Tuesday 26 December 2023

ഹനഫി മദ്ഹബിൽ ജുമുഅ സ്ഥാപിക്കപ്പെടാൻ ഉള്ള നിബന്ധനകൾ എന്തെല്ലാം..?

 

ജുമുഅ നടത്തണമെങ്കിൽ പള്ളി തന്നെ ആവണം എന്നത് നിർബന്ധമാണോ..?

ഒരു പ്രദേശത്ത് ഒന്നിലധികം ജുമുഅ നടത്തുന്നതിന്റെ വിധി..?


ജുമുഅ സാധുവാക്കാൻ ആറ് നിബന്ധനകളുണ്ട്.

ഒന്ന്: പട്ടണത്തിലോ പട്ടണത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്തോ ആയിരിക്കുക. (നിയമങ്ങളും ശിക്ഷകളും നടപ്പാക്കുന്ന അധികാരി ഉള്ള സ്ഥലമാണ് പട്ടണം കൊണ്ട് ഉദ്ദേശിക്കുന്നത്). രണ്ട്: ഭരണാധികാരിയോ അയാളുടെ പ്രതിനിധിയോ ജുമുഅക്ക് നേതൃത്വം നൽകുക. അല്ലെങ്കിൽ ആ പ്രദേശത്തെ മുസ്ലീങ്ങൾ തെരഞ്ഞെടുക്കുന്ന ഒരാൾ നേതൃത്വം നൽകുക.

മൂന്ന്: ളുഹ്റിന്റ സമയത്ത് ആയിരിക്കുക.

നാല്: ജുമുഅ നിസ്കരിക്കുന്നതിന് മുമ്പ് ഖുതുബ ഓതുക.

അഞ്ച്: ജുമുഅയിൽ സംബന്ധിക്കാൻ ഉദ്ദേശിച്ച വർക്കൊക്കെ പൊതു സമ്മതം ഉണ്ടായിരിക്കുകയും പരസ്യ സ്വഭാവത്തിലും ആയിരിക്കുക. ആറ്: ജമാഅത്തായി നിസ്കരിക്കുക. 

ജുമാ നടത്താൻ പള്ളി തന്നെ വേണമെന്നില്ലെങ്കിലും മുകളിൽ പറഞ്ഞ നിബന്ധനകളിൽ അഞ്ചാമത്തേത് ഉള്ള സ്ഥലത്ത് മാത്രമേ ജുമുഅ ശരിയാവുകയുള്ളൂ. പള്ളിയിൽ തന്നെയാണെങ്കിലും ജുമുഅക്ക് വരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും പൊതു സമ്മതമില്ലാതെയും പരസ്യപ്പെടുത്താതെയും പള്ളി അടച്ചിട്ട് കൊണ്ട് നിസ്കരിച്ചാൽ ജുമുഅ സാധുവാകുന്നതല്ല.(മറാഖിൽ ഫലാഹ്, ഹാശിയതു ത്വഹ്ത്വാവീ 506-513).

ഒരു പ്രദേശത്ത് ഒന്നിലധികം ജുമുഅ പാടില്ല എന്നും രണ്ട് സ്ഥലത്ത് ജുമുഅ ആകാമെന്നും നിരവധി സ്ഥലങ്ങളിൽ ജുമുഅ നടത്താമെന്നും മൂന്ന് അഭിപ്രായമുണ്ട്. നിരവധി സ്ഥലങ്ങളിൽ ജുമുഅ നടത്താമെന്ന മൂന്നാമത്തെ അഭിപ്രായമാണ് പ്രബലമായത്. (ഹാശിയതു ത്വഹ്ത്വാവീ പേ:506).

No comments:

Post a Comment