Saturday, 30 December 2023

രണ്ട് വർഷം ഞാൻ രോഗിയായി കിടപ്പിലായിരുന്നു. ഈ സമയങ്ങളിൽ കുറെ നിസ്ക്കാരങ്ങൾ ഖളാഅ് ആയി. എത്ര എന്ന് നിശ്ചയമില്ല. എങ്കിൽ ഞാൻ എങ്ങനെയാണ് ഖളാഅ് വീട്ടേണ്ടത് ?

 

തനിക്ക് ഖളാഅ് വീട്ടാൻ ഉണ്ടായിരുന്ന നിസ്കാരങ്ങൾ പൂർണമായും ഖളാഅ് വീട്ടിയിട്ടുണ്ട് എന്ന് ഉറപ്പ് വരുന്ന അത്രയും നിസ്കാരങ്ങൾ ഖളാഅ് വീട്ടുകയാണ് വേണ്ടത്.

ഇസ്ലാമികമാനദണ്ഡമനുസരിച്ച് ഒരു സ്ത്രീക്ക് ഫസ്ഖ് ചൊല്ലൽ അനുവദനീയമാവുന്ന സഹചര്യം? മഹല്ല് കമ്മിറ്റി , ഖാസി / കതീബിന് ഇതുമായി ബന്ധപ്പെട്ട് ബോദ്ധ്യപ്പെടുത്തേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെ?

 

ഭർത്താവിന് ഭ്രാന്ത് ഉണ്ടാകുക, പ്രത്യുൽപ്പാദന ശേഷി ഇല്ലാതിരിക്കുക, വന്ധ്യoകരണം ചെയ്തവനാകുക എന്നീ മൂന്ന് കാരണങ്ങൾ കൊണ്ടല്ലാതെ ഹനഫീ മദ്ഹബ് അനുസരിച്ച്‌ ഭാര്യക്ക് നിക്കാഹ് ഫസ്ഖ് ചെയ്യാൻ ഖാളിയോട് ആവശ്യപ്പെടാൻ അവകാശമില്ല.


മൂത്ര വാർച്ച പോലോത്ത നിത്യ ആശുദ്ദി ക്കാർക്ക് അവരുടെ ഗുഹ്യ സ്ഥാനം കഴുകി ശീല പോലോത്തത് കൊണ്ട് വെച്ച് കെട്ടൽ, ഏത് ഫർള് നിസ്കാരമാണോ നിസ്‌ക്കരിക്കുന്നത് അതിന്റെ സമയം പ്രവേശിക്കുന്നതിന്റെ മുമ്പ് ചെയ്യാൻ പറ്റുമോ ?

 

ഏത് നിസ്ക്കാരമാണോ നിസ്ക്കരിക്കാൻ ഉദ്ദേശിച്ചത് അതിന്റെ സമയം പ്രവേശിച്ച ശേഷമാണ് അത് ചെയ്യേണ്ടത്. (ഹാശിയതു ത്വഹ്ത്വാവീ പേ:149)

വാങ്കിന്ന് മുമ്പും ശേഷവും സ്വലാത്ത് ചെല്ലെണ്ടതുണ്ടോ ?

 

വാങ്ക് വിളിച്ച ആളും അത് കേട്ടവർ അതിന് ഉത്തരം ചെയ്ത ശേഷവും നബി (സ്വ) മേലിൽ സ്വലാത്ത് ചെല്ലിയ ശേഷം വസീല ചോദിച്ച് കൊണ്ടുള്ള ദുആ ഇരക്കണം. (ഹാശിയതു ത്വഹ്ത്വാവീ പേ: 204)

ഭാര്യയെ മൂന്ന് ത്വലാഖും ചെല്ലിയ ഒരാൾക്ക് അവളെ വീണ്ടും ഭാര്യയാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

 

ഉണ്ട്. ഭർത്താവ് ത്വലാഖ് ചെല്ലിയതിന്റെ പേരിലുള്ള  ഇദ്ദ കഴിഞ്ഞ ശേഷം മറ്റൊരാൾ ആ സ്ത്രീയെ സ്വഹീഹായ നിലയിൽ നിക്കാഹ് ചെയ്യുകയും ശാരീരിക ലൈഗീക ബന്ധം (ജിമാഅ്) നടത്തുകയും ചെയ്ത ശേഷം അയാൾ ആ സ്ത്രീയെ ത്വലാഖ് ചെല്ലുക. രണ്ടാം ഭർത്താവിന്റെ ത്വലാഖിന് വേണ്ടിയുള്ള ഇദ്ദ കഴിഞ്ഞ ശേഷം ആദ്യ ഭർത്താവിന് ആ സ്ത്രീയെ നിക്കാഹ് ചെയ്യാവുന്നതാണ്. (അല്ലുബാബ് പേ:477)

അഞ്ച് ദിവസം തുടർച്ചയായി ട്രയിനിൽ യാത്ര ചെയ്യണ്ടി വന്ന ഞാൻ നിന്നും ഇരുന്നും നിസ്ക്കരിക്കണ്ടി വന്നു. ഫോണിൻ്റെ സഹായത്തോട് കൂടിയാണ് ഞാൻ ഖിബ് ല മനസ്സിലാക്കിയത്. ഇതിൽ തെറ്റ് സംഭവിച്ചിരിക്കാം. ഈ നിസ്ക്കാരങ്ങൾ ഞാൻ മടക്കി നിസ്ക്കരിക്കേണ്ടതുണ്ടോ?

 

മടക്കി നിസ്ക്കരിക്കേണ്ടതില്ല.

വിത്റ്, പെരുന്നാൾ, നേർച്ച നേർന്ന നിസ്ക്കാരങ്ങൾ പോലെ വാജിബായ നിസ്ക്കാരവും ഫർള് നിസ്ക്കാരങ്ങളും മൃഗത്തിന്റെ (വാഹനത്തിന്റെ) പുറത്ത് ഇരുന്ന് നിസ്കരിക്കൽ അനിവാര്യമായ കാരണങ്ങളില്ലാതെ അനുവദനീയമല്ല. മതിയായ കാരണമുണ്ടെങ്കിൽ വാഹനപ്പുറത്തിരുന്ന് നിസ്കരിക്കൽ അനുവദനീയമാണ്. ഖിബ് ലക്ക് അഭിമുഖമായി നിന്ന് നിസ്ക്കരിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം. അതിന്ന് കഴിയില്ലെങ്കിൽ വാഹനം നിർത്താൻ കഴിയുമെങ്കിൽ നിർത്തിക്കൊണ്ട് ആംഗ്യ ഭാഷയിൽ നിസ്ക്കരിക്കണം. അതിനും സാധിക്കുന്നില്ലെങ്കൽ ഏത് ഭാഗത്തേക്കാണോ സൗകര്യം ആ ഭാഗത്തേക്ക് തിരിഞ്ഞ് നിസ്ക്കരിക്കണം. അത് ഖിബ് ലക്ക് പിന്തിരിഞ്ഞ് കൊണ്ടാണെങ്കിലും കുഴപ്പമില്ല. (ഹാശിയത്തു ത്വഹ്ത്വാവി പേ - 407)

ലഹരിക്ക് വേണ്ടി ഉയോഗിക്കാത്ത മരുന്ന് കഴിച്ച് ലഹരി ബാധിച്ചാൽ വുളൂ മുറിയുമേ?

 

അതെ. ലഹരി ഉണ്ടായത്  അനുവദനീയമായ വസ്തുക്കളിൽ നിന്നായാലും ഹറാമായ വസ്തുക്കളിൽ നിന്നായാലും വുളൂഅ് മുറിയുന്നതാണ്. (ഹാശിയതു ത്വഹ്ത്വാവീ പേ:91)

ഞങ്ങളുടെയൊക്കെ നാടുകളിൽ ഖബർ കുഴിക്കുന്നതിന് പകരം കോൺക്രീറ്റ് ഖബറുകൾ മുൻകൂട്ടി തയ്യാറാക്കി വെച്ചിരിക്കുകയാണ്. ഇതിൻ്റെ വിധി എന്താണ്?

 

ഉറപ്പ് കുറഞ്ഞ ഭൂമിയിൽ കുഴിക്കുന്ന ഖബറിന്റെ ഇരുവശങ്ങൾ ഇഷ്ടികയോ മറ്റോ ഉപയോഗിച്ച് പടുക്കണം. ഉറപ്പ് കുറഞ്ഞ ഭൂമിയിലും ഈർപ്പമുള്ള സ്ഥലത്തും ഖബറിനുള്ളിൽ പെട്ടി ഉണ്ടാക്കി വെച്ച് അതിനുള്ളിൽ മയ്യിത്ത് മറവ് ചെയ്യുന്നതിന് വിരോധമില്ല. അങ്ങനെയുള്ളതല്ലാത്ത സ്ഥലത്ത് ഖബറിനുള്ളിൽ പെട്ടി വെച്ച് മയ്യിത്ത് മറവ് ചെയ്യുന്നത് കറാഹത്താണെന്നതിൽ അഭിപ്രായഭിന്നതില്ല. (ഹാശിയതു ത്വഹ്ത്വാവീ പേ:607-608) ഖബറിന്റെ വശങ്ങളിൽ ഇഷ്ടിക ഉപയോഗിച്ച് കെട്ടുന്നതിന് പകരമോ പെട്ടി ഉപയോഗിക്കുന്നതിന് പകരമോ ആയിരിക്കുമല്ലോ കോൺക്രീറ്റ് ഖബറുകൾ തയ്യാറാക്കുന്നത്. ഉറപ്പ് കുറഞ്ഞ ഭൂമിയിലാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ലെന്ന് മുകൾ വിശദീകരണത്തിൽ നിന്ന് മനസ്സിലാകുന്നു.


കഫൻ പുടവയുടെ എണ്ണവും പൊതിയണ്ട രൂപയും വിവരിച്ച് തരുമോ?

 

പുരുഷന്റെ മയ്യിത്ത് മൂന്ന് വസ്ത്രത്തിൽ പൊതിയുന്നതാണ് സുന്നത്ത്. നടക്കാൻ സൗകര്യത്തിന് വേണ്ടിയുള്ള താഴ്ഭാഗത്തെ വിശാലതയും കൈകളും ഇല്ലാത്തതും തല കയറ്റുന്നതിന് ആവശ്യമായ തിനേക്കാൾ കൂടുതൽ നെഞ്ചിന്റെ ഭാഗം താഴോട്ട് കീറാത്തതുമായ ഖമീസ്, തലയുടെ ഉച്ചി മുതൽ കാൽപ്പാദം വരെ എത്തുന്ന ഇസാർ, തലഭാഗവും കാൽ ഭാഗവും കെട്ടുന്നതിന് കൂടി വലിപ്പമുള്ള മയ്യത്തിനെ മൊത്തം പൊതിയുന്ന ലഫാഫത്ത് എന്നിവയാണ് പ്രസ്തുത മൂന്ന് വസ്ത്രങ്ങൾ. ലഫാഫത്ത് നിലത്ത് വിരിക്കുകയും അതിന്റെ മുകളിൽ മദ്ധ്യത്തിലായി ഇസാറിനെ വിരിക്കുകയും ചെയ്യുക. ഖമീസ് ധരിപ്പിച്ച മയ്യിത്തിനെ തുണികളുടെ മധ്യത്തിലായി കിടത്തുക. ഇസാറിന്റെ ഇടതുഭാഗം മയ്യിത്തിന്റെ വലതു ഭാഗത്തേക്ക് പൊതിയുക. പിന്നീട് ഇസാറിന്റെ വലതുഭാഗം മയ്യിത്തിന്റെ ഇടതുഭാഗത്തേക്ക് പൊതിയുക. ശേഷം ലഫാഫത്തിന്റെ ഇടതുഭാഗം മയ്യിത്തിന്റെ വലതുഭാഗത്തേക്ക് പൊതിയുക. പിന്നീട് ലഫാഫത്തിന്റെ വലതു ഭാഗം മയ്യിത്തിന്റെ ഇടതു ഭാഗത്തേക്കും പൊതിയുക. 

തലപ്പാവ് ധരിപ്പിക്കൽ പ്രബല അഭിപ്രായമനുസരിച്ച് കറാഹത്താണ്. 

സ്ത്രീയുടെ മയ്യിത്ത് അഞ്ച് വസ്ത്രങ്ങളിൽ പൊതിയുന്നതാണ് സുന്നത്ത്. മുകളിൽ പറഞ്ഞ മൂന്ന് വസ്ത്രങ്ങൾക്ക് പുറമേ തലയും മുഖവും മറയുന്ന മക്കന, നെഞ്ചിന്റെ മുകൾഭാഗം മുതൽ പൊക്കിൾ വരെ മറയുന്ന ഖിർഖ എന്നീ രണ്ട് വസ്ത്രങ്ങൾ കൂടിയാണ് സ്ത്രീയുടെ മയ്യിത്ത് പൊതിയാൻ ഉപയോഗിക്കേണ്ടത്. ആദ്യം ഖമീസ് ധരിപ്പിക്കുക. അതിന്റെ മുകളിലായി മക്കന ധരിപ്പിക്കുക. അതിന് മുകളിൽ മുമ്പ് പറഞ്ഞ പ്രകാരം ഇസാർ ധരിപ്പിച്ച ശേഷം ഖിർഖ കൊണ്ട് മാറും വയറും ചുറ്റി കെട്ടുക. പിന്നീട് മുമ്പ് പറഞ്ഞ പോലെ ലഫാഫത്ത് കൊണ്ട് പൊതിയുക. (ഹാശിയതു ത്വഹ്ത്വാവീ പേ: 575-579)

എനിക്ക് 25 പവൻ സ്വർണ്ണാഭരണം ഉണ്ട്. അതിൽ പത്ത് പവൻ ഞാനും 15 പവൻ പെൺമക്കളും ഉപയോഗിക്കുന്നു. ഈ സ്വർണ്ണത്തിന് സക്കാത്ത് കൊടുക്കണ്ടതുണ്ടോ?

 

അതെ. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കട്ടികൾ, ധരിക്കൽ അനുവദനീയമായതും അല്ലാത്തതുമായ ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയിലെല്ലാം സകാത്ത് നിർബന്ധമാണ്. (അല്ലുബാബ് പേ:156)

സുന്നത്ത് നിസ്കാരങ്ങൾ നേർച്ചയാക്കാമോ? ആക്കാമെങ്കിൽ അത് ഫർളായി മാറുമോ?

 

ഫർള് അല്ലാത്ത നിസ്കാരങ്ങൾ നേർച്ചയാക്കൽ സഹീഹാകും. (മറാഖിൽ ഫലാഹ് പേ:694) നേർച്ചയാക്കിയ ഏത് ഇബാദത്തും ചെയ്തു വീട്ടൽ നിർബന്ധമാണ്. (ഹാശിയതു ത്വഹ്ത്വാവീ പേ:692)

എൻ്റെ ഭർത്താവ് ഷാഫിഈ മദ്ഹബ്കാരനാണ്. ഞാൻ ഹനഫീ മദ്ഹബും. മക്കളെ ഏത് മദ്ഹബും പ്രകാരമാണ് ഇബാദത്തുകൾ ചെയ്യിപ്പിക്കേണ്ടത്?

 

ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ എന്നീ നാലു മദ്ഹബുകളിൽ ഏതും അവലംബിക്കാവുന്നതാണ്. ഈ നാലുമല്ലാത്ത മറ്റൊരു മദ്ഹബും അവലംബിക്കാൻ പാടില്ലാത്തതുമാണ്. മാതാപിതാക്കളിൽ രണ്ടുപേരുടെയും മദ്ഹബോ അല്ലെങ്കിൽ പിതാവിന്റെയോ മാതാവിന്റെയോ മദ്ഹബോ തന്നെ അവലംബിക്കൽ മക്കൾക്ക് നിർബന്ധമില്ല. ആയതിനാൽ മക്കളെ ഏതു മദ്ഹബ് അനുസരിച്ചും ഇബാദത്തുകൾ ശീലിപ്പിക്കാം. എന്നാൽ കുടുംബത്തിലും കൂട്ടുകാരിലും നാട്ടിലും കൂടുതൽ ഏത് മദ്ഹബ് കാരാണോ ആ മദ്ഹബ് ശീലിപ്പിക്കുന്നത് ഉത്തമമാണ്. അതിലുപരി മദ്രസയിൽ പഠിക്കുന്ന മദ്ഹബ് അനുസരിച്ച് ഇബാദത്തുകൾ ശീലിപ്പിക്കുന്നത് തന്നെയാണ് കൂടുതൽ നല്ലത്. രണ്ടു മദ്ഹബും പഠിപ്പിക്കാൻ സാധിക്കുമെങ്കിൽ അത് ഏറ്റവും ഉത്തമം.

മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം മയിലാഞ്ചി പോലുള്ളത് ചേർത്ത് തിളപ്പിക്കണ്ടതുണ്ടോ? മയ്യിത്തിനെ വുളൂ ചെയ്യിപ്പിക്കണ്ടത് കുളിപ്പിക്കുന്നതിൻ്റെ ആദ്യത്തിലോ അവസാനത്തിലോ?

 

മയ്യിത്ത് കുളിപ്പിക്കുന്നതിനുള്ള വെള്ളം വാകമരത്തിന്റെയോ താളിയുടെയോ ഇല ഇട്ട് തിളപ്പിക്കണം. അവ രണ്ടും ലഭ്യമല്ലെങ്കിൽ വെറും വെള്ളം തിളപ്പിച്ചാൽ മതി(ഹാശിയതു ത്വഹ്ത്വാവീ പേ: 568).

കുളിപ്പിക്കുന്നതിന്റെ തുടക്കത്തിലാണ് മയ്യിത്തിനെ വുളൂഅ് ചെയ്യിപ്പിക്കേണ്ടത്. (ibid പേ:567)

മയ്യിത്ത് നിസ്കാരത്തിൽ ഇമാമായി നിൽക്കുമ്പോൾ ഷാഫിഈ മദ്ഹബിൽപ്പെട്ടവർ തുടർന്ന് നിസ്കരിച്ചാൽ അവരെ പരിഗണിച്ച് സനാഇന് പകരം ഫാത്തിഹ ഓതാമോ? എന്താണ് വിധി ?

 

മയ്യിത്ത് നിസ്കാരത്തിൽ ഒന്നാം തക്ബീറിന് ശേഷം സനാഅ് ചൊല്ലൽ സുന്നത്താണ്. സനാഅ് ഉദ്ദേശത്തോടു കൂടെ ഫാത്തിഹ ഓതൽ അനുവദനീയമാണ്. കർമ്മശാസ്ത്രത്തിലെ അഭിപ്രായഭിന്നതകൾ പരിഗണിക്കൽ സുന്നത്താണ്. ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായമനുസരിച്ച് ഫാത്തിഹ ഓതൽ മയ്യിത്ത് നിസ്കാരത്തിന്റെ ഫർള് ആണ്. പ്രസ്തുത അഭിപ്രായം പരിഗണിച്ചുകൊണ്ട് ഖുർആൻ എന്ന ഉദ്ദേശത്തോടു കൂടെ തന്നെ ഫാത്തിഹ ഓതുന്നതിന് തടസ്സമില്ല. (മറാഖിൽ ഫലാഹ് പേ:584)

ശാഫിഈ മദ്ഹബുകാർ തുടർന്ന് നിസ്കരിക്കാത്ത സന്ദർഭത്തിൽ തന്നെ ഒന്നാം തക്ബീറിനു ശേഷം ഫാത്തിഹ ഓതൽ അനുവദനീയമാണെന്നാണ് ഈ വിശദീകരിച്ചത്. എങ്കിൽ ഷാഫി മദ്ഹബുകാർ പിൻതുടരുമ്പോൾ അവരെ പ്രത്യേകം പരിഗണിക്കണമല്ലോ. ആ നിലക്ക് ഏതായാലും ഫാതിഹ ഓതേണ്ടതാണ്.

പകലിൽ നാല് റക്അത്തിനെക്കാൾ അധികം സുന്നത്ത് നിസ്ക്കരിക്കുന്നതിൻ്റെ വിധി എന്ത്?

 

പകലിലെ സുന്നത്ത് നിസ്കാരം രണ്ടോ, നാലോ റക്അത്തുകൾ കൂട്ടി നിസ്കരിച്ച് ഒരു സലാം കൊണ്ട് അവസാനിപ്പിക്കാവുന്നതാണ്. നാല് റക്അത്തിനേക്കാൾ അധികം കൂട്ടി നിസ്കരിച്ച് ഒരു സലാം കൊണ്ട് അവസാനിപ്പിക്കുന്നത് കറാഹത്താണ്. എന്നാൽ രാത്രിയിലെ സുന്നത്ത് നിസ്കാരം രണ്ട്, നാല്, ആറ്, എട്ട് റക്അത്തുകൾ വരെ കൂട്ടി നിസ്കരിച്ച്  ഒരു സലാം കൊണ്ട് പൂർത്തിയാക്കാവുന്നതാണ്. ഒരു സലാം കൊണ്ട് എട്ടിലധികം നിസ്കരിക്കുന്നത് കറാഹത്താണ്. രാത്രിയായാലും പകലായാലും നാല് റക്അത്തുകൾ ഒരു സലാം കൊണ്ട് നിസ്കരിക്കുന്ന താണ് ഇമാം അബൂ ഹനീഫ (റ)ന്റെ അടുക്കൽ ഏറ്റവും ശ്രേഷ്ഠമായത്. (അല്ലുബാബ് 108-109)

മയ്യിത്തിൽ റീത്ത് സമർപ്പിക്കുന്നതിൻ്റെ വിധി എന്ത് ?

 

റീത്ത് വെക്കുന്നത് അടിസ്ഥാനപരമായി ഗ്രീക്ക് സംസ്കാരത്തിന്റേയും ജൂത ക്രിസ്തീയ അനാചാരങ്ങളുടെയും ഭാഗമാണ്. വൃത്താകൃതിയിൽ പൂക്കളാൽ അലങ്കരിക്കപ്പെടുന്ന റീത്ത്  ശാശ്വത ജീവിത വൃത്തത്തിന്റെ പ്രതീകമാണ്. വെള്ള പൂക്കൾ കൊണ്ടുള്ള റീത്ത് ചാരിത്ര്യശുദ്ധിയുടെ പ്രതീകവും. വ്യത്യസ്ത നിറങ്ങളിലുള്ളത് വ്യത്യസ്ത വികാരത്തിന്റെ പ്രതീകമാണ്. പുനർജന്മ ജീവിതത്തിലെ വ്യത്യസ്തതകളെ അടയാളപ്പെടുത്തുകയാണ് റീത്ത് കൊണ്ടുള്ള ഉദ്ദേശ്യം.

അന്യമതസ്ഥരോട് സാമ്യപ്പെടുന്നതിനെ തൊട്ട് തിരുനബി(സ്വ) വ്യാപകമായി നിരോധിച്ചതിനാൽ അവരുടെ ആചാരങ്ങൾ ഉപേക്ഷിക്കേണ്ടതാണ് (തബ് യീനുൽ ഹഖാഇഖ് 3/134).

അന്യമതസ്ഥരുടെ ആചാരങ്ങൾ ചെയ്യുന്നത് കുറ്റകരമായ(തഹ് രീമിന്റെ) കറാഹത്താണ് (റദ്ദുൽ മുഹ്താർ 3/337).

മറ്റൊരു മതത്തിന്റെ ആചാരത്തിനോട് സാമ്യതയുണ്ടാകാൻ വേണ്ടിയും അതിൽ പങ്കാളിയാകുക എന്ന നിലക്കും അത് നിർവഹിക്കുന്നത് കുഫ്റാണ്. പ്രസ്തുത ഉദ്ദേശമില്ലാതെ മറ്റൊരാൾ ചെയ്യുന്നത് ചെയ്യുക എന്ന നിലക്ക് അത് ചെയ്യുന്നത് കുറ്റകരവുമാണ്. (ഫതാവാ ൽ കുബ്റാ 4/215)

ഒരാളോട് പൊരുത്തപ്പെടാൻ പറഞ്ഞാൽ അയാൾ പൊരുത്തപ്പെടില്ല എന്ന് പറഞ്ഞാൽ അതിന്റെ വിധി എന്തെന്ന് വിശദീകരിച്ചു തരുമോ ?

 

തന്നോട്  അനിഷ്ഠം ചെയ്തയാൾക്ക് മാപ്പാക്കുക, വിടുതി ചെയ്യുക എന്നത് സൽകർമ്മവും സുന്നത്തുമാണ്. ചിലപ്പോൾ അത് നിർബന്ധവുമാകും. വിശുദ്ധ ഖുർആൻ സൂറത്തുന്നൂർ:22-ാം ആയത്ത് ഇതിനു മതിയായ തെളിവാണ്. അള്ളാഹു നിങ്ങൾക്ക് പൊറുത്തു തരൽ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ എന്ന ഈ ആയത്തിലെ വാചകം പ്രത്യേകം ശ്രദ്ധേയമാണ്. മാപ്പാക്കുക, വിടുതി ചെയ്യുക എന്നതിന്റെ ഫലമായി അള്ളാഹു പൊറുത്തു തരും എന്നാണല്ലോ അതിന്റെ ആശയം. സത്യസന്ധനായ നിലയിലോ കളവ് പറഞ്ഞ് കൊണ്ടോ ആയാലും ഒരാൾ മാപ്പ് ചോദിച്ചിട്ട് അവന് മാപ്പ് നൽകിയില്ലെങ്കിൽ അയാൾക്ക് ഖിയാമത്ത് നാളിൽ എന്റെ ഹൗളിൽ കൗസറിനടുത്ത് വരാൻ കഴിയില്ലെന്ന് നബി(സ്വ) താക്കീത് നൽകിയിട്ടുണ്ട്. (തഫ്സീറുർ റാസി 23/355).

ഹനഫീ മദ്ഹബ്കാരനായ ഞാൻ ശാഫിഈ മദ്ഹബ് തഖ്ലീദ് ചെയ്ത് കഴിഞ്ഞ ആറ് മാസമായി ഇബാദത്തുകൾ ചെയ്ത് പോരുന്നു. ഹനഫീ മദ്ഹബിൽ ആയിരുന്നപ്പോൾ ഖളാഅ് വന്ന നിസ്ക്കാരങ്ങൾ നിലവിൽ ഏത് മദ്ഹബ് അനുസരിച്ചാണ് ഞാൻ നിസ്ക്കരിക്കേണ്ടത് ?

 

ഓരോ ഇബാദത്തുകളും നിർവഹിക്കുമ്പോഴാണ് അത് ഏത് മദ്ഹബനുസരിച്ച് നിർവഹിക്കണം എന്ന് തീരുമാനിക്കേണ്ടത്. ആയതിനാൽ നിസ്കാരം ഖളാഅ് ആകുന്ന സമയത്ത് ഏത് മദ്ഹബു കാരനായിരുന്നാലും അത് ഖളാഅ് വീട്ടുമ്പോൾ ഷാഫിഈ മദ്ഹബോ ഹനഫീ മദ്ഹബോ മറ്റ് മദ്ഹബുകൾ അനുസരിച്ചോ നിസ്ക്കരിക്കാവുന്നതാണ്.

ഉള്ഹിയത്തിൻ്റെ മാംസം മൂസ് ലിംകൾ അല്ലാത്തവർക്കും മുസ്ലിംകളിലെ സമ്പന്നർക്കും ബിദ്അത്ത് കാർക്കും നൽകാമോ?

 

നേർച്ചയാക്കപ്പെട്ടതല്ലാത്ത ഉള്ഹിയത്തിന്റെ മാംസം മുസ്ലിം സമ്പന്നർക്ക് നല്കാവുന്നതാണ്. നേർച്ചയാക്കപ്പെട്ട ഉളുഹിയ്യത്തിന്റേത് മുസ്ലിം സമ്പന്നർക്ക് നൽകാനോ സ്വന്തം എടുക്കാനോ പാടില്ല. അത് മുഴുവൻ സാധുക്കൾക്ക് നൽകേണ്ടതാണ് (ഉംദതുർ രിആയ 7/257, റദ്ദുൽ മുഹ്താർ 9/473).

ഉള്ഹിയത്ത് മാംസം  അമുസ്ലിമിന് നൽകാൻ പാടില്ല(ഫതാവാ റള് വിയ്യ 20/456).

ബിദ്അത്തുകാരോടുള്ള നിസ്സഹകരണത്തിന്റെ ഭാഗമായി അവർക്കും നൽകരുത്.

ഹനഫീ മദ്ഹബ് പ്രകാരം അറവിൻ്റെ നിയമങ്ങൾ വിശദീകരിച്ചു തരുമോ ?

 

അറുക്കുന്ന ആൾ മുസ്ലിമായിരിക്കണം. ബിസ്മി ചൊല്ലൽ ശർത്വാണ്. മനപ്പൂർവ്വം ബിസ്മി ചൊല്ലാതെ അറുത്തത് ഭക്ഷിക്കൽ അനുവദനീയല്ല. എന്നാൽ ബിസ്മി ചൊല്ലാൻ മറന്നതാണെങ്കിൽ കുഴപ്പമില്ല. അറവിന് ഉപയോഗിക്കുന്ന  കത്തിക്ക് നല്ല മൂർച്ച ഉണ്ടായിരിക്കണം. കത്തിയുടെ ഭാരം കൊണ്ടോ അറവുകാരന്റെ ബലം കൊണ്ടോ ആണ് മുറിയുന്നതെങ്കിൽ അത് ഭക്ഷിക്കാൻ പാടില്ല. തൊണ്ടയിലെ കെട്ടിന്റേയും നെഞ്ചിന്റെ മുകളിലായി  കഴുത്ത് അവസാനിക്കുന്ന ഭാഗത്തിന്റേയും ഇടയിലായിട്ടാണ് അറവ്  നടത്തേണ്ടത്. ശ്വാസനാളം, അന്നനാളം, പിരടിയുടെ ഇരു വശങ്ങളിലെ രണ്ട് രക്തക്കുഴലുകൾ എന്നിവ മുറിച്ചാണ് അറവ് നടത്തേണ്ടത്. ഇവയിൽ മൂന്നെണ്ണമെങ്കിലും പൂർണ്ണമായും മുറിഞ്ഞാൽ മാത്രമേ അറവ് ശരിയാവുകയുള്ളൂ എന്നാണ് ഇമാം അബൂ ഹനീഫ(റ)വിന്റെ അഭിപ്രായം. കഴുത്ത് പൂർണ്ണമായും മുറിച്ച് മാറ്റുന്നതും പെരടി എല്ലിന്റെ ഉള്ളിലെ വെളുത്ത നാര് വരെ മുറിക്കുന്നതും കറാഹത്താണ്

(അല്ലുബാബ് ഫീ ശർഹിൽ കിതാബ്, പേ: 610,611,613,614,621)

ശാഫിഈ മദ്ഹബ് ജമാഅത്ത് നടക്കുന്ന പള്ളിയിൽ അസ്വ് റിന് ആ ജമാഅത്തിൽ പങ്കെടുക്കുകയാണോ ചെയ്യണ്ടത്. അതല്ല നമ്മുടെ സമയം ആകാൻ കാത്തിരിക്കുകയാണോ ചെയ്യണ്ടത്?

 

ളുഹ്ർ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതോട് കൂടെയാണല്ലോ അസ്വ് റ് നിസ്കാരത്തിന്റെ സമയം ആരംഭിക്കുന്നത്. ഒരു വസ്തുവിന്റെ നിഴൽ അതിന്റെ ഇരട്ടിയാകുന്നതോട് കൂടെയാണ് ളുഹ്ർ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നത് എന്നാണ് ഇമാം അബൂ ഹനീഫ(റ)വിന്റെ പ്രബലമായ അഭിപ്രായം. എന്നാൽ ശാഫിഈ മദ്ഹബ് പോലെ ഒരു വസ്തുവിന്റെ നിഴൽ അതിന്റെ അത്രയാകുന്നതോട്കൂടെ ളുഹ്റിന്റെ സമയം അവസാനിക്കുമെന്നാണ് ഇമാം അബൂ യൂസുഫ്(റ), ഇമാം മുഹമ്മദ്(റ) എന്നീ ഹനഫീ മദ്ഹബിലെ സ്വാഹിബാനിയുടേയും ഇമാം സുഫർ(റ) എന്നവരുടേയും അഭിപ്രായം. ഇമാം അബൂ ഹനീഫ(റ)വിനും ഇങ്ങനെ ഒരു അഭിപ്രായവുമുണ്ട്. ഗുറ റ്, ബുർഹാൻ, ഫെെള് എന്നീ ഗ്രന്ഥങ്ങളിലും ഇമാം ത്വഹാവിയും ഈ അഭിപ്രായത്തെ പ്രബലമാക്കിയിട്ടുമുണ്ട്. എന്നാൽ ഒരു വസ്തുവിന്റെ നിഴൽ അതിന്റെ അത്രയാകുന്നതിന് മുമ്പ് ളുഹ്ർ നിസ്കരിക്കുകയും ഒരു വസ്തുവിന്റെ നിഴൽ അതിന്റെ ഇരട്ടി ആയതിന് ശേഷം അസർ നിസ്കരിക്കുകയും ചെയ്യുന്നതാണ് സൂക്ഷ്മത. (അല്ലുബാബ് പേ: 83-84, ഹാശിയതു ത്വഹ്ത്വാവീ പേ:  175-177).

ശാഫിഈ പള്ളിയിൽ ജമാഅത്ത് നടക്കുമ്പോൾ ഹനഫീ മദ്ഹബുകാർക്ക് അതിൽകൂടി നിസ്കരിക്കൽ അനുവദനീയമാണെന്നും എന്നാൽ ഹനഫികളുടെ സമയമാകുന്നത് വരെ കാത്തിരിക്കുന്നതാണ് സൂക്ഷ്മതയെന്നും മുകൾ വിശദീകരണത്തിൽ നിന്ന് മനസ്സിലാകുമല്ലോ.

ശാഫിഈ ഇമാമിനോടൊപ്പം തുടർന്ന് നിസ്ക്കരിക്കുമ്പോൾ ഇമാമിന് തെറ്റ് സംഭവിക്കുകയും ഇമാം സഹ് വിൻ്റെ സുജൂദ് ചെയ്യുകയും ചെയ്യുന്നു. അപ്പോൾ ഹനഫി മദ്ഹബ്കാരനായ ഞാൻ എന്താണ് ചെയ്യണ്ടത് ?

 

നിസ്കാരത്തിലെ രണ്ട് സലാമുകളിൽ ഒന്ന് വീട്ടിയതിന് ശേഷമാണ് ഹനഫീ മദ്ഹബ് പ്രകാരം സഹ് വിന്റെ സുജൂദ് ചെയ്യേണ്ടത്. എന്നാൽ സലാം വീട്ടുന്നതിന് മുമ്പ് സഹ് വിന്റെ സുജൂദ് ചെയ്യണമെന്ന മദ്ഹബ് കാരനാണ് ഇമാമെങ്കിൽ ഹനഫീ മദ്ഹബ്കാരനായ മഅ്മൂം അദ്ദേഹത്തിനെ തുടർന്ന് കൊണ്ട് സലാമിന്റെ മുമ്പ് സുജൂദ് ചെയ്യേണ്ടതാണ്. റമളാൻ മാസത്തിലെ ഖുനൂത്ത് റുകൂഇന്റെ ശേഷം  ഓതണമെന്ന മദ്ഹബ് കാരനാണ് ഇമാമെങ്കിൽ അദ്ദേഹത്തിനെ തുടർന്ന് കൊണ്ട് റുകൂഇന്റെ ശേഷം ഹനഫീ മദ്ഹബ്കാരനായ മഅ്മൂം ഖുനൂത്ത് ഓതണമെന്നത് പോലെയാണിത്. 

(ഹാശിയതു ത്വഹ്ത്വാവീ, പേ: 463) 

Thursday, 28 December 2023

മൊബൈൽ ഫോണിലുള്ള ഖുർആനിൽ സ്പർശിക്കാർ വുളുഅ് ആവശ്യമുണ്ടോ?


മൊബൈൽ ഫോൺ, കമ്പ്യൂട്ടർ  തുടങ്ങിയ ആധുനിക ഉപകരണങ്ങളിലും വിവിധയിനം മെമ്മറികളിലും ലഭ്യമായ ഖുർആൻ ഡിജിറ്റൽ അക്ഷരങ്ങൾ കൊണ്ട് രേഖപ്പെടുത്തപ്പെട്ടത് ആണെങ്കിലും യഥാർത്ഥ ഖുർആൻ ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്.

എന്നാൽ ഖുർആൻ ആയത്തുകൾ സ്ക്രീനിൽ തെളിയുന്ന സമയത്തുപോലും അവ സ്പർശിക്കാനോ എടുക്കാനോ ചുമക്കാനോ ചെറിയ, വലിയ അശുദ്ധികളിൽ നിന്ന് ശുദ്ധി ഉണ്ടാകേണ്ടതില്ല. കാരണം ഖുർആൻ ആയത്തുകൾ രേഖപ്പെടുത്തിയത് ഈ ഉപകരണങ്ങളുടെ സ്ക്രീനിൽ അല്ല. ഒരു പെട്ടിയുടെ ഉള്ളിൽ മുസ്വ് ഹഫ് ഉള്ളതോടുകൂടെ ആ പെട്ടി വലിയ അശുദ്ധിക്കാർക്ക് വരെയും  തൊടുകയും എടുക്കുകയും ചുമക്കുകയും ചെയ്യൽ അനുവദനീയവുമാണ്(റദ്ദുൽ മുഹ്താർ 1/293). 

ഈ ഉപകരണങ്ങൾ അത്തരമൊരു പെട്ടിയുടെ സ്ഥാനത്തണ്. എന്നാലും ഖുർആൻ വചനങ്ങൾ സ്ക്രീനിൽ തെളിയുന്ന സമയത്ത് ചെറിയ, വലിയ അശുദ്ധി ഉള്ളവർ അതിനെ തൊടുകയും എടുക്കുകയും ചുമക്കുകയും ചെയ്യാതിരിക്കുന്നതാണ് ഉത്തമം.(മൊബൈൽ ഫോൺ ളരൂരി മസാഇൽ/ മുഹമ്മദ് ത്വുഫെെൽ മിസ്ബാഹി, മിൻഹാജുൽ ഖുർആൻ, ഫത് വാ നമ്പർ. 3439. 28-22-2014)



മിമ്പറിന് എത്ര പടികളാണ് വേണ്ടത്. എത്രാമത്തെ പടിയിലാണ് ഖത്തീബ് ഇരിക്കേണ്ടത് ?

 

മുസ്തറാഹ് എന്ന് പേര് ഉള്ള (ഖത്തീബ് ഇരിക്കുന്ന) പടി ഒഴികെ മൂന്ന് പടികളാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മിമ്പറിന് ഉണ്ടായിരുന്നത്. (ഹാശിയതു റദ്ദിൽ മുഹ്താർ 2/175). മൊത്തത്തിൽ മിമ്പറിന് നാല് പടികളാണ് വേണ്ടതെന്നും നാലാമത്തേതിലാണ് ഇരിക്കേണ്ടതെന്നും ഇതിൽ നിന്ന് വ്യക്തമാണ്.


ഒറ്റിയ്ക്ക് (നിശ്ചിത തുക ഉടമസ്ഥന് നൽകി നിശ്ചിത കാലാവധി വാടക യില്ലാതെ താമസിക്കുക) ഇതിന്റെ വിധി എന്ത് ?


വീട് ഒറ്റിയ്ക്ക് എടുക്കുക, പണയത്തിന് എടുക്കുക, ലീസിന് എടുക്കുക എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു ഇടപാട് ആണല്ലോ ഇത്. പണയമായി എടുത്ത വീട്ടിൽ താമസിക്കുന്നത് വീടിന്റെ ഉടമസ്ഥന്റെ  അനുമതിയോടുകൂടി ആയതിനാൽ ഇത് അനുവദനീയമാണ്. എന്നാൽ നിശ്ചിത തുക കൊടുത്ത് വീട് പണയമായി കൈപ്പറ്റുന്ന ഇടപാടിൽ പ്രസ്തുത വീട്ടിൽ താമസിക്കും എന്ന നിബന്ധന വെക്കാൻ പാടില്ല എന്ന് ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ നിബന്ധന വെച്ചാൽ ഇത് കുറ്റകരമായ പലിശ ഇടപാട് ആകും. പ്രസ്തുത വീട്ടിൽ താമസിക്കൽ  പാടില്ലാത്തതാണ്. കുറ്റകരമായ(തഹ് രീമിന്റെ) കറാഹത്താണ്. 

ഈ പണയ ഇടപാട്  അസാധുവായ വാടക ഇടപാട് ആണെന്നും  മാർക്കറ്റിൽ പ്രസ്തുത വീടിന് ലഭിക്കാവുന്ന വാടകക്ക് ഉടമസ്ഥൻ അർഹനാണ് എന്ന മറ്റൊരു അഭിപ്രായവും ഉണ്ട്.

(ഹാശിയതു റദ്ദിൽ മുഹ്താർ 7/395, 10/82-87)


മുസ്ലിം അല്ലാത്ത ഭാര്യ ഭർത്തക്കൻമാർ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിം ആയി. എന്നാൽ വീണ്ടും ശരീഅത്ത് പ്രകാരം നിക്കാഹ് ചെയ്യണ്ടതുണ്ടോ?

 

അവർ വിശ്വസിച്ചിരുന്ന ഒരു വിവാഹ ചടങ്ങിലൂടെ വിവാഹിതരായവരാണെങ്കിൽ, അവർ ഒന്നിച്ച് ഒരു സമയത്ത് ഇസ്ലാം സ്വീകരിക്കുകയും ചെയ്താൽ ഇസ്ലാം സ്വീകരിച്ചതിന് ശേഷം ശരീഅത്ത് നിയമം അനുസരിച്ച് വിവാഹം നടത്തേണ്ടതില്ല. പഴയ വിവാഹബന്ധം നിലനിൽക്കുന്നതാണ്. എന്നാൽ  പ്രസ്തുത ഭാര്യ ഭർത്താക്കൾ പിതാവ്- മകൾ, മാതാവ്- മകൻ, സഹോദരി-സഹോദരൻ എന്നിങ്ങനെയുള്ളവരാണെങ്കിൽ  (അഥവാ അവർക്കിടയിൽ മഹ്റമിയ്യത്ത് ഉണ്ടെങ്കിൽ) അവർ ഇസ്ലാം വിശ്വസിക്കുന്നതോടുകൂടി അവരുടെ വിവാഹബന്ധം വേർപെടുന്നതാണ്. പിന്നീട് നികാഹ് നടത്തി ഭാര്യ ഭർത്താക്കന്മാരായി ജീവിക്കാനും കഴിയില്ല. ഇസ്ലാം ആശ്ലേഷിച്ച ശേഷവും അവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചാൽ ഉത്തരവാദിത്വമുള്ള അധികാരികൾ (ഖാളിയും മറ്റും) അവരെ അതിൽ നിന്ന് തടയേണ്ടതാണ്.

( അദ്ദുർറുൽ മുഖ്താർ 3/203-205, ശറഹുൽ വിഖായഃ 3/289-291)

ഖുത്തുബക്ക് വാളോ/ വടിയോ ഉപയോഗിക്കണ്ടതുണ്ടോ? ഉണ്ടങ്കിൽ അതിൻ്റെ പൂർണ്ണരൂപം എന്ത് വിവരിക്കാമോ?

 

ശത്രുക്കളുടെ എതിർപ്പ് യുദ്ധം ചെയ്ത് തോൽപ്പിച്ച് ഇസ്ലാം വ്യാപിച്ച നാടുകളിൽ വാള് ഇടതുകൈയ്യിൽ ഊന്നി പിടിച്ച് ഖത്വീബ് മിമ്പറിൽ  നിൽക്കുന്നതാണ് സുന്നത്ത്. എതിർപ്പുകൾ ഇല്ലാതെ സമാധാനപരമായി ഇസ്ലാം പ്രചരിച്ച നാടുകളിൽ വാള് പിടിക്കേണ്ടതില്ല. വാളിന് പകരം വടിയോ അമ്പോ പിടിക്കൽ സുന്നത്തുണ്ടോ എന്നതിൽ അഭിപ്രായ ഭിന്നതയുണ്ട്.

(ഹാശിയതു ത്വഹ്ത്വാവീ പേ: 515)

വായിൽ വെള്ളം കയറ്റി കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും കുളിയുടെ ഫർളാണല്ലോ? വായുടെയും മൂക്കിൻ്റെയും അതിർത്ഥി എത്ര വരെയാണ്

 

വായിൽ എല്ലാ ഭാഗത്തും വെള്ളം വ്യാപിപ്പിക്കുന്നതിനാണ് സാങ്കേതികമായി മള്മളത്ത് (വായിൽ വെള്ളം കയറ്റി കൊപ്ളിക്കൽ) എന്ന് പറയുന്നത്. മൂക്കിന്റെ ഉപ അസ്ഥി(മൃദുലമായ അസ്ഥി) വരെ വെള്ളമെത്തിക്കുന്നതിനാണ് ഇസ്തിൻശാഖ് (മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ) എന്ന് സാങ്കേതികമായി പറയുന്നത്. 

(ഹാശിയതു ത്വഹ്ത്വാവീ പേ: 69)

മൂത്ര വാർച്ച പോലോത്തവർക് ഫർള് നിസ്കാരങ്ങൾക്ക് സമയം ആകുന്നതിന്നു മുമ്പ് വുളൂഅ് ചെയ്യാമെന്നും, ഒരു വുളൂഅ് കൊണ്ട് ഒന്നിൽ കൂടുതൽ ഫർള് നിസ്കരിക്കാമെന്നും കേൾക്കുന്നു. ഇത് ശരിയാണോ??

 

ഓരോ ഫർള് നിസ്കാരത്തിനും സമയമായ ശേഷം വുളൂഅ്  ചെയ്യുകയാണ് വേണ്ടത്. പ്രസ്തുത വുളൂഅ് കൊണ്ട് ആ നിസ്കാരത്തിന്റെ സമയം തീരുന്നതിന് മുമ്പായി ഒന്നിലധികം ഫർളുകളും(അദാഉം ഖളാഉം) സുന്നത്തുകളും നിസ്കരിക്കാം. ആ നിസ്കാരത്തിന്റെ സമയം കഴിയുന്നതോട് കൂടി പ്രസ്തുത വുളൂഅ് നിഷ്ഫലമാകുതാണ്. പിന്നീട് അടുത്ത നിസ്കാരത്തിന്റെ സമയത്ത് മറ്റൊരു വുളൂഅ് ചെയ്യണം. 

അല്ലുബാബ് പേ: 67.

എൻ്റെ പ്രസംവം കഴിഞ്ഞിട്ട് പത്ത് മാസം ആയി. ഇതിനിടയിൽ എനിക്ക് ഒരു പ്രാവശ്യം ഹൈള് ഉണ്ടായി. അത് ഏഴ് ദിവസം നീണ്ട് നിന്നു. എന്നാൽ ഇതിന് ശേഷം ഇടവെട്ട ദിവസങ്ങളിൽ അല്പാല്പമായി രക്തം വരുന്നു. എനിക്ക് നിസ്ക്കരിക്കാനും ഖുർആൻ ഓതാനും പറ്റുമോ? പറ്റുമെങ്കിൽ എന്താണ് ഞാൻ ചെയ്യേണ്ടത്.

 

ആർത്തവം ചുരുങ്ങിയത് മൂന്ന് ദിവസവും കൂടിയത് പത്തുദിവസവും ആണല്ലോ. രക്തം തുടർച്ചയായി പുറപ്പെടുക എന്നത് പരിഗണിക്കുന്നില്ല. മൂന്ന് മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ ഇടകലർന്ന രക്തവും ശുദ്ധിയും ഉണ്ടായാൽ പൂർണ്ണമായും ആർത്തവ കാലമായി പരിഗണിക്കും. ആയതിനാൽ ഇങ്ങനെ ഇടകലർന്ന് വരുന്ന ശുദ്ധി സമയത്തും നിസ്കാരം പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല. ഇടക്കിടെയുള്ള രക്തവും അതിനിടയിലുള്ള ശുദ്ധിയും കൂടി മൂന്നുദിവസം തികയാതിരിക്കുകയോ പത്ത് ദിവസത്തിലധികം ആകുകയോ ചെയ്താൽ അത് ബ്ലീഡിങ് (ഇസ്തിഹാളത്) ആണ്. അപ്പോൾ ഓരോ ഫർള് നിസ്കാരത്തിനും സമയമായ ശേഷം ഗുഹ്യസ്ഥാനം കഴുകി പഞ്ഞിയും മറ്റുമുപയോഗിച്ച്  ഭദ്രമായി കെട്ടിയ ശേഷം വുളൂഅ് ചെയ്ത് നിസ്കരിക്കണം. ഓരോ നിസ്കാരത്തിന്റെ സമയം ആയ ശേഷവും ഇങ്ങനെ ചെയ്യണം. 

(ഹാശിയതു ത്വഹ്ത്വാവീ പേ 139-150, അല്ലുബാബ് 72-76)


ത്വവാഫ് ചെയ്യുന്നതിന് ചെറിയ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ഉണ്ടാകണമോ? ആർത്തവകാരി ഹജ്ജിന്റെ ഫർളായ ത്വവാഫ് ചെയ്യുന്നത് സഹീഹ് ആകുമോ ? ഹജ്ജ് കഴിഞ്ഞ് മടങ്ങാനുള്ള യാത്രയുടെ സമയമായ ആർത്തവകാരി എന്ത് ചെയ്യും?

 

മുസ്ലിമായിരിക്കുക, ഇഹ്റാമിന്റെയും അറഫയിൽ നിർത്തത്തിന്റെയും ശേഷം ആയിരിക്കുക, പെരുന്നാൾ ദിവസം സുബ്ഹി സമയം ആയതിന് ശേഷം ആകുക, മസ്ജിദുൽ ഹറാമിന്റെ ഉള്ളിൽ കഅ്ബക്ക് ചുറ്റും ആയിരിക്കുക, ബോധക്ഷയം ഉള്ളവരല്ലാത്തവർ സ്വന്തമായി നിർവഹിക്കുക എന്നീ കാര്യങ്ങൾ ഹജ്ജിന്റെ ഫർളായ ത്വവാഫ് സഹീഹാകുന്നതിനുള്ള നിബന്ധനകളാണ്. 

കഴിവുള്ളവർ നടക്കുക,  വലത് ഭാഗത്ത് കൂടി ആയിരിക്കുക, ഏഴ് തവണ പൂർത്തിയാക്കുക, ചെറിയ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ഉണ്ടായിരിക്കുക, ഔറത്ത് മറക്കുക, ദുൽഹജ്ജ് പത്ത്, പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളിൽ നിർവഹിക്കുക എന്നീ കാര്യങ്ങൾ നിർബന്ധ ത്വവാഫിന്റെ വാജിബാത്തുകൾ (നിർബന്ധമായ കാര്യങ്ങൾ) ആണ്. അടിസ്ഥാന നിർബന്ധമായ കാര്യങ്ങൾ(റുക്നുകൾ)ക്ക് പുറമേയാണിത്. ഇവിടെ എണ്ണിപ്പറഞ്ഞ കാര്യങ്ങൾ റുക്നുകൾ അല്ലാത്ത വാജിബുകൾ ആയതിനാൽ അവയിലൊന്ന് ഒഴിവാക്കിയാലും ത്വവാഫ് സഹീഹാകും. അതോടൊപ്പം തന്നെ വാജിബ് ഉപേക്ഷിച്ചതിന്റെ പേരിൽ കുറ്റക്കാരനാകുകയും ചെയ്യും. അതായത് ചെറിയ വലിയ അശുദ്ധിയോട് കൂടെയുള്ള ത്വവാഫ് സഹീഹാകുമെങ്കിലും കുറ്റകരമാണ്.

പള്ളിയിൽ പ്രവേശിക്കുന്നതും ത്വവാഫ് നിർവഹിക്കുന്നതും ആർത്തവകാരിക്ക് അനുവദനീയമല്ല എന്നതാണ് കുറ്റകരമാകാൻ കാരണം.  അശുദ്ധിയിൽ നിന്ന് ശുദ്ധി ഉണ്ടാകുക എന്നത്  ത്വവാഫിന്റെ വാജിബാണല്ലോ. അശുദ്ധിയോട് കൂടെ ത്വവാഫ് നിർവ്വഹിക്കൽ തഹ് രീമിന്റെ കറാഹത്താണ്. ത്വവാഫ് സ്വഹീഹാകുമെന്നത് മറ്റൊരു വസ്തുതയാണ്. 

ഇമാം ഇബ്നു അമീർ ഹാജിന്റെ വാക്കുകൾ റദ്ദുൽ മുഹ്താറിൽ ഉദ്ധരിക്കുന്നു: സഹയാത്രികർ ഹജ്ജ് കഴിഞ്ഞ് തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ ഒരു സ്ത്രീ ആർത്തവ രക്തത്തിൽ നിന്ന് ശുദ്ധിയായിട്ടില്ല. ത്വവാഫ് നിർവ്വഹിക്കൽ അവൾക്ക് അനുവദനീയമാണോ എന്ന് ഫത് വ ചോദിച്ചാൽ നിനക്ക് ഹറമിൽ പ്രവേശിക്കൽ അനുവദനീയമല്ല എന്നാണ് മുൻകാല പണ്ഡിതന്മാർ മറുപടി നൽകിയത്. കുറ്റം ചെയ്ത് കൊണ്ട് അവൾ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുകയും ത്വവാഫ് നിർവഹിക്കുകയും ചെയ്താൽ അവൾ കുറ്റക്കാരിയാകും. ത്വവാഫ് സ്വഹീഹാകുകയും ചെയ്യും. അതിലുപരി അവൾ നിബന്ധനയൊത്ത ഒരു ഒട്ടകത്തെ അറുത്ത് പ്രായശ്ചിത്തം ചെയ്യുകയും വേണം. സ്ത്രീകൾ അമ്പരക്കുന്നതും കൂടുതലായി സംഭവിക്കാറുള്ളതുമായ ഒരു മസ്അലയാണിത്".

ത്വവാഫ് കുറ്റകരമാണെന്നതിന് പുറമേ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്ന കുറ്റവും അവൾക്കുണ്ടല്ലോ. അശുദ്ധിയോട് കൂടെ ത്വവാഫ് ചെയ്ത കുറ്റത്തിന്റെ പ്രായശ്ചിത്തമായിട്ടാണ് ഒട്ടകത്തെ അറക്കുന്നത്. ഏതുതരം വലിയ അശുദ്ധിയോട് കൂടെ ത്വവാഫ് നിർവഹിക്കുന്നവർക്കും ഈ നിയമം ബാധകമാണ്.

ചെറിയ അശുദ്ധിയോട് കൂടെയാണ് ത്വവാഫ് നിർവഹിക്കുന്നതെങ്കിൽ ആ കുറ്റത്തിന് പ്രായശ്ചിത്തമായി നിബന്ധനയൊത്ത ഒരു ആടിനെയാണ് അറുക്കേണ്ടത്. 

വിശുദ്ധ മക്കയിലേക്ക് വരുമ്പോഴുള്ള ഉള്ള സുന്നത്തായ ഖുദൂമിന്റെ ത്വവാഫ്, ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോഴുള്ള  വാജിബായ സ്വദ്റിന്റെ ത്വവാഫ്, ഉംറയുടെ ത്വവാഫ്, മറ്റു സുന്നത്തായ ത്വവാഫുകൾ ഏതെങ്കിലും ഒന്ന് ആർത്തവമോ മറ്റ് വലിയ അശുദ്ധിയോ ഉള്ളതോടുകൂടി നിർവഹിച്ചാൽ ആ കുറ്റത്തിന് പ്രായശ്ചിത്തമായി ഒരു ആടിനെ അറുക്കണം. ചെറിയ അശുദ്ധിയോട് കൂടെയാണ് നിർവഹിക്കുന്നതിൽ അര സ്വാഅ് ഗോതമ്പോ ഒരു സ്വാഅ് കാരക്കയോ തത്തുല്യ വസ്തുക്കളോ സ്വദഖ  നൽകിയാണ് പ്രായശ്ചിത്തം പൂർത്തിയാക്കേണ്ടത്.

(അവലംബം: ശറഹുൽ വിഖായ, റദ്ദുൽ മുഹ്താർ.)

Tuesday, 26 December 2023

നജസിന്റെ ഇനങ്ങളും ശുദ്ധീകരണവും എങ്ങനെയാണ് ?

 

കഠിനമായത്, മൃദുലമായത് എന്നിങ്ങനെ നജസ് രണ്ടിനമാണ്. കള്ള്, അറവ് സമയത്ത് ഒലിപ്പിക്കപെട്ട രക്തം, ശവത്തിന്റെ മാംസം, ശവത്തിന്റെ ഊറക്ക് ഇടാത്ത തോല്, മാംസം ഭക്ഷിക്കൽ അനുവദനീയമല്ലാത്ത ജീവികളുടെ മൂത്രം, എലിയുടെ മൂത്രം, നായയുടെ കാഷ്ടം, വേട്ട മൃഗങ്ങളുടെ അയവിറക്കിയ ഭക്ഷ്യവസ്തുക്കളും ഉമിനീരും, കോഴി, താറാവ് എന്നിവയുടെ കാഷ്ടം, മനുഷ്യ ശരീരത്തിൽ നിന്ന് പുറപ്പെട്ട് ഒലിക്കുകയോ സ്ഥാനം വിട്ട് ചലിക്കുകയോ ചെയ്ത രക്തം, ശുക്ലം(മനിയ്യ്), വൈകാരിക മൂർച്ഛ കാരണമായി പുറപ്പെടുന്ന മദിയ്യ്, ഭാരം ചുമക്കുമ്പോഴോ മൂത്രമൊഴിച്ച ശേഷമോ പുറപ്പെടുന്ന വദിയ്യ്, സ്ത്രീ രക്തങ്ങൾ, നിയന്ത്രണവിധേയമല്ലാത്ത ഛർദ്ദി, കുതിര, കഴുത, കോവർകഴുത, ആട്, മാടുകൾ എന്നിവയുടെ കാഷ്ടം തുടങ്ങിയവ കഠിനമായ നജസുകളാണ്.

കാടനോ നാടനോ ആയ ആട്, മാട്, ഒട്ടകം, കുതിര തുടങ്ങിയ മാംസം ഭക്ഷിക്കൽ അനുവദനീയമായ മൃഗങ്ങളുടെ മൂത്രം, വേട്ടപ്പട്ടികൾ, പരുന്ത് തുടങ്ങിയ മാംസം അനുവദനീയമല്ലാത്ത പക്ഷികളുടെ കാഷ്ടം തുടങ്ങിയവ മൃദുവായ നജസുകളാണ്. 

കാഷ്ടം പോലെ കാണാവുന്ന രീതിയിൽ അവശേഷിക്കുന്നത്, ഉണങ്ങിയ മൂത്രം പോലെ കാണാത്ത രീതിയിലുള്ളത് എന്നിങ്ങനെ നജസുകൾ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രണ്ടിനമുണ്ട്. കാണാവുന്ന രീതിയിലുള്ള നജസുകൾ അതിന്റെ തടി നീങ്ങി ശുദ്ധിയാകുന്നത് വരെ കഴുകേണ്ടതാണ്. എന്നാൽ ഉണങ്ങിയ മൂത്രം പോലുള്ള കാണാൻ പറ്റാത്ത നജസുകൾ ചുരുങ്ങിയത് മൂന്നു പ്രാവശ്യം ആവർത്തിച്ച് കഴുകൽ നിർബന്ധമാണ്. വസ്ത്രം പോലെ പിഴിയാൻ പറ്റുന്ന വസ്തുക്കൾ ഓരോതവണ കഴുകിയ ശേഷവും പിഴിയുകയും വേണം. പിഴിയാൻ പറ്റാത്ത വസ്തുവിലെ നജസാണ് കഴുകുന്നതെങ്കിൽ ആദ്യത്തെ കഴുകലിന്റെ വെള്ളം ഒലിച്ചു പോയ ശേഷം വേണം രണ്ടാം തവണ വെള്ളമൊഴിച്ച് കഴുകേണ്ടത്. ഇപ്രകാരംതന്നെ മൂന്നാം തവണയും ചെയ്യണം. മൂന്ന് തവണ കഴുകിയിട്ടും ശുദ്ധി ആയതായി ധാരണ വന്നിട്ടില്ലെങ്കിൽ ശുദ്ധിയായികുന്നത് വരെ ആവർത്തിച്ചു കഴുകണം.   

അലങ്കാര മത്സ്യങ്ങൾ, പ്രാവുകൾ പോലെയുള്ള പക്ഷികൾ എന്നിവ അലങ്കാരത്തിനായ് വീടുകളിൽ വളർത്തുന്നതിൻ്റെ ഹനഫി മദ്ഹബിൽ വിധി എന്താണ് ?

 

പൂച്ചക്ക് അന്നപാനീയങ്ങൾ കൃത്യമായി നൽകുന്നെങ്കിൽ അതിനെ കൈവശം വെക്കലും(വളർത്തലും) കെട്ടി ഇടുന്നതും (കൂട്ടിൽ അടച്ച് ഇടുന്നതും) അനുവദനീയമാണ്. പൂച്ചയെ പോലുള്ള മറ്റു ജീവികളെയും ഇങ്ങനെ ചെയ്യാവുന്നതാണ് എന്ന് ഇമാം ബദ്റുദ്ദീനിൽ ഐനി അൽ ഹനഫി(റ) ഉംദത്തുൽ ഖാരി (15/273)ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യത്തിൽ പറഞ്ഞ അലങ്കാര മത്സ്യങ്ങളും പ്രാവുകളുമൊക്കെ ഈ ഗണത്തിൽ പെട്ടതാണല്ലോ. 

യാത്രക്കാരൻ്റെ നിസ്കാരം ഖസ്റും ജംഉം ഉണ്ടോ? ഉണ്ടെങ്കിൽ എത്രയാണ് യാത്ര ദൂരം? അതിൻ്റെ നിയമങ്ങൾ എന്തെല്ലാം?

 

ജംഅ് ആക്കി നിസ്കരിക്കൽ അനുവദനീയമല്ല. "ഖസ്വ് ർ ആക്കി നിസ്കരിക്കൽ നിർബന്ധവുമാണ്".( മുഖ്തസ്വറുൽ ഖുദൂരി, പേ: 120).

മൂന്ന് രാപ്പകലുകൾ ഒട്ടകപ്പുറത്തോ നടന്നോ സഞ്ചരിക്കുന്ന ദൂരമുള്ള യാത്രയിലാണ് ഖസ്വ് ർ നിർബന്ധമാകുന്നത്. ഇത് ഏകദേശം 84 കിലോമീറ്ററിന് തുല്യമാണെന്ന് അസ്അദുസ്സാഗർജി തന്റെ അൽ ഫിഖ്ഹുൽ ഹനഫി വ അദില്ലതുഹു എന്ന ഗ്രന്ഥത്തിൽ(1/274) പറയുന്നു. 

എന്നാൽ മുഫ്തി ജലാലുദ്ദീൻ അംജദിയുടെ അൻവറേ ശരീഅത്ത് എന്ന ഗ്രന്ഥത്തിന്റെ അടിക്കുറിപ്പിലും(പേ: 70) മുഫ്തി ഇല്യാസ് ഖാദിരി അത്വാരിയുടെ മുസാഫിർ കീ നമാസ് എന്ന ഗ്രന്ഥത്തിലും(പേ: 4) അല്ലാമ അബ്ദുസ്സത്താർ ഹംദാനിയുടെ മുഅ്മിൻ കീ നമാസ് എന്ന ഗ്രന്ഥത്തിലും(പേ: 232)

ഇത് 92 കിലോമീറ്ററായി രേഖപ്പെടുത്തിയിരിക്കുന്നു. മുഅ്മിൻ കീ നമാസ് എന്ന ഗ്രന്ഥത്തിൽ 57.5 മെെൽ ആണ് പ്രസ്തുത ദൂരമെന്ന് ബഹാറേശരീഅത്ത്(4/76), ഫതാവാ റള് വിയ്യ(3/667) എന്നീ  ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തി. ഒരു മെെൽ 1.60934 കി. മീ  ആണെന്നും അതനുസരിച്ച് 57.5 മെെൽ (57.5×1.60934=) 92.53705 എന്നും വിശദീകരിച്ചിട്ടുണ്ട്. 

യാത്രക്കാരിൽ 8 പേർ ശാഫി മദ്ഹബ്കാരും 3 പേർ ഹനഫി മദ്ഹബ്കാരുമാണ്. എന്നാൽ ശാഫി മദ്ഹബ് കാർ ജംആക്കി ജമാഅത്തായ് നിസ്ക്കരിക്കുമ്പോൾ ആ ജമാഅത്തിൽ ഹനഫി മദ്ഹബ്കാർക്ക് പങ്കെടുക്കാമോ?

 

ഹനഫി മദ്ഹബുകാർ ഷാഫിഈ മദ്ഹബ്കാരനായ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നതിന്റെ മൂന്ന് അവസ്ഥകൾ മറ്റൊരു ചോദ്യത്തിന്റെ മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത അവസ്ഥകൾ ഇവിടെയും പരിഗണിക്കപ്പെടും. 

അതിനുപുറമേ, ഷാഫിഈ മദ്ഹബ്കാരനായ ഇമാം നാലു റക്അത്താണ് നിസ്കരിക്കുന്നതനിസ്കരിക്കുന്നതെങ്കിലും തുടരൽ അനുവദനീയമാണ്. മഅ്മൂമിന്റെ അദാആയ സമയത്ത് ആയിരിക്കണം എന്ന നിബന്ധന കൂടിയുണ്ട്. ഹനഫി മദ്ഹബ്കാരനായ യാത്രക്കാരന് ഖസ്വ് റ് ആക്കി രണ്ട് റക്അത് മാത്രം നിസ്കരിക്കൽ നിർബന്ധമാണെങ്കിലും ഇങ്ങനെ തുടരുന്ന അവസരത്തിൽ പൂർണ്ണമാക്കി നിസ്കരിക്കേണ്ടത്. 

(ഹാശിയതു ത്വഹ്ത്വാവീ, പേ: 427)


ഹനഫി മദ്ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങൾ ക്രമപ്രകാരം ഒന്ന് പറയാമോ? ശാഫി മദ്ഹബിലെ തുഹ്ഫ, മുഗ്നി, നിഹായ പോലെ.

 

ഇമാം അബൂഹനീഫ(റ)വിന്റെ അഭിപ്രായത്തിനാണ് ഹനഫി മദ്ഹബിൽ മുൻഗണന. അതിനുശേഷം ഇമാം അബൂ യൂസഫ്(റ), പിന്നീട് മുഹമ്മദ് അൽ ശെെബാനി(റ), ശേഷം സുഫർ(റ), ഹസൻ ബിൻ സിയാദ്(റ) എന്നിവരുടെ അഭിപ്രായങ്ങളാണ് പരിഗണിക്കുക. ളാഹിറുരിവായത്ത്, നവാദിർ, ഫതാവാ എന്നിങ്ങനെ ഹനഫി മദ്ഹബിലെ മസ്അലകൾ മൂന്ന് ഇനമായി തിരിച്ചിട്ടുണ്ട്. ളാഹിറുരിവായത്ത്, നവാദിർ, ഫതാവാ എന്നീ ക്രമത്തിൽ തന്നെയാണ് അവയുടെ പ്രബലതയും. ളാഹിറുരിവായത്തിൽ അഭിപ്രായങ്ങളില്ലെങ്കിൽ നവാദിറും അതില്ലെങ്കിൽ ഫതാവായും സ്വീകരിക്കും. മുഹമ്മദ് അൽ ശെെബാനി(റ) എന്നവരുടെ അൽ മബ്സൂത്വ്, അൽ ജാമിഉസ്വഗീർ, അൽ ജാമിഉൽ കബീർ, അൽ സിയറു സ്വഗീർ, അൽ സിയറുൽ കബീർ, അൽസിയാദാത്ത് എന്നിവ

ളാഹിറുരിവായത്തിന്റെ മസ്അലകൾ പറയുന്ന കിതാബുകളാണ്.

പിന്നീട് രചിക്കപ്പെട്ട മുഖ്തസ്വറുൽ ഖുദൂരി/ അഹ്മദുൽ ഖുദൂരി, ബിദായത്തുൽ മുബ്തദി/ ബുർഹാനുദ്ദീൻ അൽ മർഗീനാനി, അൽ മുഖ്താർ/ മജ്ദുദ്ദീനിൽ മൗസ്വിലി, കൻസുദ്ദഖാഇഖ്/ഹാഫിളുദ്ദീനിന്നസഫി, വിഖായതുർരിവായ/ ബുർഹാനുശ്ശരീഅതിൽമഹ്ബൂബി, മുഖ്തസ്വറുൽ വിഖായ/സ്വദ്റുശ്ശരീഅ, മുൽതഖൽ അബ്ഹുർ/ ഇബ്റാഹീമുൽ ഹലബി, മജ്മഉൽബഹ്റൈൻ/ ഇബ്നു സ്സാആത്തി എന്നിവ  ഹനഫി മദ്ഹബിൽ പ്രബലമായ ഗ്രന്ഥങ്ങളാണ്.

(കൂടുതൽ വിശദീകരണങ്ങൾക്ക് ശർഹു ഉഖൂദി റസ്മിൽ മുഫ്തി, ഫത്ഹുൽ മുബീൻ ഫീ മുസ്വ് ത്വലഹാതിൽ ഫുഖഹാഇ വൽ ഉസ്വൂലിയ്യീൻ തുടങ്ങിയ ഗ്രന്ഥങ്ങൾ നോക്കുക).

ഹനഫി മദ്ഹബിൽ, ലോകത്ത് എവിടെയെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി കണ്ടാൽ തന്നെ ഖാസി നോമ്പും പെരുന്നാളും ഉറപ്പിക്കണം, സാക്ഷികൾ ഉണ്ടെങ്കിൽ. എന്നാണ് മുഅ്തമദ് എന്ന് കേട്ടു .അത് ശരിയാണോ?

 

ഹനഫി മദ്ഹബിൽ അഭിപ്രായ ഭിന്നതയുള്ള വിഷയമാണിത്. ചോദ്യത്തിൽ പറഞ്ഞ അഭിപ്രായമാണ് ളാഹിറുൽ മദ്ഹബ് എന്നും അതനുസരിച്ചാണ് ഫത് വ  കൊടുക്കേണ്ടതെന്നും മശാഇഖുമാരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്നും പറഞ്ഞിട്ടുണ്ട്.

ഉദയാസ്തമയവ്യത്യാസമുള്ള നാടുകൾ വ്യത്യസ്തമായി കണക്കാക്കപ്പെടുമെന്നും ഓരോ നാടുകളിലും മാസപ്പിറവി ദൃശ്യമാകുകയും സ്ഥിരപ്പെടുകയും ചെയ്യണമെന്നുമാണ് രണ്ടാമത്തെ അഭിപ്രായം. തജ് രീദ് എന്ന കിതാബിലും മറ്റും ഇതിനെ മുഖ്താറാക്കിയിട്ടുണ്ട്. നിസ്കാരത്തിന്റെ സമയത്തിൽ വ്യത്യാസം വരുന്നത് പ്രകാരം മാസപ്പിറവി ദൃശ്യമാകുന്നതിലും വ്യത്യാസം വരുമെന്ന് സയ്യിദ് എന്നവർ ഇതിനെ ബലപ്പെടുത്തികൊണ്ട് രേഖപ്പെടുത്തി. ഈ രണ്ടാം അഭിപ്രായമാണ് ഖിയാസിനോട് കൂടുതൽ യോജിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

(ഹാശിയതു ത്വഹ്ത്വാവീ പേ:656)

ഹനഫി മുസ്ലിംകൾ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നോമ്പ് ആരംഭവും പെരുന്നാളും  വ്യത്യസ്ത ദിവസങ്ങളിൽ നടക്കുന്നു എന്നത് രണ്ടാമത്തെ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ഹനഫി മദ്ഹബുകാരായ ഉന്നത പണ്ഡിതന്മാർ ആണല്ലോ ഇതിന് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഹനഫികൾ വ്യത്യസ്ത ദിവസങ്ങളിൽ പെരുന്നാൾ ആഘോഷിക്കുയും നോമ്പ്  ആരംഭിക്കുകയും ചെയ്യാറുണ്ടല്ലോ.

ഹനഫി മദ്ഹബിൽ കുളിയുടെ ഫർളാണല്ലോ വായ കൊപ്ളിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും. എന്നാൽ ഇത് രണ്ടും ഒഴിവാക്കിയ ശാഫി മദ്ഹബ്കാരനായ ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?

 

ഹനഫി മദ്ഹബുകാരൻ ഷാഫിഈ മദ്ഹബ് കാരനായ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നതിന് മൂന്ന് അവസ്ഥകളുണ്ട്.

ഒന്ന്: ഹനഫി മദ്ഹബ് അനുസരിച്ചുള്ള ശർത്തുകളും ഫർളുകളും പാലിക്കുന്നതിൽ സൂക്ഷ്മത പുലർത്തുന്ന ആളായിരിക്കുക. ഇങ്ങനെയുള്ള ഷാഫിഈ മദ്ഹബ്കാരനായ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നതിൽ കറാഹത്തും ഇല്ല.

രണ്ട്: ഹനഫി മദ്ഹബ് അനുസരിച്ചുള്ള ശർത്തുകളും ഫർളുകളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ആളായിരിക്കുക. അഥവാ ഹനഫി മദ്ഹബ് അനുസരിച്ചുള്ള ഏതെങ്കിലും ശർത്വോ ഫർളോ ഇമാം ഉപേക്ഷിച്ചിട്ടുണ്ടെന്ന്  ഹനഫിയായ മഅ്മൂമിന് ഉറപ്പുണ്ടായിരിക്കുക. ഈ അവസരത്തിൽ അയാളെ തുടർന്ന് നിസ്കരിക്കാൻ പാടില്ല. നിസ്കാരം ശരിയാകുന്നതല്ല.

മൂന്ന്: ശർത്വുകളും ഫർളുകളും പാലിക്കുന്നതിൽ സൂക്ഷ്മത പുലർത്തുമെന്നോ വീഴ്ചവരുത്തുമെന്നോ ഉറപ്പില്ലാതിരിക്കുക. ഈ സന്ദർഭത്തിൽ തുടർന്ന് നിസ്കരിക്കൽ കറാഹത്താണ്. (അൽ ബഹ്റുർറാഇഖ് 4/79-83). മറ്റു മദ്ഹബുകളിലെ ശർത്വുകളും ഫർളുകളും കൃത്യമായി പാലിക്കുന്നതിൽ സൂക്ഷ്മത പുലർത്തുന്നവരല്ല പൊതുവെ പള്ളി ഇമാമുമാർ എന്നതാണല്ലോ

നിലവിലുള്ള അവസ്ഥ. ആയതിനാൽ ശാഫിഈ ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ കറാഹത്താണ്. ഷാഫിഈ പള്ളിയിൽ ജുമുഅക്ക് വരുന്ന ഹനഫിയായ വ്യക്തിക്ക് ശാഫിഈ മദ്ഹബിലെ നിസ്കാരത്തിന്റെ ശർത്വുകളും ഫർളുകളും അറിയുകയും അതനുസരിച്ച് കൃത്യമായി നിസ്കരിക്കാൻ അറിയുകയും ചെയ്യുമെങ്കിൽ ശാഫിഈ മദ്ഹബ് തഖ്ലീദ് ചെയ്ത് നിസ്കരിക്കുകയാണ് വേണ്ടത്.

സുജൂദിൽ മൂക്ക് തറയിൽ വെക്കേണ്ട അവയവമല്ലേ? മാസ്ക് ധരിച്ച് കൊണ്ട് സുജൂദ് ചെയ്താൽ സുജൂദ് ശരിയാകുമോ?

 

സുജൂദിൽ നിർബന്ധമായും നിലത്ത് വെക്കേണ്ട അവയവങ്ങളിൽ പെട്ടതാണ് മൂക്ക്. വസ്ത്രം കൊണ്ടോ മറ്റോ നെറ്റി, മൂക്ക് എന്നിവ മറച്ചിരുന്നാലും നിസ്കാരം സ്വഹീഹാകും. എന്നാൽ സുജൂദ് ചെയ്യുന്ന സ്ഥലത്ത് ചൂട് ഉണ്ടായിരിക്കുക പോലുള്ള കാരണങ്ങൾ ഇല്ലാതെ മൂക്കും നെറ്റിയും വസ്ത്രം കൊണ്ടോ മറ്റോ മറക്കൽ കറാഹത്താണ്. 

(അൽ ലുബാബ് പേ: 94, ഹാശിയതു ത്വഹ്ത്വാവീ, പേ: 231).

ആയതിനാൽ മാസ്ക്ക് ധരിച്ചുകൊണ്ട് സുജൂദ് ചെയ്താലും നിസ്കാരം സഹീഹാകും. മതിയായ കാരണമില്ലാതെയാണ് മാസ്ക് ധരിച്ചതെങ്കിൽ അതിന്മേൽ സുജൂദ് ചെയ്യൽ കറാഹത്തുമാണ്.

സുബ്ഹി ബാങ്കിന് ശേഷം 50 മിനിറ്റ് കഴിഞ്ഞാണ് ജമാഅത്ത് നടക്കുന്നത്. ഏകദേശം പ്രഭാതം വെളിവായിട്ടുണ്ടാകും. (ഉദയത്തിന് മുൻപ്). എന്താണ് ഇതിന് കാരണം? ഇങ്ങനെയാണോ സുബ്ഹി നിസ്ക്കരിക്കണ്ടത്?

 

സുബ്ഹി നിസ്കാരത്തെ ഇസ്ഫാറ് ചെയ്യൽ മുസ്തഹബ്ബാണ്. ഇരുട്ട് നീങ്ങി തുടങ്ങുകയും വെളിച്ചം വന്ന് തുടങ്ങുകയും ചെയ്യുന്ന സമയം അതായത് വസ്തുക്കൾ വ്യക്തമല്ലാത്ത രീതിയിൽ കണ്ട് തുടങ്ങുന്ന സമയം അപ്പോൾ നിസ്കരിക്കുക എന്നതാണ് ഇസ്ഫാറ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സമയത്ത് സുബ്ഹി നിസ്കരിച്ചതിന് ശേഷം അത് ബാത്വിലായെന്ന് ബോധ്യപ്പെട്ടാൽ സമയം കഴിയുന്നതിന് മുമ്പ് അദാആയി മടക്കി നിസ്കരിക്കാൻ സാധിക്കും. പുരുഷന്മാർക്കാണ് ഈ സമയത്ത് നിസ്കരിക്കൽ മുസ്തഹബ്ബ്. എന്നാൽ സ്ത്രീകൾ സുബ്ഹിയുടെ സമയമായ ഉടനെ ഇരുട്ട് മാറി തുടങ്ങുന്നതിന് മുമ്പായി തന്നെ നിസ്കരിക്കേണ്ടതാണ്. 

(അൽ ലുബാബ്, പേ: 85) 

ഫർള് നിസ്ക്കാരത്തിന് ശേഷം ചെറിയ ദുആ കഴിഞ്ഞ് സുന്നത്തിന് ശേഷം വീണ്ടും ദുആ ചെയ്യുന്നു. ഇങ്ങനെ വേണ്ടതുണ്ടോ? ഒരു ദുആ കൊണ്ട് മതിയാവില്ലെ?

 

തിരുനബി(സ്വ) ഫർള് നിസ്കാരങ്ങളുടെ ഉടനെ  ചൊല്ലാറുണ്ടായിരുന്ന

 اللهم أنت السلام ومنك السلام وإليك يرجع السلام تباركت يا ذا الجلال والإكرام، اللهم لا مانع لما أعطيت ولا معطي لما منعت ولا ينفع ذا الجد منك الجد 

തുടങ്ങിയ വചനങ്ങളും മഗ്‌രിബ് നിസ്കാരത്തിന്റെ ഉടനെ പത്ത് പ്രാവശ്യം ചൊല്ലാറുണ്ടായിരുന്ന

  لا إله إلا الله وحده لا شريك له، له الملك، وله الحمد يحيي ويميت وهو على كل شيء قدير  

എന്നീ വചനങ്ങളും ജുമുഅ നിസ്കാരത്തിന്റെ ഉടനെ  ഏഴു പ്രാവശ്യം വീതം ചെല്ലാറുണ്ടായിരുന്ന فاتحة، معوذتان  എന്നിവ ഒഴിച്ചുള്ള ദിക്റുകളും ദുആകളും സുന്നത്ത് നിസ്കാരത്തിന് ശേഷം നിർവഹിക്കുകയാണ് വേണ്ടത്. ഫർള് നിസ്കാരത്തിനും അതിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരത്തിനും ഇടയിൽ   ദീർഘസമയം കൊണ്ട് വിട്ടു പിരിക്കുക എന്ന കറാഹത്ത് ഒഴിവാകുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടത്. 

(അവലംബം: ഹാശിയതു ത്വഹ്ത്വാവീ പേ: 311-318.)

ചില പള്ളികളിൽ വെള്ളിയാഴ്ച മആശറ വിളിച്ച് മുഅദ്ദീൻ വാള് എടുത്ത് കൊടുക്കുന്നതിന് പകരം ഖത്തീബ് സ്വയം വാളെടുത്ത് കയറലാണ്. ഇത് ശരിയാണോ ?

 

"അള്ളാഹുവും അവന്റെ മലക്കുകളും തിരുനബി സല്ലല്ലാഹു അലൈഹി വസല്ലമക്ക് സ്വലാത്ത് നിർവ്വഹിക്കുന്നു. ഓ സത്യവിശ്വാസികളെ, നിങ്ങൾ നബി(സ്വ)ക്ക് സലാത്തും സലാമും ചൊല്ലുക" എന്ന സൂറത്തുൽ അഹ്സാബ്:65-ാം വാക്യവും "ഇമാമ് ഖുതുബ നിർവഹിക്കുന്ന സമയത്ത്  നീ നിന്റെ അടുത്തിരിക്കുന്ന ആളോട് മിണ്ടരുത് എന്ന് പറഞ്ഞാൽ പോലും നിനക്ക് ജുമുഅ നഷ്ടപ്പെടും" എന്ന സർവാംഗീകൃത ഹദീസും പറഞ്ഞുകൊണ്ട് മിമ്പറിൽ കയറാനായി ഇമാമിന് വാളോ വടിയോ മറ്റോ  എടുത്ത് കൊടുക്കുന്ന പതിവ്  ഇമാം അബൂ ഹനീഫ(റ)ന്റെ  അഭിപ്രായത്തിൽ കറാഹത്താണ്. എന്നാൽ ഹനഫീ മദ്ഹബിലെ സ്വാഹിബാനീ എന്നറിയപ്പെടുന്ന രണ്ട് ഇമാമീങ്ങളുടെ അഭിപ്രായമനുസരിച്ച് അത് കറാഹത് ഇല്ല. 

(അവലംബം: റദ്ദുൽ മുഹ്താർ 2/173-174.)

സുബഹ് നിസ്കാരം ശാഫിഈ ഇമാമിനോട് തുടർന്ന് നിസ്കരിക്കുമ്പോൾ ഖുനൂത്തിൻ്റെ സമയത്ത് നാം എന്താണ് ചെയ്യണ്ടത് ?

 

ഷാഫിഈ മദ്ഹബ് കാരനായ ഇമാം സുബ്ഹി നിസ്കാരത്തിൽ ഖുനൂത്ത് ഓതുമ്പോൾ അദ്ദേഹത്തെ തുടർന്ന് നിസ്കരിക്കുന്ന ഹനഫീ മദ്ഹബ്കാരൻ ഇരുകൈകളും താഴ്ത്തിയിട്ട് കൊണ്ട് മൗനം പാലിച്ച് നിൽക്കേണ്ടതാണ്. 

(അവലംബം: അദ്ദുർറുൽ മുഖ്ത്താർ 2/9.)

പിതാവ് ജീവിച്ചിരിക്കുമ്പോൾ പ്രായപൂർത്തിയായ പെൺകുട്ടിക്ക് സ്വയം മറ്റൊരാളെ വലിയ്യ് ആക്കി നിക്കാഹ് ചെയ്യാം എന്ന് കേൾക്കുന്നു. ഇത് ശരിയാണോ ? എന്താണ് നിയമം ?


ബുദ്ധിസ്ഥിരതയുള്ള പ്രായപൂർത്തിയായ സ്വതന്ത്ര സ്ത്രീയുടെ നിക്കാഹ് അവളുടെ തൃപ്തിയോട് കൂടെ മാത്രമേ സാധുവാകുകയുള്ളൂ. അവൾക്ക് നേരിട്ടോ,  യോഗ്യനായ ഒരാളെ  വക്കാലത്ത് ഏൽപ്പിച്ച് പ്രസ്തുത വക്കീൽ മുഖേനയോ നിക്കാഹ് നടത്താവുന്നതാണ്. പിതാവ് അടക്കമുള്ള വലിയ്യ് അവളുടെ നിക്കാഹ് നടത്തണമെന്നില്ല. വലിയ്യിന്റെ സമ്മതം ഇല്ലാതെയും അവൾക്കിങ്ങനെ ചെയ്യാവുന്നതാണ്(അൽലുബാബ് പേ: 436). എന്നാൽ അവൾ നേരിട്ട് നിക്കാഹ് നടത്തൽ മുസ്തഹബ്ബിന് വിരുദ്ധമാണ്.(ഫത്ഹുൽ ഖദീർ 3/246). പിതാവ്  ഉൾപ്പെടെ ആരെയും അവൾക്ക് വക്കാലത്ത് ഏല്പിക്കാവുന്നതാണ്.


ഞണ്ട്, കക്ക, തവള പോലുള്ള ജീവികളെയും തെരണ്ടി, ശ്രാവ് പോലുള്ള മത്സ്യങ്ങളെയും ഭക്ഷിക്കുന്നതിൻ്റെ വിധി ?

 

വെള്ളത്തിലേയും കരയിലേയും തവള, ആമ, ഞണ്ട് തുടങ്ങിയവ ഭക്ഷിക്കൽ അനുവദനീയമല്ല. (അൽലുബാബ്, പേ:616). ജലജീവികളിൽ നിന്ന് മത്സ്യം ഒഴികെയുള്ള ഒന്നും ഭക്ഷിക്കൽ അനുവദനീയമല്ല. (അൽലുബാബ്, പേ:617). 

കക്ക മത്സ്യത്തിന്റെ ഇനത്തിൽപ്പെട്ടതല്ല. തെരണ്ടി, സ്രാവ് എന്നിവ മത്സ്യങ്ങളും ആണല്ലോ.

ഹനഫി മദ്ഹബിൽ ജുമുഅ സ്ഥാപിക്കപ്പെടാൻ ഉള്ള നിബന്ധനകൾ എന്തെല്ലാം..?

 

ജുമുഅ നടത്തണമെങ്കിൽ പള്ളി തന്നെ ആവണം എന്നത് നിർബന്ധമാണോ..?

ഒരു പ്രദേശത്ത് ഒന്നിലധികം ജുമുഅ നടത്തുന്നതിന്റെ വിധി..?


ജുമുഅ സാധുവാക്കാൻ ആറ് നിബന്ധനകളുണ്ട്.

ഒന്ന്: പട്ടണത്തിലോ പട്ടണത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്തോ ആയിരിക്കുക. (നിയമങ്ങളും ശിക്ഷകളും നടപ്പാക്കുന്ന അധികാരി ഉള്ള സ്ഥലമാണ് പട്ടണം കൊണ്ട് ഉദ്ദേശിക്കുന്നത്). രണ്ട്: ഭരണാധികാരിയോ അയാളുടെ പ്രതിനിധിയോ ജുമുഅക്ക് നേതൃത്വം നൽകുക. അല്ലെങ്കിൽ ആ പ്രദേശത്തെ മുസ്ലീങ്ങൾ തെരഞ്ഞെടുക്കുന്ന ഒരാൾ നേതൃത്വം നൽകുക.

മൂന്ന്: ളുഹ്റിന്റ സമയത്ത് ആയിരിക്കുക.

നാല്: ജുമുഅ നിസ്കരിക്കുന്നതിന് മുമ്പ് ഖുതുബ ഓതുക.

അഞ്ച്: ജുമുഅയിൽ സംബന്ധിക്കാൻ ഉദ്ദേശിച്ച വർക്കൊക്കെ പൊതു സമ്മതം ഉണ്ടായിരിക്കുകയും പരസ്യ സ്വഭാവത്തിലും ആയിരിക്കുക. ആറ്: ജമാഅത്തായി നിസ്കരിക്കുക. 

ജുമാ നടത്താൻ പള്ളി തന്നെ വേണമെന്നില്ലെങ്കിലും മുകളിൽ പറഞ്ഞ നിബന്ധനകളിൽ അഞ്ചാമത്തേത് ഉള്ള സ്ഥലത്ത് മാത്രമേ ജുമുഅ ശരിയാവുകയുള്ളൂ. പള്ളിയിൽ തന്നെയാണെങ്കിലും ജുമുഅക്ക് വരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും പൊതു സമ്മതമില്ലാതെയും പരസ്യപ്പെടുത്താതെയും പള്ളി അടച്ചിട്ട് കൊണ്ട് നിസ്കരിച്ചാൽ ജുമുഅ സാധുവാകുന്നതല്ല.(മറാഖിൽ ഫലാഹ്, ഹാശിയതു ത്വഹ്ത്വാവീ 506-513).

ഒരു പ്രദേശത്ത് ഒന്നിലധികം ജുമുഅ പാടില്ല എന്നും രണ്ട് സ്ഥലത്ത് ജുമുഅ ആകാമെന്നും നിരവധി സ്ഥലങ്ങളിൽ ജുമുഅ നടത്താമെന്നും മൂന്ന് അഭിപ്രായമുണ്ട്. നിരവധി സ്ഥലങ്ങളിൽ ജുമുഅ നടത്താമെന്ന മൂന്നാമത്തെ അഭിപ്രായമാണ് പ്രബലമായത്. (ഹാശിയതു ത്വഹ്ത്വാവീ പേ:506).

അവകാശികളായ എല്ലാ വിഭാഗക്കാർക്കും സക്കാത്ത് വിഹിതം കൊടുക്കൽ നിർബന്ധമുണ്ടോ ? സക്കാത്ത് മുഴുവൻ ഒരു വിഭാഗത്തിലെ ഒരു വ്യക്തിക്ക് കൊടുത്താൽ മതിയാകുമോ ?

 

വിശുദ്ധ ഖുർആൻ 9:60 ൽ  സക്കാത്തിന്റെ അവകാശികളായ 8 വിഭാഗക്കാരെ പറയുന്നുണ്ടല്ലോ. കഠിന ദാരിദ്രമുള്ളവർ, മിതമായ ദാരിദ്രമുള്ളവർ, ഇസ്ലാമിക രാജ്യത്തെ സൗജന്യ സക്കാത്ത് തൊഴിലാളികൾ, നവ മുസ്ലിംകൾ, സ്വതന്ത്രപത്രം എഴുതപ്പെട്ട അടിമകൾ, കടബാധ്യതയുള്ളവർ, സൗജന്യ സേവനംചെയ്യുന്ന യോദ്ധാക്കൾ, യാത്രാമധ്യേ പണം ആവശ്യമായിവന്നവർ എന്നിവരാണ് പ്രസ്തുത എട്ടു വിഭാഗക്കാർ.

ഇസ്ലാമിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് വേണ്ടിയായിരുന്നു പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം നവമുസ്‌ലിംകൾക്ക് സക്കാത്ത് കൊടുത്തിരുന്നത്. ഇങ്ങനെ ഒരു ആവശ്യം ഇസ്ലാമിന്റെ ആദ്യകാലത്ത് ഉണ്ടായിരുന്നെങ്കിലും വിശുദ്ധ ഇസ്‌ലാം പരക്കെ പ്രചരിക്കപ്പെട്ടതിനാൽ പിൽക്കാലത്ത് പ്രസ്തുത ആവശ്യം ഇല്ലാതായിട്ടുണ്ട്. ആയതിനാൽ നവമുസ്ലിങ്ങൾ ഇക്കാലത്ത് സക്കാത്തിന്റെ അവകാശികളിൽപെടുന്നില്ല. ബാക്കി 7 വിഭാഗമാണ് ഹനഫീ മദ്ഹബ് അനുസരിച്ച് സക്കാത്തിന്റെ അവകാശികൾ. 

അബ്ദു മനാഫിന്റെ മക്കളിൽപെട്ട ഹാഷിം വംശജർ മാത്രമാണ് പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കുടുംബം. അവർക്ക് സക്കാത്ത് കൊടുക്കാൻ പാടില്ല. മുത്തലിബ് വംശജർക്ക് നൽകാവുന്നതുമാണ്. 

സക്കാത്ത് നിർബന്ധമുള്ള ആളിന്റെ പിതാവ്, പിതാമഹൻ, മാതാവ്, മാതാമഹി, മക്കൾ, ഭാര്യ എന്നിവർ മുകളിൽ പറഞ്ഞ അവകാശികളിൽപെട്ടവർ ആണെങ്കിലും അവർക്ക് സക്കാത്തിന്റെ ധനം കൊടുക്കാൻ പാടില്ല. ഭാര്യയുടെ മേൽ നിർബന്ധമായ സക്കാത്തിന്റെ ധനം അവളുടെ ഭർത്താവിന് നൽകാൻ പാടില്ലെന്നാണ് ഇമാം അബൂ ഹനീഫ(റ) വീക്ഷണം. 

അവകാശികളായ 7 വിഭാഗക്കാർക്കും സക്കാത്ത് ധനത്തിന്റെ വിഹിതം എത്തിക്കണമെന്നില്ല. മറിച്ച് ഏതെങ്കിലുമൊരു വിഭാഗത്തിന് നൽകിയാൽ മതിയാകും. ഒരു വിഭാഗത്തിലെ ഒരു വ്യക്തിക്ക് മാത്രമായും മൊത്തം സക്കാത്ത് മുതലും നൽകാവുന്നതാണ്. സക്കാത്ത് മുതൽ അവകാശികളായ വ്യക്തികൾക്ക് ഉടമപ്പെടുത്തി കൊടുക്കൽ നിർബന്ധമാണ്. ആയതിനാൽ പള്ളി, മദ്രസ തുടങ്ങിയവയുടെ നിർമ്മാണത്തിനോ നടത്തിപ്പിനോ മറ്റ് പൊതു ആവശ്യങ്ങൾക്കോ  സക്കാത്ത് മുതൽ നൽകാവുന്ന തല്ല. സ്വതന്ത്രപത്രം എഴുതപ്പെട്ട അടിമക്ക് ഉടമപ്പെടുത്തി കൊടുക്കുക എന്നതല്ലാതെ സക്കാത്ത്മുതൽ കൊണ്ട് അടിമയെ വാങ്ങി മോചിപ്പിച്ചാൽ മതിയാകുകയില്ല. 

സാധുജനങ്ങൾക്ക് വ്യാപാരത്തിനുള്ള വസ്തുവകകൾ, അതിനുള്ള വണ്ടികൾ, വാഹനങ്ങൾ, തൊഴിൽ ഉപകരണങ്ങൾ തുടങ്ങിയവ സക്കാത്ത് മുതൽ കൊണ്ട് വാങ്ങിക്കൊടുത്ത് സഹായിച്ചാലും സക്കാത്ത് വീടുന്നതല്ല. സാധു വിവാഹത്തിന് ആവശ്യമായ ആഭരണങ്ങളും മറ്റും വാങ്ങി നൽകിയാലും മതിയാകുകയില്ല.

(അവലംബം: അൽ ജൗഹറതുന്നയ്യിറഃ, അദ്ദുർറുൽ മുഖ്ത്താർ.)

നിസ്കാരത്തിൽ ഫാത്തിഹ വാജിബും ഖിറാഅത്ത് ഫർളും ആണല്ലോ? ഒരാൾ ഫർള് നിസ്കാരത്തിൻ്റെ ആദ്യ രണ്ട് റക്അത്തുകളിൽ രണ്ട് ഫാത്തിഹ വീതം ഓതി. എന്നാൽ നിസ്കാരത്തിന് ഭംഗം വരാതെ ഫർളും വാജിബും കരസ്ഥമാകുമോ?

 

നിസ്കാരത്തിൽ ഖിറാഅത്ത് ഫർള് ആണെന്നതിന്റെ അർത്ഥം  ഫർള് വീടാൻ  ഏതെങ്കിലും ഒരു സൂറത്ത് ഓതിയാൽ മതിയെന്നും അതുകൊണ്ട് നിസ്കാരം സ്വഹീഹ് ആകുമെന്നുമാണ്. ഫാത്തിഹ വാജിബാണെന്നതിൻറെ അർത്ഥം ഫർളായ ഖിറാഅത്ത് ഫാത്തിഹ ഓതി കൊണ്ട് നിർവഹിക്കുക എന്നതാണ്.

ഫാതിഹ ഓതിയ ഉടനെ അതിനോട് ചേർത്തു കൊണ്ട് ഒരു സൂറത്ത് ഓതുക എന്നത് മറ്റൊരു വാജിബാണ്. സൂറത്ത് ഓതുന്നതിനുമുമ്പ് ഫാത്തിഹ ഓതുക എന്നതും വാജിബാണ്. വാജിബുകൾ ഒഴിവാക്കിയാലും നിസ്കാരം സ്വഹീഹാകുമെങ്കിലും കുറ്റക്കാരനാകുന്നതാണ്. ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാത്തിഹ രണ്ട് തവണ ഓതിയാൽ ഫാതിഹ ഓതിയ ഉടനെ ഫാത്തിഹ അല്ലാത്ത മറ്റൊരു സൂറത്ത് ഓതുക എന്ന വാജിബ് നഷ്ടപ്പെടും. ആയതിനാൽ  സഹ് വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. 

(അവലംബം: അൽ ബഹ്റുർറാഇഖ് 4/166. അൽ ജൗഹറത്തുന്നയ്യിറ 1/301)

ഒരാൾ അയ്യാമുതശ് രീക്കിൻ്റെ ദിവസങ്ങളിൽ നോമ്പ് നേർച്ചയാക്കി നോമ്പ് പിടിച്ചു. പിന്നീട് നോമ്പ് നിരോധിക്കപ്പെട്ട ദിവസമാണന്ന് മനസ്സിലാക്കി നോമ്പുമുറിച്ചു. ഈ നേർച്ച സ്വഹീഹാണോ? മുറിച്ച നോമ്പ് ഖളാഅ് വീട്ടണ്ടതുണ്ടോ?

 

അതെ. പെരുന്നാൾ ദിവസമോ അയ്യാമുത്തശ് രീഖ് ദിവസങ്ങളിലോ നോമ്പനുഷ്ഠിക്കാൻ നേർച്ചയാക്കിയാൽ നേർച്ച സഹീഹാകുന്നതാണ്.  അന്നേദിവസം നോമ്പനുഷ്ഠിക്കാതെ മറ്റൊരു ദിവസം ഖളാഅ് വീട്ടുകയാണ് വേണ്ടത്. ഒരാൾ അന്നേദിവസം തന്നെ നോമ്പനുഷ്ഠിച്ചാൽ നേർച്ച വീടുന്നതാണ്. ഒപ്പം തഹ്രീമിന്റെ കറാഹത്ത് ചെയ്ത കുറ്റവുമുണ്ടാകും.

(അവലംബം: അൽ ഹിദായ പേ. 128, അൽ ബഹ്റുർറാഇഖ് 5/514.)

വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതൽ വാജിബാണല്ലോ? എന്നാൽ വിത്ർ നിസ്ക്കാരത്തിലല്ലാതെ ഖുനൂത്ത് ഓതേണ്ട ഏതെങ്കിലും നിസ്കാരമുണ്ടോ?

 

വിത്റ് നിസ്കാരം ഒഴികെ ഖുനൂത്ത് ഓതേണ്ട മറ്റു നിസ്കാരങ്ങൾ ഇല്ല. എന്നാൽ പ്രത്യേക വിപത്തുകൾ ഉണ്ടാകുന്ന സന്ദർഭത്തിൽ നാസിലത്തിന്റെ ഖുനൂത്ത് ഓതണം. സുബ്ഹി നിസ്കാരത്തിൽ മാത്രമാണ് ഈ ഖുനൂത്ത് ഓതേണ്ടത് എന്നും ഉറക്കെ ഓതുന്ന  നിസ്കാരങ്ങളിലൊക്കെ ഓതണമെന്നും അഞ്ച് ഫറ്ള് നിസ്കാരങ്ങളിലും ഈ ഖുനൂത്ത് ഓതണമെ ന്നും മൂന്ന് അഭിപ്രായങ്ങളുണ്ട്.   ഇതിൽ രണ്ടാമത്തേതാണ് പ്രബലം. അവസാന റക്അത്തിൽ റുകൂഇന്റെ മുമ്പാണോ ശേഷമാണോ ഈ ഖുനൂത്ത് നിർവഹിക്കേണ്ടത് എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ശേഷം ഓതണം എന്നതാണ് പ്രബലം. 

(അവലംബം: അൽ  ബഹ്റുർറാഇഖ്, അൽ ലുബാബ് പേ. 98.)

സമ്പന്നനായ ഒരു മുസ്ലിം കഴിവുള്ളതിനോട് കൂടി ഫർള്, വാജിബ് നിസ്കാരങ്ങൾ ഖളാഅ് ആക്കി അവ ഖളാഅ് വീട്ടുന്നതിന് മുൻപായി അയാൾ മരണപ്പെട്ടു. എന്നാൽ നഷ്ടപ്പെട്ട നിസ്കാരങ്ങൾക്ക് ഫിദ് യ നൽകേണ്ടതുണ്ടോ. ഉണ്ടങ്കിൽ ആരാണ് നൽകേണ്ടത് എന്താണ് നൽകേണ്ടത്.

 

നിസ്കരിക്കാൻ കഴിവുള്ളതോടു കൂടെ ഖളാഅ് ആക്കിയ നിസ്കാരങ്ങൾ മരണം ആസന്നമാകുന്നതുവരെ നിസ്കരിച്ചു വീട്ടിയിട്ടില്ലെങ്കിൽ ഓരോ നിസ്കാരത്തിനെ തൊട്ടും ഫിദ് യ നൽകാൻ വസിയത്ത് ചെയ്യൽ നിർബന്ധമാണ്.

ഒരാളുടെ ഫിത്ത്ർ സക്കാത്ത് പോലെ ഓരോ നിസ്കാരത്തിനും അര സാഅ് ഗോതമ്പ്, ഗോതമ്പ് പൊടി, അത് പാചകം ചെയ്ത് ഉണ്ടാക്കിയ പായസം അല്ലെങ്കിൽ ഒരു സാഅ് ഉണങ്ങിയ കാരക്ക, ഉണക്കമുന്തിരി, ബാർലി എന്നിവയോ അതിൻറെ വിലയോ ആണ് ഫിദ് യയായി നൽകേണ്ടത്. വില നൽകുന്നതാണ് ഉത്തമം.

മരണപ്പെട്ട വ്യക്തിയുടെ അനന്തരസ്വത്തിന്റെ മൂന്നിൽ ഒരു ഭാഗത്തിൽ നിന്നാണ് ഫിദ് യ നൽകേണ്ടത്. അനന്തരാവകാശികളാണ് ഈ ഫിദ് യ നിർവഹിക്കേണ്ടത്. അനന്തരസ്വത്തിൽ മൂന്നിൽ ഒന്നിനേക്കാൾ കൂടുതലാണ് മൊത്തം ഫിദ് യ എങ്കിൽ അനന്തരാവകാശികളുടെ എല്ലാവരുടെയും സമ്മതത്തോടുകൂടെ ബാക്കിയുള്ളതിൽ നിന്ന് എടുത്ത് നൽകാവുന്നതാണ്. അല്ലെങ്കിൽ അവർ ഒരു മിസ്കീനുമായി ധാരണയുണ്ടാക്കുകയും ഫിദ് യയിൽ നിന്ന് ലഭ്യമായത് അയാൾക്ക് കൊടുക്കുകയും ചെയ്യുക. ശേഷം പ്രസ്തുത മിസ്കീൻ കൈപ്പറ്റിയ വസ്തു ദാനമായി മയ്യിത്തിന്റെ അനന്തരാവകാശികൾക്ക് തിരികെ നൽകുകയും അത് വീണ്ടും മയ്യത്തിന്റെ ഫിദ് യ ഇനത്തിൽ പ്രസ്തുത മിസ്കീന് നൽകുകയും ചെയ്യുക. ഫിദ് യ പൂർത്തിയാകുന്നതുവരെ ഈ രീതി ആവർത്തിക്കുക. അനന്തരമായി ഒന്നും ഇല്ലെങ്കിൽ അനന്തരാവകാശികൾ അല്പം സ്വത്ത് കടം വാങ്ങുകയും മിസ്കീനുമായി ധാരണയുണ്ടാക്കി ഇങ്ങനെ ചെയ്യേണ്ടതുമാണ്.

ഫിദ് യ നിർവഹിക്കണമെന്ന് മരണസമയത്ത് വസിയത്ത് ചെയ്തിട്ടില്ലെങ്കിൽ അനന്തരാവകാശികൾക്ക്  അവരുടെ വകയായി മയ്യിത്തിനെ തൊട്ട് ഫിദ് യ നിർവഹിക്കാവുന്നതാണ്. അനന്തരാവകാശികൾ അല്ലാത്തവർക്കും ഇങ്ങനെ ചെയ്യാം എന്ന അഭിപ്രായവുമുണ്ട്. ഓരോ നിസ്കാരത്തിന്റേയും ഫിദ് യ ഒരു മിസ്കീന് കൊടുക്കണം എന്നതോ നിശ്ചിത എണ്ണം നിശ്ചിത ആൾക്കാർക്ക് കൊടുക്കണമെന്നതോ നിർബന്ധമില്ല. മൊത്തം ഫിദ് യയും ഒരു മിസ്കീന് നൽകാവുന്നതാണ്. 

വിത്റ് അടക്കമുള്ള എല്ലാ ഫർള് നിസ്കാരങ്ങൾക്കും ഈ ഫിദ് യ ബാധകമാണ്.

(അവലംബം: ഹാശിയതു ത്വഹ്ത്വാവീ പേ. 436-440.)


Monday, 25 December 2023

ബാങ്കിന് ശേഷം 45 മിനിറ്റ് ശേഷമാണ് പല ഹനഫീ മസ്ജിദുകളിലും സുബ്ഹി നിസ്കാരം നടക്കുന്നത്. സുബ്ഹി നിസ്കാരം വളരെ ദീർഘിപ്പിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ കാരണം ?

 

സുബ്ഹി നിസ്കാരത്തെ ഇസ്ഫാറ് ചെയ്യൽ മുസ്തഹബ്ബാണ്. ഇരുട്ട് നീങ്ങി തുടങ്ങുകയും വെളിച്ചം വന്ന് തുടങ്ങുകയും ചെയ്യുന്ന സമയം അതായത് വസ്തുക്കൾ അവ്യക്തമായ രീതിയിൽ കണ്ട് തുടങ്ങുന്ന സമയത്ത് നിസ്കാരിക്കുക എന്നതാണ് ഇസ്ഫാറ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സമയത്ത് സുബ്ഹി നിസ്കരിച്ചതിന് ശേഷം അത് ബാത്വിലായെന്ന് ബോധ്യപ്പെട്ടാൽ സമയം കഴിയുന്നതിന് മുമ്പ് അദാആയി മടക്കി നിസ്കരിക്കാൻ സാധിക്കും. പുരുഷന്മാർക്കാണ് ഈ സമയത്ത് നിസ്കരിക്കലാണ് മുസ്തഹബ്ബ്. എന്നാൽ സ്ത്രീകൾ സുബ്ഹിയുടെ സമയമായ ഉടനെ ഇരുട്ട് മാറി തുടങ്ങുന്നതിന് മുമ്പായി തന്നെ നിസ്കരിക്കേണ്ടതാണ്.  (അൽ ലുബാബ്, പേ: 85).

ഈ ഇസ്ഫാറ് ആകുന്നതിന് വേണ്ടിയാണ് ബാങ്കിന്റെ ശേഷം 45-50 മിനിറ്റ് കഴിഞ്ഞ് സുബ്ഹി നിസ്കരിക്കുന്നത്.

എന്നാൽ സുബ്ഹി നിസ്കാരമായാലും മറ്റ് നിസ്കാരമായാലും ജമാഅത്തിൽ പങ്കെടുക്കുന്ന മഅ്മൂമീങ്ങൾക്ക് പ്രയാസമാകുന്ന രീതിയിൽ ദീർഘിപ്പിക്കാൻ പാടില്ലാത്തതാണ്. ജമാഅത്ത് നിസ്കാരത്തിന് ഹാജരാകുന്ന രോഗികൾ, വൃദ്ധന്മാർ, ദുർബലർ, ജോലി തിരക്കുള്ളവർ എന്നിവരുടെ അവസ്ഥ കണക്കിലെടുത്ത് അവർക്ക് വിഷമം അനുഭവിക്കാത്ത രീതിയിൽ മാത്രമേ ഇമാം നിസ്കാരം ദീർഘിപ്പിക്കാൻ പാടുള്ളൂ. (അൽ ജൗഹറതുന്നയ്യിറ, 1/180)


Sunday, 17 December 2023

മയ്യിത്തിന്റെ പിന്നിൽ നടക്കലാണല്ലോ ഉത്തമം. മയ്യിത്ത് ശാഫിയായാൽ നാം എങ്ങനെയാണ് നടക്കേണ്ടത് ?

 


മയ്യിത്തിന്റെ പിന്നിലായി നടക്കൽ മൻദൂബാണ്. കുറച്ച് ആളുകൾ മയ്യിത്തിന്റെ മുന്നിലായി നടക്കുന്നതും പുണ്യമുള്ള കാര്യമാണ്. എന്നാൽ എല്ലാവരും മയ്യിത്തിന്റെ മുന്നിലായി നടക്കുന്നത് കറാഹത്താണ്. മയ്യിത്തിന്റെ ഇടത്, വലത് വശങ്ങളിലായി നടക്കുന്നത് നല്ലതല്ല. (റദ്ദുൽ മുഹ്താർ 2/252). മയ്യിത്തിനോടൊപ്പം നടക്കുന്നതിലും മറ്റും മയ്യിത്തിന്റെ മദ്ഹബ് അല്ല പരിഗണിക്കേണ്ടത്. അത് ചെയ്യുന്നവരുടെ മദ്ഹബാണ്.

മയ്യിത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കൽ കറാഹത്തും കാരണത്തോട് കൂടിയാണങ്കിൽ കറാഹത്ത് ഇല്ല എന്നും കാണുന്നു. മയ്യിത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ഏതൊക്കെയാണ് ?

 


മഴ, മയ്യിത്ത് നിസ്കാരത്തിന് ഇമാമ് നിൽക്കേണ്ട വലിയ്യ് ഇഅ്തികാഫ് ഇരിക്കുക എന്നിവ മയ്യിത്ത് നിസ്കാരം പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നത് കറാഹത്ത് അല്ലാതാക്കുന്ന കാരണങ്ങളാണ്. പള്ളി അല്ലാതെ മയ്യിത്ത് നിസ്കാരത്തിന് സൗകര്യപ്പെടുന്ന മറ്റൊരു സ്ഥലം ഇല്ലാത്തതിനാലോ മുമ്പ് ഉണ്ടായിരുന്ന സ്ഥലത്ത് അസൗകര്യം ഉള്ളത് കൊണ്ടോ പല നാടുകളിലും പള്ളിയിൽ വെച്ച് മയ്യിത്ത് നിസ്കരിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ റോഡിൽ വെച്ച് മയ്യിത്ത് നിസ്കരിക്കാറുണ്ട്. അവിടെ വ്യാപകമായി നജസ് ഉണ്ടാകുകയും ചെയ്യും. അത്തരം സ്ഥലങ്ങളിൽ നജസായ ചെരിപ്പ് ഊരിയിട്ട് അതിന്മേൽ നിൽക്കാതെയും ചെരിപ്പ് ഇല്ലാതെ നിലത്ത് നിന്ന് നിസ്കരിക്കുന്നവരുടേയും നിസ്കാരം ഫാസിദാകുകയും ചെയ്യും. ഇതൊന്നുമില്ലെങ്കിലും മയ്യിത്ത് വഴിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്തുമാണ്. ഇത്തരം സന്ദർഭങ്ങളിൽ മയ്യിത്ത് പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്തല്ല. (റദ്ദുൽ മുഹ്താർ 2/245-246)

Sunday, 10 December 2023

ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന്റെ വിധിയെന്ത് ?

 

നിയമപരമായ എല്ലാ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഇന്ന് അത്യാവശ്യമാണ്. ബാങ്ക് പലിശയുമായി ബന്ധപ്പെട്ട വകുപ്പുമാണ്. അറിഞ്ഞോ അറിയാതെയോ പലിശ അതിൽ കടന്ന് കൂടുകയും ചെയ്യും. ഈ സന്ദർഭത്തിൽ അക്കൗണ്ട് എടുക്കുന്ന വ്യക്തി കുറ്റക്കാരനായി തീരുമോ ?


പലിശ രഹിത അക്കൗണ്ടുകൾ ലഭ്യമാണ്. അത്തരം അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിന് സാധ്യമല്ലെങ്കിൽ നിർബന്ധിത കാര്യങ്ങളിൽ മാത്രം അക്കൗണ്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്തണം. അനിവാര്യമായത് അനിവാര്യതയുടെ അളവിനനുസരിച്ച് മാത്രമേ അനുവദനീയമാകൂ എന്നാണ് അടിസ്ഥാന നിയമം.

വാഹന ഇൻഷ്വറൻസ് നിർബന്ധമാണല്ലോ? അപകടസമയത്തും മറ്റും ഇൻഷ്വറൻസ് കമ്പിനിലിയിൽ നിന്നും ലഭിക്കുന്ന തുക നാം വാങ്ങുന്നതിന്റെ വിധി എന്താണ് ?

 

നഷ്ടപരിഹാരവും ക്ലെെമും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഫുൾ കവർ ഇൻഷ്വറൻസ് നിർബന്ധമില്ല. അവ ലഭിക്കാത്ത രീതിയിലുള്ള തേർഡ് പാർട്ടി ഇൻഷ്വറൻസ് മതിയാകും. 

ഉള്ഹിയത്തിന്റെ മാംസം അമുസ്ലിം സഹോദരന്മാർക്ക് നൽകുന്നത് സംബന്ധിച്ച്

 

ഞങ്ങളുടെ നാടുകളിൽ ഉള്ഹിയത്തിന്റെ മാംസം അമുസ്ലിം സഹോദരന്മാർക്ക് വ്യാപകമായി വിതരണം ചെയ്യുന്നു. എന്താണ് ഇങ്ങനെയെന്ന് ചോദിക്കുമ്പോൾ നമ്മുടെ മദ്ഹബിൽ ദിമ്മിയായ കാഫിറിന് മാംസം വിതരണം ചെയ്യൽ അനുവദനീയമാണെന്നും അറവ് ചെയ്ത് രക്തം ഒഴുക്കൽ മാത്രമേ വാജിബുള്ളൂ എന്നും മാംസം വിതരണം ചെയ്യൽ മുസ്തഹബ്ബ് ആണ് എന്നും അതിനാൽ ദാനധർമ്മം പോലെ എല്ലാവർക്കും വിതരണം ചെയ്യാമെന്നും മറുപടിയായി പറയുന്നു. ഈ വിഷയത്തിൽ ഒരു വിശദീകരണം നൽകുമോ ?


ഇവിടുത്തെ അവിശ്വാസികൾക്ക് ഉള്ഹിയത്തിന്റെ മാസം നൽകൽ അനുവദനീയമല്ല. കാരണം അത് വിശ്വാസികളുടെ പ്രത്യേകമായ അവകാശമാണ്. നാട്ടിൽ വിശ്വാസികൾ ഉണ്ടായിരിക്കെ അവിശ്വാസികൾക്ക് ഉള്ഹിയത്ത് മാസം നൽകൽ മൂഢത്തരവുമാണ്. (ഫതാവാ റള് വിയ്യ 20/457).

ഇവിടുത്തെ അവിശ്വാസികൾ ദിമ്മിയ്യ് അല്ലാത്തതിനാൽ ഉള്ഹിയത്ത് മാസം അവർക്ക് നല്കാൻ പാടില്ല. (ബഹാറേ ശരീഅത്ത് 3/345). 

ഉള്ഹിയത്ത് മാംസം അവിശ്വാസികൾക്ക് നൽകൽ അനുവദനീയമല്ല (ഫതാവാ ഹനഫിയ്യ പേ:261, ഫതാവാ ഫഖീഹേ മില്ലത്ത് 1/507, ഫതാവാ അംജദിയ്യ 3/318, ഫതാവാ ഫെെളുർറസൂൽ 2/457-458, മജ്മൂഉൽ ഫതാവാ, ബറേലി ശരീഫ് പേ:251).

ഇസ്ലാമിക ഭരണം നിലവിലുള്ള രാജ്യത്ത് സർക്കാരിന് കപ്പം നൽകി താമസിക്കുന്ന അവിശ്വാസികളാണ് ദിമ്മിയ്യ്. ഇന്ത്യ മതേതര രാജ്യമായതിനാൽ ഇവിടുത്തെ അവിശ്വാസികൾ ദിമ്മിയ്യ് അല്ല. ആയതിനാൽ ചോദ്യത്തിൽ പറഞ്ഞത് അടിസ്ഥാനമില്ലാത്ത ന്യായീകരണമാണ്. 

Friday, 8 December 2023

ഭർത്താവിന്റെ മദ്ഹബ് സ്വീകരിക്കൽ ഭാര്യയ്ക്ക് നിർബന്ധമുണ്ടോ ?

 

ഇല്ല. ഭാര്യയ്ക്കും ഭർത്താവിനും അവരവരുടെ മദ്ഹബ് അനുസരിച്ച് കർമ്മങ്ങൾ നിർവ്വഹിക്കാവുന്നതാണ്.

ആർത്തവ സമയത്ത് മൊബൈലിൽ ഖുർആൻ കേൾക്കുന്നതിൽ തെറ്റുണ്ടോ ?

 

ഇല്ല, ഖുർആൻ പാരായണം കേൾക്കുന്നതിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് നിബന്ധന ഇല്ല. ആയതിനാൽ ആർത്തവ സമയത്ത് മൊബൈൽ വഴിയും അല്ലാതെയും ഖുർആൻ പാരായണം കേൾക്കാവുന്നതാണ്.

സുന്നത്തും വാജിബുമായ നോമ്പുകൾ ഏതെല്ലാമാണ് ?

 

റമദാൻ മാസത്തിലെ നോമ്പ്, കഫ്ഫാറത്തിന്റെ (പ്രായച്ഛിത്തത്തി) നോമ്പുകൾ, നേർച്ചയാക്കിയ നോമ്പുകൾ, നേർച്ചയാക്കിയ ഇഅ്തികാഫി നോമ്പ് എന്നിവ നിർബന്ധമായ നോമ്പുകളാണ്. സുന്നത്തായ നോമ്പ് തുടങ്ങിയാൽ അത് പൂർത്തിയാക്കൽ നിർബന്ധമാണ്. സുന്നത്ത് നോമ്പ് ഇടക്ക് വെച്ച് മുറിച്ചാൽ അത് ഖളാഅ് വീട്ടൽ നിർബന്ധമാണ്. 

മുഹർറം മാസം പത്തിന് നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്. അതിനോടൊപ്പം മുഹർറം ഒമ്പതിന് അല്ലെങ്കിൽ പതിനൊന്നിനും കൂടി നോമ്പ് അനുഷ്ഠിക്കൽ അതിന്റെ നിബന്ധനയാണ്. 

എല്ലാ അറബി മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കൽ മൻദൂബാണ്. ആ മൂന്ന് നോമ്പ് വെളുത്ത വാവ് ദിവസമായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിൽ ആയിരിക്കൽ കൂടുതൽ പുണ്യമുള്ളതാണ്. ശവ്വാൽ മാസം ആറ് ദിവസം, ദുൽ ഹിജ്ജ മാസം ഒന്ന് മുതൽ ഒമ്പത് വരെയും പതിനാല് മുതൽ മാസാവസാനം വരെയുമുള്ള ദിവസങ്ങൾ, ദുൽ ഖഅ്ദ, മുഹർറം, റജബ് മാസങ്ങളിലെ എല്ലാ ദിവസവും, തിങ്കൾ, വ്യാഴം ദിവസങ്ങൾ, ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കുക എന്നിവയും മൻദൂബാണ്. നോമ്പ് അനുഷ്ഠിക്കൽ തഹ് രീമിന്റെ കറാഹത്തായ

രണ്ട് പെരുന്നാൾ ദിവസങ്ങൾ, വലിയ പെരുനാളിന് ശേഷമുള്ള അയ്യാമുത്തശ് രീഖ് എന്ന മൂന്ന് ദിവസങ്ങൾ എന്നിവയും വെള്ളി, ശനി എന്നീ ദിവസങ്ങളിൽ മാത്രമായി നോമ്പ് അനുഷ്ഠിക്കുക, ഭർത്താവ് നാട്ടിൽ ഉണ്ടായിരിക്കുമ്പോൾ ഭർത്താവിന്റെ അനുവാദമില്ലാതെ നോമ്പനുഷ്ഠിക്കുക, തുടരെ എല്ലാ ദിവസവും നോമ്പ് അനുഷ്ഠിക്കുക എന്നീ തന്സീഹിന്റെ കറാഹത്ത് ആയ ദിവസങ്ങളും ഒഴികെയുള്ള ദിവസങ്ങൾ നോമ്പ് അനുഷ്ഠിക്കൽ പൊതുവെ പുണ്യകരമാണ്. (ഫിഖ്ഹുൽ ഇബാദത്ത് പേ:129-138). ശഅ്ബാൻ പതിനഞ്ച് ബറാഅത്ത് ദിനത്തിൽ നോമ്പ് അനുഷ്ഠിക്കൽ മൻ ദൂബാണ്. (അൽ ഫിഖ്ഹുൽ ഹനഫീ വ അദില്ലത്തുഹു 1/360)