Tuesday 26 December 2023

നജസിന്റെ ഇനങ്ങളും ശുദ്ധീകരണവും എങ്ങനെയാണ് ?

 

കഠിനമായത്, മൃദുലമായത് എന്നിങ്ങനെ നജസ് രണ്ടിനമാണ്. കള്ള്, അറവ് സമയത്ത് ഒലിപ്പിക്കപെട്ട രക്തം, ശവത്തിന്റെ മാംസം, ശവത്തിന്റെ ഊറക്ക് ഇടാത്ത തോല്, മാംസം ഭക്ഷിക്കൽ അനുവദനീയമല്ലാത്ത ജീവികളുടെ മൂത്രം, എലിയുടെ മൂത്രം, നായയുടെ കാഷ്ടം, വേട്ട മൃഗങ്ങളുടെ അയവിറക്കിയ ഭക്ഷ്യവസ്തുക്കളും ഉമിനീരും, കോഴി, താറാവ് എന്നിവയുടെ കാഷ്ടം, മനുഷ്യ ശരീരത്തിൽ നിന്ന് പുറപ്പെട്ട് ഒലിക്കുകയോ സ്ഥാനം വിട്ട് ചലിക്കുകയോ ചെയ്ത രക്തം, ശുക്ലം(മനിയ്യ്), വൈകാരിക മൂർച്ഛ കാരണമായി പുറപ്പെടുന്ന മദിയ്യ്, ഭാരം ചുമക്കുമ്പോഴോ മൂത്രമൊഴിച്ച ശേഷമോ പുറപ്പെടുന്ന വദിയ്യ്, സ്ത്രീ രക്തങ്ങൾ, നിയന്ത്രണവിധേയമല്ലാത്ത ഛർദ്ദി, കുതിര, കഴുത, കോവർകഴുത, ആട്, മാടുകൾ എന്നിവയുടെ കാഷ്ടം തുടങ്ങിയവ കഠിനമായ നജസുകളാണ്.

കാടനോ നാടനോ ആയ ആട്, മാട്, ഒട്ടകം, കുതിര തുടങ്ങിയ മാംസം ഭക്ഷിക്കൽ അനുവദനീയമായ മൃഗങ്ങളുടെ മൂത്രം, വേട്ടപ്പട്ടികൾ, പരുന്ത് തുടങ്ങിയ മാംസം അനുവദനീയമല്ലാത്ത പക്ഷികളുടെ കാഷ്ടം തുടങ്ങിയവ മൃദുവായ നജസുകളാണ്. 

കാഷ്ടം പോലെ കാണാവുന്ന രീതിയിൽ അവശേഷിക്കുന്നത്, ഉണങ്ങിയ മൂത്രം പോലെ കാണാത്ത രീതിയിലുള്ളത് എന്നിങ്ങനെ നജസുകൾ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രണ്ടിനമുണ്ട്. കാണാവുന്ന രീതിയിലുള്ള നജസുകൾ അതിന്റെ തടി നീങ്ങി ശുദ്ധിയാകുന്നത് വരെ കഴുകേണ്ടതാണ്. എന്നാൽ ഉണങ്ങിയ മൂത്രം പോലുള്ള കാണാൻ പറ്റാത്ത നജസുകൾ ചുരുങ്ങിയത് മൂന്നു പ്രാവശ്യം ആവർത്തിച്ച് കഴുകൽ നിർബന്ധമാണ്. വസ്ത്രം പോലെ പിഴിയാൻ പറ്റുന്ന വസ്തുക്കൾ ഓരോതവണ കഴുകിയ ശേഷവും പിഴിയുകയും വേണം. പിഴിയാൻ പറ്റാത്ത വസ്തുവിലെ നജസാണ് കഴുകുന്നതെങ്കിൽ ആദ്യത്തെ കഴുകലിന്റെ വെള്ളം ഒലിച്ചു പോയ ശേഷം വേണം രണ്ടാം തവണ വെള്ളമൊഴിച്ച് കഴുകേണ്ടത്. ഇപ്രകാരംതന്നെ മൂന്നാം തവണയും ചെയ്യണം. മൂന്ന് തവണ കഴുകിയിട്ടും ശുദ്ധി ആയതായി ധാരണ വന്നിട്ടില്ലെങ്കിൽ ശുദ്ധിയായികുന്നത് വരെ ആവർത്തിച്ചു കഴുകണം.   

No comments:

Post a Comment