Tuesday 26 December 2023

ഹനഫി മദ്ഹബിൽ, ലോകത്ത് എവിടെയെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി കണ്ടാൽ തന്നെ ഖാസി നോമ്പും പെരുന്നാളും ഉറപ്പിക്കണം, സാക്ഷികൾ ഉണ്ടെങ്കിൽ. എന്നാണ് മുഅ്തമദ് എന്ന് കേട്ടു .അത് ശരിയാണോ?

 

ഹനഫി മദ്ഹബിൽ അഭിപ്രായ ഭിന്നതയുള്ള വിഷയമാണിത്. ചോദ്യത്തിൽ പറഞ്ഞ അഭിപ്രായമാണ് ളാഹിറുൽ മദ്ഹബ് എന്നും അതനുസരിച്ചാണ് ഫത് വ  കൊടുക്കേണ്ടതെന്നും മശാഇഖുമാരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്നും പറഞ്ഞിട്ടുണ്ട്.

ഉദയാസ്തമയവ്യത്യാസമുള്ള നാടുകൾ വ്യത്യസ്തമായി കണക്കാക്കപ്പെടുമെന്നും ഓരോ നാടുകളിലും മാസപ്പിറവി ദൃശ്യമാകുകയും സ്ഥിരപ്പെടുകയും ചെയ്യണമെന്നുമാണ് രണ്ടാമത്തെ അഭിപ്രായം. തജ് രീദ് എന്ന കിതാബിലും മറ്റും ഇതിനെ മുഖ്താറാക്കിയിട്ടുണ്ട്. നിസ്കാരത്തിന്റെ സമയത്തിൽ വ്യത്യാസം വരുന്നത് പ്രകാരം മാസപ്പിറവി ദൃശ്യമാകുന്നതിലും വ്യത്യാസം വരുമെന്ന് സയ്യിദ് എന്നവർ ഇതിനെ ബലപ്പെടുത്തികൊണ്ട് രേഖപ്പെടുത്തി. ഈ രണ്ടാം അഭിപ്രായമാണ് ഖിയാസിനോട് കൂടുതൽ യോജിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

(ഹാശിയതു ത്വഹ്ത്വാവീ പേ:656)

ഹനഫി മുസ്ലിംകൾ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നോമ്പ് ആരംഭവും പെരുന്നാളും  വ്യത്യസ്ത ദിവസങ്ങളിൽ നടക്കുന്നു എന്നത് രണ്ടാമത്തെ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ഹനഫി മദ്ഹബുകാരായ ഉന്നത പണ്ഡിതന്മാർ ആണല്ലോ ഇതിന് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഹനഫികൾ വ്യത്യസ്ത ദിവസങ്ങളിൽ പെരുന്നാൾ ആഘോഷിക്കുയും നോമ്പ്  ആരംഭിക്കുകയും ചെയ്യാറുണ്ടല്ലോ.

No comments:

Post a Comment