Wednesday 3 April 2019

റജബ് മാസവും മഹത്വങ്ങളും





അല്ലാഹുവിന്റെ മാസമായി നബി(സ്വ) പ്രഖ്യാപിക്കുകയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്ത പുണ്യമാസമാണ് റജബ്. ഒരൊറ്റ രാത്രി കൊണ്ട് വാനലോകത്തെത്തി ഒട്ടനവധി സംഭവങ്ങള്‍ ദര്‍ശിച്ച് അല്ലാഹുവിന്റെ സമ്മാനം എറ്റുവാങ്ങി പരിശുദ്ധ റസൂല്‍(സ്വ) ഇസ്‌റാഅ്-മിഅ്‌റാജ് പ്രയാണം നടത്തിയതും നബിയെ ലക്ഷക്കണക്കിനു പ്രവാചകന്‍മാരുടെ ദൗത്യം ഏല്‍പിച്ചതും ഈ മാസത്തിലാണ്. ഖുര്‍ആനിലും ഹദീസിലും മറ്റു ഗ്രന്ഥങ്ങളിലുമെല്ലാം ഈ മാസത്തിന്റെ നിരവധി മഹത്ത്വങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരുപാട് പേരുകളില്‍ അറിയപ്പെടുന്ന ഈ മാസത്തെ അല്ലാഹുവിന്റെ മാസമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ശഅ്ബാനിലേക്കും റമളാനിലേക്കുമുള്ള ഒരു ചവിട്ടുപടിയാണ് റജബ് മാസം. പണ്ഡിതന്‍മാരും സൂഫിവര്യന്മാരും റജബിനെ എങ്ങനെ വിനിയോഗിച്ചു എന്നും അതിനെ എങ്ങനെ നോക്കിക്കണ്ടു എന്നും നാം പഠനവിധേയമാക്കേണ്ടതുണ്ട്.

റജബിന്റെ പേരുകളും കാരണങ്ങളും

റജബ് മാസത്തിനു വ്യത്യസ്ത പേരുകളുണ്ട്. ഓരോ നാമത്തിനും അതിന്റേതായ കാരണങ്ങളുമുണ്ട്. അറബികള്‍ കാരക്ക വീഴാതിരിക്കാന്‍ വേണ്ടി കാരക്കക്കുല പട്ടയിലേക്ക് ചേര്‍ത്തിവച്ച് ഈര്‍ക്കിളി കൊണ്ട് കെട്ടിവയ്ക്കുന്ന മാസമാണ് റജബ്. ഈ പ്രക്രിയയെ അറബികള്‍ റജബ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശഅ്ബാന്‍ മാസത്തിനു വേണ്ടി പ്രത്യേകം ഒരുങ്ങുന്ന മാസവുമാണ് റജബ്. അതുകൊണ്ട് തയ്യാറെടുപ്പ് എന്നര്‍ത്ഥത്തിലും റജബ് എന്ന പദം ഉപയോഗിക്കുന്നു. അല്ലാഹുവിന് ഇബാദത്തിനു മാത്രം ഉഴിഞ്ഞു വക്കുന്ന മലക്കുകള്‍ തസ്ബീഹും തഹ്മീദും പുകഴ്ത്തലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വളരെ ഉച്ചത്തില്‍ ചൊല്ലുന്നതുകൊണ്ടാണ് ഈ മാസത്തിനു റജബ് എന്ന് വിളിക്കുന്നത് എന്നാണ് ചില പണ്ഡിതന്‍മാര്‍ പറയുന്നത്. ആട്ടിയോടിക്കപ്പെട്ട ഇബ്‌ലീസിന് ആരെയും ശല്യപ്പെടുത്താന്‍ സാധിക്കാതെ ആട്ടിയോടിക്കപ്പെടുന്നതു കൊണ്ടാണ് റജബ് എന്ന പേര് നല്‍കപ്പെട്ടതെന്നും മറ്റുചില പണ്ഡിതന്മാര്‍ പറയുന്നു. മൂന്ന് അക്ഷരങ്ങളുള്ള ഈ മാസത്തിന്റെ ആദ്യാക്ഷരമായ ‘റ’ അല്ലാഹുവിന്റെ റഹ്മത്തിലേക്കും(കാരുണ്യം), ‘ജ’ അല്ലാഹുവിന്റെ ജൂദിലേക്കും (ഔദാര്യം), ‘ബ്’ അല്ലാഹുവിന്റെ ബിററിലേക്കും(ഗുണം ചെയ്യല്‍) വിരല്‍ചൂണ്ടുന്നു. റജബ് മാസത്തില്‍ അല്ലാഹു തന്റെ അടിമകള്‍ ശിക്ഷയില്ലാതെ അനുഗ്രഹങ്ങളും പിശുക്കില്ലാത്ത ഔദാര്യങ്ങളും കോരിക്കൊടുക്കുന്നതും ഈ പുണ്യമാസത്തിലാണ്.

അറേബ്യയിലെ പ്രമുഖ ഗോത്രമായ മുളരികള്‍ അങ്ങേയറ്റം ബഹുമാനിക്കുകയും അതിനോട് പ്രത്യേകം ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഈ മാസത്തിന് മുളര്‍ എന്നും പേരുണ്ട്.

വാളുകള്‍ ഉറയിലിടുന്നതും കുന്തങ്ങള്‍ ഊരപ്പെടുന്നതുംവഴി സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് മന്‍സിലുല്‍ അസിന്നത്ത് എന്നും പേരുണ്ട്. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളോളം നീണ്ട യുദ്ധം ചെയ്ത അറബികള്‍ ആയുധങ്ങളും കുന്തങ്ങളുമൊക്കെ എടുത്തു വയ്ക്കുന്നതും ഈ മാസത്തിലാണ്. പിതാവിന്റെ ഘാതകനെ പിടികൂടാന്‍ പുറത്തിറങ്ങിയവര്‍ റജബ് മാസമായാല്‍ ഘാതകനെ കാണാത്തത് പോലെയും അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാത്തതുപോലെയും നടിക്കുന്നതുകൊണ്ടും അല്ലാഹുവിന്റെ ദേഷ്യം ഈ മാസത്തില്‍ പാടെ നിലക്കുന്നതുകൊണ്ടും ഈ മാസത്തിന് ‘ശഹറുല്ലാഹില്‍ അസമ്മ്’ എന്ന് പണ്ഡിതന്‍മാര്‍ വിളിച്ചുപോരുന്നു.

മുന്‍കാല സമുദായങ്ങളെ വ്യത്യസ്ത മാസങ്ങളില്‍ അല്ലാഹു ശിക്ഷിച്ചുവെങ്കിലം റജബ് മാസത്തില്‍ ആരെയും ശിക്ഷിച്ചിട്ടില്ല എന്നാണു ചരിത്രം. നൂഹ് നബി(അ)നെയും സമുദായത്തെയും പ്രളയത്തില്‍നിന്ന് രക്ഷിച്ചതും റജബ് മാസത്തിലാണ്. മനുഷ്യരുടെ തിന്മകള്‍ക്കെതിരേ ഈ മാസം സാക്ഷി നില്‍ക്കുകയില്ല. അല്ലാഹുവിന്റെ റഹ്മത്ത് അടിമകളുടെമേല്‍ ചൊരിക്കപ്പെടുകയും അവര്‍ ഇതുവരെ കാണാത്തതും ഇന്നേവരെ ശ്രവിക്കുകപോലും ചെയ്യാത്ത ധാരാളം പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്. അക്കാരണത്താല്‍, ശഹ്‌റുള്ളാഹില്‍ അസ്വബ്ബ് എന്ന പേരിലും ഈ മാസത്തെ വിളിക്കുന്നു. റജബ് മാസത്തില്‍ മനുഷ്യര്‍ തെറ്റുകളില്‍നിന്ന് പൊതുവെ മാറിനില്‍ക്കുന്നതുകൊണ്ട് ശഹ്‌റുസ്സാബിഖ് എന്ന പേരിലും ഈ മാസം അറിയപ്പെടുന്നു.

ഹജ്ജത്തുല്‍ വദാഇല്‍ നബി(സ്വ) പ്രസംഗിച്ചു: കാലം അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും 12 മാസങ്ങളുണ്ട്. അതില്‍ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ മൂന്നു മാസങ്ങളും ഒറ്റപ്പെട്ട മാസവുമാണത്. റജബ് ഇതുമൂലം ഒറ്റപ്പെട്ട മാസമെന്നര്‍ത്ഥത്തില്‍ ശഹ്‌റുല്‍ ഫര്‍ദ് എന്നും വിളിക്കപ്പെടുന്നു.”

റജബിന്റെ ശ്രേഷ്ടതകള്‍.

റജബ് മാസത്തിന് ഒരുപാട് സവിശേഷതകളുണ്ട്. നബി(സ്വ) പറയുന്നു: ”റജബ് മാസം അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്.

സ്വര്‍ഗത്തില്‍ റജബ് എന്ന പേരുള്ള തേനിനെക്കാള്‍ മധുരമുള്ള വെളുത്ത ഒരു പാനീയത്തിന്റെ അരുവിയുണ്ട്. റജബ് മാസത്തില്‍ ഒരു ദിവസം നോമ്പനുഷ്ഠിച്ചവന് അതില്‍നിന്നുള്ള പാനീയം നല്‍കപ്പെടും. അതു പോലെ സ്വര്‍ഗത്തില്‍ ഒരു കൊട്ടാരമുണ്ട്. അത് റജബ് മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമാണെന്നും നബി(സ്വ) അരുളിയിരിക്കുന്നു. നബി(സ്വ) റമളാന്‍ മാസത്തിലെ നോമ്പിന് ശേഷം പ്രാധാന്യം കൊടുത്തത് റജബ് മാസത്തെ നോമ്പിനായിരുന്നു.

റജബ് മാസത്തെക്കുറിച്ച് തിരുനബി(സ്വ) ഇങ്ങനെ പറയുന്നു: ”റജബ് വിത്തിടുന്നതിന്റെയും ശഅ്ബാന്‍ നനയ്ക്കുന്നതിന്റെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.”

റജബ് മാസത്തില്‍ പ്രത്യേകം ഒരുങ്ങി റമളാനോടുകൂടി മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെട്ടവരായി മാറേണ്ടതുകൊണ്ടാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്. ശരീരത്തെ ശുചീകരിക്കുന്ന മാസവും റജബാണ്. റജബ് ഹൃദയത്തെ ശുദ്ധീകരിക്കാനും ആത്മാവിന്റെ ശുദ്ധിക്ക് റമളാന്‍ മാസവുമാണ് നമ്മുടെ സമുദായത്തിനു നല്‍കപ്പെട്ടത്. തനിക്കുവന്ന പാപങ്ങള്‍ക്ക് മോചനം നടത്താന്‍ റജബ് മാസവും തന്റെ ന്യൂനതകള്‍ മറച്ചുവയ്ക്കാന്‍ ശഅ്ബാന്‍ മാസവും ഹൃദയത്തെ പ്രകാശിപ്പിക്കാന്‍ റമളാന്‍ മാസവുമാണ് നമുക്ക് തയ്യാറാക്കപ്പെട്ടത്.

ഗൗസുല്‍ അഅ്‌ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറയുന്നു: ”വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമളാന്‍ വിളവെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമളാന്‍ മാസം.

തൗബ ചെയ്യാനും പാപംമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ് മാസം. ശഅ്ബാന്‍ സ്‌നേഹാദരവുകള്‍ക്കും റമളാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കാനുമാണ്.”

അബൂബക്കറുല്‍ വര്‍റാക്ക്(റ) ഈ മാസങ്ങളെ ഉപമിക്കുന്നത് ഇങ്ങനെയാണ് .

”റജബ് കാറ്റിനെപ്പോലെയും ശഅ്ബാന്‍ മേഘത്തെപ്പോലെയും റമളാന്‍ മഴയെപ്പോലെയുമാണ്.” അല്ലാഹു തആല തന്റെ അടിമകള്‍ക്ക് അവര്‍ ചെയ്യുന്ന നന്‍മകള്‍ക്ക് എല്ലാ മാസവും പത്തിരട്ടി പ്രതിഫലമാണ് നല്‍കപ്പെടുക. അത് റജബ് മാസത്തില്‍ 70 ഇരട്ടിയായും ശഅ്ബാനില്‍ 700 ഇരട്ടിയായും റമളാനില്‍ 7000 ഇരട്ടിയായും കൂലി വര്‍ധനയുണ്ടാകും. 

പ്രതിഫലത്തിന്റെ മഹാ പേമാരി തന്നെയാണ് റജബ് മാസത്തില്‍. റജബിന്റെ മഹിമ മനസ്സിലാക്കാന്‍ നമുക്ക് ഒരൊറ്റ ഹദീസ് മതി. നബി (സ) പറയുന്നു: ആരെങ്കിലും റജബില്‍ നിന്ന് ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ച കൂലിയാണ് അവനെത്തേടിയെത്തുന്നത്. ആരെങ്കിലും റജബില്‍ നിന്ന് ഏഴു ദിവസം നോമ്പനുഷ്ഠിച്ചാല്‍ നരകത്തില്‍ ഏഴു കവാടങ്ങള്‍ അവനിക്ക് അടക്കപ്പെടും. ആരെങ്കിലും റജബില്‍ നിന്ന് ഏഴു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ നിന്നും എട്ടു കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും.

പരിശുദ്ധ പ്രവാചകന്‍ നൂഹ് നബി(അ) തന്റെ സമുദായത്തോടൊപ്പം കപ്പലില്‍ കയറിയപ്പോള്‍ നോമ്പനുഷ്ഠിച്ചായിരുന്നു യാത്ര ചെയ്തത്. നോമ്പനുഷ്ഠിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക കൊട്ടാരമുണ്ടെന്ന കാര്യം ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്. ഇങ്ങനെ നിരവധിയനവധി മഹത്വങ്ങള്‍ കൊണ്ട് അനുഗൃഹീതമായ മാസമാണ് റജബ്.

പ്രാര്‍ത്ഥനയും വ്രതവും.

മഹാനായ ശൈഖ് ജീലാനി(റ) തന്റെ പ്രശസ്തമായ ഗുന്‍യത്ത് എന്ന കിതാബില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”റജബിന്റെ ആദ്യരാത്രിയില്‍ നിസ്‌കാരശേഷം പ്രത്യേക പ്രാര്‍ത്ഥനയും മറ്റും സുന്നത്താണ്.”

അല്ലാഹുവിന്റെ മാസമായ റജബിന്റെ ആദ്യത്തിലുള്ള പ്രാര്‍ത്ഥന പ്രത്യേക സ്വീകാര്യവുമായിരിക്കും. ഇസ്‌ലാമിക ഖിലാഫത്തിന്റെ നാലാമത്തെ ഖലീഫ അലി(റ) റജബ് ആദ്യരാത്രിയെയും രണ്ടു പെരുന്നാള്‍ രാത്രികളെയും ശഅ്ബാന്‍ പകുതിയിലെ രാത്രിയും പ്രത്യേകം ഇബാദത്തിനായും പ്രാര്‍ത്ഥനകള്‍ക്കായും ഉഴിഞ്ഞുവച്ചിരുന്നു എന്ന് ചരിത്രത്താളുകളില്‍ കാണാം. റജബിലെ ആദ്യരാത്രി ചൊല്ലാനായി പ്രത്യേകം ദുആകളും ദിക്‌റുകളും ഹദീസില്‍ വന്നിട്ടുണ്ട്.

റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് 27ലെ നോമ്പ്. ഈ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് 60 മാസം നോമ്പനുഷ്ഠിച്ചു കൂലിയുണ്ട് എന്ന് ഹദീസുകളില്‍ കാണാം. (ഇആനത്ത് 2/306) , (ഇഹ്യാ 1/361)

റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം 2/208ലും ബാജൂരി 2/302ലും ഇആനത്ത് 2/207ലും വ്യക്തമാക്കിയിട്ടുണ്ട്.

ഹസനുല്‍ ബസ്വരി(റ) പറയുന്നു: ”അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) റജബ് 27 ആയാല്‍ രാവിലെ ഇഅ്തികാഫിരിക്കുകയും ശേഷം ളുഹ്ര്‍ നിസ്‌കരിക്കുകയും അതിനു ശേഷം നാലു റക്അത്ത് നിസ്‌കാരവുമായിരുന്നു പതിവ്. അതില്‍ ഓരോ റക്അത്തിലും അല്‍ഹംദുലില്ലാഹ് ഒരു പ്രാവിശ്യവും മുഅവ്വിദത്തൈനിയും സൂറത്തുല്‍ ഖദ്ര്‍ മൂന്നു തവണയും സൂറത്തുല്‍ ഇഖ്‌ലാസ് 50 തവണയും ഓതിയിരുന്നു. ശേഷം അസ്വര്‍ വരെ ദുആയില്‍ മുഴുകുമായിരുന്നു. ഇപ്രകാരം നബി(സ്വ) ചെയ്യുമായിരുന്നു എന്നും ഇബ്‌നു അബ്ബാസ്(റ) കൂട്ടിച്ചേര്‍ത്തു.

നബി(സ്വ) പറയുന്നു: റജബില്‍ ഒരു രാത്രിയും പകലുമുണ്ട്. ആരെങ്കിലും നോമ്പുനോറ്റ് എണീറ്റ് നിസ്‌കരിച്ചാല്‍ 100 വര്‍ഷം നോമ്പു നോറ്റ് നിസ്‌കരിച്ച കൂലി അവനുണ്ടാകും.” നബി(സ്വ) അയക്കപ്പെട്ടത് റജബ് മാസത്തിലാണ് എന്നും ഒരു കൂട്ടം പണ്ഡിതര്‍ പ്രതിപാദിക്കുന്നു.


റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയ ആളുകൾക്ക് ലഭിക്കുന്ന നേട്ടം

ബഹുമാനപ്പെട്ട ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയ ഒരു ചരിത്രം.

ബൈത്തുൽ മുഖദ്ദസിന്റെ ചാരെ ഒരു സ്ത്രീ ജീവിച്ചിരുന്നു.ആ സ്ത്രീ  നല്ല സൽകർമ്മങ്ങൾ ചെയുന്നവരാണ്.എന്നാൽ പരിശുദ്ധ റജബ് മാസം വന്നാൽ ആ മാസത്തെ ബഹുമാനിച്ചു സ്വന്തം ഇഷ്ടത്താൽ 12 തവണ സൂറത്തുൽ ഇഹ്‌ലാസ് (ഖുൽ ഹുവള്ളഹു) എന്നും പാരായണം ചെയ്യുമായിരുന്നു.കൂടാതെ ആ സ്ത്രീ റജബിൽ ഒരുങ്ങുന്നത് വളെരെ തായ്ന്ന വസ്ത്രം ധരിച്ച് പൂർണമായും
ഇബാദത്തിലേക്ക് സജ്ജമാകും.ഒരു റജബിൽ ഈ സ്ത്രീക് അസുഖം ബാധിച്ചു.അപ്പോൾ ആ സ്ത്രീ തന്ടെ മകനെ വിളിച്ചിട് പറയുകയാണ്: മോനെ....എനിക്ക് രോഗം കൂടിയിരിക്കുന്നു...ഈ റജബിൽ ഞാൻ മരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് .അതുകൊണ്ട് എനിക്ക് നിന്നോട് ഒരു വസിയത് ഉണ്ട്....ഞാൻ മരണപെട്ട് കഴിഞാൽ ഒരിക്കലും ഒരു നല്ല കഫം പുടവ വാങ്ങി എന്നെ നീ യാത്രയാക്കരുത്..നീ....എന്നെ പൂർണമായും തായ്ന്ന വസ്ത്രം ഉപയോഗിച്ഛ് കഫൻ ചെയ്ത് എന്നെ ഖബറിൽ വെക്കണം.....ഇത് ചെയ്തില്ലങ്കിൽ നിനക്ക് ഉമ്മാന്റെ പൊരുത്തം ഉണ്ടാകില്ല...... പിന്നെ ആ സ്ത്രീ ആ റജബിൽ മരണപ്പെടുകയും ചെയ്തു...

എന്നാൽ മകൻ ഉമ്മാന്റെ വസിയത് ഓർമയുണ്ടെങ്കിലും ആ മകൻ എന്റെ ഉമ്മയെല്ലേ..എന്ന് കരുതി, നല്ലത് മാത്രം ഉദ്ദേശിച്ചു കൊണ്ട്  നല്ല മുന്തിയ കഫൻപൂട വാങ്ങി  ഉമ്മയെ കഫൻ ചെയ്ത് അനുബന്ധ ക്രിയകൾ ചെയ്ത് ആ ഉമ്മാനെ ഖബറടക്കി...

അങ്ങനെ ഉമ്മ നഷ്ടപ്പെട്ട വേദന കടിച്ചമർത്തി ആ രാത്രി മകൻ ഉറങ്ങുകയാണ്.. ആ മകന്റെ സ്വപ്നത്തിലതാ ഉമ്മ വരുന്നു.....ആ ഉമ്മ സ്വപ്നത്തിൽ വിളിക്കുന്നു...ഓ ..മോനെ ഞാൻ നിന്നിൽ സംതൃപ്തയല്ലാ...മോനെ നിനക്ക് ഉമ്മാന്റെ പൊരുത്തം ഇല്ലടാ...കാരണം ഉമ്മാന്റെ വസിയത് നീ നടപ്പാക്കിയില്ല....ഇത് കേട്ടപ്പോൾ ആ മകൻ ഉറക്കിൽ നീ നിന്ന് ഞെട്ടി ഉണർന്ന് രാത്രിയുടെ ഇരുളുകളെ വകഞ്ഞ്മാറ്റി മകൻ തന്റെ ഉമ്മാന്റെ ഖബറിന് ചാരെ എത്തി. ന്റെ ഉമ്മാന്റെ കഫൻപൂട മാറ്റി കഫൻ ചെയ്യാൻ വേണ്ടി ഖബറിന്മുകളിലെ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി.അങ്ങനെ പൊട്ടി കരഞ്ഞു കൊണ്ട് ഒറ്റക്കു ഓരോ മൂട് കല്ലുകൾ വീതം എടുത്തുമാറ്റി...

സുബ്ഹാനല്ലഹ്......

ആ ഖബറിൽ ഉമ്മാന്റെ മയ്യിത് കാണുന്നില്ല...ഇതും കൂടെ കണ്ടപ്പോൾ ആ മകൻ ആ രാത്രിയിൽ അവിടെ ഇരുന്ന് കരഞ്ഞു തളരുകയാണ്...

പെട്ടന്നു......

ആ ഖബറിന് സമീപത് നിന്ന് ഒരു അശരീരി കേട്ടത് "ഓഹ് ചെറുപ്പക്കാരാ.....റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയ ആളുകളെ ഖബറിൽ ഒറ്റക്കു കിടത്തുമെന്ന നീ കരുതിയോ...ഒരിക്കലുമില്ല...

ബഹുമാനപ്പെട്ട ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയ ഒരു ചരിത്രം
എന്തോരു ഭാഗ്യമാണ്..

എന്തോരു സ്നേഹമാണ് റജബിനെ ആദരിച്ചാൽ നമ്മോട് അല്ലാഹുവിന്.

ഖബറിന്റെ കൂരിരുട്ടിൽ നിന്ന് രക്ഷപ്പെടാൻ  ഉള്ള അവസരമാണ് ഈ റജബ്.

റജബിലെ വിധികള്‍.

റജബ് മാസത്തില്‍ അറബികള്‍ക്കിടയില്‍ പ്രത്യേകം നടന്നു വന്നിരുന്ന ഒരാചാരമാണ് അതീറ. മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ശൈലിയണ് അതീറ. ‘ലാ ഫര്‍അ വലാ അതീറ’ എന്ന പ്രഖ്യാപനത്തിലൂടെ നബി(സ്വ) അതിനെ എതിര്‍ത്തിരുന്നുവെങ്കിലും ‘ഇഷ്ടമുള്ളവര്‍ അതീറ നടത്തട്ടെ’ എന്ന വചത്തിലൂടെ കുറെ പണ്ഡിതന്മാര്‍ അത് സുന്നത്താക്കിയിരിക്കുന്നു.

നബി(സ്വ) എന്ന് പറയുന്നു. റജബ് മാസത്തെ ഒരാഘോഷമാക്കി മാറ്റാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. രണ്ടു പെരുന്നാളുകളിലും മറ്റുമായി ദീന് ആഘോഷമാക്കിയ ദിവസങ്ങളിലല്ലാതെ ആഘോഷത്തെ നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. റജബ് മുഴുവനായി നോമ്പനുഷ്ഠിക്കാന്‍ നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. റജബ് മാസത്തില്‍ ഒരു പ്രത്യേക നിസ്‌കാരവും സുന്നത്തില്ല. റജബിലെ ആദ്യ വെള്ളിയാഴ്ചയില്‍ രാവിലെ നിസ്‌കരിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഹിജ്‌റ 400ന് ശേഷമാണ് ഇതു വന്നതുതന്നെ. മുന്‍കാല പണ്ഡിതന്‍മാര്‍ ആരും തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റജബ് മാസത്തിനു പ്രത്യേകം നോമ്പ് സുന്നത്തായി വന്നിട്ടില്ലെങ്കിലും റജബ് മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ കൊട്ടാരമുണ്ട് എന്ന ഹദീസ് വന്നിരിക്കുന്നു.

മുന്‍കാല ജനങ്ങളില്‍ റജബ് മാസത്തില്‍ സകാത്തിനെ കൊടുത്തുവീട്ടുന്ന പ്രത്യേക ശീലമുണ്ടായിരുന്നെങ്കിലും ഇതിനൊരടിസ്ഥാനവുമില്ല എന്നാണ് പ്രബലം. എന്നാലും ഉസ്മാന്‍(റ) തന്റെ ഖുത്ബയില്‍ ഈ മാസത്തില്‍ സകാത്തിനെ നല്‍കുകയും കടങ്ങള്‍ വീട്ടുകയും ചെയ്യണമെന്ന പ്രസ്താവനയും ചരിത്രത്താളുകളില്‍ നമുക്ക് കാണാം. ഇബ്‌നു ഉമര്‍ (റ) നബി(സ്വ) റജബ് മാസത്തില്‍ ഉംറ ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞു. ആഇശ(റ) ഇതിനെ എതിര്‍ക്കുകയുണ്ടായി. ആഇശ(റ) ഇതിനെ നിഷേധിച്ചപ്പോള്‍ നബി (സ്വ) അടുത്തുണ്ടായിരുന്നുവെങ്കിലും നബി(സ്വ) ഒന്നും മിണ്ടിയില്ല. ഉമര്‍(റ), ഇബ്‌നു ഉമര്‍(റ), ആഇശ(റ) എന്നിവരെല്ലാം റജബ് മാസത്തില്‍ ഉംറ ചെയ്തിരുന്നു. റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇസ്‌റാഅും മിഅ്‌റാജും. നബി(സ്വ) റജബില്‍ ബറക്കത്തുണ്ടാക്കാനും ശഅ്ബാനിലേക്ക് എത്തിച്ചേരാനും റമളാന്‍ സ്വാഗതമോതാന്‍ തുണയുണ്ടാകാനും പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു.

ഇസ്‌റാഉം മിഅ്‌റാജും.

റജബ് മാസത്തില്‍ നടന്ന ഏറ്റവും സുപ്രധാനമായ സംഭവമാണ് ഇസ്‌റാഉം മിഅ്‌റാജും. ഹിജ്‌റയ്ക്കു മുമ്പ് അല്ലാഹുതആലാ നബി (സ്വ)യെ അനുഗ്രഹിച്ചത് ഇസറാഉം മിഅ്‌റാജും കൊണ്ടുമാണ്.

നബി (സ്വ) തന്റെ ഭൗതിക ശരീരം കൊണ്ടുതന്നെയാണ് നബി(സ്വ) ഈ യാത്ര നടത്തിയതെന്നാണ് അധിക പണ്ഡിതമ്മാരും പറഞ്ഞെങ്കിലും ആഇശ(റ) ഇത് നിഷേധിക്കുന്നുണ്ട്. സൂറത്തുല്‍ ഇസ്‌റാഇന്റെ ആദ്യ ആയതുകളില്‍ വിവരിക്കുന്നത് പോലെ നബി(സ്വ) ബൈതുല്‍ മുഖദ്ദിസ് വരെയും അവിടുന്ന് ആകാശ ലോകത്തേക്കും യാത്രയായ് തിരിച്ച് വീണ്ടും ഈ ലോകത്തേക്കു തന്നെ തിരിച്ചുവന്നു.

നബി(സ്വ) വിവരിക്കുന്നു: ”ജിബ്‌രീല്‍ (അ) ബുറാഖുമായി വന്നു. ബുറാഖ് കുതിരയെക്കാള്‍ വലുതും കഴുതയെക്കാള്‍ ചെറുതുമായ ഒരു വാഹനമാണ്. അവിടുന്ന് ബൈതുല്‍ മുഖദ്ദസില്‍ എത്തി. അമ്പിയാക്കള്‍ ബന്ധിപ്പിക്കുന്ന വട്ടക്കണ്ണിയില്‍ ബുറാഖിനെ ബന്ധിച്ചു. പള്ളിയില്‍ കയറി രണ്ടു റക്അത്ത് നിസ്‌കരിച്ചു. പിന്നെ അവിടുന്ന് ജിബ്‌രീല്‍(അ) രണ്ടു പാത്രവുമായി വന്നു. ഒരു കൈയ്യില്‍ പാലും മറ്റെ കൈയില്‍ കള്ളും. നബി(സ്വ) പാലിനെ തിരഞ്ഞെടുത്തു. അവിടുന്ന് ആകാശത്തിലേക്ക് യാത്രയായി..

ഒന്നാനാകാശത്തിനടുത്തെത്തിയപ്പോള്‍ ആരാണെന്നു ചോദിക്കപ്പെട്ടു. ജിബ്‌രീല്‍(അ) പറഞ്ഞു: ”ജിബ്‌രീല്‍.” ”ആരാണ് കൂടെ” എന്ന ചോദ്യത്തിന് ”മുഹമ്മദ് നബി(സ്വ)” എന്നായിരുന്നു മറുപടി. തുടര്‍ന്ന് ആകാശം തുറക്കപ്പെടുകയും ആദം നബി(അ) നബി(സ്വ)യെ സ്വാഗതം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമത്തേതില്‍നിന്ന് യഹ്‌യാ നബി(അ)നെയും ഈസാ നബി(അ)നെയും മൂന്നാമത്തേതില്‍ യൂസുഫ് നബി(അ)നെയും നാലാമത്തേതില്‍ ഇദ്‌രീസ് നബി(അ)നെയും അഞ്ചാമത്തേതില്‍ ഹാറൂണ്‍ നബി(അ)നെയും ആറാമത്തേതില്‍ മൂസാ നബി(അ)നെയും ഏഴാമത്തേതില്‍ ഇബ്രാഹിം നബി(അ)നെയും നബി(സ്വ) കാണുകയുണ്ടായി. അവിടുന്ന് ബൈതുല്‍ മഅ്മൂര്‍ ദൃഷ്ടിയില്‍ പെടുകയും ചെയ്തു.

70000 മലക്കുകള്‍ എല്ലാ ദിവസവും അതില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രവേശിച്ചവരാരും തിരിച്ചുവരുന്നുമില്ല. തുടര്‍ന്ന് നബി(സ്വ) സിദ്‌റത്തുല്‍ മുന്‍തഹാ കാണുകയുണ്ടായി. അതിന്റെ ഇലകള്‍ ആനച്ചെവിയോളം വലിപ്പവും പഴങ്ങള്‍ ഭരണി പോലെയും തോന്നിക്കും. അവര്‍ണനീയവും അത്ഭുതകരവുമാണ് സിദ്‌റത്തുല്‍ മുന്‍തഹാ. അതിനു ശേഷം നബി(സ)ക്കും സമുദായത്തിനും അല്ലാഹുവിന്റെ സമ്മാനമായി 50 വഖ്ത് നിസ്‌കാരം നല്‍കപ്പെടുകയുണ്ടായി. സമ്മാനവുമായി മടങ്ങുന്നതിനിടെ മൂസാ നബി(അ)നെ കാണുകയും മൂസാ നബി(അ)ന്റെ നിര്‍ദേശപ്രകാരം അത് ലഘൂകരിക്കാന്‍ അല്ലാഹുവിനോട് തിരുനബി(സ്വ) കേഴുകയും ചെയ്തു.

അല്ലാഹു അഞ്ചായി ചുരുക്കിക്കൊടുക്കുകയും ഓരോന്നിനും പത്തിരട്ടി കൂലി നല്‍കുകയും ചെയ്തു. നബി(സ്വ) രാവിലെ മടങ്ങിയെത്തി. അബൂജഹ്‌ലിനെ വിവരമറിയിച്ചപ്പോള്‍ അബൂജഹ്ല്‍ സംഘം കൂടി നബി(സ്വ)യെ പരിഹസിച്ചു. സിദ്ദീഖ്(റ) വിനെ ഇതിനെക്കുറിച്ചറിയിച്ചപ്പോള്‍ അദ്ദേഹം കേട്ടപാടെ വിശ്വസിക്കുകയുണ്ടായി. അതികൊണ്ടാണ് സിദ്ദീഖ് എന്ന പേരുതന്നെ വന്നത്. ഇസ്‌റഅ് മിഅ്‌റാജിന്റെ പിറ്റേ ദിവസം നബി(സ്വ) യുടെ അടുത്തേക്ക് ജിബ്‌രീല്‍ കടന്നുവരികയും നിസ്‌കാരത്തിന്റെ രൂപം നബി(സ്വ) ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. നബി (സ്വ) യുടെ ഈ അനുഗ്രഹീത രാത്രിക്ക് മുമ്പ് നബി(സ്വ) രണ്ട് റക്അത്ത് രാവിലെയും വൈകുന്നേരവും നിസ്‌കരിക്കാറായിരുന്നു പതിവ്. ഇബ്രാഹീം നബി(അ)ന്റെ ശൈലിയായിരുന്നു ഇത്.

നബി(സ്വ)ക്കും സമുദായത്തിനും വളരെയധികം അനുഗ്രഹീതമായ മാസമാണ് റജബ്. ഒരുപാട് സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ് റജബ്. നബി(സ്വ) യെ മറ്റു പ്രവാചകരെപ്പോലെ രിസാലത്ത് കൊണ്ട് അനുഗ്രഹിച്ചത് റജബ് മാസത്തിലാണ്. നബി(സ്വ)ക്കും നബി(സ്വ)യുടെ സമുദായത്തിനും അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ അഞ്ചു നേരമുള്ള നിസ്‌കാരം നല്‍കപ്പെട്ടതും ഈ മാസത്തിലാണ്. മക്കയിലെ അവിശ്വാസികളുടെ കൊടിയ ശത്രുത സഹിക്കവെയ്യാതെ ഹബ്ശയിലേക്ക് ഹിജ്‌റ പോയതും റജബിലാണ്. റജബ് 27ലെ പ്രത്യേകം സുന്നത്താക്കപ്പെട്ട നോമ്പിന് നിരവധി ശ്രേഷ്ടതകളുണ്ട്. പറഞ്ഞുതീരാത്ത മഹത്വമുള്ള മഹാസാഗരമാണ് റജബ് മാസം.

റജബ് മാസത്തിനായി പ്രത്യേകം ഒരുക്കപ്പെട്ട സ്വര്‍ഗ കൊട്ടാരങ്ങളും അരുവികളും മറ്റും കരസ്ഥമാക്കാനായി റജബ് മാസത്തെ വളരെയധികം ആദരിച്ചവരായിരുന്നു മുന്‍ഗാമികള്‍. റജബ് മാസത്തില്‍ തുടങ്ങിയ പ്രയത്‌നങ്ങള്‍ ശഅ്ബാന്‍ മാസത്തില്‍ വികസിപ്പിച്ച് റമളാനോടുകൂടി പൂര്‍ണ പാപമോചിതരായും സ്ഥാനമുയര്‍ന്നവരായും മാറിയവരായിരുന്നു അവര്‍. അവരുടെ മാര്‍ഗത്തില്‍ സഞ്ചരിച്ച് റജബിന്റെ മഹത്വങ്ങള്‍ നാം കൈപ്പറ്റേണ്ടതുണ്ട്.

റജബിൽ വിടപറഞ്ഞ മഹത്തുക്കൾ

ഇമാം മുസ്ലിം(റ)

അബുല്‍ഹസന്‍ മുസ്ലിം ഇബ്നുല്‍ ഹജ്ജാജ് അല്‍ഖുറൈശി എന്നാണ് മുഴുവന്‍ പേര്. ഹി: 204(ക്രി.വ: 817)ല്‍ ബുഖാറക്കടുത്ത നിശാപൂരില്‍, ഖുറാസാനിലെ കുലീനരായ അറബ് മുസ്ലിംകളുടെ കുടുംബത്തില്‍ ജനിച്ചു. നാലു ഖലീഫമാരുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുഹദ്ദിസു കൂടിയായിരുന്ന പിതാവില്‍നിന്ന് ഇമാം മുസ്ലിമിന് അളവറ്റ ധനം അനന്തരാവകാശമായി ലഭിച്ചു. വിവിധ വിജ്ഞാന കേന്ദ്രങ്ങളിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇമാം മുസ്ലിം ഹദീസുകള്‍ അന്വേഷിച്ചിറങ്ങി. അവസാനം നിശാപൂരില്‍ (നൈസാബൂര്‍) താമസമാക്കി.
 ശിഷ്ടകാലം ഹദീസ് തരം തിരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ചെലവഴിച്ചു. ഹി:261 (ക്രി.വ: 874)ല്‍ നിര്യാതനായി. ആധികാരികതയിലും വിശ്വാസ്യതയിലും സ്വഹീഹുല്‍ ബുഖാരിക്കുശേഷം സ്വഹീഹു മുസ്ലിം പരിഗണിക്കപ്പെടുന്നു. ബുഖാരിയും മുസ്ലിമും ഒന്നിച്ചു സ്വീകരിച്ച ഹദീസിനെ മുത്തഫഖുന്‍ അലൈഹി(ബുഖാരിയും മുസ്ലിമും യോജിച്ചത്) എന്നു വിളിക്കുന്നു.

ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ) – അജ്മീര്‍.

ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ഛിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് അജ്മീര്‍ ശരീഫ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 135 കി.മീ ദൂരം സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. മഷാശൃ1141-ല്‍ സിജിസ്ഥാനില്‍ ജനിച്ച ഖാജ റസൂല്‍ (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഛിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീരിലെത്തിയത്. അന്ന് അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൃഥിരാജിന്റെ ഭരണത്തിലായിരുന്നു. പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് ഗോറി അക്രമണം നടത്തുകയും ക്രൂരനായ പൃഥിരാജില്‍ നിന്ന് രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. ഖാജ (റ)യുടെ ആത്മീയ സാന്നിധ്യം മനസ്സിലാക്കി ധാരാളം ആളുകള്‍ അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു. അവിടുത്തെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും പ്രവര്‍ത്തനവും കാരണം ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം സ്വീകരിച്ച് സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വന്നു. 1236-ലാണ് മഹാനവര്‍കള്‍ വഫാത്തായത്. 

അബ്ബാസ്(റ).

അബ്ദുൽ മുത്തലിബിന്റെ പന്ത്രണ്ടു സന്തതികളിലൊരാളും മുഹമ്മദു നബി(സ)യുടെ പിതൃസഹോദരനുമായിറ്റുന്നുഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്. ധനികനും വർത്തകപ്രമാണിയും തത്ത്വചിന്തകനുമായിരുന്ന അബ്ബാസ്(റ) ആദ്യകാലത്ത് ഇസ്ലാമിന്റെ ഒരു എതിരാളികൂടിയായിരുന്നു. ബദർയുദ്ധത്തിൽ ഇസ്ലാമികപക്ഷത്തിനെതിരായി ശത്രുക്കളുടെകൂടെ ചേർന്ന് ഇദ്ദേഹം യുദ്ധം ചെയ്തു. യുദ്ധത്തിൽ ബന്ധനസ്ഥനാക്കപ്പെട്ടതിനെ തുടർന്ന് സ്വന്തമായി പ്രതിഫലം നൽകി വിമോചിതനായി. അതിനുശേഷം ഇസ്ലാംമതം സ്വീകരിക്കുകയും മതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരു ധർമഭടനായി മറ്റു മുസ്ലീങ്ങളോടൊപ്പം അടരാടുകയും ചെയ്തിട്ടുണ്ട്. ഖുറൈഷികളിൽവച്ചു തന്ത്രജ്ഞനും ബുദ്ധിശാലിയുമായിരുന്നുവെങ്കിലും അബ്ബാസ് ബദർയുദ്ധംപോലെയുള്ള സന്ദിഗ്ധഘട്ടങ്ങളിൽ ശത്രുപക്ഷത്തു ചേർന്നു വർത്തിച്ചതിനാൽ തനിക്കു ശേഷം ഖലീഫയെ തിരഞ്ഞെടുക്കുവാൻ ഉമർ നിയമിച്ച സമിതിയിലോ അതുപോലുള്ള മറ്റു രാഷ്ട്രീയ മതരംഗങ്ങളിലോ ഇദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല. 88-ആമത്തെ വയസ്സിൽ, എ.ഡി. 653-ൽ ഹിജ്റ 230ൽ  റജബ് മാസം 12ന് വെള്ളിയഴ്ച മദീനയിൽവച്ച് ഇദ്ദേഹം വഫാത്തായി.

ഇമാം തുർമുദി(റ) 

മുഹമ്മദ് ബിന്‍ ഈസാ ബിന്‍ സൂറത്ത് അത്തുര്‍മുദി എന്ന് ശരിയായ പേര്. അബൂ ഈസാ എന്ന് ഓമനപ്പേര്. ഹിജ്‌റ 210 ല്‍ ഉസ്ബകിസ്താനിലെ തുര്‍മുദില്‍ ജനിച്ചു.

ചെറുപത്തില്‍തന്നെ ഹദീസ് വിജ്ഞാന ശാഖയില്‍ തല്‍പരനാവുകയും അതില്‍ പരിജ്ഞാനം നേടാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തു. സ്വന്തം നാട്ടിലും പരിസരത്തുമായി അനവധി പണ്ഡിതന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിജ്ഞാന ദാഹം അവരില്‍ പരിമിതപ്പെടാന്‍ അനുവദിച്ചില്ല. അതുകൊണ്ടുതന്നെ, വിജ്ഞാനത്തിന്റെ വിളനിലങ്ങളായ വിശ്വപ്രസിദ്ധ കേന്ദ്രങ്ങള്‍ തേടി യാത്ര പുറപ്പെടാന്‍ അദ്ദേഹം തയ്യാറായി.

ഖുറാസാന്‍, ഇറാഖ്, ഹിജാസ് എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രാ കേന്ദ്രങ്ങള്‍. ഈ യാത്രയില്‍ അനവധി പണ്ഡിതന്മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും ഹദീസ് സ്വീകരിക്കുകയും ചെയ്തു. തന്റെ ജ്ഞാനപുഷ്ടിക്കുവേണ്ടി ആയിരത്തിലേറെ ഗുരുജനങ്ങളെ സമീപിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഖുതൈബ ബിന്‍ സഈദ്, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുഹമ്മദ് ബിന്‍ അംറ് അല്‍ ബല്‍ഖി, മഹ്മൂദ് ബിന്‍ ഗൈലാന്‍, ഇസ്മാഈല്‍ ബിന്‍ മൂസാ അല്‍ ഫസാരി തുടങ്ങിയ ജ്ഞാനികളില്‍ നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

ജാമിഇനു പുറമെ വേറെയും അനവധി ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹത്തിന്റെതായിട്ടുണ്ട്. ശമാഇലുത്തുര്‍മുദി, അസ്മാഉ സ്വഹാബ, കിതാബുന്‍ ഫില്‍ ജര്‍ഹി വ ത്തഅ്ദീല്‍, കിതാബുന്‍ ഫി താരീഖ് എന്നിങ്ങനെ പോകുന്നു അതില്‍ സുപ്രധാന ഗ്രന്ഥങ്ങളുടെ പേരുകള്‍. ഹിജ്‌റ 279 റജബ് മാസം തുര്‍മുദില്‍വെച്ച് മരണപ്പെട്ടു. 70 വയസ്സുണ്ടായിരുന്നു.

മുആവിയ(റ)

അബൂസുഫ്‌യാൻ(റ)ന്റെ മകനായ മുആവിയ(റ) പിതാവിന് മുമ്പേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരിൽ പെട്ട ഉമ്മു ഹബീബ(റ)യുടെ സഹോദരനാണ്. തിരുനബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്താൻ എൽപ്പിച്ചിരുന്ന സ്വഹാബി പ്രമുഖനുമാണ്. നബി(സ്വ)യുടെയും അദ്ദേഹത്തിന്റെയും പിതൃപരമ്പര പിതാമഹൻ അബ്ദുമനാഫിൽ സന്ധിക്കുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന് വർഷങ്ങൾക്ക് മുമ്പാണ് ജനനം. മക്കയിൽ നബി(സ്വ)ക്കും വിശ്വാസികൾക്കും പീഡനങ്ങളേൽക്കേണ്ടി വന്ന കാലത്ത് ഖുറൈശി പ്രമുഖന്റെ പുത്രനായിരുന്നിട്ടും മുആവിയ(റ)യിൽ നിന്നു അവിടുത്തേക്ക് വിഷമങ്ങളൊന്നും നേരിട്ടിരുന്നില്ല.

ഇസ്‌ലാം പരസ്യമാക്കിയ ശേഷം നബി(സ്വ)യോടൊപ്പമുള്ള മുആവിയ(റ)യുടെ ജീവിതം ഹ്രസ്വമെങ്കിലും ധന്യമായിരുന്നു. ഹിജ്‌റ എട്ട് റമളാനിലായിരുന്നു മക്കാ വിജയം. അതിനു തൊട്ടടുത്ത മാസത്തിലാണ് ഹുനൈൻ സംഭവം. അതിൽ നബി(സ്വ)യോടൊപ്പം മുആവിയ(റ) സംബന്ധിക്കുകയുണ്ടായി. നൂറ് ഒട്ടകങ്ങളും നാൽപത് ഊഖിയ(1600 ദിർഹം)യും ഗനീമത്തിൽ നിന്ന് അദ്ദേഹത്തിനു റസൂൽ(സ്വ) നൽകുകയുമു ണ്ടായി.

സാഹചര്യത്തിന്റെ തേട്ടം പോലെ ഒരു നിയോഗമായി മുസ്‌ലിം ഉമ്മത്തിന് നായകത്വം നൽകി മുആവിയ(റ). നബി(സ്വ)യുമായുള്ള സഹവാസത്തിന്റെ ഗുണം ഭൗതിക ജീവിതത്തിലും പാരത്രിക ലോകത്തും ലഭ്യമാവുന്ന ഭാഗ്യവാന്മാരാണവരെല്ലാം. ഹിജ്‌റ 60 റജബ് 21-നായിരുന്നു മുആവിയ(റ)യുടെ വിയോഗം.

ഇമാം നവവി(റ)

ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെയുള്ള നീണ്ട നാലു നൂറ്റാണ്ടിലേറെക്കാലം ശാഫിഈ കര്‍മധാരയിലുണ്ടായ മുഴുവന്‍ കര്‍മശാസ്ത്ര വികാസങ്ങളെയും വിലയിരുത്തുകയും യോഗ്യമായവയെ പ്രബലപ്പെടുത്തുകയും (തര്‍ജീഹു സ്വഹീഹ്) ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ ഭാഗ്യം ലഭിച്ചത് ഇമാം നവവി(റ) എന്ന പണ്ഡിതപ്രതിഭയ്ക്കായിരുന്നു. തനിക്കു മുന്‍പ് വന്ന എല്ലാ കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായങ്ങളേക്കാളും രചനകളേക്കാളും തന്റെ പ്രബലപ്പെടുത്തലുകള്‍ക്കും (തര്‍ജീഹാത്ത്) രചനകള്‍ക്കും മുന്‍ഗണന ലഭിക്കും വിധം, ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ വളര്‍ച്ചാഗതിയെ തന്നെ മാറ്റിയെഴുതുകയായിരുന്നു ഹിജ്‌റ 631-ല്‍ (ക്രി.1233) ജനിച്ച ആ വലിയ പണ്ഡിതന്‍. ഇന്നും ഏത് കര്‍മശാസ്ത്ര തീര്‍പ്പുകളുടെയും അവ്വലും ആഖിറുമായി ഇമാം നവവി(റ) പരിഗണിക്കപ്പെട്ടുപോരുന്നു. 

വിവിധ വിഷയങ്ങളില്‍ വലിയ ജ്ഞാനത്തികവ് നേടാനും ധാരാളം രചനകള്‍ നിര്‍വഹിക്കാനും 45വര്‍ഷത്തെ തന്റെ ജീവിതത്തിനിടയില്‍ എങ്ങനെ സാധിച്ചുവെന്നത് ചരിത്രാന്വേഷികള്‍ക്ക് എന്നും കൗതുകമാണ്. വിവാഹം പോലും കഴിക്കാതെ, ഇസ്‌ലാമിക ജ്ഞാനസമ്പത്തിനു കാവലിരുന്ന ആ ജീവിതം ഹിജ്‌റ 676-ല്‍(ക്രി.1277) വിടവാങ്ങി.

ഇമാം അബൂ ഹനീഫ(റ).

നുഅ്മാന്‍ എന്ന് യഥാര്‍ഥ നാമം. ഇമാമുല്‍ അഅ്‌ളം എന്ന പേരില്‍  അറിയപ്പെട്ടു. പിതാവ് സാബിത് പേര്‍ഷ്യന്‍ വംശജനായ കച്ചവടക്കാരനായിരുന്നു. അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് ഹിജ്‌റ 80 ല്‍ കൂഫയില്‍ ജനിച്ചു. ഇരുപതില്‍പരം സ്വഹാബികളെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അനസ് ബ്‌നു മാലിക് (റ), മഅ്ഖല്‍ ബിന്‍ യസാര്‍ (റ) തുടങ്ങിയവര്‍ അതില്‍ ചിലരാണ്.

പിതാവ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടതിനാല്‍ കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഹദ്ദിസ് ഇമാം ശുറഹ്ബീല്‍ ശഅ്ബിയുടെ നിര്‍ദേശപ്രകാരം വിജ്ഞാനരംഗത്തേക്ക് ഇറങ്ങി. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി. അവരുടെ ബുദ്ധിവൈഭവവും പാണ്ഡിത്യവും സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. പ്രധാന മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബ് കോഡ്രീകരിക്കുകയും ജനങ്ങളുടെ ആരാധനകളും പ്രവര്‍ത്തനങ്ങളും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.


പാണ്ഡിത്യത്തിന്റെ വിഷയത്തില്‍ ഇമാം ശാഫിഈ  അബൂ ഹനീഫ (റ) നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. കര്‍മശാസ്ത്ര വിഷയത്തില്‍ ഭൂമിയിലുള്ള എല്ലാവരും അബൂഹനീഫയുമായി  കട്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇടക്കിടെ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കുകയും  അവിടെവെച്ച് പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു ഇമാം ശാഫിഈ (റ).

ഖലീഫ മന്‍സൂര്‍ ഒരിക്കല്‍ അദ്ദേഹത്തെ കൂഫയില്‍നിന്നു ബഗ്ദാദില്‍ കൊണ്ടുവരികയും അവിടത്തെ ഖാസി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, അദ്ദേഹം അതിന് തയ്യാറായില്ല. ഖലീഫ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തന്റെ കല്‍പന തള്ളിക്കളഞ്ഞ ഇമാം അബൂഹനീഫയെ കുപിതനായ ഖലീഫ ജയിലിലടച്ചു. ശേഷം, അദ്ദേഹം അവിടെവെച്ചായിരുന്നുവത്രെ മരണപ്പെട്ടിരുന്നത്. അദ്ദേഹം സ്വതന്ത്രമാക്കപ്പെട്ടിരുന്നുവെന്നും ഒരഭിപ്രായമുണ്ട്. ഹിജ്‌റ വര്‍ഷം 150 ന് ബഗ്ദാദില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. അഅ്‌ളമിയ്യ എന്ന സ്ഥലത്ത് വിഖ്യാത ഇമാം അബൂ ഹനീഫ മസ്ജിദിനരികെ അന്ത്യവിശ്രമം കൊള്ളുന്നു.

ഇമാം ശാഫിഈ (റ).

വിശ്വപ്രസിദ്ധ മദ്ഹബിന്റെ ഇമാമുംവൈജ്ഞാനിക മേഖലയില്‍ അതുല്യമായവ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തപണ്ഡിതനാണ് മഹാനായ ഇമാം ശാഫിഈ(റ). അബൂ അബ്ദില്ല മുഹമ്മദ്ബ്‌നുഇദ്‌രീസിബ്‌നില്‍ അബ്ബാസിബ്‌നിഉസ്മാനിബ്‌നു ശാഫിഇബ്‌നി സ്സാഇബ്‌നിഉബൈദിബ്‌നു അബ്ദിയസീദ് ബ്‌നുഹാശിമിബ്‌നില്‍ മുഥലിബ്ബ്‌നി അബ്ദി മനാഫ്എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം.പിതാവ് വഴിയും മാതാവ് വഴിയും ഖുറൈശിഗോത്രക്കാരനായ അദ്ദേഹം ഉന്നതതറവാട്ടുകാരനാണ്.

ഹിജ്‌റ 150 (ക്രിസ്താബ്ദം 767) റജബ്മാസത്തിലാണ് ഇദ്‌രീസ് ഫാതിമ എന്നദമ്പതികളുടെ മകനായി മഹാനവര്‍കള്‍ഗസയില്‍ പിറവിയെടുത്തത്.കച്ചവടക്കാരനായിരുന്ന പിതാവ് ശാഫിഈ(റ)യുടെ ജനനത്തിന ഉടനെമരണപ്പെടുകയും ശേഷം മാതാവിന്റെപരിലാളനയില്‍ വളരുകയും ചെയ്തു.ചെറുപ്പത്തിലെ അതിബുദ്ധിമാനായിരുന്നതന്റെ മകനെ മാതാവ് രണ്ടാം വയസ്സില്‍മക്കയില്‍ കൊണ്ടുപോവുകയുംഹറമിനടുത്ത് താമസമാക്കുകയും ചെയ്തു.

ശാഫിഈ മദ്ഹബിന്റെ ഇമാമായമഹാനവര്‍കള്‍ ആ മദ്ഹബില്‍ പ്രസിദ്ധമായപല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 

പ്രധാനമായുംകര്‍മശാസ്ത്രത്തിലാണ് അദ്ദേഹത്തിന്റെഗ്രന്ഥങ്ങള്‍ വിരചിതമായത്. ഉമ്മ്, അമാലില്‍കുബ്‌റ, ജലാഉസ്സഗീര്‍, മുഖ്ത്വസറുല്‍ബുല്‍ഖൈനി, മുഖ്ത്വസറുല്‍ ബുവൈഥി,മുഖ്ത്വസറുല്‍ മുസ്‌നി, മുഖ്ത്വസറുല്‍ റബീഅ്എന്നിവയാണ് കൃതികള്‍. കര്‍മശാസ്ത്രനിദാനശാത്രത്തില്‍ ആദ്യം വിരചിതമായരിസാല ശാഫി (റ)യുടെ കൃതിയാണ്.

ഹിജ്‌റ 198 മുതല്‍ 204 ല്‍ വഫാതാകുന്നത്വരെ മഹാനവര്‍കള്‍ ഈജിപ്തിലാണ്ജീവിച്ചിരുന്നത്. ജനങ്ങള്‍ക്ക് അധ്യാപനംനല്‍കുകയും ഗ്രന്ഥ രചന നടത്തുകയുംചെയ്തിരുന്ന അദ്ദേഹത്തിനു ചില രോഗങ്ങള്‍കാരണം ജോലികള്‍ അവസാനിപ്പിക്കേണ്ടിവന്നു. തന്റെ ശിഷ്യനായ മുസ്‌നി (റ) ഒരുദിവസം സന്ദര്‍ശിച്ചുസുഖവിവരങ്ങളന്വേഷിച്ചു. 

അപ്പോള്‍അദ്ദേഹംതന്റെ അവസാന നിമിഷങ്ങള്‍അടുത്തു എന്നതിനുള്ള ചിലവാചകങ്ങള്‍പറഞ്ഞു പറഞ്ഞു. അങ്ങിനെഹിജ്‌റ 204 റജബ് മാസം വെള്ളിയാഴ്ചഅദ്ദേഹം ലോകത്തോട് വിടപറഞ്ഞു.നഫീസത്തുല്‍ മിസ്‌രിയ്യ (റ)മഹാനവര്‍കളുടെപേരില്‍ മയ്യിത്ത് നിസ്‌കരിച്ചിട്ടുണ്ട്.

ഇബ്നു ഹജറുൽ ഹൈത്തമി(റ).

അഹ്മദ് എന്നാണ് പേര് അന്‍സാരികളില്‍ ചെന്നു ചേരുന്നതാണ് അവിടുത്തെ പൂര്‍വ്വ പിതാക്കന്‍മാരെന്ന് ശ്രുതിയുണ്ട്. പിതാമഹന്‍ അനിവാര്യതക്കല്ലാതെ സംസാരിക്കാറില്ല. മൗനം ധാരാളം. ഇതിനാല്‍ ഹജര്‍ എന്ന് വിളിപ്പേര് കിട്ടി. ജനനം ഈജിപ്തിലെ അബുല്‍ ഹൈതം ഗ്രാമത്തില്‍ ഹി: 909-ല്‍. നാട്ടിലെ പതിവനുസരിച്ച് ദര്‍സില്‍ ചേര്‍ക്കും മുമ്പ് സയ്യിദ് അഹ്മദുല്‍ ബദവി (റ) എന്നവരുടെ മഖാമില്‍ കൊണ്ട് വന്ന് ഓത്തിന് തുടക്കം കുറിച്ചു. ഹി: 924-ല്‍ അല്‍-അസ്ഹറില്‍ ചേര്‍ന്നു. പ്രധാന ഗുരു സകരിയ്യല്‍ അന്‍സാരി(റ).പഠന സമയത്ത് അല്‍ഫിയ്യ എന്ന നഹ്‌വ് ഗ്രന്ഥത്തിന് ശര്‍ഹ് രചിച്ചു. ഹി: 41 മുതല്‍ താമസം മക്കയില്‍.

 അമ്പതിലധികം രചനകള്‍. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി! മഹാത്ഭുതം!! മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് എന്നിവ അവിടുത്തെ രചനകളില്‍ പ്രധാനങ്ങളാണ്. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് എഴുതിയയച്ച ഫത്‌വകള്‍ ലോകത്തിന് വലിയ മുതല്‍ക്കൂട്ടായി. അവ വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. 

വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഫിഖ്ഹിയ്യായ മറുപടി അവിടുത്തെ തുഹ്ഫയില്‍ പണ്ഡിതര്‍ കണ്ടെത്തുന്നു. പലവിധ രോഗങ്ങളുണ്ടായിട്ടും മക്കയിലിരുന്നു കൊണ്ടുള്ള ദര്‍സും ഫത്‌വ നല്‍കലും അവസാനം വരെ തുടരാന്‍ ഭാഗ്യം സിദ്ധിച്ചു. ഹി: 974 റജബ് 23 തിങ്കളാഴ്ച പകല്‍ വഫാത്തായി. ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികില്‍ ഖബര്‍.

No comments:

Post a Comment