Monday 19 December 2016

ജുലൈബീബ് (റ)






'എന്താണ് നിങ്ങൾ പറഞ്ഞത്' ആകാംഷ അടക്കാൻ വയ്യാതെ അവരുടെ മുന്നിലേക്ക് വന്നു ജുലൈബീബ് ചോദിച്ചു .

'ഓ! ഒന്നുമില്ല' അവഞ്ജയോടെ അതും പറഞ്ഞു അവർ നടന്നു നീങ്ങി.

ജുലൈബീബ് നഗര പ്രാന്തത്തിൽ പർവ്വത ചെരുവിൽ ഏകാന്തനായി താമസിക്കുകയാണ് , ഒരു മദീന നിവാസി ആയിരുന്നിട്ടും നഗരത്തിൽ വസിക്കാതെ
ഏതോ ഗ്രാമത്തിൻറ ഏകാന്തതയിലേക്ക് എന്തിനു അദ്ദേഹം മാറി താമസിക്കണം ?


 ജനിതക വൈകല്യം മൂലം വിരൂപനായ ആളായിരുന്നു ജുലൈബീബ് , പൊക്കം കുറഞ്ഞു ആരിലും ഭീതി ഉണർത്തുന്ന ശരീരവും, മനം മടുപ്പിക്കുന്ന മുഖവും ഉള്ള വ്യക്തി.

ജനങ്ങളുടെ പരിഹാസവും , ഒഴിഞ്ഞു മാറലും നോട്ടവും സഹതാപവും, അവഗണനയും ഒക്കെ നേരിടാനാവാതെ ജന മധ്യത്തിൽ ഇറങ്ങുന്നത് തന്നെ അദ്ദേഹം വെറുത്തു . തൻറ വൈരൂപ്യത്തെ , നിസ്സഹായതയെ പഴിച്ചു കൊണ്ട് പർവ്വത ചെരുവിൽ കാലം തള്ളി നീക്കി കൊണ്ടിരുന്നു.

അപ്പോഴാണ് രണ്ടു വഴി പോക്കർ മുഹമ്മദ് [സ] എന്ന അന്ത്യ പ്രവാചകൻ അവതരിച്ച  കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നത്അദ്ദേഹം കേൾക്കാനിടയായത് . ലോക സ്രഷ്ട്ടാവായ ഉടയ തമ്പുരാനെ മാത്രമേ ആരാധിക്കാവൂ , മനുഷ്യരെല്ലാം ആദമിന്റെ മക്കൾ ആദമോ മണ്ണിൽനിന്നും. വെളുത്തവന് കറുത്തവനേക്കാളോ കറുത്ത വന് വെളുത്തവനെക്കാലോ സ്ഥാനമില്ല... എന്നീ തതത്വങ്ങളാണ് ആ പ്രവാചകൻ പ്രചരിപ്പിക്കുന്നത് എന്ന് അവരുടെ  സംസാരത്തിൽ നിന്നും ഗ്രഹിച്ച ജുലൈബീബിനു പ്രവാചകനെ ഒന്ന് പോയ് കാണാനുള്ള മോഹമുദിച്ചു..

പെട്ടെന്നാണ് തൻറ വൈകല്യത്തെ , വൈരൂപ്യത്തെ പറ്റി അദ്ദേഹം ബോധവാനാകുന്നത്
അതോടെ തൻറ ആഗ്രഹം വെറും ആഗ്രഹം മാത്രമായി അദ്ദേഹം മാറ്റി വെച്ചു.

എന്നാൽ ദിനങ്ങൾ പിന്നിടവേ കനൽ ഊതി കത്തിച്ചു തീ ആയി എന്നവണ്ണം പ്രവാചകനെ സന്ധിക്കാനുള്ള മോഹം കൂടുതൽ കൂടുതൽ കരുത്താർജജിച്ചു വന്നു.

ദൂരെ നിന്ന് ഒരു നോക്ക് കണ്ട് തിരിച്ചു വരാം എന്ന തീരുമാനത്തിലേക്ക്ഒരു പാട് ചിന്തകൾക്കൊടുവിൽ അദ്ദേഹം എത്തി.

തൻറ മുഖം കാണുന്നത് അവ ലക്ഷണമായി പ്രവാചക തിരുമേനി കരുതുമോ എന്ന
ഭയത്താൽ പലവട്ടം ശങ്കിച്ച് ശങ്കിച്ച് മദീന പട്ടണം ലക്ഷ്യമാക്കി ആ മനുഷ്യൻ യാത്ര തിരിച്ചു..

പ്രവാചക സന്നിധി.... നൂറുകണക്കിന് ശിഷ്യന്മാർ ചുറ്റും കൂടിയിരിക്കുന്നു. ഇസ്ലാമിനെ കുറിച്ച് അറിയുവാൻ വേണ്ടി പ്രമാണിമാരായ ഗോത്ര പ്രമുഖർ നിരയായി വന്നു കൊണ്ടിരിക്കുന്നു.
പ്രവാചകൻ (സ) പുഞ്ചിരിയൂറും ചന്ദ്ര വദനത്താൽ അവർക്ക് ഉപദേശ നിർദേശങ്ങൾ നൽകുന്നു.
ശ്രദ്ധയോടെ ദൂരെ നിന്ന് ഇതെല്ലാം വീക്ഷിക്കുകയായിരുന്നു ജുലൈബീബ്..

എന്ത് നല്ല മനുഷ്യൻ . കാരുണ്യം വിളയാടുന്ന ആ മുഖത്ത് നിന്ന് പുഞ്ചിരി മായുന്നത്തെ ഇല്ലല്ലോ ,..

എല്ലാവരോടും ഒരേ രീതിയിൽ ഉള്ള പെരുമാറ്റം , എന്തൊരു എളിമ ,എന്തൊരു മാന്യത , തീർച്ചയായും ഈ മനുഷ്യൻ എന്നെ അവഗണിക്കില്ല ഉറപ്പ്,/....

ഒന്നരികിൽ പോയി സംസാരിച്ചാലോ .. പാദങ്ങൾ മുന്നോട്ട് എടുത്തു വെക്കവേ വീണ്ടും സഹജമായ ശങ്ക അദ്ധേഹത്തെ പിടി കൂടി.

പ്രവാചകൻ തന്നെ സഹതാപ പൂർവ്വം സ്വീകരിക്കുമോ ? അവജ്ഞയെ പോലെ തന്നെ വേദന ഉണ്ടാക്കുന്ന ഒരു നോട്ടമാണ് സഹതാപവും ,  പ്രതേകിച്ചും ആ
മഹാനുഭാവനിൽ നിന്നും അതുണ്ടായാൽ ...

വേണ്ട ഒരു നഷ്ട ബോധം ബാക്കി വെച്ചെന്ന പോൽ മെല്ലെ ജുലൈബീബ് തിരിഞ്ഞു നടന്നു''. ഏതായാലും നീ ഇത്ര ദൂരം യാതന സഹിച്ചു വന്നു, ആ പ്രവാചകനെ മുഖദാവിൽ കണ്ടു അവിടുന്ന് പ്രചരിപ്പിക്കുന്ന ആശയം എന്താണെന്ന് ഒന്നു അറിഞ്ഞു കൂടെ ''

തിരിച്ച് നടക്കവേ ആരോ അന്തരാളത്തിൽ തന്നോടായ് മന്ത്രിക്കുന്നതായി ജുലൈബീബിനു
തോന്നി ..

അവഗണിച്ചാലും ആട്ടിയോടിച്ചാലും  ശരി ഒരിക്കല്ലെങ്കിലും ഒരിക്കൽ അവിടുത്തെ മുൻപിൽ ചെന്ന് നിൽക്കണം , ജുലൈബീബ് തീരുമാനിച്ചു .. 

മനസ്സ് പിന്നോട്ട് വലിക്കുന്ന പാദങ്ങൾ കഷ്ട്ടപ്പെട്ടു മുന്നോട്ട് വെച്ച് ജുലൈബീബ് പ്രവാചക (സ) സന്നിധാനത്തിലേക്ക് മടങ്ങി.തിരക്കിനു അൽപ്പം ശമനം വന്നു എന്ന് കണ്ടതും അദ്ദേഹം പ്രവാചകൻറ (സ) സമീപത്തേക്ക് നടന്നു..

വേച്ചു വേച്ചു അരികിലേക്ക് നടക്കവേ ഹൃദയം വല്ലാതെ പെരുമ്പറ കൊട്ടുന്നതായി  അദ്ദേഹത്തിന് തോന്നി . അഭിവാദ്യം ചെയ്തു കൊണ്ട് ആ ഏകാന്ത വാസി പ്രവാചകന് (സ) അരികിലെത്തി .

മുഖം ചെറുതായി മറച്ചിരുന്ന തട്ടം നീക്കി..
ആ മനുഷ്യൻറ കണ്ണുകൾ പ്രവാചക വദനം പഠിക്കുകയായിരുന്നു .ഇല്ല! അവിടെ ഒരു
മാറ്റവുമില്ല . ഞെട്ടലോ , അവഗണനയോ ,സഹതാപമോ കാണാനില്ല കാരുണ്യ
മന്ദസ്മിത മല്ലാതെ... 

പ്രവാചക (സ) പ്രഭു മെല്ലെ തൻറ മുന്നിൽ പരിഭ്രമിച്ചു നിൽക്കുന്ന ആ വികൃത മനുഷ്യൻറ കൈ പിടിച്ചു അടുത്തിരുത്തി , വിവരങ്ങൾ അന്വേഷിച്ചു , തൊണ്ടയിൽ നിന്നും വരുന്ന വിങ്ങൽ കടിച്ചമർത്തി ജുലൈബീബ് അന്നേരം എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ? '' 

എൻറ മുന്നിലിരിക്കുന്നത് മനുഷ്യനോ അതോ മാലാഖയോ '' എന്നായിരിക്കണം . 

പ്രവാചക തിരുമനസ്സ് ഇസ്ലാമിനെ പറ്റി പറഞ്ഞു കൊടുത്തു '' ലോകം സൃഷ്ട്ടിച്ചു പരിപാലിക്കുന്ന സർവ്വ ശക്തനായ രക്ഷിതാവ് , ആരാധനക്കർഹനായ് അവൻ മാത്രമേയുള്ളു , അവനു പങ്കുകാരായി ആരുമില്ല ..
മരണത്തിന് ശേഷം മറ്റൊരു ജീവിതമുണ്ട് അവിടെ നമ്മുടെ നന്മ തിന്മകൾക്കു പ്രതിഫലം നൽകപ്പെടും' 

ജുലൈബീബ് പ്രവാചക സദസ്സിലെ സ്ഥിരം സാനിധ്യമാകുവാൻ തുടങ്ങി.

അല്ലെങ്കിലും ബാഹ്യ രൂപത്തിന് പ്രസക്തി ഇല്ലാത്ത ഇസ്ലാമിൽ ജുലൈബീബ് എന്തിനു അകറ്റപ്പെടണം ?

പ്രവാചക (സ) സദസ്സിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു ഓരോ അനുചരനും തോന്നുമായിരുന്നു താനാണ് മുത്ത് നബിക്ക് (സ) ഏറ്റവും വേണ്ടപ്പെട്ടവൻ എന്ന്,
ജുലൈബീബിനും അത് തോന്നി തുടങ്ങി, പ്രവാചക സദസ്സിൽ ആഹാരം  എല്ലാവരും ഒരുമിച്ചു ഒരു പാത്രത്തിൽ നിന്നും കഴിക്കുന്ന രീതിയാണ് സ്വീകരിക്കാറ്. 

ഇങ്ങനെ ഒത്തൊരുമിച്ചു ഒരേ പാത്രത്തിൽ നിന്നും ആഹാരം കഴിക്കുന്ന സമയത്ത് ജുലൈബീബി ൻറ കണ്ണുകൾ നിറയാറുണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

പുണ്യ പ്രവാചകരുടെ(സ) പ്രിയ അനുയായി ആയി ജുലൈബീബ് മാറി,എന്നിരുന്നാലും
കരുത്തന്മാരും , സുന്ദരന്മാരും ഇരിക്കുന്ന സദസ്സിൽ താൻ രണ്ടാം തരക്കാരനായി
മാറുന്നുണ്ടോ എന്ന ജന്മ സഹജമായ അപകർഷതാ ബോധം ഇടയ്ക്കിടെ അദ്ദേഹത്തിൽ പ്രകടമാകാറുണ്ടായിരുന്നു..

തൻറ അനുചരൻറ ഈ മനസ്ഥിതി തിരുമനസ്സിനറിയാമായിരുന്നു.. 

സഹതാപവും , അനുകമ്പയും പ്രകടിപ്പിക്കുന്നത് പ്രെത്യേക പരിഗണന നല്കുന്നത് അദ്ദെഹത്തിൽ ഇത്തരം വിചാരങ്ങൾ കൂടുതലാക്കും എന്ന് അറിയാവുന്ന നബി (സ)തിരുമേനി ഇത്തരം അപകർഷതാ ബോധങ്ങൾ ആ മനസ്സിൽ നിന്നും നീക്കം ചെയ്യുവാനും പക്വത കൈവരിക്കാനും ഉള്ള സമീപനങ്ങൾ സ്വീകരിച്ചു ...

ജുലൈബീബിനു പ്രവാചകർ (സ) പ്രെത്യേക പരിഗണന നൽകിയിരുന്നില്ല , എന്നല്ല, അദ്ദേഹത്തിൻറ ബലഹീനതകൾ അറിയുന്ന പുണ്യ മനസ്സ് പ്രത്യേകമായി അദ്ദേഹത്തെ പരിഗണിച്ചിരുന്നു ..
പക്ഷെ അതൊരിക്കലും അദ്ദേഹത്തിന് തിരിച്ചറിയുന്ന തരത്തിൽ ആയിരുന്നില്ല
എല്ലാവരെയും കാണുന്നത് പോലെ , സഹകരിപ്പിക്കുന്നത് പോലെ ആ സഹാബിയെയും തിരുനബി (സ) സഹകരിപ്പിച്ചു. മറ്റു ശിഷ്യന്മാർക്ക് നൽകുന്ന ഉത്തര വാദിത്യങ്ങൾ ജുലൈബീബിനെയും ഏൽപ്പിച്ചു..

പല കാര്യങ്ങൾ ചെയ്യുവാനും പ്രബോധന പ്രവർത്തനങ്ങൾക്കും അദ്ദെഹത്തെ മുന്നിട്ടിറക്കി , ഇത് താനും മറ്റുള്ളവരെ പോലെ തന്നെയാണെന്ന ആത്മ വിശ്വാസം ജുലൈബീബിൽ ഉണ്ടാക്കിയെടുത്തു ..

ഓരോ അണുവിലും പ്രവാചക പാദം പിന്തുടരുന്ന അനുചരന്മാർ ജുലൈബീബിനോടുള്ള
സമീപനത്തിലും അത് വർത്തിച്ചതോടെ അദ്ദേഹത്തിൽ മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങി. മാനസിക കരുത്ത് വീണ്ടെടുത്ത ഏകാന്ത പാഥികൻ ധർമ്മസമരങ്ങളിൽ അടക്കം എല്ലായിടത്തും നിറ സാന്നിധ്യമായി മാറി.

തൻറ ശിഷ്യനിൽ വന്ന മാറ്റം പ്രവാചകരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

അപകർഷതാ ബോധവും, ഒഴിഞ്ഞു മാറലും അദ്ദേഹത്തിൽ നിന്നും തെന്നി പോകുന്നത് മുത്ത് നബി കുളിർമയോടെ നോക്കി കണ്ടു...

ഒരു നാൾ നബി തിരുമേനി ;ഏകാന്തവാസം മതിയാക്കി കൂടെ ജുലൈബീബ് എന്ന മട്ടിൽ
ചോദ്യമുന്നയിച്ചു..

വിവാഹമാണ് തിരുമേനി ഉദേശിച്ചത് എന്നറിഞ്ഞ ആ അനുചരൻ ഞെട്ടലോടെ ചോദിച്ചു; 
വിവാഹമോ എനിക്കോ ?

താങ്കൾക്കെന്താണ് കുഴപ്പം എന്ന മട്ടിൽ പ്രവാചകൻ സാകൂതം ജുലൈബീബിനെ നോക്കി ....
പുണ്യ മിഴികളെ നേരിടാനാവാതെ ജുലൈബീബ് തല താഴ്ത്തി, താൻ താൽപര്യം കാട്ടാതെ ഒഴിഞ്ഞു മാറിയാൽ പ്രവാചകൻ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയും എന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ അത് ഗൗനിക്കാതെ റസൂൽ മറ്റു സഹാബാക്കളോട് പെണ്ണ് അന്വേഷിക്കാൻ പറഞ്ഞു ..

അതോട് കൂടി എന്തെന്നല്ലാത്ത ഭീതി ജുലൈബീബിനെ പിടി കൂടി...

താൻ വീണ്ടും ജന മധ്യത്തിൽ അപഹാസ്യനാവാനും , തനിക്ക് വേണ്ടി തിരുമേനി ചിലപ്പോൾ അപമാനിക്കപ്പെടുവാനും ഈ സംഭവം നിമിത്തമാകുമെന്നു ഭയന്ന അദ്ദേഹം
തുളുമ്പുന്ന കണ്ണീരോടെ നബിയോടായി ഉണർത്തി ''ദൈവ ദൂതരെ.... അപ്പോൾ ഞാൻ വില കുറഞ്ഞവനായി അങ്ങേക്ക് കാണാം'' ...

നബിയുടെ മറുപടി പെട്ടെന്നായിരുന്നു ; നിങ്ങൾ ദൈവത്തിൻറ അരികിൽ വില
കുറഞ്ഞവനല്ല'' ആ വാക്കുകൾക്കുണ്ടായ 'കനം' ഇനി അങ്ങനെ പറയരുത് എന്ന താക്കീത് ആണെന്ന് കരുതി 'സഹാബി' പിന്നെ ഒന്നും മിണ്ടിയില്ല ,...

കല്യാണാലോചന തകൃതിയായി നടന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇഹ ജീവിതത്തെക്കാൾ പ്രാമുഖ്യം പര ലോകത്തിനാണെന്നും , കണ്ണീര് തുടക്കുന്നതിനേക്കാൾ ,
വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനേക്കാൾ മറ്റൊരു നന്മ ഇല്ലെന്നു മനസ്സിലാക്കിയ മത ബോധവും, കുല മഹിമയുമുള്ള അതി സുന്ദരിയായ ഒരു അൻസാരി യുവതി വീട്ടുകാരുടെ അതൃപ്തിക്കിടയിലും ജുലൈബീബിനു സഖിയാകുവാൻ തീരുമാനിച്ചു .

ഇതറിഞ്ഞ നബി തിരുമേനി അവളുടെ വേണ്ടി നന്മയ്ക്കു പ്രാർഥിച്ചു ..

ജുലൈബീബിൻറ സന്തോഷത്തിനു അതിരുണ്ടായില്ല , വികൃതനായ തനിക്കു സുന്ദരിയായ യുവതിയെ ഇണയായി ലഭിച്ചതായിരുന്നില്ല അദ്ദേഹത്തിൻറ സന്തോഷത്തിനു കാരണം, മത ബോധവും ആന്തരിക സൗന്ദ്യര്യവുമുള്ള ഒരു സഖിയെ ലഭിച്ചതിൽ ആയിരുന്നു. സംതൃപ്തമായ ആ ദാമ്പത്യ ബന്ധം അദ്ദേഹം രക്ത സാക്ഷി ആകുന്നത് വരെ തുടർന്ന് പോയി ...

-------------------------------------------------

ഒരു ധർമ്മ യുദ്ധം കഴിഞ്ഞു പ്രവാചകൻറ അരികിൽ നഷ്ട്ടമായവരുടെ കണക്കുകൾ
വായിച്ചു കേൾപ്പിക്കുകയായിരുന്നു ഒരു പറ്റം അനുചരന്മാർ...

പേരുകൾ ഓരോന്നായി പറഞ്ഞു. കഴിഞ്ഞപ്പോൾ തിരുമനസ്സ് ചോദിച്ചു; ഇനി ആരും നഷ്ട്ടമായില്ലെ ? ഇല്ല എന്ന മറുപടിയുടെ കൂടെ നേരത്തെ വിട്ടു പോയ രണ്ടു മൂന്ന്പേരുകൾ   കൂടി പറയപ്പെട്ടു.. 

വീണ്ടും പ്രവാചകനാൽ അതേ ചോദ്യം ആവർത്തിക്കപ്പെട്ടു, ഇല്ല എന്ന് സഹാബികൾ പറഞ്ഞപ്പോൾ പ്രവാചകൻ അവരോടായി പറഞ്ഞു ; ജുലൈബീബ്....

ജുലൈബീബ് നമുക്ക് നഷ്ട്ടമായിട്ടുണ്ട്, യുദ്ധമുഖം മുഴുവൻ അരിച്ചു പെറുക്കിയ ആ  സഹാബി വര്യന്മാർ നമ്മൾ അങ്ങനെ ആരെയും കണ്ടില്ലല്ലോ എന്ന അത്ഭുതത്തോടെ വീണ്ടും യുദ്ധ കളത്തിലേക്ക് തിരിച്ചു പോയി തിരയാൻ തുടങ്ങി. അവർ കണ്ടു.

അങ്ങകലെ ശത്രു കൂടാരത്തിനരികെ 7 ശത്രു ഭടന്മാരുടെ ചേതനയറ്റ ശരീരങ്ങൾക്ക് നടുവിൽ നടുവിൽ ധീര യോദ്ധാവിനെ പോലെ വീണ് കിടക്കുന്ന ജുലൈബീബിനെ
അത്ഭുതത്തോടെ അനുചരന്മാർ തിരിച്ച് പോയി ..

പ്രവാചകനെ വിവരമറിയിച്ചു പ്രവാചക തിരുമേനി യുദ്ധ കളത്തിലേക്ക് ആഗതനായി ; അതികായകന്മാരായ 7 ശത്രു ഭടന്മാരെ നിഗ്രഹിച്ചു ധീരമരണം പൂകിയ ആ കുറിയ വികൃത മനുഷ്യനെ അഭിമാനത്തോടെ പ്രവാചകൻ നോക്കി നിന്നു .... 

വർഷങ്ങൾക്കു മുൻപ് ഒരു മനുഷ്യൻറ നോട്ടം പോലും നേരിടാനാവാതെ പർവ്വത ചെരുവിൽ ഒളിച്ചു കഴിഞ്ഞ ആ പ്രിയ അനുചരൻറ പൂർവ്വ കാലം പ്രവാചക മനസ്സിൽ മിന്നി മറഞ്ഞെന്ന പോൽ പ്രവാചകൻ ജുലൈബീബിനരികിൽ വന്നു...

പുണ്യ കരങ്ങളാൽ ആ പ്രിയ സഹാബിയെ വാരിയെടുത്ത് അനുചരന്മാർ തയ്യാറാക്കിയ കബറിലേക്കു  ഇറക്കി വെച്ചു.എന്നിട്ട് ആ ധീര സഹാബിയെ നോക്കി പറഞ്ഞു ..

''നീ എന്നിൽ പെട്ടവനാണ് ,ഞാൻ നിന്നിൽ പ്പെട്ടവനും''

ജുലൈബീബിനു നൽകപ്പെട്ട ഭാഗ്യം തങ്ങൾക്ക് ലഭിച്ചെങ്കിൽ എന്ന് അവിടെ കൂടിയിരുന്ന ഓരോ സഹാബിയും ആഗ്രഹിച്ചിരുന്നിരിക്കണം ,പുണ്യ പ്രവാചകൻ തൃ കരങ്ങളാൽ ആ വീരനെ മറമാടി എന്നത് കൊണ്ടായിരുന്നില്ല അത് , ഉത്തരിവാധിത്വമുള്ള നേതാവെന്ന നിലയിൽ തിരുമേനി ചെയ്യുന്ന കർത്തവ്യം ആയിരുന്നു അത്..

പക്ഷെ ജുലൈബീബിനെ നോക്കി പ്രവാചക പ്രഭു അവസാനമായി പറഞ്ഞ ആ വാക്കുകൾ !!
മദീനയെ ലക്ഷ്യമാക്കി തിരിച്ചു പോകുന്ന നേരം വീശിയടിക്കുന്ന മരു കാറ്റിൻറസീൽക്കാര ശബ്ദത്തെ പോലും മറി കടന്നു ഓരോ സഹാബിയുടെയും കാതുകളിൽ ആ വാക്കുകൾ തത്തി കളിക്കുന്നുണ്ടായിരുന്നു...

''ജുലൈബീബ് ; താങ്കൾ എന്നിൽ പെട്ടവനാണ്, ഞാൻ നിന്നിൽ പ്പെട്ടവനും.നാഥാ....... ഈ പൂമുത്തിനോടൊപ്പം സ്വർഗ്ഗത്തിൽ ഒരിടം നൽകണെ ആമീൻ...........

No comments:

Post a Comment