Friday 25 May 2018

ഹിസ്ഖീൽ(അ)

 


മരിച്ച സമൂഹം തിരിച്ചു വരുന്നു

ഇസ്രാഈലി സമൂഹത്തിന്റെ ഒരുകാലത്തെ നേതാവ് മൂസാ (അ) ആയിരുന്നു അതിന്നു ശേഷം അവരുടെ നേതാവ് യൂശഅ്(അ) ആയിരുന്നു തുടർന്ന് കാലബ് അവരുടെ സമുന്ന നേതാവും ഭരണാധികാരിയും ആയിത്തീർന്നു 

കാലബിന്ന് ശേഷം ഇസ്രാഈലി വംശത്തെ നയിച്ച ശക്തനായ നേതാവ് ഹിസ്ഖീൽ നബി (അ) ആയിരുന്നുവെന്ന് ചില രേഖകളിൽ കാണുന്നു 

കാലബ് മരണമടയുമ്പോൾ പുത്രൻ ലൂശാകൂസിനെ പിൻഗാമിയായി നിയോഗിച്ചു അദ്ദേഹത്തിന്റെ കാലശേഷമാണ് ഹിസ്ഖീൽ (അ) വരുന്നത്  ഇങ്ങനെയും കാണുന്നു  

ലൂശാകൂസിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇങ്ങനെയാകുന്നു അദ്ദേഹത്തിന്ന് യൂസുഫ് നബി (അ) നെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുണ്ടായിരുന്നു  

ഈ സൗന്ദര്യം വിനയായിത്തീർന്നു സ്ത്രീകളുടെ ഉപദ്രവം സഹിക്കവയ്യാതായി ഉയർന്ന കുടുംബങ്ങളിലെ സൗന്ദര്യവും സ്വാധീനവും ധനവുമുള്ള സ്ത്രീകൾവരെ അദ്ദേഹത്തിൽ ആകൃഷ്ടരായിത്തീർന്നു അദ്ദേഹത്തിന്റെ ഇബാദത്തിന്നും മതപ്രബോധനത്തിന്നും സൗന്ദര്യം തടസ്സമായി മാറി പെണ്ണുങ്ങൾ സദാനേരവും സന്ദർശനം തുടർന്നപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചുപോയി 

അല്ലാഹുവേ ഈ സൗന്ദര്യം നീക്കിത്തരേണമേ 

അദ്ദേഹത്തിന്ന് വസൂരി രോഗം ബാധിച്ചു കുറെ നാൾ രോഗിയായി പിന്നി സുഖപ്പെട്ടു മുഖം നിറയെ വസൂരിക്കലകൾ പഴയ സൗന്ദര്യം പോയി സ്ത്രീകളുടെ ശല്യം തീർന്നു ഇബാദത്തെടുക്കാം പ്രബോധനം നടത്താം 

സുദീർഘമായൊരുകാലം ഇസ്രാഈലികൾക്കിടയിൽ ജീവിച്ചു ദീർഘ സേവന കാലത്തിന്നുശേഷം വഫാത്തായി  

അതിന്ന് ശേഷം ഹിസ്ഖീൽ(അ) അധികാരത്തിൽ വന്നു യഹൂദയുടെ പുത്രൻ ഹിസ്ഖീൽ എന്ന് പറയപ്പെട്ടിട്ടുണ്ട്  

ബൂദായുടെ പുത്രൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്  

ഇസ്രാഈല്യർ വീണ്ടും പരീക്ഷണങ്ങൾക്ക് വിധേയരായ ഒരു കാഘട്ടമായിരുന്നു അത് ശത്രുക്കൾ ശക്തി സംഭരിച്ചു കഴിഞ്ഞു അവർ ആഞ്ഞടിക്കും അല്ലാഹുവിന്റെ അനുമതിയോടു കൂടി അവരെ നേരിടാം  

ഹിസ്ഖീൽ(അ) തന്റെ സമുദായത്തെ വിളിച്ചുകൂട്ടി ദീർഘനേരം പ്രസംഗിച്ചു  

മൂസാ (അ) നെക്കുറിച്ചു വിശദീകരിച്ചു ഖിബ്ത്വികളുടെ മർദ്ദനകാലം നിങ്ങളുടെ പൂർവ്വികർ അടിമകളായി ജീവിച്ചു ഈ അടിമത്വത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചു അവരിലേക്ക് ഒരു വിമോചകനെ അയച്ചു അദ്ദേഹമാണ് മൂസാ (അ) മൂസാ (അ)ന്ന് അല്ലാഹു ഇറക്കിക്കൊടുത്ത വേദഗ്രന്ഥമാണ് നിങ്ങളുടെ കൈകളിലുള്ളത് തൗറാത്ത് 

മൂസാ (അ), ഹാറൂൻ(അ), യൂശഅ്(അ) കാലബ്(അ) എന്നിവരുടെ നേതൃത്വത്തിൽ നമ്മുടെ പൂർവ്വികർ കടൽ കടന്നുപോയി 

ഫലസ്തീൻ നമ്മുടെ പുണ്യഭൂമിയാണ് അല്ലാഹു വാഗ്ദത്വം ചെയ്ത ഭൂമി ബലം പ്രയോഗിച്ചു അത് നേടിയെടുക്കാൻ അല്ലാഹു കൽപിച്ചു അവർ അത് സ്വീകരിച്ചില്ല കല്പന ലംഘിച്ചതിനാൽ ശിക്ഷ കിട്ടി നാല്പത് കൊല്ലം മരുഭൂമിയിൽ അലഞ്ഞു തിരിയേണ്ടി വന്നു  

അവരുടെ കൂട്ടത്തിൽ രണ്ട് പേർ മാത്രമാണ് പുണ്യഭൂമിയിൽ പ്രവേശിച്ചത് യൂശഅ്(അ), കാലബ്(അ) ബാക്കിയുള്ളവർ മരുഭൂമിയിൽ മരിച്ചൊടുങ്ങി  

നിങ്ങൾ അവരെപ്പോലെയാവരുത്  നിങ്ങളിലൊരു വിഭാഗം ഇപ്പോൾ മരുഭൂമിയിലാണുള്ളത് നിങ്ങൾക്ക് പുണ്യദേശത്തിന്റെ ചില ഭാഗങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു നിങ്ങൾ യുദ്ധം ചെയ്തു അത് തിരിച്ചു പിടിക്കണം അല്ലാഹുവിന്റെ കല്പനയാണിത് നിങ്ങൾ കല്പന സ്വീകരിക്കണം  

യൂശഅ്(അ) ചെയ്തത് പോലെ യുദ്ധം ചെയ്യണം ഞാൻ നിങ്ങൾക്ക് നേതൃത്വം നൽകും  നിങ്ങൾ എന്നോടൊപ്പം വരിക നമുക്ക് നമ്മുടെ നാട് പിടിച്ചെടുക്കാം യൂശഇന്റെ അനുയായികളെപ്പോലെ നിങ്ങളും ധീരന്മാരായിത്തീരുക  

പ്രസംഗം നീണ്ടു പിന്നെ പ്രാർത്ഥനയായി  

സമൂഹത്തിൽ ഒരു ചലനവുമില്ല ഇസ്രാഈല്യർ വഴിപിഴച്ചിരിക്കുന്നു എണ്ണത്തിലവർ ലക്ഷക്കണക്കിലുണ്ട് അവരെ ഭീരുത്വം പിടികൂടി ധൈര്യം പോയി  

ഭീരുക്കളുടെ വലിയൊരു കൂട്ടമുണ്ടായിട്ടെന്താകാര്യം? ഒന്നുമില്ല  

ഈ പ്രദേശത്തെ വായു വളരെ ദുഷിച്ചിരിക്കുന്നു ഇത് ശ്വസിച്ചാൽ ഞങ്ങൾക്ക് കോളറ ബാധിക്കും വായു ശുദ്ധമായാൽ മാത്രമേ ഞങ്ങളിവിടെ താമസിക്കുകയുള്ളൂ' 

അതായിരുന്നു സമൂഹത്തിന്റെ പ്രതികരണം ഹിസ്ഖീൽ(അ) വളരെ ബുദ്ധിമുട്ടി എന്തൊരു നന്ദികെട്ട ജനതയാണിത് മനസ്സിൽ നന്മ വിളയിക്കാൻ എന്താണൊരു വഴി 

എത്ര പറഞ്ഞിട്ടും പ്രയോജനമില്ല നബിക്കാണെങ്കിൽ ആ ജനതയോട് വലിയ സ്നേഹവുമാണ് എങ്ങനെയെങ്കിലും അവരൊന്ന് നന്നായിക്കാണണം അവരെ ധീരന്മാരാക്കാൻ എത്ര നാളായി ശ്രമിക്കുന്നു  

അവർ കോളറയെക്കുറിച്ചാണ് സംസാരിക്കുന്നത് അല്ലാഹുവിന്റെ ശിക്ഷ കോളറയുടെ രൂപത്തിൽ വന്നാൽ അവർക്ക് ഓടി രക്ഷപ്പെടാൻ കഴിയുമോ? 

ചിലരെങ്കിലും അങ്ങനെ ധരിക്കുന്നുണ്ട്  

നിനച്ചിരിക്കാത്ത നേരത്ത് കോളറ വന്നു ഓടാൻ കഴിയുന്നവർ ഓടി രക്ഷപ്പെടാൻ നോക്കി ചിലർക്ക് ഓടാൻ കഴിഞ്ഞില്ല വളരെ വേണ്ടപ്പെട്ടവർ വീണുകിടക്കുമ്പോൾ ഓടി രക്ഷപ്പെടാൻ കഴിയുമോ?  

കൂട്ടത്തോടെ മരിക്കുകയാണ് മയ്യിത്തുകളുടെ മഹാശേഖരം രോഗം പടർന്നു പിടിച്ചപ്പോൾ വീടുവിട്ട് ഓടി വന്നവർ നിരവധിയുണ്ട് വീട് വിട്ട് ഓടിയിട്ടും മരണം വീഴ്ത്തിക്കളഞ്ഞു എഴുപതിനായിരത്തിലധികം പേർ മരിച്ചുവെന്നാണ് ഒരു റിപ്പോർട്ടിൽ കാണുന്നത്  

അവിടെ നിന്ന് വന്ന കാറ്റിനെന്തൊരു ദുർഗന്ധം മഞ്ഞും വെയിലും ഏറ്റു കിടക്കുന്ന മൃതദേഹങ്ങൾ തൊലിയും മാംസവും നഷ്ടപ്പെട്ടു അസ്ഥിക്കൂടങ്ങൾ ഭീതിപ്പെടുത്തുന്ന കാഴ്ച  

അങ്ങിങ്ങായി അവശേഷിച്ച ഇസ്രാഈലികൾ ആ കാഴ്ച കാണാൻ വന്നു കണ്ടു പേടിച്ചു അവർക്കും പിടിപെട്ടു കോളറ നാളുകൾ കൊണ്ട് അവരെല്ലാം മരിച്ചു വീണു  

ഹിസ്ക്കീൽ നബി (അ) അത് വഴി വരികയാണ് അസ്ഥിക്കൂടങ്ങളുടെ കൂട്ടം  

പിശാചുക്കൾ നൃത്തമാടുന്ന കേന്ദ്രം  

ഹിസ്ഖീൽ(അ)ന്റെ മനസ്സ് പിടഞ്ഞു ആ സമൂഹത്തോട് എന്തെന്നില്ലാത്ത കരുണ തോന്നി  

എന്റെ പ്രിയപ്പെട്ട ജനതയാണിത് ശാപമേറ്റ് ജീവൻപോയ കൂട്ടർ ഈ നിലയിൽ ഇവർ പോയാൽ ഇവരുടെ സങ്കേതം നരകമായിരിക്കും ഇവരെങ്ങനെ രക്ഷപ്പെടും  ഒരിക്കൽ കൂടി ഇവർക്ക് ജീവിക്കാൻ അവസരം കിട്ടിയാൽ? ഇവർ നല്ലവരായിത്തീരുമോ? 

സ്നേഹനിധിയായ റബ്ബിനോട് പ്രാർത്ഥിക്കാം  

'എന്റെ റബ്ബേ..... എന്റെ ജനതയാണതിത് വിവരമില്ലാത്തവരാണ് നീയവർക്കു മരണം നൽകി അവർക്ക് ഒരിക്കൽ കൂടി ജീവിക്കാൻ നീ അവസരം നൽകേണമേ' 

മനസ്സുരുകിയ പ്രാർത്ഥന ഈ ജനത നല്ലവരായിത്തീരുമെന്ന പ്രതീക്ഷയിലാണ് പ്രാർത്ഥന  

പ്രാർത്ഥന ഫലിച്ചു അസ്ഥിക്കൂടങ്ങളിൽ മാംസവും തൊലിയും വന്നു പൂർണ്ണ മനുഷ്യന്മാരായി അവർ എണീറ്റ് വരുന്നു 

ഹിസ്ഖീൽ (അ) 

തങ്ങൾക്കു സുപരിചതനായ ഹിസ്ഖീൽ കൺമുമ്പിൽ നിൽക്കുന്നു അദ്ദേഹത്തിൽ നിന്ന് തന്നെ വിവരങ്ങറിഞ്ഞു അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി ആ സമൂഹം വളരെക്കാലം ജീവിച്ചു ധാരാളം സന്താനങ്ങളുണ്ടായി വംശം വർധിച്ചു വികസിച്ചു 

സൂറത്തുൽ ബഖറയിൽ ഈ സംഭവത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം: 

'തങ്ങൾ ആയിരക്കണക്കിൽ ആളുകളുണ്ടായിരിക്കെ മരണഭയത്താൽ സ്വഭവനങ്ങളിൽ നിന്ന് പുറത്ത് പോയവരെ താങ്കൾ കണ്ടില്ലേ? അപ്പോൾ, നിങ്ങൾ മരിക്കുക എന്ന് അല്ലാഹു അവരോട് പറഞ്ഞു:  

പിന്നീട് അവരെ അവൻ ജീവിപ്പിച്ചു നിശ്ചയമായും അല്ലാഹു ജനങ്ങളോട് ഓദാര്യമുള്ളവനാകുന്നു പക്ഷെ, അധികമാളുകളും നന്ദി കാണിക്കുന്നില്ല'(2:43)

ബൈബിളിൽ ഹിസ്ഖിൽ നബിയെപ്പറ്റി യെഹെസ്ക്കോൽ എന്നാണ് പറയുന്നത്  

ഫലസ്തീൻ പട്ടാളം ആക്രമിച്ചപ്പോൾ യുദ്ധത്തിന്ന് തയ്യാറാവാതെ ഭീരുക്കളായി ഒളിച്ചോടിയ ജനതയാണ് ഇസ്രാഈല്യർ എന്ന് ചില പണ്ഡിതന്മാർ പറയുന്നു  

നാട്ടിൽ പ്ലേഗ് രോഗം പടർന്നു പിടിച്ചപ്പോൾ മരണഭയത്തോടെ വീട് വിട്ടു ഓടുകയായിരുന്നുവെന്നാണ് മറ്റു ചിലരുടെ അഭിപ്രായം 

ഏതായാലും ഭയന്നോട്ടം അവർക്ക് ഗുണം ചെയ്തില്ല അവർ കൂട്ടത്തോടെ മരിച്ചൊടുങ്ങി പിന്നെ അവരെ ജീവിപ്പിച്ചു 

ഇസ്രാഈല്യർ അവരുടെ പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു  

ഇടക്കിടെ അനുസരണക്കേട് കാണിക്കുകയും ചെയ്യും  

ഹിസ്ഖീൽ(അ) യുമായി ഇണങ്ങി ജീവിക്കും ഇടക്കിടെ പിണങ്ങുകയും ചെയ്യും 

തൗറാത്തിൽ പറഞ്ഞത് അനുസരിക്കും ചിലപ്പോൾ എതിര് പ്രവർത്തിക്കും ഇളകിക്കളിക്കുന്ന ഈ സ്വഭാവം ആ പ്രവാചകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത് അവസാനകാലമാകുമ്പോൾ ഹിസ്ഖീൽ(അ) അവരെ വെറുത്തു ബാബിലോണിയയിലേക്ക് പോയി അവിടെ വെച്ചായിരുന്നു വഫാത്ത് 

ഇബ്നു ഇസ്ഹാഖ് റിപ്പോർട്ട് ചെയ്യുന്നു 

കോളറ പേടിച്ചാണവർ ഓടിപ്പോയത് ഒഴിഞ്ഞ പ്രദേശത്തെത്തി അല്ലാഹു അവരോട് പറഞ്ഞു: മരിക്കുക എല്ലാവരും മരണപ്പെട്ടു കുറെ കാലം കടന്നുപോയി അപ്പോൾ ഹിസ്ഖീൽ(അ) അത് വഴി വന്നു ചിന്താധീനനായി വളരെ നേരെ അവിടെ നിന്നു  

അപ്പോൾ അദ്ദേഹം ഒരു ശബ്ദം കേട്ടു  

'അല്ലാഹു അവരെ പുനർജ്ജീവിപ്പിക്കുന്നത് താങ്കൾ ഇഷ്ടപ്പെടുന്നുണ്ടോ?  

'അതെ' നബി മറുപടി നൽകി 

'എങ്കിൽ താങ്കൾ അവരെ വിളിക്കുക അവർ താങ്കളുടെ വിളിക്കുത്തരം നൽകി എഴുന്നേറ്റ് വരും' 

അസ്ഥികൂടങ്ങളുടെ നേരെ നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു: മനുഷ്യരൂപത്തിൽ എണീറ്റ് വരൂ  

മാംസവും തൊലിയും പെട്ടെന്നുണ്ടായി എല്ലാവരും എഴുന്നേറ്റു വന്നു എന്നിട്ടവർ ഏക സ്വരത്തിൽ വിളിച്ചു പറഞ്ഞു: 

അല്ലാഹു അക്ബർ 

അസ്ബാത്വ്, അബൂമാലിക്, അബൂസ്വാലിഹ്, തുടങ്ങിയവരുടെ റിപ്പോർട്ട്  

ഒരു ഗ്രാമത്തിൽ വെച്ചാണ് കൂട്ടമരണം സംഭവിച്ചത് ആ ഗ്രാമത്തിന്റെ പേര് ദറാവർദാൻ എന്നാകുന്നു അവിടെ വെച്ചാണ് കോളറ ബാധിച്ചത് അവിടെയാണ് കൂട്ട മരണം സംഭവിച്ചത്  

കാലങ്ങൾക്കു ശേഷം ഹിസ്ഖീൽ(അ) ഗ്രാണത്തിലെത്തി അസ്ഥിക്കൂടങ്ങൾക്ക് കടുത്ത ദുഃഖമുണ്ടായി വിരലുകൾ കോർത്തു മുഖം വിവർണ്ണമായി  

അപ്പോൾ വഹ് യ് വന്നു അസ്ഥികളെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് കാണണമോ?

അതെ കാണണം 

എന്നാൽ അവരെ വിളിച്ചു കൊള്ളൂ 

ഹിസ്ഖീൽ (അ) വിളിച്ചു പൊട്ടിപ്പൊളിഞ്ഞ എല്ലുകൾ പറന്നു സ്വന്തം ശരീരത്തിലെ എല്ലുകളുമായിച്ചേർന്നു  

വിളിക്കൂ വീണ്ടും കല്പന വന്നു  

ഹിസ്ഖീൽ (അ) പറഞ്ഞു: അസ്ഥിക്കൂടങ്ങളേ നിങ്ങളോട് അല്ലാഹു കല്പിക്കുന്നു നിങ്ങൾ മാംസം ധരിക്കുക രക്തവും തൊലിയും ഉള്ളവരാവുക മരണസമയത്ത് നിങ്ങൾ ധരിച്ച വസ്ത്രം ധരിക്കുക 

അവയെല്ലാം സംഭവിച്ചു വീണ്ടും കൽപന വന്നു  

വിളിക്കുക 

'ശരീരങ്ങളേ.... എഴുന്നേറ്റ് നേരെ നിൽക്കുക' 

എല്ലാവരും എഴുന്നേറ്റു നിവർന്നു നിന്നു അവർ അല്ലാഹുവിനെ സ്തുതിച്ചു അവർ പറഞ്ഞതിങ്ങനെ: സുബ്ഹാനക്ക അല്ലാഹുമ്മ വബി ഹംദിക്ക ലാഇലാഹ ഇല്ലാ അൻത മൻസ്വുർ, മുജാഹിദ് എന്നിവരിൽ നിന്ന് അസ്ബാത്വ് റിപ്പോർട്ട് ചെയ്യുന്നു: 

മരണംഭയന്ന് ഓടിയവരെല്ലാം മരണപ്പെട്ടു മരണം ഭയക്കാതെ വീട്ടിലിരുന്നവർ രക്ഷപ്പെട്ടു അവർ  മരിച്ചില്ല മരിച്ചവരെ പിന്നീട് അല്ലാഹു ജീവിപ്പിച്ചു അവർ മരിക്കാത്തവരെ സന്ദർശിക്കാൻ ചെന്നു അവർ കണ്ടുമുട്ടുന്ന രംഗം ഒന്ന് സങ്കല്പിച്ചു നോക്കൂ  

ഭൂരിപക്ഷത്തിന്ന് കൂട്ടമരണം സംഭവിക്കുക ന്യൂനപക്ഷം  ജീവിച്ചിരിക്കുക കുറെ കാലം കഴിഞ്ഞ്  ന്യൂനപക്ഷം മരിച്ചവരെ കാണാൻ ചെല്ലുക 

ശക്തമായ കാറ്റുമൂലം ചിതറിപ്പോയ അസ്ഥിക്കൂടങ്ങൾ കാണുക അതീവ ദുഃഖിതരായി മടങ്ങിപ്പോരുക 

അസ്ഥിക്കൂടമായിപ്പോയവർ ജീവൻ വെച്ച് തിരിച്ചു വരിക മരിക്കാത്തവരെ കാണുക 

മരിച്ചവർ അല്ലാഹുവിനെ വാഴ്ത്തുക 

ഹിസ്ഖീൽ (അ) സംഭവങ്ങൾ വിവരിക്കുക എന്തൊരതിശയകരമായ അനുഭവം  

മുഹമ്മദ് നബി (സ) തങ്ങളുടെ സദസ്സിൽ ഈ സംഭവം ചർച്ചയായിട്ടുണ്ട് നബി (സ) പറഞ്ഞു: 'കോളറ രോഗം നിങ്ങൾക്കുമുമ്പ് കഴിഞ്ഞുപോയ ഒരു സമൂഹത്തിന്ന് ലഭിച്ച ശിക്ഷയാണ് ഏതെങ്കിലും രാജ്യത്ത് കോളറ ഉണ്ടെന്ന് കേട്ടാൽ നിങ്ങൾ അവിടേക്ക് പോവരുത് കോളറയുള്ള ഒരു രാജ്യത്ത് നിങ്ങൾ പെട്ടുപോയാൽ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യരുത് ' 

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം 

'നബി(സ) പറഞ്ഞു: നിങ്ങൾ ഒരു നാട്ടിലാണ് അവിടെ കോളറ ബാധിച്ചു നിങ്ങൾ അവിടെ നിന്ന് ഓടിപ്പോവരുത് നിങ്ങൾ ഒരുനാട്ടിൽ കോളറ ബാധിച്ചതായി കേട്ടു എന്നാൽ  നിങ്ങൾ അങ്ങോട്ടു പോവരുത് ' 

ഈ നിർദ്ദേശം പാലിച്ചു കൊണ്ടായിരുന്നു സ്വഹാബികളുടെ ജീവിതം നാം അവരെ പിന്തുടരണം മുഹമ്മദ്ബ്നു ഇസ്ഹാഖ് പറയുന്നു: ഹിസ്ഖീലിന്നു ശേഷം  ഇസ്രാഈല്യർ വഴിപിഴച്ചു ബിംബാരാധന തുടങ്ങി പ്രധാന ബിംബം ബഅൽ ആയിരുന്നു അക്കാലത്ത് ഇൽയാസ്(അ) നെ അല്ലാഹു ആ ജനതയിലേക്കയച്ചു 

ഹിസ്ഖീൽ നബിക്ക് വൃദ്ധയുടെ പുത്രൻ എന്നും പേരുണ്ട് ഈ പേരിന്നു പിന്നാലെ സംഭവം പറയാം 

ഹിസ്ഖീൽ നബി (അ) ന്റെ പിതാവിന്ന് രണ്ട് ഭാര്യമാരുണ്ടായിരുന്നു ഒരു ഭാര്യക്ക് സന്താന സൗഭാഗ്യം സിദ്ധിച്ചു മറ്റേ ഭാര്യക്ക് സന്താനങ്ങളില്ല മലടി എന്ന പേരും കിട്ടി  

സന്താനസൗഭാഗ്യം സിദ്ധിച്ച ഭാര്യക്ക് പത്ത് മക്കൾ  

ഒരു ദിവസം ഏതോ കാര്യത്തിന്ന് രണ്ട് ഭാര്യമാർ തമ്മിൽ വഴക്കുണ്ടായി വേണ്ടാത്തതൊക്കെ വിളിച്ചു പറഞ്ഞു മക്കളില്ലാത്ത ഭാര്യ അതീവ ദുഃഖിതയായി അവർക്ക് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല പ്രഭാതം വരെ അവർ പ്രാർത്ഥനയിലായിരുന്നു  അവരാണെങ്കിൽ വൃദ്ധയായിട്ടുണ്ട് എന്നിട്ടും ഒരു കുഞ്ഞിന് വേണ്ടി അവർ മനംനൊന്ത് പ്രാർത്ഥിച്ചു കുട്ടികളില്ലാത്തതിനാലാണ് അവർ പരിഹസിക്കപ്പെട്ടത്  

ആ പ്രാർത്ഥനക്ക് ഫലമുണ്ടായി അടുത്ത സൂര്യോദയത്തിൽ അവർക്ക് ആർത്തവമുണ്ടായി വാർദ്ധക്യം വഴിമാറി യുവതിയായി സൗന്ദര്യവതിയായി ആർത്തവ ശുദ്ധി വന്ന ശേഷം ഗർഭിണിയായി മാസം തികഞ്ഞ് പുത്രനെ പ്രസവിച്ചു ഈ കുഞ്ഞാണ് ഹിസ്ഖീൽ (അ)  

ആളുകൾ അദ്ദേഹത്തെ വൃദ്ധയുടെ പുത്രൻ എന്നു വിളിക്കാൻ അതാണ് കാരണം  

ഹിസ്ഖീൽ (അ) ജനങ്ങളെ സന്മാർഗ്ഗത്തിൽ നടത്താൻ വേണ്ടി ദീർഘകാലം കഠിനാധ്വാനം നടത്തിയിട്ടുണ്ട്  

പിശാച് ആ സമൂഹത്തെ വഴിതെറ്റിക്കുവാൻ തക്കം പാർത്തു നടക്കുകയായിരുന്നു അവരുടെ മനസ്സിന്ന് ചാഞ്ചല്യമുണ്ടാക്കുകയായിരുന്നു ഇബ്ലീസിന്റെ ലക്ഷ്യം 

കാലമെത്തിയപ്പോൾ ഹിസ്ഖീൽ (അ) വഫാത്തായി അതോടെ ഇബ്ലീസ് സജീവമായി ഇസ്രാഈല്യർ ബിംബാരാധനയിലേക്ക് നീങ്ങി  

വളരെ പേർ ബിംബാരാധന തുടങ്ങി അവർ മറ്റുള്ളവരെ അതിന്ന് കഷണിച്ചുകൊണ്ടിരുന്നു നാട്ടിൽ പലതരം കുഴപ്പങ്ങൾ തലപൊക്കി പോക്കിരികൾ സമൂഹത്തിന്റെ നേതാക്കളായി വന്നു ഈ സാഹാചര്യത്തിലാണ് ഒരു പ്രവാചകനെ അല്ലാഹു നിയോഗിക്കുന്നത്

No comments:

Post a Comment