Tuesday 20 December 2016

786 ന്‍റെ പ്രാധാന്യവും വിധിയും




786 എന്നത് ഹിസാബുല്‍ജുമ്മല്‍ പ്രകാരം ബിസ്മിയുടെ ഓരോ അക്ഷരങ്ങളുടെയും വിലയുടെ തുകയാണ്. ഇത് ബിസ്മിയെ ഓര്‍മ്മപെടുത്താനോ അല്ലെങ്കില്‍ ബിസ്മി ചൊല്ലിയിട്ടുണ്ടെന്നു അറിയിക്കാനോ ഉള്ള ഒരു സൂചകമായിട്ടാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ എഴുതുന്നതില്‍ ഇസ്ലാമില്‍ പ്രാധാന്യമൊന്നുമില്ല. ബിസ്മി ഉച്ചരിക്കാതെ അങ്ങനെ എഴുതിയതു കൊണ്ടുമാത്രം ബിസ്മി ചൊല്ലിയ പ്രതിഫലം ലഭിക്കുകയില്ല. ബിസ്മിയുടെ ബഹുമാനവും ആദരവും ഈ സംഖ്യക്ക് നല്കാവതുമല്ല. 

സംഖ്യപറയുന്നത് ബിസ്മിയുടെ പകരമായവുകയും ഇല്ല. അതു വെറും സൂചകം മാത്രമാണ്. ബിസ്മി ഓര്‍മ്മപ്പെടുത്തുന്നതിനു ഒരു സൂചകമായി ഇതു ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ച് കത്തുകള്‍ പോലോത്തത് ബിസ്മിക്കനുയോജ്യമായ രീതിയില്‍ കൈകാര്യംചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് സൂക്ഷ്മതയുടെ ഭാഗമായി ബിസ്മി എഴുതാതിരിക്കുകയും എന്നാല്‍ കത്തു വായിക്കുന്നവനെ ബിസ്മി ചൊല്ലാന്‍ ഓര്‍മ്മിക്കുംവിധത്തില്‍ ഒരു സൂചകമായി 786 എഴുതുന്നതും അനുവദനീയമാണ്. ബിസ്മിക്കു പകരമായി ((ബി.)) എന്നു മാത്രം എഴുതുന്നതു പോലെ. ഇങ്ങനെ ബിസ്മിക്കോ മറ്റു ദിക്റുകള്‍കോ സൂചകങ്ങള്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്ന് ഒരു പ്രാമാണിക ഗ്രന്ഥത്തിലും വരാത്തതിനാലും പല പ്രമുഖരും ചില തിയ്യതികളും വര്‍ഷങ്ങളും ഹിസാബുല്‍ജുമ്മല് ഉപയോഗിച്ച് രേഖപെടുത്തിയതായി കാണാവുന്നതിനാലും ഇത് ഹലാല് എന്ന് മനസ്സിലാക്കാം.

ഹിസാബുല്‍ജുമ്മല്‍ എന്നത് ഇന്നത്തെ പോലെ 0 മുതല്‍ 9 വരെയുള്ള സംഖ്യാരീതി പ്രചാരത്തിലില്ലാത്ത ഒരു കാലത്ത് കണക്കുകള്‍ എഴുതി സൂക്ഷിക്കാനുപയോഗിച്ചിരുന്ന ഒരു മാര്‍ഗമായിരുന്നു. 

സ്വാഭാവികമായും ചിലര്‍ ഇതിനെ ഭാവി പ്രവചിക്കാനും മറ്റുമായി ഇന്നത്തെ ന്യൂമറോളജിയെപ്പോലെ ഉപയോഗിച്ചു. അതുകൊണ്ട് ഹിസാബുല്‍ജുമ്മല്‍ എന്ന സംവിധാനം തന്നെ ശിര്‍കാണെന്ന് വാദിക്കുന്നതില്‍ അടിസ്ഥാനമില്ല.
മുന്‍കാലങ്ങളില്‍ സംഖ്യകള്‍‍ എഴുതി വെക്കാന്‍ ഇന്നത്തെ പോലെ അക്കങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നില്ല. അതിനാല്‍ അറബികള്‍ അക്ഷരങ്ങള്‍ക്ക് പ്രത്യേകം വില നല്‍കി അവ ഉപയോഗിച്ച് സംഖ്യകള്‍ രേഖപ്പെടുത്താറായിരുന്നു പതിവ്. അറബികള്‍ക്കു പുറമെ മറ്റു സെമിറ്റിക് ഭാഷക്കാരും ഇങ്ങനെ ചെയ്യാറാണ്ടായിരുന്നു.

എന്നാല്‍ പദങ്ങളുടെയോ വാക്യങ്ങളുടെയോ അക്ഷരങ്ങള്‍ കണക്കു കൂട്ടുന്ന സ്വഭാവവും അവ ഉപയോഗിച്ച് ഭാവി പ്രവചിക്കാനുള്ള ശ്രമങ്ങളും നബി(സ) തങ്ങളുടെ കാലത്തു തന്നെ ഉണ്ടായിരുന്നു. ചില സൂറതുകളുടെ ആദ്യത്തില്‍ വന്ന പ്രത്യേക അക്ഷരങ്ങളുടെ വിലകള്‍ കണക്കു കൂട്ടി മുസ്‌ലിം സമുദായത്തിന്‍റെ ആയുസ്സ് കണക്കാക്കിയിരുന്നു അന്നത്തെ ജൂതന്മാര്‍.
ഇങ്ങനെ അക്ഷരങ്ങള്‍ക്ക് വില കല്‍പിച്ചുള്ള ഗണന പ്രക്രിയക്കു പറയുന്ന പേരാണ് ഹിസാബുല്‍ ജുമ്മല്‍ (حساب الجمل). ഇതിന്‍റെ രീതി ശാസ്ത്രം ആധികാരികമായി ചര്‍ച്ച ചെയ്തത് ബഹുമാനപ്പെട്ട ഇമാം മുഹമ്മദ് അല്‍ഖവാരിസ്മി ആണ്. അദ്ദേഹത്തിന്‍റെ മഫാതീഹുല്‍ ഉലൂമില്‍ അത് വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

എഴുത്തില്‍ പ്രകടമാകുന്ന അക്ഷരങ്ങളേ ഈ ഗണനത്തില്‍ പരിഗണിക്കൂ. അതിനാല്‍ ശദ്ദുള്ള അക്ഷരങ്ങള്‍ പൊതുവേ ഒരു അക്ഷരമായിട്ടാണ് കൂട്ടാറ്. ഉദാഹരണത്തിന് 

بلدة طيِّبة എന്നതിന്‍റെ വില = 2+30+4+400+9+10+2+400 = 857 ആകുന്നു. 867 അല്ല. അതിലെ ഒരു യാഅ് മാത്രമേ പരിഗണിക്കൂ എന്നര്‍ത്ഥം.

محمد  എന്നതിനെ ഹിസാബുല്‍ ജുമ്മല്‍ അനുസരിച്ച് കണക്കു കൂട്ടിയാല്‍ 92 ലഭിക്കും. ഇത് പണ്ഡിതന്മാര്‍ ചില ആയത്തുകളുടെയും ഹദീസുകളുടെയും വ്യാഖ്യാന മധ്യേ വ്യക്തമാക്കിയിട്ടുണ്ട്.

അതു പോലെ ബൈബിളിലെ ചില വചനങ്ങളെയും ഇതു പോലെ അക്ഷരക്കണക്കിലൂടെ മുഹമ്മദ്- അഹ്‌മദ് എന്നിവയിലേക്ക് എത്തിക്കാറുണ്ട്.
ഉല്‍പത്തി പുസ്തകം 17:20 ല്‍ ഇബ്റാഹീം നബി(അ)യോട് അല്ലാഹു ഇസ്മാഈല്‍ നബി(അ)യെ കുറിച്ചു പറയുന്നിടത്ത് ഇങ്ങനെ കാണാം. “ഞാന്‍ നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും.”  ഇതിലെ ‘അത്യന്തം’ എന്നതിന് മൂലഭാഷയായ ഹീബ്രൂ (അബ്റാനി) പദം بمادماد ആകുന്നു. 

അക്ഷരക്കണക്കു പ്രകാരം അതിന്‍റെ വില 2+40+1+4+40+1+4 = 92 = محمد = 40+8+40+4. അതിനാല്‍ ഇസ്മാഈല്‍(അ)നു അല്ലാഹു നല്‍കുന്ന സൌഭാഗ്യം അത് മുഹമ്മദ്(സ) ആണെന്ന് മനസ്സിലാക്കാം എന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്.
അതു പോലെ മത്തായി സുവിശേഷം 11: 13-14 ല്‍ ഈസാ നബി(അ) പറയുന്നതായിട്ടു കാണാം: “സകല പ്രവാചകരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു. നിങ്ങള്‍ക്ക് പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നെ.”

ഇവിടെ ഏലിയാവ് അഥവാ إيلياء എന്നതിന്‍റ അക്ഷരങ്ങള്‍ കൂട്ടിയാല്‍ കിട്ടുന്ന 1+10+30+10+1+1=53 തന്നെയാണ്أحمد  എന്നതിലെ അക്ഷരങ്ങള്‍ കൂട്ടിയാലും (1+8+40+4=53) ലഭിക്കുക. സൂറതുസ്സ്വഫില്‍, ഈസാനബി (അ), തനിക്ക് ശേഷം വരാനുള്ള അഹ്മദ് എന്ന് പേരുള്ള പ്രവാചകനെ കുറിച്ച് സുവിശേഷം അറിയിച്ചതായും കാണാം.

وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَذَا سِحْرٌمُبِينٌ 
(സൂറതുസ്സ്വഫ്ഫ് – 6)

“മര്‍യമിന്‍റെ മകന്‍ ഈസാ (അ) പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ,എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു”.

സിഹ്റ്, ജ്യോല്‍സ്യം എന്നിവയുമായി ബന്ധപ്പെട്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഇത്തരം അക്കസമ്പ്രദാം ഉപയോഗിക്കാറുണ്ടെന്നും അവ ഗണിച്ച് ഭാവി പ്രവചിക്കാറുമുണ്ട്. ഇതിനെ കുറിച്ച് ഇബ്നുഅബ്ബാസ് (റ)വിനോട് ചോദിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ പറഞ്ഞതായി കാണാം, അങ്ങനെ ചെയ്യുന്നവന്ന് അല്ലാഹുവിന്റെ അടുക്കല്‍ യാതൊരു പങ്കുമില്ല. പാടെ പരാജയപ്പെട്ടവനാകുന്നു എന്നര്‍ത്ഥം). അത്തരം കണക്കുകള്‍ക്ക് വല്ല സ്വാധീനവുമുണ്ടെന്ന് വിശ്വസിക്കുകയും സിഹ്റ് പോലോത്ത കാര്യങ്ങളില്‍ അത് ഉപയോഗിക്കുകയും ചെയ്യുന്നവരെകുറിച്ചാണ് അത് എന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അത്തരം വിശ്വാസമൊന്നുമില്ലാതെ, കേവലം കണക്കുകളെ സൂചിപ്പിക്കാനും വര്‍ഷങ്ങളെ കുറിക്കാനുമായി ഇത് ഉപയോഗിക്കാറുണ്ട്. അത് അനുവദനീയമാണെന്നാണ് പണ്ഡിതര്‍ പറയുന്നത്.
ഇത് കേവലം സൂചനയാണെന്നതിനാല്‍ ബിസ്മി ചൊല്ലിയ പ്രതിഫലം ഇതിലൂടെ ലഭിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ അവന്‍ തുണക്കട്ടെ.

No comments:

Post a Comment