Sunday 28 July 2019

സഫർ മാസം നഹ്‌സ് ആണോ



ഇവിടങ്ങളില്‍ സ്വഫര്‍ മാസത്തെ നഹ്സായി കണക്കാക്കി വിവാഹം പോലത്തെ പുണ്യകാര്യങ്ങള്‍ മറ്റു മാസങ്ങളിലേക്കു മാറ്റി വെക്കുന്നതായി കാണുന്നു.ഈ വിശ്വാസം വ്യാപിച്ചു വരുന്നതായും തോന്നുന്നു.സ്വഫര്‍ മാസം നഹ്സാണോ? അതല്ല,പ്രസ്തുത മാസത്തില്‍ എത്ര ദിവസമാണു നഹ്സ്?


ദിവസങ്ങളിലേയും മാസങ്ങളിലേയും മറ്റും നഹ്സു വിശ്വാസം ചില ചരിത്ര സംഭവങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി ഉടലെടുക്കുന്നതാണ്.അത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞുകൂടാ.ചില അടിസ്ഥാനങ്ങളെല്ലാം മതവീക്ഷണത്തിലും ബൗദ്ധികമായും ഇതിനു കണ്ടെത്താനാകും.എല്ലാം അല്ലാഹുവിന്‍റെ നിശ്ചയത്തിലും നിയന്ത്രണങ്ങള്‍ക്കും കയ്യൊഴിഞ്ഞു അവനില്‍ ഭരമേല്‍പ്പിക്കുന്നവര്‍ അത്തരം ചിന്തകള്‍ക്ക് പരിഗണന നല്‍കില്ലെങ്കിലും.

സ്വഫര്‍ മാസത്തെ സംബന്ധിച്ച് ആ മാസത്തില്‍ ചലനത്തേക്കാള്‍ നല്ലത് അടങ്ങിയിരിക്കലാണെന്നത്രെ ഭൂരിപക്ഷത്തിന്‍റെ അഭിമതമെന്ന് പ്രസിദ്ധ പണ്ഡിതനും ചിന്തകനും ഗവേഷകനും ചരിത്രകാരനുമായ ഇമാം ഖസ്'വീനി(റ) തന്‍റെ അജാഇബുല്‍ മഖ്ലൂഖാത്ത് 1-107 ല്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇതിനെയും മറ്റും അടിസ്ഥാനമാക്കിയാകാം പുരാതന കാലം മുതലേ ഈ മാസത്തില്‍ വിവാഹാദി കാര്യങ്ങള്‍ മാറ്റിവെച്ച് അടങ്ങിയിരിക്കുന്നത്.എന്നാല്‍ 'ഒരു വര്‍ഷത്തില്‍ പന്ത്രണ്ടു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക...'എന്ന പ്രസിദ്ധമായ ഹദീസില്‍ സ്വഫര്‍ മാസം പത്താം ദിനത്തെയാണ് എണ്ണിയിട്ടുള്ളൂ.മാസം മുഴുവനും ഇല്ല.ഓരോ മാസവും ഒടുവിലത്തെ ബുധന്‍ നഹ്സാണെന്ന ഇബ്നു അബ്ബാസിനെ തൊട്ട് ജാമിഉ സ്സ്വഗീറിലും മറ്റും ഉദ്ധരിക്കപ്പെട്ട ഹദീസ് അനുസരിച്ച് സ്വഫറിലും ഒടുവിലെ ബുധന്‍ നഹ്സാണെന്നു വരും.

ചുരുക്കത്തില്‍ ചോദ്യത്തില്‍ പറഞ്ഞ നഹ്സു വിശ്വാസം തീര്‍ത്തും അടിസ്ഥാന രഹിതമെന്നും ആക്ഷേപാര്‍ഹമെന്നും വിധിയെഴുതിക്കൂടാ.

(മൗലാനാ നജീബുസ്താദിന്‍റെ പ്രശ്നോത്തരം ഭാഗം ഒന്ന്.പേജ്:93,94.)

No comments:

Post a Comment