Tuesday 26 December 2023

സമ്പന്നനായ ഒരു മുസ്ലിം കഴിവുള്ളതിനോട് കൂടി ഫർള്, വാജിബ് നിസ്കാരങ്ങൾ ഖളാഅ് ആക്കി അവ ഖളാഅ് വീട്ടുന്നതിന് മുൻപായി അയാൾ മരണപ്പെട്ടു. എന്നാൽ നഷ്ടപ്പെട്ട നിസ്കാരങ്ങൾക്ക് ഫിദ് യ നൽകേണ്ടതുണ്ടോ. ഉണ്ടങ്കിൽ ആരാണ് നൽകേണ്ടത് എന്താണ് നൽകേണ്ടത്.

 

നിസ്കരിക്കാൻ കഴിവുള്ളതോടു കൂടെ ഖളാഅ് ആക്കിയ നിസ്കാരങ്ങൾ മരണം ആസന്നമാകുന്നതുവരെ നിസ്കരിച്ചു വീട്ടിയിട്ടില്ലെങ്കിൽ ഓരോ നിസ്കാരത്തിനെ തൊട്ടും ഫിദ് യ നൽകാൻ വസിയത്ത് ചെയ്യൽ നിർബന്ധമാണ്.

ഒരാളുടെ ഫിത്ത്ർ സക്കാത്ത് പോലെ ഓരോ നിസ്കാരത്തിനും അര സാഅ് ഗോതമ്പ്, ഗോതമ്പ് പൊടി, അത് പാചകം ചെയ്ത് ഉണ്ടാക്കിയ പായസം അല്ലെങ്കിൽ ഒരു സാഅ് ഉണങ്ങിയ കാരക്ക, ഉണക്കമുന്തിരി, ബാർലി എന്നിവയോ അതിൻറെ വിലയോ ആണ് ഫിദ് യയായി നൽകേണ്ടത്. വില നൽകുന്നതാണ് ഉത്തമം.

മരണപ്പെട്ട വ്യക്തിയുടെ അനന്തരസ്വത്തിന്റെ മൂന്നിൽ ഒരു ഭാഗത്തിൽ നിന്നാണ് ഫിദ് യ നൽകേണ്ടത്. അനന്തരാവകാശികളാണ് ഈ ഫിദ് യ നിർവഹിക്കേണ്ടത്. അനന്തരസ്വത്തിൽ മൂന്നിൽ ഒന്നിനേക്കാൾ കൂടുതലാണ് മൊത്തം ഫിദ് യ എങ്കിൽ അനന്തരാവകാശികളുടെ എല്ലാവരുടെയും സമ്മതത്തോടുകൂടെ ബാക്കിയുള്ളതിൽ നിന്ന് എടുത്ത് നൽകാവുന്നതാണ്. അല്ലെങ്കിൽ അവർ ഒരു മിസ്കീനുമായി ധാരണയുണ്ടാക്കുകയും ഫിദ് യയിൽ നിന്ന് ലഭ്യമായത് അയാൾക്ക് കൊടുക്കുകയും ചെയ്യുക. ശേഷം പ്രസ്തുത മിസ്കീൻ കൈപ്പറ്റിയ വസ്തു ദാനമായി മയ്യിത്തിന്റെ അനന്തരാവകാശികൾക്ക് തിരികെ നൽകുകയും അത് വീണ്ടും മയ്യത്തിന്റെ ഫിദ് യ ഇനത്തിൽ പ്രസ്തുത മിസ്കീന് നൽകുകയും ചെയ്യുക. ഫിദ് യ പൂർത്തിയാകുന്നതുവരെ ഈ രീതി ആവർത്തിക്കുക. അനന്തരമായി ഒന്നും ഇല്ലെങ്കിൽ അനന്തരാവകാശികൾ അല്പം സ്വത്ത് കടം വാങ്ങുകയും മിസ്കീനുമായി ധാരണയുണ്ടാക്കി ഇങ്ങനെ ചെയ്യേണ്ടതുമാണ്.

ഫിദ് യ നിർവഹിക്കണമെന്ന് മരണസമയത്ത് വസിയത്ത് ചെയ്തിട്ടില്ലെങ്കിൽ അനന്തരാവകാശികൾക്ക്  അവരുടെ വകയായി മയ്യിത്തിനെ തൊട്ട് ഫിദ് യ നിർവഹിക്കാവുന്നതാണ്. അനന്തരാവകാശികൾ അല്ലാത്തവർക്കും ഇങ്ങനെ ചെയ്യാം എന്ന അഭിപ്രായവുമുണ്ട്. ഓരോ നിസ്കാരത്തിന്റേയും ഫിദ് യ ഒരു മിസ്കീന് കൊടുക്കണം എന്നതോ നിശ്ചിത എണ്ണം നിശ്ചിത ആൾക്കാർക്ക് കൊടുക്കണമെന്നതോ നിർബന്ധമില്ല. മൊത്തം ഫിദ് യയും ഒരു മിസ്കീന് നൽകാവുന്നതാണ്. 

വിത്റ് അടക്കമുള്ള എല്ലാ ഫർള് നിസ്കാരങ്ങൾക്കും ഈ ഫിദ് യ ബാധകമാണ്.

(അവലംബം: ഹാശിയതു ത്വഹ്ത്വാവീ പേ. 436-440.)


No comments:

Post a Comment