Thursday 29 August 2019

സംശയവും മറുപടിയും - ഔറത്ത് മറക്കൽ

 

ഔറത്ത് എന്നാലെന്ത്?

ന്യൂനത, മോശമായ വസ്തു എന്നൊക്കെയാണ് 'ഔറത്ത് ' എന്നതിന്റെ ഭാഷാർത്ഥം നോക്കൽ ഹറാമായത്, നിസ്കാരത്തിൽ മറക്കൽ നിർബന്ധമായത് എന്നൊക്കെയാണ് ശർഈ വീക്ഷണത്തിൽ ഔറത്ത് (മുഗ്നി: 1/185) 

ഔറത്ത് മറക്കൽ ഏതു രീതിയിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്?

മുഖത്തോട് മുഖം സംസാരിക്കാൻ സാധാരണ ഇരിക്കുന്ന അകലത്തിൽ വെച്ച് നോക്കിയാൽ തൊലിയുടെ നിറം കാണാത്ത വസ്ത്രം ധരിക്കണം (തുഹ്ഫ: 2/112) 

സാധാരണ പതിവിലും അടുത്തിരുന്നു നോക്കിയാൽ ഔറത്തിന്റെ വർണം കാണുമെങ്കിലോ?

അതിനു വിരോധമില്ല ഔറത്ത് മറച്ചതായി പരിഗണിക്കും (ശർവാനി: 2/112) 

അസാധാരണ കാഴ്ചയുള്ള കണ്ണുകൊണ്ട് ഔറത്ത് കണ്ടാലോ?

അങ്ങനെ കണ്ടാലും മറുഭാഗത്ത് വെയിലുണ്ടായതിനാലോ വിളക്ക് കത്തിച്ചതിനാലോ മാത്രം തൊലിയുടെ നിറം കാണുന്ന വസ്ത്രം ധരിച്ച് നിസ്കരിച്ചാലും വിരോധമില്ല (ശർവാനി: 2/112) 

മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണല്ലോ പുരുഷന്റെ ഔറത്ത് അപ്പോൾ മുട്ടും പൊക്കിളും ഔറത്താണോ?

മുട്ടും പൊക്കിളിലും ഔറത്തിൽ പെട്ടതല്ല എന്നാൽ അവയുടെ ഇടയിലുള്ള സ്ഥലം മുഴുവനും മറച്ചുവെന്ന് ഉറപ്പാവാൻ മുട്ടുപൊക്കിളിൽ നിന്നു അൽപം മറക്കൽ നിർബന്ധമാണ് (ഇആനത്ത്: 1/113) 

സ്ത്രീയുടെ കാൽപാദത്തിന്റെ താഴ്ഭാഗം ഔറത്താണോ?

അതേ, ഔറത്താണ് ആ ഭാഗം മറക്കൽ നിർബന്ധമാണ് നിൽക്കുന്ന സമയത്ത് ഭൂമികൊണ്ട് മറഞ്ഞാലും മതി സുജൂദിന്റെ സമയത്ത് വസ്ത്രം കൊണ്ടുതന്നെ മറക്കണം (ഇആനത്ത്: 1/113) 

കാൽപാദം മൂടാത്ത പർദ്ദ ധരിച്ച് കാലിൽ സോക്സ് ധരിച്ച് നിസ്കരിച്ചാൽ നിസ്കാരം സാധുവാകുമോ?

അതേ, ഔറത്ത് മറഞ്ഞാൽ മതി എന്നാൽ നിസ്കാരം സ്വഹീഹാകും (ഇആനത്ത്: 1/113)

ഖമീസ് മാത്രം ധരിച്ച് നിസ്കരിക്കാമോ?

മേൽഭാഗത്തിലൂടെയും ചുറ്റുഭാഗത്തിലൂടെയും നോക്കിയാൽ കാണാത്ത വസ്ത്രമാകണം ഖമീസ് കൊണ്ട് പ്രസ്തുത മറ ഉണ്ടെങ്കിൽ ശരിയാകും അതേസമയം റുകൂഇലും സുജൂദിലും മേൽഭാഗത്തിലൂടെ ഔറത്ത് കാണാൻ സാധ്യത കൂടുതലാണ് കണ്ടാൽ നിസ്കാരം ബാത്വിലാകും (ഇആനത്ത്: 1/113) 

സ്ത്രീയുടെ തലമുടിയിൽ നിന്നു അൽപം വെളിവായാലോ?

തലയും തലമുടികളും ഔറത്താണ് അവ മറയ്ക്കൽ നിർബന്ധവുമാണ് അതിനാൽ തലമുടിയിൽ നിന്നു അൽപം വെളിവാക്കി നിസ്കരിച്ചാൽ നിസ്കാരം സാധുവല്ല നിസ്കാരത്തിലാണ് വെളിവായതെങ്കിൽ നിസ്കാരം ബാത്വിലാകും (തുഹ്ഫ: 2/110) 

മുടി കെട്ടിവെക്കൽ കറാഹത്തല്ലേ? നിവർത്തിയിട്ടാൽ മുഖ മക്കനയുടെ പുറത്തേക്ക് മുടി വെളിവാകുകയും ചെയ്യും അപ്പോൾ എന്തുചെയ്യും?

മുടി കെട്ടി ചുരുട്ടി, മടക്കിവെക്കൽ കറാഹത്ത് എന്ന 'നിയമം' പുരുഷന്മാർക്കാണ് സ്ത്രീകൾക്കില്ല സ്ത്രീകൾ നിസ്കാരത്തിൽ മുടി കെട്ടിവെക്കുകയാണു വേണ്ടത് (നിഹായ: 2/58) സ്ത്രീകൾ മുടി മുടഞ്ഞു കെട്ടിയിട്ടില്ലെങ്കിൽ കുറഞ്ഞ മുടിയെങ്കിലും മുഖമക്കനയുടെ പുറത്തേക്ക് വെളിവാകാൻ സാധ്യതയുണ്ടെങ്കിൽ മുടി കെട്ടിവെക്കൽ സ്ത്രീകൾക്ക് നിർബന്ധമാണ് (ഖൽയൂബി: 1/193, ശർവാനി, ഇബ്നു ഖാസിം: 2/162) 

നിസ്കാരത്തിൽ കാറ്റടിച്ചു വസ്ത്രം പാറി ഔറത്ത് വെളിവായാൽ നിസ്കാരം ബാത്വിലാകുമോ?

കാറ്റടിച്ചു ഔറത്ത് വെളിവാകുകയും ഉടനെ മറക്കുകയും ചെയ്താൽ നിസ്കാരം ബാത്വിലാവില്ല സൗകര്യപ്പെട്ടിട്ടും മറക്കാൻ താമസിച്ചാൽ നിസ്കാരം ബാത്വിലാകും (മുഗ്നി:1/188) 

നിസ്കാരശേഷം വസ്ത്രത്തിൽ ദ്വാരം കണ്ടാൽ എന്താണു വിധി?

നിസ്കരിച്ച വസ്ത്രത്തിൽ ദ്വാരമുണ്ടെന്ന് പിന്നീട് വ്യക്തമായാൽ നിസ്കാരം ബാത്വിലായിട്ടുണ്ടെന്നു ബോധ്യമായല്ലോ പ്രസ്തുത നിസ്കാരം മടക്കണം (ശർഹുൽ മുഹദ്ദബ്: 3/172) 

ഔറത്തിൽ നിന്നു അൽപഭാഗം വെളിപ്പെടുന്നിടത്ത് സ്വന്തം കൈകൊണ്ട് മറച്ചുപിടിച്ചാൽ മതിയാകുമോ?

അതേ, മതിയാകും 

കയ്യുറയും കാലുറയും ധരിച്ചു നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?

കൈയ്യുറയും കാലുറയും ധരിച്ചാലും നിസ്കാരം സ്വഹീഹാകും എങ്കിലും അതു സുന്നത്തിനു വിരുദ്ധമാണ് കാരണം, കൈകളിലും കാലുകളിലും മറയില്ലാതെ തുറന്നിടൽ സുന്നത്താണ് സുജൂദിൽ മുൻകൈകളും കാൽപാദത്തിന്റെ വിരലുകളുടെ പള്ളയുമെല്ലാം ആവരണമില്ലാതെ നഗ്നമായിത്തന്നെ നിലത്തുവെക്കൽ സുന്നത്തുണ്ട് (തുഹ്ഫ: ശർവാനി: 2/72, 2/18) 

നിസ്കാരത്തിൽ തലയിലെ മുണ്ടിന്റെ അറ്റം രണ്ടു ഭാഗത്തേക്കും ചുമലിലൂടെ തൂക്കിയിടുന്ന പലരെയും കാണാം അതു കറാഹത്തല്ലേ?*

അതേ, കറാഹത്താണ് 'സദ്ൽ' എന്നാണതിന്റെ പേര് തട്ടത്തിന്റെ രണ്ടഗ്രങ്ങൾ ചുമലിലേക്ക് മടക്കിയിടാതെയോ കൈകൊണ്ടോ മറ്റോ രണ്ടഗ്രങ്ങൾ കൂട്ടാതെയോ രണ്ടു ഭാഗത്തേക്കായി തൂക്കിയിടലാണ് കറാഹത്ത് (തുഹ്ഫ: 3/38) 

ശരീരത്തിന്റെ വണ്ണം വ്യക്തമാക്കുന്ന ഇടുങ്ങിയ വസ്ത്രം ധരിക്കുന്നതിന്റെ വിധിയെന്ത്?

സ്ത്രീകൾക്ക് കറാഹത്തും പുരുഷന്മാർക്ക് 'ഖിലാഫുൽ ഔല'യുമാണ് (ശർവാനി: 2/112) 

നീലം മുക്കിയ വസ്ത്രം ധരിക്കൽ കറാഹത്തുണ്ടോ?

കറാഹത്തില്ല (തുഹ്ഫ: ശർവാനി: 3/27) 

ഔറത്തിന്റെ സ്ഥലത്തിൽ പെട്ട മുടികൾ മറക്കൽ നിർബന്ധമുണ്ടോ? വസ്ത്രത്തിന്റെ ഉള്ളിലൂടെ രോമങ്ങൾ പുറത്തു ചാടിയാലോ?

ഔറത്തിന്റെ സ്ഥലത്തുള്ള രോമങ്ങളും ഔറത്തിൽ പെട്ടതാണ് അവ മറക്കൽ നിർബന്ധവും മറക്കാതിരുന്നാൽ നിസ്കാരം ബാത്വിലാവുന്നതുമാണ് (ശർവാനി: 2/111) 

ഒരാളുടെ വസ്ത്രം നനയുകയും ആ നനവ് കാരണം അയാളുടെ  തൊലിയുടെ നിറം കാണുകയും ചെയ്താൽ നിസ്കാരം സ്വഹീഹാകുമോ?

സ്വഹീഹാകില്ല ഔറത്ത് കാണുന്നുണ്ടല്ലോ (ശർവാനി: 2/112 നോക്കുക) 

വരയും ചിത്രവുമുള്ള പടങ്ങളിൽ നിസ്കരിക്കുന്നതിന്റെ വിധി?

കറാഹത്താണ് (തുഹ്ഫ: 2/74, ശർവാനി: 2/117) 

കറാഹത്താകാനുള്ള കാരണം?

നിസ്കരിക്കുന്നവന്റെ ശ്രദ്ധ അതിലേക്ക് തിരിയാൻ സാധ്യതയുണ്ടാവൽ (തുഹ്ഫ:2/74) 

നിസ്കാരത്തിൽ 'മുസ്വല്ല' വിരിക്കൽ പ്രത്യേകം സുന്നത്തുണ്ടോ?

നിസ്കരിക്കുന്നവൻ ചുമര്, തൂൺ പോലെയുള്ളതിലേക്കോ അതിനു സാധ്യമല്ലെങ്കിൽ തറച്ച് വെച്ച വടി പോലെയുള്ളതിലേക്കോ തിരിഞ്ഞും അതിനും കഴിഞ്ഞില്ലെങ്കിൽ മുസ്വല്ല വിരിച്ചും നിസ്കരിക്കണമെന്നാണ് ഫുഖഹാക്കൾ വിവരിച്ചത് അപ്പോൾ മുസ്വല്ല വിരിക്കൽ സുന്നത്തായ രൂപമുണ്ടെന്നു വ്യക്തം 

ചുമരിന്റെ അടുത്തുനിന്നു നിസ്കരിക്കുന്നവർ തന്നെ മുസ്വല്ല വിരിക്കുന്നതു കാണാമല്ലോ അതു നല്ലതാണോ?

സുജൂദ് ചെയ്യുന്ന പവിത്ര സ്ഥലം എന്ന ലക്ഷ്യത്തോടെ മുസ്വല്ല വിരിക്കൽ പൂർവസൂരികളുടെ ചര്യയാണെന്നും തന്നിമിത്തം അതു നല്ലതാണെന്നും പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട് (ലത്വാഇഫുൽ മിനൻ: 1/181) 


സ്ത്രീയുടെ നിസ്കാരത്തിലെ ഓറത്ത്?

മുഖവും മുൻകൈയ്യും ഒഴികെയുള്ള സർവ്വ ഭാഗങ്ങളും നിസ്കാരത്തിൽ സ്വതന്ത്ര സ്ത്രീയുടെ ഔറത്താണ് മുൻകൈയ്യിന്റെ മണിബന്ധം വരെ അവൾക്കു വെളിവാക്കാം (ശർവാനി: 2/112) 

അന്യപുരുഷന്റെ മുന്നിലെ സ്ത്രീയുടെ ഔറത്തേത്?

അവളുടെ ശരീരം മുഴുവനും ഔറത്താണ് (ശർവാനി: 2/112) 

അന്യസ്ത്രീയുടെ മുമ്പിൽ പുരുഷന്റെ ഔറത്ത്?

നിസ്കാരത്തിലും അല്ലാത്തപ്പോഴും അന്യസ്ത്രീയുടെ മുമ്പിലാണെങ്കിലും മുട്ടുപൊക്കിളടക്കം അവയുടെ ഇടയിലുള്ളത് മറക്കലാണ് പുരുഷനു നിർബന്ധം അതാണു പുരുഷന്റെ ഔറത്ത് (ഫത്ഹുൽ മുഈൻ) 

അന്യസ്ത്രീക്ക് പുരുഷനെ നോക്കാമോ?

പാടില്ല അന്യപുരുഷന്റെ ശരീരത്തിന്റെ ഏതു ഭാഗത്തേക്കും സ്ത്രീ നോക്കൽ നിഷിദ്ധമാണ് അതേസമയം പുരുഷൻ ശരീരം മുഴുവനും മറക്കൽ നിബന്ധമില്ല സ്ത്രീ അകത്തും പുരുഷൻ പുറത്തും എന്നതാണ് ഇസ്ലാമിക വീക്ഷണം ഇതു മനസ്സിലാക്കിയാൽ ഈ നിയമത്തിലെ യുക്തി മനസ്സിലാകും 

വിവാഹബന്ധം നിഷിദ്ധമായവരുടെ മുന്നിൽ സ്ത്രീയുടെ ഔറത്ത്?

സ്ത്രീയുടെ കാൽമുട്ടും പൊക്കിളും അതു രണ്ടിന്റെയും ഇടയിലുള്ള സ്ഥലവുമാണ് ഔറത്ത് (ശർവാനി: 2/112) 

അമുസ്ലിം സ്ത്രീയുടെ മുന്നിൽ മുസ്ലിം സ്ത്രീയുടെ ഔറത്ത്?

വീട്ടുജോലി സമയത്ത് സാധാരണ ശരീരത്തിൽ നിന്നു വെളിവാകാത്ത ഭാഗം, അവ മറയ്ക്കൽ നിർബന്ധമാണ് (ശർവാനി: 2/112)

ദുർനടപ്പുകാരിയായ മുസ്ലിം സ്ത്രീയുടെ മുമ്പിൽ സത്യവിശ്വാസിനിയുടെ ഔറത്തേത്?

വീട്ടുജോലി ചെയ്യുന്ന വേളയിൽ സാധാരണ വെളിവാകാത്ത ഭാഗങ്ങൾ അവ മുഴുവൻ സത്യവിശ്വാസം സ്വീകരിച്ച മുസ്ലിം സ്ത്രീ ദുർനടപ്പുകാരിയായ മുസ്ലിം സ്ത്രീയിൽ നിന്നു മറച്ചിരിക്കണം (ശർവാനി: 2/112) ഇത്രയും വിശദീകരിച്ചതിൽ നിന്നു സ്ത്രീക്കു നാലുവിധം ഔറത്തുണ്ടെന്നു വ്യക്തമായി 

ദുർനടപ്പുകാരിയായ മുസ്ലിം സ്ത്രീയുടെ മുമ്പിൽ മുസ്ലിം സ്ത്രീ പ്രസ്തുത ഭാഗങ്ങൾ അല്ലാത്തവ മറക്കണമെന്നു ഇസ്ലാം നിർദേശിച്ചതിലെ രഹസ്യമെന്ത്?

മതബോധമില്ലാത്ത ദുർനടപ്പുകാരി മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ നിന്നു കണ്ട ഭാഗങ്ങളെ തന്റെ ഭർത്താവിനും മറ്റു പുരുഷന്മാർക്കും വർണിച്ചുകൊടുക്കുവാനും തന്മൂലം നാശങ്ങൾ സംഭവിക്കുവാനും ഇടയുണ്ട് ഈ സാധ്യത അമുസ്ലിം സ്ത്രീയിലുമുണ്ട് അതുകൊണ്ടാണ് ഇവരുടെ മുമ്പിൽ സത്യവിശ്വാസിനിയുടെ ഔറത്ത് അൽപം ഗൗരവം കൂട്ടിയത് (തുഹ്ഫ: 7/200) 

ഭർത്താവിന്റെ മുമ്പിൽ ഭാര്യയുടെ ഔറത്ത്?

ഭർത്താക്കന്മാർ തമ്മിൽ ഒരു സ്ഥലവും ഔറത്തല്ല പരസ്പരം ശരീരം മുഴുവനും കാണലും സ്പർശിക്കലും അനുവദനീയമാണ്, തെറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്: 372)

തന്റെ മുട്ടുപൊക്കിളിനു ഇടയിലുള്ള സ്ഥലം നീ കാണരുതെന്നു ഭർത്താവ് ഭാര്യയോട് പറഞ്ഞാലോ?

പ്രസ്തുത വേളയിൽ ഭാര്യ ആ സ്ഥലം കാണൽ നിഷിദ്ധമാണ് (ബുജൈരിമി: 3/316) 

വർഗമൊത്തവർ തമ്മിലുള്ള ഔറത്ത്?

പുരുഷന്റെ മുമ്പിൽ മറ്റൊരു പുരുഷന്റെ ഔറത്തും സ്ത്രീകൾ പരസ്പരമുള്ള ഔറത്തും മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ് (തുഹ്ഫ: 7/200) 

കാണൽ അനുവദനീയമായവരിലേക്കും മറ്റുള്ളവരുടെ ഔറത്തല്ലാത്ത ഭാഗങ്ങളിലേക്കും വികാരത്തോടെ നോക്കാമോ?

പാടില്ല നിഷിദ്ധമാണ് തന്റെ ഇണ ഒഴികെ, കാണൽ അനുവദനീയമായ ആരിലേക്കും വികാരത്തോടെയും ഫിത്ന ഭയപ്പെട്ടും നോക്കൽ നിഷിദ്ധമാണ് (തുഹ്ഫ: 7/194) 

സ്ത്രീ നിസ്കാരത്തിൽ മുഖാവരണം ധരിക്കൽ കറാഹത്താണല്ലോ എന്നാൽ, അന്യപുരുഷൻ നോക്കിനിൽക്കെ നിസ്കരിക്കുന്നവൾ എന്തു ചെയ്യും?

അത്തരം ഘട്ടത്തിൽ കറാഹത്ത് ചെയ്ത് (മുഖം മറച്ച്) ഹറാമായ കാര്യത്തിൽ (അന്യന്റെ മുമ്പിൽ ഔറത്ത് വെളിവാക്കൽ ) നിന്നു ഒഴിവാകണം (ശർഹുൽ ബാഫള്ൽ, കുർദി: 1/276) 

കണ്ണാടിയിലൂടെ സ്ത്രീ പുരുഷന്മാരുടെ നിഴൽ കാണാമോ?

കാണാവുന്നതാണ് പക്ഷേ, ഇതു സ്വാപാധികമാണ് ലൈംഗിക വികാരമോ ഫിത്ന ഭയപ്പെടുകയോ ചെയ്താൽ നിഷിദ്ധമാണ് ചലിക്കുന്നതും അല്ലാത്തതുമായ ഫോട്ടോ കാണുന്നതും സ്ത്രീ ശബ്ദം കേൾക്കുന്നതും വികാരമോ നാശം ഭയപ്പെടലോ ഇല്ലെങ്കിൽ അനുവദനീയമാണ് (തുഹ്ഫ: 7/192) 

ഏറ്റവും നല്ല വസ്ത്രമേത്?

വെളുത്ത വസ്ത്രമാണ് ഏറ്റവും നല്ലത് അതു കഴിഞ്ഞാൽ നൈതിനു മുമ്പ് കളർ നൽകപ്പെട്ടതും (ഇആനത്ത്: 2/76) 

വസ്ത്രം ധരിക്കുമ്പോൾ ഏതു ഭാഗമാണ് മുന്തിക്കേണ്ടത്?

ഷർട്ട്, പാന്റ്സ്, ചെരിപ്പ്, എന്നിവ ധരിക്കുമ്പോൾ വലതു കൊണ്ടു തുടങ്ങണം അവ അഴിക്കുമ്പോൾ ഇടതുകൊണ്ടും തുടങ്ങണം ഇതാണു സുന്നത്ത് (ശർഹുൽ മുഹദ്ദബ്: 4/341) 

പണ്ഡിതരും മുതഅല്ലിമുകളും പല സാധാരണക്കാരും  'തുണി'യാണല്ലോ ധരിക്കുന്നത് ചിലർ ആദ്യം ഇടതു ഭാഗം ശരീരത്തിലേക്ക് ചുറ്റുന്നു ചിലർ മറിച്ചും ഏതാണ് നല്ല രീതി?

തുണി (മുണ്ട്) ആദ്യം ഇടതു ഭാഗം വലത്തോട്ടും പിന്നീട് വലതു ഭാഗം ഇടത്തോട്ടും ചുറ്റിയാണ് ധരിക്കേണ്ടത് അതാണു മുസ്ലിംകൾ ധരിക്കുന്ന രീതി (തുഹ്ഫ: 3/127) വിവിധ മതക്കാർ ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങളിൽ ഓരോ മതക്കാരെയും വേർതിരിച്ചറിയുന്നതിനു വേണ്ടി ഓരോ മതക്കാരും അവരുടെ വേഷവിധാനങ്ങളും  സംസ്കാരങ്ങളും പാലിക്കണം പരസ്പരം അറിഞ്ഞു പ്രവർത്തിക്കാൻ അതു ആവശ്യമാണല്ലോ (തുഹ്ഫ: 9/300 നോക്കുക) 

ത്വയ്ലസാൻ എന്നാലെന്ത്?*

തലപ്പാവിനു മുകളിലിടുന്ന തട്ടമാണ് ത്വയ്ലസാൻ അതു രണ്ടു വിധമുണ്ട് ഒന്ന് കറാഹത്തായ രീതി മറ്റൊന്നു സുന്നത്തായ രീതി (ജമൽ: 2/60) വിശദീകരണം 'ജുമുഅഃ' എന്ന ഭാഗത്തിൽ പറയാം 

നിഷിദ്ധമായ വസ്ത്രം?

പട്ടു വസ്ത്രം ധരിക്കലും അതിൽ ഇരിക്കലും അതിലേക്ക് ചാരലും അതുകൊണ്ട് പുതക്കലുമെല്ലാം പുരുഷനു ഹറാമാണ് (ശർഹുൽ മുഹദ്ദബ്: 4/325) 

നിസ്കാരത്തിന്റെ പുറത്ത് നജസുള്ള വസ്ത്രം ധരിക്കാമോ?

അതേ, അനുവദനീയമാണ് (ബുജൈരിമി: 2/232) 

സാരി അമുസ്ലിം വേശമാണോ?

അല്ല തമിഴ്നാട് പോലെയുള്ള നാടുകളിൽ മുസ്ലിം വേശമായി ടിപ്പുസുൽത്താന്റെ കാലത്തേ അറിയപ്പെട്ടതാണ് പട്ടുസാരിയും അനുവദനീയമാണ് സ്ത്രീകൾക്ക് പട്ട് അനുവദനീയമാണല്ലോ 

ഇരുന്നു നിസ്കരിച്ചാൽ ഔറത്ത് പൂർണമായി മറയും നിന്നു നിസ്കരിച്ചാൽ മറയ്ക്കാൻ കഴിയില്ല ഈ വേളയിൽ എന്തു ചെയ്യണം?

ഔറത്ത് മറച്ച് ഇരുന്നു നിസ്കരിക്കണം ഔറത്ത് മറക്കലാണ് പരിഗണിക്കേണ്ടത് കാരണം, ഔറത്ത് മറയ്ക്കാൻ കഴിവുള്ളവനു ഒരുവിധേനയും അതു ഒഴിവാകുന്നില്ല നിർത്തം അങ്ങനെയല്ല നിൽക്കാൻ കഴിവുണ്ടെങ്കിലും ഇരുന്നു സുന്നത്തു നിസ്കരിക്കാമല്ലോ (ഹാശിയത്തുന്നിഹായ: 2/11) 

ഔറത്ത് വെളിവാകാതിരിക്കാൻ വേണ്ടി വസ്ത്രത്തിന്റെ ദ്വാരമുള്ള ഭാഗത്ത് കൈ കൊണ്ട് മറച്ചു നിസ്കരിക്കുന്നവൻ സുജൂദിന്റെ വേളയിൽ എന്തു ചെയ്യണം?

ഔറത്ത് മറക്കലും കൈ സുജൂദിൽ വെക്കലും ഒരുപോലെ അനിവാര്യമായതുകൊണ്ട് ഇഷ്ടംപോലെ ചെയ്യാവുന്നതാണ് (തുഹ്ഫ: 2/115)

ഇമാം ബുൽഖീനി (റ) വും മറ്റു പലരും പ്രബലമാക്കുന്നത് ദ്വാരമുള്ള സ്ഥലത്ത് കൈവെച്ച് സുജൂദ് ചെയ്യണം പ്രസ്തുത കൈ സുജൂദിൽ വെക്കേണ്ടന്നാണ് കാരണം, ഔറത്ത് മറക്കൽ നിർബന്ധമാണെന്നതിൽ ഇമാം റാഫിഈ (റ) വും ഇമാം നവവി (റ) വും ഏകോപിച്ചിട്ടുണ്ട് സുജൂദിൽ കൈ വെക്കുന്ന കാര്യത്തിൽ ഏകോപനമില്ല കൈ വെക്കൽ നിർബന്ധമില്ലെന്നാണ് ഇമാം റാഫിഈ (റ) വിന്റെ വീക്ഷണം വെക്കൽ നിർബന്ധമാണെന്നു ഇമാം നവവി (റ) പ്രസ്താവിച്ചിട്ടുണ്ട് (ശർവാനി: 2/115) 

തുണിക്ക് ദ്വാരമുണ്ട് എന്നാൽ അടിവസ്ത്രം കൊണ്ട് ശരീരം കാണുന്നില്ല അപ്പോൾ നിസ്കാരം സാധുവാകുമോ?

സാധുവാകും പക്ഷേ, നിസ്കാരത്തിലെ ഒരു വേളയിലും ഔറത്ത് വെളിവാകാൻ ഇടവരരുത് മേൽഭാഗത്തിലൂടെയും ചുറ്റുഭാഗത്തിലൂടെയും ഔറത്ത് മറക്കൽ നിർബന്ധമാണ് (തുഹ്ഫ: 2/114) 



അലി അഷ്ക്കർ - 9526765555

No comments:

Post a Comment