Thursday 27 May 2021

സംശയവും മറുപടിയും - സുന്നത്തു നിസ്കാരങ്ങൾ

 

ഫർളു നിസ്കാരം ഖളാഉള്ളവർ സുന്നത്തു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്?

ഉറക്കം, മറവി എന്നീ കാരണങ്ങൾ കൂടാതെ ഫർളു   നിസ്കാരം ഖളാആക്കിയവർ അവ ഖളാഅ് വീട്ടുംമുമ്പ് സുന്നത്തു നിസ്കരിക്കൽ നിഷിദ്ധമാണ് കുറ്റകരമാണ് (ഫത്ഹുൽ മുഈൻ, പേജ്: 6) 

ഫർള് നിസ്കാരം ഖളാഉള്ളവർ മയ്യിത്തു നിസ്കരിക്കലോ?

മയ്യിത്തു   നിസ്കാരവും ഹറാം തന്നെ (തർശീഹ്, പേജ്: 12) 

തഹിയ്യത്തു നാലു റക്അത്ത് നിസ്കരിക്കാമോ?

നിസ്കരിക്കൽ അനുവദനീയമാണ് (തുഹ്ഫ: 2/275) 

തഹജ്ജുദ് നിസ്കാരം ജമാഅത്തായി നിർവഹിക്കാമോ?

തനിച്ചു നിസ്കരിക്കലാണുത്തമം ജമാഅത്തായി നിർവഹിക്കൽ അനുവദനീയമാണ് (തുഹ്ഫ: 2/220 

ഖിയാമുല്ലൈൽ എന്ന പേരിൽ പന്ത്രണ്ട് റക്അത്ത് നിസ്കാരമുണ്ടോ?*

നമ്മുടെ മദ്ഹബിൽ (ശാഫിഈ മദ്ഹബ്) അങ്ങനെയില്ല 

അസ്വറിനു മുമ്പ് സുന്നത്തു നിസ്കാരം രണ്ടോ നാലോ?

അസ്വറിനു മുമ്പ് നാലു റക്അത്തു സുന്നത്താണ് എന്നാണു നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണുന്നത് അതേ സമയം രണ്ടു റക്അത്തു നിസ്കരിച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കും അസ്വറിനു മുമ്പ് രണ്ടു റക്അത്തു സുന്നത്താണെന്ന് ഇഹ്‌യാഇൽ പറഞ്ഞിട്ടുണ്ട് നബി (സ) രണ്ടു റക്അത്തു നിസ്കരിച്ചിരുന്നുവെന്ന് ഹദീസിലും കാണാം (ശർഹുൽ മുഹദ്ദബ്: 3/501) 

നികാഹിനു മുമ്പ് നിസ്കാരം സുന്നത്തുണ്ടോ?

അതേ, വലിയ്യിനും വരനും നികാഹിനു മുമ്പ് രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്തുണ്ട് (ശർവാനി: 2/238) 

പ്രസ്തുത നിസ്കാരം കറാഹത്തുള്ള സമയം നിർവഹിക്കാമോ?

നിർവഹിക്കാവതല്ല പിന്തിയ കാരണമുള്ള നിസ്കാരമാണല്ലോ (തുഹ്ഫ: 1/443) 

ബറാഅത്തു രാവിൽ പ്രത്യേക നിസ്കാരമുണ്ടോ?

അതേ, മഗ്രിബിനു ശേഷം ആറ് റക്അത്ത് നിസ്കരിക്കൽ സ്വലഫുസ്വാലിഹീങ്ങളുടെ പതിവാണ് (ഇത്ഹാഫ്) ഈ ആറ് റക്അത്തുകൾ ഈരണ്ടു റക്അത്തുകളിൽ സലാം വീട്ടണം (ഇവ ജമാഅത്തായും നിർവഹിക്കാം) 

സുന്നത്തു നിസ്കാരം ഖളാആയാൽ ഖളാഅ് വീട്ടൽ സുന്നത്തുണ്ടോ?

അതേ, പതിവുള്ള സുന്നത്തു നിസ്കാരങ്ങൾ ഖളാആയാൽ ഖളാഅ് വീട്ടൽ സുന്നത്തുണ്ട് 

തസ്ബീഹ് നിസ്കാരം ജമാഅത്തായി നിർവഹിക്കൽ സുന്നത്തുണ്ടോ?

സുന്നത്തില്ല അനുവദനീയമാണ് 

തറാവീഹ് നിസ്കാരം ഇസ്ലാമിൽ വന്നത് ഹിജ്റഃ എത്രാം വർഷത്തിൽ?

രണ്ടാം വർഷം (ജമൽ: 1/489) 

തറാവീഹ് ജമാഅത്തായി ഉമർ (റ) പുനസംഘടിപ്പിച്ചത് ഹിജ്റഃ എത്രാം വർഷത്തിൽ?

പതിനാലാം വർഷം (ജമൽ: 1/489) 

തറാവീഹ് നിസ്കാരത്തിന്റെ നിയ്യത്ത് എങ്ങനെ?

തറാവീഹ് ഞാൻ രണ്ടു റക്അത്തു നിസ്കരിക്കുന്നു തറാവീഹിൽ നിന്നു ഞാൻ രണ്ടു റക്അത്ത് നിസ്കരിക്കുന്നു എന്നിങ്ങനെയെല്ലാം നിയ്യത്ത് ചെയ്യാം (ശർവാനി) 

തറാവീഹ് 20 റക്അത്താണല്ലോ ഇരുപതിൽ താഴെ നിസ്കരിച്ചാൽ പ്രതിഫലം ലഭിക്കുമോ?

20 റക്അത്ത്,എന്ന വിശ്വാസത്തോടെ ഇരുപതിൽ താഴെ നിസ്കരിച്ചാൽ നിസ്കരിച്ചതിന്റെ പ്രതിഫലം ലഭിക്കും നിസ്കാരം തറാവീഹ് ആയിത്തന്നെ പരിഗണിക്കുകയും ചെയ്യും (തുഹ്ഫ: 2/225) 

വിത്റിന്റെ നിയ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ?

ഉണ്ട് വിത്റിൽ നിന്നുള്ള രണ്ട് റക്അത്ത് ഞാൻ നിസ്കരിക്കുന്നുവെന്നു കരുതണം വിത്ർ എന്നാൽ ഒറ്റ എന്നാണർഥം രണ്ട് എന്നത് ഇരട്ടയുമാണല്ലോ അതുകൊണ്ടാണ് അങ്ങനെ കരുതണമെന്ന് പറയുന്നത് (ഖൽയൂബി: 1/243, നിഹായത്തുസൈൻ, പേജ്: 102) 

തഹജ്ജുദിന്റെ മുമ്പോ പിമ്പോ വിത്ർ നിസ്കാരം ഉത്തമം?

തഹജ്ജുദിന്റെ ശേഷം 

റമളാൻ മാസത്തിലെ വിത്റോ?

റമളാൻ മാസത്തിലും തഹജ്ജുദിന്റെ ശേഷം വിത്ർ നിസ്കരിക്കലാണ് ഏറ്റവും പുണ്യം രാത്രിയുടെ അവസാന നിസ്കാരം നിങ്ങൾ വിത്ർ ആക്കുകയെന്നു ഹദീസിൽ വന്നിട്ടുണ്ട് 

റമളാനിൽ വിത്റിനെ പിന്തിക്കുമ്പോൾ വിത്റിലെ ജമാഅത്ത് നഷ്ടപ്പെട്ടാലോ?

ജമാഅത്ത് നഷ്ടപ്പെട്ടാലും വിത്റിനെ പിന്തിക്കലാണു പുണ്യം (ഫത്ഹുൽ മുഈൻ, പേജ്: 106) 

ഫർളു ഖളാഉള്ളവനു സുന്നത്തു നിസ്കാരവും മയ്യിത്തു നിസ്കാരവും ഹറാമാണെന്നു പറഞ്ഞല്ലോ എന്നാൽ പ്രസ്തുത നിസ്കാരങ്ങൾ സ്വഹീഹാകുമോ?

ഹറാമോടുകൂടി സ്വഹീഹാകും (കുർദി: 1/144, നിഹായത്തുസൈൻ, പേജ്: 12 നോക്കുക) 

തറാവീഹ് എട്ടു റക്അത്താണെന്നു വിശ്വസിച്ചാൽ പുത്തൻവാദിയാകുമോ?

അതേ, വിശ്വാസം പിഴച്ച പുത്തൻവാദിയാകും കാരണം തറാവീഹ് ഇരുപത് റക്അത്തുകളാണെന്നു ഇജ്മാഅ് എന്ന ഖണ്ഡിത പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇജ്മാഇനെ നിരാകരിച്ചവൻ വിശ്വാസം പിഴച്ച മുബ്തദിആണ് (അസ്സ്വവാഹിഖുൽ മുഹ്രിഖഃ, പേജ്: 86) 

പെരുന്നാൾ നിസ്കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടോ?

അതേ, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും സുന്നത്തുണ്ട് 

തറാവീഹ്, വിത്ർ എന്നിവയ്ക്കിടയിൽ മറ്റു നിസ്കാരം കൊണ്ട് പിരിക്കാമോ?

പിരിക്കുന്നതുകൊണ്ട് തെറ്റില്ല പിരിക്കൽ ഉത്തമമല്ല (ബിഗ്യ) 

പെരുന്നാൾ നിസ്കാരത്തിന്റെ നിയ്യത്ത്?

ചെറിയ/വലിയ പെരുന്നാളിന്റെ സുന്നത്തു നിസ്കാരം ഞാൻ രണ്ടു റക്അത്തു നിർവഹിക്കുന്നു മഅ്മൂം ഇമാമോടുകൂടെ എന്നും ഇമാം ഇമാമായി എന്നും കരുതണം

ഗ്രഹണ നിസ്കാരത്തിൽ ഓരോ റക്അത്തിലും രണ്ടു ഖിയാം, രണ്ടു റുകൂഅ് എന്നിവ സുന്നത്തുണ്ടല്ലോ പ്രസ്തുത രണ്ടാം ഖിയാമിലോ റുകൂഇലോ ഇമാമിനെ തുടർന്നാൽ റക്അത്ത് ലഭിക്കുമോ?

റക്അത്തു ലഭിക്കില്ല 

ചിലയിടങ്ങളിൽ തറാവീഹിനു ശേഷം പത്തു സ്വലാത്ത് ചൊല്ലന്നത് കേൾക്കാം അതു സുന്നത്തുണ്ടോ?*

അങ്ങനെ പ്രത്യേകം സുന്നത്തില്ല പ്രാർത്ഥനയ്ക്കു ശേഷം മൂന്നു സ്വലാത്തും സുന്നത്തില്ല 

ഫർളിന്റെ മുമ്പുള്ള റവാതിബുകൾ ഫർളിനു ശേഷം നിർവഹിച്ചാൽ ഖളാആകുമോ?

ഇല്ല അദാആയിത്തന്നെ സംഭവിക്കും 

സുന്നത്തു നിസ്കാരങ്ങളിൽ വജ്ജഹ്തു സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് 

തറാവീഹ് നിസ്കാരം മദീനക്കാർക്ക് 36 റക്അത്ത് നിസ്കരിക്കാമോ?

അതേ, റമളാനിൽ മദീനയിലുള്ളവർക്ക് തറാവീഹ് നിസ്കാരം 36 റക്അത്തുവരെ നിസ്കരിക്കാം (തുഹ്ഫ ശർവാനി: 2/241) 

തറാവീഹ് ഖളാആയാൽ പകലിൽ ഖളാ വീട്ടാമോ?

അതേ, പകലിലും രാത്രിയിലും ഖളാ വീട്ടാം (മഹല്ലി: 1/217) 

ഇശാഇനെ മുന്തിച്ചു ജംആക്കുന്ന യാത്രക്കാരനു മഗ്രിബിന്റെ സമയത്ത് തറാവീഹ് നിസ്കരിക്കാമോ?

അതേ, നിസ്കരിക്കാം (നിഹായ: 2/127) 

സുന്നത്തു നിസ്കാരത്തിൽ സൂറത്ത് ഓതൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് മയ്യിത്തു നിസ്കാരം ഒഴികെ മറ്റെല്ലാ നിസ്കാരങ്ങളിലും സൂറത്ത് ഓതൽ സുന്നത്താണ് (തുഹ്ഫ: 2/51)

മയ്യിത്തിന്റെ നന്മക്കുവേണ്ടി സുന്നത്തു നിസ്കാരമുണ്ടോ?

അതേ, 'സ്വലാതുൽ ഉൻസ് ' എന്നാണതിന്റെ പേര് രണ്ട് റക്അത്താണത് 'ഉസ്വല്ലി റക്അതയ്നി ലിൽ ഉൻസി ഫിൽ ഖബ്രി' (ഖബ്റാളിക്ക് ഇണക്കത്തിനു വേണ്ടി ഞാൻ രണ്ടു റക്അത്തു നിസ്കരിക്കുന്നു) എന്നു നിയ്യത്ത് ചെയ്താൽ മതി നിസ്കാരശേഷം അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പ്രാർത്ഥിക്കണം (നിഹായത്തു സൈൻ, പേജ്: 107) 

ബലിപെരുന്നാൾ നിസ്കാരം കഴിഞ്ഞ് ഖുത്വുബയിൽ പ്രവേശിക്കുംമുമ്പ് തക്ബീർ സുന്നത്തുണ്ടോ?

സുന്നത്തുണ്ട് (തുഹ്ഫ: 3/46) 

ഹാജിമാർ ബലിപെരുന്നാൾ നിസ്കാരം ഒറ്റക്ക് നിർവഹിക്കുകയാണോ വേണ്ടത്?

ഹജ്ജ് നിർവഹിച്ചുകൊണ്ടിരിക്കുന്നവൻ ബലിപെരുന്നാൾ നിസ്കാരം ഒറ്റക്ക് നിർവഹിക്കലാണ് ഏറ്റവും പുണ്യം 

സുന്നത്തു നിസ്കാരങ്ങളിൽ ഏറ്റവും മഹത്വമുള്ള നിസ്കാരം?

ബലിപെരുന്നാൾ നിസ്കാരം, ശേഷം ചെറിയ പെരുന്നാൾ നിസ്കാരം ചന്ദ്രഗ്രഹണ നിസ്കാരം, സൂര്യഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, വിത്ർ, സുബ്ഹിയുടെ റവാതിബ്, മറ്റു റവാതിബുകൾ (അവ ഒരേ സ്ഥാനത്താണ് ), തറാവീഹ്, ളുഹാ, ത്വവാഫിന്റെ രണ്ടു റക്അത്ത്, തഹിയ്യത്തിന്റെ രണ്ടു റക്അത്ത്, ഇഹ്റാമിന്റെ രണ്ടു റക്അത്ത്, വുളൂഇന്റെ രണ്ടു റക്അത്ത് എന്നീ ക്രമത്തിലാണ് മഹത്വം (ഫത്ഹുൽ മുഈൻ) 

മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സാ എന്നീ പള്ളികളിൽ വെച്ചുള്ള നിസ്കാരത്തിനു കൂടുതൽ പ്രതിഫലമുണ്ടല്ലോ സുന്നത്തു നിസ്കാരത്തിനും ആ പ്രതിഫലമുണ്ടോ?

അതേ, മൂന്നു പള്ളികളിലെ പുണ്യം സുന്നത്തു നിസ്കാരത്തിനുമുണ്ട് (തുഹ്ഫ: 4/65) 

ഖുത്ബീയ്യത്ത് കർമവുമായി ബന്ധപ്പെട്ട നിസ്കാരത്തിനു എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?

ആവശ്യ സഫലീകരണത്തിന്റെ (സ്വലാതുൽ ഹാജത്) രണ്ടു റക്അത്ത് ഞാൻ നിസ്കരിക്കുന്നു എന്നു കരുതണം 

സ്വലാതുൽ ഹാജത് എത്ര റക്അത്താണ്?

രണ്ടു റക്അത്താണെന്നു നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണാം പന്ത്രണ്ട് റക്അത്താണെന്നു 'ഇഹ്‌യാ  ഉലൂമുദ്ദീൻ' എന്ന ഗ്രന്ഥത്തിൽ കാണാം അതാണു പലരും പ്രവർത്തിക്കുന്നത് 

സുന്നത്തു നിസ്കാരം നിർവഹിച്ചു കൊണ്ടിരിക്കേ, അതു മുറിക്കാമോ?

സുന്നത്ത് നിസ്കാരം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ നിസ്കാരത്തിന്റെ ഇടയിൽ അതിൽ നിന്നു ഒഴിവാകൽ നിസ്കാരം മുറിക്കൽ അനുവദനീയമാണ് 

ബറാഅത്തു രാവിൽ നൂറു റക്അത്തുള്ള സുന്നത്തു നിസ്കാരമുണ്ടോ?

അതു ബിദ്അത്താണ് ഇമാം നവവി (റ), ഇബ്നു ഹജർ (റ) തുടങ്ങിയവർ അതിനെ ശക്തമായി എതിർത്തിട്ടുണ്ട് (തുഹ്ഫ- ശർവാനി: 2/239) 

സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് ഉത്തമം എന്ന് കേട്ടു ശരിയാണോ ?

അതെ ശരിയാണ്! ളുഹാ നിസ്കാരം, ത്വവാഫിന്റെ രണ്ട് റക്അത്ത്, ജുമുഅക്ക് മുമ്പുളള സുന്നത്ത് നിസ്കാരം ജമാഅത്തായി നിസ്കരിക്കൽ സുന്നത്തുള്ള തറാവീഹ്, പെരുന്നാൾ നിസ്കാരം തുടങ്ങിയവയല്ലാത്ത എല്ലാ സുന്നത്ത് നിസ്കാരങ്ങളും വീട്ടിൽ വെച്ച് നിർവഹിക്കലാണ് കൂടുതൽ ഉത്തമം. (തുഹ്ഫ :2/107)



അലി അഷ്ക്കർ - 9526765555


No comments:

Post a Comment