Thursday 29 August 2019

സംശയവും മറുപടിയും - നിസ്ക്കാരം

 

ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

മൂന്നു കാര്യങ്ങൾ നിയ്യത്തിൽ ഉണ്ടായിരിക്കൽ നിർബന്ധമാണ് ഒന്ന്, ഞാൻ നിസ്കരിക്കുന്നുവെന്നു കരുതൽ രണ്ട്, ഏതു നിസ്കാരമാണെന്നു വ്യക്തമാക്കൽ മൂന്ന്, ഫർളാണെന്നു കരുതൽ ഉദാ: ഉസ്വല്ലി ഫർളള്ളുഹ്രി (ളുഹ്ർ എന്ന ഫർള് ഞാൻ നിസ്കരിക്കുന്നു) (നിഹായ: 1/528) 

തക്ബീറത്തുൽ ഇഹ്റാമിൽ കൈകളുയർത്തൽ തുടങ്ങേണ്ട സമയമേത്?

തക്ബീറത്തുൽ ഇഹ്റാമിലെ ആദ്യാക്ഷരം (അലിഫ്) ഉച്ചരിക്കലോടെ ഇരുകൈ ഉയർത്താൻ തുടങ്ങണം അവസാന അക്ഷരം (റാഅ്) ഉച്ചരിക്കലടെ ഉയർത്തൽ അവസാനിപ്പിക്കണം അപ്പോൾ തക്ബീർ അവസാനിക്കുന്ന വേളയിൽ കൈ രണ്ടും ചുമലിനു നേരെ ഉയർത്തപ്പെട്ട നിലയിലായിരിക്കും പിന്നീട് ഇരുകൈകളും താഴ്ത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കണം 

അല്ലാഹു അക്ബർ എന്ന തക്ബീറത്തുൽ ഇഹ്റാമിൽ എന്തെല്ലാം ശ്രദ്ധിക്കണം?

അല്ലാഹു അക്ബർ എന്നു ചൊല്ലുമ്പോൾ അക്ബർ എന്ന പദത്തിലെ ഹംസയോ ബാഓ നീട്ടരുത് നീട്ടിയാൽ അർത്ഥ വ്യത്യാസം വരുകയും നിസ്കാരം സ്വഹീഹാകാതിരിക്കുകയും ചെയ്യും ഹംസയെ നീട്ടിയാൽ 'അല്ലാഹു ഏറ്റവും വലിയവൻ തന്നെയാണോ' എന്ന നിഷേധ സ്വരത്തിലുള്ള ചോദ്യവും ബാഇനെ നീട്ടിയാൽ അല്ലാഹു ചെണ്ടകളാകുന്നുവെന്ന അപകട അർത്ഥവും വരും (ശർഹു ബാഫള്ൽ: 1/221) 

നിന്നു നിസ്കരിക്കുമ്പോൾ കാലിന്റെ പള്ള മുഴുവനും നിലത്ത് തട്ടൽ നിർബന്ധമുണ്ടോ?*

ഇല്ല നിന്നു നിസ്കരിക്കുന്നവൻ തന്റെ കാലിന്റെ പാദത്തിന്മേൽ ഊന്നി നിൽക്കണമെന്നേ വ്യവസ്ഥയുള്ളൂ പാദത്തിന്റെ അടിഭാഗം മുഴുവനും നിലത്ത് വെക്കണമെന്നില്ല (തുഹ്ഫ: ശർവാനി: 2/21) 

നിസ്കാരത്തിൽ നെഞ്ചിനു താഴെയാണു കൈ കെട്ടേണ്ടതെന്നതിൽ ഇജ്മാഉണ്ടോ?

അതേ, നിസ്കാരത്തിൽ നെഞ്ചിനു താഴെയാണ് കൈ കെട്ടേണ്ടത് എന്നതിൽ നാലു മദ്ഹബും ഏകോപിച്ചിട്ടുണ്ട് കൈ താഴ്ത്തിടുകയെന്ന ഒരഭിപ്രായം ഉണ്ടെങ്കിലും (ശർഹുൽ മുഹദ്ദബ്: 3/269) 

സംസാരിക്കാൻ കഴിയാത്തവൻ ഫാതിഹയുടെ വേളയിൽ ചുണ്ട് അനക്കണോ?

സാധ്യമാകുമെങ്കിൽ തന്റെ രണ്ടു ചുണ്ടും നാക്കും മോണകളും അയാൾ ഫാതിഹയും മറ്റും ഓതുംപോലെ അനക്കൽ നിർബന്ധമാണ് കഴിയില്ലെങ്കിൽ അവ ഹൃദയത്തിൽ നടത്തണം (ശർഹു ബാഫള്ൽ: 1/230) 

നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളാണല്ലോ നിർത്തം പിന്നെ എന്തുകൊണ്ട് അതു നേരത്തെ ചെയ്യുന്നു ഇരുന്നു തക്ബീർ ചൊല്ലി നിന്നാൽ പോരെ?

പോര നിർത്തം നിസ്കാരത്തിന്റെ ഫർളെന്ന നിലയിൽ നിർബന്ധമാകുന്നത് നിയ്യത്തിനോടും തക്ബീറത്തുൽ ഇഹ്റാമിനോടും കൂടെയാണ് തക്ബീർ നിർത്തത്തിൽ  തന്നെ സംഭവിക്കണം അതു ഉറപ്പാകാൻ വേണ്ടി തക്ബീറിന്റെ മുമ്പുതന്നെ നിർത്തമുണ്ടാകൽ തക്ബീർ സ്വഹീഹാകാനുള്ള നിബന്ധനമാത്രമാണ് ചുരുക്കത്തിൽ നിയ്യത്തും തക്ബീറും നിർത്തവും ഒരേ സമയത്താണ്  നിസ്കാരത്തിന്റെ ഫർളായി ഗണിക്കപ്പെടുന്നത് (തുഹ്ഫ: 2/21) 

നിയ്യത്ത് തക്ബീറത്തുൽ ഇഹ്റാം, ഖിയാം എന്നീ മൂന്നു ഫർളുകളും ഒരേ സമയത്ത് നിസ്കാരത്തിന്റെ ഫർളായി ഗണിക്കപ്പെടേ ഖിയാം എന്ന ഫർളിനെ എന്തുകൊണ്ട് ഒന്നാം ഫർളായി എണ്ണാതെ മൂന്നാം ഫർളായി എണ്ണി?

ഖിയാം ഫർളു നിസ്കാരത്തിൽ മാത്രമാണ് ഫർളായി എണ്ണപ്പെടുന്നത് സുന്നത്തു നിസ്കാരത്തിൽ ഖിയാം എന്ന ഫർളില്ല എന്നാൽ നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും ഫർളും സുന്നത്തുമായ എല്ലാ നിസ്കാരത്തിലും ഫർളാണ് അതുകൊണ്ടാണ് ഖിയാം എന്ന ഫർളിനെ മൂന്നാം ഫർളായി എണ്ണിയത് (തുഹ്ഫ: 2/21)

എല്ലാ നിസ്കാരത്തിലും വജ്ജഹ്തു ഓതൽ സുന്നത്തുണ്ടോ?

മയ്യിത്തു നിസ്കാരം ഒഴികെയുള്ള എല്ലാ ഫർളും സുന്നത്തുമായ നിസ്കാരങ്ങളിൽ പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു) ഓതൽ സുന്നത്തുണ്ട് (തുഹ്ഫ: 2/29) 

ഫാതിഹയിൽ നിന്നു വിരമിച്ച ശേഷം ഏതെങ്കിലും ഒരു ആയത്ത് വിട്ടുപോയോ എന്നു സംശയിച്ചാൽ ഫാതിഹ മടക്കി ഓതണോ?

വേണ്ട മടക്കി ഓതേണ്ടതില്ല ആ സംശയത്തിനു പ്രസക്തിയില്ല (തുഹ്ഫ: 2/47) 

ഫാതിഹയ്ക്കിടയിൽ തുമ്മിയാൽ ഹംദ് ചൊല്ലാമോ?

ചൊല്ലുന്നതുകൊണ്ട് നിസ്കാരത്തിനു വിരോധമൊന്നുമില്ല പക്ഷേ, ഫാതിഹ മടക്കി ഓതണം (തുഹ്ഫ: 2/41) 

മുന്നിലെ സ്വഫ്ഫിൽ നിന്നു മുതിർന്നവർക്കു വേണ്ടി കുട്ടികളെ പിടിച്ചുമാറ്റാമോ?

പിടിച്ചുമാറ്റാതിരിക്കലാണു സുന്നത്ത് (തുഹ്ഫ: 2/307) 

നിസ്കാരത്തിനു നബി (സ) ബാങ്ക് വിളിച്ചിട്ടുണ്ടോ?

അതേ, ഒരിക്കൽ ഒരു യാത്രയിൽ ബാങ്ക് വിളിച്ചതായി ഹദീസിൽ വന്നിട്ടുണ്ട് (തുഹ്ഫ: 2/85) 

നിസ്കാരത്തിലെ തക്ബീറത്തുൽ ഇഹ്റാം നമ്മുടെ സമുദായത്തിന്റെ പ്രത്യേകതയാണോ?

അതേ, മുൻ സമുദായക്കാർ തസ്ബീഹ് കൊണ്ടും തഹ്ലീൽ കൊണ്ടുമാണ് നിസ്കാരത്തിൽ പ്രവേശിച്ചിരുന്നത് (ബുജൈരിമി: 2/10) 

സ്വുബ്ഹ് നിസ്കാരത്തിലെ ഒരു റക്അത്ത് കഴിഞ്ഞപ്പോൾ സൂര്യനുദിച്ചു ഇനി അടുത്ത റക്അത്തിൽ ഉറക്കെയാണോ പതുക്കെയാണോ ഓതേണ്ടത്?

സൂര്യോദയത്തിനു ശേഷം സംഭവിച്ച റക്അത്തിൽ പതുക്കെയാണ് ഓതേണ്ടത് (തുഹ്ഫ: 2/57) 

റുകൂഅ്, സുജൂദ് പോലെയുള്ള ഫർളുകൾ ദീർഘിപ്പിച്ചാൽ അത്രയും സമയം ഫർളിന്റെ പ്രതിഫലം ലഭിക്കുമോ?

ഇല്ല ഫർളിൽ നിന്നു ഏറ്റവും ചുരുങ്ങിയത് ഉണ്ടാവാനുള്ള സമയത്തിനു മാത്രമേ ഫർളിന്റെ പ്രതിഫലം ലഭിക്കൂ അല്ലാത്തതിനു സുന്നത്തിന്റെ പ്രതിഫലമാണു ലഭിക്കുക (ബിഗ്യ, പേജ്: 53) 

ദുആയിൽ ഇഫ്തിതാഹായ വജ്ജഹ്തു എന്നു തുടങ്ങുന്നതിന് ദുആ ഇല്ലാതിരിക്കേ ആ പേര് എങ്ങനെ വന്നു?

ഉച്ചരിച്ചാൽ പ്രതിഫലം കിട്ടുന്ന ദിക്ർ എന്ന നിലയ്ക്ക് ദുആ എന്നു പറയാറുണ്ട് അതിവിടെയുണ്ടല്ലോ (ഹഖാഇഖുദ്ദഅവാത്, പേജ്: 15) 

നിസ്കാരത്തിൽ ഒരു റക്അത്തിൽ ഒന്നിലധികം സൂറത്തുകൾ ഓതാമോ?

തനിച്ചു നിസ്കരിക്കുന്ന ആൾ ഓതുന്നതുകൊണ്ട് വിരോധമില്ല (ഫതാവൽ കുബ്റ: 1/225) 

വെറും സുജൂദ് വർധിപ്പിക്കാമോ?

പാടില്ല സുജൂദ് തേടപ്പെടുന്ന കാരണങ്ങളില്ലാതെ വെറുതെ സുജൂദ് ചെയ്യൽ ഹറാമാണ് (ഹാശിയത്തുൽ ഈളാഹ്, പേജ്: 493) 

ഖുർആൻ ഓതിയ ശേഷം 'സ്വദഖല്ലാഹുൽ അളീം' എന്നു പറയാറുണ്ടല്ലോ നിസ്കാരത്തിൽ ഇങ്ങനെ പറഞ്ഞാൽ നിസ്കാരത്തിനു തകരാറുണ്ടോ?

ഇല്ല നിസ്കാരം ബാത്വിലാവില്ല (ഹാശിയത്തുന്നിഹായ: 2/43) 

നിസ്കാരത്തിൽ കോട്ടുവാ കറാഹത്താണല്ലോ ഇതു അനിയന്ത്രിതമായി  വരുന്നതല്ലേ പിന്നെയെങ്ങനെ കറാഹത്താകും?

കോട്ടുവായിടുന്നത് കറാഹത്താണെന്നതിന്റെ ഉദ്ദേശ്യം അനിയന്ത്രിതമായി വരുന്ന കോട്ടുവാ തടഞ്ഞുനിർത്താൻ സാധിക്കുന്നിടത്ത് അതു ചെയ്യാതിരിക്കൽ കറാഹത്തെന്നാണ് തടയാൻ സാധിക്കാത്തവിധം അനിയന്ത്രിതമായി വരുന്നതിനെ പറ്റിയല്ല (ശർവാനി: 2/162) 

എല്ലാ റക്അത്തിലും ഫാതിഹയുടെ മുമ്പ് അഊദു ചൊല്ലൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് ഒന്നാം റക്അത്തിൽ അഊദു ഓതൽ ശക്തമായ സുന്നത്താണ് അഊദു ഒഴിവാക്കൽ കറാഹത്താണ് (ഇആനത്ത്: 1/146) 

തക്ബീറത്തുൽ ഇഹ്റാമിൽ ഇരുകയ്യും രണ്ടു ചുമലുകൾക്കു നേരെ ഉയർത്തൽ സുന്നത്താണല്ലോ മറ്റു വേളകളിൽ ഇങ്ങനെ സുന്നത്തുണ്ടോ?

ഉണ്ട് മൂന്നു സമയങ്ങളിൽ സുന്നത്തുണ്ട് (1) റുകൂഇലേക്ക് പോകുന്ന സമയം (2) റുകൂഇൽ നിന്നു ഉയരുന്ന സമയം (3) ഒന്നാമത്തെ അത്തഹിയ്യാത്തിൽ നിന്നു ഉയരുന്ന സമയം (ഫത്ഹുൽ മുഈൻ)

കഅ്ബയുടെ അകത്തുവെച്ച് നിസ്കരിക്കുന്നതിന് പ്രത്യേക പുണ്യമുണ്ടോ?

ഉണ്ട്, ഫർളിനും സുന്നത്തിനും ഈ പുണ്യമുണ്ട് (തുഹ്ഫ: 1/495)

നിസ്കാരത്തിന്റെ ഫർളുകൾ എത്രവിധമുണ്ട്?

മൂന്നു വിധം (1) ഖൽബിയ്യ് (ഹൃദയത്തിൽ നിന്നുണ്ടാകുന്നത് അതു നിയ്യത്ത് എന്ന ഫർളാണ്) (2) ഖൗലിയ്യ് (വാക്കുകൊണ്ടുണ്ടാകുന്നത്) (3) ഫിഅ്ലിയ്യ് (പ്രവർത്തിയിലൂടെ ഉണ്ടാകുന്നത്) (ഇആനത്ത്: 1/126) 

നിന്നു  നിസ്കരിക്കുന്നവൻ ഇരു കാലുകൾ എങ്ങനെ വെക്കണം?

പുരുഷനാണെങ്കിൽ ഇരുകാലുകൾ ഒരു ചാൺ അകലത്തിൽ ഖിബ്ലയിലേക്ക് നേരിടീച്ചു വെക്കണം (തുഹ്ഫ: 2/21) 

സ്ത്രീകൾ നിന്നു നിസ്കരിക്കുമ്പോൾ കാലുകൾ എങ്ങനെ വെക്കണം?

നിസ്കാരത്തിലെ നിറുത്തം, ഇരുത്തം, റുകൂഅ്, സുജൂദ് എന്നിവയിൽ രണ്ടു കാൽപാദങ്ങളെയും കാൽമുട്ടുകളെയും ചേർത്തിയാണ് സ്ത്രീകൾ വെക്കേണ്ടത് ഒരു ചാൺ അകൽച്ചയുണ്ടാവൽ പുരുഷന്മാർക്കാണു സുന്നത്ത് (നിഹായ: 1/516, ശർവാനി: 2/76) 

റുകൂഇലും  സുജൂദിലുമുള്ള കർമത്തിൽ പുരുഷനും സ്ത്രീയും തമ്മിൽ അന്തരമുണ്ടോ?

ഉണ്ട് റുകൂഇലും സുജൂദിലും സ്ത്രീ രണ്ടു കൈമുട്ടുകളെ രണ്ടു പാർശ്വങ്ങളിലേക്കും വയറിനെ ഇരു തുടകളിലേക്കും ചേർത്തി വെക്കുകയാണ് വേണ്ടത് പുരുഷൻ അകറ്റി വെക്കലാണ് സുന്നത്ത് (തുഹ്ഫ: 2/76, നിഹായ: 1/516) 

സ്ത്രീ പുരുഷ കർമങ്ങളിലെ അന്തരത്തിലെ യുക്തിയെന്ത്?

കാൽപാദങ്ങളെയും മുട്ടുകളെയും ചേർത്തിവെക്കലും കൈമുട്ടുകളെ രണ്ടു പാർശ്വങ്ങളിലേക്കും വയറിനെ ഇരുതുടകളിലേക്കും ചേർത്തിവെക്കലുമാണ് സ്ത്രീകളെ സംബന്ധിച്ച് കൂടുതൽ 'മറ' ഉണ്ടാകുന്നത് (ഈ 'മറ' പുരുഷനു ആവശ്യമില്ല) (തുഹ്ഫ: 2/76, നിഹായ: 1/516) 

സുജൂദിൽ സ്ത്രീ കൈതണ്ട് ഉയർത്തണോ?

അതേ, സുജൂദിന്റെ രണ്ടു കൈതണ്ടിനെ ഭൂമിയിൽ നിന്നു ഉയർത്തിപ്പിടിക്കലാണു പുരുഷനെപ്പോലെ സ്ത്രീക്കും സുന്നത്ത് (തുഹ്ഫ: 2/75 നോക്കുക) 

റുകൂഇലേക്ക് കുനിയുമ്പോൾ തക്ബീർ തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതും എപ്പോൾ?

റുകൂഇലേക്ക് കുനിയാൻ വേണ്ടി ഇരു കരങ്ങളും രണ്ടു ചുമലിനു നേരെ ഉയർത്താൻ തുടങ്ങലും തക്ബീർ തുടങ്ങലും ഒരുമിച്ചാകണം കുനിയൽ പൂർത്തിയാകലും തക്ബീർ അവസാനിക്കലും അതുപോലെ ഒരുമിച്ചാകണം ഇതാണു സുന്നത്ത് (ഇആനത്ത്: 1/135) 

റുകൂഇൽ നിന്നു ഇഅ്തിദാലിലേക്ക് ഉയരുമ്പോൾ കൈകൾ ചുമലുകൾക്കു നേരെ ഉയർത്താൻ തുടങ്ങേണ്ടതെപ്പോൾ?

റുകൂഇൽ നിന്നു തല ഉയർത്താൻ തുടങ്ങലോടുകൂടി ഇരു കൈയ്യും ഉയർത്താൻ തുടങ്ങണം അങ്ങനെ റുകൂഇന്റെ മുമ്പുള്ള അവസ്ഥയിലേക്ക് (ഇഅ്തിദാലിലേക്ക്) എത്തുന്നതുവരെ ഇരു കരങ്ങളും ഉയർത്തിയ അവസ്ഥയിലാവണം അങ്ങനെ ഇഅ്തിദാലിലേക്ക് എത്തുമ്പോൾ ഇരു കൈകളും രണ്ടു ചുമലുകൾക്കു നേരെയാവണം പിന്നീട് കരങ്ങൾ താഴ്ത്തി ഇടണം ഇതാണ് പരിപൂർണ രൂപം (ഇആനത്ത്: 1/135) 

റുകൂഇൽ നിന്നുയരുമ്പോൾ എപ്പോഴാണ് സമിഅല്ലാഹു ലിമൻ ഹമിദഃ എന്നത് തുടങ്ങേണ്ടത്?

റുകൂഇൽ നിന്നു ഉയരാൻ തുടങ്ങുമ്പോൾ തന്നെ പ്രസ്തുത ദിക്ർ തുടങ്ങണം ഉയരൽ പൂർത്തിയാകുമ്പോൾ (ഇഅ്തിദാലിൽ എത്തുമ്പോൾ) ദിക്ർ അവസാനിക്കുന്ന അവസ്ഥയിലായിരിക്കുകയും വേണം ഇതാണു സുന്നത്തായ രീതി (ഇആനത്ത്: 1/157) 

ആദ്യത്തെ അത്തഹിയ്യാത്തിൽ നിന്നു ഉയരുമ്പോൾ ഇരു കരങ്ങളും ചുമലുകൾക്കു നേരെ ഉയർത്താൻ സുന്നത്തുണ്ടല്ലോ ഈ ഉയർത്തൽ ആരംഭിക്കേണ്ടതെപ്പോൾ?

ചുരുങ്ങിയ റുകൂഇന്റെ അതിർത്തിവരെ ഉയർന്ന ശേഷം കൈകൾ ഉയർത്താൻ ആരംഭിക്കണം അങ്ങനെ ഖിയാം വരെ തുടർന്നു ഖിയാമിൽ എത്തിയ ശേഷം ഇരു ചുമലുകൾക്ക് നേരെ ആക്കി കൈ കെട്ടണം (ഇആനത്ത്: 1/135) 

നിന്നു നിസ്കരിക്കുന്നവന്റെ ചുരുങ്ങിയ റുകൂഅ് എങ്ങനെ?

രണ്ടു മുൻകൈയ്യിന്റെ ഉള്ളൻകൈ രണ്ടു കാൽമുട്ടിലേക്ക് എത്തുന്ന വിധത്തിൽ കുനിയൽ (തുഹ്ഫ: 2/58) 

ഇരുന്നു നിസ്കരിക്കുന്നവന്റെ  ചുരുങ്ങിയ റുകൂഅ് എങ്ങനെ?

രണ്ടു കാൽമുട്ടുകൾക്കു നേരെ നെറ്റി മുന്നിടുന്ന നിലയിൽ കുനിയൽ (നിഹായ: 1/469) 

നിന്നു നിസ്കരിക്കുന്നവന്റെ പൂർണ റുകൂഅ്?

മുതുകും പിരടിയും സമമാക്കി കാലുകൾ നിവർത്തി രണ്ടു കൈകൊണ്ട് കാൽമുട്ടുകളിൽ പിടിക്കൽ (തുഹ്ഫ: 2/58) 

ഇരുന്നു നിസ്കരിക്കുന്നവന്റെ പൂർണ റുകൂഅ്?

സുജൂദിന്റെ സ്ഥാനത്തേക്ക് നെറ്റി മുന്നിടുന്ന നിലയിൽ കുനിയൽ (തുഹ്ഫ: 2/25) 


സുജൂദ് ചുരുങ്ങിയത്, പൂർണമായത് എന്നിങ്ങനെ രണ്ടുവിധമുണ്ടോ?

ഉണ്ട്, നെറ്റിയുടെ അൽപഭാഗം സുജൂദിന്റെ സ്ഥാനത്ത് എത്തലാണ് ചുരുങ്ങിയ സുജൂദ് (തുഹ്ഫ: 2/69) രണ്ടു ഉള്ളൻകൈ രണ്ടു കാൽമുട്ട്, രണ്ടു കാൽപാദങ്ങളുടെ പള്ള എന്നിവ നിലത്ത് വെക്കൽ നിർബന്ധമാണ് (തുഹ്ഫ: 2/71) സുജൂദിലേക്ക് പോകുമ്പോൾ തക്ബീർ ചൊല്ലലും അവയവങ്ങൾ ക്രമത്തിൽ വെക്കലും പ്രസിദ്ധമായ ദിക്ർ ചൊല്ലലും സുജൂദിന്റെ പൂർണരൂപമാണ്

സുജൂദ് ചെയ്യേണ്ട ക്രമം എങ്ങനെ?

കുനിയുമ്പോൾ ആദ്യം രണ്ടു കാൽമുട്ടുകൾ ഭൂമിയിൽ വെക്കലും പിന്നെ ഇരുകരങ്ങൾ വെക്കലും ശേഷം നെറ്റിയും മൂക്കും ഒരുമിച്ച് വെക്കലുമാണ് ക്രമം 

സുജൂദിന്റെ ക്രമം തെറ്റിക്കുന്നതിന്റെ വിധി?

കറാഹത്താണ്, സുജൂദ് സാധുവാകും 

ഫർളു നിസ്കാരം ഇരുന്നു നിർവഹിക്കാൻ പറ്റുന്നവർ ആര്?

ഫുഖഹാഅ് വിവരിച്ച ഒരു രൂപത്തിലും നിൽക്കാൻ കഴിയാത്തവർക്ക് ഇരുന്നുകൊണ്ടു ഫർളു നിസ്കാരം നിർവഹിക്കാം നിന്നു നിസ്കരിക്കുകയാണെങ്കിൽ സാധാരണ നിലയിൽ സഹിക്കാൻ കഴിയാത്തവിധം ബുദ്ധിമുട്ടുണ്ടാകുന്നവർക്കേ ഇരിക്കാവൂ (തുഹ്ഫ: 2/23) 


ഫുഖഹാഅ് വിവരിച്ച 'ഖിയാം' ഏതെല്ലാം?

(1) സ്വന്തമായി നിൽക്കാൻ കഴിവുള്ളവർ 

(2) ചുമർ, തൂൺ പോലെയുള്ളതിലേക്ക് ചാരിനിന്നു നിൽക്കാൻ കഴിവുള്ളവൻ 

(3) മറ്റൊരാളുടെ സഹായത്തോടെ അതു മാന്യമായ ശമ്പളം കൊടുത്താണെങ്കിലും നിൽക്കാൻ കഴിവുള്ളവൻ 

(4) ഊന്നുവടിയുടെ സഹായത്തോടെ നിൽക്കാൻ കഴിവുള്ളവൻ 

(5) റുകൂഇന്റെ ആകൃതിയിലേക്ക് അടുത്ത നിലയിൽ നിൽക്കാൻ കഴിവുള്ളവൻ 

(6) പിന്നിലേക്ക് ചാഞ്ഞുനിൽക്കാൻ കഴിവുള്ളവൻ 

(7) മുട്ടുകുത്തി നിൽക്കാൻ കഴിവുള്ളവൻ (തുഹ്ഫ: 2/22 നോക്കുക) 

ഏഴു വയസ്സായാൽ കുട്ടിയോട് നിസ്കാരം കൊണ്ട് കൽപിക്കൽ മാതാവിനും പിതാവിനും നിർബന്ധമാണോ?

മാതാപിതാക്കളുടെ മേലിലുള്ള പ്രസ്തുത നിർബന്ധം കിഫായത്തിന്റെ ബാധ്യതയാണ് രണ്ടിലൊരാൾ കൽപിച്ചാൽ തന്നെ മറ്റെയാളുടെ ബാധ്യത വീടുന്നതാണ് (തുഹ്ഫ: 1/449) 

ഏഴു വയസ്സായ കുട്ടി നിസ്കാരം ഉപേക്ഷിച്ചാൽ അതിനെ ഖളാഅ് വീട്ടൽ കൊണ്ടും കൽപിക്കേണ്ടതുണ്ടോ?

അതേ, നിസ്കാരത്തിന്റെ സമയം തെറ്റിയാൽ ഖളാആയി നിർവഹിക്കാൻ കൽപിക്കലും നിർബന്ധമാകും എന്നുമാത്രമല്ല, നിസ്കാരത്തിന്റെ എല്ലാ നിബന്ധനകളും പ്രത്യക്ഷമാകുന്ന ചിട്ടകളും പാലിച്ചുകൊണ്ട് നിർവഹിക്കാൻ കൽപിക്കലും മാതാപിതാക്കൾക്കും മറ്റും നിർബന്ധമാണ് (തുഹ്ഫ: 1/450) 

നിസ്കാരത്തിൽ റഹ്മത്തിന്റെയും അദാബിന്റെയും ആയത്തോതുമ്പോൾ സുന്നത്തായ ദിക്ർ ഉറക്കെയാണോ പതുക്കെയാണോ ചൊല്ലേണ്ടത്?

ഉറക്കെ ഓതുന്ന നിസ്കാരത്തിൽ ഉറക്കെയാക്കി ചൊല്ലണം (ശർഹു ബാഫള്ൽ: 1/250, അലിയ്യുശ്ശബ്റാ മല്ലിസി: 1/548) 

നിസ്കാരശേഷം നെറ്റി തടവുന്നതിനു അടിസ്ഥാനമുണ്ടോ?

ഉണ്ട് നബി (സ) നിസ്കാരം കഴിഞ്ഞാൽ അവിടുത്തെ വലതു കൈകൊണ്ട് നെറ്റി തടവിയിരുന്നു (അദ്കാർ, പേജ്: 69) 

നിസ്കാരം ഉപേക്ഷിച്ചതിന്റെ പേരിൽ ഭാര്യയെ അടിക്കാമോ?

അവളെ അടിക്കേണ്ട കടമ അവളുടെ മാതാപിതാക്കൾക്കാണ് അവർ ഇല്ലാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ മുറിവാകാത്ത നിലക്ക് ഭാര്യയെ അടിക്കൽ ഭർത്താവിനു നിർബന്ധമാണ് (തുഹ്ഫ: 1/452) 

നിസ്കാരത്തിൽ വിരൽ പൊട്ടിക്കുന്നതിന്റെ വിധിയെന്ത്?

അതു കറാഹത്താണ് (തുഹ്ഫ: 2/163) 

സുനാമി പോലെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന്റെ പേരിൽ നിസ്കാരം സുന്നത്തുണ്ടോ?

അതേ, ആ ദുരിതം കരുതി രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്തുണ്ട് (ശർവാനി: 3/65) 

തനിച്ചു നിസ്കരിക്കുന്നതു പള്ളിയിലാവുന്നതു പുണ്യമാണോ?

അതേ, അഞ്ചു നേരത്തെ ഫർളു നിസ്കാരങ്ങളും ജമാഅത്തു സുന്നത്തുള്ള പെരുന്നാൾ നിസ്കാരാദി സുന്നത്തു നിസ്കാരങ്ങളും പള്ളിയിൽ വെച്ചാവലാണ് ഏറ്റവും ശ്രേഷ്ഠം (തുഹ്ഫ, ശർവാനി: 2/251) 

നിസ്കരിക്കുന്നവന്റെ മുന്നിൽ 'മുസ്വല്ല' വിരിക്കൽ സുന്നത്തുള്ള വേളയിൽ ആകെയുള്ള ടവ്വൽ കൊണ്ട് മുസ്വല്ല വിരിക്കുകയാണോ തല മറക്കുകയാണോ വേണ്ടത്?

ആ ടവ്വൽ കൊണ്ട് 'മുസ്വല്ല' വിരിക്കുകയാണു വേണ്ടത് (ഫതാവൽ കുബ്റ: 1/170 നോക്കുക) 

സുജൂദിൽ മൂക്ക് നിലത്ത് വെക്കുന്നതിന്റെ വിധിയെന്ത്?

സുന്നത്ത്, ഉപേക്ഷിക്കൽ കറാഹത്താണ് (ഇആനത്ത്) 

സുജൂദിന്റെ വേളയിൽ മുട്ടിന്റെ ഭാഗത്ത് ഔറത്ത് വെളിവായാൽ നിസ്കാരം ബാത്വിലാകുമോ?

സുജൂദിന്റെ വേളയിൽ കാലിന്റെ അടിഭാഗത്തിലൂടെ ഔറത്ത് വെളിവായാൽ നിസ്കാരം ബാത്വിലാവില്ല കാരണം, അടിഭാഗം മറയ്ക്കൽ നിർബന്ധമില്ല 

അടിഭാഗം കൂടി മറയുന്ന വസ്ത്രം അണിയൽ നല്ലതാണോ?

അതേ, നല്ലതുതന്നെ നബി (സ) പറയുന്നു: സറാവീൽ ധരിച്ച് നിസ്കരിക്കുന്നവനു ഭൂമി പൊറുക്കലിനെ തേടും (ശർവാനി: 2/117) 

നിസ്കാരത്തിലെ ഫർളുകളുടെ കൂട്ടത്തിൽ ഏറ്റവും മഹത്വമേറിയ ഫർളേത്?

നിൽക്കൽ (ഖിയാം) എന്ന ഫർള് (ജമൽ: 1/338) 

ഏറ്റവും മഹത്വമേറിയ ഫർള് 'ഖിയാം' ആകാൻ കാരണമെന്ത്?

ഏറ്റവും മഹത്വമേറിയ ദിക്റാണ് (ഖുർആൻ) ഖിയാമിൽ ഓതുന്നത് എന്നതുകൊണ്ട് (ജമൽ: 1/338) 

ഫർളുകളിൽ സുജൂദിനു എത്രാം സ്ഥാനമാണുള്ളത്?

രണ്ടാം സ്ഥാനം റുകൂഇനു മൂന്നാം സ്ഥാനം ഉണ്ട് മറ്റു ഫർളുകൾക്കെല്ലാം സമാന പദവിയാണുള്ളത് (ജമൽ: 1/338) 

ഇപ്പോൾ നാലു റക്അത്തുള്ള നിസ്കാരങ്ങളെല്ലാം രണ്ടു റക്അത്തായിട്ടാണോ ആദ്യം നിർബന്ധമാക്കപ്പെട്ടത്?

അതേ, ളുഹ്ർ, അസ്വർ, ഇശാഅ് എന്നിവ രണ്ടു റക്അത്തുകളായിരുന്നു മദീനയിൽ വെച്ചാണ് നാലു റക്അത്തുകളായി നിലവിൽ വന്നത് (ഫത്ഹുൽ ബാരി: 1/464)

ഒരു നിസ്കാരത്തിൽ നബി (സ) രണ്ടു ഖിബ്ലയിലേക്ക് തിരിഞ്ഞു നിസ്കരിച്ചിട്ടുണ്ടല്ലോ ഏതു നിസ്കാരമാണത്?

ളുഹ്ർ നിസ്കാരം പ്രസ്തുത നിസ്കാരം നിർവഹിച്ച മദീനയിലെ പള്ളി 'മസ്ജിദിൽ ഖിബ്ലതൈൻ' എന്ന പേരിൽ പ്രസിദ്ധമാണ് (ഫത്ഹുൽ ബാരി: 2/238) 

കസേരയിലിരുന്നു നിസ്കരിക്കാമോ?

ഒരു നിലയ്ക്കും നിൽക്കാൻ സാധിക്കാത്തവനു കസേരയിൽ ഇരുന്നു നിസ്കരിക്കാം പൂർണ സുജൂദിനു സാധിക്കുന്നവൻ കസേരയിലിരുന്നു ആംഗ്യ സുജൂദ് ചെയ്തു നിസ്കരിച്ചാൽ സാധുവാകില്ല സുജൂദ് ഒഴിവാക്കി എന്നതാണ് നിസ്കാരം ബാത്വിലാവാൻ കാരണം 

റുകൂഇൽ നിന്നു ഇഅ്തിദാലിലേക്ക് ഉയരാൻ സാധിക്കാതിരുന്നാൽ ഇഅ്തിദാൽ ഒഴിവാക്കി സുജൂദിലേക്ക് കുനിയാമോ?

അതേ, ഇഅ്തിദാൽ ഒഴിവാക്കി സുജൂദിലേക്ക് പോകൽ അനുവദനീയമാണ് (അസ്നൽ മത്വാലിബ്: 1/158) 

സുജൂദിലേക്ക് കുനിയുമ്പോൾ നെറ്റി നിലത്തു വെക്കുംമുമ്പ് ബുദ്ധിമുട്ട് നീങ്ങിയാലോ?

അങ്ങനെയെങ്കിൽ ഇഅ്തിദാലിലേക്ക് ഉയരണം ശേഷം സുജൂദ് ചെയ്യണം (അസ്നൽ മത്വാലിബ്: 1/158) 

നെറ്റി ഭൂമിയിൽ വെച്ച ശേഷം ഉയർന്നാലോ?

ഉയരൽ ഹറാമാണ് ഈ നിയമം അറിഞ്ഞു ഉയർന്നാൽ നിസ്കാരം ബാത്വിലാകും (അസ്നൽ മത്വാലിബ്: 1/158) 

സ്വയം സുജൂദ് ചെയ്യാൻ കഴിയില്ല മറ്റൊരാളുടെ സഹായത്തോടെ കഴിയും എന്നാൽ സഹായത്തോടെ സുജൂദ് ചെയ്യൽ നിർബന്ധമാണോ?

അതേ, നിർബന്ധമാണ് (ശർവാനി: 2/73) 

സഹായിയുടെ രീതി റുകൂഇലും ഉണ്ടോ?

അതേ, സ്വയം റുകൂഇനു സാധിക്കാത്തവൻ സഹായി മുഖേന സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യൽ നിർബന്ധമാണ് (നിഹായ: 1/496) 

ഒരാൾക്കു അൽപസമയം (നിയ്യത്ത്, തക്ബീറത്തുൽ ഇഹ്റാം എന്നിവയുടെ സമയം) നിൽക്കാൻ കഴിയും അപ്പോഴേക്കും ക്ഷീണിക്കും ഇരിക്കേണ്ടിവരും എന്നാൽ നിൽക്കാൻ കഴുയുന്ന സമയം നിൽക്കണോ?

അതേ, നിൽക്കൽ നിർബന്ധമാണ് അല്ലെങ്കിൽ നിസ്കാരം സാധുവാകില്ല ഫർളു ഒഴിവാക്കിയെന്നതാണ് നിസ്കാരം സാധുവാകാതിരിക്കാനുള്ള കാരണം 

ഖിബ്ലയിലേക്ക് കാൽ നീട്ടി ഇരുന്നു നിസ്കരിക്കാമല്ലോ അപ്പോൾ ഖിബ്ലയുടെ ഭാഗത്തേക്ക് കാൽ നീട്ടൽ വരില്ലേ?

വരും അതിനു വിരോധമില്ല (ശർഹു ബിദായത്തിൽ ഹിദായ, പേജ്: 41) 

നിന്നു നിസ്കരിച്ചാൽ തലകറക്കം അനുഭവപ്പെടുന്ന കപ്പൽ യാത്രക്കാരനു ഇരുന്നു നിസ്കരിക്കാമോ?

അതേ, ഇരുന്നു നിസ്കരിക്കാം (ഫത്ഹുൽ മുഈൻ, പേജ്: 53) 

നിൽക്കാൻ സാധിക്കും, എന്നാൽ റുകൂഉം സുജൂദും സാധിക്കില്ല അവൻ എന്തു ചെയ്യണം?

നിന്നു നിസ്കരിക്കണം റുകൂഉം സുജൂദും നിർത്തത്തിൽ നിന്നു കഴിവനുസരിച്ച് ആംഗ്യം കാണിച്ചു നിർവഹിക്കണം (തുഹ്ഫ: 2/23, നിഹായത്തുൽ മത്വ് ലബ്: 2/223) 

നിർത്തത്തിൽ നിന്നുള്ള ആംഗ്യ സുജൂദിനു പകരം കസേരയിൽ ഇരുന്നു ആംഗ്യ സുജൂദ് ചെയ്താൽ പറ്റുമോ?

വിരോധമില്ല നിസ്കാരം സാധുവാകും (ഹാശിയത്തു റംലി: 1/146) 

കസേരയിൽ ഇരുന്നു ആംഗ്യ റുകൂഅ് ചെയ്തുകൂടെ?

നിർത്തത്തിൽ നിന്നു റുകൂഅ് ചെയ്യണം അതിനു കഴിയില്ലെങ്കിൽ നിർത്തത്തിൽ നിന്നു ആംഗ്യ റുകൂഅ് ചെയ്യണം (ഹാശിയത്തു റംലി: 1/146) 

നിർത്തത്തിൽ നിന്നു റുകൂഇനു സാധിക്കുന്ന പലരും കസേരയിൽ ഇരുന്നാണല്ലോ റുകൂഅ് ചെയ്യുന്നത്?

അവരുടെ റുകൂഅ് സാധുവല്ല അതിനാൽ നിസ്കാരം ബാത്വിലാണ് 

തലയിണയുടെ മേൽ സുജൂദ് ചെയ്യേണ്ടവരുണ്ടോ?

ഭൂമിയിൽ നെറ്റി വെച്ച് ശരിയായ വിധം സുജൂദ് ചെയ്യാൻ സാധിക്കാത്തവർക്ക് തലയിണ വെച്ച് സുജൂദ് ചെയ്താൽ തൻകീസ് (ചന്തിക്കെട്ട് ഉയരുകയും തലയുടെ ഭാഗം താഴുകയും) ഉണ്ടായാൽ സുജൂദിൽ തലയിണ വെക്കൽ നിർബന്ധമാണ് (മുഗ്നി: 1/170) 

കസേര നിസ്കാരക്കാരിൽ ചിലർ മുന്നിൽ ഒരു സ്റ്റൂൾ വെച്ച് അതിനു മുകളിൽ സുജൂദ് ചെയ്യുന്നു അതിന്റെ ആവശ്യമുണ്ടോ?

തൻകീസ് ഇല്ലാതെ സ്റ്റൂളിൽ സുജൂദ് ചെയ്യേണ്ട ആവശ്യമില്ല മാത്രമല്ല, സ്റ്റൂൾ കാരണം കുനിയൽ കുറഞ്ഞുപോയാൽ നിസ്കാരം സാധുവാകാതെ വരും 

നിൽക്കാൻ സാധിക്കാത്തവൻ ഇരുന്നു നിസ്കരിച്ചാൽ പ്രതിഫലം ചുരുങ്ങുമോ?

ഇല്ല നിൽക്കാൻ സാധിക്കാത്തതുകൊണ്ടാണല്ലോ (തുഹ്ഫ: 2/24) 

സുജൂദിനു വേണ്ടി കസേരയിൽ ഇരിക്കുമ്പോൾ ആംഗ്യ സുജൂദിന്റെ മുമ്പ് ഒരു ഇരുത്തം വരുന്നുണ്ടല്ലോ അതിനു വിരോധമുണ്ടോ?

ഇല്ല സുജൂദിനു മുമ്പ് ഇരുത്തം ബുദ്ധിമുട്ടില്ല (തുഹ്ഫ: 2/152) 

ഖുനൂത്തിൽ 'റബ്ബിഗ്ഫിർ വർഹം വ അൻത ഖൈറുർറാഹിമീൻ' എന്നു പറയൽ സുന്നത്തുണ്ടോ?

ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തിൽ സുന്നത്തില്ല എന്നാൽ പ്രമുഖ ശാഫിഈ പണ്ഡിതർ ഇമാം റൂയാനീ (റ) വിന്റെ വീക്ഷണത്തിൽ സുന്നത്തുണ്ട് (ബിഗ്യ, പേജ്: 47) 

ഖുനൂത്ത് ഒഴിവാക്കിയാൽ സഹ് വിന്റെ സുജൂദ് സുന്നത്തുണ്ടല്ലോ എന്നാൽ 'റബ്ബിഗ്ഫിർ....' എന്ന വാക്യം ഒഴിവാക്കിയാലോ?

ഖുനൂത്തിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാൽ പോലും സഹ് വിന്റെ സുജൂദ് സുന്നത്തുണ്ട് അതേസമയം റബ്ബിഗ്ഫിർ.... ഒഴിവാക്കിയാൽ സുജൂദ് സുന്നത്തില്ല 

ഖുനൂത്തിന്റെ ശേഷം ചൊല്ലുന്ന സ്വലാത്തിന്റെ സ്വീഗ ഭൂതകാല ക്രിയയായിട്ടോ (മാളിയായ ഫിഅ്ല്) കൽപന ക്രിയയായിട്ടോ കൊണ്ടുവരേണ്ടത്?

മാളിയായ ഫിഅ്ല് കൊണ്ടുവരണം സ്വല്ലല്ലാഹു... അതാണു നല്ലത് (നിഹായത്തു സൈൻ, പേജ്: 65) 

ഖുനൂത്തിൽ ഇമാം നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ മഅ്മൂമുകൾ എന്നു ചെയ്യണം?

സ്വലാത്ത് ചൊല്ലുകയും ഇമാമിന്റെ സ്വലാത്തിനു (പ്രാർത്ഥനക്ക് ) ആമീൻ പറയുകയും വേണം അതാണു സുന്നത്ത് (ഇആനത്ത്) 

സുജൂദിന്റെ വേളയിൽ നെറ്റിയിൽ പേപ്പർ ഒട്ടിപ്പിടിച്ചാൽ സുജൂദ് സ്വഹീഹാകുമോ?

ഒന്നാം സുജൂദിൽ നെറ്റിയിൽ വല്ലതും ഒട്ടിപ്പിടിച്ചാലും സുജൂദ് സ്വഹീഹാകും എന്നാൽ രണ്ടാം സുജൂദിലേക്ക് കുനിയുമ്പോൾ ഒട്ടിപ്പിടിച്ചത് മാറ്റേണ്ടതാണ് മാറ്റാതെ ആ 'മറ' യുടെ മേൽ സുജൂദ് ചെയ്താൽ സ്വഹീഹാകില്ല (ഇആനത്ത്: 1/165) 

ഫർളു നിസ്കാരം മടക്കി നിർവഹിക്കൽ (വീണ്ടും നിസ്കരിക്കൽ) സുന്നത്തുണ്ടല്ലോ അതുപോലെ സുന്നത്തു നിസ്കാരം മടക്കി നിർവഹിക്കൽ സുന്നത്തുണ്ടോ?

ജമാഅത്തായി നിർവഹിക്കൽ സുന്നത്തുള്ള സുന്നത്തു നിസ്കാരങ്ങൾ വീണ്ടും ഒരു തവണ നിസ്കരിക്കൽ സുന്നത്തുണ്ട് (തുഹ്ഫ: 2/268)  


ജുമുഅഃ നിസ്കാരം

സ്ത്രീകൾക്ക് ജുമുഅ നിർബന്ധമല്ലല്ലോ എന്നാൽ ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചു ഇനി അവൾ അന്നു ളുഹ്ർ നിസ്കരിക്കണോ?

ജുമുഅഃ നിസ്കരിച്ചവൾ ളുഹ്ർ നിസ്കരിക്കേണ്ടതില്ല ളുഹ്റിന്റെ സ്ഥാനത്ത് ആ നിസ്കരിച്ച ജുമുഅഃ മതി (തുഹ്ഫ: 2/409) 

വെള്ളിയാഴ്ച സ്ത്രീകൾക്കു ളുഹ്ർ നിസ്കരിക്കണമെങ്കിൽ നാട്ടിലെ ജുമുഅഃ കഴിയണോ?

വേണ്ട അതു ചിലരുടെ തെറ്റിദ്ധാരണയാണ് ഏതു ദിവസവും സമയത്തിന്റെ ആദ്യത്തിൽ നിസ്കരിക്കലാണു പൊതുവെ പുണ്യം 

ജുമുഅഃ ജമാഅത്തായി നിർവഹിക്കൽ നിർബന്ധമാണല്ലോ രണ്ടു റക്അത്തിലും ജമാഅത്ത് ശർത്വുണ്ടോ?

ഇല്ല ഒരു റക്അത്തിൽ മാത്രമേ ജമാഅത്ത് നിർബന്ധമുള്ളൂ രണ്ടാം റക്അത്തിൽ ഇമാമിനെ വിട്ടുപിരിഞ്ഞു തനിച്ചു  നിസ്കരിക്കാം 

ജുമുഅഃയിൽ അത്തഹിയ്യാത്തിൽ തുടർന്ന മസ്ബൂഖ് നാലു റക്അത്തു ളുഹ്റാണല്ലോ നിസ്കരിക്കേണ്ടത് അപ്പോൾ നിയ്യത്ത് എങ്ങനെ?

ജുമുഅയുടെ നിയ്യത്തും ളുഹ്ർ നിസ്കാരവും 

ഖുത്വുബ ഓതുമ്പോൾ നിയ്യത്തു വെണോ?

നിയ്യത്തു സുന്നത്തുണ്ട് (ശർഹു ബാഫള്ൽ: 2/24) 

ഇമാമിന്റെ ചാരത്ത് പണ്ഡിതർക്കു നിൽക്കാനായി ഒഴിഞ്ഞു കൊടുക്കാമോ?

ഒഴിഞ്ഞു കൊടുക്കാം (ശർവാനി: 2/473) 

സൂറത്തോതൽ സുന്നത്തുള്ള മഅ്മൂമിനു സജദയുടെ ആയത്ത് ഓതൽ വിരോധമുണ്ടോ?

വിരോധമുണ്ട് കറാഹത്താണ് (തുഹ്ഫ: 2/212) 

ഇരുന്നു ഖുത്വുബ നിർവഹിക്കാമോ?

നിൽക്കാൻ സാധിക്കാത്തവനു ഇരുന്നു ഖുത്വുബ നിർവഹിക്കാം (തുഹ്ഫ: 2/451) 

ഖത്വീബ് ഖുത്വുബയ്ക്കിടയിൽ സജദയുടെ ആയത്ത് ഓതിയാൽ അതു കേട്ടവർക്ക് സുജൂദ് സുന്നത്തുണ്ടോ?

കേട്ടവർക്കും ഖത്വീബിനും സുജൂദ് സുന്നത്തുണ്ട് (തുഹ്ഫ: 2/457) 

ഖത്വീബ് കൈകൊണ്ട്  ആംഗ്യം കാണിക്കുന്നതിന്റെ വിധി?

കറാഹത്ത്  വിവരദോഷികളായ ഖത്വീബുമാരാണത് ചെയ്യുന്നത് (നിഹായ: 2/377) 

പെരുന്നാൾ ഖുത്വുബയിൽ ഒമ്പതും ഏഴും തക്ബീറുകൾ ചേർത്തിയാണോ മുറിച്ചാണോ ചൊല്ലേണ്ടത്?

മറുപടി: മുറിച്ച് മുറിച്ച് ഒരു ശ്വാസത്തിൽ ഒന്ന് എന്ന നിലക്ക് ചൊല്ലണം (നിഹായത്തുസൈൻ) 

പെരുന്നാൾ ഖുത്വുബയിൽ ഒമ്പതും ഏഴും തക്ബീറുകൾക്കു ശേഷം 'ലാഇലാഹ ഇല്ലല്ലാഹു....ഹംദ് ' എന്നു ചൊല്ലൽ സുന്നത്തുണ്ടോ?

ഇല്ല ചൊല്ലിയാൽ ഒന്നാം ഖുത്വുബ 11 തക്ബീർ കൊണ്ടും രണ്ടാം ഖുത്വുബ 9 തക്ബീർ കൊണ്ടും തുടങ്ങലാകുമോയെന്നു ആലോചിക്കണം 

സ്ത്രീ ജുമുഅക്കും ജമാഅത്തിനും പള്ളിയിൽ പോകുന്നതിന്റെ വിധിയെന്ത്?

അടിസ്ഥാന വിധി കറാഹത്താണ് ഫിത്ന ഭയപ്പെടുമ്പോൾ ഹറാമാണ് (തുഹ്ഫ: 2/252) ഇന്നു ഫിത്നയുടെ കാലമാണ് 

ഖത്വീബ് കറുത്ത ഖമീസ് അണിയൽ സുന്നത്തുണ്ടോ?

സുന്നത്തില്ല വെളുത്ത വസ്ത്രം അണിയലാണ് സുന്നത്ത് (തുഹ്ഫ: 3/47, ജമൽ: 2/99) 

തൊപ്പി ധരിക്കലും തലപ്പാവ് ധരിക്കലും ഒരേ പുണ്യമാണോ?

അല്ല തലപ്പാവ് ധരിക്കുന്നതിന്റെ പുണ്യം തല മറയ്ക്കുക എന്ന പുണ്യത്തിൽ കവിഞ്ഞതാണ് ഈ പുണ്യം തൊപ്പി ധരിച്ചാൽ കിട്ടില്ല 

ത്വയ്ലസാൻ എന്നാലെന്ത്?

തലപ്പാവിന്റെ മുകളിൽ തട്ടം ഇട്ടു അതിന്റെ വല്ലത്തെ അഗ്രം തൊണ്ടയുടെ താഴ്ഭാഗത്തിൽ കൂടി പിരടിയിൽ ചുറ്റി രണ്ടു അഗ്രങ്ങളും രണ്ടു ചുമലിൽ താഴ്ത്തിയിടലാണ് സുന്നത്തായ ത്വയ്ലസാൻ (ജമൽ: 2/90) 

കറാഹത്തായ ത്വയ്ലസാൻ ഉണ്ടോ?

ഉണ്ട് തലപ്പാവിന്റെ മുകളിൽ ഇടുന്ന തട്ടത്തിന്റെ രണ്ടു അഗ്രങ്ങൾ കൈകൊണ്ടോ മറ്റോ കൂട്ടി ബന്ധിക്കാതെ ഇരു ഭാഗത്തേക്കായി താഴ്ത്തിയിടുന്നത് കറാഹത്താണ് ഇതിനും ത്വയ്ലസാൻ എന്നു പറയും (ജമൽ: 2/90)

ജുമുഅഃയുടെ ഇഖാമത്തിനു ശേഷം 'അല്ലാഹുമ്മ റബ്ബ ഹാദിഹി...' എന്ന പ്രാർത്ഥന എല്ലാവർക്കും സുന്നത്തുണ്ടോ?

ജുമുഅഃയുടെ ഇമാമിനു സുന്നത്തില്ല (നിഹായത്തുസൈൻ, പേജ്: 96) ഖുത്വുബ കഴിഞ്ഞ ഉടൻ ജുമുഅഃ നിസ്കാരത്തിൽ പ്രവേശിക്കുകയാണ് വേണ്ടത് 

ഖുത്വുബ മാതൃഭാഷയിലാക്കാമോ?

ഖുത്വുബ അറബി ഭാഷയിലാവണം (തുഹ്ഫ: 2/450) മാതൃഭാഷയിൽ നിർവഹിക്കൽ ബിദ്അത്താണ് 

വെള്ളിയാഴ്ചയും സൂറത്തുൽ കഹ്ഫും തമ്മിലുള്ള ബന്ധം?

വെള്ളിയാഴ്ചയാണ് ഖിയാമത്ത് നാൾ ഉണ്ടാവുക സൂറത്തുൽ കഹ്ഫിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് ഖിയാമത്ത് നാളിനെക്കുറിച്ചാണ് (മുഗ്നി: 1/294) 

ഖുത്വുബയിൽ വാൾ പിടിക്കുന്നതിന്റെ യുക്തി?

പരിശുദ്ധ ദീൻ നിലനിൽക്കുന്നതിൽ മുൻഗാമികളായ വീര മുസ്ലിം യോദ്ധാക്കളുടെയും അവരുടെ പ്രധാന ആയുധമായ വാളിന്റെയും സ്വാധീനവും പ്രസക്തിയും ദ്യോതിപ്പിക്കൽ (തുഹ്ഫ: 2/462, നിഹായ: 2/326) 

ഖുത്വുബയോ ജുമുഅ നിസ്കാരമോ ചുരുങ്ങേണ്ടത്?

നിസ്കാരത്തേക്കാൾ ഖുത്വുബ ചുരുങ്ങണം (തുഹ്ഫ: 2/501) 

ചിലർ ഖുത്വുബയിൽ 'അമ്മാബഅ്ദു' എന്നു പറയുന്നതു കേൾക്കാം അതു സുന്നത്തുണ്ടോ?

അതേ സുന്നത്തുണ്ട് (ശർഹു മുസ്ലിം) 



ജമാഅത്ത് നിസ്കാരം

തനിച്ചു നിസ്കരിക്കുന്നതിനേക്കാൾ അമ്പത് ഇരട്ടി പ്രതിഫലമുള്ള സൗഘടിത നിസ്കാരമേത്?

യാത്രക്കാരന്റെ സംഘടിത നിസ്കാരം അവന്റെ ജമാഅത്തു നിസ്കാരത്തിനു തനിച്ചു നിസ്കരിക്കുന്നതിനേക്കാൾ അമ്പതു ഇരട്ടി പ്രതിഫലമുണ്ട് (നിഹായത്തുസ്സൈൻ, പേജ്: 114 നോക്കുക) 

ഇമാം ഇസ്തിറാഹത്തിന്റെ ഇരുത്തം ഒഴിവാക്കിയാൽ മഅ്മൂം ഒഴിവാക്കണോ?

വേണ്ട മഅ്മൂം അതുകൊണ്ടുവരലാണു സുന്നത്ത് 

തുടർച്ചയെ കരുതാതെ മറ്റൊരാളുടെ നിസ്കാരത്തെ  അനുഗമിക്കാമോ?

മനഃപൂർവം അനുഗമിച്ച് അതിനുവേണ്ടി സാധാരണഗതിയിൽ ദീർഘനേരം അവനെ പ്രതീക്ഷിച്ചാൽ നിസ്കാരം ബാത്വിലാകും (തുഹ്ഫ: 2/327) 

സ്ത്രീയുടെ പിന്നിൽ പുരുഷനു തുടരാമോ?

തുടരാവതല്ല സ്ത്രീ ഇമാമത്ത് നിന്നാൽ പുരുഷനോ ആൺകുട്ടികൾ തുടരൽ സ്വഹീഹല്ല 

സ്ത്രീകൾ മാത്രമുള്ള  ജമാഅത്തിനു സ്ത്രീ ഇമാമത്ത് നിൽക്കലോ പുരുഷൻ ഇമാമത്ത് നിൽക്കലോ ശ്രേഷ്ഠം?

പുരുഷൻ ഇമാമത്ത് നിൽക്കലാണ് ഏറ്റവും നല്ലത് (മഹല്ലി: 1/222) 

ആരാണു മസ്ബൂഖ്?

ഇമാമിന്റെ ഖിയാമിലായി മധ്യനിലയിൽ ഫാതിഹ ഓതാൻ സമയം ലഭിക്കാത്തവൻ (ഫത്ഹുൽ മുഈൻ) 

മസ്ബൂഖിനു റക്അത്ത് കിട്ടാൻ എന്താണു വേണ്ടത്?

ഇമാമിന്റെ കൂടെ റുകൂഇൽ അടങ്ങിത്താമസിക്കണം 

ഇമാം ആദ്യത്തെ അത്തഹിയ്യാത്ത് ഉപേക്ഷിച്ചാൽ മഅ്മൂമിനു അതു ഓതാമോ?

ഇമാം ഇഫ്തിറാശിന്റെ ഇരുത്തം ഇരുന്നവനാണെങ്കിൽ മഅ്മൂം അത്തഹിയ്യാത്ത് കൊണ്ടുവന്നാൽ വിരോധമില്ല ഇമാം പ്രസ്തുത ഇരുത്തം ഉപേക്ഷിച്ചവനാണെങ്കിൽ മഅ്മൂം അത്തഹിയ്യാത്തിനു വേണ്ടി ബോധപൂർവം അറിഞ്ഞു കൊണ്ട് ഇരുന്നാൽ അവന്റെ നിസ്കാരം ബാത്വിലാകും (ഫത്ഹുൽ മുഈൻ) 

ഇമാം ഖുനൂത്ത് ഒഴിവാക്കിയാൽ മഅ്മൂമിനു ഖുനൂത്ത് ഓതാമോ?

ഇമാമിന്റെ ഒന്നാം സുജൂദിലോ രണ്ടു സുജൂദിന്റെ ഇടയിലുള്ള ഇരുത്തത്തിലോ അവനോട് യോജിക്കാൻ സാധിക്കുമെങ്കിൽ മഅ്മൂമിനു ഖുനൂത്ത് ഓതാം (ഫത്ഹുൽ മുഈൻ, പേജ്: 124 നോക്കുക) 

ഇമാം ഓത്തിന്റെ സുജൂദ്  ചെയ്തു, എന്നാൽ മഅ്മൂം ചെയ്തില്ല എന്നാൽ നിസ്കാരത്തിന്റെ സ്ഥിതി?

ഇമാമിനോട് പിൻപറ്റണമെന്നു അറിഞ്ഞുകൊണ്ട് ബോധപൂർവം ചെയ്യാതിരുന്നാൽ മഅ്മൂമിന്റെ നിസ്കാരം ബാത്വിലാവും (ഫത്ഹുൽ മുഈൻ, പേജ്: 124) 

കൈയേറിയ ഭൂമിയിൽ നിസ്കരിക്കാമോ?

നിസ്കാരം പ്രതിഫലം കൂടാതെ സാധുവാകുമെങ്കിലും ഹറാമാണ്, കുറ്റകരമാണ് (ഫത്ഹുൽ മുഈൻ, പേജ്: 82) 

ഇമാം തക്ബീറത്തുൽ ഇഹ്റാം ചൊല്ലി  നിസ്കാരത്തിൽ പ്രവേശിച്ച ശേഷം നിയ്യത്തിൽ സംശയം വന്നു അവനെ തുടർന്ന മഅ്മൂമുകൾ അറിയാതെ ഇമാം നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും ആവർത്തിച്ചാൽ മഅ്മൂമുകൾക്ക് ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?

ലഭിക്കും ഇമാമിനു അങ്ങനെ ചെയ്യാവുന്നതാണ് (ചെയ്തേ പറ്റൂ) (ഫത്ഹുൽ മുഈൻ, പേജ്: 129) 

നിസ്കാരത്തിനു ഇമാമത്ത് നിൽക്കുന്ന വിഷയത്തിൽ അറബികൾക്ക്  അവരല്ലാത്തവരേക്കാൾ സ്ഥാനമുണ്ടോ?

ഉണ്ട് അറബുനാട്ടിൽ അനറബികൾ ഇമാമത്ത് നിൽക്കുന്നത് നല്ലതിനു എതിരാണ് (ഖിലാഫുൽ ഔല) അറബികൾ തന്നെ ഇമാമത്ത് നിൽക്കലാണ് ഏറ്റവും ഉത്തമം (ഹാശിയത്തുൽ കുർദി: 2/41) 

നിസ്കാരത്തിൽ നിൽക്കുന്ന വേളയിൽ തല അൽപം താഴ്ത്തി നിൽക്കൽ പുണ്യമാണോ?

അതേ, അതു സുന്നത്താണ് നിർത്തത്തിലും സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണ് പുണ്യം (തുഹ്ഫ: 2/99, ശർവാനി: 2/21) 

ഓതൽ പ്രത്യേകം സുന്നത്തുള്ള സൂറത്തുകൾ ഇമാം ഒഴിവാക്കിയാൽ അതു ജമാഅത്തിൽ നിന്നു വിട്ടുപിരിയാൻ കാരണമാണോ?

സൂറത്ത് ഓഴിവാക്കിയാൽ ഇമാമുമായി വിട്ടുപിരിയാനുള്ള കാരണമാണ് പ്രത്യേക സൂറത്ത് ഒഴിവാക്കിയാൽ ഇമാമുമായി വിട്ടു പിരിയാനുള്ള കാരണമായി ഫുഖഹാഅ് പറഞ്ഞതു കണ്ടിട്ടില്ല (ശർവാനി: 2/358 നോക്കുക) 

കാരണത്തോടെ ഇമാമിനെ വിട്ടുപിരിഞ്ഞാൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?

അതേ, ലഭിക്കുന്നതാണ് 

വിഷം നജസാണല്ലോ അപ്പോൾ വിഷപ്പാമ്പ് നിസ്കാരത്തിൽ കൊത്തിയാൽ നിസ്കാരം ബാത്വിലാവുമോ?

അതേ, ബാത്വിലാവും (തർശീഹ്, പേജ്: 36) 

സംസാരശേഷിയും കേൾവിയും ഇല്ലാത്തവനെ തുടർന്നു നിസ്കരിക്കാമോ?

കേൾവി ഇല്ലാത്തവനെ തുടർന്നു നിസ്കരിക്കാം സംസാരശേഷിയില്ലാത്ത ഊമയെ അവനെ പോലെയുള്ളവർക്ക് തുടർന്നു നിസ്കരിക്കാം ഇതരർക്ക് തുടരാൻ പറ്റില്ല (തുഹ്ഫ: 2/286, ശർവാനി: 2/289) 

സുജൂദിൽ കൂർത്ത കല്ല്  നെറ്റിയിൽ കുത്തി വേദനിച്ചു അപ്പോൾ തല ഉയർത്തി അതു നീക്കി വീണ്ടും സുജൂദ് ചെയ്താൽ രണ്ടു സുജൂദായി പരിഗണിക്കുമോ?

പരിഗണിക്കില്ല വേദനമൂലം തല ഉയർത്തിയത് സുജൂദിൽ നിന്നുള്ള ഉയർച്ചയായി കണക്കാക്കില്ല (തുഹ്ഫ: 2/152) 

സ്വഫ്ഫുകൾ മടമ്പ് ഒപ്പിച്ചു നിൽക്കണമെന്നു പറഞ്ഞ ഗ്രന്ഥമേത്

അങ്ങനെ ഒരു ഗ്രന്ഥത്തിലും പറഞ്ഞത് കണ്ടിട്ടില്ല തോള് തോളോടും പാദം പാദത്തിനോടും ചേർക്കണമെന്നും ഹദീസിലും ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലുമുണ്ട് 

മടമ്പു ഒപ്പിച്ചു നിന്നാൽ പിരടി ഒത്തുവരില്ലേ?

ഒത്തുവരുമെന്നു ശർവാനിയിൽ (2/302) നിന്നു മനസ്സിലാകുന്നുണ്ട് 

നിന്നു നിസ്കരിക്കുന്നവരുടെ കൂട്ടത്തിൽ ഇരുന്നു നിസ്കരിക്കുന്നവൻ സ്വഫ്ഫ് നേരെയാക്കൽ എങ്ങനെ?

ഇരുന്നു നിസ്കരിക്കുന്നവന്റെ തോളുകൊണ്ട് നേരെയാക്കണം ചന്തികൊണ്ടു നേരെയാക്കണമെന്ന് ഫുഖഹാക്കൾ പറഞ്ഞിട്ടില്ല ചന്തി നേരെയാക്കിയാൽ തോള് നേരെയാകും
 
ഇരിക്കുന്നവന്റെ ചന്തിയാണു പരിഗണന എന്നു ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ടല്ലോ?

സ്വഫ്ഫ് നേരെയാക്കുന്ന വിഷയത്തിലല്ല അതു പറഞ്ഞത് പ്രത്യുത, ഇമാമിനേക്കാൾ ഏക മഅ്മൂം മുന്തുന്ന വിഷയത്തിലാണ് പലരും ഇവ്വിഷയത്തിൽ തെറ്റിദ്ധരിച്ചിട്ടുണ്ട് 

ഒരാൾ ഖുനൂത്ത് മറന്നു സുജൂദിലേക്ക് പോയി നെറ്റിവെച്ചു മറ്റു അവയവങ്ങൾ ശരിക്കു വെക്കുംമുമ്പേ ഖുനൂത്ത് ഓതാൻ വേണ്ടി മടങ്ങിയാൽ നിസ്കാരം ബാത്വിലാവുമോ?

ബാത്വിലാവില്ല സുജൂദിൽ വയ്ക്കേണ്ട ഏഴു അവയവങ്ങൾ വെച്ച് സുജൂദിന്റെ രൂപം പൂർത്തിയാവും മുമ്പ് ഖുനൂത്തിലേക്ക് മടങ്ങാവുന്നതാണ് ഈ വേളയിൽ സഹ് വിന്റെ സുജൂദ് സുന്നത്തുണ്ട് (തുഹ്ഫ: 2/185) 

ഏതെങ്കിലും വേളയിൽ ജമാഅത്തു നിസ്കാരത്തിൽ പങ്കെടുക്കൽ ഫർളു ഐനുണ്ടോ?

ജമാഅത്തു നിസ്കാരത്തിൽ പങ്കെടുത്താൽ നിസ്കാരത്തിന്റെ സമയത്തിൽ ഒരു റക്അത്ത് ലഭിക്കും അല്ലെങ്കിൽ ലഭിക്കില്ല എന്ന അവസ്ഥയിലാണെങ്കിൽ ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കൽ ഫർളു ഐൻ (വ്യക്തിപരമായ നിർബന്ധം) ആണെന്നു ഇമാം അസ്നവി (റ) പ്രസ്താവിച്ചിട്ടുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 19) 

ഇമാമിന്റെ പിന്നിലോ വലതു ഭാഗത്തോ കൂടുതൽ പുണ്യമുള്ളത്?

ഇമാമിന്റെ നേരെ പിൻഭാഗമാണ് വലതു ഭാഗത്തേക്കാൾ പുണ്യം (തർശീഹ്, പേജ്: 109) 

ഇസ്ലാമിൽ നിന്നു പുറത്തുപോകാത്ത പുത്തൻവാദിയെ തുടർന്നു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്?

ശക്തമായ കറാഹത്ത് (തുഹ്ഫ: 2/294) 

ഫാസിഖിനെ തുടരലോ?

കറാഹത്ത് (തുഹ്ഫ: 2/294) 

സദ് വൃത്തരും പണ്ഡിതരും പുത്തൻവാദികളെ തുടർന്നു നിസ്കരിക്കൽ ഹറാമാണോ?

ഇമാം ബർമാവി (റ), ഇമാം അദ്റാഈ (റ) തുടങ്ങിയവരുടെ വീക്ഷണത്തിൽ ഹറാമാണ് (ശർവാനി: 2/294, ശർഹു ബാഫളൽ: 2/4) 

അത്തഹിയ്യാത്ത്, റുകൂഅ് പോലെയുള്ളതിലെ ദിക്റ് ചിലർ ഉറക്കെയാക്കുന്നതു കേൾക്കാം അതിന്റെ വിധി?

ഉറക്കെയാക്കൽ കറാഹത്താണ് (ശർഹു ബാഫളൽ: 1/260) 

പതുക്കെ ഓതുന്ന നിസ്കാരത്തിലും ഇമാമിനു ഓത്തിന്റെ സുജൂദ് സുന്നത്തുണ്ടല്ലോ ആ സുജൂദ് നിസ്കാരത്തിന്റെ അവസാനത്തേക്ക് പിന്തിക്കാൻ പറ്റുമോ?

പറ്റും മാത്രമല്ല, അങ്ങനെ പിന്തിക്കൽ ഇമാമിനു സുന്നത്താണ് (തുഹ്ഫ: 2/214) മഅ്മൂം തെറ്റിദ്ധരിക്കാതിരിക്കാൻ ഇതു നല്ലതാണ് 

ജമാഅത്തു നിസ്കാരത്തിനു 27 ഇരട്ടിയെന്നും 25 ഇരട്ടിയെന്നും പ്രതിഫലത്തെ കുറിച്ചു കാണുന്നുണ്ടല്ലോ അതു രണ്ടും വൈരുദ്ധമല്ലേ?

അല്ല ഇരുപത്തി ഏഴ് ഉറക്കെയോതുന്ന നിസ്കാരത്തിലാണെന്നും ഇരപത്തി അഞ്ച് ഇരട്ടി പ്രതിഫലം പതുക്കെ ഓതുന്ന നിസ്കാരത്തിലാണെന്നും ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) സംയോജിപ്പിച്ചിട്ടുണ്ട് ആദ്യം 25 ഇരട്ടിയെന്നും പിന്നെ ഇരട്ടിയെന്നും അല്ലാഹു നബി (സ) ക്ക് അറിയിച്ചു കൊടുത്തു അതു നബി (സ) അനുയായികളെ അറിയിച്ചു ഇതാണു ഇമാം നവവി (റ) പറഞ്ഞത് (മിർഖാത്: 2/66) 

ജമാഅത്തു നിസ്കാരം ശൻആക്കപ്പെട്ടതിന്റെ യുക്തി?

മഹല്ലു നിവാസികൾ അഞ്ചു നേരം പള്ളിയിൽ ഒരുമിച്ചുകൂടി സൗഹാർദം പുതുക്കുക, വിവരമില്ലാത്തവർ വിവരമുള്ളവരിൽ നിന്നു പഠിക്കുക, ജമാഅത്തിൽ പങ്കെടുക്കുന്ന ഉന്നത വ്യക്തികളുടെ ബറകത്തുകൊണ്ട് ന്യൂനതയുള്ള നിസ്കാരം സ്വീകരിക്കപ്പെടുക എന്നിവയാണത് (ഇആനത്ത്: 2/2 നോക്കുക) 

പിന്തിത്തുടർന്നവൻ (മസ്ബൂഖ്) ഇമാം സലാം വീട്ടിയ ഉടനെ എഴുന്നേൽക്കുന്ന സന്ദർഭത്തിൽ തക്ബീർ ചൊല്ലേണ്ടതുണ്ടോ?

മസ്ബൂഖ് ഇരിക്കേണ്ട സ്ഥാനത്താണ് (ഉദാ: മസ്ബൂഖിനെ ആദ്യത്തെ അത്തഹിയ്യാത്താവുക) ഇമാമിന്റെ കൂടെ ഇരുന്നതെങ്കിൽ എഴുന്നേൽക്കുന്ന വേളയിൽ തക്ബീർ ചൊല്ലണം അല്ലെങ്കിൽ ചൊല്ലൽ സുന്നത്തില്ല (ഫത്ഹുൽ മുഈൻ)

ഇമാമിന്റെ ആദ്യത്തെ അത്തഹിയ്യാത്തിൽ കൂടെ ഇരുന്ന മസ്ബൂക്ക് ഇമാമിന്റെ കൂടെ ഖിയാമിലേക്ക് ഉയരുമ്പോൾ തക്ബീർ ചൊല്ലണോ?

അതേ, തക്ബീർ ചൊല്ലൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 119 നോക്കുക) 

ആദ്യത്തെ അത്തഹിയ്യാത്തിൽ നിന്നു ഇമാം മൂന്നാം റക്അത്തിലേക്ക് ഉയരുമ്പോൾ ഇരു കൈയ്യും ചുമലുകൾക്കു നേരെ ഉയർത്തൽ സുന്നത്തുണ്ടല്ലോ മസ്ബൂക്കിനു സുന്നത്തുണ്ടോ?

അതേ, ഇമാമിനോട് പിൻപറ്റി ഇരുകൈയ്യും ഉയർത്തൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 120) 

ഒരു കാരണവും കൂടാതെ ഇമാമിനെ വിട്ടുപിരിയാമോ?

അതേ, അതു കറാഹത്തോടെ അനുവദനീയമാണ് ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 116) 

തനിച്ചു നിസ്കരിക്കുന്നവനു തന്റെ നിസ്കാരത്തിന്റെ ഇടയിൽ ഒരാളെ ഇമാമാക്കാമോ?

അങ്ങനെ തുടൽ അനുവദനീയമാണ് എന്നാൽ അതു ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്ന കറാഹത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 116) 

ഇമാം സലാം വീട്ടുന്നതിന്റെ അൽപം മുമ്പ് മുമ്പ് തുടർന്നാലും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?

അതേ, ലഭിക്കും ആദ്യമേ തുടർന്നവന്റെ പുണ്യം ലഭിക്കില്ല (ഫത്ഹുൽ മുഈൻ, പേജ്: 116) 

സ്ത്രീകൾക്ക് ഒരു സ്ത്രീ തന്നെ ഇമാമത്ത്  നിൽക്കുകയാണെങ്കിൽ ആ ഇമാം എവിടെ നിൽക്കണം?

ഒന്നാമത്തെ സ്വഫ്ഫിൽ മഅ്മൂമുകൾക്കിടയിൽ നിൽക്കണം പുരുഷ ഇമാമിനെപ്പോലെ മുന്തിനിൽക്കരുത് അതു കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുന്നതുമാണ് എന്നാൽ ഇമാമിനെ മഅ്മൂമുകളിൽ നിന്നു വേർതിരിച്ചു മനസ്സിലാക്കാൻ വേണ്ടി ഒരൽപം കയറിനിൽക്കാം (ശർവാനി: 2/310) 

ഇമാമും മഅ്മൂമും പള്ളിയിലാണെങ്കിൽ മഅ്മൂമിന്റെ മുന്നിൽ ഇമാമിലേക്ക് ചെന്നു ചേരാൻ പറ്റുന്ന വഴി വേണോ?

രണ്ടുപേരും പള്ളിയിലാവുമ്പോൾ പ്രസ്തുത നിബന്ധനയില്ല വഴി പിന്നിലായാലും മതി 

പള്ളിയല്ലാത്ത സ്ഥലത്ത് ജമാഅത്ത് സംഘടിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ?

മൂന്നു കാര്യം ശ്രദ്ധിക്കണം 

(1) ഖിബ്ലയെ പിന്നിലാക്കാത്ത വിധം ഇമാമിലേക്ക് ചെന്നുചേരൽ പറ്റുന്ന വഴി മഅ്മൂമിന്റെ മുന്നിലുണ്ടാകണം 

(2) സാധാരണ നിലയിൽ ഇമാമിലേക്ക് ചെന്നുചേരാൻ സാധിക്കുന്ന വഴിയിലൂടെ തന്നെ ഇമാമിനെയോ അവന്റെ റൂമിലുള്ള മഅ്മൂമിനെയോ കാണാൻ കഴിയണം ജനലിലൂടെ കണ്ടതുകൊണ്ട്  പ്രയോജനമില്ല 

(3) ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയിൽ മുന്നൂറ് മുഴത്തിനേക്കാൾ അകലമില്ലാതിരിക്കണം (തുഹ്ഫ: 2/320) 

റമളാനിൽ വീടുകളിൽ വെച്ച് തറാവീഹ് ജമാഅത്തായി സംഘടിപ്പിക്കുമ്പോൾ പുരുഷ ഇമാമിന്റെയും മഅ്മൂമുകളായ  സ്ത്രീകളുടെയും ഇടയിൽ ഒരു വിരികൊണ്ടു മറച്ചാലോ?

മറച്ചാൽ തുടർച്ച സ്വഹീഹാവില്ല ഇമാമിലേക്കു ചെന്നുചേരാൻ പറ്റുന്ന ഒരു വഴി മറക്കാതെ ഒഴിച്ചിടണം അതില്ലാതെ മൊത്തം വിരി തൂക്കിയിട്ടാൽ തുടർച്ച സാധുവാകില്ല (ഫത്ഹുൽ മുഈൻ, പേജ്: 123) 

പുരുഷ ഇമാമിന്റെ പിന്നിൽ തുടർന്നു നിസ്കരിക്കുന്ന സ്ത്രീകൾ മൂന്നു മുഴത്തിനേക്കാൾ കൂടുതൽ പിന്തി നിന്നാൽ പ്രശ്നമുണ്ടോ?

ഇല്ല മൂന്നു മുഴത്തിനേക്കാൾ പിന്തിനിൽക്കലാണു അവർക്കു  സുന്നത്ത് ഇമാമിന്റെയും മഅ്മൂമുകൾക്കും ഇടയിൽ മൂന്നു മുഴത്തിനേക്കാൾ കൂടുതൽ അകൽച്ച ഉണ്ടാകരുതെന്ന നിയമം പുരുഷന്റെ പിന്നിൽ തുടരുന്ന സ്ത്രീകൾക്കു ബാധകമല്ല (ഫതാവൽ കുബ്റാ: 2/215)

ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തു ചെയ്താൽ നിസ്കാരം മുഴുവനത്തിലും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുമോ?

ഇല്ല ഏതൊരു ഭാഗത്താണോ പ്രസ്തുത കറാഹത്ത് സംഭവിച്ചത് ആ ഭാഗത്തുള്ള ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലം മാത്രമാണ് നഷ്ടപ്പെടുക(ഇആനത്ത്: 2/39) 

കാലു മുറിഞ്ഞ വികലഹസ്തൻ കാലിനു പകരമുള്ള കുത്തിപ്പിടിച്ച വടിയാണോ സ്വഫ്ഫിൽ നേരെ വെക്കേണ്ടത്?

അതേ, മറ്റുള്ളവരുടെ തോളുകൾക്ക് നേരെയായി പ്രസ്തുത ഊന്നുവടി വെക്കണം (ബുജൈരിമി: 2/117) 

സ്വഫ്ഫുകൾ തോളുകൾ ഒപ്പിച്ചു നിൽക്കാതിരുന്നാൽ ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുമോ?

പുണ്യം  നഷ്ടപ്പെടുമെന്നാണ് ഇമാം ഇബ്നു ഹജർ (റ) വിന്റെ വീക്ഷണം ഇമാം റംലി (റ) ഇതിനോട് വിയോജിച്ചിട്ടുണ്ട് (ഇസ്മുദുൽ ഐനയ്നി, പേജ്: 203) 

സ്വഫ്ഫ് നേരെയാക്കൽ കൊണ്ടു കൽപിക്കൽ ഇമാമിനു എല്ലാ നിസ്കാരത്തിലും സുന്നത്തുണ്ടോ?

ജുമുഅ അല്ലാത്ത നിസ്കാരങ്ങളിൽ സുന്നത്തുണ്ട് (ഖൽയൂബി: 1/130, തുഹ്ഫ: 1/476) 

ഇമാമിനെ നടുവിലാക്കണോ?

ഇമാമിന്റെ രണ്ടു ഭാഗത്തും നിന്നുകൊണ്ട് ഇമാമിനെ നടുവിലാക്കൽ മഅ്മൂമുകൾക്ക് സുന്നത്താണ് (തർശീഹ്, ശർവാനി: 2/308) 

പഴയ പള്ളിയുടെ തെക്കും വടക്കും പുതുതായി ഉണ്ടാക്കിയ സ്ഥലത്ത് പള്ളിയിലെ ഒന്നാം സ്വഫ്ഫിനു നേരെ സ്വഫ്ഫ് കെട്ടാമോ?

അതേ, അവർക്കു ഒന്നാം സ്വഫ്ഫിന്റെ പ്രതിഫലവും കിട്ടും പ്രസ്തുത സ്ഥലം പള്ളിയിലാണെങ്കിലും അല്ലെങ്കിലും ഇതു തന്നെ മസ്അല (തുഹ്ഫ, ശർവാനി: 2/321) 

പഴയ പള്ളിയിലെ രണ്ടാം സ്വഫ്ഫിൽ നിൽക്കലോ പള്ളിയല്ലാത്ത വരാന്തയിൽ ഒന്നാം സ്വഫ്ഫിൽ നിൽക്കലോ കൂടുതൽ പുണ്യം?

ഒന്നാം സ്വഫ്ഫിൽ നിൽക്കലാണു ഏറ്റവും ശ്രേഷ്ഠം (തുഹ്ഫ: 2/308) 

പള്ളിയുടെ വരാന്തയിൽ ഒന്നാം സ്വഫ്ഫിൽ നിന്നാൽ ഇമാം നിൽക്കുന്ന അകത്തേ പള്ളിയിലേക്കുള്ള വാതിൽ പിന്നിലാകുമെങ്കിലോ?

വരാന്ത പള്ളിയാണെങ്കിൽ വാതിൽ പിന്നിലായാലും കുഴപ്പമില്ല പള്ളിയായി വഖ്ഫ് ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത വരാന്തയിൽ ഒന്നാം സ്വഫ്ഫിൽ നിൽക്കരുത് വഴി മുന്നിലാകും വിധം വാതിലിനു പിന്നിൽ നിൽക്കണം (ഫത്ഹുർ മുഈൻ) 

ഒരേ സമയം രണ്ടു ജമാഅത്തു നടത്താമോ?

ജനങ്ങൾ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്ന പള്ളിയിൽ (മത്വ് റൂഖ്) ഔദ്യോഗിക ഇമാം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജമാഅത്തിന്റെ മുമ്പും പിമ്പും മറ്റൊരു ജമാഅത്ത് നടത്തൽ അനുവദനീയമാണ് രണ്ടു ജമാഅത്ത് ഒരുമിച്ചും നടത്താവുന്നതാണ് (നിഹായ) ഫിത്നയുടെ ലക്ഷ്യത്തോടെയാവരുത് 

നമ്മുടെ നാട്ടിലെ പള്ളികളിൽ നിസ്കാരത്തിനു നേതൃത്വം നൽകുന്നവർ വലിയ സൂറത്തുകൾ ഓതാമോ?

മത്വ് റൂഖായ പള്ളികളാണ് നമ്മുടെ നാടുകളിലുള്ളത് അതായത്, ജനങ്ങൾ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്ന, ഒറ്റക്കായിട്ടാണെങ്കിലും പലതവണ നിസ്കാരം നടക്കുന്ന പള്ളികൾ ഇത്തരം പള്ളികളിലെ ഇമാം വള്ളൂഹാ സൂറത്തിനു മുകളിലുള്ള വലിയ സൂറത്തുകൾ (പ്രത്യേകം ഓതാൻ നിർദേശിച്ച സൂറത്തുകൾ ഒഴികെ) ഓതൽ കറാഹത്താണ് അത്തരം ഇമാമിനെ വിട്ടുപിരിയാൻ മഅ്മൂമിനു അനുവദനീയമാണ് വിട്ടുപിരിഞ്ഞാലും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടില്ല (ശർഹു ബാഫള്ൽ: 1/150, ശർവാനി: 2/55)

മത്വ് റൂഖല്ലാത്ത പള്ളിയുടെ വിവക്ഷ?

ജമാഅത്തു നിസ്കാരത്തിനു മാത്രം ആദ്യ സമയത്ത് പള്ളി തുറക്കുകയും ഒരു തവണ ജമാഅത്ത് കഴിഞ്ഞാൽ ഉടനെ അടയ്ക്കുകയും ശേഷം അടുത്ത നിസ്കാരത്തിന്റെ സമയത്തു തുറക്കുകയും ചെയ്യുന്ന പള്ളികളാണ് ഗയ്റു മത്വ് റൂഖ് (മത്വ് റൂഖല്ലാത്ത പള്ളികൾ) ഖൽയൂബി: 1/226) 

ഇമാം മഅ്മൂമിൽ ഒരാൾ ഉയർന്ന സ്ഥലത്തും മറ്റെയാൾ താഴ്ചയുള്ള സ്ഥലത്തും നിൽക്കാമോ?

ആവശ്യം കൂടാതെ അങ്ങനെ നിൽക്കൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന കറാഹത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 116) 

ശനിയാഴ്ച രാവിൽ മഗ്രിബിനു സൂറത്തുൽ ഫലഖും സൂറത്തുന്നാസും പലരും ഓതുന്നതും കേൾക്കാം അങ്ങനെ സുന്നത്തുണ്ടോ?

അതേ, ശൈഖ് മഖ്ദൂം (റ) ഇർശാദിൽ അക്കാര്യം പറഞ്ഞിട്ടുണ്ട് 

തറാവീഹിനു പ്രായം തികയാത്ത ഹാഫിളുകളെ ഇമാമത്ത് നിർത്താമോ?

പ്രായം തികയാത്ത കുട്ടികളെ തുടർന്നു നിസ്കരിക്കൽ കറാഹത്താണ് (തുഹ്ഫ: 2/288) 

ചില പള്ളികളിൽ മിമ്പർ, തൂൺ എന്നിവകൊണ്ട് ഒന്നാം സ്വഫ്ഫ് മുറിയുന്നു മുറിഞ്ഞാൽ അതു ഒന്നാം സ്വഫ്ഫായി പരിഗണിക്കുമോ?

പരിഗണിക്കും (ഫത്ഹുൽ മുഈൻ, പേജ്: 121, തുഹ്ഫ: 2/308) 


അലി അഷ്‌കർ : 95267 65555

No comments:

Post a Comment