Friday, 13 December 2024

ശൈഖ് അഹ്മദ് സർഹിന്ദി (റ)

 


രണ്ടാം സഹസ്രാബ്ദത്തിലെ സംസ്കർത്താവ് (മുജദ്ദിദേ അൽഫസാനി), ഇമാം റബ്ബാനി എന്നീ പേരുകളിൽ വിശ്രുതനായ ശൈഖ് അഹ്മദ് സർഹിന്ദി, പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യ സംഭാവന ചെയ്ത മഹാപണ്ഡിതനും സൂഫീഗുരുവുമാണ്.

ഇന്ത്യാരാജ്യത്തിനപ്പുറം മുസ്ലിം ലോകത്തിന്റെ പല ഭാഗത്തും ശ്രദ്ധേയനായ ശൈഖ് സർഹിന്ദിയുടെ ആത്മീയ ശിഷ്യൻമാർ വികസിപ്പിച്ചെടുത്ത നഖ്ശബന്ദി മുജദ്ദിദി തരീഖഃ (സൂഫീമാർഗം) ഇന്ത്യക്ക് പുറമേ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യ, തുർക്കി, അറേബ്യ, ഈജിപ്ത്, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ പ്രചാരം നേടി. 

ഇന്ത്യയിൽ സാധാരണക്കാരിലും, പണ്ഡിതൻമാരിലും, ഭരണാധികാരികളിലും, സൂഫികളിലും ഒരുപോലെ സ്വാധീനം നേടാൻ സർഹിന്ദിക്ക് കഴിഞ്ഞു. ചക്രവർത്തിമാരും ഗവർണർമാരും പ്രഭുക്കളും അദ്ദേഹത്തിന്റെ ചിന്തകളിൽ ആകൃഷ്ടരായി. 

ജഹാംഗീർ ചക്രവർത്തി ആദ്യം സർഹിന്ദിയുടെ ശത്രുവായിരുന്നുവെങ്കിലും പിന്നീട് അനുവാചകനായി. നഖ്ശബന്ദി മാർഗത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന മുഗൾ കൊട്ടാരത്തിൽ സർഹിന്ദിയുടെ വിചാരങ്ങൾക്ക് പരിഗണന ലഭിച്ചു. 

കൊട്ടാരത്തിലെ കുത്തഴിഞ്ഞ ജീവിതം ഇസ്ലാമിക ശരീഅത്തിന് അനുകൂലമാക്കി മാറ്റാൻ തന്റെ ശ്രമങ്ങൾക്ക് കുറേയൊക്കെ സാധിച്ചു. ഇബ്നു അറബിയിലൂടെ സ്വൂഫീ ലോകത്ത് പ്രചാരം നേടിയ വഹ്ദതുൽ വുജൂദ്¹ സംബന്ധിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെ രൂപപ്പെട്ട സന്ദേഹങ്ങളെ വഹ്ദതുശ്ശൂഹൂദ്² വിശകലനം ചെയ്തുകൊണ്ട് സർഹിന്ദി വിപാടനം ചെയ്തു. 

സർഹിന്ദിയുടെ കത്തുകളുടെ സമാഹാരമായ 'മക്തൂബാതേ ഇമാം റബ്ബാനി' ചിന്തകളുടെ കേദാരമാണ്. സൂഫീ ലോകത്ത് ഈ സമാഹാരം ഏറെ ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തെ കുറിച്ചുള്ള പഠനങ്ങൾ അറബി, പേർഷ്യൻ, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ നിരവധിയാണ്.

ശൈഖ് സർഹിന്ദിയുടെ ആത്മീയ വീക്ഷണങ്ങളും ഇസ്ലാമിക ചിന്തകളും രാഷ്ട്രീയ നയങ്ങളും വിശകലനം ചെയ്യുന്നതാണ് ഈ കൃതി. സർഹിന്ദിയുടെ കത്തുകൾ ഉൾക്കൊള്ളുന്ന മക്തൂബാത്, അദ്ദേഹത്തെക്കുറിച്ച് വിവിധ ഭാഷകളിലുള്ള പഠനങ്ങൾ, ലേഖനങ്ങൾ എന്നിവയെ ആശ്രയിച്ച് തയാറാക്കിയതാണിത്. 

മുഖ്യമായും അലിഗഡ് സർവകാലശാലയിൽ അവിടത്തെ സൂഫീ പണ്ഡിതനായ ഖാലിഖ് അഹ്മദ് നിസാമിയുടെ കീഴിൽ സർഹിന്ദിയെകുറിച്ച് ഗവേഷണം നടത്തിയ ഇഖ്ബാൽ സാബിറിന്റെ തീസിസ്, റസാഇലെ മുജദ്ദിദേ അൽഫ സാനി, തജല്ലിയാതേ റബ്ബാനി, അർഷദുൽ ഇസ്ലാമിന്റെ ഫെയ്ത് & പ്രാക്ടീസ് തുടങ്ങിയ ഏതാനും കൃതികളും കൂടി അവലംബിച്ച് കൊണ്ടാണ് ഈ ചരിത്രം തയാറാക്കിയത്.

മക്തൂബാതേ ഇമാം റബ്ബാനിയിൽ ശൈഖ് സർഹിന്ദി പലർക്കും എഴുതിയ 536 കത്തുകളാണുള്ളത്. അതിൽ ഇരുപത്താറെണ്ണം തന്റെ ഗുരു ഖാജാ ബാഖി ബില്ലാഹിക്ക് എഴുതിയതാണ്. ഒന്ന് ജഹാംഗീർ ചക്രവർത്തിക്ക്. ഒന്ന് ഹരി റാം എന്ന ഹിന്ദുവിന്. മറ്റുള്ള കത്തുകളൊക്കെ തന്റെ ശിഷ്യൻമാർക്കും സൂഫികൾക്കും അയച്ചതാണ്. 

മക്തൂബാതിന് മൂന്ന് വാള്യങ്ങളുണ്ട്. ആദ്യഭാഗം ദുർറുൽ മആരിഫ. 1205/1606ൽ ശൈഖ് യാർ മുഹമ്മദ് ജദീദ് ബാദക്ഷി ക്രോഡീകരിച്ചു. ഇതിൽ 313 കത്തുകളുണ്ട്, രണ്ടാമത്തെ വാള്യം നൂറുൽ ഖലാഇഖ്, ഖാജാ അബ്ദുൽ ഹയ്യ് ക്രോഡീകരിച്ചു. ഇതിൽ തൊണ്ണൂറ്റി ഒമ്പത് കത്തുകൾ, മൂന്നാം വാള്യം മഅരിഫതുൽ ഖലാഇഖ്, ക്രോഡീകരിച്ചത് ഖാജാ മുഹമ്മദ് ഹാഷിം. ഇതിൽ കത്തുകളുടെ എണ്ണം നൂറ്റി പതിനാല്.

കൂടാതെ ഇത്തിബാഅത് വന്നുബുവ്വ, തഅയ്യിദേ അഹ്ലുസുന്ന, മആരിഫെ ലദുന്നിയ്യ, തഅ്ലിഖാത് ശർഅ് റുബാഇയ്യാത്, മബ്ദഅ് വ മആദ്, രിസാലായേ തഹ്ലീലിയ്യ, മുകാശിഫാതെ അയ്നിയ്യ, രിസാലായേ റദ്ദേ റവാഫിള് തുടങ്ങിയ ലഘുലേഖകളും സർഹിന്ദി എഴുതിയിട്ടുണ്ട്.

കുറിപ്പ്

(1) വഹ്ദതുൽ വുജൂദ് - ഒരേ ഒരുൺമയിൽ (അല്ലാഹു ﷻ) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വത്വമടക്കമുള്ള പ്രപഞ്ചത്തിൽ നിന്നു മനസ് വിസ്മൃതിയിലാവുകയും ചെയ്യുന്ന അവസ്ഥ.

(2) വഹ്ദതുശ്ശുഹൂദ് - പ്രപഞ്ചത്തിലെ ഏതൊരു വസ്തുവെ/പ്രതിഭാസങ്ങളെ അറിയുമ്പോഴും അനുഭവിക്കുമ്പോഴും അല്ലാഹു ﷻ വിന്റെ സാന്നിദ്ധ്യം മാത്രം അനുഭവപ്പെടുന്ന അവസ്ഥ. ഈ രണ്ടു അവസ്ഥകളും അല്ലാഹുﷻവിലേക്കുള്ള പ്രയാണത്തിനിടെ സൂഫികൾക്കു അനുഭവപ്പെടുന്ന കാര്യങ്ങളാണ്.


മതരംഗത്ത് കാലുഷ്യം നേരിട്ടിരുന്ന കാലത്താണ് മുജദ്ദിദ് ജീവിച്ചത്. രാജാക്കൻമാരുടെ ജീവിതം, വിവിധ ചിന്താസരണികൾ, വാദ പ്രതിവാദങ്ങൾ, സാമുദായികമായ അനൈക്യം എന്നിവയെല്ലാം സർഹിന്ദിയെ അസ്വസ്ഥനാക്കിയിരുന്നു. 

തികച്ചും മതത്തിന്റെ രക്ഷകനായി തന്നെയാണ് മുജദ്ദിദ് അവതരിക്കുന്നത്. സയ്യിദ് മുഹമ്മദ് ജോൻപൂരി സ്ഥാപിച്ച മഹ്ദവി പ്രസ്ഥാനം വലിയൊരു ജനവിഭാഗത്തെ സ്വാധീനിച്ചിരുന്നു. സൂഫിസത്തിന് തന്നെ വ്യതിയാനങ്ങളുണ്ടായി. ശരീഅത്തിൽ നിന്ന് ജനങ്ങളും സൂഫികളെന്നു കരുതപ്പെടുന്നവരും അകന്നുജീവിക്കാൻ തുടങ്ങി. 

അക്ബർ ചക്രവർത്തിയുടെ ജീവിതവും അദ്ദേഹം സ്ഥാപിച്ച ദീനേ ഇലാഹിയും കൊട്ടാരത്തിലും പുറത്തും വിവാദങ്ങളുണ്ടാക്കി. മഹ്ദവി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മുഹമ്മദ് ജോൻപൂരി അസാമാന്യ ബുദ്ധിമാനായിരുന്നു. നന്നേ ചെറുപ്പത്തിലേ ഖുർആൻ ഹൃദിസ്ഥമാക്കി. വ്യാഖ്യാനങ്ങളും സൂഫിസവും പഠിച്ച് കണക്കറ്റ ശിഷ്യരെ സമ്പാദിച്ചു. താൻ മഹ്ദിയാണെന്ന് ഉൾവിളിയുണ്ടായതായി അവകാശപ്പെടുകയും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിരവധി സിദ്ധികൾ പ്രചരിക്കുകയും ചെയ്തു. 

ഇന്ത്യയിലാകെ സഞ്ചരിച്ച് തന്റെ സന്ദേശം പ്രചരിപ്പിച്ച ശേഷം ഏതാനും അനുയായികളോടൊപ്പം മക്കയിൽ ചെന്ന് കഅ്ബയെ സാക്ഷിയാക്കി താൻ മഹ്ദിയാണെന്ന് വിളിച്ചുപറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ ഖ്യാതി വർധിച്ചു. 1505ൽ ഇറാനിലെ ഫറാഹിൽ വച്ച് അദ്ദേഹം മരിച്ചു. 

മരണശേഷം ശിഷ്യൻമാർ മഹ്ദവി ഒരു പ്രസ്ഥാനമാക്കി. മതനിയമങ്ങൾ തങ്ങളുടെ ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചു. മഹ്ദവി കർമ മാർഗങ്ങൾ ഏതെങ്കിലും അംഗീകൃത കർമസരണികളെ അംഗീകരിച്ചില്ല. ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് രൂപപ്പെടുത്തുകയാണ് ചെയ്തത്. ശൈഖ് അഹ്മദ് സർഹിന്ദി മഹ്ദവികളെ തന്റെ എഴുത്തുകളിൽ നിശിതമായി വിമർശിക്കുന്നു.(മക്തൂബാത് 2, 67)

1525ൽ ജലന്ധറിൽ ജനിച്ച ബായസീദ് അൻസാരി സ്ഥാപിച്ച റൗശാനിയ്യ പ്രസ്ഥാനവും ഇക്കാലത്ത് സജീവമായിരുന്നു. അദ്ദേഹം അഫ്ഗാനിലെ ഇസ്മായിലി ഷിയാ വിഭാഗവുമായി അടുത്തു. അങ്ങനെ ഇസ്മായിലി വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. 

താൻ ദൈവത്തോട് ഏറ്റവും അടുത്തവനാണെന്ന് (ഖുർബ്) സ്വയം തോന്നി. അതോടെ സ്വന്തമായ ചിന്തകൾ സൃഷ്ടിച്ച് റൗശാനിയ്യ എന്നപേരിൽ ഒരു ചിന്താസരണി രൂപപ്പെടുത്തി. ഖൈറുൽ ബയാൻ എന്ന കൃതിയിലൂടെ തന്റെ ചിന്തകൾ പ്രചരിപ്പിച്ച് പ്രബോധന പ്രവർത്തനങ്ങൾ നടത്തിവന്നു. ഈ പ്രസ്ഥാനത്തെയും സർഹിന്ദി അംഗീകരിച്ചില്ല.

ഇറാനിലെ മുഹമ്മദ് യുപാസിഖാനി കൊണ്ടുവന്ന നുഖ്തവി പ്രസ്ഥാനത്തിനും ഇക്കാലത്ത് ഇന്ത്യയിൽ വേരുണ്ടായി. ഇവർ ഇസ്ലാമിക കർമങ്ങളായ ഹജ്ജിനെയും നോമ്പിനെയും വിമർശിച്ചു. 

ഇറാനിലെ ഷിയാ ഭരണാധികാരികളുടെ പീഡനം ഭയന്ന് പലരും ഇന്ത്യയിലെത്തിയിരുന്നു. പലരും അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ അംഗങ്ങളായിരുന്നു. സൂര്യനമസ്കാരം നടത്തുന്ന ഇക്കൂട്ടർ അന്ത്യനാളിനെ വരെ നിഷേധിച്ചു. 

ഖുർആൻ പ്രവാചകന്റെ (ﷺ) വചനങ്ങളാണെന്ന് പ്രസ്താവിച്ചു. അങ്ങനെ മുസ്ലിം ലോകത്തിന്റെ വിമർശനത്തിന് വിധേമയമായി. ശരീഫ് അമുലി, അക്ബറിന്റെ ദർബാറിലെ നുഖ്തവി പ്രതിനിധിയായിരുന്നു. അദ്ദേഹം കൊട്ടാരത്തിലുള്ളവരെ തന്റെ പ്രസ്ഥാനമവുമായി ബന്ധിപ്പിച്ചു.

മുഹ്യദ്ദീൻ ഇബ്നു അറബിയിലൂടെ പ്രചാരം നേടിയ വഹ്ദതുൽ വുജൂദ ആയിരുന്നു മധ്യകാലത്തെ സൂഫീ ബുദ്ധിജീവികളുടെ പ്രധാന ചർച്ചാ വിഷയം. അദ്ദേഹത്തിന്റെ ഫസൂസുൽ ഹികം, ഫുതൂഹാതുൽ മക്കിയ്യ എന്നീ കൃതികൾ ജ്ഞാനികളുടെ ഇഷ്ടഗ്രന്ഥങ്ങളായി. സൂഫിസത്തിന്റെ മുഖ്യകൃതികളായി ഇവ പരിഗണിക്കപ്പെട്ടു. 

മുൾതാനിലെ ശൈഖ് ബഹാഉദ്ദീൻ സകരിയ്യയുടെ ശിഷ്യൻ ശൈഖ് ഫഖ്റുദ്ദീൻ ഇറാഖി ഇന്ത്യയിൽ വഹ്ദതുൽ വുജൂദ് സംബന്ധമായ വിശകലനങ്ങൾ നടത്തിയിരുന്നു. ഇവ്വിഷയകമായ ചർച്ചകൾ ആദ്യകാലത്ത് സാധാരണക്കാരിലേക്ക് കൊണ്ടുവന്നിരുന്നില്ല. സാധാരണക്കാരെ അത് ദൈവനിഷേധത്തിലേക്ക് നയിച്ചേക്കുമെന്ന് മതപണ്ഡിതൻമാർ ഭയപ്പെട്ടു. 

എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ സാധാരണക്കാർ ഇത്തരം ചർച്ചകളിൽ ഇടപെടുകയും പലരും മതപരിത്യാഗത്തിലേക്ക് നീങ്ങുകയും ചെയ്തു. ഫിറോസ് ഷാ തുഗ്ലക്കിന്റെ കല്പനപ്രകാരം തൂക്കിക്കൊന്ന മസൂദ് ബെക് ആണ് പരസ്യമായി വഹ്ദതുൽ വുജൂദ് ചർച്ചക്കെടുത്തത്. തന്റെ ദിവാനേ നൂറുൽ അയ്ൻ, മിർആതേ ആരിഫീൻ എന്നീ കൃതികളിലാണ് ഇത് സംബന്ധിച്ച ചർച്ച തുടങ്ങിവച്ചത്. 

പിന്നീട് പല വിജ്ഞന്മാരും ചർച്ചകളിലും സംവാദങ്ങളിലും മുഴുകി. പതിനാറാം നൂറ്റാണ്ടിൽ ശൈഖ് അബ്ദുൽ ഖുദ്ദൂസ് ഗംഗോഹി, ശെയ്ഖ് അമാനുല്ലാ പാനിപത്തി എന്നിവർ ഇബ്നു അറബിയുടെ കുസുസുൽ ഹികം, ഫുതൂഹാതിൽ മക്കിയ്യ എന്നീ കൃതികളുടെ പേർഷ്യൻ വിവർത്തനങ്ങൾ ശിഷ്യൻമാർക്ക് പഠിപ്പിച്ചു വന്നു. 

ഭരണാധികാരികളിലും ഇബ്നു അറബിയുടെ സ്വാധീനം പ്രകടമായി. ഇതിന്റെ തെറ്റായ വ്യാഖ്യാനങ്ങൾ ജനങ്ങളെ ശരീഅത്തിൽ നിന്നകറ്റുകവരെ ചെയ്തു. അക്ബറിന്റെ ദീനേഇലാഹിയെ വരെ ഇത് സ്വാധീനിച്ചുവത്രേ. വഹ്ദതുൽ വുജൂദിന്റെ തെറ്റായ വിശകലനങ്ങൾ സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കിയെന്ന് ശൈഖ് സർഹിന്ദി വിമർശിച്ചു.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രിസ്തുമതം ഇന്ത്യയിൽ സ്വാധീനം നേടാൻ തുടങ്ങി. ഹിന്ദുക്കളിലും മുസ്ലിംകളിലും പെട്ട നിരവധി പേർ ക്രിസ്തുമതത്തിൽ ചേർന്നതിന് പുറമേ ഭരണാധികാരികളും ആ മതത്തോടടുപ്പം പുലർത്താൻ തുടങ്ങി. 

1577 ൽ ഒരു ആന്റണി മോൻസെറേറ്റ് പാതിരി ഭാര്യയോടൊപ്പം അക്ബറെ സന്ദർശിച്ചു. അവരുടെ പെരുമാറ്റം ചക്രവർത്തിയെ ആകർഷിച്ചു. അതുപോലെ ഇസ്ലാമിൽ നിന്ന് പരിവർത്തനം ചെയ്ത ഫ്രാൻസിസ് ഹെറിക്കസ് എന്ന ക്രിസ്ത്യാനിയെ ഇന്ത്യയിലേക്കുള്ള വൈസ്രോയിയായി പറങ്കി രാജാവ് നിയമിക്കുകയും ചെയ്തിരുന്നു. 

ഇവർ തങ്കലിപികളിൽ എഴുതപ്പെട്ട ബൈബിളും മറ്റു ക്രിസ്തീയ കൃതികളും അക്ബറിന് സമ്മാനമായി നൽകി. ബൈബിൾ അക്ബർ ചക്രവർത്തി ആദരവുകളോടെ കിരീടമഴിച്ചു വച്ച് നഗ്നമായ തലയിൽ ചേർത്തുപിടിച്ചു. പാതിരിമാർക്ക് ഇബാദത് ഖാനയിൽ അംഗത്വം നല്കിയപ്പോൾ ഇവർ ഉലമകളോട് മോശമായ രീതിയിൽ പലപ്പോഴും സംവാദങ്ങൾ നടത്തി. 

ഖുർആനിന്റെ ആധികാരികതയെ ക്രിസ്തീയർ ചർച്ചകളിൽ ചോദ്യം ചെയ്തു.പ്രവാചകനെയും (ﷺ) ഇസ്ലാമിക വിശ്വാസങ്ങളെയും അവർ കടന്നാക്രമിച്ചു. ക്രിസ്ത്യാനികളുടെ ശംഖുവിളിയും, മണിയടിയും, അവരുടെ ആചാരങ്ങളും നിത്യേന കൊട്ടാരത്തിൽ നടത്തിവന്നു. 

ക്രിസ്തുവിന്റെയും മറിയമിന്റെയും ചിത്രങ്ങൾ വരക്കാൻ കലാകാരൻമാരോട് അക്ബർ നിർദേശിക്കുകയും ആ ചിത്രങ്ങൾ സ്വർണം കൊണ്ടുണ്ടാക്കിയ പെട്ടികളിൽ സൂക്ഷിക്കുകയും ചെയ്തു.

കൊട്ടാരത്തിന് സമീപം തന്നെ ഒരു മിനി ചർച്ചുണ്ടാക്കാൻ ചക്രവർത്തി അനുവദിച്ചു. അവിടെ ഫാദർ മോൻസെറേറ്റ് സുവിശേഷ പ്രസംഗങ്ങൾ നടത്തിവന്നു. ചക്രവർത്തി ക്രമേണ ക്രിസ്തീയ വിഷയങ്ങളിൽ ഇഷ്ടം കാണിച്ചു തുടങ്ങി. പത്ത് വയസ്സായ മകൻ മുറാദിനെ ക്രിസ്തീയ സുവിശേഷങ്ങളും പറങ്കി ഭാഷയും പഠിക്കാൻ പാതിരിയുടെ പക്കലേക്കയച്ചു. മിഷനറിമാർക്ക് സർവ സ്വാതന്ത്ര്യവും നൽകി.

ചക്രവർത്തിയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിന് ശ്രമങ്ങൾ നടന്നു. മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കെതിരെ കൊട്ടാരത്തിനകത്തും പുറത്തും വിമർശനങ്ങളുയർന്നു. പലേടത്തും കലാപങ്ങളുണ്ടായി. ബംഗാളിലെ കലാപം പണിപ്പെട്ടാണ് അടിച്ചമർത്തിയത്. 

മുസ്ലിം പണ്ഡിതൻമാരും പാതിരിമാരും തമ്മിലുള്ള സംവാദങ്ങൾ അക്ബർ സാകൂതം ശ്രവിച്ചു. ഏത് മതമാണ് ശരിയെന്ന് അറിയുകയായിരുന്നു ചക്രവർത്തിയുടെ ഉദ്ദേശ്യം. പിന്നെപ്പിന്നെ ആളുകൾ സുവിശേഷങ്ങൾക്ക് വരാതായി.

1582 ഓടെ സുവിശേഷ പരിപാടികൾ അവസാനിപ്പിച്ചു. 1595ൽ പറങ്കികളായ മിഷനറിമാർ വീണ്ടും കൊട്ടാരത്തിലെത്തി. അക്ബർ അവർക്ക് മാന്യമായ സ്വീകാരം നൽകി. ചക്രവർത്തി വീണ്ടും ക്രിസ്തുമതത്തിൽ ആകൃഷ്ടനാവുകയും തന്റെ കൈത്തണ്ടയിൽ ക്രിസ്തുവിന്റെയും മേരിയുടെയും ചിത്രങ്ങൾ ചാപ്പ കുത്തുകയും ചെയ്തു.

അക്ബർ തൊട്ടടുത്ത ക്രിസ്ത്യൻ ചാപ്പയിൽ പോയി പ്രാർത്ഥിക്കാനും തുടങ്ങിയത്രേ. ആഗ്രയിലും മറ്റു സ്ഥലങ്ങളിലും പള്ളി പണിയാൻ ക്രിസ്ത്യാനികൾക്ക് ചക്രവർത്തി സമ്മതം നൽകി.

മുസ്ലിം പണ്ഡിതൻമാർ ഇക്കാര്യങ്ങളിൽ താല്പര്യമൊന്നും കാണിച്ചില്ല. അക്ബറുടെ വിമർശനത്തിന് പാത്രമായേക്കുമെന്ന് അവർ ഭയപ്പെട്ടു. അക്ബറുടെ ഇംഗിതത്തിനനുസരിച്ച് അവർ പ്രവർത്തിച്ചു പോന്നു. ഈ കൊട്ടാരപണ്ഡിതൻമാരെ സർഹിന്ദി നിശിതമായി വിമർശിക്കുന്നു. 

അക്ബറിന് വേണ്ടി ഫത്വകൾ ഇറക്കാൻ കൊട്ടാര പണ്ഡിതൻമാർക്ക് ഒരു മടിയുമുണ്ടായില്ല. ചക്രവർത്തി നാലിലധികം വിവാഹം ചെയ്യാനാഗ്രഹിച്ചപ്പോൾ ഖുർആനെ അവർ അതിനനുസരിച്ച് വ്യാഖ്യാനിച്ചു കൊടുത്തു. 

ചക്രവർത്തിയുടെ മുമ്പിൽ സാഷ്ടാംഗം ചെയ്യാൻ ഖാസി ബാദക്ഷാൻ ഫത്വയിലൂടെ അനുവാദം നല്കി. ഈ ഫത്വ താനാണ് നല്കേണ്ടിയിരുന്നതെന്ന് മറ്റൊരു പണ്ഡിതൻ മുല്ലാ ആലം കാബൂളി സങ്കടം പറഞ്ഞു. ഇസ്ലാം നിയമങ്ങളോട് ഒരു സ്നേഹവും ഈ കൊട്ടാര പണ്ഡിതൻമാർക്കുണ്ടായിരുന്നില്ല.

കൊട്ടാര പണ്ഡിതൻമാരായ അബ്ദുല്ലാ സുൽതാൻ പൂരിയും, അബ്ദുന്നബിയും പരസ്പരം ശത്രുക്കളുമായിരുന്നു. അവർ നിരന്തരം കലഹത്തിലേർപ്പെട്ടു. ഈ കലഹങ്ങളാണ് അക്ബർ ചക്രവർത്തിയെ ഒരു പരിധി വരെ ഇസ്ലാമിൽ നിന്നകറ്റിയത്. 

നഗൗറിൽ നിന്ന് ശെയ്ഖ് മുബാറകും തന്റെ മക്കളായ അബുൽ ഫസലും ഫൈസിയും കൊട്ടാരത്തിലെത്തിയതോടെ അവർ ചക്രവർത്തിയുടെ ഇഷ്ടക്കാരായി. ഇവർ മതത്തെ ചക്രവർത്തിയുടെ ഇംഗിതമനുസരിച്ച് വ്യാഖ്യാനിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ഇഷ്ടം സമ്പാദിച്ചു. 

കൊട്ടാര പണ്ഡിതൻമാർക്കെതിരെ അബുൽ ഫസലും ഫൈസിയും ഗൂഢാലോചനകൾ നടത്തി. ഇവർ ആദ്യം മഹ്ദവി പക്ഷക്കാരായിരുന്നു. മഹ്ദവികൾ നാമാവശേഷമായപ്പോൾ അവർ നഖ്ശബന്ദി സൂഫികളാണെന്ന് സ്വയം പരിചയപ്പെടുത്തി രംഗത്തുവന്നു. മുഗളൻമാർക്ക് അടുപ്പം പൊതുവേ നഖ്ശബന്ദി സൂഫീ മാർഗക്കാരോടായിരുന്നു.


അബുൽ ഫസൽ സുന്ദരമായ ഭാഷയിൽ ഖുർആന് വ്യാഖ്യാനമെഴുതി ചക്രവർത്തിക്ക് സമർപ്പിച്ചു. ക്രമേണ അബുൽ ഫസൽ കൊട്ടാരത്തിൽ ഏറ്റവും ഉന്നത പദവിയിലെത്തി. 

ഇമാം ഗസ്സാലിയടക്കമുള്ള പൂർവിക സൂഫികളെയും മത പണ്ഡിതൻമാരെയും അദ്ദേഹം വിമർശിച്ചു. കർമവ്യവസ്ഥയിൽ പൂർവിക മുസ്ലിം പണ്ഡിതൻമാരുടെ പരിചിന്തനങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു.

തന്നെ ദൈവതുല്യനാക്കുന്ന ദീനെ ഇലാഹി പ്രസ്ഥാനത്തിന് ബീജാവാപം നൽകാൻ അക്ബറിനെ സഹായിച്ചത് അബുൽ ഫസലാണ്. ചക്രവർത്തിയെ പുതിയ പ്രവാചകനാക്കാൻ വരെ അബുൽ ഫസൽ തുനിഞ്ഞുവത്രേ.(സർഹിന്ദി, ഇത്തിബാഅതുന്നുബുവ്വത്, ഹൈദരാബാദ്, പാകിസ്ഥാൻ, 1383, 6)

മുഗൾ ചക്രവർത്തിമാർ ഷിയാ മുസ്ലിം വിഭാഗത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. കൊട്ടാരത്തിൽ ഷിയാ പണ്ഡിതൻമാർക്കും സ്ഥാനം ലഭിച്ചു. 

ഹുമയൂണും അക്ബറുടെ വളർത്തച്ഛനായ ബൈറാം ഖാനും ഷിയാ സ്വാധീനത്തിൽ പെട്ടവരായിരുന്നു. അക്ബറിന്റെ ഉമ്മ ഹാമിദാ ബാനുവും അങ്ങനെ തന്നെ. സ്വാഭാവികമായും അക്ബറിലും ഈ സ്വാധീനം പ്രകടമായി. പേർഷ്യയിലെ ഷിയാ സുൽതാനുമായി അടുത്ത ബന്ധവും ഇവർക്കൊക്കെ ഉണ്ടായിരുന്നു. 

അക്ബർ ഭരണത്തിലേറിയപ്പോൾ മുഖ്യപണ്ഡിതൻമാരെല്ലാം ഷിയാക്കൾ തന്നെ. അക്ബറുടെ മതകാര്യ തലവൻ ശൈഖ് ഗദായി തന്നെ ഷിയാ ആയിരുന്നു. ഹകീം ഹുമയൂൺ, ഹകീം നൂറുദ്ദീൻ, ഹകീം അബുൽ ഫതഹ്, മുല്ലാ മുഹമ്മദ് യസ്ദി, ഖാസി ശുസ്തരി എന്നീ ഷിയാ പണ്ഡിതൻമാർ അക്ബറെ നന്നായി സ്വാധീനിച്ചു. 

ഇവരുടെ സ്വാധീനത്തിൽ പെട്ടാണ് അക്ബർ ശരീഅത്തിൽ നിന്നകന്നതെന്ന് കൊട്ടാരത്തിലെ സുന്നി പണ്ഡിതൻ അബ്ദുൽ ഖാദിർ ബദായുനി രേഖപ്പെടുത്തുന്നു.(ബദായൂനി, മുൻതഖബാതു തവാരിഖ്, വാള്യം.2, 214)

മുല്ലാ യസ്ദി പരസ്യമായി തന്നെ സുന്നീ പണ്ഡിതൻമാരെ ഹീനമായി വിമർശിച്ചുവെന്നും ആദ്യത്തെ മൂന്ന് ഇസ്ലാമിക ഖലീഫമാരായ ഹസ്രത് അബൂബക്കർ സിദ്ദീഖ് (റ), ഉമർബ്നുൽ ഖത്ത്വാബ് (റ), ഉസ്മാൻബ്നു അഫ്ഫാൻ (റ) എന്നിവരെ ആക്ഷേപിക്കുമായിരുന്നുവെന്നും ബദായുനി. 

വെളിപാടുകളെയും, നബിമാരുടെ സിദ്ധികളെയും (മുഅ്ജിസത്) അക്ബർ എതിർത്തത് ഇദ്ദേഹത്തിന്റെ സ്വാധീനത്താലാണത്രേ. ഷിയാ വിശ്വാസങ്ങളോട് സർഹിന്ദി നടത്തിയ കടുത്ത വിമർശനങ്ങൾ തന്റെ എഴുത്തുകളിൽ ദൃശ്യമാണ്.

അക്ബർ ചക്രവർത്തിയെ രജപുത്രരുടെ വിശ്വാസങ്ങളും നന്നായി സ്വാധീനിച്ചു. രജപുത്ര ഭാര്യമാർക്കും സേനാധിപർക്കും കൊട്ടാരത്തിൽ വലിയ സ്ഥാനങ്ങൾ നല്കുകയും ചെയ്തു. 1562ൽ അജ്മീറിലെ ദർഗയിലേക്കുള്ള യാത്രാമധ്യേയാണ് അക്ബർ അംബർ രാജാവ് ബീഹാരി മാളിന്റെ മകളെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് പിന്നീട് സലീം (ജഹാംഗീർ) പിറന്നത്. ഇവരുടെ ബന്ധുവായ രാജാമാൻ സിങ്ങ് അക്ബറിന്റെ സേനാപതിയായി. 

മഥുരയിലേക്ക് തീർത്ഥാടനത്തിന് പോകുന്ന ഹിന്ദുഭക്തൻമാരിൽ നിന്ന് നികുതി ഈടാക്കുന്നത് ചക്രവർത്തി നിർത്തൽ ചെയ്തു. യുദ്ധങ്ങളിൽ പങ്കെടുക്കാത്ത ഹിന്ദുക്കളിൽ നിന്ന് പിരിച്ചെടുത്തിരുന്ന ജിസ്യ എന്ന നികുതി വേണ്ടെന്ന് വച്ചു. എല്ലാവരും മത ഭേദമന്യേ യുദ്ധങ്ങളിൽ പങ്കെടുക്കണമെന്നായി. 

1570 ൽ ബിക്നറിലെ രജപുത്ര രാജാവിന്റെ മകളെ ചക്രവർത്തി കല്യാണം ചെയ്തു. ഇവരൊക്കെ മതം മാറിയിരുന്നെങ്കിലും ഹൈന്ദവാചാരങ്ങൾ തന്നെയാണ് തുടർന്നത്. ശിവന്റെ അവതാരമാണെന്ന് കരുതി ഈ വനിതകൾ കൊട്ടാരത്തിൽ പന്നികളെ ആരാധിച്ചിരുന്നുവെന്ന് ബദായുനി പരിഹസിക്കുന്നുണ്ട്. 

ഇവർക്കു വേണ്ടിയാണ് കൊട്ടാരത്തിൽ പന്നികളെ കൊണ്ടുവന്നത്. രജപുത്രൻമാരായ ബീർബൽ, രാജാ ടോഡർമാൾ എന്നിവരും കൊട്ടാരത്തിൽ ഉന്നത പദവികൾ വഹിച്ചവരാണ്. ഹിന്ദു മതം പഠിക്കാനായി അക്ബർ യോഗികളെയും പണ്ഡിറ്റുകളെയും കൊട്ടാരത്തിലേക്ക് ക്ഷണിക്കുമായിരുന്നു. 

ആരാധനാലയങ്ങൾ നിർമിക്കാൻ എല്ലാമതക്കാർക്കും അക്ബർ സ്വാതന്ത്ര്യവും സൗകര്യവും നൽകി. രജപുത്രൻമാർ പലേടത്തും ക്ഷേത്രങ്ങൾ നിർമിച്ചു. മാൻ സിങ്ങ് വാരാണസിയിലും വൃന്ദാവനത്തിലും കൂറ്റൻ ക്ഷേത്രങ്ങൾ പണിതു. താനേശ്വറിലെ കുരുക്ഷേത്രയിൽ പള്ളി പൊളിച്ചാണ് ഹിന്ദുക്കൾ ക്ഷേത്രം പണിതതത്രേ.(ബദായുനി, 2, 322)

ഹിന്ദു സംസ്കാരത്തിന്റെ സംരക്ഷണത്തിനായി അക്ബർ വലിയ സംഭാവനകൾ നൽകി. വേദങ്ങളും മറ്റു ഹിന്ദുകൃതികളും പേർഷ്യനിലേക്ക് വിവർത്തനം ചെയ്യാൻ എർപ്പാടുണ്ടായി. ചക്രവർത്തി ഹിന്ദു ഉത്സവങ്ങളിൽ സജീവമായി പങ്കെടുക്കുകയും രാഖി (രക്ഷാ ബന്ധൻ) ആചരിക്കുകയും ചെയ്തു.


ഹിന്ദുക്കൾ കൊട്ടാരത്തിലെത്തി ചക്രവർത്തിയുടെ കൈയിൽ നൂൽ കെട്ടിക്കൊടുക്കുമായിരുന്നു. ദീപാവലിയും ശിവരാത്രിയും കൊട്ടാരത്തിൽ കേമമായി ആഘോഷിച്ചു. മറ്റു മതങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുന്നത് അക്ബർ നിരുത്സാഹപ്പെടുത്തിയതായി അക്ബർ നാമയിൽ അബുൽ ഫസൽ രേഖപ്പെടുത്തുന്നു (അയ്നി അക്ബറി, കൊൽക്കത്ത, 1, 216). ഇബാദത് ഖാനയിലെ ചർച്ചകളിൽ ബ്രാഹ്മണ പണ്ഡിതൻമാർക്ക് മുഖ്യസ്ഥാനങ്ങൾ നൽകിയിരുന്നു.

സൗരാഷ്ട്രിയൻ (അഗ്നി ആരാധകർ) മതക്കാരോടും അക്ബർ സൗഹൃദം പുലർത്തി. ദസ്തൂർ മഹർജി എന്ന സൗരാഷ്ട്രിയൻ പണ്ഡിതനെ അക്ബർ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അദ്ദേഹം ചക്രവർത്തിയെ പാർസി മതം പഠിപ്പിച്ചു. തത്ഫലമായി ചില പാർസി, സൗരാഷ്ട്രിയൻ ആചാരങ്ങൾ കൊട്ടാരത്തിൽ സ്ഥാനം പിടിച്ചു. 

നവറോസ് എന്ന സൗരാഷ്ട്രിയൻ പുതുവർഷാഘോഷം കൊട്ടാരത്തിൽ കേമമാക്കി. സൂര്യ നമസ്കാരം ആചാരമാക്കി. കൊട്ടാരത്തിൽ ഹിജ്റ കലണ്ടറിന് പകരം പാർസി കലണ്ടർ നടപ്പാക്കി. ഇങ്ങനെ സൗരാഷ്ട്രിയൻ മതക്കാരുടെ വിശ്വാസങ്ങളും ആചാരങ്ങളും കൊട്ടാരത്തിൽ സ്ഥലം പിടിച്ചു.

ഇന്ത്യയിലെ അവഗണിക്കപ്പെട്ട അധഃസ്ഥിതരും മറ്റും ഇക്കാലത്ത് ഭക്തി പ്രസ്ഥാനത്തിൽ അഭയം തേടിയിരുന്നു. ഭക്തിപ്രസ്ഥാന നേതാക്കൾ സൂഫികളുമായി സന്ധിക്കുകയും, അവരിൽ നിന്ന് പ്രചോദനം കൊണ്ട് സ്വന്തം മതത്തിലെ അനാചാരങ്ങൾക്കെതിരെ രംഗത്തുവരികയുമായിരുന്നു. 

ആദിഗ്രന്ഥ, ഗുരു ഗ്രന്ഥ, ദാദുപന്തി തുടങ്ങിയ ഭക്തി സാഹിത്യങ്ങളിലെല്ലാം ഇസ്ലാമിന്റെ സ്വാധീനം നിറഞ്ഞു നിന്നു. പല ഗ്രന്ഥങ്ങളിലും സൂഫികളുടെ ഈരടികൾ നിർലോപം സ്ഥലം പിടിച്ചു. 

കബീറിന്റെയും നാനാക്കിന്റെയും പ്രസ്ഥാനങ്ങളിലും മുസ്ലിം പേരുകളുള്ളവരുണ്ടായിരുന്നു. ഒരിക്കൽ ഹൃദയ് റാം എന്നയാൾ സർഹിന്ദിയോട് ചോദിച്ചു. രാമനും റഹീമും ഒന്നല്ലേ? സർഹിന്ദി പറഞ്ഞു: “രാമൻ സൃഷ്ടിയും റഹീം സ്രഷ്ടാവുമാണ്. സൃഷ്ടിയും സ്രഷ്ടാവും എങ്ങനെ ഒന്നാവും..?"

പണ്ഡിതൻമാരുടെയും സൂഫികളുടെയും കുടുംബത്തിലാണ് ശൈഖ് അഹ്മദ് സർഹിന്ദി (റ) ജനിക്കുന്നത്. കുടുംബം ഖലീഫ ഉമർബ്നുൽ ഖത്ത്വാബിന്റെ താവഴിയിൽ വരുന്നു. പൂർവികൻ ഫാറൂഖ് ഷാ കാബൂളി (ഷിഹാ ബുദ്ദീൻ അലി) കാബൂൾ സുൽതാൻമാരുടെ സേവകനായിരുന്നു. 

സയ്യിദ് കുടുംബത്തിൽ പെട്ടവരാണ് സർഹിന്ദി എന്ന് ചിലർ പറയുന്നത് ശരിയല്ല. ഉമർബ്നുൽ ഖത്താബിന്റെ ഇരുപത്തെട്ടാമത് പരമ്പരയിലാണ് കഥാപുരുഷൻ.

ശൈഖ് അഹ്മദ് സർ ഹിന്ദി,

അബ്ദുൽ അഹദ് ഫാറൂഖി, 

സെയ്നുൽ ആബിദീൻ,

അബ്ദുൽ ഹയ്യ് ശൈഖ് മുഹമ്മദ്,

ശൈഖ് ഹബീബുല്ലാ,

ഇമാം റഫീഉദ്ദീൻ, നാസിറുദ്ദീൻ, സുലൈമാൻ,

യൂസുഫ്,

ഇസ്ഹാഖ്,

അബ്ദുല്ലാഹ്,

ശുഅയ്ബ്,

അഹ്മദ്,

യൂസുഫ്, 

ഫാറൂഖ് ഷാ കാബൂളി,

നാസിറുദ്ദീൻ, 

മഹ്മൂദ്,

സുലൈമാൻ,

മസ്ഊദ്,

അബ്ദുല്ലാ വാഇസ് അസ്ഗർ,

അബ്ദുല്ലാ വാഇസ് അക്ബർ, 

അബുൽ ഫത്ഹ്, 

ഇസ്ഹാഖ്, 

ഇബ്റാഹീം, 

നാസിർ, 

അബ്ദുല്ലാഹ്, 

ഹസ്രത് ഉമർ ഫാറൂഖ് (റ).

പ്രശസ്ത സൂഫി ശൈഖ് ഫരീദുദ്ദീൻ സർഹിന്ദിയുടെ കുടുംബ താവഴിയിൽ പെട്ടവരാണ്. ശൈഖ് ജലാലുദ്ദീൻ സുർഖ് ബുഖാരിയുടെ (മഖ്ദൂമേ ജഹാനിയാൻ/ 1198–1292) ശിഷ്യനാണ് ശൈഖ് റഫീഉദ്ദീൻ. 

ശൈഖ് സുർഖിനോടൊപ്പം റഫീഉദ്ദീൻ ഡൽഹിയിൽ ചെന്ന് സുൽതാൻ ഫിറോസ് ഷാ തുഗ്ലക്കിനെ കണ്ടു. വരുന്ന വഴിക്ക് സർഹിന്ദിലൂടെയാണ് ഇവർ കടന്നു പോയത്. സർഹിന്ദിലെ ജനങ്ങളുടെ സ്വീകാരം ഇവരെ വിസ്മയപ്പെടുത്തി. അവിടെ ഒരു പട്ടണമുണ്ടാക്കാൻ സുൽതാനോട് പറയണമെന്ന് നാട്ടുകാർ ശൈഖ് സുർഖിനോട് പറഞ്ഞു. 

ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹം സുൽതാനോട് കാര്യം പറഞ്ഞു. താമസിയാതെ സർഹിന്ദിൽ കോട്ടയും പട്ടണവും പണിയാൻ സുൽതാൻ ഇമാം റഫീഉദ്ദീനെയും ജ്യേഷ്ഠസഹോദരൻ ഖാജാ ഫത്ഹുല്ലയെയും ഉത്തരവാദിത്തമേല്പിച്ചു. ശറഫുദ്ദീൻ ബു അലി ഷാ ഖലന്ദർ എന്ന സൂഫീ ഗുരുവിന്റെ അനുഗ്രഹത്തോടെ കോട്ടയും പട്ടണവും പണി തീർത്തു.

ഇമാം റഫീഉദ്ദീന്റെ അഞ്ചാമത്തെ പിൻഗാമിയാണ് ശൈഖ് അഹ്മദ് സർഹിന്ദിയുടെ പിതാവ് അബ്ദുൽ അഹദ്. അബ്ദുൽ അഹദ് മഹാ പണ്ഡിതനും സൂഫിയുമായിരുന്നു. അദ്ദേഹം സർഹിന്ദിൽ ഒരു മദ്രസ പണിയുകയും അത് അതിവേഗം ഉത്തരേന്ത്യയിലെ പ്രമുഖ മതപഠന കേന്ദ്രമായി വളരുകയും ചെയ്തു. 

അഫ്ഗാനിസ്ഥാൻ, മധ്യേഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഈ കേന്ദ്രത്തിൽ വിദ്യാർത്ഥികളെത്തി. ഇബ്നു അറബിയുടെ ഫുറൂസുൽ ഹികം, ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദിയുടെ അവാരിഫുൽ മആരിഫ് എന്നീ കൃതികൾ ഇവിടെ വിശദമായി പഠിപ്പിച്ചിരുന്നു.


കൻസുൽ ഹഖാഇഖ്, അസ്റാറേ തശഹ്ഹുദ് എന്നീ കൃതികളുടെ കർത്താവ് കൂടിയാണ് അബ്ദുൽ അഹദ്. ശൈഖ് അബ്ദുൽ ഖുദ്ദുസ് ഗങ്കോഹി എന്ന പ്രശസ്ത ചിശ്തി ഗുരുവിന്റെ ശിഷ്യൻ ശൈഖ് റുദ്ദീന്റെ പ്രതിനിധിയായിരുന്നു (ഖലീഫ) അബ്ദുൽ അഹ്ദ്. കൂടാതെ മറ്റു സൂഫീ മാർഗങ്ങളിലും അദ്ദേഹം ശിഷ്യത്വം നേടിയിരുന്നു. 

സർഹിന്ദിനടുത്ത് കൈതാലിൽ താമസിച്ചിരുന്ന ശൈഖ് കമാൽ ഖാദിരിയിൽ നിന്ന് അബ്ദുൽ അഹദ് ഖാദിരീ മാർഗത്തിലും പട്ടം നേടിയിരുന്നു. സൂഫികളുമായി ബന്ധപ്പെടുന്നതിനും പഠനത്തിനും വേണ്ടി അദ്ദേഹം വിവിധ നാടുകൾ സന്ദർശിച്ചു. സൂഫി മുഹമ്മദ് ഫഖ്റിൽ നിന്നും ഖുർആനിക പഠനം നിർവഹിച്ച് ആത്മീയപരിശീലനം നേടി. 

ബംഗാളിൽചെന്ന് ശൈഖ് ബുർഹാനിയെയും ജോൻപൂരിൽ സയ്യിദ് അലി ഖവാമിയെയും കണ്ടു. ഇട്ടാവക്കടുത്തുള്ള സെക്കന്ദരയിൽ പ്രബോധനത്തിന് ചെന്നപ്പോൾ അവിടെ ഭക്തയായ ഒരു സ്ത്രീയെ കണ്ടു. അബ്ദുൽ അഹ്ദിന്റെ ഭക്തിയിൽ ആകൃഷ്ടരായ ആ സ്ത്രീ തന്റെ അനിയത്തിയെ അദ്ദേഹവുമായി വിവാഹം ആലോചിച്ചു. അങ്ങനെ വിവാഹം നടന്നു. കുറച്ചു കാലം അവിടെ തങ്ങി, ഭാര്യയുമായി സർഹിന്ദിലേക്ക് തന്നെ മടങ്ങി.

ഹിജ്റ 971 ശവ്വാൽ പതിനാലിന് വെള്ളിയാഴ്ചയാണ് (1564 മെയ് 26) ശൈഖ് സർഹിന്ദി ജനിക്കുന്നത്. അബുൽ ബറകാത് ബദ്റുദ്ദീൻ അൽ ഫാറൂഖി എന്നാണ് പിതാവ് പേരിട്ടത്. അന്ന് കൈതാലിലെ ശൈഖ് കമാൽ ഖാദിരി സർഹിന്ദിൽ വന്നിട്ടുണ്ടായിരുന്നു. 

പിതാവ് കുട്ടിയെ ഗുരുവിന്റെ പക്കൽ കൊണ്ട് ചെന്ന് അനുഗ്രഹം തേടി. സർഹിന്ദിയുടെ ഉമ്മയ്ക്കും ശൈഖ് കമാലിനോട് വലിയ ആദരവായിരുന്നു. ഒരിക്കൽ കുഞ്ഞിന് രോഗം വന്നപ്പോൾ ഉമ്മ ആത്മീയ ചികിത്സ തേടിയെത്തിയത് ഇതേ ശൈഖിന്റെ സന്നിധിയിലാണ്.

അഹ്മദ് സർഹിന്ദി മഹാഗുരുവായി തീരുമെന്ന് അന്ന് ശൈഖ് കമാൽ പ്രവചിച്ചു. സർഹിന്ദിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് ശൈഖ് കമാൽ മരിച്ചത്. സർഹിന്ദി എപ്പോഴും അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥിക്കാറുണ്ടായിരുന്നു.

പിതാവിൽ നിന്നും സർഹിന്ദിലെ മതപണ്ഡിതൻമാരിൽ നിന്നുമാണ് സർഹിന്ദിയുടെ പ്രാഥമിക വിദ്യ. ഖുർആൻ മനഃപാഠമാക്കിയതിന് പുറമേ ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹവും നേടി. പിന്നീട് സിയാൽ കോട്ടിൽ ചെന്ന് മൗലാനാ കമാൽ കശ്മീരിയുടെ കീഴിൽ ഖുർആൻ വ്യഖ്യാനവും പ്രവാചകചര്യകളുടെ (ഹദീസ്) പഠനവും നിർവഹിച്ചു. 

പിന്നീട് ഖാസി ബഹ്ലുൽ ബദക്ഷാനിയുടെ കീഴിൽ തഫ്സീറുൽ വാഹിദി, തഫ്സീറുൽ ബൈളാവി, സ്വഹീഹുൽ ബുഖാരി, മിശ്കാതുൽ തബ്രീസി, ഷമാഇൽ തിർമിദി, ജാമിഅ് സഗീർ സുയൂതി, ഖസീദതുൽ ബുർദ, മിശ്കാതുൽ മസാബീഹ് എന്നീ കൃതികൾ പഠിച്ചു. 

യഅ്ഖൂബ് സറാഫി കശ്മീരിയുടെ സന്നിധിയിൽ നിന്ന് കുബവിയ്യ, സുഹ്റവർദിയ്യ സൂഫീ മാർഗങ്ങളിൽ പ്രതിജ്ഞ (ബൈഅത്) ചെയ്തു. ശൈഖ് അബ്ദുറഹ്മാന്റെ കീഴിലും സർഹിന്ദി ഹദീസ് പഠനം നിർവഹിച്ചു. ശേഷം പിതാവിന്റെ മദ്രസയിൽ അധ്യാപനം തുടങ്ങി. അതോടെ സർഹിന്ദ് എന്ന നഗരം ലോകത്ത് അറിയപ്പെട്ടു.

പിതാവിൽ നിന്നാണ് സൂഫിസം പഠിക്കുന്നത്. പിന്നീട് ആത്മജ്ഞാനത്തിൽ ആകൃഷ്ടനായി. ചിശ്തി, ഖാദിരീ മാർഗങ്ങളെ കുറിച്ച് പിതാവ് തന്നെ പഠിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ ഷാകമാൽ കൈതാലിയിൽ നിന്ന് ഖാദിരി മാർഗത്തിൽ അവഗാഹം നേടിയിരുന്നു. 

മൗലാനാ യഅ്ഖൂബ് സർഫിയിൽ നിന്ന് കുബ്റവി, സുഹ്റവർദി മാർഗങ്ങളിൽ പ്രാതിനിധ്യം (ഖിലാഫത്) നേടി. പതിനഞ്ചോളം ത്വരീഖഃകളുടെ പ്രതിനിധിയായിരുന്നുവത്രേ ശൈഖ് സർഹിന്ദി. പിന്നീട് നഖ്ശബന്ദി മാർഗം സ്വീകരിച്ചു.

1582 ൽ സർഹിന്ദി ആഗ്രയിൽ പോയി പത്ത് വർഷം താമസിച്ചു. അന്ന് മുഗൾ രാജ്യത്തിന്റെ തലസ്ഥാനമാണ് ആഗ്ര. കൊട്ടാരത്തിലെ മതമില്ലാത്ത അവസ്ഥയും ചക്രവർത്തിയുടെയും പ്രഭുക്കളുടെയും വഴിവിട്ട ജീവിതവും അദ്ദേഹത്തെ അലോസരപ്പെടുത്തി. കൊട്ടാര പണ്ഡിതൻമാരായ അബുൽ ഫസൽ, ഫൈസി എന്നിവരുമായും ബന്ധപ്പെട്ടു. അവർ സർഹിന്ദിയെ ആദരവോടെയാണ് വീക്ഷിച്ചത്. അദ്ദേഹം പല പ്രഭുക്കളുമായും ബന്ധപ്പെട്ടു. അവിടെവച്ചാണ് ഇത്തിബാഅതുന്നുബുവ്വ എന്ന ലഘുകൃതി രചിച്ചത്. 

അബുൽ ഫസലുമായി പലപ്പോഴും സർഹിന്ദി ചർച്ചകളിൽ മുഴുകി. ഗ്രീക്ക് ചിന്തകളിൽ സർഹിന്ദിക്കുണ്ടായിരുന്ന അവഗാഹം അബുൽ ഫസൽ അംഗീകരിച്ചുവെങ്കിലും അതിനെതിരായ സർഹിന്ദിയുടെ വിമർശനങ്ങളെ അംഗീകരിച്ചില്ല. ഒരു വേള ഇമാം ഗസ്സാലി (റ) വിഡ്ഢിയാണെന്ന് അബുൽ ഫസൽ ആരോപിച്ചു. 

അത് സഹിക്കവയ്യാതെ സർഹിന്ദി അബുൽ ഫസലിനെ പിരിഞ്ഞു. ജ്ഞാനികളെ ബഹുമാനിക്കാത്തവരോട് ബന്ധപ്പെടുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ആ ചങ്ങാത്തം സർഹിന്ദി മതിയാക്കിയത്. പിന്നീട് അബുൽ ഫസൽ മാപ്പ് പറയുകയും സർഹിന്ദിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.


അബുൽ ഫസലിന്റെ സഹോദരനും കൊട്ടാരം പണ്ഡിതനുമായ ഫൈസിയുമായും സർഹിന്ദിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഫൈസിയും ആദരവോടെയാണ് സർഹിന്ദിയെ പരിഗണിച്ചത്. ആഗ്രയിലായിരുന്നപ്പോൾ പണ്ഡിതരും ഉദ്യോഗസ്ഥരുമൊക്കെ സർഹിന്ദിയുടെ ക്ലാസുകളിൽ പങ്കുകൊണ്ടു.

1591 ൽ പിതാവ് മഖ്ദൂം അബ്ദുൽ അഹദ് ഫാറൂഖി ആഗ്രയിലെത്തി. മകനോട് ആഗ്ര വിട്ട് സർഹിന്ദിലേക്ക് തിരിക്കാൻ പിതാവ് നിർദേശിച്ചു. അങ്ങനെ മകനും ഉപ്പയും താനേശ്വർ വഴി സർഹിന്ദിലേക്ക് തിരിച്ചു. വഴിക്കുവച്ച് ശൈഖ് സുൽതാൻ താനേശ്വരിയെ കണ്ട് അനുഗ്രഹം വാങ്ങി. താനേശ്വരിയാണ് റംസ് നാമ എന്ന പേരിൽ മഹാഭാരതം പേർഷ്യനിലാക്കിയത്. താനേശ്വരി പശുവിനെ കൊന്നു എന്ന് ബ്രാഹ്മണർ പരാതി പറഞ്ഞപ്പോൾ ചക്രവർത്തി അദ്ദേഹത്തെ നാടുകടത്തി. പിന്നീട് മാപ്പു കൊടുത്ത് താനേശ്വറിൽ തന്നെ താമസിക്കാൻ അനുവദിച്ചു. 

ഇവിടെ വെച്ച് സർഹിന്ദി, താനേശ്വരിയുടെ മകളെ വിവാഹം ചെയ്തു. പിന്നീട് സർഹിന്ദിൽ തന്റെ കുടുംബത്തിന്റെ വകയുള്ള മദ്രസയിൽ സേവനമനുഷ്ഠിച്ചു പോന്നു. അതിനിടക്ക് മാരകമായ രോഗം ബാധിച്ചെങ്കിലും മെല്ലെ മെല്ലെ സുഖപ്പെട്ടു. പിതാവിനെ ശുശ്രൂഷിക്കാനും സർഹിന്ദി മറന്നില്ല. പിതാവിന്റെ അന്ത്യം വരെ പിതാവിനോട് തന്നെയാണ് സർഹിന്ദി തന്റെ മതപരമായ സംശയങ്ങൾ തീർത്തത്. 

വഹ്ദതുൽ വുജൂദിന്റെ തത്വങ്ങൾ അബ്ദുൽ അഹദ് മകന് പഠിപ്പിച്ചു. ഫുതൂഹാതുൽ മക്കിയ, ഫുസൂസുൽ ഹികം, അവാരി ഫുൽ മആരിഫ് എന്നീ കൃതികളൊക്കെ പിതാവിൽ നിന്നാണ് സർഹിന്ദി പഠിച്ചത്. ചിശ്തി, സുഹ്റവർദി, ഖാദിരി സൂഫീ മാർഗങ്ങളിൽ അംഗത്വം നൽകിയതും പിതാവ് തന്നെ.

1591ൽ സർഹിന്ദിക്ക് ഖാജാ മുഹമ്മദ് സാദിഖ് എന്ന പുത്രൻ ജനിച്ചു. ഈ സമയത്തുതന്നെയാണ് ഷിയാക്കളെ വിമർശിക്കുന്ന റദ്ദേ വാഫിള് എന്ന കൃതി രചിച്ചത്. 1597ൽ രണ്ടാമത്തെ പുത്രൻ മുഹമ്മദ് സഈദ് ജനിച്ചു. 1598 ഡിസംബർ ആറിന് പിതാവ് അബ്ദുൽ അഹദ് മരണപ്പെട്ടു. അദ്ദേഹത്തിന് എൺപത് വയസ്സായിരുന്നു. 1599ൽ അഹ്മദ് ഖാജാ മുഹമ്മദ് മഅ്സും എന്ന മൂന്നാം പുത്രൻ ജനിച്ചു. 1599ൽ രിസാലയേ തീലിയ്യ എന്ന കൃതി രചിച്ചു. 

1599 ഒക്ടോബറിൽ ഹജ്ജിന് പോകുന്ന വേളയിൽ ഡൽഹിയിൽ ചെന്ന് തന്റെ സതീർഥ്യനായ ഹസൻ കശ്മീരിയെ സന്ദർശിച്ചു. കശ്മീരിയാണ് ഖാജാ ബാഖിബില്ലാഹി (സയ്യിദ് റസിയുദ്ദീൻ) എന്ന സൂഫീഗുരു ഡൽഹിയിലെത്തിയിട്ടുണ്ടെന്ന കാര്യം സർഹിന്ദിയെ അറിയിച്ചത്. ഇന്ത്യൻ ഇസ്ലാമിന്റെ ചരിത്രത്തിൽ ഖാജാ ബാഖിബില്ലാഹ് ഗണനീയനാണ്. സർഹിന്ദിയെ രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്കർത്താവാക്കി (മുജദ്ദിദ് അൽഫ സാനി) ഉയർത്തിയത് ബാഖി ബില്ലാഹിയുമായുള്ള അടുപ്പമാണ്.

1563 ഡിസംബർ 16ന് കാബൂളിലാണ് ബാഖിബില്ലാഹി ജനിച്ചത്. പിതാവ് സയ്യിദ് ഖാസി അബ്ദുസ്സലാം പ്രശസ്തനായ സൂഫീ ഗുരുവായിരുന്നു. സൂഫികളുമായി ബന്ധം പുലർത്താനും ആത്മീയ പരിശീലനം സിദ്ധിക്കാനും വേണ്ടി ബാഖിബില്ലാഹ് ലോകമെങ്ങും ചുറ്റി. മൊറാദാബാദിനടുത്ത് സമ്പലിലെ ശൈഖ് അല്ലാഹ് ബഖശിനെ കണ്ടു മുട്ടി. 

അവിടത്തെ നിർദേശമനുസരിച്ച് ബാഖി ബില്ലാഹ് മധ്യേഷ്യയിൽ കുറച്ചുകാലം താമസിച്ച് ഉമ്മയുടെ നിർദേശപ്രകാരം കാബൂളിൽ തിരിച്ചെത്തി. കശ്മീരിൽ ബാബാ വലിയുടെ സന്നിധിയിൽ കുറച്ചുകാലം കഴിഞ്ഞു. അവിടെ നിന്ന് ലാഹോർ വഴി വീണ്ടും മധ്യേഷ്യയിലെത്തി. 

സമർഖന്ദിനടുത്ത് വച്ച് ഖാജാ അംകൻജിയെ കണ്ടു. അദ്ദേഹം ബാഖി ബില്ലാഹിയെ ഏറെ ആകർഷിച്ചു. അങ്ങനെ ബാഖി ബില്ലാഹി അവിടെ തന്നെ കഴിച്ചുകൂട്ടി. പിന്നീട് ഡൽഹിയിൽ നഖ്ശബന്ദി സൂഫിമാർഗത്തിന്റെ പ്രതിനിധിയായി ഇന്ത്യയിൽ പ്രബോധനം ചെയ്യാൻ അംകൻജി, ബാഖി ബില്ലാഹിയോട് നിർദേശിച്ചു. 

1599ൽ ഡൽഹിയിലെത്തി. അവിടെ നഖ്ശബന്ദി സൂഫീ മാർഗത്തിന്റെ പ്രതിനിധി (ഖലീഫ) യായാണ് പ്രബോധനം നടത്തിയത്. സർഹിന്ദി അദ്ദേഹത്തിന്റെ അടുത്ത ശിഷ്യനായിത്തീർന്നു. ലാളിത്യവും ഭക്തിയും നിറഞ്ഞ തന്റെ ജീവിതം ഡൽഹി ജനതയിൽ വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. ജനം ആശ്വാസം തേടി ബാഖി ബില്ലാഹിയുടെ സന്നിധിയിലെത്തി.

മുഗൾ കൊട്ടാരത്തിൽ സയ്യിദ് മുർതസാ ഖാൻ (സയ്യിദ് ഫരീദ് ബുഖാരി) ആയിരുന്നു ഖാജാ ബാഖി ബില്ലാഹിയുടെ ഏറ്റവുമടുത്ത പ്രഭു. അദ്ദേഹമാണ് ബാഖി ബില്ലാഹിക്ക് സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. തന്റെ ധ്യാനമന്ദിരത്തിലെ സർവ ചെലവുകളും നിർവഹിച്ചിരുന്നതും അദ്ദേഹം തന്നെ.


മുർതസാഖാനെ നല്ലൊരു സ്നേഹിതനായാണ് ഗുരു ഗണിച്ചത്. ഖാജാ ഹുസാമുദ്ദീൻ, അബ്ദുൽ ഹഖ് മുഹദ്ദിസ് ദഹ്ലവി, അഹ്മദ് സർഹിന്ദി എന്നീ സമകാല നബ്ശബന്ദി സൂഫികളോടും മുർതസാ ഖാൻ അടുത്ത ബന്ധം പുലർത്തി. ഇതേസമയം കൊട്ടാരത്തിൽ അക്ബർ ചക്രവർത്തി തന്റെ ഇബാദത് ഖാനയിലൂടെ മത പരിത്യാഗം പ്രചരിപ്പിക്കുകയായിരുന്നു. 

അക്ബറുടെ മറ്റെരു പ്രധാന പ്രഭുവായ അബ്ദുറഹീം ഖാനീ ഖാനാനും ബാഖിബില്ലാഹിയോടും അനുയായികളോടും സ്നേഹബന്ധം സൂക്ഷിച്ചുപോന്നു. ഖാജാ ബാഖി ഹജ്ജിന് പോവുന്നുണ്ടെന്ന് ഖാനീ ഖാനാൻ അറിഞ്ഞപ്പോൾ ചെലവിലേക്ക് ഖജനാവിൽ നിന്ന് ഒരു ലക്ഷം പണം അനുവദിച്ചു. അത് സ്വീകരിക്കാൻ ഖാജാ തയാറായില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഹജ്ജിന് പോവരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഖാനേ അഅ്സം മിർസ അസീസ് കോക, സദറുസ്സുദൂർ തുടങ്ങിയ മുഗൾ കൊട്ടാരത്തിലെ പ്രധാനികളും ബാഖി ബില്ലാഹിയോടും ശിഷ്യൻമാരോടും അടുപ്പം പുലർത്തി. ഇസ്ലാമിക നിയമത്തിലൂന്നിയല്ലാതെ സൂഫിസം സാധ്യമല്ലെന്ന പക്ഷക്കാരനായിരുന്നു ബാഖിയും നബ്ശബന്ദി മാർഗക്കാരും. അതിനാൽ ജീവിതത്തിൽ ശരീഅത്ത് നിയമം പുലർത്താൻ അദ്ദേഹം അനുയായികൾക്ക് കർശനമായ നിർദേശം നൽകിയിരുന്നു. 

പ്രവാചകനെയും (ﷺ) അനുചരരെയും അനുഗമിക്കാതെ എങ്ങനെയാണ് സൂഫിസത്തിൽ പ്രവേശിക്കാൻ കഴിയുക എന്ന് ബാഖി ബില്ലാഹ് ചോദിക്കുന്നു. ഖുർആൻ ഹദീസ് കർമ കാണ്ഡം എന്നിവയുടെ പഠനത്തിന് തന്റെ പർണശാലയിൽ അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നല്കി. 1603 നവംബർ 30ന് (1112, ജമാദുൽ ആഖിർ 25) ശൈഖ് ബാഖിബില്ലാഹ് മരണപ്പെട്ടു. ഡൽഹിയിലെ ഫിറോസി കോട്ടയുടെ വടക്കുഭാഗത്താണ് ഖബറിടം. ഖാജയുടെ പ്രധാന ശിഷ്യനും പിൻഗാമിയുമാണ് സർഹിന്ദി.

അക്ബറുടെ കാലത്തെ മതപരിത്യാഗ ചിന്തകൾ നാടിനെ ഗ്രസിച്ച സമയത്താണ് ബാഖിബില്ലാഹി ഡൽഹിയിൽ പ്രബോധനം നടത്തുന്നത്. കൊട്ടാരത്തിലെ കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടില്ലെങ്കിലും പ്രഭുക്കളുമായുള്ള തന്റെ ബന്ധം അവരെ കൊട്ടാരത്തിലെ പരിത്യാഗ ചിന്തകളിൽ നിന്ന് മാറിനില്ക്കാൻ പ്രേരിപ്പിച്ചു. 

കൊട്ടാരത്തിലുള്ളവർക്ക് ചക്രവർത്തിയുടെ ഈവക ചിന്തകളോട് താല്പര്യവുമുണ്ടായിരുന്നില്ല. അവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ചക്രവർത്തിയുടെ ദീൻ ഇലാഹിയിൽ ചേർന്നത്. 

ജനങ്ങൾക്ക് ഖാജയുമായുള്ള അടുപ്പം കാരണം അവരും അത്തരം ചിന്തകളിൽ നിന്ന് മാറിനിന്ന് ശരീഅത്ത് നിഷ്ഠമായ ജീവിതം നയിക്കാൻ തയാറായി. ബാഖി ബില്ലാഹി, വഹ്ദതുൽ വുജൂദ് തത്വത്തെ അംഗീകരിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് അതേകുറിച്ചുണ്ടായ ചില പരികൽപനകളെ വിമർശിക്കുകയും ചെയ്തിരുന്നു.

മൗലാനാ ഹസൻ കശ്മീരിയുടെ കൂടെയാണ് ആദ്യമായി സർഹിന്ദി, ബാഖീബില്ലാഹിയുടെ സന്നിധിയിൽ വന്നത്. തന്റെ കൂടെ താമസിച്ച് പഠിക്കാൻ അദ്ദേഹം സർഹിന്ദിയോട് ആവശ്യപ്പെടുകയായിരുന്നു. 

തന്റെ പക്കൽ ആത്മീയ പരിശീലനത്തിനായി ഒരു വലിയ മനുഷ്യൻ വരുമെന്നും അദ്ദേഹം ലോകത്തെ മുഴുവൻ ചൈതന്യവത്താക്കുമെന്നും ബാഖിബില്ലാഹിക്ക് വെളിപാട് ഉണ്ടായിരുന്നുവെന്നും ചില കൃതികളിൽ കാണാം.

ഖാജയെ കണ്ടെത്തിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി സർഹിന്ദിയും എഴുതിയിട്ടുണ്ട്. ഒരു മാസത്തിനകം സർഹിന്ദി പ്രബുദ്ധത നേടിയത്രേ. ഖാജയുടെ ഗൂഢധ്യാനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തുവത്രേ. 1600 ജനുവരിയിൽ (1008 റജബ്) ബാഖി ബില്ലാഹി, സർഹിന്ദിക്ക് നഖ്ശബന്ദി മാർഗത്തിൽ പ്രവേശനം നൽകി. അല്പകാലത്തെ പരിശീലനത്തിനുശേഷം സർഹിന്ദി നാട്ടിലേക്ക് തിരിച്ചു. തന്റെ ഏതാനും ശിഷ്യൻമാരെ ബാഖി ബില്ലാഹി, സർഹിന്ദിക്കൊപ്പം അയച്ചു. 

സർഹിന്ദിൽ നിന്ന് ഗുരുവുമായുള്ള ബന്ധം കത്തുകളിലൂടെ തുടർന്നു. ഈ കത്തുകളിലെ പല പരാമർശങ്ങളും പിന്നീട് പണ്ഡിതൻമാരുടെ വിമർശത്തിന് വിധേയമായി. എന്നാൽ സർഹിന്ദി തന്റെ സംശയങ്ങളും അനുഭവങ്ങളും ഗുരുവുമായി പങ്കു വയ്ക്കുക മാത്രമേ കത്തിലൂടെ ചെയ്തുള്ളൂവെന്നാണ് സർഹിന്ദിയുടെ ശിഷ്യൻമാർ നൽകുന്ന വിശദീകരണം. 

താൻ ഖലീഫമാരുടെ പദവികൾ തരണം ചെയ്ത് പ്രവാചകസന്നിധിയിൽ വരെ എത്തിയെന്ന് ഗുരുവിനെഴുതിയ കത്തിൽ കുറിച്ചിരുന്നു.

1601-ാമാണ്ടിൽ ശൈഖ് സിക്കന്ദർ ഖാദിരി, സർഹിന്ദിക്ക് ഖാദിരി പട്ടം നൽകി. തന്റെ പിതാമഹനും ഭക്തിയുടെ നിറകുടവുമായിരുന്ന ശൈഖ് കമാൽ ഖാദിരിയുടെ ഖിർഖ (മേൽ കുപ്പായം) സർഹിന്ദിയെ അണിയിച്ചെന്നും അപ്പോൾ സർഹിന്ദിക്ക് പല അനുഭൂതികളും ഉണ്ടായെന്നും ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ), അലിയ്യുബ്നുഅബീതാലിബ്(റ), ഹസ്രത് അബൂബക്കർ(റ), ഖാജാ ബഹാവുദ്ദീൻ നഖ്ശബന്ദി(റ) തുടങ്ങിയവരുടെ ആത്മാവുകൾ സർഹിന്ദിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടുവെന്നുമുള്ള കഥകൾ ചില കൃതികളിൽ കാണാം. 


എല്ലാവരും സർഹിന്ദിയെ തങ്ങളുടെ പ്രതിനിധി (ഖലീഫ) ആക്കിയത്രേ (സുബ്ദതുൽ മഖാമാത്). പിന്നീട് രണ്ടുപ്രാവശ്യം കൂടി സർഹിന്ദി ഡൽഹിയിൽ ചെന്ന് ഗുരു ബാഖിബില്ലാഹിയെ കണ്ടു.

കുറച്ചുകാലം ശൈഖ് സർഹിന്ദി ലാഹോറിൽ താമസമാക്കി. അവിടെ പാമരരും പണ്ഡിതൻമാരും അദ്ദേഹത്തിന്റെ അനുയായികളായി മാറി. അവിടെവച്ച് പ്രസിദ്ധ പണ്ഡിതൻ മൗലാനാ ജമാൽ തൽവിയുമായി ബന്ധപ്പെടുകയും ശരീഅത്ത് സംബന്ധമായ കാര്യ ങ്ങളിൽ സംവദിക്കുകയും ചെയ്തു. ട്രാൻസോക്സിയാന, ഖുറാസാൻ, മദീന തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള പണ്ഡിതൻമാരും സർഹിന്ദിയെ സന്ദർശിച്ച് ശിഷ്യത്വം സ്വീകരിച്ചു. 

1603 ൽ ഗുരു ബാഖി ബില്ലാഹി മരിക്കുമ്പോൾ സർഹിന്ദി ലാഹോറിലായിരുന്നു. ലാഹോറിൽ നിന്ന് പുറപ്പെട്ട് അദ്ദേഹം ഡൽഹിയിലെത്തി ഗുരുവിന്റെ ഖബറിടത്തിൽ ദീർഘനേരം പ്രാർത്ഥിച്ചു. ഗുരുവിന്റെ മിക്ക ശിഷ്യൻമാരും ഡൽഹിയിലെത്തിയിരുന്നു. എല്ലാവരും കൂടി സർഹിന്ദിയെ ഖാജാ ബാഖിയുടെ പിൻഗാമിയായി നിശ്ചയിച്ചു. 

സർഹിന്ദി ഏതാനും ദിവസം ഡൽഹിയിൽ തങ്ങിയ ശേഷം സർഹിന്ദിലേക്ക് തന്നെ മടങ്ങി പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകി. ഓരോ വർഷവും അറബി കലണ്ടറിലെ ജമാദുൽ ആഖിർ മാസം ഗുരുവിന്റെ ഉർസിൽ പങ്കെടുക്കാൻ അദ്ദേഹം ഡൽഹിയിലെത്തുമായിരുന്നു.

നഖ്ശബന്ദി മാർഗത്തിന്റെ വ്യാപനത്തിനും പ്രചാരണത്തിനും വേണ്ടി സർഹിന്ദി സംവിധാനമൊരുക്കി. തന്റെ ശിഷ്യൻമാരെ ഇന്ത്യയുടെ നാനാ ഭാഗത്തേക്കും അയച്ചു. ശിഷ്യൻമാരുടെ സ്വഭാവഗുണങ്ങളും പെരുമാറ്റങ്ങളും ജനങ്ങൾക്ക് നന്നായി ബോധിച്ചു. 

പ്രത്യേകിച്ചും സർഹിന്ദിയുടെ ശിഷ്യരാണെന്നതിനാൽ അവർക്ക് ജനങ്ങൾക്കിടയിൽ ആദരവും ലഭിച്ചു. വളരെ പെട്ടെന്ന് ഈ സൂഫീമാർഗം ഇന്ത്യയിലാകെ വ്യാപിച്ചു. മുസ്ലിം സമുദായം നാഥനില്ലാതെ അലയുമ്പോഴാണ് നഖ്ശബന്ദി മാർഗത്തിന്റെ ചരടിൽ ജനങ്ങളെ ഒന്നിപ്പിക്കാനും സംസ്കരിക്കാനും ഈ പ്രസ്ഥാനത്തിന് കഴിഞ്ഞത്. 

ഇത് സർഹിന്ദിയുടെ സംഘാടനമികവ് കൊണ്ട് തന്നെയായിരുന്നു. ഇന്ത്യക്ക് പുറത്തേക്കും അദ്ദേഹം തന്റെ പ്രതിനിധികളെ അയച്ചു. മധ്യേഷ്യയിലും പേർഷ്യയിലും സർഹിന്ദിയുടെ അനുയായികൾ പ്രബോധന രംഗത്തുണ്ടായിരുന്നു.

ബുർഹാൻ പൂരിൽ, തന്റെ പ്രധാന ശിഷ്യനായിരുന്ന മീർ അഹ്മദ് നുഅമാനാണ് പ്രചാരണത്തിന് നേതൃത്വം വഹിച്ചത്. അവിടെ സർഹിന്ദിയുടെ ശത്രുക്കൾ ശൈഖ് നുഅ്മാനെ തടഞ്ഞെങ്കിലും ധൈര്യപൂർവം അദ്ദേഹം പ്രവർത്തനം തുടങ്ങുകയും പർണശാല സ്ഥാപിക്കുകയും ചെയ്തു. 

അദ്ഭുതസിദ്ധി (കറാമത്) കാണിച്ച് ജനങ്ങളെ വിസ്മയിപ്പിക്കുന്നതിന് പകരം ശരീഅത്തിന്റെ പ്രബോധനം നിർവഹിക്കുകയാണ് വേണ്ടതെന്ന് സർഹിന്ദി എഴുതുന്നു.(മക്തൂബാതേ മഖാമാത്, 277)

സാധാരണക്കാർക്കും ഭരണാധി കാരികൾക്കും ഒരുപോലെ മതനിയമങ്ങൾ അധ്യാപനം ചെയ്യാൻ സർഹിന്ദി ശിഷ്യനെ ഉപദേശിച്ചു. ഭരണാധികാരികൾ ജനങ്ങളിൽ ശരീഅത് നിയമങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണ്. അവരതിന് തയാറാവുന്നില്ലെങ്കിൽ അത് സമുദായത്തിനും ഇസ്ലാമിനും വലിയ ആഘാതങ്ങളുണ്ടാക്കും (അതേ കൃതി). 

ഡക്കാനിലെ മുഗൾ ഗവർണർ അബ്ദുറഹീം ഖാനീ ഖാനാൻ, മീർ നുഅ്മാന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഖാനാനെ ജഹാംഗീർ ചക്രവർത്തി ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ അദ്ദേഹം മീറിന്റെ കൂടെ താമസിച്ച് പ്രാർത്ഥനകളിൽ മുഴുകി. ബുർഹാൻ പൂരിൽ മീർ നുഅ്മാന്റെ സാന്നിധ്യം വളരെ ആവശ്യമാണെന്ന് സർഹിന്ദി ഖാനാന് എഴുതുകയും ചെയ്തു. 

ഖാനാനെ ഡക്കാൻ ഗവർണറായിത്തന്നെ നിലനിർത്താൻ സർഹിന്ദി പ്രത്യേകം പ്രാർത്ഥിച്ചു. മീർ നുഅ്മാന്റെ സ്വാധീനം മൂലം ശത്രുക്കൾ അദ്ദേഹത്തിനെതിരെ ജഹാംഗീർ ചക്രവർത്തിയുടെ ചെവിയിൽ കള്ളക്കഥകൾ കേൾപ്പിച്ചു. ഒരു ലക്ഷത്തോളം ഉസ്ബെക്കുകൾ മീറിന്റെ ശിഷ്യത്വം സ്വീകരിച്ച് മുഗൾ സാമ്രാജ്യത്തിനെതിരെ യുദ്ധത്തിന് തയാറാവുന്നുണ്ടെന്ന് അവർ ജഹാംഗീറിനെ അറിയിച്ചു. 

ജഹാംഗീർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊട്ടാരത്തിൽ കൊണ്ടുവന്നു. വിചാരണ ചെയ്യാൻ ചക്രവർത്തി മുഹബ്ബത്ഖാനെ നിയോഗിച്ചു. ആരോപണങ്ങളിൽ സത്യമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ ചക്രവർത്തി മീറിനെ ബുർഹാൻ പൂരിലേക്ക് പോവരുതെന്ന ഉപാധിയിൽ സ്വതന്ത്രനാക്കി.

ആഗ്ര അക്കാലത്ത് മുഗൾ തലസ്ഥാനമാണ്. സർഹിന്ദി അവിടെ കേന്ദ്രമാക്കുക വഴി കൊട്ടാരത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. പട്ടാളക്കാരിലൂടെ തന്റെ സന്ദേശങ്ങൾ കൊട്ടാരത്തിലുള്ളവർക്ക് കൈമാറി. ശൈഖ് ബദീഉദ്ദീൻ സഹാറൻപൂരിയാണ് സർഹിന്ദിക്ക് വേണ്ടി ഈ പ്രവർത്തനങ്ങൾ നയിച്ചത്.


ഷർഖി സുൽതാൻമാരുടെ ആസ്ഥാനമായിരുന്ന ജോൻപൂരിലും സർഹിന്ദിയുടെ സന്ദേശമെത്തി. ഇവിടെ ശിഷ്യനായ ശൈഖ് താഹിർ ബാ ദക്ഷിയാണ് പ്രബോധനത്തിന് നേതൃത്വം നല്കിയത്. അലഹബാദിലേക്ക് ശിഷ്യൻ ശൈഖ് മുഹിബ്ബുല്ലയെ നിയോഗിച്ചു. 

ദിയോബന്ദിൽ പ്രബോധനത്തിന് നേതൃത്വം നൽകിയത് തന്റെ ഇഷ്ടശിഷ്യൻ ശൈഖ് അഹ്മദായിരുന്നു. ശൈഖ് അഹ്മദ് ബംഗാളിയെ ബംഗാളിലെ മാൾഡയിലേക്ക് നിയമിച്ചു. ബംഗാളിന്റെ മുഴുവൻ ഉത്തരവാദിത്തവും അദ്ദേഹത്തിനായിരുന്നു. 

ശൈഖ് നൂർ മുഹമ്മദ്, ശൈഖ് അബ്ദുൽ ഹയ്യ് എന്നിവർ പട്ന കേന്ദ്രമാക്കി ബിഹാർ പ്രവിശ്യയിൽ പ്രബോധനം നടത്തി. കശ്മീരിലേക്കും തന്റെ പ്രതിനിധികളെ അയച്ചു. 

ഒരിക്കൽ ജഹാംഗീർ ചക്രവർത്തി തന്നെ സർഹിന്ദിയെ കശ്മീരിലേക്ക് ക്ഷണിച്ചിരുന്നു. ഖാജാ മുഹമ്മദ് സഈദ്, ഖാജാ മുഹമ്മദ് മൗസൂം, ശൈഖ് ആദം ബനൂരി എന്നിവർ പഞ്ചാബിൽ സജീവമായിരുന്നു. ഖാജാ മുഹമ്മദ് സാദിഖാണ് ലാഹോറിൽ നഖ്ശബന്ദി പ്രബോധനം നടത്തിയത്

ഇസ്ലാമിക പണ്ഡിതൻമാരിൽ കർമകാണ്ഡ വിശാരദരും അധ്യാത്മ ജ്ഞാനികളും സൂഫികളും എല്ലാം പെടും. ഇവരാണ് കാലാകാലങ്ങളിൽ കാലത്തിനനുസരിച്ച് മതപ്രബോധനരീതി പുനരുദ്ധരിക്കേണ്ടത്. പ്രവാചകാധ്യാപനങ്ങൾക്ക് പുതുജീവൻ നൽകുക (ഇഹ്യാഉസ്സുന്ന) എന്നതാണ് പുനരുദ്ധാരണത്തിന്റെ ലക്ഷ്യം. 

നൂറ്റാണ്ടുകളിൽ ഏറ്റവും ഉത്തമം എന്റേതും പിന്നെ തുടർന്ന് വരുന്നവയുമാണ് എന്ന നബി ﷺവചനത്തിന്റെ (ബുഖാരി റഹ്) അടിസ്ഥാനത്തിൽ മുസ്ലിംകളുടെ എല്ലാ പ്രവർത്തനങ്ങളും ഏതുകാലത്തും ഉദ്ധരിക്കപ്പെടണം. 

അതേസമയം ഓരോ നൂറ്റാണ്ടിലും ദീനിനെ (മത) പുനരുദ്ധരിക്കാൻ അല്ലാഹു ﷻ ഒരാളെ നിയോഗിക്കുമെന്ന വചനമാണ് (അബൂദാവൂദ്, വാള്യം 2) ഇഹ്യാഉസ്സുന്ന എന്നതിന് പകരം പിൽക്കാലത്ത് തജ്ദീദ് എന്ന പദം ഉപയോഗിക്കാൻ പ്രേരണയായത്. എന്നാൽ തജ്ദീദ് എന്ന പദം പ്രചാരപ്പെട്ടത് ഈ ഹദീസ് വചന പ്രകാരമല്ലെന്നും ഈ വചനമുൾക്കൊള്ളുന്ന അധ്യായം അന്ത്യനാളിന് തൊട്ടുമുമ്പുള്ള ചില സംഭവങ്ങളെകുറിച്ചുള്ള വിവരണങ്ങളാണെന്നും വിമർശകർ. 

ശൈഖ് അഹ്മദ് സർഹിന്ദിയെ (റ) രണ്ടാം സഹസ്രാബ്ദത്തിലെ പുനരുദ്ധാരകൻ (മുജദ്ദിദേ അൽഫസാനി) എന്ന് വിശേഷിപ്പിച്ചപ്പോൾ മേൽവചനമാണ് അതിന് തെളിവായി ഉദ്ധരിച്ചിരുന്നത്.

സഹസ്രാബ്ദത്തെ കുറിച്ചുള്ള സർഹിന്ദിയുടെ വിശദീകരണം മഅ് വ മആദ് എന്ന കൃതിയിൽ നിന്ന് വായിക്കാം. യാഥാർത്ഥ്യങ്ങളുടെ (ഹഖായിഖ്) ശ്രേണികൾക്ക് ഈ കൃതിയിൽ സർഹിന്ദി തന്റേതായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്.

മുഹമ്മദ് നബി ﷺ യും സമുദായവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. പ്രവാചകന് (ﷺ) രണ്ട് വ്യക്തിത്വമുണ്ട് (തഅയ്യുൻ). ഒന്ന് ജൈവപ്രകൃതം, രണ്ട് ആത്മീയ പ്രകൃതം. ഇത് രണ്ടും മുഹമ്മദ് എന്ന പേരിലെ രണ്ടു മീമുകളെ സൂചിപ്പിക്കുന്നു. 

പ്രവാചകന്റെ (ﷺ) വിയോഗത്തോടെ ജൈവപ്രകൃതം ഇല്ലാതാവുകയും ആത്മീയ പ്രകൃതം കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ഒരു സഹസ്രാബ്ദം കഴിയുമ്പോൾ ഒരുമീം ഇല്ലാതാവുകയും അതിന് പകരമായി അലിഫ് കുടിച്ചേരുകയും മുഹമ്മദ് അഹ്മദായി രൂപാന്തരം പ്രാപിക്കുകയും ചെയ്യും. അലിഫ് ദൈവികതയെയാണ് (ഉലൂഹിയ്യത്) സൂചിപ്പിക്കുന്നത്. 

ജൈവികത അപ്രത്യക്ഷമാവുന്നതോടെ പ്രവാചകന്റെ (ﷺ) ആത്മീയത കൂടുതൽ പ്രശോഭിതമാവുകയും അതിന് ഉന്നതങ്ങളിലെത്താൻ കൂടുതൽ കഴിവ് കൈവരികയും ചെയ്യുന്നു. അതേസമയം സമുദായം മുഹമ്മദ് നബിﷺയുടെ ജൈവീകതയിൽ നിന്നുള്ള മാർഗദർശനം ലഭിക്കാതെ വിഷമിക്കുന്ന ഒരവസ്ഥ സംജാതമാവും. അതു കൊണ്ടാണ് അവിശ്വാസവും (കുഫ്റ്), പുത്തൻ ചിന്തകളും (ബിദ്അത്) ഉടലെടുക്കുന്നത്. ഇസ്ലാമിനും സമുദായത്തിനും അതോടെ മങ്ങലേൽക്കും.

ഏറ്റവും നല്ല കാലം പ്രവാചകന്റേതും (ﷺ) പിന്നെ അതിന് അടുത്തുവരുന്ന കാലങ്ങളുമാണ്. എന്നാൽ നല്ലൊരു കാലത്തേക്ക് മടങ്ങാനാവില്ലെന്ന് പറയുന്നത് ശരിയല്ല. പ്രവാചകന്റെ (ﷺ) ജൈവികത തീരെ അപ്രത്യക്ഷമാവുകയും, ഇസ്ലാം പരമാവധി മങ്ങിപ്പോവുകയും ചെയ്യുമ്പോൾ ഇസ്ലാമിന്റെ ഉയിർത്തെഴുന്നേല്പ് വരും. ഇസ്ലാം അസാധാരണത്വത്തോടെയാണ് (ഗരീബൻ) വരിക. എന്നിട്ട് ആദ്യാവസ്ഥയിലേക്ക് തന്നെ തിരിച്ചു പോവും.(മക്തൂബാത്, 3, 173)

ഇസ്ലാമിന് ഏറ്റവും മങ്ങലേറ്റ സമയമാണ് സഹസ്രാബ്ദത്തിന്റെ അവസാനമെന്നും അതുകൊണ്ട് ഒരു തിരിച്ചു വരവുണ്ടാവുമെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഇസ്ലാം അപൂർവമായി കഴിഞ്ഞെന്നും മുസ്ലിംകൾ സാധാരണക്കാരായി മാറിയെന്നും, ദൈവഭക്തൻമാർ മാത്രം അവശേഷിക്കുന്ന കാലമായെന്നും സർഹിന്ദി പറഞ്ഞു.


ഇക്കാലത്ത് അവഗണിക്കപ്പെട്ട നബിചര്യയെ വീണ്ടെടുക്കുന്നവൻ സന്തോഷവാനായിരിക്കും. ജനങ്ങൾ ഏറ്റവും മോശമായ അവസ്ഥയിലാവുന്ന സമയത്താണ് അന്ത്യനാൾ വരികയെന്നതിനാൽ അതിന് സമയമായിരിക്കുന്നു. (മക്തൂബാത് 4. 24-55)

ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട് മഹ്ദിയുടെ വരവ് അറിയിച്ചിരിക്കയാണ്. ഇക്കാലത്ത് ഒരാൾക്ക് ഒരു പ്രത്യേക ചുമതലയുണ്ട്. അയാൾ നബിചര്യ തിരിച്ചുകൊണ്ടുവരും. ഒപ്പം ശരിയായി കണക്കാക്കുന്ന പുതിയ കാര്യങ്ങൾ (ബിദ്അത് ഹസനാത് കൂടി വേണ്ടെന്ന് വയ്ക്കും(2,38). അങ്ങനെയുള്ള അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുവരുന്നതിന് അവ തരിച്ചയാളാണ് താനെന്ന് സർഹിന്ദി ഉറച്ചു വിശ്വസിച്ചു.

മകൻ മുഹമ്മദ് സാദിഖിനെഴുതിയ കത്തിലാണ് മുജദ്ദിദ് (പുനരുദ്ധാരകൻ) എന്ന പദം സർഹിന്ദി ആദ്യം ഉപയോഗിക്കുന്നത്. അജ്ഞാനയുഗത്തിൽ പ്രവാചകൻ പ്രത്യക്ഷപ്പെട്ട് ശരീഅത് കൊണ്ടുവരുന്നതിനെ കുറിച്ചാണ് അദ്ദേഹം കത്തിൽ പറയുന്നത്. എന്നാൽ ഇസ്ലാമിക സമൂഹത്തിൽ തിരുനബി ﷺ അവസാനത്തെ പ്രവാചകനായതിനാൽ മറ്റൊരു പ്രവാചകനെ പ്രതീക്ഷിക്കുക വയ്യ. ഉലമകളാണ് ഈ കർത്തവ്യം നിർവഹിക്കേണ്ടത്. അവരാണ് പ്രവാചകൻമാരുടെ അനന്തരഗാമികൾ. ഇവരുടെ ചുമതല പുതിയ ശരീഅത്ത് കൊണ്ടു വരികയല്ല; മറിച്ച് അവഗണിക്കപ്പെടുന്ന മുഹമ്മദീയ ശരീഅത്തിനെ പുനരുദ്ധരിക്കലാണ്. 

പ്രവാചകനുശേഷം ﷺ ആയിരം വർഷം കഴിഞ്ഞ സ്ഥിതിക്ക് ഒരു പുനരുദ്ധാരകൻ ആവശ്യമായി വന്നിരിക്കുന്നു. അദ്ദേഹം സാധാരണ പണ്ഡിതനായാൽ പോരാ. അധ്യാത്മ ജ്ഞാനത്തിലും കർമകാണ്ഡത്തിലും ഇസ്ലാമികമായ മറ്റു വിഷയങ്ങളിലും അവഗാഹമുള്ളയാളാകണം.(ആലിമേ ആരിഫീ താമ്മൽ മആരിഫ) (1,225).

"മഴ പോലെയാണ് എന്റെ സമുദായം, അതിന്റെ ആദ്യമാണോ നല്ലത് അവസാനമാണോ നല്ലത് എന്ന് പറയാനൊക്കില്ല' എന്ന നബിവചനം ഉദ്ധരിച്ചുകൊണ്ട് ഇസ്ലാമിനെ ആയിരം വർഷത്തിന്റെ കാലഗണനയിൽ നിറുത്തുകയാണ് സർഹിന്ദി. ഇതിന്റെ അവസാനത്തിൽ ഒരു മുജദ്ദിദ് വന്ന് പുതിയ ഘട്ടം ആരംഭിക്കുന്നു. 

പ്രവാചകന്റെ ﷺ പ്രബുദ്ധത പ്രവാചകത്വത്തിലുടെയല്ലെങ്കിലും മറ്റൊരു വിധത്തിൽ ഒരു ജ്ഞാനിയിൽ കുടികൊള്ളുന്നുണ്ട്. അദ്ദേഹമാണ് പുനരുദ്ധാരകനായി വരിക. കാരണം ഉലമ പ്രവാചകൻമാരുടെ അനന്തരഗാമികളാണ് എന്നത് തന്നെ(1,229). 

ഈ പുനരുദ്ധാരകനാണ് മുജദ്ദിദ്, മുജദ്ദിദ് പ്രവാചകനല്ല; മറിച്ച് പ്രവാചകന്റെ അധ്യാപനങ്ങളിൽ നിന്ന് വെളിച്ചം ലഭിച്ച് പ്രവാചകനിലേക്ക് സമുദായത്തെ നയിക്കുന്നവനാണ്. ഈ പദവി സാധാരണ കർമജ്ഞർക്കോ, സൂഫികൾക്കോ ഉണ്ടാവില്ല. ഇത് നിരന്തരമായ ഉപാസനയിലൂടെ ലഭിക്കുന്നതാണ്.

ഇബ്റാഹീം നബിയും (അ) മുഹമ്മദ് നബിﷺയും തമ്മിലുള്ള ആത്മീയ ബന്ധമാണ് മുഹമ്മദീയ അധ്യാത്മികതയുടെ ശക്തി. സൂഫികളുടെ സ്നേഹബന്ധം (ഖില്ല) ഇതാണ്. ഈ ബന്ധമാണ് സ്നേഹത്തിന്റെ പാരമ്യം. ഇതാണ് ലോകമുണ്ടാവാനും അത് നിലനിൽക്കാനുമുള്ള പ്രേരക ശക്തി. 

ഈ സ്നേഹം ആദ്യം ഖലീലുല്ലാഹ് ഇബ്റാഹീമിലാണ് കുടി കൊണ്ടിരുന്നത്. ഇതാണ് ഇബ്റാഹിമിനെ സമുദായത്തിന്റെ നേതൃത്വത്തിലെത്തിച്ചത്. മുഹമ്മദ് നബിﷺയോട് പോലും ഇബ്റാഹീമിനെ അനുഗമിക്കാനാണ് പറയുന്നത്.(ഖുർആൻ 16,23)

ഇബ്റാഹീമി വിലായ ഒരു ഗോളത്തിന്റെ പുറം ഭാഗവും മുഹമ്മദീ വിലായ ആ ഗോളത്തിന്റെ തന്നെ മധ്യ ബിന്ദുവുമാണ്. ഇസ്ലാമിന്റെ നഷ്ടപ്പെട്ട പ്രഭ വീണ്ടെടുക്കാൻ സമുദായത്തിനകത്തു നിന്നു തന്നെ ഒരു ജ്ഞാനി മേൽവഴിക്ക് ധ്യാനനിരതനാവണം. അപ്പോഴാണ് മുഹമ്മദീയ യാഥാർത്ഥ്യം തിരിച്ചുകൊണ്ടു വരാനാവുക. 

പ്രപഞ്ചത്തിൽ ഒളിഞ്ഞുകിടക്കുന്ന മുഹമ്മദീയ വെളിച്ചത്തെ തിരിച്ചു കൊണ്ടുവരികയാണ് ഒരു മുജദ്ദിദിന് നിർവഹിക്കാനുള്ള കർത്തവ്യം. അതോടെ മുഹമ്മദീയമാർഗം സമുദായത്തിന് വീണ്ടും വെളിച്ചം പകർന്നുകൊണ്ടിരിക്കും. (3/166-169). 

സർഹിന്ദിയുടെ ചില ചിന്തകൾ അന്നത്തെ പണ്ഡിതൻമാരിൽ വിവാദങ്ങൾക്ക് വഴിവച്ചുവെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾ തങ്ങളുടെ ഗുരു രണ്ടാം സഹസ്രാഹബ്ദത്തിന്റെ പുനരുദ്ധാരകനാണെന്ന് ന്യായമായും വിശ്വസിച്ചു. മറ്റു പല സൂഫികളെയും പോലെ താൻ അല്ലാഹുﷻവിനാൽ നിയോഗിതനാണെന്ന് സർഹിന്ദിയും ഉറച്ചു വിശ്വസിച്ചു. 

മറ്റെല്ലാ സൂഫികളെക്കാളും കൂടുതലായി അല്ലാഹു ﷻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് വെളിപാടിലൂടെ ബോധ്യം വന്നു. സൂഫികളുടെ അവരോഹണ സിദ്ധാന്തം (നുസൂൽ) എങ്ങനെയെന്ന് മറ്റ് സൂഫികളുടേതിനെക്കാൾ തനിക്ക് അറിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.


വചന ശാസ്ത്രത്തിൽ (ഇൽമുൽ കലാം) തനിക്ക് ഒരു മുജ്തഹിദിന്റെ പദവി ലഭിച്ചതായി അദ്ദേഹം സ്വപ്നത്തിൽ ദർശിച്ചു. അതോടൊപ്പം ഗുരു ശിഷ്യന് എഴുതിക്കൊടുക്കുന്ന പോലെ ഒരു സമ്മതപത്രവും (ഇജാസ) സ്വപ്നത്തിലൂടെ ലഭിച്ചുവത്രേ (3/196-8). 

വർഷങ്ങളുടെ ധ്യാനഫലമായി തനിക്ക് ആത്മീയമായ കഴിവുകൾ വർധിച്ചിട്ടുണ്ടെന്ന് സർഹിന്ദിയുടെ മനസ്സ് മന്ത്രിച്ചു. തനിക്കും അനുയായികൾക്കും ജനങ്ങളിൽ കൂടുതൽ സ്വാധീനം കിട്ടിത്തുടങ്ങി.

ശിഷ്യൻ സാലിഹ് കുലാബിക്കെഴുതിയ കത്തിൽ സർഹിന്ദി തന്റെ അനുഭവങ്ങൾ വിവരിക്കുന്നതിങ്ങനെ ഞാൻ അല്ലാഹുﷻവിന്റെ ആശ്രിതനാണ് (മുരീദുല്ലാഹ്); ആശയുമാണ് (മുറാദുല്ലാഹ്). അല്ലാഹുﷻവുമായുള്ള എന്റെ ബന്ധത്തിന്റെ ചങ്ങലക്ക് (സിൽസില) ഒരു മാധ്യസ്ഥനുമില്ല. ഞാൻ മുഹമ്മദ് നബിﷺയുടെ അനുയായിയാണ്. ഈ ബന്ധം പല മാധ്യസ്ഥൻമാരി(ഗുരുക്കന്മാർ) ലൂടെയുമുള്ളതാണ്.

നഖ്ശബന്ദി മാർഗത്തിൽ മാധ്യസ്ഥൻമാർ ഇരുപത്തൊന്ന് പേരാണ്. ഖാദിരി മാർഗത്തിൽ ഇരുപത്തഞ്ചും ചിശ്തി മാർഗത്തിൽ ഇരുപത്തേഴും മാധ്യസ്ഥൻമാരുണ്ട്. ആത്മീയതയെന്ന ഈ സമ്പത്തിന്റെ മേശയിൽ ഞാൻ പ്രവാചകന്റെ സമീപത്തിരിക്കുന്ന ഒരു ആശ്രിതനാണ്. എന്നാൽ ക്ഷണിക്കാതെ വന്നവനല്ല, ഞാനൊരു അനുയായി ആണെങ്കിലും എനിക്ക് പങ്കാളിത്തമുണ്ട്. ഞാനൊരു സാധാരണ വിശ്വാസിയാണെങ്കിലും പ്രവാചകനുമായുള്ള ആത്മീയതയിൽ എനിക്കൊരു പങ്കുണ്ട്. 

പക്ഷേ ഈ പങ്കുവയ്ക്കൽ തുല്യാടിസ്ഥാനത്തിലല്ല; അങ്ങനെയാവുമ്പോൾ അത് അവിശ്വാസമായി തീരും. ഇത് യജമാനനും അടിമയും തമ്മിലുള്ള പങ്കുവയ്ക്കാണ്. അവൻ വിളിക്കാതെ ഈ സമ്പത്തിന്റെ മേശക്കരികിലേക്ക് ഞാൻ വരില്ല. അവന്റെ ഇഷ്ടമറിയാതെ ഞാൻ ഈ സമ്പത്തിലേക്ക് എന്റെ കരം നീട്ടുകയില്ല.

നഖ്ശബന്ദി മാർഗത്തിൽ ബാഖി ബില്ലാഹിയാണ് എന്റെ ദർശകൻ എങ്കിലും എന്റെ നിർദേശങ്ങൾ അനശ്വരനായ (ബാഖി) ദൈവത്തിൽ നിന്നാണ്. അവന്റെ മഹത്വം ഏറ്റവും ഉന്നതമാണ്. അവന്റെ വെളിച്ചം സർവ വ്യാപിയാണ്. എന്റെ ഏതു നിർദേശവും അവന്റെ അനുഗ്രഹത്തിൽ നിന്നാണ്. ഞാൻ തിരഞ്ഞെടുക്കപ്പെട്ടവന്റെ മാർഗത്തിലാണ്. 

കാരുണ്യവാന്റെ നിർദേശപ്രകാരമാണ് എന്റെ കണ്ണി (സിൽസില). കാരണം ഞാൻ കാരുണ്യവാന്റെ അടിമയാണ്. അനുഗ്രഹമാണ് അവന്റെ മഹത്വം. അവന്റെ അത്യുദാരതയും സത്തയും സർവവും വ്യാപിച്ചിരിക്കുന്നു. എന്റെ ദർശകൻ കാരുണ്യവാനാണ്. എന്റെ മാർഗം പരിശുദ്ധനുമായി ബന്ധപ്പെട്ടതാണ് (സുബ്ഹാനി). അവന്റെ നാമങ്ങളും വിശേഷണങ്ങളും ഞാൻ തരണം ചെയ്തിരിക്കുന്നു. ഞാൻ തേടുന്നത് അവന്റെ സത്തയാണ്. 

ഞാനുദ്ദേശിക്കുന്ന സുബ്ഹാനി അബൂയസീദ് ബിസ്താമിയുടെ (റ) സുബ്ഹാനിയല്ല. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. ബിസ്താമിയുടെ സുബ്ഹാനി ആത്മാവിന്റെ വലയത്തിനപ്പുറം പോയിട്ടില്ല. എന്റേത് ആത്മാവുകൾക്കും പ്രപഞ്ചത്തിനുമപ്പുറമുള്ളതാണ്.(ഖുർആൻ 41/53). 

അത് തൻസീഹിൽ പൊതിഞ്ഞ തസ്ബീഹ് ആണ്. ഇത് രണ്ടും ദൈവത്തിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട രണ്ട് വ്യവസ്ഥകളാണ്. തൻസീഹ് സൃഷ്ടികളിൽ നന്നുള്ള ഈശ്വരന്റെ അതുല്യത ബോധ്യപ്പെടുത്തലാണ്. തസ്ബീഹ് എന്നത് സൃഷ്ടികളോടുള്ള അടുപ്പം ബോധ്യപ്പെടുത്തുന്നതിനെ കുറിച്ചുള്ള പദമാണ്.

തസ്ബീഹിന്റെ ഒരണു പോലും തൊടാത്ത തൻസീഹാണിത്. കാരുണ്യവാനായ അല്ലാഹു ﷻ എനിക്കുവേണ്ടി കാര്യങ്ങൾ തീരുമാനിക്കുന്നു. (മുഅദ്ദാത്). അവന്റെ അനുഗ്രഹം തന്നെയാണ് അതിലെ പ്രധാന ഘടകം. ഞാനവരെയൊന്നും ആശ്രയിക്കുന്നുമില്ല. ഞാൻ ദൈവപ്രോക്തനാണ്. (മുറബ്ബിയേ ഇലാഹി). അവന്റെ അതിരില്ലാത്ത അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും ഫലത്തിൽ തിരഞ്ഞെടുക്കപ്പെട്ടവനാണ്. (3,145-14സർഹിന്ദിക്ക് സ്വയം അനുഭവപ്പെട്ട കാര്യങ്ങളാണ് മേൽപറഞ്ഞത്. ഇത് ഏതവസ്ഥയിൽ സംജാതമായി എന്ന് പറയാൻ വയ്യ. ഇത്തരം പ്രസ്താവങ്ങൾ തനിക്ക് ശത്രുക്കളെ സൃഷ്ടിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഇതിനൊക്കെ വെളിപാടുകളിലൂടെ എനിക്ക് മറുപടി പറയാൻ കഴഞ്ഞുവെന്നും സർഹിന്ദി എഴുതുന്നുണ്ട്. തന്നെ ചോദ്യം ചെയ്യുന്നവരുടെ വിവരമില്ലായ്മയും വിഡ്ഢിത്തവും അദ്ദേഹം വെളിപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. 

അതേസമയം മറ്റുള്ളവർ ചെയ്യുന്നതുപോലെ പുതിയതായ ഒരു ചര്യകളെയും (ബിദ്അത്ത്) അദ്ദേഹം അംഗീകരിക്കുന്നില്ല. പ്രവാചകത്വം അവസാനിച്ചുവെങ്കിലും പ്രവാചകന്റെ ഉത്തമരായ അനുയായികൾ ആ ദൗത്യത്തെ പരിപൂർണമാക്കിക്കൊണ്ടിരിക്കും. (2,16-17)

അബുൽ ഫസലിന് സർഹിന്ദിയോട് വളരെ മതിപ്പായിരുന്നു. എന്നാൽ പാരമ്പര്യ പണ്ഡിതൻമാരെയും സൂഫികളെയും വിമർശിക്കുമായിരുന്നു അബുൽ ഫസൽ


ഒരിക്കൽ ഇമാം ഗസാലിയെ (റ) അബുൽ ഫസൽ വിമർശിച്ചതിന്റെ പേരിലാണ് രണ്ടുപേരും പിണങ്ങിയത്. അബുൽ ഫസൽ മാപ്പ് ചോദിച്ചതിന് ശേഷമാണ് വീണ്ടും അടുത്തത്. 

പ്രവാചകത്വത്തെ സംബന്ധിച്ച ഒരു കൃതിയും ഇക്കാലത്ത് രചിച്ചു. ഈ കൃതിയിൽ അക്ബർ ചക്രവർത്തിയെ വിമർശിക്കുന്നതിൽ ഒരു പിശുക്കും സർഹിന്ദി കാണിക്കുന്നില്ല. ഇക്കാലത്ത് പ്രവാചകത്വവും ശരീഅത്തും ഇല്ലാതാവുകയാണെന്ന് അദ്ദേഹം പരിതപിക്കുന്നു. 

പ്രവാചകൻമാരോട് കറയറ്റ അനുസരണവും ശരീഅത്തിനോട് കണിശമായ അടുപ്പവും കാണിച്ചതിന്റെ പേരിൽ ഇക്കാലത്ത് ഒരു ഏകാധിപതി പലരെയും പീഡിപ്പിക്കുകയാണെന്ന് കൃതിയിൽ അദ്ദേഹം പറയുന്നു. ചോദ്യം ചെയ്യപ്പെടാത്ത ചക്രവർത്തിയുടെ കൺമുമ്പിലിരുന്നുകൊണ്ടാണ് സർഹിന്ദി ഈ വിമർശനം കൊടുത്തുവിടുന്നത്.

കൊട്ടാരത്തിനകത്ത് മുഹമ്മദ് എന്ന പേര് തന്നെ ഉച്ചരിക്കാൻ പാടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രവാചകത്വം ആത്മീയയാത്രയുടെ ഒരു പ്രധാന ഘട്ടമാണെന്നും അത് മോക്ഷമാണ് ലക്ഷ്യമാക്കുന്നതെന്നും, കേവലം ജനങ്ങളെ നയിക്കുകയല്ല അതിന്റെ ലക്ഷ്യമെന്നും സർഹിന്ദി സമർത്ഥിക്കുന്നു.

ഇസ്മതുന്നുബുവ്വയിൽ പ്രവാചകത്വത്തിന്റെ ബാഹ്യകാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും സർഹിന്ദി വിവരിക്കുന്നത്. എന്നാൽ പ്രവാചകത്വത്തിന്റെ ആത്മീയവശങ്ങളെ കുറിച്ച് മക്തൂബാതിൽ വിശദമാക്കുന്നു. പ്രവാചകത്വത്തിന്റെ ആത്മീയാനുഭവങ്ങളും വിലായത്തു (അധ്യാത്മികത) മായും സൃഷ്ടിയും സ്രഷ്ടാവുമായുമുള്ള ബന്ധങ്ങളെ കുറിച്ചും വിവരണങ്ങൾ കാണാം. 

നഖ്ശബന്ദി മാർഗത്തിൽ ചേരുന്നതിനുമുമ്പാണ് ഇസ്മത് എഴുതിയത്. പ്രവാചകത്വത്തെ കുറിച്ച് അദ്ദേഹം പറയുന്നത് അത് ദൈവം നിശ്ചയിച്ചതാണെന്നും അതിന് നിരന്തരമായ ധ്യാനത്തിന്റെ ആവശ്യമില്ലെന്നുമാണ്. എന്നാൽ തസ്വവ്വുഫ് നിരന്തര ധ്യാനത്തിന്റെ ഭാഗമാണ്. മുഹമ്മദ് നബി ﷺ പ്രവാചകത്വത്തിന്റെ പാരമ്യമാണെങ്കിൽ തസ്വവ്വുഫിന്റെ പാരമ്യം ഹസ്രത് അലിയിലാണ് (റ) എത്തിച്ചേരുന്നത്.

മുഹമ്മദ് നബിﷺയിൽ പ്രവാചകത്വം അവസാനിക്കുന്നുവെങ്കിൽ തസ്വവ്വുഫ് അലിക്ക് (റ) ശേഷം പുത്രൻമാരിലേക്കും അവിടെ നിന്ന് ഇമാമുകളിലേക്കും നീങ്ങിക്കൊണ്ടിരിക്കും. ആത്മീയമായ യാത്ര നാല് ഘട്ടങ്ങളിലൂടെ കടന്നുപോവണം: ഫനാ (ആത്മനാശം), അല്ലാഹുﷻവിലേക്കുള്ള യാത്ര (സൈർ ഇലല്ലാഹ്), മുംകിനാത് (സാധ്യമായ എല്ലാ സൗകര്യങ്ങളെയും ത്യജിക്കൽ), വാജിബ് (അനിവാര്യമായ കേന്ദ്രത്തിൽ അല്ലാഹുﷻവിന്റെ ജ്ഞാനത്തിൽ എത്തിപ്പെടൽ) എന്നിവ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു.

രണ്ടാം ഘട്ടം ബഖാ, (ദൈവത്തിൽ അവശേഷിക്കൽ), സൈർ ഫില്ലാഹി (ദൈവത്തിൽ സഞ്ചരിക്കൽ) എന്നിവ ഉൾപ്പെടുന്നു. ഈ അവസ്ഥകൾ വർണനാതീതമാണ്. 

മൂന്നാം ഘട്ടം അല്ലാഹു ﷻ വിലൂടെ അല്ലാഹുﷻവിലെത്തലാണ് (സൈർ ഇലല്ലാഹ് ബില്ലാഹി). ഇവിടെ സൂഫി, വീണ്ടും മുംകിനാതിലേക്ക് (സാധ്യതാ ലോകം) ഇറങ്ങുന്നു. 

നാലാം ഘട്ടത്തിൽ പ്രതിഭാസങ്ങളിലൂടെയുള്ള യാത്രയാണ് (സൈർ ദർ അയാഅ്). ഇവിടെ സൂഫി ലോകത്തെക്കുറിച്ച് തനിക്ക് നഷ്ടപ്പെട്ട വിവരങ്ങൾ വീണ്ടും ആർജിക്കുന്നു. 

ഒന്നും രണ്ടും ഘട്ടങ്ങൾ തസ്വവ്വുഫുമായി ബന്ധപ്പെട്ടതാണ്. മൂന്നും നാലും ഘട്ടങ്ങൾ പ്രവാചകത്വവുമായി ബന്ധപ്പെട്ടതും. ഈ ഘട്ടം പ്രവാചകനെ പൂർണമായി അനുധാവനം ചെയ്യുന്നവർക്ക് പങ്കു വയ്ക്കാവുന്നതാണ്. ഇത് പ്രബോധനത്തിന്റെ ഘട്ടം കൂടിയാണ്.(1,150-1). 

പ്രവാചകരുടെ വഹ്യ് (വെളിപാട്), സൂഫികളുടെ പ്രചോദനം (ഇൽഹാം) എന്നിവയെ സർഹിന്ദി താരതമ്യപ്പെടുത്തുന്നുണ്ട്. വഹ്യ് എന്നതിൽ തെറ്റ് സംഭവിക്കില്ല. എന്നാൽ ഇൽഹാമിൽ തെറ്റ് സംഭവിക്കാം. ഏറ്റവും ഉന്നതരായ സൂഫികളും പ്രവാചകൻമാരും യാഥാർത്ഥ്യത്തെ പ്രാപിക്കുന്നവരാണ്. പ്രവാചകൻ മിതശീലനായിരി(സഹ്വ്)ക്കും, സൂഫി മദോൻമത്തനാ (സുക്ര്)യിരിക്കും. പ്രവാചകൻമാർ പൂർണമായും യാഥാർത്ഥ്യത്തെ പ്രാപിച്ചതിനാൽ അവർക്ക് പൂർണമായി തന്നെ ജനങ്ങളിൽ പ്രബോധനം ചെയ്യാൻ കഴിയും.(ദഅ്വതുൽ ഖൽഖ്)

എന്നാൽ സൂഫികൾ അങ്ങനെയല്ലാത്തതിനാൽ അവർ ബാഹ്യമായി പ്രബോധനം ചെയ്യുമ്പോൾ തന്നെ ആത്മീയമായി ദൈവത്തെ പ്രാപിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. ഇക്കാരണത്താൽ സൂഫിയുടെ ഊർജം ചോർന്നു പോയിക്കൊണ്ടിരിക്കും. അവന്റെ അനുഭവങ്ങൾ തൃപ്തികരമായിത്തീരുകയുമില്ല. (1,291)

ആത്മീയാവരോഹണം (നുസൂൽ) സംബന്ധിച്ച് പുതിയ നിർവചനങ്ങൾ സർഹിന്ദി തരുന്നുണ്ട്. ഉറൂജ് (ആത്മീയാരോഹണം), നുസൂൽ എന്നീ സൂഫീ സംജ്ഞകളെ കുറിച്ച് തന്റേതായ വിശദീകരണമാണ് അദ്ദേഹം നല്കുന്നത്. ഇതിലൂടെ പ്രവാചകത്വത്തിന് സൂഫിസത്തിന്റെ മേലുള്ള പ്രാധാന്യം അദ്ദേഹം വിവരിക്കുന്നു. ജനങ്ങളിലേക്ക് തിരിഞ്ഞ് പ്രബോധനം നിർവഹിക്കുന്ന പ്രവാചകൻമാർ യഥാർത്ഥത്തിൽ ദൈവത്തെ തന്നെയാണ് ദർശിക്കുന്നതും ദൈവത്തിലേക്ക് തന്നെയാണ് തിരിയുന്നതും. എവിടെ തിരിഞ്ഞാലും അവിടെ അല്ലാഹു ﷻ വിന്റെ സത്തയുണ്ട് എന്ന വാക്യം (2/125) സർഹിന്ദി ഇവിടെ അനുസ്മരിക്കുന്നു.


സംസ്കരണം ആവശ്യമായ ഘട്ടത്തിലാണ് മുജദ്ദിദായി സർഹിന്ദി വരുന്നത്. അതിന് താൻ ദൈവത്താൽ നിയുക്തനാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും ചെയ്തു. മതത്തെ അകലെ നിറുത്തിയ അക്ബർ ചക്രവർത്തിയുടെ കാലത്ത് സമുദായത്തിന് സംഭവിച്ച മതപരമായ പതനത്തിൽ നിന്ന് സമുദായത്തെ രക്ഷപ്പെടുത്തി ഇസ്ലാമിനെ പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്.

അതിനുവേണ്ടി അദ്ദേഹം ഭരണകർത്താക്കളോട് നിരന്തരം ബന്ധം പുലർത്തി. ജഹാംഗീർ ചക്രവർത്തിയുമായി നേരിട്ട് തന്നെ ബന്ധപ്പെട്ടു. ചിശ്തികളിൽ നിന്ന് ഭിന്നമായ സമീപനമായിരുന്നു ഇത്. ചിശ്തികൾ ഭരണാധികാരികളോട് ബന്ധപ്പെടുന്നത് മഹാപാപമായാണ് ഗണിച്ചിരുന്നത്. 

എന്നാൽ നഖ്ശബന്ദികൾ മറിച്ചായിരുന്നു. കൊട്ടാരത്തിനകത്തെ ഇസ്ലാമിക കാര്യങ്ങളിൽ അവർ ഇടപെടുമായിരുന്നു. മംഗോളിയരെ ഇസ്ലാമിലേക്ക് കൊണ്ടുവന്നത് നഖ്ശബന്ദികളാണ്. മുഗളർ നഖ്ശബന്ദികളുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിച്ചിരുന്നു. പല മുഗൾ ഭരണാധികാരികളും ഇവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

എന്നാൽ സർക്കാർ ജോലി സ്വീകരിക്കുന്നതിൽ നിന്ന് ശൈഖ് സർഹിന്ദി സൂഫികളെ പിന്തിരിപ്പിക്കുന്നതുകാണാം: സിംഹത്തിന്റെ മുമ്പിൽ നിന്ന് ഓടുന്നതിനെക്കാൾ വേഗത്തിൽ നിങ്ങൾ സർക്കാർ ജോലികളിൽ നിന്ന് ഓടിയകലുക; അവർ വധിച്ചുവെന്നാലും അത് ഈ ലോകത്തെ മരണം മാത്രമാണ്; പരലോകത്ത് അത് ഗുണം ചെയ്തേക്കാം. 

ഭരണാധികാരികളുമായുള്ള ബന്ധം പരലോകത്ത് അപമാനമുണ്ടാക്കുമെന്നും അവരുമായുള്ള സഹവാസവും, അവരുടെ സ്നേഹവും, ഭക്ഷണവും, അവർ കാണുന്നതും കരുതിയിരിക്കണമെന്നും ഉള്ള മുൻകാല സൂഫികളുടെ വചനങ്ങൾ അദ്ദേഹം പല അവസരത്തിലും ആവർത്തിക്കുന്നതുണ്ട്. (1,148-149). 

ശിഷ്യൻമാർ പലരും ഭരണകൂടവുമായി ബന്ധപ്പെടുന്നതും, പട്ടാളത്തിൽ ചേരുന്നതും അദ്ദേഹത്തെ അലോസരപ്പെടുത്തിയെന്ന് സിദ്ദീഖ് ബാദക്ഷിക്കെഴുതിയ കത്തിൽ സർഹിന്ദി പരിതപിക്കുന്നു (1,145). 

മക്തൂബാതിന്റെ ആദ്യവാള്യത്തിലെ ഒരു കത്തിൽ ഭരണാധികാരികളുമായി ഇടപെടുന്നത് പാപമാണെന്ന് സർഹിന്ദി ബഹാഉദ്ദീൻ എന്നയാളെ ഉപദേശിക്കുന്നുണ്ട്. 

തന്റെ ശിഷ്യൻ എല്ലാ വരുമാന മാർഗങ്ങളുമുണ്ടായിട്ടും സൈന്യത്തിൽ ചേർന്നതിനെ നിശിതമായി സർഹിന്ദി വിമർശിക്കുന്നു (1,145)

ശിഷ്യൻ മെറെസ് ഖാൻ സൂഫിമാർഗം വിട്ട് പട്ടാളത്തിൽ ചേർന്നതും തന്റെ പ്രതിഷേധത്തിനിടയാക്കുന്നു. ഖാൻ പരലോക അനുഗ്രഹം വിട്ട് ഈ ലോകത്തെ പുൽകിയിരിക്കുന്നു. അയാൾ പാഞ്ച് ഹസാരി (പട്ടാളത്തിലെ പദവി) പദവിയിലോ, ഹഫ്ത് ഹസാരി പദവിയിലോ എത്തിയിട്ടെന്ത് കാര്യം?(3,92-3). 

അതേസമയം ഇസ്ലാമിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സർഹിന്ദി തന്നെ ഭരണാധികാരികളുമായി ഇടപെട്ടിരുന്നു. ജഹാംഗീറിനോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. ഇത് ഇസ്ലാമിനെ ശക്തിപ്പെടുത്താനുള്ള ഉപദേശകൻ എന്ന നിലക്ക് മാത്രമാണെന്ന് അദ്ദേഹം ന്യായീകരിച്ചതും കാണാം. 

പ്രഭുക്കളുമായി ബന്ധപ്പെട്ട് തന്റെ ഭജനമന്ദിരത്തിലേക്ക് സംഭാവനകൾ പിരിച്ചതും കാണാം. അദ്ദേഹത്തിന്റെ അഞ്ഞൂറിലധികം കത്തുകളിൽ എഴുപതിൽ താഴെ കത്തുകൾ മാത്രമാണ് ഭരണരംഗത്തുള്ളവർക്കെഴുതിയത്. അവയിൽ ഒട്ടുമുക്കാലും ഇസ്ലാമിക കാര്യങ്ങളെ കുറിച്ചാണ് താനും. ചില കത്തുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള ശുപാർശകളാണ്. 

സർക്കാർ സർവീസുകളിൽ ജ്ഞാനമുള്ളവരെ നിയമിക്കണമെന്നും അദ്ദേഹം എഴുതുന്നുണ്ട്. ചിലർക്ക് സ്റ്റൈപന്റിനും പെൻഷനും വേണ്ടി ശുപാർശക്കത്തുകൾ എഴുതിയിട്ടുണ്ട്. ചില പട്ടണങ്ങളിൽ ഖാളിയില്ലാത്ത കാര്യം പരാതിയായി എഴുതുന്നുണ്ട്. സർഹിന്ദിൽ തന്നെ ഖാളിയെ നിയമിക്കാത്തതിനാൽ നാട്ടിൽ പല പ്രശ്നങ്ങളും തലപൊക്കുന്നുവെന്നും ഒരു കത്തിൽ പറയുന്നു. 

സ്റ്റൈപന്റിനർഹരായ ആളുകൾക്ക് അത് കിട്ടാത്തതിനെ കുറിച്ച് പറയുന്നുണ്ട്. ചിലരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പല ഉപദേശങ്ങളും അവഗണിക്കപ്പെട്ടതായാണ് കാണുന്നത്. 

സർഹിന്ദിലെ ഖാളികാര്യത്തിൽ സർക്കാർ ഒന്നും ചെയ്തില്ല. ഹിന്ദുക്കളോട് അകലണമെന്ന് ആദ്യ കത്തുകളിൽ ആവശ്യപ്പെട്ടതും ഭരണരംഗത്തുള്ളവർ ചെവിക്കൊണ്ടില്ല. അക്ബറുടെ കാലത്ത് ഇസ്ലാമിന് ക്ഷതം നേരിട്ടത് വ്യാമോഹികളായ പണ്ഡിതൻമാരെക്കൊണ്ടാണെന്നും അതിനാൽ കൊട്ടാരത്തിൽ പരലോക ചിന്തയുള്ള ഉലമമാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


അക്ബറുടെ കാലത്ത് ഇസ്ലാമിന് മങ്ങലേറ്റതും അവിശ്വാസം കൊടികുത്തിയതും സർഹിന്ദി ഒരു പ്രഭുവിനയച്ച കത്തിൽ പറയുന്നു. 

അക്ബർക്ക് ശേഷം ജഹാംഗീർ ഭരണത്തിലേറിയപ്പോൾ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുന്നു. മതപരിത്യാഗപരമായ ചെയ്തികൾ കൊട്ടാരത്തിൽ നിന്ന് നിഷ്കാസനം ചെയ്യണമെന്ന് അദ്ദേഹം ജഹാംഗീറിനെ ഉപദേശിക്കുന്നു. 
സർഹിന്ദിയുടെ സ്വാധീനം കൂടി ജഹാംഗീറിന്റെ വരവിന് പിന്നിലുണ്ടായിരുന്നു. 

താൻ ഇസ്ലാമിക നിയമങ്ങൾ അനുവർത്തിക്കുമെന്നും ചക്രവർത്തി പറഞ്ഞിരുന്നു. ഇഹലോകചിന്തയിൽ മുഴുകിയ ഉലമകളെ മാറ്റി പരലോക ചിന്തയുള്ളവരെ നിയമിക്കണമെന്നും സർഹിന്ദി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെടാൻ താൻ നിയുക്തനാണെന്ന ഉത്തമവിശ്വാസം സർഹിന്ദിക്കുണ്ടായിരുന്നു. 

ജഹാംഗീറിന്റെ കാര്യത്തിൽ ആദ്യകാലത്ത് സർഹിന്ദിക്ക് വലിയ മതിപ്പുണ്ടായിരുന്നില്ല. എന്നാലും പിതാവിനെക്കാൾ മികച്ചവനെന്ന ആശ്വാസം മാത്രം. മീർ മുഹമ്മദ് നുഅ്മാനെഴുതിയ കത്തിൽ ജഹാംഗീറിന്റെ കാലത്തും കാര്യങ്ങൾ നേരാംവിധമായില്ലെന്ന പരിഭവം സർഹിന്ദി പ്രകടിപ്പിക്കുന്നു. 

ഇക്കാലത്തും ഇന്ത്യയിലെ അവിശ്വാസികൾ പള്ളികൾ തകർത്ത് ക്ഷേത്രങ്ങൾ പണിയുകയാണെന്ന് സർഹിന്ദി ആരോപിക്കുന്നു. താനേശ്വറിൽ കുരുക്ഷേത്രത്തിനടുത്ത് ഒരു പള്ളിയും ദർഗയുമുണ്ടായിരുന്നത് അവിശ്വാസികൾ തകർത്തതും അവിടെ ക്ഷേത്രം നിർമിച്ചതും സർഹിന്ദി അനുസ്മരിക്കുന്നു. 

എകാദശി വ്രതശുദ്ധിയുടെ നാളിൽ തങ്ങളെപ്പോലെ മുസ്ലിംകളും ഭക്ഷണം ഉണ്ടാക്കരുതെന്നും വിൽക്കരുതെന്നും അവിശ്വാസികൾ മുസ്ലിംകളെ നിർബന്ധിക്കുന്നു. അതേസമയം റമളാൻ കാലത്ത് അവർ പരസ്യമായി ഭക്ഷണം കഴിക്കുകയും വിൽക്കുകയും ചെയ്യുന്നു.

ഇസ്ലാം ക്ഷയിച്ചത് കൊണ്ട് ഇതിനെയൊന്നും വിലക്കാൻ ആർക്കും കഴിയുന്നില്ലല്ലോ? ഈ ചക്രവർത്തി നമ്മുടെ ആളാണ്. എന്നിട്ടോ നമ്മൾ സൂഫികൾ ഇങ്ങനെ ക്ഷീണത്തിലും ദുഃഖത്തിലുമാണ് (2,161).

ഏതാനും വർഷം കഴിഞ്ഞ് 1619ൽ സർഹിന്ദിയെ ജഹാംഗീർ ചക്രവർത്തി കൊട്ടാരത്തിലേക്ക് വിളിപ്പിക്കുകയാണ്. ജഹാംഗീറിന്റെ ഓർമക്കുറിപ്പുകളിൽ സർഹിന്ദിയെ നന്നായി അധിക്ഷേപിക്കുന്നത് കാണാം. സർഹിന്ദി വ്യാജനാണെന്നും അയാൾ നാനാഭാഗങ്ങളിലേക്കും തന്റെ അനുയായികളെ വിട്ട് ഇല്ലാത്തത് പ്രചരിപ്പിക്കുകയാണെന്നും ജഹാംഗീർ കുറ്റപ്പെടുത്തുന്നു. 

സർഹിന്ദി എഴുതിയ മക്തൂബാത് എന്ന ക്ഷുദ്രകൃതിയിൽ ജനങ്ങളെ മതപരിത്യാഗത്തിലേക്ക് നയിക്കുന്ന പരാമർശങ്ങളുണ്ടെന്നും തുസൂകേ ജഹാംഗീരിയിൽ കാണാം. 

മാർഗദർശികളായ ആദ്യത്തെ നാല് ഖലീഫമാരുടെ ആത്മീയ പദവികൾ താൻ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ വക പരിത്യാഗ വാദങ്ങളെ ചോദ്യം ചെയ്യാനാണ് ജഹാംഗീർ സർഹിന്ദിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചത്. 

കൊട്ടാരത്തിലെ ചില ഉലമകൾ ഈ ഗൂഢാലോചനയുടെ പിന്നിലുണ്ടായിരുന്നു. കൊട്ടാരത്തിൽ മോശമായ രീതിയിൽ പെരുമാറിയ സർഹിന്ദിയെ ജയിലിലടക്കുകയായിരുന്നു ജഹാംഗീർ. ഒരു കൊല്ലത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം മോചിതനായി. ജഹാംഗീർ സർഹിന്ദിക്ക് 2000 രൂപ സമ്മാനമായി നൽകുകയും ചെയ്തു.

രണ്ടാം സഹസ്രാബ്ദത്തിലെ നവോദ്ധാരകൻ (മുജദ്ദിദേ അൽഫ സാനി) എന്നറിയപ്പെടുന്ന ശൈഖ് അഹ്മദ് സർഹിന്ദി തികച്ചും കാലഘട്ടത്തിന്റെ ഉദ്ധാരകൻ തന്നെ. രാജ്യം മതപരമായി വ്യതിചലിച്ച കാലത്താണ് അദ്ദേഹം വരുന്നത്. കുടിലിലും കൊട്ടാരത്തിലും ഇസ്ലാം നിയമങ്ങൾ അഗണിക്കപ്പെട്ട് ജനത്തിന് ചിന്താശൈഥില്യം ബാധിച്ച കാലം. കാലം ഒരു ഉദ്ധാരകനെ കാത്തിരിക്കുകയായിരുന്നു. 

ഇന്ത്യക്കകത്തും പുറത്തും നഖ്ശബന്ദി പ്രസ്ഥാനത്തിന്റെ സന്ദേശം പരത്തി സർഹിന്ദി മുസ്ലിം സമുദായത്തെ ഉദ്ധരിക്കുകയായിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് ഗുരു ശ്രേഷ്ടൻമാർ നല്കിയ അംഗീകാരമായിരുന്നു മുജദ്ദിദ് (നവോദ്ധാരകൻ) എന്ന അപരനാമം. 

താൻ ഉദ്ധാരകനാണെന്ന ഉത്തമബോധ്യം സർഹിന്ദിക്ക് തന്നെ ഉണ്ടായിരുന്നു. അതിനാൽ തന്റെ ദൗത്യം ഏറെ വലിയതാണെന്ന് അദ്ദേഹത്തിന് ബോധ്യവുമായിരുന്നു.


ഇന്ത്യയിൽ അക്കാലത്ത് ശൈഖുൽ ഇസ്ലാം പദവി അലങ്കരിച്ചിരുന്ന മഹാ പണ്ഡിതൻ സിയാൽ കോട്ടിലെ മുല്ലാ ഹകീം (മ.1067) ആണ് മുജദ്ദിദ് അൽഫെ സാനി എന്ന് ആദ്യമായി സർഹിന്ദിയെ പരിചയപ്പെടുത്തിയത്. അക്കാലത്തെ പ്രധാന ഗുരുവര്യൻമാരെല്ലാം ഇതംഗീകരിക്കുകയും ചെയ്തു (ഗുലാം സർവാർ ലാഹോരി, ഖസാഇനുൽ അസ്ഫിയ, വാള്യം,1, 614). ഷാ വലിയുല്ലാഹിയുടെ മകനും പണ്ഡിതനുമായ ഷാ അബ്ദുൽ അസീസ് ലോകത്തെ ഏറ്റവും വലിയ സൂഫികളായി എണ്ണുന്നത് ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയെയും, ശൈഖ് അഹ്മദ് സർഹിന്ദിയെയുമാണ്.

സൂഫിസത്തിന്റെ അറ്റം കണ്ട വ്യക്തിയാണ് സർഹിന്ദിയെന്ന് അദ്ദേഹത്തിന്റെ തന്നെ എഴുത്തുകളിൽ നിന്ന് അനുമാനിക്കാം. 

സർഹിന്ദി തന്നെ പറയട്ടെ. ഒരു ദിവസം മധ്യാഹ്ന നിസ്കാരം കഴിഞ്ഞ് ഞാൻ ധ്യാനത്തിലായിരുന്നു. അപ്പോൾ ആരോ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടു. സ്വർഗീയമായ ഒരു പുറം കുപ്പായം ആരോ തന്നെ പുതപ്പിക്കുന്നതായും തോന്നി. ഇത് സംരക്ഷണത്തിന്റെ (ഖയ്യൂമിയ്യത്) പുറംകുപ്പായമാണെന്ന് എനിക്ക് തോന്നി. ഈ പുറംകുപ്പായത്താൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു; കാരണം ഞാൻ പ്രവാചകന്റെ അവകാശിയാണ്. ഞാൻ വിശ്വസ്തതയോടെ പ്രവാചകനെ അനുഗമിക്കുന്നുണ്ട്. പിന്നീട് പ്രവാചകൻ ﷺ മുന്നിൽ പ്രത്യക്ഷപ്പെട്ട് അവിടത്തെ അനുഗൃഹീത കൈകളാൽ ഒരു തലപ്പാവ് ധരിപ്പിച്ചു. സംരക്ഷണത്തിന്റെ പദവി (ഖയൂമിയ്യത്) യിലേക്ക് ഉയർത്തപ്പെട്ടതിന് തന്നെ, തിരുനബി ﷺ അഭിനന്ദിച്ചു. 

ഖയ്യൂമിന്റെ പദവി മറ്റ് ദൈവമിത്രങ്ങളെക്കാൾ ഉയർന്നതും പ്രവാചകന്റെ അനുചരരുടെ നേരെ താഴെ നില്ക്കുന്നതുമാണ്. പ്രവാചകനെ സൃഷ്ടിച്ച അതേ കളിമണ്ണ് കൊണ്ടാണ് ഖയ്യൂമുകളെയും സൃഷ്ടിച്ചിരിക്കുന്നതെന്നും സർഹിന്ദി എഴുതുന്നു. (ഹാലാത് നഖ്ശബന്ദിയ്യ മുജദ്ദിദിയ്യ, 2, 27-28). 

സർഹിന്ദിയുടെ കുടുംബത്തിൽ തന്നെ വേറെയും ഖയ്യൂമുകളെ അല്ലാഹു ﷻ നിശ്ചയിച്ചട്ടുണ്ടത്രേ. (മുജദ്ദിദിയ്യ തരീഖയുടെ ഉദ്ഭവത്തെ കുറിച്ച് പല കഥകളും അതിന്റെ അനുയായികൾ പ്രചരിപ്പിക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്തത് കൊണ്ട് ഇവിടെ പകർത്തുന്നില്ല).

സർഹിന്ദിയുടെ ചർച്ചകളുടെ മർമം അദ്ദേഹം ഉയർത്തിപ്പിടിച്ച വഹ്ദതുശ്ശുഹൂദ് എന്ന സംജ്ഞയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇത് ഇബ്നു അറബിയിലൂടെ പ്രസിദ്ധിയാർജിച്ച വഹ്ദതുൽ വുജൂദ് എന്നതിന് കടകവിരുദ്ധമാണെന്ന വാദം ചിലർ ഉയർത്താറുണ്ട്. 

എന്നാൽ വഹ്ദതുൽ വുജൂദിന്റെ വിശദീകരണമാണ് വഹ്ദതുശുഹൂദിലൂടെ സർഹിന്ദി നടത്തിയിട്ടുള്ളത്. സൂഫീപഠനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പിതാവിൽ നിന്ന് അദ്ദേഹം വഹ്ദതു വുജൂദിനെ കുറിച്ച് മനസിലാക്കിയിരുന്നു. അതോടൊപ്പം അദ്ദേഹം നിരന്തരമായി ഇബ്നു അറബിയുടെ സിദ്ധാന്തത്തെ ആഴത്തിൽ പഠിച്ചിരുന്നു.

ധ്യാനവേളകളിൽ അദ്ദേഹത്തിന് പുതിയ വെളിച്ചം ലഭിക്കുകയായിരുന്നു. ശരീഅത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. ശരീഅത്തിന്റെ അന്തർധാരയിലെത്താൻ അദ്ദേഹം കൂടുതൽ ശ്രമിച്ചു. 1600ൽ ബാഖി ബില്ലാഹിയെ കണ്ടതിനുശേഷം ശരീഅത്തിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം കൂടുതലായി എഴുതിത്തുടങ്ങി.

വഹ്ദതുൽ വുജൂദിനെകുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ഒരു പാടു അബദ്ധചിന്തകൾ സമൂഹത്തിൽ കടന്നുകൂടിയിരുന്നു. ഈ അബദ്ധങ്ങളെ ചൂണ്ടിക്കാട്ടി അതിനെ ശരിയായ രീതിയിൽ വിശദീകരിക്കാൻ സർഹിന്ദിക്കു സാധിച്ചു. 

അല്ലാഹു ﷻ വിന്റെ ഏകത്വം മനസ്സിലാക്കാൻ അദ്ദേഹം ഇബ്നു അറബിയുടെ കൃതികൾ വായിക്കാൻ ശിഷ്യൻമാരെ ഉപദേശിച്ചിരുന്നു. തന്റെ എഴുത്തുകളിൽ ഇബ്നു അറബിയെ അദ്ദേഹം സുലഭമായി ഉദ്ധരിക്കുക മാത്രമല്ല, ഇബ്നു അറബിയെ അങ്ങേയറ്റം ആദരിക്കുകയും ചെയ്തിരുന്നു.(ഖാജാ മുഹമ്മദ് ഹാഷിം കിഷ്മി, സുബ്ദതുൽ മഖാമാത്, 211)

വഹ്ദതുൽ വുജൂദിലെ ചില പരികൽപനകളെ അദ്ദേഹം വിമർശിച്ചു. അവ സമൂഹത്തിൽ അപകടകരമായ ഫലങ്ങളുളവാക്കുമെന്നാണ് അദ്ദേഹം ഒരു കത്തിൽ എഴുതിയത്.(മഖ്തൂബാത്, വാള്യം 3, നമ്പർ 77)

ഇബ്നു അറബിയുടെ സൂഫീചിന്തകൾ പിൽകാലത്തുള്ളവർക്ക് വളരെ ഉപകാരപ്പെട്ടുവെന്നും അതിന് ദൈവം അദ്ദേഹത്തിന് മഹാപ്രതിഫലം നല്കട്ടെ എന്ന് മറ്റൊരു കത്തിൽ സർഹിന്ദി പ്രാർത്ഥിക്കുക കൂടി ചെയ്യുന്നു.(അതേ കൃതി, കത്ത് നമ്പർ 79)

ഇബ്നു അറബിയുടെ വീക്ഷണത്തിൽ ഉണ്മ (അസ്തിത്വം/ വുജൂദ്) എന്നാൽ നിലനിൽക്കുന്ന ഒന്നാണ്. നിലനില്ക്കുന്നതാവട്ടെ അല്ലാഹു ﷻ മാത്രമാണ്. മറ്റുള്ളതെല്ലാം ഉണ്മയുടെ സാക്ഷാത്കാരം (തജല്ലി) മാത്രമാണ്. അല്ലാഹു ﷻ വിന്റെ വിശേഷണങ്ങളുടെ സാക്ഷാത്കാരമാണ് ലോകം. അല്ലാഹു ﷻ വിന്റെ സത്ത (ദാത്) അവന്റെ വിശേഷണങ്ങളുമായി (സിഫാതുമായി) ബന്ധപ്പെട്ടതാണ്.ഈ വിശേഷണങ്ങളാണ് സൃഷ്ടിപ്പുകളായി പ്രത്യക്ഷപ്പെടുന്നത്. 



ഖുർആനിൽ അല്ലാഹു ﷻ വിന് വിവിധ നാമങ്ങളുണ്ട് (അസ്മാഉൽ ഇലാഹി). അവ ദൈവത്തിന്റെ വിശേഷണങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ പേരുകൾ തമ്മിൽ ഭിന്നതയില്ല. എല്ലാം ദൈവത്തിന്റെ സത്തയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ പേരുകളൊക്കെ അല്ലാഹു ﷻ വിന്റെ അസ്തിത്വത്തെ തന്നെയാണ് സൂചിപ്പിക്കുന്നതും. 

ഉദാഹരണത്തിന് അല്ലാഹു ﷻ എന്ന പേരും റഹ്മാൻ എന്ന പേരും ഒന്ന് തന്നെയാണല്ലോ. ഇബ്നു അറബിയുടെ തത്വപ്രകാരം ലോകം നിലനിൽക്കുന്നില്ല. അത് യഥാർത്ഥമല്ല. നിലനിൽക്കുന്നത് അല്ലാഹു ﷻ മാത്രമാണ്. യാഥാർത്ഥ്യം എന്നതിന് ഇബ്നു അറബി പറയുന്നത് സ്ഥിരമായ നിലനില്പ് എന്നാണ്. താൽക്കാലികമായ നിലനില്പ് യഥാർത്ഥമല്ല. അത് നശിക്കുന്നതാണ്. അങ്ങനെയുള്ള ഒന്നിനെ നിലനില്ക്കുന്നത് എന്നു പറയാനാവില്ല. എല്ലാം നശിക്കും, അല്ലാഹുﷻവിന്റെ സത്തയൊഴികെ (28/88) എന്ന വചനം ഇത് ദ്യോതിപ്പിക്കുന്നുണ്ടല്ലോ. 

ഇബ്നു അറബിയുടെ പക്ഷപ്രകാരം അല്ലാഹു ﷻ യാഥാർത്ഥ്യവും ലോകം അല്ലാഹു ﷻ വിന്റെ നിഴലുമാണ്. നിഴൽ യഥാർത്ഥമല്ല. അത് അല്ലാഹു ﷻ വിന്റെ സാക്ഷാത്കാരമാണ്. അല്ലാഹു ﷻ ഉള്ളതുകൊണ്ട് നിഴലുണ്ടാവുന്നു. ആ നിലക്ക് നിഴൽ അല്ലാഹു ﷻ വുമായി ബന്ധപ്പെട്ടു കിടക്കുന്നു. 

ആരാധ്യനായി ആരുമില്ല; അല്ലാഹു ﷻ മാത്രം (ലാഇലാഹ ഇല്ലല്ലാഹ്) എന്നതിനെ നില നില്ക്കുന്നതായി ഒന്നുമില്ല; അല്ലാഹു ﷻ ഒഴികെ (ലാ മൗജൂദ ഇല്ലല്ലാഹു) എന്നാണ് ഇബ്നുഅറബി വ്യാഖ്യാനിക്കുന്നത്.

അതുപോലെ അല്ലാഹു ﷻ വും മനുഷ്യനും തമ്മിലുള്ള ബന്ധം അന്തർ വർത്തിത്വമാണ്. അല്ലാഹു ﷻ വും മനുഷ്യനും തമ്മിൽ ഒരു പ്രത്യേക അടുപ്പ(ഖുർബ്)മുണ്ട്. അല്ലാഹു ﷻ മനുഷ്യനോട് ജീവനാഡിയെക്കാളും അടുത്തിരിക്കുന്നു. (50/16) എന്ന് ഖുർആനിലുണ്ടല്ലോ. 
ദൈവത്തോടടുക്കുമ്പോൾ ദൈവം മനുഷ്യന്റെ അവയവങ്ങളിൽ പ്രവർത്തിക്കാമെന്നാണ് ഇസ്ലാം ഭാഷ്യം. ഇതടിസ്ഥാനമാക്കിയാണ് മനുഷ്യൻ ദൈവത്തോടടുക്കുമ്പോൾ അവന്റെ ഉത്തരുവകൾ മനുഷ്യാവയവങ്ങളിലൂടെ പ്രകടമാവുമെന്ന് പറയുന്നത്. ദൈവത്തിന്റെ വിശേഷണങ്ങളാണ് മനുഷ്യനിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ആ വിശേഷണങ്ങളൊക്കെ ശാരീരികമായി മനുഷ്യനിൽ കുടി കൊള്ളുന്നു എന്ന് സാരം. 

ഒരു നബി ﷺ വചനമുണ്ട്. അല്ലാഹു ﷻ പറയുകയാണ്; ഞാൻ അറിയപ്പെടാത്ത നിധിയായിരുന്നു. അറിയപ്പെടണമെന്ന് ഞാനാഗ്രഹിച്ചു അപ്പോൾ ഞാൻ സൃഷ്ടികളെ സൃഷ്ടിച്ചു. അപ്പോൾ അല്ലാഹു ﷻ മനുഷ്യനെ സൃഷ്ടിച്ചത് അവൻ സ്വയം അറിയപ്പെടാനാണെന്ന് ഗ്രഹിക്കാം. 

ഏത് സൃഷ്ടിജാലവും ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളും സാക്ഷാത്കാരവുമാണെന്നും എന്നാൽ ദൈവമല്ലാതെ മറ്റൊന്നും നിലനില്ക്കുന്നില്ലെന്നും ഇബ്നു അറബി വേറൊരു രൂപത്തിൽ പറയുന്നുണ്ട്. അതിനാൽ ഉണ്ട് എന്ന് പറയുന്നതൊന്നും അനശ്വരമല്ല. അവ ദൈവത്തിന്റെ സാക്ഷാത്കാരങ്ങൾ മാത്രമാണ്. അവ ദൈവത്തിലൂടെയാണ് നിലനിൽക്കുന്നത് എന്ന് മാത്രം.


വഹ്ദതുൽ വുജൂദ് സിദ്ധാന്തം അക്കാലത്തെ എല്ലാ സൂഫികളും പണ്ഡിതൻമാരും പൊതുവേ അംഗീകരിച്ചിരുന്നു. സർഹിന്ദിയുടെ പിതാവ് അതിന്റെ പ്രചാരകനായിരുന്നു. സർഹിന്ദിയും അത് അംഗീകരിച്ചുകൊണ്ട് തന്നെയാണ് പ്രവർത്തിച്ചത്. 

ഇബ്നു അറബിയുടെ ഫുതൂഹാതിൽ മക്കിയ്യ, ഫുസൂസുൽ ഹികം എന്നീ അധ്യാത്മകൃതികൾ സർഹിന്ദി തന്റെ ശിഷ്യൻമാർക്ക് അധ്യാപനം ചെയ്തിരുന്നു. ചിശ്തി സൂഫീമാർഗം പിന്തുടർന്ന പിതാവാണ് വഹ്ദതുൽ വുജൂദിന്റെ ബാല പാഠങ്ങൾ സർഹിന്ദിക്ക് പഠിപ്പിച്ചത്. ചിശ്തിമാർഗത്തിൽ അംഗങ്ങളെ ചേർക്കാനുള്ള അധികാരവും പിതാവ് സർഹിന്ദിക്ക് നൽകിയിരുന്നു. 

സർഹിന്ദിയുടെ ഗുരു ഖാജാ ബാഖി ബില്ലാഹിയും വഹ്ദതുൽ വുജൂദിന്റെ പ്രചാരകനായിരുന്നു. അതേ മാർഗമാണ് സർഹിന്ദിയും പിന്തുടർന്നത്. വഹ്ദതുൽ വുജൂദിൽ പരിശീലനം നേടവേ ഒരിക്കൽ സർഹിന്ദിക്ക് പ്രത്യേക അനുഭവങ്ങളുണ്ടാവുകയും ആ ഭ്രമാവസ്ഥയിൽ അദ്ദേഹം പ്രത്യേക കവിതകൾ പാരായണം ചെയ്യുകയും പലപ്പോഴും മതപരിത്യാഗത്തിലേക്കു നയിച്ചേക്കാവുന്ന വാക്കുകൾ ഉച്ചരിക്കുകയും ചെയ്തു. 

മറ്റൊരിക്കൽ ചില കവിതകൾ ഗുരുവിന്റെ മുമ്പിൽ ചൊല്ലിക്കേൾപ്പിച്ചപ്പോൾ ആ കവിതകളിലെ അമിതത്വം നിറഞ്ഞ സൂഫി അനുഭവങ്ങളെ ഗുരു തിരുത്തിക്കൊടുത്തിരുന്നു.

ഒരിക്കൽ പ്രത്യേക ദൈവികാനുഭൂതിയിലൂടെ തന്റെ അമിതത്വം അവസാനിച്ചതായും സർഹിന്ദി തന്നെ പറയുന്നു. അതോടെ വഹ്ദതുൽ വുജൂദിനെ കുറിച്ചും ദൈവത്തോട് ചേരലി(വസ് ലി)നെ കുറിച്ചുമുള്ള പോരായ്മകൾ അദ്ദേഹം മനസ്സിലാക്കി. ചുറ്റുപാടും നിന്നുള്ള സ്വാധീനങ്ങളും അരുതാത്ത ചിന്തകളുമാണ് ദൈവത്തെക്കുറിച്ചുള്ള തെറ്റായ ചിന്തകളിലേക്ക് തന്നെ നയിക്കുന്നതെന്നും സർഹിന്ദി അറിഞ്ഞു. 

ഉലമകൾ പറഞ്ഞ രീതിയിലേ ദൈവത്തെ സമീപിക്കാവൂ എന്നും ഉറപ്പായി. അല്ലാഹു ﷻ ഒന്നുമായും ബന്ധപ്പെട്ടതല്ല. അല്ലാഹു ﷻ അല്ലാഹു ﷻ മാത്രമാണ്. ലോകം ലോകവുമാണ്. അല്ലാഹു ﷻ വിനെ ഒന്നുമായും സാദൃശ്യപ്പെടുത്താനാവില്ല. അവന് തുല്യരുമില്ല. 

എന്നാൽ ലോകം അങ്ങനെയല്ല. തന്റെ അനുഭവങ്ങളുടെ ആദ്യഘട്ടം മാത്രമാണ് വഹ്ദതുൽ വുജൂദ് എന്ന് സർഹിന്ദി പറയുന്നു. തനിക്ക് സ്വന്തമായ നിലനില്പില്ലെന്നും ദൈവത്തിലാണ് താൻ നിലനിൽക്കുന്നതെന്നുമുള്ള അനുഭവമാണിത്. ഇതാണ് വുജൂദിയ്യത്ത്. ഈ അവസ്ഥ സംജാതമാവുന്നത് ജ്ഞാനത്തിലൂടെയല്ല; അനുഭവത്തിലൂടെയാണ്. 

ഇവിടെ ദൈവത്തിന്റെ അനശ്വരതയും ലോകത്തിന്റെ നശ്വരതയും ബോധ്യപ്പെടുന്നു. ഉണ്ട് എന്ന് പറയുന്നതൊന്നും ഉള്ളതല്ലെന്നും ഉള്ളത് അല്ലാഹു ﷻ മാത്രമാണെന്നും അനുഭവപ്പെടുന്നു. എന്നാൽ വഹ്ദതുൽ വുജൂദ് എന്ന ഈ അനുഭവത്തെക്കാളും വലിയ മറ്റൊരു ഘട്ടമുണ്ടെന്ന് സർഹിന്ദി അധ്യാത്മമായ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. 

തന്റെ നിലനില്പ് ദൈവത്തിന്റെ നിലനില്പിന്റെ നിഴൽ മാത്രമാണെന്ന് സർഹിന്ദിക്ക് തോന്നി. അതേ സമയം, ഈ നിലനില്പ് ദൈവത്തിന്റെ ഭാഗമല്ല; നിഴലിന് സ്വന്തമായി അസ്ഥിത്വമില്ല. അതിൽ ദൈവത്തിന്റെ അംശമില്ല. 'ളില്ലിയ്യത്' എന്നാണ് ഈ അവസ്ഥയെ സർഹിന്ദി വിളിക്കുന്നത്.

ഇവിടെ നിഴൽ പ്രത്യേക ശക്തിയില്ലാത്ത വസ്തുവാണ്. ശക്തി നൽകുന്നത് ദൈവമാണ്. പക്ഷേ അതിനെ ദൈവത്തിന്റെ സത്തയുടെ ഭാഗമായി കാണാനൊക്കില്ല. ഇതുപോലെയാണ് ലോകമെന്നും അദ്ദേഹം നിരീക്ഷിച്ചു. 

ലോകത്തിന് സ്വന്തമായി ഒരു തലത്തിൽ നിലനില്പുണ്ട്. അത് ദൈവം നൽകുന്നതാണ്. അല്ലാതെ ദൈവസത്തയുടെ ഭാഗമല്ല. അതിന്റെ നില്പും നിഴൽ പോലെയാണ്. നിഴലുണ്ടാവണമെങ്കിൽ ഒരു വസ്തു വേണം. എന്നാൽ ആ നിഴലാവട്ടെ വസ്തുവിന്റെ ഭാഗമല്ല താനും. 

ഇപ്രകാരമുള്ള നിഴലിന്റെ സിദ്ധാന്തമാണ് (ളില്ലിയ്യത്) വഹ്ദതുൽ വുജൂദിൽ സർഹിന്ദി ദർശിച്ചത്. എന്നാൽ അതുകൊണ്ട് മാത്രം അവസാനിപ്പിച്ചാൽ ചിലപ്പോൾ ശരീഅത്തിനതീതമായ ചിന്തകൾ വരും. പറയാൻ പാടില്ലാത്തത് പറഞ്ഞേക്കും. അതുകൊണ്ടാണ് ഉപാസകൻ പുതിയ ഘട്ടങ്ങളന്വേഷിക്കണമെന്ന് സർഹിന്ദി പറയുന്നത്. 

ഇങ്ങനെയുള്ള നിരന്തരമായ ചിന്തയുടെ ഫലമായി താൻ ദൈവത്തിന്റെ ഭാഗമാണെന്ന ചിന്തയിൽ നിന്ന് മാറി തന്റെയും ദൈവത്തിന്റെയും നിലനില്പ് രണ്ടാണെന്ന് സർഹിന്ദിക്ക് ബോധ്യപ്പെട്ടു. അതേസമയം തന്റെ അസ്തിത്വം ദൈവത്തിന്റെ വിധി പ്രകാരമുള്ളതാണെന്നും ചിന്തിച്ചു. അതിനാൽ തന്നെ തന്റെ അസ്തിത്വം ദൈവാസ്തിത്വത്തിന് കീഴ്പെട്ടുള്ള അസ്തിത്വമാണ്. ഈ നിലപാടിലേക്ക് ചിന്തയെ കൊണ്ടുവരുന്നതാണ് ഏറ്റവും ഉയർന്ന ഘട്ടമെന്ന് അദ്ദേഹം ചിന്തിക്കുന്നു. 

ഈ ഘട്ടത്തെ അടിമത്തം (ഉബൂദിയ്യത്ത് അബ്ദിയ്യത്ത്) എന്നാണ് അദ്ദേഹം പേരിട്ടത്. അതായത് തനിക്കും അല്ലാഹുﷻവിനും വെവ്വേറെ അസ്തിത്വം. അതേ സമയം തന്റെ അസ്തിത്വം അല്ലാഹുﷻവിന്റെ അസ്തിത്വത്തിന്റെ ആജ്ഞാനുവർത്തിയും, ദൈവികമായ തന്റെ ഉൻമാദാവസ്ഥയിലാണ് സർഹിന്ദി ഈ ഘട്ടത്തിൽ പ്രവേശിക്കുന്നത്.


അല്ലാഹു ﷻ വിനോടുള്ള പ്രണയത്തിൽ മുഴുകിയ സർഹിന്ദിക്ക് ആദ്യം താനും അല്ലാഹു ﷻ വും രണ്ടല്ല എന്ന തോന്നലുണ്ടായി. അതൊരു അനുഭവമാണ്. ഒരു തോന്നലാണ്. അതിനാൽ വഹ്ദതുൽ വുജൂദ് പരമമായ യാഥാർത്ഥ്യമെന്ന് പറഞ്ഞുകൂടാ. താനും ദൈവവും അല്ലെങ്കിൽ ദൈവവും ലോകവും രണ്ടാണെന്ന് പിന്നീട് സർഹിന്ദിക്ക് ബോധ്യപ്പെടുന്നു. 

അതോടൊപ്പം തന്റെ മുൻകാല അനുഭവങ്ങളൊന്നും യഥാർത്ഥമല്ലെന്നും ഉൻമാദാവാസ്ഥയിലുള്ള അനുഭവങ്ങളാണെന്നും അദ്ദേഹം ഉറപ്പിക്കുന്നു. രണ്ടും രണ്ടാണെന്ന യാഥാർത്ഥ്യബോധത്തെ സർഹിന്ദി വഹ്ദതു ശുഹൂദ് എന്ന് വിളിക്കുന്നു. ഈ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് യാഥാർത്ഥ്യം വെളിവാകുക എന്നദ്ദേഹം സമർത്ഥിക്കുന്നു. 

വെളിവുകളുടെയും യുക്തിയുടെയും ചിന്തകൾക്കതീതനാണ് അല്ലാഹു ﷻ വെന്ന് സർഹിന്ദി തറപ്പിച്ചു പറയുന്നു. അനുഭവങ്ങൾക്കപ്പുറം യാഥാർത്ഥ്യങ്ങളിലെത്തുമ്പോഴാണ് സൂഫിസം പാരമ്യത്തിലെത്തുക എന്നും സർഹിന്ദി. ദൈവം അപ്പുറത്തി നുമപ്പുറത്തിനും അപ്പുറമാണ്. ദൈവത്തിന്റെ സത്തയോ വിശേഷണങ്ങളോ നേരിട്ട് ബോധ്യപ്പെടാൻ ആവില്ല. 

സൂഫികളിലുണ്ടാവുന്ന വ്യത്യസ്ത അനുഭവങ്ങളെ പരസ്പരം ശത്രുതയോടെ വീക്ഷിക്കേണ്ടതില്ല. സർഹിന്ദി ഇബ്നു അറബിയുടെ ആശയങ്ങൾക്കെതിരാണെന്ന പ്രചാരണങ്ങൾക്ക് അതുകൊണ്ട് തന്നെ നിലനില്പുമില്ല

വഹ്ദതുൽ വുജൂദ് അനുഭവമാണെന്നും അനുഭവത്തിലൂടെ യാഥാർത്ഥത്തിലെത്തുന്നതാണ് പരമമായ ഘട്ടമെന്നുമാണ് സർഹിന്ദി പറഞ്ഞതിന്റെ പൊരുൾ. അദൃശ്യതയിൽ വിശ്വസിക്കാതെ (ഈമാൻ ബിൽ ഗയ്ബ്) യുക്തികൊണ്ട് കണ്ടെത്താവുന്നതല്ല യാഥാർത്ഥ്യം എന്നും അദ്ദേഹം പറയുന്നു. 

വെളിപാടുകളും സൂഫീ അനുഭവങ്ങളും മാത്രം ആശ്രയിക്കാൻ പറ്റില്ല. മുഹമ്മദ് നബിﷺക്ക് വെളിപാടിറങ്ങുകയും അവിടന്ന് അധ്യാത്മമായ പരമോന്നതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകൻമാർ തെറ്റിൽ നിന്ന് മുക്തരാണ്. സൂഫികൾക്ക് പ്രവാചകാധ്യപനങ്ങൾക്കെതിരായി വല്ല ചിന്തകളും തോന്നിയിട്ടുണ്ടെങ്കിൽ, അത് അംഗീകരിക്കേണ്ടതില്ല. 

പ്രവാചകാധ്യാപനമാണ് മുഖ്യം. അതിനെതിരായി വല്ല സൂഫീ ചിന്തകളും വന്നിട്ടുണ്ടെങ്കിൽ അവ സൂഫികളുടെ ഉൻമാദാവസ്ഥയിലുള്ള അനുഭവങ്ങളായി മാത്രം കണ്ടാൽ മതി. അതിന്റെ പേരിൽ വാദ, വിവാദങ്ങളുടെ ആവശ്യമില്ല. ഉന്മാദാവസ്ഥയിലുള്ള നിർവൃതികൾ യാഥാർത്ഥ്യമല്ല. അവ വിശ്വസിക്കേണ്ടതുമില്ല. ഈ അവസ്ഥയിൽ വികാരവിചാരങ്ങളുടെ ശക്തിയും ആഴവും സൂഫീ അനുഭവങ്ങളെപ്പോലും കെണിയിലാക്കാറുണ്ട്. 

സ്വബോധത്തിന്റെ ഉന്നതമായ അവസ്ഥയിൽ പൂർണ നിയന്ത്രണത്തോടെയുള്ള ചിന്തകളിലൂടെ യാഥാർത്ഥ്യത്തെ അറിയലാണ് യഥാർത്ഥ രീതിയെന്നും മറ്റുള്ളവ പലർക്കും അപ്രാപ്യമാണെന്നും ഉൻമാദാവസ്ഥയിലെ അനുഭവങ്ങളെ പൊതുവായി വ്യാഖ്യാനിക്കരുതെന്നും സർഹിന്ദിക്കഭിപ്രായമുണ്ട്. 

വഹ്ദതുൽ വുജൂദാണ് പരമമായ സൂഫീ അവസ്ഥ എന്ന ഇബ്നു അറബിയുടെ തത്വത്തിൽ നിന്ന് മറ്റൊരു ഘട്ടമായ വഹ്ദതുൽ ശുഹൂദിലേക്കുള്ള പ്രയാണമാണ് സർഹിന്ദി നടത്തിയത്. അതിനാൽ ഇവ തമ്മിൽ ശത്രുതയുടെ പ്രശ്നമില്ല. അങ്ങനെ ഒരു വിമർശം സർഹിന്ദി ഉന്നയിച്ചിട്ടുമില്ല.

അല്ലാഹു ﷻ വല്ലാതെ മറ്റൊന്നും നിലനില്ക്കുന്നില്ല എന്ന അവസ്ഥയിൽ നിന്ന് ലോകവും സൃഷ്ടിജാലങ്ങളും യാഥാർത്ഥ്യമാണെന്നും അവ ദൈവത്തിന്റെ വിശേഷണങ്ങളല്ലെന്നും അവയ്ക്ക് സ്വന്തമായി തന്നെ നിലനില്പുണ്ടെന്നും ദൈവത്തിന് നിലനില്ക്കാൻ വിശഷണങ്ങളുടെ സഹായം ആവശ്യമില്ലെന്നും ഉള്ള ഘട്ടത്തിലേക്കുള്ള സൂഫിയുടെ സഞ്ചാരമാണ് സർഹിന്ദി ബോധ്യപ്പെടുത്തുന്നത്. 

വഹ്ദതുൽ വുജൂദിന്റെ ഘട്ടത്തിൽ ഉപാസകൻ തന്നെത്തന്നെ മറക്കുന്നു. ലോകത്തുള്ള എല്ലാറ്റിനേയും മറക്കുന്നു. അവൻ സൂര്യനെ നോക്കുന്നു ചന്ദ്ര നക്ഷത്രാദികളെ നോക്കുന്നു. എന്നാൽ അവയൊന്നും നിലനില്ക്കുന്നില്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അത് പൂർണമായ ഉൻമാദാവസ്ഥയാണ്. 

ഈ ഘട്ടത്തിൽ നിന്ന് സൂഫി വഹ്ദതു ശുഹൂദിലേക്കെത്തുമ്പോൾ അവൻ കാണുന്നതൊക്കെ യാഥാർത്ഥ്യം തന്നെയാണെന്ന ബോധമുദിക്കുന്നു. അതിനാൽ ഈ ഘട്ടത്തിൽ യാഥാർത്ഥ്യങ്ങളെ ഉറപ്പായ കണ്ണുകൾ കൊണ്ട് (അൽ യഖീൻ) കൊണ്ട് കാണുകയാണ്. എന്നാൽ വഹ്ദതുൽ വുജൂദിന്റെ ഘട്ടത്തിൽ സൂഫിക്ക് ഉറപ്പായ അറിവാണുള്ളത് (ഇൽമുൽ യഖീൻ); ഉറപ്പായ കാണലല്ല (അൽ യഖീൻ). ഇവിടെ സൂഫി ആത്മനാശത്തിലാണ് (ഫനാഅ്). അതിനാൽ അവന് അല്ലാഹു ﷻ വെയല്ലാതെ മറ്റൊന്നും സങ്കല്പിക്കാനാവുന്നില്ല. അതാണ് അവൻ തന്നെ ഇല്ലെന്ന് അവന് തോന്നുന്നത്. 

എന്നാൽ അബ്ദുൽ യഖീൻ ആണ് പരമമായ അവസ്ഥ. അവിടെ പരമമായ യാഥാർത്ഥ്യം 
അവൻ കണ്ടെത്തുകയാണ്. അതാണ് വഹ്ദതു ശുഹൂദ്.

ലോകം ഒരു സങ്കല്പമാണെന്ന് (വഹാമ്) സർഹിന്ദി സമ്മതിക്കുമെങ്കിലും അതിന് ദൈവികസഹായത്താൽ ഒരു പരിധിവരെയുള്ള സ്ഥിരതയുണ്ടെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. 

ആ സ്ഥിരതയെ ദൈവത്തിന്റെ സ്ഥിരതയുമായി താരതമ്യം ചെയ്യാനാവില്ല. സൂഫിസത്തിൽ ശരിയായ പരിശീലനം നേടാത്തവരെ വഹ്ദതുൽ വുജൂദ് പരിത്യാഗത്തിലേക്കു നയിക്കും. ശരീഅത്തിൽ നിന്ന് അതവരെ വ്യതിചലിപ്പിക്കും. 

വുജൂദിനെ മനസ്സിലാക്കാത്ത ചിലർ അല്ലാഹുﷻവിന് അവരുടേതായ സങ്കല്പങ്ങൾ നെയ്തെടുക്കുന്നു. എന്നാൽ അല്ലാഹു ﷻ മനുഷ്യരുടെ ഏത് സങ്കല്പത്തിനും അതീതനാണ്. ലോകത്തെ സൃഷ്ടിച്ചുവെന്നതിനപ്പുറം അല്ലാഹുﷻവും ലോകവും തമ്മിൽ ബന്ധപ്പെടുത്താനൊന്നുമില്ല. മനുഷ്യന്റെ അടിസ്ഥാനം അവന്റെ ആത്മാവാണ്. ആത്മാവാകട്ടെ ദൈവത്തിന്റെ സൃഷ്ടി മാത്രമാണ്; മറിച്ച് പലരും പറയുന്നതു പോലെ ദൈവത്തിന്റെ ഭാഗമേയല്ല. 

ദൈവത്തിന്റെ വിശേഷണങ്ങൾ മാത്രമാണ് മനുഷ്യനും ലോകവും. യഥാർത്ഥവും സ്വതന്ത്രവുമായ അസ്തിത്വം അല്ലാഹുﷻവിന് മാത്രമേയുള്ളു. എന്നാൽ ലോകത്തിനും നിലനില്പുണ്ട്. പക്ഷേ, അത് ശാശ്വതമല്ല. അത് യഥാർത്ഥ അസ്തിത്വവുമല്ല. അതിനെ ദൈവത്തിന്റെ ഒരു സമ്മാനമായി കണ്ടാൽ മതി. മറിച്ച്, ലോകത്തിന്റെ അസ്തിത്വത്തെ പാടെ നിഷേധിക്കുന്നത് ശരിയല്ല.

ഇന്ത്യയിൽ വഹ്ദതുൽ വുജൂദിന്റെ തെറ്റായ പരികൽപനകൾ പല തരത്തിലുള്ള അനർത്ഥങ്ങൾ സൃഷ്ടിച്ചതിനാൽ സർഹിന്ദി വഹ്ദത ശുഹൂദിനെ വേണ്ടവിധം സമർത്ഥിക്കുകയുണ്ടായി. 

അല്ലാഹുﷻവിനെ അനുഭവത്തിലൂടെ അറിയുന്നതിന് മുമ്പ് ഖുർആനിലൂടെയും നബിചര്യയിലൂടെ (ഹദീസ്) യും അറിയണം. ശരീഅത്തറിയാതെയുള്ള അധ്യാത്മചിന്ത മതപരിത്യാഗത്തിലേക്ക് നയിക്കുമെന്ന വസ്തുത സർഹിന്ദി വ്യക്തമാക്കുന്നു.

ഇബ്നു അറബിയോട് നൂറ് ശതമാനവും യോജിക്കാൻ സർഹിന്ദിക്ക് കഴിഞ്ഞില്ല. പരലോകത്ത് വച്ചുള്ള ദൈവദർശനം കേവലം പ്രതീകാത്മകമാണെന്ന ഇബ്നു അറബിയുടെ വാദത്തെ സർഹിന്ദി വിമർശിച്ചു.(മക്തൂബാത് 3, 135-36)

ഗോചരമായ ലോകത്തിന്റെ നിലനില്പിനെ കുറിച്ചുള്ള ഇബ്നു അറബിയുടെ വീക്ഷണവും സർഹിന്ദി അംഗീകരിക്കുന്നില്ല. ഇബ്നു അറബി പറയുന്നത് ഗോചരമായ ലോകം യഥാർത്ഥമല്ല എന്നാണ്. അത് ജനങ്ങളുടെ സങ്കല്പത്തിൽ കാണുന്ന ഒരു പ്രതിഭാസമാണ് എന്നാണ്. എന്നാൽ കേവല സങ്കല്പമല്ല; അത് ദൈവം സൃഷ്ടിച്ചത് തന്നെയെന്ന് സർഹിന്ദി. 

അതിനാൽ തന്നെ അതിന് സ്വതന്ത്രമായ നിലനില്പുണ്ട്. എന്നാൽ ഇത് ദൈവത്തിന്റെ നിലനില്പു പോലെയല്ല താനും. ഇവിടെ സർഹിന്ദി ഉലമകൾക്കും ഇബ്നു അറബിക്കും ഇടയിലുള്ള വാദമാണ് സ്വീകരിച്ചിരിക്കുന്നത്. ലോകം നിലനില്ക്കുന്നുവെന്ന് ഉലമയും നില നില്ക്കുന്നില്ല എന്ന് ഇബ്നു അറബിയും വാദിക്കുന്നു. 

അതേസമയം ലോകം ജനങ്ങളുടെ സങ്കല്പത്തിലാണ് നിലനില്ക്കുന്നതെങ്കിലും അതിന് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ടെന്നാണ് സർഹിന്ദി പറയുന്നത്. അതേസമയം ഇബ്നു അറബി തന്റെ ആശയം 'എല്ലാം നശിക്കും ദൈവത്തിന്റെ സത്തയൊഴികെ' (ഖുർആൻ 26/25-26) എന്ന വചനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 

അത് ഏതൊരു വസ്തുവിന്റെയും യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുന്നു. അതാണ് അല്ലാഹു ﷻ വല്ലാതെ മറ്റൊന്നും ഇല്ല എന്ന് പറയുന്നതിന്റെ അർത്ഥവും. ഇബ്നു അറബിയുടെ വാക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

ഇബ്നു അറബിയോടുള്ള ബഹുമാനം മേൽപറഞ്ഞതു പോലെ പലയിടത്തും സർഹിന്ദി വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പഠിപ്പിക്കുകയും പഠിക്കാൻ ശിഷ്യൻമാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം മുജ്തഹിദാണ് (ഗവേഷകൻ) ന്നും അദ്ദേഹത്തിന്റെ വാദമുഖങ്ങളെ തള്ളേണ്ടതില്ലെന്നും സർഹിന്ദി പറയുന്നുണ്ട്. തെറ്റുകൾ കണ്ടാലും കുറ്റപ്പെടുത്തരുത്.(മക്തൂബാത് 2, 34-36)

ഒരിക്കൽ ദൈവത്തെ ദർശിക്കുന്ന കാര്യത്തിൽ ഇബ്നു അറബിയുടെ വാദങ്ങളെ ഖണ്ഡിച്ച ശേഷം സർഹിന്ദി തന്നെ അതിൽ അദ്ഭുതപ്പെട്ടു. ഈ വലിയ മനുഷ്യനെ വിമർശിക്കാൻ താനാരാണെന്ന മട്ടിൽ. 

"റബ്ബേ, ഈ യുദ്ധക്കളത്തിൽ എനിക്കെന്ത് ചെയ്യാൻ കഴിയും? ഞാൻ അംഗീകരിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നത് ഈ മഹാഗുരുവിനെയാണ്. അദ്ദേഹമാണ് ദൈവജ്ഞാനത്തിന് അടിത്തറയിട്ടതും അത് വികസിപ്പിച്ചെടുത്തതും. എകദൈവത്വത്തെ കുറിച്ചും, സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും (ഇത്തിഹാദ്) ഏറ്റവും കൂടുതൽ സംസാരിച്ചതും അദ്ദേഹമാണ്.


ആധിക്യ (തഅദ്ദുദ് വ തകസ്സുർ) ങ്ങളെ കുറിച്ച് വിശദീകരിച്ചതും അദ്ദേഹം. നിലനില്ക്കുന്നത് ദൈവം മാത്രമാണെന്നും ലോകം സാങ്കല്പികമാണെന്ന് സ്ഥാപിച്ചതും അദ്ദേഹം. യാഥാർത്ഥ്യത്തിന്റെ ഘട്ടങ്ങളെ (തനസ്സുലാത്) സ്ഥാപിച്ചതും ഓരോ ഘട്ടത്തിലെയും മേന്മകളെ തിരിച്ചറിഞ്ഞതും അദ്ദേഹം. അല്ലാഹുﷻവിന്റെ വൈശിഷ്ട്യം (തൻസീഹ്) ലോകത്തിനുമപ്പുറത്താണെന്നും, വിശുദ്ധനും നിയന്ത്രണാധികാരമുള്ളവനുമാണെന്നുമെല്ലാം അറിയിച്ചതും അദ്ദേഹം തന്നെ. 

അദ്ദേഹത്തിന് ശേഷം വന്ന സൂഫികൾ ഇക്കാര്യങ്ങളൊക്കെ സൂചിപ്പിച്ചുവെന്നല്ലാതെ ആരും അവ വിശദീകരിച്ചില്ല. അവരൊക്കെ അദ്ദേഹത്തിന്റെ കാല്പാടുകൾ പിന്തുടരുകയോ അദ്ദേഹത്തിന്റെ പദങ്ങൾ ആവർത്തിക്കുകയോ ചെയ്തു. പില്ക്കാലത്ത് വന്ന നമ്മളും ആ മഹാമനുഷ്യനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സൂഫീ ദർശനങ്ങൾ പഠിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തിൽ ദൈവം തക്ക പ്രതിഫലം നല്കട്ടേ. (അതേ കൃതി 2,24) 

അനൽ ഹഖ് എന്നതിലൂടെ സൃഷ്ടിയും സ്രഷ്ടാവും ഒന്നായിരിക്കുന്നു എന്ന് പറഞ്ഞാൽ അത് മനുഷ്യനിൽ ദൈവം കുടിയിരിക്കുന്നു എന്നല്ല. സ്രഷ്ടാവ് സൃഷ്ടിയിൽ കുടിയിരിക്കുന്നു എന്ന് വിശ്വസിക്കാൻ വയ്യ. അവ മനസ്സിന്റെ പ്രതിഫലനങ്ങളാണ്. 

പ്രതിഫലനങ്ങളായ സൃഷ്ടികളിൽ ദൈവമോ സത്തയോ കുടിയിരിക്കില്ല. എല്ലാം അവനാണ് എന്നതുകൊണ്ട് അർത്ഥമാക്കേണ്ടത് എല്ലാം അവനിൽ നിന്നാണ് അഥവാ അവന്റെ കഴിവ് കൊണ്ടാണ് എന്നാണ്. ഒന്നും ഞാനല്ല; അവനാണ് എന്ന് നാം സാധാരാണ പറയുമ്പോഴും അവന്റെ കഴിവ് കൊണ്ടാണ് എന്നാണല്ലോ അർത്ഥമാക്കേണ്ടത്. ഇബ്നു അറബിയുടെ തത്വങ്ങളെ ശരിക്ക് മനസ്സിലാക്കാത്തവരാണ് അദ്ദേഹത്തെ വിമർശിക്കുന്നത്. 

ഇബ്നു അറബി യാഥാർത്ഥ്യത്തെ (ഹഖീഖത്) സമർത്ഥിക്കുമ്പോൾ പലർക്കും അത് ഉൾക്കൊള്ളാനാവുന്നില്ല. അപ്പോൾ അവർ അദ്ദേഹത്തെ വിമർശിക്കുന്നു. കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ ശൈഖ് അവർക്ക് സമ്മതനായി മാറും.(മക്തൂബാത് 1, 356-59)

യാഥാർത്ഥ്യത്തെ ലോകവുമായി ചേർക്കുന്നത് ഒരർത്ഥത്തിൽ ബഹുദൈവ വിശ്വാസമാണെന്ന് കൂടി സർഹിന്ദി പറയുന്നു. ഇവിടെ അനൽ ഹഖ് എന്ന പരാമർശത്തിലൂടെ ഇബ്നു അറബിയുടെ പക്ഷക്കാർ അങ്ങനെ ചെയ്തുവെന്നാണ് ഇബ്നു അറബിയുടെ വിമർശകർ പറയുന്നത്. അത് ശരിയല്ല; അത്തരം പാതകത്തിന് ഇബ്നുഅറബിയോ ശിഷ്യരോ മുതിർന്നിട്ടില്ല. ഇവിടെ ദൈവം എല്ലാറ്റിന്റേയും ഉറവിടമാണെന്ന് ഉലമകളും എല്ലാം ദൈവത്തിന്റെ പ്രതിഫലനമാണെന് സൂഫികളും പറയുന്നത് യഥാർത്ഥത്തിൽ ഒന്നുതന്നെയാണെന്ന് സർഹിന്ദി സമർത്ഥിക്കുന്നു. 

ഒരു കൂട്ടർ അതിന് ബാഹ്യമായ അർത്ഥം കല്പിക്കുന്നു. സൂഫികൾ അതിനെ അധ്യാത്മികമായി വിശദീകരിക്കുന്നു. ഉന്നതമായ ജ്ഞാനം നേടുമ്പോൾ ഈ വ്യത്യാസങ്ങൾ താനേ ഇല്ലാതാവും. എല്ലാറ്റിന്റേയും ഉറവിടം ദൈവമാണെന്ന് പറയുമ്പോൾ ദൈവാംശം എല്ലാറ്റിലുമുണ്ടെന്നല്ല. അങ്ങനെ വിശ്വസിക്കുന്നത് ബഹുദൈവത്വമാണെന്ന് കൂടി സർഹിന്ദി അടിവരയിടുന്നു. (210/97)

ഇസ്ലാമിക സംസ്കാരത്തിന്റെ മുഖ്യഘടകങ്ങൾ ഖുർആനും നബിചര്യയുമാണെന്ന് സർഹിന്ദി വ്യക്തമാക്കുന്നുണ്ട്. അന്ത്യ നാളിൽ ജനങ്ങളോട് ശരീഅത്തിനെ കുറിച്ചായിരിക്കും ചോദിക്കുക; അവരുടെ തസ്വവുഫിനെപ്പറ്റിയല്ല. കർമകാണ്ഡം നന്നായി പഠിക്കാൻ പറഞ്ഞ സർഹിന്ദി, തസ്വവുഫിന് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനമേ ഉള്ളൂവെന്നും പറയുന്നു.

ഒരു ശിഷ്യന് ഉന്മാദാവസ്ഥ വന്നപ്പോൾ സർഹിന്ദി അവനോട് പറഞ്ഞു: പോയി പഠിക്കുക. വിവരമില്ലാത്ത സൂഫി ചെകുത്താന്റെ ശിഷ്യനാണ്. ശരീഅത്ത് തള്ളിയ ഏത് സൂഫി അനുഭവവും പരിത്യാഗമാണ്. എന്നാൽ ശരീഅത്തിനെ ബാഹ്യമായി വ്യാഖ്യാനിക്കുകയല്ല സർഹിന്ദി ചെയ്യാറുള്ളത്. അദ്ദേഹം അതിന്റെ ആന്തരികമായ സാരം കൂടി ബോധ്യപ്പെടുത്തും. 

അതിൽ ത്വരീഖത്തും (സൂഫീ മാർഗം) ഹഖീഖത്തും (യാഥാർത്ഥ്യം) എങ്ങനെ യോജിച്ചു കിടക്കുന്നുവെന്നും വിശദീകരിക്കും.

മതത്തിൽ പുതിയ സമ്പ്രദായങ്ങൾ (ബിദ്അത്) ചേർക്കുന്നത് സംബന്ധിച്ച് സർഹിന്ദിയുടെ വീക്ഷണം അക്കാലത്തെ പാരമ്പര്യ പണ്ഡിതൻമാരിൽ നിന്ന് വ്യത്യസ്തമാണ്. പുതുമകൾ, നല്ലത് (ഹസനത്), ചീത്ത (സയ്യിഅത്) എന്നിങ്ങനെ വിഭജിക്കുന്നതും അദ്ദേഹം അംഗീകരിക്കുന്നില്ല.(ഇത്ബതുന്നുബുവ്വ 10).


ഉദാഹരണത്തിന് മയ്യിത്ത് മൂന്ന് കഷ്ണം തുണി കൊണ്ടാണ് പൊതിയേണ്ടത്. എന്നാൽ ഇതിന് പുറമേ ഒരു തലേക്കെട്ട് കൂടി കെട്ടുന്ന സമ്പ്രദായമുണ്ടായിരുന്നു. അന്നത്തെ പണ്ഡിതൻമാർ ഇത് അംഗീകരിച്ചിരുന്നു. എന്നാൽ അത് നബിചര്യക്ക് എതിരാണെന്ന് സർഹിന്ദി പറഞ്ഞു. ഇതുപോലെ നിസ്കാരത്തിന് പ്രതിജ്ഞ (നിയ്യത്) ഉറക്കെ ചൊല്ലുന്ന സമ്പ്രദായത്തെയും അദ്ദേഹം അംഗീകരിച്ചില്ല. 

മതത്തെ ഇന്ന് നിങ്ങൾക്ക് സമ്പൂർണമാക്കിത്തന്നിരിക്കുന്നു (5/3) എന്ന ഖുർആൻ വചനത്തിന്റെ വെളിച്ചത്തിൽ എല്ലാ പുതിയ സമ്പ്രദായങ്ങളും തെറ്റാണെന്ന് സർഹിന്ദി എഴുതുന്നു. (മക്തൂബാത് 1,185-187, 227-8, 445). എന്നാൽ പലപ്പോഴും ഈ കാര്യത്തിൽ ഖണ്ഡിതമായ തീരുമാനമെടുക്കാൻ സർഹിന്ദിക്ക് കഴിഞ്ഞില്ല. 

സൂഫിസവുമായി ബന്ധപ്പെട്ട ഉന്മാദം (ജദ്ബ്), ആത്മീയവഴി (സുലൂക്), ആത്മനാശം (ഫനാഅ്), അവശേഷം (ബഖാഅ്) തുടങ്ങിയ സൂഫീ അവസ്ഥകളെ എങ്ങനെയാണ് പരിഗണിക്കുക എന്ന ചോദ്യത്തിന് സ്വഹാബിമാരുടെ കാലത്ത് അവർ പ്രവാചകനുമായി (ﷺ) നേരിട്ട് സാമീപ്യം പുലർത്തിയതിനാൽ അങ്ങനെയുള്ള അവസ്ഥകൾ ആവശ്യമായിരുന്നില്ലെന്നും പിന്നീടാണവ ആവശ്യമായി വന്നതെന്നുമാണ് അദ്ദേഹം കൊടുത്ത വിശദീകരണം. 

ആ നിലക്ക് ബിദ്അതിനെ കുറിച്ചുള്ള ആശയങ്ങളിൽ പരസ്പരവിരുദ്ധത കാണുന്നുവെന്ന് വിമർശകർ. ഇതുപോലെ ഇന്ത്യൻ മുസ്ലിംകൾ ധരിക്കുന്ന പ്രത്യേക വസ്ത്രധാരണം ശരിയാണോ എന്ന ചോദ്യത്തിന് സർഹിന്ദി പറഞ്ഞു: പ്രവാചകന്റെ (ﷺ) ചര്യകൾ രണ്ടു തരമുണ്ട്. ഒന്ന് ആരാധനയുമായി (ഇബാദത്) ബന്ധപ്പെട്ടതും രണ്ട് ആചാരങ്ങളുമായി (ഉർഫ്/ആദത്) ബന്ധപ്പെട്ടതും. രണ്ടാമത്തെ ഇനത്തിൽ നബിചര്യയിൽ നിന്ന് വ്യത്യസ്തമായി വല്ലതും ഉണ്ടെങ്കിൽ അത് നിഷേധിക്കേണ്ട (ബിദ്അത് മുൻകറ)തല്ല. അത് ആരാധനയുമായി ബന്ധപ്പെട്ടതല്ല; മറിച്ച് അത് കാലവും സ്ഥലവുമായി ബന്ധപ്പെട്ടതാണ്.
(മക്തൂബാത് 1, 291)

ശരീഅത്തിനെ സൂഫീരീതിയിലാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. ശരീഅത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് രൂപം (സ്വൂറ), രണ്ട് സത്ത (ഹഖീഖത്), അഥവാ അതിന് ഭൗതികമായ (ളാഹിർ) അവസ്ഥയും ആന്തരികമായ അവസ്ഥയും (ബാത്വിൻ) ഉണ്ട്. ആദ്യത്തേത് കലഹിക്കുന്ന മനസ്സുമായി (നഫ്സ് അമ്മാറ) സംഘർഷം ഉണ്ടായിരിക്കേതന്നെ ഖുർആന്റെ കല്പനകൾ അംഗീകരിക്കലാണ്. 

ഉദാഹരണത്തിന് നിസ്കാരമെന്ന കല്പന അനുസരിക്കുന്നു. എന്നാൽ മനസ്സ് അല്ലാഹു ﷻ വുമായി അടുക്കാൻ കൂട്ടാക്കുന്നില്ല. ഈ ചെറിയ ഘട്ടം പോലും തരണം ചെയ്യാത്തവനും സ്വർഗം ലഭിക്കുന്നത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ്. 

രണ്ടാമത്തേത് ദൈവത്തിൽ വിലയം പ്രാപിച്ചു കൊണ്ടുള്ള അനുസരണമാണ്. ഇതുപോലെ സ്വർഗത്തെയും അതിലെ സുഖാഢംബരങ്ങളെയും ആന്തരികം, ഭൗതികം എന്നിങ്ങനെ രണ്ടായി തിരിക്കാമെന്നും സർഹിന്ദി. 

വിശ്വസിക്കുക മാത്രം ചെയ്തവന്റെ സ്വർഗീയ ആസ്വാദനം സത്തയുമായി ബന്ധപ്പെട്ടവന്റെ (അർബാബേ ഹഖീഖ) സ്വർഗവാസത്തെ പോലെയല്ല. 

യാഥാർത്ഥ്യവുമായി ബന്ധപ്പെടുന്നവർക്ക് ഖുർആനിലെ ആന്തരാർത്ഥമർഹിക്കുന്ന വചനങ്ങൾക്ക് (മുതശാബിഹാത് ഈ ഇനത്തിലുള്ള വചനങ്ങൾക്ക് നേരിട്ട് അർത്ഥം നല്കാൻ കഴിയില്ല.) വ്യാഖ്യാനം നല്കാൻ കഴിയും. ഇതിന് സാധിക്കുന്നവർക്ക് പ്രവാചകത്വത്തിന്റെ സമ്പൂർണത കൈവരിക്കാനാവും. അതേ സമയം അവർ പ്രവാചകൻമാരല്ല താനും. യാഥാർത്ഥ്യവുമായി താദാത്മ്യം പ്രാപിച്ച സൂഫികളെയാണ് ഇവിടെ പരാമർശിക്കുന്നത്. (മക്തൂബാത് 1,158-9)

സൂഫിയുടെ ആത്മീയമായ ആരോഹണത്തെക്കുറിച്ച് പറയുമ്പോഴും ശരീഅത്തിന്റെ രണ്ടവസ്ഥകളെ സർഹിന്ദി വിശദീകരിക്കുന്നു. മാനുഷിക പരമായ കഴിവിന്റെ പരിധിയിൽ നിന്നുകൊണ്ട് സൂഫിസത്തിന്റെ വിവിധ ഘട്ടങ്ങൾ തരണം ചെയ്യലും (സിൽസിലായെ മുംകിനാത്) അതുവഴി ദൈവത്തിന്റെ സത്തയിലേക്ക് സഞ്ചരിക്കലും (മറാതിബേ വുജൂബ്) ശരീഅത്തിന്റെ പരിധിയിൽ പെടുന്നു. 

പിന്നീടുള്ള സൂഫിയുടെ യാത്ര ലോകവുമായി ബന്ധപ്പെട്ടതല്ല. ഇവിടെ സൂഫി, ജീവിതത്തിലെ ജലാവസ്ഥ (ആബെഹയാത്)യിലെത്തുകയാണ്. ഇവിടെ സൂഫിയുടെ ജീവിതം ശരീഅത്തിന് പുറത്താണ്. അവിടെ ദൈവം അദ്ദേഹത്തെ സംരക്ഷിച്ചുകൊള്ളും (കിഴക്കും പടിഞ്ഞാറും അല്ലാഹു ﷻ വിന്റേതാണ്. എങ്ങോട്ട് തിരിഞ്ഞു പ്രാർത്ഥിച്ചാലും അവിടെയൊക്കെ അല്ലാഹു ﷻ വിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു ﷻ അതിരുകൾക്കതീതനാണ് എല്ലാം അറിയുന്നവനും (ഖുർആൻ 2/115).


ഈ ഘട്ടത്തിൽ എത്തുന്നവർ വളരെ കുറച്ചു പേരേ ഉള്ളൂ. ചിലർ ഈ ഘട്ടത്തിന്റെ നിഴലിലേക്കെത്തുമ്പോഴേക്കും താളം തെറ്റും. അങ്ങനെ മതപരിത്യാഗത്തിൽ ചെന്നെത്തും. സൂഫികൾക്കും സാധാരണക്കാർക്കുമൊക്കെ ശരീഅത്ത് അനുവദിക്കുന്ന ഘട്ടം വരെ മാത്രമേ കല്പനയുള്ളു. അതിനപ്പുറത്തേക്ക് പോകുന്നവർ അവരുടെ കലഹിത മനസ്സിനെ (നഫ്സു അമ്മാറ) ശാന്തരാക്കിയവരായിരിക്കും (നഫ്സുൽ മുത്മഇന്ന). അതെല്ലാവർക്കും സാധ്യമല്ല. അതുവരെ ചെന്നെത്തിയാൽ തന്നെ മോക്ഷ പ്രാപ്തനാണ്.

ശരീഅതും ത്വരീഖതും ഒരേ യാഥാർത്ഥ്യ(ഹഖീഖത്)ത്തിന്റെ രണ്ട് പ്രകടനങ്ങളാണ്. അതേസമയം ത്വരീഖ ശരീഅത്തിന്റെ സേവകനുമാണ്. ശരീഅത് പൂർണമാവണമെങ്കിൽ ത്വരീഖ അനിവാര്യമാണ്. പ്രവാചകത്വത്തിന്റെയും അധ്യാത്മികതയുടെയും ഇടയിൽ ശരീഅത്തും ത്വരീഖയും സമാന്തരമായി നിൽക്കുന്നു. അധ്യാത്മികതയുടെ (വിലായത്) മേൽ പ്രവാചകത്വം (നുബുവ്വത്) ഉന്നതമാണെന്ന പോലെ ത്വരീഖയുടെ മേൽ ശരീഅത് ഉന്നതമായി നില്ക്കുന്നു. ശരീഅത്തിൽ ആത്മനാശം (ഫനാ ഫിൽ ശരീഅ) വരുത്താതെ ആർക്കും മോക്ഷപ്രാപ്തി നേടാനാവില്ല. 

ശാഫിഈ, ഹനഫീ കർമവിഭാഗങ്ങളിൽ തർക്കമുണ്ടാവുകയാണെങ്കിൽ ബാഹ്യമായ കാര്യങ്ങളിൽ ശാഫിഈ മാർഗവും ആന്തരിക കാര്യങ്ങളിൽ ഹനഫീ മാർഗവും പിന്തുടരണമെന്ന് കൂടി സർഹിന്ദി ഉപദേശിക്കുന്നു.

ശരീഅത് ഖുർആനിലെ വ്യക്തമായി അർത്ഥം ലഭിക്കുന്ന വചനങ്ങളിൽ (മുഹ്കമാത്) നിക്ഷിപ്തമാണ്. സാധാരണ മത പണ്ഡിതൻമാർ അതു വച്ചാണ് കാര്യങ്ങൾ ചെയ്യുക. ഖുർആൻ വചനങ്ങളിലെ ഭൗതികമായ അർത്ഥമേ അവർ ശ്രദ്ധിക്കുന്നുള്ളൂ. അവർ കർമശാസ്ത്ര ഗ്രന്ഥങ്ങളെ ആശ്രയിച്ചുകൊണ്ടിരിക്കും. എന്നാൽ ശരീഅത്തിന്റെ സത്ത ഉൾക്കൊള്ളുന്നത് അധ്യാത്മജ്ഞാനികളായ പണ്ഡിതൻമാരാണ്. അവർ ഉൾസാരമുൾക്കൊള്ളുന്ന വചനങ്ങളെ (മുതശാബിഹാത്) ആശ്രയിച്ച് തീർപ്പുകല്പിക്കുന്നു. 

വ്യക്തമാക്കപ്പെട്ട വചനങ്ങൾ (മുഹ്കമാത്) ഉൾസാരമുള്ളവചനങ്ങളെ ഗ്രഹിക്കാനുള്ള വഴിയാണ്. ജ്ഞാനികളായ ഉലമകൾ ശരീഅത്തിന്റെ ഭൗതികവും സത്താപരവുമായ അർത്ഥങ്ങൾ ഉൾക്കൊള്ളാൻ പ്രേരിപ്പിക്കും. എന്നാൽ മുസ്ലിമാവാൻ ഭൗതികമായ അർത്ഥം ഉൾക്കൊണ്ടാൽ മതി. 

ഈ രണ്ട് വിഭാഗങ്ങൾക്കും ഇടക്കുള്ളവരാണ് ഔലിയാക്കൾ. ഇവർ ശരീഅത്തിന് സത്തയില്ല എന്നു പറയും. ശരീഅത്ത് കാമ്പില്ലാത്ത ഉമിയാണെന്ന്. എന്നാലും അവർ ജീവിതത്തിൽ ശരീഅത്ത് അനുധാവനം ചെയ്യും.(മക്തൂബാത് 1,350-356)

സർഹിന്ദി ശരീഅത്തിന്റെ ഭൗതികമായ രൂപത്തെക്കാളും പ്രധാനം നല്കുന്നത് അതിന്റെ ആന്തരികമായ സത്തക്കാണ്. ഇതിനായി ഉൾസാരമുള്ള ഖുർആനിക വചനങ്ങളെ വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. സത്തയില്ലാതെ ശരീഅത്തിന്റെ ഭൗതികമായ രൂപത്തെ പകർന്നുകൊടുക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് പോലെ ഭൗതികരൂപത്തെ അനുഷ്ഠിക്കാതെ സത്തയിലെത്താനാവില്ലെന്നും. 

ഭൗതികരൂപത്തെ സത്തയിൽ നിന്ന് വേർതിരിക്കാനാവില്ല. ഇപ്രകാരം ശരീഅത് പൂർണമായി തന്നെ സൂഫീതത്വങ്ങളുമായി യോജിച്ചുപോവുന്നു. ഭൗതികരൂപത്തെ ആശ്രയിക്കുന്ന മുസ്ലിംകൾ സത്തയെ ആശ്രയിക്കുന്നവരെക്കാൾ താഴെ നിലയിലാണ്. ശരീഅത്തിന്റെ ഭൗതികരൂപത്തെ മാത്രം അറിയുന്ന പണ്ഡിതൻമാരെ ഉലമായെ ളാഹിരീൻ എന്നും സത്തയെ അറിയുന്നവരെ ഉലമായെ റാസിഖീൻ എന്നും സർഹിന്ദി വിശേഷിപ്പിക്കുന്നു.

മുസ്ലിം സമൂഹത്തിന്റെ ഇടയിൽ ബഹുദൈവത്വവിശ്വാസങ്ങൾ പലതും ഇടം പിടിച്ചിരുന്നു. ഇത് സ്ത്രീകളിലാണ് കൂടുതലുള്ളതെന്ന് സർഹിന്ദി പറയുന്നു. വസൂരി രോഗവും മറ്റും പിടിപെടുമ്പോൾ സ്ത്രീകൾക്ക് കല്ലുകളോടും രൂപങ്ങളോടും ആവലാതി പറയുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ഇതിനെ അദ്ദേഹം നഖശിഖാന്തം എതിർത്തു. 

അതു പോലെ സ്ത്രീകൾ ഹിന്ദുക്കളുടെയും യഹൂദൻമാരുടെയും ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. അവർ ദീപാവലി ആഘോഷിക്കുകയും അവിശ്വാസികൾ ചെയ്യുന്നതു പോലെ തങ്ങളുടെ പെൺമക്കൾക്ക് സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു. അതുപോലെ സൂഫി ദർഗകൾക്ക് മുമ്പിൽ ബലിയറുക്കുന്നു. ഇവയൊക്കെ നിരോധിക്കപ്പെട്ടതും ബഹുദൈവത്വവുമായി ബന്ധപ്പെട്ടതുമാണ്. 

അവർ മരിച്ചുപോയ മഹാത്മാക്കളുടെ പേരിൽ നോമ്പനുഷ്ഠിക്കുന്നു. എന്നാൽ നോമ്പ് അല്ലാഹു ﷻ വിന് മാത്രമുള്ളതാണ്. നോമ്പ് തുറന്ന ശേഷം ദർഗയിൽ വച്ച് പല അനാചാരങ്ങളും പ്രവർത്തിക്കുന്നു. ഇതൊക്കെ പാപകരമായ പ്രവർത്തനങ്ങളാണ്. (3,68-75)


ഹിന്ദുക്കൾക്ക് പ്രവാചകൻമാർ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് സർഹിന്ദി ഇപ്രകാരം മറുപടി നല്കി: ഇന്ത്യയിലേക്ക് പ്രവാചകൻമാർ വന്നിരുന്നു. എല്ലാവരെയും ജനം തള്ളി. മൂന്നിലധികം അനുയായികൾ ആർക്കുമുണ്ടായിട്ടില്ല. ഒരു സമുദായത്തെ രൂപപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ ഈ പ്രവാചകൻമാരെ കുറിച്ച് വിവരങ്ങളൊന്നുമില്ല. 

ഇന്ത്യൻ ഭാഷകളിൽ പ്രവാചകരുടെ സന്ദേശങ്ങൾ ബോധ്യപ്പെടുത്താനുതകുന്ന പദങ്ങളുമില്ല. വാമൊഴികളുമില്ല. ദാരുണമായ ചില ഓർമപ്പെടുത്തലുകളുണ്ടെന്ന് മാത്രം. ഇന്ത്യയിലെ നശിപ്പിക്കപ്പെട്ട പട്ടണങ്ങളും പ്രദേശങ്ങളും കാണുമ്പോൾ തോന്നുന്നത് പ്രവാചകൻമാരുടെ സന്ദേശങ്ങൾ തിരസ്കരിച്ചതിന്റെ പേരിൽ അല്ലാഹു ﷻ ശപിച്ചതാവുമെന്നാണ്.(മക്തൂബാത് 1, 284). 

എന്നാലും ഇന്ത്യയുടെ ആത്മീയ ജീവിതത്തിൽ ഈ പ്രവാചകൻമാർ കുറച്ചൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദൈവസാന്നിധ്യത്തെ കുറിച്ച് ഇവിടത്തെ അവിശ്വാസികളുടെ നേതാക്കൾക്കുള്ള അറിവ് ഈ പ്രവാചകരിൽ നിന്ന് ലഭിച്ചതാവാം. ദൈവബോധമുണ്ടാക്കുന്നതിന് യുക്തി മാത്രം പോരാ എന്ന ബ്രാഹ്മണരുടെ അറിവ് തീർച്ചയായും പ്രവാചകൻമാരുടെ സ്വാധീനമില്ലാതെ ലഭിക്കില്ല. 

ഈ ജ്ഞാനത്തെ ബ്രാഹ്മണർ ദുരുപയോഗപ്പെടുത്തുകയും കള്ളങ്ങൾ കെട്ടിച്ചമച്ച് ദൈവം തങ്ങളിൽ കുടികൊള്ളുന്നുവെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു (1,284). 

ശരീഅത്ത് നിഷ്കർഷിച്ച പ്രകാരമാണ് ഒരാൾ ആത്മനാശത്തിനൊരുങ്ങേണ്ടത്. അല്ലാതെയുള്ള തപസ്സുകളും ധ്യാനങ്ങളും ദൈവത്തിന്റെ പക്കൽ ഗുണം ചെയ്യില്ല. യോഗികളും തത്വചിന്തകരും നടത്തുന്ന ഇത്തരം തപസ്സുകളും ധ്യാനങ്ങളും അതിനാൽ തന്നെ ഫലമില്ലാത്തവയാണ്. 

അവർക്ക് അതുമൂലം നിർവൃതി ലഭിക്കുന്നുണ്ടായിരിക്കാം. പക്ഷേ, അത് അവന്റെ ആത്മാവിന് ഗുണം ചെയ്യില്ല. കാരണം ദൈവികനിയമങ്ങളുടെ അനുസരണം ഈ ധ്യാനങ്ങളിലില്ല. 

ഒരാളുടെ നിർബന്ധമായ സകാത്തിന് പകരമാവില്ല; അയാൾ എത്രയിരട്ടി ദാനം നല്കിയാലും. എതു കർമവും ശരീഅത്തനുസരിച്ചാണ് ചെയ്യേണ്ടത്. അല്ലാത്തവർക്ക് ദൈവത്തിന്റെ നിഴൽ വരെ എത്താനേ കഴിയൂ. തമ്മിൽ പ്രാപിക്കാനാവില്ല.

ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ മതത്തിന്റെ പേരിൽ ശത്രുതയുടെ ആവശ്യമില്ല എന്ന് സർഹിന്ദി പറഞ്ഞു. എന്നാൽ മുസ്ലിംകൾ ഹിന്ദു വിശ്വാസങ്ങളെ സ്വീകരിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. ലാലാ ബെഗിനെഴുതിയ കത്തിൽ ഹിന്ദുക്കൾ ഇസ്ലാമിനെ നാമാവശേഷമാക്കാൻ ശ്രമിക്കുന്നതിനെ സർഹിന്ദി കുറ്റപ്പെടുത്തുന്നുണ്ട്.(മക്തൂബാത്, 1,47)

അക്ബർ ചക്രവർത്തിയുടെ കാലത്ത് ഹിന്ദുക്കൾ മുൻപന്തിയിലെത്തിയെന്നും മുസ്ലിംകൾ നിസ്സഹായരായി തീർന്നുവെന്നും അദ്ദേഹം എഴുതുന്നു. (അതേ കത്ത്).

ഖാനേ അഅ്സം മീർസാ അസീസ് കോകക്ക് ജഹാംഗീറിന്റെ ഭരണകാലത്ത് എഴുതിയ കത്തിൽ, ഹിന്ദുക്കൾ മുസ്ലിംകളെ എല്ലാ വിധേനയും അവഗണിക്കുകയാണെന്നും ഇസ്ലാമിനെ അധിക്ഷേപിക്കുകയാണെന്നും സർഹിന്ദി പരിഭവിക്കുന്നു.(കത്ത് നമ്പർ 65)

ഹൃദയ് റാം എന്നയാൾ സർഹിന്ദിക്ക് ഒരു കത്തെഴുതി. ഇസ്ലാം മതത്തിൽ വിശ്വസിക്കാതെ തന്നെ നഖ്ശബന്ദി സൂഫീ മാർഗത്തിൽ പ്രതിജ്ഞയെടുക്കലായിരുന്നു ഹൃദയ് റാമിന്റെ ആഗ്രഹം. എല്ലാ മതങ്ങളുടെയും സത്ത ഒന്നായതിനാൽ ഔപചാരികമായി മതം മാറുന്നതിന്റെ ആവശ്യമില്ല എന്നായിരുന്നു അദ്ദേത്തിന്റെ നിലപാട്. സർഹിന്ദിക്ക് ഹൃദയ്റാമിന്റെ ഈ നിലപാട് തീരെ ഇഷ്ടമായില്ല. തെല്ലൊരു നീരസത്തോടെയും ദേഷ്യത്തോടെയുമാണ് ഈ കത്തിന് സർഹിന്ദി മറുപടി നല്കിയത്. 

വിഗ്രഹങ്ങളുടെ മനുഷ്യരൂപത്തെയും രാമനും റഹീമും ഒന്നാണെന്നുമുള്ള വാദത്തെയും അദ്ദേഹം മറുപടിയിൽ പാടേ എതിർത്തു. ഹൃദയ് റാമിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചില്ലെങ്കിലും ബുദ്ധി ഉപയോഗിച്ച് വിഗ്രഹങ്ങളെ പിന്തുടരുന്നതിൽ നിന്ന് മാറിനില്ക്കാൻ സർഹിന്ദി ഉപദേശിച്ചു.

മതപരിവർത്തനത്തിൽ ആവേശമൊന്നും സർഹിന്ദിക്കുണ്ടായിരുന്നില്ല. മുസ്ലിം സമൂഹത്തോട് മാത്രമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. സർഹിന്ദി വ്യാപകമായ മിഷനറി പ്രവർത്തനം നടത്തിയിരുന്നു എന്നു പറയുന്നത് മുസ്ലിംകൾക്കിടയിലെ പ്രവർത്തനത്തെ കുറിച്ചായിരിക്കണം. അല്ലാതെ മതംമാറ്റുന്നതിൽ താല്പര്യം കാണിച്ചതിന് ശക്തമായ തെളിവുകളൊന്നുമില്ല.

അക്ബറുടെ കാലത്ത് ചില ഹിന്ദുവിഭാഗങ്ങൾ ഇസ്ലാമിനോട് ചെയ്ത അമിതത്വങ്ങളെ അദ്ദേഹം പരാമർശിക്കുന്നു. മാത്രമല്ല; അവിശ്വാസികളെക്കൊണ്ടുള്ള ഭീതിയെ കുറിച്ച് പ്രഭുക്കൾക്കും, സാധാരണ മുസ്ലിംകൾക്കുമെല്ലാം മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

ലാലാ ബെഗിനെഴുതിയ കത്തിൽ ഹിന്ദുക്കളുടെ അതിജാഗരണത്തെക്കുറിച്ച് സമുദായത്തിന് മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം ഹിന്ദു ആചാരങ്ങൾ മുസ്ലിംകളുടെമേൽ അടിച്ചേല്പിക്കുന്നു എന്നുവരെ ആരോപിക്കുന്നു. 

ഇസ്ലാമിനെയും മുസ്ലിംകളെയും പൂർണമായി നിഷ്കാസനം ചെയ്യാൻ ഹിന്ദു പരിവർത്തനവാദികൾ ഉദ്യമിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു. മുസ്ലിംകളെ വധിക്കുന്നതിലേക്കുവരെ കാര്യങ്ങൾ നീങ്ങുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു (1,81). 

അക്ബറുടെ കാലത്ത് ഹിന്ദുക്കൾ മേധാവിത്തം സ്ഥാപിക്കുന്നതും മുസ്ലിംകൾക്ക് ഗതിയില്ലാതാവുന്നതും അദ്ദേഹം വിശകലനം ചെയ്യുന്നു. കഴിഞ്ഞ ഭരണകാലത്ത് (അക്ബറുടെ ഭരണം) ഹിന്ദുക്കൾ ഇസ്ലാമിന്റെ രാജ്യത്ത് അവിശ്വാസം ശക്തമായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം തുറന്നെഴുതുന്നു. ഈ വൃത്തികെട്ട അവിശ്വാസികളുടെ ലക്ഷ്യം ഇസ്ലാമിനെയും മുസ്ലിംകളെയും പരിഹസിക്കലാണ്. അവസരം കിട്ടിയാൽ അവർ മുസ്ലിംകളെകൊണ്ട് അവരുടെ മതം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും നമ്മളെ വീണ്ടും കാഫിറാക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ നമ്മളെ വധിക്കുന്നു (1,163). 

ജഹാംഗീറിന്റെ കാലത്ത് സർഹിന്ദി മീർസാ അസീസ് കോകക്ക് എഴുതിയതിങ്ങനെ: അവിശ്വാസികൾ പരസ്യമായി തന്നെ ഇസ്ലാമിനെയും മുസ്ലിംകളെയും അവഹേളിക്കുന്നു. അത്ര മാത്രം ഇസ്ലാം നിസ്സഹായവസ്ഥയിലാണ്. ഒരു ഭയവുമില്ലാതെ അവർ അവിശ്വാസത്തിന്റെ നിയമങ്ങൾ പ്രചരിപ്പിക്കുന്നു. അവരുടെ ദൈവങ്ങളെ വാഴ്ത്തുകയും ചെയ്യുന്നു. 

മുസ്ലിംകളെ ശരീഅത്ത് നിയമങ്ങൾ പ്രചരിപ്പിക്കാൻ അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താൽ അവരെ പരിഹസിക്കുകയും അപലപിക്കുകയും ചെയ്യുന്നു (1,65). 

അക്ബർ ചക്രവർത്തി മതംമാറ്റം നിരുത്സാഹപ്പെടുത്തുകയും നിർബന്ധിച്ച് മതം മാറ്റുന്നവർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്ത് ബ്രാഹ്മണർക്ക് എല്ലാ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സൗകര്യം കൊട്ടാരത്തിൽ തന്നെ ചെയ്തു കൊടുത്തു. അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം മുസ്ലിംകൾ പെരുമാറരുതെന്ന് നിഷ്കർഷിക്കുകയും ചെയ്തു. 

അക്ബർ ഗംഗാജലം കുടിക്കുന്നത് പതിവാക്കി. അങ്ങ് ദൂരെ പഞ്ചാബിലായിരുന്നപ്പോഴും അദ്ദേഹത്തിന് കുടിക്കാൻ ഗംഗാജലം ജാറുകളിൽ എത്തിക്കുകയായിരുന്നു. അനശ്വരതയുടെ ജലം എന്നാണ് അക്ബർ ഗംഗാജലത്തെ വിശേഷിപ്പിച്ചത്. 

രാജ്യത്ത് ഗോവധം നിരോധിക്കുകയും സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചക്രവർത്തി തന്നെ മാംസാഹാരം ഒഴിവാക്കി. രാഖി കെട്ടുന്ന സമ്പ്രദായവും അക്ബർ പ്രോത്സാഹിപ്പിച്ചു. പുത്രൻ ജഹാംഗീറും പൗത്രൻ ഷാജഹാനും ഇതേ ആചാരങ്ങൾ പുലർത്തിയിരുന്നു. 

1570 ൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ വൃന്ദാവനം സന്ദർശിച്ച് ചുറ്റും നാല് ക്ഷേത്രങ്ങൾ നിർമിക്കാൻ ഖജനാവിൽ നിന്ന് പണം നൽകി ഇങ്ങനെ പോവുന്നു സർഹിന്ദിയുടെ ആവലാതികൾ.

തത്വചിന്തകളും മതവിശ്വാസങ്ങളും ചർച്ച ചെയ്യാൻ ചക്രവർത്തി സ്ഥാപിച്ച ഇബാദത് ഖാനായിലെ ചർച്ചകളാണ് അക്ബറെ ഇസ്ലാമിൽ നിന്നകറ്റിയത്. ഈ ചർച്ചയിൽ മുസ്ലിം പക്ഷത്തെ പലപ്പോഴും പ്രതിനിധാനം ചെയ്തത് കൊട്ടാരം പണ്ഡിതൻമാരായ മഖ്ദൂമുൽ മുൽകും, അബ്ദുന്നബിയുമായിരുന്നു. ഇവരാവട്ടെ കടുത്ത തീവ്രചിന്തക്കാരും പരസ്പരം ശത്രുക്കളുമായിരുന്നു. രണ്ടുപേരും അക്ബറെ സ്വാധീനിച്ച് പണം ഉണ്ടാക്കുന്ന മത്സരത്തിലായിരുന്നു. 

സൂഫികളെയോ മറ്റ് പ്രമുഖൻമാരെയോ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യാൻ ഇവർ സമ്മതിച്ചതുമില്ല. ഇതുമൂലം മറ്റുള്ളവരിൽ ഇസ്ലാം കൂടുതൽ തെറ്റിദ്ധരിക്കപ്പെടുകയും മറ്റ് മതവിശ്വാസികൾ തന്മയത്തോടെ അവരവരുടെ മതങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഇസ്ലാമിനെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും അബ്ദുന്നബിക്കോ മഖ്ദൂമുൽ മുൽകിനോ കഴിഞ്ഞതുമില്ല. 

അക്ബർ ചക്രവർത്തി ക്രമേണ ഇസ്ലാം ത്യജിക്കാൻ ഇത് കാരണമായി. അദ്ദേഹം എല്ലാ മതങ്ങളിൽ നിന്നും പലതും സ്വീകരിച്ച് ദീനേ ഇലാഹി പ്രസ്ഥാനത്തിന് രൂപം നല്കുകയും മതവിധി പ്രഖ്യാപിക്കാനുള്ള അധികാരം ഖാളിമാരിൽ നിന്ന് മാറ്റി സ്വയം ഏറ്റെടുക്കുകയും ചെയ്തു. ഇതറിഞ്ഞ മുസ്ലിം പണ്ഡിതൻമാർ പല ഭാഗത്ത് നിന്നും ചക്രവർത്തിക്കെതിരെ രംഗത്തു വന്നു. ജോൻ പൂരിലെ ഷിയാ ഖാളി മുഹമ്മദ് യസ്ദി അക്ബർ ഇസ്ലാമല്ലാതായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും ചക്രവർത്തിക്കെതിരെ കലാപങ്ങളുണ്ടായി. പലരും അക്ബറെ മാറ്റി സഹോദരനെ ചക്രവർത്തിയാക്കാൻ ശ്രമിച്ചു. കലാപങ്ങൾ ശക്തമായി തന്നെ അക്ബർ അടിച്ചമർത്തി. 

ബംഗാൾ ഖാളി മുഇസ്സുൽ മുൽകും ചക്രവർത്തിക്കെതിരെ തിരിഞ്ഞു. യസ്ദിയെയും മുൽകിനെയും കൊട്ടാരത്തിലെത്തിച്ച് വെള്ളത്തിൽ മുക്കിക്കൊന്നു. കൊട്ടാരത്തിലെ പല പ്രഭുക്കൾക്കും അക്ബറുടെ നീക്കങ്ങൾ ഇഷ്ടപ്പെടാതായി. അവരെ കൊണ്ടുവന്ന് വധിച്ചു. 

അക്ബർ പിന്നീട് തന്റെ മതവിഷയങ്ങളിൽ നിന്ന് പിൻമാറിയെന്നും പഴയതുപോലെ നിസ്കാരം നിർവഹിച്ചിരുന്നെന്നും പറയുന്നു. മറ്റുള്ള ആരോപണങ്ങളെല്ലാം ശരിയല്ലെന്നാണ് പലരുടെയും അഭിപ്രായം. അദ്ദേഹം മുസ്ലിമായി തന്നെയാണ് മരിച്ചതും മുസ്ലിം ആചാര പ്രകാരമാണ് സംസ്കാരപ്രവർത്തനങ്ങൾ ചെയ്തതും.


ക്രിസ്തീയരും ജൈനൻമാരും ബുദ്ധമതക്കാരുമൊക്കെ തങ്ങളുടെ വിശ്വാസത്തിലേക്ക് അക്ബറെ പരിവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹമത് അംഗീകരിച്ചിട്ടില്ല. ചക്രവർത്തി തങ്ങളുടെ മതത്തിലേക്ക് വന്നുവെന്ന് അവർ പ്രചരിപ്പിച്ചു എന്ന് മാത്രം. 

അക്ബർ മതവിധി പുറപ്പെടുവിക്കാനുള്ള അധികാരം സ്വയം പ്രഖ്യാപിച്ചു എന്ന് പ്രചരിപ്പിക്കുന്നതും ശരിയല്ല; മറിച്ച് അദ്ദേഹത്തിന്റെ ചിന്തകളിലും പ്രവർത്തനങ്ങളിലും ശക്തമായ സ്വാധീനം കൊട്ടാരം പണ്ഡിതൻമാരായ അബുൽ ഫസൽ, ഫൈസി എന്നിവർക്കുണ്ടായിരുന്നു.

മക്തൂബാതിന്റെ ആദ്യവാള്യത്തിൽ കാണുന്ന ഹിന്ദുവിരുദ്ധമെന്നുതോന്നുന്ന പരാമർശങ്ങൾ മുഗൾ കൊട്ടാരത്തിലെ ഹിന്ദു പ്രഭുക്കളോടുള്ള വിരോധമാണ് പ്രകടമാക്കുന്നത്. ഇവരാണ് അക്ബറെ മതപരിത്യാഗത്തിലെത്തിച്ചതെന്നും സർഹിന്ദി വിശ്വസിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് മുഗൾ പ്രഭുക്കളോടുള്ള എഴുത്തുകുത്തുകൾ നിറുത്തിയതോടെ ഹിന്ദുവിരുദ്ധ പരാമർശങ്ങൾ അദ്ദേഹം നിറുത്തി. 

സാധാരണ ഹിന്ദുക്കളോടുള്ള മനോഭാവം സഹിഷ്ണുതാപരമായിരുന്നുവെന്നാണ് പില്ക്കാല കത്തുകൾ സൂചിപ്പിക്കുന്നത്. സൂഫി മഖ്സൂദ് അലി തബ്രീസിക്കെഴുതിയ കത്തിലാണ് മേൽ പറഞ്ഞ സഹിഷ്ണുതാപരമായ പരാമർശമുള്ളത്.

സർഹിന്ദി ഷിയാവിഭാഗത്തിനെതിരെ കർശന നിലപാടാണ് പുലർത്തുന്നത്. ഷിയാക്കൾക്കെതിരായ ഒരു പുസ്തകം (റദ്ദ റവാഫിസ്) അദ്ദേഹം സൂഫിസത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എഴുതിയിട്ടുണ്ട്. അതിൽ ഷിയാഇസത്തെ രൂക്ഷമായി തന്നെ വിമർശിക്കുന്നു. 

തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് വിവിധ ഷിയാവിഭാഗങ്ങളെ പരിചയപ്പെടുത്തുന്നു. രണ്ടാം ഭാഗത്ത് ഷിയാക്കളെ കഠിനമായി തന്നെ വിമർശിക്കുന്നു. ഷിയാക്കളുടെ കൃതികൾ വിശ്വസിക്കാൻ കൊള്ളില്ല. പ്രവാചകനെയും (ﷺ) നബി കുടുംബത്തെയും കുറിച്ചുള്ള അപദാനങ്ങളടങ്ങുന്ന പല ഖുർആൻ വചനങ്ങളും അത് ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്കിയ ഹസ്രത് ഉസ്മാൻ (റ) മറച്ചു വച്ചുവെന്ന് ഷിയാക്കൾ പറയുന്നത് കള്ളമാണ്. 

പ്രവാചകനുശേഷം ഖലീഫയാവേണ്ടത് അലിയാണെന്ന (റ) അവരുടെ വാദവും പൊള്ളയാണ്. അബൂബക്കറിനെ (റ) ഖലീഫയായി തിരഞ്ഞെടുത്തത് അലി കൂടി ഉൾക്കൊള്ളുന്ന സമിതിയാണെന്നും സർഹിന്ദി ഓർമിപ്പിക്കുന്നു. 

ഷിയാക്കളെ അവിശ്വാസികളായി പരിഗണിക്കുന്നതിനാവശമ്യായ നിയമങ്ങളും സർഹിന്ദി നിരത്തുന്നു. അല്ലാഹു ﷻ സ്വർഗം വാഗ്ദാനം ചെയ്ത അബൂബക്കർ (റ), അലി (റ) എന്നിവർ കള്ളൻമാരാണെന്ന് പറയുന്നവർ എങ്ങനെ വിശ്വാസികളാവും എന്ന് അദ്ദേഹം ചോദിക്കുന്നു. 

ഹസ്രത് അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരെ ആക്ഷേപിക്കുന്ന ഷിയാക്കൾ തെറ്റിദ്ധരിക്കപ്പെട്ടവരാണ്. മക്തൂബാതിലെവിടെയും അവരെ അവിശ്വാസികളായി മുദ്ര കുത്തുന്നില്ല.

ഖലീഫ അലി ബ്നു അബീതാലിബ് (റ) ഭരണത്തിലേറുമ്പോൾ മുസ്ലിം സമുദായത്തിൽ ചില തർക്കങ്ങളുണ്ടായി. ഖലീഫയുടെ കാര്യത്തിൽ ചിലർ അമിതാവേശം കാണിച്ചു. ഇത് അവരുടെ ഇജ്തിഹാദിന്റെ പിഴവാണ്. അവരിൽ അവിശ്വാസം ചാർത്താൻ സർഹിന്ദി മുതിർന്നില്ല

തത്വചിന്ത (ഫൽസഫയെ വിമർശിക്കുമ്പോൾ സർഹിന്ദി മുഖ്യമായും ഇമാം ഗസ്സാലിയുടെ (റ) വീക്ഷണങ്ങളെയാണ് പിന്തുടരുന്നത്. പ്രവാചകന്റെ (ﷺ) സഹായമില്ലാതെ മനുഷ്യബുദ്ധിക്ക് അല്ലാഹുﷻവിന്റെ പ്രകൃതി മനസ്സിലാക്കാൻ കഴിയില്ല. പുരാതന ഗ്രീക്ക് ചിന്തകർ സ്വന്തം ചിന്തകളിലൂടെയാണ് പരമശക്തിയെ അറിഞ്ഞത്. അവർ യാഥാർത്ഥ്യങ്ങളെ കാലവുമായി ബന്ധിപ്പിച്ചു. 

സ്രഷ്ടാവിനെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങൾ തെറ്റാണ്. ദൈവത്തിന്റെ ജ്ഞാനങ്ങളെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല. അവന് വിശേഷണങ്ങളില്ലെന്ന് സ്ഥാപിക്കുന്നു. ദൈവത്തിന് ലോകത്ത് ഒരു ജോലിയുമില്ലെന്നാണ് ഈ ചിന്തകൻമാർ പറയുന്നത്. 

ദൈവത്തിന്റെ പ്രവർത്തനനിരതമായ ബുദ്ധിയെക്കുറിച്ച് മാത്രമാണ് അവർക്ക് പറയാനുള്ളത്. ഈ പ്രതിഭാസമാവട്ടെ, ചിന്തകരുടെ സങ്കല്പങ്ങളിലൊതുങ്ങുകയാണ്. സംഭവങ്ങളുടെ ഉദ്ഭവമന്വേഷിക്കുന്നുണ്ട് അവർ. എന്നാൽ ദൈവം മാത്രമാണ് അവയുടെ പിന്നിലുള്ള ശക്തിയെന്നത് അവർ അംഗീകരിക്കുന്നില്ല. 

ചിലർ പ്രവാചകത്വത്തെ നിരാകരിക്കുന്നു. ചിലരാവട്ടെ, ഖുർആനിൽ പറയപ്പെട്ട പല പ്രധാന കാര്യങ്ങളെയും തിരസ്കരിക്കുന്നു. ഉദാഹരണത്തിന് അന്ത്യനാളിൽ ഉണ്ടാവുന്ന ഉയിർത്തെഴുന്നേല്പ് ശാരീരികമല്ല; സാങ്കല്പികം മാത്രമാണെന്നവർ പറയുന്നു.


ദൈവത്തിന് പ്രത്യേകമായ ജ്ഞാനമില്ലെന്ന് വാദിക്കുന്ന ഈ ചിന്തകർ ദൈവികനിയമങ്ങളെ തന്നെ നിരാകരിക്കുകയാണ്. ഇവരെ അംഗീകരിക്കുന്നവർ ഇക്കാരണത്താൽ തന്നെ അവിശ്വാസികളാണ്. അവരുടെ ജ്യോമട്രിയും, ഗോളശാസ്ത്രവും, ന്യായ ശാസ്ത്രവും, ഗണിതവുമെല്ലാം അർത്ഥമില്ലാത്തതാണ്. പരലോക ജീവിതത്തിന് അവ ഒരു ഗുണവും ചെയ്യില്ല. 

ഇസ്ലാമിക ശാസ്ത്രങ്ങളെ ബലപ്പെടുത്താൻ അനിവാര്യമാവുന്ന ഘട്ടത്തിലല്ലാതെ ഇവരുടെ ചിന്തകളെ ആശ്രയിക്കരുത്. ഇങ്ങനെയുള്ള സന്ദർഭങ്ങൾ അപൂർവമാണ്. ആരെങ്കിലും ഇവരുടെ ചിന്തകളിലേക്ക് തിരിഞ്ഞുപോയാൽ ദൈവത്തിന്റ ഇഷ്ടം അവന് ലഭിക്കുകയില്ല. 

ഇമാം ഗസ്സാലിയുടെ (റ) അൽ മുൻഖിദു മിനള്ളലാൽ എന്ന കൃതിയെ ഉദ്ധരിച്ചുകൊണ്ട് സർഹിന്ദി പറയുകയാണ്: "ഈ ചിന്തകരുടെ ശാസ്ത്രങ്ങളിൽ ഉപകാരപ്പെട്ടത് സ്വഭാവ ശാസ്ത്രവും (അഖ്ലാഖ്) വൈദ്യ ശാസ്ത്രവുമാണ്. അതാവട്ടെ മുൻ പ്രവാചകൻമാരിൽ നിന്ന് മോഷ്ടിച്ചതാണ്.' 

മോഷ്ടിച്ചതാണെന്ന പരാമർശം ഇമാം ഗസ്സാലിയുടെ (റ) കൃതിയിലില്ല. പല മേഖലകളിലും സ്വന്തമായ കണ്ടെത്തലുകൾ മതിയാവില്ലെന്നതിനാൽ പ്രവാചകൻമാരുടെ അധ്യാപനങ്ങളെ അംഗീകരിക്കേണ്ടി വരുമെന്നാണദ്ദേഹം പറഞ്ഞത്. 

സഅദിയുടെ ബോസ്താൻ, ഗുലിസ്താൻ തുടങ്ങിയ കൃതികൾ പോലും പഠിക്കരുതെന്നാണ് സർഹിന്ദി പറയുന്നത്. (മക്തൂബാത് 1,362-363). 

തത്വചിന്തകൻമാരെ താൻ തള്ളിപ്പറയുന്നത് ഗസ്സാലിയുടെ അധ്യാപനങ്ങളെ ഉദ്ധരിച്ചാണെന്ന് സർഹിന്ദി പലേടത്തും പറയുന്നുണ്ട്. ചിന്തകൻമാരുടെ അഭൗതിക കാഴ്ചപ്പാടുകളും പ്രകൃതിയെയും വിശ്വാസത്തെയും കുറിച്ചുള്ള അവരുടെ നിഗമനങ്ങളും ഗസ്സാലിയും സർഹിന്ദിയും ഒരേ പോലെ നിരാകരിക്കുന്നുണ്ടെങ്കിലും എല്ലാ കാര്യങ്ങളിലും ഇരുവരും ഒരേ പാതയിലല്ല സഞ്ചരിക്കുന്നത്. 

സർഹിന്ദി ചെയ്യുന്നത് പോലെ ഗസ്സാലി തത്വചിന്തകരുടെ പ്രകൃതിവീക്ഷണങ്ങളെ അപ്പാടെ തള്ളുന്നില്ല. അവരുടെ സംഭാവനകളെ പലേടത്തും അദ്ദേഹം ശ്ലാഘിക്കുന്നുമുണ്ട്. എന്നാൽ സർഹിന്ദിയാവട്ടെ കുറേക്കൂടി പരുഷമായ ശൈലിയാണ് തത്വചിന്തകർക്കെതിരെ പ്രയോഗിക്കുന്നത്. 

ഗസ്സാലി (റ) തന്റെ തഹാഫതുൽ ഫലാസിഫയിലും അൽ മുൻഖിദിലും മരണാനന്തരജീവിതത്തെ കുറിച്ചുള്ള തത്വചിന്തകരുടെ കാഴ്ചപ്പാടുകൾ ഇസ്ലാമികവിരുദ്ധമാണെന്നും അതിനാൽ ഇവർ അവിശ്വാസികളാണെന്നും പറയുന്നുണ്ടെന്നതും പ്രസ്താവ്യമാണ്.
     
ദൈവശാസ്ത്രജ്ഞരോട് (മുതകല്ലിമൂൻ) സർഹിന്ദി അനുഭാവ പൂർവമായ നയമാണ് പുലർത്തിയത്. സൂഫികളും ദൈവശാസ്ത്രജ്ഞരും ദൈവത്തെ അവരുടേതായ മാർഗങ്ങളിലൂടെ അറിയാൻ ശ്രമിക്കുന്നു. കലഹിക്കുന്ന മനസ്സിനെ ഒതുക്കി ആത്മാവിനെ ശുദ്ധീകരിക്കുന്നതിലൂടെയാണ് സൂഫികൾ ദൈവത്തെ പ്രാപിക്കുന്നത്. 

അതീന്ദ്രിയമായ അനുഭവങ്ങളെ വികസിപ്പിക്കുന്നതാണ് ജ്ഞാനമെന്നും അവർ ഗണിക്കുന്നു. കാര്യ കാരണ ബന്ധങ്ങളന്വേഷിച്ച് വിശ്വാസത്തെ ദൃഢീകരിക്കാനാണ് ദൈവശാസ്ത്രജ്ഞൻമാർ ശ്രമിക്കുന്നത്. അനുഭവങ്ങളിലൂടെ ദൈവസന്നിധിയിലെത്താനാണ് സൂഫികൾ ശ്രമിക്കുന്നത്. 

അതേസമയം, ദൈവശാസ്ത്രജ്ഞർ ബുദ്ധിപരമായ ഗവേഷണത്തിലൂടെ ദൈവത്തെ പ്രാപിക്കുന്നു. എങ്കിലും ദൈവശാസ്ത്രജ്ഞരുടെ ജ്ഞാനം സൂഫികളുടേതിന് താഴെയാണെന്നും സർഹിന്ദി. ദൈവ ശാസ്ത്രജ്ഞരുടെ യുക്തിപരമായ വാദങ്ങൾ വിശ്വാസത്തെ ഉറപ്പിക്കാൻ പര്യാപ്തമാണെങ്കിലും പലപ്പോഴും അത് വിപരീത ഫലങ്ങളുണ്ടാക്കും. 

വിശ്വാസം, ദൈവദർശനം എന്നീ കാര്യങ്ങൾ യുക്തി കൊണ്ട് മാത്രം തെളിയിക്കാൻ പറ്റില്ല എന്നതുതന്നെ കാരണം. ഇങ്ങനെയുള്ള പോരായ്മകൾ ചിലപ്പോൾ കൂടുതൽ വിഷമങ്ങളുണ്ടാക്കും. 

സർഹിന്ദി മാതുരീദി വീക്ഷണങ്ങളെ അംഗീകരിക്കുന്നു. കാരണം, അത് ദൈവവിശ്വാസ സംബന്ധിയായ കാര്യങ്ങൾ യുക്തിയുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്നില്ല. യുക്തിയിലൂടെ ദൈവത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്ന അശ്അരീ സിദ്ധാന്തങ്ങളെ സർഹിന്ദി അത്രയങ്ങ് ഉൾക്കൊള്ളുന്നില്ല. 

വിശ്വാസ കാര്യങ്ങളെ യുക്തിയിലൂടെ വിലയിരുത്തുന്നത് ശരിയല്ല. അത് അപക്വമാണ്. ഇബ്നു അറബിയുടെ ദൈവ സത്ത, വിശേഷണങ്ങൾ, കർമം എന്നിവയെ കുറിച്ചുള്ള വീക്ഷണങ്ങളെ സർഹിന്ദി വാഴ്ത്തുന്നു.

ഉന്മാദാവസ്ഥയിലുള്ള സൂഫികളുടെ പ്രസ്താവങ്ങളെ ബാഹ്യാർത്ഥത്തിൽ വിശദീകരിക്കരുതെന്നാണ് സർഹിന്ദി പറയുന്നത്. ദൈവത്തിലേക്കുള്ള പ്രയാണത്തിന്റെ പ്രത്യേക ഘട്ടത്തിൽ സൂഫി മൊഴിയുന്ന വചനങ്ങൾ പലതും സാധാരണ രീതിയിൽ വ്യാഖ്യാനിച്ചാൽ മതിയാവില്ല. 

സൂഫികൾ ഉന്മാദാവസ്ഥയിൽ പറയുന്ന മൊഴികളെ ബാഹ്യാർത്ഥത്തിൽ ശരിയല്ല എന്ന് തോന്നുമെങ്കിലും അവരുടെ മൊത്തമായ ചിന്തകൾക്കനുസരിച്ചാണ് അവ സർഹിന്ദി വിലയിരുത്തുന്നത്.


ഞാൻ പരമസത്യമാണ് എന്ന് പ്രഖ്യാപിച്ച (അനൽ ഹഖ്) ഹല്ലാജിന്റെ മൊഴികളെ സർഹിന്ദി ഇത്തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. അദ്ദേഹം പരിത്യാഗിയാണെന്ന വാദം അംഗീകരിക്കുന്നില്ല. വഹ്ദതുൽ വുജൂദ്, വഹ്ദതുൽ ശുഹൂദ് എന്നിവ തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് തന്റെ വിശദീകരണങ്ങളത്രയും. 

വഹ്ദതുൽ വുജൂദ്എന്നാൽ പൂർണാർത്ഥത്തിൽ ഉള്ള ദൈവം മാത്രമാണെന്നും മറ്റെല്ലാം ദൈവത്തിന്റെ പ്രതിഫലനം മാത്രമാണെന്നുമാണ്. പ്രതിഫലനം നിലനില്ക്കുന്നതല്ല. ഇവിടെ ഇൽമുൽ യഖീൻ (ഉറപ്പായ വിവരം) എന്ന ഘട്ടത്തിലാണ് സൂഫികൾ. 

അതേസമയം വഹ്ദതു ശുഹൂദിലെത്തിയവർ ഹഖുൽ യഖീൻ (ഉറപ്പായ യാഥാർത്ഥ്യം) അവസ്ഥയിലാണ്. ഉന്മാദാവസ്ഥയിലുള്ള സൂഫികളുടെ ചില പ്രസ്താവങ്ങൾ തെറ്റാണെന്ന് തോന്നുമെങ്കിലും അവ വഹ്ദത ശുഹൂദിന്റെ മൂശയിൽ വ്യാഖ്യാനിക്കണം. 

ഉൻമാദാവസ്ഥയിൽ സൂഫികൾക്ക് ദൈവത്തെയല്ലാതെ മറ്റൊന്നും കാണാനാവുന്നില്ല. ഈ അവസ്ഥയിൽ അവനല്ലാതെ മറ്റാരുമില്ലെന്ന് സൂഫിക്ക് ബോധ്യപ്പെടുന്നു. അവൻ എല്ലായിടത്തും ദൈവത്തെ ഉറപ്പിക്കുകയാണ്. അനൽ ഹഖ് എന്നതിന്റെ സാങ്കേതികാർത്ഥം നില നില്ക്കുന്നത് ദൈവമാണ് ഞാനല്ല എന്നാണ്. 

ഉന്മാദാവസ്ഥയിൽ സൂഫിക്ക് താൻ നിലനില്ക്കുകയാണെന്ന് ബോധ്യം വരുന്നില്ല. അതാണ് ദൈവമാണ് നിലനില്ക്കുന്നതെന്ന് അവന് അനുഭവപ്പെടുന്നത്. അനൽ ഹഖ് എന്നാൽ താൻ ദൈവമാണ് എന്നല്ല അർത്ഥം. മറിച്ച് ഞാൻ നില നില്ക്കുന്നില്ല; നിലനില്ക്കുന്നത് അല്ലാഹു ﷻ മാത്രമാണ് എന്നാണ്. പരിപൂർണ മനുഷ്യൻ ദൈവാവശേഷനായതിനാൽ (ബഖായേ ദാത്) അവൻ നില നില്ക്കുന്നില്ല. 

അതിനാൽ ഞാൻ എന്ന് പറയുന്നിടത്ത് ദൈവമാണ് സംസാരിക്കുന്നത്. അഥവാ ഞാൻ എന്ന് പറയുന്നത് ഒരിക്കലും അവനെപ്പറ്റിയല്ല. കാരണം അവൻ ദൈവത്തിൽ ലയിച്ചു കഴിഞ്ഞിരിക്കുന്നല്ലോ. 

ഇതേ വീക്ഷണമാണ് ശൈഖ് ഷിഹാബുദ്ദീൻ സുഹ്റവർദിയും ഹല്ലാജിനെ കുറിച്ച് പറയുന്നത്. സൂഫികളുടെ പ്രയാണത്തിൽ പരിത്യാഗപരമെന്ന് തോന്നുന്ന പ്രസ്താവങ്ങൾ നടത്തുന്നത്. അവരുടെ ഉന്മാദാവസ്ഥയിലാണ്. അതിനു ശേഷം അവർ സമചിത്തതയിലേക്ക് വരുന്നുണ്ട്. ഉന്മാദാവസ്ഥയോടെ സൂഫി എല്ലാ ഘട്ടങ്ങളും തരണം ചെയ്തുവെന്ന് പറയുന്നത് ശരിയല്ലെന്നും സർഹിന്ദി.

ജലാലുദ്ദീൻ മുഹമ്മദ് അക്ബർ, മഹാനായ മുഗളൻ (മുഗളേ അഅ്സം) എന്നിങ്ങനെ പേരുകളിലറിയപ്പെട്ട മുഗൾ ചക്രവർത്തിയാണ് അക്ബർ ചക്രവർത്തി. 1556 മുതൽ 1605 വരെ അമ്പത് വർഷക്കാലം അദ്ദേഹം ഇന്ത്യ ഭരിച്ചു. 

മുഗൾ സാമ്രാജ്യത്തെ സുദൃഢമാക്കിയതും അതുവഴി ഇന്ത്യാ രാജ്യത്തെ സമൃദ്ധമാക്കിയതും രാജ്യത്തെ സാമ്പത്തികമായി ഉയർത്തി ലോകരാജ്യങ്ങളിൽ പ്രസിദ്ധപ്പെടുത്തിയതും അദ്ദേഹമാണ്. എല്ലാ ജനവിഭാഗങ്ങളുമായും സൗഹൃദം സൂക്ഷിച്ച ചക്രവർത്തിയെന്നാണ് സമകാലിക ചരിത്രകാരൻമാരും പിന്നീടുള്ളവരും അദ്ദേഹത്തെ രേഖപ്പെടുത്തുന്നത്. 

അതേസമയം, ഇസ്ലാം മതത്തെ അവഗണിക്കുകയും പരിത്യാഗപരമായ കാര്യങ്ങളിലേർപ്പെടുകയും ചെയ്തുവെന്ന വിമർശനവും അദ്ദേഹം നേരിടുന്നു. തന്റെ കൊട്ടാരചരിത്രകാരൻ അബ്ദുൽ ഖാദിർ ബദായുനി രചിച്ച മുൻതഖബാതുത്തവാരിഖ് എന്ന കൃതിയിലാണ് അക്ബർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുള്ളത്. 

സമകാല മുസ്ലിം പണ്ഡിതൻമാരിൽ ചിലരും ചക്രവർത്തിയുടെ മതനയങ്ങളെ വിമർശിക്കുന്നുണ്ട്. ബദായുനിക്ക് ചക്രവർത്തിയോട് വ്യക്തിപരമായി തന്നെ എതിർപ്പുണ്ടായിരുന്നുവത്രേ. പ്രധാന കാരണം ചക്രവർത്തിയുടെ മതനയങ്ങൾ തന്നെ. 

എന്നാൽ ചക്രവർത്തി ബദായുനിക്ക് കൊട്ടാരത്തിൽ വലിയ സ്ഥാനം നൽകുകയും അദ്ദേഹം അക്ബറിന് വേണ്ടി ഹിന്ദുമത ഗ്രന്ഥങ്ങൾ പേർഷ്യനിലേക്ക് മാറ്റാൻ സഹായിക്കുകയും ചെയ്തിരുന്നു. തന്റെ വിമർശനങ്ങളൊന്നും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചില്ല. 

തന്റെ കൃതി രഹസ്യമായി എഴുതിയതാണ്. അക്ബറുടെ ജീവിതകാലത്ത് അത് പുറത്ത് വന്നില്ല. ബദായുനി മരിച്ചപ്പോൾ അക്ബറുടെ പിൻഗാമിയും പുത്രനുമായ ജഹാംഗീർ ചക്രവർത്തിയാണ് പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി ബദായുനിയുടെ ശേഖരത്തിൽ നിന്ന് കണ്ടെത്തിയത്. അത് പിതാവിനെതിരാണെന്നറിഞ്ഞപ്പോൾ ബദായുനിയുടെ മകനെ അതിന്റെ പേരിൽ ശിക്ഷിച്ചുവെന്നും പറയപ്പെടുന്നു. 

എന്നാൽ കൈയെഴുത്ത് ജഹാംഗീർ നശിപ്പിക്കാത്തതുകൊണ്ട് അത് പിൻതലമുറയുടെ കൈയിലെത്തി. പുസ്തകം അക്ബറെ ഇസ്ലാമിന്റെ ശത്രുവായിതന്നെയാണ് വിലയിരുത്തുന്നത്. അക്ബറുടെ കൊട്ടാരം പണ്ഡിതൻമാരായ അബുൽ ഫസൽ, ഫൈസി എന്നിവരോടുള്ള ബദയൂനിയുടെ രോഷവും പുസ്തകത്തിൽ കാണാം.


അക്ബർ ഒരു പുതിയ പ്രസ്ഥാനം (തൗഹീദേ ഇലാഹി) കൊണ്ടുവന്നതാണ് അദ്ദേഹത്തെ പരിത്യാഗിയായി എണ്ണാനുള്ള മുഖ്യഹേതു. അതോടൊപ്പം ഇബാദത് ഖാനയിലെ സംവാദങ്ങളും. പലപ്പോഴും ഇസ്ലാമിന്റെ ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിവുറ്റ പണ്ഡിതൻമാർ ഇബാദത് ഖാനയിലെ ചർച്ചയിൽ വരാത്തത് മറ്റുള്ളവർക്ക് മേൽക്കൈ നേടാൻ സഹായകമായി. 

താൻ കൊണ്ടുവന്ന പ്രസ്ഥാനം അക്ബറെ ദൈവതുല്യനാക്കുന്ന വിധത്തിലായിരുന്നു. ഇതിൽ അംഗത്വമെടുക്കുന്നവർ പരസ്പരം കാണുമ്പോൾ അല്ലാഹു അക്ബർ എന്ന് അഭിവാദനം ചെയ്യണം. അതിന് പ്രത്യഭിവാദനമായി ജല്ല ജലാലുഹു എന്നും. 

അല്ലാഹു അക്ബർ എന്നതുകൊണ്ട് അക്ബർ ഉദ്ദേശിച്ചത് അക്ബർ അല്ലാഹുവാണെന്നും ജല്ല ജലാലുഹു എന്നത് അക്ബറുടെ യഥാർത്ഥ പേരായ ജലാലിൽ നിന്നെടുത്തതാണെന്നുമൊക്കെ ആരോപണങ്ങൾ വന്നു. എന്നാൽ അക്ബർ ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. താൻ ഒരു മതം നിർമിക്കുകയാണെന്നും അക്ബർ പറഞ്ഞിട്ടില്ല. 

തന്റേത് തൗഹീദേ ഇലാഹി എന്നൊരു സൂഫീ മാർഗമാണെന്നാണ് പറഞ്ഞിരുന്നത്. ബദയുനിയുടെ ശത്രുക്കളും കൊട്ടാരം പണ്ഡിതൻമാരുമായ അബുൽ ഫസലും ഫൈസിയുമാണ് അതിന്റെ രൂപഭാവങ്ങൾ നെയ്തെടുത്തത്. 

തൗഹീദേ ഇലാഹി പരിത്യാഗ സൂഫിസമായാണ് സമകാല പണ്ഡിതൻമാർ വിലയിരുത്തുന്നത്. എന്തായാലും അക്ബർ ഒരു മതമുണ്ടാക്കി എന്നത് പിൽക്കാലത്ത് വന്ന അബദ്ധമാണ്. അയ്നി അക്ബരി എന്ന അബുൽ ഫസലിന്റെ കൃതി ഇംഗ്ലീഷിലാക്കിയ ബ്ലോക്മാൻ എന്ന വിവർത്തകൻ ദീനേ ഇലാഹി എന്ന പദത്തെ തെറ്റായി അവതരിപ്പിച്ചപ്പോഴാണ് അക്ബർ ദീനേ ഇലാഹി എന്നൊരു മതമുണ്ടാക്കിയിരുന്നു എന്ന പ്രചാരണം കൊഴുത്തത്. 

തന്റെ മാർഗത്തിലേക്ക് അക്ബർ ഹിന്ദുക്കളെയും മുസ്ലിംകളെയും ക്ഷണിച്ചിരുന്നു. എന്നാൽ ഒരു പുതിയ മതത്തിലേക്ക് ആളെ ചേർക്കുകയാണെന്ന തരത്തിലാണ് വിവർത്തകൻ എഴുതിപ്പിടിപ്പിച്ചത്. ഈ വിവർത്തനം പിന്നീട് വന്ന ചരിത്രകാരൻമാർ അവലംബിച്ചപ്പോൾ ഒരു തെറ്റ് പല തവണ ആവർത്തിക്കപ്പെട്ടു. 

അയ്നീ അക്ബരി പിന്നീട് അലീഗഡ് പണ്ഡിതൻമാർ ഇംഗ്ലീഷിലേക്ക് പുനഃവിവർത്തനം ചെയ്ത തെറ്റുകൾ തിരുത്തിയിരുന്നു. ഇസ്ലാമിനോട് അനുകമ്പാപൂർണമായ സമീപനം പുലർത്തിയ അക്ബർ മെല്ലെ മെല്ലെ ഇസ്ലാമിനോട് അകലുകയായിരുന്നു. 

കൊട്ടാരം പണ്ഡിതൻമാരുടെ തമ്മിൽ തല്ലാണ് ചക്രവർത്തിക്ക് ഇസ്ലാമിനോട് അകൽച്ചയുണ്ടാക്കിയത്. എന്നാൽ ഇസ്ലാമിൽ നിന്ന് പുറത്തുപോവുക അത്ര എളുപ്പമല്ലായിരുന്നു. തന്റെ പാരമ്പര്യത്തെ അത് ബാധിക്കുകയും ചെയ്യും. ഇക്കാരണത്താലാവും അക്ബർ ഒരു പുതിയ സരണിയുമായി രംഗത്തുവന്നത്. 

എല്ലാ മതങ്ങളിൽ നിന്നും തനിക്കിഷ്ടപ്പെട്ട ആശയങ്ങൾ ഈ മാർഗത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. അബുൽ ഫസലാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

അക്ബർ ചെറുപ്പത്തിൽ ഒരു തികഞ്ഞ ഭക്തനായിരുന്നു. അഞ്ചു നേരം നിസ്കരിച്ച് ദൈവസ്മരണയിൽ മുഴുകുകയും അജ്മീറിലേക്ക് വർഷം തോറും തീർത്ഥാടനം നടത്തുകയും ചെയ്തിരുന്ന ചെറുപ്പക്കാരൻ. തീർത്ഥാടനം എപ്പോഴും നഗ്നപാദനായി. ഒപ്പം പാവങ്ങളോട് അനുകമ്പ കാണിക്കുകയും അവരുടെ സുഖ, ദുഃഖങ്ങളിൽ പങ്കുകൊള്ളുകയും ചെയ്യുന്നവൻ. കൈയയച്ച് സഹായിക്കുന്നവൻ. 

പണ്ഡിതൻമാരെയും സൂഫികളെയും ആദരവോടെ വീക്ഷിക്കുകയും അവരുടെ ഉപദേശങ്ങൾക്ക് കാതോർക്കുകയും ചെയ്യുന്നവൻ, ശൈഖുമാരുടെ ചെരിപ്പുകൾ യഥാസ്ഥാനത്ത് വച്ചുകൊടുക്കാൻ പോലും അക്ബർ മടിച്ചില്ല. അവർക്ക് വിലപിടിപ്പുള്ള ഷാളുകളും തലപ്പാവുകളും മറ്റും സമ്മാനിക്കുമായിരുന്നു. 

സദറുസ്സുദൂർ പദവി അലങ്കരിച്ചിരുന്ന മൗലാനാ അബ്ദുന്നബിക്ക് കൊട്ടാരത്തിൽ വലിയ സ്വാധീനമായിരുന്നു. അദ്ദേഹത്തിന് കൊട്ടാരം വക വളരെയേറെ സമ്പത്തും നല്കിയിരുന്നു. കിതാബ് പഠിക്കാൻ പുത്രൻ സലീമിനെ (ജഹാംഗീർ) അബ്ദുന്നബിയുടെ അടുത്തേക്ക് അയച്ചിരുന്നു. 

അബ്ദുല്ലാ സുൽതാൻപൂരി എന്ന മറ്റൊരു പണ്ഡിതൻ ശൈഖുൽ ഇസ്ലാം പദവി അലങ്കരിച്ചപ്പോൾ അബ്ദുന്നബിയോട് പിണങ്ങി. അത് കൊട്ടാരത്തിൽ പല ഗൂഢാലോചനകൾക്കും വേദിയൊരുക്കി. പരസ്പര വൈരം തീർക്കാൻ ഇസ്ലാമിനെയാണ് രണ്ടു പേരും ഉപയോഗപ്പെടുത്തിയത്.

തിരുനബിﷺയോട് വല്ലാത്ത സ്നേഹമായിരുന്നു അക്ബർ പ്രകടിപ്പിച്ചത്. ഒരിക്കൽ അബൂതുറാബ് എന്ന പ്രഭു മക്കയിൽ നിന്ന് ഹജ്ജ് കഴിഞ്ഞ് വരുമ്പോൾ പ്രവാചകന്റെ (ﷺ) കാൽപാദം പ്രിന്റ് ചെയ്ത ഒരു കല്ല് കൊണ്ടുവരുന്നു എന്നറിഞ്ഞപ്പോൾ അത് സ്വീകരിക്കാൻ മൈലുകൾ സഞ്ചരിക്കാൻ അക്ബർ തയാറായി.





ഗ്വാളിയറിലെ പ്രമുഖ സൂഫി ശൈഖ് മുഹമ്മദ് ഗൗസിന് അക്ബർ കുറേ ദാനഭൂമി നൽകി. ഗൗസിന്റെ മരണശേഷം പുത്രൻ ശൈഖ് സിയാഉല്ലയെയും അക്ബർ ആദരിച്ചു. പുത്രൻ സലീമിന്റെ എഴുത്തിനിരുത്തൽ ചടങ്ങിന് വലിയ സദ്യ തന്നെ ഏർപ്പാട് ചെയ്യുകയും അനുഗ്രഹ പ്രാർത്ഥനക്ക് വേണ്ടി പ്രസിദ്ധ സൂഫി, മൗലാനാ മീർ ഗലാൻ ഹറാവിയെ ക്ഷണിക്കുകയും ചെയ്തു. 

ശൈഖ് സലീം ചിശ്തിയോട് അതിരറ്റ ആദരവ് പുലർത്തിയിരുന്നു. അദ്ദേഹത്തെ ഫതഹ്പൂർ സിക്രിയിലേക്ക് ക്ഷണിക്കുകയും അവിടെ താമസമൊരുക്കുകയും ചെയ്തു. തന്റെ പുത്രൻ സലീം ജനിച്ചത് സലീം ചിശ്തിയുടെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചു. മകന് സലീം എന്ന പേരും കൊടുത്തു. 

ചിശ്തിയുടെ അനുഗ്രഹം കിട്ടാൻ ഭാര്യമാരെ പ്രസവസമയത്ത് ചിശ്തിയുടെ വീട്ടിലേക്കയക്കും. അവിടെവച്ചാണ് പ്രസവം. ശൈഖിന്റെ വാർധക്യ കാലത്ത് അക്ബർ അദ്ദേഹത്തിന്റെ പർണശാലയിലെ സ്ഥിരം സന്ദർശകനായിരുന്നു. 

സലീം ചിശ്തിയുടെ ഖബറിടം ഫതഹ്പൂർ സിക്രിയിലെ കൊട്ടാരത്തിൽ തന്നെയാണ്. ശൈഖ് ബുർഹാൻ, ശൈഖ് നിസാ മുദ്ദീൻ നരനൗളി, ശൈഖ് അബ്ദുൽ ഗഫൂർ അസംപൂരി, മിയാൻ അബ്ദുല്ലാ ബദയൂനി, ശൈഖ് നിസാമുദ്ദീൻ അംബേട്ടവി എന്നീ സൂഫി പ്രമുഖരുമായും അക്ബർ അടുത്ത ബന്ധം പുലർത്തിയിരുന്നു.

അജ്മീറുമായുള്ള അക്ബറുടെ ബന്ധത്തെപ്പറ്റി അബുൽ ഫസലും ബദയൂനിയും വിവരങ്ങൾ തരുന്നുണ്ട്. 1562ൽ ഒരാൺകുഞ്ഞ് പിറന്നു കിട്ടാനുള്ള പ്രാർത്ഥനയുമായി കാൽനടയായി അജ്മീറിലെത്തി. ഇതായിരുന്നു ആദ്യത്തെ അജ്മീർ യാത്ര. അതോടൊപ്പം മറ്റു സൂഫികളെയും സന്ദർശിച്ചു. 

പിന്നീട് ആറുവർഷങ്ങൾക്ക് ശേഷം വീണ്ടും അജ്മീറിലെത്തി(1568). ചിറ്റോറിൽ വരിച്ച വിജയത്തിന് നന്ദിയായിട്ടാണ് ഈ യാത്ര. 1570ൽ സലീം രാജകുമാരൻ പിറന്നപ്പോൾ മൂന്നാം യാത്രയും നടത്തി. 

അജ്മീറിലും നഗൗറിലും ഖബറിടങ്ങൾക്കടുത്ത് പ്രത്യേക കെട്ടിടങ്ങളും പണിതു. അജ്മീർ ദർഗയുടെ ചെലവിലേക്ക് ഏതാനും ഗ്രാമങ്ങളിൽ നിന്നുള്ള വരുമാനവും തീരുമാനിച്ചു. 

ഡൽഹിയിലുള്ള സൂഫികളുടെ ദർഗയും അദ്ദേഹം സന്ദർശിക്കുമായിരുന്നു. നിസാമുദ്ദീൻ ഔലിയയുടെ ദർഗ സന്ദർശിച്ച് മടങ്ങവേയാണ് ചക്രവർത്തിക്കെതിരെ വധശ്രമമുണ്ടായത്. താൻ അന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത് സൂഫികളുടെ അനുഗ്രഹം കൊണ്ടാണെന്ന് അക്ബർ വിശ്വസിച്ചു. 

ദർഗയിലേക്ക് പ്രത്യേക നേർച്ചകൾ നേരുകയും ചെയ്തു. ഉറൂസുകളിലും മറ്റു മതപരിപാടികളിലും അക്ബർ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. 

സയ്യിദ് സാലാർ മസൂദ് ഗാസി (ബഹ്റെയ്ച്ച്) യുടെ ഖബറിടത്തിലെ ഉറൂസിന് കൊട്ടാരത്തിൽ നിന്ന് നേരിട്ട് ഘോഷയാത്ര സംഘടിപ്പിച്ചു. ഹാൻസിയിൽ ചെന്ന് ശൈഖ് ജമാലുദ്ദീന്റെ ഖബറിടം സന്ദർശിച്ച് ദാനധർമങ്ങൾ നടത്തി. പഞ്ചാബിലെ പാക് പത്തനിലുള്ള ബാബാ ഫരീദിന്റെ ദർഗയിൽ ചെന്ന് പ്രാർത്ഥനയിൽ മുഴുകി ഏതാനും ദിവസങ്ങൾ അവിടെ തങ്ങി. 

1574 ൽ പണവുമായി ബിഹാറിലെ മനേറിലുള്ള ഷറഫുദ്ദീൻ യഹ്യാ മനേറിയുടെ ദർഗയിലേക്ക് രണ്ടു പ്രതിനിധികളെ അയച്ചു. 1562ൽ രജപുത്രിയായ ബീഹാരിമാളുടെ മകളെ കല്യാണം ചെയ്തപ്പോഴും, 1563ൽ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള നികുതി പിൻവലിച്ചപ്പോഴും, 1564ൽ ജിസ് എന്ന നികുതി പിൻവലിച്ചപ്പോഴുമൊക്കെ തന്റെ മതവിശ്വാസങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. 

1574 ൽ പ്രയാഗിന്റെ പേര് ഇലാഹാബാദ് എന്നാക്കിയതും, ഷിയാ വിശ്വാസിയായ ബൈറാംഖാനെ പുറത്താക്കിയതും അദ്ദേഹം പുലർത്തിയ മത വിശ്വാസത്തിന്റെ തെളിവാണ്.

മതത്തെക്കുറിച്ചും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചില പഠനങ്ങളിൽ മുഴുകാൻ അക്ബർ ഉദ്ദേശിച്ചു. മതപരമായ ചർച്ചകൾക്കായി ഒരിടം വേണമെന്ന് അദ്ദേഹം ചിന്തിച്ചു. 

യുദ്ധങ്ങളിലൊക്കെ വിജയിച്ചതിനുശേഷം അദ്ദേഹം ഫതഹ്പൂർ സിക്രിയിൽ കെട്ടിടത്തിന്റെ (ഇബാദത് ഖാനഃ) നിർമാണം തുടങ്ങി. 1575ൽ അജ്മീരിൽ പോയി വന്ന ശേഷമാണ് ഇതിന് തുടക്കം കുറിക്കുന്നത്. 

അതിന് വിദഗ്ധരായ എഞ്ചിനീയർമാരെ വരുത്തി. വില പിടിപ്പുള്ള വസ്തുക്കൾ കൊണ്ടാണ് ഇത് പണിതത്. കൊട്ടാരസമാന ആഡംബരപൂർണമായിരുന്നു ഈ കെട്ടിടം. ഇതിന് നാല് ഭാഗങ്ങളുണ്ടായിരുന്നു. തെക്കു ഭാഗം ഉലമകൾക്കും വടക്ക് സൂഫികൾക്കും, പടിഞ്ഞാറ് സയ്യിദുമാർക്കും, കിഴക്ക് പ്രഭുക്കൻമാർക്കുമാണ് നീക്കിവച്ചിരുന്നത്. 

മുസ്ലിം പണ്ഡിതൻമാരെയും ബുദ്ധിജീവികളെയും തത്വചിന്തകരെയും ഈ മന്ദിരത്തിലേക്ക് ക്ഷണിച്ച് മതത്തെക്കുറിച്ചു ഗഹനവിഷയങ്ങളിൽ തന്റെ സംശയം തീർക്കുകയായിരുന്നു ലക്ഷ്യം.


ആദ്യം ഇതിലേക്ക് മുസ്ലിംകർമജ്ഞരെയും (ഉലമ), സൂഫികളേയും, സയ്യിദുമാരെയും ഏതാനും പ്രഭുക്കളെയും ക്ഷണിച്ചു. ഇവിടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർക്കെല്ലാം വില പിടിച്ച സമ്മാനങ്ങൾ നല്കുമായിരുന്നു.(അബ്ദുൽ ബാഖി നിഹാവൻദി, മആസിറേ റഹീം)

ആദ്യമൊക്കെ ഈ ചർച്ചകളിൽ അക്ബർ ഏറെ സന്തുഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സംശയങ്ങൾ ഒന്നൊന്നായി നീങ്ങി. ക്രമേണ ചില ഉലമകൾ തമ്മിൽ ഭിന്നിക്കാനും ചെറിയ പ്രശ്നങ്ങളിൽ പോലും പരസ്പരം കടിച്ചു കീറാനും തുടങ്ങി. 

അസൂയയും കുശുമ്പും മൂലം അവർ പരസ്പരം ചെളി വാരിയെറിയലും സത്യനിഷേധി (കാഫിർ) യാക്കലും തുടർന്നു. ഈ വിവാദങ്ങൾ അക്ബറിന്റെ മനസ്സ് മടുപ്പിച്ചു. അങ്ങനെ ചർച്ചകൾ മതിയാക്കി. ഇബാദത് ഖാനഃ പ്രവാചകന്റെ (ﷺ) ജന്മദിനം (മീലാദ് ശരീഫ്) ആഘോഷിക്കാനുള്ള കേന്ദ്രമായി. ആഘോഷവേളയിൽ നാട്ടിലുള്ളവരെല്ലാം പങ്കെടുക്കും. ഒരു ഉത്സവവേദിയായി ഇബാദത് ഖാനമാറി. 

1579ൽ വെള്ളിയാഴ്ച ഖുതുബ നിർവഹിക്കാനും നിസ്കാരത്തിന് നേതൃത്വം നല്കാനും ചക്രവർത്തി തന്നെ മുന്നോട്ടുവന്നു. ചരിത്രത്തിൽ ഖലീഫമാർ സ്വയം ഖുതുബ നിർവഹിക്കുകയും നിസ്കാരത്തിന് നേതൃത്വം നല്കുകയുമായിരുന്നു പതിവ്. പിന്നെന്തിന് ആ പ്രധാന ദൗത്യം മറ്റുള്ളവർ നിർവഹിക്കണം എന്നാണ് അക്ബർ ചിന്തിച്ചത്. 

ഖുതുബയിൽ അബുൽ ഫസൽ എഴുതിക്കൊടുത്ത വരികൾ വായിക്കുകയായിരുന്നു അക്ബർ. പ്രസംഗപീഠത്തിൽ കയറിയപ്പോഴേക്കും അക്ബർ പേടിച്ച് വിറക്കാൻ തുടങ്ങി. ഖുർആനിലെ ഒന്നാം അധ്യായവും (അൽഫാതിഹ) ഏതാനും സൂക്തങ്ങളും വായിച്ച് പീഠത്തിൽ നിന്നിറങ്ങി ജുമുഅഃ പ്രാർത്ഥന നിർവഹിച്ചു. 

ഇതിനു ശേഷം താൻ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ നേതാവാണെന്ന് ചക്രവർത്തി സ്വയം പ്രഖ്യാപിച്ചു. ദൈവത്തിന്റെ വെളിപാടിറങ്ങുന്നതുകൊണ്ടാണ് ചക്രവർത്തി വിറക്കുന്നതെന്ന് അബുൽ ഫസലിന്റെ ന്യായീകരണവും പിന്നീട് വന്നു. അതിനൊക്കെ കളമൊരുക്കിയത് ഖൈഖ് മുബാറകും പുത്രൻമാരായ അബുൽ ഫസൽ, ഫൈസി എന്നിവരുമാണ്. 

ഏറ്റവും ദയാലുവും, ജ്ഞാനസമ്പന്നനും, ഔദാര്യവാനുമാണ് താനെന്ന് അക്ബർ ചിന്തിച്ചുതുടങ്ങി. അല്ലാഹു ﷻ വിനെയും, പ്രവാചകനെയും (ﷺ), ഭരണാധികാരികളെയും അനുസരിക്കുക എന്ന സൂക്തവും അത് സംബന്ധമായ നബി ﷺ വചനങ്ങളും വച്ച് കൊണ്ട് തന്റെ അപ്രമാദിത്വം ചക്രവർത്തി കൂടുതലായി ഉറപ്പിച്ചു. 

താൻ നീതിമാനാണെന്നും (ഇമാമേ ആദിൽ), തന്നെ ചോദ്യം ചെയ്യുന്നവൻ ദൈവത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും താനാണ് ശരീഅത്ത് വ്യാഖ്യാനിക്കാൻ അധികാരമുള്ള പരിചിന്തകനെന്നും (മുജ്തഹിദ്) സ്ഥാപിക്കാൻ തുടങ്ങി.

ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച വിളംബരം ഏതാണ്ടിപ്രകാരം: "തിരു മനസ്സ്, ഇസ്ലാമിന്റെ സുൽതാൻ, മനുഷ്യരുടെ രക്ഷകൻ, വിശ്വാസികളുടെ നേതാവ്, അബുൽ ഫത്ഹ് ജലാലുദ്ദീൻ മുഹമ്മദ് അക്ബർ പാദുഷ, കാവൽക്കാരൻ, ഏറ്റവും നീതിമാൻ, ഏറ്റവും മാന്യൻ, ഏറ്റവും ദൈവഭക്തൻ, മതത്തിന്റെ കാര്യത്തിൽ പരിചിന്തകരുടെ ഇടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 

നല്ല ചിന്തകളിലൂടെയും വ്യക്തമായ ധ്യാനത്തിലൂടെയും അടിസ്ഥാനത്തിൽ അദ്ദേഹം, ഏതെങ്കിലും ഒരഭിപ്രായത്തിന്റെ പക്ഷത്ത് നിൽക്കുകയും ജനങ്ങളുടെ ജീവിതസൗകര്യത്തിനും ലോകക്രമങ്ങളുടെ ക്ഷേമത്തിനും, ഒരു കല്പന പുറപ്പെടുവിക്കുകയും ചെയ്യും. എല്ലാവരും അത് പിന്തുടരണം. അദ്ദേഹത്തിന്റെ കല്പനകൾ ചിന്തിച്ചുകൊണ്ടുള്ളതാണ്. അതൊരിക്കലും ഖുർആനിന്റെ ആശയങ്ങൾക്കെതിരാവുന്നില്ല. 

അത് ലോകത്തുള്ള ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ്. ആ കല്പനകൾ അനുസരിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. അല്ലാത്തപക്ഷം അവർ പരലോകത്ത് കടുത്ത ശിക്ഷക്ക് പാത്രമാവും. 

ലോകത്ത് മതപരമായും ഭൗതികപരമായും ഉള്ള ജീവിതത്തിൽ ദുഃഖം വരുത്തും. ദൈവത്തെ മഹത്വവത്കരിക്കാനും ഇസ്ലാമിന്റെ അവകാശങ്ങൾ പ്രചരിപ്പിക്കാനും വേണ്ടി ഈ രേഖ ദൈവശാസ്ത്രജ്ഞരുടെയും പണ്ഡിതൻമാരുടെയും സാന്നിധ്യത്തിൽ 1579 ആഗസ്റ്റ് മാസം തയാറാക്കിയതാണ്.

ദൈവത്തെയും അവന്റെ പ്രവാചകനെയും അധികാരസ്ഥരെയും അനുസരിക്കുക എന്ന ഖുർആൻ വാക്യത്തിന്റെയും, "തീർച്ചയായും അന്ത്യനാളിൽ ദൈവത്തോടടുത്തവൻ നീതിമാനായ നേതാവാണ് (ഇമാമേ ആദിൽ). ആ നേതാവിനെ ആര് അനുസരിക്കുന്നുവോ അവർ എന്നെയും അനുസരിക്കുന്നു. ആര് അദ്ദേഹത്തിനെതിരെ കലാപമുണ്ടാക്കുന്നുവോ അവർ എനിക്കം കലാപകാരിയാണ്' എന്ന നബി വചനത്തിന്റേയും അടിസ്ഥാനത്തിലാണ് രേഖ തയാറാക്കിയിരിക്കുന്നതെന്നുകൂടി രേഖയിൽ തന്നെ ചേർത്തിട്ടുണ്ട്.



അബ്ദുല്ലാ സുൽതാൻ പൂരി, അബ്ദുന്നബി, ഖാസി ബാദക്ഷാനി, ഖാസി ജലാലുദ്ദീൻ മുൾതാനി, ബദരി ജഹാൻ മുഫ്തി, ശൈഖ് മുബാറക് എന്നിവരെല്ലാം ഈ രേഖയിൽ ഒപ്പുവെച്ചിരിക്കുന്നു. 

ശൈഖ് മുബാറക് മറ്റുള്ള പണ്ഡിതരെക്കൊണ്ട് നിർബന്ധിച്ച് രേഖയിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്ന് അബ്ദുൽ ഖാദിർ ബദയൂനി.

ഇങ്ങനെയൊക്കെ ഉണ്ടായിട്ടും ചില ഉലമാകൾക്കിടക്കുള്ള തർക്കം അക്ബറെ മടുപ്പിച്ചു. ചക്രവർത്തിക്ക് തന്റെ മതകർമങ്ങളോടു തന്നെ മടുപ്പ് തോന്നി. ശരീഅത്തിനെ അദ്ദേഹം അവഗണിക്കാൻ തുടങ്ങി. പ്രവാചകന്റെ കുടുംബങ്ങളെ ബഹുമാനിക്കാൻ തയാറായില്ല. ഇമാം ഗസ്സാലി, ഇമാം റാസി തുടങ്ങിയ ചിന്തകരെ വിമർശിക്കാൻ തുടങ്ങി. 

ഇസ്ലാമിനെ സ്വന്തമായി വ്യാഖ്യാനിക്കാനും തന്റേതായ നിയമങ്ങൾ നടപ്പാക്കാനും തുടങ്ങി. ഖുർആനും ഹദീസുമെല്ലാം വ്യാഖ്യാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് അക്ബർ അവകാശപ്പെട്ടു. 

1580 മുതൽ അദ്ദേഹം അജ്മീർ സന്ദർശനം നിറുത്തി. എല്ലാ മതക്കാരുമായും ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യാനികളെയും, ഹിന്ദുക്കളെയും, ജൈനൻമാരെയും, പാർസികളെയും അദ്ദേഹം ഇബാദത് ഖാനായിലേക്ക് ക്ഷണിച്ചു. സൗരാഷ്ട്രക്കാരും, യഹൂദൻമാരും അതിഥികളായെത്തി. ചർച്ചകൾ മുറുകി. 

പരസ്പരം സംവാദങ്ങൾ നടന്നു. പലപ്പോഴും വാദപ്രതിവാദങ്ങൾക്ക് ചൂടേറി. അതോടെ സ്വന്തമായൊരു പ്രസ്ഥാനം സൃഷ്ടിക്കണമെന്ന് അക്ബർക്ക് തോന്നി. അങ്ങനെയാണ് ദീനേ ഇലാഹി പിറന്നത്. ഇതിന് തൗഹീദേ ഇലാഹി എന്നും വിളിക്കുന്നു. 

അക്ബറെക്കുറിച്ചുള്ള അമിതോക്തികളാണ് ഈ വാദങ്ങളെന്നും, അദ്ദേഹം ഇസ്ലാമിൽ നിന്നുകൊണ്ട് തന്നെ ഒരു പുതിയമാർഗം സ്ഥാപിക്കുകയായിരുന്നുവെന്നും അഭിപ്രായമുണ്ട്. എന്തായാലും എല്ലാ മതങ്ങളിൽ നിന്നുമുള്ള ആശയങ്ങൾ തന്റെ പുതിയ മാർഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

1584ൽ ഇലാഹി വർഷം തുടങ്ങി. താമസിയാതെ അപ്പേരിൽ നാണയങ്ങൾ വന്നു. എല്ലാ മതങ്ങളോടും സഹിഷ്ണുത പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പുതിയ പ്രസ്ഥാനം. അതിന്റെ പ്രചാരകരായി എല്ലാ മതവിഭാഗക്കാരും ഉണ്ടായിരുന്നു. മരണത്തിനുശേഷം മരിച്ചയാളുടെ പേരിൽ അന്നം വിതരണം ചെയ്യുന്നതിന് പകരം അദ്ദേഹം തന്നെ അക്കാര്യം ജീവിതകാലത്ത് ചെയ്യണം. 

എല്ലാ അംഗങ്ങളും ജന്മദിനം ആഘോഷിക്കണം. ജൻ മദിവസങ്ങളിൽ ആരും മാംസം കഴിക്കരുത്. കശാപ്പുകാർ, മുക്കുവൻമാർ, പേറ്റിച്ചികൾ എന്നിവരുടെ പാത്രങ്ങൾ ഉപയോഗിക്കരുത്. വൃദ്ധകൾ, ഗർഭിണികൾ, വന്ധ്യതയുള്ളവർ, പ്രായപൂർത്തിയാവാത്തവർ എന്നിവരുമായി ഭോഗിക്കരുത് എന്നിവ ദീനേ ഇലാഹിയുടെ നിയമങ്ങളായിരുന്നു. 

ഞായറാഴ്ച ദിവസങ്ങളിലാണ് ആളുകളെ പുതിയ മാർഗത്തിൽ ചേർത്തിരുന്നത്. ചേരുന്നവർ തങ്ങളുടെ ധനം മൊത്തം ചക്രവർത്തിക്ക് സമർപ്പിക്കണം. ദീനേ ഇലാഹിയിൽ ചേർന്നതിന്റെ സൂചകമായി അരയിൽ പ്രത്യേകം നൂൽ ധരിക്കണം. എല്ലാവരും സ്വന്തമായ ആചാരങ്ങളും വിശ്വാസങ്ങളും ത്യജിച്ച് ദീനേ ഇലാഹിയിൽ പരിപൂർണ നിമഗ്നനാവണം. ചക്രവർത്തിയുടെ മുമ്പിൽ സാംഷ്ടാംഗം നമിക്കണം. ഇതിന് സമീൻ ബോസ്
(ഭൂമിയെ ചുംബിക്കൽ) എന്നാണ് പറഞ്ഞിരുന്നത്.

സാംഷ്ടാംഗത്തിനെതിരെ വിമർശനമുയർന്നപ്പോൾ ചക്രവർത്തിയത് നിർബന്ധമാക്കിയില്ല. കൊട്ടാരത്തിലെ പല പണ്ഡിതൻമാരും ചക്രവർത്തിയുടെ ഇമാമത്തിന് (മതനേതൃത്വം) എതിരായിരുന്നു. പ്രമുഖരായ മഖ്ദൂമുൽ മുൽക് സുൽതാൻ പുരിയും അബ്ദുന്നബിയും കൊട്ടാരത്തിൽ നിന്നുതന്നെ വിട്ടുനിന്നു. 

ഒപ്പു വയ്ക്കാൻ നിർബന്ധിതരായ കാര്യവും അവർ തുറന്നുപറഞ്ഞു. അക്ബർ ഇതറിഞ്ഞപ്പോൾ രണ്ടുപേരെയും മക്കയിലേക്ക് നാടുകടത്തി. അവിടെയും അക്ബറിന്റെ ഇസ്ലാമിനെതിരായ പ്രവർത്തനങ്ങളെ അവർ വിമർശിച്ചിരുന്നു. 

1581ൽ രണ്ടു പേരും മടങ്ങിവന്നു. മഖ്ദൂമുൽ മുൽകിനെ ചക്രവർത്തിയുടെ കല്പന പ്രകാരം വിഷം കൊടുത്തുകൊന്നു. സമ്പത്തുകളെല്ലാം കണ്ടുകെട്ടി. മക്കളെയും ഉപദ്രവിച്ചുകൊണ്ടിരുന്നു. 

അബ്ദുന്നബി നേരെ ദർബാറിൽ ചെന്ന് അക്ബറുടെ നയങ്ങളെ നേരിട്ടു വിമർശിച്ചു. ഉടനെ ചക്രവർത്തി ശക്തിയോടെ അദ്ദേഹത്തിന്റെ മുഖത്തടിച്ചു. ജയിലിലടച്ചു. ജയിലിൽ ഏതാനും പേർ വന്ന് അദ്ദേഹത്തെ വധിച്ചു. മൃതദേഹം മിനാരത്തിന്റെ ഉള്ളിലേക്കെറിഞ്ഞു. അതവിടെ ഏറെനേരം കിടന്നുവെന്ന് ബദായുനി പറയുന്നു.(മുൻതഖബാത്, വാള്യം 2, 311-12). 

ഖാളിമാർക്കും മതപാലകർക്കും അവരുടെ സ്ഥാനം പോയി. അവർക്കുള്ള സഹായങ്ങൾ നിർത്തൽ ചെയ്തു. പലരെയും നാടുകടത്തി. പലരെയും സ്വകാര്യമായി കൊന്നു. പള്ളികളും മദ്രസകളും അടച്ചുപൂട്ടി. പല ഭക്തൻമാരും സൂഫികളും നാടുവിട്ടു.


മദ്യം സാർവത്രികമാക്കി. കൊട്ടാരത്തിൽ ഒരു മദ്യഷാപ്പ് തന്നെ തുറന്നു. അതിന്റെ ഉത്തരവാദിത്തം കൊട്ടാരപാലകന്റെ ഭാര്യയെയാണ് ഏല്പിച്ചത്. ആ സ്ത്രീയുടെ കുടുംബം പരമ്പരാഗതമായി തന്നെ മദ്യ വില്പനക്കാരാണ്. കൊട്ടാരത്തിലെ മുസ്ലിം പ്രാർത്ഥനകളും സമൂഹ നിസ്കാരവും വാങ്കുവിളിയും വിലക്കി.(മുൻതഖബാത്, 314)

കൊട്ടാരത്തിൽ അഹ്മദ്, മുഹമ്മദ്, മുസ്തഫ തുടങ്ങിയ മുസ്ലിം പേരുകൾ നിരോധിച്ചു. ഈ പേരുകളുള്ളവർ പകരം മറ്റു പേരുകൾ സ്വീകരിച്ചു. മൃതദേഹം മറവ് ചെയ്യുമ്പോൾ ഇസ്ലാമിക ആചാരത്തിന് വിരുദ്ധമായി തലഭാഗം കിഴക്കോട്ട് വയ്ക്കണം എന്ന് ഉത്തരവിറക്കി. കിഴക്കുദിക്കുന്ന സൂര്യനെ വന്ദിക്കുകയെന്നതായിരുന്നു ലക്ഷ്യം. കാരണം സൂര്യന് ദൈവതുല്യമായ സ്ഥാനമാണ് അക്ബർ നല്കിയത്. 

താടി വയ്ക്കുന്നത് നിരോധിച്ചപ്പോൾ കൊട്ടാരത്തിലെ പ്രഭുക്കളെല്ലാം ക്ലീൻ ഷേവാക്കി. സ്ത്രീ പുരുഷ സംഗമത്തിനുശേഷം കുളിക്കുന്നത് നിരോധിച്ചു. ശുക്ലം വീഴ്ത്തുന്നത് നല്ല കാര്യമാണെന്നും അത് അശുദ്ധമാണെന്ന് കരുതാൻ വയ്യെന്നും വേണ്ടത് ബന്ധപ്പെടുന്നതിന് മുമ്പ് കുളിക്കുകയാണെന്നുമുള്ള വാദങ്ങൾ വന്നു. 

നിസ്കാരം, നോമ്പ്, ഹജ്ജ് എന്നിവ നിരോധിച്ചു. ദീൻ ഇലാഹിയിലെ പ്രാർത്ഥനക്ക് എല്ലാവരും സ്വർണവും പട്ടും ധരിക്കണമെന്ന് പ്രഭുക്കൾക്ക് നിർദേശം നൽകി. അറബിഭാഷാ പഠനം നിരോധിച്ചു. മതപഠനം തന്നെ നിരുത്സാഹപ്പെടുത്തി. 

ഗോളശാസ്ത്രം, തത്വചിന്ത, സംഗീതം, വൈദ്യ ശാസ്ത്രം എന്നിവ പ്രോത്സാഹിപ്പിച്ചു. കൈയെഴുത്തും ചരിത്രമെഴുത്തും, കവിതയും കേമമാക്കി. ദൈവശാസ്ത്രം, വചനശാസ്ത്രം തുടങ്ങിയവയെ അക്ബർ പരിഹസിച്ചു. അബുൽ ഫസലിനെപ്പോലെയുള്ളവർ ചക്രവർത്തിയുടെ മേൽ ചില സിദ്ധികൾ കെട്ടിവച്ച് അദ്ദേഹത്തിന് പ്രവാചകത്വ പദവി നല്കാനും ശ്രമിച്ചിരുന്നു. 

ആദ്യം ചക്രവർത്തിയെ ദൈവത്തിന്റെ നിഴലായാണ് കണക്കാക്കിയിരുന്നെങ്കിൽ ഇപ്പോൾ അക്ബർ പുരുഷാകൃതി പൂണ്ട ദൈവമായി അവതരിപ്പിക്കപ്പെട്ടു.

അക്ബർ ചക്രവർത്തിയുടെയും അനുയായികളുടെയും മതപരിത്യാഗത്തിനെതിരെ പല ഭാഗത്തുനിന്നും വിമർശനങ്ങളുയർന്നു. പുറത്തുനിന്നുള്ള പണ്ഡിതൻമാരും സൂഫികളും ഈ വ്യതിചലനത്തിനെതിരെ ശബ്ദമുയർത്തി. അതിൽ എടുത്തു പറയേണ്ട നാമം ശൈഖ് അഹ്മദ് സർഹിന്ദിയുടേത് തന്നെ. 

ഇതോടൊപ്പം മുസ്ലിം സമുദായം മൊത്തത്തിൽ അധഃപതിച്ച അവസ്ഥയിലായിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർഹിന്ദി മുഗൾ തലസ്ഥാനമായ ആഗ്രയിൽ താമസമാക്കി. കൊട്ടാരത്തിനകത്ത് എന്തൊക്കെ സംഭവിച്ചിരുന്നുവെന്ന് സൂക്ഷ്മനിരീക്ഷണം നടത്തുകയായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. അതേസമയം അദ്ദേഹത്തിന്റെ പ്രബോധന പ്രവർത്തനങ്ങളും ജ്ഞാനവും പട്ടണത്തിലെ പണ്ഡിതൻമാരുടെയും പ്രഭുക്കളുടെയും സൂഫികളുടെയും പ്രശംസക്ക് പാത്രമായി. ഇക്കൂട്ടത്തിൽ കൊട്ടാരത്തിനകത്തെ പ്രഭുക്കളുമുണ്ടായിരുന്നു. 

അവരിലൂടെ ചക്രവർത്തിയുടെ മതചിന്തകളെ കുറിച്ച് പഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അക്ബറും കൂട്ടരും പ്രവാചകത്വത്തെയും പ്രവാചകൻമാരുടെ സിദ്ധികളെയും നിഷേധിക്കുന്നതായും മനസ്സിലാക്കി. കൊട്ടാരത്തിലെ ഷിയാ മുസ്ലിം നേതാക്കളുടെ പ്രചാരണത്തിൽ കുടുങ്ങി ചക്രവർത്തി പ്രവാചകന്റെ അനുയായികളെയും, പത്നിമാരെയും പ്രത്യേകിച്ച് ആദ്യഖലീഫമാരെയും വിമർശിക്കുന്നുവെന്നും സർഹിന്ദി മനസ്സിലാക്കി. 

ഭരണാധികാരി നന്നായാൽ ലോകം നന്നായി. ചീത്തയായാലോ ലോകവും ചീത്തയായി എന്ന് പറഞ്ഞുകൊണ്ട് ചക്രവർത്തിയുടെ പരിത്യാഗചിന്തകളെ പരസ്യമായി തന്നെ സർഹിന്ദി വിമർശിച്ചു. 

അക്ബറുടെ ഇമാമത്ത് വാദത്തെയും സൂഫിസത്തെയും അദ്ദേഹം അംഗീകരിച്ചില്ല. പ്രവാചകചര്യ പിന്തുടരാതെ സൂഫിസത്തിൽ പ്രവേശിക്കാനാവില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൊട്ടാരത്തിനകത്ത് തന്റെ ശിഷ്യൻമാരായ പ്രഭുക്കളുടെ സഹായത്തോടെ മാറ്റമുണ്ടാക്കാനും ശ്രമിച്ചു. അതോടൊപ്പം കൊട്ടാരപണ്ഡിതൻമാരായ അബുൽ ഫസൽ, ഫൈസി തുടങ്ങിയവരുമായി ഇസ്ലാമിക ചിന്തകളെക്കുറിച്ച് ഗഹനമായ ചർച്ചകൾ നടത്തി. 

സർഹിന്ദിയുടെ വിജ്ഞാനത്തെ അവരൊക്കെ അഭിനന്ദിച്ചു. ഇവരെ തെറ്റായ ചിന്തകളിൽ നിന്ന് മാറ്റാനും സർഹിന്ദി ശ്രമിച്ചു.

മുഹമ്മദ് നബിﷺക്ക് ശേഷവും പ്രവാചകനുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രവാചകനാവാനുള്ള അക്ബറുടെ മോഹം സർഹിന്ദി മനസ്സിലാക്കിയിരുന്നു. ഇതു സംബന്ധിച്ച് അബുൽ ഫസലുമായും ശൈഖ് മുബാറകുമായും സർഹിന്ദി സംവാദവും നടത്തിയിരുന്നു. പ്രവാചകത്വത്തെ പണ്ഡിതോചിതമായി വിവരിക്കുന്ന ഇത്തിബാഉന്നുബുവ്വ എന്ന ലഘുകൃതി അദ്ദേഹം ആഗ്രയിൽ വച്ചു തന്നെ എഴുതി. 

ഇതിൽ പ്രവാചകത്വത്തെക്കുറിച്ചുള്ള അജ്ഞതയെ കുറിച്ചും അതേ ചൊല്ലി അക്കാലത്തെ ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകളും അദ്ദേഹം വിവരിക്കുന്നു. അതോടൊപ്പം ശരീഅത്തിനെതിരായി കാണുന്ന വ്യതിചലനങ്ങളും വിവരിക്കുന്നു. 

അവിശ്വാസികളുടെ ആചാരങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കുകയും, ഇസ്ലാമിന്റെ ആചാരങ്ങളെ അവമതിക്കുകയും ചെയ്തുകൊണ്ട് ഭരണാധികാരികളിലും ജനങ്ങളിലും കാണുന്ന വ്യതിചലനത്തെ കുറിച്ച് വ്യക്തമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. പള്ളികളും ദർഗകളും തകരുന്നതും, മുസ്ലിം ആചാരങ്ങളിൽ നിന്ന് ജനങ്ങൾ അകലുന്നതും പറയുന്നു. 




അബ്ദറഹീം ഖാനീ ഖാനാൻ, ഖുലിച്ച് ഖാൻ, ഖാജാ ജഹാൻ, മുർതസാ ഖാൻ തുടങ്ങിയ പ്രഭുക്കൾക്കെഴുതിയ കത്തുകളിൽ അക്ബർ ചക്രവർത്തിയുടെ കാലത്ത് മുസ്ലിം വിശ്വാസത്തിന് സംഭവിച്ച വ്യതിചലനങ്ങളെകുറിച്ച് സർഹിന്ദി മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇതേകുറിച്ച് പ്രഭുക്കളെ ബോധവാൻമാരാക്കണമെന്നും ശരീഅത്ത് യഥാവിധി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

സർഹിന്ദി നേരിട്ട് ചക്രവർത്തിയുമായി ബന്ധപ്പെട്ടതായി കാണുന്നില്ല; മറിച്ച് പ്രഭുക്കളിലൂടെ ചക്രവർത്തിയെ സ്വാധീനിക്കാനായിരുന്നു പരിപാടി. കെ.എ.നിസാമി എഴുതിയ പോലെ "അക്ബറുടെ അവസാനകാലത്ത് ചക്രവർത്തിക്കും പ്രധാന പ്രഭുക്കൾക്കും ഇടയിൽ ആശയപരമായ വിടവ് ഉണ്ടാക്കാൻ സർഹിന്ദിയുടെ ശ്രമങ്ങൾക്ക് കഴിഞ്ഞു"
 (നിസാമി, സ്റ്റേറ്റ് & കൾച്ചർ ഇൻ മിഡീവൽ ഇന്ത്യ 166)

മുഗളർക്ക് ഏറ്റവും അടുപ്പം നഖ്ശബന്ദി സൂഫീ മാർഗത്തോടായിരുന്നു. ബാബർ തൊട്ടുള്ളവർ മധ്യേഷ്യയിൽ നഖ്ശബന്ദി മാർഗക്കാരനായ ഖാജാ ഉബൈദുല്ലാ അഹ്റാറിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ബാബർ ഇന്ത്യയിലെത്തിയപ്പോൾ അഹ്റാറിന്റെ ശിഷ്യൻമാരും ഇന്ത്യയിലെത്തിയിരുന്നു. നഖ്ശബന്ദി സൂഫി ഖാജാ ബാഖി ബില്ലാഹിക്ക് പ്രബോധനത്തിനുള്ള എല്ലാ സൗകര്യവും മുഗൾ ചക്രവർത്തി ഹുമയൂൺ ചെയ്തു കൊടുത്തു. അതിനാൽ മുഗളരെ ശരീഅത്ത് മാർഗത്തിൽ നില നിർത്തുന്നതിന് സർഹിന്ദിയും അദ്ദേഹം പിന്തുടർന്ന നഖ്ശബന്ദി മാർഗവും വലിയ പങ്കുവഹിച്ചു. 

ഭരണാധികാരികൾ നന്മയുടെ വക്താക്കളാകണമെന്ന് സർഹിന്ദി ശക്തിയായി തന്നെ ആവശ്യപ്പെടുന്നു: "ഭരണാധികാരിയുടെ നന്മ ലോകത്തിന്റെയും നന്മയാണ്. ഭരണാധികാരിയുടെ കുഴപ്പം ലോകത്തിന്റെയും" (സ്വലാഹ് ബാദഷാ സ്വലാഹ് ആലം അസ്ത്; വ ഫസാദ് ഓ ഫസാദ് ആലം).

മുഗൾ കൊട്ടാരത്തിലെ പ്രഭുക്കളുമായുള്ള അടുപ്പം അക്ബറിന്റെ ശേഷം പുത്രൻ ജഹാംഗീറിന്റെ കാലത്തും തുടർന്നു. അക്ബറിന്റെ മരണശേഷം കൂടുതൽ പ്രഭുക്കൾ സർഹിന്ദിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഇസ്ലാമിന്റെ നിയമങ്ങൾ അനുസരിക്കാൻ ചക്രവർത്തിയെ പ്രേരിപ്പിക്കേണ്ടത് പ്രഭുക്കളുടെ കടമയാണെന്ന് അദ്ദേഹം പ്രഭുക്കളെ ഓർപ്പിച്ചു.

ഇതിനെ ജിഹാദീ ഖൗലി (വാക്കുകൾ കൊണ്ടുള്ള യുദ്ധം) എന്നാണ് സർഹിന്ദി വിശേഷിപ്പിച്ചത്. ജഹാംഗീർ ചക്രവർത്തിയാവുന്നതിൽ നഖ്ശബന്ദി സൂഫികൾ പങ്കുവഹിച്ചിരുന്നു. അതിനുവേണ്ടി സർഹിന്ദി, തന്റെ ശിഷ്യനും മുഗൾ പ്രഭുവുമായ ശൈഖ് ഫരീദ് ബുഖാരിയെയാണ് ഏർപ്പാടാക്കിയത്. 

ഫരീദ് ബുഖാരിക്ക് മുഗൾ കൊട്ടാരത്തിൽ കുറച്ചൊക്കെ സ്വാധീനവുമുണ്ടായിരുന്നു. അക്ബറുടെ മരണത്തെതുടർന്ന് അലഹബാദിലായിരുന്ന ജഹാംഗീർ ഉടനെ ആഗ്രയിലെത്തിയെങ്കിലും ഒരു വിഭാഗം പ്രഭുക്കൾ അദ്ദേഹത്തെ അനന്തരവകാശിയാക്കുന്നതിന് എതിരായിരുന്നു. എന്നാൽ അവിടെ ഫരീദ് ബുഖാരി സമർത്ഥമായി ഇടപെട്ട് ജഹാംഗീറിന്റെ സ്ഥാനാരോഹണം സുഗമമാക്കി. 

ശരീഅത്തിനെതിരായി പിതാവ് കൊണ്ടുവന്ന നിയമങ്ങൾ എടുത്തുകളഞ്ഞ് ശരീഅത്തനുസരിച്ച് ഭരണം നിർവഹിക്കുമെന്ന് ജഹാംഗീറിനെ കൊണ്ട് ഫരീദ് ബുഖാരി സത്യം ചെയ്യിച്ചിരുന്നതായും പറയപ്പെടുന്നു. 

ശൈഖ് സർഹിന്ദി തന്നെ ജഹാംഗീറിനെ പാദുഷായെ ഇസ്ലാം, എന്നാണ് സംബോധന ചെയ്യുന്നത്. അദ്ദേഹം എഴുതുകയാണ്: "ഇന്ന് ഇസ്ലാമികരാജ്യത്തിന്റെ പുനഃസ്ഥാപനവും ഇസ്ലാമിക ചക്രവർത്തിയുടെ ആരോഹണവും ഉന്നതരുടെയും താണവരുടെയും ചെവിയിലെത്തിയപ്പോൾ ഇസ്ലാമിന്റെ ആളുകൾക്കെല്ലാം ഈ രാജാവിനെ സഹായിക്കലും ശരീഅത്ത് പ്രചരിപ്പിക്കലും വിശ്വാസത്തെ സഹായിക്കലും ഒരു നിർബന്ധ കടമയായി ഭവിച്ചരിക്കുന്നു.(മക്തൂബാത്,1, കത്ത് നമ്പർ 47)

കൊട്ടാരത്തിൽ നടക്കുന്ന കര്യങ്ങൾ ഫരീദ് ബുഖാരി അപ്പപ്പോൾ സർഹിന്ദിയെ അറിയിച്ചുകൊണ്ടിരുന്നു. അക്ബറിനെ അപേക്ഷിച്ച് മതവുമായി കൂടുതൽ അടുപ്പം ജഹാംഗീറിനുണ്ടായിരുന്നു 

ഒരിക്കൽ ചക്രവർത്തി പറഞ്ഞു: “ജീവിതം മുഴുവനും ദൈവത്തെ തൃപ്തിപ്പെടുത്തിക്കൊണ്ട് പോവണം എന്നാണെന്റെ ആഗ്രഹം. ദൈവസ്മരണയില്ലാതെ ഒരു നിമിഷം പോലും ഉണ്ടായിക്കൂടാ"(തുസൂകേ ജഹാംഗീരി, 225). 

തന്റെ സൈന്യം യുദ്ധത്തിൽ വിജയിച്ചു എന്ന് എപ്പോൾ കേട്ടാലും അദ്ദേഹം ഉടനെ സാഷ്ടാംഗം നമിക്കുമായിരുന്നു (തുസൂക്,105). അക്ബർ കൊട്ടാരത്തിൽ സമൂഹനിസ്കാരം നിരോധിച്ചിരുന്നു. ജഹാംഗീർ അത് പുനഃസ്ഥാപിച്ചു. അതിനുവേണ്ടി താൻ വേട്ടക്ക് പോവുമ്പോൾ കൊണ്ടുവന്ന മാൻ തോലുകൾ ഉപയോഗിച്ചു.


ഹിന്ദുക്കൾക്ക് മതസ്വാതന്ത്ര്യം അനുവദിച്ചെങ്കിലും വിഗ്രഹാരാധന അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കൊട്ടാരത്തിലെ ഹിന്ദുക്കളായ ഉദ്യോഗസ്ഥൻമാരും പ്രഭുക്കളും പട്ടാളമേധാവികളും അവരുടെ പദവികളിൽ തന്നെ തുടർന്നു. 

ഒരിക്കൽ ഹിന്ദുക്കളുടെ മത കാര്യത്തിൽ ഇടപെട്ട സംഭവവുമുണ്ട്. ജഹാംഗീർ അജ്മീറിലെ രാമാ കങ്കറിന്റെ ക്ഷേത്രം സന്ദർശിച്ചപ്പോൾ അവിടെ പന്നിയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു വിഗ്രഹം കണ്ടു: “ഈ ഹിന്ദുക്കൾ അത് ദൈവത്തിന്റെ രൂപമാണെന്ന് കരുതി അതിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുകയാണ്. എന്തായാലും പന്നിയുടെ തലയുള്ള ഒരു വിഗ്രഹം വേണ്ട." അതു മാറ്റി മറ്റൊരു വിഗ്രഹം സ്ഥാപിക്കാൻ അദ്ദേഹം ഏർപ്പാടാക്കി. പന്നി വിഗ്രഹത്തെ കുളത്തിലിട്ടു. (തുസൂക്, 125)

മുസ്ലിംകൾ തിലകം തൊടുന്ന സമ്പ്രദായം അദ്ദേഹം നിറുത്തൽ ചെയ്തു. പ്രഭു ഷാന്റെ പുത്രൻ കൗകബ് ഏതോ ഹിന്ദു സന്യാസിയുടെ വലയിൽ പെട്ട് അയാളുടെ ആചാരങ്ങൾ സ്വീകരിച്ചതായി ശ്രദ്ധയിൽ പെട്ടു. കൗകബിന്റെ ചില ബന്ധുക്കളും സന്യാസിയുടെ ധ്യാനങ്ങളിൽ ആകൃഷ്ടരായെന്നും അറിഞ്ഞു. അവരെ വിളിച്ചുവരുത്തി ശിക്ഷ കൊടുക്കുകയും ശരീഅത്തനുസരിച്ച് ജീവിക്കാൻ കല്പിക്കുകയും ചെയ്തു. (തുസൂക്, 83).

ചക്രവർത്തിക്ക് മുമ്പിൽ സാംഷ്ടാംഗം ചെയ്യുന്നത് മതത്തിനെതിരാകയാൽ കൊട്ടാരത്തിൽ നടന്നുവന്നിരുന്ന ഈ സമ്പ്രദായം ജഹാംഗീർ നിറുത്തൽ ചെയ്തു. മതകാര്യങ്ങളിൽ തന്നെ സഹായിക്കാനായി ഉലമകളെ അദ്ദേഹം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.


1619ൽ സർഹിന്ദിയുടെ പ്രതിനിധി (ഖലീഫ)യായി ശൈഖ് ബദീഉദ്ദീൻ, ചക്രവർത്തിയുടെ സൈന്യത്തിലെ ദൂതനായി നിയമിക്കപ്പെട്ടതോടെ പട്ടാളത്തിലും മതനിമയങ്ങൾ നടപ്പാക്കാൻ എളുപ്പമായി. 

ബദീഉദ്ദീന്റെ സൂഫീജീവിതം പട്ടാളത്തിലും മാറ്റങ്ങളുണ്ടാക്കി. അതേ സമയം അദ്ദേഹത്തിന് ശത്രുക്കളുമുണ്ടായി. ഒരിക്കൽ ബദീഉദ്ദീൻ ആഗ്ര വിട്ട് തന്റെ നാടായ സഹാറൻപൂരിലേക്ക് പോയി. വീണ്ടും അദ്ദേഹത്തെ ആഗ്രയിലേക്ക് തന്നെ കൊണ്ടുവന്നു. ജനങ്ങൾ കൊട്ടാരത്തിനകത്തും പുറത്തും ബദീഉദ്ദീനെ പിന്തുടരുകയും എവിടെയും നഖ്ശബന്ദി സൂഫീ സരണി സജീവമാവുകയും ചെയ്തു. 

കൊട്ടാരത്തിൽ ദൈവകീർത്തനങ്ങളും സാത്രങ്ങളും പതിവായി. ബദീഉദ്ദീന്റെ നിർദേശങ്ങൾ പട്ടാളവും ശിരസാ വഹിച്ചു. അപ്പോഴേക്കും ശത്രുക്കൾ അദ്ദേഹത്തിനെതിരെ കരുക്കൾ നീക്കി. 

ബദീഉദ്ദീൻ പട്ടാളത്തെ ചക്രവർത്തിക്ക് നേരെ തിരിച്ചുവിടുകയാണെന്നൊരു കിംവദന്തി ജഹാംഗീറിന്റെ കാതിലെത്തി. ശത്രുക്കൾ സർഹിന്ദിക്കെതിരെയും തിരിഞ്ഞു. എല്ലാ രംഗത്തും ഈ മനുഷ്യന്റെ ശിഷ്യൻമാർ കയറിക്കൂടിയിട്ടുണ്ടെന്നും അതിനാൽ ചക്രവർത്തിയുടെ നിലനില്പിനെ തന്നെ ഇത് ബാധിക്കുമെന്നും അവർ ചക്രവർത്തിയെ അറിയിച്ചു. 

ഷിയാ പ്രഭുക്കളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ജഹാംഗീർ ഇതൊന്നും വിശ്വസിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവർ പുതിയ തന്ത്രങ്ങളുമായി വന്നു. മുമ്പ് ഖാജാ ബാഖി ബില്ലാഹിക്ക് എഴുതിയ കത്തിൽ താൻ ഹസ്രത് അബൂബക്കറിന്റെ ആത്മീയ പദവി മറികടന്നതായി പരാമർശിച്ചിരുന്നു. ഈ കത്ത് വ്യാഖ്യാനിച്ച് സർഹിന്ദി പരിത്യാഗിയാണെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. ഈ തന്ത്രം ഏശിയെന്നേ പറയേണ്ടൂ.

ജഹാംഗീറിന്റെ ഓർമക്കുറിപ്പുകളായ തുസൂകെ ജഹാംഗീരിയിൽ സർഹിന്ദിയെ കുറിച്ചുള്ള രണ്ട് മൂന്ന് പരാമർശങ്ങൾ കാണാം. ഒരിടത്ത് ജഹാംഗീർ വളരെ പരുഷമായി തന്നെ സർഹിന്ദിയെ വിമർശിക്കുന്നു. സർഹിന്ദിയെ അക്രമിയായ പരിത്യാഗിയെന്നാണ് ചക്രവർത്തി മുദ്ര കുത്തുന്നത്. 

ജനങ്ങളെ വഞ്ചിക്കുന്നതിനുവേണ്ടി അദ്ദേഹം ഓരോ ടൗണിലേക്കും തന്റെ ശിഷ്യൻമാരെ അയക്കുന്നു. കുറേ മടുപ്പൻ കഥകളുണ്ടാക്കി അദ്ദേഹം അനുയായികൾക്ക് വേണ്ടി മക്തൂബാത് എന്ന കൃതി രചിച്ചിരിക്കുന്നു. അതിൽ ഉപയോഗമില്ലാത്ത സിദ്ധാന്തങ്ങളെഴുതി ജനങ്ങളെ മതപരിത്യാഗത്തിലേക്ക് നയിക്കുകയാണ്. ആദ്യത്തെ ഖലീഫയുടെ ആത്മീയപദവി താൻ മറികടന്നതായി അദ്ദേഹം എഴുതിയിരിക്കുന്നു. (തുസൂകെ ജഹാംഗീരി, അലിഗഡ്, 1964, 272-73)

വിശദീകരണത്തിനുവേണ്ടി സർഹിന്ദിയെ ചക്രവർത്തി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ചക്രവർത്തിയെ കാണുമ്പോൾ സാഷ്ടാംഗം ചെയ്യണമെന്നത് അന്ന് നിയമമാണ് (പിന്നീട് സാംഷ്ടാംഗം ചെയ്യുന്നത് നിരോധിച്ചു). സർഹിന്ദി സാഷ്ടാംഗത്തിനൊന്നും തയാറായില്ല. നിർബന്ധിച്ചപ്പോൾ പറഞ്ഞു: "ഞാൻ അല്ലാഹു ﷻ വിന്റെ മുമ്പിൽ മാത്രമേ സാംഷ്ടാംഗം നമിക്കുകയുള്ളൂ." സർഹിന്ദിയുടെ വിശദീകരണം ജഹാംഗീറിന് തൃപ്തിയായില്ല. സർഹിന്ദിയെ ജയിലിലടക്കാൻ ചക്രവർത്തി ഉത്തരവിട്ടു. അനിറായ് സിങ്ങിന്റെ അധീനത്തിലുള്ള ഗ്വാളിയറിലെ കോട്ടയിലാണ് സർഹിന്ദിയെ തടങ്കലിലാക്കിയത്.

ജഹാംഗീറിന്റെ പുത്രൻ ഖുർറം (ഷാജഹാൻ) സർഹിന്ദിയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഗുരുവിനെ പിതാവ് ജയിലിലടച്ചത് അദ്ദേഹത്തെ വിഷമത്തിലാക്കി. ഗുരുവിനെ സമാധാനിപ്പിക്കാൻ വേണ്ടി പണ്ഡിതൻമാരായ അഫ്സൻ ഖാനെയും, മുഫ്തി അബ്ദുറഹ്മാനെയും ഗ്വാളിയറിലേക്കയച്ചു. 

ചക്രവർത്തിയുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നതിനെ പല പണ്ഡിതൻമാരും അംഗീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഗുരുവിന് അങ്ങനെ ചെയ്തുകൂടേ എന്നും എന്നാൽ ജയിലിൽ നിന്ന് പുറത്തുപോരാമെന്നും ഖുർറം അറിയിച്ചു. 

പിതാവിനെ ബോധ്യപ്പെടുത്താൻ ഖുർറമിന് കഴിയുമായിരുന്നില്ല. കാരണം ഖുർറം പിതാവിനെതിരെ കലാപമുണ്ടാക്കിയതിനാൽ പിതാവിന്റെ ശിക്ഷയിലായിരുന്നു. 

സർഹിന്ദി പറഞ്ഞു: "ചക്രവർത്തിയുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുക എന്നത് മതത്തിനെതിരായ പ്രവർത്തനമാണ്. അതുകൊണ്ട് അതിന് താനൊരുക്കമല്ല. 1619ൽ ജഹാംഗീറിന്റെ പതിനഞ്ചാം ഭരണവർഷത്തിലാണീ സംഭവമുണ്ടായത്. അന്ന് ശൈഖിന്റെ വീടും പൂന്തോട്ടവും പുസ്തകങ്ങളുമെല്ലാം കണ്ടുകെട്ടി. ഭാര്യയെയും കുട്ടികളെയും മറ്റ് സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചു. സർഹിന്ദിക്കെതിരെ ആരോപണം കിട്ടി പതിനേഴ് വർഷം കഴിഞ്ഞാണ് ഈ നടപടി വരുന്നത്. 

അതുവരെ ആരോപണങ്ങളെ അവഗണിക്കുകയായിരുന്നു ചക്രവർത്തി. 1619ൽ നടപടിയെടുക്കാൻ പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന് ജഹാംഗീറിന്റെ ജീവിതത്തിലേക്ക് നൂർജഹാൻ കടന്നുവന്നതാണ്. ഷിയാ വിഭാഗത്തിനെതിരെയുള്ള സർഹിന്ദിയുടെ പരാമർശങ്ങളും ചക്രവർത്തിയുടെ മുമ്പിൽ സാഷ്ടാംഗം നമിക്കാൻ മടിക്കുന്നതും നൂർജഹാനെയും ചൊടിപ്പിച്ചിരുന്നു.


കൊട്ടാരത്തിൽ എറ്റവും സ്വാധീനമുള്ളയാളും സർഹിന്ദിയുടെ ശിഷ്യനുമായ ശൈഖ് ഫരീദ് ബുഖാരി മരണപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീട് സ്വാധീനത്തിൽ വരുന്നത് നൂർജഹാന്റെ പിതാവ് ഇഅ്തിമാദുദ്ദൗലയും സഹോദരൻ ആസിഫ് ഖാനുമാണ്. ഇരുവരും സർഹിന്ദിയുടെ എതിരാളികളായിരുന്നു. 

കൂടാതെ ഷിയാ വിഭാഗവും ജഹാംഗീറിൽ സ്വാധീനം ചെലുത്താൻ തുടങ്ങി. സർഹിന്ദിയെ ജയിലിലടച്ചത് തികച്ചും തെറ്റായ ആരോപണങ്ങളുടെ പേരിലാണെന്ന് ജഹാംഗീറിന്റെ പൗത്രനും ഷാജഹാന്റെ പുത്രനുമായ ദാര ഷുക്കോ എഴുതുന്നുണ്ട്.

സർഹിന്ദി ജയിലിൽ ധ്യാനവും പ്രാർത്ഥനയുമായി കഴിഞ്ഞു. അനുയായികളും കുടുംബവും, സൂഫികളും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥനകളർപ്പിച്ചു. പലരും പ്രഭുക്കളുമായും മറ്റും ബന്ധപ്പെട്ട് ചക്രവർത്തിയുടെ തെറ്റിദ്ധാരണ നീക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

ധ്യാനത്തിലൂടെ ആത്മീയതയുടെ വിവിധ ഘട്ടങ്ങൾ അദ്ദേഹം തരണം ചെയ്തുവത്രേ. ഇക്കാര്യം ശിഷ്യൻ മീർ നുഅമാനെഴുതിയ കത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. അഥവാ ഈമാനേ ഷുഹൂദിൽ നിന്ന് ഈമാനേ ഗയ്ബിലേക്ക് പ്രവേശിച്ചുവത്രേ. 

ജയിൽ വാസത്തിനിടക്ക് അല്ലാഹു ﷻ തനിക്ക് വലിയൊരനുഗ്രഹമാണ് ഇപ്രകാരം നല്കിയതെന്നും അദ്ദേഹം ശിഷ്യനയച്ച കത്തിൽ പറയുന്നു. മീർ നുഅ്മാൻ ആഗ്രയിൽ ചെന്ന് ഗുരുവിന്റെ മോചനത്തിനുവേണ്ടി ശ്രമം നടത്തിയപ്പോൾ അതിന് ശ്രമിക്കരുതെന്നും ഉടനെ ആഗ്രയിൽ നിന്ന് തിരിച്ചുപോരണമെന്നും സർഹിന്ദി അറിയിച്ചു.

തന്റെ മോചനത്തിനുവേണ്ടി ആരും ശ്രമിക്കരുതെന്നും ജയിൽ ജീവിതം എനിക്ക് വളരെ സന്തോഷമായാണ് അനുഭവപ്പെടുന്നതെന്നും തന്റെ ആരാധനകൾക്കും ധ്യാനത്തിനും ഒരു തടസ്സവുമില്ലെന്നും സർഹിന്ദി അറിയിച്ചു.

എന്തൊക്കെയായാലും ജഹാംഗീറിന് തെറ്റ് ബോധ്യപ്പെട്ടു. ഒരുവർഷത്തിന് ശേഷം സർഹിന്ദി ജയിൽ മോചിതനായി. ചക്രവർത്തി അദ്ദേഹത്തിന് ഒരു ബഹുമതി വസ്ത്രവും രണ്ടായിരംരൂപയും നല്കി. 

തന്റെ തുലാഭാരം നടത്തിയ ദിവസം ചക്രവർത്തി രണ്ടായിരം ദീനാറിന്റെ സമ്മാനം വേറെ നല്കി. കൊട്ടാരത്തിൽ താമസിക്കുകയോ നാട്ടിൽ പോവുകയോ ചെയ്യാമെന്ന് ചക്രവർത്തി അറിയിച്ചു. സർഹിന്ദി ചക്രവർത്തിയുടെ കൂടെ താമസിക്കാനാണ് തീരുമാനിച്ചത്. 

കൊട്ടാരത്തിൽ സൈന്യത്തോടൊപ്പം വിവിധ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. ജഹാംഗീർ കശ്മീരിൽ താമസിക്കുമ്പോൾ സർഹിന്ദിയും അവിടെ ഉണ്ടായിരുന്നു. അന്നൊരിക്കൽ ജഹാംഗീറിന് കലശലായ രോഗം പിടിപെട്ടുവത്രേ. കൊട്ടാരവൈദ്യൻമാർക്കൊന്നും ഭേദമാക്കാൻ കഴിഞ്ഞില്ല. 

സർഹിന്ദി ജഹാംഗീറിന്റെ അടുത്തുവന്ന് ഭേദമാവാൻ വേണ്ടി പ്രാർത്ഥന തുടങ്ങി. ഒപ്പം ഇസ്ലാമിക ശരീഅത്തനുസരിച്ച് ജീവിക്കാൻ ഉപദേശിച്ചു. ജഹാംഗീർ പറഞ്ഞു: "നിങ്ങൾക്കത് പറയാം. പക്ഷേ ചെയ്യേണ്ടത് ഞാനാണ്." എന്തായാലും സർഹിന്ദിയുടെ പ്രാർത്ഥനാ ഫലമായി ചക്രവർത്തിയുടെ രോഗം മാറിയത്രേ. 

അതോടെ ചക്രവർത്തിയുടെ ജീവിതത്തിലും ഇസ്ലാമിക നിയമത്തോടടുപ്പമുണ്ടായി. കശ്മീരിൽ നിന്നു മടങ്ങുംവഴി സർഹിന്ദിലെത്തിയപ്പോൾ ശൈഖിന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കണമെന്ന് ചക്രവർത്തിക്കാഗ്രഹം. അടുത്ത ദിവസം ആവശ്യമുള്ള വിഭവങ്ങൾ സർഹിന്ദി വീട്ടിലെത്തിച്ചു. മക്കൾ ഭക്ഷണം പാകം ചെയ്തു. ചക്രവർത്തി സർഹിന്ദിയോടൊപ്പം ഭക്ഷണം കഴിച്ചു. 

ഭക്ഷണത്തിന് നല്ല രുചിയെന്ന് അംഗരക്ഷകൻ അസഫ് ഖാനോട് പറഞ്ഞു. പകുതി കഴിച്ച് ബാക്കി പകുതി ജഹാംഗീർ പിന്നെ കഴിക്കാൻ വേണ്ടി ഒപ്പം കൊണ്ടു പോകാൻ ഏർപ്പാടാക്കിയത്രേ. 

പർണശാലയിലേക്ക് വേണ്ടി നിശ്ചിത തുക തന്റെ വക തരുന്നതാണെന്ന് അസഫ് ഖാൻ വശം ജഹാംഗീർ സർഹിന്ദിയെ അറിയിച്ചു. അത് നിരസിച്ചുകൊണ്ട് സർഹിന്ദി പറഞ്ഞു: “ദൈവത്തിന്റെ യാചകർ ദൈവത്തോട് തന്നെയാണ് യാചിക്കുക"(അലി അക്ബർ അർദിസ്താനി, മജ്മഉൽ ഔലിയ 299).

സർഹിന്ദിക്ക് കൂടുതൽ നാട്ടിൽ തങ്ങാനായില്ല. അദ്ദേഹത്തിന് ചക്രവർത്തിക്കൊപ്പം വിവിധ സ്ഥലങ്ങളിൽ പോകേണ്ടിവന്നു. കുറച്ചുകാലം ഡൽഹിയിലും പിന്നീട് ആഗ്രയിലും താമസിച്ചു. ഈ സന്ദർഭങ്ങളിലൊക്കെ ചക്രവർത്തിയോട് വളരെ അടുപ്പം നില നിറുത്തുകയും അദ്ദേഹത്തെ ശരീഅത്തുമായി അടുപ്പിക്കുകയും മതപരമായ വിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തു. 

ഇക്കാര്യങ്ങൾ സർഹിന്ദി തന്റെ മക്കളായ അഅ്സം, സെയ്ദ് എന്നിവർക്കെഴുതിയ കത്തുകളിൽ വിശദമാക്കുന്നുണ്ട്. കർമജ്ഞാനത്തിന് പുറമേ ചരിത്രം, അധ്യാത്മികത, ദൈവിക വിഷയങ്ങൾ എന്നിവയെല്ലാം വിഷയീഭവിച്ചു. ചക്രവർത്തി എല്ലാം സാകൂതം കേൾക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്തു.


ഇതോടൊപ്പം ദർബാറിലും പ്രഭാഷണങ്ങൾ നടത്താൻ സർഹിന്ദിക്ക് അവസരം ലഭിച്ചു. പ്രഭുക്കളുമായും അടുത്ത ബന്ധം പുലർത്തി. ഇങ്ങനെ അക്ബറുടെ കാലത്ത് കൊട്ടാരത്തിലുണ്ടായ മതപരമായ വ്യതിചലനങ്ങളെ മാറ്റിയെടുക്കാൻ സർഹിന്ദിക്ക് സാധിച്ചു. 

കാംഗ്രയിലെ രജപുത്ര കോട്ട പിടിക്കാൻ സുൽത്താൻമാരുടെ കാലംമുതൽ ശ്രമം തുടങ്ങിയിരുന്നു. അവിടത്തെ രാജാവ് മുസ്ലിംകളോടും സുൽത്താൻമാരോടും വളരെ ശത്രുതയിലുമായിരുന്നു. അതിനാൽ അദ്ദേഹത്തെ യുദ്ധം ചെയ്തു തോല്പിച്ച് കോട്ട പിടിക്കാൻ മുൻകാല മുസ്ലിം ചക്രവർത്തിമാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അക്കാര്യത്തിൽ വിജയിച്ചത് ജഹാംഗീർ ചക്രവർത്തിയാണ്. സർഹിന്ദിയുടെ പ്രാർത്ഥനയുടെ ഫലമായാണ് അത് സാധിച്ചതെന്ന് എല്ലാവരും വിശ്വസിച്ചു. ഈ യുദ്ധത്തിൽ മുഗൾ സൈന്യത്തിന് നേതൃത്വം നല്കിയത് രാജാ ബിക്റംജിത് എന്ന പദവിപ്പേരുള്ള സുന്ദർദാസ് ആയിരുന്നു. പ്രമുഖ രജപുത്രരായ ഹൃദയ് നാരായണൻ, രാജാ പ്രഥ്വിചന്ദ് എന്നിവരും യുദ്ധത്തിന് നേതൃത്വം നല്കി. 

സുന്ദർദാസ് സർഹിന്ദിയുടെ പക്കൽ വന്ന് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് യുദ്ധത്തിനു പുറപ്പെട്ടത്. 1622ലെ റമളാനിൽ സർഹിന്ദി സൈന്യത്തിന്റെ കൂടെ അജ്മീരിലെത്തി. അദ്ദേഹം ഏറെ നാളുകൾ അവിടെത്തന്നെ തങ്ങി. 

അവിടെ ദർഗയിൽ ധ്യാനമിരുന്നു. പലരും പ്രാർത്ഥിക്കാനായി സർഹിന്ദിയെ സമീപിച്ചു. സാന്നിധ്യമറിഞ്ഞു നാനാഭാഗത്തു നിന്നും ജനങ്ങൾ അങ്ങോട്ടൊഴുകി. എല്ലാവർക്കുവേണ്ടിയും അദ്ദേഹം പ്രാർത്ഥിച്ചു. അജ്മീറിലെ ധ്യാനത്തിനിടയിൽ സർഹിന്ദിക്ക് പ്രത്യേക അനുഭവമുണ്ടായത്രേ. അദ്ദേഹത്തിൽ നിന്ന് എന്തോ വസ്തു ആരോ പുറത്തെടുക്കുന്നതായും തന്റെ പുത്രന് അത് നല്കുന്നതായും സ്വപ്നത്തിലെന്ന പോലെ അദ്ദേഹം ദർശിച്ചു. 

നേതൃത്വത്തിന്റെ (ഖയ്യൂമിയത്) ബഹുമതി വസ്ത്രം പുത്രന് നല്കിയതാണെന്ന് പിന്നീടദ്ദേഹം മനസ്സിലാക്കി. താമസിയാതെ പുത്രൻ മസൂമിനെ ഈ വിവരം അറിയിച്ചു. തന്റെ ആരോഗ്യം ക്ഷയിച്ചുവരുന്ന വിവരവും പറഞ്ഞു. താമസിയാതെ മക്കൾ മുഹമ്മദ് സഈദും മസൂമും അജ്മീരിലെത്തി.

സർഹിന്ദി ഇസ്ലാമിലെ ഹനഫി കർമ കാണ്ഡമാണ് സ്വീകരിച്ചതെങ്കിലും എല്ലാ കർമ മാർഗങ്ങളിലും അവഗാഹം നേടുകയും പലപ്പോഴും പലരുടെയും രീതി പിൻ പറ്റുകയും ചെയ്തു. 

മുസ്ലിം ശ്മശാനങ്ങൾ സന്ദർശിച്ച് ഖുർആൻ പാരായണം ചെയ്യുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. അംഗസ്നാനം വരുത്തുമ്പോൾ മുഖം കഴുകുന്ന സമയം കഅ്ബാ മന്ദിരത്തിലേക്കും കാൽ കഴുകുമ്പോൾ എതിർദിശയിലും അദ്ദേഹം മുഖംതിരിക്കുമായിരുന്നു. 

പുലർച്ചെ ഉണർന്ന് പ്രത്യേക നിസ്കാരം (തഹജ്ജുദ്) നിർവഹിച്ച ശേഷം തൊട്ടടുത്ത പള്ളിയിൽ പ്രഭാതനിസ്കാരത്തിനായി പോവും. പ്രാർത്ഥനക്കുശേഷം ജപമാല എടുത്ത് സ്തോത്രം ചൊല്ലിക്കൊണ്ടിരിക്കും. 

പിന്നീട് കുറച്ചു നേരം നിശബ്ദമായ ധ്യാനം. പിന്നീട് വീട്ടുകാരോട് കുശലം പറഞ്ഞ്, ആവശ്യങ്ങളന്വേഷിച്ച ശേഷം പ്രാതൽ കഴിക്കും. അല്പനേരം കുടുംബാംഗങ്ങളുമായി കഴിയും. പിന്നെ പള്ളിയിൽ ചെന്ന് ഖുർആൻ പാരായണത്തിനിരിക്കും. അതിനുശേഷം അധ്യാപനം തുടങ്ങും. ഭക്ഷണം കഴിച്ച ശേഷം മധ്യാഹ്ന പ്രാർത്ഥന (ളുഹർ). വീണ്ടും അടുത്ത നിസ്കാരം വരെ അധ്യാപനം. അതിനിടക്ക് സന്ദർശകർ. 

വൈകുന്നേരവും അങ്ങനെ തന്നെ. സന്ധ്യാ പ്രാർത്ഥനക്കു ശേഷം സത്യസാക്ഷ്യം (കലിമ) ഉറക്കെ ചൊല്ലുമായിരുന്നു. നിശാപ്രാർത്ഥനയും പ്രത്യേക നിമസ്കാരങ്ങളും കഴിഞ്ഞ് സ്തോത്രങ്ങൾ ചൊല്ലിക്കൊണ്ടിരിക്കും. കൂടുതൽ വൈകാതെ ഉറങ്ങും. തിങ്കൾ, വെള്ളി രാവുകളിൽ നിരന്തരം മന്ത്രങ്ങളുരുവിടുക തന്നെയായിരിക്കും. 

വെള്ളിയാഴ്ച പ്രാർത്ഥനക്ക് ടൗണിലെ വലിയ പള്ളിയിലെത്തി നേതൃത്വം നല്കും. പെരുന്നാൾ പ്രാർത്ഥന വീട്ടിനടുത്തുള്ള തന്റെ അക്കാദമി പള്ളിയിൽ വച്ചാണ് നിർവഹിക്കാറ്. പെരുന്നാളുകളിൽ ടൗണിലെ ഖബറിടത്തിൽ പോയി മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കും. 

അവിടെ ചെന്നാൽ ആദ്യം തന്റെ പിതാവിന്റെ ഖബറിടത്തിൽ ചുംബനമർപ്പിക്കുമായിരുന്നു. അവസാന നാളുകളിൽ അധികവും വീട്ടിൽ തന്നെയായിരിക്കും. നിസ്കാരം നിർവഹിക്കാൻ വേണ്ടി മാത്രം പള്ളിയിലെത്തും. 

1624 മേയ് മാസത്തിൽ (1033 ശഅ്ബാൻ) അദ്ദേഹം വീടിന്റെ ഒരു പ്രത്യേക റൂമിൽ ഇരിപ്പായി. സാധാരണ നിസ്കാരങ്ങൾ അനുയായികളോടൊപ്പം വീട്ടിൽ തന്നെ നടത്തി. വെള്ളിയാഴ്ച മാത്രം പള്ളിയിൽ പോയി. ആറ് മാസം ആ റൂമിൽ തന്നെ കഴിഞ്ഞു. അപ്പോഴേക്ക് ആസ്ത്മ രോഗം കലശലായി. എല്ലാ ശൈത്യകാലത്തും ആസ്ത്മ രോഗം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു.

അന്ത്യ നാളുകൾ

സെപ്തംബർ 20ന് കടുത്ത പനി പിടികൂടി. ഒക്ടോബർ 24ന് തന്റെ ഖബറിടം എവിടെയാകണമെന്ന് സർഹിന്ദി സൂചിപ്പിച്ചു. പിറ്റേ ദിവസം തന്റെ ശിഷ്യൻമാർക്ക് വസ്ത്രങ്ങൾ നല്കുന്നതിനിടെ വീണ്ടും കലശലായ പനി. എന്നാലും അടുത്തദിവസം രാത്രിനിസ്കാരം എങ്ങനെയോ നിർവഹിച്ചു. ബന്ധുക്കളെ വിളിച്ച് മയ്യിത്ത് സംസ്കരണത്തിനു വേണ്ട നിർദേശങ്ങൾ നല്കി. 

1624 നവംബർ 30 (1034 സഫർ 28)ന് ചൊവ്വാഴ്ച സൂര്യൻ ഉദിക്കും മുമ്പ് സർഹിന്ദി മരണം വരിച്ചു. പുത്രൻ ഖാജാ മുഹമ്മദ് സഈദാണ് മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത്. തന്റെ തഖിയ്യക്കടുത്തുള്ള (പർണശാല) പള്ളിയിലെ ഖബ്റിടത്തിലാണ് സംസ്കരിച്ചത്.

സർഹിന്ദിയുടെ പല പ്രസ്താവങ്ങളും വാദങ്ങളും സമകാലികരായ പണ്ഡിതൻമാരുടെ വിമർശനങ്ങൾക്ക് കാരണമായി. അവയിൽ പ്രധാനപ്പെട്ടതാണ് അബ്ദുൽ ഹഖ് മുഹദ്ദിസ് ദഹ്ലവി (മ.1642)യുടേത്. 

മുഗൾ കൊട്ടാരത്തിൽ ജഹാംഗീർ, ഷാജഹാൻ എന്നിവരുടെ കാലത്ത് കൊട്ടാര പണ്ഡിതനായി ആദരിക്കപ്പെട്ട ദഹ്ലവി ആയിരത്തോളം കൃതികളുടെ കർത്താവാണ്. കുടുംബം ബുഖാറയിൽ നിന്നാണ് ഇന്ത്യയിലെത്തിയത്. ഖുർആൻ തഫ്സീർ, ഹദീസ്, തസ്വവുഫ് എന്നീ വിഷയങ്ങളിൽ അവഗാഹം നേടിയ അദ്ദേഹം സർഹിന്ദിയുടെ സമകാലികരിൽ ഏറ്റവും പ്രധാനിയാണ്. 

ദഹ്ലവിക്ക് പുറമേ അബ്ദുൽ ജലീൽ സിദ്ദീഖി എന്ന പണ്ഡിതനും സർഹിന്ദിയുമായി പല കാര്യത്തിലും വിയോജിക്കുന്നു. മക്തൂബാതിന്റെ ഒന്നാം വാള്യത്തിലെ പതിനൊന്നാം കത്താണ് ഏറ്റവും കൂടുതൽ വിമർശന വിധേയമായത്. ഇതിൽ ഖലീഫാ അബൂബക്കറുടെ ആത്മീയസ്ഥാനം താൻ തരണം ചെയ്തുവെന്ന് സർഹിന്ദി എഴുതുന്നുണ്ട്. (1, 206-208)

ഈ കത്തിൽ അബൂയസീദ് ബിസ്താമി, ജുനൈദുൽ ബാഗ്ദാദി എന്നീ സൂഫികൾ ദൈവത്തിന്റെ നിഴൽ മാത്രം കരസ്ഥമാക്കിയവരാണെന്നും സത്ത(ദാത്)യിലെത്തിയിട്ടില്ലെന്നും എന്നാൽ ആദ്യമായി തനിക്കാണ് ദൈവത്തിന്റെ ചില ഉൾക്കാഴ്ചകൾ ലഭിച്ചതെന്നും സർഹിന്ദി അവകാശപ്പെടുന്നുണ്ട്. 

വളരെ ആദരപൂർവമാണ് ദഹ്ലവി സംശയങ്ങളുന്നയിച്ചത്. ഇക്കാര്യത്തിൽ ഗുരുവായ ബാഖിബില്ലാ പോലും ഈ സ്ഥാനത്തെത്തിയിട്ടില്ലാ എന്നാണ് സർഹിന്ദി പറയുന്നത്. ഇതുപോലെ മുഹമ്മദ് നബിﷺയുടെയും ഇബ്രാഹിം നബിയുടെയും (അ) സമ്പൂർണത തന്നിൽ മേളിച്ചിട്ടുണ്ടെന്നും മുഹമ്മദ് നബിﷺയെ പടച്ച അതേ കളിമണ്ണ് കൊണ്ടാണ് തന്നെയും സൃഷ്ടിച്ചതെന്നും സർഹിന്ദി പറയുന്നു (3,190-191). 

മുഹമ്മദ് നബിﷺയിൽ മേളിച്ച എല്ലാ സമ്പൂർണതകളും അവിടത്തെ അനുയായി എന്ന നിലക്ക് തന്നിലേക്കും ആവാഹിച്ചിട്ടുണ്ടെന്നും സർഹിന്ദി. ഈ വാദങ്ങളോട് വിയോജിച്ചെങ്കിലും ആദ്യമൊന്നും സർഹിന്ദിക്കെതിരെ ഒരു പരസ്യവിമർശനത്തിന് ദഹ്ലവി തയാറായില്ല. 

മക്തൂബാത് മൂന്നാം വാള്യത്തിലെ 87-ാമത്തെ കത്ത് കണ്ടപ്പോഴാണ് കാര്യങ്ങൾ തുറന്നെഴുതാൻ ദഹ്ലവി തയാറായത്. സൂഫികൾക്കുണ്ടാവേണ്ട വിനയം ഉൾക്കൊള്ളണമെന്ന് സർഹിന്ദിയോട് തന്റെ കത്തിൽ ദഹ്ലവി പറയുന്നു. കടുത്ത സൂഫികൾ പോലും തങ്ങളുടെ അവകാശവാദങ്ങളിൽ നിന്ന് മുഹമ്മദ് നബിﷺയെ മാറ്റിനിറുത്തിയ കാര്യവും ദഹ്ലവി ഓർപ്പിക്കുന്നു. 

പ്രവാചകന്റെ (ﷺ) പദവിയിലേക്ക് ആർക്കും എത്താനാവില്ലെന്നും അങ്ങനെയുള്ള വാദങ്ങൾ നിരർത്ഥകരാണെന്നും അത് മഹ്ദവി -ഷിയാ വാദങ്ങളെപ്പോലെയാണെന്നും ദഹ്ലവി പറയുന്നു. തങ്ങളുടെ ഇമാമുകൾ പ്രവാചകന്റെ അനുയായികളാണെന്നും അവർ പ്രവാചകന്റെ പദവി കരസ്ഥമാക്കിയെന്നുമുള്ള ചില ഷിയാ വിഭാഗക്കാരുടെ വാദം പോലെയാണിത്. (നിസാമി, ഹയാതേ ശൈഖ് അബ്ദുൽ ഹഖ് ദഹ്ലവി). 

തനിക്കും ദൈവത്തിനുമിടയിൽ മധ്യസ്ഥത ഇല്ലെന്ന പരാമർശവും താൻ പ്രവാചകനോടൊപ്പമാണെന്ന പ്രസ്താവവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പയുന്ന ദഹ്ലവി സർഹിന്ദിയോടുള്ള ആദരവും പിശുക്കില്ലാതെ പ്രകടിപ്പിക്കുന്നു. 

തന്റെ വിമർശനം തെറ്റാണെങ്കിൽ തനിക്ക് മാപ്പ് നല്കാനും സർഹിന്ദിയുടെ വിചാരങ്ങൾ തെറ്റാണെങ്കിൽ അദ്ദേഹത്തിന് ശരിയായ വഴി കാണിച്ചുകൊടുക്കാനും ദഹ്ലവി കത്തിന്റെ അവസാനം അല്ലാഹുﷻവോട് പ്രാർത്ഥിക്കുന്നു. ദഹ്ലവിയുടെ വിമർശനം നഖ്ശബന്ദി സൂഫികളിൽ അങ്കലാപ്പുണ്ടാക്കിയിരുന്നു. 

സർഹിന്ദിയുടെ കടുത്ത എതിരാളി ഹസൻ ഖാൻ അഫ്ഗാനി, സർഹിന്ദിയുടെ പേരിൽ തെറ്റായ കത്തുകൾ പ്രചരിപ്പിച്ചത് വായിച്ചപ്പോഴാണ് ദഹ്ലവിക്ക് വിമർശിക്കേണ്ടി വന്നതെന്നും, ശരിയായ കത്ത് ദഹ്ലവിക്ക് അയച്ചു കൊടുത്തപ്പോൾ ദഹ്ലവിയുടെ സംശയം മാറിയെന്നും അദ്ദേഹം സർഹിന്ദിയോട് മാപ്പ് ചോദിച്ചുവെന്നും നഖ്ശബന്ദി കൃതിയായ ഹദിയ്യ മുജദ്ദിദിയ്യ എന്ന കൃതിയിലുണ്ട്.


എന്നാൽ ഈ ന്യായീകരണം വിശ്വാസയോഗ്യമല്ലെന്നു അഭിപ്രായം പറഞ്ഞുവരുന്നുണ്ട്. ചില നഖ്ശബന്ദികൾ ദഹ്ലവിയെ ഭൗതികനായ പണ്ഡിതൻ (ഉലമായെ ളാഹിരി) എന്നാക്ഷേപിക്കാൻ മുതിർന്നു. വ്യക്തിപരമായ എതിർപ്പ് മൂലമാണ് സർഹിന്ദിയെ വിമർശിക്കുന്നതെന്നും വിമർശനങ്ങളിൽ ഒരു കഴമ്പുമില്ലെന്നും മുജദ്ദിദി വിഭാഗക്കാർ പ്രചരിപ്പിച്ചു. 

സർഹിന്ദിയും ദഹ്ലവിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പണ്ഡിതോചിതമായി മാത്രം എടുത്താൽ മതിയാവും. ചില മുജദ്ദിദി വിഭാഗക്കാർ ചെയ്യുന്ന പോലെ വിമർശനങ്ങളെ ചെറുത്തുതോല്പിക്കാനോ വിമർശിച്ചെന്ന് വച്ച് ഉന്നതരായ പണ്ഡിതൻമാരെ കുറ്റപ്പെടുത്തുകയോ ചെയ്യാനാവില്ല. 

ദഹ്ലവി ഒരിക്കലും സർഹിന്ദിയെ അനാദരവോടെ വീക്ഷിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചില വാദങ്ങൾ സമൂഹത്തിൽ തെറ്റായ ചിന്തകൾക്ക് വഴിവച്ചേക്കുമെന്ന ഭയത്താലാണ് ദഹ്ലവിയെപ്പോലുള്ള മതപണ്ഡിതൻമാർ രംഗത്തുവന്നത്. അബ്ദുൽ ജലീൽ സിദ്ദീഖി സർഹിന്ദിയെ വിമർശിക്കുന്നത് സർഹിന്ദിക്ക് ദൈവത്തിന്റെയും ലോകത്തിന്റെയും പ്രകൃതിയെ കുറിച്ച് വേണ്ടത്ര അറിവില്ലാ എന്ന് പറഞ്ഞുകൊണ്ടാണ്. 

ഒന്നാം വാള്യത്തിലെ 112-ാം കത്തിൽ സർഹിന്ദി പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് സിദ്ദീഖി പറയുന്നത്. അഹ്ലുസുന്നയുടെ മാർഗത്തിലുള്ള തസ്വവ്വുഫ് മാത്രമാണ് ശരിയെന്നും, മറ്റുള്ള ചിന്തകളൊക്കെ ചെകുത്താന്റെ പ്രേരണകളാണെന്നുമുള്ള (ഇസ്തിദ്റാജ്) വാദത്തെ സിദ്ദീഖി എതിർക്കുന്നു.

സർഹിന്ദിയുടെ അമിതങ്ങളും അതിരുകടന്ന ആത്മാഭിമാനവും പ്രവാചകൻമാരെപറ്റി സർഹിന്ദി പ്രകടിപ്പിച്ച അഭിപ്രായങ്ങളുമാണ് ദഹ്ലവിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കും അരോചകമായതെങ്കിൽ സിദ്ദീഖിക്ക് കർമങ്ങളിൽ പിടിച്ചുതൂങ്ങുന്ന സർഹിന്ദിയുടെ നിലപാടുകളാണ് പറ്റാത്തത്. 

എന്നാൽ ഈ വക വിമർശനങ്ങളൊന്നും സർഹിന്ദിയുടെ പ്രശസ്തിക്ക് മങ്ങലേല്പിച്ചില്ല. ജനങ്ങൾ സൂഫിസത്തിന് വേണ്ടി അദ്ദേഹത്തെ തന്നെയാണ് ആശ്രയിച്ചത്. നഖ്ശബന്ദി മാർഗം വേരുപിടിച്ചതും അദ്ദേഹത്തിലൂടെയാണ്. 

സർഹിന്ദിക്ക് പ്രവചനങ്ങൾക്ക് കഴിഞ്ഞിരുന്നുവെന്ന് ചില കൃതികളിൽ കാണാം. യുദ്ധങ്ങളുടെ ഗതി പറയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നത്രേ. ശൈഖ് ഫരീദ് ബുഖാരിക്ക് കാംഗ്രകോട്ട പിടിച്ചടക്കാൻ കഴിയില്ലെന്ന് സർഹിന്ദി പ്രവചിച്ചു. അങ്ങനെ തന്നെ സംഭവിച്ചു. 

പകരം വിക്രംജിത് എന്ന രജപുത്ര സേനാ നായകനെയാണ് കോട്ട പിടിച്ചടക്കാൻ പറഞ്ഞയച്ചത്. അദ്ദേഹം അത് നിർവഹിക്കുമെന്ന് പറഞ്ഞ സർഹിന്ദി ഈ രജപുത്ര യോദ്ധാവിനെ അതിന് വേണ്ടി അനുഗ്രഹിച്ചു. അദ്ദേഹം കോട്ട പിടിച്ചടക്കുകയും ചെയ്തു.
     
സർഹിന്ദിക്കെതിരെയുള്ള വിമർശനങ്ങൾ 1624ൽ അദ്ദേഹം മരിച്ചതോടെ ഏറെക്കുറെ അവസാനിച്ചിരുന്നു. മുഹദ്ദിസ് ദഹ്ലവിയും, സിദ്ദീഖിയും മറ്റുള്ളവരും തങ്ങളുടെ വിമർശനങ്ങളവസാനിപ്പിച്ചു. 

സർഹിന്ദിയുടെ അനുയായികളുമായി വിമർശകർ പോലും ബന്ധം മെച്ചപ്പെടുത്തി. എന്നാൽ മരിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ സർഹിന്ദി വീണ്ടും വിവാദത്തിൽ പെട്ടു. ഔറംഗ സേബിന്റെ കാലത്താണ് വിമർശനങ്ങൾ ശക്തി പ്രാപിച്ചത്. 

1679 ഡിസംബർ ഒന്നിന് ഔറംഗസേബിന്റെ കൊട്ടാരത്തിലെ ശൈഖുൽ ഇസ്ലാം ഒരു ഫത്വ (മതവിധി) പ്രഖ്യാപിച്ചു. ഈ ഫത്വ താമസിയാതെ ഡക്കാനിലെ ഔറംഗാബാദിലുള്ള ഖാളിക്കും അയച്ചുകൊടുത്തു. 

ഫത്വയിലെ വരികൾ ഇങ്ങനെ: ശൈഖ് സർഹിന്ദിയുടെ മക്തൂബാതിലെ ചില അധ്യായങ്ങൾ അഹ്ലുസുന്ന വൽജമാഅഃയുടെ ആശയങ്ങൾക്കെതിരാണെന്ന് ഇവിടെ വിവരം ലഭിച്ചിരിക്കുന്നു. മേൽപറഞ്ഞ ശൈഖിന്റെ അനുയായികൾ സന്തോഷം തുളുമ്പുന്ന ഔറംഗാബാദ് പട്ടണത്തിൽ താമസിച്ച് മക്തൂബാതിലെ ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതായും അറിയുന്നു. 

അതിലെ തെറ്റായ കാര്യങ്ങൾ സത്യമാണെന്ന് പറഞ്ഞാണ് അവർ പ്രചാരണം നടത്തുന്നത്. അതിനാൽ ഉന്നതമായ ഈ കല്പന നടപ്പാക്കണമെന്ന് ബഹുമാനപ്പെട്ട ഖാളിയോട് അഭ്യർത്ഥിക്കുകയാണ്. അവരെ അവ പഠിപ്പിക്കുന്നതിൽ നിന്ന് വിലക്കണം. ആരെങ്കിലും അവ പിന്തുടരുന്നുണ്ടെന്ന് കണ്ടാൽ അവരെ ശരീഅത്ത് പ്രകാരം ശിക്ഷിക്കണം.(ഖസൂരി, മആരിജിൽ വിലായ 708)

ചില പണ്ഡിതൻമാർ സർഹിന്ദിയെ അവിശ്വാസിയെന്ന് മുദ്ര കുത്തുകയും ചെയ്തു. സർഹിന്ദി പറഞ്ഞ കാര്യങ്ങൾ ബാഹ്യമായ അർത്ഥത്തിലാണെങ്കിൽ അദ്ദേഹത്തെ അങ്ങനെ വിളിക്കാമെന്നാണ് ഖസൂരിയടക്കമുള്ള പണ്ഡിതൻമാരുടെ അഭിപ്രായം.


അദ്ദേഹത്തിന്റെ പല പരാമർശങ്ങളെയും ബാഹ്യാർത്ഥത്തിൽ വ്യാഖ്യാനിച്ചുകൂടെന്ന് സർഹിന്ദിയുടെ അനുയായികൾ സമർത്ഥിക്കുന്നു. താൻ രണ്ടാം സഹസ്രാബ്ദത്തിലെ ദൈവനിയുക്തനായ നവോദ്ധാരകനാണെന്ന വാദവും മുഹമ്മദ് നബിﷺയോടും ഇബ്രാഹിം നബി(അ)നോടും ഉള്ള തന്റെ അമിതത്വം നിറഞ്ഞ പരാമർശങ്ങളുമാണ് ഉല മകളുടെ വിമർശനത്തിന് ഹേതുവായത്. 

മുഹമ്മദീയ യഥാർത്ഥ്യമാണ് (ഹഖീഖതേ മഹമ്മദിയ്യ) ആണ് എറ്റവും വലിയ യാഥാർത്ഥ്യം എന്നാണ് മുസ്ലിംകൾ പൊതുവേ വിശ്വസിക്കുന്നത്. അതിനാൽ അതിനെ ഹഖീഖതുൽ ഹഖാഇഖ് എന്നും പറയുന്നു. 

എന്നാൽ സർഹിന്ദി പറയുന്നത്, അതിലും വലിയ യാഥാർത്ഥ്യമാണ് ഹഖീഖതേ കഅ്ബ എന്നാണ്. ഹഖീഖതിനെ കുറിച്ചുള്ള സർഹിന്ദിയുടെ വിലയിരുത്തലുകൾ പൂർവീകരുടെ വ്യാഖ്യാനങ്ങളെ തള്ളും വിധമാണ് എന്നാണ് ആരോപണം. മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തോട് തന്റെ ചിന്തകളെ ചേർത്തിയതും വിമർശനത്തിന് വഴിയൊരുക്കി. 

മുഹമ്മദ് നബിﷺയെ സൃഷ്ടിച്ച അതേ കളിമണ്ണ് കൊണ്ടാണ് തന്നെയും സൃഷ്ടിച്ചതെന്ന് സർഹിന്ദി പറയുന്നുണ്ട്. മുഹമ്മദ് നബിﷺയുടെ അധ്യാത്മികത സമ്പൂർണമാവുന്നത് ഒരു സഹസ്രാബ്ദം കഴിഞ്ഞാണെന്നും അതിന്റെ തുടർച്ചയാണ് താനെന്നുകൂടി സർഹിന്ദി എഴുതിയിരുന്നു. 

തന്റെ ആത്മീയത ഇബ്റാഹിം, മൂസാ പ്രവാചകൻമാരുടെ വെളിപാടുകളുടെ തുടർച്ചയാണെന്നും എഴുതി. അതിനെ വാക്യാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നാണ് മുജദ്ദിദികൾ പറഞ്ഞിരുന്നത്. 

സർഹിന്ദിയുടെ ശിഷ്യൻമാർ (മുജദ്ദിദികൾ) ക്ക് ഫത്വ വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല. അവർ പഴയതുപോലെ അവരുടെ പ്രവർത്തനങ്ങൾ തുടർന്നു. അതേസമയം വിമർശകർ മക്കയിൽ നിന്ന് വരെ ഫത്വകൾ സമ്പാദിക്കാൻ ശ്രമിച്ചു.

മക്കയിലേക്കയച്ച ചോദ്യങ്ങൾക്ക് (ഇസ്തിഫ്താഹ്) മറുപടിയായി അന്നത്തെ മക്കൻ പണ്ഡിതൻമാരായ മുഹമ്മദ് ബിൻ അബ്ദുൽ റസൂൽ ബർസൻജി, ഹസൻ ബിൻ അലി എന്നിവരുടെ കൃതികൾ (ഖദ്ഹ് അൽസൻദ്, അസ്ബാബുൽ ഹിന്ദി) മക്കയിലെ ശരീഫ് സയ്യിദ് ബിൻ ബറകാത് ഇന്ത്യയിലെ ഖാളിക്ക് അയച്ചുകൊടുത്തു. 

സഹസ്രാബ്ദത്തിൽ നവോത്ഥാന നായകൻമാർ പ്രത്യക്ഷപ്പെടുമെന്ന് സർഹിന്ദിയുടെ വാദം നൂതനമാണെന്നും പൂർവീകർ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബർസൻജി. മുഹമ്മദ് നബിﷺയുടെ മധ്യസ്ഥത ഇല്ലാതെ തന്നെ താൻ ദൈവവുമായി സന്ധിക്കുന്നുവെന്ന വാദവും വളരെ അപകടകരമാണ്. 

സർഹിന്ദി പറഞ്ഞ കാര്യങ്ങൾ ഉൻമാദാവസ്ഥയിലല്ലെന്നും അബ്ദുൽ ഹഖ് മുഹദ്ദിസ് ദഹ്ലവിയെപ്പോലുള്ള ഉലമകൾ വിമർശിച്ചിട്ടും അദ്ദേഹം അത് കാര്യമാക്കിയില്ലെന്നും കൂടി ബർസൻജി പറയുന്നു. (ബർസൻജി, ഖദ്ഹ് അൽ സൻദ്, 32ബി-33ബി). 

ഹിജാസിലെ ചില പണ്ഡിതൻമാർ സർഹിന്ദിയെ അനുകൂലിക്കുന്നുവെന്ന് ശരീഫിന്റെ കത്തിലുണ്ടെങ്കിലും അവരെ അദ്ദേഹം തള്ളിപ്പറയുകയാണ്. അവരുടെ പേരുകൾ പരാമർശിക്കുന്നുമില്ല. എല്ലാവരും ഏകാഭിപ്രായക്കാരല്ല എന്ന് കത്തിൽ നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്. 

ഇന്ത്യയിൽ നിന്ന് ഹിജാസിലെത്തിയ മുഹമ്മദ് ബെഗ് അൽ ഉസ്ബകി, ബർസൻജിയുടെയും ഹസൻ ബിൻ അലിയുടെയും വാദങ്ങളെ തള്ളിക്കളയുന്നുണ്ട്. അദ്ദേഹം എഴുതിയ അതിയ്യതുൽ വബ്ബാബ് അൽ ഫാസില ബൽ ഖത്അ വൽസവാബ് എന്ന കൃതിയിൽ മക്തൂബാതിനെ തെറ്റായി പരിഭാഷപ്പെടുത്തിയത് മൂലമുണ്ടായ തെറ്റിദ്ധാരണകളാണ് പ്രശ്നങ്ങളുണ്ടാക്കിയത് എന്ന് പറയുന്നു. 

പേർഷ്യനിലാണ് മക്തൂബാത് എഴുതിയത്. എന്നാൽ അതിന്റെ അറബി വിവർത്തനത്തെയാണ് എല്ലാവരും അവലംബിച്ചത്. ഉദാഹരണത്തിന് മൂന്നാം വാള്യത്തിലെ 87-ാം കത്തിൽ "എന്റെ ശിഷ്യത്വം മധ്യസ്ഥതയില്ലാതെ ദൈവത്തോട് നേരിട്ടാണെന്ന് സർഹിന്ദി പറയുന്നു. അവിടെ ശരിയായ അർത്ഥം പ്രവാചകനൊഴികെ ഒരു മാധ്യസ്ഥതയുമില്ല എന്നാണ്. പ്രവാചക നിലൂടെയല്ലാതെ തനിക്ക് ചൈതന്യമില്ല എന്ന് അദ്ദേഹത്തിന്റെ നിരവധി കത്തുകളിൽ പറയുന്നുണ്ട്. അവയെല്ലാം മാറ്റിവച്ച് ഏതെങ്കിലും ഒന്നോ രണ്ടോ കത്തുകളെ ശരിയായി മനസ്സിലാക്കാതെ വ്യാഖ്യാനിച്ച് അദ്ദേഹത്തെ തള്ളിപ്പറയുന്നതിലർത്ഥമില്ലെന്നാണ് ഉസ്ബകി സമർത്ഥിക്കുന്നത്. 

തന്റെ വാദങ്ങൾക്ക് പല പണ്ഡിതൻമാരിൽ നിന്നും പിന്തുണയും ലഭിച്ചു. ജലാലുദ്ദീൻ ബത്ഹി, മുഹമ്മദ് ഫാറൂഖ് ഷാ എന്നിവർ അദ്ദേഹത്തെ പിന്തുണച്ച ഇന്ത്യൻ പണ്ഡിതൻമാരാണ്. ഫാറൂഖ് ഷാ, സർഹിന്ദിയുടെ പേരമക്കളിൽപെട്ട പണ്ഡിതനാണ്.



വിവാദമായ കത്തുകൾക്ക് അറബിയിൽ വ്യാഖ്യാനം രചിച്ചതിന് പുറമേ ഉസ്ബെകി സർഹിന്ദിയുടെ കാര്യത്തിൽ ചില ഹിജാസി ഉലമകളുമായി സംവാദങ്ങളും നടത്തി. ബർസൻജി നിശിതമായി ഉസ്ബെകിനെ വിമർശിക്കുന്നുണ്ട്. അദ്ദേഹത്തിന് അറബിയിലും പേർഷ്യനിലും വിവരമില്ലെന്നും ഹിജാസി പണ്ഡിതൻമാരുമായി സംവാദം നടത്താനുള്ള വിവരം ഇല്ലെന്നും പറയുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ പ്രസിദ്ധനും നഖ്ശബന്ദി സൂഫിയുമായ ഷാവലിയുല്ലാഹ്, ശൈഖ് അഹ്മദ് സർഹിന്ദിയെ യഥാർത്ഥത്തിലുള്ള ഉദ്ധാരകനായി (മുജദ്ദിദ്) തന്നെയാണ് കാണുന്നത്. അതിന് കാരണങ്ങളും അദ്ദേഹം നിരത്തുന്നു. 

  1.  സർഹിന്ദി സൂഫീരഹസ്യങ്ങളും മതവിജ്ഞാനങ്ങളും നാലുപാടും പ്രചരിപ്പിച്ചു.
  2. നിരവധി അദ്ഭുത സിദ്ധികൾ കാണിച്ചു.
  3. അബ്ദുൽ ഹകീം സിയാൽ കോട്ടിയെപ്പോലുള്ള പ്രമുഖ ഉലമകൾ അദ്ദേഹം മുജദ്ദിദാണെന്ന് സമ്മതിച്ചിട്ടുണ്ട്.
  4. നഖ്ശബന്ദി മാർഗം അദ്ദേഹം അപ്രതീക്ഷിതമാംവിധം പ്രചരിപ്പിച്ചു.
  5. ദൈവം അദ്ദേഹത്തിന് അനുയോജ്യരായ അസംഖ്യം ശിഷ്യൻമാരെ നല്കി.
  6. ഖുർആനിൽ ചിലഅധ്യായങ്ങളിലെ ആദ്യത്തിലുള്ള വാക്കുകളുടെ രഹസ്യം കണ്ടെത്താനും, ഖുർആനിലെ ചില അവ്യക്ത വചനങ്ങൾക്ക് വ്യാഖ്യാനം നല്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
  7. ഭരണാധികാരികളുടെ ക്രൂരതക്ക് അദ്ദേഹം പാത്രമാവുകയും അപ്പോഴൊക്കെ സത്യം മുറുകെപ്പിടിക്കുകയും ചെയ്തു.
  8. ദൈവം അദ്ദേഹത്തിന് ഉൾസാരങ്ങളുടെ ഖനി തുറന്നുകൊടുത്തു.
  9. തന്റെ സ്വാധീന ഫലമായി നിരവധി പേർ ഇസ്ലാം വിശ്വസിക്കുകയും നിരവധി മുസ്ലിംകൾ അവരുടെ തെറ്റുകളിൽ നിന്ന് പശ്ചാതപിക്കുകയും ചെയ്തു.
  10. പ്രവാചകത്വത്തെ മറ്റാരെക്കാളും കൂടുതലായി വ്യാഖ്യാനിക്കാൻ സർഹിന്ദിക്ക് സാധിച്ചു.
  11. ആത്മീയത (വിലായ), പ്രവാചകത്വം (നുബുവ്വ), സന്ദേശം (രിസാല) എന്നിവയെക്കുറിച്ച് വ്യക്തമായി വ്യാഖ്യാനം നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുപോലെ പ്രവാചകന്റെ പ്രത്യേക പദവികളും അദ്ദേഹം വിവരിച്ചു തരുന്നു. ഇക്കാരണങ്ങളാൽ അദ്ദേഹം രണ്ടാം സഹസ്രാബ്ദത്തിലെ പുനരുദ്ധാരകനാണ്.

ഷാഹ് വലിയുല്ലാഹിയുടെ പുത്രനും പണ്ഡിതനുമായ ഷാ അബ്ദുൽ അസീസ് സർഹിന്ദിയുടെ പ്രത്യേകതയായി കാണുന്നത് അദ്ദേഹം സൂഫീ ഘട്ടമായ ഖില്ലക്ക് ശരിയായ വ്യാഖ്യാനം നല്കിയെന്നതാണ്. 

ഖില്ല എന്നാൽ ദൈവവും സൂഫിയും പരസ്പരം സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കലാണ്. ഈ പദവി പരസ്പരമുള്ളതാണ്. അങ്ങോട്ടും ഇങ്ങോട്ടും ആഗ്രഹിക്കുന്നു. എന്നാൽ അതിന്റെ തൊട്ടടുത്തുള്ള ഘട്ടങ്ങളായ മുഹിബ്ബ് (സ്നേഹിക്കുന്നവൻ), മഹ്ബൂബ് (സ്നേഹിക്കപ്പെടുന്നവൻ) എന്നിവയെ കുറിച്ചാണ് സൂഫികൾ സംസാരിക്കാറുള്ളത്. ഇത് ഒരു വശത്തേക്കുള്ളതാണ്. മുഹിബ്ബ് ദൈവത്തെ ഇഷ്ടപ്പെടുന്നു. മഹ്ബൂബ് മറിച്ചും ഇഷ്ടപ്പെടുന്നു. 

ഇത് രണ്ടും ഓരോ പക്ഷത്തേക്ക് വെവ്വേറെ നടക്കുന്നതാണ്. എന്നാൽ ഖില്ല പരസ്പരം ഒരേ സമയത്തുള്ളതാണ്. അത് വളരെ പ്രധാനപ്പെട്ടതുമാണ്. സർഹിന്ദിയാണ് ഇത് ശരിയായി വ്യാഖ്യാനിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ഷാ അബ്ദുൽ അസീസ് പറയുന്നില്ല.

മുജദ്ദിദി മാർഗക്കാരനായ വകീൽ അഹ്മദ് സിക്കന്ദർപൂരി സർഹിന്ദിയെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായി മൂന്ന് പുസ്തകങ്ങളെഴുതി (അൽ കലാമുൽ മുൻജി ബി റദ്ദി ഇറാദതിൽ ബർസൻജ, ഹദിയ്യ മുജദ്ദിദിയ്യ, അൻവാർ അഹ്മദിയ്യ). ഇവ മൂന്നും പലരുടെയും വിമർശനങ്ങൾക്കുള്ള മറുപടിയാണ്. സർഹിന്ദിയെ വിമർശിക്കുന്ന ബർസൻജി ശത്രുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരെ സിക്കന്ദർപൂരി ആരോപിക്കുന്നുണ്ട്. 

1919ൽ അബുൽ കലാം ആസാദ് രചിച്ച തദ്കിറയിൽ സർഹിന്ദിയെ വാഴ്ത്തുന്നത് അക്കാലത്തെ തിന്മകൾക്കെതിരെ ശക്തമായി നിലകൊണ്ട പരിഷ്കർത്താവായാണ്. അക്കാലത്ത് നിരവധി സൂഫികളും ഉലമകളും ഉണ്ടായിരുന്നുവെങ്കിലും സർഹിന്ദി മാത്രം ഒറ്റക്ക് അക്ബറുടെ കാലത്തെ ധർമതിയെ നേരിടുകയായിരുന്നുവെന്ന് ആസാദ് എഴുതുന്നു. 

അക്കാലത്തെ ഏറ്റവും വലിയ ദുരന്തം തസ്വവുഫ് അജ്ഞത കൊണ്ടും അന്ധവിശ്വാസം കൊണ്ടും മലീമസമായിരുന്നുവെന്നതാണ്. എല്ലാ തെറ്റായ കാര്യങ്ങൾക്കും സൂഫികളെന്ന് പറയുമ്പോൾ മതപരമായി ലൈസൻസ് നല്കിക്കൊണ്ടിരുന്നു. 

എല്ലാറ്റിനും ഗൂഢവിദ്യകളെ ആശ്രയിച്ചുവന്നു. രാജ്യം മുഴുവൻ ശരീഅത്ത് നിയമങ്ങളെക്കുറിച്ച് അജ്ഞരായിരുന്നു. ലൗകികരായ സൂഫികളുടെയും ഉലമകളുടെയും സഹായത്തോടെ ഭരണകൂടം തന്നെ മതത്തിൽ പുത്തൻ പ്രവണതകൾ കടത്തിക്കൂട്ടിക്കൊണ്ടിരുന്നു. അന്ന് സർഹിന്ദി മാത്രമാണ് ധൈര്യവും ശക്തിയും സംഭരിച്ച് ചക്രവർത്തിക്കെതിരെ നിലകൊണ്ട് സമൂഹത്തെ പരിഷ്കരിക്കാൻ മുന്നോട്ടുവന്നത്.

എന്നാൽ ഉലമകളാവട്ടെ, അവരുടെ പാഠശാലകളിലിരുന്നുകൊണ്ട് അപ്രസക്തമായ വ്യാഖ്യാനങ്ങളും മേൽ വ്യാഖ്യാനങ്ങളും എഴുതി ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ കഴിയുകയായിരുന്നു. അവർ പലപ്പോഴും സർഹിന്ദിയെ അവിശ്വാസിയാക്കി മുദ്രകുത്തിക്കൊണ്ടുള്ള ഫത്വകളും പ്രഖ്യാപിച്ചു. അദ്ദേഹം പുതിയ പ്രവണതകളെ എതിർക്കുക മാത്രമല്ല ചെയ്തത്; തസ്വവുഫിന്റെ പ്രയോഗത്തെ പ്രവാചകൻമാരുടെ പ്രയത്നങ്ങളുടെ പദവിയിലേക്കുയർത്തുക കൂടി ചെയ്തു.

ബുർഹാൻ അഹ്മദ് ഫാറൂഖി എഴുതിയ മുജദ്ദിദ്സ് കൺസെപ്ഷൻ ഓഫ് തൗഹീദ് എന്ന കൃതി മുജദ്ദിദിയെ ശരിയായ രീതിയിലല്ല വിലയിരുത്തുന്നത്. വഹ്ദതുൽ വുജൂദിന്റെ കടുത്ത വിമർശകനായാണ് അദ്ദേഹം സർഹിന്ദിയെ കാണുന്നത്. വഹ്ദതുൽ വുജൂദ് അനിസ്ലാമിക തത്വമാണെന്നും ഫാറൂഖി എഴുതുന്നു. ഇങ്ങനെയൊന്നും സർഹിന്ദി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സർഹിന്ദിയെ തെറ്റായി അവതരിപ്പിക്കുകയാണ് ഫാറൂഖി,


അനുബന്ധം

◆ സർഹിന്ദിയുടെ ജീവിതം

• 26 മെയ് 1564 (14 ശവ്വാൽ 971) സർഹിന്ദിയുടെ ജനനം.

• 1581(979) സർഹിന്ദി പിതാവിന്റെ അക്കാദമിയിൽ അധ്യാപകനാവുന്നു.

• 1582 (990) ആഗ്രയിൽ.

• 1584 (982) അബുൽ ഫസലുമായി ചർച്ച.

• 1584 (982) ഇസ്തുന്നുബുവ്വത് എന്ന ഗ്രന്ഥം രചിച്ചു.

• 1589-90 (998) ആഗ്രയിൽ നിന്ന് സർഹിന്ദിലേക്ക്.

• 1591-92 (1000) റദ്ദുൽ റവാഫിസ് എന്ന ലഘു കൃതി രചിച്ചു.

• 1591-92 (1000) മൂത്ത പുത്രൻ മുഹമ്മദ് സാദിഖ് ജനിച്ചു. 

• 1596-97 (1005) രണ്ടാമത്തെ പുത്രൻ മുഹമ്മദ് മസൂമിന്റെ ജനനം.

• 1597-98 (1005) പിതാവിൽ നിന്ന് ചിശ്തി മാർഗത്തിൽ പ്രാതിനിധ്യ (ഖിലാഫത് നാമ) പത്രം.

• 1598-99 (1007) മൂന്നാമത്തെ മകൻ മുഹമ്മദ് സഈദ് ജനിക്കുന്നു. 

• 1598-99 (1007) റിസാലാ എ തഹ്ലീലിയ്യ രചിച്ചു.

• 1599-1600(1008) ഹജ്ജിന് പോവുന്നു. വഴിക്ക് ഡൽഹിയിൽ വച്ച് ഖാജാ ബാഖി ബില്ലാഹിയെ പരിചയപ്പെടുന്നു. നഖ്ശബന്ദി മാർഗത്തിലെ ഖലീഫയായി നിശ്ചയിക്കുന്നു. ഹജ്ജ് യാത്ര ഉപേക്ഷിക്കുന്നു. 1600-1601 (1000) ഡൽഹിയിൽ ചെന്ന് ഖാജാ ബാഖിയോടൊപ്പം താമസിക്കുന്നു.

• 1603-1604 (1012) വീണ്ടും ബാഖി ബില്ലാഹിയെ ചെന്ന് കാണുന്നു. സർഹിന്ദി തന്റെ പിൻഗാമിയാണെന് ബാഖി പ്രഖ്യാപിക്കുന്നു.

• 1603-1604 (1012) ലാഹോറിൽ നിന്ന് വിവിധ സൂഫികളുമായി ബന്ധം പുലർത്തുന്നു.

• 1603-1604 (1012) ബാഖി ബില്ലാഹി മരണപ്പെട്ടു.

• 1603-1604 (1012) സർഹിന്ദി ഡൽഹിയിൽ വന്ന് ഗുരുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കുകൊള്ളുന്നു.

• 1605 (1014) അക്ബറിന്റെ മരണം, ജഹാംഗീറിന്റെ സ്ഥാനാരോഹണം

• 1607-1608 (1016) പുത്രൻ മുഹമ്മദ് സാദിഖിനോടൊപ്പം ഡൽഹിയിൽ.

• 1610 (1019) മബ്ദഅ് വ മആദ് എന്ന കൃതിയുടെ രചന.

• 1616 (1025) മക്തൂബാതിന്റെ ഒന്നാം വാള്യം രചന.

• 1616 (1025) സർഹിന്ദിൽ പ്ലേഗ് പടരുന്നു. മുഹമ്മദ് സാദിഖ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഈസ, ഉമ്മുകുൽസൂം എന്നീ മക്കൾ മരിക്കുന്നു. 

• 1617 (1026) മആരിഫു ലദുന്നിയ്യ എന്ന കൃതി പുറത്തിറങ്ങി. 

• 1619 (1028) മക്തൂബാത് രണ്ടാം വാള്യം.

• 1619 (1028) ജഹാംഗീർ ചക്രവർത്തി സർഹിന്ദിയെ കൊട്ടാരത്തിൽ വരുത്തുന്നു. ഗ്വാളിയറിലെ ജയിലിൽ അടയ്ക്കുന്നു.

• 1620 (1029) ജയിലിൽ നിന്ന് പുറത്ത്. ജഹാംഗീർ തെറ്റ് തിരുത്തുന്നു. പാരിതോഷികം നല്കുന്നു. സൈന്യത്തിൽ ഉപദേശകനായി നിയമിക്കുന്നു. 

• 1620-21 (1030) അലഹബാദിലേക്ക്

• 1622 (1031) അജ്മീറിൽ. ദർഗക്ക് സമീപം താമസമാക്കുന്നു.

• 1622 (1031) മുകാശിഫാതെ അയ്നിയ്യ എന്ന ഗ്രന്ഥം പുറത്തു വന്നു. 

• 1622-23 (1032) സർഹിന്ദിൽ സ്ഥിര താമസം. ജഹാംഗീർ സർഹിന്ദിയെ വീട്ടിൽ സന്ദർശിച്ചു.

• 1623/1033 മക്തൂബാത് മൂന്നാം വാള്യം. ഖാജാ മുഹമ്മദ് ഹാശിം കാശ്മി ക്രോഡീകരിച്ചു.

• 1624/1034 മരണം

• 1627/1037 സുബ്ദതുൽ മഖാമാത് എന്ന പേരിൽ ഹാശിം കിശ്ശി സർഹിന്ദിയുടെ ജീവചരിത്രം രചിച്ചു.

മഹാൻ അവർകൾക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു...

ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും വേണ്ടി, നിങ്ങളുടെ വിലപ്പെട്ട ദുആ കളിൽ ഉൾപ്പെടുത്തണം എന്നു വസ്വിയ്യത്ത് ചെയ്യുന്നു.