Friday 22 July 2016

കുട്ടികൾക്ക് നല്ല പേരുകൾ സമ്മാനിക്കുക


ഒരിക്കൽ തിരുനബി ﷺ കൂടെയുള്ളവരോട് ചോദിച്ചു. "ആരാണ് ഈ ആടിനെ കറക്കുക?" ഒരാള്‍ എഴുന്നേറ്റു നിന്നു പറഞ്ഞു:ഞാന്‍. "

നിന്റെ പേരെന്താണ്?" അയാള്‍ പറഞ്ഞു: മുര്‍റത്ത്.അനന്തരം അവിടുന്ന് പറഞ്ഞു. "ഇരിക്കൂ!"

തിരുനബി ﷺ ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. "നിന്റെ പേര്?" "എന്റെ പേര് ഹര്‍ബ്." അവിടുന്ന് ചോദ്യം ആവര്‍ത്തിച്ചു.

മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി ﷺ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു. തിരുനബി ﷺ പറഞ്ഞു "എന്നാല്‍ നീ ആടിനെ കറക്കുക.” (മുവത്വ 2/973)

പേരിടുമ്പോൾ നല്ല അർത്ഥമുള്ളതായിരിക്കണം. മുകളിലുദ്ധരിച്ച ഹദീസിൽ തിരുനബി ﷺ ആടിന്റെ പാൽ കറന്നെടുക്കാൻ വേണ്ടി ഒരാളെ സെലക്റ്റ് ചെയ്യുകയാണ്. ആദ്യം തയ്യാറായ രണ്ടാളുടെയും പേരുകളുടെ അർത്ഥം മോശമാണ്.

ഒരാളുടേത് മുർറത് = കയ്പ് , 

മറ്റേ ആളുടേത് ഹർബ്= യുദ്ധം. 

മൂന്നാമത്തെ വ്യക്തിയുടെ നാമം യഈശു = ജീവിക്കും. 

അത് ശുഭസൂചനയുള്ള പേരാണ്. അപ്പോൾ തിരുനബി ﷺ അദ്ദേഹത്തോട് ആടിനെ കറന്ന് പാലെടുക്കാൻ കൽപ്പിച്ചു. ഒരു ഉത്തരവാദിത്വം ഒരാളെ ഏൽപ്പിക്കുമ്പോൾ അയാളുടെ പേര് കൂടി പരിഗണിക്കണമെന്ന് പഠിപ്പിക്കുകയാണിവിടെ. അതിനാൽ നമ്മുടെ സന്താനങ്ങളുടെ നാമങ്ങൾ അർത്ഥ സമ്പൂർണ്ണമായിരിക്കണം.

🍇 കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിന് മാതാപിതാക്കള്‍ ചെയ്തു കൊടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് നല്ല പേരിടുക എന്നത്. പേരിടുന്നത് ഏഴാമത്തെ ദിവസമാകുന്നത് ഏറെ ഉത്തമം. നല്ല പേരിടുക എന്നത് മാതാപിതാക്കളുടെ മേല്‍ കുട്ടികള്‍ക്കുള്ള അവകാശമാണ്.

🍇 നബി പറഞ്ഞു: ''പ്രവാചകന്മാരുടെ പേരിടുക. അല്ലാഹുവിന് ഏറെ പ്രിയമുള്ള പേരുകളാണ് അബ്ദുല്ലയും അബ്ദുര്‍റഹ്മാനും. പേരുകളില്‍ ഏറ്റവും ശരിയായത് ഹാരിസ്, ഹമ്മാം എന്നീ പേരുകളും, ഏറ്റവും മോശം ഹര്‍ബ്, മുര്‍റ തുടങ്ങയവയുമാകുന്നു. അന്ത്യനാളില്‍ മനുഷ്യരഖിലം ഒരുമിച്ചു കൂടുന്ന വേളയില്‍ ഓരോരുത്തരും തങ്ങളുടെയും തങ്ങളുടെ പിതാക്കളുടെയും പേര് വെച്ചായിരിക്കും വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ കുട്ടികള്‍ക്ക് നല്ല പേരുകള്‍ നോക്കി ഇടുക'' (അബൂദാവൂദ്).

🍇 ഉമര്‍ (റ) പറഞ്ഞു: നബി (സ) അരുള്‍ ചെയ്തു: ''ഇന്‍ശാ അല്ലാഹ്, ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍, റബാഹ്, നജീഹ്, അഫ്‌ലഹ്, നാഫിഅ്, യസാര്‍ എന്നിങ്ങനെയുള്ള പേരിടുന്നത് വിലക്കുമായിരുന്നു'' (സ്വഹീഹ് ഇബ്‌നു മാജ: 3729). തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിരോധിക്കപ്പെട്ട പേരുകളില്‍ റാഫിഇ്, ബറകഃ എന്നിവ കൂടിയുണ്ട് (തിര്‍മിദി: 3069).

🍇 സമുര്‍റ ബിന്‍ ജുന്‍ദുബില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ''നിന്റെ കുട്ടിക്ക് നീ യസാര്‍ എന്നോ നജീഹ് എന്നോ അഫ്‌ലഹ് എന്നോ പേരിടരുത്.'' നിത്യ ജീവിതത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കും എന്നതിനാലാണ് ഇത്തരം പേരുകള്‍ നിരുത്സാഹപ്പെടുത്താന്‍ കാരണമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. ഉദാഹരണം ബറകഃ (അനുഗ്രഹം) അവിടെയുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരുന്ന പക്ഷം അത് ഒരസ്വസ്ഥതയുണ്ടാക്കുമല്ലോ-ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ  വിശദീകരണമാണിത് (തുഹ്ഫതുല്‍ മൗലൂദ് 1/117).

✅ 'നിന്റെ പേര് ലാഭം എന്നായിട്ടും നിനക്കെപ്പോഴും നഷ്ടമാണല്ലോ', 'നിന്റെ പേര് വിജയി എന്നായിട്ടും നീയെന്തേ തോറ്റുപോയി', 'നിന്റെ പേര് ഗുണം, ഉപകാരം എന്നാണെങ്കിലും നിന്നെക്കൊണ്ട് യാതൊരു ഉപകാരവുമില്ലല്ലോ' എന്ന് തുടങ്ങിയ ആക്ഷേപങ്ങള്‍ക്ക് ഇടവരുന്നതും, തന്റെ പേരിനോടും പേരിട്ടവരോടും വെറുപ്പ് ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ നാമകരണം ഒഴിവാക്കാനാണ് പ്രവാചകന്‍ (സ) ഇതൊക്കെ പഠിപ്പിച്ചിട്ടുള്ളത്.

🌺 വിശിഷ്ട നാമങ്ങള്‍ ആവാന്‍ ശ്രദ്ധിക്കുക. മോശമായ അര്‍ത്ഥമുള്ള പേരുകള്‍, കേള്‍ക്കുന്നവര്‍ക്കും, കുട്ടിക്ക് പോലും വലുതായാല്‍ അരോചകമായി തോന്നുന്ന പേരുകള്‍ ഒഴിവാക്കേണ്ടതാണ്. ആസ്വിയ (അനുസരണം കെട്ടവള്‍) എന്ന പേര് നബി (സ) ജമീല (സുന്ദരി) എന്നാക്കി മാറ്റുകയുണ്ടായി. ഇമാം സഈദുബിന്‍ മുസയ്യിബ് പറഞ്ഞതായി ഇമാം സുഹ്‌രി ഉദ്ധരിക്കുന്നു: തന്റെ പിതാവ് നബി (സ) യുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് പേര് തിരക്കി. അപ്പോള്‍ ഹസ്ന്‍ (പരുക്കന്‍) എന്നാണെന്ന് മറുപടി നല്‍കി. അല്ല താങ്കള്‍ സഹ്ല്‍ (മൃദുലം) ആണെന്ന് നബി തിരുത്തി. എന്നാല്‍ തന്റെ പിതാവ് തനിക്കിട്ട പേര് മാറ്റാന്‍ താന്‍ ഒരുക്കമല്ലെന്ന്  പറഞ്ഞ് അദ്ദേഹം അതിലുറച്ചു നിന്നു. സഈദ് ബിന്‍ മുസയ്യിബ് പറഞ്ഞു: അങ്ങനെ ആ പരുക്കത്തരം പിന്നീടും ഞങ്ങളില്‍ നിലനില്‍ക്കുകയുണ്ടായി (ബുഖാരി: 6193, ശറഹുല്‍ മുവത്വ: 4/421). കൂടാതെ ഫാജിറ, സാനിയ തുടങ്ങി അധാര്‍മികവും അശ്ലീലാര്‍ഥവുമുള്ള നാമങ്ങളും ഒഴിവാക്കേണ്ടതാണ്.

❌ അല്ലാഹുവിന്റേതല്ലാത്തവരുടെ അടിമത്വം സൂചിപ്പിക്കുന്ന പേരുകള്‍ ഒഴിവാക്കേണ്ടതാണ്. അബ്ദുല്‍ കഅ്ബ (കഅ്ബയുടെ അടിമ), അബ്ദുന്നബി, അബ്ദുല്‍ ഹുസൈന്‍ തുടങ്ങിയവ ഉദാഹരണം.

❓ പൊങ്ങച്ചവും അഹങ്കാരവും ദ്യോതിപ്പിക്കുന്ന ആശയങ്ങള്‍ ഉള്ള പേരുകളും ഒഴിവാക്കുക. നബി(സ) പറയുന്നു: ''അന്ത്യ ദിനത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും വൃത്തികെട്ടവനും ഏറ്റവും വെറുക്കപ്പെട്ടവനും 'രാജാധിരാജന്‍' എന്ന് നാമകരണം ചെയ്യപ്പെട്ടവനാണ്. കാരണം അങ്ങനെയുള്ള സര്‍വാധിരാജന്‍ അല്ലാഹു മാത്രമാണ്'' (ബുഖാരി: 6205, മുസ്‌ലിം: 5734, ശറഹു മുസ്‌ലിം: 7/266). 

ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം അബൂ ദാവൂദ് പറഞ്ഞു: ആസ്വ്, അസീസ്, അതല, ശൈത്വാന്‍, അല്‍ഹകം, ഗുറാബ് ഹുബാബ്, ശിഹാബ് തുടങ്ങിയ പേരുകള്‍ക്ക് ബദല്‍ നിര്‍ദേശിക്കുകയുണ്ടായി. അങ്ങനെ ശിഹാബിനെ ഹിശാമാക്കി, ഹര്‍ബിനെ സല്‍മ് എന്നാക്കി, മുദ്ത്വജിഇനെ മുംബഇസുമാക്കി. (അബൂ ദാവൂദ്, മോശം പേരുകള്‍ മാറ്റുന്നതിനെ പറ്റിയുള്ള അധ്യായം: 4/444)

❓അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളായി എണ്ണപ്പെടുന്ന പേരുകളാവാന്‍ പാടില്ല. ഉദാ: അല്‍ അസീസ്, അര്‍റഹ്മാന്‍ പോലുള്ളവ. അര്‍ഥമില്ലാത്ത പേരുകളോ, അനറബി പേരുകളോ, ജീവികളുടെയോ മറ്റു സൃഷ്ടി ജാലങ്ങളുടെയോ പേരുകളോ ഇടുന്നതിന് വിലക്കൊന്നുമില്ല. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിന്റെയോ, മതത്തിന്റെയോ, ദര്‍ശനത്തിന്റെയോ ഒക്കെയായി അറിയപ്പെടുന്ന പേരുകള്‍ ഒഴിവാക്കുകയാണ് ഉചിതം. അതുതന്നെ ഒരു നാട്ടില്‍ പറ്റുന്നത് മറ്റൊരു നാട്ടില്‍ അങ്ങനെയായിക്കൊള്ളണമെന്നില്ല. ഉദാഹരണം: സാമി അറബി നാടുകളില്‍ സാര്‍വത്രികമാണ്. എന്നാല്‍ വിളിച്ചു വരുമ്പോള്‍ നമ്മുടെ നാട്ടിലെ സ്വാമി എന്നതിനോട് സാദൃശ്യമുള്ളതിനാല്‍ ഇതര വിഭാഗങ്ങള്‍ അതിടാറില്ല.

No comments:

Post a Comment