Saturday 30 December 2023

ശാഫിഈ മദ്ഹബ് ജമാഅത്ത് നടക്കുന്ന പള്ളിയിൽ അസ്വ് റിന് ആ ജമാഅത്തിൽ പങ്കെടുക്കുകയാണോ ചെയ്യണ്ടത്. അതല്ല നമ്മുടെ സമയം ആകാൻ കാത്തിരിക്കുകയാണോ ചെയ്യണ്ടത്?

 

ളുഹ്ർ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതോട് കൂടെയാണല്ലോ അസ്വ് റ് നിസ്കാരത്തിന്റെ സമയം ആരംഭിക്കുന്നത്. ഒരു വസ്തുവിന്റെ നിഴൽ അതിന്റെ ഇരട്ടിയാകുന്നതോട് കൂടെയാണ് ളുഹ്ർ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നത് എന്നാണ് ഇമാം അബൂ ഹനീഫ(റ)വിന്റെ പ്രബലമായ അഭിപ്രായം. എന്നാൽ ശാഫിഈ മദ്ഹബ് പോലെ ഒരു വസ്തുവിന്റെ നിഴൽ അതിന്റെ അത്രയാകുന്നതോട്കൂടെ ളുഹ്റിന്റെ സമയം അവസാനിക്കുമെന്നാണ് ഇമാം അബൂ യൂസുഫ്(റ), ഇമാം മുഹമ്മദ്(റ) എന്നീ ഹനഫീ മദ്ഹബിലെ സ്വാഹിബാനിയുടേയും ഇമാം സുഫർ(റ) എന്നവരുടേയും അഭിപ്രായം. ഇമാം അബൂ ഹനീഫ(റ)വിനും ഇങ്ങനെ ഒരു അഭിപ്രായവുമുണ്ട്. ഗുറ റ്, ബുർഹാൻ, ഫെെള് എന്നീ ഗ്രന്ഥങ്ങളിലും ഇമാം ത്വഹാവിയും ഈ അഭിപ്രായത്തെ പ്രബലമാക്കിയിട്ടുമുണ്ട്. എന്നാൽ ഒരു വസ്തുവിന്റെ നിഴൽ അതിന്റെ അത്രയാകുന്നതിന് മുമ്പ് ളുഹ്ർ നിസ്കരിക്കുകയും ഒരു വസ്തുവിന്റെ നിഴൽ അതിന്റെ ഇരട്ടി ആയതിന് ശേഷം അസർ നിസ്കരിക്കുകയും ചെയ്യുന്നതാണ് സൂക്ഷ്മത. (അല്ലുബാബ് പേ: 83-84, ഹാശിയതു ത്വഹ്ത്വാവീ പേ:  175-177).

ശാഫിഈ പള്ളിയിൽ ജമാഅത്ത് നടക്കുമ്പോൾ ഹനഫീ മദ്ഹബുകാർക്ക് അതിൽകൂടി നിസ്കരിക്കൽ അനുവദനീയമാണെന്നും എന്നാൽ ഹനഫികളുടെ സമയമാകുന്നത് വരെ കാത്തിരിക്കുന്നതാണ് സൂക്ഷ്മതയെന്നും മുകൾ വിശദീകരണത്തിൽ നിന്ന് മനസ്സിലാകുമല്ലോ.

No comments:

Post a Comment