Friday 3 June 2016

പറയണോ വേണ്ടയോ? കേൾക്കണോ വേണ്ടയോ


അബ്ബാസിയാ ഭരണ കാലത്ത് തലസ്ഥാനമായ ബാഗ്ദാദിൽ വലിയ ഒരു പണ്ഡിതൻ ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു .
"നിങ്ങൾക്കറിയുമോ ഇപ്പോൾ ഞാൻ നിങ്ങളുടെ സുഹൃത്തിനെ കുറിച്ച്‌ അറിഞ്ഞത് എന്തെന്ന് ..?"

പണ്ഡിതൻ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു:

"ഒരു നിമിഷം നിൽക്കൂ , എന്തെങ്കിലും കാര്യം എന്നോട് നിങ്ങൾ പറയും മുമ്പ്‌ മൂന്ന്‍ ചോദ്യങ്ങൾ ഞാൻ നിങ്ങളോട് ചോദിക്കും - എന്റെ സുഹൃത്തിനെ കുറിച്ച്‌ ഒരു കാര്യം നിങ്ങൾ പറയും മുമ്പ്‌ നിങ്ങൾക്ക് പറയാൻ ഉള്ളതിനെ ഒന്ന് വിലയിരുത്തുന്നത് നല്ലതാണല്ലോ. അതിനാൽ ചോദ്യങ്ങൾക്ക് മറുപടി പറയുക -

1) നിങ്ങൾ എന്റെ സുഹൃത്തിനെ കുറിച്ച്‌ ഇപ്പോൾ പറയാൻ പോകുന്ന കാര്യം പൂർണ്ണമായും സത്യമാണെന്ന് നിങ്ങൾ അറിയുമോ ?

"ഇല്ല ,ഞാൻ കേട്ട അറിവ് മാത്രമേ ഉള്ളൂ.."

"അപ്പോൾ പറയാൻ പോകുന്ന കാര്യം സത്യമാണോ എന്ന് നിങ്ങൾക്ക് ഉറപ്പില്ല!"

2) നിങ്ങൾ എന്റെ സുഹൃത്തിനെ കുറിച്ച്‌ പറയാൻ പോകുന്ന കാര്യം എന്തെങ്കിലും നല്ല കാര്യമാണോ ?

" അല്ല , അതിന്റെ വിപരീതമാണ് "

"അപ്പോൾ നിങ്ങൾക്ക് എന്നോട് പറയാനുള്ള കാര്യം സത്യമാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലാത്ത, അയാളെ പറ്റി മോശമായ ഒരു കാര്യമാണ്!!"

3) നിങ്ങൾ എന്റെ സുഹൃത്തിനെ പറ്റി പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമോ?

" ഇല്ല - നിങ്ങൾക്ക് ഉപകാരമൊന്നും ഉണ്ടാകില്ല "

"അപ്പോൾ നിങ്ങൾ എന്നോട് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുള്ളതോ , നല്ലതോ, ഉപകാരപ്രദമോ അല്ല എന്ന് നിങ്ങൾക്ക് അറിയാം എന്നിരിക്കെ അത് എന്നോട് പറയുന്നതിൽ എന്ത് കാര്യം-കേൾക്കുന്നതിൽ എനിക്കെന്ത് കാര്യം !!!?"

ഇമാം ശാഫിഈ (റ) തങ്ങൾ പറയുന്നു: "ആരെങ്കിലും ഒരാൾ വല്ലതും സംസാരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സംസാരിക്കുന്നതിന്റെ മുമ്പ് അവൻ ചിന്തിക്കുക. പറയാൻ പോകുന്നത് പ്രയോജനപ്രദമാണെന്ന് ഉറപ്പുണ്ടെങ്കിൽ അവൻ സംസാരിക്കണം. ഉപകാരമുണ്ടോ ഇല്ലയോ എന്നതിൽ സംശയിക്കുന്നു എങ്കിൽ ഉപകാരം ഉണ്ടെന്ന് ഉറപ്പാകുന്നത് വരെ അവൻ സംസാരിക്കുന്നതിനെ തൊട്ട് മാറിനിൽക്കണം". (അദ്കാർ)

അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) തങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു: അവിടുന്ന് സ്വന്തം നാവിനെ പിടിച്ചു കൊണ്ട് അതിനോട് പറയുമായിരുന്നു:

"നിന്റെ കാര്യത്തിൽ എനിക്ക് ലജ്ജ തോന്നുന്നു - നല്ലത് മാത്രം സംസാരിക്കുകയും അതിന്റെ പ്രതിഫലം നേടിയെടുക്കുകയും ചെയ്യുക. തിന്മ സംസാരിക്കുന്നതിനെ തൊട്ട് ഒഴിഞ്ഞ് നിന്ന് സുരക്ഷിതനാവുക".

അദ്ദേഹത്തിൻറെ ഈ പ്രവർത്തി കണ്ട ഒരാൾ ചോദിച്ചു: "അല്ലയോ ഇബ്നു അബ്ബാസ് തങ്ങളേ, നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?"

അവിടുന്ന് മറുപടി പറഞ്ഞു: "അന്ത്യനാളിൽ മനുഷ്യർ മറ്റെന്തിനേക്കാളും കൂടുതലായി രോഷാകുലനായി മാറുന്നത് സ്വന്തം നാവിനോടാണ് എന്ന അറിവ് എനിക്ക് ലഭിച്ചിട്ടുണ്ട്" (ഹില്യ)

നാവിനെ തൊട്ട് സൂക്ഷിക്കൂവെന്ന് മറ്റാരേക്കാളും എന്റെ സ്വന്തത്തിനോട് പറയാനേറെ ചുമതലപ്പെട്ടവനാണ് ഞാൻ. ആവശ്യവും അനാവശ്യവും ആലോചിക്കാതെ എത്രയാണു റബ്ബീ എന്നും സംസാരിക്കുന്നത്‌.

സംസാരിച്ചതിന്റെ പേരിൽ ആഴമേറിയ, വേദനാജനകമായ ശിക്ഷകൾക്ക് പാത്രീഭവിക്കുന്നത് നാമറിയും - എന്നാൽ ആവശ്യമില്ലാത്തതിന്റെ പേരിൽ മൗനം പാലിച്ചതിന് നന്മയല്ലാതെ വരാനില്ല - തീർച്ച.

No comments:

Post a Comment