Tuesday 18 August 2020

മരണപ്പെട്ടവർക്കുള്ള സൽക്കർമ്മങ്ങൾ - മദ്ഹബുകൾ എന്ത് പറയുന്നു


സമുദായത്തിലെ പ്രാമാണികരായ കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ആരെങ്കിലും ഖബറിങ്ങല്‍ ഓതുന്നതിനെയോ, അല്ലെങ്കില്‍ മയ്യിത്തിന്റെ മേല്‍ ഓതുന്നതിനെയോ അംഗീകരിച്ചിട്ടുണ്ടോ..?

ഉണ്ട്, ബഹുഭൂരിഭാഗം കര്‍മ്മശാസ്ത്ര പണ്ഡിതരും ഇത് അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണങ്ങള്‍ നോക്കുക: 


ഹനഫി മദ്ഹബ് :

ഹനഫി മദ്ഹബിലെ പ്രാമാണിക ഗ്രന്ഥമായ ‘ഹാശിയതു ഇബ്‌നി ആബിദീനില്‍’ എഴുതിയതു കാണുക: ”ഒരാള്‍ ചെയ്ത അമലിന്റെ പ്രതിഫലം - അതു നിസ്‌കാരമോ, നോമ്പോ സ്വദഖയോ മറ്റെന്തെങ്കിലുമോ ആകട്ടെ- മറ്റൊരാള്‍ക്കു ഹദ്‌യ നല്‍കല്‍ അനുവദനീയമാണെന്ന്, മറ്റൊരാള്‍ക്കുവേണ്ടി ഹജ്ജ് ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ നമ്മുടെ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. ‘ഹിദായ’യില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു.” 

(ഹാശിയതു ഇബ്‌നി ആബിദീന്‍ 2/243)

”സിയാറത്ത് ചെയ്യുന്നവര്‍ സൂറത്ത് യാസീന്‍ ഓതല്‍ സുന്നത്താണ്. ഖുര്‍ആനിനെ അടക്കത്തോടെയും, അര്‍ത്ഥം ചിന്തിച്ചും, പാഠമുള്‍ക്കൊണ്ടും പാരായണം ചെയ്യാന്‍ വേണ്ടി ഇരുന്നുകൊണ്ടാണ് യാസീന്‍ ഓതേണ്ടത്. മറവ് ചെയ്തതിനുശേഷം ഖബറിങ്ങല്‍ വെച്ച് സൂറതുല്‍ ബഖറയുടെ തുടക്കവും അവസാനവും ഓതല്‍ സുന്നത്താണെന്ന് ”സിറാജ്” എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു.” 

(ഹാശിയതു ത്വഹ്ത്വാവി 1/413)


മാലികി മദ്ഹബ് :

മാലികി മദ്ഹബിലെ പ്രാമാണിക ഗ്രന്ഥമായ ‘മവാഹിബുല്‍ ജലീലി’ലെ വരികള്‍ ശ്രദ്ധിക്കുക: ”ഖബര്‍ സിയാറത്ത് ചെയ്യാന്‍ തീരുമാനിച്ചവന്‍ അതിന്റെ അദബുകള്‍ പാലിക്കുകയും, മനഃസാന്നിധ്യം വരുത്തുകയും ചെയ്യേണ്ടതാണ്. അവന്റെ സിയാറത്ത് കേവലം, ഖബറുകള്‍ക്കു ചുറ്റുമുള്ള നടത്തം മാത്രമാകരുത്. അതു മൃഗങ്ങളും ചെയ്യുന്നതാണ്. പ്രത്യുത, അവന്റെ സിയാറത്ത് കൊണ്ട് അല്ലാഹുവിന്റെ വജ്ഹിനെയും, ഹൃദയശുദ്ധിയെയും, മയ്യിത്തിന്റെ അടുക്കല്‍ വെച്ച് ഓതുന്ന ഖുര്‍ആന്‍ കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും മയ്യിത്തിന് ഗുണം ലഭിക്കലിനെയുമാണ് അവന്‍ ഉദ്ദേശിക്കേണ്ടത്.” 

(മവാഹിബുല്‍ ജലീല്‍ 2/237)


ശാഫിഈ മദ്ഹബ് :

ഹസനുസ്സ്വബാഹ് അസ്സഅഫറാനി (റ) പറഞ്ഞു: ശാഫിഈ (റ)വിനോട് ഖബറിങ്ങല്‍ ഓതുന്നതിനെ കുറിച്ച് ഞാന്‍ ചോദിച്ചു: അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അതിന് വിരോധമില്ല.” (അര്‍റൂഹ് 13)

ഇമാം നവവി (റ) മിന്‍ഹാജില്‍ എഴുതുന്നു: ”സിയാറത്ത് ചെയ്യുന്നവന്‍ സലാം പറയുകയും ഖുര്‍ആന്‍ ഓതുകയും ദുആ ചെയ്യുകയും വേണം.” (മിന്‍ഹാജ് 29)

ഇമാം ഖത്വീബ് അശ്ശര്‍ബീനി (റ)യുടെ ‘ഇഖ്‌നാഇ’ല്‍ നിന്നുള്ള വരികള്‍ ശ്രദ്ധിക്കുക: ”മുസ്‌ലിംകളുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നവന്‍ മയ്യിത്തിന്റെ മുഖത്തിന് അഭിമുഖമായി നിന്ന് സലാം പറയല്‍ സുന്നത്താണ്. അവിടെ വെച്ച് ഖുര്‍ആനില്‍നിന്ന് സൗകര്യമുള്ളതു ഓതുകയും ചെയ്യണം. നിശ്ചയം ഖുര്‍ആന്‍ ഓതുന്ന സ്ഥലത്ത് റഹ്മത്ത് ഇറങ്ങും. മയ്യിത്ത് സ്ഥലത്ത് സന്നിഹിതനായവനെ പോലെയാണ്. അതിനാല്‍ അവനും റഹ്മത്ത് പ്രതീക്ഷിക്കാം. ഖുര്‍ആന്‍ ഓതിയ ഉടനെ മയ്യിത്തിന് വേണ്ടി ദുആ ചെയ്യണം. കാരണം ദുആ മയ്യിത്തിന് ഗുണം ചെയ്യും. അതു ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയാകുമ്പോള്‍ ഉത്തരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സിയാറത്ത് ചെയ്യുന്നവന്‍ ജീവിത കാലത്ത് സന്ദര്‍ശിക്കുമ്പോള്‍ അടുത്തുനിന്നിരുന്ന പോലെ അടുത്തുനില്‍ക്കലും സുന്നത്താണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു. സിയാറത്ത് അധികരിപ്പിക്കലും ശ്രേഷ്ഠ വ്യക്തികളുടെ ഖബറിന്റെ അടുക്കല്‍ നില്‍ക്കുന്നതു അധികരിപ്പിക്കലും സുന്നത്താണ്.”

(ഇഖ്‌റാഉ 1:28)

മാലികി മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും ചില പണ്ഡിതര്‍ ഖുര്‍ആന്‍ പാരായണത്തിന്റെ കൂലി മയ്യിത്തിന് ലഭിക്കുകയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, ഖബറിങ്ങല്‍ വെച്ച് ഓതിയാല്‍ മയ്യിത്ത് ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നതുകൊണ്ട് അതിന്റെ ഗുണം അവനു ലഭിക്കുമെന്ന് അവരും പറഞ്ഞിരിക്കുന്നു ...


ഹമ്പലി മദ്ഹബ് :

ഇബ്‌നു മുഫ്‌ലിഹ് (റ) ‘മുബ്ദിഇ’ല്‍ എഴുതുന്നു: അഹ്മദുബ്‌നു ഹമ്പൽ (റ) പറഞ്ഞു: ”എല്ലാ നന്മയുടെയും പ്രതിഫലം മയ്യിത്തിലേക്കു എത്തിച്ചേരും. അതിനു നിരവധി തെളിവുകളുണ്ട്. മുസ്‌ലിംകള്‍ എല്ലാ നാട്ടിലും ഒരുമിച്ചുകൂടുകയും, ഖുര്‍ആന്‍ ഓതുകയും, അതിനെ മരണപ്പെട്ടവര്‍ക്കുവേണ്ടി ഹദ്‌യ ചെയ്യുകയും ചെയ്യുന്ന ഒരു സമ്പ്രദായം നിരാക്ഷേപം നടന്നുവരുന്നതിനാല്‍ അതു ഇജ്മാഉ ആയി മാറിയിരിക്കുന്നു. അതു മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നതുപോലെ തന്നെയാണ്. ഖുര്‍ആന്‍ ഓതി നബി (സ)ക്ക് ഹദ്‌യ ചെയ്താലും അതു അനുവദനീയമാണ്. അതിന്റെ പ്രതിഫലം നബി (സ)ക്കു ലഭിക്കുകയും ചെയ്യും...”

 (അല്‍മുബ്ദിഉ 2/281)

ഇബ്‌നു ഖുദാമ (റ) ‘മുഗ്‌നി’യില്‍ എഴുതുന്നു: ഖബറിങ്ങല്‍ ഓതുന്നതിനു വിരോധമില്ല. ”നിങ്ങള്‍ മഖ്ബറയില്‍ ചെന്നാല്‍ ആയത്തുല്‍ കുര്‍സിയും, 3 പ്രാവശ്യം സൂറതുല്‍ ഇഖ്‌ലാസും ഓതുകയും, അല്ലാഹുവേ, ഇതിന്റെ കൂലി ഖബറാളികള്‍ക്കാണെന്ന് പറയുകയും ചെയ്യുക.” എന്ന് അഹ്മദ്(റ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...

”ആരെങ്കിലും മഖ്ബറിയില്‍ ചെന്ന് സൂറതു യാസീന്‍ ഓതിയാല്‍ ഖബറാളികള്‍ക്കു അന്നു ആശ്വാസം ലഭിക്കുമെന്നും, അവരുടെ എണ്ണത്തിനനുസരിച്ച് അവന് നന്‍മ ലഭിക്കുമെന്നും” നബി (സ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...

”ആരെങ്കിലും തന്റെ മാതാപിതാക്കളുടെ ഖബര്‍ സിയാറത്ത് ചെയ്ത് അവിടെവെച്ച് യാസീന്‍ ഓതിയാല്‍ അവര്‍ക്കു പാപമോചനം ലഭിക്കുമെന്ന” ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്... (അല്‍ മുഗ്‌നി 2/224)


ഇനി ഇബ്‌നു തീമിയ്യ തന്റെ ‘ഫതാവ’യില്‍ പറഞ്ഞത് കാണുക: ”സ്വദഖ, അടിമയെ മോചിപ്പിക്കല്‍ പോലുള്ള ധനപരമായ ഇബാദത്തുകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതില്‍ സുന്നത്ത് ജമാഅത്തിലെ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. അതുപോലെ ദുആ, പൊറുക്കലിനെ തേടല്‍, മയ്യിത്ത് നിസ്‌കാരം, ഖബറിങ്ങല്‍ വെച്ചുള്ള ദുആ എന്നിവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതിലും അഭിപ്രായ ഭിന്നതയില്ല...

എന്നാല്‍ നിസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം പോലോത്ത ശാരീരികമായ അമലുകളുടെ പ്രതിഫലം മയ്യിത്തിലേക്ക് എത്തിച്ചേരുമോ എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മുഴുവന്‍ അമലുകളുടെയും കൂലി മയ്യിത്തിലേക്കു എത്തിച്ചേരുമെന്നതാണ് ശരി. ”നോമ്പ് നിര്‍ബന്ധമുള്ള നിലയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവന്റെ വലിയ്യ് അവനുവേണ്ടി നോമ്പ് നോല്‍ക്കണം.” എന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും സ്ഥിരപ്പെട്ടതാണ്...

”നോമ്പ് നിര്‍ബന്ധമുള്ള ഒരു സ്ത്രീ മരണപ്പെട്ടപ്പോള്‍ അവളുടെ മകളോട് ഉമ്മാക്കു വേണ്ടി നോമ്പ് നോല്‍ക്കാന്‍ നബി (സ) കല്‍പിച്ചു.” എന്നും ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. നബി (സ) ഒരിക്കല്‍ അംറുബ്‌നുല്‍ ആസ്വി (റ)നോട് പറഞ്ഞു: ”നിന്റെ പിതാവ് മുസ്‌ലിമായിരുന്നെങ്കില്‍ നീ അദ്ദേഹത്തിനുവേണ്ടി സ്വദഖ ചെയ്യുന്നതും നോമ്പ് നോല്‍ക്കുന്നതും അടിമയെ മോചിപ്പിക്കുന്നതുമെല്ലാം അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നു.” ഈ ഹദീസ് മുസ്‌നദിലുണ്ട്. ഇമാം അഹ്മദ്(റ), അബൂഹനീഫ(റ), ഇമാം മാലിക് (റ)വിന്റെയും ഇമാം ശാഫിഈ (റ)ന്റെയും അസ്ഹാബില്‍ ഒരുവിഭാഗം എന്നിവരുടെ വീക്ഷണം ഇതുതന്നെയാണ്...  (ഫതാവാ ഇബ്‌നു തീമിയ്യ 24/366)


എങ്കില്‍ തെളിവുകള്‍ കൊണ്ടും പണ്ഡിതരുടെ വീക്ഷണങ്ങള്‍കൊണ്ടും കാര്യം സ്ഥിരപ്പെട്ടിട്ടും, മരിച്ചവരുടെമേല്‍ ഖുര്‍ആന്‍ ഓതുന്നവര്‍ക്കെതിരെ ചിലര്‍ ബിദ്അത്ത് ആരോപിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ? ചിലര്‍ കൂടുതല്‍ അതിരുകടന്ന് പറയുകയും ചെയ്യുന്നു


ഇവര്‍ക്കു തെളിവുകളും, പണ്ഡിതരുടെ വചനങ്ങളും അറിയേണ്ടിവരും. ചോദിക്കുകയും കാര്യം ഉള്‍കൊള്ളുകയും ചെയ്യുന്നതിന് മുമ്പ് വിമര്‍ശനം ഒഴിവാക്കുകയും, പണ്ഡിതരുടെ മാര്‍ഗം സ്വീകരിക്കുകയുമാണ് ഇവര്‍ ചെയ്യേണ്ടത്. ഫിഖ്ഹിലെ രണ്ട് അടിസ്ഥാന നിയമങ്ങള്‍ പ്രകാരം അവര്‍ പ്രവര്‍ത്തിക്കണം...

ഒന്ന്, പരിഗണനീയമായ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയത്തില്‍ വിമര്‍ശനം പാടില്ല...

രണ്ട്, അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യം ഇമാം തന്റെ ഇജ്തിഹാദ് പ്രകാരം നടപ്പാക്കിയാല്‍ അതു അഭിപ്രായ ഭിന്നതയില്ലാത്ത വിഷയം പോലെയാകും...

സര്‍കശി (റ)യുടെ അല്‍മന്‍സൂര്‍, സ്വുയൂത്വി (റ)യുടെ അല്‍അശ്ബാഹു വന്നളാഇര്‍, സുബ്കി (റ)യുടെ അല്‍ ഇബ്ഹാജ്, മുജദ്ദിദിയുടെ ഖവാഇദുല്‍ ഫിഖ്ഹ് എന്നിവ നോക്കുക.


അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: "ആഴമുള്ള കടലില്‍ മുങ്ങിത്താഴുന്നവൻ ആരെയെങ്കിലും സഹായത്തിന് ലഭിക്കുമോ എന്ന് പ്രതീക്ഷിക്കുന്നത് പോലെ, ഖബ്റിലുള്ള മയ്യിത്ത് തന്റെ പിതാവ്, മാതാവ്, സഹോദരന്‍, കൂട്ടുകാരൻ ഇങ്ങനെയുള്ളവരിൽ നിന്ന് തനിക്ക് ഒരു ദുആ കിട്ടുമോ എന്ന് പ്രതീക്ഷിക്കും. അങ്ങനെ വല്ലവരുടെയും ദുആ അവനിക്ക് ലഭിച്ചാല്‍ ദുനിയാവും അതിലെ സർവ്വതും ലഭിക്കുന്നതിനെക്കാൾ അവനിക്ക് അത് പ്രിയമുള്ളതായിരിക്കും. ഭുമിയിലുള്ളവരുടെ ദുആ കാരണം അല്ലാഹു ﷻ ഖബ്റാളികൾക്ക് പർവ്വത സമാനമായ റഹ്‌മത്തും മഗ്ഫിറത്തും പ്രവേശിപ്പിക്കും. തീർച്ചയായും ജീവിച്ചിരിക്കുന്നവർ മരിച്ചവർക്ക് കൊടുക്കുന്ന ഹദ്‍യ അവർക്ക് വേണ്ടിയുള്ള പാപമോചനമാണ്.(ശുഅ്ബുൽ ഈമാൻ, മിശ്‌കാത്ത്)


ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.

രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു. അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു.

ഈ ഹദീസ് വ്യാഖ്യാനിച്ചു അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. “ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141)

മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286)


ഇമാം ഇബ്‌നു അബീ ശൈബ (റ) തന്റെ ‘മുസ്വന്നഫി’ലും അംറുബ്‌നു ശുഐബി (റ)ല്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇതിനു തെളിവാണ്. അദ്ദേഹത്തിന്റെ പിതാമഹന്‍ അംറുബിനുല്‍ ആസ് (റ) നബി (സ) യോട് ചോദിച്ചു. ”അല്ലാഹുവിന്റെ റസൂലേ! ആസ്വിബ്‌നു വാഇല്‍ ജാഹിലിയ്യ കാലത്ത് 100 ഒട്ടകങ്ങളെ അറുക്കാന്‍ കല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഹിശാം അതില്‍ നിന്നു 50 എണ്ണം അറുത്തു. ഇനി അദ്ദേഹത്തിനു വേണ്ടി ഞാന്‍ അറുക്കാമോ? നബി (സ) പറഞ്ഞു: ”നിന്റെ പിതാവ് തൗഹീദ് അംഗീകരിച്ചിരുന്നുവെങ്കില്‍ നീ അദ്ദേഹത്തിനുവേണ്ടി നോമ്പ് നോറ്റാലും സ്വദഖ ചെയ്താലും അടിമയെ മോചിപ്പിച്ചാലും അതിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു”. (മുസ്വന്നഫു ഇബ്‌നി അബീ ശൈബ: 3:58)

ഇബ്‌നു അബ്ബാസ് (റ)വിന്റെ ഹദീസ്: ജുഹൈനത്ത് ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ”എന്റെ ഉമ്മ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കി. പക്ഷേ, ഹജ്ജ് ചെയ്യുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഉമ്മാക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?” അപ്പോള്‍ നബി (സ) പറഞ്ഞു: ”അതെ, ഉമ്മാക്കു വേണ്ടി നീ ഹജ്ജ് ചെയ്യുക, നിന്റെ ഉമ്മയുടെ മേല്‍ ഒരു കടമുണ്ടെങ്കില്‍ അതു നീ വീട്ടുമോ? എങ്കില്‍ അല്ലാഹുവിന്റെ കടം നിങ്ങള്‍ വീട്ടുക. അല്ലാഹുവാണ് കടം വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹന്‍”. (ബുഖാരി റഹ് 2:656)

ഹമ്പലി മദ്ഹബുകാരനായ ഇബ്‌നു ബുദാമ (റ) മുഗ്‌നിയില്‍ എഴുതുന്നു: അഹ്മദുബ്‌നു ഹമ്പല്‍ (റ) ഒരു അന്ധനെ ഖബറിങ്ങല്‍ ഓതുന്നതില്‍ നിന്നു വിലക്കി. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ അല്‍ ജൗഹരി (റ) അദ്ദേഹത്തോട് ചോദിച്ചു: ”അല്ലയോ അബൂഅബ്ദില്ലാ! മുബശ്ശിറുല്‍ ഹലബിയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?” അദ്ദേഹം പറഞ്ഞു: ”വിശ്വസ്തനാണ്”. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ (റ) പറഞ്ഞു: ”എന്നാല്‍ മുബശ്ശിറുല്‍ ഹലബി (റ)യുടെ പിതാവ്, താന്‍ മറവ് ചെയ്യപ്പെട്ടാല്‍ തന്റെ അടുക്കല്‍ അല്‍ബഖറ സൂറത്തിന്റെ തുടക്കവും അവസാനവും ഓതണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും, ഇബ്‌നു ഉമര്‍ (റ) ഇങ്ങനെ വസ്വിയ്യത്ത് ചെയ്യുന്നത് ഞാന്‍ കേട്ടുവെന്ന് പറയുകയും ചെയ്തുവെന്ന് മുബശ്ശിര്‍ (റ) എന്നോട് പറഞ്ഞിരിക്കുന്നു. അപ്പോള്‍ അഹ്മദ്ബ്‌നു ഹമ്പല്‍ (റ) പറഞ്ഞു: ”നീ പോയി അയാളോട് വീണ്ടും ഓതാന്‍ പറയൂ”. (മുഗ്‌നി 2:224)

അന്‍സാരികളില്‍പെട്ട ആരെങ്കിലും മരണപ്പെട്ടാല്‍ അവര്‍ ഖബറിടത്തില്‍പോയി ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നുവെന്ന് ശഅ്ബി(റ) നിന്നു ഖല്ലാല്‍ (റ) നിവേദനം ചെയ്തിരിക്കുന്നു. (അര്‍റൂഹ്: 13)


ഹി. 728 ലാണ് ഇബ്നുതൈമിയ്യഃ മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്. എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. 

ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നല്‍കിയ ഫത്വ കാണുക:

“ചോദ്യം: ഒരാള്‍ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്റ് ചൊല്ലി മയ്യിത്തിനു ഹദ്യ ചെയ്താല്‍ അത് മയ്യിത്തിനു നരകത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുന്നതാണ് എന്ന ഹദീസ് സ്വഹീഹാണോ? 

ഇപ്രകാരം മനുഷ്യര്‍ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ?ഉത്തരം: മനുഷ്യന്‍ ഇപ്രകാരം എഴുപതിനായിരമോ അതില്‍ കുറവോ അധികമോ തഹ് ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്യ ചെയ്താല്‍ അതു കൊണ്ട് മയ്യിത്തിന് ഉപ കാരം ലഭിക്കുന്നതാണ്. ഉദ്ധൃത ഹദീസ് സ്വഹീഹല്ല. എന്നാല്‍ ളഈഫുമല്ല.”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180)

മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും സുബ്ഹാനല്ലാഹി അല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്റുകളും ചൊല്ലിയും മയ്യിത്തിനു ഹദ്യ ചെയ്താല്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?ഉത്തരം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും തസ് ബീഹും തക്ബീറും മറ്റു ദിക്റുകളും മയ്യിത്തിലേക്ക് എത്തുന്നതാണ്”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180)


No comments:

Post a Comment