Wednesday 7 August 2019

അറഫാ ദിനം അഥവാ ദുൽ ഹജ്ജ് ഒമ്പത്





ഹജ്ജിന്റെ ദിന രാത്രങ്ങളിൽ ഏറ്റവും പുണ്ണ്യമേറിയ ദിനമാണ് ദുൽ ഹജ്ജ് ഒമ്പത് അഥവാ അറഫാ ദിനം.

മുഹമ്മദ് നബി (സ) വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജതുൽ വദാ നിർവഹിച്ച് ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്‌റ വർഷം10-നു വെള്ളിയാഴ്ച ഇതേ ദിവസമായിരുന്നു.

റമദാൻ മാസം കഴിഞ്ഞ് ഏകദേശം 70 ദിവസങ്ങൾക്ക് ശേഷമാണിത്. ഹജ്ജ് കർമ്മത്തിന്റെ രണ്ടാമത്തെ ദിവസമാണ് അറഫാദിനം. ഇതിനടുത്ത ദിവസം (ദുൽഹജ്ജ് 10) ബലിപെരുന്നാൾ അതായത് ഈദുൽ അദ്‌ഹ കടന്നു വരുന്നു.

അറഫ എന്ന പദത്തിനര്‍ഥം ഗ്രഹിക്കുക, തിരിച്ചറിയുക എന്നിവയാണ്.തന്‍െറ അസ്തിത്വത്തെ സംബന്ധിച്ച് തീര്‍ഥാടകര്‍ തിരിച്ചറിവുനേടുന്ന ഇടമാണത്. താന്‍ ഭൂമിയില്‍ ആരാണ്. എവിടെനിന്നു വന്നു, എങ്ങോട്ടുപോകുന്നു, ഭൂമിയില്‍ എന്താണ് പ്രവര്‍ത്തിക്കേണ്ടത് എന്ന തിരിച്ചറിവ് ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുത്ത് പ്രതിജ്ഞ പുതുക്കുകയാണ് ഹാജിമാര്‍ അറഫയില്‍.

മനുഷ്യജീവിതത്തിന്‍െറ യാഥാര്‍ഥ്യം എന്താണെന്ന് ഗ്രഹിക്കാന്‍ സഹായിക്കുന്ന കര്‍മമാണ് ഹജ്ജ് എന്ന ബോധ്യവും അറഫാസംഗമം തീര്‍ഥാടകന് പകര്‍ന്നുനല്‍കുന്നു. തന്‍െറ ദേശവും ഭാഷയും സംസ്കാരവും പദവിയും പ്രകടിപ്പിക്കുന്ന എല്ലാ വസ്ത്രാലങ്കാരങ്ങളും ഹജ്ജ് യാത്രയിലെ ഇടത്താവളത്തില്‍ അഴിച്ചുവെച്ച് രണ്ടു തൂവെള്ളത്തുണികള്‍മാത്രം ധരിച്ച് തീര്‍ഥാടകര്‍ ഹജ്ജിലേക്കു പ്രവേശിക്കുന്നതാണ് ഹജ്ജിന്‍െറ പ്രഥമഘട്ടം .

എല്ലാത്തരം ആഢ്യത്തങ്ങളും തന്നില്‍നിന്ന് കുടഞ്ഞെറിഞ്ഞ് മാനവിക സാഹോദര്യത്തില്‍ വിനയാന്വിതനായി അലിഞ്ഞുചേരുകയാണ് അപ്പോള്‍ ഹാജി. ഒപ്പം മരിക്കുമ്പോള്‍ തന്നെ പുതപ്പിക്കുന്ന കഫന്‍പുടവ സ്വയംശരീരത്തില്‍ എടുത്തണിഞ്ഞുള്ള സഞ്ചാരവുമാണത്. ഹജ്ജ് നാളുകളില്‍ മിനായിലെ അധികം സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ തമ്പുകളിലാണ് തീര്‍ഥാടകര്‍ കഴിച്ചുകൂട്ടുന്നത്. മരണാനന്തരമുള്ള ഖബ്ര്‍ ജീവിതത്തെയുമാണ് ആ ഇടുങ്ങിയ അറഫാ പ്രഭാഷണം.


അറഫാ പ്രഭാഷണം

ഹിജ്‌റ പത്താമത്തെ വർ‌‍ഷം അറഫയിൽ ഹജ്ജിനോടനുബന്ധിച്ച് നടന്ന പ്രഭാഷണം നബിയുടെ (സ) അവസാനത്തെ പ്രസംഗമായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായും ഈ പ്രഭാഷണത്തെ കണക്കാക്കുന്നു.

അവസാന പ്രസംഗത്തിൽ നിന്ന്...

ഇതിനെകുറിച്ച് വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ്‌ താഴെ കൊടുക്കുന്നത്‌. 

"മനുഷ്യരേ, ഇത്‌ സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷംഈ സ്ഥാനത്ത്‌ വെച്ച്‌ ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന്‌ അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ്‌ കല്‍പ്പിക്കേണ്ടതാണ്‌." 

"നിങ്ങളുടെ കൈവശം ആരുടെയെങ്കിലും സൂക്ഷിപ്പ്‌ സ്വത്തുകള് (അമാനത്തുക‍ള്‍) ഉണ്ടെങ്കില്‍ അത്‌ കൊടുത്തുവീട്ടുക.ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്ക്‌ അവകാശപ്പെടുന്നില്ല. ഒരാളും അക്രമിക്കപ്പെടരുതല്ലോ, എന്റെ പിതൃവ്യന്‍ അബ്ബാസ്‌(റ)വിന്‌ കിട്ടേണ്ടതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു." 

"എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിപ്പിച്ചിരിക്കുന്നു. ഓന്നാമതായി അബ്ദുല്‍ മുത്തലിബിന്റെ മകന്‍ ഹാരിഥിന്റെ മകന്‍ റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു." 

"ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച്‌ ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന്‍ നിരാശനായിരിക്കുന്നു; എന്നാല്‍ ആരാധനയല്ലാതെ നീചപ്രവര്‍ത്തനങ്ങളാല്‍ അവന്‍ അനുസരിക്കപ്പെടുന്നതില്‍ അവന്‍ തൃപ്തിയടയും. പിശാചിന്‌ ആരാധനയുണ്ടാവുകയില്ല, എന്നാല്‍ അനുസരണം ഉണ്ടാവും." 

"ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്‌. എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്ക്്‌ ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത്‌ അവര്‍ക്ക്‌ നിങ്ങളോടുള്ള കടമയാണ്‌. നിങ്ങള്‍ അവരോട്‌ മാന്യമായി പെരുമാറുക. അവര്‍ക്ക്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ മാന്യമായി നിങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുക." 

"ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക്‌ എത്തിച്ചു തന്നിരിക്കുന്നു. രണ്ട്‌ കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അത്‌ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകുകയില്ല; അത്‌ അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണ്‌."

"ജനങ്ങളേ, എനിക്ക്‌ ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്‍ക്ക്‌ ശേഷം ഒരു സമുദായവുമില്ല. നിങ്ങല്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക, അഞ്ച്‌ സമയം നമസ്കരിക്കുക, റമദാനില്‍ നോമ്പ്‌ അനുഷ്ഠിക്കുക, സകാത്ത്‌ നല്‍കുക, ഹജ്ജ്‌ നിര്‍വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക്്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം." 
"ജനങ്ങളേ, എന്നെ സംബന്ധിച്ച്‌ നിങ്ങളോട്‌ ചോദിക്കും അന്ന്‌ നിങ്ങളെന്തായിരിക്കും മറുപടി പറയുക?" 'താങ്കള്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വഹിച്ചു, എന്ന്‌ ഞങ്ങള്‍ പറയും' എന്ന്‌ അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടു വിരല്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തി "അല്ലാഹുവേ, നീ ഇതിന്‌ സാക്ഷി . . . നീ ഇതിന്‌ സാക്ഷി . . ." എന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞു.

"ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്‌. എല്ലാവരും ആദമില്‍ നിന്ന്‌, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭക്തിയുള്ളവനാണ്‌. അറബിക്ക്‌ അനറബിയേക്കാള്‍ തഖ്‌വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല." 

"ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക്‌ ഇത്‌ എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം." നബി(സ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു: "ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു"(സൂറ: മാഇദ:3)


അറഫ ദിനവും അറഫ നോമ്പും

അറഫ ദിനത്തില്‍, ഹജ്ജിനെത്തിയവരല്ലാത്ത എല്ലാവര്‍ക്കും നോമ്പ് സുന്നതാണ്. സുന്നതായ നോമ്പുകളില്‍ ഏറെ ശ്രേഷ്ടമായതുമാണ് അറഫ നോമ്പ്. മുമ്പുള്ള ഒരു വര്‍ഷത്തെയും ശേഷമുള്ള ഒരു വര്‍ഷത്തെയും ദോഷങ്ങള്‍ പൊറുക്കാന്‍ അറഫാ നോമ്പ് കാരണമാവുമെന്ന് ഹദീസുകളില്‍ വന്നതായി കാണാം. ഇതിന്‍റെ വിശദീകരണത്തില്‍ അറഫ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ അടുത്ത ഒരു വര്‍ഷത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടുമെന്ന് കൂടി പണ്ഡിതര്‍ പറഞ്ഞതായി കാണാം.

പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നരകത്തില്‍ നിന്നും അല്ലാഹു മോചിപ്പിക്കുക എന്നും അതുപോലെ അല്ലാഹു തന്‍റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീസുകളില്‍ കാണാവുന്നതാണ്.

ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.


പ്രവാചകന്‍ പറഞ്ഞതിന്റെ അര്‍ഥമിങ്ങനെ: ”കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളെ മായ്ച്ചുകളയുന്ന പ്രായശ്ചിത്തമാണ് അറഫയുടെ ദിവസത്തിലെ നോമ്പ്.” (മുസ്‌ലിം റഹ്). 

മറ്റൊരിക്കല്‍ അവിടുന്ന് ഇങ്ങനെ അറിയിച്ചു: ”ഏറ്റവും മികച്ച പ്രര്‍ഥന അറഫ ദിവസത്തിലെ പ്രാര്‍ഥനയാണ്.” (തിര്‍മിദി റഹ് ).

അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം. നബി (സ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും. (മുസ്ലിം റഹ് 2/819)

നബി (സ) പറഞ്ഞു: അഞ്ചു രാവുകളെ ആരെങ്കിലും ആരാധനകൾകൊണ്ട് സജീവമാക്കിയാൽ സ്വർഗം അയാൾക്ക് നിർബന്ധമായി അഥവാ തർവിയ്യത്തിന്റെ രാവ് (ദുൽഹിജ്ജ എട്ട്) ,അറഫ ദിനം, ബലിപെരുന്നാൾ ,ചെറിയ പെരുന്നാൾ സുദിനങ്ങൾ ,ശഹ്ബാൻ പകുതിയുടെ രാവ് എന്നിവ

അബൂഉമാമ (റ)യെ ഉദ്ധരിച്ച് ഇബ്നുമാജ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഇങ്ങനെ: നബി (സ) പറഞ്ഞു; രണ്ട് പെരുന്നാൾ രാവുകളിൽ ആരെങ്കിലും പ്രതിഫലം മോഹിച്ചു നിസ്കരിച്ചാൽ മനസ്സുകൾ മരവിക്കുന്ന ദിവസം അയാളുടെ ഹൃദയം മരിക്കില്ല 


നിയ്യത്തിന്റെ സമയം:

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകും.

ഇതിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്ന ഹദീസ് ആയിശ (റ) യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്നതാണ്. ഒരു ദിനം റസൂലുല്ലാഹി (സ) എന്നെ സമീപിച്ച് വല്ലതും ‘ഭക്ഷിക്കാനുണ്ടോ എന്ന് അന്വേഷിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന് പ്രസ്താവിച്ചു.

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന് പ്രത്യേകം നിയ്യത്തില്‍ നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബല മതം.


അറഫയില്‍ ഹാജിമാര്‍ നോമ്പനുഷ്ഠിക്കുന്ന സമയത്തല്ലേ നമ്മള്‍ കേരളത്തില്‍ നോമ്പ് പിടിക്കേണ്ടത് ?


അത് ശരിയല്ല. കേരളത്തില്‍ ആയാലും ലോകത്തിന്റെ ഏതു ഭാഗത്ത്‌ താമസിക്കുന്നവര്‍ ആയാലും ആ പ്രദേശത്തെ ദുല്‍ ഹജ്ജ്‌ ഒമ്പതിന് ആണ് അറഫ നോമ്പ് നോല്‍കേണ്ടത്.

ഈ അടുത്ത കാലത്ത് ചില വിവര ദോഷികള്‍ "ഹാജിമാര്‍ അറഫയില്‍ നോമ്പ് പിടിക്കുന്ന സമയത്ത് ആണ് അവരോടുള്ള  ഐക്യദാർഢ്യ സൂചകമായി ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നുള്ളവരായാലും നോമ്പ് എടുക്കേണ്ടത്‌" എന്ന് വിഡ്ഢിത്തം പറയാറുണ്ട്. ഇസ്ലാമിക പ്രമാനങ്ങളിലെ അറിവില്ലായ്മയും ഭൂമിയുടെ ഘടനയെ കുറിച്ചുള്ള അറിവില്ലായ്മയും ഒരുമിച്ചു കൂടുമ്പോഴോ അല്ലെങ്കില്‍ ബിദ്അത് പ്രസ്ഥാനങ്ങളില്‍ പെട്ട് പോയവരോ ആണ് സാദാരണ ഈ രീതിയിലുള്ള വിഡ്ഢിത്തങ്ങള്‍ വിളിച്ചു കൂവാറുള്ളത്.

ഇത് വിഡ്ഢിത്തം ആണെന്ന് തെളിയിക്കാന്‍ അതികമോന്നും ചിന്തിക്കേണ്ടതില്ല. അഞ്ചാം ക്ലാസ്സ്‌ ലെവല്‍ വരെ എങ്കിലും സ്കൂള്‍ വിദ്യാഭ്യാസം ഉള്ള ആര്‍ക്കും അല്പം ആലോചിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യം ആണിത്. ഹാജിമാര്‍ അറഫ നോമ്പ് പിടിക്കുന്നത് സൌദിയിലെ ദുല്‍ഹജ്ജ് ഒമ്പതിന്റെ പകല്‍ ആണ്. ആ സമയതിനോട്‌ യോജിച്ചു ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ആളുകള്‍ നോമ്പ് പിടിക്കണം എന്നുണ്ടെങ്കില്‍ ജപ്പാന്‍ കൊറിയ കിഴക്കന്‍ രാജ്യങ്ങലില്‍ ഉള്ള മുസ്ലിംകള്‍ അവിടത്തെ ഉച്ചക്ക് നോമ്പ് തുടങ്ങേണ്ടി വരും. പടിഞ്ഞാറന്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ അവിടത്തെ ഉച്ചക്ക് നോംബ് മുറിക്കേണ്ടി വരും. അമേരിക്കന്‍ ഭൂഗണ്ടത്തിലെ രാജ്യങ്ങള്‍ രാത്രിയില്‍ നോമ്പ് പിടിക്കേണ്ടി വരും. എന്തൊരു വിഡ്ഢിത്തം ആണിത്? സങ്കല്പ്പികാന്‍ പോലും ഒരു മുസ്ലിമിന് കഴിയുമോ?


ഇനി മറ്റൊരു ചോദ്യവും മറുപടിയും വായിക്കാം 


അറഫയുടെ സുന്നത്ത്‌ നോമ്പ്‌ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെയാവണമെന്നും കഴിഞ്ഞ ദുൽഹിജ്ജ മാസത്തിൽ നമ്മൾ അറഫ നോമ്പ്‌ ഹാജിമാർ പെരുന്നാൾ കൊണ്ടാടിയ ദിവസം അനുഷ്‌ടിച്ചത്‌ ശരിയല്ലെന്നും പത്രകോളങ്ങളിലും മറ്റും പരക്കെ വാദവിവാദമുയർന്നിരുന്നു. 'മാസം കാണേണ്ടത്‌ റമളാൻ നോമ്പിനെ പറ്റി മാത്രമാണ്‌ നബി അരുളിയതെന്നും അറഫാനോമ്പിനെ പറ്റി അറഫാ ദിനത്തിലെ നോമ്പ്‌' എന്നാണ്‌ ഹദീസിലെ പ്രയോഗമെന്ന് ചിലർ പ്രശ്‌നമുന്നയിക്കുന്നു. (ഉദാ: ചന്ദ്രിക മാർച്ച്‌ 17) ഒരു ചെറു വിശദീകരണം നൽകി ശറഇന്റെ യഥാർത്ഥ വീക്ഷണം വ്യക്തമാക്കിയാലും.


ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454.

അറഫ നാളെന്നാൽ ദുൽ'ഹിജ്ജ ഒമ്പതാം നാൾ എന്നാണുദ്ദേശ്യം. അല്ലാതെ ഹാജിമാർ അറഫയിൽ നിന്ന നാൾ എന്നല്ല. കാരണം അങ്ങനെയാകുമ്പോൾ ഭൂമിയിലെ കുറേയധികം വിശ്വാസികൾക്ക്‌ അറഫ നാളിന്റെ സുന്നത്ത്‌ ശാശ്വതമായി നിഷേധിക്കപ്പെടുകയാവും ഫലം. കാരണം, ഹാജിമാർ അറഫയിൽ നിൽക്കുന്ന പകലിന്റെ നേരം മുഴുവൻ രാത്രിയായി അനുഭവപ്പെടുന്ന മേഖലകളും അവിടെയൊക്കെ വിശ്വാസികളുമുണ്ടല്ലോ. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ അത്‌ ടി. വി. യിലോ മറ്റോ കണ്ട്‌ മനസിലാക്കുന്നവർ നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ഈ കാഴ്ച ആസ്വദിക്കണമെന്നാണ്‌ ആ നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ തൽസമയം മുഴുവൻ രാത്രി ആയതിനാൽ ഇതിന്‌ സാധിക്കാതെ വരുന്നവരോട്‌ ശറ'അ് അനീതി കാണിച്ചുവെന്നാണല്ലോ വരിക. ഭാഗ്യവശാൽ ഇത്തരം ഒരനീതിയുടെ പ്രശ്‌'നം ഇവിടെ ആരോപിക്കാനില്ല.

ഏത്‌ കാലത്തേക്കും ഏത്‌ മണ്ണിലേക്കും ഏത്‌ സമൂഹത്തിനും ബാധകമായ ഇസ്‌'ലാമിക നിയമം എല്ലാവരോടും (ഹാജിമാരൊഴിച്ച്‌) ദുൽ ഹിജ്ജ ഒമ്പതിനു പകൽ നോമ്പനുഷ്ടിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ദുൽ ഹിജ്ജ ഒമ്പതിന്റെ പകൽ അവർക്കെന്നാണോ അന്ന് നോമ്പനുഷ്‌'ടിക്കാൻ. അതേസമയം, ഹാജിമാരോട്‌ അവർക്കെന്നാണോ ദുൽ ഹിജ്ജ ഒമ്പതെങ്കിൽ അന്ന് പകൽ നോമ്പനുഷ്‌'ടിക്കാതെ അവർ അറഫയിലായിക്കൊള്ളാനും നിർദ്ദേശിച്ചു. ഒരിടത്ത്‌ പകലാവുമ്പോൾ മറുവശത്ത്‌ രാത്രിയാവുന്ന ഭൂമിയുടെ വ്യവസ്ഥ പ്രകാരം ഇങ്ങനെയുള്ള ഐക്യപ്പെടലേ സാധിക്കുകയുള്ളൂ.

നമുക്ക്‌ തന്നെ നമസ്‌കാരങ്ങളിലും നോമ്പിലുമെല്ലാം മക്കയുമായി ഭൂമിശാസ്‌ത്രപരമായി ഈ ഭിന്നിപ്പ്‌ സാധരണ തന്നെ അനുഭവമാണല്ലോ. നമ്മൾ മഗ്‌'രിബ്‌ നമസ്‌'കരിക്കുന്നത്‌ ടി. വി. യിൽ കണ്ട്‌ അവിടെയുള്ളവർക്ക്‌ ആ സമയം നമസ്‌കരിക്കാനാവില്ലല്ലോ. ഏതാണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞ്‌ അവിടത്തെ അസ്‌തമയം ഉറപ്പാകുമ്പോളല്ലേ അവർക്ക്‌ നമസ്‌കരിക്കാനും നോമ്പ്‌ മുറിക്കാനും പറ്റുകയുള്ളൂ. ഈ കുറഞ്ഞ സമയത്തിന്റെ വ്യത്യാസമായത്‌ കൊണ്ട്‌ അത്‌ സാരമാക്കാതെ അവർ അറഫയിൽ സമ്മേളിക്കുന്ന പകൽ നമുക്കും പകലായി ലഭിക്കുന്നുവെന്ന കാര്യം മാത്രം പരിഗണിച്ചാൽ പോരല്ലോ. ആ പകൽ തീർത്തും അനുഭവിക്കാനാകാതെ രാത്രിയിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഭൂമിയിലെ സഹജീവികളെയും പരിഗണിക്കേണ്ടയോ?

സ്വാർത്ഥനായ മനുഷ്യൻ തന്റേത്‌ മാത്രം പരിഗണിക്കുമ്പോൽ, അല്ലാഹുവും ശർഉം അറഫ നോമ്പിന്റെ സുന്നത്തു കാര്യത്തിലും ഭൂമിയിലെ എല്ലായിടത്തെ ജനങ്ങളെയും പരിഗണിച്ചുവെന്ന് മനസിലാക്കിയാൽ മതി. അറഫയിലെ ഹാജിമാരുടെ നിറുത്തവും പ്രാർത്ഥനയുമെല്ലാം സ്വന്തം വീടിന്റകത്തിരുന്ന് ടി. വി. യിൽ കാണാനാകുമ്പോൾ തോന്നുന്ന ഒരുതരം വസ്‌വാസുകളാണ്‌ പ്രശ്‌'നത്തിലുന്നയിച്ച വിതണ്ഡവാദങ്ങളെല്ലാം.
മാസം കാണെണ്ടത്‌ റമളാനിനു മാത്രമേയുള്ളൂവെന്ന് ധരിച്ചിരിക്കുന്നവർ, ദുൽ ഹിജ്ജ ഒമ്പതാം നാളും അന്ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതും ദുൽഹിജ്ജയുടെ മാസപ്പിറവി കാണാതെ എങ്ങനെ കണക്കുവെക്കുമെന്നാണ്‌ ധരിച്ചു വെച്ചിരിക്കുക!? ഏത്‌ മാസവും മാസപ്പിറവി കാണുന്നതുമായാണ്‌ ശർഅ് ബന്ധപ്പെടുത്തിയിരിക്കുന്നത്‌.
(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 145 )


ഏത് ദിവസമാണ് അറഫാ നോമ്പ് അനുഷ്ഠിക്കേണ്ടത്
         
ദുല്‍ഹജ്ജ് ഒമ്പതിനാണ് അറഫാദിനം. അന്നേ ദിവസമാണ് ഹാജിമാരല്ലാത്തവ൪ നോമ്പ് അനുഷ്ഠിക്കേണ്ടത്.
   
നമ്മുടെ നാട്ടിലെയും സൗദ്യ അറേബ്യയിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ഏത് ദിവസമാണ് അറഫാ നോമ്പ് അനുഷ്ഠിക്കേണ്ടതെന്ന കാര്യത്തില്‍ ആളുകള്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഇവിടെ ഒന്നാമതായി മനസ്സിലാക്കേണ്ടത്, മക്കയില്‍ മാസപ്പിറവി കാണുന്നതിനനുസരിച്ച് ലോകം മുഴുവനും മാസപ്പിറവി കണക്കാക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടില്ല. മാത്രമല്ല,  മാസപ്പിറവിയുടെ കാര്യത്തില്‍ ഓരോ പ്രദേശത്തുകാര്‍ക്കും അവരുടേതായ നിര്‍ണയസ്ഥാനങ്ങളാണ് പരിഗണിക്കേണ്ടതെന്നാണ് സ്വഹാബത്ത് മനസ്സിലാക്കിയിട്ടുള്ളത്. 

عَنْ كُرَيْبٍ: أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ، قَالَ: فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا، وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ، فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ، ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ، فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ - رضى الله عنهما - ثُمَّ ذَكَرَ الْهِلاَلَ، فَقَالَ: مَتَى رَأَيْتُمُ الْهِلاَلَ، فَقُلْتُ: رَأَيْنَاهُ لَيْلَةَ الْجُمُعَةِ، فَقَالَ: أَنْتَ رَأَيْتَهُ، فَقُلْتُ: نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ، فَقَالَ: لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ، فَقُلْتُ: أَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ، فَقَالَ: لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم

കുറൈബില്‍(റ) നിന്നും നിവേദനം: ഉമ്മുല്‍ ഫദ്ല്‍ ബിന്‍തുല്‍ ഹാരിസ്(റ) അദ്ദേഹത്തെ ശാമില്‍ മുആവിയയുടെ (റ)  അടുത്തേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാന്‍ ശാമിലെത്തി അവരെന്നെ ഏല്‍പിച്ച കാര്യം നിര്‍വഹിച്ചു. ഞാന്‍ ശാമിലായിരിക്കെ റമളാന്‍ മാസം കണ്ടു. വെള്ളിയാഴ്ച രാവിനാണ് ഞാന്‍ മാസം കണ്ടത്. ശേഷം റമളാന്‍ മാസത്തിന്റെ അവസാനത്തില്‍ ഞാന്‍ മദീനയിലേക്ക് തിരിച്ചുവന്നു. ഇബ്നു അബ്ബാസ് (റ) എന്നോട് കാര്യങ്ങള്‍ തിരക്കി. മാസപ്പിറവിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങളെപ്പോഴാണ് മാസം കണ്ടത് ? ഞാന്‍ പറഞ്ഞു: ഞങ്ങള്‍ വെള്ളിയാഴ്ച രാവിനാണ് മാസം കണ്ടത്. അദ്ദേഹം ചോദിച്ചു: നീ നേരിട്ട് കണ്ടുവോ? ഞാന്‍ പറഞ്ഞു: അതെ, മറ്റാളുകളും കണ്ടിട്ടുണ്ട്. അവരൊക്കെ നോമ്പെടുത്തു. മുആവിയയും(റ)  മാസം കണ്ടത് പ്രകാരം നോമ്പ് എടുത്തു. ഇബ്നു അബ്ബാസ്(റ)  പറഞ്ഞു: പക്ഷെ ഞങ്ങള്‍ ശനിയാഴ്ച രാവിനാണ് കണ്ടത്. അതുകൊണ്ട് ഞങ്ങള്‍ മാസം കണ്ടാല്‍ (പെരുന്നാള്‍ ആഘോഷിക്കും), ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും.അപ്പോള്‍ ഞാന്‍ ചോദിച്ചു: അപ്പോള്‍ മുആവിയ (റ) മാസം കണ്ടതും നോമ്പ് നോല്‍ക്കാന്‍ ആരംഭിച്ചതും നിങ്ങള്‍ക്കും ബാധകമല്ലേ? നിങ്ങള്‍ക്കതിനെ ആസ്പദമാക്കിയാല്‍ പോരേ? ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ല. ഇപ്രകാരമാണ് റസൂല്‍ (സ്വ) ഞങ്ങളോട് കല്പിച്ചിട്ടുള്ളത്. (മുസ്‌ലിം : 2580)

മുആവിയ (റ) ശാമില്‍ വെള്ളിയാഴ്ച രാവിനാണ് മാസപ്പിറവി കണ്ടത്. മദീനയില്‍ ഇബ്നു അബ്ബാസ് (റ) കണ്ടതാകട്ടെ, ശനിയാഴ്ച രാവിനും.  മുആവിയയും  (റ) കൂടെയുള്ളവരും ശാമില്‍ നേരത്തെ മാസം കണ്ടതിനാല്‍ ഒരു ദിവസം മുന്നേ നോമ്പ് ആരംഭിച്ചു. ഇബ്നു അബ്ബാസും (റ) കൂടെയുള്ളവരും നോമ്പ് അനുഷ്ഠിച്ച് തുടങ്ങിയത് ഒരു ദിവസം കഴിഞ്ഞും.  എന്നാല്‍ ശാമില്‍ ഒരു ദിവസം നേരത്തെ മാസം കണ്ട വിവരം അദ്ദേഹത്തിന് കിട്ടിയിട്ടും അദ്ദേഹം നോമ്പ് 29ല്‍ അവസാനിപ്പിച്ചില്ല. മാസം കാണുകയാണെങ്കില്‍ പെരുന്നാളാകും, ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും എന്നാണദ്ദേഹം പറഞ്ഞത്. മുആവിയയുടെ (റ) ശാമിലെ കാഴ്ച മദീനയില്‍ ബാധകമല്ലെന്നും മദീനയില്‍ മാസപ്പിറവി ദ൪ശിക്കണമെന്നും അപ്രകാരമാണ് റസൂല്‍ (സ്വ) ഞങ്ങളോട് കല്പിച്ചിട്ടുള്ളതാണെന്നുമാണ് ഇബ്നു അബ്ബാസ് (റ) പറഞ്ഞത്. ഇക്കാര്യത്തില്‍ ഖു൪ആനിലും സുന്നത്തിലും തെളിവ് കണ്ടെത്താന്‍ കഴിയും.

إذا رأيتموه فصوموا وإذا رأيتموه فأفطروا

നബി(സ്വ) പറഞ്ഞു: നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.

فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ 

അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ (റമളാനില്‍) സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. (ഖു൪ആന്‍:2/185)

മാസപ്പിറവിക്ക് ആര് സന്നിഹിതരാവുന്നില്ലയോ ആ ആളുകള്‍ക്ക് നോമ്പിന് സമയമാകുന്നില്ല എന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. അഥവാ ഓരോ പ്രദേശത്തും മാസപ്പിറവി അവിടത്തെ ആളുകളുടെ കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ഇതാണ് മേല്‍ സംഭവത്തില്‍ ഇബ്നു അബ്ബാസ് (റ) പറഞ്ഞിട്ടുള്ളതും.
          
ഓരോ നിര്‍ണയസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശക്കാര്‍ക്കും അവരുടെ മാസപ്പിറവിയാണ് ആധാരം എന്ന് ഈ സംഭവത്തില്‍ നിന്നും വ്യക്തമാണ്. ഓരോ പ്രദേശത്തും മാസപ്പിറവി കാണണമെന്ന് പറയുമ്പോള്‍ ഓരോ ചെറിയ നാട്ടിലും മാസപ്പിറവി പ്രത്യേകം കാണണമെന്നല്ല ഉദ്ദേശ്യം. ഒരു രാജ്യമോ ഒരു ഭൂപ്രദേശമോ ഭൂമിശാസ്ത്രപരമായി ഒരു പ്രവിശ്യയായിട്ടുള്ള പ്രദേശങ്ങളൊക്കെ ആകാം.
    
ഓരോ പ്രദേശങ്ങളിലേയും മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും. സൗദ്യ അറേബ്യയില്‍ മാസപ്പിറവി കണ്ടതനുസരിച്ച് ദുല്‍ഹജ്ജ് ഒന്ന് ഞായറാഴ്ചയാണെങ്കില്‍ അറഫാദിനം (ദുല്‍ഹജ്ജ് ഒമ്പത്) തിങ്കളാഴ്ചയായിരിക്കും. ഇന്ത്യയില്‍ മാസപ്പിറവി കണ്ടതനുസരിച്ച് ദുല്‍ഹജ്ജ് ഒന്ന് തിങ്കളാഴ്ചയാണെങ്കില്‍ അറഫാദിനം (ദുല്‍ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയായിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ അറഫാദിനം എന്നാണോ അന്നാണ് നോമ്പ് പിടിക്കേണ്ടതാണെന്നാണ് പ്രബലാഭിപ്രായം. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ ഇത്രയും കാലത്തിനിടയില്‍ ഒരിക്കല്‍പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ലെന്നുള്ളത് ചേ൪ത്ത് മനസ്സിലാക്കേണ്ടതാണ്.  

ഇസ്ലാം പരിപൂര്‍ണമായ മതം ആണ്. അത് എതെന്കിലും ഒരു പ്രദേശതെക്കോ ജനതയിലെക്കോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും അതിനു അപ്പുറവും ഉള്‍കൊള്ളിക്കുന്ന ഇസ്ലാമില്‍ എല്ലാ കര്‍മങ്ങളും ഏതു രീതിയില്‍ ചെയ്യണം എന്ന് നിര്ടെഷിക്കപ്പെട്ടിട്ടുണ്ട്. അവ അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് നമ്മുടെ കടമ. അല്ലാതെ നമ്മുടെ പരിമിതമായ ബുദ്ധിക്ക്‌ തോന്നുന്ന കാര്യങ്ങള്‍ ചെയ്യല്‍ അല്ല.
അല്ലാഹു ത'ആല ദീനില്‍ വസ് വാസ് ഉണ്ടാക്കുന്ന പിശാചിനെ തൊട്ടും അവന്റെ കൂട്ടാളികളായ പുത്തന്‍ വാദക്കാരെ തൊട്ടും നമ്മെ കാത്തു രക്ഷിക്കട്ടെ....ആമീന്‍.

ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. 

ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454.


No comments:

Post a Comment