതിയോ?


അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തല്‍ അതിനു കഴിവുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. നോമ്പു മുറിച്ചാണെങ്കിലും രക്ഷപ്പെടുത്തണം. അതിനാല്‍ ചോദ്യത്തില്‍ പറഞ്ഞ നോമ്പുകാരന്‍ കുറ്റക്കാരനാകുന്നതല്ല. അയാളുടെ ബാധ്യത നിറവേറ്റുക മാ്രതമാണയാള്‍ ചെയ്തത്. എങ്കിലും നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടണം. മറ്റൊരാള്‍ക്ക് വേണ്ടി മുറിച്ചതായതിനാല്‍ ഒരു മുദ്ദ് ധാന്യം ഫിദ്‌യയായി നല്‍കുകയും വേണം.


ഗര്‍ഭിണിയും മുലയൂട്ടുന്നവളും റമളാന്‍ നോമ്പ് നഷ്ടപ്പെടുത്തിയാല്‍ ഖളാഅ് വീട്ടുന്നതിനു പുറമെ ഫിദ്‌യ കൊടുക്കുക കൂടി വേണമെന്ന് കേട്ടു. ഇത് ശരിയാണോ?


ഒരാള്‍ ഗര്‍ഭിണിയോ മുലയൂട്ടുന്നവളോ ആയത് കൊണ്ട് മാത്രം റമളാന്‍ നോമ്പ് ഉപേക്ഷിക്കാവതല്ല. നോമ്പ് നോല്‍ക്കുന്നത് കൊണ്ട് തയമ്മും അനുവദനീയമാകുന്ന വിധത്തിലുള്ള പ്രയാസമുണ്ടായാല്‍ മാത്രമെ നോമ്പ് ഉപേക്ഷിക്കാവൂ. നോമ്പ് ഉപേക്ഷിച്ചത് കുട്ടിക്ക് വേണ്ടി മാത്രമാണെങ്കില്‍ ഖളാഅ് വീട്ടുന്നതിനു പുറമെ ഫിദ്‌യ കൊടുക്കുക കൂടി വേണം. സ്വന്തം ശരീരത്തിന്റെ വിഷമം കൊണ്ടോ കുട്ടിയുടെയും സ്വന്തത്തിന്റെയും ബുദ്ധിമുട്ടിന് വേണ്ടിയോ ആണ് നോമ്പ് ഒഴിവാക്കിയതെങ്കില്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതി. ഫിദ്‌യ വേണ്ടതില്ല. (ബുശ്‌റല്‍കരീം 2/72)


മാരക രോഗം പോലെയുള്ള വിപത്തിലകപ്പെട്ട ആളെ കാണുമ്പോള്‍ ചൊല്ലാന്‍ വല്ല ദിക്‌റുമുണ്ടോ?


വിപത്തിലകപ്പെട്ട ആളെ കാണുമ്പോള്‍ ‘അല്‍ഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മബ്തലാക ബിഹീ വ ഫള്ളലനീ അലാ കസീരിന്‍ മിമ്മല്‍ ഖലഖ തഫ്‌ളീലാ’ എന്നു പതുക്കെ പറയല്‍ സുന്നത്താകുന്നു. ഇങ്ങനെ ചൊല്ലിയാല്‍ അയാളുടെ ജീവിതകാലം മുഴുവനും ആ വിപത്ത് എത്തുകയില്ലെന്ന് തുര്‍മുദി നിവേദനം ചെയ്ത ഹദീസില്‍ വന്നിരിക്കുന്നു. (ബുശ്‌റല്‍കരീം 1/101)


സ്ഖലിക്കണമെന്ന ഉദ്ദേശത്തോടെ നോക്കിയോ ചിന്തിക്കുകയോ ചെയ്തു സ്ഖലനം ഉണ്ടായാൽ നോമ്പു മുറിയുമോ!?


തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ്‌ മുറിയുകയില്ലെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410 നോക്കുക. 

സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല.


ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ? വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത നോമ്പു ലഭിക്കുമോ?


ഉറക്കത്തിലെ ശുക്ലാസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല. വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. (ഫത്‌ഹുൽ മുഈൻ).


ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?


മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392


നോമ്പ് കാരനു രക്തം ദാനം ചെയ്യാമോ ?

ശരീരത്തില്‍ നിന്ന് രക്തമെടുക്കുന്നതിലൂടെ നോമ്പു മുറിയുകയില്ല.

എങ്കിലും രക്ത ദാനം മൂലമുണ്ടായേക്കവുന്ന ക്ഷീണം കാരണം നോമ്പു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ രക്ത ബാങ്ക് മുതലാവയക്കു രക്തം നല്‍കരുത്.  ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അത്യാവശ്യമായി വന്നാല്‍ നിര്‍ബന്ധമായും രക്തം ദാനം ചെയ്യണം. നോമ്പു മുറിക്കേണ്ടത്ര ക്ഷീണമുണ്ടാകുമെന്നു ഭയന്നാലും.


റമദാന്‍ മാസത്തില്‍ ദിക്റ്, നിസ്ക്കാരം, സക്കാത്ത്, സ്വദഖ, തറാവീഹ്, തുടങ്ങി എല്ലാ നല്ല കാര്യങ്ങള്‍ക്കും 70 ഇരട്ടി പ്രതിഫലം ലഭിക്കുമോ?

സല്‍മാനുല്‍ ഫാരിസി (റ) റിപോര്‍ട്ടു ചെയ്ത, റമദാനെ കുറിച്ചു പറയുന്ന ഒരു ദീര്‍ഘമായ ഹദീസില്‍ ഇങ്ങനെ കാണാം. ആരെങ്കിലും ആ മാസത്തില്‍ സുന്നത്തായ കാര്യങ്ങള്‍ ചെയ്താല്‍ അത് മറ്റു മാസങ്ങളില്‍ ഒരു ഫര്‍ദ് ചെയ്തതു പോലെയാണ്. ഒരു ഫര്‍ദ് നിര്‍വ്വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ എഴുപത് ഫര്‍ദ് ചെയ്തതു പോലെയാണ്. ഈ ഹദീസ് ഇമാം ബൈഹഖി (റ) തന്‍റെ വിവിധ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. 

ഇമാം ഇബ്നു ഖുസൈമ തന്‍റെ സ്വഹീഹിലും ഇത് കൊണ്ടു വന്നിട്ടുണ്ട്.  ഇബ്നു ഹിബാന്‍, മഹാമിലി, ഇസ്ബഹാനി തുടങ്ങി ഒട്ടേറെ ഹദീസ് പണ്ഡിതന്മാര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, മുന്‍കാല മുഫസ്സിറുകളില്‍ മിക്കവരും ഈ ഹദീസ് അവരുടെ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇആനതു ഥാലീബീന്‍ പോലെയുള്ള ഫിഖ്ഹ് വിശദീകരണ ഗ്രന്ഥങ്ങളിലും ഇത് കാണാവുന്നതാണ്. 

ഇബ്നു ബാസ്, ഇബ്നു ജബ്റീന്‍, ഉസൈമൈന്‍ തുടങ്ങിയ വഹ്ഹാബികള്‍ വരെ ഈ ഹദീസ് അവരുടെ ഫത്‍വകളിലും ലേഖനങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. ഇത്രയധികം ആളുകള്‍ ഉദ്ധരിച്ചതില്‍ നിന്ന് ഇത് പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ ഹദീസ് ദഈഫാണെന്ന ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് തള്ളിക്കളയാവതല്ലെന്നും മനസ്സിലാക്കാം. മാത്രമല്ല ഈ ഹദീസ് ((ഹസന്‍) പദവിയിലാണെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ഓരോ നന്മക്കും അതിന്‍റെ പത്തിരട്ടി മുതല്‍ എഴുപത് ഇരട്ടി വരെ പ്രതിഫലമുണ്ടെന്ന് നബി(സ) ഒരു ഖുദ്‍സിയ്യായ ഹദീസിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. റമദാനില്‍ എഴുപത് ഇരട്ടി ലഭിക്കുമെന്ന ഈ ഹദീസ് അതിനു വിരുദ്ധമല്ല. റമദാനിലല്ലാത്ത മറ്റു മാസങ്ങളില്‍ പത്തു കിട്ടുന്ന ഗുണമാണെങ്കില്‍ അതിനു റമദാനില്‍ എഴുനൂറു (10 * 70) ലഭിക്കുന്നു എന്നര്‍ഥമാക്കണം.  സല്‍മാന് (റ) വിന്‍റെ ഹദീസില്‍ റമദാനല്ലാത്ത മാസങ്ങളില്‍ ഇരട്ടി പ്രതിഫലങ്ങള്‍ ലഭിക്കുകയില്ലെന്നു വരുന്നുമില്ലല്ലോ.

ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ല പ്രവര്‍ത്തനങ്ങളും ഈ വര്ദ്ധനവ് ലഭിക്കുന്നതില്‍ പെടും.


ഖദായ നോമ്പിന്റെ നിയ്യത്ത് എങ്ങനെയാണ് കരുതേണ്ടത്?


ഖളാആയ നോമ്പിനു نويت صوم غد عن قضاء فرض رمضان لله  تعالى എന്നാണ് പൂര്‍ണ്ണമായ നിയ്യത്. റമളാനിലെ ഫര്ളിനെ ഖളാആയി നിര്‍വഹിക്കാനായി നാളെ നോമ്പ് അനുഷ്ടിക്കാന്‍ കരുതി എന്ന് അര്‍ത്ഥം. നലവിലെ വര്‍ഷത്തിലെ റമളാനിലെ നോമ്പ് തന്നെയാണെങ്കില്‍ هذه السنة എന്ന് കൂടെ പറയാം. نويت صوم رمضان എന്നാണ് ഏറ്റവും ചുരുങ്ങിയ നിയ്യത്.


അനുവദനീയമായ കാരണത്തോടെ നഷ്ടപ്പെട്ട റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ട്. പുറമെ നേര്‍ച്ചയാക്കിയ നോമ്പുമുണ്ട്. ആദ്യം ഏതാണ് വീട്ടേണ്ടത്?


നേര്‍ച്ചയാക്കിയ നോമ്പിനേക്കാളും മറ്റു നിര്‍ബന്ധവും സുന്നതുമായ എല്ലാ നോമ്പിനേക്കാളും സ്രേഷ്ടതയേറിയതാണ് റമളാന്‍ നോമ്പ്. മതിയായ കാരണമില്ലാതെ റമാദാന്‍ നോമ്പ് നഷ്ടപ്പെടുത്തല്‍ ഹറാമാണ്. അങ്ങനെ നഷ്ടപ്പെടുത്തിയാല്‍ പെട്ടെന്നു തന്നെ ഖളാ വീട്ടലും നിര്‍ബന്ധമാണ്. കാരണത്തോട് കൂടെ നഷ്ടപ്പെട്ട നോമ്പാണെങ്കില്‍ പെട്ടെന്ന് ഖളാ വീട്ടല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നതാണ്. 

കാരണത്തോട് കൂടെയോ അല്ലാതെയോ നഷ്ടപ്പെട്ട റമദാന്‍ നോമ്പും നേര്‍ച്ചയാക്കിയ നോമ്പും നോറ്റു വീട്ടാനുള്ളവന്‍ ആദ്യം വീട്ടേണ്ടത് റമദാന്‍ നോമ്പാണ്. എന്നാല്‍ നിശ്ചിതമായ ദിവസം നോമ്പ് നോല്‍ക്കാന്‍ നേര്‍ച്ചയാക്കിയാല്‍ (ഉദാഹരമായി വരുന്ന വ്യായാഴ്ച നോമ്പ് നോല്‍ക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറയുന്നത് പോലെ) ആ ദിവസം തന്നെ നേര്‍ച്ചയാക്കിയ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമായത് കൊണ്ട് റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ടെങ്കിലും നേര്‍ച്ചയാക്കിയ നോമ്പാണ് നോല്‍ക്കേണ്ടത്.


കഴിഞ്ഞ റമളാനിലെ നോമ്പ് ഒരു സ്ത്രീ പ്രസവിച്ച് കിടന്നത് കൊണ്ട് നഷ്ടപ്പെട്ടു പോയി ഇനി എന്ത് ചെയ്യണം? ഖളാഅ് വീട്ടിയാല്‍ മാത്രം പോരേ?


പ്രസവം കാരണം നോമ്പ് ഉപേക്ഷിക്കുന്നത് പല കാരണങ്ങളാലാവാം. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഉപേക്ഷിച്ച നോമ്പുകള്‍ ഖദാഅ് വീട്ടിയാല്‍ മതി. മുദ്ദ് കൊടുക്കേണ്ടതില്ല.

1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍

2) പ്രസവാനന്തരം നിഫാസ് കാരണത്താല്‍ നോമ്പു ഉപേക്ഷിച്ചാല്‍

3) നിഫാസ് നിന്നതിനു ശേഷം സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍

താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ നോമ്പു ഖദാഅ് വീട്ടുകയും ഓരോ നോമ്പിനു ഓരോ മുദ്ദ് വീതം ദാനം ചെയ്യുകയും വേണം.

1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ ഗര്‍ഭസ്ഥ ശിശുവിനു ഹാനികരമാകയാല്‍ മാത്രം നോമ്പു ഉപേക്ഷിച്ചാല്‍

2) നിഫാസ് നിന്നതിനു ശേഷം മുല കുടിക്കുന്ന കുഞ്ഞിനു ഹാനികരമാകയാല്‍ മാത്രം നോമ്പ് ഉപേക്ഷിച്ചാല്‍


എന്നാല്‍ ഖദാആയ നോമ്പ്/നോമ്പുകള്‍ അവസരമുണ്ടായിട്ടും അടുത്ത റമദാനിനു മുമ്പ് നോറ്റു വീട്ടിയില്ലെങ്കില്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം വിതരണം ചെയ്യണം. വര്‍ഷങ്ങള്‍ പിന്തിച്ചാല്‍ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് മുദ്ദും വര്‍ദ്ധിപ്പിക്കണം.


സ്ത്രീകള്‍ പ്രസവിച്ചു നിഫാസ് രക്തം മുറിയുന്നതിന്നു മുമ്പുള്ള ദിവസങ്ങളില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടണോ? വീട്ടണമെങ്കില്‍ 5 വര്‍ഷം കഴിഞ്ഞാല്‍ അത് എങ്ങിനെയാണ് നോറ്റ് വീട്ടേണ്ടത്? എന്തെല്ലാമാണ് അതിനുള്ള പ്രായശ്ചിത്തങ്ങള്‍?


ഹൈള്, നിഫാസ് എന്നീ രക്തങ്ങള്‍ സ്രവിക്കുന്ന സമയത്തുള്ള നിസ്കാരങ്ങള്‍ ഖളാഅ് വീട്ടേണ്ടതില്ല, എന്നാല്‍ ആ കാലയളവില്‍ നഷ്ടപ്പെട്ടുപോയ നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. തടസ്സം നീങ്ങിയ ഉടനെ കഴിയുന്നത്ര വേഗം നോമ്പുകള്‍ ഖളാഅ് വീട്ടുകയാണ് വേണ്ടത്. എന്നാല്‍, റമദാന്‍ നോമ്പ് അടുത്ത റമദാനിന് മുമ്പ് എപ്പോഴെങ്കിലുമായി നോറ്റ് വീട്ടിയാലും മതി.  

അടുത്ത റമദാന്‍ ആയിട്ടും ന്യായമായ കാരണമില്ലാതെ നോറ്റ് വീട്ടാതെ ബാക്കി വെക്കുന്നത് കുറ്റകരമാണ്. അങ്ങനെ പിന്തിക്കുന്ന പക്ഷം, പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ നോമ്പിന് ഓരോ മുദ്ദ്  (ഏകദേശം 650-700 ഗ്രാം) വീതം ഭക്ഷ്യധാന്യം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്കാണ് അത് നല്‍കേണ്ടത്. 5 വര്‍ഷം മുമ്പുള്ള റമദാനിലാണ് 30 നോമ്പ് നഷ്ടപ്പെട്ടതെങ്കില്‍, അതിന് ശേഷം നാല് റമദാന്‍ കഴിഞ്ഞുവെന്നര്‍ത്ഥം. 

അപ്പോള്‍ 4×30=120 മുദ്ദ് (ഏകദേശം 80 കിലോ) ആയിരിക്കും പ്രായശ്ചിത്തമായി നല്‍കേണ്ടിവരിക. അതോടൊപ്പം ചെയ്തു പോയ തെറ്റിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി തൌബ ചെയ്യേണ്ടതുമാണ്.


റമദാന്‍ മാസത്തിലെ നോമ്പ് കുറെ വര്‍ഷങ്ങളായി നോറ്റിട്ടില്ല, ഫിദിയയും കൊടുത്തിട്ടില്ല. അതിന്റെ വിധി എന്ത്, എത്രയാണ് ഫിദിയ കൊടുക്കേണ്ടത്?


റമദാനില്‍ കാരണത്തോട് കൂടെയോ അല്ലാതെയോ ഖളാഅ് ആകുന്ന നോമ്പ് നോറ്റ് വീട്ടേണ്ടതും കഴിയാത്ത സാഹചര്യത്തില്‍ അതിന് മുദ്ദ് കൊടുക്കേണ്ടതും അവസരം ലഭിച്ചിട്ടും നോല്‍ക്കാതെ പിന്തിപ്പിക്കുന്ന ഓരോ വര്‍ഷത്തിനും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നല്‍കേണ്ടതുമാണ്നോല്‍ക്കാത്തതിന്‍റെ മുദ്ദ് ഓരോ നോമ്പിനും ഓരോന്ന് വീതമാണ്. കാരണമില്ലാതെ പിന്തിപ്പിച്ചതിന് പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് വീതവുമാണ്. പിന്തിയ വര്‍ഷങ്ങള്‍ കണക്കാക്കേണ്ടത്, നോമ്പ് നഷ്ടപ്പെട്ടത് മുതലാണ്. മുദ്ദ് നല്‍കാന്‍ ബാധ്യസ്ഥനായ വ്യക്തി അത് നല്‍കാതെ മരണപ്പെട്ടുവെങ്കില്‍, നോമ്പ് നഷ്ടപ്പെട്ടത് മുതല്‍ മരണം വരെയുള്ള വര്‍ഷങ്ങളാണ് കണക്കുകൂട്ടേണ്ടത്. കാരണം കൂടാതെ നോമ്പ് മുറിച്ചു എന്ന കാരണത്താല്‍ മുദ്ദ് നിര്‍ബന്ധമാവില്ല. 

അടുത്ത റമളാന്‍ പ്രവേശിക്കുന്നതിനു മുമ്പ് ഖളാഅ് വീട്ടിയില്ലെങ്കിലാണ് മുദ്ദ് നിര്‍ബന്ധമാവുക.പ്രായ പൂര്‍ത്തിയായ ശേഷം എത്ര വര്‍ഷത്തേതാണോ നോല്‍ക്കാന്‍ ബാക്കിയുള്ളതെങ്കില്‍ അവയൊക്കെയും നോറ്റ് വീട്ടുകയും ശേഷമുള്ള ഓരോ വര്‍ഷത്തിലും അവ നോല്‍ക്കാതെ പിന്തിപ്പിച്ചതിന് വര്‍ഷങ്ങളുടെ കണക്കനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം കൊടുക്കുകയും വേണം. ഒരു മുദ്ദ് എന്നത് അളവുകോലാണ്, ധാന്യത്തിന്റെ ഭാരത്തിനനുസരിച്ച് ഇത് തൂക്കത്തില്‍ വ്യത്യാസം വരാവുന്നതാണ്. സാധാരണഗതിയില്‍ 650-700 ഗ്രാം ആണ് ഇത് ഉണ്ടാവാറ്.


വിമാനത്തിലാവുമ്പോള്‍ ഇഫ്താറിന്റെ സമയം എങ്ങനെ മനസ്സിലാക്കാം


നോമ്പു തുടങ്ങലും അവസാനിപ്പിക്കലും സൂര്യന്‍റെ ഉദയവും അസ്തമനവുമായി ബന്ധപ്പെടുത്തിയാണല്ലോ. അതു നിരീക്ഷിക്കാനും മനസ്സിലാക്കാനും വിമാനത്തില്‍ സാധ്യവുമാണ്. വിമാനം ഭൂമിയില്‍നിന്ന് ഏറെ ഉയരത്തിലാണെന്നതിനാല്‍ ഭൂമിയിലുള്ളവര്‍ക്ക് സൂര്യന്‍ അസ്തമിച്ചാലും വിമാനത്തിലുള്ളവര്‍ക്ക് അത് അസ്തമിക്കണമെന്നില്ല. അതിനാല്‍, വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ക്ക് എപ്പോഴാണ് സൂര്യന്‍ അസ്തമിക്കുന്നത് ആ സമയത്താണ് നോമ്പ് തുറക്കേണ്ടത്.


സുബ്ഹ് ബാങ്ക് കൊടുത്തു കൊണ്ടിരിക്കേ വെള്ളമോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ കഴിച്ചാല്‍ നോമ്പ് ശരിയാകുമോ ?


ഫജ്റ് സ്വാദിഖ് ഉദിച്ചതു മുതല്‍ സൂര്യന്‍ അസ്തമിക്കുന്നതു വരെ ഭക്ഷണ പാനീയങ്ങള്‍ വെടിയല്‍ നോമ്പു ശരിയാവാന്‍ അത്യാവശ്യമാണ്. സുബ്ഹിയുടെ സമയം പ്രവേശിക്കുന്നത് ഫജ്റ് സ്വാദിഖ് വെളിവാകുമ്പോഴാണ്. ആ സമയത്താണ് സാധാരണ നമ്മുടെ നാടുകളില്‍ സുബ്ഹിയുടെ ബാങ്കു കൊടുക്കാറ്. അതിനാല്‍ ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത് ഫജ്റ് സ്വാദിഖ് ഉദിച്ചയുടനെ എന്തെങ്കിലും ഭക്ഷിച്ചാല്  നോമ്പു ശരിയാകുമോ എന്നായിരിക്കണം. (ഫജ്റ് സ്വാദിഖ് ഉദിക്കുന്നതിനു മുമ്പ് ഒരു ബാങ്ക് കൊടുക്കല്‍ സുന്നത്തുണ്ട്. 

ചിലയിടങ്ങളില്‍ അത് നിര്‍വ്വഹിക്കപ്പെടാറുമുണ്ട്) സുബ്ഹിയുടെ സമയം ആയതിനു ശേഷം ഉള്ളിലേക്കെന്തെങ്കിലും ഇറക്കിയാല്‍ നോമ്പു മുറിയുന്നതാണ്. ഫജ്റ് സ്വാദിഖ് ഉദിച്ചപ്പോള്‍ വായയില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് ഉടനെ തുപ്പിക്കളയണം.  തുപ്പിക്കളയാന്‍ അമാന്തിച്ചു നില്‍ക്കുകയും അതില്‍ നിന്ന് എന്തെങ്കിലും ഉള്ളിലേക്ക് ഇറങ്ങുകയും ചെയ്താല്‍ നോമ്പ് ബാഥിലാകും. അത് അറിയാതെ സംഭവിച്ചാലും ശരി. പക്ഷേ, പെട്ടെന്നു തന്നെ തുപ്പിക്കളയുന്നതിനിടയില്‍ അറിയാതെ എന്തെങ്കിലും ഉള്ളിലേക്ക് ഇറങ്ങി പോയാല്‍ അതില്‍ കുഴപ്പമില്ല. (തുഹ്ഫ, ഫത്ഹുല്‍മുഈന്‍).


തിങ്കളാഴ്ച ദിവസവും അയ്യാമുല്‍ ബീളും വേറെ ഏതെങ്കിലും സുന്നത് നോമ്പും ഒരുമിച്ചു വന്നാല്‍ ഇവയും റമളാന്‍ മാസത്തിലെ ഖളാആയ നോമ്പും ഒരുമിച്ചു നിയ്യത്ത് ചെയ്യാന്‍ പറ്റുമോ? റമളാന്‍ മാസത്തില്‍ തിങ്കളാഴ്ചയും അയ്യാമുല്‍ ബീളും വന്നാല്‍ ഇത് മൂന്നും കരുതാന്‍ പറ്റുമോ?



ഫര്‍ളായ നോമ്പിന്‍റെ കൂടെ സുന്നത്തു കൂടി കരുതിയാല്‍ ഫര്‍ളു വീടുകയും ചെയ്യും സുന്നത്ത് ലഭിക്കുകയും ചെയ്യും എന്ന് പ്രമുഖരായ പല ഫുഖഹാക്കളും പ്രബലമാക്കിയിട്ടുണ്ട്. മുഗ്‍നി, നിഹായ, അസ്നാ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്.  ഇത്തരം അവസരത്തില്‍ ആദ്യം ഫര്‍ളിന്‍റെ നിയ്യത്തു വെക്കുക. പിന്നെ സുന്നത്തിനെ കൂടി കരുതുക.  പള്ളിയില്‍ കയറിയ ഉടനെ നിസ്കരിക്കുന്ന ഫര്‍ള് അല്ലെങ്കില്‍ റവാതിബ് നിസ്കാരത്തോടൊപ്പം തഹിയ്യത് കൂടി കരുതുമ്പോള്‍ തഹിയ്യത് നിസ്കരിച്ച സുന്നത് കൂടി ലഭിക്കുന്നതു പോലെ.

സാധാരണ അയ്യാമുല്‍ ബീള്, തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നവര്‍ക്ക് റമദാനിലും അതിന്‍റെ പ്രതിഫലം ലഭിക്കും.

എന്നാല്‍ നവവി(റ) പോലെയുള്ള പ്രമുഖരായ ഒരു സംഘം ഫുഖഹാക്കള്‍ ഇങ്ങനെ നോമ്പിനു നിയ്യത്തു വെക്കാവതല്ലെന്നും അങ്ങനെയുള്ള നോമ്പ് സ്വഹീഹ് ആവുകയില്ലെന്നും അഭിപ്രായപ്പെട്ടതായി കാണാം. അതിനാല്‍ സൂക്ഷ്മത ഫര്‍ളും സുന്നത്തും വെവ്വേറെ നോല്‍ക്കാന്‍ ശ്രമിക്കലാണ്.

പക്ഷെ ഹനഫി മദ്ഹബ് കാർക്ക് ഇങ്ങനെ നിയ്യത്തു വെക്കാൻ പറ്റില്ല എന്നാണ് അഭിപ്രായം.   


നോമ്പുകാരനു സ്പ്രേ , അത്തര്‍ മുതലായ സുഗന്ധങ്ങള്‍ ഉപയോഗിക്കാമോ?

നോമ്പു കാരനു സുഗന്ധം ഉപയോഗിക്കല്‍ കറാഹതാണ്. സുഗന്ധം ഉപയോഗിച്ചതു കൊണ്ടും നോമ്പു മുറിയുകയില്ല. നോമ്പ് ഇല്ലാത്ത രാത്രി സമയങ്ങളില്‍ സുഗന്ധം ഉപയോഗിക്കല്‍ സുന്നത്ത് തന്നെയാണ്. രാത്രി പുലര്‍ച്ചയില്‍ (അത്താഴ സമയത്ത്) സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്. അത് റമദാന്‍ അല്ലാത്ത ദിവസങ്ങളിലും പ്രത്യേകം സുന്നത്താണ്. 

നിയ്യത്തു ഉപേക്ഷിച്ചതോ മൂലമോ മറ്റോ നോമ്പു ഒഴിവാകുകയും ഇംസാക് നിര്‍ബന്ധമാകുകയും ചെയ്താല്‍ അവനും സുഗന്ധം ഉപയോഗിക്കല്‍ കറാഹത് തന്നെയാണ്. റമദാന്‍ മാസത്തില്‍ നോമ്പു ഉപേക്ഷിക്കാന്‍ അനുവദിക്കപ്പെട്ടവരും അതിന്‍റെ ബഹുമാനം കാത്തു സൂക്ഷിക്കുന്നതിന്‍റെ ഭാഗമായി പരസ്യമായി ഭക്ഷണം കഴിക്കുന്നതും മറ്റും ഉപേക്ഷിക്കണമല്ലോ. അത്തരക്കാര്‍ പരസ്യമായി സുഗന്ധം ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നത് ഉത്തമമാണ്.


റമദാനില്‍ നോമ്പുകാരന്‍ മൌത്ത് വാഷ്‌ അല്ലെങ്കില്‍ പേസ്റ്റ് ഉപയോഗിച്ച് വായ വൃത്തി ആക്കുന്നതിന്റെ വിധി എന്താണ്?


മിസ്‍വാക് ചെയ്യുന്നത് എല്ലാ സമയത്തും സുന്നതാണ്. എന്നാല്‍ നോമ്പ് കാരന്ന് ഉച്ചക്ക് ശേഷം മിസ്‍വാക് ചെയ്യല്‍ കറാഹതാണെന്നതാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഉറക്കമോ മറ്റോ കാരണം വായയുടെ ഗന്ധത്തില്‍ വ്യത്യാസം അനുഭവപ്പെട്ടാല്‍ നോമ്പുകാരന്നും ഉച്ചക്ക് ശേഷവും മിസ്‍വാക് ചെയ്യല്‍ സുന്നത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന വലിയൊരു വിഭാഗം പണ്ഡിതരുമുണ്ട്. നോമ്പുകാരന്‍ മിസ്‍വാക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുവായ നിയമം ഇതാണ്.


മേല്‍പറഞ്ഞതനുസരിച്ച് ബ്രഷ് ചെയ്യുമ്പോള്‍ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്, എന്നാല്‍, മറ്റെല്ലാത്തിലുമെന്ന പോലെ അതില്‍നിന്ന് തടിയുള്ള ഒന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പേസ്റ്റിന്റെ രുചി തൊണ്ടയില്‍ അനുഭവപ്പെടുന്നത്കൊണ്ട് മാത്രം നോമ്പ് മുറിയുന്നതല്ല.


ജീവിതത്തില്‍ നോമ്പു നോല്‍ക്കാതെ മരണപ്പെട്ടാല്‍


അകാരണമായി നോമ്പ് ഒഴിവാക്കിയാല്‍ അത് ഖളാ വീട്ടണം. അടുത്ത റമദാനിനു മുമ്പ് ഖളാ വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു മുദ്ദ് ഭക്ഷണം പാവങ്ങള്‍ക്ക് ദാനം ചെയ്യുകയും ഖളാ വീട്ടുകയും ചെയ്യണം. രണ്ടാമത്തെ വര്‍ഷവും റമദാനിനു മുമ്പ് നോറ്റി വീട്ടിയില്ലെങ്കില്‍ രണ്ടു മുദ്ദും ഖളാ വീട്ടുകയും ചെയ്യണം. ഇങ്ങനെ ഓരോ വര്‍ഷം വര്‍ദ്ധിക്കുന്തോറും മുദ്ദുകളുടെ എണ്ണവും വര്‍ദ്ധിക്കും.   

ഈയവസരത്തില്‍ പിതാവിന്‍റെ മുഴുവന്‍ മുദ്ദുകളും വീട്ടിത്തീര്‍ക്കണം.  ഇങ്ങനെ നോമ്പുകള്‍ ഖളാ ഉണ്ടായിരിക്കേ മരണപ്പെട്ടാല്‍ ഈ മുദ്ദുകളും ഖളാആയ ഓരോ നോമ്പിനും ഓരോ മുദ്ദും അധികമായി പിതാവിന്‍റെ അനന്തര സ്വത്തില്‍ നിന്ന് കൊടുത്തു വീട്ടണം.  എന്നാല്‍ മരണപ്പെട്ടവര്‍ക്ക് പകരമായി ജീവിച്ചിരിക്കുന്നവര്‍ക്ക് നോമ്പനുഷ്ടിക്കാവുന്നതാണ്.  ഇങ്ങനെ പിതാവിന്‍റെ നോമ്പ് മരണ ശേഷം മറ്റുള്ളവര്‍  നോറ്റു വീട്ടിയാല്‍  അവസാനം പറഞ്ഞ അധിക മുദ്ദ് കൊടുക്കേണ്ടതില്ല. ജീവിച്ചിരിക്കുന്നവര്‍ക്കു പകരമായി മറ്റുള്ളവര്‍ നോമ്പനുഷ്ടിക്കാവതല്ല.


നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടാല്‍ പ്രായശ്ചിത്തമായി തുടര്ച്ചയായി 60 ദിവസം നോമ്പ് അനുഷ്ടിക്കണമല്ലോ. ഈ നിയമം സ്ത്രീക്കും ബാധകമാണോ? ആണെങ്കില്‍ അവര്‍ക്കെങ്ങനെ തുടര്‍ച്ചയായി എടുക്കാന്‍ കഴിയും? നോമ്പ് ഇല്ലാത്തവന്‍ ഭാര്യയുമായി ബന്ധപ്പെട്ടാലും ഈ നിയമം ബാധകമാണോ?


ലൈംഗിക ബന്ധത്തിലൂടെ റമദാനിലെ നോമ്പു മുറിക്കുന്നത് വലിയ പാപമാണ്. ഉടനെ തൌബ ചെയ്യണം. ഖദാഅ് വീട്ടുകയും വേണം. പുരുഷന്മാര്‍ക്ക് കഫ്ഫാറത്തുമുണ്ട്. പക്ഷേ, ലൈംഗിക ബന്ധത്തിലൂടെ ഒരു സ്തീ റമദാന്‍ മാസത്തിലെ നോമ്പു മുറിച്ചാല്‍ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായ പ്രകാരം അവള്‍ക്ക് കഫ്ഫാറത്തില്ല. അതിനാല്‍ സ്ത്രീക്ക് 60 ദിവസത്തെ തുടര്‍ച്ചയായ നോമ്പനുഷ്ടിക്കേണ്ട കാര്യവുമില്ല. അവള്‍ക്കു കഫ്ഫാറത് നിര്‍ബന്ധമാണെന്ന അഭിപ്രായ പ്രകാരം ആര്‍ത്തവം മൂലം തുടര്‍ച്ചക്കും ഭംഗം വരുന്നതു് പൊറുക്കപ്പെടും.

അകാരണമായി നോമ്പു ഉപേക്ഷിച്ചവന്‍ റമദാനില്‍ പകല്‍ സമയത്ത് ഭാര്യയുമായി ബന്ധപ്പെടുന്നതും മറ്റു നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതും കുറ്റകരം തന്നെയാണ്. അതു പോലെ അംഗീകൃത കാരണത്തോടെ നോമ്പു ഉപേക്ഷിക്കുന്നവന്‍ നോമ്പു നോല്‍ക്കുന്ന ഭാര്യയുമായി പകല്‍ സമയത്ത് ബന്ധപ്പെടല്‍ ഹറാമാണ്.  പക്ഷേ, നോമ്പു മുറിച്ചതിനു ശേഷമുണ്ടായ ലൈംഗി ബന്ധത്തിനു കഫ്ഫാറത് നിര്‍ബന്ധമില്ല.


വീട് പണി നടക്കുന്നു. റമദാനില്‍ മുസ്ലിമും അമുസ്ലിമുമായ ജോലിക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാമോ. അമുസ്ലിംകള്‍ കൂടുതലുള്ള സ്ഥലത്ത് സ്വന്തം ഉടമസ്ഥതയില്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്‍റെ വിധി എന്താണ് ?


മുസ്ലിമായ ഒരാള്‍ക്ക്  അംഗീകൃത കാരണങ്ങളില്ലെങ്കില്‍ നോമ്പു  നോല്‍ക്കല്‍ നിര്‍ബന്ധമാണ്. നോമ്പു നോല്‍ക്കാതെ പരസ്യമായി ഭക്ഷണം കഴിക്കുന്നത് റമദാന്‍ മാസത്തോടു ചെയ്യുന്ന അപമര്യാദയും ഫിസ്ഖും (തെമ്മാടിത്തരം) ആണ്. നോമ്പു ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍പോലും പരസ്യമായി നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യാവതല്ല. നോമ്പു നിര്‍ബന്ധമായ ഒരു മുസ്ലിം നോമ്പ് ഉപേക്ഷിക്കുന്നതും നോമ്പു മുറിയുന്ന ഓരോ പ്രവൃത്തികള്‍ ചെയ്യുന്നതും കുറ്റകരമാണ്. 

അതിനാല്‍ മുസ്ലിമായ ഒരാള്‍ക്ക് റമദാനിന്‍റെ പകലില്‍ ഭക്ഷണം നല്കുന്നത് ഹറാമാണ്.  അനുവദനീയമായ കാരണത്താലാണ് നോമ്പു ഉപേക്ഷിച്ചതെങ്കില്‍ തന്നെ പരസ്യമായി കഴിക്കാന്‍ ഭക്ഷണം നല്‍കല്‍ നിഷിദ്ധമാണ്. അത് തെറ്റിനെ സഹായിക്കലാണ്. തെറ്റിനെ സഹായിക്കുന്നവനു തെറ്റു ചെയ്തവന്‍റെ അതേ കുറ്റമുണ്ടാകുന്നതാണ്.

മുസ്ലിംകളെ പോലെ തന്നെ അമുസ്ലിംകള്‍ക്കും ശറഇലെ എല്ലാ വിധികളും ബാധകമാണെന്നാണ് ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതു തന്നെയാണ് ശാഫിഈ മദ്ഹബും. ഇതനുസരിച്ച് അമുസ്ലിമിനും നോമ്പു അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. അതിനാല് പകല്‍ സമയത്ത് ഭക്ഷിക്കാനായി അമുസ്ലിംകള്‍ക്കു നല്‍കുന്നതും ഹറാം തന്നെ.

റമദാനിലെ പകല്‍സമയത്ത് ഭക്ഷണം വിളമ്പാനും കഴിക്കാനുമായി ഭക്ഷണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമാണ്. അങ്ങനെ ലഭിക്കുന്ന വരുമാനം ഹറാമായ സമ്പത്തുമാണ്. അതില്‍ അല്ലാഹുവിന്‍റെ ബറകത് ലഭിക്കുകയില്ല.


റമദാന്‍ നോമ്പിനു സുബ്‍ഹിക്കു മുമ്പ് നിയ്യത് വെച്ചിട്ടില്ലെങ്കില്‍ നോമ്പു ശരിയാകുമോ. അതോ ബാഥിലാകുമോ ?

ശാഫിഈ മദ്ഹബു പ്രകാരം ഫര്‍ളു നോമ്പുകള്‍ക്ക് രാത്രി തന്നെ നിയ്യത്തു വെക്കണം. സുബ്‍ഹിനു മുമ്പ് നിയ്യത്ത് വെച്ചിട്ടില്ലെങ്കില്‍ ആ ദിവസത്തെ നോമ്പു അവനു നഷ്ടപ്പെട്ടു. ആ ദിവസം പകലില്‍ അവന്‍ നോമ്പു മുറിയുന്ന കാര്യങ്ങളൊന്നും ചെയ്യരുത്. അത് ഹറാമാണ്. പിന്നീട് റമദാനു ശേഷം ആ നോമ്പു ഖദാ വീട്ടുകയും വേണം.

മാലികി മദ്ഹബു പ്രകാരം റമാദനിന്‍റെ തുടക്കത്തില്‍ മുഴുവന്‍ നോമ്പുകള്‍ക്കുമൊന്നിച്ചു നിയ്യത്തു വെച്ചാല്‍ മതിയാകും. അങ്ങനെ ചെയ്തവര്‍ക്ക് മാലികി മദ്ഹബ് തഖ്‍ലീദ് ചെയ്ത് നോമ്പെടുക്കാം. ഹനഫി മദ്ഹബില്‍ രാവിലെ നിയ്യത്ത് വെച്ചാലും മതിയാകും. അതനസുരിച്ച് രാവിലെ നിയ്യത്ത് വെച്ച് ഹനഫീ മദ്ഹബ് തഖ്‍ലീദ് ചെയ്തും നോമ്പു നോല്ക‍്കാം. ഇങ്ങനെ വേറെ മദ്ഹബു സ്വീകരിച്ചു നോമ്പനുഷ്ടിച്ചാല്‍ പിന്നീടത് ഖദാ വീട്ടേണ്ടതില്ല.


ഭാര്യക്ക് കഴിഞ്ഞ റമദാനിലെ നോമ്പ് നോറ്റു വീട്ടാനുണ്ട് . ഈ പ്രാവശ്യത്തെ നോമ്പിനു മുമ്പായി അവ വീട്ടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കുട്ടിയുടെ മുല കടിയെ അത് ബാധിക്കുന്നതിനാല്‍ വീട്ടാന്‍ കഴിയാതെ പോയി. ഇതിന്‍റെ വിധി എന്ത്. മുദ്ദ് എപ്പോള്‍ കൊടുക്കണം. ആര്‍ക്കു കൊടുക്കണം ?

കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുവിന്‍റെ (ഗര്‍ഭത്തിലായാലും) ആവശ്യാര്‍ത്ഥമാണെങ്കില്‍ ഈ വര്‍ഷം ഓരോ നോമ്പിനും ഓരോ മുദ്ദ് നല്‍കണം. അതു ഖദാ വീട്ടുകയും വേണം. ഖദാ വീട്ടിയില്ലെങ്കില്‍  അടുത്ത വര്‍ഷം അത് നോറ്റു വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദു വീതം വീണ്ടും വിതരണം ചെയ്യുകയും വേണം. അടുത്തവര്‍ഷവും നോല്‍ക്കാതെ പോയാല്‍ വീണ്ടും മുദ്ദ് നല്‍കണം. ഇങ്ങനെ ഓരോ വര്‍ഷം പിന്തിക്കുന്തോറും മുദ്ദു കൂടുതല്‍ കൊടുത്തു കൊണ്ടേയിരിക്കണം. എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഖദാ വീട്ടാന്‍ തീരെ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല.

കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുകാരണത്താലല്ല, മറിച്ച് സ്വന്തം അനാരോഗ്യമോ മറ്റോ കാരണത്താലാണെങ്കില്‍ ആദ്യ വര്‍ഷത്തില്‍ നോറ്റു വീട്ടണം മുദ്ദ് കൊടുക്കേണ്ടതില്ല. ആ വര്‍ഷം നോറ്റു വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം നോറ്റു വീട്ടണം മുദ്ദും നല്‍കണം. മുകളില്‍ പറഞ്ഞ പോലെ ഓരോ വര്‍ഷം പിന്തുന്നതിനനുസരിച്ച് മുദ്ദുകളുടെ എണ്ണവും വര്‍ദ്ധിക്കും.എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഒരിക്കലും ഖദാ വീട്ടാന്‍ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല.

ഫുഖറാഅ് (അതി ദരിദ്രര്‍), മസാകീന്‍ (ദരിദ്രര്‍) എന്നിവര്‍ക്കാന്‍ മുദ്ദ് നല്‍കേണ്ടത്. ഒരാള്‍ക്ക് ഒരു മുദ്ദിന്‍റെ അംശം നല്‍കിയാല്‍ മതിയാവില്ല. ഏറ്റവും ചുരുങ്ങിയത് ഒരു മുദ്ദ് പൂര്‍ണ്ണമായും നല്‍കണം. ഒരാള്‍ക്ക് ഒന്നിലധികം മുദ്ദ് നല്‍കാവുന്നതാണ്.

അകാരണമായി നോമ്പു ഉപേക്ഷിച്ചാല്‍ അതിനു കുറ്റമുണ്ടാകുകയും അത് പെട്ടെന്നു നോറ്റു വീട്ടേണ്ടതുമാണ്.  അകാരണമായി അതു പിന്തിക്കുന്നതും തെറ്റു തന്നെ.

മുദ്ദ് നിര്‍ബന്ധമായ സമയം (അടുത്ത റമദാന്‍ ഒന്നു്) മുതല്‍ അത് നല്കിത്തുടങ്ങാവുന്നതാണ്. മുദ്ദ് നല്‍കാതെ മരണപ്പെട്ടാല്‍ അയാളുടെ അനന്തരവകാശികള്‍ അയാള്‍ വിട്ടേച്ചു പോയ സ്വത്തില്‍ നിന്നോ മറ്റോ ആയി അതു കൊടുത്തു വീട്ടണം.


നോമ്പുകാരനായ ഒരാള്‍ക്ക് വായില്‍ ഓയിൽമെൻറ് തേക്കാമോ.

നോമ്പുകാരനു വായയില്‍ ഓയിന്മെന്‍റു തേക്കുന്നതു കൊണ്ടു വിരോധമൊന്നുമില്ല. പക്ഷേ, അത് ഉള്ളിലേക്ക് ഇറങ്ങാതെ ശ്രദ്ധിക്കണം. അത് ഉമിനീരില്‍ കലര്‍ന്നു ഇറങ്ങിയാലും നോമ്പു മുറിയും.


മുദ്ദ് കൊടുക്കുന്നത് ധാന്യം തന്നെ വേണമെന്നുണ്ടോ, തുല്യമായ പൈസ മതിയാവുകയില്ലേ?

നോമ്പ് ഖളാ വീട്ടാനുള്ളവര്‍ സാധിക്കുന്നവരാണെങ്കില്‍ അത് വീട്ടുക തന്നെ വേണം. ഒരു റമദാനിലെ ഖളാ ആയ നോമ്പ് സൌകര്യപ്പെട്ടിട്ടും അടുത്ത റമദാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ പിന്തിപ്പിച്ചതിന് മുദ്ദ് നല്‍കേണ്ടതാണ്, അപ്പോഴും ശേഷം നോമ്പ് ഖളാ വീട്ടേണ്ടതാണ്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്ക് വേണ്ടി മുദ്ദ് നല്‍കാവുന്നതാണ്. മുദ്ദ് ഭക്ഷ്യധാന്യമായി തന്നെ നല്‍കേണ്ടതാണ്. ഒരു മുദ്ദ് മുഴുവനായും ഒരാള്‍ക്ക് തന്നെ നല്‍കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഭക്ഷണം തയ്യാറാക്കി അതിലേക്ക് ക്ഷണിക്കുമ്പോള്‍ അത് സാധിക്കില്ലല്ലോ. ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്.

ഫഖീറും മിസ്കീനും ഇന്ന് ലഭ്യമല്ലെന്ന് പറഞ്ഞുകൂടാ. ദൈനം ദിന ചെലവുകള്‍ക്ക് പ്രയാസപ്പെടുന്നവരും സ്വന്തമായി അനുയോജ്യമായ വീടില്ലാത്തവരുമൊക്കെ മിസ്കീനാണെന്നതാണ് വാസ്തവം.


പകല്‍ സമയങ്ങളില്‍ ഉറങ്ങിയാല്‍ നോമ്പിന്‍റെ പ്രതിഫലം

പകല്‍ സമയത്ത് ഉറങ്ങിയത് കൊണ്ട് മാത്രം നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുകയില്ല. നോമ്പുകാരന്‍റെ ഉറക്കവു അല്ലാഹുവിന്‍റെ അടുക്കല്‍ ഇബാദത് ആണല്ലോ. പക്ഷേ, നിസ്കാരമോ മറ്റു ബാധ്യതകളോ നിറവേറ്റാതെ ഉറങ്ങുന്നത് കുറ്റകരമാണ്. അതു പോലെ ഉറങ്ങല്‍ കറാഹത്തുള്ള സുബ്ഹിനു ശേഷം സൂര്യന്‍ ഉദിക്കുന്നതു വരെയും അസ്റിനു ശേഷവുമുള്ള സമയത്തും ഉറക്കം ഉപേക്ഷിക്കല്‍ അഭികാമ്യമാണ്. രാത്രി തഹജ്ജുദ് നിസ്കരിച്ചവര്‍ക്ക് പകലില്‍ ഉച്ചക്ക് മുമ്പ് ഖൈലൂലത് ഉറങ്ങല്‍ സുന്നതാണ്. 

ഉണര്‍ന്നിരുന്നാല്‍ ഹറാം ചെയ്യാനുള്ള സാധ്യത കൂടുതലുള്ളവര്‍ക്ക് ഉറക്കാണ് നല്ലതെന്ന് ഗസാലി ഇമാം പറഞ്ഞിട്ടുണ്ട്. റമദാന്‍ പോലുള്ള പുണ്യദിനങ്ങള്‍ ഉറങ്ങി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലവത്തായ രീതിയില്‍ ആ നിമിഷങ്ങള്‍ ചൂഷണം ചെയ്യാന്‍ ഉണര്‍ന്നിരിക്കലാണ്.


ശവ്വാല് ആറ് സുന്നത് നോമ്പ് അടുപ്പിച്ചു തന്നെ ചെയ്യണമോ അല്ലെങ്കില് ആ മാസം തീരുന്നതിന് മുന്പ് നോറ്റി പൂര്ത്തിയക്കിയാല് മതിയാകുമോ

ശവ്വാല്‍ രണ്ടു മുതല്‍ മാസം അവസാനിക്കുന്നതിനു മുമ്പായി ആറു നോമ്പുകള്‍ നോറ്റാല്‍ തന്നെ സുന്നത് ലഭ്യമാണ്. ഇടവിട്ട ദിവസങ്ങളിലായാലും കുഴപ്പമില്ല. എന്നാല്‍ അടുത്തടുത്ത ആറു ദിവസങ്ങളിലായി നോല്‍ക്കല്‍ വളരെ പുണ്യകരമാണ്. പെരുന്നാള്‍ ദിവസം കഴിഞ്ഞയുടനെയുള്ള അടുത്തടുത്ത ആറു ദിവസങ്ങളില്‍ (ശവ്വാല്‍ 2 മുതല്‍ 7 വരെയുള്ള ദിനങ്ങളില്‍) നോല്‍ക്കുന്നത് ഏറ്റവും പുണ്യകരമാണ്.


നോമ്പുകാരന്‍ ഉച്ചക്കു ശേഷം കുളിക്കുന്നതിന്‍റെ വിധി എന്താണ്?

നോമ്പുകാരനു ഉച്ചക്കു ശേഷം കുളിക്കല്‍ അനുവദനീയമാണ്. അതു കൊണ്ടു മാത്രം നോമ്പു മുറിയുന്നതും അല്ല. പക്ഷേ, കുളിയുടെ സമയം ഫജ്റിനു മുമ്പേക്കാക്കലാണ് സുന്നത്. പകല്‍ സമയത് മുങ്ങികുളിക്കുന്നത് കറാഹതാണ്. അങ്ങനെ മുങ്ങികുളിച്ചതു കാരണമായി മൂക്കിലൂടെയോ മറ്റൊ അകത്തേക്ക് വെള്ളം കയറിയാല്‍ അവന്‍റെ നോമ്പു ബാഥിലാകും. അതു പോലെ ശരീരം തണുപ്പിക്കാനോ വൃത്തിയാക്കാനോ വേണ്ടിയുള്ള കുളികളിലും വെള്ളം അറിയാതെ ശരീരത്തിന്‍റെ അകത്തു പോയാലും നോമ്പ് ബാഥിലാകും.


തറാവീഹ് നിസ്കാരം സ്ത്രീകള്‍ ജമാഅതായി നിര്‍വ്വഹിക്കുന്നതിന്‍റെ വിധി എന്താണ്?


തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. 

ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചതായി ചരിത്രത്തില്‍ കാണാം. വിശുദ്ധ റമദാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു.

സ്ത്രീകളുടെ നിസ്‌കാരത്തില്‍ ഇമാം സ്ത്രീ തന്നെയാണെങ്കില്‍ ഒന്നാമത്തെ സ്വഫില്‍തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണ് വേണ്ടത്. അവള്‍ പുരുഷന്‍ ഇമാം നില്‍ക്കുംപോലെ മുന്തി നില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്. എന്നാല്‍ ഇമാമിനെ മുഅ്മിനീങ്ങളില്‍ നിന്ന്  വേര്‍തിരിഞ്ഞു മനസ്സിലാക്കാന്‍ സ്ത്രീ ഇമാം അല്‍പം കയറി നില്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും മഅ്മൂമീങ്ങളുടെ ഇടയില്‍ നില്‍ക്കുകയെന്ന സുന്നത്ത് അതുകൊണ്ട് നഷ്ടപ്പെടുകയില്ലെന്നും ഇമാം റംലി (റ) സ്ഥിരീകരിച്ചിട്ടുണ്ട് (തഹ്ഫ; ശര്‍വാനി: 2/310).


പുരുഷന്റെ പിന്നില്‍ തുടര്‍ന്നു നിസ്‌കരിക്കുന്ന സ്ത്രീ മൂന്നു മുഴത്തിനേക്കാള്‍ കൂടുതല്‍ പിന്തിനില്‍ക്കുന്നതാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റയും ഇടയില്‍ മൂന്നു മുഴത്തെക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീകള്‍ക്കു ബാധകമല്ല (ഫതാവല്‍ കുബ്‌റ: 2/215).


നോമ്പ് നോറ്റ് കൊണ്ട്ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഉപ്പ് ഉണ്ടോ എന്ന്‍ നോക്കിയാല്‍ നോമ്പ് മുറിയുമോ?


രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റിബഡ്സുകള്‍ ഉപയോഗിച്ചാണ്, അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിന്‍റെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. അതേ സമയം, അതിനായി നാവില്‍ വെക്കുന്ന വസ്തുവിന്‍റെ അംശം അല്‍പം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാന്‍ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാതിലാവുന്നതുമാണ്. അത് കൊണ്ട്, നോമ്പ് കാരന്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതുല്‍ നല്ലത്.


കഫക്കെട്ട് കൊണ്ട് ബുദ്ദിമുട്ടുന്നവന്‍

കഫം, ഊനില്‍നിന്ന് രക്തം വരുക തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്ന മനുഷ്യന്‍ അത് അകത്തേക്കാവാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാതെ അകത്തേക്ക് പോകുന്നതിന് ഇളവുണ്ട്, അത് കൊണ്ട് നോമ്പ് മുറിയുകയില്ല.


നോമ്പ് നോല്‍ക്കാത്തതിനുള്ള മുദ്ദ് ആര്‍ക്കൊക്കെയാണ് നല്‍കാവുന്നത്? സ്വന്തം കുടുംബത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കാമോ?


നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സകാതിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ. ഈ രണ്ട് വിഭാഗം സമൂഹത്തില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഭ്യമാവുന്നത് വരെ അത് സൂക്ഷിച്ചുവെക്കണമെന്നാണ് മനസ്സിലാകുന്നത്.

ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരല്ലാത്ത ബന്ധുക്കള്‍, ഫഖീറോ മിസ്കീനോ ആണെങ്കില്‍ ഈ മുദ്ദുകള്‍ അവര്‍ക്കും നല്‍കാവുന്നതാണ് എന്നാണ് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാകുന്നത്.


ഭാര്യക്ക് നഷ്‌ടമായ ഫര്‍ള് നോമ്പുകള്‍ ഭര്‍ത്താവിന് നോറ്റു വീട്ടുവാന്‍ പറ്റുമോ?

നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍.  ഭാര്യക്ക് നഷ്ടമായ നോമ്പുകളും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുക, അത് ഭര്‍ത്താവ് നോറ്റാല്‍ മതിയാവില്ല.

എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്.


മരണപെട്ട പിതാവിന് കടമുള്ള നോമ്പ് മക്കള്‍ നോറ്റ് വീട്ടണോ


നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍. എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ക്ക് മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്.

പക്ഷേ, നോമ്പ് നോല്‍ക്കാന്‍ സാധിക്കാത്തതിന് പ്രായശ്ചിത്തമായി മുദ്ദ് നല്‍കിയിട്ടുണ്ടെങ്കില്‍ അതു തന്നെ മതി, നോറ്റുവീട്ടേണ്ടതില്ല.


റമദാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാണല്ലോ, എന്നിട്ടും ജനങ്ങളില്‍ പലരും തെറ്റ് ചെയ്യുന്നതെന്ത് കൊണ്ട്?

റമദാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാകുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രവാചകര്‍ (സ) പറയുന്നു, റമദാന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യുന്നു (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് വിശദീകരിക്കുന്നേടത്ത് പണ്ഡിതന്മാര്‍ മേല്‍പറഞ്ഞ സംശം ചര്‍ച്ച ചെയ്യുകയും വിവിധ രൂപങ്ങളില്‍ അതിന് മറുപടി പറയുന്നതായും കാണാം.

പിശാചുക്കളില്‍ അതിശക്തരായവര്‍ മാത്രമാണ് ചങ്ങലക്കിടപ്പെടുന്നതെന്നും മറ്റുള്ള പിശാചുക്കള്‍ സ്വതന്ത്രരാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹദീസുകളിലെ ചില നിവേദനങ്ങളില്‍ പിശാചുക്കളിലെ ഏറ്റവും ശല്യമുണ്ടാക്കുന്നവര്‍ (മറദത്) എന്ന് കാണുന്നത് ഇതിന് ഉപോല്‍ബലകമാണ്.

പിശാചുക്കള്‍ ബന്ധികളാക്കപ്പെടും എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, അവരുടെ സ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാവും എന്നല്ല, മറിച്ച് മറ്റു മാസങ്ങളിലെപ്പോലെ അവര്‍ക്ക് ആളുകളെ സ്വാധീനിക്കാനാവില്ലെന്നതാണ് എന്ന വ്യാഖ്യാനമാണ് മറ്റു ചില പണ്ഡിതര്‍ നല്‍കുന്നത്. റമദാന്‍ മാസത്തില്‍ ഇതര മാസങ്ങളേക്കാള്‍ തിന്മകള്‍ കുറയുന്നതും നന്മകള്‍ വര്‍ദ്ധിക്കുന്നതും നാം കാണുന്നതാണല്ലോ.

എന്നാല്‍, പിശാചുക്കള്‍ ബന്ധികളാക്കപ്പെടുന്നുണ്ടെന്നും പക്ഷേ, അത് കൊണ്ട് മാത്രം അവര്‍ പൂര്‍ണ്ണമായി അശക്തരാവില്ലെന്നും മനുഷ്യര്‍ അങ്ങോട്ട് ചെന്നാല്‍ അവരുടെ സ്വാധീനവും അക്രമവും ഉണ്ടാവുമെന്നും അതാണ് പലപ്പോഴും നടക്കുന്നതെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. കൂട്ടിലിട്ട സിംഹത്തിന് ഇങ്ങോട്ട് വന്ന് ആക്രമിക്കാന്‍ സാധിക്കില്ലെങ്കില്‍ നാം അതിനടുത്തേക്ക് ചെന്നാല്‍ അത് കടിച്ചുകീറുമെന്ന ഉദാഹരണത്തിലൂടെ അവര്‍ ഇത് സമര്‍ത്ഥിക്കുന്നു.

അതിലെല്ലാമുപരി, ദോഷങ്ങള്‍ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അതിശക്തമായ മറ്റൊരു ഘടകമാണ് ദേഹേച്ഛ എന്നത്. ബാഹ്യശക്തിയായ പിശാച് ബന്ധിതനായാലും ദേഹേച്ഛയെ നിയന്ത്രിക്കാന്‍ കഴിയാത്തവനാണെങ്കില്‍ അത് അവനെ തെറ്റുകുറ്റങ്ങളില്‍ കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല.


ഹജ്ജിനു മുമ്പ് ഫര്‍ള് നോമ്പ് നോറ്റു വീട്ടേണ്ടതുണ്ടോ?

ഫർളായ  കാര്യങ്ങളൊക്കെ ബാധ്യതയായത് എത്രയും വേഗം വീട്ടുകയാണ് വേണ്ടത്. ഹജ്ജിന് മുമ്പായി പടച്ചവനും പടപ്പുകളുമായുള്ള എല്ലാ കാര്യങ്ങളും തീര്ക്കുക എന്നത് ഹജ്ജിന്റെയും ഉംറയുടെയും മര്യാദകളില് പറയുന്നുണ്ട്. അത്തരത്തില് ഫര്ള് നോമ്പും വരുന്നതാണ്. അതല്ലാതെ, ഹജ്ജിന് മുമ്പായി നോമ്പ് നോറ്റ് വീട്ടുക എന്നത് പ്രത്യേക നിര്ബന്ധം ഇല്ല. അതേ സമയം, യാത്രയില്‍ പ്രയാസങ്ങള്‍ നേരിടാമെന്നും മരണം സംഭവിച്ചാല്‍, സൌകര്യപ്പെട്ടിട്ടും നോറ്റ് വീട്ടാതെ ബാക്കിയുള്ള നോമ്പുകള്‍ക്ക് കുറ്റക്കാരനാകുമെന്ന് കൂടി ഓര്‍ക്കേണ്ടതാണ്.


റമളാൻ മാസം മരണപ്പെട്ട ഒരാളിന്‌ പകൽ സമയം സുഗന്ധം പൂശൽ സുന്നത്തുണ്ടോ?

കഫൻ പുടവയിലും മറ്റും വാസനദ്രവ്യം ഉപയോഗിക്കൽ സുന്നത്തുണ്ട്‌. ശർവാനി: 3-11


ചിലേടങ്ങളിൽ റമളാനിൽ മഗ്‌രിബിന്നു വെടി പൊട്ടിക്കൽ പതിവുണ്ട്‌. ആ വെടി കേൾക്കുമ്പോൾ കേട്ടവർ നോമ്പു മുറിക്കലുമുണ്ട്‌. എന്നാൽ ചിലപ്പോൾ അതിനടുത്ത അമ്പലത്തിൽ നിന്നും വെടി പൊട്ടിക്കും. അതിനാൽ പള്ളിയിൽ നിന്ന് പൊട്ടിച്ച വെടി ഏതാണെന്ന് ജനങ്ങൾ അറിയിന്നില്ല. ഇനി പള്ളിയുടെ അടുത്തുനിന്ന് എപ്രകാരമാണ്‌ വെടി പൊട്ടിക്കേണ്ടത്‌?


അസ്തമിച്ചുവെന്ന് ഉറപ്പ്‌ കിട്ടിയോ അടയാളങ്ങൾ കൊണ്ട്‌ ഭാവനയുണ്ടാവുകയോ ചെയ്താൽ നോമ്പു തുറക്കാവുന്നതാണ്‌. തുഹ്ഫ: മുതലായ കിതാബുകളിൽ നിന്നും അവയുടെ ഹാശിയകളിൽ നിന്നും ഇത്‌ വ്യക്തമാകുന്നതാണ്‌. സൂര്യൻ അസ്തമിച്ചുവെന്നതിന്റെ അടയാളമായി ജനങ്ങളെ അറിയിക്കുവാനാണ്‌ പള്ളിയിൽ നിന്ന് വെടി പൊട്ടിക്കുന്നത്‌. അമ്പലത്തിൽ നിന്നോ മറ്റോ അതിനടുത്ത സമയം വെടി പൊട്ടിക്കുന്നുവെങ്കിൽ പള്ളിയിൽ നിന്നുള്ള വെടി അസ്തമയത്തിന്റെ അടയാളമായി മനസ്സിലാക്കാൻ പ്രയാസമായിരിക്കും. ഇത്‌ വേർതിരിച്ചറിയാൻ വേണ്ടി പള്ളിയിൽ നിന്ന് ഇരട്ടവെടിയോ മറ്റോ പൊട്ടിക്കാവുന്നതാണ്‌.


നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ? 


ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നത്‌ കൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അത്‌ അനുവദനീയവുമാണ്‌.


ഫോണിലൂടെയോ ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ അറിഞ്ഞാൽ ഒരു നാട്ടിലെ ഖാസിക്കോ മറ്റു ഉത്തരവാദപ്പെട്ടവർക്കോ മാസമുറപ്പിക്കാൻ പറ്റില്ല എന്നല്ലേ ? പക്ഷേ, സാധാരണയായി എല്ലാ നാടുകളിലും ഫോൺവഴി അറിഞ്ഞാണല്ലോ ഉറപ്പിക്കുന്നത് ! ഇത് ഏത് അടിസ്ഥാനത്തിലാണ് ?


ടി.വി, റേഡിയോ, ഫോൺ ആദിയായ വാർത്താ മാധ്യമങ്ങളെ മാത്രം ആധാരമാക്കി ഖാളിക്കു മാസമുറപ്പിക്കാനും നോമ്പു പെരുന്നാളാദികൾ കൊണ്ടു വിധികൽപിക്കാനും പാടില്ല. ഇതിനു വിരുദ്ധമായി വിധി പ്രഖ്യാപനങ്ങൾ സാധാരണയായി നടന്നു വരുന്നതു കൊണ്ട് അത് നിയമപരമാകുകയില്ല.എന്നാൽ, ഉദയാസ്തമയ വ്യത്യാസമില്ലാത്ത ഒരു പ്രദേശത്തു മാസപ്പിറവി കണ്ടതായി ഫോണിലൂടെയോ മറ്റോ അറിഞ്ഞാൽ അതു ബോദ്ധ്യപ്പെട്ടവർക്കു നോമ്പു- പെരുന്നാളാദികൾ ആചരിക്കാവുന്നതാണ്.


വിത്‌റിന്റെ രണ്ട്‌ റക്‌അത്ത്‌ ഇശാഇനു ശേഷം നിസ്‌കരിച്ച്‌ ഒരു റക്‌അത്തിനെ തഹജ്ജുദിനു ശേഷം നിർവ്വഹിക്കുന്നതിനായി പിന്തിക്കുന്നത്‌ കറാഹത്തുണ്ടോ? അതോ നിരുപാധികം അനുവദനീയമാണോ? 


വിത്‌റിനെ അങ്ങനെ ഭാഗികമായി പിന്തിക്കാതെ മുഴുവനായിത്തന്നെ പിന്തിക്കലാണു സുന്നത്ത്‌. രാത്രിയിൽ ഉറക്കമുണരുമെന്നുറപ്പുള്ളവനു തഹജ്ജുദ്‌ നമസ്‌കാരം ഉദ്ദേശമുണ്ടെങ്കിലാണ്‌ ഇങ്ങനെ സുന്നത്തുള്ളത്‌. എന്നാൽ വിത്‌റിന്റെ അൽപ്പം ആദ്യം നമസ്‌കരിക്കുകയും ബാക്കിഭാഗം തഹജ്ജുദിനു ശേഷം നിർവ്വഹിക്കുന്നതിനായി പിന്തിക്കുകയും ചെയ്യൽ ഈ സുന്നത്തിനും ഏറ്റം ശ്രേഷ്ഠമായ രൂപത്തിനും എതിരാണെങ്കിലും അതു കറാഹത്തൊന്നുമില്ല. (തുഹ്ഫ: ശർവാനി സഹിതം 2-229 നോക്കുക).


തറാവീഹ്‌ നമസ്‌കാരത്തിൽ എല്ലാ രണ്ടു റക്‌അത്തുകളുടെയും ആദ്യത്തിൽ ഇഫ്‌തിതാഹിന്റെ ദുആ ഓതേണ്ടതുണ്ടോ? അതോ ആദ്യത്തെ രണ്ടു റക്‌അത്തിൽ മാത്രം ഓതിയാൽ മതിയോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


മയ്യിത്തു നമസ്‌കാരമല്ലാത്ത ഫർളും സുന്നത്തുമായ എല്ലാ നമസ്‌കാരത്തിലും തക്ബീറത്തുൽ ഇഹ്‌റാമിനു ശേഷം ഇഫ്‌തിതാഹിന്റെ ദുആ സുന്നത്താണ്‌. തുഹ്ഫ: 2-29. തറാവീഹു നമസ്‌കാരത്തിൽ ഓരോ ഈ രണ്ടു റക്‌അത്തുകൾക്കും തക്‌ബീറതുൽ ഇഹ്‌റാം ഉണ്ടല്ലോ. ആദ്യത്തെ രണ്ടു റക്‌അത്തിൽ മാത്രമുള്ളതല്ലല്ലോ തക്ബീറത്തുൽ ഇഹ്‌റാം. അതിനാൽ ഓരോ രണ്ടു റക്‌അത്തിലെയും തക്ബീറതുൽ ഇഹ്‌റാമിനു ശേഷം പ്രാരംഭ പ്രാർത്ഥന സുന്നത്താണ്‌.


ഫർളു നമസ്കാരങ്ങൾ ഖളാ വീട്ടാതുളള സുന്നത്തു നമസ്കാരം ഹറാമാണല്ലോ. എന്നാൽ ദിക്റ്, സ്വലാത്ത് എന്നിവ ചൊല്ലുന്നതിന്റെ വിധിയെന്ത്?


കാരണം കൂടാതെ നഷ്ടപ്പെട്ട ഫർളു നമസ്കാരങ്ങൾ ഖളാഅ് വീട്ടാനുളളവൻ, നിർബന്ധമായ ചെലവിനു വേണ്ടി ദണ്ഡിക്കൽ, ഉറക്കം പോലുളള അനിവാര്യാവശ്യങ്ങൾക്കല്ലാതെ മറ്റെന്തിനു വിനിയോഗിക്കുന്ന സമയവും പ്രസ്തുത ഫർളു നമസ്കാരം ഖളാഅ് വീട്ടുവാൻ വേണ്ടി വിനിയോഗിക്കൽ നിർബന്ധമാണ്. ഇതിന്നല്ലാതെ സുന്നത്തോ അനുവദനീയമോ ആയ മറ്റെന്താവശ്യത്തിനു വേണ്ടി സമയം കളയുന്നതും അയാൾക്കു കുറ്റകരമാണ്. തത്സമയം പ്രവർത്തിച്ചില്ലെങ്കിൽ നഷ്ടപ്പെട്ടു പോകുന്ന മറ്റു ഫർളായ കാര്യങ്ങൾക്കു വേണ്ടി മാത്രമേ ഇയാൾ സമയം ചെലവഴിക്കാൻ പാടുളളൂ. ഇതാണു നിയമം. തുഹ്ഫ: 1-440. 

ഇതല്ലാതെ സുന്നത്തായ നമസ്കാരങ്ങൾ മാത്രം ഹറാമാകുമെന്നും മറ്റേതു കാര്യങ്ങളും കളികളും അയാൾക്കു നിർവഹിക്കാമെന്നും ഒരു നിയമമില്ല. അങ്ങനെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.


ലൈലത്തുൽ ഖദ്‌ർ ഒരു രാത്രിയിൽ ആണല്ലോ ഉണ്ടാവുക. എന്നാൽ ഇന്ത്യയിൽ രാത്രിയാകുമ്പോൾ അമേരിക്ക പോലുള്ള രാജ്യത്തു പകലും. അപ്പോൾ ലൈലത്തുൽ ഖദ്‌ർ എങ്ങനെ സംഭവിക്കും?


റമളാനിലെ നിർണ്ണിത രാത്രിയായിരിക്കുമല്ലോ ഖദ്‌റിന്റെ രാത്രി. ആ രാത്രി അമേരിക്കക്കാർക്ക്‌ എപ്പോളാണ്‌ വരുന്നതെങ്കിൽ അപ്പോളും, ഇന്ത്യക്കാർക്ക്‌ എപ്പോളെങ്കിൽ അപ്പോളും തന്നെ! ലൈലത്തുൽ ഖദ്‌ർ റമളാനിലെ ഒരു നിർണ്ണിത രാത്രി തന്നെയാണല്ലോ അപ്പോൾ.


നോമ്പിന് അത്താഴം കഴിക്കും മുമ്പ് നിയ്യത്ത് ചെയ്തയാൾ അത്താഴശേഷം വീണ്ടും നിയ്യത്തു മടക്കൽ സുന്നത്താണെന്നു ഒരു മുസ്‌ലിയാർ പ്രസംഗിച്ചു കേട്ടു. ശരിയാണോ? 


ശരിയാണ്. നിയ്യത്തിനുശേഷം ആഹാരം കഴിക്കൽ പോലുള്ള നോമ്പു മുറിയുന്ന കാര്യങ്ങൾ കൊണ്ടുവന്നാൽ ആ നിയ്യത്ത്  സാധുവാകുമോ എന്നതിൽ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ട് അത്താഴം കഴിച്ച ശേഷം വീണ്ടും നിയ്യത്ത് ചെയ്യൽ സുന്നത്തുതന്നെയാണ്. (തർശീഹ് പേ: 165 )



തറാവീഹ് നിസ്കാരത്തിൽ ഓരോ രണ്ടു റക്അത്തിന്റെയും ആദ്യത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിനു ശേഷം വജ്ജഹ്തു ഓതലും ഫാതിഹക്കു ശേഷം എല്ലാ റക്അത്തുകളിലും പൂർണ്ണമായ സൂറത്തോതലും സുന്നത്തുണ്ടോ? അതുപോലെ അത്തഹിയ്യാത്തിൽ തവർറുകിന്റെ ഇരുത്തം ഇരിക്കലും സുന്നത്തുണ്ടോ?


ഉണ്ട്. മയ്യിത്തു നിസ്കാരമല്ലാത്ത ഫർളോ സുന്നത്തോ ആയ എല്ലാ നിസ്കാരങ്ങളിലും ഇഫ്തിതാഹിന്റെ ദുആ- വജ്ജഹ്തുവോ മറ്റോ- സുന്നത്താണ്. തുഹ്ഫ: 2-21. അതുപോലെ വുളുവോ തയമ്മുമോ ചെയ്യാൻ കഴിയാത്ത ജനാബത്തുകാരന്റെ നമസ്കാരവും, മയ്യിത്തു നമസ്കാരവുമല്ലാത്ത എല്ലാ നമസ്കാരങ്ങളിലും ഫാതിഹക്കു ശേഷം സൂറത്തോതൽ സുന്നത്തുണ്ട്. ഇതു പരിപൂർണ്ണമായ ഒരു സൂറത്തായി നിർവ്വഹിക്കലാണ് ഏറ്റവും ശ്രേഷ്ടം. എന്നാൽ, തറാവീഹിൽ ഖുർആൻ മുഴുവൻ ഖത്മ് ചെയ്ത് ഓതാൻ ഉദ്ദേശിക്കുന്നയാൾക്ക് സൂറത്ത് പൂർത്തിയാക്കൽ പ്രത്യേകം ശ്രേഷ്ടതയില്ല. ഖുർആനിന്റെ ക്രമത്തിൽ അൽപാല്പമായി ഓതലാണ് ഈ രൂപത്തിൽ ശ്രേഷ്ടം. തുഹ്ഫ: ശർവാനി സഹിതം 2-51,52. 

ഇപ്രകാരം തന്നെ ഫർളോ സുന്നത്തോ ആയ ഏതു നമസ്കാരത്തിലും അവസാനം വരുന്ന അത്തഹിയ്യാത്തിൽ - അനന്തരം സലാം വരുന്ന തശഹ്ഹുദിൽ - തവർറുകിന്റെ ഇരുത്തമാണ് സുന്നത്ത്. തുഹ്ഫ: 2-79. ഈ സുന്നത്തുകളെല്ലാം തറാവീഹിന്നും ബാധകമാണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.


നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവൻ ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെയെന്ന് ഹദീസിലുണ്ടല്ലോ. അപ്പോൾ നോമ്പുകാരനെന്നു പറയുന്നതു കൊണ്ടു ലോകമാന്യം വന്നുകൂടുമെങ്കിലോ? 


ചീത്ത പറയുന്നയാളോട്‌ ഞാൻ നോമ്പുകാരനാണെന്ന് പറയുന്നത്‌ കൊണ്ട്‌ ലോകമാന്യം ഉണ്ടാകുമെന്ന ധാരണയുണ്ടെങ്കിൽ അങ്ങനെ നാക്കുകൊണ്ടു പറയൽ സുന്നത്തില്ല. അപ്പോൾ ഹദീസിൽ അങ്ങനെ പറയാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യം, സ്വന്തം ശരീരത്തെ അങ്ങനെ ഓർമ്മപ്പെടുത്തണമെന്നാണ്‌. തുഹ്ഫ: 3-424.


റമളാനു മുമ്പേ കൊല്ലം പൂർത്തിയായ മുതലിന്റെ സകാത്ത്‌ റമളാനിൽ കൊടുക്കാനായി പിന്തിക്കുന്നതിൽ പുണ്യമുണ്ടോ?


സകാത്ത്‌ നിർബന്ധമാവുകയും അതുകൊടുക്കാൻ സൗകര്യപ്പെടുകയും ചെയ്ത ശേഷം ചോദ്യത്തിൽ പറഞ്ഞ കാരണത്തിന്‌ അതിനെ പിന്തിക്കൽ ഹറാമാണ്‌. തുഹ്ഫ: 3-343 നോക്കുക.


ഗർഭിണിയായ എനിക്കു നോമ്പുകൊണ്ടു പ്രത്യേക ക്ഷീണമൊന്നുമില്ല. പക്ഷേ വയറ്റിലെ കുട്ടിക്കു വല്ലതും പറ്റിപ്പോകുമോയെന്നു ഭയം. നോമ്പു മുറിക്കാമോ?.


ഗർഭസ്ഥ ശിശുവിന്റെ മേൽ ഭയമുണ്ടെങ്കിലും ഗർഭിണികൾക്കു നോമ്പൊഴിവാക്കാം. പക്ഷേ,  ആ നോമ്പു ഖളാ വീട്ടുന്നതിനു പുറമെ നോമ്പ് ഒന്നിന് ഓരോ മുദ്ദ് (ഏതാണ്ട് 650 ഗ്രാം) അരിവീതം ഫിദ്'യയും നൽകണം. ഫത്ഹുൽ മുഈൻ.


തുറക്കപ്പെട്ട ദ്വാരത്തിലൂടെയല്ലാതെ വല്ലതും ഉള്ളിലേക്കു ചേർന്നാൽ നോമ്പു മുറിയുകയില്ലല്ലോ. എന്നാൽ, ക്ഷീണം അകറ്റാൻ മാത്രം ഒരു നോമ്പുകാരൻ ഗ്ലൂക്കോസ്‌ കുത്തിവെച്ചാൽ ആ നോമ്പിനു വല്ലതും സംഭവിക്കുമോ?


നിയമവിധേയമായി അയാളുടെ നോമ്പു സാധുവാണ്‌. എങ്കിലും ആ പ്രവർത്തനം അയളുടെ നോമ്പിന്റെ അന്തസ്സത്ത നശിപിക്കുന്നതാണ്‌. അതിനാൽ വർജ്ജിക്കേണ്ടതുമാണ്‌. തുഹ്ഫ 3-424 നോക്കുക.


ലൈംഗിക വികാരമുണ്ടാക്കുന്നെങ്കിൽ നോമ്പുകാരന്‌ ചുംബനം കുറ്റകരമാണല്ലോ. ഇതിന്റെ ഉദ്ദേശ്യമെന്ത്‌? ചുംബിക്കുന്നൊരനുഭൂതിയുണ്ടല്ലോ. അത്‌ ഇതിൽ പെടുമോ? ചുംബിക്കാതെ തന്റെ ഭാര്യയെ തൊട്ടുകളിക്കുന്നതിനു വിരോധമുണ്ടോ?


ചുംബനം കുറ്റകരമാകുന്നതിന്‌ കാരണം പറഞ്ഞ ലൈംഗിക വികാരം ഇളക്കുകയെന്നതിന്റെ ഉദ്ദേശ്യം ശുക്ല സ്ഖലനം സംഭോഗം പോലുള്ളത്‌ ആശങ്കിക്കപ്പെടും വിധം ലൈംഗിക വികാരമുണ്ടാക്കലാണ്‌. കേവല ലൈംഗിക സുഖം മാത്രമല്ല ഇവിടെ ഉദ്ദേശ്യം. ലിംഗോദ്ധാരണം മദജലം പുറപ്പെടൽ പോലുള്ള അനുഭവങ്ങളിലേക്കെത്തിയാൽ പോലും കുറ്റകരമാകുകയില്ല. എങ്കിലും നോമ്പുകാരൻ അത്തരം ചുംബനങ്ങളും ഒഴിവാക്കുകയാണ്‌ വേണ്ടത്‌. ചുംബനമെന്നത്‌ ഇവിടെ ഒരുദാഹരണം മാത്രമാണ്‌. മറയില്ലാത്ത ശാരീരിക സ്‌പർശനങ്ങളുടെയെല്ലാം നിലയിതുതന്നെ. മേൽപറഞ്ഞ വിധം ലൈംഗിക വികാരമിളക്കുമെങ്കിൽ അതെല്ലാം കുറ്റകരമാണ്‌. തുഹ്ഫഃ ശർവാനി സഹിതം 3-410, 411.


ഫർളായ നോമ്പിന്റെ നിയ്യത്താണല്ലോ രാത്രിയിൽ തന്നെ കൊണ്ടുവരൽ നിർബന്ധമാവുകയുള്ളൂ. പ്രായം തികയാത്ത ഒരു കുട്ടിയുടെ റമളാൻ നോമ്പ്‌ നിർബന്ധ നോമ്പല്ലല്ലോ. അതിൽ നിയ്യത്ത്‌ രാത്രി കൊണ്ടുവരൽ നിർബന്ധമുണ്ടോ?


ഉണ്ട്‌. കുട്ടിയുടെ കാര്യത്തിൽ നോമ്പ്‌ സുന്നത്താണെങ്കിലും കുട്ടിയുടെ റമളാൻ നോമ്പ്‌ - ഫർളിന്റെ രൂപത്തിലുള്ളതാണല്ലോ. അതുകൊണ്ട്‌ നിയ്യത്ത്‌ രാത്രിയിൽ തന്നെ കൊണ്ടുവരൽ അനിവാര്യമാണ്‌. തുഹ്ഫ 3-187


തറാവീഹിൽ സ്വഹാബത്തിന്റെ ഇജ്‌മാഉണ്ടെന്ന് പറയപ്പെടാറുണ്ട്‌. പക്ഷേ, അതു ജമാഅത്തിലോ അതോ റക്‌അത്തുകളുടെ എണ്ണത്തിലോ?


തറാവീഹ്‌ നമസ്‌കാരം ശർഇൽ തേടപ്പെട്ട സുന്നത്താണെന്നത്‌ 'മുജ്‌മഅ് അലൈഹി'യായ - സ്വഹാബികൾ മുതൽ മുജ്തഹിദുകളെല്ലാം ഏകോപിച്ച വസ്തുതയാണ്‌. അതിൽ ജമാഅത്ത്‌ സുന്നത്താണോ അല്ലേ എന്നതിൽ നമ്മുടെ മദ്‌ഹബിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്‌. സുന്നത്താണെന്നാണു പ്രബലം. അതുപോലെ റക്‌അത്തുകളുടെ എണ്ണം മദീനക്കാരല്ലാത്തവർക്ക്‌ 20 റക്‌അത്തും മദീനയിലുള്ളവർക്കുമാത്രം 36 റക്‌അത്താകുമെന്നുമാണ്‌ നമ്മുടെ മദ്‌ഹബ്‌.


ഖലീഫ ഉമർ(റ)വിന്റെ ഭരണകാലത്ത്‌ പള്ളിയിൽ വേറിട്ടു നിസ്‌കരിക്കുന്നവരെ ഒരിമാമിന്റെ കീഴിൽ ഏകീകരിക്കണമെന്ന് ഖലീഫ തീരുമാനിച്ചപ്പോൾ സ്വഹാബത്ത്‌ 20 റക്‌അത്തിന്റെ മേൽ ഒത്തൊരുമിച്ചുവെന്നതാണ്‌ 20 റക്‌അത്താണെന്നതിന്‌ നമ്മുടെ തെളിവ്‌. ഓരോ നാലു റക്‌അത്തു കഴിഞ്ഞുള്ള വിശ്രമസമയത്തും മക്കയിലെ മസ്ജിദുൽ ഹറാമിലുള്ളവർ ത്വവാഫു ചെയ്യുന്നതിനു പകരം മദീനാ നിവാസികൾ 16 റക്‌അത്ത്‌ വർദ്ധിപ്പിക്കുന്ന നടപടി ഒന്നാം ഖർനിന്റെ അവസാന കാലത്തു തന്നെ ആരംഭിക്കുകയും അതു പിന്നീട്‌ പ്രചാരപ്പെടുകയും ചെയ്തിട്ടും പണ്ഡിതന്മാരാരും അതിനെ എതിർത്തിട്ടില്ലെന്നത്‌ സുകൂതിയായ ഇജ്മാഇന്റെ സ്ഥാനത്തു വരുമെന്നതാണ്‌ മദീനക്കാർക്കു മാത്രം 36 റക്‌അത്താകുമെന്നതിനു നമ്മുടെ തെളിവ്‌. എന്നാൽ, അവർക്കും ഇരുപതിന്മേൽ ചുരുക്കലാണ്‌ ഏറ്റം ശ്രേഷ്ടം. ഇമാം ശാഫിഈ(റ) അങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്‌. തുഹ്ഫ 2-240,241


റക്‌അത്തുകളുടെ എണ്ണത്തിൽ മദ്‌ഹബുകൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്‌. അതേസമയം, ഇരുപത്‌ റക്‌അത്തുണ്ടെന്നതിൽ നാലു മദ്‌ഹബും ഏകോപിച്ചിട്ടുള്ളതിനാൽ അത്‌ ഇജ്മാഇന്റെ സ്ഥാനത്താണ്‌. ശർഹുൽ മുഹദ്ദബ്‌: 3-527 നോക്കുക


പള്ളികളിൽ നോമ്പു തുറക്കുമ്പോൾ ചായയും മറ്റും കൊടുക്കുന്നു. അങ്ങനെ നോമ്പു തുറന്നവരെ ചിലർ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും കൊടുക്കുന്നു. ഇതിൽ ആർക്കാണ്‌ നോമ്പ്‌ തുറപ്പിച്ചതിന്റെ പ്രതിഫലം?


നോമ്പു തുറപ്പിച്ചതിന്റെ പ്രതിഫലം തുറക്കാനുള്ളത്‌ നൽകിയവനും നോമ്പുകാരനു വയറു നിറച്ചു ഭക്ഷണം നൽകിയതിന്റെ പുണ്യം അതു നൽകിയവർക്കും ലഭിക്കും. രണ്ടിനും പ്രത്യേകം പ്രതിഫലവും പുണ്യവും ഹദീസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.


റമളാനിലെ വിത്‌റിലെ ഖുനൂത്തിൽ 'അസ്തഗ്ഫിറുക വഅതൂബു ഇലൈക്‌' എന്നതിന്റെ ശേഷം സ്വലാത്തിന്റെ മുമ്പായി നിസ്‌കാരത്തിന്റെ ശേഷമുള്ള ദുആ പോലെ നീണ്ട ദുആ തന്നെ ചില ഇമാമുകൾ നടത്തുന്നു. ഇതിന്റെ ഹുക്‌മ്‌ എന്താണ്‌? ഇങ്ങനെ ദുആ ചെയ്യാൻ പറ്റിയ സ്ഥലമാണോ ഇത്‌? ഖുനൂത്തിൽ ഇങ്ങനെ ദുആ കടത്തിക്കൂട്ടാൻ പറ്റുമോ?


ഇഅ്തിദാൽ എന്ന ദീർഘിപ്പിക്കാൻ പറ്റാത്ത ഫർളിലാണല്ലോ ഖുനൂത്ത്‌ നിർവ്വഹിക്കപ്പെടുന്നത്‌. അതിനാൽ, ഖുനൂത്തിൽ വാരിദായ ദുആക്കപുറം കൊണ്ടുവന്നാൽ ഇഅ്തിദാലിനെ ദീർഘിപ്പിക്കൽ വരുമെന്നും അതു നമസ്‌കാരത്തെ ബാത്വിലാക്കുമെന്നും ചില ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. പതിവിൽ കവിഞ്ഞ്‌ ദീർഘിപ്പിക്കൽ കറാഹത്താണെന്നഭിപ്രായപ്പെട്ടവരുമുണ്ട്‌. 

എന്നാൽ, അവസാന റക്‌അത്തിന്റെ ഇഅ്തിദാലിൽ ഖുനൂത്ത്‌ കൊണ്ട്‌ ദീർഘിപ്പിച്ചതായി ശാരിഇൽ നിന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക്‌ ദിക്‌റു കൊണ്ടോ ദുആ കൊണ്ടോ ദീർഘിപ്പിക്കൽ നമസ്‌കാരം ബാത്വിലാക്കുകയില്ലെന്നാണു പ്രബലം. തന്മൂലം ഹദീസിൽ വാരിദായ ഖുനൂത്തിന്റെ പദത്തിനു ശേഷം ദുആയെ വർദ്ധിപ്പിക്കാവുന്നതാണ്‌. അതുകൊണ്ട്‌ നമസ്‌കാരം അസാധുവാവുകയില്ല. എങ്കിലും ഇമാമുകളുടെ അഭിപ്രായവ്യത്യാസം കണക്കിലെടുത്ത്‌ ദീർഘമായ ദുആ കടത്തിക്കൂട്ടാതിരിക്കുകയാണു വേണ്ടത്‌. തുഹ്ഫ: 2-86.


ജമാഅത്തായി നിർവ്വഹിക്കപ്പെട്ട തറാവീഹു നമസ്‌കാരത്തിന്റെ ഉടനെ നിസ്‌കരിക്കുന്ന വിത്‌റിൽ മാത്രമാണോ ജമാഅത്ത്‌ സുന്നത്തുള്ളത്‌? തനിച്ചുള്ള തറാവീഹിന്റെ ഉടനെയോ തറാവീഹിന്ന് ശേഷം കുറേ കഴിഞ്ഞോ വിത്‌റ് നിസ്‌കരിക്കുമ്പോൾ ജമാഅത്ത്‌ സുന്നത്തുണ്ടോ?


ഉണ്ട്‌. റമളാനിൽ നിർവ്വഹിക്കപ്പെടുന്ന വിത്‌റിലെല്ലാം ജമാഅത്ത്‌ സുന്നത്താണ്‌. തറാവീഹിന്റെ ശേഷമായാലും മുമ്പായാലും, ഉടനെയായാലും കുറെ കഴിഞ്ഞായാലും, തറാവീഹ്‌ നിർവ്വഹിക്കപ്പെട്ടത്‌ സംഘടിതമായാണെങ്കിലും തനിച്ചാണെങ്കിലും, തറാവീഹ്‌ തീരെ നിർവ്വഹിക്കുന്നിലെങ്കിലുമെല്ലാം റമളാനിലെ വിത്‌റിൽ ജമാഅത്ത്‌ സുന്നത്താണ്‌. തുഹ്ഫ 2-231.


ഇസ്‌ലാമിക ചട്ടപ്രകാരം ദിവസം മാറുന്നത്‌ മഗ്‌രിബ്‌ മുതൽക്കാണെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയാണെങ്കിൽ നോമ്പിന്റെ നിയ്യത്തിൽ നാളെത്തെ നോമ്പ്‌ എന്ന് പറയേണ്ടതില്ലല്ലോ. ഒരു ദിവസത്തിന്റെ ഉള്ളിലുള്ള സമയത്തിന്‌ നാളെ എന്ന് ഉച്ചരിക്കാറുമില്ല. ഇതിന്റെ രഹസ്യമെന്ത്‌?


ദിവസത്തിന്റെ പകലിനെ സംബന്ധിച്ചാണ്‌ 'നാളെ'(ഗദൻ) എന്ന് പറയപ്പെടുന്നത്‌. രാവും പകലും, എന്ന് ഒരു ദിവസത്തിന്റെ രണ്ട്‌ ഘടകങ്ങളെ സംബന്ധിച്ച്‌ സാധാരണ പറയപ്പെടുകയും ചെയ്യുന്നു. അപ്പോൾ ഒരു ദിവസത്തിന്റെ ഘടകമായ രാത്രിയിൽ മറ്റേഘടകമായ പകലിനെ സംബന്ധിച്ച്‌ നാളെ എന്ന് പറയുന്നത്‌ സാർത്ഥകമാണ്‌. നിയ്യത്ത്‌ ചെയ്യുന്ന രാത്രിയോട്‌ അടുത്ത്‌ വരാനിരിക്കുന്ന പകലിലെ നോമ്പ്‌ എന്ന അർത്ഥത്തിലാണ്‌ സൗമഗദിൻ (നാളത്തെ നോമ്പ്‌) എന്ന പദത്തെ മുഗ്‌നിയിൽ വിവരിച്ചിട്ടുള്ളത്‌. (മുഗ്‌നി: 1-425).


കഅ്ബ: ത്വവാഫു ചെയ്യാൻ ശുദ്ധി നിർബന്ധമാണല്ലോ. അതിനു വേണ്ടി സ്ത്രീകൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിക്കാമോ? അതു പോലെ ഇങ്ങനെ നിയന്ത്രിച്ചു നോമ്പു നോൽക്കാമോ? നോറ്റാൽ ആർത്തവം ഉണ്ടാകേണ്ട ദിവസങ്ങളിലെ നോമ്പു സ്വീകരിക്കപ്പെടുമോ?.


ആർത്തവമുള്ളപ്പോൾ ത്വവാഫ്, നോമ്പു പോലുള്ളതു ഹറാമാണെന്ന വിധി ആർത്തവമില്ലാത്ത വേളയിൽ സ്ത്രീകൾക്കു ബാധകമല്ലെന്നു വ്യക്തമാണ്. ആർത്തവമില്ലാതാകാൻ കാരണം മരുന്നും ഗുളികയും കഴിച്ചതാണെന്നതു പ്രശ്നമല്ല. ആർത്തവ രക്തം പതിവു സമയത്തിനു മുമ്പു മരുന്നു കഴിച്ചു വരുത്തിയാൽ ആ ആർത്തവ രക്തം കണക്കിലെടുക്കുമെന്നും സ്ത്രീയുടെ ഇദ്ദ തീരുക, നമസ്കാരം ഖളാ വീട്ടാതെ ഒഴിവാക്കുക പോലുള്ള നിയമങ്ങൾ മരുന്നു കൊണ്ടുണ്ടായ പ്രസ്തുത ഹെെളിനും ബാധകമായിരിക്കുമെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ കുബ്റ : 4 -200. ഇതിൽ നിന്നും മരുന്നുപയോഗിച്ചുവെന്നതു  പ്രശ്നമല്ലെന്നും ആർത്തവ രക്തം ഉണ്ടോ ഇല്ലേ എന്നതാണു നിയമങ്ങളിൽ പരിഗണിക്കുന്നതെന്നും മനസ്സിലാക്കാമല്ലോ.


ഒരാൾ നോമ്പു നോറ്റുകൊണ്ടു വികാരത്തിന്റെ ശക്തിയാൽ ആലോചിച്ച്‌ അവന്‌ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ?


ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.


പുക അകത്തായ നോമ്പ്‌: ഞാൻ കൊപ്പര ഉണക്കാനിടുന്ന പുകപ്പുരയിലെ ജീവനക്കാരനാണ്. പല പ്രാവശ്യം പുക എന്റെ ഉളളിൽ കേറുകയും ഞാൻ ഒരുപാടു കുരക്കുകയും ചെയ്യുന്നു. നോമ്പുകാലത്ത് ഈ ജോലി തുടരാൻ എനിക്കു പറ്റുമോ? പുക തടിയുളള വസ്തുവല്ലേ? തെളിവുസഹിതം മറുപടി നല്കുമോ?


താങ്കൾക്കു നോമ്പുകാലത്തും താങ്കളുടെ ജോലി തുടരാവുന്നതാണ്. അതുകൊണ്ടു നോമ്പ്‌ മുറിയുകയില്ല. സൂക്ഷ്മ നിരീക്ഷണത്തിൽ പുകക്കു തടിയുണ്ടെന്നു തെളിഞ്ഞാലും, ഉളളിൽ പ്രവേശിക്കൽ കൊണ്ടു നോമ്പ്‌ മുറിയുന്ന തടിയുളള വസ്തുവല്ല പുക. കാരണം, നോമ്പ്‌ മുറിക്കുന്ന തടിയുളള വസ്തു എന്നതുകൊണ്ടുദ്ദേശ്യം, സാധാരണ ജനങ്ങൾ തടിയുളള വസ്തു എന്നു പറയുന്നവ മാത്രമാണ്. പുകയെക്കുറിച്ചങ്ങനെ പറയില്ലല്ലോ. തുഹ്ഫ: ശർവാനി സഹിതം:3-401 നോക്കുക.

6 comments:

  1. Bariaye umma vechal nombu muriyumo

    ReplyDelete
    Replies
    1. ഭാര്യയെ ചുംബിച്ചതു കൊണ്ടു മാത്രം നോമ്പു മുറിയുകയില്ല. ഭാര്യയെ മറയില്ലാതെ ചുംബിക്കുകയും തന്മൂലും സ്ഖലനമുണ്ടാവുകയും ചെയ്താല്‍ നോമ്പു മുറിയും. അത് ഖദാഅ് വീട്ടുകയും വേണം. നോമ്പ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ നോമ്പുകാരന്‍ വികാരത്തോടെ ഭാര്യയെ ചുംബിക്കുന്നത് തഹ്റീമിന്‍റെ കറാഹതാണ്. അഥവാ അത് ഒഴിവാക്കണമെന്നര്‍ഥം. ചുംബനം പോലെ തന്നെയാണ് ആലിംഗനവും മറ്റും.

      ഭാര്യയുടെ ഔറത് സ്വന്തം ഭര്‍ത്താവ് കാണുന്നത് അനുവദനീയമാണ്. നോമ്പു കാരന്‍ സ്വന്തം ഭാര്യയുടെയോ മറ്റുള്ളവരുടേയോ ഔറത് കണ്ടത് കൊണ്ട് നോമ്പു മുറിയുകയില്ല. അതു മൂലം സ്ഖലനം സംഭവിച്ചാലും ശരി. പക്ഷേ, നോമ്പുകാരനു സകല വികാരങ്ങളില്‍ നിന്നും അകന്ന് നില്‍ക്കല്‍ വലിയ സുന്നത്താണ്.

      Delete
  2. നോന്പുകാരന് പുകയില വായില് വെച്ചാല് നോന്പ് മുറിയുമോ

    ReplyDelete
  3. പുകയില വായിൽ വെച്ചത് കൊണ്ട് നോമ്പിന് കുഴപ്പമില്ല , അതിന്റെ എന്തെങ്കിലും ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് അസാധുവാകും

    ReplyDelete
  4. ഭർത്താവ് സ്ഥലത്ത് ഉണ്ടായിരിക്കെ ഭാര്യ സുന്നത്ത് നോമ്പ് നോക്കുന്നതിന്റെ വിധി എന്ത്

    ReplyDelete
  5. ഭർത്താവിന്റെ അനുവാദം ഉണ്ടെങ്കിൽ നോക്കാം

    നബി(സ്വ) പറയുന്നു:
    റമളാന്‍ മാസമല്ലാത്ത ഒരു ദിവസവും ഭര്‍ത്താവ് നാട്ടിലുണ്ടായിരിക്കെ ഒരു പെണ്ണും അവന്റെ സമ്മതമില്ലാതെ നോമ്പ് നോല്‍ക്കരുത്.
    (صحيح ابن حبان)

    ഈ ഹദീസിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ ഹൈതമി പറയുന്നു: ഭര്‍ത്താവിന്റെ സമ്മതമോ തൃപ്തിയോ ഇല്ലാതെ ഭാര്യ സുന്നത്ത് നോമ്പോ വീട്ടാൻ ദീർഘമായ സമയമുള്ള ഖളാആയ നോമ്പോ നോല്‍ക്കല്‍ ഹറാമാണ്. എന്നാല്‍ ഭര്‍ത്താവിന്റെ സമ്മതമോ തൃപ്തിയോ ഇല്ലാതെ അറഫ, ആശൂറാഅ് പോലോത്ത (വര്‍ഷത്തില്‍ ആവര്‍ത്തിച്ചു വരാത്ത) നോമ്പുകള്‍ അവള്‍ക്ക് നോല്‍ക്കാം. തിങ്കളാഴ്ചയിലെയും വെള്ളിയാഴ്ചയിലെയും നോമ്പ് നോല്‍ക്കുന്നതിന് ഭര്‍ത്താവിന്റെ സമ്മതമോ തൃപ്തിയോ അനിവാര്യമാണ്.
    ( تحفة المحتاج )

    ReplyDelete