Tuesday 29 May 2018

ഖുതുബയ്‌ക്കിടയില്‍ നമസ്‌കാരം



ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണ ല്ലോ കിതാബുകളില്‍ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌?


നിസ്‌കാരങ്ങളുടെയെല്ലാം പ്രവര്‍ത്തി ഒന്ന ല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?
ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയില്‍ ഹാജറായിട്ടുള്ളവര്‍ ഖതീബു മിമ്പറിനു മുകളില്‍ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫര്‍ളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാന്‍ കാരണം. തുഹ്‌ഫ:2-456,57. അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ പളളിയില്‍ കടന്നുവന്നയാള്‍ക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തുനമസ്‌കാരം നിര്‍വ്വഹിക്കല്‍ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാള്‍ക്കും വേണമെങ്കില്‍ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിര്‍വ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിര്‍ബന്ധമായ കര്‍മ്മങ്ങളില്‍മാത്രം ചുരുക്കി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.


ഇപ്രകാരമാണു നമ്മുടെ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്നയാള്‍ക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കല്‍ സുന്നത്താവാന്‍ കാരണം, നബി(സ)തങ്ങള്‍ അങ്ങനെ നിര്‍ദ്ദേശിച്ചതായി സ്വഹീഹായ ഹദീസില്‍ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോള്‍ പള്ളിയില്‍ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിര്‍ ദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയില്‍ ആ രണ്ടു റക്‌അത്തു നിര്‍വ്വഹിക്കുവാന്‍ നബി(സ)തങ്ങള്‍ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം) തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതില്‍ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിര്‍ദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവര്‍ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേല്‌ക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

No comments:

Post a Comment