Wednesday 27 July 2016

ചെറിയ ശിർക്കിനെ സൂക്ഷിക്കുക




ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ്(റ) നബി തിരുമേനിയുടെ(സ) ഖബ്‌റിനടുത്തു കൂടെ നടന്നു പോകുമ്പോള്‍ മുആദ്(റ) അവിടെ ഇരുന്ന് കരയുന്ന കാഴ്ച്ച കാണുന്നു. ഉമര്‍(റ) കരയുന്നതിന്റെ കാരണമന്വേഷിച്ചു. ഈ ഖബ്‌റില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ)യുടെ ഒരു വചനം ഞാന്‍ ഓര്‍ത്തു പോയതാണ് കാരണമെന്ന് അദ്ദേഹം മറുപടി നല്‍കി. 'പ്രകടനവാഞ്ച അതെത്ര നിസ്സാരമാണെങ്കിലും ശിര്‍ക്കാണ്. അല്ലാഹുവിന്റെ ഔലിയാക്കന്‍മാരോട് ആരെങ്കിലും യുദ്ധം പ്രഖ്യാപിച്ചാല്‍ അല്ലാഹുവിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണവന്‍. അല്ലാഹു ഇഷ്ടപ്പെടുന്നത് പുണ്യവാന്‍മാരും ഭക്തരും കാണാമറയത്ത് നന്മകള്‍ പ്രവര്‍ത്തിക്കുന്നവരുമായ ആളുകളെയാണ്. ഒരു സദസ്സില്‍ അവരെ കാണാതായാല്‍ ആരും അന്വേഷിക്കില്ല, ഒരു സദസ്സില്‍ ഹാജരായാല്‍ അവര്‍ അറിയപ്പെടുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ വെളിച്ചത്തിന്റെ പ്രകാശ നാളങ്ങളാണ്. ഇരുള്‍ മുറ്റിയ എല്ലാ മണ്ണിലും അവര്‍ പുറത്തുവരും.' എന്ന വചനമായിരുന്നു അദ്ദേഹം ഓര്‍ത്തത്.

മഹ്മൂദ് ബ്നു ലബീദ് (റ) നിവേദനം: നബി (സ) പറഞ്ഞു: "നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കിനെ സംബന്ധിച്ചാകുന്നു. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് ചെറിയ ശിര്‍ക്ക്?'' നബി(സ) പറഞ്ഞു: "ആളുകളെ കാണിക്കാനായി പ്രവര്‍ത്തിക്കലാണത്.'' (അഹ്മദ്, ബൈഹഖി)

പ്രകടനപരത ഇന്ന് വ്യാപകമായിരിക്കുന്നു. താന്‍ ചെയ്ത സല്‍കര്‍മങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് പലരും സ്വയം പരിചയപ്പെടുത്താറുണ്ട്. ആരെങ്കിലും 'തന്റെ കര്‍മംമൂലം കീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു തന്റെ സൃഷ്ടികളുടെ കാതുകളില്‍ അവനെ അപകീര്‍ത്തിപ്പെടുത്തുമെന്ന്' (ബൈഹഖി) നബി ൃ താക്കീത് ചെയ്തിട്ടുണ്ട്. 'പുറമെ കാണിക്കാനായി പ്രവര്‍ത്തിക്കുന്നവനെ അവനാഗ്രഹിക്കാത്ത വിധത്തില്‍ കാണിക്കുമെന്നും' (ബുഖാരി, മുസ്ലിം) പുനരുത്ഥാന നാളില്‍ മുഴുവന്‍ ജനങ്ങളുടെയും മുന്നില്‍ അവനെ വഷളാക്കുമെന്നും ഹദീഥുകള്‍ പഠിപ്പിക്കുന്നു.

♻ മറ്റൊരാള്‍ കാണുന്നുവെന്ന കാരണത്താല്‍ തന്റെ നമസ്കാരം ദീര്‍ഘിപ്പിക്കുന്നതിനെ 'മസീഹുദ്ദജാലിനേക്കാള്‍ ഗൌരവമുള്ള കാര്യമായിട്ടാണ്' (ഇബ്നുമാജ) പ്രവാചകന്‍ ൃ വിലയിരുത്തിയത്. അവ്വിധം ആളെക്കാണിക്കാനുള്ള നമസ്കാരവും നോമ്പും ദാനധര്‍മവുമെല്ലാം ശിര്‍ക്കാണെന്നും (അഹ്മദ്) പങ്ക് ചേര്‍ക്കപ്പെടുന്ന അത്തരം കര്‍മങ്ങള്‍ അല്ലാഹുവിനാവശ്യമില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. 

🌺 അബൂഹുറൈറ ്യ നിവേദനം ചെയ്ത ഖുദ്സിയായ ഒരു ഹദീഥില്‍ അല്ലാഹു പറഞ്ഞതായി നബി ൃ അരുളി: "എനിക്കൊട്ടും പങ്കാളികളെ വേണ്ട. എന്റെ കൂടെ മറ്റാര്‍ക്കെങ്കിലും പങ്ക് നല്‍കിക്കൊണ്ട് ആരെങ്കിലും ഒരു കര്‍മം ചെയ്താല്‍ അവനെയും അവന്റെ പങ്കിനെയും ഞാന്‍ തള്ളിക്കളയും. ആ പങ്ക് അത് ചെയ്തവന്‍ തന്നെ എടുത്തുകൊള്ളട്ടെ.'' (മുസ്ലിം).

✅ പ്രവാചകന്‍മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന സവിശേഷ ഗുണമായിട്ട് അല്ലാഹു പറയുന്നു: 'ഒരു വിശിഷ്ട ഗുണത്തിന്റെ അടിസ്ഥാനത്തില്‍ നാം അവരെ തെരഞ്ഞെടുത്തിട്ടുണ്ട് പരലോകസ്മരണയുടെ അടിസ്ഥാനത്തില്‍.' (38:46) പരലോകത്തെ ഓര്‍ത്തുകൊണ്ട് അതിന് വേണ്ടി കര്‍മനിരതരാവാനുള്ള മോഹം അവരില്‍ ഉണ്ടാക്കി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

👌 ഇഖ്‌ലാസ് എന്താണെന്ന് അല്ലാഹു സൂറത്തുന്നഹ്‌ലില്‍ വ്യക്തമാക്കി തരുന്നുണ്ട്. 'കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ള ചാണകത്തിനും ചോരയ്ക്കുമിടയില്‍ നിന്നൊരു പാനീയം നാം നിങ്ങളെ കുടിപ്പിക്കുന്നു. അതായത്, കുടിക്കുന്നവരിലാനന്ദമുളവാക്കുന്ന നറുംപാല്‍!' (16:66) ശുദ്ധമായ പാലിനെ വിശേഷിപ്പിക്കാന്‍ 'خَالِص' എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. മൃഗങ്ങളുടെ പാലില്‍ ചാണകത്തിന്റെയോ മൂത്രത്തിന്റെയോ രക്തത്തിന്റെയോ അംശം കലരാതെ ശുദ്ധമായി അത് ഒരുക്കിയിരിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ മാലിന്യങ്ങള്‍ കലര്‍ന്നാല്‍ ഇഹത്തിലോ പരത്തിലോ അവനത് ഉപകരിക്കില്ല എന്ന സന്ദേശം അല്ലാഹു ഇതിലൂടെ നല്‍കുന്നു.

💥 ഒരിക്കല്‍ സഹാബിമാര്‍ നബി തിരുമേനിയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്ക് ശേഷം താങ്ങളുടെ ഉമ്മത്ത് ശിര്‍ക് ചെയ്യുമോ? അദ്ദേഹം പറഞ്ഞു: അതെ, അവര്‍ സൂര്യനെയോ ചന്ദ്രനെയോ കല്ലിനെയോ ബിംബങ്ങളെയോ ആരാധിക്കുകയില്ല, എന്നാല്‍ പ്രകടനവാഞ്ചയോട് കൂടി കര്‍മങ്ങള്‍ ചെയ്യുന്നവരായിരിക്കും അവര്‍.' സമൂഹത്തില്‍ പ്രശസ്തിക്കും അനുയായികളെ ലഭിക്കാനും വേണ്ടി ആരെങ്കിലും പാണ്ഡിത്യം നേടിയാല്‍ അത് ഇസ്‌ലാം പൊറുപ്പിക്കാത്ത ഒന്നാണെന്ന് ചരിത്രം പറയുന്നു.

🌺 താബിഇകളില്‍ പ്രമുഖനായ സുഫ്‌യാനു ഥൗരി മരണശയ്യയില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ വേദനയും വെപ്രാളവും കണ്ട അനുയായികള്‍ ചോദിച്ചു: താങ്കള്‍ മഹാ പണ്ഡിതനാണ്, എല്ലാ വിധ കര്‍മങ്ങളും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്താണിത്ര വെപ്രാളപ്പെടുന്നത്? ധാരാളം കര്‍മങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അല്ലാഹുവിന്റെ ത്രാസില്‍ കര്‍മങ്ങളായി ഗണിക്കപ്പെടുമോ എന്ന ആശങ്കയാണ് എന്നെ അലട്ടുന്നത് എന്നാണ് അതിനദ്ദേഹം മറുപടി നല്‍കിയത്. 'റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍.' (23:60) എന്ന ആയത്തിനെ കുറിച്ച് ഇത് ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണോ എന്ന് നബി(സ)യോട് ചോദിച്ചു. നമസ്‌കാരം, നോമ്പ്, സദഖ് തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് നബി(സ) അവര്‍ക്ക് പറഞ്ഞു കൊടുത്തു. ഇതില്‍ നിന്നെല്ലാം കര്‍മങ്ങളുടെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രീതിയാണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുള്ളതാക്കാനാണ് നാം പരിശ്രമിക്കേണ്ടത്.

❓മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ പിശാച് നമ്മെ നരകത്തിലെത്തിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യക്ഷമായ ശിര്‍ക്കിലേക്ക് വിശ്വാസികളെ എത്തിക്കുക പ്രയാസകരമായാല്‍ ഗോപ്യമായ ശിര്‍ക്കിലേക്ക് നയിക്കാനായിരിക്കും അവന്‍ പരിശ്രമിക്കുക. വിശ്വാസികളും സുകൃതവാന്മാരുമായവരില്‍ പോലും ലോകമാന്യത പലപ്പോഴും കടന്നുവരുന്നത് ഇതിനാലാവാം. ഇഹലോകത്തും പരലോകത്തും നഷ്ടം സംഭവിക്കാനിടയുള്ള ഈ മഹാ വിപത്തിനിരയാകുന്നതിനെത്തൊട്ട് വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

No comments:

Post a Comment