Thursday 28 December 2023

ത്വവാഫ് ചെയ്യുന്നതിന് ചെറിയ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ഉണ്ടാകണമോ? ആർത്തവകാരി ഹജ്ജിന്റെ ഫർളായ ത്വവാഫ് ചെയ്യുന്നത് സഹീഹ് ആകുമോ ? ഹജ്ജ് കഴിഞ്ഞ് മടങ്ങാനുള്ള യാത്രയുടെ സമയമായ ആർത്തവകാരി എന്ത് ചെയ്യും?

 

മുസ്ലിമായിരിക്കുക, ഇഹ്റാമിന്റെയും അറഫയിൽ നിർത്തത്തിന്റെയും ശേഷം ആയിരിക്കുക, പെരുന്നാൾ ദിവസം സുബ്ഹി സമയം ആയതിന് ശേഷം ആകുക, മസ്ജിദുൽ ഹറാമിന്റെ ഉള്ളിൽ കഅ്ബക്ക് ചുറ്റും ആയിരിക്കുക, ബോധക്ഷയം ഉള്ളവരല്ലാത്തവർ സ്വന്തമായി നിർവഹിക്കുക എന്നീ കാര്യങ്ങൾ ഹജ്ജിന്റെ ഫർളായ ത്വവാഫ് സഹീഹാകുന്നതിനുള്ള നിബന്ധനകളാണ്. 

കഴിവുള്ളവർ നടക്കുക,  വലത് ഭാഗത്ത് കൂടി ആയിരിക്കുക, ഏഴ് തവണ പൂർത്തിയാക്കുക, ചെറിയ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ഉണ്ടായിരിക്കുക, ഔറത്ത് മറക്കുക, ദുൽഹജ്ജ് പത്ത്, പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളിൽ നിർവഹിക്കുക എന്നീ കാര്യങ്ങൾ നിർബന്ധ ത്വവാഫിന്റെ വാജിബാത്തുകൾ (നിർബന്ധമായ കാര്യങ്ങൾ) ആണ്. അടിസ്ഥാന നിർബന്ധമായ കാര്യങ്ങൾ(റുക്നുകൾ)ക്ക് പുറമേയാണിത്. ഇവിടെ എണ്ണിപ്പറഞ്ഞ കാര്യങ്ങൾ റുക്നുകൾ അല്ലാത്ത വാജിബുകൾ ആയതിനാൽ അവയിലൊന്ന് ഒഴിവാക്കിയാലും ത്വവാഫ് സഹീഹാകും. അതോടൊപ്പം തന്നെ വാജിബ് ഉപേക്ഷിച്ചതിന്റെ പേരിൽ കുറ്റക്കാരനാകുകയും ചെയ്യും. അതായത് ചെറിയ വലിയ അശുദ്ധിയോട് കൂടെയുള്ള ത്വവാഫ് സഹീഹാകുമെങ്കിലും കുറ്റകരമാണ്.

പള്ളിയിൽ പ്രവേശിക്കുന്നതും ത്വവാഫ് നിർവഹിക്കുന്നതും ആർത്തവകാരിക്ക് അനുവദനീയമല്ല എന്നതാണ് കുറ്റകരമാകാൻ കാരണം.  അശുദ്ധിയിൽ നിന്ന് ശുദ്ധി ഉണ്ടാകുക എന്നത്  ത്വവാഫിന്റെ വാജിബാണല്ലോ. അശുദ്ധിയോട് കൂടെ ത്വവാഫ് നിർവ്വഹിക്കൽ തഹ് രീമിന്റെ കറാഹത്താണ്. ത്വവാഫ് സ്വഹീഹാകുമെന്നത് മറ്റൊരു വസ്തുതയാണ്. 

ഇമാം ഇബ്നു അമീർ ഹാജിന്റെ വാക്കുകൾ റദ്ദുൽ മുഹ്താറിൽ ഉദ്ധരിക്കുന്നു: സഹയാത്രികർ ഹജ്ജ് കഴിഞ്ഞ് തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ ഒരു സ്ത്രീ ആർത്തവ രക്തത്തിൽ നിന്ന് ശുദ്ധിയായിട്ടില്ല. ത്വവാഫ് നിർവ്വഹിക്കൽ അവൾക്ക് അനുവദനീയമാണോ എന്ന് ഫത് വ ചോദിച്ചാൽ നിനക്ക് ഹറമിൽ പ്രവേശിക്കൽ അനുവദനീയമല്ല എന്നാണ് മുൻകാല പണ്ഡിതന്മാർ മറുപടി നൽകിയത്. കുറ്റം ചെയ്ത് കൊണ്ട് അവൾ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുകയും ത്വവാഫ് നിർവഹിക്കുകയും ചെയ്താൽ അവൾ കുറ്റക്കാരിയാകും. ത്വവാഫ് സ്വഹീഹാകുകയും ചെയ്യും. അതിലുപരി അവൾ നിബന്ധനയൊത്ത ഒരു ഒട്ടകത്തെ അറുത്ത് പ്രായശ്ചിത്തം ചെയ്യുകയും വേണം. സ്ത്രീകൾ അമ്പരക്കുന്നതും കൂടുതലായി സംഭവിക്കാറുള്ളതുമായ ഒരു മസ്അലയാണിത്".

ത്വവാഫ് കുറ്റകരമാണെന്നതിന് പുറമേ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്ന കുറ്റവും അവൾക്കുണ്ടല്ലോ. അശുദ്ധിയോട് കൂടെ ത്വവാഫ് ചെയ്ത കുറ്റത്തിന്റെ പ്രായശ്ചിത്തമായിട്ടാണ് ഒട്ടകത്തെ അറക്കുന്നത്. ഏതുതരം വലിയ അശുദ്ധിയോട് കൂടെ ത്വവാഫ് നിർവഹിക്കുന്നവർക്കും ഈ നിയമം ബാധകമാണ്.

ചെറിയ അശുദ്ധിയോട് കൂടെയാണ് ത്വവാഫ് നിർവഹിക്കുന്നതെങ്കിൽ ആ കുറ്റത്തിന് പ്രായശ്ചിത്തമായി നിബന്ധനയൊത്ത ഒരു ആടിനെയാണ് അറുക്കേണ്ടത്. 

വിശുദ്ധ മക്കയിലേക്ക് വരുമ്പോഴുള്ള ഉള്ള സുന്നത്തായ ഖുദൂമിന്റെ ത്വവാഫ്, ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോഴുള്ള  വാജിബായ സ്വദ്റിന്റെ ത്വവാഫ്, ഉംറയുടെ ത്വവാഫ്, മറ്റു സുന്നത്തായ ത്വവാഫുകൾ ഏതെങ്കിലും ഒന്ന് ആർത്തവമോ മറ്റ് വലിയ അശുദ്ധിയോ ഉള്ളതോടുകൂടി നിർവഹിച്ചാൽ ആ കുറ്റത്തിന് പ്രായശ്ചിത്തമായി ഒരു ആടിനെ അറുക്കണം. ചെറിയ അശുദ്ധിയോട് കൂടെയാണ് നിർവഹിക്കുന്നതിൽ അര സ്വാഅ് ഗോതമ്പോ ഒരു സ്വാഅ് കാരക്കയോ തത്തുല്യ വസ്തുക്കളോ സ്വദഖ  നൽകിയാണ് പ്രായശ്ചിത്തം പൂർത്തിയാക്കേണ്ടത്.

(അവലംബം: ശറഹുൽ വിഖായ, റദ്ദുൽ മുഹ്താർ.)

No comments:

Post a Comment