Saturday 6 July 2019

മയ്യിത്ത് സംസ്കരണ വിധികൾ - ഹനഫി മദ്ഹബ് പ്രകാരം





മയ്യിത്ത് സംസ്കരണത്തിന്റെ മഹത്വം

മയ്യിത്ത് കുളിപ്പിക്കൽ , കഫൻ പൊതിയൽ , മയ്യിത്തു ചുമന്നു കൊണ്ട് പോകൽ , നിസ്‌ക്കരിക്കൽ , മറവ് ചെയ്യൽ മുതലായവ പ്രതിഫലാർഹമായ ഒരു സാമൂഹിക സത്കർമ്മമാണ് . കുറച്ചു ആളുകൾ അത് ഏറ്റെടുത്ത് നിർവഹിച്ചാൽ ബാക്കിയുള്ളവർ കുറ്റവിമുക്തരാവും . ഇല്ലെങ്കിൽ എല്ലാവരും ശിക്ഷാർഹരാകും.

മയ്യിത്ത് കുളിപ്പിക്കുന്നതിന്റെ മഹത്വം

فقد روى الطبراني في معجمه الكبير عن أبي رافع عن النبي صلى الله عليه وسلم: من غسل ميتاً فكتم عليه غفر له أربعون كبيرة.، قالالحافظ ابن حجر في كتابه الدراية في تخريج أحاديث الهداية: إسناده قوي

നബി (സ) പറഞ്ഞു : ആരെങ്കിലും ഒരു മയ്യിത്തിനെ കുളിപ്പിക്കുകയും മയ്യിത്തിന്റെ ന്യൂനതകൾ വെളിപ്പെടുത്താതെ മറച്ചു വെക്കുകയും ചെയ്‌താൽ കുളിപ്പിച്ചവന്റെ നാല്പതു വൻ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ് .


മയ്യിത്ത് പുടവ ധരിപ്പിക്കുന്നതിന്റെ മഹത്വം 

وعن أبي رافع قال: قال رسول الله صلى الله عليه وسلم: ومن كفن ميتا كساه الله من     سندس وإستبرق الجنة

നബി (സ) പറഞ്ഞു : ആരെങ്കിലും ഒരു മയ്യിത്തിനെ പുടവ ധരിപ്പിച്ചാൽ കട്ടി കൂടിയതും, മയമുള്ളതുമായ പട്ടു വസ്ത്രം സ്വർഗ്ഗത്തിൽ അല്ലാഹു അവനെ ധരിപ്പിക്കുന്നതാണ് .

മയ്യിത്ത് ചുമന്നുകൊണ്ട് പോകുന്നതിന്റെ മഹത്വം 

من حمل جنازة أربعين خطوة كفرت عنه أربعين كبيرة

നബി (സ) പറഞ്ഞു : ആരെങ്കിലും നാൽപതു ചുവട് ഒരു ജനാസയെ ചുമന്നാൽ അവന്റെ നാൽപതു വൻ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് .


ഖബർ കുഴിക്കുന്നതിന്റെ മഹത്വം 

ومن حفر لميت قبرا وأجنه فيه أجري له من الأجر كأجر مسكن إلى يوم القيامة

നബി (സ) പറഞ്ഞു : ഒരു മയ്യിത്തിനു വേണ്ടി ഒരു ഖബർ കുഴിക്കുകയും അതിൽ മയ്യിത്തിനെ മറവു ചെയ്യുകയും ചെയ്‌താൽ അന്ത്യനാൾ വരെ ആ മയ്യിത്തിനെ ഒരു പാർപ്പിടത്തിൽ പാർപ്പിച്ചതിനു തുല്യമായ പ്രതിഫലം ഖബർ കുഴിച്ചവന് അല്ലാഹു നൽകുന്നതാണ് .


മയ്യിത്ത് സംസ്കാരത്തിന്റെയും ഖബറടക്കുന്നതിന്റെയും മഹത്വം 



നബി (സ) പറഞ്ഞു : ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ഒരു മുസ്ലിമിന്റെ ജനാസയെ അനുഗമിക്കുകയും മയ്യിത്ത് നിസ്കരിച്ചു ഖബറടക്കി പിരിയുന്നത് വരെ ഉണ്ടായിരിക്കുകയും ചെയ്‌താൽ ഉഹദ് മലയ്ക്ക് സമാനമായ രണ്ടു ഖീറാത്ത് പ്രതിഫലവുമായി അവൻ മടങ്ങുന്നതാണ് .

ഇനി ആരെങ്കിലും മയ്യിത്ത് നിസ്ക്കാരം കഴിഞ്ഞു ഖബറടക്കുന്നതിനു മുൻപ് മടങ്ങിയാൽ ഒരു ഖീറാത്ത് പ്രതിഫലവുമായി അവൻ മടങ്ങുന്നതാണ് .

ചുരുക്കത്തിൽ മരണ വീട്ടിൽ പോകലും ജനാസയെ അനുഗമിക്കലും മയ്യിത്ത് നിസ്‌കാരത്തിൽ പങ്കു കൊള്ളലും ഖബറടക്കാൻ കൂടലും ഓരോന്നിനും ഉഹ്ദ് മലയ്ക്ക് തുല്യമായ ഓരോ ഖീറാത്ത് പ്രതിഫലം ലഭിക്കാൻ കാരണമാണ് .

ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്.

മരണാസന്നൻ

മരണാസന്ന നിലയിൽ കിടക്കുന്ന ആളിന്റെ അടുക്കൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ 

1 . സൂറത്തു യാസീൻ ഓതുക (സുന്നത്താണ്)
2 . സൂറത്തു റ'അദ് ഓതുക 
3 . കലിമത്തു ശഹാദ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുക

4 .വലിയ അശുദ്ധി ഉള്ളവർ , അവിശ്വാസികൾ മുതലായവരെ മരണാസന്നൻ ആയവന്റെ അടുക്കൽ നിന്നും ഒഴിവാക്കൽ നല്ലതാണ് .

5. ഖിബ്‌ലയ്ക്കുനേരെ കാലുകൾ നീട്ടി തല അല്പം ഉയർത്തി മലർത്തി കിടത്തുക 

6. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുകയും,വൃത്തിയുള്ള സ്ഥലത്തു കിടത്തുകയും ചെയ്യുക 


മരണശേഷം : നിർദ്ദേശങ്ങൾ 

വിദഗ്ദ്ധനായ ഒരു ഡോക്ടറെ കണ്ടു മരണം ഉറപ്പിക്കുക 
ഖിബ്‌ലയുടെ ഭാഗത്തേക്ക് കാലുകൾ നീട്ടി തല അല്പം ഉയർത്തി മലർത്തി കിടക്കുക 

കണ്ണുകൾ തിരുമ്മി അടയ്ക്കുക 
താടി കെട്ടുക (അല്പം വീതിയുള്ള തുണിക്കഷ്ണം ഉപയോഗിച്ച് കെട്ടു തലയുടെ മുകളിൽ വരത്തക്ക നിലയിൽ കെട്ടുക)

കൈകാലുകളും വിരലുകളും മയമായി തടകി മടക്കിയ ശേഷം നീട്ടി വെക്കുകയും കൈകൾ ഇരു ഭാഗത്തു വെക്കുകയും ചെയ്യുക 

ശരീരത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ നീക്കി ശരീരം മുഴുവൻ മറയുന്ന ഒരു വെള്ള വസ്ത്രം കൊണ്ട് മൂടുക 

വയറിന്റെ മുകളിൽ വയർ വീർക്കാതിരിക്കുന്നതിനു വേണ്ടി ചെറിയ ഒരു ഇരുമ്പിന്റെ കഷണമോ , ഒരു തുണിയിൽ പൊതിഞ്ഞു പച്ച മണ്ണോ വെക്കുക 

അല്പം ഉയർന്ന കട്ടിലിലോ മറ്റോ കിടത്തുക 

കടങ്ങൾ വല്ലതും ഉണ്ടെങ്കിൽ വേഗത്തിൽ വീട്ടുക 

മരണ വിവരം അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുക 

ഒരു ചട്ടിയിലോ , ചെറിയ പാത്രത്തിലോ സുഗന്ധം ഇട്ടു കത്തിച്ചു മയ്യിത്തിന്റെ അടുത്ത് വെക്കുക.

മയ്യിത്ത് വേഗം മറവു ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുക 

മയ്യിത്തിന്റെ അടുക്കൽ ഖുർആൻ പാരായണം ചെയ്യുക 

ദുഃഖ സൂചകമായി കറുത്ത തുണി കെട്ടുന്ന ഏർപ്പാടുകൾ ഉപേക്ഷിക്കുക.


മയ്യിത്ത് കാണൽ : നിർദേശങ്ങൾ 

മയ്യിത്ത് മൂടിയിട്ടിരിക്കുന്ന തുണി മുഖത്തിന്റെ ഭാഗം മാറ്റി മയ്യിത്തിന്റെ മുഖം കാണൽ കുഴപ്പമില്ല 

ജീവിത കാലത്തു കാണൽ അനുവദനീയമായ രക്ത-വിവാഹ-മുലകുടി ബന്ധുക്കളായ സ്ത്രീ പുരുഷന്മാർ മരണപ്പെട്ടാൽ അവരുടെ മയ്യിത്ത് ബന്ധപ്പെട്ടവർക്കുമാത്രം കാണൽ അനുവദനീയമാണ് 

വലിയ അശുദ്ധി ഉള്ളവർ മയ്യിത്തിന്റെ അടുക്കൽ നിന്നും മാറി നിൽക്കൽ നല്ലതാണ് .

പുരുഷന്മാർ പുരുഷൻമാരുടെയും , സ്ത്രീകൾക്ക് സ്ത്രീകളുടെയും മയ്യിത്ത് കാണാവുന്നതാണ്  .


മയ്യിത്ത് കുളിപ്പിക്കൽ : നിർദ്ദേശങ്ങൾ 

വലിയ അശുദ്ധിക്കാരൻ മയ്യിത്ത് കുളിപ്പിക്കൽ കറാഹത്താണ് 

കുളിപ്പിക്കുന്നവർക്കു വുളു ഉണ്ടായിരിക്കൽ മുസ്തഹബ്ബാണ് 

മയ്യിത്തുമായി ഏറ്റവും ബന്ധവും അറിവും സൂക്ഷ്മതയും ഉള്ളവർ കുളിപ്പിക്കുക 

കുളിപ്പിക്കുന്ന സ്ഥലം മറയ്ക്കുക 

കമിഴ്ത്തി കിടത്തി കുളിപ്പിക്കാതിരിക്കുക 

പുക്കിൾ കഴുകുമ്പോൾ വിരലിൽ ഒരു തുണിക്കഷ്ണം ചുറ്റിക്കൊണ്ടായിരിക്കുക 

മയ്യിത്തിന്റെ ഗുഹ്യ സ്ഥാനം കാണൽ ഹറാമായതു പോലെ തന്നെ കയ്യിൽ തുണി ചുറ്റാതെ കൈ കൊണ്ട് തൊട്ടു ആ ഭാഗം കഴുകലും ഹറാമാണ് .

കിടത്തി കുളിപ്പിക്കുന്ന കട്ടിലിൽ മയ്യിത്ത് കിടത്തുന്നതിനു മുൻപ് കട്ടിലിനു ചുറ്റും സുഗന്ധമിട്ട് കത്തിച്ച തീ ചട്ടിയുമായി മൂന്നോ അഞ്ചോ ഏഴോ പ്രാവശ്യം ചുറ്റുക 

കുളിപ്പിക്കുന്നവരുടെ സമീപം സുഗന്ധം ഇട്ട് കത്തിച്ച തീച്ചട്ടി ഉണ്ടായിരിക്കുക 

മയ്യിത്തിന്റെ നഖവും മുടിയും താടി രോമവും മറ്റും വെട്ടുകയോ ചീകുകയോ ചെയ്യാതിരിക്കുക 

കുളിപ്പിക്കുമ്പോൾ ഇഞ്ചയും സോപ്പും മറ്റുമുപയോഗിച്ചു ശരീരത്തിലെ ചുക്കി ചുളിഞ്ഞ ഭാഗങ്ങളും നഖത്തിന്റെ ഇടയും ശ്രദ്ധിച്ചു കഴുകുക 

കുളിപ്പിക്കാൻ ആരംഭിച്ചത് മുതൽ അവസാനിക്കുന്നത് വരെ "ഗുഫ്റാനക്ക യാ റഹ്‌മാൻ" എന്ന് കുളിപ്പിക്കുന്നവർ പറഞ്ഞു കൊണ്ടിരിക്കുക 

കുളിപ്പിക്കുന്ന അവസ്ഥയിൽ മയ്യിത്തിൽ കാണുന്ന നല്ല അവസ്ഥ മറ്റുള്ളവരോട് പറയലും , മോശമായ അവസ്ഥ പറയാതിരിക്കലും സുന്നത്താണ് .

ജനിച്ച ശേഷം മരണപ്പെടുന്ന കുട്ടി , ജനന സമയത്തു മരിക്കുന്ന കുട്ടി , മയ്യിത്തായി ജനിച്ച കുട്ടി എന്നിവരെ കുളിപ്പിക്കണം 

മയ്യിത്തു കുളിപ്പിക്കുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നിയ്യത്തു വെക്കാൻ മറക്കരുത് 

മയ്യിത്ത് കുളിപ്പിച്ചവർ കുളിക്കൽ മുസ്തഹബ്ബാണ് 

കുളിപ്പിക്കുന്ന സ്ഥലത്തു കുളിപ്പിക്കുന്നവരും അവർക്കു വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുന്ന ആൾക്കാരും മാത്രം നിൽക്കുക .


മയ്യിത്ത് കുളിയുടെ രൂപം 

മയ്യിത്തിനെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന കട്ടിൽ സൗകര്യ പ്രദമായ നിലയിൽ ഇട്ട് മയ്യിത്തിനെ മലർത്തി കിടത്തുക 

മയ്യിത്ത് ആണാണെങ്കിലും , പെണ്ണാണെങ്കിലും കുളിപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് ശരീരത്തു കിടന്ന വസ്ത്രങ്ങൾ നീക്കുന്നതിന് അതിന്റെ അടിയിലൂടെ ഒരു വസ്ത്രം പ്രവേശിപ്പിച്ചു പ്രധാന നഗ്നതയായ മുൻദ്വാരവും , പിൻദ്വാരവും , സ്ത്രീയുടെ മാറിന്റെ ഭാഗവും മറയ്ക്കുക .

തുടർന്ന് ,

"നവയ്‌തു ആദാ'അൽ ഗുസ്‌ലി അൻ ഹാദൽ മയ്യിത്തി"

ഈ മയ്യിത്തിനെ കുളിപ്പിക്കാൻ ഞാൻ നിയ്യത്തു ചെയ്യുന്നു എന്ന് കരുതി ബിസ്മി ചൊല്ലി ആരംഭിക്കണം .

ശേഷം കുളിപ്പിക്കുന്ന ആൾ ഇടത് കയ്യിൽ ഒരു തുണി ചുറ്റി മയ്യിത്തിന്റെ ഔറത്തിന്റെ ഭാഗം മറച്ചിരിക്കുന്ന തുണിയുടെ അടിയിലൂടെ കൈ പ്രവേശിപ്പിച്ചു ഗുഹ്യസ്ഥാനവും മറ്റൊരു തുണി ചുറ്റി മലദ്വാരവും വെള്ളം ഒഴിച്ച് വൃത്തിയായി കഴുകുക .

തുടർന്ന് വുളു ചെയ്തു കൊടുക്കണം. ആദ്യം ഇടതു കയ്യുടെ വിരലിൽ നനച്ച തുണിക്കഷ്ണം ചുറ്റി പല്ലുകൾ , മോണകൾ , ചുണ്ടുകൾ , മൂക്കിന്റെ ദ്വാരങ്ങൾ മുതലായവ വൃത്തിയായി തുടക്കണം .

ശേഷം യഥാക്രമം മുഖം , വലത്-ഇടതു കൈകൾ കഴുകി തല തടകി വലത്-ഇടതു കാലുകളും കഴുകണം. മയ്യിത്തിന്റെ വായിലും മൂക്കിലും വെള്ളം കയറ്റുകയോ, മുൻ കൈ കഴുകി കൊണ്ട് വുളു തുടങ്ങുകയോ ചെയ്യരുത് . പിന്നെ മയ്യിത്തിന്റെ തല മുടിയും , താടി രോമവും , ഇഞ്ച , സോപ്പ് എന്നിവയും മറ്റും ഉപയോഗിച്ച് കഴുകണം .

അതിനു ശേഷം മയ്യിത്തിനെ ഇടതു ഭാഗത്തിന്റെ മേൽ ചരിച്ചു കിടത്തി ശരീരം മുഴുവനും വെള്ളം ഒഴിച്ച് വലത് ഭാഗം വൃത്തിയായി കഴുകണം. അതിനു ശേഷം വലത് ഭാഗത്തിന്മേൽ ചരിച്ചു കിടത്തി ശരീരം മുഴുവൻ വെള്ളം ഒഴിച്ച് ഇടതു ഭാഗം വൃത്തിയായി കഴുകണം .

തുടർന്ന് കുളിപ്പിക്കുന്ന ആളിലേക്ക് ചെറുതായി മയ്യിത്തിനെ ചാരി ഇരുത്തി വയർ മയമായി തടകണം. അപ്പോൾ എന്തെങ്കിലും നജസ് പുറപ്പെട്ടാൽ അത് കഴുകി കളയണം. കുളിയോ , വുളുവോ വീണ്ടും മടക്കേണ്ടതില്ല. മൂന്നു പ്രാവശ്യം ശരീരം മുഴുവൻ വെള്ളം ഒഴിച്ച് കഴുകുക എന്ന സുന്നത്തു കരസ്ഥമാക്കുന്നതിനു വേണ്ടി വീണ്ടും മയ്യിത്തിനെ ഇടതു ഭാഗത്തിന്മേൽ ചരിച്ചു കിടത്തി ശരീരം മുഴുവനും വെള്ളം ഒഴിച്ച് കഴുകണം .

മേൽ പറഞ്ഞ പ്രകാരം മൂന്ന് പ്രാവശ്യം ചരിച്ചു കിടത്തി ശരീരം മുഴുവനും കഴുകുമ്പോൾ എല്ലാ ഭാഗത്തും വെള്ളം എത്തണം. അതിൽ ആദ്യത്തെ കഴുകൽ നിർബന്ധവും ബാക്കിയുള്ളത് രണ്ടും ശക്തിയായ സുന്നത്തുമാണ്.

ആദ്യം ചരിച്ചു കിടത്തുമ്പോൾ സാധാ വെള്ളം ആറിയതും , രണ്ടാമത് രാമച്ചവും മറ്റും ഇട്ട് ചൂടാക്കിയ ആറിയ വെള്ളവും , മൂന്നാമത് കർപ്പൂരം ഇട്ട് ചൂടാക്കി ആറിയ വെള്ളവും ഉപയോഗിച്ച് കഴുകൽ നല്ലതാണ് . ഓരോ ചരിച്ചു കിടത്തലിലും ആവശ്യമെങ്കിൽ മൂന്നോ , അഞ്ചോ , ഏഴോ പ്രാവശ്യം വെള്ളം ഒഴിക്കാവുന്നതാണ്.


മയ്യിത്ത് പൊതിയൽ : നിർദ്ദേശങ്ങൾ 

മയ്യിത്ത് പൊതിയുന്നതിനു മുൻപ് മയ്യിത്ത് പുടവകൾ ഒരുമിച്ചു പിടിച്ചു മൂന്നോ ,അഞ്ചോ പ്രാവശ്യം പുകയ്ക്കുക . ( കുവൈറ്റിൽ നിന്നും പ്രസിദ്ധീകരിക്കുന്നതും  കൂടാതെ നാല് മദ്ഹബിനെപ്പറ്റിയും വിശദീകരിക്കുന്നതുമായ "അൽ മൗസുഅത്തുൽ ഫിഖ്‌ഹിയ്യ" എന്ന ഗ്രന്ഥത്തിൽ മയ്യിത്ത് പുടവ പുകയ്ക്കുന്നതിനു മുൻപ് പനിനീർ അതിൽ തളിക്കണമെന്നു രേഖപ്പെടുത്തിയിട്ടുണ്ട് 2/121 )

മയ്യിത്ത് പുടവകൾ വെളുത്ത-പുതിയതോ കഴുകിയ പഴയതോ ആകാവുന്നതാണ്.

പുരുഷന്മാർക്ക് ലിഫാഫത്ത് (മയ്യിത്ത് പൊതിഞ്ഞു കെട്ടുന്നതിന് നീളമുള്ള വസ്ത്രം) , ഇസാർ (മയ്യിത്തിന്റെ തല മുതൽ കാൽ പാദം വരെ നീളമുള്ള വസ്ത്രം) . ഖമീസ് (കഴുത്തു മുതൽ കാല്പാദം വരെ നീളമുള്ള നീളക്കുപ്പായം) മുതലായവ ഉപയോഗിക്കൽ സുന്നത്താണ്.

സ്ത്രീകൾക്ക്  ലിഫാഫത്ത്, ഇസാർ, ഖമീസ്, ഖിമാർ (മൂന്നു മുഴമുള മക്കന) , ഖിർഖത്ത് (മാറുൾപ്പടെ പുക്കിൾ വരെ വീതിയുള്ള ഈ തുണിക്കഷ്ണം മാറ് കെട്ടാനുള്ളതാണ്. രണ്ടു തുടവരെ വീതി ഉണ്ടായിരിക്കൽ നല്ലതാണ്) മുതലായവ ഉപയോഗിക്കൽ സുന്നത്താണ്.

പുരുഷന് നാലും , സ്ത്രീകൾക്ക് ആറും വസ്ത്രങ്ങൾ ഉപയോഗിക്കൽ സുന്നത്തിനെതിരായതിനാൽ കറാഹത്താണ് .

മയ്യിത്തിന്റെ കൈകൾ നെഞ്ചിൽ വെക്കാതെ ഇരു ഭാഗത്തു വെക്കണം 

മയ്യിത്തിനെ വായിലും മൂക്കിലും ചെവിയിലും ആവശ്യമില്ലാതെ പഞ്ഞി വെക്കാതിരിക്കൽ നല്ലതാണ്.

മരണപ്പെടുന്ന ആൺകുട്ടികൾ പ്രായപൂർത്തിയോട് അടുത്തവരാണെങ്കിൽ മൂന്ന് വസ്ത്രങ്ങളും , പെൺ കുട്ടികളാണെങ്കിൽ അഞ്ചു വസ്ത്രങ്ങളും ഉപയോഗിക്കൽ സുന്നത്താണ് . (ഏതു അവസ്ഥയിൽ ഉള്ള കുട്ടികൾ ആണെങ്കിലും ഇത് തന്നെയാണ് ഏറ്റവും നല്ല രീതി )

മനുഷ്യാവയവങ്ങൾ , ചാപിള്ള , മയ്യിത്തായി ജനിച്ച കുട്ടി , മുതലായവരെ ഒരു തുണിക്കഷണത്തിൽ പൊതിഞ്ഞു ഒരു കുഴി കുഴിച്ചു മറവു ചെയ്യണം.


പുരുഷന്റെ മയ്യിത്ത് പൊതിയൽ


മയ്യിത്ത് പൊതിയുന്നതിനു ഒരു പായോ വിരിയോ വിരിച്ചു അതിൽ ആദ്യം ലിഫാഫത്ത് വിരിച്ചു സുഗന്ധ ദ്രവ്യം തളിക്കണം. പിന്നെ അതിന്റെ മുകളിൽ ഇസാർ വിരിച്ചു സുഗന്ധം തളിക്കണം. അതിനു ശേഷം മയ്യിത്തിനെ കുളിപ്പിച്ച് നല്ലതു പോലെ തോർത്തി ഖമീസ് ധരിപ്പിച്ച് കൊണ്ട് വന്നു കിടത്തണം. ഖമീസിലും സുഗന്ധം തളിക്കണം.

തുടർന്ന് മയ്യിത്തിന്റെ തലയിലും താടിയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സുഗന്ധം പൂശണം. സുജൂദിന്റെ സ്ഥാനങ്ങളായ നെറ്റി , മൂക്ക് , രണ്ടു കൈപ്പത്തിയുടെ ഉൾഭാഗം , രണ്ടു കാൽ മുട്ടുകൾ , രണ്ടു കാൽപാദങ്ങൾ മുതലായ ഭാഗങ്ങളിൽ കർപ്പൂരം വെക്കണം.

അത് കഴിഞ്ഞു ഇസാറ് ആദ്യം മയ്യിത്തിന്റെ ഇടതു ഭാഗത്ത് നിന്നും പിന്നെ വലത് ഭാഗത്തു നിന്നും മടക്കിയ ശേഷം ലിഫാഫത്തും അതുപോലെ മടക്കണം. അവസാനം മൂന്ന് കെട്ടൽ കെട്ടണം  .


സ്ത്രീയുടെ മയ്യിത്ത് പൊതിയൽ

മയ്യിത്ത് പൊതിയുന്നതിനു ഒരു പായ വിരിച്ചു അതിൽ ആദ്യം ലിഫാഫത്തും പിന്നെ ഇസാറും വിരിക്കണം. ഓരോന്നിലും സുഗന്ധം തളിക്കണം. അതിനു ശേഷം മയ്യിത്തിനെ ഖമീസ് ധരിപ്പിച്ച് കിടത്തി ഖമീസിലും സുഗന്ധം തളിക്കണം. തുടർന്ന് തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സുഗന്ധം പൂശി സുജൂദിന്റെ സ്ഥാനങ്ങളിൽ കർപ്പൂരം വെക്കണം.

പിന്നെ മുടി രണ്ടായി തിരിച്ചു ഇരു തോളിലൂടെ എടുത്ത് മാറിന്റെ ഇടയിലായി ഇടണം. അതിനു ശേഷം മുഖ മക്കന ധരിപ്പിച്ചു മാറ് കെട്ടാനുള്ള തുണിക്കഷ്ണം ഖമീസിന്റെ മുകളിലായി ചുറ്റണം. മുഖ മക്കനയിലും തുണിക്കഷണത്തിലും സുഗന്ധം തളിക്കണം.

അത് കഴിഞ്ഞു ഇസാറ് ആദ്യം മയ്യിത്തിന്റെ ഇടതു ഭാഗത്ത് നിന്നും പിന്നെ വലത് ഭാഗത്തു നിന്നും മടക്കിയ ശേഷം ലിഫാഫത്തും അതുപോലെ മടക്കി മൂന്ന് കെട്ടുകൾ കെട്ടണം. 


മയ്യിത്ത് ചുമക്കൽ : നിർദ്ദേശങ്ങൾ 


മയ്യിത്തുമായി നടന്നു പോകുമ്പോൾ മുന്നിലും ഇരുഭാഗങ്ങളിലും നടക്കാതെ പിന്നിൽ നടക്കുക. അത് ഏറ്റവും ശ്രേഷ്ഠകരമായ സുന്നത്താണ്.

മയ്യിത്തിനെ അനുഗമിക്കുന്നവർ ദുന്യവിയായ സംസാരം , കളി, ചിരി, തമാശ , ഹറാമായ പരദൂഷണം പോലുള്ള പാപങ്ങളും ഉപേക്ഷിക്കണം. 

പതുക്കെ ദിക്കിറുകൾ ചൊല്ലൽ മുസ്തഹബ്ബാണ് , ഉറക്കെ ചൊല്ലൽ ഉപേക്ഷിക്കണം , അത് കറാഹത്തു തഹ് രീം ആണ് .

മയ്യിത്ത് ചുമക്കൽ ഒരു ആരാധനയാണ് എന്ന ബോധം ഉണ്ടായിരിക്കണം 

മയ്യിത്ത് ചുമക്കുമ്പോൾ വുളു ഉണ്ടായിരിക്കൽ മുസ്തഹബ്ബാണ്.

മയ്യിത്തിനെ അനുഗമിക്കുന്നവർ മയ്യിത്ത് നിലത്തു താഴ്ത്തി വെക്കുന്നതിനു മുൻപ് ഇരിക്കലും , താഴ്ത്തി വെച്ച ശേഷം നിൽക്കലും കറാഹത്തു തഹ് രീം ആണ് (എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നിൽക്കാം)


മയ്യിത്ത് ചുമക്കുന്നതിന്റെ രൂപം 

മയ്യിത്ത് സ്വന്ദൂക്കിൽ വെക്കുമ്പോൾ തലഭാഗം മുന്നിലായിരിക്കണം. സ്ത്രീയുടെ മയ്യിത്തിനു മൂടിയുള്ള സ്വന്തൂഖ് ഉപയോഗിക്കണം. നാലു പുരുഷന്മാർ നാല് മൂലകളിൽ പിടിച്ചു ചുമക്കൽ സുന്നത്താണ്. ചുമക്കുന്ന ഓരോരുത്തരും നാല് മൂലകളിലും മാറിമാറി പിടിച്ചു പത്ത് ചുവടു വീതം 40 ചുവടു നടക്കലും സുന്നത്താണ് .

എന്നാൽ കൂടുതൽ ആളുകൾ മാറി മാറി ചുമക്കുന്ന സന്ദർഭത്തിൽ പരിപൂർണ്ണ സുന്നത്തു ലഭിക്കുന്നതിന് മയ്യിത്തിന്റെ വലത്തേ തോള് സ്ഥിതി ചെയ്യുന്ന സ്വൻദുഖിന്റെ മുൻഭാഗത്തെ മൂല ചുമക്കുന്നവൻ തന്റെ വലത് തോളിൽ വെച്ച് പത്തു ചുവടു നടക്കുക. നേരെ പിന്നിലുള്ള മൂലയും വലത് തോളിൽ വെച്ച് പത്ത് ചുവടു നടക്കുക .

അതിനു ശേഷം മയ്യിത്തിന്റെ ഇടത്തെ തോള് സ്ഥിതി ചെയ്യുന്ന സ്വൻദുഖിന്റെ മുൻഭാഗത്തെ മൂല ഇടതു തോളിൽ വെച്ച് പത്തു ചുവടു നടന്ന്‌ അവസാനം നേരെ പിന്നിലുള്ള മൂലയും ഇടതു തോളിൽ വെച്ച് പത്തു ചുവടു നടക്കണം. അങ്ങനെ 40 ചുവടു പൂർത്തിയാക്കി മയ്യിത്തിന്റെ പിന്നിലായി നടക്കണം . ഇങ്ങനെ ഓരോരുത്തരും ഈ സുന്നത്തു കരസ്ഥമാക്കേണ്ടതാണ് .

ഇനി മയ്യിത്ത് ചുമക്കുന്നവർ മാറാതെ നാലാളുകൾ നാല് മൂലകളിൽ പിടിച്ചു ചുമക്കുമ്പോൾ മയ്യിത്തിന്റെ വലത് ഭാഗത്തു മുന്നിലും പിന്നിലുമായി നിൽക്കുന്നവർ അവരുടെ വലത് തോളിലും മയ്യിത്തിന്റെ ഇടതു ഭാഗത്തു മുന്നിലും പിന്നിലുമായി നിൽക്കുന്നവർ അവരുടെ ഇടതു തോളിലും സ്വന്തൂഖ് വെച്ച് നടക്കണം .

മയ്യിത്ത് വെച്ച് സ്വന്തൂഖ് ഉയർത്തുമ്പോൾ മയ്യിത്തിന്റെ വലത്-ഇടതു ഭാഗങ്ങൾ ശ്രദ്ധിച്ചു തോളുകളിൽ വെക്കണം .


മയ്യിത്ത് നിസ്ക്കാരം : നിർദ്ദേശങ്ങൾ 


മയ്യിത്ത് നിസ്ക്കരിക്കുന്നതിന് മയ്യിത്ത് മുഴുവനോ അധിക ഭാഗമോ തലയോട് കൂടി പകുതിയോ ഉണ്ടായിരിക്കണം

ജനിക്കുമ്പോൾ ജീവനുള്ള കുട്ടി മരണപ്പെട്ടാൽ മയ്യിത്ത് നിസ്‌ക്കരിക്കണം

നാട്ടിലെ ഇമാമിന്റെ നേതൃത്വത്തിൽ മയ്യിത്ത് നിസ്ക്കാരം നടന്നാൽ പിന്നെ മയ്യിത്തിന്റെ ചുമതലക്കാർ ഉൾപ്പടെയുള്ളവർ നിസ്‌ക്കരിക്കൽ കറാഹത്താണ് .

അനുവാദമില്ലാതെ സ്ത്രീകളോ അർഹതയില്ലാത്ത മറ്റു പുരുഷന്മാരോ മയ്യിത്ത് നിസ്‌ക്കരിച്ചാലും ബാധ്യത വീടുമെങ്കിലും അർഹതപ്പെട്ട മയ്യിത്തിന്റെ ചുമതലക്കാർക്കും നാട്ടിലെ ഇമാമിനും ആ മയ്യിത്ത് നിസ്‌ക്കരിക്കാത്ത മറ്റുളവർക്കും നിസ്‌ക്കരിക്കാവുന്നതാണ് .

മയ്യിത്ത് നിസ്‌ക്കാരത്തിന് അർഹതയുള്ള നാട്ടിലെ ഇമാം , മയ്യിത്തിന്റെ ചുമതലക്കാർ മുതലായവരുടെ അനുമതിയോടു കൂടി മറ്റുള്ള ആരെങ്കിലും നിസ്‌ക്കരിച്ചാൽ പിന്നെ അർഹതപ്പെട്ടവർ നിസ്‌ക്കരിക്കൽ കറാഹത്താണ് .

മയ്യിത്ത് നിസ്ക്കാരം നടന്നുകൊണ്ടിരിക്കുമ്പോൾ വരുന്നവർ , മുഴുവൻ തക്ബീറുകളും നഷ്ടപ്പെടുമെന്ന് ഭയന്നാൽ വെള്ളം അടുത്തുണ്ടെങ്കിലും തയമ്മം ചെയ്തു നിസ്‌ക്കരിക്കാവുന്നതാണ് .

പള്ളിയുടെ പരിസരത്തു വെച്ച് മയ്യിത്ത് നിസ്‌ക്കരിക്കൽ സുന്നത്താണ് .

മഴ , ഇ'അത്തിക്കാഫിരിക്കൽ മുതലായ കാരണങ്ങൾ ഇല്ലാതെ മയ്യിത്ത് പള്ളിയിൽ വെച്ച് നിസ്‌ക്കരിക്കൽ കറാഹത്താണ് .

റോഡിലും ആളുകളുടെ പറമ്പിലും വെച്ച് മയ്യിത്ത് നിസ്കരിക്കൽ കറാഹത്താണ് .

മയ്യിത്ത് നിസ്‌ക്കാരത്തിനായി ആളുകൾ ഒരുമിച്ചു കൂടിയ ശേഷം ഒരാൾ എഴുന്നേറ്റു മയ്യിത്തിനു വേണ്ടി ഉറക്കെ ദുആ ചെയ്യൽ കറാഹത്താണ് .

കുട്ടിയുടെ മയ്യിത്ത് നിസ്‌കാരത്തിൽ കുട്ടികൾക്ക് വേണ്ടി ഓതാനുള്ള ദുആ ഓതുക .

മയ്യിത്ത് നിസ്‌ക്കാരത്തിൽ അല്ലാഹുവിനു വേണ്ടി നിസ്‌ക്കരിക്കുന്നതിനെയും മയ്യിത്തിനു വേണ്ടി ദുആ ചെയ്യുന്നതിനെയും കരുതേണ്ടതാണ്.

മയ്യിത്ത് നിസ്‌ക്കാരത്തിൽ ഹനഫി ഇമാം - ഷാഫിക്കാരെ പരിഗണിച്ചു ഫാത്തിഹ, ദുആയുടെ നിയ്യത്തിൽ ഓതേണ്ടതാണ്.

മയ്യിത്ത് നിസ്കരിക്കുന്നവരുടെ സഫ്‌ഫുകൾ ഒറ്റ സംഖ്യ വരത്തക്ക നിലയിൽ മൂന്നോ അഞ്ചോ ഉണ്ടായിരിക്കൽ മുസ്തഹബ്ബാണ് .

മയ്യിത്ത് നിസ്‌ക്കരിച്ചു കഴിഞ്ഞു ദുആ ചെയ്തു കൊണ്ട് നിൽക്കൽ കറാഹത്താണ് . മയ്യിത്ത് അടക്കാനുള്ള കാര്യങ്ങളിലേക്ക് കടക്കണം .


കബർ കുഴിക്കൽ : നിർദ്ദേശങ്ങൾ


ഖബറിന്റെ ആഴം : ഖബറിന് മദ്ധ്യമായ ഒരാളുടെ നെഞ്ചു വരെ ആഴമുണ്ടായിരിക്കണം . ആഴം കൂടുന്നത് നല്ലതാണ് .

ഖബറിന്റെ നീളം , വീതി : ഖബറിന് മയ്യിത്തിന്റെ അത്ര നീളവും , പകുതി വീതിയും ഉണ്ടായിരിക്കണം

ഖബറിന്റെ പാർശ്വത്തിലുള്ള അറ : ഖബർ വെട്ടുന്നത് മണ്ണുറപ്പുള്ള സ്ഥലത്താണെങ്കിൽ ഖബറിന്റെ പടിഞ്ഞാറ് ഭാഗത്തെ ഭിത്തിയുടെ അടിഭാഗം തുരന്ന് ഒരു മയ്യിത്ത് കേറ്റി വെയ്ക്കാവുന്ന തരത്തിൽ അറ ഉണ്ടാക്കണം . ഇത് മുസ്ലീങ്ങളുടെ ഖബറിനുള്ള സുന്നത്തായ രീതിയാണ് .

ഖബറിന്റെ മദ്ധ്യത്തിൽ ചെറിയ ഖബർ കുഴിക്കൽ : ഖബർ കുഴിക്കുന്നത് മണ്ണുറപ്പില്ലാത്ത സ്ഥലത്താണെങ്കിൽ ഒരു ഖബർ വെട്ടിയ ശേഷം അതിനകത്തു മദ്ധ്യ ഭാഗത്തായി മയ്യിത്ത് വെക്കാവുന്ന തരത്തിൽ ചെറിയ ഒരു ഖബർ കുഴിക്കണം .


ഖബർ അടക്കൽ : നിർദ്ദേശങ്ങൾ


ഖബറിൽ മയ്യിത്ത് വെക്കേണ്ടുന്ന രൂപം : മയ്യിത്ത് ഖബറിന്റെ പടിഞ്ഞാറേ ഭിത്തിയുടെ അരികിൽ തല വടക്കോട്ടും കാലു തെക്കോട്ടും വരത്തക്ക നിലയിൽ വെക്കണം . ഖബറിൽ രണ്ടോ മൂന്നോ ആളുകൾ ഇറങ്ങണം. അവർ ഖിബിലയ്ക്കു നേരെ നിന്ന് മയ്യിത്ത് വാങ്ങി ഖബറിന്റെ പടിഞ്ഞാറേ ഭിത്തിയുടെ അടിയിലുള്ള അറയിൽ അല്ലെങ്കിൽ ഖബറിന്റെ മദ്ധ്യത്തിൽ കുഴിച്ച ചെറിയ ഖബറിൽ വെക്കണം. മയ്യിത്തിന്റെ വലതു ഭാഗം നല്ലതു പോലെ ചരിച്ച് ഖിബ്‌ലയ്‌ക്കു നേരെ കിടത്തി കെട്ടുകൾ അഴിച്ചിടണം .

മയ്യിത്തിന്റെ പിന്നിൽ മണ്ണ് വെക്കൽ : ഖബറിൽ മയ്യിത്ത് ചരിച്ചു കിടത്തുമ്പോൾ മറിയാതിരിക്കുന്നതിനു വേണ്ടി പിന്നിൽ മണ്ണ് വെക്കാവുന്നതാണ് .

മയ്യിത്ത് വെച്ച അറ മൂടുന്നതിനു ഇഷ്ടികയും മറ്റും ഉപയോഗിക്കൽ : അറയിൽ മയ്യിത്ത് വെക്കുമ്പോൾ അറയുടെ ഭാഗം ചൂളയ്ക്കു വെക്കാത്ത ഇഷ്ടിക , ഇഷ്ടികയുടെ വിടവ് അടയ്ക്കുന്നതിന് മുള, പുല്ല് എന്നിവ ഉപയോഗിച്ച് മൂടണം . മയ്യിത്ത് അറയിൽ വെച്ച് ആ ഭാഗം പലക കൊണ്ട് മൂടൽ കറാഹത്താണ് .

ഖബറിന് മുകളിൽ പലക കൊണ്ട് മൂടൽ : വന്യ മൃഗങ്ങളുടെ ശല്യമുള്ള സ്ഥലങ്ങളിൽ ഖബറിന്റെ മുകളിൽ പലക കൊണ്ടടച്ച് മണ്ണിട്ട് ഖബർ മൂടാവുന്നതാണ് .

ചെറിയ ഖബറിൽ പലക വെക്കൽ : ഖബറിന്റെ മദ്ധ്യത്തിൽ കുഴിക്കുന്ന ചെറിയ ഖബറിൽ മയ്യിത്ത് വെക്കുമ്പോൾ മയ്യിത്തിന്റെ ഇരു ഭാഗത്തും പലകയോ , ചുടു ഇഷ്ടികയോ ഉപയോഗിക്കലും ചെറിയ ഖബറിന് മുകളിൽ മയ്യിത്തിനെ മുട്ടാത്ത വിധം പലക വെക്കലും അനുവദനീയമാണ് .

പലകപ്പെട്ടിയിൽ മയ്യിത്ത് അടക്കൽ : ഖബറിന്റെ മദ്ധ്യ ഭാഗത്ത് ചെറിയ ഖബർ കുഴിക്കാനും കഴിയാത്ത വിധം മണ്ണിളകിയതാണെങ്കിൽ പലക കൊണ്ട് പെട്ടി ഉണ്ടാക്കി അതിൽ മയ്യിത്ത് വെച്ച് അടക്കണം. ചെറിയ ഇഷ്ടിക ഉണ്ടെങ്കിൽ മയ്യിത്തിന്റെ ഇരു ഭാഗത്തും വെക്കലും അടിയിൽ മണ്ണ് വിരിക്കലും സുന്നത്താണ് .

സ്ത്രീയുടെ ഖബർ ഒരു വസ്ത്രം കൊണ്ട് മറക്കൽ : സ്ത്രീയുടെ മയ്യിത്ത് കബറടക്കുമ്പോൾ ഒരു വസ്ത്രം മറയായി ഖബറിന് മുകളിൽ താഴ്ത്തിപ്പിടിക്കൽ സുന്നത്താണ് .

ഖബറിൽ പിടി മണ്ണ് വാരിയിടൽ : ഖബറിൽ മയ്യിത്ത് വെച്ച ഭാഗം മൂടിയ ശേഷം ഖബറിന്റെ സമീപത്തു നിൽക്കുന്നവർ രണ്ടു കൈകൾ കൂട്ടിപ്പിടിച്ചു മൂന്നു പ്രാവശ്യം മയ്യിത്തിന്റെ തല ഭാഗത്തിലൂടെ ഖബറിൽ പിടി മണ്ണ് വാരിയിടൽ സുന്നത്താണ് .

ഖബറിന്റെ മുകളിലെ മണ്ണ് ഒരു ചാൺ ഉയർത്തൽ : ഒട്ടകത്തിന്റെ പൂഞ്ഞ പോലെ മദ്ധ്യഭാഗം മാത്രം ഒരു ചാണോ അതിൽ അല്പമോ കൂടുതൽ ഉയർത്തൽ സുന്നത്താണ്

ഖബറിന് മുകളിൽ വെള്ളം തളിക്കൽ : ഖബറിന് മുകളിലുള്ള മണ്ണ് ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടി വെള്ളം തളിക്കൽ സുന്നത്താണ് .

മയ്യിത്തിന്റെ തല ഭാഗത്തു നിന്നും കാൽ ഭാഗത്തേക്ക് തളിക്കണം . നബി (സ) യുടെ ഖബറിന് മുകളിൽ വെള്ളം തളിച്ചത് ബിലാൽ (റ) ആയിരുന്നു .

മീസാൻ കല്ല് വെക്കൽ : അടയാളം കൊണ്ട് ഖബർ തിരിച്ചറിയാനും അവഗണിക്കപ്പെടാതിരിക്കാനും ആവശ്യഘട്ടത്തിൽ കബറിന് മുകളിൽ മയ്യിത്തിന്റെ തല ഭാഗത്തു മീസാങ്കല്ല് വെക്കാവുന്നതാണ്

പച്ചക്കമ്പ് നാട്ടൽ : ഖബറിന്റെ ഇരു വശത്തും പച്ചക്കമ്പ് നാട്ടൽ സുന്നത്താണ്

മയ്യിത്ത് മറമാടിയ ശേഷം കബറിന്റെ സമീപത്തിരുന്നു ഖുർആൻ ഓതി - തസ്ബീത് ചൊല്ലി ദുആ ചെയ്യണം .

ഖബറിൽ മയ്യിത്ത് മലർത്തിയോ , കമിഴ്ത്തിയോ കിടത്തരുത്

സ്ത്രീയുടെ മയ്യിത്ത് വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരോ ഇല്ലെങ്കിൽ മറ്റു ബന്ധുക്കളോ , അവരുമില്ലെങ്കിൽ അന്യ പുരുഷന്മാരോ ഖബറിൽ വെക്കേണ്ടതാണ് .

രാത്രിയിൽ ഖബർ അടക്കൽ കറാഹത്തില്ലെങ്കിലും പകൽ അടക്കൽ ഏറ്റവും ശ്രേഷ്ഠമാണ്.


മയ്യിത്തുമായി ബന്ധപ്പെട്ട ദുആകൾ 


മയ്യിത്ത് കുളിപ്പിക്കുമ്പോൾ പറയേണ്ടത് 

غفرانك يا رحمن 

പരമ കാരുണികനായ അല്ലാഹുവെ : ഞാൻ നിന്നോട് പാപ മോചനത്തെ ചോദിക്കുന്നു .


മയ്യിത്തുമായി നടന്നു പോകുമ്പോൾ മനസ്സിൽ പറയേണ്ടുന്നത് 

سبحان من قهر عباده بالموت والفناء وتفرد بالبقاء سبحان الحي الذي لا يموت

മരണം , നാശം മുതലായവ കൊണ്ട് തൻ്റെ അടിമകളെ കീഴടക്കി ഏകനായി , മരിക്കാതെ ജീവനോടെ അവശേഷിക്കുന്ന അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. (ഫത്താവാ ഹിന്ദിയ്യ 4 : 80 )


മയ്യിത്തിനെ കാണുമ്പോൾ പറയേണ്ടത് :

سبحان الذي لايموت لااله الاهوالحي القيوم . هذا ما وعدنا الله ورسوله وصدق الله ورسوله اللهم زدنا ايمانا وتسليم

കാര്യങ്ങൾ ശെരിക്കു നോക്കി നടത്തുന്നവനും ജീവനുള്ളവനുമായ അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല . അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. ഇത് (മരണം) അല്ലാഹുവും അവന്റെ റസൂലും നമ്മളോട് വാഗ്ദാനം ചെയ്ത കാര്യമാണ്. അല്ലാഹുവും അവന്റെ റസൂലും വാഗ്ദാനം നിറവേറ്റിയിരിക്കുന്നു . അല്ലാഹുവെ വിശ്വാസവും രക്ഷയും ഞങ്ങൾക്ക് നീ വർദ്ധിപ്പിച്ചു നൽകേണമേ (ത്വഹ്ത്താവി 333 )


ഖബറിൽ പിടിമണ്ണ് വാരിയിടുമ്പോൾ പറയേണ്ടത് 

مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ

മണ്ണിൽ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു . മണ്ണിലേക്ക് നിങ്ങളെ നാം മടക്കും . മണ്ണിൽ നിന്നും മറ്റൊരിക്കൽ നിങ്ങളെ നാം പുറപ്പെടുവിക്കുന്നു.


മയ്യിത്ത് ഖബറിൽ വെക്കുമ്പോൾ പറയേണ്ടത് 

بسم الله وعلي ملة رسول الله ص.ع

അല്ലാഹുവിന്റെ നാമത്തിൽ നിന്നെ ഞങ്ങൾ വെക്കുകയും നബി (സ) യുടെ മാർഗത്തിലായി നിനക്ക് ഞങ്ങൾ സലാം പറയുകയും ചെയ്യുന്നു 


മയ്യിത്തിനെ കണ്ണ് തിരുമ്മി അടയ്ക്കുമ്പോൾ പറയേണ്ടത് 


باسم الله على ملة رسول الله اللهم يسر عليه أمره وسهل عليه مابعد وأسعده بلقائك واجعل ما خرج إليه خيراً مما خرج عنه


അല്ലാഹുവിന്റെ നാമത്തിലും നബി (സ) യുടെ മാർഗത്തിലായും ഈ മയ്യിത്തിന്റെ കണ്ണുകൾ ഞാൻ തിരുമ്മി അടയ്ക്കുന്നു .

അല്ലാഹുവെ : ഈ മയ്യിത്തിൻറെ നിലവിലുള്ള കാര്യങ്ങളും മരണാനന്തരമുള്ള അവസ്ഥകളും നീ എളുപ്പമാക്കുകയും നിന്റെ തിരു ദർശനം കൊണ്ട് ഈ മയ്യിത്തിനെ നീ സന്തുഷ്ടനാക്കുകയും , പുറപ്പെട്ടു വന്ന സ്ഥലത്തേക്കാൾ പുറപ്പെട്ട് പോയ സ്ഥലം നീ ഉത്തമമാക്കുകയും ചെയ്യേണമേ


മയ്യിത്ത് ഖബറിൽ വെച്ച് കെട്ടഴിക്കുമ്പോൾ പറയേണ്ടത് 

اللهم لا تحرمنا أجره ولا تفتنا بعده


അല്ലാഹുവെ : ഈ മയ്യിത്തിന്റെ പ്രതിഫലം ഞങ്ങൾക്ക് നീ തടയാതിരിക്കുകയും ഇയാളുടെ വേർപാടിന് ശേഷം ഞങ്ങളെ നീ നാശത്തിൽ അകപ്പെടുത്താതിരിക്കുകയും ചെയ്യേണമേ .


മയ്യിത്തിന്റെ കുടുംബാംഗങ്ങളോട് പറയേണ്ടത് 

عَظَّم الله أجرك ، وأحسن عزاءك ، وغفر لميتك

അല്ലാഹു താങ്കൾക്ക് മഹത്തായ പ്രതിഫലവും നല്ല ക്ഷമയും നൽകുകയും താങ്കളുടെ മയ്യിത്തിനു അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യട്ടെ .


മയ്യിത്ത് നിസ്‌ക്കാരത്തിൽ ഓതേണ്ടുന്ന ദുആ 



اَللّهُمَّ اغْفِرْ لَهُ وَارْحَمْهُ وَ عَافِهِ وَاعْفُ عَنْهُ  وَ اَكْرِمْ نُزُلَهُ وَ وَسِّعْ مَدْخَلَهُ وَ اغْسِلْهُ بِا لْمَاءِ وَ الثَلْجِ وَالْبَرَدِ وَ نَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الاَبْيَضُ مِنَ الدَّنَسِ وَ اَبْدِلْهُ دارًا خَيْرًا مِنْ دَارِهِ وَ اَهْلاً خَيْرًا مِنْ اَهْلِهِ وَ زَوْجًا خَيْرًا مِنْ زَوْجِهِ وَ اَدْخِلْهُ الْجَنَّةَ وَ اَعِذْهُ مِنْ عَذَابِ الْقَبْرِ وَ فِتْنَتِهِ  وَ مِنْ عَذَابِ النَّارِ

(“അല്ലാഹുമ്മഗ്വ്ഫിര്‍ ലഹു വര്‍ഹംഹു വഅ്‌ഫു അന്‍‌ഹു വ‌അക്‌രിം നുസുലഹു വ വസ്സിഅ്‌ മദ്‌ഖലഹു വഗ്വ്‌സില്‍ഹു ബില്‍ മാ‌ഇ വസ്സല്‍ജി വല്‍ ബറദി വ നഖ്ഖിഹി മിനല്‍ ഖഥായാ കമാ യുനഖ്ഖ‌സ്സൗബുല്‍ അബ്‌യളു മിനദ്ദനസി വ അബ്ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി വ അഹ്‌ലന്‍ ഖൈറന്‍ മിന്‍ അഹ്‌ലിഹി വ സൗജന്‍ ഖൈറന്‍ മിന്‍ സൗജിഹി വ ജീറാനന്‍ ഖൈറന്‍ മിന്‍ ജീറാനിഹി വ അദ്ഖില്‍ഹുല്‍ ജന്നത്ത വ അ‌ഇ‌ദ്‌ഹു മിന്‍ അദാബില്‍ ഖബ്‌രി വ ഫിത്ത്നത്തിഹി വമിന്‍ അദാബിന്നാ‌ര്‍”)

അര്‍ത്ഥം: 

അല്ലാഹുവേ, ഈ മയ്യിത്തിന്‌ നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ. ഇവന്ന് നീ മാന്യമായ സ്വീകരണം നല്‍കുകയും ഇവന്റെ പ്രവേശന മാര്‍ഗ്ഗം വിശാലമാക്കുകയും ചെയ്യേണമേ. ഇവനെ വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും തണുപ്പ് വെള്ളം കൊണ്ടും നീ കഴുകി ശുദ്ധിയാക്കേണമേ. വെള്ള വസ്ത്രം അഴുക്ക് കള‌ഞ്ഞ് വൃത്തിയാക്കുന്നതു പോലെ തെറ്റുകുറ്റങ്ങളില്‍ നിന്നും ഇവനെ നീ ശുദ്ധിയാക്കേണമേ. ഈ മയ്യിത്തിന്‌ ഇവിടെത്തേക്കാള്‍ നല്ല വീടും കുടുംബവും ഇണയും അയല്‍ക്കാരും നീ പകരമായി നല്‍കേണമേ. ഇവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശി‌പ്പിക്കുകയും ഖബ്‌റിലെ ശിക്ഷയില്‍ നിന്നും പരീക്ഷണത്തില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും ഇവന്‌ മോചനം നല്‍കുകയും ചെയ്യേണമേ.


ഇതിനു പുറമെ ഇനി പറയുന്ന പ്രാര്‍ത്ഥന കൂടി സുന്നത്തുണ്ട്.


اللّهُمَّ اغْفِرْ لِحَيِّنَا وَ مَيِّتِنَا وَ شَاهِدِنَا وَ غَائِبِنَا وَ صَغِيرِنَا وَ كَبِيرِنَا وَ ذَكَرِنَا وَ اُنْثَانَا اَللّهُمَّ مَنْ اَحْيَيْتَهُ مِنَّا فَاَحْيِهِ عَلَى الإسْلاَمِ وَ مَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الإيمَانِ

അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും സ്ഥലത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുക്കണേ. അല്ലാഹുവേ നീ ഞങ്ങളില്‍ ജീവിപ്പിക്കുന്നവരെ ഇസ്‌ലാമില്‍ തന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുന്നവരെ ഈമാനോടെ മരിപ്പിക്കുകയും ചെയ്യണേ


കുട്ടിയുടെ മയ്യിത്ത് നിസ്‌ക്കാരത്തിൽ ഓതേണ്ട ദുആ 


إن كان الميت صغيراً فعن أبي حنيفة ينبغي أن يقول : " اللهم اجعله لنا فرطاً , واجعله لنا أجراً وذخراً , اللهم اجعله لنا شفيعاً ومشفعاً

അല്ലാഹുവേ : ഈ മയ്യിത്തിനെ ഞങ്ങൾക്ക് മുൻഗാമിയും പ്രതിഫലവും സൂക്ഷിപ്പ് മുതലും ശുപാർശകനും ശുപാർശ സ്വീകരിക്കപ്പെടുന്നവനുമായി നീ ആക്കേണമേ .


മയ്യിത്ത് നിസ്‌ക്കാരത്തിന്റെ നിയ്യത്ത് 


نويت أداء هذه الفريضة عبادة لله تعالي متوجها إلي الكعبة مقتديا بالإمام داعيا للميت 

മയ്യിത്തിനു വേണ്ടി ദുആ ചെയ്യുന്നവനായ നിലയിൽ ഇമാമിനെ പിന്തുടർന്ന് ക'അബയിലേക്കു തിരിഞ്ഞു നിന്ന് നിർബന്ധമായ ഈ നിസ്ക്കാരം അല്ലാഹുവിനുള്ള ഇബാദത്തായി നിർവഹിക്കാൻ ഞാൻ നിയ്യത്തു ചെയ്യന്നു .


ഖബർ സിയാറത്തു ചെയ്യുമ്പോൾ പറയേണ്ടത് 


وعن ابن عَبَّاسٍ ، رَضَيَ اللَّه عنهما ، قال : مَرَّ رسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم بِقُبورٍ بالمَدِينَةِ فَأَقْبَلَ عَلَيْهِمْ بوَجْهِهِ فقالَ : « السَّلامُ عَلَيْكُمْ يا أَهْلَ القُبُورِ ، يَغْفِرُ اللَّهُ لَنا وَلَكُمْ ، أَنْتُم سَلَفُنا ونحْنُ بالأَثَرِ » رواهُ الترمذي

ഖബറാളികളെ : നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ശാന്തിയും സമാധാനവും ഉണ്ടാകട്ടെ . ഞങ്ങൾക്കും നിങ്ങൾക്കും അല്ലാഹു പൊറുത്തു തരുമാറാകട്ടെ . നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാണ് , ഞങ്ങൾ നിങ്ങളുടെ പിന്നാലെയുണ്ട് .


 ഹദീസുകളിൽ വന്ന മറ്റു ദുആകൾ 


وعن بُرَيْدَةَ رضي اللَّهُ عنهُ ، قال : كَانَ النَّبِيُّ صَلّى اللهُ عَلَيْهِ وسَلَّم يُعَلِّمُهُمْ إِذا خَرَجُوا إِلى المَقابِرِ أَنْ يَقُولَ قَائِلُهُم : « السَّلامُ عَلَيكُمْ أَهْل الدِّيارِ مِنَ المُؤْمِنِينَ والمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ ، أَسْأَلُ اللَّه لَنَا وَلَكُمُ العافِيَةَ » رواه مسلم

عن عائشَةَ رضي اللَّهُ عنها قالت : كان رسُولُ اللَّهِ ، صَلّى اللهُ عَلَيْهِ وسَلَّم ، كُلَّما كان لَيْلَتها منْ رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم يَخْرُجُ مِنْ آخِرِ اللَّيْلِ إِلى البَقِيعِ ، فَيَقُولُ : « السَّلامُ عَلَيْكُمْ دَارَ قَوْمٍ مُؤمِنينَ ، وأَتَاكُمْ ما تُوعَدُونَ ، غَداً مُؤَجَّلُونَ ، وإِنَّا إِنْ شَاءَ اللَّهُ بِكُمْ لاحِقُونَ ، اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الغَرْقَدِ » رواهُ مسلم



മയ്യിത്ത് നിസ്‌ക്കാരത്തിന്റെ രൂപം 


ശർത്തുകൾ : ആറെണ്ണമാകുന്നു 

1 . മയ്യിത്ത് മുസ്ലിമായിരിക്കുക 

2 . മയ്യിത്ത് ശുദ്ധമായിരിക്കുക 

3 . മയ്യിത്തിനെ മുന്തിക്കുക 

4 . മയ്യിത്ത് ഹാജരായിരിക്കുക 

5 . മയ്യിത്ത് നിസ്‌ക്കരിക്കുന്നവർ വാഹനത്തിൽ ആകാതിരിക്കുക

6 . മയ്യിത്ത് ഭൂമിയിൽ വെക്കപ്പെടുക 


ഫർളുകൾ : രണ്ടാകുന്നു 

1 . നിൽക്കുക 

2 . നാല് തക്ബീറുകൾ ചൊല്ലുക 


സുന്നത്തുകൾ : നാലാകുന്നു 

1 . മയ്യിത്ത് ആണാണെങ്കിലും പെണ്ണാണെങ്കിലും മയ്യിത്തിന്റെ നെഞ്ചിനു നേരെ ഇമാം നിൽക്കുക 

2 . ഒന്നാമത്തെ തക്ബീറിനു ശേഷം സനാ ഓതുക 



سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ. وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ. وَلاَ إِلهَ غَيْرُكَ
3 . രണ്ടാം തക്ബീറിനു ശേഷം നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലുക 


اللهم صل على محمد وعلى آل محمد كما صليت على آل إبراهيم وبارك على محمد وعلى آل محمد كما باركت على آل إبراهيم في العالمين إنك حميد مجيد

4 . മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിനുവേണ്ടി ദുആ ചെയ്യുക 



اَللّهُمَّ اغْفِرْ لَهُ وَارْحَمْهُ وَ عَافِهِ وَاعْفُ عَنْهُ  وَ اَكْرِمْ نُزُلَهُ وَ وَسِّعْ مَدْخَلَهُ وَ اغْسِلْهُ بِا لْمَاءِ وَ الثَلْجِ وَالْبَرَدِ وَ نَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الاَبْيَضُ مِنَ الدَّنَسِ وَ اَبْدِلْهُ دارًا خَيْرًا مِنْ دَارِهِ وَ اَهْلاً خَيْرًا مِنْ اَهْلِهِ وَ زَوْجًا خَيْرًا مِنْ زَوْجِهِ وَ اَدْخِلْهُ الْجَنَّةَ وَ اَعِذْهُ مِنْ عَذَابِ الْقَبْرِ وَ فِتْنَتِهِ  وَ مِنْ عَذَابِ النَّارِ

(നാലാമത്തെ തക്ബീറിനു ശേഷം സലാം വീട്ടൽ വാജിബാണ്‌)

No comments:

Post a Comment