Thursday 17 May 2018

നാലു പൂക്കൾ (നാലു സ്വഹാബീ വനിതകൾ)

 

'സത്യവിശ്വാസികളായ സഹോദരിമാർ ' ഒരേ മാതാവിന്റെ മക്കളായ നാലുപേരെക്കുറിച്ച് നബി (സ) പ്രശംസിച്ച വാക്കുകളാണിത് ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസ പുരുഷന്മാരുടെ ജീവിത പങ്കാളികളാവാൻ ഭാഗ്യം ലഭിച്ചവർ  

നബി (സ)യുടെ ഭാര്യ മൈമൂന(റ), അബ്ബാസ് (റ)ന്റെ ഭാര്യ ഉമ്മു ഫള്ൽ(റ) , ഹംസ(റ)വിന്റെ ഭാര്യ സൽമ(റ), ജഅ്ഫർ(റ)ന്റെ ഭാര്യ അസ്മാഅ്(റ)   

ഈ സഹോദരിമാർ ഇസ്ലാമിനു നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ് അത് എക്കാലവും ഓർമ്മിക്കപ്പെടും 

ഭർത്താക്കന്മാരുടെ വീരശൂരപരാക്രമങ്ങൾ രോമാഞ്ചമണിയിച്ചു ഹംസ (റ) ഉഹ്ദിൽ ധീര രക്തസാക്ഷിയായി  

ജഅ്ഫർ(റ) മുഅ്ത്തത്തിൽ വീര രക്തസാക്ഷിയായി  യൗവ്വനത്തിന്റെ ചുറുചുറുക്കിൽ അവർ രക്തസാക്ഷികളായപ്പോൾ അവരുടെ പത്നിമാർക്കെങ്ങിനെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു  കാലഘട്ടത്തെ അതിശയിപ്പിച്ച ക്ഷമ  ആ ധീരവനിതകളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാൻ പോസ്റ്റ് ഇടവരുത്തുമോ? 

എങ്കിൽ ഈ ശ്രമം ധന്യമായി സർവ്വശക്തനായ അല്ലാഹു ഇതൊരു സ്വാലിഹായ കർമ്മമായി സ്വകരിക്കട്ടെ .


ലുബാബയും സൽമായും 

മക്കക്കാർക്ക് സുപരിചിതനാണ് ഹാരിസ് ധീര യോദ്ധാവ് ധനികൻ ഉന്നത കുടുംബത്തിലെ പ്രമുഖ സന്താനം ഹാരിസിന്റെ ഭാര്യ ഹിന്ദ് ധീര വനിത ഗോത്രത്തിലെ വീരാംഗന അവരുടെ വീട്ടിലെപ്പോഴും തിരക്കാണ് പൗരപ്രമുഖരും കച്ചവടക്കാരും എപ്പോഴും വന്നുകൊണ്ടിരിക്കും അടുക്കളയിൽ തിരക്കൊഴിഞ്ഞ നേരമില്ല അതിഥികൾക്കെല്ലാം വിഭവസമൃദ്ധമായ സദ്യയൊരുക്കണം ആടിനെയറുക്കാത്ത ദിവസങ്ങൾ കുറവാണ് ഇടക്കിടെ ഒട്ടകത്തെയും അറുക്കും സ്വന്തമായി ഈന്തപ്പംത്തോട്ടങ്ങളും മുന്തിരിത്തോപ്പുകളുമുണ്ട് തോട്ടങ്ങളിൽ ജോലി ചെയ്യാൻ ധാരാളം അടിമകൾ  

ഈന്തപ്പഴം മൂത്ത് പഴുത്ത് നിൽക്കുന്ന കാഴ്ച എത്ര മനോഹരം കാണുന്നവർക്കെല്ലാം സന്തോഷം ഈന്തപ്പഴം പറിക്കാൻ തുടങ്ങിയാൽ ഉത്സവത്തിന്റെ സന്തോഷം ധാരാളമാളുകൾ  ജോലിക്ക് വരും ഈന്തപ്പനകളിൽ കയറി കുലകൾ പറിക്കും പറിച്ചെടുത്ത പഴങ്ങൾ ഉണക്കിയെടുത്ത കാരക്ക വലിയ ചാക്കുകളിൽ നിറക്കും വീട്ടിലെ ആവശ്യത്തിനുള്ളത് മാറ്റിയെടുക്കും കുറെ ദാനം ചെയ്യും നല്ലൊരു ഭാഗം വിൽപ്പനക്ക് വേണ്ടി മാറ്റിവെക്കും ശാമിലേക്ക് കച്ചവട സംഘം പോകുമ്പോൾ ഈന്തപ്പനക്കെട്ടുകൾ കൊടുത്തയക്കും വിവിധ നാടുകളിൽ നിന്നുള്ള കച്ചവടക്കാർ ശാമിലെ മാർക്കറ്റിലെത്തും അവർക്ക് ഈന്തപ്പനക്കെട്ടുകൾ വിൽക്കും വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങും ഇവ വീട്ടിലെത്തിയാൽ ഭദ്രമായി സൂക്ഷിച്ചു വെക്കും മാസങ്ങളോളം ഇവ ഉപയോഗിക്കും 

അബ്ദുൽ മുത്വലിബാണ് മക്കയുടെ നായകൻ കഅ്ബാലയത്തിന്റെ സൂക്ഷിപ്പും , ഹജ്ജ് കാലത്തെ സേവനങ്ങളും നല്ല നിലയിൽ നടക്കുന്നു ഹജ്ജ് കാലത്ത് ധാരാളമാളുകൾ മക്കയിൽ വരും ഇവരിലൂടെ മക്കയുടെ പേരും പെരുമയും നാടെങ്ങും പരന്നു  

അബ്ദുൽ മുത്വലിബിനെ എല്ലാവർക്കുമറിയാം വളരെയേറെ ആദരിക്കപ്പെടുന്ന മഹാ പുരുഷൻ അദ്ദേഹത്തിന് ധാരാളം മക്കളുണ്ട്  

ഹാരിസ്,അബ്ബാസ്, അബൂത്വാലിബ്, അബ്ദുല്ല,ഹംസ, അബൂലഹബ് തുടങ്ങി ധാരാളം മക്കൾ 

അബ്ബാസ് വളർന്നു വലുതായി ശക്തനായ യുവാവ് മികച്ച കച്ചവടക്കാരൻ അബ്ബാസിനെ കൊണ്ടൊരു വിവാഹം ചെയ്യിക്കണം  ഉയർന്ന തറവാട്ടിൽ നിന്നൊരു പെൺകുട്ടിയെ കണ്ടുപിടിക്കണം അന്വേഷണം തുടങ്ങി പലവഴിക്കും അന്വേഷണം നടന്നു ഒടുവിൽ അന്വേഷണം ഹാരിസിന്റെ വീട്ടിലെത്തി  

ഹാരിസും ഹിന്ദും അവർക്ക് കുറെ പെൺകുട്ടികളുണ്ട് 

നല്ല തറവാട് ധനിക കുടുംബം പെൺകുട്ടികൾ ബുദ്ധിമതികളും സുന്ദരികളും  

മാതാപിതാക്കളുടെ ധീരത മക്കൾക്കും കിട്ടിയിട്ടുണ്ട് ഹാരിസിന്റെയും ഹിന്ദിന്റെയും ഓമനകൾ 'ലുബാബ'യെ അബ്ബാസിന് വധുവായി തെരഞ്ഞെടുത്തു 

അതറിഞ്ഞപ്പോൾ അനുജത്തിമാർക്കൊക്കെ എന്തെന്നില്ലാത്ത സന്തോഷം 'കല്യാണം ' കുട്ടികളെ ആഹ്ലാദം കൊള്ളിക്കുന്ന പദം വലിയ ആൾക്കൂട്ടം, ബന്ധുക്കളുടെ ഒത്തുചേരൽ, പന്തൽ, അലങ്കാരങ്ങൾ, സാധുക്കൾക്കുള്ള സദ്യ, പാട്ടും പരിപാടികളും ഇവയൊക്കെ കുരുന്ന് മനസ്സുകളെ ആഹ്ലാദം കൊള്ളിക്കും  

ഗോത്രങ്ങളുടെ അന്തസിനൊത്ത വിധം വിവാഹം നടന്നു അബ്ബാസിന്റെ സഹധർമ്മിണി ഇസ്ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നത് ഉമ്മുഫള്ൽ എന്ന പേരിലാണ് 

വിവാഹത്തോടെ അറബ് സമൂഹത്തിൽ ഹാരിസിന്റെ പദവി ഉയർന്നു പെണ്ണുങ്ങൾക്കിടയിൽ ഹിന്ദ് കൂടുതൽ ആദരിക്കപ്പെട്ടു  ഹിന്ദിന്റെ അന്തസ്സുയർത്തിയ മറ്റൊരു സംഭവം കൂടി പറയാം അതും അബ്ദുൽ മുത്വലിബ് കാരണം തന്നെ  

അബ്ദുൽ മുത്വലിബിന്റെ ഓമന മകനാണ് ഹംസ ഉഹ്ദ് യുദ്ധത്തിൽ ശഹീദായ ഹംസ(റ) തന്നെ ഉഹ്ദിന്റെ കുറെ വർഷങ്ങൾക്കു മുമ്പാണ് സംഭവം ഹംസ യുവാവായി വിവാഹം കഴിക്കാൻ സമയമായി ഹിന്ദിന്റെ മകൾ സൽമയെ ഹംസയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനമായി 

ഗോത്രത്തിലാകെ ആഹ്ലാദം പരന്നു ഗോത്രങ്ങളുടെ അന്തസ്സിനൊത്ത് വിവാഹം  

ഹംസ (റ)യുടെ ഭാര്യ എന്ന നിലയിൽ സൽമാക്ക് ഇസ്ലാമിക ചരിത്രത്തിൽ ഉന്നത സ്ഥാനമുണ്ട് 

സൽമയും ഉമ്മുഫള്ലും അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ സുഖമായി താമസിക്കുന്നു ഹാരിസ്, അബ്ദുൽ മുത്വലിബ്, അബൂലഹബ് അബ്ദുല്ല എന്നിവരുടെ ഭാര്യമാരും അവിടെയുണ്ട് അബ്ദുള്ള നേരത്തെ വിവാഹിതനായി  

അബ്ദുല്ലയുടെ ഭാര്യയാണ് ആമിന അവരുടെ മകനാണ് മുഹമ്മദ് നബി (സ) അബ്ദുല്ലയും ആമിനയും കുറഞ്ഞ ദിവസങ്ങളേ ഒന്നിച്ച് താമസിച്ചുള്ളൂ അപ്പോഴേക്കും കച്ചവടത്തിന്റെ സമയമായി അബ്ദുല്ല മറ്റു കച്ചവടക്കാരോടൊപ്പം ശാമിലേക്ക് പോയി അത്തവണ നല്ല കച്ചവടം നടന്നു മടങ്ങിവരുന്നത് യസ്രിബ് വഴിയാണ് യസ്രിബിൽ വെച്ച് അബ്ദുല്ലക്ക് രോഗം പിടിപെട്ടു യാത്ര മുടങ്ങി അബ്ദുല്ലയെ യസ്രിബിൽ നിർത്തി കച്ചവട സംഘം മക്കയിലേക്ക് മടങ്ങി കഅ്ബാശരീഫിനടുത്ത് വെച്ച് മക്കാ നായകന്മാർ കച്ചവടസംഘത്തെ സ്വീകരിച്ചു അബ്ദുൽ മുത്വലിബും ആമിനായുടെ പിതാവും അബ്ദുല്ലയായെ സ്വീകരിക്കാൻ വന്നു അബ്ദുല്ലയെ കണ്ടില്ല രോഗം ബാധിച്ച് യസ്രിബിൽ കിടക്കുകയാണെന്നറിഞ്ഞപ്പോൾ അവർ ദുഃഖിതരായി അബ്ദുൽ മുത്വലിബ് മൂത്ത പുത്രൻ ഹാരിസിനെ വിളിച്ചു അവനോട് മദീനയിലേക്ക് പോവാനാവശ്യപ്പെട്ടു ഹാരിസ് പുറപ്പെട്ടു 

ഹാരിസിന് അബ്ദുല്ലയെ കാണാനായില്ല ഹാരിസ് യസ്രിബിലെത്തും മുമ്പ് അബ്ദുല്ല മരണപ്പെട്ടിരുന്നു ഖബറടക്കൽ കർമ്മവും കഴിഞ്ഞു അതെല്ലാം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് ഹാരിസ് എത്തുന്നത് സഹോദരന്റെ ഖബറിനു മുമ്പിൽ വന്നു നിന്ന് ഹാരിസ് വിതുമ്പി 

ദിവസങ്ങൾക്ക് ശേഷം ഹാരിസ് മക്കയിൽ മടങ്ങിയെത്തി മക്കക്കാർ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അബ്ദുല്ലയുടെ മരണവാർത്തകേട്ട് മക്കക്കാർ ഞെട്ടിപ്പോയി  

അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ ദുഃഖം തളംകെട്ടി നിന്നു കുടുംബാംഗങ്ങളുടെ മനസ്സിൽ അബ്ദുല്ല ഒരു ദുഃഖസ്മരണയായി അവശേഷിച്ചു ആമിന ദുഃഖം കടിച്ചമർത്തി നാളുകൾ നീങ്ങി  

കഅ്ബാലയം  

അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമുഖത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ഭവനം തൗഹീദീന്റെ കേന്ദ്രം  

നാം കഥ പറയുന്ന കാലത്ത് അവിടെ ശിർക്ക് ആധിപത്യം സ്ഥാപിച്ചിരുന്നു എവിടെയും ബിംബങ്ങൾ ബിംബാരാധന വ്യാപകമായി ബലിയറുക്കലും മറ്റനാചാരങ്ങളും പെരുകിയ കാലം അവയ്ക്കിടയിലൂടെ ചരിത്രം ഒഴുകി വന്നു.


അബ്ദുൽ മുത്വലിബിന്റെ അന്ത്യം

ആനക്കലഹം 

മക്കക്കാർ നടുക്കത്തോടെ ഓർക്കുന്ന സംഭവം ആനപ്പട വരുന്നുവെന്നറിഞ്ഞ് മക്കക്കാർ പേടിച്ച് പോയി കഅ്ബ പൊളിക്കാനുള്ള വരവാണ് കഅ്ബാലയത്തിനു ചുറ്റുമുള്ള വീടുകൾ തകർക്കപ്പെട്ടേക്കാം എതിർക്കുന്നവരെ കൊന്നൊടുക്കും അബ്റഹത്ത്  കഅ്ബാലയത്തെ തകർക്കാൻ സൈന്യവുമായെത്തിയ ക്രൂരൻ അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ നടക്കം മക്കക്കാർ മുഴുവൻ ഓടിയെത്തുന്നതവിടെയാണ് മക്കയുടെ നായകന്റെ വീട്ടിൽ കഅ്ബാലയം രക്ഷിക്കാൻ നമുക്ക് നമുക്ക് എന്തുചെയ്യാൻ കഴിയും അബ്റഹത്തിന്റെ ആനപ്പടയെ നേരിടാൻ മക്കക്കാർക്ക് കഴിവില്ല അവരുടെ വാളും കുന്തവും അബ്റഹത്തിനെ തോൽപ്പിക്കാൻ പര്യാപ്തമല്ല 

ക്രൂരന്മാരുടെ പട മക്കാപട്ടണത്തിനു സമീപത്തെത്തി അവർ വിശാലമായ സ്ഥലത്ത് തമ്പടിച്ചു സൈനികർ ചെറിയ ഗ്രൂപ്പുകളായി ഗ്രാമങ്ങളിൽ പ്രവേശിച്ചു കൊള്ള നടത്തി ആടുകളേയും ഒട്ടകങ്ങളേയും പിടിച്ചു കൊണ്ടുപോയി അഹങ്കാരികൾ  

വൃദ്ധനായ അബ്ദുൽ മുത്വലിബ് വീട്ടിൽ നിന്നിറങ്ങി കൈകൾ വീശി നടന്നു കൂടെ ജനക്കൂട്ടം നേരെ കഅ്ബാലയത്തിലേക്ക്  കഅ്ബാലയത്തിനടുത്തെത്തി അബ്ദുൽ മുത്വലിബ് കില്ല പിടിച്ചു നായകന്റെ നയനങ്ങൾ നിറഞ്ഞൊഴുകി വികാരഭരിതനായി ഇടറിയ ശബ്ദത്തിൽ പ്രാർത്ഥിച്ചു  

പടച്ച തമ്പുരാനേ....

കഅ്ബാശരീഫിന്റെ നാഥാ....ഇത് നിന്റെ ഭവനമാണ് ഇതിനെ നീ രക്ഷിച്ചു കൊള്ളേണമേ..... നാഥാ , ശത്രുക്കൾ ശക്തരാണ് അവരെ നശിപ്പിക്കാൻ ഞങ്ങൾക്ക് കഴിവില്ല നീ സർവ്വശക്തനാണ് നീ തന്നെ അവരെ നശിപ്പിക്കണം...

കണ്ണുകൾ നിറഞ്ഞൊഴുകി വാക്കുകൾ മുറിഞ്ഞു പിന്നെ അവർ പിൻമാറി അല്ലാഹുവിന്റെ ഭവനത്തെ അവൻ തന്നെ രക്ഷിച്ചു കൊള്ളും അബ്ദുൽ മുത്വലിബ് ദൃഢസ്വരത്തിൽ പറഞ്ഞു നമുക്ക് പിൻമാറാം വീട്ടിൽ തങ്ങരുത് മലമുകളിൽ കയറാം

അബ്ദുൽ മുത്വലിബിന്റെ  വീട്ടിന്റെ അകത്തളങ്ങളിൽ  പെണ്ണുങ്ങളുടെ കൂട്ടം അവരും ഉത്കണ്ഠയോടെ സംസാരിക്കുന്നു ഭക്ഷണവും വെള്ളവുമായി എല്ലാവരും പുറത്തിറങ്ങി മലമുകളിലേക്ക് കയറി 

മക്കാ പട്ടണം വിജനമായി കറുത്ത രാത്രി കടന്നു വന്നു ഭീതി നിറഞ്ഞ അന്തരീക്ഷം അബ്റഹത്തിന്റെ ക്യാമ്പിൽ പടയൊരുക്കം പദ്ധതികൾക്ക് അന്തിമ രൂപം നൽകി നാളെ കഅ്ബയെ ആക്രമിക്കുക, തകർത്തു തരിപ്പണമാക്കുക  

ഒരു രാത്രിയും കൂടി കടന്നുപോയി ആനപ്പട കടന്നു വന്നു കഅ്ബാലയത്തെ സമീപിച്ചു പെട്ടെന്നാണത് സംഭവിച്ചത്  ഒരു തരം കിളികൾ പ്രത്യക്ഷപ്പെട്ടു അവ ചെറിയ കല്ലുകൾ താഴേക്കിട്ടു കല്ല് കൊണ്ടവർ പിടഞ്ഞു വീണു പിന്നെയവർ എഴുന്നേറ്റില്ല ആനകൾ ചത്തൊടുങ്ങി  അബ്റഹത്തിന്റെ സൈന്യം തകർന്നു  

ഒരു പോറലുമേൽക്കാത്ത രീതിയിൽ അല്ലാഹു കഅ്ബാലയത്തെ രക്ഷിച്ചു  

ഈ സംഭവം നടന്ന വർഷത്തെ 'ഗജവർഷം' എന്ന് വിളിക്കുന്നു ആനക്കലഹം നടന്ന വർഷം മുതൽ അറബികൾ തിയ്യതി കണക്കാക്കാൻ തുടങ്ങി  

ആനക്കലഹം നടന്ന വർഷം മക്കയിൽ മറ്റൊരു സംഭവം നടന്നു ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജനനം  

അബ്ദുല്ല മരണപ്പെടുമ്പോൾ ആമിന ഗർഭിണിയായിരുന്നു ആ വർഷം റബീഉൽ അവ്വൽ മാസം പന്ത്രണ്ടിന് ആമിന ഒരാൺകുഞ്ഞിനെ പ്രസവിച്ചു ആ കുഞ്ഞാണ് അന്ത്യപ്രവാചകൻ  

കുഞ്ഞു പിറന്ന വിവരം അബ്ദുൽ മുത്വലിബിനെ അറിയിച്ചു അദ്ദേഹം വീട്ടിൽ ഓടിയെത്തി കുഞ്ഞിനെ കൈകളിലെടുത്തു ഓമനിച്ചു മുഹമ്മദ് എന്ന് പേരിട്ടു അടക്കാനാവാത്ത ആഹ്ലാദം   പ്രിയപ്പെട്ട മകൻ അബ്ദുല്ല മരിച്ചുപോയി ആ അബ്ദുല്ലയുടെ പൊന്നോമന മകൻ  അബ്ദുൽ മുത്വലിബിന് ആഹ്ലാദം അടക്കാനാവുന്നില്ല സദ്യയുണ്ടാക്കി പാവപ്പെട്ടവർക്ക് വിളമ്പിക്കൊടുത്തു വീട്ടിലാകെ ആഹ്ലാദം പെണ്ണുങ്ങൾ കുഞ്ഞിനെ മാറിമാറിയെടുത്തോമനിച്ചു നാളുകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു കുഞ്ഞിനെ ഗ്രാമത്തിലേക്ക് കൊടുത്തയച്ചു മുലകൊടുത്ത് വളർത്താൻ അതാണ് അന്നത്തെ പതിവ് ഗ്രാമത്തിലെ ശുദ്ധമായ അന്തരീക്ഷത്തിൽ കുട്ടി വളർന്നു ശുദ്ധമായ അറബി സംസാരിച്ചു പഠിക്കാനും ഗ്രാമത്തിൽ വളരണം 

അബ്ദുൽ മുത്വലിബിന്റെ വീട്ടിലെ പെണ്ണുങ്ങളെല്ലാം ആമിനായുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കാളികളാകുന്നു  ആറ് വർഷങ്ങൾ കടന്നുപോയി  പൊന്നോമന മകൻ മുഹമ്മദിന് ആറ് വയസ്സായി യസ്രിബിലൊന്നു പോവണം പ്രിയഭർത്താവിന്റെ ഖബർ സന്ദർശിക്കണം ആമിനാ ബീവി മോഹിച്ചു  

അബ്ദുൽ മുത്വലിബ് യാത്രക്ക് വേണ്ട ഒരുകങ്ങൾ ചെയ്തു നല്ല ഒട്ടകം ഒട്ടകക്കട്ടിൽ തയ്യാറായി ആരോഗ്യവാനായ ഒട്ടകക്കാരൻ  സാധനങ്ങൾ കെട്ടുകളാക്കി കൊണ്ടുവന്നുവച്ചു യാത്രയിൽ കഴിക്കാനുള്ള ഭക്ഷണം, വെള്ളം, വസ്ത്രം, വഴിയിൽ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾ, എല്ലാം ചാക്കുകളിൽ കെട്ടിവച്ചു  പൊന്നോമന മകൻ ഒട്ടകക്കട്ടിലിൽ കയറാൻ ഒരുങ്ങി പെണ്ണുങ്ങൾ കൂട്ടം കൂടി നിന്നു യാത്രയാക്കാൻ അവർ മകനെ ചുംബിച്ചു മംഗളം നേർന്നു പോയി വരൂ.... മരുഭൂമിയിൽ ഒരാപത്തും വരാതിരിക്കട്ടെ അല്ലാഹു കാത്തുരക്ഷിക്കട്ടെ പെണ്ണുങ്ങളുടെ പ്രാർത്ഥന 

ഭർത്താവിന്റെ സഹോദരന്മാർ ഓരോരുത്തരായി യാത്ര പറഞ്ഞു 

ഒടുവിൽ അബ്ദുൽ മുത്വലിബ് മകനെ കെട്ടിപ്പിടിച്ചു ഗാഢമായ ആലിംഗനം ഇരുവരും കരഞ്ഞുപോയി കണ്ടുനിന്നവരുടെ മനസ്സും ഇടറിപ്പോയി 

മകൻ ഒട്ടകക്കട്ടിലിൽ കയറി ഇരുന്നു  

ആമിന എല്ലാവരെയും നോക്കി പുഞ്ചിരി തൂകി ഒട്ടകക്കട്ടിലിൽ കയറി ഇരുന്നു ആമിനയുടെ നോട്ടം അവസാനത്തെ നോട്ടമാണെന്നാരറിഞ്ഞു  ആമിന യാത്ര പറഞ്ഞു അതവസാനത്തെ യാത്രപറച്ചിലാണെന്നാരറിഞ്ഞു  ആമിനയുടെ പിന്നാലെ ഒരടിമപ്പെൺകുട്ടിയും കയറിയിരുന്നു 'ബർറ' 

വേർപാടിന്റെ വേദന ആമിനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആമിന അബ്ദുൽ മുത്വലിബിന്റെ മുഖത്തേക്ക് നോക്കി കണ്ണുകളടഞ്ഞു  

ഉപ്പാ.... പോയിവരട്ടെ 

പോയ് വരൂ മോളേ 

ഒട്ടകം നീങ്ങി മക്കയിൽ നിന്നുള്ള കച്ചവട സംഘത്തിന്റെ കൂടെ ഒട്ടകം നീങ്ങി ബന്ധുക്കളിൽ നിനകന്നു പോയ്ക്കൊണ്ടിരുന്നു  പ്രിയപ്പെട്ട കഅ്ബാലയം അതിനു ചുറ്റുമുള്ള പ്രദേശം എല്ലാം അകന്നു പോവുന്നു ഇനിയൊരു മടക്കമില്ല ഇത് അന്ത്യദർശനമാണ് മക്കാപട്ടണത്തിന്റെ അതിർത്തി കടന്നു കഴിഞ്ഞു വാർത്താമധ്യമങ്ങളില്ലാത്ത കാലം മക്ക വിട്ടുപോയവരെക്കുറിച്ചുള്ള വിവരമറിയണമെങ്കിൽ അവരെ കണ്ട ആരെങ്കിലും തിരിച്ചു വരണം 

വിശാലമായ മരുഭൂമിയിലൂടെ ഒട്ടകക്കൂട്ടം നടന്നു പോയി അവർക്ക് യസ്രിബിലെത്താൻ എത്ര ദിവസം വേണ്ടിവരുമെന്ന് അബ്ദുൽ മുത്വലിബിന്നറിയാം അദ്ദേഹത്തിന്റെ വീട്ടിലെ പെണ്ണുങ്ങൾ എല്ലാ ദിവസവും ആമിനയെക്കുറിച്ചും മകനെക്കുറിച്ചുമാണ് സംസാരിക്കുക പൊന്നോമന മകനെ ഇനിയെന്നാണ് കാണാനാവുക  കണക്ക് കൂട്ടി കാത്തുകാത്തിരുന്നു മാസങ്ങൾ കടന്നുപോയി  

'യസ്രിബിൽ നിന്നും മടങ്ങി കാണും' അവർ പ്രതീക്ഷയോടെ സംസാരിക്കും പ്രതീക്ഷിച്ച നാളുകൾ കടന്നുപോയി  മദീനയിലേക്കുള്ള നടപ്പാതയിൽ നോക്കി നിൽക്കും നിരാശയോടെ മടങ്ങും  

 ഒരു ദിവസം ഒട്ടകമെത്തി  മുറ്റത്ത് ഒട്ടകം മുട്ടുകുത്തി പെണ്ണുങ്ങളും കുട്ടികളും ഓടിക്കൂടി ഒട്ടകക്കട്ടിലിൽ നിന്നും പൊന്നുമോൻ ഇറങ്ങി വന്നു ശാന്തമായ മുഖം കണ്ണുകളിൽ ദുഃഖം ചുണ്ടുകളിൽ പുഞ്ചിരിയില്ല പിന്നാലെ ബറക്ക ഇറങ്ങി വന്നു ബറക്കയുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർതുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി  

പൊന്നുമോൻ ഉപ്പൂപ്പയെ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞു എന്തുപറ്റി മോനേ...? 

ഒട്ടകക്കാരൻ സംഭവം വിവരിച്ചു യസ്രിബിൽ നിന്ന് മടങ്ങുമ്പോൾ മനസ്സ് നിറയെ ദുഃഖമായിരുന്നു ഭർത്താവിന്റെ ഖബറിന്നരികിൽ ചെന്ന് സലാം ചൊല്ലി വിടപറഞ്ഞു ഒട്ടകപ്പുറത്ത് കയറി  ഒട്ടകം നടക്കുമ്പോൾ അവർ ഇടക്കിടെ തിരിഞ്ഞ് നോക്കുമായിരുന്നു നെടുവീർപ്പും കണ്ണുനീർ തുടക്കും അബവാഅ് അവിടെയെത്തുമ്പോൾ ശരീരം തളർന്നിരുന്നു യാത്ര നിർത്തി എല്ലാവരും തളർന്നിരുന്നു യാത്ര നിർത്തി എല്ലാവരും താഴെയിറങ്ങി ഇരുന്നപ്പോൾ തളർന്നു കിടന്നുപോയി വളരെക്കുറച്ചേ സംസാരിച്ചുള്ളൂ ശ്വാസം നിലച്ചു കണ്ണടച്ചു ആമിനാ ബീവി(റ) ചിലരൊക്കെ വന്നുകൂടി ഖബറുണ്ടാക്കി മയ്യിത്ത് ഖബറടക്കി അടയാളം വെച്ചു യാത്ര പറഞ്ഞു പിരിഞ്ഞു 

ആറ് വയസ്സുള്ള പൊന്നോമന മകന്റെ ദുഃഖം ആ ദുഃഖം കണ്ട് വീട്ടിലുള്ളവരെല്ലാം കണ്ണീരൊഴുക്കി ബാപ്പയും ഉമ്മയുമില്ലാത്ത കുട്ടി  ആ കുട്ടിയുടെ മുഖം കാണുമ്പോൾ കരൾ പിടയും ഉപ്പൂപ്പയെ കെട്ടിപ്പുണർന്നാണ് ഉറങ്ങാൻ കിടക്കുക  ഒരേ കമ്പിളി രണ്ടുപേരും ചേർന്ന് പുതക്കുന്നു ഒരേ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നു പുറത്തേക്കിറങ്ങമ്പോൾ കുട്ടിയെക്കൂടെ കൂട്ടും കുട്ടിയുടെ കൈപിടിച്ചാണ് നടക്കുക കഅ്ബാലയത്തിനു മുന്നിൽ നേതാവിനിരിക്കാൻ പ്രത്യേക വിരിപ്പുണ്ട് അതിൽ അബ്ദുൽ മുത്വലിബ് മാത്രമേ ഇരിക്കാറുള്ളൂ മറ്റാരും ഇരിക്കാറില്ല ഇപ്പോൾ ആറുവയസ്സുകാരൻ ഉപ്പൂപ്പയുടെ കൂടെ അതേ വിരിപ്പിൽ ഇരിക്കുന്നു ആളുകൾ അതിശയത്തോടെ പറയാൻ തുടങ്ങി 'ഉപ്പൂപ്പാക്ക് ചെറുമകനോട് എന്തു സ്നേഹം' മക്കൾക്കാർക്കും ഇത്രയും സ്നേഹം കിട്ടിയിട്ടില്ല ഈ നിലക്ക് രണ്ടുവർഷം കടന്നുപോയി പൊന്നോമന മകന് എട്ട് വയസ്സായി  

അപ്പോൾ മക്കയെ നടുക്കിയ ആ സംഭവം നടന്നു 

മക്കായുടെ മഹാനായ നേതാവ് അബ്ദുൽ മുത്വലിബ് മരണപ്പെട്ടു മക്കക്കാർ ഒന്നാകെ ഒഴികി വന്നു പരിസരദേശക്കാരും വന്നു എല്ലാവരും കുട്ടിയുടെ നിൽപും കണ്ണീരും കണ്ട് വിഷമിച്ചുപോയി മയ്യിത്ത് കിടത്തിയ കട്ടിലിന്റെ കാൽപിടിച്ച് കണ്ണീരൊഴുക്കുന്ന എട്ടു വയസ്സുകാരൻ  .


കൂട്ടുകാരിയുടെ വിവാഹം 

'നിങ്ങളുടെ പിതാവ് മരണപ്പെട്ടിട്ട് എത്ര വർഷമായെന്നറിയാമോ?' 

അബ്ബാസിനോട് ഭാര്യ ഉമ്മു ഫള്ൽ ചോദിച്ചു അദ്ദേഹം കണക്കുകൂട്ടി നോക്കി പതിനേഴ് വർഷങ്ങൾ അതിനിടയിൽ മക്കയിലെന്തെല്ലാം മാറ്റങ്ങളുണ്ടായി അബ്ദുൽമുത്വലിബിന് ശേഷം മക്കയുടെ നേതൃത്വം അബൂത്വാലിബിൽ വന്നുചേർന്നു  

അബ്ദുല്ലായുടെ മകനെ അബൂത്വാലിബ് ഏറ്റെടുത്തു മക്കക്കാർ മുഹമ്മദിനെ 'അൽഅമീൻ ' എന്നുവിളിച്ചു അൽഅമീന് വയസ്സ് ഇരുപത്തഞ്ച് 

ഉമ്മുഫള്ലിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഖദീജ ബാല്യകാല സഖികൾ ഒന്നിച്ച് ഓടിച്ചാടി കളിച്ചു വളർന്നവർ  മരുഭൂമിയുടെ ഓമനപ്പുത്രികൾ  

ഖദീജയുടെ വിവാഹം എത്ര കേമമായിരുന്നു മണവാട്ടിയെ ഒരുക്കാൻ പെണ്ണുങ്ങൾ രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്നു അക്കൂട്ടത്തിൽ ഉമ്മുഫള്ലുമുണ്ടായിരുന്നു 

ഖദീജ ഭർത്താവിന്റെ കൂടെപോയി മണവാട്ടിയായി ഒരുങ്ങിയപ്പോൾ എന്തൊരു ഭംഗി ഭർത്താവിന്റെ വീട്ടിലായിരിക്കുമ്പോഴും ഇടക്കിടെ സന്ദർശിക്കും 

ആ ദാമ്പത്യം ഏറെ നീണ്ടുനിന്നില്ല ഭർത്താവ് മരണപ്പെട്ടു അതറിഞ്ഞ് ഉമ്മുഫള്ൽ കണ്ണീരൊഴുക്കി ഒരിക്കൽ കൂടി ഖദീജ മണവാട്ടിയായി ആ ദാമ്പത്യവും ഏറെ നീണ്ടുന്നില്ല ഇന്ന് ഖദിജാക്ക് വയസ്സ് നാൽപ്പത് 

മക്കയിലെ ബിസിനസ്സുകാരി 

ഇത്തവണ ശാമിലേക്ക് അവരുടെ കച്ചവടസംഘത്തെ നയിച്ചത് അൽഅമീൻ കച്ചവടത്തിൽ നല്ല ലാഭം കിട്ടി അപ്പോൾ ഖദീജയുടെ മനസ്സിലൊരാഗ്രഹമുണ്ടായി 

വിവാഹം 'അൽഅമീനിനെ ' ഭർത്താവായി കിട്ടിയാൽ കൊള്ളാം ഒരു കൂട്ടുകാരി 'അൽഅമീനി'നെ സമീപിച്ചു വിവാഹ കാര്യം സംസാരിച്ചു അൽഅമീൻ എതിർപ്പൊന്നും പറഞ്ഞില്ല വിവരം അബൂത്വാലിബറിഞ്ഞു അദ്ദേഹത്തിന് സന്തോഷമായി വിവാഹചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകി വിവാഹസുദിനം ധാരാളമാളുകളെത്തി അബ്ദുൽമുത്വലിബിന്റെ സന്താനങ്ങളെല്ലാം അന്നവിടെ ഒത്തുകൂടി പാവപ്പെട്ടവർക്ക് സദ്യ നൽകി 

വിവാഹം നടന്നു  

അൽഅമീൻ ഖദീജയുടെ ഭർത്താവായി 

അബ്ബാസും ഹംസയും അബൂലഹബുമെല്ലാം സജീവമായി പങ്കെടുത്തു 

ധനികയായ ഖദീജ തനിക്കുള്ളതെല്ലാം ഭർത്താവിന് സമർപ്പിക്കാൻ സന്നദ്ധയായ വനിത 

ഉമ്മുഫള്ൽ കൂട്ടുകാരിയെ കാണാൻ കൂടെക്കൂടെയെത്തും അവർക്ക് സംസാരിക്കാൻ ഒരായിരം കഥകൾ 

അബ്ദുൽമുത്വലിബിന്റെ കാലഘട്ടത്തെക്കുറിച്ച് ഉമ്മുഫള്ൽ സംസാരിക്കും ഖദീജ കൗതുകത്തോടെ കേട്ടിരിക്കും 

ഹലീമബീവി (റ) ഒരിക്കൽ നവദമ്പതികളെ കാണാൻ വന്നു അൽഅമീൻ ബഹുമാനപൂർവ്വം എഴുന്നേറ്റു അവരെ പിടിച്ചിരുത്തി  

ഉമ്മാ....എന്തൊക്കെയുണ്ട് വിശേഷങ്ങൾ 

ഹലീമബീവി (റ) സന്തോഷപൂർവ്വം വീട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞു ഓരോ മക്കളെക്കുറിച്ചും അൽഅമീൻ ചോദിച്ചറിഞ്ഞു 

ഖദീജ (റ) അവരെ സൽക്കരിച്ചു നല്ല സമ്മാനങ്ങൾ നൽകി ആദരിച്ചു ഇടക്കിടെ വരണമെന്നുണർത്തി പോവാൻ നേരത്ത് ഇരുവരും ചേർന്ന് സ്നേഹപൂർവ്വം യാത്രയയച്ചു 

ബറക്ക എന്ന പെൺകുട്ടി യസ്രിബ് യാത്രയിൽ കൂടെയുണ്ടായിരുന്ന അടിമപ്പെൺകുട്ടി ഇസ്ലാമിക ചരിത്രത്തിൽ അവർ ഉമ്മു ഐമൻ എന്നറിയപ്പെടുന്നു 

ഉമ്മയെപ്പോലെ അൽഅമീനെ ലാളിച്ചു വളർത്തിയ പെൺകുട്ടി ഖദീജ(റ) ക്ക് എന്തൊരിഷ്ടമാണാ പെൺകുട്ടിയെ അൽഅമീനിന്റെ കഥ മുഴുവൻ അവർക്കാണല്ലോ അറിയുക .


ബർറ 

മക്കായുടെ നായകനായ അബ്ദുൽ മുത്വലിബ് രണ്ട് മക്കളുടെ വിവാഹത്തെക്കുറിച്ചാണ് ഒന്നാം ഭാഗത്തിൽ പറഞ്ഞത്  

അബ്ബാസ് ഉമ്മുഫള്ലിനെ വിവാഹം ചെയ്തു  

അബ്ദുൽ മുത്വലിബിന്റെ മറ്റൊരു മകനാണ് അബൂത്വാലിബ് ഇദ്ദേഹവും മക്കക്കാർക്ക് പ്രിയങ്കരനായിരുന്നു പിതാവിന്റെ മരണശേഷം അബൂത്വാലിബ് മക്കയുടെ നേതാവായി അബൂത്വാലിബിന്റെ രണ്ടുമക്കൾ ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധരായിത്തീർന്നു 

അലി(റ) 
ജഅ്ഫർ(റ) 

ജഅ്ഫർ(റ)വിന്റെ വിവാഹത്തെക്കുറിച്ചാണ് നമുക്കിനി പറയാനുള്ളത് ഉമ്മുഫള്ലിന്റെയും സൽസമായുടെയും സഹോദരിയാണ് അസ്മാഅ് 

ജഅ്ഫർ(റ) വിന്റെ പത്നിയാവുകയെന്നത് വലിയൊരു പദവി തന്നെയാണ് അബ്ദുൽ മുത്വലിബിന്റെ പേരക്കുട്ടിയാണല്ലോ ജഅ്ഫർ സൽഗുണസമ്പന്നയായ അസ്മാഅ് ജഅ്ഫറിന്റെ വധുവായി തെരഞ്ഞെടുക്കപ്പെട്ടു  

വീണ്ടും വിവാഹത്തിന് പന്തലൊരുങ്ങി അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്ക് മൂന്നാമതൊരു മകളെ കൂടി കെട്ടിച്ചയക്കുന്നു കുടുംബാംഗങ്ങൾക്കിടയിൽ ആഹ്ലാദം വിതറിയ വിവാഹം മംഗളമായി നടന്നു  

അബ്ദുൽ മുത്വലിബിന്റെ മക്കൾ ഓരോരുത്തരായി വീട് വെച്ച് മാറിത്താമസിച്ചു വീടുകൾ കഅ്ബാലയത്തിന് ചുറ്റും തന്നെ നോക്കിയാൽ കാണാവുന്ന അകലത്തിലാണ് വീടുകൾ 

അബ്ബാസ് കച്ചവടത്തിൽ മുന്നിട്ടുനിന്നു നല്ല ലാഭം കിട്ടി ധനികനായി വളർന്നു ഖുറൈശി നേതാക്കന്മാരുടെ ഉറ്റസുഹൃത്താണ് അബൂജഹൽ, അബൂസുഫ്യാൻ തുടങ്ങിയവരൊക്കെ കുടെക്കൂടെ വീട്ടിൽ വരും സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ  അബ്ബാസിനോടാലോചിക്കും 

സഹോദരൻ അബൂലഹബിന്റെ വീട് തൊട്ടടുത്തുതന്നെയാണ് പണമുണ്ടെങ്കിലും പിശുക്കനാണ് സ്വഭാവം കൊള്ളില്ല ക്രൂരനാണ്  കരുണയില്ല കിട്ടിയ ഭാര്യയോ? ഒരു അഹങ്കാരി  

അബൂത്വാലിബിന്റെ വീടും അടുത്ത് തന്നെയാണ് കരുണ നിറഞ്ഞ മനസ്സിന്റെ ഉടമയാണ് എല്ലാവരെയും സ്നേഹിക്കും ,സഹായിക്കും ഉദാരമതിയാണ് ആ വീട്ടിലേക്കാണ് അസ്മാഇനെ കൊണ്ടുവന്നത് 

ഹംസ ധീരനായ പോരാളിയാണ് നായാട്ടിൽ വലിയ താത്പര്യമാണ് ധീര യോദ്ധാക്കളുടെ ഒരു കൂട്ടം ഹംസക്കു ചുറ്റും എപ്പോഴും കാണും യുവാക്കളുടെ രോമാഞ്ചമാണദ്ദേഹം 

ഹാരിസിന്റെ വീട്ടിലേക്ക് തന്നെ നമുക്ക് തിരിച്ചുപോകാം ഹിന്ദ് വീണ്ടും ഗർഭിയായി ഖബീലയിലെ പെണ്ണുങ്ങൾ അവരെ സന്ദർശിക്കാൻ ഇടക്കിടെ വരും സയമെത്തി ഹിന്ദ് പ്രസവിച്ചു പെൺകുട്ടി കുഞ്ഞിന് ബർറ എന്ന് പേരിട്ടു കുടുംബത്തിന്റെ ഓമനയായിരുന്നു ബർറ നല്ല അടക്കമുള്ള കുഞ്ഞ് അതിന്റെ കൊഞ്ചലും കുഴയലും എല്ലാവരേയും ആകർഷിച്ചു മോണകാട്ടി ചിരിക്കും ആരും എടുത്തോമനിച്ചു പോകും  

നാളുകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു കുഞ്ഞ് മെല്ലെ  മെല്ലെ വളർന്നു വന്നു സുന്ദരിയും ബുദ്ധിമതിയുമായ പെൺകുട്ടി ഗോത്രത്തിന്റെ മുഴുവൻ അഭിമാനമായിത്തീർന്നു അവൾ കവിതകൾ പാടിപ്പഠിച്ചു ധാരാളം വരികൾ ഓർമ്മയിൽ സൂക്ഷിച്ചു നല്ല ഓർമ്മശക്തി പഠിച്ചതൊന്നും മറന്നു പോവില്ല  

ചുറ്റുഭാഗത്തും കണ്ണോടിച്ചു കരിമ്പാറക്കൂട്ടങ്ങൾ നിറഞ്ഞ മലകൾ മാത്രം മലകൾപ്പുറം മലകൾ മലകളും പാറക്കൂട്ടങ്ങളും കണ്ടാണവർ വളർന്നത് മേഞ്ഞുനടക്കുന്ന ഒട്ടകങ്ങൾ ആട്ടിൻകൂട്ടങ്ങൾ  മരുഭൂമിയിലെ ജീവിതം അതിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ  

പ്രഭാതത്തിൽ കിഴക്കൻ മലകൾക്കപ്പുറത്തു നിന്നും ഉയർന്നു വരുന്ന സൂര്യൻ പ്രഭാത സൂര്യന്റെ തങ്കരശ്മികൾ സന്ധ്യക്ക് പടിഞ്ഞാറൻ മലകൾക്കപ്പുറത്തേക്കിറങ്ങിപ്പോവുന്ന സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ പരക്കുന്ന ചെമന്ന ചായക്കൂട്ട് എന്തൊരു ഭംഗിയാണതിന്? 

സൂര്യാസ്തമയത്തോടെ നീലാകാശം നിറയെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ ഇതൊക്കെയെങ്ങനെയുണ്ടാവുന്നു?  ആരാണവയെ പടച്ചുണ്ടാക്കിയത് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്നെങ്കിലും ഈ ചോദ്യങ്ങൾക്കുത്തരം കിട്ടുമോ? ഈ സംശയങ്ങൾ തീരുമോ? 

ബർറ പലപ്പോഴും ചിന്താധീനയായിപ്പോവും മക്കയിലെ നല്ല മനുഷ്യരെയെല്ലാം അവൾക്കിഷ്ടമാണ് അൽഅമീനിനെ പ്രത്യേകം ശ്രദ്ധിക്കും  

അൽഅമീനും ഖദീജാബീവിയും അവർ തമ്മിൽ എന്തൊരിണക്കം? മാതൃകാ ദമ്പതികൾ ബർറ യൗവ്വനത്തിലേക്ക് കാലെടുത്തു വച്ചു വിവാഹലോചനകൾ വരാൻ തുടങ്ങി 
 
മസ്ഊദ്ബ്നു അംറ് 
 
ഗോത്രത്തിലെ പ്രമുഖ വ്യക്തി ധീരനായ ചെറുപ്പക്കാരൻ പരസ്പരം കണ്ടു ഇഷ്ടപ്പെട്ടു വിവാഹം ഉറപ്പിച്ചു ജ്യേഷ്ഠത്തിമാരെല്ലാം വന്നെത്തി സഹോദരിയുടെ പരിലാളനകൾ വേണ്ടുവോളം കിട്ടി വിവാഹം മംഗളമായി നടന്നു ഈ ദാമ്പത്യം ഏറെ നാൾ നീണ്ടുനിന്നില്ല  ബർറ വിധവയായിത്തീർന്നു 

സഹോദരിമാർക്ക് കടുത്ത ദുഃഖമായി പുനർവിവാഹത്തെക്കുറിച്ചായി ചിന്ത ബർറ വളരെ ചെറുപ്പമാണ് യുവാക്കൾ ഇഷ്ടപ്പെടുന്ന പ്രായം 

അബൂറഹ്മ് എന്ന ചെറുപ്പക്കാരൻ വിവാഹാലോചന നടത്തി കുടുംബക്കാർ അത് സ്വീകരിച്ചു വിവാഹം നടന്നു  സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം സ്നേഹസമ്പന്നയായ സഹധർമ്മിണിയായി ബർറ ജീവിച്ചു  

വീണ്ടും പരീക്ഷണം 
ഭർത്താവ് മരണപ്പെട്ടു ബർറ വിധവയായി ഒറ്റപ്പെട്ടു ഇനിയെന്ത്? ഒരു രൂപവുമില്ല നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ബർറയെ ഇരുത്തിച്ചിന്തിപ്പിച്ചു അൽഅമീനിന് നാൽപത് വയസ്സായി  ഒരു ദിവസം ഹിറാഗുഹയിലിരിക്കുകയായിരുന്നു അപ്പോൾ ജിബ്രീൽ എന്ന മലക്ക് വന്നു ഓതാൻ കൽപിച്ചു ഇഖ്റഅ് ഓതാനറിയില്ല 

രണ്ട് തവണ കൂടി കൽപ്പന വന്നു മറുപടി ആവർത്തിച്ചു ശക്തമായ ആശ്ലേഷം പിന്നെ ഓതിക്കൊടുത്തു ഇഖ്റഅ്  ബിസ്മിറബ്ബിക്കല്ലദീ ഖലഖ് (സൃഷ്ടിച്ച നാഥന്റെ നാമത്തിൽ വായിക്കുക) എന്നു തുടങ്ങുന്ന വചനങ്ങൾ  

അല്ലാഹു അൽഅമീനിന് പ്രവാചകത്വം നൽകി  
അന്ത്യപ്രവാചകൻ 
ഏകനായ അല്ലാഹുൽ വിശ്വസിക്കണം മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് വിശ്വസിക്കണം ആ വിശ്വാസം പ്രഖ്യാപിക്കുന്നവൻ മുസ്ലിംമായി  ഇസ്ലാം മതത്തിലേക്ക് ആളുകളെ ക്ഷണിക്കാനുള്ള കൽപ്പന ഹിറാഗുഹയിൽ നിന്ന് അൽഅമീൻ  ഇറങ്ങിയോടി വീട്ടിലെത്തി ഖദീജ സ്വീകരിച്ചിരുത്തി സംഭവങ്ങൾ ചോദിച്ചറിഞ്ഞു  കട്ടിലിൽ കിടത്തി പുതപ്പിട്ടു മൂടി ആശ്വസിപ്പിച്ചു 

ഖദീജയുടെ ഉറ്റ കൂട്ടുകാരിയാണല്ലോ ഉമ്മുഫള്ൽ  കൂട്ടുകാരികൾ ഹിറാ  ഗുഹയിലെ സംഭവങ്ങളെക്കുറിച്ച് സംസാരിച്ചു ഉമ്മുഫള്ലിൽ നിന്ന് ബർറ കാര്യങ്ങളൊക്കെ അറിഞ്ഞു  

വലിയ ഉത്കണ്ഠയുടെ നാളുകൾ  

അൽഅമീൻ ഭാര്യയുടെ മുഖത്തേക്കുറ്റുനോക്കി 

'എന്താണിങ്ങനെ നോക്കുന്നത്? കിടക്കൂ ഞാൻ പുതപ്പിച്ചു തരാം വിശ്രമിക്കൂ 

'ഖദീജ ഉറക്കത്തിന്റെയും വിശ്രമത്തിന്റെയും കാലം കഴിഞ്ഞു ഈ ജനതയെ അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ അവനെന്നോട് കൽപിച്ചിരിക്കുന്നു ഞാൻ ക്ഷണിച്ചാൽ ആരാണെന്റെ ക്ഷണം സ്വീകരിക്കുക?' 

ഉത്കണ്ഠ നിറഞ്ഞ ചോദ്യം ഒരു മറുപടി നൽകിയേ പറ്റൂ പ്രിയ ഭർത്താവിനെ ആശ്വസിപ്പിക്കണം ദൃഢസ്വരത്തിൽ ഖദീജ പ്രഖ്യാപിച്ചു 

'അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കും' 

പറഞ്ഞു തീർന്നപ്പോൾ ഭർത്താവിന്റെ മുഖത്ത് പ്രസന്നഭാവം വന്നു ദൃഢമായ വാക്കുകൾ ഒഴുകിവന്നു 

'ഖദീജ..... സാക്ഷ്യം വഹിക്കൂ അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൂ ' 

ഖദീജയുടെ പ്രഖ്യാപനം വന്നു 

'അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു ' 

ഇസ്ലാം മതത്തിൽ പ്രവേശിച്ച ഒന്നാമത്തെ വ്യക്തിയാണ് ഖദീജ (റ)  

അടുത്ത ദിവസം കൂട്ടുകാരി കാണാനെത്തി ഉമ്മുഫള്ൽ വളരെ നേരം സംസാരിച്ചിരുന്നു 

അൽഅമീനിന്റെ വാക്കുകൾ ഉമ്മുഫള്ലിനെ വളരെയധികം സ്വാധീനിച്ചു 

ഈ ലോകത്തിനൊരു നാഥനുണ്ട് എല്ലാം സൃഷ്ടിച്ചതവനാകുന്നു അവനാണ് അല്ലാഹു അവന് പങ്കുകാരില്ല ബിംബാരാധന പാടില്ല മനുഷ്യരെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ നിരവധി പ്രവാചകന്മാർ വന്നിട്ടുണ്ട് അവരിൽ അവസാനത്തെയാളാണ് അൽഅമീൻ 

ഉമ്മുഫള്ലിന്റെ മനസ്സിളകിമറിഞ്ഞു ആ അവസ്ഥയിലാണ് മടങ്ങിയത് ഇരിപ്പിലും നടപ്പിലും ഒരേയൊരു ചിന്ത 

അബൂബക്കർ (റ) ഇസ്ലാം മതം സ്വീകരിച്ചു പുരുഷന്മാരുടെ കൂട്ടത്തിൽ നിന്നുള്ള ഒന്നാമത്തെ മുസ്ലിം അലി(റ) അന്ന് ഒരു ബാലനാണ് നബി (സ) യൊടൊപ്പമാണ് താമസം കുട്ടികളുടെ കൂട്ടത്തിൽ ഒന്നാമതായി ഇസ്ലാം സ്വീകരിച്ചത് അലി(റ) വാണ് 

ഉമ്മുഫള്ൽ ദൃഢനിശ്ചയം ചെയ്തു  എന്ത് വന്നാലും ശരി, ഇസ്ലാം സ്വീകരിക്കുകതന്നെ ഖദീജ (റ) തന്റെ ബാല്യകാലസഖിയാണ് ഇസ്ലാമിലും തങ്ങൾ സഖികളായിരിക്കട്ടെ 

ഉമ്മുഫള്ൽ ഇസ്ലാം മതം സ്വീകരിച്ചു  

ബർറ തന്റെ ഇത്താത്തയുമായി സംസാരിച്ചു ഇസ്ലാംമിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കി ബർറയുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം  

ഉമ്മുഫള്ൽ ധീരവനിതയായി മാറുകയാണ്  

ഇസ്ലാം മതം സ്വീകരിച്ചവരെ ഖുറൈശികൾ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി അടിമകളാണ് ഏറ്റവും ക്രൂരമായി മർദ്ദിക്കപ്പെട്ടത് അവർ അഭയം തേടിയെത്തിയത് ഉമ്മുഫള്ലിന്റെ വീട്ടിലായിരുന്നു   ഉമ്മുഫള്ലിന്റെ ഭർത്താവ് അബ്ബാസ് ഇപ്പോഴും അബൂലഹബിന്റെയും മറ്റും കൂടെയാണ്  

നബി (സ) തങ്ങളോട് അബ്ബാസിന് സ്നേഹമുണ്ട് എന്നാൽ ശത്രുക്കളോടൊപ്പമാണദ്ദേഹം നീങ്ങുന്നത് ഇത് ഉമ്മുഫള്ൽ(റ) യെ വല്ലാതെ അസ്വസ്ഥയാക്കി 

അബൂലഹബും ഭാര്യയും വല്ലാതെ നബി (സ)യെ ഉപദ്രവിച്ചു കൊണ്ടിരുന്നു പരിഹാസം, ചീത്തപറച്ചിൽ, വഴിതടസ്സം തുടങ്ങിയവ നിത്യസംഭവങ്ങളായിത്തീർന്നു 

അബൂലഹബും ഭാര്യയും ഉമ്മുഫള്ലിനെ വെറുത്തു അപവാദങ്ങൾ പറഞ്ഞു പരത്തി  

ബർറ ധീരമായി തീരുമാനമെടുത്തു  ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു  

ഖദീജ (റ), ഉമ്മുഫള്ൽ എന്നിവരോടൊത്ത്  കഠിനത്യാഗങ്ങൾ വരിക്കാൻ തീരുമാനിച്ചു 

അടുത്ത ദിവസം തന്നെ കുടുംബാംഗങ്ങൾ വാർത്തകേട്ടു ധീരയായ ബർറ ഇസ്ലാം മതം സ്വീകരിച്ചു ഒരു വിഭാഗമാളുകൾ അവരെ പിന്തിരിപ്പിക്കാൻ രംഗത്ത് വന്നു ഭീഷണികൾ മുഴക്കി  ഒരു ഭീഷണിയുടെ മുമ്പിലും ബർറ കുലുങ്ങിയില്ല   

മൻദ്ദിക്കപ്പെടുന്നവരെ സഹായിക്കാൻ അവർ രംഗത്തെത്തി വിശന്നവർക്കാഹാരം നൽകി വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകി ഭീഷണിയിൽപെട്ടവർക്ക് ധൈര്യം നൽകി  

മുസ്ലിം വനിതകൾക്കിടയിൽ ബർറയുടെ പേര് തിളങ്ങി നിന്നു വിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു  ആദർശ പ്രചാരണത്തിന്റെ മാർഗ്ഗത്തിൽ എന്ത് ത്യാഗത്തിനും അവർ സന്നദ്ധരായിരുന്നു.



ദുഖഃവർഷം 

നബി(സ) തങ്ങളുടെ ഓമന മകൾ റുഛിയ്യായെ ഉസ്മാൻ (റ) വിവാഹം ചെയ്തു സത്യവിശ്വാസികളെ സന്തോഷിപ്പിച്ച വിവാഹം പ്രയാസങ്ങൾക്കും വേദനകൾക്കുമിടയിൽ ബർറക്ക് കിട്ടിയ സന്തോഷവാർത്ത സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകൾ ഖദീജ (റ)യുടെ വീട്ടിൽ ഒരുമിച്ചു കൂടും നാട്ടിൽ നടക്കുന്ന മർദ്ദനങ്ങളെ കുറിച്ചുള്ള ഓരോ വാർത്തയും അവരുടെ ഈമാൻ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു 

വളരെക്കാലമായി മനസ്സിലൊളിപ്പിച്ചു വെച്ച സംശയങ്ങൾക്കെല്ലാം മറുപടി കിട്ടി മരുഭൂമിയെ അത്ഭുതകരമായ രീതിയിൽ പടച്ചു വച്ചതാര്? ഇളകി മറിയുന്ന കടൽ എങ്ങിനെയുണ്ടായി? കിഴക്കൻ മലകൾക്കപ്പുറത്തുനിന്നും ഉദിച്ചുയർന്നുവരുന്ന സൂര്യന്റെ രഹസ്യമെന്ത്? ഒരൊറ്റ ദിവസം പോലും സമയം തെറ്റാതെ സൂര്യനുദിക്കുന്നു കൃത്യമായ വേഗതയിൽ സഞ്ചരിച്ചു പടിഞ്ഞാറൻ മലകൾക്കപ്പുറം അസ്തമിക്കുന്നു ഇതെങ്ങനെ സംഭവിക്കുന്നു? മരുഭൂമിയിൽ പൂനിലാവ് വിതറുന്ന ചന്ദ്രൻ ആകാശം നിറയെ വാരിവിതറപ്പെട്ട നക്ഷത്രങ്ങൾ ഇവയെല്ലാം കണ്ട് അത്ഭുതപ്പെട്ട ബർറ 

എല്ലാം സംശയങ്ങളും തീർന്നു എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി സർവ്വശക്തനായ അല്ലാഹു വച്ച നിയന്ത്രണം സർവ്വലോകത്തിനുമുള്ള നിയന്ത്രണം അത് കുറ്റമറ്റതാണ് സകല ജീവജാലങ്ങളേയും പടച്ചതവനാണ് വായുവും വെളിച്ചവും നൽകിയവൻ കാഴ്ചയും കേൾവിയും നൽകിയവൻ അവനാണ് സർവ്വശക്തൻ 

അവന്റെ സഹായമുണ്ടെങ്കിൽ മറ്റാരുടെയും സഹായവും വേണ്ട ഒരു ധിക്കാരിയും ഏറെ നാൾ വാഴില്ല  

ഖുറൈശികളുടെ ധിക്കാരവും ഏറെ നാളുണ്ടാവില്ല ഇരുട്ടിന് ശേഷം വെളിച്ചം വരും രാത്രിക്ക് ശേഷം പകൽ വരും  ബർറയുടെ മനസ്സിൽ പ്രതീക്ഷകൾ വളർന്നു അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം ആ വനിതയെ ധീരയാക്കി ബർറക്കു പ്രായം കുറവാണ് രണ്ടാമത്തെ ഭർത്താവ് മരണപ്പെടുമ്പോൾ അവർക്ക് ഇരുപത്തിയാറ് വയസ്സ് കഴിഞ്ഞതേയുള്ളൂ 

ഓരോ പ്രഭാതത്തിലും ക്രൂരമായ മർദ്ദനങ്ങളുടെ വാർത്തകളാണ് വന്നുകൊണ്ടിരുന്നത് ഇസ്ലാം മതം വിശ്വസിച്ചവരിൽ നല്ലൊരു പങ്ക് അടിമകളാണ് അവർക്കഭയം നൽകുന്നത് ഖദീജ (റ) യും ഉമ്മുഫള്ൽ(റ) യുമാണ് അവർക്കൊപ്പം ബർറയുമുണ്ട് പ്രവാചക പുത്രി റുഖിയായും ഭർത്താവ് ഉസ്മാൻ (റ)വും നാടുവിട്ടു പോയി ബർറായെ വളരെയേറെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു അത് 

ബഹിഷ്കരണത്തിന്റെ നാളുകൾ ഖുറൈശികൾ ഹാശിം കുടുംബത്തെ ബഹിഷ്കരിച്ചു മുസ്ലിംകൾക്ക് മലഞ്ചെരുവിൽ കഴിയേണ്ടി വന്നു ബർറ ഉൽക്കണ്ഠാകുലയായി മാറിയ നാളുകൾ വീടു വിട്ടുള്ള താമസം ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടി ബഹിഷ്കരണം നീണ്ടു നിന്നു പിന്നെയത് നീങ്ങി അപ്പോഴേക്കും ഖദീജ (റ)യുടെ ആരോഗ്യം തകർന്ന് പോയി അവർ രോഗിയായി സമ്പത്ത് മുഴുവൻ ഇസ്ലാമിനു വേണ്ടി ചെലവഴിച്ചു അവസാന കാലത്ത് ഏതാണ്ട് ദരിദ്രയായി ബർറ ഖദീജ (റ)യെ നോക്കി എന്തൊരു കോലം? ശോഷിച്ചു പോയിരിക്കുന്നു മുഖത്ത് ഈമാനിന്റെ തേജസ്സ് എല്ലാ വിപൽഘട്ടത്തിലും നബി(സ) യെ സംരക്ഷിച്ചത് അബൂത്വാലിബായിരുന്നു  ബഹിഷ്കരണ കാലം കഴിഞ്ഞതോടെ അബൂത്വാലിബ് രോഗിയായി മാറി 

നബി (സ) തങ്ങൾ അദ്ദേഹം പരിചരിച്ചു  അബൂത്വാലിബ് ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല എന്നാൽ പ്രവാചകന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു നബി (സ) യെ വല്ലാതെ വേദനിപ്പിച്ച സംഭവം നടന്നു അബൂത്വാലിബ് മരണപ്പെട്ടു അത്താണി നഷ്ടപ്പെട്ടു ഖുറൈശികൾക്ക് ആവേശം കൂടി ഇനിയവനെ ആര് സംരക്ഷിക്കും? മർദ്ദനം ശക്തമാക്കാം  
ഖദീജ (റ)യും കിടപ്പിലായി സത്യവിശ്വാസം കൈകൊണ്ട സ്ത്രീകളെല്ലാം ആ രോഗശയ്യക്ക് ചുറ്റും കൂടി തന്റെ ശരീരവും ജീവിതവും സമ്പത്തും എല്ലാം നബി(സ) തങ്ങൾക്ക് സമർപ്പിച്ച കുലീന വനിത മുസ്ലിംകളുടെ അഭയകേന്ദ്രം ഇതാ ശക്തിയറ്റ് വീണുകിടക്കുന്നു 

നബി (സ) തങ്ങൾ ഇടക്കിടെ കടന്ന് വരുന്നു ആ മുഖം നിറയെ ദുഃഖം ഉമ്മുഫള്ൽ വിങ്ങിപ്പൊട്ടി ബർറ നിശബ്ദയായി കരഞ്ഞു സഹോദരിമാരായ സൽമായും അസ്മായും കരഞ്ഞു മരണത്തിന്റെ കാലൊച്ച ഒരു ജീവിതത്തിന് അന്ത്യം കുറിക്കാറായി ലാഇലാഹഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹി എല്ലാ ചുണ്ടുകളിലും അതെ മന്ത്രം എല്ലാ ഖൽബുകളിലും അതേ മന്ത്രം ഖദീജ (റ)യുടെ കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു പെണ്ണുങ്ങൾ മുഖം പൊത്തി ദുഃഖം കടിച്ചമർത്തി നബി(സ) ആ സത്യമറിഞ്ഞു കണ്ണുകൾ നിറഞ്ഞു പോയി എല്ലാം തനിക്കു സമർപ്പിച്ചവൾ അങ്ങേ ലോകത്തേക്ക് പോയി അഭയം പോയി ആശ്രയം അറ്റുപോയി അബൂത്വാലിബ് മരണപ്പെട്ടു ഖദീജ (റ)യും മരണപ്പെട്ടു അത് കാരണം ആ വർഷം ദുഃഖ വർഷം എന്നറിയപ്പെട്ടു ബർറയുടെ മനസ്സ് വിങ്ങിപ്പൊട്ടി മർദ്ദനം രൂക്ഷമായി ജന്മഭൂമിയിൽ ജീവിതം ദുസ്സഹമായി അവർക്ക് ഭയം മാത്രം .


പ്രവാചകനില്ലാത്ത മക്ക 

ബർറ ദുഃഖത്തോടെ കൂടി ആ യാഥാർഥ്യമറിഞ്ഞു മുസ്ലിംകൾ നാടുവിട്ടു കൊണ്ടിരിക്കുന്നു വളരെ രഹസ്യമായി മക്ക വിടുകയാണ് സാധാരണ കണ്ടുകൊണ്ടിരുന്ന പലരേയും ഇപ്പോൾ കാണാനില്ല മക്കയിലെ ജീവിതം അസഹ്യമായപ്പോൾ നാടുവിട്ടതാണ് ഒടുവിൽ ആ വാർത്തയും കേൾക്കേണ്ടി വന്നു  നബി (സ)യും നാടുവിട്ടു മഹത്തായ ഹിജ്റ വിശ്വാസത്തിന്റെ സംരക്ഷണത്തിനു വേണ്ടി സ്വദേശം വിട്ടു പോവുക സഹയാത്രികൻ അബൂബക്കർ സിദ്ദീഖ് (റ) സഹോദരിമാർ ഒത്തുകൂടി 

ഉമ്മുഫള്ൽ, സൽമ, അസ്മ, ബർറ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു നബി (സ) യുടെ സാന്നിധ്യമില്ലാത്ത മക്ക 'ഇവിടെ ജീവിതം ദുസ്സഹമായിത്തോന്നുന്നു ' ഉമ്മുഫളൽ പറഞ്ഞു  

ദുഃഖവും വിഷമവും വരുമ്പോൾ ഓടിച്ചെല്ലാറുണ്ടായിരുന്നത് ഖദീജ (റ)യുടെ വീട്ടിലേക്കായിരുന്നു അവരുടെ മരണത്തോടെ നമ്മുടെ അത്താണി നഷ്ടപ്പെട്ടു  

മക്ക തോന്നിവാസികളുടെ കയ്യിലായി  

നബി (സ) യെ പിടികൂടാൻ അവരെത്രമാത്രം ശ്രമിച്ചു പിടിച്ചു കൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നബി (സ) സുരക്ഷിതമായി മദീനയിലെത്തി  

മക്കയിൽ കുടുങ്ങിപ്പോയവരുടെ കാര്യം കഷ്ടം തന്നെ നബി (സ)യുടെ മുഖം കാണാനില്ല ശബ്ദം കേൾക്കാനില്ല അങ്ങനെയുള്ള അവസ്ഥ  

സംസാരം നീണ്ടുപോയി ചിലർ വിങ്ങിപ്പൊട്ടി ചിലർ നെടുവീർപ്പിട്ടു ഹിജ്റക്ക് ശേഷമുള്ള മക്ക അവിടെ പെണ്ണുങ്ങളുടെ അവസ്ഥ വളരെ ദയനീയം തന്നെ  
ഭർത്താവ് മുശ്രിക്ക് ഭാര്യ മുസ്ലിം  ആ ഭാര്യയുടെ നില എത്ര ദുഃഖകരം സദസ്സ് പിരിഞ്ഞു വേദന നിറഞ്ഞ മനസ്സോടെ മനസ്സിലൊരു പ്രതീക്ഷയുണ്ട് അല്ലാഹുവിന്റെ സഹായം അത് വന്നുചെരുക തന്നെ ചെയ്യും ഊണിലും ഉറക്കത്തിലും ഒരേയൊരു ചിന്ത നബി (സ) യുടെ അവസ്ഥയെന്ത്? സ്വഹാബികളുടെ അവസ്ഥയെന്ത് ? മദീനയിൽ നിന്ന് ചില വിവരങ്ങൾ കിട്ടി മദീനയിൽ സമാധാനാന്തരീക്ഷം ഭയപ്പാടില്ല സ്വതന്ത്രമായി നിസ്കരിക്കാം മത പ്രചാരണം നടത്താം ആളുകൾ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുന്നു  

ഭർത്താവിന്റെ കാര്യമോർക്കുമ്പോൾ ഉമ്മുഫള്ലിന് ദുഃഖം അദ്ദേഹമിപ്പോഴും ഇസ്ലാമിന്റെ ശത്രുക്കളുടെ കൂടെയാണ് അവരുടെ രഹസ്യയോഗങ്ങളിൽ പങ്കെടുക്കുന്നു ഇസ്ലാമിനെ തകർക്കാൻ അവർ പദ്ധതികൾ തയ്യാറാക്കുന്നു ആ ചർച്ചകളിലെല്ലാം ഭർത്താവ് പങ്കെടുക്കുന്നു  എന്തൊരു പരീക്ഷണമാണിത്? 

നബി (സ) തങ്ങൾക്കും മുസ്ലിം സഹോദരന്മാർക്കും ഒരാപത്തും വരരുതേ...
ഉമ്മുഫള്ലിന്റെ ഖൽബുരുകിയ പ്രാർത്ഥന അവരുടെ മനസ്സിന്റെ വേദന മറ്റ് സഹോദരിമാർ മനസ്സിലാക്കുന്നു അക്കാര്യത്തിൽ അവരും ഉത്കണ്ഠാകുലരാണ് കാലം നീങ്ങി ഖുറൈശിപ്പട ബദ്റിലേക്ക് നീങ്ങുന്നു അക്കൂട്ടത്തിൽ അബ്ബാസുമുണ്ട്  

ഭാര്യ അതറിയുന്നു കാണുന്നു 

ബദ്റിൽ ഭർത്താവ് മുസ്ലിംകൾക്കെതിരിൽ പോരാടി ബന്ദിയായി മദീനയിലേക്ക് കൊണ്ടുപോയി  ഭാര്യ മോചനദ്രവ്യം മദീനയിലേക്കയച്ചു അത് സ്വീകരിച്ചു മുസ്ലിംകൾ അബ്ബാസിനെ വിട്ടയച്ചു മക്കയിലെത്തി ഉമ്മുഫള്ൽ നെടുവീർപ്പിട്ടു .

ബിലാലിന്റെ ശബ്ദം 

നബി (സ) തങ്ങളും അനുയായികളും മക്കവിട്ട് പോയിട്ട് ഏഴ് വർഷങ്ങൾ കഴിഞ്ഞു  

മദീനയിൽ ഇസ്ലാം ശക്തിപ്പെട്ടു ധാരാളം അനുയായികളുണ്ടായി ആവേശകരമായ വാർത്തകളാണ് മദീനയിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത് സൽമായും അസ്മായും ഉമ്മുഫള്ലും ബർറായും ഒരുമിച്ചിരുന്നു തങ്ങൾക്ക് കിട്ടിയ വിവരങ്ങൾ ചർച്ച ചെയ്യും 

ഒരു വർഷം മുമ്പ് അവർക്ക് ആവേശകരമായൊരു വാർത്ത കിട്ടി നബി (സ)യും സംഘവും മക്കയിൽ വരുന്നു ഉംറ നിർവ്വഹിക്കാനുള്ള വരവ്  

ഉംറ നിർവ്വഹിക്കുക മടങ്ങിപ്പോവുക ഇത് മാത്രമാണവരുടെ ലക്ഷ്യം  

ഹുദൈബിയ്യ വരെ അവരെത്തി അവിടെവെച്ച് തടയപ്പെട്ടു മക്കയിൽ പ്രവേശിക്കാനായില്ല 

ബലം പ്രയോഗിച്ച് മക്കയിൽ പ്രവേശിക്കാൻ നബി (സ) തയ്യാറായില്ല സ്വഹാബികൾ നിരാശരായി ഇവിടെ വരെ വന്നിട്ട് കഅബ കാണാതെ തിരികെ പോവുകയോ  

മുസ്ലിംകളും മുശ്രിക്കുകളും തമ്മിൽ ഇവിടെ വച്ചൊരു സന്ധിയുണ്ടാക്കി അതാണ് ചരിത്ര പ്രസിദ്ധമായ ഹുദൈബിയ്യ സന്ധി ആ സന്ധിയനുസരിച്ച് മുസ്ലിംകൾ ഇക്കൊല്ലം മടങ്ങിപ്പോവണം അടുത്ത കൊല്ലം വന്ന് ഉംറ നിർവ്വഹിക്കാം മക്കയിൽ മൂന്ന് ദിവസം താമസിക്കാം മൂന്ന് ദിവസം കഴിഞ്ഞാലുടനെ മടങ്ങിപ്പോവണം  

ആ സംഭവം നടന്നിട്ട് ഒരു വർഷമായി  

ഉംറക്ക് സമയമായി  

നബി (സ) മദീനയിൽ നിന്ന് പുറപ്പെട്ടു കൂടെ രണ്ടായിരം അനുയായികൾ 

ബർറ(റ) ക്ക് മനസ്സ് പിടഞ്ഞു മനസ്സിനുള്ളിൽ വല്ലാത്ത വെപ്രാളം സഹോദരിമാർ ചോദിച്ചു എന്തുപറ്റി നിനക്ക് ? 

ആദ്യമൊക്കെ പറയാൻ മടിച്ചു നിന്നു  

ഒടുവിൽ ഉമ്മുഫള്ലിന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞു  

മനസ്സിന്റെ മോഹം  

നബി (സ) യുടെ ഭാര്യയാവാൻ മോഹം നബി (സ) തങ്ങൾ അറുപതിലെത്തിയിരിക്കുന്നു ബർറാക്ക് അതിന്റെ പകുതിയിൽ താഴെയാണ് പ്രായം  

നബി (സ) തങ്ങളുടെ  പത്നിയാവുക  ഒരു സ്ത്രീക്ക് ലഭിക്കാവുന്ന അത്യുന്നത പദവിയാണത്  ആത്മീയമായ ഔന്നിത്യം അത് നേടാൻ മോഹം  

ഉമ്മുഫള്ൽ അനുജത്തിയുടെ മനസ്സിന്റെ മോഹമറിഞ്ഞു അത് സാക്ഷാത്കരിക്കപ്പെടണേ എന്നാഗ്രഹിച്ചു അവർ ഭർത്താവിനെ സമീപിച്ചു 

ദാ.... നോക്കിയേ.... ഒരു കാര്യം പറയാനുണ്ട് 

എന്ത് കാര്യം? 
 
എന്റെ അനുജത്തിയുടെ കാര്യം 

ബർറായുടെ കാര്യമോ? 

അതെ അവളുടെ കാര്യം തന്നെ  

എന്തുകാര്യം?

ഇത് നിസ്സാരകാര്യമല്ല ഗൗരവമുള്ളതാണ് 

പറയൂ സംഗതി കേൾക്കട്ടെ 

പറയാം തള്ളിക്കളയരുത് 

ഇല്ല തള്ളിക്കളയില്ല പരിഗണിക്കാം  

അവളുടെ മനസ്സിലൊരു മോഹമുണ്ട്  
 
മോഹമോ എന്ത് മോഹം  

വിവാഹത്തെക്കുറിച്ചൊരു സങ്കൽപം  

ആരാണാ ഭാഗ്യവാൻ? 

ധൃതികൂട്ടാതിരിക്കൂ ഞാൻ സാവധാനം  പറയാം നിങ്ങൾ മനസ്സ് വെക്കണം എന്നാലെ ഇത് നടക്കൂ  

ശരി ഇനി കാര്യം പറയൂ 

ബർറാക്ക് വല്ലാത്തൊരു മോഹം നിങ്ങളുടെ സസോദര പുത്രനെ ഭർത്താവായി ലഭിക്കണമെന്ന്  

സഹോദരപുത്രൻ? ആരെക്കുറിച്ചാണ് പറഞ്ഞത്?  

നബി(സ) തങ്ങളെപ്പറ്റി തന്നെ  

അബ്ബാസ് ചിന്താകുലനായി നിന്നുപോയി 

എന്താണ് വിഷമമുണ്ടോ?   

ബർറായുടെ കാര്യമല്ലേ? വിഷമമില്ല അടുത്ത ദിവസം അവരെല്ലാം മക്കയിലെത്തുകയല്ലേ ഞാൻ എന്റെ സഹോദര പുത്രനുമായി സംസാരിച്ചു നോക്കാം  

ഉമ്മുഫള്ലിന്നാശ്വാസമായി  

ബർറായുടെ മനസ്സ് ആഹ്ലാദം കൊണ്ട് നിറഞ്ഞു പണ്ട് ഖദീജ(റ)ക്ക് ലഭിച്ച പദവിയാണ് ഞാനിപ്പോൾ കൊതിക്കുന്നത്  

നബി (സ)യും ഖദീജ ബീവിയും (റ) 

അവരുടെ ദാമ്പത്യ ജീവിതം താനത് കണ്ടറിഞ്ഞതാണ് എത്ര കാരുണ്യവാനാണ് ഭർത്താവ്  ലോകാനുഗ്രഹിയായ പ്രവാചകൻ ആ പ്രവാചകൻ തന്റെ ഭർത്താവായിത്തീരുക  സർവ്വശക്തനായ റബ്ബേ ആ മഹാസൗഭാഗ്യം നീയെനിക്ക് നൽകേണമേ 

ഉംറക്ക് വേണ്ടിയുള്ള പുറപ്പാട് അതിന്റെ വാർത്തകൾ വന്നുതുടങ്ങി രണ്ടായിരം മുസ്ലിംകൾ അവർക്കിടയിൽ  മുഹാജിറുകളും അൻസാറുകളും  ഏഴ് വർഷങ്ങൾക്കു മുമ്പ് സ്വദേശം വിട്ടുപോയ മുഹാജിറുകൾ സകല സ്വത്തും ഉപേക്ഷിച്ചു പോയവർ  താമസിച്ചിരുന്ന വീട് അതിന്റെ ചുറ്റുപ്രദേശങ്ങൾ അവ കാണാൻ കൊതിയായി കളിച്ചു വളർന്ന പ്രദേശങ്ങൾ കാണണം  ഒന്നുവേഗം മക്കയിലെത്തിക്കിട്ടിയെങ്കിൽ  

മുഹാജിറുകൾ സന്തോഷവാൻമാർ  ആ സന്തോഷത്തിൽ അൻസാറുകളും പങ്കെടുക്കുന്നു നബി (സ) നൂറ് അംഗങ്ങളുള്ള കുതിരപ്പട തയ്യാറാക്കി അവരെ മുമ്പെ വിട്ടു വഴി സുഗമമോ എന്ന് നോക്കാൻ 

മക്കയുടെ പുറത്ത് കാത്ത് നിൽക്കണം തങ്ങളെത്തിയ ശേഷമേ മക്കയിൽ പ്രവേശിക്കാവൂ  

കുതിരപ്പട പുറപ്പെട്ടു മറ്റുള്ളവർ ആവേശഭരിതരായി ഉറയിലിട്ട വാൾ മാത്രമേ കൈവശം വെയ്ക്കാവൂ അത് ഏത് യാത്രക്കാരനും അനുവദിക്കപ്പെട്ടതാണ് ഒട്ടകങ്ങൾ നിരന്നു ഏറ്റവും മുമ്പിൽ നബി (സ)യുടെ ഒട്ടകം പ്രസിദ്ധമായ ഖസ് വാ 

ഖസ് വാ എന്ന ഒട്ടകത്തിന്റെ മൂക്കുകയർ പിടിക്കുന്നത് അബ്ദുല്ലാഹിബ്നു റവാഹ(റ)  

ഒട്ടകപ്പുറത്തും കാൽനടയായും നീങ്ങുന്ന സംഘം  അവരുടെ മനസ്സിൽ കഅ്ബാലയത്തിന്റെ രൂപം ഭക്തി നിർഭരമായ യാത്ര 
വിനയാന്വിതമായ യാത്ര  
വിശാലമായ മരുഭൂമിയിലൂടെ ഒരു പ്രവാചകനും സച്ചരിതരായ അനുയായികളും നീങ്ങുന്നു എന്തൊരു കാഴ്ചയാണത് രാപ്പകലുകൾ നീങ്ങിക്കൊണ്ടിരുന്നു  

മക്കക്കാരുടെ സംഭാഷണങ്ങൾ ബർറ കേട്ടു  മുഹമ്മദ് വമ്പിച്ച അനുയായികളുമായിട്ടാണ് മക്കയിൽ വരുന്നത് അവർ മക്കയിൽ പ്രവേശിക്കും മുമ്പെ നാം മക്ക വിടണം അബൂഖുബൈസ് മലയുടെ മുകളിൽ കയറിയിരിക്കാം  മൂന്നു ദിവസം കഴിഞ്ഞിട്ടെ നാം മക്കയിൽ പ്രവേശിക്കുകയുള്ളൂ   

പലരും മക്ക വിടാനുള്ള ഒരുക്കമാണ് പ്രവാചകനെ കാണാൻ അവർക്ക് താത്പര്യമില്ല മല കയറാൻ തയ്യാറില്ലാത്തവർ വീടുകളിൽ അടച്ചിരിക്കാൻ തീരുമാനിച്ചു  

മക്കാ പട്ടണം ഒരു ചരിത്ര സംഭവത്തിന് സാക്ഷിയാകാൻ പോവുന്നു 

ഉത്കണ്ഠയോടെ ബർറ എല്ലാം കേട്ടു കൊണ്ടിരിക്കുന്നു  

നബി (സ)യും സംഘവും മക്കയെ സമീപിച്ചു കൊണ്ടിരുന്നു അല്ലാഹുവെ നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്യുന്നു  

ലബ്ബൈക്ക....
..... ലബ്ബൈക്ക് 

മക്കക്കാർ ഒളിഞ്ഞിരുന്നു നോക്കിക്കൊണ്ടിരുന്നു  ഖസ് വ ഉത്സാഹപൂർവ്വം നടന്നുവരുന്നു   ശാന്തഗംഭീരമായ മുഖത്തോടെ ഒരാൾ പുറത്തിരിക്കുന്നു ലോകാനുഗ്രഹിയായ പ്രവാചകൻ  

മുഹമ്മദ് മുസ്തഫ (സ)  

ഓർമ്മവെച്ച നാൾ മുതൽ കണ്ടുകൊണ്ടിരുന്ന കഅ്ബ അതാ കൺമുന്നിൽ തെളിയുന്നു  

മുഹാജിറുകൾ ആവേശഭരിതരായി  

വിജനമായ മക്ക ആളനക്കമില്ല എതിർപ്പുകളില്ല സത്യവിശ്വാസികൾ മക്കയിൽ പ്രവേശിച്ചു കഴിഞ്ഞു അവരുടെ ചലനങ്ങൾ മക്കക്കാർ ഒളിഞ്ഞു നിന്നു കാണുന്നു  

നേതാവും അനുയായികളും  
അനുയായികൾ നേതാവിനെ എത്രയേറെ ആദരിക്കുന്നു എന്തൊരനുസരണ ശീലം വല്ലാത്ത വിനയം   മക്കയിൽ വിനയാന്വിതരായിട്ടാണ് പ്രവേശിച്ചത് ജയിച്ചടക്കി എന്ന അഹങ്കാരമില്ല ധിക്കാരം തൊട്ടു തീണ്ടാത്ത മനുഷ്യൻ  ഇവരാണ് പുണ്യാത്മാക്കൾ 

മക്കക്കാരുടെ മനസ്സ് പിടഞ്ഞു ഇവർ നല്ല മനുഷ്യരാണല്ലോ എന്ന ചിന്ത എല്ലാ മനസ്സിലും സ്ഥാനം പിടിച്ചു മുസ്ലിം വിരോധം മനസ്സിൽ നിന്നൊഴുകിപ്പോവുന്നു  

നബി (സ) തങ്ങളും അനുയായികളും കഅ്ബയെ സമീപിച്ചു  കഴിഞ്ഞു അവർ കഅ്ബയെ ത്വവാഫ് ചെയ്യാൻ തുടങ്ങി എന്തൊരു കാഴ്ച  

ഉമ്മുഫള്ലും സൽമായും മറ്റുള്ള സ്ത്രീകളും ഈ കാഴ്ച ഉൾപ്പുളകത്തോടെ നോക്കിക്കണ്ടു  

ഇസ്ലാമിന്റെ ശത്രുക്കളും ഇത് നോക്കിക്കാണുന്നുണ്ട് മുസ്ലിംകളുടെ ശക്തിയെക്കുറിച്ച് അവർക്ക് ബോധം വന്നു  

ഉംറയുടെ ചടങ്ങുകൾ പൂർത്തിയായി 

മുസ്ലിംകൾ ആ പ്രദേശമാകെ പരന്നു വികാരഭരിതമായ രംഗങ്ങൾ  

സൂര്യൻ തലക്കു മുകളിലെത്തി  മക്കയാകെ വെയിലിൽ കുളിച്ചു മുസ്ലിംകൾ ഉഷ്ണമറിയുന്നില്ല പെട്ടെന്ന് ബാങ്കിന്റെ ശബ്ദമുയർന്നു ബിലാൽ (റ)വിന്റെ ശബ്ദം   

മക്ക കോരിത്തരിച്ചു പോയി കഅ്ബായുടെ മേൽത്തട്ടിലാണ് ബിലാൽ (റ) നിൽക്കുന്നത് അവിടെ നിന്നാണ് ബാങ്കിന്റെ വചനങ്ങൾ അന്തരീക്ഷത്തിലേക്കൊഴുകുന്നത് 

'അല്ലാഹു അക്ബർ 
അല്ലാഹു അക്ബർ ' 

ഈ മണ്ണിൽ വെച്ചാണ് ബിലാൽ (റ) പീഡിപ്പിക്കപ്പെട്ടത് ഓർമകൾക്ക് ചിറക് വെയ്ക്കുന്നു  

ഇതുപോലുള്ള നട്ടുച്ച നേരം പതക്കുന്ന മണൽക്കാട് ക്രൂരന്മാരായ ശത്രുക്കൾ ഒത്തുകൂടി അടിമയായ ബിലാലിനെ മലർത്തി കിടത്തി പാറക്കല്ല് നെഞ്ചിലേറ്റിവെച്ചു ശ്വാസം വിടാൻ വയ്യ എത്ര കടുത്ത പരീക്ഷണം  

അബൂബക്കർ സിദ്ദീഖ് (റ) അതുവഴി വന്നു മർദ്ദനം കണ്ട് മനസ്സിളകപ്പോയി 

ബിലാലിനെ ചാട്ടവാർകൊണ്ടടിക്കുന്നു 'ഇസ്ലാം മതത്തിൽ നിന്ന് പിൻമാറുന്നുണ്ടോ' 

'ഇല്ല' 

വീണ്ടും മർദ്ദനം 

അല്ലാഹു അഹദ്' 

'അല്ലാഹു അക്ബർ ' 

ഈ മർദ്ദനം തുടർന്നാൽ ഈ അടിമ മരിച്ചു പോകുമല്ലോ ഇതിനെയെങ്ങിനെ രക്ഷിക്കും?

'ഇതിനെ എനിക്കു വിൽക്കാമോ?' സിദ്ദീഖ് (റ) ചോദിച്ചു  

'വിൽക്കാം നല്ല വില തരണം' 

വില പറഞ്ഞുറപ്പിച്ചു അടിമയെ വാങ്ങി  ബിലാലിനെ സ്വതന്ത്രനാക്കി  
 
സുന്ദരശബ്ദമാണ് ബിലാലിന്റേത് ആ ബിലാലിന്റെ ശബ്ദമാണ് മുഴങ്ങുന്നത് ബിലാലിനെ മർദ്ദിച്ച അബൂജഹൽ നിന്ദിക്കപ്പെട്ടു ബദ്റിൽ വധിക്കപ്പെട്ടു പാപിയായിപ്പോയി    ബ

ബിലാൽ വന്ദിക്കപ്പെട്ടു ഏറെ പ്രസിദ്ധനായി  

മക്കയുടെ പല ഭാഗത്തേക്കും നീങ്ങിയ മുസ്ലിംകൾ ധൃതിപിടിച്ചു വന്നു എല്ലാവരും നിസ്കാരത്തിനായി തയ്യാറായി  അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ഈ പുണ്യഭവനത്തിന്റെ ചുറ്റും നിന്ന് നിസ്കരിക്കാം  അബൂജഹ്ലോ , ഉത്ബത്തോ, ശൈബത്തോ, അബൂലഹബോ ആക്രമിക്കാൻ വരില്ല  

ഇന്ന് ഈ പുണ്യഭവനത്തിൽ അവർക്കൊരധികാരവുമില്ല അവരുടെ അധികാരങ്ങൾ അസ്തമിച്ചു പോയി 

നബി (സ) തങ്ങളുടെ പിന്നിൽ അണിനിരന്ന് മുസ്ലിംകൾ  ളുഹ്ർ നിസ്കാരം നിർവ്വഹിച്ചു 

ചരിത്ര മുഹൂർത്തം അല്ലാഹുവിനെ സ്തുതിച്ചു തൗഹീദിന്റെ കാവൽഭടന്മാർക്ക് അല്ലാഹു നൽകിയ വിജയം ശിർക്കിന്റെ കാവൽക്കാർ തകർക്കപ്പെട്ടു  

അൽഹംദുലില്ലാഹ്   

മക്കക്കാരായ പലരും ഇറങ്ങി വന്നു മുസ്ലിംകൾ അവരുമായി സംസാരിച്ചു പഴയ സ്നേഹ ബന്ധം പുതുക്കി  സുഖവിവരങ്ങളന്വേഷിച്ചു പകലും രാത്രിയും കടന്നുപോയി അനുവദിക്കപ്പെട്ട സമയം നീങ്ങിക്കൊണ്ടിരുന്നു  

അബ്ബാസ് (റ) വരുന്നു സഹോദരപുത്രനെ കാണുന്നു സംസാരിക്കുന്നു സംഭാഷണത്തിനിടയിൽ ബർറായുടെ കാര്യം പറഞ്ഞു   

വിവാഹാന്വേഷണം 

ബർറ ധീര വനിതയാണ് ബുദ്ധിയും തന്റേടവുമുള്ള ധീര വനിത മുഅ്മിനീങ്ങളുടെ ഉമ്മയാകാൻ യോഗ്യയാണ്  

നബി (സ) പുഞ്ചിരി തൂകി   

സമ്മതമെന്ന് സൂചന അവർ പിന്നെയും സംസാരിച്ചു    

ബോധ്യമായില്ലേ ഇസ്ലാം സത്യമാണെന്ന ബോധ്യം വന്നില്ലേ  മനസ്സാക്ഷിയുടെ ചോദ്യം  

അബ്ബാസിന്റെ മനസ്സിളകിമറിഞ്ഞു   

സന്തോഷവാർത്തയറിയിക്കണം സമയം വളരെ പരിമിതം മക്ക വിടാൻ സമയമേറേയില്ല  

അബ്ബാസ് വീട്ടിലെത്തി ഭാര്യയെ വിളിച്ചു  

'ഉമ്മുൽഫള്ൽ  എന്റെ സഹോദരപുത്രനു വിവാഹത്തിനു സമ്മതം'  

മനസ്സ് നിറയെ  ആഹ്ലാദം  

ബർറ (റ ) ആഹ്ലാദവതിയായി ഉത്കണ്ഠ നീങ്ങി മണവാട്ടിയുടെ നാണം വന്നു സൽമയും അസ്മായും വന്നു മണവാട്ടിയുടെ സന്തോഷത്തിൽ പങ്കാളികളായി ഗോത്രമാകെ ഉണർന്നു വിവാഹ വാർത്തയറിഞ്ഞതോടെ ഗോത്രത്തലവന്മാരുടെ മനസ്സ് മാറി ഇസ്ലാമിനോടുള്ള ശത്രുത കുറഞ്ഞു ഇത്തരക്കാരിൽ ഒരാളായിരുന്നു ഖാലിദ്ബ്നുൽ വലീദ് (റ)   

ബർറായുടെ സഹോദരി അസ്മാഇന്റെ ഭർത്താവാണല്ലോ ജഅ്ഫർ ബ്നു അബീത്താലിബ് (റ)  ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരിൽ ഒരാളാണ് ജഅ്ഫർ (റ)   

വിവാഹ സംബന്ധമായ കാര്യങ്ങൾ തീരുമാനിക്കാൻ ജഅ്ഫർ(റ) വിനെ നബി (സ) ചുമതലപ്പെടുത്തി  

ബർറ ഒട്ടകപ്പുറത്തിരിക്കുകയായിരുന്നു അപ്പോഴാണ് നബി (സ) വിവാഹത്തിന് സമ്മതിച്ച വിവരം കേട്ടത് അവർ ആഹ്ലാദപൂർവ്വം ഇങ്ങനെ പറഞ്ഞു  

'ഒട്ടകവും അതിന്റെ പുറത്തുള്ളതും അല്ലാഹുവിന്റെ ദൂതനുള്ളതാകുന്നു' 

മക്കയിലെത്തിയ മുസ്ലിംകൾക്ക് ഈ വിവാഹവാർത്ത വളരെയേറെ സന്തോഷം നൽകി ഉംറ നിർവ്വഹിച്ചു മക്ക കണ്ടു സ്വന്തം ഭവനവും ബന്ധുക്കളെയും കണ്ടു ഇപ്പോഴിതാ വിവാഹാഘോഷത്തിൽ പങ്കെടുക്കാനവസരവും വന്നിരിക്കുന്നു 

ചിലർ പഴയ താമസ സ്ഥലങ്ങൾ അന്വേഷിച്ച് ചെന്നു അവരുടെ വീടുകൾ കാണ്മാനില്ല ഇസ്ലാമിന്റെ ശത്രുക്കൾ അവയൊക്കെ നശിപ്പിച്ചിരിക്കുന്നു ചിലത് നോക്കാനാളില്ലാതെ ജീർണ്ണിച്ചു പോയിരുന്നു  

സുഹൈലുബ്നു അംറ്
ഹുവൈത്വിബ്നു അബ്ദിൽഉസ്സ
മക്കക്കാരുടെ  രണ്ട് പ്രതിനിധികൾ അവർ നബി (സ)യെ കാണാൻ വന്നു  

'മൂന്നുദിവസം മക്കയിൽ തങ്ങാനുളള അനുവാദമാണ് നിങ്ങൾക്ക് നൽകിയിരിക്കുന്നത് അത് തീർന്നാലുടൻ സ്ഥലം വിട്ടു കൊള്ളണം അത് പറയാനാണ് ഞങ്ങൾ വന്നത്'  

പ്രതിനിധികൾ നബി (സ) അറിയിച്ചു   

'ബർറയുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കുകയാണ് വിവാഹം കഴിഞ്ഞ് നിങ്ങൾക്കൊരു സൽക്കാരവും നൽകി ഞാൻ സ്ഥലം വിട്ടു കൊള്ളാം സമയം അൽപം കൂട്ടിത്തരണം  

നബി (സ) അറിയിച്ചു  

'സാധ്യമല്ല ഞങ്ങൾക്ക് നിങ്ങളുടെ ഭക്ഷണം ആവശ്യമില്ല സമയം തീർന്നാലുടൻ സ്ഥലം വിടണം' 

സംഭാഷണം മുറിഞ്ഞു പ്രതിനിധികൾ പോയി .


മൈമൂന (റ)

അബൂ റാഫിഅ്(റ) 
നബി(സ) യുടെ സ്വതന്ത്രനാക്കപ്പെട്ട അടിമ 
നബി (സ) അബൂ റാഫിഇനെ വിളിച്ചു നിർദ്ദേശം നൽകി ഞങ്ങൾ കൃത്യസമയത്ത് മക്ക വിടാൻ തീരുമാനിച്ചിട്ടുണ്ട് നീ ഇവിടത്തന്നെ നിൽക്കണം ബർറയേയും കൊണ്ട് ഞങ്ങളുടെ  പിന്നാലെ വരണം സരിഫ എന്ന സ്ഥലത്ത് ഞങ്ങൾ ക്യാമ്പ് ചെയ്യും നീ അവിടെയെത്തണം  

മടക്കയാത്രയെക്കുറിച്ചുള്ള അറിയിപ്പ് വന്നു എല്ലാവരും യാത്രക്കൊരുങ്ങി ബർറയുടെ വീട്ടിൽ ആഹ്ലാദം അലതല്ലി ബർറ മദീനയിലേക്ക് പോവുകയാണ് കൂടെ രണ്ട് സഹോദരിമാരുമുണ്ട് സൽമയും അമ്മാറയും 

അമ്മാറ അനുജത്തിയാണ് വിവാഹം കഴിഞ്ഞിട്ടില്ല മുസ്ലിം സംഘം കഅ്ബാലയത്തോട് യാത്ര പറഞ്ഞു പ്രിയമക്കാ പട്ടണമേ ഞങ്ങൾ വിടചോദിക്കുന്നു ഞങ്ങളിനിയും വരും ഇൻശാഅല്ലാഹ് വിനയന്വിതരായി മടങ്ങിപ്പോവുന്നു ഭക്തിനിർഭരമായ അന്തരീക്ഷം മക്കാപട്ടണത്തിന്റെ അതിർത്തി വിട്ട് കടന്നു ആറ് നാഴിക സഞ്ചരിച്ചു  

'സരിഫ' എന്ന പ്രദേശം അവിടെ തമ്പടിച്ചു ബർറയുടെ വീട്ടിൽ തിരക്കിട്ട ഒരുക്കങ്ങൾ ബന്ധുക്കളും കൂട്ടുകാരും വന്നുകൂടി ബർറയെ അണിയിച്ചൊരുക്കി  അബൂ റാഫിഅ് ഒട്ടകവുമായെത്തി 

'പോയിവരട്ടെ' ബർറ യാത്രപറഞ്ഞു 

'എല്ലാ നന്മകളും നേരുന്നു ' ബന്ധുക്കളുടെ അനുഗ്രഹം  

വീട്ടിൽ നിന്നിറങ്ങി മെല്ലെ നടന്നു വന്നു മുറ്റം നിറയെ ആളുകൾ ബർറ ചുറ്റു നോക്കി വീടും പരിസരവും കളിച്ചു വളർന്ന പ്രദേശം, പ്രിയപ്പെട്ട ചുറ്റുപാടുകൾ, ഇനിയെന്നാണ് മടങ്ങിവരാനാവുക ഒരു പിടിയുമില്ല  

എല്ലാവരേയും നോക്കി പലരും ഓടിവന്ന് കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു എല്ലാ കണ്ണുകളും നിറഞ്ഞു എല്ലാവരേയും നോക്കി ബർറ പറഞ്ഞു  

'അസ്സലാമുഅലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു'  

എല്ലാവരും സലാം മടക്കി  

'ബിസ്മില്ലാഹി റഹ്മാനിറഹീം' 

ഒട്ടകക്കട്ടിലേക്ക് കയറി 

കൂടെ സഹോദരിമാരും കയറി ഉഹദ് യുദ്ധത്തിൽ വധിക്കപ്പെട്ട ഹംസയുടെ വിധവ സൽമ  

കൊച്ചു സഹോദരി അമ്മാറ  

ഒട്ടകം നീങ്ങി പെണ്ണുങ്ങൾ കണ്ണുനീർ തുടച്ചു  

ഖദീജ (റ)യുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചവർ അക്കൂട്ടത്തിലുണ്ട്  

അത് നബി (സ)യുടെ ആദ്യവിവഹമായിരുന്നു ഇത് നബി (സ) യുടെ അവസാന വിവാഹം പ്രായം ചെന്ന പെണ്ണുങ്ങൾ പഴയ കഥകൾ പറഞ്ഞു ഒട്ടകം അകന്നുപോയി ബർറയുടെ മനസ്സിൽ ചിന്തകൾ ചിറക് വിടർത്തി തന്നോടൊപ്പം സഞ്ചരിക്കുന്നത് സഹോദരിമാർ  
പ്രിയപ്പെട്ട ഇത്താത്ത സൽമ 
ധീരകേസരിയായിരുന്നു ഇത്താത്തയുടെ ഭർത്താവ് 
'അസദുൽ ഇലാഹ്' എന്നു വിശേഷിപ്പിക്കപ്പെട്ട ഹംസ (റ) രക്തസാക്ഷികളുടെ നേതാവ് (സയ്യിദുശ്ശുഹദാഅ്) എന്നു വിശേഷിപ്പിക്കപ്പെട്ടു 

ബദ്ർ യുദ്ധത്തിൽ ഹംസ (റ) പ്രകടിപ്പിച്ച യുദ്ധ പാടവം അമ്പരപ്പിക്കുന്നതായിരുന്നു ആ രംഗങ്ങൾ വിവരിക്കുന്നത് കേട്ട് സൽമ രോമാഞ്ചം കൊണ്ടിട്ടുണ്ട്  

സഹോദരിമാർക്കൊക്കെ അന്ന് എന്തൊരാവേശമായിരുന്നു ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹദ്  

ഉഹ്ദിൽ വെച്ചു ഹംസ(റ) യെ ചതിച്ചു കൊല്ലാൻ ശത്രുക്കൾ പ്ലാനിട്ടു നേരിട്ടു യുദ്ധം ചെയ്തു കൊല്ലാൻ സാധ്യമല്ലെന്നവർക്കറിയാം ഉഹ്ദിൽ വച്ചു വഞ്ചനയിൽ പെട്ടു വധിക്കപ്പെട്ടു അന്ന് മയ്യത്തിനെപ്പോലും വെറുതെ വിട്ടില്ല 

അതറിഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാം എന്തൊരു ദുഃഖമായിരുന്നു ആ ദുഃഖമെല്ലാം സഹിച്ചില്ലേ ഈ സൽമയിത്താത്ത  

ഒട്ടകം സരിഫയിലെത്തി സന്തോഷത്തിന്റെ സുദിനം ബർറാക്ക് കിട്ടിയ മഹർ നാനൂറ് ദിർഹം നബി (സ) തങ്ങൾ ബർറായെ സ്വീകരിച്ചു അനുഗ്രഹീതമായ സന്ദർഭത്തിൽ വന്ന ഭാര്യ ആ ഭാര്യയും അനുഗ്രഹീതയാകുന്നു 

'മൈമൂന ' എന്ന പദത്തിന് അനുഗ്രഹീത എന്നർത്ഥം പ്രവാചകൻ ബർറയുടെ പേരു മാറ്റി 'മൈമൂന' എന്ന പേർ നൽകി  

ദമ്പതികളുടെ മധുവിധു സരിഫയിൽ നടന്നു തൻഈമിന്റെ ഭാഗത്താണ് ഈ പ്രദേശം  

മൈമൂന 'വിശ്വാസികളുടെ മാതാവ് എന്ന പദവിയിലേക്കുയർന്നു 

ഇസ്ലാമിക ചരിത്രത്തിൽ ഈ വനിത 'മൈമൂന ബിൻത് ഹാരിസ് ' എന്ന പേരിലറിയപ്പെടുന്നു ദിവസങ്ങൾ കടന്നു പോയി  

യാത്രയിലുടനീളം മൈമൂന (റ) സന്തോഷവതിയായിരുന്നു നബിതങ്ങളോടൊപ്പമാണല്ലോ യാത്ര  

നബി (സ)യും സ്വഹാബികളും മദീനയിലെത്തി വിവാഹവാർത്തയറിഞ്ഞു മദീനക്കാർ സന്തോഷിച്ചു  

നബി (സ) യുടെ ഭാര്യമാർ  മൈമൂനയെക്കാണാൻ ആവേശത്തോടെ വന്നു അവർ മണവാട്ടിയെ സന്തോഷത്തോടെ സ്വീകരിച്ചു  

ഹംസ (റ) വിന്റെ വിധവയായ അസ്മായെ എല്ലാവരും ആദരവോടെ സ്വീകരിച്ചു ഹംസ (റ) വിന് ഓരോ മുസ്ലിം മനസ്സിലും ഉന്നതമായ സ്ഥാനമാണല്ലോ ഉള്ളത് സൽമാ(റ) യേയും സ്വന്തം മനസ്സിൽ സ്ഥാനം നൽകി ആദരിച്ചു 

നബി (സ) യുടെ ജീവിതം പഠിക്കുക അതാണ് മൈമൂന (റ) യുടെ ലക്ഷ്യം ഭർത്താവിന്റെ ജീവിതം പഠിക്കുവാൻ ഏറ്റവും നല്ല അവസരം ലഭിക്കുന്നത് ഭാര്യക്കു തന്നെയാണ്  

ഭർത്താവിന്റെ ഇഷ്ടം സമ്പാദിക്കുന്ന രീതിയിലാണ് മൈമൂന പിന്നീട് ജീവിച്ചത്  
സൽക്കർമ്മങ്ങൾ വർധിപ്പിച്ചു ഊണും ഉറക്കവും പ്രശ്നമല്ല  പാവപ്പെട്ടവരെ സഹായിക്കുന്നതിലാണ് സന്തോഷം തബൂക്ക് യുദ്ധം നടക്കുന്ന കാലം  

യുദ്ധരംഗത്ത് സേവനം ചെയ്യണമെന്ന് മൈമൂന (റ) തീരുമാനിച്ചു ചില സ്ത്രീകളെക്കൂട്ടി ഒരു സംഘം രൂപീകരിച്ചു  യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കുക കുടിക്കാൻ ശുദ്ധജലമെത്തിക്കുക ഇങ്ങനെയുള്ള സേവനങ്ങൾക്ക് വേണ്ടി ഈ സംഘം തബൂക്കിലെത്തി  

ഒരു ഘട്ടത്തിൽ ശത്രുക്കളുടെ ഭാഗത്ത് നിന്നു ശക്തമായ ആക്രമണമുണ്ടായി ധാരാളം മുസ്ലിംകൾ വെട്ടേറ്റു വീണു വീണവർ വെള്ളത്തിനു വേണ്ടി കേഴുന്നു  

മൈമൂന (റ) വെള്ളപാത്രവുമായി ഓടുകയാണ് മരിക്കാൻ പോകുന്നവർക്ക് ഒരിറ്റു വെള്ളം കൊടുക്കാൻ  

ശത്രുക്കൾ എയ്തുവിട്ട ഒരു അമ്പ് മൈമൂന (റ)യുടെ ശരീരത്തിൽ ചെന്നു തറച്ചു അവർ വേദന കൊണ്ടു പുളഞ്ഞു ചിലർ  ഓടിയെത്തി അമ്പ് വലിച്ചെടുത്തു മരണത്തെ മുഖാമുഖം കണ്ടതുപോലെയായി 

മുറിവിന് ചികിത്സിച്ചു  

നബി (സ) ഒരു ദിവസം മൈമൂന (റ)യുടെ വീട്ടിൽ വന്നു അവിടെവെച്ചാണ് രോഗം തുടങ്ങിയത് നബി (സ) ക്ക് ആഇശ(റ)യുടെ വീട്ടിലേക്ക് പോവണമെന്നാഗ്രഹം ബുദ്ധിമതിയായ മൈമൂന കാര്യം മനസ്സിലാക്കി നബി (സ)യെ അവരുടെ വീട്ടിലേക്ക് മാറ്റി അവിടെവെച്ചായിരുന്നു നബി (സ) യുടെ അന്ത്യം .


ജഅ്ഫർ(റ)

മൈമൂന (റ) തന്റെ സഹോദരി അസ്മായെക്കുറിച്ചോർത്തു ധീരനായ ജഅ്ഫറിന്റെ ഭാര്യ 

നബി (സ) തങ്ങൾ അലിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു താമസിപ്പിച്ചു അന്ന് അലിക്ക് ആറു വയസ്സ് പ്രായം നബി (സ)യും അബ്ബാസ് (റ) വും ഒന്നിച്ചാണ് അബൂത്വാലിബിനെ കാണാൻ പോയത് നബി (സ) അലിയെ സ്വീകരിച്ചപ്പോൾ അബ്ബാസ് (റ) ജഅ്ഫറിനെ സ്വീകരിച്ചു അലിയെക്കാൾ ജഅ്ഫറിന് പത്തു വയസ്സ് കൂടുതലുണ്ട്  

ജഅ്ഫർ വളർന്നു വലുതായി കരുത്തുറ്റ ചെറുപ്പക്കാരനായിത്തീർന്നു വിവാഹാലോചനകൾ വന്നു അബ്ബാസിന്റെ ഭാര്യ ഉമ്മുഫള്ലിനെ ജഅ്ഫർ ഉമ്മയെപ്പോലെ സ്വീകരിക്കുന്നു അവരുടെ അനുജത്തി അസ്മായെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ജഅ്ഫർ സമ്മതിച്ചു  

ആ വിവാഹം നടന്നു  

ജഅ്ഫറും അസ്മായും ഭാര്യാ- ഭർത്താക്കന്മാരായിത്തീർന്നു ഇസ്ലാം പ്രചരിച്ചു തുടങ്ങിയ കാലം 

ഖദീജ (റ), അലി(റ), സൈദ്(റ) ,ഉമ്മുഫള്ൽ(റ) എന്നിവരൊക്കെ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞു ജഅ്ഫറും ഭാര്യയും പിന്നെ കാത്തുനിന്നില്ല ഇരുവരും ഇസ്ലാം സ്വീകരിച്ചു  

ജഅ്ഫർ വാചാലമായി സംസാരിക്കും ബുദ്ധിപരമായി കാര്യങ്ങൾ അവതരിപ്പിക്കും പലരും ഇസ്ലാമിലേക്ക് ചാഞ്ഞു ഖുറൈശികൾ അസ്വസ്ഥരായി ജഅ്ഫറിനെക്കുറിച്ച് ചർച്ച ചെയ്തു   

ഇതാപത്താണ് ജഅ്ഫറിന്റെ വാചാലത നമുക്കൊരു വെല്ലുവിളിയാണ്  

അവർ ജഅ്ഫറിനെ നോട്ടമിട്ടു വേണ്ടിവന്നാൽ തട്ടിക്കളയുക എവിടെയും അപകടം തന്നെ നാടുവിട്ടു പോകാം അതേ ഇനി നിവൃത്തിയുള്ളൂ 

എവിടേക്ക് പോകും? അസ്മാഅ് ചോദിച്ചു 

'അബ്സീനിയ' 

അബ്സീനിയ ഒരു സ്വതന്ത്ര രാജ്യമാണ് നജ്ജാശിയാണ് രാജാവ് ശുദ്ധ ക്രിസ്ത്യാനി സത്യം പുലരണമെന്നാഗ്രഹിക്കുന്ന ഭരണാധികാരി അവിടേക്ക് പോകാം 

നബി (സ) തങ്ങളോട് അനുവാദം വാങ്ങി വേറെയും ചിലർ നാടുവിടാനൊരുങ്ങി അസ്മാഅ് സഹോദരിമാരെ കണ്ട് യാത്ര പറഞ്ഞു എല്ലാം പരമ രഹസ്യം ഖുറൈശികളറിഞ്ഞാൽ കൊന്നുകളയും ഇരുട്ടിന്റെ മറവിലാണ് യാത്ര ആരുമറിയാതെ കടൽ തീരത്തെത്തി കപ്പലിൽ കയറി കപ്പൽ നീങ്ങിയപ്പോഴാണ് ആശ്വാസമായത് തിരമാലകൾക്കിടയിലൂടെ കപ്പൽ ആടിയുലഞ്ഞു യാത്ര തുടർന്നു 

മനോഹരമാണ് അബ്സീനിയ അതിന്റെ തീരത്ത് കപ്പലിറങ്ങി 
'അൽഹംദുലില്ലാഹ്' 

എല്ലാവരും അല്ലാഹുവിന് സ്തുതി നേർന്നു 

അവർ രാജാവിനെ കണ്ടു 'അങ്ങ് ദയാലുവാണ് അങ്ങയുടെ രാജ്യത്ത് ജോലി ചെയ്തു ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം' 

രാജാവിന്റെ സമ്മതം കിട്ടി   

അസ്മാഇന് സന്തോഷമായി മനസ്സമാധാനത്തോടെ ദിനരാത്രങ്ങൾ കഴിച്ചു  

അപ്പോഴാണ് ആ വാർത്ത വന്നത് 

ഖുറൈശികളുടെ പ്രതിനിധികൾ അബ്സീനിയായിൽ എത്തിയിരിക്കുന്നു മുസ്ലിംകളെ പിടിച്ചു കൊണ്ടുപോവാൻ നജ്ജാശിയുടെ സമ്മതം കിട്ടിയാൽ മതി 

അസ്മാഅ്(റ) വിന്റെയും കൂട്ടുകാരികളുടെയും മനസ്സിളകി മറിഞ്ഞു തങ്ങൾ മക്കയിലേക്ക് മടങ്ങേണ്ടി വരുമോ? വാചാലമായി സംസാരിക്കുന്ന തന്ത്രശാലികളായ രണ്ടുപേരെയാണ് അബ്സീനിയായിലേക്കയച്ചത് അംറുബ്നു ആസ് ,അബ്ദുല്ല്ഹിബ്നു അബീറബീഹ 

ധാരാളം സമ്മാനങ്ങളുമായിട്ടാണവർ വന്നത് ഹിജാസിലെ കൗതുക വസ്തുക്കൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ  

അവർ നേരെ പോയത് മതപുരോഹിതന്മാരുടെ അടുത്തേക്കാണ് അവർക്ക് സമ്മാനം നൽകി എന്നിട്ടിങ്ങനെ അറിയിച്ചു 

'ഞങ്ങളുടെ നാട്ടിൽ നിന്ന് കുറെയാളുകൾ ഇന്നാട്ടിൽ വന്ന് താമസമാക്കിയിട്ടുണ്ട് അവരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത് അവരെ ഞങ്ങളുടെ കൂടെ അയച്ചു തരണം രാജാവിനോട് നിങ്ങൾ ശുപാർശ ചെയ്യണം' 

'അക്കാര്യം ഞങ്ങളേറ്റു' 

നജ്ജാശി രാജാവിന്റെ കൊട്ടാരത്തിലേക്ക് എല്ലാവരും നീങ്ങി മതപുരോഹിതന്മാർ പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് വന്നത്  

രാജസദസ്സ് നജ്ജാശി സിംഹാസനത്തിലിരുന്നു പുരോഹിതന്മാർ ഇരുവശവുമിരുന്നു 

ഖുറൈശി ദൂതന്മാർ കടന്നുവന്നു ശിരസ്സ് നമിച്ചു സമ്മാനങ്ങൾ സമർപ്പിച്ചു രാജാവ് ഖുറൈശി പ്രമുഖന്മാരോട് സംസാരിക്കാനാവശ്യപ്പെട്ടു 

'മഹാരാജാവേ 

ഞങ്ങളുടെ നാട്ടിൽ നിന്ന് കുറെയാളുകൾ ഇന്നാട്ടിൽ വന്ന് താമസമാക്കിയിട്ടുണ്ട് അവർ ഞങ്ങളുടെ മതത്തെ പരിഹസിക്കുന്നു ഞങ്ങളുടെ ആചാരങ്ങളെയും മര്യാദകളേയും തള്ളിപ്പറയുന്നു വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നു ഞങ്ങളുടെ നാട്ടിൽ വലിയ കുഴപ്പങ്ങളുണ്ടാക്കി ഇപ്പോഴവർ ഇവിടെയുമെത്തിയിരിക്കുന്നു അവരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചത് അവരെ ഞങ്ങളുടെ കൂടെ അയക്കാൻ അങ്ങ് തയ്യാറാവണം ഈ അപേക്ഷ സ്വീകരിക്കണം ' ഖുറൈശി പ്രതിനിധി സംസാരിച്ചുനിർത്തിയ ഉടനെ ഒരു പുരോഹിതൻ എഴുന്നേറ്റു 

'മഹാരാജാവേ ഇവർ പറഞ്ഞത് സത്യമാണ് ഞങ്ങളുടെ നാട്ടിൽ വന്ന ധിക്കാരികളെ ഇവരുടെ കൂടെ അയക്കണം' 

'ഞാൻ അവരെ വിളിച്ച് സംസാരിക്കട്ടെ അവർക്ക് പറയാനുള്ളത് കേൾക്കാമല്ലോ ' രാജാവ് പറഞ്ഞു 

'അതിന്റെയൊന്നും ആവശ്യമില്ല ഇവർ പറഞ്ഞത് സത്യമാണ് മഹാരാജാവേ മറ്റൊരു  പുരോഹിതൻ പറഞ്ഞു 

'അവരോട് സംസാരിക്കണം അവരെ വിളിക്കൂ' 

മുസ്ലിംകൾക്ക് രാജാവിന്റെ കൽപ്പന കിട്ടി 'ഉടനെ രാജസദസ്സിൽ ഹാജരാവുക'  

അസ്മാഇന്റെ മനസ്സിളകി ഖുറൈശികൾ പറഞ്ഞതൊക്കെ രാജാവ് വിശ്വസിച്ചു കാണുമോ? എങ്കിൽ ഞങ്ങളുടെ ഗതി? 

മുസ്ലിംകൾ ഒത്തുകൂടി നമ്മളെന്ത് ചെയ്യണം? ചർച്ചയായി, തീരുമാനവുമായി 

നമ്മുടെ നേതാവ് ജഅ്ഫറുബ്നു അബീത്വാലിബാണ് രാജസദസ്സിൽ അദ്ദേഹം മാത്രം സംസാരിച്ചാൽ മതി മറ്റുള്ളവർ നിശബ്ദരായിരിക്കുക  അതായിരുന്നു തീരുമാനം  

അസ്മായുടെ മനസ്സ് പിടഞ്ഞു തന്റെ ഭർത്താവാണ് നേതാവ് അദ്ദേഹത്തിന്റെ വാക്കുകളിലാണ് മുസ്ലിംകളുടെ രക്ഷ 

'അല്ലാഹുവേ അദ്ദേഹത്തിന് നന്നായി സംസാരിക്കുവാൻ കഴിവ് നൽകേണമേ 

മുസ്ലിംകളെല്ലാം കൊട്ടാരത്തിലെത്തി ജഅ്ഫർ(റ) സംസാരം തുടങ്ങി  

'മഹാരാജാവേ 

ഞങ്ങൾ അറിവില്ലാത്ത ജനതയായിരുന്നു പാപികളായിരുന്നു ധാരാളം തെറ്റുകൾ ചെയ്തു അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം ഞങ്ങൾക്ക് വന്നുചേർന്നു ഒരു പ്രവാചകൻ നിയോഗിക്കപ്പെട്ടു വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടു ഞങ്ങൾക്ക് സന്മാർഗം ലഭിച്ചു ഞങ്ങൾ തെറ്റുകളിൽ നിന്നും പിന്മാറി ഞങ്ങൾ സത്യമതം സ്വീകരിച്ചു  അതോടെ മർദ്ദനവും തുടങ്ങി  

മഹാരാജാവേ പീഢനം സഹിക്കാനാവാതെ വന്നപ്പോഴാണ് ഞങ്ങൾ നാടുവിട്ടത് ജീവന് ഭീഷണിയുയർന്നപ്പോഴാണ് ഞങ്ങൾ കപ്പൽ കയറി ഇന്നാട്ടിൽ വന്നത് ഞങ്ങളോട് തിരിച്ചു പോകാൻ ആവശ്യപ്പെടരുത് മക്കയിൽ സ്വതന്ത്രമായി ജീവിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും ഇവിടെ വരുമായിരുന്നില്ല'

'നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിൽ നിന്ന് ചിലത് എന്നെ കേൾപ്പിക്കൂ ' രാജാവ് നിർദ്ദേശിച്ചു 

ജഅ്ഫർ (റ) വിശുദ്ധ ഖുർആനിലെ മർയം എന്ന അധ്യായത്തിലെ ചില വചനങ്ങൾ ഓതിക്കേൾപ്പിച്ചു  

രാജാവിന്റെ നയനങ്ങൾ നിറഞ്ഞുപോയി താടിയിലൂടെ കണ്ണീരൊഴുകി ഈ വചനങ്ങൾ കേട്ട് പുരോഹിതന്മാരുടെ കണ്ണുകൾ നിറഞ്ഞു  

'നിങ്ങളുടെ പ്രവാചകന് ലഭിച്ചതും യേശുവിന് ലഭിച്ചതും ഒരു പ്രകാശ കേന്ദ്രത്തിൽ നിന്നുതന്നെയാണ് ' 

മുസ്ലിംകൾക്ക് സമാധാനമായി ഖുറൈശി പ്രതിനിധികളുടെ നേരെ തിരിഞ്ഞ് രാജാവ് പറഞ്ഞു 'നിങ്ങൾക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാം ഇവരെ ഞാൻ വിട്ടുതരില്ല' 

അസ്മാഇന്റെ നയനങ്ങൾ നിറഞ്ഞൊഴുകുകയായിരുന്നു ഭക്തി നിർഭരമായിരുന്നു മനസ്സ് അല്ലാഹുവിന്റെ കാരുണ്യം അപാരം തന്നെ നജ്ജാശിയുടെ മനസ്സിൽ അല്ലാഹു നല്ലത് തോന്നിച്ചു 

മുസ്ലിംകൾ കൊട്ടാരത്തിൽ നിന്നും മടങ്ങിയപ്പോൾ ഖുറൈശി പ്രതിനിധികൾ കൂടെ വന്നു അവരുടെ മുഖം കോപംകൊണ്ട് കറുത്തിരുന്നു 

'നിങ്ങളെ ഒരു പാഠം പഠിപ്പിച്ചിട്ടേ ഞങ്ങൾ മടങ്ങൂ 'യേശുവിനെ ദൈവപുത്രനായിട്ടാണ് രാജാവ് കാണുന്നത് നിങ്ങൾ യേശുവിനെ ദൈവത്തിന്റെ അടിമയാക്കി ഞാൻ ഇത് നാളെ രാജാവിനോട് പറയും അതോടെ നിങ്ങളെ മടക്കിയയക്കും നോക്കിക്കോ' 

അംറ് ഭീഷണമുഴക്കി അസ്മായുടെ മനസ്സ് വീണ്ടും പ്രക്ഷുബ്ധമായി വല്ല അപകടവും സംഭവിക്കുമോ? 

അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയുണ്ട് പിന്നെയെന്തിന് ഭീഷണി വകവെക്കണം അസ്മാഇന്റെ മനസ്സ് തണുത്തു ഭർത്താവ് വളരെ നന്നായി സംസാരിച്ചു ഓരോ വാക്കും രാജാവ് ശ്രദ്ധിച്ചു മനസ്സിലാക്കി അസ്മാഅ് ഭർത്താവിനെ വല്ലാതെ സ്നേഹിച്ചുപോയ ദിവസം  

പിറ്റേന്നും ഖുറൈശികൾ രാജാവിനെ കാണാനെത്തി 'യേശു ദൈവപുത്രനാണെന്ന കാര്യം മുസ്ലിംകൾ അംഗീകരിക്കുന്നില്ല' ഇതാണ് പുതിയ പരാതി രാജാവ് മുസ്ലിംകളെ വിളിപ്പിച്ചു ജഅ്ഫർ തന്നെയാണ് സംസാരിച്ചത്  

'ഈസ(അ) ദൈവദൂതനും ദൈവദാസനുമാകുന്നു മറിയമിന്റെ മകനുമാകുന്നു മറിയമിൽ അല്ലാഹു നിക്ഷേപിച്ച പ്രാണനും വചനവുമാകുന്നു ' 

രാജാവ് സന്തോഷഭരിതനായി കയ്യടിച്ചു 'നിങ്ങൾ പറഞ്ഞത് വളരെ ശരി നിങ്ങളെ ഉപദ്രവിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല ' അസ്മാഇന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പോയ നിമിഷം ഇനി ആരെയും ഭയപ്പെടാനില്ല 

പ്രിയ ഭർത്താവിന്റെ വാക്കുകൾക്കെന്തൊരു ശക്തി ഖുറൈശി പ്രതിനിധികൾ നാണംകെട്ടു മടങ്ങി അവരുടെ സമ്മാനം സ്വീകരിക്കാൻ രാജാവ് കൂട്ടാക്കിയില്ല  

മുസ്ലിംകൾ അവരുടെ തൊഴിലുകളിൽ മുഴുകി അസ്മാഉം ഭർത്താവും ഒരു ചെറിയ വീട്ടിൽ താമസം തുടങ്ങി .


മദീനയിൽ 

അബ്സീനിയായിലെ പരാജയം ഖുറൈശികളെ ക്ഷുഭിതരാക്കി അവർ മർദ്ദനത്തിന്റെ ശക്തി കൂട്ടി ആ നീചന്മാർ ഖുറൈശികളെ അപമാനിച്ചു അവരെ വെറുതെ വിടാൻ പോകുന്നില്ല ഖുറൈശി പ്രമുഖന്മാർ പ്രഖ്യാപിച്ചു  

അബ്സീനിയായിലേക്ക് ഖുറൈശികൾ വീണ്ടും  വന്നുകൊണ്ടിരുന്നു അവരെ സ്വീകരിക്കാനും ആശ്വസിപ്പിക്കാനും ജഅ്ഫർ(റ) ഉണ്ടായിരുന്നു 

മുസ്ലിംകൾ ശാന്തമായി ജീവിതം നയിച്ചു 

നജ്ജാശി രാജാവും ആ രാജ്യത്തെ പ്രമുഖരും ജഅ്ഫറിനെ വളരെയേറെ ആദരിച്ചിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും അവരെ ആകർഷിച്ചു 

അഗതികളെയും അശരണരേയും സഹായിക്കുന്നതിൽ പ്രത്യേക താൽപര്യമെടുത്തു കൈവശമുള്ളതെന്തും ധർമ്മം ചെയ്യും ഈ ഔദാര്യശീലം അദ്ദേഹത്തിന് പേരുതന്നെ നേടിക്കൊടുത്തു 

'അബുൽ മസാക്കീൻ' (പാവങ്ങളുടെ പിതാവ് ) 
ജഅ്ഫർ(റ)വും അസ്മാഅ്(റ) യും പത്ത് വർഷക്കാലം അബ്സീനിയായിൽ ജീവിച്ചു ഇതിനിടക്ക് അവർക്ക് കുട്ടികൾ ജനിച്ചു  

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം 

ഈ പത്ത് വർഷത്തിനിടയിൽ എന്തെല്ലാം സംഭവങ്ങൾ നടന്നു നബി (സ)മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പോയി ഹിജ്റ നടന്നിട്ട് വർഷം ആറ് കഴിഞ്ഞു ഇത് ഏഴാം വർഷം ബദ്റും ഉഹ്ദുമെല്ലാം കഴിഞ്ഞുപോയി എത്രയോ സ്വഹാബികൾ വഫാത്തായി ഖുറൈശികളുടെ വലിയ നേതാക്കൾ വധിക്കപ്പെട്ടു ഉത്ബത്തും ശൈബത്തുമില്ലാത്ത മക്ക അബൂജഹ്ലില്ലാത്ത മക്ക 
ഹിജ്റ: ഏഴാം വർഷം 
ഖൈബർ യുദ്ധം നടക്കുന്ന കാലം 

'കാലം എത്രയായി നാമിവിടെ വന്നിട്ട് മദീനയിൽ പോയി വേണ്ടപ്പെട്ടവരെയൊക്കെ കാണേണ്ടേ 

അസ്മാഇന്റെ ചോദ്യം ഭർത്താവിന്റെ മനസ്സിൽ തട്ടി നബി(സ)യെ കാണണം മറ്റുള്ളവരെയും കാണണം ഓരോ ബന്ധുക്കളുടെയും രൂപം മനസ്സിൽ തെളിയുന്നു മറക്കാനാവാത്ത മുഖങ്ങൾ 

ഹംഹ(റ) ജഅ്ഫർ(റ) വിന്റെ പിതൃസഹോദരന്മാർ അസ്മാഅ്(റ) യുടെ സഹോദരി  സൽമായുടെ ഭർത്താവ് ഉഹ്ദിൽ വധിക്കപ്പെട്ടു ക്രൂരമായ വധം അതുകേട്ട് സർവ്വരും ഞെട്ടിപ്പോയി പിന്നെ വർഷങ്ങൾ കൊഴിഞ്ഞു പോയി സൽമായെ കാണാൻ മോഹം 

അസ്മാഅ്(റ)യുടെ മനസ്സിൽ സഹോദരിയോടുള്ള സ്നേഹം നിറഞ്ഞു  

നമുക്ക് മദീനയിലേക്ക് പോവാം .ജഅ്ഫർ(റ) പറഞ്ഞു 

ഇന്നാട്ടിലെ നല്ല മനുഷ്യരെ പിരിഞ്ഞു പോവാൻ ദുഃഖമുണ്ട് രാജാവിനോട് യാത്ര പറഞ്ഞു പ്രമുഖന്മാരോട് യാത്ര പറഞ്ഞു 

'പത്ത് വർഷത്തെ ജീവിതം അതൊരിക്കലും മറക്കില്ല' ജഅ്ഫർ(റ)ഉം അസ്മാഅ്(റ) പറഞ്ഞു 

വിട പറഞ്ഞു  

മടക്കമില്ലാത്ത യാത്ര 

ദീർഘയാത്ര മദീനയിലേക്ക് അവിടെ ഖൈബറിന്റെ വിജയാഹ്ലാദം എല്ലാവരും സന്തോഷഭരിതരാണ് അപ്പോൾ ആ വാർത്ത മദീനയിൽ പ്രചരിച്ചു ജഅ്ഫർ(റ)വും  അസ്മാഅ്(റ)യും എത്തിയിരിക്കുന്നു പത്ത് വർഷത്തിനുശേഷമുള്ള സമാഗമം അവർ നബി (സ) യുടെ മുമ്പിലെത്തി 

നബി (സ) തങ്ങൾ ജഅ്ഫറിനെ ആശ്ലേഷിച്ചു ചുംബിച്ചു നബി (സ)യുടെ ആഹ്ലാദം നിറഞ്ഞ സംഭാഷണം ജനങ്ങൾ കൗതുകത്തോടെ ശ്രദ്ധിച്ചു  

എനിക്ക് നല്ല സന്തോഷം തോന്നുന്നു ഖൈബറിലെ വിജയമാണോ അതോ ജഅ്ഫറിന്റെ ആഗമനമാണോ എന്നെ കൂടുതൽ സന്തോഷിപ്പിച്ചത്? 

എല്ലാവരും ആ സന്തോഷത്തിൽ പങ്കുകൊണ്ടു 

അസ്മാഇനെക്കാണാൻ ബന്ധത്തിൽ പെട്ട പെണ്ണുങ്ങളൊക്കെ വന്നു വർഷങ്ങളായി കാണാതിരുന്ന സഹോദരി ഉമ്മുഫള്ൽ അവരുടെ മക്കൾ  
സഹോദരിമാർ ഒട്ടനേകം കാര്യങ്ങൾ സംസാരിച്ചു സംഭാഷണങ്ങളെല്ലാം മക്കാകാലഘട്ടത്തെക്കുറിച്ചായിരുന്നു അബൂലഹബിന്റെ ഓർമ്മ വരുന്നു ഇസ്ലാമിന്റെ ശത്രു നബി (സ)യെ ഏതെല്ലാം രീതിയിൽ കഷ്ടപ്പെടുത്തി ബദ്ർ യുദ്ധം കാലം എന്തൊരു പരീക്ഷണം യുദ്ധഫലമറിയാൻ കാത്തിരുന്നു യുദ്ധത്തിൽ പങ്കെടുത്ത ഒരാൾ അബൂലഹബിന്റെ വീട്ടിലെത്തി യുദ്ധവിവരണം തുടങ്ങി  അത് കേൾക്കാൻ ഉമ്മുഫള്ലിന് മോഹം അവർ അബൂലഹബിന്റെ വീട്ടിലെത്തി കൂടെ വേലക്കാരനും 
ബദ്റിലെ പാരാജയം കേട്ട് അബൂലഹബ് അസ്വസ്ഥനായി കോപം കത്തിക്കയറി 

'വെള്ള വസ്ത്രധാരികളായ കുറേപ്പേർ വാളുമായി വന്നു കറുപ്പും വെളുപ്പും നിറമുള്ള കുതിരപ്പുറത്താണവർ വരുന്നത് അവരെ തടുക്കാൻ ഒരാൾക്കും സാധ്യമല്ല ' 

അതുകേട്ടപ്പോൾ വേലക്കാരൻ വിളിച്ചു പറഞ്ഞു 

'അത് മലക്കുകളായിരുന്നു' 

'എന്താടാ നീ പറഞ്ഞത്? നിന്നെ ഞാൻ......' 

അബൂലഹബ് വേലക്കാരനെ മർദ്ദിക്കാൻ തുടങ്ങി  

ഉമ്മുഫള്ലിന് സഹിച്ചില്ല ഒരു സത്യവിശ്വാസിയെ ഇങ്ങനെ മർദ്ദിക്കുകയോ? 

ഒരു മരക്കഷ്ണം കൊണ്ടുവന്നു അബൂലഹബിന്റെ തലക്കടിച്ചു തല പൊട്ടി രക്തമൊഴുകി ദിവസങ്ങൾക്കുള്ളിൽ അത് വ്രണമായി ഏറെ നാൾ കഴിയുംമുമ്പെ അബൂലഹബ് മരിച്ചു 


മുഅ്ത്തത്ത് യുദ്ധം 

ഹിജ്റ എട്ടാം വർഷം 

റോമക്കാരുമായി യുദ്ധം നടന്നത് ഈ വർഷമാണ് ലോകശക്തിയാണ് റോം അവർക്ക് ലക്ഷക്കണക്കിൽ വരുന്ന സൈന്യമുണ്ട് 

സൈദ് ബ്നു ഹാരിസ് (റ)
അദ്ദേഹത്തെ സൈന്യാധിപനായി നിയോഗിച്ചു സൈദ് വധിക്കപ്പെട്ടാൽ ജഅ്ഫറുബ്നു അബീത്വാലിബ് സൈന്യാധിപനായിരിക്കും ജഅ്ഫർ വധിക്കപ്പെട്ടാൽ അബ്ദുല്ലാഹിബ്നു റവാഹയായിരിക്കും നേതാവ്  

അബ്ദുല്ലാഹിബ്നു റവാഹയും വധിക്കപ്പെട്ടാൽ മുസ്ലിംകൾ അവർക്കിടയിൽ നിന്നൊരു നേതാവിനെ തെരഞ്ഞെടുക്കണം  

റോമാക്കാർ ഒരു ലക്ഷം സൈന്യവുമായാണ് വന്നത് മദീനയിൽ നിന്ന് വളരെ ദൂരെയുള്ള സ്ഥലത്താണ് യുദ്ധം നടക്കുന്നത്  മുഅ്ത്തത്ത് എന്ന ഗ്രാമത്തിൽ ഇരുസൈന്യവും ഏറ്റുമുട്ടി പടവാളുകൾ ഏറ്റുമുട്ടി തീപ്പൊരികൾ പാറുന്ന യുദ്ധം യുദ്ധം കൊടുമ്പിരിക്കൊണ്ടു  ശത്രുക്കളെ അരിഞ്ഞുവീഴ്ത്തി മുസ്ലിം സേന മുന്നേറി സൈദിനെ ശത്രുക്കൾ വളഞ്ഞുവെച്ചാക്രമിച്ചു അന്നേദിവസം വാളുമായി ശരീരത്തിൽ വീണുകൊണ്ടിരുന്നു മാരകമായ മുറിവുകൾ കൈകൾ നഷ്ടപ്പെട്ടു  

നബി (സ) തങ്ങൾ ഏൽപ്പിച്ച പതാക ജഅ്ഫർ(റ) ഏറ്റുവാങ്ങി യുദ്ധം ശക്തി പ്രാപിച്ചു ശത്രുക്കൾ ജഅ്ഫർ(റ)വിനെ വളഞ്ഞു മിന്നൽപ്പിണർപോലെ മുന്നേറി ശീഘ്രഗതിയിലുള്ള വെട്ടുകൾ ജഅ്ഫർ(റ)വിന്നും മുറിവേറ്റുകൊണ്ടിരുന്നു കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി പടവാൾ ചുഴറ്റിക്കൊണ്ടോടി തന്റെ കുതിരപ്പുറത്ത് ഒരു ശത്രു കയറുന്നത് കണ്ടു  എന്ത്? തന്റെ കുതിരയെ ഒരു ശത്രു ഉപയോഗിക്കുകയോ? അത് പാടില്ല ഓർക്കാൻ പോലും വയ്യ കുതിരക്കൊരു വെട്ട് കൊടുത്തു കുതിരയുടെ പണി തീർന്നു ഇനിയൊരാൾ അതിനെ ഉപയോഗിക്കില്ല ഇസ്ലാമിനെതിരായി തന്റെ കുതിരയെ ഉപയോഗിക്കില്ല റോമക്കാർ ജഅ്ഫർ(റ)വിനെ വളഞ്ഞുകഴിഞ്ഞു ചുറ്റുഭാഗത്തു നിന്നും വെട്ട് വലതു കൈ നഷ്ടപ്പെട്ടു കൊടി ഇടതുകൈയിൽ പിടിച്ചു ഇടതു കൈയും തകർന്നു അപ്പോൾ കൊടി മാറോട് ചേർത്തുപിടിച്ചു 

അബ്ദുല്ലാഹിബ്നു റവാഹ(റ) കൊടിവാങ്ങി 
ധീരനായ ജഅ്ഫർ (റ) വീരരക്തസാക്ഷിയായി അദ്ദേഹത്തിന്റെ ശരീരത്തിൽ തൊണ്ണൂറിലധികം മുറിവുകളുണ്ടായിരുന്നു  

പിന്നീട് അബ്ദുല്ലാഹിബ്നു റവാഹയും മരണപ്പെട്ടു മൂന്നു സൈന്യാധിപന്മാർ വീരരക്തസാക്ഷികളായി 

നബി (സ)യെ വളരെയേറെ ദുഃഖത്തിലാഴ്ത്തിയ സംഭവം 

ഇനി നമുക്ക് ജഅ്ഫർ(റ)വിന്റെ വീട്ടിലേക്കു പോവാം ഭാര്യ അസ്മാഅ് ഭർത്താവിനെ കാത്തിരിക്കുകയാണ് യുദ്ധം ജയിച്ചുവരുന്ന ഭർത്താവിനെ എങ്ങനെ സ്വീകരിക്കണം? മനസ്സിൽ പുളകം  

നബി (സ) തങ്ങളുടെ സമീപത്തേക്ക് പോയാലോ? അവിടെ ചെന്നാലല്ലേ യുദ്ധവിവരങ്ങളറിയൂ അതാണ് നല്ലത് അസ്മാഅ് വീട്ടിൽ നിന്നിറങ്ങി വേഗത്തിൽ നടന്നു നബി (സ)യുടെ വീട്ടിലെത്തി ആ മുഖത്ത് ദുഃഖമുണ്ട് അസ്മാഅ് ഞെട്ടി എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ?  ഒന്നും ചോദിക്കാൻ തോന്നിയില്ല 

സലാം ചൊല്ലി സലാം മടക്കി  മുഖത്തേക്കുനോക്കി മനസ്സിൽ ഭീതി പടർന്നു  

'ജഅ്ഫറിന്റെ മക്കളെവിടെ?' 

'പുറത്തുണ്ട്' 

'വിളിച്ചുകൊണ്ടുവരൂ' 

അസ്മാഅ് മക്കളുടെ അടുത്തേക്കോടി മക്കളുമായി വന്നു  മക്കൾക്ക് നബി(സ)യെ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല നബി(സ)യോട് ചേർന്നിരിക്കാൻ അവർ പരസ്പരം മത്സരിച്ചു ഉന്തും തള്ളുമായി  

നബി (സ)അവരെ വാരിയെടുത്ത് ഓരോരുത്തരെയും ഉമ്മ വെച്ചു അപ്പോൾ നബി (സ) കരയുന്നുണ്ടായിരുന്നു ദുഃഖമടക്കാൻ പാടുപെടുന്നുണ്ട്  

'അല്ലാഹുവിന്റെ റസൂലേ... അങ്ങ് എന്തിനാണ് കരയുന്നത്? അങ്ങയുടെ മൂന്നു സൈന്യാധിപന്മാരുടെ വല്ല വിവരവും കിട്ടിയോ?' അസ്മാഅ് ഭയത്തോടെ ചോദിച്ചു 'അവരുടെ വിവരം കിട്ടി മൂന്നുപേരും വീരരക്തസാക്ഷികളായി '  

അസ്മാഅ് ഞെട്ടി ദുഃഖം അസഹ്യമായി തേങ്ങിക്കരഞ്ഞുപോയി മക്കളുടെ മുഖത്തെ സന്തോഷം മാഞ്ഞുപോയി അവർ മരവിച്ച മട്ടിൽ നിൽക്കുന്നു അനക്കമില്ല  

തന്റെ ജീവിത പങ്കാളി....കടുത്ത പരീക്ഷണങ്ങളിലെ കൂട്ടുകാരൻ എത്രയോ മൈലുകളകലെ.....പടപൊരുതി വീരരക്തസാക്ഷിയായിരിക്കുന്നു 

നബി (സ) തങ്ങൾ കണ്ണുനീർ തുടക്കുന്നു  തനിക്കും തനിക്കും തന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അസ്മാഅ് കേട്ടു 

നബി (സ) ഇങ്ങനെ പറഞ്ഞു: 

'ജഅ്ഫറിനെ ഞാൻ സ്വർഗത്തിൽ കണ്ടു ജഅ്ഫറിന് രക്തത്തിൽ കുതിർന്ന രണ്ട് ചിറകുകളുണ്ട് ചെഞ്ചായമണിഞ്ഞ കൈകാലുകളും ' 

മുഅ്ത്തത്ത് യുദ്ധത്തിൽ ജഅ്ഫറിന്റെ രണ്ടു കരങ്ങളും നഷ്ടപ്പെട്ടു പകരും അല്ലാഹു രണ്ട് ചിറകുകൾ നൽകി ആ ചിറകിൽ മലക്കുകളോടൊപ്പം പാറിനടക്കുകയാണ് ജഅ്ഫർ(റ)  

രക്തസാക്ഷിത്വത്തിന്റെ മഹത്വം വളരെ വലുതാണ് ജഅ്ഫർ(റ) വിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത് അതാണ് .


വിശ്വാസികളുടെ മാതാവ് 

ഉമ്മുൽ മുഅ്മിനീൻ വിശ്വാസികളുടെ മാതാവ് ഈ പദവി നേടിയ മൈമൂന (റ)യെ മറ്റ് സഹോദരിമാർക്ക് വളരെ ബഹുമാനമായിരുന്നു  

ഉമ്മുഫള്ലും അസ്മാഉം, സൽമായും ഇടക്കിടെ ഉമ്മുൽ മുഅ്മിനീൻ മൈമൂന (റ)കാണാൻ വരും പത്ത് വർഷക്കാലം അബ്സീനിയായിൽ കഴിഞ്ഞ ശേഷം മദീനയിലെത്തിയ അസ്മായെ സഹോദരി മൈമൂന (റ) ആലിംഗനം ചെയ്തു സ്വീകരിച്ചു 

നാല് സാഹോദരിമാരുടെയും ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നു അത്  

ജഅ്ഫർ(റ)വും അസ്മാഅ്(റ)യും മദീനയിലെത്തി അത് ഹിജ്റ ഏഴാം വർഷത്തിലായിരുന്നു ഹിജ്റ എട്ടാം വർഷം തന്നെ ജഅ്ഫർ(റ) മുഅ്ത്തത്ത് പോർക്കളത്തിൽ രക്തസാക്ഷിയായി വളരെ കുറഞ്ഞകാലം മാത്രമേ ആ ദമ്പതികൾക്ക് മദീനയിൽ കഴിയാൻ കഴിഞ്ഞുള്ളൂ 

സൽമായുടെ ഭർത്താവ് ഹംസയും ധീരകേസരിയായിരുന്നു ഉഹ്ദിലെ വീരരക്തസാക്ഷി  

രോമാഞ്ചമുണ്ടാക്കിയ രണ്ട് പേരുകൾ  

ഹംസ(റ), ജഅ്ഫർ(റ) 

സൽമായും അസാമയും അവരുടെ പത്നിമാർ ഇസ്ലാമിക ചരിത്രത്താളുകളിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന നാല് നാമങ്ങൾ 

മൈമൂന (റ) കുടുംബന്ധം പുലർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു 

ആഇശ(റ) ഇങ്ങനെ പ്രസ്താവിച്ചു:'ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭക്തയും കുടുംബബന്ധം പുലർത്തുന്നിലും ശ്രദ്ധിച്ചു പോന്നവളും മൈമൂനയായിരുന്നു ' 

ധർമ്മം ചെയ്യുന്നതിൽ അതീവ തല്പരയായിരുന്നു ഇസ്ലാം മയ പണ്ഡിതയായ മൈമൂന (റ) സ്ത്രീകളെ ഉൽബുദ്ധരാക്കുന്നതിൽ നല്ല പങ്ക് വഹിച്ചു 

ഒരിക്കൽ നബി (സ) ഇങ്ങനെ പ്രസ്താവിച്ചു: 'ഒരാൾ ഒരു മുസ്ലിം അടിമയെ മോചിപ്പിച്ചാൽ അടിമയുടെ അവയവത്തിനും പകരമായി മോചിപ്പിച്ചവന്റെ ഓരോ അവയവം അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതാണ് ' 
 
സ്വഹാബികൾക്കിടയിൽ വമ്പിച്ച ചലനം സൃഷ്ടിച്ച നബിവചനം അടിമവിമോചനം ഒരു പ്രസ്ഥാനമായി മാറാൻ ഈ വചനം കാരണമായി  പണമുള്ളവർ അടിമകളെ മോചിപ്പിക്കാൻ തുടങ്ങി  

മൈമൂന (റ) ക്ക്  അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല തന്റെ അവയവങ്ങൾ നരകത്തിൽ നിന്ന് മോചിപ്പിക്കണം വിലകൊടുത്ത് അടിമയെ വാങ്ങി മോചിപ്പിക്കാൻ കൈയ്യിൽ പണമില്ല പിന്നെയെന്തു ചെയ്യും  

തനിക്കൊരു അടിമയുണ്ട് നല്ല അടക്കവും ഒതുക്കവുമുള്ള യുവതി വേലകൾ ചെയ്യും തനിക്കൊരു നല്ല സഹായിയുമാണ് അവളെ വേർപിരിയാൻ പ്രയാസമുണ്ട് എങ്കിലും അടിമയെ മോചിപ്പിച്ച പ്രതിഫലും തനിക്കും കിട്ടണമല്ലോ മൈമൂന (റ) എന്ത് ചെയ്തെന്നോ?  

തന്റെ പ്രിയപ്പെട്ട അടിമയെ മോചിപ്പിച്ചുവിട്ടു അടിമ പോയി വീട്ടുജോലികൾ മൈമൂന (റ) തന്നെ ചെയ്യേണ്ടിവന്നു  

ഒരു ദിവസം നബി (സ) മൈമൂനയെ കാണാൻ വന്നു വീട്ടു ജോലികൾ പ്രയാസപ്പെട്ട് ചെയ്യുന്നത് കണ്ടു 'നിന്റെ വേലക്കാരി എവിടെ? ' നബി (സ) ചോദിച്ചു  

'ഞാനവളെ സ്വതന്ത്രയാക്കിവിട്ടു' അഭിമാനപൂർവ്വം അവർ മറുപടി നൽകി  

'വീട്ടുജോലികൾ എത്ര കഷ്ടപ്പെട്ട് ചെയ്താലെന്ത്? പരലോകത്തേക്കൊരു സമ്പാദ്യമായില്ലേ?' അതായിരുന്നു ആ മറുപടിയിലെ ധ്വനി 

നബി (സ) തങ്ങളുടെ വഫാത്ത് മുസ്ലിംകളെയാകെ ദുഃഖത്തിലാഴ്ത്തി 

മൈമൂന (റ)യുടെ മനസ്സിളകിമറിഞ്ഞു ഒരു സമൂഹമാകെ അടിയുലഞ്ഞു 
അബൂബക്കർ (റ) നേതൃത്വം ഏറ്റെടുത്തു വെപ്രാളം തുടങ്ങി ശാന്തത കൈവന്നു 

മനുഷ്യ സേവനത്തിലും വിജ്ഞാന പ്രചരണത്തിലും മൈമൂന (റ) ശ്രദ്ധ കേന്ദ്രീകരിച്ചു നാല്പത്താറ് ഹദീസുകൾ അവരിൽ നിന്ന് രിവായത്ത് ചെയ്യപ്പെട്ടിട്ടുണ്ട് 

നന്മ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക തിന്മയിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക സ്വയം സൽക്കർമ്മങ്ങൾ വർധിപ്പിക്കുക ഇതായിരുന്നു അവരുടെ ജീവിത ലക്ഷ്യം  പ്രവാചക പത്നിയുടെ എല്ലാ പരിശുദ്ധിയും കാത്തുസൂക്ഷിച്ചു മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത ഒരു സ്ഥലമുണ്ട് സരിഫ് അവിടെ വെച്ചായിരുന്നല്ലോ മധുവിധു നടന്നത് 'മുഅ്മിനീങ്ങളുടെ മാതാവ് ' എന്ന പദവിയിലേക്ക്  താൻ ഉയർത്തപ്പെട്ട സ്ഥലം അവിടെയായിരിക്കണം തന്റെ അന്ത്യവിശ്രമം അവരുടെ ജീവിതാഭിലാഷമാണത് 

സ്വഹാബികൾ ഇടക്കിടെ മദീനയിൽ നിന്ന് മക്കയിൽ വരും ദുൽഹുലൈഫയിൽ നിന്ന് ഉംറക്ക് ഇഹ്റാം ചെയ്തു വരും മക്കത്ത് വന്ന് ഉംറ നിർവ്വഹിച്ചു വന്നുപോകും ഹജ്ജിന് ധാരാളമാളുകൾ വരും മക്കാ-മദീന റൂട്ടിൽ എപ്പോഴും ആൾ സഞ്ചാരം കാണും കുടുംബ ബന്ധങ്ങൾ പുതുക്കാനും വിവാഹാഘോഷങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാനും ആളുകൾ ഈ റൂട്ടിൽ സഞ്ചരിക്കും  

നാളുകൾ കഴിയും തോറും തിരക്ക് കൂടിക്കൂടി വന്നു  

മൈമൂന (റ) തന്റെ ജന്മസ്ഥലമായ മക്ക പലതവണ സന്ദർശിച്ചിട്ടുണ്ട് ഒരിക്കൽ മക്കയിൽ നിന്ന് മടങ്ങും വഴി സരിഫിൽ എത്തി അവിടെ നിന്ന് രോഗം ബാധിച്ചു  മൈമൂന (റ) വഫാത്തായി  സരിഫിൽ ഖബറടക്കി  

ആ മണൽത്തരികൾ മൈമൂന (റ)യെക്കുറിച്ചോർത്തു പുളകം കൊള്ളുന്നു ഉമ്മുഫള്ൽ ഇസ്ലാമിക ചരിത്രത്തിൽ ഉന്നത സ്ഥാനമാണുള്ളത് അബ്ബാസ് (റ)വിന്റെ ആറ് പുത്രന്മാരെ പ്രസവിക്കാൻ അവർക്ക് സൗഭാഗ്യമുണ്ടായി  

1.അൽഫള്ൽ 2. അബ്ദുല്ല 3. മഅ്ബദ് 4. ഉബൈദുല്ല 5. ഖസം 6 അബ്ദുറഹ്മാൻ 

ഈ പുത്രന്മാരെല്ലാം ഇസ്ലാമിക സേവനത്തിനായി ദൂരെ ദിക്കുകളിലേക്ക് പോയി  

ഫള്ൽ അവകൾ (അജ്നദൈൽ) എന്ന പ്രദേശത്ത് അന്ത്യശ്വാസം വലിച്ചു  

അബ്ദുല്ലയുടെ മരണം ത്വാഇഫിലായിരുന്നു 
ഉബൈദുല്ല യമനിൽ കൊല്ലപ്പെട്ടു 
മഅ്ബദും അബ്ദുറഹ്മാനും ആഫ്രിക്കയിൽ വധിക്കപ്പെട്ടു ഖസം സമർഖത്തിലാണ് വഫാത്തായത്  

കൊച്ചുമകൻ ഖസം  പ്രസവിക്കപ്പെട്ടപ്പോൾ ഒരു സംഭവമുണ്ടായി നബി (സ) അവരോട് പറഞ്ഞു  

'ഫാത്വിമ ഒരാൺകുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു അത് മുല ഖൊടുക്കണം ' 

നബി (സ)യുടെ ഓമന മകൾ ഫാത്വിമ (റ) ഓമനമകൻ ഹുസൈൻ എന്ന കുട്ടിയെ പ്രസവിച്ച കാലം ഖാസിമിനോടൊപ്പം ഹുസൈനും ഉമ്മുഫള്ൽ മുലകൊടുത്തു ഹുസൈൻ എന്ന കുഞ്ഞിനെ കയ്യിലെടുക്കുമ്പോൾ തന്റെ കൂട്ടുകാരി ഖദീജ (റ)യെ ഓർമ്മവരും ഖദീജ (റ)യുടെ പേരക്കുട്ടിക്ക് പാൽ കൊടുക്കാനായല്ലോ ഭാഗ്യം തന്നെ  

ഉസ്മാൻ (റ) വിന്റെ ഖിലാഫത്ത് കാലത്ത് ഉമ്മുഫള്ൽ മരണപ്പെട്ടു 'മുഅ്മിനീങ്ങളായ സഹോദരിമാർ' എന്ന് നബി (സ) വിശേഷിപ്പിച്ച നാല് സഹോദരിമാരെക്കുറിച്ചുള്ള വിവരണത്തിന് ഇവിടെ  അവസാനം കൊടുക്കട്ടെ അവരെയും വായനക്കാരായ നമ്മളെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.


അലി അഷ്‌കർ : 95267 65555

No comments:

Post a Comment