Wednesday 5 August 2020

ലൈംഗികത - ഇസ്ലാമിക വീക്ഷണത്തിൽ

 

സെക്സിന്റെ ഇസ്‌ലാമിക വീക്ഷണം

അനുവദനീയമായ സെക്സ് (ലൈംഗികത) പുണ്യമാണ്. ഇന്നു പക്ഷേ, സെക്സ് എന്ന പദം തെറ്റായ രീതിയിലുള്ള ലൈംഗിക പ്രവൃത്തിക്കു ഉപയോഗിച്ചുകൊണ്ട് ഈ പദത്തിൽ തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അനുവദനീയമായ ലൈംഗികതയെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

നബി(സ്വ) പറഞ്ഞു: പുരുഷനു സ്ത്രീ ഭക്ഷണത്തിനു ഉപ്പുപോലെയാണ് (തസ്ഹീലുൽ മനാഫിഉ, പേജ്: 74). 

ശൈഖു ജീലാനി(റ) ഗുൻയത്തിൽ പറയുന്നു: പാവം, വളരെ പാവം. ഭാര്യയില്ലാത്ത പുരുഷൻ വളരെ പാവം. എന്നു നബി(സ്വ) പറഞ്ഞപ്പോൾ സ്വഹാബത്ത് ചോദിച്ചു: അവൻ സമ്പന്നനാണെങ്കിലോ? സമ്പന്നനാണെങ്കിലും ശരി, അവൻ പാവം തന്നെയാണ്. ഭർത്താവില്ലാത്ത സ്ത്രീയും വളരെ പാവം തന്നെ. അവൾ സമ്പന്നയാണെങ്കിലോ എന്ന സ്വഹാബത്തിന്റെ ചോദ്യത്തിനു സമ്പന്നയാണെങ്കിലും പാവം തന്നെയാണ് എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം (ഗുൻയത്ത്: 1/46).


ലൈംഗികതയുടെ പുണ്യം വിവരിക്കാമോ

ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹിൽ വിവരിക്കുന്നു. അബൂദർറ്(റ) പറയുന്നു: ഒരു സംഘം ജനങ്ങൾ ഒരിക്കൽ നബി(സ്വ)യോട് പരാതിപ്പെട്ടു. നബിയേ, സമ്പന്നർ സകല പ്രതിഫലങ്ങളുമായി പോകുന്നു. അവർ ഞങ്ങളെപ്പോലെ നിസ്കരിക്കുന്നു. പുറമെ അവർ സമ്പത്ത് ദാനം ചെയ്യുകയും ചെയ്യുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: നിങ്ങൾക്കും ദാനധർമ്മത്തിനു അല്ലാഹു അവസരം തന്നിട്ടുണ്ടല്ലോ. നിങ്ങൾ ചൊല്ലുന്ന ഓരോ തസ്ബീഹും ദാനമാണ്. തക്ബീർ ദാനമാണ്, തഹ്‌ലീൽ ദാനമാണ്. തഹ്മീദ് ദാനമാണ്. നന്മ കൽപിക്കൽ ദാനമാണ്. തിന്മ വിലക്കൽ ദാനമാണ്. മാത്രമല്ല, നിങ്ങൾ നടത്തുന്ന സംഭോഗം വരെ ദാനമാണ്. അവർ ആശ്ചര്യത്തോടെ ചോദിച്ചു: ഞങ്ങൾ നടത്തുന്ന സംയോഗവും സ്വദഖയാണെന്നോ? അതെങ്ങനെ? അപ്പോൾ നബി(സ്വ) അവരോട് തിരിച്ചു ചോദിച്ചു: നിങ്ങൾ അതു തീർക്കുന്നത് നിഷിദ്ധമായ രൂപത്തിലാണെങ്കിൽ ശിക്ഷയില്ലേ? ഉണ്ട് എന്ന് മറുപടി പറഞ്ഞപ്പോൾ നബി(സ്വ) പറഞ്ഞു: എങ്കിൽ അനുവദനീയമായ മാർഗത്തിൽ അതു ചെയ്യുന്നതിന് പ്രതിഫലവുമുണ്ട് (മുസ്‌ലിം).


പ്രവാചകന്മാരുടെ വൈവാഹിക ജീവിതത്തെക്കുറിച്ചൽപം

ആദം നബി(അ) ഹവ്വാ ബീവി(റ)യെ വിവാഹം ചെയ്തു സന്തോഷകരമായ ജീവിതം നയിച്ചു.

ഒരിക്കൽ ജിബ്‌രീൽ(അ) ആദം നബി(അ)യോട് ചോദിച്ചു: എങ്ങനെയുണ്ട് താങ്കളുടെ ഇണ? അവൾ വളരെ നല്ലവൾ തന്നെ. ആദം നബി(അ) മറുപടി പറഞ്ഞു (അൽ ബിദായത്തു വന്നിഹായ: 1/82).

സുലൈമാൻ നബി(അ)ക്കു ആയിരം ഇണകളുണ്ടായിരുന്നു. മുന്നൂർ പേർ മഹ്ർ നൽകി വരിച്ചവരും എഴുന്നൂർ പേർ അടിമ സ്ത്രീകളും. പിതാവ് ദാവൂദ് നബി(അ)ക്ക് നൂറു ഭാര്യമാരുണ്ടായിരുന്നു (അൽ ബിദായത്തു വന്നിഹായ: 2/16).

നബി(സ്വ) പറഞ്ഞു: ദാവൂദിന്റെ പുത്രൻ സുലൈമാൻ നബി(അ) ഒരിക്കൽ പറഞ്ഞു: ഇന്നത്തെ രാത്രി ഞാൻ എന്റെ തൊണ്ണൂറ്റി ഒമ്പതു ഇണകളെയും പ്രാപിക്കും. അവർ മുഴുവനും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന യോദ്ധാക്കളെ പ്രസവിക്കും. ഇതു കേട്ട മലക്ക് അദ്ദേഹത്തോടു പറഞ്ഞു: നിങ്ങൾ ഇൻശാ അല്ലാഹ് പറയുക. എന്നാൽ സുലൈമാൻ നബി(അ) അതു പറഞ്ഞില്ല. മറന്നു. ശപഥം ചെയ്തപോലെ അദ്ദേഹം നൂറു ഭാര്യമാരെയും സമീപിച്ചു. പക്ഷേ, ഒരുത്തി മാത്രമേ ഗർഭം ധരിച്ചുള്ളൂ. അതുതന്നെ അപൂർണ ശിശുവിനെ. മുഹമ്മദ്(സ്വ)നെ സംരക്ഷിക്കുന്ന അല്ലാഹുവാണ് സത്യം, അദ്ദേഹം ഇൻശാ അല്ലാഹ് പറഞ്ഞിരുന്നുവെങ്കിൽ എല്ലാ കുട്ടികളും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുമായിരുന്നു (ബുഖാരി, മുസ്‌ലിം).

ഇത്രയും ഇണകളെയും അതിലപ്പുറവും തൃപ്തിപ്പെടുത്തുവാനുള്ള കരുത്തു അമ്പിയാക്കൾക്കുണ്ടായിരുന്നു. എല്ലാ നല്ല വിശേഷണങ്ങളിലെന്നപോലെ ഇവ്വിഷയത്തിലും കൂടുതൽ ശക്തി നബി(സ്വ)ക്കായിരുന്നു. അതു പിന്നീട് വിവരിക്കുന്നുണ്ട്.


രതിരീതികൾ ഒന്നു വിശദീകരിച്ചുകൂടെ

ഇസ്‌ലാം പ്രോത്സാഹിപ്പിച്ച, പുണ്യ സ്വദഖയെന്നു വിശേഷിപ്പിച്ച ലൈംഗികത വ്യക്തമാക്കി എഴുതുന്നതിൽ ലജ്ജിക്കേണ്ടതില്ല.

ലൈംഗിക ബന്ധം ഇണകൾ തമ്മിലുള്ള രഹസ്യ ബന്ധമായതിനാൽ ഇന്ന രീതിയിലെല്ലാം മുൻഗാമികൾ ചെയ്തു എന്നു രേഖപ്പെടുത്തി കാണണമെന്നില്ല. അതേസമയം ഏതു രീതിയിലെല്ലാം ചെയ്യാമെന്നു കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു. സംയോഗത്തിനു ഏതു രീതിയും പറ്റും. പിൻദ്വാരത്തിലേക്കാവരുതെന്നു മാത്രം. ഒരു രീതിയും കറാഹത്തില്ല. നീതിമാനായ ഡോക്ടർ വിഷമം സൃഷ്ടിക്കുമെന്നു പറഞ്ഞ രീതി ഒഴിവാക്കണം (തുഹ്ഫ: 7/216).

ഇമാം ശർവാനി(റ) രേഖപ്പെടുത്തുന്നു. ഒരു ഭോഗരീതിയും കറാഹത്തില്ല. ചെരിഞ്ഞു കിടന്നും മലർന്നു കിടന്നും നിന്നു കൊണ്ടും മുന്നിലൂടെയും പിന്നിലൂടെയും (പിന്നിലൂടെ യോനിയിലേക്ക്) മറ്റു രീതിയുമെല്ലാം ആവാം (ശർവാനി: 7/217).

നബി(സ്വ) പറഞ്ഞു: ഭാര്യയെ മലർത്തി കിടത്തിയും കമിഴ്ത്തി കിടത്തിയും ഭോഗിക്കാവുന്നതാണ് (അബൂദാവൂദ്). അഭിമുഖമായും എതിർമുഖമായുമൊക്കെ ഇണയുമായി ബന്ധപ്പെടാം (തുർമുദി).

ഇമാം ഖുർത്വുബി(റ) പറയുന്നു: യോനിയിലുള്ള ഭോഗം ഏതു രീതിയിലുമാവാമെന്നാണ് പ്രസ്തുത ഹദീസുകൾ വ്യക്തമാക്കുന്നത്. മുന്നിലൂടെയും പിന്നിലൂടെയും ചെരിഞ്ഞു കിടന്നും മലർന്നു കിടന്നും മുട്ടു കുത്തിയുമൊക്കെ ഭോഗിക്കാമെന്നർത്ഥം (ഖുർത്വുബി: 3/88). ഇമാം റാസി(റ) ഉദ്ധരിക്കുന്നു: ഇണയെ നിറുത്തിയിട്ടും മുട്ടുകുത്തിച്ചും കിടത്തിയുമൊക്കെ ഭോഗിക്കാം. ഭോഗം മുൻദ്വാരത്തിലേക്കാവണമെന്നു മാത്രം (റാസി: 6/88).

സ്ത്രീ മുകളിൽ കിടന്നുകൊണ്ടുള്ള ഭോഗരീതി തെറ്റില്ലെങ്കിലും അത്ര ഗുണകരമല്ല. ഇങ്ങനെ ഭോഗിക്കുമ്പോൾ പുരുഷനു സ്ഖലനം പ്രയാസകരമായിത്തീരും. ശുക്ലം കൃത്യമായി സ്രവിക്കാതെ തങ്ങിനിൽക്കുക വഴി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കും. സ്ത്രീയുടെ യോനിയിലെ നനവ് ലിംഗദ്വാരത്തിലേക്കിറങ്ങാനും കാരണമായേക്കും. സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് ശുക്ലസ്രവം പ്രവേശിക്കാൻ സാധ്യമാവാതെ വന്നേക്കും. ഗർഭപാത്രത്തിന്റെ പിടുത്തം അയയുന്നതു കാരണം സന്താന ലബ്ധിക്ക് തടസ്സമുണ്ടാവുകയും ചെയ്യും (ഇബ്നു ഖയ്യിമിന്റെ സാദുൽ മആദ്: 4/255).

സൗകര്യപ്രദമായ ഏതു രീതിയും ഇണകൾക്കു തിരഞ്ഞെടുക്കാമെങ്കിലും ലൈംഗിക ബന്ധം പീഡനമാവരുത്. നബി(സ്വ) പറഞ്ഞു: മൃഗങ്ങളെപ്പോലെ ആരും ഭാര്യമാരുടെ മേൽ ചാടിക്കയറരുത്. നിങ്ങൾക്കിടയിൽ ഒരു ദൂതനെ ആദ്യം ഉറപ്പുവരുത്തണം. ഒരു സ്വഹാബി ചോദിച്ചു: എന്താണു ദൂതൻ? നബി(സ്വ) പറഞ്ഞു: ചുംബനവും സംസാരവും (ദൈലമി).


ണിയറ രഹസ്യം മറ്റുള്ളവരോട് പറയാമോ

പാടില്ല. നിഷിദ്ധമാണ്. വൻദോഷമാണതെന്നുവരെ സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട് (തുഹ്ഫ: 7/217).

നബി(സ്വ) പറഞ്ഞു: ഭാര്യയുമൊത്ത് മണിയറ പങ്കിട്ട കഥ പരസ്യപ്പെടുത്തുന്നവൻ പരലോകത്ത് ഹാജറാവുക തെമ്മാടികളിൽ പ്രമുഖനായിട്ടാകും (മുസ്‌ലിം). തിരുനബി(സ്വ) അരുളി: പരലോകത്ത് പ്രധാന സ്വത്തായി (അമാനത്ത്) ഗണിക്കുന്ന ഒന്നാണ് മണിയറ രഹസ്യം (മുസ്‌ലിം).

ശൈഖ് ജീലാനി(റ) രേഖപ്പെടുത്തുന്നു: ഒരിക്കൽ നബി(സ്വ) സ്വഹാബത്തിനോട് നീണ്ട ഉപദേശങ്ങൾ നടത്തി. സദസ്സിൽ മറയ്ക്കപ്പുറത്ത് സ്ത്രീകളുമുണ്ടായിരുന്നു. വൈവാഹിക ജീവിതത്തിലെ ചിട്ടകളെ പറ്റിയായിരുന്നു പ്രസംഗം. കൂട്ടത്തിൽ പുരുഷന്മാരുടെ ഭാഗത്തേക്ക് തിരിഞ്ഞു നബി(സ്വ) ചോദിച്ചു: നിങ്ങളുടെ കൂട്ടത്തിൽ ചിലർ ഭാര്യയുമായി ബന്ധപ്പെടുന്നു. പിന്നീട് നിങ്ങൾ കൂട്ടുകാരുടെ കൂടെയിരുന്നു ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നിങ്ങനെ പറയുന്നു. എന്താ നിങ്ങളിൽ അങ്ങനെ പറയുന്നവരില്ലേ? അവർ മൗനം പാലിച്ചു.

അനന്തരം നബി(സ്വ) സ്ത്രീകളുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നു ചോദിച്ചു: നിങ്ങളുടെ കൂട്ടത്തിലുമില്ലേ ഇങ്ങനെ ചെയ്യുന്നവർ? അവർ മൗനികളായി. കൂട്ടത്തിൽ ഒരു യുവതി മുട്ടു കുത്തി നിന്നു നബി(സ്വ)യെ നിവർന്നു നോക്കി ഇങ്ങനെ പറഞ്ഞു: അതേ, നബിയേ, അവരും ഇവരുമൊക്കെ ചെയ്യുന്ന കാര്യം തന്നെയാണിത്. നബി(സ്വ) പറഞ്ഞു: അങ്ങനെ പറയുന്നത് എന്തിനു തുല്യമാണെന്നാണു നിങ്ങൾ കരുതിയത്? വഴിയിൽവെച്ച് ഒരു പിശാച് ജനങ്ങളുടെ മുമ്പിൽ വെച്ച് മറ്റൊരു പിശാചിനെ ഭോഗിക്കുന്നതിനു തുല്യമാണിത് (ഗുൻയത്ത്: 1/48).


ഇണചേരുമ്പോൾ നഗ്നരാവലാണോ നല്ലത്

അല്ല, സംയോഗ സമയത്ത് രണ്ടുപേരും ശരീരം പുതപ്പുകൊണ്ടു മറയ്ക്കൽ നല്ലതാണ്. നബി(സ്വ) രതിവേളയിൽ തല പുതയ്ച്ചതായി ഹദീസിൽ കാണാം. നബി(സ്വ) പറഞ്ഞു: ഇണ ചേരുമ്പോൾ കഴുതകളെപ്പോലെ തീർത്തു നഗ്നരാവരുത് (ഇബ്നുമാജ).

ഇമാം ഇബ്നു ഹജർ(റ) പറയുന്നു: സംയോഗത്തിനു ഉദ്ദേശിച്ചാൽ രണ്ടുപേരും വസ്ത്രം കൊണ്ടു മൂടൽ സുന്നത്താണ്. രതിവേളയിൽ സംസാരിക്കൽ കറാഹത്താണ് (തുഹ്ഫ: 7/217). ഇമാം റംലി(റ) പറയുന്നത് ഇങ്ങനെ: സംയോഗവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കലാണു കറാഹത്ത് (ശർവാനി: 7/217).


സംയോഗ വേളയിൽ യോനിയും ലിംഗവും കാണൽ പുണ്യമാണോ

അല്ല. ഇമാം ഇബ്നു ഹജർ(റ) പറയുന്നു: ഭർത്താവിനു ഭാര്യയുടെ ശരീരം പൂർണമായി കാണൽ അനുവദനീയമാണ്. അവൾ തടസ്സം നിന്നാലും ശരി. അവനതിനു അവകാശമുണ്ട്. അവനു സുഖാസ്വാദനത്തിനു സൗകര്യം ചെയ്തു കൊടുക്കൽ അവൾക്കു വിഷമം നേരിടാത്ത നിലക്ക് നിർബന്ധമാണ്. ഭാര്യയുടെ ഗുഹ്യസ്ഥാനം നോക്കൽ കറാഹത്തോടുകൂടി അനുവദനീയമാണ്. യോനിയുടെ ഉൾഭാഗത്തേക്ക് നോക്കൽ ശക്തമായ കറാഹത്താണ്. ഭാര്യ ഭർത്താവിന്റെ ഗുഹ്യസ്ഥാനം നോക്കലും കറാഹത്താണ് (മുഗ്‌നി, ശർവാനി: 7/207, തുഹ്ഫ: 7/207).

ഇണകൾ പരസ്പരം യോനിയും ലിംഗവും സ്പർശിക്കുന്നത് കറാഹത്തില്ല. ഭർത്താവിനു യോനിയും ഭാര്യക്ക് ലിംഗവും സ്പർശിക്കൽ അനുവദനീയമാണെന്നു ചുരുക്കം. ലൈംഗികാവയവ സ്പർശനം വികാരോത്തേജനത്തിനുപകരിക്കുന്നതാണ് കാരണം (ശർവാനി: 7/206).

ആഇശ(റ) പറയുന്നു: തിരുനബി(സ്വ) എന്റെയോ ഞാൻ അവിടുത്തേയോ നഗ്നത കണ്ടിട്ടില്ല (ബുഖാരി).


യോനീദർശനം മൂലം വല്ല അപകടവും വരുമോ

അതുമൂലം നോക്കുന്നവനോ തന്റെ കുട്ടിക്കോ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നു ഹദീസിലുണ്ട്. ഹദീസിന്റെ സനദ് ദുർബലമാണ് (തുഹ്ഫ: 7/207).

ഗുഹ്യഭാഗത്തേക്ക് ഉറ്റുനോക്കുന്നത് പിറക്കുന്ന കുഞ്ഞ് പോയത്തക്കാരനാകാൻ ഇടവരുത്തുമെന്നഭിപ്രായമുണ്ട് (തസ്ഹീലുൽ മനാഫിഉ: 71).

ഇമാം സമർഖന്തി(റ) പറയുന്നു: ഭോഗ സമയത്തു ഇണകൾ ആവശ്യമായ വസ്ത്രം ധരിച്ചിരിക്കണം. പൂർണ നഗ്നരായി ഇണ ചേർന്നാൽ പിറക്കുന്ന കുഞ്ഞിനു നാണം കുറയുമെന്നഭിപ്രായമുണ്ട് (ബുസ്താനുൽ ആരിഫീൻ, പേജ്: 119).


സംയോഗത്തിന് ഏറ്റവും ഉത്തമ രീതി പണ്ഡിതൻ വിശദീകരിച്ചതെങ്ങനെയാണ്

സലാലിമുൽ ഫുളലാഉ എന്ന ഗ്രന്ഥത്തിൽ പറയുന്നു: നിന്നും ചെരിഞ്ഞുകിടന്നും ഭോഗിക്കുന്നതു രോഗങ്ങൾക്ക് കാരണമായേക്കാം. സംയോഗത്തിനു ഏറ്റവും നല്ല രീതി ഇങ്ങനെ: സ്ത്രീ തന്റെ ശരീരത്തിന്റെ മധ്യത്തിൽ ഉയരം കുറഞ്ഞ തലയിണ വെച്ച് അതിനു മേൽ മലർന്നു കിടക്കുകയും രണ്ടു തുടകൾ സ്വയം ഉയർത്തിപ്പിടിക്കുകയും ചെയ്യുക. അങ്ങനെ പുരുഷൻ കൈകാലുകൾ മാത്രം നിലത്തുവെച്ച് അവളെ ഭോഗിക്കുക സ്ഖലനം അടുക്കുമ്പോൾ അവൻ രണ്ടു മുട്ടുംകാൽ നിലത്തു വെച്ച് അവളുടെ ശരീരത്തിൽ അമർന്നു സംയോഗം തുടരുക. അപ്പോൾ അവളുടെ കൈകാൽകൊണ്ടു അവനെ വാരിപ്പുണരണം. അവളുടെ മാറിലേക്കവനെ ചേർത്തിപ്പിടിക്കുകയും വേണം (സലാലിമുൽ ഫുളലാഉ: 105).


പകൽ സമയത്തു സംഭോഗത്തിലേർപ്പെടാമോ

താൽപര്യമുള്ള ഏതു സമയത്തും ബന്ധപ്പെടാം. ഇബ്നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ഏതെങ്കിലും സ്ത്രീ ദൃഷ്ടിയിൽ പെട്ടതു നിമിത്തം ലൈംഗിക മോഹമുണ്ടായാൽ ഉടൻ തന്റെ ഇണയെ ചെന്നു പ്രണയിക്കട്ടെ. ഇവളുടെ അടുത്തുള്ളതൊക്കെ അവളുടെ അടുത്തുമുണ്ടല്ലോ (ദാരിമി).

ഒരിക്കൽ നബി(സ്വ) പത്നി സൗദാ ബീവി(റ)യുടെ അരികിലെത്തി. മഹതി തിരക്കിട്ട അടുക്കളപ്പണിയിലായിരുന്നു. വേറെ സ്ത്രീകളും കൂടെയുണ്ട്. പ്രിയ ഭർത്താവിന്റെ ആവശ്യം മനസ്സിലാക്കിയ മഹതി താമസിയാതെ അടുക്കളയിൽ നിന്നു പിൻമാറി (ദാരിമി).


സംയോഗം എണ്ണം വർധിപ്പിക്കാമോ

മിതത്വം പാലിക്കണം. സംയോഗം വർധിക്കുന്നത് ആരോഗ്യത്തിനു അപകടം വരുത്തും. നിരന്തരമുള്ള സംയോഗം ആരോഗ്യത്തിനു അപകടം വരുത്തും (തുഹ്ഫ: 7/217).

വ്യാഴാഴ്ച രാത്രിയിലും (വെള്ളിയാഴ്ച രാവ്) വെള്ളിയാഴ്ച പകലിലും (ജുമുഅയുടെ മുമ്പ്) സംയോഗം ചെയ്യൽ സുന്നത്താണ്. അതായത് പ്രത്യേക പുണ്യമാണ്. യാത്ര കഴിഞ്ഞു വരുമ്പോഴും തഥൈവ (തുഹ്ഫ, ശർവാനി: 7/217, ഇഹ്‌യാ: 2/50, 1/180).


ആർത്തവ കാലത്ത് ഇണ ചേരൽ

വൻ പാപമാണ്. ഇക്കാര്യം ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.


ആർത്തവകാരി, പ്രസവരക്തക്കാരി എന്നിവരുടെ മുട്ടുപൊക്കിളിനിടയിൽ സുഖമെടുക്കലോ

അതു നിഷിദ്ധമാണെന്നാണ് മദ്ഹബിന്റെ പ്രബല വീക്ഷണം. എന്നാൽ ഇമാം നവവി(റ)യും മറ്റും അതു ഹറാമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ).


ആർത്തവ കാലത്തെ ബന്ധത്തിന്റെ ആരോഗ്യപ്രശ്നം

ഇബ്നു ഹജർ(റ) പറയുന്നു: ആർത്തവകാരിയുമായുള്ള ബന്ധം വേദനാജനകമായ രോഗങ്ങൾക്കും സന്തതിയുടെ കുഷ്ട ബാധക്കും കാരണമാകുമെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ഫതാവൽ കുബ്റ: 1/120).

ഉസ്മാനുദ്ദഹബി ഉദ്ധരിക്കുന്നു: ആർത്തവരക്തം പുരുഷലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട് ( ത്വിബ്ബുന്നബി: 22).

സ്ത്രീകൾ ഋതുമതികളാകുമ്പോൾ അവരുടെ പ്രകൃതിക്ക് വ്യത്യാസം നേരിടും. അവർ വെറ്റില നുള്ളുക. ചെടികൾ സ്പർശിക്കുക തുടങ്ങിയവ ചെയ്താൽ ആ സാധനങ്ങൾ നശിച്ചുപോയേക്കാം. അതുപോലെ ആ അവസരത്തിൽ സംയോഗം ചെയ്താൽ പുരുഷനു ഉന്മേഷക്കുറവ്, ഭീരുത്വം തുടങ്ങിയ പലതും സംഭവിക്കും. ഇതെല്ലാം ആർത്തവ സമയത്ത് സംയോഗം നിരോധിച്ചതിലുള്ള ശാസ്ത്രീയവും ആരോഗ്യപരവുമായ തത്ത്വങ്ങളാണ്.



പിൻദ്വാര ഭോഗത്തിന്റെ മതവിധി

കടുത്ത തെറ്റാണ്. ഒരു പുരുഷനെയോ അന്യ സ്ത്രീയെയോ ഗുദരതി നടത്തുന്നത് സാക്ഷാൽ വ്യഭിചാരത്തിനു തുല്യമായ ശിക്ഷയർഹിക്കുന്ന തെറ്റാണ് (ഫത്ഹുൽ മുഈൻ, പേജ്: 446). ലൂത്വ് നബി(അ)യുടെ കാലത്തെ നീചവൃത്തി എന്ന നിലയ്ക്ക് ഇതിന് ‘ലിവാത്വ്’ എന്നു പറയുന്നു. സ്വന്തം ഭാര്യയെ ഗുദഭോഗം നടത്തുന്നതും നിഷിദ്ധം തന്നെ (ഫത്ഹുൽ മുഈൻ, പേജ്: 446, 372, ഇആനത്ത്: 3/340).

നബി(സ്വ) പറഞ്ഞു: പുരുഷനെയോ സ്ത്രീയെയോ ഗുദഭോഗം ചെയ്തവനെ പരലോകത്ത് അല്ലാഹു കാരുണ്യത്തോടെ നോക്കുകയില്ല (തുർമുദി). ഇണയുമായി പിൻദ്വാരത്തിൽ രതി നടത്തിയവൻ നബിക്കിറങ്ങിയ ഖുർആനിനെ നിന്ദിച്ചവനാകുന്നു (അഹ്മദ്).

അല്ലാഹു സത്യം പറയാൻ ലജ്ജയുള്ളവനല്ല. നിങ്ങൾ ഭാര്യമാരുടെ പിൻദ്വാരത്തിലൂടെ ഭോഗിക്കരുത് (ഇബ്നുമാജ). ഞാൻ എന്റെ സമുദായത്തിന്റെ മേൽ ഏറ്റവും ഭയക്കുന്നത് ലൂത്വ് ജനതയുടെ നീച ചെയ്തിയാകുന്നു (തുർമുദി). ഗുദഭോഗം വ്യാപകമായാൽ സമൂഹത്തിൽ മരണം വർധിക്കും (ഹാകിം).

ലൂത്വ് ജനതയുടെ ചെയ്തിയിലേർപ്പെട്ടവൻ ശപിക്കപ്പെട്ടവനാകുന്നു (ഇബ്നുമാജ). ലിവാത്വ് വർധിച്ചാൽ അല്ലാഹു തന്റെ പടപ്പുകൾക്കുള്ള സഹായം നിർത്തും. പിന്നെ അവർ ഏതു ചെരുവിൽ കിടന്നു ചത്താലും അവൻ തിരിഞ്ഞുനോക്കുകയില്ല (ത്വബ്റാനി).

ലൂത്വ് ജനതയുടെ നീചവൃത്തി നബി(സ്വ)യുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ താബിഉകളുടെ കാലത്തോ ഇല്ലായിരുന്നു. അതിനു ശേഷമാണ് ഇതു വ്യാപകമായത് (തഫ്സീർ സ്വാവി: 2/295).


മുഷ്ടി മൈഥുനത്തിന്റെ വിധി

അതു ഹറാമാണ്. അതിനു ഇസ്‌ലാമിക ഭരണാധികാരി ശിക്ഷ നൽകണമെന്നാണു നിയമം. സ്വന്തം കൈകൊണ്ടാണെങ്കിലും അന്യരുടെ കൈകൊണ്ടാണെങ്കിലും തെറ്റാണ്. വ്യഭിചാരത്തിലേക്ക് ചെന്നുചാടുമോയെന്ന ഭയമുണ്ടെങ്കിലും ഇതു നിഷിദ്ധം തന്നെ (ഫത്ഹുൽ മുഈൻ, പേജ്: 446). 

ഭാര്യയുടെ കരം കൊണ്ടു അനുവദനീയമാണ് (ഫത്ഹുൽ മുഈൻ, പേജ്: 372).

ഉസ്മാനുദ്ദഹബി എഴുതുന്നു: മുഷ്ടിമൈഥുനം ടെൻഷനുണ്ടാക്കും. ലൈംഗിക ശക്തി തകർക്കും. ലിംഗോദ്ധാരണ ശേഷി നശിപ്പിക്കും. അക്കാരണത്താലാണ് ഇസ്‌ലാം അതിനെ വെറുത്തത് (തിബ്ബുന്നബവി: 25).

മുഷ്ടി മൈഥുനം നടത്തുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു. ഈ നീചം ചെയ്ത ഒരു സമൂഹത്തെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട് എന്ന് ഹദീസിൽ വന്നിട്ടുണ്ട് (ഇആനത്ത്: 3/340).


സ്വവവർഗ രതിയോ

നിഷിദ്ധം തന്നെ (ഫത്ഹുൽ മുഈൻ, പേജ്: 446). നബി(സ്വ) പറഞ്ഞു: പരസ്പരം ബന്ധപ്പെടുന്ന പുരുഷന്മാരുടെ സത്യസാക്ഷ്യം സ്വീകരിക്കപ്പെടില്ല (ത്വബ്റാനി). കാമപൂർത്തിക്കു ആൺകുട്ടികളെ സമീപിക്കുന്നവൻ അല്ലാഹുവിന്റെ വിദ്വേഷത്തിലായി പ്രഭാത-പ്രദോഷങ്ങൾ പിന്നിടുന്നവനാകുന്നു (ബൈഹഖി). ഹസനുബ്നു ദക്'വാൻ പറഞ്ഞു: സ്ത്രീകളേക്കാൾ ഭയപ്പെടേണ്ടത് കൗമാരക്കാരെയാണ്. ഇതിന്റെ കാരണം വളരെ വ്യക്തമാണ്. സ്ത്രീയുമായുള്ള ഇടപാടിനു പല സാങ്കേതിക തടസ്സങ്ങളുമുണ്ടാകും. അതേ സമയം ആൺകുട്ടികളുമായുള്ള ഇടപാടിൽ ഇത്തരം സംശയങ്ങളും തടസ്സങ്ങളും പെട്ടെന്നുണ്ടായിക്കൊള്ളണമെന്നില്ല. അതു തെറ്റിലേക്കുള്ള വഴി എളുപ്പമാകും (സവാജിർ: 2/122).

സ്വവർഗരതി സ്ത്രീകളിലും വ്യാപകമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അഭ്യസ്തവിദ്യരായ സ്ത്രീകളിൽ സ്വവർഗരാഗ പ്രതിപത്തി കൂടുതലാണത്രെ.

ഇതു കടുത്ത തെറ്റാണ്. നബി(സ്വ) പറഞ്ഞു: രണ്ടു സ്ത്രീകൾ പരസ്പരം സുഖിച്ചാൽ രണ്ടാളും വ്യഭിചരിച്ചവരായി (ജവാബുൽ കാഫി: 258).


നബി(സ്വ) ഒന്നിലധികം സ്ത്രീകളെ ഇണകളാക്കിയതിലെ യുക്തി എന്താണ്

നിരവധി യുക്തിയുണ്ട്. ഇമാം ഇബ്നു ഹജർ(റ) പറയുന്നു: പുരുഷന്മാർക്ക് മനസ്സിലാക്കാൻ കഴിയാത്ത നബി(സ്വ)യുടെ ശരീഅത്തുമായി ബന്ധപ്പെട്ട സ്വകാര്യ കാര്യങ്ങൾ പ്രചരിപ്പിക്കൽ ഇണകളെ വർധിപ്പിച്ചതിന്റെ പിന്നിലുണ്ട് (തുഹ്ഫ: 7/187).

ഇമാം ഗസ്സാലി(റ) പറയുന്നു: എല്ലാ ഭാര്യമാരുടെയും ബാധ്യത നിറവേറ്റാനും നീതി പുലർത്താനുമുള്ള ശക്തി നബിക്കുണ്ടായിരുന്നു. സാധാരണക്കാർക്ക് അതിനു കഴിയില്ല (ഇഹ്‌യാ: 1/65).


നബി(സ്വ)യുടെ ശക്തിയെക്കുറിച്ച് രേഖകൾ എന്തു പറയുന്നു

സംയോഗത്തിന്റെ കാര്യത്തിൽ നാലായിരം പുരുഷന്മാരുടെ ശക്തി നബി(സ്വ)ക്കു നൽകപ്പെട്ടിരുന്നു (തഫ്സീർ സ്വാവി: 1/93). ഒരേ സമയം ഒമ്പതു ഭാര്യമാർ നബി(സ്വ)യുടെ അരികിലുണ്ടായിരുന്നു (തഫ്സീർ ജമൽ: 1/392).

അബു ഖതാദ പറഞ്ഞു: അനസ്(റ) ഒരിക്കൽ ഞങ്ങളോടു പറഞ്ഞു: നബി(സ്വ) രാവും പകലുമായി എല്ലാ ഭാര്യമാരെയും സമീപിച്ച ദിനമുണ്ട്. പതിനൊന്നു പേർ അന്നു നബി(സ്വ)ക്ക് ഇണകളായി ഉണ്ടായിരുന്നു. ഇതു കേട്ട ഞാൻ ചോദിച്ചു: അതിനൊക്കെ നബി(സ്വ)ക്കു സാധിക്കുമോ? അനസ് പറഞ്ഞു: നബി(സ്വ)ക്ക് മുപ്പതു പുരുഷന്മാരുടെ ശക്തി നൽകപ്പെട്ടതായി ഞങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു (ബുഖാരി).

നബി(സ്വ) പറഞ്ഞു: സ്ത്രീ, സുഗന്ധം എന്നിവ എനിക്ക് പ്രിയമാക്കപ്പെട്ടു. നിസ്കാരം എനിക്കു കൺകുളിർമ നൽകുന്നു. 

No comments:

Post a Comment