Sunday 13 May 2018

വുളൂ - മസ്അലകൾ മദ്ഹബുകളിൽ






മൂന്നു അവയവങ്ങൾ കഴുകുകയും (മുഖം, രണ്ടു മുഴംകൈ , കാൽ) തല തടവുകയും ചെയ്യുന്നതിന് വുളു എന്ന് പറയുന്നു .

ഷാഫി മദ്ഹബ്

വുളു:  (അംഗശുദ്ധി വരുത്തൽ) എന്നാൽ എന്ത് 

ഭാഷാർത്ഥം അവയവങ്ങളെ കഴുകുക. ശറഇയ്യായ അർഥം നിയ്യത്തൂകൊണ്ടു തുടങ്ങി പ്രത്യേക അവയവങ്ങളിൽ വെള്ളം ഉപയോഗിക്കുക. (ഫത്ഹുൽ മുഈൻ 8 )


വുളുഇന്റെ ഫർളുകൾ എത്ര ? ഏവ

ആറ്‌. 

(1). നിയ്യത്തു ചെയ്യൽ.

വുളുവിന്റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നോ,ചെറിയ അശുദ്ധിയെ ഞാന്‍ ഉയര്തുന്നുവെന്നോ അല്ലെങ്കില്‍ വുളു നിര്‍ബന്ധമായ ഏതെങ്കിലും കാര്യം ഹലാലാകാന്‍ വേണ്ടിയെന്നോ കരുതുക.വുളൂ വിന് രണ്ടു നിയ്യത് ആവശ്യമാണ്.ഒന്ന് ഫര്‍ള്,മഅറ്റൊന്നു സുന്നത്. മുഖം കഴുകുന്നതിനോടനുബന്ധിച്ചു കരുതുന്നത്. ഫര്ളാണ്. എന്നാല്‍ അതിനുമുന്‍പുള്ള മിസുവാക്ക്‌ ചെയ്യല്‍ , മുന്‍കൈ കഴുകല്‍ തുടങ്ങിയ സുന്നത്തുകള്‍ ക്ക് പ്രതിഫലം കിട്ടണമെങ്കില്‍ ആദ്യത്തില്‍ വുളുവിന്റെ സുന്നത്തിനെ ഞാന് വീട്ടുന്നു എന്ന് കരുതണം

(2). മുഖം കഴുകൽ.

സാധാരണ ഗതിയില്‍ തലമുടി മുളക്കാറുളേളടം മുതല്‍ താടി എല്ലിന്റെ അറ്റം വരെയും ഒരു ചെവികുറ്റി മുതല്‍ മറ്റേ ചെവികുറ്റി വരെയുമാണ് മുഖത്തിന്റെ അതിര്‍ . മേല്‍ പറഞ അതിര്‍ത്തിയും അതിന്റെ തൊട്ടടുത്ത ഭാഗങ്ങളും കഴുകല്‍ നിര്‍ബന്ധമാണ്.

(3). രണ്ടു കൈമുട്ട് ഉൾപ്പെടെ കഴുകൽ. 

ഈ അവയവത്തിലുള്ള എല്ലാ സ്ഥലത്തും വെള്ളം എത്തിക്കേണ്ടതാണ്.

(4). തലയിൽനിന്ന് അൽപം തടവുക.(തലയുടെ പരിധിയിൽ നിന്നും പുറത്തേക്ക് വന്ന മുടി തടവിയാൽ മതിയാവുന്നതല്ല. (തുഹ്ഫ 1/341)

തലയുടെ അതിര്‍ത്തിയിലുള്ള തൊലിയോ ,മുടിയോ അല്പം തടവിയാല്‍ നിര്‍ബന്ധം പൂര്‍ത്തിയാവും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം പ്രകൃതിയാ തലമുടി നീണ്ടു പോകുന്ന ഭാഗത്ത്‌ തലയുടെ അതിര്ത്തിയില്‍ തടവിയെന്കില്‍ മാത്രമേ ശരിയാവുകയുള്ളൂ.

(5). കാൽ രണ്ടും ഞെരിയാണി ഉൾപ്പെടെ കഴുകൽ.
(6). മേൽപറയപ്പെട്ട ഫർളുകളെ ക്രമപ്രാകാരം കൊണ്ട് വരൽ.



വുളുഇന്റെ ശർത്വുകൾ  എത്ര ? ഏവ

അഞ്ച്. 

(1). വുളു:ഇന്  ഉപയോഗിക്കുന്ന വെള്ളം ഉപാധികൾ ഒന്നുമില്ലാത്ത സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതുമായിരിക്കുക. 
( കഞ്ഞിവെള്ളം, തേങ്ങവെള്ളം, ചായ,പനിനീർ, സുർക്ക പോലോത്തത് ശുദ്ധിലുള്ളതാണെങ്കിലും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതല്ല)

(2). കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒലിപ്പിക്കുക. വെള്ളംകൊണ്ട് തടവിയാൽ മതിയാവില്ല. 

(3). വെള്ളത്തെ പകർച്ചയാക്കുന്ന സോപ്പ്,കുങ്കുമം പോലോത്ത വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക.

(4). തൊലിയിൽ വെള്ളം ചേരുന്നതിനെ തടയുന്ന ചുണ്ണാമ്പ്, മെഴുക് പോലോത്ത വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക.നഖത്തിന്റെ ഇടയിൽ വെള്ളം ചേരുന്നതിനെ തടയുന്ന ചെളി ഇല്ലാതിരിക്കുക. (ഫത്ഹുൽ മുഈൻ  ) 

(5). മൂത്രവാർച്ചക്കാർ, ഇസ്തിഹാളത്തുകാരി  പോലോത്ത സ്ഥിര അശുദ്ധിയുള്ളവർക്ക്‌ നിസരത്തിനു സമയമായി എന്ന് അറിയണം. 


വുളുഇന്റെ സുന്നത്തുകൾ

(പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.) എന്ന് ചൊല്ലിക്കൊണ്ട് വുളു ആരംഭിക്കുക.

2. മിസ്‌വാക്ക് ചെയ്യുക ബ്രഷ് കൊണ്ടോ മറ്റോ പല്ലും നാവും തേച്ചു വൃത്തിയാക്കുക.

3. വീണ്ടും ബിസ്മി ചൊല്ലുക. തുടര്‍ന്ന് അല്‍ഹംദുലില്ലാഹില്ലടി ജഅലല്‍ മാഅ ത്വഹൂറ (വെള്ളത്തെ) ശുദ്ധീകരണവസ്തുവാക്കിയ  അല്ലാഹുവിന്‍ സര്‍വസ്തുതിയും എന്ന് പറയുക.

4. രണ്ടു കൈപ്പത്തികള്‍ കഴുകുക.

5. വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.

6.  തല മുഴുവന്‍ തടകുക.

7. രണ്ടു ചെവികള്‍ ഉള്ളും പുറവും തടകുക.

8. അവയവങ്ങള്‍ തേച്ചു കഴുകുക.

9. തിങ്ങിയ താടിയുടെ തിക്ക് അകറ്റി കഴുകുക.

10. കൈകാലുകളുടെ വിരലുകളുടെ ഇട ശ്രദ്ധിച്ചു കഴുകുക.

11. കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തെത് കഴുകുക.

12. കഴുകുന്നതും തടകുന്നതും എല്ലാം മുംമൂന്ന്‍ പ്രാവശ്യം വീതം ആയിരിക്കുക.

13. ഓരോ കര്‍മവും തുടരെ തുടരെ ചെയ്യുക.

14. മടമ്പ്, പീളക്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധിചു കഴുകുക.

15. വുളു ചെയ്യുമ്പോള്‍ ഖിബലയുടെ നേരെ തിരിയുക.

16. വുളു എടുത്തുകഴിഞ്ഞാല്‍ കണ്ണുകളും കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്തിക്കുക.


വുളുഇന്റെ കറാഹത്തുകൾ

വുളു ചെയ്യുമ്പോള്‍ അനഭിലഷണീയമായ ചില കാര്യങ്ങളുണ്ട്. വുളുഇന്‍റെ കറാഹത്തുകള്‍ എന്നാണവയെ പറയുക. അവ താഴെ വിവരിക്കുന്നവയാണ്.

വുളുഇന്‍റെ കര്‍മങ്ങള്‍ മുന്നില്‍ നിന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക.

മുഖത്തേക്ക് വെള്ളം എറിഞ്ഞു കഴുകുക.

വുളു എടുക്കുമ്പോള്‍ സലാം ചൊല്ലുകയോ സലാം മടക്കുകയോ ചെയ്യുക.

തക്കതായ കാരണങ്ങളില്ലാതെ വുളു ചെയ്ത അവയവങ്ങള്‍ കുടയുകയോ തുടക്കുകയോ ചെയ്യക.

തണുപ്പോ ചൂടോ കാരണത്താലല്ലാതെ വുദൂഇന്‍റെ വെള്ളം ശരീരത്തില്‍ നിന്ന് തുടച്ചു കളയുക. വെള്ളം അമിതമായി ഉപയോഗിക്കു. മൂന്നിലേറെ പ്രാവശ്യം ഒരു അവയവം കഴുകുക. ഹജ്ജിന് ഇഹ്റാം ചെയ്തയാള്‍ തന്‍റെ തിങ്ങിയ താടി തിക്കകറ്റുക. ഒരു കാരണവുമില്ലാതെ തന്റെ അവയവങ്ങള്‍ കഴുകാന്‍ മറ്റൊരാളുടെ സഹായം തേടുക.


വുളു മുറിയുന്ന കാര്യങ്ങൾ 

പ്രധാനമായും നാല് കാര്യങ്ങള്‍ കൊണ്ട് വുദൂ മുറിഞ്ഞ് പോകും. അപ്പോള്‍ പിന്നെ നിസ്കരിക്കണമെങ്കില്‍ വീണ്ടും അംഗശുദ്ധി വരുത്തേണ്ടതായി വരും.

ഒന്ന്. മുന്നിലെയോ പിന്നിലെയോ ദ്വാരത്തില്‍ കൂടെ മനിയ്യല്ലാത്ത വല്ലതും പുറപ്പെടുക.

രണ്ട്. ഭ്രാന്ത്, ബോധക്ഷയം, ഉറക്കം, മത്ത് തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ ബുദ്ധിസ്ഥിരത നഷ്ടപ്പെടുക. ഒരാള്‍ തന്‍റെ ചന്തി ഭൂമിയിലുറപ്പിച്ച രീതിയില്‍ ആണ് ഉറങ്ങിയതെങ്കില്‍ അതുകൊണ്ട് വുദൂ മുറിയില്ല.

മൂന്ന്. ആണിന്റെയും പെണ്ണിന്‍റെയും തൊലി തമ്മില്‍ നേരിട്ട് ചേരുക. ഇങ്ങനെ തൊലി തമ്മില്‍ തൊട്ടാല്‍ രണ്ടുപേരുടെയും വുദൂ മുറിയുന്നതാണ്. രണ്ടാളുകളും പരസ്പരം തൊട്ടത് വസ്ത്രത്തിന്റെ പുറത്താണെങ്കില്‍ അത് കൊണ്ട് വുദൂഇന് ഒരു കുഴപ്പവും സംഭവിക്കുന്നില്ല. അതുപോലെ തന്നെ തൊട്ടത് പല്ല്, നഖം, മുടി തുടങ്ങിയ ഭാഗങ്ങളാണെങ്കിലും വുദു മുറിയില്ല. ലൈംഗികത ഉളവാക്കാത്ത ആണ്കുട്ടികളും പെണ്കുട്ടികളുമാണ് പരസ്പരം തൊട്ടതെങ്കിലും വുദു മുറിയുകയില്ല. കുടുംബം, മുലകുടി, വിവാഹം തുടങ്ങിയ ബന്ധങ്ങള്‍ കാരണം മഹ്റമായ ആളുകള്‍ പരസ്പരം തൊട്ടാലും വുദു മുറിയുകയില്ല.

നാല്. മുന്‍കൈയിന്റെയോ കൈവിരലുകളുടെയോ ഉള്‍ഭാഗം കൊണ്ട് മുന്‍‍ദ്വാരമോ പിന്‍ദ്വാരത്തിന്റെ വട്ടക്കണ്ണിയോ തൊടുക. ഇങ്ങനെ തൊട്ടാല്‍ തൊട്ടവന്‍റെ വുദൂ മാത്രമേ മുറിയുകയുള്ളൂ. പക്ഷേ, മേല്പറഞ്ഞ രീതിയില്‍ മയ്യിത്ത്, ചെറിയ കുട്ടികള്‍ എന്നിവരുടെ ഗുഗ്യഭാഗങ്ങള്‍ തൊട്ടാലും വുദൂ മുറിയുന്നതാണ്.

കൈവിരലുകളുടെ തലപ്പ് കൊണ്ടോ പാര്‍ശ്വങ്ങള്‍ കൊണ്ടോ ആണ് സ്പര്‍ഷിക്കുന്നതെങ്കില്‍ വുദൂഇന് കുഴപ്പമൊന്നുമില്ല.

മൃതദേഹത്തിന്റേതായാലും കുട്ടിയുടേതായാലും മുന്‍ദ്വാരമായാലും പിന്‍ദ്വാരമായാലുമൊക്കെ ഇതേ നിയമം തന്നെയാണ്. അതായത് വുളൂ മുറിയുന്നതാണ്. മലദ്വാരത്തിന്റെ ചുരുളുകള്‍ ഒരുമിച്ച് കൂടിയ സ്ഥലവും യോനിയുടെ ചുണ്ടുകള്‍ സന്ധിക്കുന്ന സ്ഥലവുംസ്പര്‍ശിച്ചാലാണ് വുളൂ മുറിയുക. അതിന്നപ്പുറത്തേക്ക് തൊട്ടാല്‍ വുളൂ മുറിയുകയില്ല. എന്നാല്‍, വുളൂ മുറിയില്ലെങ്കിലും പല കാര്യങ്ങള്‍ കൊണ്ടും വുളൂ ചെയ്യല്‍സുന്നത്താണ്.

ഗുഹ്യരോമം, ചന്തിയുടെ ഉള്‍ഭാഗം, ലിംഗത്തിനു മുകളിലെ മുടി, വൃഷ്ണം, തുടങ്ങിയ ഭാഗങ്ങളും, ചെറിയ പെണ്‍കുട്ടി, അനാഗതസ്മശ്രു (അംറദ്), വെള്ളപ്പാണ്ടുരോഗി, ജൂതന്‍ എന്നിവരേയുമൊക്കെ സ്പര്‍ശിക്കല്‍ ഇക്കാര്യങ്ങളില്‍ പെട്ടതാണ്. അതുപോലെ പാപം ചെയ്യുക, വികാരവായ്‌പോടെ നോക്കുക, ദേഷ്യം പിടിക്കുക, മയ്യിത്ത് ചുമക്കുക, മയ്യിത്ത്‌സ്പര്‍ശിക്കുക, നഖം, മീശ എന്നിവ വെട്ടുക തുടങ്ങി പല കാര്യങ്ങള്‍ കൊണ്ടും വുളൂഅ് ചെയ്യല്‍ സുന്നത്താണ്. 


ഹനഫീ മദ്ഹബ് 


വുളുവിന്റെ ഫർളുകൾ 4 എണ്ണമാകുന്നു:

1 . മുഖം കഴുകുക : (മുഖം കഴുകുന്നതിന്റെ പരിധി- നെറ്റിപ്പരപ്പ് മുതൽ (നെറ്റിയിൽ മുടി മുളച്ച സ്ഥലം മുതൽ) താടി എല്ലിന്റെ താഴ്ഭാഗം വരെ നീളത്തിലും, വീതിയിൽ ഒരു ചെവിച്ചോണ മുതൽ മറ്റേ ചെവിച്ചോണ വരെയും ആകുന്നു .

2 . രണ്ടു മുഴം കൈ മുട്ടുൾപ്പടെ കഴുകുക 

3 . തല നാലിൽ ഒരു ഭാഗം തടവുക (തല മൂന്ന് പ്രാവശ്യം തടകൽ കറാഹത്താണ്)

4 . രണ്ടു കാൽ ഞെരിയാണി സഹിതം കഴുകുക 


വുളുവിന്റെ ശർ'ത്വുകൾ നാല്‌ 

1. കഴുകപ്പെടുന്ന അവയവങ്ങളുടെ തൊലി മുഴുവൻ കഴുകൽ. 

2 ഉം 3 ഉം ഹൈളും (ഋതു രക്തം) നിഫാസും (പ്രസവ രക്തം) ഇല്ലാതിരിക്കൽ.

 4. അവയവങ്ങളിൽ വെള്ളം ചേരുന്നതിനു തടസ്സം ഇല്ലാതിരിക്കൽ.


വുളുവിന്റെ മര്യാദകൾ 

ഖിബിലക്കു നേരിടുക

വെള്ളം തെറിക്കാതിരിക്കാൻ ഉയർന്ന സ്ഥലത്തിരുന്നു വുളു ചെയ്യുക

മറ്റൊരാളോട് സഹായം ആവശ്യപ്പെടാതിരിക്കുക (കുറച്ചു വെള്ളം ഒഴിച്ച് തരു , അവയവങ്ങൾ കഴുകി തരു എന്നൊക്കെ)

സംസാരം ഉപേക്ഷിക്കുക (അവയവങ്ങൾ കഴുകുമ്പോൾ ഹദീസിൽ വന്ന ദുആകൾ പറയാം)

ഓരോ അവയവങ്ങൾ കഴുകുമ്പോഴും ബിസ്മിയും , ദുആയും ഓതുക

കുറഞ്ഞ വെള്ളം കൊണ്ട് വുളൂ ചെയ്യുമ്പോൾ വുളുവിൽ നിന്ന് ബാക്കി വരുന്ന വെള്ളം കുടിക്കുക

വുളുവിന്‌ ശേഷം വുളുവിന്റെ ദുആ ഓതുക


വുളുവിന്റെ സുന്നത്തുകൾ 

നിയ്യത്തു ചെയ്യുക : ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവാൻ ഉളൂ ചെയ്യുന്നുവെന്നോ, നിസ്‌ക്കാരത്തെ ഹലാൽ ആക്കാൻ ഞാൻ വുളു ചെയ്യുന്നുവെന്നോ കരുതുക

രണ്ടു മുൻ കയ്യുടെ കുഴ വരെ കഴുകുക

പ്രാരംഭത്തിൽ അഊദും , ബിസ്മിയും ചൊല്ലുക

പല്ലു തേക്കുക

മൂന്നു പ്രാവശ്യം വായിൽ വെള്ളം കയറ്റി കൊപ്പിളിച്ചു തുപ്പുക

മൂക്കിൽ മൂന്നു പ്രാവശ്യം വെള്ളം കയറ്റി ചീറ്റുക

തിങ്ങിയ താടി കോർത്ത് കഴുകുക

കൈ കാൽ വിരലുകൾ ഇടകോർത്തു കഴുകുക

മുമ്മൂന്നു പ്രാവശ്യം കഴുകുക

തല മുഴുവൻ ഒരു പ്രാവശ്യം തടവുക

രണ്ടു ചെവി തടവുക

അവയവങ്ങൾ തേച്ചുരച്ചു കഴുകുക

തുടർച്ചയായി ചെയ്യുക

ക്രമപ്രകാരം ചെയ്യുക

കൈ , കാലുകളിൽ വലതിനെ മുന്തിക്കുക

പിരടി തടവുക


വുളു മുറിയുന്ന കാര്യങ്ങൾ

1. മുൻ ദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ വല്ലതും പുറപ്പെടൽ.

 2. പ്രയാസപ്പെട്ടല്ലാതെ പിടിച്ചു നിർത്താൻ സാധിക്കാത്ത വായ നിറഞ്ഞുള്ള ഛർദ്ധി. 

3. ശ'രീരത്തിൽ നിന്ന് രക്തം, ചലം പോലുള്ളവ ഒലിക്കൽ.

 4. ഭ്രാന്ത്‌, ബോധക്ഷയം, മത്ത്‌ എന്നിവ ഉണ്ടാകൽ. 

5. നമസ്‌'കാരത്തിൽ പൊട്ടിച്ചിരിക്കൽ.

 6. ചരിഞ്ഞു കിടന്നോ ചാരിക്കിടന്നോ, നീക്കിയാൽ മറിഞ്ഞു വീഴുന്ന വിധം ഒരു വസ്‌'തുവിലേക്ക്‌ ചാരി ഇരുന്നോ ഉറങ്ങൽ. 

7. ആശിക്കപ്പെടാവുന്ന പ്രായമെത്തിയ രണ്ടു പേരുടെ ഗുഹ്യാവയവങ്ങൾ തമ്മിൽ ചേരൽ.


വുളു മുറിയാത്ത സംഗതികൾ 

രക്തം ഒലിക്കാതെ രക്തം മുറിവിന്റെ പുറത്തു പൊങ്ങി വരിക (വെളിവാകുക)

രക്തം ഒലിക്കാതെ മുറിവിൽ നിന്നും മാംസം അടർന്നു വീഴുക

മുറിവിൽ നിന്നും - മൂക്ക് , ചെവി എന്നിവയിൽ നിന്നും പുഴു പുറപ്പെടുക

ലിംഗം സ്പർശിക്കുക

സ്ത്രീയെ തൊടുക

വായ് നിറയാതെ ശർദ്ധിക്കുക

കഫം ശർദ്ധിക്കുക (എത്ര കൂടിയാലും ശെരി)

ഉറങ്ങുന്നവന്റെ ഇരുപ്പ് സ്ഥലം നീങ്ങാൻ സാധ്യത ഉള്ളതിനോട് കൂടി ചായുക

സൗകര്യമായി ഭൂമിയിൽ ഇരിപ്പിടം ഉറപ്പിച്ചിരുന്നു ഉറങ്ങുക

നിസ്‌കാരത്തിൽ ഉറങ്ങുക 


മാലിക്കി മദ്ഹബ് 

വുളുവിന്റെ ഫർളുകൾ ഏഴ്‌:- 

1. നിയ്യത്ത്‌.

 2. മുഖം കഴുകൽ. 

3. കൈ രണ്ടും മുട്ടോടു കൂടി കഴുകൽ.

 4. തല മുഴുവൻ തടവൽ.

 5. കാൽ രണ്ടും ഞെരിയാണിയോടു കൂടി കഴുകൽ.

 6. മുവാലാത്ത്‌ (വുളുവിലെ ഓരോ പ്രവർത്തികളും ഒന്നിനു പുറകിൽ മറ്റൊന്നായി താമസം വിനാ കൊണ്ടുവരൽ). 

7. അവയവങ്ങൾ തേച്ചു കഴുകൽ. 

ശർ'ത്വുകൾ:- 

1. മുസ്‌'ലിമാവൽ. 

2. മെഴുകു പോലോത്ത മറ ഇല്ലാതിരിക്കൽ. 

3. വുളുവിന്റെ സമയത്ത്‌ അതിനോടു വിരുദ്ധമായ മൂത്രമൊഴിക്കൽ 
പോലോത്ത സംഗതികൾ ഇല്ലാതിരിക്കൽ. 

വുളു മുറിയുന്ന കാര്യങ്ങൾ:- 

1. മനുഷ്യ ശ'രീരത്തിൽ നിന്നും സാധാരണ പുറപ്പെടുന്നവ മുൻ'ദ്വാരത്തിൽ കൂടിയോ പുൻ'ദ്വാരത്തിൽ കൂടിയോ പുറപ്പെടൽ. 

2. ഭ്രാന്ത്‌, ബോധക്ഷയം, മത്ത്‌, ഉറക്കം ഇവ കൊണ്ട്‌ ബുദ്ധി നീങ്ങൽ.

 3. സാധാരണയിൽ ആശിക്കപ്പെടാവുന്ന ആളെ പ്രായം തികഞ്ഞ ആൾ തൊടുന്നതിന്റെ രസം ഉദ്ദേശിച്ചു (വികാരത്തോടെ) തൊടൽ. 

4. മുൻ'കയ്യിന്റെ പള്ള കൊണ്ടോ തെല്ലു കൊണ്ടോ വിരലിന്റെ അഗ്രം കൊണ്ടോ മറയില്ലാതെ ഗുഹ്യസ്ഥാനം തൊടൽ. 5. ഇസ്‌'ലാമിൽ നിന്ന് പുറത്ത്‌ പോവൽ.


ഹമ്പലി മദ്‌ഹബ്‌

ഫർളുകൾ ആറ്‌:- 

1. വായ, മൂക്ക്‌ ഇവയുടെ ഉൾഭാഗ്‌ ഉൾപ്പെടെ മുഖം കഴുകൽ. 

2. മുട്ടോടു കൂടി കൈ രണ്ടും കഴുകൽ. 

3. ചെവി ഉൾപ്പെടെ തല മുഴുവൻ തടവൽ. 

4. ഞെരിയാണിയോടു കൂടെ കാൽ രണ്ടും കഴുകൽ. 

5. തർത്തീബ്‌ (മേൽ പറഞ്ഞവ ക്രമപ്രകാരം കൊണ്ട്‌ വരൽ)

6. മുവാലാത്ത്‌ (മേൽ പറഞ്ഞ പ്രവൃത്തികൾക്കിടയിൽ താമസമില്ലാതിരിക്കൽ.

ശർ'ത്വുകൾ:- 

1. വുളു നിർബന്ധമാകുന്ന കാഷ്‌'ടം, മൂത്രം പോലോത്തത്‌ മുറിയൽ.

2. നിയ്യത്ത്‌. 

3. മുസ്‌'ലിമാവൽ. 

4. വിശേഷ ബുദ്ധി ഉണ്ടായിരിക്കൽ. 

5. വകതിരിവാകൽ. 

6. മുബാഹും (ഉപയോഗം അനുവദനീയമായത്‌) ത്വഹൂറും (ശുദ്ധീകരിക്കാൻ കഴിവുള്ളത്‌) ആയ വെള്ളം. 

7. വെള്ളം ചേരുന്നതിനു തടസ്സമായ മെഴുകു പോലോത്തതിനെ നീക്കൽ. 

8. വെള്ളം കൊണ്ടോ കല്ല് കൊണ്ടോ മനോരം ചെയ്യൽ. 

വുളു മുറിയുന്ന കാര്യങ്ങൾ എട്ട്‌:- 

1. മുൻ'ദ്വാരത്തിലൂടെയോ പിൻ'ദ്വാരത്തിലൂടെയോ വല്ലതും പുറപ്പെടൽ.
2. ശ'രീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ നിന്ന് നജസ്‌ പുറപ്പെടൽ. 

3 ഭ്രാന്ത്‌, ബോധക്ഷയം, മത്ത്‌, ഉറക്കം ഇവ കൊണ്ട്‌ ബുദ്ധി ഹാനി സംഭവിക്കൽ.

4. മനുഷ്യരുടെ ഗുഹ്യസ്ഥാനം തൊടൽ. 

5. വികാരത്തോടു കൂടി സ്‌'ത്രീ പുരുഷനെയോ, പുരുഷൻ സ്‌'ത്രീയെയോ തൊടൽ. 

6. മയ്യിത്ത്‌ കുളിപ്പിക്കൽ. 

7. ഒട്ടകത്തിന്റെ മംസം ഭക്ഷിക്കൽ. 

8. മുർ'ത്തദ്ദാവൽ. (അൽ അൻ'വാറുസ്സാത്തി'അഃ നോക്കുക)

*******************************************************************************


വുളു ഇല്ലാത്തവർക്ക് ഹറാം ആകുന്ന കാര്യങ്ങൾ 


1) നിസ്കാരം

2) സുജൂദ്

3) ജുമുഅയുടെ ഖുതുബ

4) കഅബ പ്രദക്ഷിണം (ത്വവാഫ്) 



വുദൂവിലെ ദിക്റുകള്‍


മുന്‍കൈ കഴുകാന്‍ തുടങ്ങുമ്പോള്‍- :

، أَعُوذُ بِالله مِنَ الشيْطَان الرجيم، بسمِ اللهِ الرحمنِ الرحِيم، أشهَدُ ان لا الهَ الاَّ الله واَشْهَدُ انَّ مُحَمَّدً ا رَسُول الله، الحَمْدُ للهِ الذِي جَعَلَ المَاءَ طَهُورًا 

(അല്ലാഹുവിനോട് ഞാന്‍ പിശാചില്‍നിന്ന് കാവല്‍ ചോദിക്കുന്നു, റഹ്മാനും റഹീമുമായ അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതരാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. വെള്ളത്തെ ത്വഹൂര്‍ (ശുദ്ധിയാക്കാന്‍ കഴിവുള്ളത്) ആക്കിയ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും)


മുഖം കഴുകുമ്പോൾ

اَللّهُمَّ بَيِّضْ وَجْهِي بِنُورِكَ يَوْمَ تُبَيِّضُ وُجُوهَ أَوْلِيٰائِكَ

വലത് കൈ കഴുകുമ്പോൾ

اَللّهُمَّ أَعْطِنِي كِتَابِي بِيَمِينِي وَحٰاسِبْنِي حِسٰاباً يَسِيراً

ഇടത് കൈ കഴുകുമ്പോൾ

اَللّهُمَّ إِنِّي أَعُوذُ بِكَ أَنْ تُعْطِيَنِي كِتَابِي بِشِمٰالِي أَوْ مِنْ وَرٰاءِ ظَهْرِي

തല തടവുമ്പോൾ

اَللّهُمَّ أَظِلَّنِي تَحْتَ ظِلِّ عَرْشِكَ يَوْمَ لاٰ ظِلَّ إِلاَّ ظِلُّكَ

ചെവി തടവുമ്പോൾ

اَللّهُمَّ اجْعَلْنِي مِنَ الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ

കാലുകൾ കഴുകുമ്പോൾ

اَللّهُمَّ ثَبِّتْ قَدَمَيَّ عَلَى الصِّرٰاطِ الْمُسْتَقِيمِ مَعَ أَقْدٰامِ عِبٰادِكَ الصَّالِحِينَ

വുളൂഇനു ശേഷം ഖിബ്‌ലക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്യണം

أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبٰادِكَ الصَّالِحِينَ سُبْحٰانَكَ اللَّهُمَ وَبِحَمْدِكَ أَشْهَدُ أَنْ لاٰ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ

(അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അവന് പങ്കുകാരനില്ല. മുഹമ്മദ് നബി അവന്‍റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, എന്നെ നീ തൌബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്‍റെ സച്ചരിതരായ അടിമകളിലും ഉള്‍പ്പെടുത്തണേ. അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. നീയല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു, നിന്നോട് ഞാന്‍ പാപമോചനം തേടുന്നു, നിന്നിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.)

ശേഷം റസൂല്‍ (സ)യുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാതും സലാമും ചൊല്ലുകയും സൂറതുല്‍ ഖദ്ര്‍ (ഇന്നാ അന്‍സല്‍നാഹു ഫീലൈലതില്‍ഖദ്ര്‍) മൂന്ന് പ്രാവശ്യം ഓതുകയും ചെയ്യലും സുന്നതാണ്.


വുളുഉമായി ബന്ധപ്പെട്ട ചില മസ്'അലകൾ  
മുറിക്കപ്പെട്ട കൈ കഴുകുന്നത് എങ്ങിനെ ?

ഉ:  മുറിച്ചത് കൈമുട്ടിന്റെ താഴെയാണെങ്കിൽ ബാക്കിയുള്ളതിനെ കഴുകുക. കൈമുട്ടിന്റെ മുകളിലാണ് മുറിച്ചതെങ്കിൽ തോളും കൈയിന്റെ തലഭാഗവും കഴുകൽ നിർബന്ധമാണ്‌. അതിനും മുകളിലാണെങ്കിൽ ബാക്കിയുള്ളതിനെ കഴുകൽ സുന്നത്താണ്. (തുഹ്ഫ 1/341)

കഴുകേണ്ട മുഖത്തിന്റെ പരിധി വിവരിക്കാമോ ?

ഉ:  സാധാരണയിൽ തലമുടി മുളക്കുന്നതിന്റെയും രണ്ടു താടിയെല്ല് ഒരുമിച്ചുകൂടിയ സ്ഥലത്തിന്റെയും ഇടയിലുള്ളതും രണ്ടു ചെവിക്കുറ്റികൾക്ക് ഇടയിലും വരുന്ന സ്ഥലം. 

നിയ്യത്തിന്റെ രൂപങ്ങൾ ?

ഉ:  ഞാൻ വുളു: ചെയ്യുന്നു. വുളു:ഇനെ വീട്ടുന്നു. വുളു: എന്ന ഫർളിനെ വീട്ടുന്നു. നിസ്കാരത്തെ ഹലാലാക്കുന്നു.  വുളു: കൊണ്ടല്ലാതെ അനുവദിനീയമല്ലാത്ത കാര്യങ്ങളെ ഹലാലാക്കുന്നു. (ത്വവാഫിനു വേണ്ടി, ഖുർആൻ തൊടാൻ വേണ്ടി പോലെ ) അശുദ്ധിയെ തൊട്ട് ശുദ്ധിയാക്കുന്നു. അശുദ്ധിയെ ഉയർത്തുന്നു എന്നോ കരുതുക. (തുഹ്ഫ 1/312-16)

സ്ഥിരം ആശുദ്ധിയുള്ളവർ എങ്ങിനെ നിയ്യത്ത് ചെയ്യണം ?

ഉ:  മുകളിൽ പറഞ്ഞ നിയ്യത്തിന്റെ രൂപങ്ങളിൽ  അശുദ്ധിയെ തൊട്ട് ശുദ്ധിയാക്കുന്നു. അശുദ്ധിയെ ഉയർത്തുന്നു എന്നിവകളല്ലാത്ത നിയ്യത്തുകൾ ചെയ്യാം. 

നിയ്യത്ത് ചെയ്യുന്നത് എപ്പോൾ ?

ഉ:  മുഖത്തിൽ നിന്ന് കഴുകപ്പെടുന്നതിന്റെ ആദ്യത്തിനോട് അന്യരിച്ച് കൊണ്ട് നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്‌. (തുഹ്ഫ 1/323)

മുഖത്തുള്ള മുഴുവൻ മുടികളും ഉള്ളും പുറവും കഴുകൽ നിർബന്ധമുണ്ടോ ?

ഉ:  നിർബന്ധമാണ്‌. താടി തിങ്ങിയതാണെങ്കിൽ അതിന്റെ പുറംഭാഗം മാത്രം കഴുകിയാൽ മതി. 

തിങ്ങിയ താടി ഏതാണ്  ?

ഉ:  അഭിമുഖമായി സംസാരിക്കുമ്പോൾ രോമത്തിനിടയിലൂടെ തൊലി കാണുന്നില്ലെങ്കിൽ തിങ്ങിയതാണ് .(ഫത്ഹുൽ മുഈൻ 13,14)

കാലിൽ മുള്ള്  തറച്ചിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം ?

ഉ:  പുറത്തേക്ക് കാണുന്നുണ്ടെങ്കിൽ അതിനെ പറിക്കലും ആ ഭാഗം തടവലും നിർബന്ധമാണ്‌. പുറത്തേക്ക് കാണുന്നില്ലെങ്കിൽ പറിക്കേണ്ടതില്ല.(ഫത്ഹുൽ മുഈൻ 15)

വുളു:വിന്റെ നിയ്യത്തോട് കൂടെ കുളിച്ചാൽ വുളു: ലഭിക്കുമോ ?

ഉ:  വുളു:വിന്റെ നിയ്യത്തോട് കൂടെ മുങ്ങി കുളിച്ചാൽ വുളു: ലഭിക്കുന്നതാണ്. വെള്ളം ഒഴിച്ചു കുളിക്കുകയാനെങ്കിൽ വുളു:വിന്റെ ക്രമം (തർത്തീബ്) സൂക്ഷിക്കൽ നിർബന്ധമാണ്‌. 

വുളു:വിന്റെ നിയ്യത്തോട് കൂടെ വെള്ളത്തിൽ മുങ്ങിയവനു വുളു: ലഭിക്കുമോ ?

ഉ:  ലഭിക്കും. 

നിർബന്ധമായ കുളിക്ക്  വേണ്ടി മുങ്ങി കുളിച്ചാൽ വുളു: ലഭിക്കുമോ ?

ഉ:  ലഭിക്കും.(ഫത്ഹുൽ മുഈൻ 15)

ബാത്ത് റൂമില്‍ (കക്കൂസ് ) വെച്ച് വുളു ചെയ്യുന്നതിന്‍റെ വിധി എന്താണ്? ഇവിടെ ഗല്‍ഫില്‍ ബാത്ത് റൂമില്‍ ഭൂരിഭാഗറൂമുകളിലും വുളു ചെയ്യാന്‍ സൌകര്യമുള്ളത് ബാത്റൂമിലാണ്

ഉ:മലമൂത്രവിസര്‍ജ്ജന സ്ഥലത്ത്നിന്ന് വുദു ചെയ്യുന്നതില്‍ രണ്ട് കാര്യങ്ങളാണുള്ളത്. നജസ് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമാണെന്നതിനാല്‍ വുദു എടുക്കുമ്പോള്‍ നിലത്ത് പതിക്കുന്ന വെള്ളം ശരീരത്തിലേക്ക് തെറിക്കാനും നജസ് ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്. ആ സാധ്യത എത്രമാത്രമാണോ അതിനുസരിച്ച് അത് നിഷിദ്ധമോ കറാഹതോ അനുവദനീയമോ ആവും. എന്നാല്‍, അത്തരം നജസുകളൊന്നും തന്നെ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടെങ്കില്‍പോലും, അവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വുദൂവിന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നതാണെന്നതും കക്കൂസ് പോലോത്ത സ്ഥലങ്ങളില്‍ വെച്ച് അത്തരം ദിക്റുകള്‍ ചൊല്ലുന്നത് കറാഹതാണെന്നതുമാണ്. ആ നിലക്കും കക്കൂസില്‍വെച്ച് വുദു ചെയ്യുന്നത് കറാഹതായി വരുന്നതാണ്.

എന്നാല്‍ ഇക്കാലത്ത് പലയിടത്തുമുള്ള ബാത്റൂമുകള്‍ കക്കൂസും കുളിമുറിയും, കഴുകുന്ന സ്ഥലവും (വാഷ്‌ ബാസിന്‍) എല്ലാം ആണ്. അത്തരം സാഹചര്യത്തില്‍ ഏത് ഉപയോഗതിനാണോ നാം ഉദ്ദേശിക്കുന്നത് അതിന്റെ വിധി ആയിരിക്കും അതിനുണ്ടാവുക. ഉദാഹരണം കക്കൂസിന്റെ ആവിശ്യതിന്നു കേറിയാല്‍ അവിടെ ഖലാഇലിന്റെ എല്ലാ വിധികളും ബാധകമാണ്. എന്നാല്‍ വുളു ഉണ്ടാക്കാന്‍ മാത്രം കയറുമ്പോള്‍ അത് വെറും കഴുകാനുള്ള സ്ഥലം ആയിട്ടാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ അവിടെ വുളു എടുക്കല്‍ കറാഹതില്ലെന്നും ചില ആധുനിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സോപ്പിന്റെ അംശം വുദു ചെയ്യുന്ന സ്ഥലത്ത് ആയാല്‍ വുദു ശരിയാകുമോ ?

ഉ: വുദു ചെയ്യുന്ന സ്ഥലത്ത് സോപ്പിന്റെ അംശമുണ്ടായത് കാരണം ആ ഭാഗത്ത് വെള്ളം ചേരാതെ വന്നാല്‍ വുദു ശരിയാവുകയില്ല. വെള്ളം ചേരുന്നതിന് തടസ്സമല്ലെങ്കില്‍ ഈ സോപ്പ് കാരണം വെള്ളം പകര്‍ച്ചയാകുന്നത് ശ്രദ്ധിക്കണം. വെള്ളമെന്ന് പേരിന് പകരം സോപ്പ് വെള്ളമെന്ന് പറയാന്‍മാത്രം വെള്ളത്തിന് പകര്‍ച്ച സംഭവിക്കുന്നുവെങ്കില്‍ ആ കഴുകല്‍ കൊണ്ട് വുദു ശരിയാവുകയില്ല. സോപ്പ് കഴുകിക്കളഞ്ഞതിനു ശേഷം ആ അവയവം കഴുകണം.

പൈപ്പില്‍ നിന്ന് വുളു എടുക്കുമ്പോള്‍ താഴെ വീഴുന്ന വെള്ളം പാത്രത്തില്‍ ശേഖരിച്ചതു ബാത്‌റൂമിൽ ഒഴിക്കാന്‍ പറ്റുമോ?

ഉ: വുദൂ എടുക്കുമ്പോള്‍ താഴെ വീഴുന്ന വെള്ളം ശേഖരിച്ച് കക്കൂസില്‍ ഒഴിക്കുന്നത് അനുവദനീയമാണ്. ആ വെള്ളമുപയോഗിച്ച് ക്ലോസറ്റ്, ബാത്രൂം എന്നിവ വൃത്തിയാക്കുകയും ചെയ്യാം. പക്ഷേ, ഈ വെള്ളം മുസ്തഅ്മിലാണെന്നതിനാല്‍ ബാത്രൂമിലും മറ്റുമുള്ള നജസ് ശുദ്ധിയാകണമെങ്കില്‍ രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ വേണം. അല്ലെങ്കില്‍ നജസ് ശുദ്ധിയാവുകയില്ല.

വുദുവില്‍ സംശയിച്ചാല്‍ വളു മുറിയുമോ

ഉ:വുദു എടുത്തു എന്നു ഉറപ്പുണ്ടാവുകയും പിന്നീട് അതു മുറിഞ്ഞോ എന്ന് സംശയിച്ചാല്‍ വുദൂ മുറിയുകയില്ല. വുദൂ എടുത്തു പൂര്‍ത്തിയായതിനു ശേഷം ഏതെങ്കിലും റുക്ന് ഒഴിവാക്കിയോ എന്നു സംശയിച്ചാലും വുദു മുറിയുകയില്ല.  വുദൂ മുറിഞ്ഞുവെന്നത് ഉറപ്പാണ്. പക്ഷേ അതിനു ശേഷം വുദൂ എടുത്തോ എന്നാണ് സംശയമെങ്കില് അവനു വുദൂ ഇല്ലാത്തതായി കണക്കാക്കണം. പുതുതായി വുദൂ എടുക്കുകയും വേണം.

വുളു എടുത്ത വെളളം തുടച്ചു കളയാമോ?

വുളൂ, കുളി എന്നിവക്കു ശേഷം വെള്ളം തുടച്ചു കളായാതിരിക്കലാണ് സുന്നത്ത്. ഏതെങ്കിലും കാരണമുണ്ടെങ്കില്‍ തുടച്ചു കളയുന്നത് സുന്നതിനും എതിരാവുകയില്ല.

വുളു എടുക്കുമ്പോള്‍ ഔറത് മറക്കണോ ?

വുളൂ എടുക്കുമ്പോള്‍ ഔറത് മറക്കണമെന്ന് നിബന്ധനയില്ല. അത് കൊണ്ട് തന്നെ സഹീഹ് ആവുന്നതാണ്.

ടാബ്ലെറ്റുകളില്‍ ഖുര്‍ആന്‍ ഓതുമ്പോള്‍ ടച്ച് സ്ക്രീനില്‍ വിരലുകൊണ്ടു പേജുകള്‍ മാറ്റാന്‍ വുളൂ ആവശ്യമുണ്ടോ ?

മൊബൈല്‍, ടാബ്ലെറ്റ്, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ സ്ക്രീനില് ഖുര്‍ആന്‍ തെളിഞ്ഞു കഴിഞ്ഞാല്‍ അതിനു മുസ്ഹഫിന്‍റെ വിധി തന്നെയാണ്. അത് സ്പര്‍ശിക്കാനും വഹിക്കാനും വുളൂ ആവശ്യമാണ്. എന്നാല്‍ പെന്നോ സ്കൈലോ ഉപയോഗിച്ച് മുസ്ഹഫിലെ ഇളകാത്ത പേജുകള്‍ മറിക്കാന്‍ വുളൂഇന്‍റെ ആവശ്യമില്ലെന്ന ഫിഖ്ഹീ കിതാബുകളിലെ ചര്‍ച്ചകളില്‍ നിന്ന് വിരലിനു പകരം ശരീരം സ്പര്‍ശിക്കാതെ മറ്റു ഉപകരണങ്ങള്‍ ഉപയോഗിച്ച് പേജുകള്‍ വുളൂ ഇല്ലാതെ മറിക്കല്‍ ജാഇസാണ്. പക്ഷേ, വുളൂ ഇല്ലാതെ ഖുര്‍ആന്‍ ഡിസ്പ്ലേയിലുള്ള മൊബൈലുകളോ ടാബുകളോ കൈയിലോ മറ്റോ വഹിക്കാവതല്ല എന്നു പ്രത്യേകം ശ്രദ്ധിക്കണം.

കൃത്രിമ കാൽ ഉള്ളവർ വുളു ചെയ്യുമ്പോൾ അത് കഴുകുകയോ തടവുകയണോ വേണോ?

കൃത്രിമമായി അവയവങ്ങള്‍ വെച്ചാല്‍, അവ ശരീരത്തിന്‍റെ ഭാഗമായി ഇഴുകിച്ചേര്‍ന്ന് യഥാര്‍ത്ഥ അവയവം പോലെ ആയാല്‍ യഥാര്‍ത്ഥ അവയവത്തിന്‍റെ വിധിയാണ് അതിനും ബാധകമാവുക. സാധാരണ ഗതിയില്‍ വെക്കാറുള്ള കൃത്രിമകാലുകള്‍ ആവശ്യാനുസരണം ഊരിവെക്കാവുന്നവയാണല്ലോ. അതിനാല്‍ തന്നെ അവ യഥാര്‍ത്ഥ അവയവം പോലെ ആയിട്ടില്ലെന്ന് പറയാം, അങ്ങനെയെങ്കില്‍ വുളുവില്‍ അവ കഴുകേണ്ടതില്ല.

വുളൂവിൽ കൈ രണ്ടും മുട്ടോട്കൂടി കഴുകുമ്പോൾ രണ്ട് കൈപത്തിയിലും വെള്ളം ഒഴുക്കേണ്ടതുണ്ടോ? കൈയുടെ മണിബന്ധംവരെ വെള്ളം എത്തിയാൽ മതിയാകുല്ലെ?

കൈ രണ്ടും മുട്ടോട് കൂടി കഴുകുക എന്നതില്‍ മുട്ട് മുതല്‍ താഴേക്കുള്ള മുഴുവന്‍ ഭാഗവും ഉള്‍പ്പെടുന്നതാണ്. മണിബന്ധം വരെ മാത്രം കഴുകിയാല്‍ മതിയാവില്ല. എന്നാല്‍ സാധാരണ നാം കൈ കഴുകുമ്പോള്‍ ഉള്ളം കൈയ്യില്‍ വെള്ളം എടുത്താണല്ലോ കഴുകുക, അതിനാല്‍ ആ ഭാഗം വീണ്ടും കഴുകേണ്ടതില്ലല്ലോ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ശരി തന്നെയാണ്, പക്ഷെ, ഉള്ളം കൈയ്യിന്‍റെ പുറം ഭാഗം കഴുകേണ്ടതാണെന്നത് ഓര്‍ക്കേണ്ടതാണ്. വുളുവിന്‍റെ തുടക്കത്തില്‍ മുന്‍കൈരണ്ടും കഴുകുന്നുണ്ടല്ലോ എന്നത് കൊണ്ട് മുഖം കഴുകിയ ശേഷമുള്ള കൈ കഴുകലില്‍ ആ ഭാഗം ഒഴിവാക്കാവുന്നതല്ല, കാരണം, ആദ്യത്തെ കഴുകല്‍ സുന്നതും രണ്ടാമത്തേത് നിര്‍ബന്ധവുമാണല്ലോ. നിര്‍ബന്ധമായ കഴുകല്‍ വുളുവിന്‍റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നുള്ള നിര്‍ബന്ധമായ നിയ്യതിന് ശേഷവും മുഖം കഴുകിയ ശേഷവുമായി സംഭവിച്ചാല്‍ മാത്രമേ പരിഗണിക്കപ്പെടൂ.

ഇടത് കൈക്ക് ബാന്‍റേജ് ഇട്ടതിനാല്‍ വുളു ചെയ്യാനോ തയമ്മും ചെയ്യാനോ സാധിക്കുന്നില്ല. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് നിസ്കരിക്കേണ്ടത്? ഇക്കാലയളവില്‍ നിസ്കരിക്കുന്നവ മടക്കേണ്ടതുണ്ടോ?

വുദുവിന്റെ നിര്‍ബന്ധ അവയവങ്ങളില്‍ ബാന്‍ഡേജ് ഇട്ടാല്‍, അതില്‍നിന്ന് വെള്ളം കൊണ്ട് കഴുകാവുന്നിടത്തോളം കഴുകുകയും ബാന്‍ഡേജിന് മുകളിലൂടെ വെള്ളം കൊണ്ട് തടവുകയും ചെയ്ത് ബാക്കി ഭാഗത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടതാണ്. ആ അവയവം കഴുകേണ്ട സമയത്താണ് അതിന് വേണ്ടി തയമ്മും ചെയ്യേണ്ടത്. അഥവാ, കാലിലാണ് ബാന്‍ഡേജ് എങ്കില്‍ ചെവി തടവിയ ശേഷം കാല് കഴുകുന്ന സമയത്ത് അതിന് വേണ്ടി തയമ്മും ചെയ്യുക. തയമ്മും ചെയ്യേണ്ടത് മുഖത്തും കൈയ്യിലും തന്നെയാണ്, അവയാണ് തയമ്മുമിന്റെ അവയവങ്ങള്‍. ബാന്‍ഡേജ് ഇടുന്ന സമയത്ത് ശുദ്ധിയുണ്ടെങ്കില്‍ ഇങ്ങനെ തയമ്മും ചെയ്ത് നിര്‍വ്വഹിക്കുന്ന നിസ്കാരങ്ങള്‍ മടക്കേണ്ടതില്ല, ആ സമയത്ത് വുദു ഇല്ലെങ്കില്‍ പിന്നീട് അവ മടക്കേണ്ടതാണ്.

ബാന്‍ഡേജ് ഇട്ടത് തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍ (കൈയ്യിലോ മുഖത്തോ) നേരത്തെ പറഞ്ഞപോലെ അത് കഴുകുന്ന സമയത്ത് അതിനായി തയമ്മും ചെയ്യേണ്ടതാണ്. ബാന്‍റേജിന് മുകളിലൂടെ വെള്ളം കൊണ്ട് തടവലും നിര്‍ബന്ധമാണ്. കൈയ്യിലാണ് ബാന്‍റേജ് എങ്കില്‍ തയമ്മുമില്‍ ബാന്‍റേജ് ഇല്ലാത്ത ഭാഗത്തും മുഖത്തുമാണ് മണ്ണ് കൊണ്ട് തടവേണ്ടത്. ബാന്‍റേജിന് മുകളിലൂടെ മണ്ണ് കൊണ്ട് കൈ നടത്തല്‍ സുന്നതാണ്.

ബാന്‍ഡേജ് തയമ്മുമിന്‍റെ അവയവത്തിലാവുമ്പോള്‍ ബാന്‍ഡേജ് ഇടുന്ന സമയത്ത് ശുദ്ധി ഉണ്ടെങ്കില്‍ പോലും പിന്നീട് ആ നിസ്കാരങ്ങളെല്ലാം മടക്കി നിസ്കരിക്കേണ്ടതാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. മടക്കേണ്ടതില്ലെന്ന അഭിപ്രായവുമുണ്ട്.

വുളുവിന്‍റെയും കുളിയുടെയും നിയ്യത്തില്‍, നിസ്കാരത്തെ ഹലാലാക്കുവാന്‍ എന്നു കരുതല്‍ നിര്‍ബന്ധമാണോ? നിയ്യതിന്‍റെ ചുരിങ്ങിയ രൂപം എങ്ങനെയാണ് ?

വുളുവിലും കുളിയിലും നിയ്യത് വെക്കുമ്പോള്‍ നിസ്കാരത്തെ ഹലാലാക്കുവാന്‍ എന്ന് തന്നെ കരുതണമെന്ന് നിര്‍ബന്ധമില്ല. വുളു ചെയ്യുമ്പോള്‍, വുളുവിന്‍റെ ഫര്‍ളിനെ വീട്ടുന്നുവെന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്നോ വുളു നിര്‍ബന്ധമായ ഏതെങ്കിലും ഒരു കാര്യം പറഞ്ഞ് അതിനെ ഹലാലാക്കുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്. കുളിയുടെ നിയ്യതിലും അതുപോലെ നിര്‍ബന്ധമായ കുളി ഞാന്‍ നിര്‍വ്വഹിക്കുന്നു എന്നോ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്.

നിസ്കാരത്തില്‍ വുളു മുറിഞ്ഞോ ഇല്ലേ എന്ന് തോന്നിയാല്‍ ?

വസ്വാസ് എന്നത് ഇന്ന് പലരും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്. ഇബാദതുകളിലെ അമിതമായ കണിശതയാണ് പലരെയും ഇതിലേക്ക് എത്തിക്കുന്നത്. പലപ്പോഴും അത്, ആരാധനകള്‍ പിഴപ്പിക്കാനുള്ള പിശാചിന്റെ ശ്രമത്തിന്റെ ഭാഗവുമാണ്. അതില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുകയും മനസ്സുറപ്പിച്ച് ആരാധനകളില്‍ പ്രവേശിക്കുകയും ചെയ്യുക. നിസ്കാരത്തിന് മുമ്പായി അഊദുബില്ലാഹി മിനശൈത്വാനിറജീം എന്ന് മനസ്സറിഞ്ഞ് അല്ലാഹുവിനോട് കാവലിനെ ചോദിക്കുക.

വിശ്വാസികളെ വഴിതെറ്റിക്കാന്‍ പിശാച് ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് പല മാര്‍ഗങ്ങളും സ്വീകരിക്കും. അതില്‍ പെട്ടതാണ് ഇത്തരത്തില്‍ മനസ്സില്‍ സംശയം ജനിപ്പിക്കുകയെന്നത്. വിശ്വാസത്തിലും കര്‍മ്മകാര്യങ്ങളിലും ഇത് സംഭവിക്കാം. വിസ്വാസകാര്യങ്ങളില്‍ പിഴപ്പിക്കാന്‍ സാധിക്കാത്തവരെ പിശാച് കര്‍മ്മകാര്യങ്ങളില്‍ പിഴപ്പിച്ച് കൊണ്ടിരിക്കുമെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. ആരാധനാകര്‍മ്മങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നല്ല ചിന്തയിലൂടെയാണ് പിശാച് പലപ്പോഴും ഇത്തരാക്കാരിലേക്ക് പ്രവേശിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഓരോന്നിലും അത് ചെയ്യുന്ന സമയത്ത് മാത്രം ശ്രദ്ധിക്കുകയും അത് കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് ചിന്തിക്കാതിരിക്കുകയും ചെയ്യുക. വുളു ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് ചിന്തിക്കേണ്ടതില്ല. നിസ്കാരത്തില്‍ ഇങ്ങനെ സംശയം വരുന്നതായി ഒരു സ്വഹാബി പ്രവാചകരോട് പരാതിപ്പെട്ടത് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം, അപ്പോള്‍ പ്രവാചകര്‍ (സ) പറഞ്ഞത് ഇങ്ങനെയായിരുന്നു, വാസനയോ ശബ്ദമോ അനുഭവിക്കുന്നത് വരെ നിസ്കാരത്തില്‍നിന്ന് പിരിഞ്ഞുപോവേണ്ടതില്ല എന്നാണ്. ഇതിന്‍റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നത് ഇങ്ങനെയാണ്, വുളു മുറിഞ്ഞു എന്ന് ഉറപ്പാവുന്നത് വരെ ഇത്തരം സംശയങ്ങള്‍ പരിഗണിക്കേണ്ടതില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

അത് കൊണ്ട് തന്നെ ഇത്തരം കേവല സംശയ ചിന്തകള്‍ അവഗണിച്ചു തള്ളുകയും അത്തരം കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുക. അതോടൊപ്പം അല്ലാഹുവിനോട് പിശാചില്‍ നിന്നും കാവല്‍ ചോദിക്കുകയും ദൈവിക സ്മരണ(ദിക്റ്) യിലേക്ക് മുന്നിട്ടിറങ്ങുകയും അത് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നത് ഇത്തരം വസവാസുകള്‍ തടയുന്നതിനുള്ള ഏറ്റവും നല്ല ചികത്സയാണെന്നു ഇമാം നവവി തന്റെ അദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. സൂറത്തുന്നാസ് പതിവാക്കുന്നതും വസവാസില്‍ നിന്ന് രക്ഷ നേടാന്‍ ഏറെ സഹായകമാണ്.

നബി (സ) പറയുന്നു, അല്ലാഹു എന്‍റെ സമുദായത്തിന് അവരുടെ മനസ്സ് സൃഷ്ടിക്കുന്ന സംശയവും (വസവാസ്) മനസ്സിന്റെ സംസാരവും അവരത് കൊണ്ട് സംസാരിക്കുകയോ പ്രവര്‍ത്തികുകയോ ചെയ്യാത്തിടത്തോളം വിട്ടുവീഴ്ച ചെയ്തിരിക്കുന്നു (ബുഖാരി, മുസ്‌ലിം).

വുളു മുറിഞ്ഞു എന്ന് ഉറപ്പായാല്‍ പിന്നെ, നിസ്കാരം തുടരാന്‍ പാടില്ല, പോയി വുളു ചെയ്ത് വന്ന് വീണ്ടും നിസ്കരിക്കേണ്ടതാണ്.

ട്യൂബ് മൈലാഞ്ചി അണിഞ്ഞാല്‍ വുളു ?

മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് മാനദണ്ഡം. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്. ട്യൂബ് മൈലാഞ്ചിക്കും ചക്കര മൈലാഞ്ചിക്കുമൊക്കെ ഇതുതന്നെയാണ് വിധി.

പൈപ്പില്‍ നിന്ന് വുളു എടുക്കുമ്പോള്‍ കൈ കഴുകേണ്ടത് എങ്ങനെ ?

പൈപ്പില്‍ നിന്ന് വുളു എടുക്കുമ്പോള്‍ രണ്ട് രീതിയില്‍ കൈ കഴുകാവുന്നതാണ്. മുന്‍കൈയ്യില്‍ വെള്ളമെടുത്ത് കൈ കഴുകുകയോ കൈ പൈപ്പിന് താഴെ കാണിച്ച് അതിലേക്ക് വെള്ളം വീഴ്ത്തുകയോ ചെയ്യാം. ഇതില്‍ ഒന്നാമത്തെ രൂപത്തില്‍ ചെയ്യുന്നതാണ് നല്ലത്. മതിയായ കാരണമില്ലാതെ വെള്ളം ഒഴിച്ചുകൊടുക്കല്‍ കറാഹതാണ് എന്ന് കിതാബുകളില്‍ കാണാം, ഒരു വ്യക്തി ഒഴിച്ചുകൊടുക്കുന്നതിനെക്കുറിച്ചാണ് ആ പരാമര്‍ശമെങ്കിലും പൈപ്പില്‍ നിന്ന് വുളു എടുക്കുമ്പോഴും കഴുകേണ്ട ഭാഗത്തേക്ക് നേരിട്ട് ഒഴിക്കുന്നത് ഒവിവാക്കുന്നതാണ് നല്ലതെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇനി കൈ താഴ്ത്തിപ്പിടിച്ച് നേരിട്ട് വെള്ളം ഒഴിക്കുകയാണെങ്കില്‍ മൂന്ന് പ്രാവശ്യമായി വെള്ളം ഒലിപ്പിച്ചോ മറ്റേ കൈ കൊണ്ട് മൂന്ന് പ്രാവശ്യം വെള്ളം നടത്തിയോ കഴുകാവുന്നതാണ്.

ഭാര്യയെ തൊട്ടാല്‍ വുളു മുറിയുമോ ? (ശാഫീ മദ്ഹബ്)

ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാലും വുദൂ മുറിയും. അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ തൊട്ടാല്‍ (സൂറതുന്നിസാഅ് 43) എന്ന ഖുര്‍ആന്‍ വചനം പൊതുവായതിനാല്‍ അതില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നതാണ്. സ്ത്രീകളെ സ്പര്‍ശിക്കുക എന്നത് പ്രകൃത്യാ വികാരസാധ്യതയുള്ളതാണ്. അത് ആരാധനയുടെ പ്രകൃതത്തോട് തീര്‍ത്തും വിരുദ്ധമാണ് താനും. ഒരു പുരുഷന് ഏറ്റവും കൂടുതല്‍ വികാരമുണ്ടാകേണ്ടത് സ്വന്തം ഭാര്യയെ സ്പര്‍ശിക്കുമ്പോഴാണല്ലോ. ഭാര്യയുടെ ഉമ്മയടക്കമുള്ള മഹ്റമുകളായ സ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്.

ഉറങ്ങുന്നതിന്ന്‌ മുമ്പായി ഫാതിഹയും സുറത്തുല്‍ ഇഖ്‌ലാസും മുഅവ്വദതൈനിയും മൂന്ന്‌ പ്രാവശ്യം ഓതി ശരീരം തടയുന്നതിന്ന്‌ ഉളു നിര്‍ബ്ബന്ധമാണോ?

ഖുര്‍ആന്‍ ഓതാന്‍ വുളു നിര്‍ബന്ധമില്ല, തൊടാനാണ് വുളു വേണ്ടത്. എന്നാല്‍ ഖുര്‍ആന്‍ ഓതുന്നതിനും ഹദീസ് പോലോത്ത ഇല്‍മിന്‍റെ കിതാബുകള്‍ ഓതുന്നതിനുമെല്ലാം വുളു എടുക്കല്‍ സുന്നതാണ്.

കാഫിറായ മനുഷ്യനെ തൊട്ടാല്‍ വുളു മുറിയുമോ?

ഇല്ല, അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ട് വുളൂ മുറിയുകയില്ല. വുളൂ മുറിയുന്ന കാര്യങ്ങളില്‍ അത്തരം ഒരു കാര്യമില്ല.

ഭര്‍ത്താവിന്‍റെ ഉപ്പയെ തൊട്ടാല്‍ വുളു മുറിയുമോ

വിവാഹ ബന്ധത്തിലൂടെ പലരും മഹ്റം ആയിത്തീരുന്നുണ്ട്. (മഹ്റം – കാണല്‍ അനുവദനീയമായവര്‍ ). പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെ, ഭാര്യക്ക് ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന് ഭാര്യയുടെയും മാതാപിതാക്കളും (വലിയുമ്മമാരും വലിയുപ്പമാരും അടക്കം) മക്കളും (പേരമക്കളടക്കം) ആണ് ഇത്തരത്തില്‍ മഹ്റം ആയിത്തീരുക. മഹ്റം ആയവരെ തൊട്ടാല്‍ വുളു മുറിയുകയില്ല. ഭാര്യാഭര്‍തൃബന്ധം ഉണ്ടാവുന്നതിലൂടെ ഓരോരുത്തര്‍ക്കും അപരന്‍റെ മാതാപിതാക്കളും മക്കളും (മുന്‍ബന്ധങ്ങളിലുള്ളത്) സ്വന്തം മാതാപിതാക്കളെയും മക്കളെയും പോലെ ആയിത്തീരുന്നു എന്നതാണ് ഇതിന് കാരണം. ഭാര്യയുമായുള്ള ബന്ധം ഒഴിഞ്ഞാല്‍ പോലും അവളുടെ മാതാപിതാക്കള്‍ മഹ്റം ആയി തുടരുമെന്നതും ഈ ബന്ധത്തിന്‍റെ മഹത്വമാണ് അറിയിക്കുന്നത്.

നിസ്കാരത്തില്‍ ഇമാമിന്‍റെ വുളു മുറിഞ്ഞാല്‍?

നിസ്കാരത്തില്‍ വുളു മുറിഞ്ഞാല്‍ ഉടനെ നിസ്കാരം മുറിച്ച് വുളു എടുക്കുകയാണ് വേണ്ടത്. വുളൂ മുറിഞ്ഞിട്ടും നിസ്കാരം തുടരുന്നത് വലിയ തെറ്റാണ്. ഇമാമിനും മഅ്മൂമിനും അത് തന്നെയാണ് വിധി. ഇങ്ങനെ വുളു എടുക്കാനായി പോകുന്നത് ഇമാം ആണെങ്കില്‍ മഅ്മൂമീങ്ങളില്‍ ഒരാളെ തന്‍റെ സ്ഥാനത്തേക്ക് നിര്‍ത്തല്‍ ഇമാമിന് സുന്നതാണ്. ഇമാം അങ്ങനെ ആരെയും നിര്‍ത്തിയില്ലെങ്കില്‍ മഅ്മൂമീങ്ങളില്‍ ഒരാള്‍ക്ക് സ്വയം ഇമാമിന്‍റെ സ്ഥാനത്തേക്ക് കയറി നില്‍ക്കാവുന്നതുമാണ്. ആരും ഇമാം ആയി കയറി നില്‍ക്കാത്തിടത്ത് ഓരോരുത്തര്‍ക്കും ഒറ്റക്ക് നിസ്കാരം തുടരാവുന്നതുമാണ്. വുളു മുറിഞ്ഞിട്ടും ഇമാം തുടരുകയാണെങ്കില്‍, അയാളുടെ വുളു മുറിഞ്ഞ വിവരം അറിഞ്ഞാല്‍ മഅ്മൂമീങ്ങള്‍ ഉടനെ അയാളുമായി പിരിയുന്നു എന്ന് കരുതി (മുഫാറഖത്) ഒറ്റക്ക് നിസ്കാരം തുടരേണ്ടതാണ്. വുളു മുറിഞ്ഞ വിവരം അറിഞ്ഞിട്ടും വിട്ടുപിരിയലിനെ കരുതാതെ അയാളോടൊപ്പം നിസ്കാരം തുടര്‍ന്നാല്‍ അവരുടെ നിസ്കാരവും ബാത്വിലാവുന്നതാണ്. ഇമാമിന്‍റെ വുളു മുറിഞ്ഞ വിവരം അറിയാതെ മഅ്മൂമീങ്ങള്‍ അയാളോടൊപ്പം തുടര്‍ന്നാല്‍ അവരുടെ നിസ്കാരം ശരിയാവുമെന്നതാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം.

ഭാര്യയുമായി ഒരു തവണ ബന്ധപ്പെട്ട ശേഷം വീണ്ടും ബന്ധപ്പെടുന്നതിന് മുമ്പ് വുളു എടുക്കല്‍ ആവശ്യമാണോ?

ഭാര്യയുമായി ബന്ധപ്പെടുന്നതോടെ വലിയ അശുദ്ധിക്കാരനായിത്തീരുകയാണല്ലോ ചെയ്യുന്നത്. വലിയ അശുദ്ധിക്കാരനും ഹൈള്, നിഫാസ് എന്നിവയുടെ രക്തം മുറിഞ്ഞ സ്ത്രീകള്‍ക്കുമെല്ലാം കുളിക്കുന്നതിന് മുമ്പായി തീറ്റ, കുടി, ഉറക്കം എന്നിവയില്‍ ഏതെങ്കിലും ചെയ്യാന്‍ ഉദ്ധേശിച്ചാല്‍ പ്രസ്തുത ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കി വുളൂ ചെയ്യല്‍ സുന്നതാണ്. വലിയ അശുദ്ധിക്കാരന്‍ വീണ്ടും ഭാര്യയുമായി ബന്ധപ്പെടാന്‍ ഉദ്ധേശിച്ചാലും ഇത് സുന്നതാണെന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്.

ഇരുന്നുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോയാല്‍ വുളു മുറിയുമോ?

ഉറക്കം വുദു മുറിയാനുള്ള കാരണമാണെന്ന് അറിയാമല്ലോ. ഉറക്കം എന്നത് കൊണ്ട് അവിടെ എന്താണ് ഉദ്ധേശ്യമെന്ന് ഫിഖഹിന്‍റെ ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതനുസരിച്ച്, കേവലം തൂങ്ങി ഉറക്കം കൊണ്ടും ഇരിപ്പിടത്തില്‍ ചന്തികള്‍ ഉറപ്പിച്ചുവെച്ച് അവക്ക് സ്ഥാനചലനം സംഭവിക്കാത്ത വിധമുള്ള ഉറക്കം കൊണ്ടും വുളു മുറിയുകയില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്.

6 comments:


  1. വുളുഇന്റെ ആദ്യത്തിൽ ബിസ്മി ചൊല്ലാൻ മറന്നുപോവുകയും അവസാനിക്കുന്നതിനുമുമ്പ് ഓർമ്മ വരികയും ചെയ്താൽ എന്ത്‌ ചെയ്യണം?

    ReplyDelete
  2. വുളു എടുക്കുന്ന സമയം ഔറത് മറക്കൽ നിർബന്ധം ഉണ്ടോ. മുട്ടിനു മുകളിലായി വസ്ത്രം ആയാല് വുളൂ ശെരിയാകുമോ

    ReplyDelete
    Replies
    1. ഔറത്ത്‌ മറക്കൽ നിർബന്ധമില്ല. പക്ഷേ അള്ളാഹുവിന്റെ വചനങ്ങളല്ലെ അതിൽ ചൊല്ലുന്നത്‌ അതുകൊണ്ട്‌ ഔറത്ത്‌ മറക്കലാൺ ഉത്തമം ഔറത്‌ വെളിവാക്കി അള്ളാഹുവിന്റെ നാമങ്ങൾ ചൊല്ലുന്നത്‌ നല്ലതല്ല കുറ്റവും കിട്ടും ദാരിദ്ര്യവും ഉണ്ടാവും

      Delete
  3. വുളു ചെയ്യുമ്പോൾ ഔറത് മറക്കൽ നിർബദ്ധമാണോ .വസ്ത്രം മുട്ടിനു മുകളിൽ ആയാല് വുളൂ ശെരിയാകുമോ

    ReplyDelete
    Replies
    1. ഔറത്ത് മറക്കാതെ വുളൂഅ് എടുത്താൽ വുളൂഅ് ശരിയാകും. കാരണം ഔറത്ത് മറക്കൽ വുളൂഇന്റെ ശർത്വല്ല (തുഹ്ഫ)

      Delete
  4. ഏത് വിഭാഗത്തിനാണ് അഞ്ച് ഫർലുകൾ കൊണ്ട് തന്നെ വുദൂ സ്വീകാര്യയോഗ്യമാകുന്നത്

    ReplyDelete