Wednesday 3 July 2019

സംശയവും മറുപടിയും - ഇടപാടുകൾ

 

ഒരുത്തന്റെ കടബാധ്യത അവന്റെ സമ്മതം കൂടാതെ മറ്റൊരുത്തനു വീട്ടാമോ?

വീട്ടാവുന്നതാണ് കടം വീടുകയും ചെയ്യും ആരുടെ കടമാണോ വീട്ടിയത് അവനോട് ആ സംഖ്യ കടം വീട്ടിയവൻ ചോദിക്കാൻ പാടില്ല (ഇആനത്ത്: 3/84) 

മയ്യിത്തിനു കിട്ടാനുള്ള കടം അനന്തരാവകാശികൾ തങ്ങൾക്കു വേണ്ടെന്നു വെച്ച് വാങ്ങാതിരുന്നാൽ ഇതിന്റെ പ്രതിഫലം ആർക്കാണു ലഭിക്കുക? മയ്യിത്തിനോ അനന്തരാവകാശികൾക്കോ?

അതിന്റെ പ്രതിഫലം മയ്യിത്താനാണു ലഭിക്കുക അനന്തരാവകാശികൾക്കല്ല മയ്യിത്തിനു ലഭിക്കാനുള്ള കടമാണല്ലോ മയ്യിത്തിന്റെ അനന്തര സ്വത്ത് എന്ന നിലയ്ക്ക് അതിൽ അവകാശമുണ്ടെന്നതുകൊണ്ട് അനന്തരാവകാശികൾക്കതു ചോദിച്ചു വാങ്ങാമെന്നല്ലാതെ അതു വാങ്ങാത്തിടത്തോളം അവരുടെ ഉടമസ്ഥതയിൽ അതു വരികയില്ല അതുകൊണ്ടുതന്നെ മയ്യിത്തിന്റെ സ്വത്ത് ഒഴിവാക്കിയതിന്റെ പുണ്യം മയ്യിത്തിനു തന്നെയാണ്  ലഭിക്കുക (ഹാശിയത്തുൽ ബുജൈരിമി: 3/276, തർശീഹ്, പേജ്: 275) 

ഒരു യാചകൻ നിരന്തരം ചോദിച്ചു ശല്യപ്പെടുത്തിയപ്പോൾ ഒരാൾ സ്വദഖ നൽകി, എന്നാൽ പുണ്യം കിട്ടുമോ?

കിട്ടുന്നതാണ് തന്നെ ചോദിച്ചു ശല്യപ്പെടുത്തുന്നതിൽ നിന്നു  തടയുകയെന്ന ഉദ്ദേശ്യം കൂടി ഉണ്ടെങ്കിലും സ്വദഖയുടെ പുണ്യം അതുകൊണ്ട് നഷ്ടപ്പെടില്ല (ഫതാവൽ കുബ്റ: 2/52)

മകളുടെ വിവാഹം നടക്കുമ്പോൾ പലരും പണം കവറിലിട്ടും മറ്റും നൽകി സഹായിക്കുന്ന പതിവുണ്ടല്ലോ ഇതു കടമാണോ?

കല്യാണാഘോഷാദികളിൽ മേൽ പ്രകാരം നൽകപ്പെടുന്ന സമ്മാനങ്ങൾ നൽകപ്പെടുന്നയാൾക്കു ദാനമാണ് കടമല്ല ഇങ്ങനെ ലഭിക്കുന്നയാൾ നൽകുന്നവരുടെ ആഘോഷ വേളകളിൽ അവരുടെ ദാനത്തിനു തുല്യമായതോ അതിൽ കൂടുതലോ തിരിച്ചു കൊടുക്കുന്ന  പതിവുണ്ടെങ്കിലും അതു സുജനമര്യാദയിൽ പെട്ടതാണ് കടബാധ്യത വീട്ടുകയെന്ന നിലയ്ക്കല്ല അതു തിരിച്ചു നൽകാതെ മരണപ്പെട്ടാൽ അതിന്റെ പേരിൽ കടക്കാരനാവില്ല (ഇആനത്ത്: 3/77 നോക്കുക) 

മരിച്ചയാൾക്കു വേണ്ടി ഉംറ ചെയ്യുമ്പോൾ അറവു വേണോ?

മരിച്ചവന്റെ മീഖാത്തിൽ നിന്നോ അതിനു തുല്യ വഴിദൂരമുള്ള മീഖാത്തിൽ നിന്നോ ഇഹ്റാം ചെയ്താൽ അപ്പേരിൽ അറവു വേണ്ട ദൂരം കുറഞ്ഞ മീഖാത്തിൽ നിന്നു ഇഹ്റാം ചെയ്താൽ അറവു വേണ്ടി വരും (തുഹ്ഫ: 4/40) ഈ രീതിയാണു ഇന്നു പലപ്പോഴും ഉണ്ടാവാറുള്ളത് എന്നാൽ, ഉംറ നിർവഹിച്ച് ഇതിന്റെ കൂലി മരിച്ച വ്യക്തിക്ക് ആക്കുകയാണെങ്കിൽ അറവിന്റെ  പ്രശ്നം ഉണ്ടാകുന്നില്ല 

ഒരാൾ മറ്റൊരു മുസ്ലിമിന്റെ വസ്തു വെട്ടിപ്പിലൂടെ കൈക്കലാക്കി പിന്നീട്  പശ്ചാതാപം തോന്നി പക്ഷേ, വെട്ടിപ്പിനിരയായവൻ മരണപ്പെട്ടു ഇനി എന്തു ചെയ്യും?

അവന്റെ അനന്തരാവകാശികൾക്ക് കൊടുത്ത് ബാദ്ധ്യത തീർക്കണം (ശർവാനി: 10/243)

ഒരു ചെരിപ്പ് മാറിക്കിട്ടി, അതു ആരുടേതാണെന്നോ എവിടുന്നാ മാറിയതെന്നോ അറിയില്ല ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇനി എന്തു ചെയ്യും?

ആ ചെരിപ്പ് വീണുകിട്ടിയ വസ്തുവിന്റെ വിധിയിലാണുള്ളത് അതിനാൽ അതിന്റെ വ്യവസ്ഥ പ്രകാരം ചെരിപ്പ് പരസ്യപ്പെടുത്തുകയും ഉടമസ്ഥനെ അന്വേഷിക്കുകയും ചെയ്യുകയോ അല്ലെങ്കിൽ ഉടമസ്ഥൻ അതു കൈയൊഴിച്ചിരിക്കുന്നുവെന്നു ബോധ്യപ്പെടുത്തുകയോ ചെയ്യുന്നതുവരെ ആ ചെരിപ്പ്  കിട്ടിയവനു ഉപയോഗിക്കൽ അനുവദനീയമല്ല ഒരാളുടെ ചെരിപ്പ് മറ്റൊരാൾ ബോധപൂർവം കൈക്കലാക്കിയതാണെന്ന് ബോധ്യപ്പെട്ടാൽ മാറിക്കിട്ടിയ ചെരിപ്പ് അവന്റെ ചെരിപ്പിനേക്കാൾ മുന്തിയതല്ലെങ്കിൽ അതു ഉപയോഗിക്കാം (തുഹ്ഫ: 6/318) 

കടബാധ്യതയുള്ള ഒരാൾ മരണപ്പെട്ടു അദ്ദേഹത്തിനു അനന്തര സ്വത്തുണ്ട് പക്ഷേ, അനന്തരാവകാശികൾ കടം വീട്ടിയില്ല എങ്കിൽ പരലോകത്ത് കടബാധ്യത ആർക്കാണ്?

കടബാധ്യത തീർക്കാതെ മരണപ്പെട്ടയാളാണു പരലോകത്ത് കടബാധ്യതക്കാരൻ അയാളോടാണു ഇതു സംബന്ധിച്ചു ചോദിക്കപ്പെടുക (തുഹ്ഫ, ശർവാനി: 10/245) 

കടം വീട്ടാൻ കഴിവുണ്ടായിട്ടും അതു വീട്ടാതെ കടം നൽകി സഹായിച്ചവനെ 'സുയിപ്പാക്കി' പിന്തിച്ച് മരണപ്പെട്ടാലോ?

അതിന്റെ ഉത്തരവാദിത്വം സുയിപ്പാക്കിയവനു തന്നെയാണ് അദ്ദേഹം മരണപ്പെടുംമുമ്പ് കടം വീട്ടാനുള്ള സംഖ്യ അനന്തരാവകാശികളെ ഏൽപിച്ചാലും അനന്തരാവകാശികൾ സ്വയം വീട്ടിയാലും കടം വീട്ടാതെ 'സുയിപ്പാക്കി' യതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിവാകൂല കടബാധ്യതയിൽ നിന്നു ഒഴിവാകുകയും ചെയ്യും (തുഹ്ഫ, ശർവാനി: 10/245) 

വസ്തുക്കൾ വാങ്ങാൻ അച്ചാരം കൊടുക്കുന്ന പതിവു കണ്ടുവരുന്നുണ്ട് എന്തെങ്കിലും കാരണവശാൽ വസ്തു ഉടമയോ വാങ്ങുന്നവനോ കച്ചവടത്തിൽ മാറ്റം വരുത്തിയാൽ അവനിൽനിന്നും നഷ്ടപരിഹാരം വസൂൽ ചെയ്യാറുണ്ട് ഇതൊരു നാട്ടുനടപ്പായി മാറിയിരിക്കുന്നു ഇതിനാൽ വല്ല ബാധ്യതകളും വന്നുകൂടുമോ?

ഇത്തരം ഇടപാട് സാധുവല്ല (തുഹ്ഫ: 4/322)  അതിനാൽ കച്ചവടത്തിനു മാറ്റം വന്നാൽ വാങ്ങിയ അഡ്വാൻസ് തുക  മടക്കിക്കൊടുക്കണം ശർഇനു വിരുദ്ധമായ നാട്ടുനടപ്പ് പരിഗണനീയമല്ല 

ഒരാൾ ഒരു സംഖ്യ (കറൻസി) മോഷ്ടിക്കുകയും ആ സംഖ്യ കൊണ്ട് കച്ചവടച്ചരക്കു വാങ്ങി കച്ചവടം ചെയ്തു വലിയ ലാഭം നേടി പിന്നീട് മോഷ്ടാവിനു തൗബ ചെയ്യാൻ തോന്നുകയും മോഷ്ടിച്ച സംഖ്യ തിരിച്ചു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നാൽ മോഷ്ടിച്ച സംഖ്യ മാത്രം തിരിച്ചു കൊടുത്താൽ മതിയോ? അതല്ല, അതുകൊണ്ട് നേടിയ ലാഭങ്ങളും തിരിച്ചു കൊടുക്കണോ?

മോഷ്ടിച്ച സംഖ്യ മാത്രം തിരിച്ചു കൊടുത്താൽ മതി ലാഭം തിരിച്ചു കൊടുക്കേണ്ടതില്ല കാരണം, ലാഭം കച്ചവടച്ചരക്കിന്റെ ലാഭമാണ് മോഷ്ടിച്ച സംഖ്യയുടെ നേട്ടമല്ല മോഷണം കടുത്ത ഹറാമും ആ കാശുകൊണ്ട് ചരക്ക് വാങ്ങിയത് ആസാധുവും ആണെങ്കിൽ കൈകാര്യം സ്വഹീഹാണ് അതായത്, കച്ചവടച്ചരക്ക് വാങ്ങിയതും കച്ചവടം ചെയ്തതും സാധുവാണ് (തുഹ്ഫ: 6/91, മുഗ്നി: 2/314)  

വാടക വസ്തു  മോഷ്ടിച്ചവന് പിന്നീട് അതു തിരിച്ചു കൊടുക്കാൻ മനസ് വരികയും അങ്ങനെ തിരിച്ചു കൊടുക്കുമ്പോൾ ആ വസ്തു കൊണ്ട് ഉണ്ടാകാവുന്ന നേട്ടങ്ങൾക്കു കൂടി അയാൾ ഉത്തരവാദിയാണോ?

അതേ, ഉത്തരവാദിയാണ് ആ വാടക വസ്തു മോഷ്ടാവിന്റെ കൈയിലിരുന്ന കാലയളവിൽ ആ വാസ്തുകൊണ്ട് ഉണ്ടാക്കാവുന്ന നേട്ടങ്ങൾക്കുകൂടി അയാൾ ഉത്തരവാദപ്പെട്ടവനാണ് ഈ നേട്ടം അയാൾ എടുത്തിരുന്നെങ്കിലും ഇല്ലെങ്കിലും (തുഹ്ഫ, ശർവാനി: 9/154 നോക്കുക) സ്വന്തമായി നേട്ടത്തിനു പറ്റുന്ന വസ്തു മോഷ്ടിച്ചതുകൊണ്ടാണിത്

ഒരാൾ തന്റെ കച്ചവട ആവശ്യത്തിനു വേണ്ടി തന്റെ സുഹൃത്തിൽ നിന്നു ഒരു ലക്ഷം രൂപ കടം വാങ്ങി ഈ കാശ് തിരിച്ചു കൊടുക്കുന്നതുവരെ മാസാന്തം ആയിരം രൂപ കടം നൽകിയവനു നൽകാമെന്ന വ്യവസ്ഥയോടെയാണ് ഈ ആയിരം രൂപകൾ കൊടുക്കാമോ? വാങ്ങാമോ?

പാടില്ല നിഷിദ്ധമാണ് കടപ്പലിശയാണ് (തുഹ്ഫ: 5/46) ഇടപാടിൽ വ്യവസ്ഥ ചെയ്യാതെ ഇങ്ങനെ മാസാന്തം ഒരു സംഖ്യ തരുന്നുണ്ടെങ്കിൽ വാങ്ങൽ തെറ്റില്ല എങ്കിലും കടസംഖ്യ മടക്കിക്കിട്ടുംമുമ്പ് നൽകപ്പെടുന്ന ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കാതെ ഒഴിഞ്ഞു നിൽക്കുകയാണ് ഏറ്റവും നല്ലത് (തുഹ്ഫ, ശർവാനി: 5/47) 

സമ്പത്തുള്ളവൻ യാചന നടത്തുന്നതിന്റെ വിധിയെന്ത്?

നിഷിദ്ധമാണ് കാരണം, ആരോടാണോ അയാൾ യാചിച്ചു ചോദിക്കുന്നത് അദ്ദേഹത്തെ അയാൾ വഞ്ചിക്കുകയാണ് (ഇആനത്ത്: 2/334) 

ഹറാമായ യാചനയാണു ഒരാൾ നടത്തുന്നതെന്നു മനസ്സിലായാൽ അയാൾക്കു ദാനം ചെയ്യൽ ഹറാമാകുമോ?

ഹറാമാകില്ല. സമ്പന്നനു ദാനം ചെയ്യൽ നിഷിദ്ധമല്ല സമ്പന്നനാണെന്നു അറിഞ്ഞു കൊടുക്കുമ്പോൾ കൊടുക്കുന്നവൻ വഞ്ചിതനാകുന്നില്ല (തുഹ്ഫ: 7/177) 

അഗതികൾ, അനാഥകൾ, വിധവകൾ തുടങ്ങി സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്കു സർക്കാർ അനുവദിക്കുന്ന പെൻഷനുകൾ അൽഹതപ്പെട്ടവർ വാങ്ങുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്?

അനുവദനീയമാണ് അതു നൽകൽ ഭരണകൂടത്തിന്റെ ബാധ്യതയാണ് അതു കൈപറ്റാവുന്നതാണ് 

കളവു പതിവാക്കിയ ഒരാൾ എന്തെങ്കിലും ദാനമായി തന്നാൽ സ്വീകരിക്കാമോ?

അയാൾ തരുന്ന വസ്തു ഹറാമായതാണെന്നു ഉറപ്പുണ്ടെങ്കിൽ സ്വീകരിക്കൽ കുറ്റകരമാണ്, നിഷിദ്ധമാണ് ഉറപ്പില്ലെങ്കിൽ ഹറാമില്ല കറാഹത്തുണ്ട് ഇയാഴിൽ നിന്നു വാങ്ങി യഥാർത്ഥ ഉടമസ്ഥനു മോഷണവസ്തു തിരിച്ചു കൊടുക്കുന്നു എന്ന ഉദ്ദേശ്യത്തോടെ ഹറാമായ വസ്തു വാങ്ങാം അതിൽ തെറ്റില്ല വിധികർത്താവ്, മുഫ്തി, സാക്ഷി നിൽക്കുന്നവർ എന്നിവർ വാങ്ങുമ്പോൾ ഇതു തിരിച്ചു കൊടുക്കാനാണെന്നു വ്യക്തമാക്കണം (തുഹ്ഫ: 7/180) 

ഇടപാടിൽ ഈജാബും ഖബൂലും ഇല്ലെങ്കിൽ കുറ്റക്കാരാകുമോ?

ഇല്ല ആഖിറത്തിൽ അതിനെക്കുറിച്ച് ചോദ്യമില്ല (ഫത്ഹുൽ മുഈൻ)

ജീവിത കാലത്തുതന്നെ മക്കൾക്കു സ്വത്ത് വിഹിതം ചെയ്തു കൊടുക്കുമ്പോൾ ആണിനും പെണ്ണിനും ഒരു പോലെ കൊടുക്കൽ  നിർബന്ധമുണ്ടോ?

നിർബന്ധമില്ല ചിലരുടെ ആവശ്യം കൂടുതൽ, ഇൽമ്, ഭക്തി ജീവിതം പോലെയുള്ള സവിശേഷതകൾ പരിഗണിച്ച് ഏറ്റ വ്യത്യാസം വരുത്തുന്നെങ്കിൽ കറാഹത്തില്ല അല്ലെങ്കിൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 300) 

പള്ളിയുടെ പണം കടം കൊടുക്കാമോ?

സൂക്ഷിച്ചു വെച്ചാൽ നഷ്ടപ്പെടുമെന്നു ഭയമുണ്ടെങ്കിൽ കടം കൊടുക്കൽ നാളിറിനു അനുവദനീയമാണ് (ഫതാവ: 3/265 നോക്കുക) 

മദ്റസയുടെ പണത്തിനും ഇതേ വിധിയാണോ?

അതേ, അവ പൊതുസ്വത്താണല്ലോ 

പുത്തൻവാദി കളുമായി കടമിടപാട് നടത്താമോ?

അനുവദനീയമാണ് അവരുമായി കടമിടപാട് പാടില്ലെന്നോ സാധുവല്ലെന്നോ ഫുഖഹാഅ് പഠിപ്പിച്ചിട്ടില്ല

ഒരാൾ മറ്റൊരാൾക്ക് നീ ചായ കുടിക്കുക, മരുന്നു വാങ്ങുക എന്നിങ്ങനെ പറഞ്ഞു കാശ് കൊടുത്താൽ ആ കാശ് മറ്റു ആവശ്യങ്ങൾക്ക് തിരിക്കാമോ?

കൊടുത്തയാൾ നിർണിത ആവശ്യം ഉദ്ദേശിച്ചും നിജപ്പെടുത്തിയും കൊടുത്തതാണെങ്കിൽ ആ ആവശ്യത്തിലേക്കു മാത്രമേ പ്രസ്തുത സംഖ്യ വിനിയോഗിക്കാൻ പാടുള്ളൂ അങ്ങനെ നിജപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും ഉപചാരപൂർവ്വം ചില ആവശ്യങ്ങൾ പറഞ്ഞു വെന്നേയുള്ളൂവെന്നും സാഹചര്യം കൊണ്ടോ മറ്റോ മനസ്സിലായാൽ പറഞ്ഞ  ആവശ്യത്തിലേക്ക് തന്നെ തിരിക്കണമെന്നില്ല (തുഹ്ഫ: 6/317 നോക്കുക) 

മയ്യിത്തിന്റെ ധനത്തിനോട് നേരിട്ടു ബന്ധപ്പെട്ട സകാത്ത്, നേരിട്ടു ബന്ധപ്പെടാത്ത സകാത്ത് എന്നിങ്ങനെ രണ്ടുവിധം സകാത്തു വിവരിക്കാമോ?

വിവരിക്കാം സകാത്തു നിർബന്ധമായ ധനം നശിക്കാതെ ശേഷിക്കുമ്പോൾ ആ ധനത്തിനോട് നേരിട്ട് സകാത്തു ബന്ധിക്കും ഇതാണു മയ്യിത്തിന്റെ ധനത്തിനോട് നേരിട്ട് ബന്ധിക്കുന്ന സകാത്ത് സകാത്ത് നിർബന്ധമാകുകയും കൊടുക്കാൻ സൗകര്യമാവുകയും ചെയ്ത ശേഷം അതു നശിച്ചിട്ടുണ്ടെങ്കിൽ നേരെ സ്വത്തിനോട് ബന്ധപ്പെടില്ല കാരണം പ്രസ്തുത സ്വത്ത് നശിച്ചല്ലോ ഇത്തരം വേളകളിൽ മയ്യിത്തിന്റെ ഉത്തരവാദിത്വത്തിലാണ് സകാത്ത് ബന്ധിച്ചത് (ഇആനത്ത്: 2/281) 

സലമ് കച്ചവടം സ്വഹീഹാവാത്തതും എന്നാൽ കടമിടപാട് സാധുവാകുന്നതുമായ വസ്തുവുണ്ടോ?

ഉണ്ട് പത്തിരി, ഗോതമ്പ് മാവ് പോലുള്ളവയിൽ കടമിടപാട് അനുവദനീയമാണ് എന്നാൽ അവയിൽ സലമ് കച്ചവടം സാധുവല്ല (തുഹ്ഫ: 5/44) 

സലമ് കച്ചവടമെന്നാലെന്ത്?

ഇന്നാലിന്ന ഗുണവിശേഷമുള്ള സാധനം നൽകാമെന്ന ഉത്തരവാദിത്വം ഏറ്റു ആ സദസിൽ വെച്ച് വില  കൈപറ്റി നടത്തുന്ന കച്ചവടമാണ് സലമ്  (അവധിക്കച്ചവടം) ഇതിൽ കച്ചവട വസ്തു ഇടപാട് സമയത്തു വില കൊടുക്കുന്നവൻ കാണുകയോ അവനു അപ്പോൾ ലഭിക്കുകയോ ഇല്ല അവധിയെത്തുമ്പോഴാണ് ലഭിക്കുക (ഫത്ഹുൽ മുഈൻ, പേജ്: 234) 

ഒരാൾ ഒരു വസ്തു നിർണയിച്ച് ഇത് ഇന്നാലിന്ന മഖാമിലേക്ക് നേർച്ചയാണെന്നു പറഞ്ഞു അതു വീട്ടുമുമ്പ് അദ്ദേഹം മരണപ്പെട്ടാൽ ആ നേർച്ച അവകാശികൾക്ക് വീട്ടേണ്ടതുണ്ടോ?

അതേ, വീട്ടൽ നിർബന്ധമാണ് നേർച്ചയാക്കലോടുകൂടി ആ വസ്തുവിലുള്ള ഉടമാധികാരം നീങ്ങിയിട്ടുണ്ട് അതിനാൽ ആ വസ്തു മയ്യിത്തിന്റെ അനന്തര സ്വത്തല്ല പ്രത്യുത നേർച്ച വസ്തുവാണ് (ഇആനത്ത്: 2/576)

ഒരു വസ്തു നിർണയിക്കാതെ (ഉദാ: ഒരു ആടിനെ ഞാൻ മമ്പുറം തങ്ങളുടെ പേരിൽ നേർച്ചയാക്കി) നേർച്ചയാക്കി അതു പൂർത്തിയാക്കാതെ മരണപ്പെട്ടാലോ?

അനന്തരാവകാശികൾ മയ്യിത്തിന് സ്വത്തുണ്ടെങ്കിൽ നേർച്ച വീട്ടൽ നിർബന്ധമാണ് (ഇആനത്ത്: 2/280) 

ഇരുപത്തി അഞ്ചു വർഷം മുമ്പ് ഒരാൾ മറ്റൊരാളിൽനിന്നു പതിനായിരം രൂപ കടം വാങ്ങിയിരുന്നു ഇപ്പോൾ അതു തിരിച്ചു കൊടുത്തപ്പോൾ അന്നത്തെ പതിനായിരം ഇപ്പോഴത്തെ അമ്പതിനായിരത്തിനു തുല്യമാണെന്നും അതിനാൽ അമ്പതിനായിരം തരണമെന്നും  കിട്ടാനുള്ളവൽ വാദിക്കുന്നു പതിനായിരം തിരിച്ചു കൊടുത്താൽ മതിയാകുമോ?

വാങ്ങിയ അത്രയും സംഖ്യ മാത്രം തിരിച്ചു നൽകിയാൽ മതി അതായതു പതിനായിരം രൂപ മാത്രം അതു മാത്രമേ ബാധ്യതയുള്ളൂ കൊടുത്തതിനു തുല്യമായത് തിരിച്ചു കൊടുക്കലാണ് ബാദ്ധ്യത മൂല്യം നോക്കേണ്ടതില്ല (തുഹ്ഫ: 5/44 നോക്കുക) 

വർഷങ്ങൾക്ക് മുമ്പ് പത്തു പവൻ സ്വർണം കടം വാങ്ങിയവൻ ഇപ്പോൾ തിരിച്ചു കൊടുക്കുമ്പോൾ പത്തു പവൻ സ്വർണം തിരിച്ചു കൊടുക്കണോ?

അതേ അത്രയും കൊടുക്കൽ നിർബന്ധമാണ് അന്നു പത്തു പവന്റെ വില ഇന്നു ഒരു പവനിനുണ്ട് എന്നു പറഞ്ഞ് ഒരു പവൻ കൊടുത്താൽ കടം വീടില്ല (തുഹ്ഫ: 5/44 നോക്കുക) 

ഒരാൾ ഒരു ആടിനെ കടം വാങ്ങി തിരിച്ചു കൊടുക്കുമ്പോൾ അതുപോലെയുള്ള ആടിനെ കൊടുത്താൽ മതിയാകുമോ?

മതിയാകുന്നതാണ് അതിലേറെ മുന്തിയതു കൊടുക്കൽ നല്ലതാണ് നബി (സ) കടം വാങ്ങിയ ഒട്ടകത്തേക്കാൾ മുന്തിയ ഇനം ഒട്ടകം തിരിച്ചു നൽകിയത് (തുഹ്ഫ: 5/44) 

ഒരാൾ വാടകക്ക് എടുത്ത വസ്തു അയാൾ മറ്റൊരാൾക്ക് വാടകക്ക് നൽകൽ അനുവദനീയമാണോ?

അതേ വാടകക്ക് എടുത്ത വസ്തുവിന്റെ ഉപകാരം വാടകക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് വാടക വസ്തു സ്വീകരിച്ചു കൈപറ്റിയ ശേഷം മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാം (തുഹ്ഫ: ശർവാനി: 4/402) 

വാടകക്ക് എടുത്തവൻ ഉടമയ്ക്ക് നൽകേണ്ട വാടകയെക്കാൾ അധികം സംഖ്യക്ക് വാടകക്ക് നൽകാമോ?

അതേ അങ്ങനെ നൽകൽ അനുവദനീയമാണ് (തുഹ്ഫ: ശർവാനി: 4/402)

ഒരാൾ തനിക്ക് വാടകയ്ക്കു നൽകിയവനു ആ  വസ്തു വാടകക്കു  കൊടുത്താൽ ശരിയാകുമോ?

അതേ അതു സാധുവാണ് അപ്പോൾ വാടക വസ്തു കൈപറ്റണമെന്ന വ്യവസ്ഥയില്ല (തുഹ്ഫ: ശർവാനി: 4/402) 

ഒരാൾ കുട്ടിക്കാലത്ത് നേർച്ചയാക്കി എന്നാൽ അതു വീട്ടിയിട്ടില്ല അതു ബാധ്യതയായി കിടക്കുമോ? ആ നേർച്ച വീട്ടൽ നിർബന്ധമുണ്ടോ?

നിർബന്ധമില്ല ശർഇന്റെ നിർബന്ധ ബാധ്യത വരാത്ത കുട്ടികൾ, ഭ്രാന്തന്മാർ പോലുള്ളവർ ഒരു കാര്യം നിർബന്ധ ബാധ്യതയായി ഏറ്റെടുക്കാൻ അർഹരല്ലാത്തതുകൊണ്ട് അവരുടെ നേർച്ച സാധുവല്ല (തുഹ്ഫ: 10/68 നോക്കുക) 

നാട്ടിലുള്ള  ഒരാൾ ഗൾഫിലുള്ള സുഹൃത്തിനോട് ഇരുപത്തി അയ്യായിരം രൂപ കടം ചോദിച്ചു ഗൾഫുകാരൻ ഇരുപത്തി അയ്യായിരത്തിനു തുല്യമായ റിയാൽ അയച്ചു കൊടുത്തു ഇവിടെ അതു ഇരുപത്തി അയ്യായിരം ഇന്ത്യൻ രൂപ കിട്ടുകയും ചെയ്തു തിരിച്ചു കൊടുക്കാൻ നേരം ഇരുപത്തി അയ്യായിരം കൊടുത്തപ്പോൾ ഗൾഫിൽ രിയാലിന്റെ മൂല്യം കുറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഞാൻ അയച്ചു  തന്ന റിയാലിനു നാട്ടിൽ മുപ്പതിനായിരം ഉണ്ടെന്നും അതു തരണമെന്നും കടം തന്നു സഹായിച്ചവൻ പറഞ്ഞാൽ അത്രയും നൽകൽ ബാധ്യതയാണോ?

അല്ല ഇരുപത്തി അയ്യായിരം മാത്രമേ വീട്ടൽ നിർബന്ധമുള്ളൂ (തുഹ്ഫ: 5/44 നോക്കുക) 

വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ ആയത്തു കടബാധ്യതയുമായി ബന്ധപ്പെട്ടതാണോ?

അതേ അൽബഖറ സൂറത്തിലെ 282 ആം ആയത്താണത് 

നീക്കം ചെയ്യാവുന്ന വിരിപ്പ്, പായ, കാർപറ്റ് എന്നിവ പള്ളിയായി വഖ്ഫ് ചെയ്യാമോ?

അവ നിലത്ത് ആണിയടിച്ചോ മറ്റോ ഉറപ്പിച്ച ശേഷം വഖ്ഫ് ചെയ്താൽ സ്വഹീഹാകുന്നതാണ് അങ്ങനെ വഖ്ഫ് ചെയ്ത ശേഷം അവ അവിടെനിന്നു പറിച്ചെടുത്താലും വഖ്ഫിന്റെ നിയമം മാറില്ല അപ്പോൾ അവ എവിടെ വിരിച്ചു നിസ്കരിച്ചാലും പള്ളിയിൽ വെച്ച് നിസ്കരിച്ചതിന്റെ പ്രതിഫലം ലഭിക്കും പള്ളിയുടെ മറ്റു നിയമങ്ങളും ബാധകമാണ് (ശർവാനി: 3/365)

വഖ്ഫ് സാധുവാകാൻ സ്വീഗ അനിവാര്യമാണോ?

അതേ, 'മുആത്വാതി' ന്റെ ഭിന്നത വഖ്ഫിൽ വരില്ല (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/260)

മവാത്ത് ഭൂമിയിൽ സ്വീഗ വേണോ?

വേണ്ട ഇസ്ലാമിലായിട്ട് പരിപാലിക്കപ്പെട്ടതായി ഉറപ്പില്ലാത്ത സ്ഥലത്ത്  പള്ളിയുണ്ടാക്കുകയെന്ന കരുത്തോടെ ഒരു എടുപ്പ് ഉണ്ടാക്കിയാൽ അത് ആ കരുത് (നിയ്യത്ത്) കൊണ്ടു തന്നെ പള്ളിയാകുന്നതാണ് (ഇആനത്ത്: 3/260) 

പള്ളി വിപുലീകരണാവശ്യാർത്ഥം അതിന്റെ ചുറ്റുപാടുമുണ്ടായിരുന്ന വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയിൽ നിന്നു പള്ളിയിലേക്ക് കൂട്ടിച്ചേർത്ത സ്ഥലത്തിനു പള്ളിയുടെ വിധിയുണ്ടാവുമോ?* 

പ്രസ്തുത സ്ഥലം ഇനി പള്ളിയായി വഖ്ഫ് ചെയ്യപ്പെട്ടാൽ പള്ളിയുടെ വിധിയുണ്ടാകും (ഇആനത്ത്: 3/260)

പള്ളിയിൽ മുളച്ച വൃക്ഷത്തിന്റെ കൊമ്പ് പള്ളിയുടെ പുറത്താവുകയും ആ കൊമ്പിൽ ഒരാൾ ഇഅ്തികാഫ് ഇരിക്കുകയും ചെയ്താൽ സ്വഹീഹാവുമോ?

അതേ, അവന്റെ ഇഅ്തികാഫ് സ്വഹീഹാണ് (3/464) 

കൃത്യ തൂക്കമോ അളവോ എണ്ണമോ അറിയാതെ ചരക്കിന്റെ കൂമ്പാരം മതിച്ച് വിൽക്കാമോ?

വിൽക്കാം ആ വിൽപന സ്വഹീഹാണ് പക്ഷേ, കറാഹത്തുണ്ട് വസ്ത്രം, ഭൂമി എന്നിവ മതിച്ച് വിൽക്കൽ കറാഹത്തുപോലുമില്ല കാരണം, ഇവ രണ്ടിന്റെയും കണക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കാം (ശർവാനി: 4/263) 

No comments:

Post a Comment