Saturday 30 December 2023

കഫൻ പുടവയുടെ എണ്ണവും പൊതിയണ്ട രൂപയും വിവരിച്ച് തരുമോ?

 

പുരുഷന്റെ മയ്യിത്ത് മൂന്ന് വസ്ത്രത്തിൽ പൊതിയുന്നതാണ് സുന്നത്ത്. നടക്കാൻ സൗകര്യത്തിന് വേണ്ടിയുള്ള താഴ്ഭാഗത്തെ വിശാലതയും കൈകളും ഇല്ലാത്തതും തല കയറ്റുന്നതിന് ആവശ്യമായ തിനേക്കാൾ കൂടുതൽ നെഞ്ചിന്റെ ഭാഗം താഴോട്ട് കീറാത്തതുമായ ഖമീസ്, തലയുടെ ഉച്ചി മുതൽ കാൽപ്പാദം വരെ എത്തുന്ന ഇസാർ, തലഭാഗവും കാൽ ഭാഗവും കെട്ടുന്നതിന് കൂടി വലിപ്പമുള്ള മയ്യത്തിനെ മൊത്തം പൊതിയുന്ന ലഫാഫത്ത് എന്നിവയാണ് പ്രസ്തുത മൂന്ന് വസ്ത്രങ്ങൾ. ലഫാഫത്ത് നിലത്ത് വിരിക്കുകയും അതിന്റെ മുകളിൽ മദ്ധ്യത്തിലായി ഇസാറിനെ വിരിക്കുകയും ചെയ്യുക. ഖമീസ് ധരിപ്പിച്ച മയ്യിത്തിനെ തുണികളുടെ മധ്യത്തിലായി കിടത്തുക. ഇസാറിന്റെ ഇടതുഭാഗം മയ്യിത്തിന്റെ വലതു ഭാഗത്തേക്ക് പൊതിയുക. പിന്നീട് ഇസാറിന്റെ വലതുഭാഗം മയ്യിത്തിന്റെ ഇടതുഭാഗത്തേക്ക് പൊതിയുക. ശേഷം ലഫാഫത്തിന്റെ ഇടതുഭാഗം മയ്യിത്തിന്റെ വലതുഭാഗത്തേക്ക് പൊതിയുക. പിന്നീട് ലഫാഫത്തിന്റെ വലതു ഭാഗം മയ്യിത്തിന്റെ ഇടതു ഭാഗത്തേക്കും പൊതിയുക. 

തലപ്പാവ് ധരിപ്പിക്കൽ പ്രബല അഭിപ്രായമനുസരിച്ച് കറാഹത്താണ്. 

സ്ത്രീയുടെ മയ്യിത്ത് അഞ്ച് വസ്ത്രങ്ങളിൽ പൊതിയുന്നതാണ് സുന്നത്ത്. മുകളിൽ പറഞ്ഞ മൂന്ന് വസ്ത്രങ്ങൾക്ക് പുറമേ തലയും മുഖവും മറയുന്ന മക്കന, നെഞ്ചിന്റെ മുകൾഭാഗം മുതൽ പൊക്കിൾ വരെ മറയുന്ന ഖിർഖ എന്നീ രണ്ട് വസ്ത്രങ്ങൾ കൂടിയാണ് സ്ത്രീയുടെ മയ്യിത്ത് പൊതിയാൻ ഉപയോഗിക്കേണ്ടത്. ആദ്യം ഖമീസ് ധരിപ്പിക്കുക. അതിന്റെ മുകളിലായി മക്കന ധരിപ്പിക്കുക. അതിന് മുകളിൽ മുമ്പ് പറഞ്ഞ പ്രകാരം ഇസാർ ധരിപ്പിച്ച ശേഷം ഖിർഖ കൊണ്ട് മാറും വയറും ചുറ്റി കെട്ടുക. പിന്നീട് മുമ്പ് പറഞ്ഞ പോലെ ലഫാഫത്ത് കൊണ്ട് പൊതിയുക. (ഹാശിയതു ത്വഹ്ത്വാവീ പേ: 575-579)

No comments:

Post a Comment