Monday 19 December 2016

ജ്യോതിഷം മതവീക്ഷണത്തില്‍


ഉദ്ദേശ്യ സഫലീകരണത്തിനുവേണ്ടി പലരും ജ്യോത്സ്യനെ സമീപിക്കുകയും നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്യുന്നത് ഇന്നു വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജ്യോത്സ്യനെ സമീപിക്കുന്നതിന്റെയും ജ്യോതിശാസ്ത്രം, ജ്യോതിഷം എന്നിവ പഠിക്കുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും പ്രയോഗവല്‍കരിക്കുന്നതിന്റെയും ഇസ്‌ലാമിക വശം അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്.

ഗോളങ്ങളുടെ ദിശയും സ്ഥാനവും ചലന വേഗതയും ഉല്‍ഭവവും ഘടനയും സംബന്ധിച്ചു പഠിക്കുന്ന വിജ്ഞാന ശാഖയാണ് ജ്യോതിശാസ്ത്രം. ഇത് പഠിക്കല്‍ അനുവദനീയമായ ഒരു ശാസ്ത്ര ശാഖയില്‍ പെട്ടതാണ്. ഇമാം ഇബ്‌നു ഹജര്‍ ഹൈത്തമി (റ) പറയുന്നു: ഖിബ്‌ലയുടെ ദിശ, നോമ്പ്, നിസ്‌കാരം, ഹജ്ജ് തുടങ്ങിയവയുടെ സമയം, ഉദയാസ്തമയത്തിലെ വ്യത്യാസവും ഏകീകരണവും എന്നിവക്കുവേണ്ടിയുള്ള അറിവു നേടല്‍ ജ്യോതിശാസ്ത്രത്തില്‍നിന്നു അനിവാര്യമായ ഒന്നാണ്. ഒരു സാമൂഹ്യ ബധ്യതയുമാണ്. ചന്ദ്രന്റെ രാശികളും സഞ്ചാരപഥങ്ങളും മനസ്സിലാക്കുക, നാടിന്റെ ദിക്കുകള്‍ തമ്മിലുള്ള അടുപ്പവും അകലവും മനസ്സിലാക്കുക തുടങ്ങിയവ ജ്യോതിശാസത്രത്തില്‍ അനുവദനീയമാണ് (ഫതാവല്‍ ഹദീസിയ്യ:  40, സവാജിര്‍: 2/91).

എന്നാല്‍, ജ്യോതിഷത്തിന്റെ കഥ ഇതല്ല. അതൊരു അന്ധവിശ്വാസമാണ്. ഇന്ന നക്ഷത്രത്തിന്റെ ഫലമായി ഇന്നതെല്ലാം സംഭവിക്കുന്നു, നക്ഷത്രങ്ങള്‍ക്കു ജീവിതത്തിലെ വിജയ പരാജയങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ കഴിയും തുടങ്ങിയ വിശ്വാസങ്ങളും അനുമാനങ്ങളുമാണ് ജ്യോതിഷം. ഇതു കടുത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ടതു പഠിക്കല്‍ നിഷിദ്ധമാണ്. ഇന്ന ദിവസം ഇന്ന സമയത്ത് ജനിച്ചാല്‍ ഇന്നതെല്ലാം ഉണ്ടുകുമെന്നു ജ്യോതിഷത്തില്‍ വിധി കല്‍പിക്കുന്നുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതമാണ്.

ജ്യോതിഷ പഠനത്തിനെതരെത്തന്നെ ഹദീസില്‍ പ്രത്യേക താക്കീത് വന്നിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: വല്ലവനും ജ്യോതിഷത്തില്‍നിന്നൊരു വിദ്യ പഠിച്ചെടുത്താല്‍ അവന്‍ സിഹ്‌റിന്റെ ഒരു ശാഖ പഠിച്ചെടുത്തവനായി. വര്‍ദ്ധിപ്പിക്കുന്നിടത്തോളം അവന്‍ കൂടുതല്‍ സിഹ്‌റ് പഠിക്കുന്നവനായി (അബൂ ദാവൂദ്, ഇബ്‌നു മാജ). ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം: 

സൈദ് ബിന്‍ ഖാലിദ് (റ) വില്‍നിന്നും നിവേദനം: രാത്രി മഴ പെയ്ത ഒരു ദിവസം പ്രവാചകന്‍ ഞങ്ങളുമായി സുബഹി നമസ്‌കരിച്ചു.  നിസ്‌കാരാനന്തരം പ്രവാചകന്‍ ഞങ്ങള്‍ക്കുനേരെ തിരിഞ്ഞിരുന്നു ചോദിച്ചു: നിങ്ങളുടെ രക്ഷിതാവ് എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ‘ഇല്ല’ അവര്‍ കൂട്ടമായി പ്രതികരിച്ചു. പ്രവാചകന്‍ പറഞ്ഞു: അല്ലാഹു പറയുന്നു; എന്റെ അടിമകള്‍ വിശ്വാസികളായും അവിശ്വാസികളായും ഈ പ്രഭാതത്തെ വരവേറ്റിരിക്കുന്നു.  അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നിമിത്തം ഞങ്ങള്‍ക്കു മഴ കിട്ടിയെന്നു പറയുന്നവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു. നക്ഷത്രത്തില്‍ അവിശ്വസിച്ചു. നേരെമറിച്ച്, ഇന്നാലിന്ന നക്ഷത്രംകൊണ്ടാണ് ഞങ്ങള്‍ക്കു മഴ കിട്ടിയതെന്നു പറഞ്ഞവര്‍ എന്നെ അവിശ്വസിക്കുകയും നക്ഷത്രംകൊണ്ട് വിശ്വസിക്കുകയും ചെയ്തവരാണ് (സവാജിര്‍: 2/91).

ഭാവിയില്‍ വരാനുള്ള കാറ്റ്, മഴ എന്നിവയെക്കുറിച്ചുള്ള അറിവ് ജ്യോതിഷംമൂലം ലഭിച്ചുവെന്നു വാദിക്കുന്നവര്‍ ഫാസിഖാണ്. ഈ അറിവ് ജ്യോതിഷമാണ്. അത് പഠിക്കലും പഠിപ്പിക്കലും പ്രയോഗിക്കലും നിഷിദ്ധമാണ് (ശര്‍വാനി: 9/62, ഫതാവല്‍ ഹദീസിയ്യ: 40, സവാജിര്‍: 2/91). ഇന്നാലിന്ന നക്ഷത്രത്തിന്റെ ചലന ഫലമായാണ് മഴയുണ്ടാകുന്നതെന്നും ആ നക്ഷത്രത്തിന്റെ സൃഷ്ടിയാണ് മഴയെന്നും വിശ്വസിച്ചു പറഞ്ഞയാള്‍ കാഫിറാണെന്നതില്‍ തര്‍ക്കമില്ല. മഴ വര്‍ഷിപ്പിക്കുന്നതും മഴയുടെ സ്രഷ്ടാവും അല്ലാഹുവാണെന്നു വിശ്വസിക്കുന്നയാള്‍ ഇന്ന നക്ഷത്രംകൊണ്ടാണ് മഴ കിട്ടിയത് എന്നു പറഞ്ഞാലും ആ പദപ്രയോഗം തെറ്റാണ്. കാരണം അത് അവിശ്വാസികളുടെ പദപ്രയോഗമാണെന്നു പണ്ഡിതര്‍ പ്രസ്താവിച്ചിട്ടുണ്ട് (സവാജിര്‍: 2/91).

ജ്യോതിഷം അറിയുന്നവനാണ് ജ്യോത്സ്യന്‍. ജ്യോതിഷി, ജ്യോതിഷ പണ്ഡിതന്‍ എന്നിങ്ങനെയും  പറയാറുണ്ട്. ഇതിന്റെ അറബി പദം മുനജ്ജിം എന്നാണ്. ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന സമയത്ത് മഴ പെയ്യും, കാറ്റടിക്കും എന്നിങ്ങനെയുള്ള പ്രവചനം ചില സമയങ്ങളെ കുറിച്ച് അത് ശുഭകരമാണ്, അല്ലെങ്കില്‍ ശുഭകരമല്ല എന്നിത്യാദി നിര്‍ണയം നടത്തുന്നവന്‍ മുനജ്ജിം എന്ന പേരില്‍ അറിയപ്പെടുന്നു (സവാജിര്‍: 2/91).

വരാനിരിക്കുന്ന കാര്യങ്ങളെ നക്ഷത്ര രാശി പ്രകാരം അദൃശ്യ രീതിയില്‍ പ്രവചിക്കുന്നവനെ കാഹിന്‍ എന്നും മോഷണം പോയ വസ്തുവിന്റെ സ്ഥല നിര്‍ണയം നക്ഷത്ര രാശിപ്രകാരം നടത്തുന്നവനെ അര്‍റാഫ് എന്നും അറബി ഭാഷയില്‍ പേര്‍ വിളിക്കുന്നു (ശര്‍വാനി: 9/62).

ഈ മൂന്നു അറബി ശബ്ദങ്ങള്‍ക്കും ജ്യോത്സ്യന്‍ എന്നു സാമാന്യമായി പരിഭാഷ പറയാം. ഇന്ന് കണിയന്മാര്‍, മഷിനോട്ടക്കാര്‍ തുടങ്ങി പല പേരുകളിലും ജ്യോത്സ്യന്മാര്‍ വിലസുന്നുണ്ട്. നബിയുടെ ആഗമനകാലത്തും അതിനു മുമ്പും ശേഷവും അറബി സമൂഹത്തില്‍ ഇവരുണ്ടായിരുന്നു. അനുമാനങ്ങളും മതിപ്പും വെച്ചു അദൃശ്യങ്ങള്‍ ഇവര്‍ പറഞ്ഞെന്നു വരും. ചിലയാളുകള്‍ക്കു വരാന്‍ പോകുന്ന കാര്യങ്ങള്‍ അനുമാനിച്ചു പറയാന്‍ അല്ലാഹു ശേഷി നല്‍കും (ഫതഹുല്‍ ബാരി: 10/177).

അനുമാനങ്ങളും കളവുകളും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും തട്ടിപ്പുകളും വെട്ടിപ്പുകളുമായി പാമരന്മാരെ ചൂഷണം ചെയ്യുകയുമാണ് ജ്യോത്സ്യന്‍ ചെയ്യുന്നത്. പ്രശ്‌ന പരിഹാരം തേടി ജ്യോത്സ്യന്‍മാരെ സമീപിക്കുന്നതും അവര്‍ക്കു കാശ് കൊടുക്കുന്നതും അവരത് സ്വീകരിക്കുന്നതും കടുത്ത തെറ്റാണ് (ശര്‍വാനി: 9/62). പ്രതിസന്ധി ഘട്ടത്തിലും ജ്യോത്സ്യന്മാരെ സമീപിച്ചുകൂടാ. ഇസ്‌ലാം അതിനെ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

സിദ്ധീഖ് (റ) വിന്റെ അടിമ ഒരിക്കല്‍ അല്‍പം ഭക്ഷണം കൊണ്ടുവന്നു അദ്ദേഹത്തിനു നല്‍കി. പുറത്തുപോയി അദ്ധ്വാനിച്ച് വരുമാനം കൊണ്ടുവരുന്ന അടിമയായിരുന്നു അത്. സിദ്ധീഖ് (റ) ഭക്ഷണം കഴിച്ചു.  ശേഷമാണ് അടിമ അത് എവിടെനിന്നാണ് ലഭിച്ചതെന്ന് തുറന്നു പറഞ്ഞത്. താന്‍ അമുസ്‌ലിമായിരുന്ന കാലത്ത്   ജ്യോത്സ്യപ്പണി എടുത്തുകൊടുത്തതിനു പ്രതിഫലമായി ഇപ്പോള്‍ ഒരാള്‍ നല്‍കിയതാണെന്നായിരുന്നു പ്രതികരണം. ഇതുകേട്ട സിദ്ധീഖ് (റ) തൊണ്ടയില്‍ കൈയിട്ടു തിന്നതെല്ലാം ഛര്‍ദ്ദിച്ചു കളഞ്ഞു (ബുഖാരി).

നിഷിദ്ധമായ രീതിയിലൂടെ ലഭിച്ച ഭക്ഷണം അറിയാതെ കഴിച്ചതാണെങ്കിലും സിദ്ധീഖ് (റ) ഛര്‍ദ്ദിച്ചു കളഞ്ഞു. ജ്യോത്സ്യന്മാര്‍ പറയുന്നതില്‍ ചിലപ്പോള്‍ സത്യത്തിന്റെ അംശങ്ങളും ഉണ്ടായെന്നുവരാം. അതിനു കാരണം പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആഇശ (റ) യില്‍നിന്നും നിവേദനം: ഒരു സംഘം ആളുകള്‍ ഒരിക്കല്‍ പ്രവാചകനോട് ജ്യോത്സ്യന്മാരെക്കുറിച്ചു ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: അവര്‍ തരിമ്പും പരിഗണന അര്‍ഹിക്കാത്തവരാണ്. അപ്പോള്‍ അവര്‍ പറഞ്ഞു: അവര്‍ പ്രവചിക്കുന്ന ചില കാര്യങ്ങള്‍ സത്യമായി പുലരാറുണ്ടെല്ലോ. പ്രവാചകന്‍ പറഞ്ഞു: അത്തരം സത്യകാര്യങ്ങള്‍ പിശാച് മലക്കുകളില്‍നിന്നും റാഞ്ചിയെടുക്കുന്നവയാണ്. പ്രസ്തുത പിശാച് ആ വാക്യം തന്റെ ഉറ്റ ചങ്ങാതിയായ ജ്യോത്സ്യന് പറഞ്ഞുകൊടുക്കും. പിന്നീട്, ജ്യോത്സ്യന്‍ ഈ സത്യവാചകത്തോടൊപ്പം നൂറു കള്ളങ്ങള്‍ കൂട്ടിച്ചേര്‍ത്തു ജനങ്ങള്‍ക്കു പറഞ്ഞുകൊടുക്കും (ബുഖാരി).

ചുരുക്കത്തില്‍, പിശാചിനു വേണ്ടി കര്‍മങ്ങളും വഴിപാടുകളും നടത്തി, അതിനെ തൃപ്തിപ്പെടുത്തുന്നതിലൂടെ പിശാച് നല്‍കുന്ന അദൃശ്യ വിവരങ്ങളാണ് ജ്യോത്സ്യന് കൈവരുന്നത്. അതുകൊണ്ടുതന്നെ, അവരെ സമീപിക്കുന്നത് ഒരിക്കലും ശരിയല്ല. പ്രവാചകന്‍ പറയുന്നു: വല്ലവനും ജ്യോത്സ്യനെ സമീപിച്ച് അവന്റെ വാക്കുകള്‍ വാസ്തവമാക്കിയാല്‍ അവന്‍ മുഹമ്മദിന്റെ മേല്‍ ഇറക്കപ്പെട്ടതില്‍നിന്നും ഒഴിവായി. ഇനി വാസ്തവമാക്കാതെ സമീപിച്ചാലും നാല്‍പതു ദിവസത്തെ അവന്റെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല (ത്വബ്‌റാനി).

വല്ലവനും ജ്യോത്സ്യനെ സമീപിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി അംഗീകരിക്കുകയും ചെയ്താല്‍ മുഹമ്മദിന്റെ മേല്‍ ഇറക്കപ്പെട്ട ദീന്‍ കൊണ്ടു അവന്‍ കാഫിറായി (ത്വബ്‌റാനി). ഇങ്ങനെ നിരവധി ഹദീസുകള്‍ ജ്യോത്സ്യനെ സമീപിക്കുന്നതിനെതിരെ വന്നിട്ടുണ്ട്. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി (റ) തന്റെ സവാജിറില്‍ (2/91) ഇവ്വിഷയകമായി കൂടുതല്‍ ഹദീസുകളും വിശദീകരണങ്ങളും ചേര്‍ത്തിട്ടുണ്ട്.

ടെന്‍ഷനകറ്റാനും രോഗം മാറാനും വിവാഹം ശരിയാവാനുമെല്ലാമായി ജ്യോത്സ്യന്‍മാരെ സമീപിക്കുന്നവര്‍ ഇത്തരം ഹദീസുകളില്‍നിന്നും പാഠമുള്‍കൊള്ളേണ്ടതുണ്ട്. ദൈവികവും അനുവദനീയവുമായ മാര്‍ഗങ്ങളേ ഇതില്‍ മുസ്‌ലിംകള്‍ അവലംബിക്കാവൂ.


ബൈബിളിന്‍റെ വീക്ഷണം

ജ്യോതിഷം നിങ്ങളുടെ ഭാവി വെളിപ്പെടുത്തുന്നുവോ?
പണവും സ്‌നേഹബന്ധങ്ങളും സമ്പാദിക്കുന്നതിൽ വിജയിക്കാനും ജീവിതം അഭിവൃദ്ധിപ്പെടുത്താനും നിങ്ങൾക്ക് എങ്ങനെ കഴിയും? ഉത്തരത്തിനായി അനേകരും ജ്യോതിഷത്തിലേക്കു തിരിയുന്നു. ഭാവി ശോഭനമാക്കാനുള്ള പ്രതീക്ഷയിൽ കോടിക്കണക്കിനാളുകൾ പതിവായി വർത്തമാനപ്പത്രങ്ങളിലും വാരികകളിലും വാരഫലം പരിശോധിക്കുന്നു. ലോകനേതാക്കൾപോലും ഗ്രഹനിലയ്‌ക്കു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കുന്നതായി കാണപ്പെടുന്നു.

ജ്യോതിഷം ആശ്രയയോഗ്യമാണോ? എങ്ങനെയാണ്‌ ജ്യോത്സ്യന്മാർ പ്രവചനങ്ങൾ നടത്തുന്നത്‌? ജീവിതം നയിക്കേണ്ടത്‌ എങ്ങനെയെന്നു തീരുമാനിക്കാൻ ക്രിസ്‌ത്യാനികൾ ആകാശഗോളങ്ങളെ ആശ്രയിക്കണമോ?
എന്താണു ജ്യോതിഷം?

“ഒരു വ്യക്തിയുടെ സ്വഭാവമോ ഭാവിയോ വെളിപ്പെടുത്താൻ കഴിയുന്ന [പ്രത്യേക] രൂപമാതൃകകളിൽ ആകാശഗോളങ്ങൾ വിന്യസിക്കപ്പെടുന്നുവെന്ന വിശ്വാസത്തിൽ അധിഷ്‌ഠിതമാണ്‌” ജ്യോതിഷം എന്ന് ദ വേൾഡ്‌ ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. ഒരു വ്യക്തിയുടെ ജനനസമയത്തെ, ഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനങ്ങളും രാശിചക്ര ചിഹ്നങ്ങളും ആ വ്യക്തിയുടെ ജീവിതഗതിയെ സ്വാധീനിക്കുന്നുവെന്ന് ജ്യോത്സ്യന്മാർ അവകാശപ്പെടുന്നു.* ഈ ആകാശഗോളങ്ങളുടെ, ഒരു നിശ്ചിത സമയത്തുള്ള സ്ഥാനത്തെയാണ്‌ ഗ്രഹനില അഥവാ ജാതകം എന്നു പറയുന്നത്‌.

ജ്യോതിഷത്തിലുള്ള വിശ്വാസത്തിനു വളരെ പഴക്കമുണ്ട്. ഏകദേശം നാലായിരം വർഷംമുമ്പ് സൂര്യന്‍റെയും ചന്ദ്രന്‍റെയും, ഏറ്റവും വ്യക്തമായി കാണപ്പെട്ട അഞ്ചു ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ അടിസ്ഥാനമാക്കി ബാബിലോന്യർ ഭാവി പ്രവചിക്കാൻ തുടങ്ങിയിരുന്നു. മനുഷ്യരിൽ സ്വാധീനം ചെലുത്തുന്ന ഈ ആകാശഗോളങ്ങൾ അവരുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നുവെന്ന് അവർ അവകാശപ്പെട്ടു. പിൽക്കാലത്ത്‌ അവർ തങ്ങളുടെ ഭാവികഥനത്തിൽ രാശിചക്രചിഹ്നങ്ങളും ഉൾപ്പെടുത്തി.
പരാജയത്തിന്‍റെ ഒരു ദീർഘചരിത്രം

ബാബിലോന്യർക്കു ജ്യോതിഷവുമായുള്ള ബന്ധത്തിനു ബൈബിൾ അടിവരയിടുന്നു. അനേകം സന്ദർഭങ്ങളിൽ അതു ബാബിലോന്യ ജ്യോത്സ്യന്മാരെ പരാമർശിക്കുകയും ചെയ്യുന്നു. (ദാനീയേൽ 4:7; 5:7, 11, 12) ദാനീയേൽ പ്രവാചകന്‍റെ കാലത്തു ജ്യോതിഷം കൽദയയിൽ (ബാബിലോണിൽ) സർവവ്യാപകം ആയിരുന്നു. “കൽദയർ” എന്ന പ്രയോഗം ഫലത്തിൽ ജ്യോതിഷികളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നു.
ജ്യോതിഷത്തിനു ബാബിലോന്‍റെമേലുള്ള സ്വാധീനവും ആ നഗരത്തിന്‍റെ വീഴ്‌ച പ്രവചിക്കുന്നതിലുള്ള അവിടത്തെ ജ്യോത്സ്യന്മാരുടെ പരാജയവും ദാനീയേൽ നേരിട്ടു മനസ്സിലാക്കിയിരുന്നു. (ദാനീയേൽ 2:27) 

രണ്ടു നൂറ്റാണ്ടുകൾക്കുമുമ്പു യെശയ്യാ പ്രവാചകൻ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിരുന്നതു ശ്രദ്ധിക്കുക. പരിഹാസരൂപേണ അവൻ ഇങ്ങനെ എഴുതി: “ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും [“ആകാശത്തിൽ രാശി തിരിച്ച് നിരീക്ഷിക്കുന്നവരും,” പി.ഒ.സി. ബൈബിൾ] നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. അവർ . . . തങ്ങളെ തന്നേ വിടുവിക്കയില്ല.”—⁠യെശയ്യാവു 47:13, 14.

പ്രത്യക്ഷത്തിൽ, ബാബിലോണിന്‍റെ നാശത്തിന്‌ ഏതാനും മണിക്കൂറുകൾക്കുമുമ്പുപോലും ആ നാശം മുൻകൂട്ടിപ്പറയാൻ അവിടത്തെ ജ്യോത്സ്യന്മാർക്കു കഴിയാതെപോയി. ഒടുവിൽ ദൈവത്തിൽനിന്നുള്ള പ്രതികൂല ന്യായവിധിസന്ദേശം ബേൽശസ്സറിന്‍റെ രാജധാനിയുടെ ചുവരിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആ നിഗൂഢ വാക്കുകളുടെ അർഥം വ്യാഖ്യാനിക്കാനും അവർ പരാജയപ്പെട്ടു.—⁠ദാനീയേൽ 5:7, 8.

സുപ്രധാന സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്നതിൽ ഇന്നും ജ്യോതിഷികൾ അപര്യാപ്‌തരാണ്‌. വ്യത്യസ്‌തങ്ങളായ 3,000-ത്തിലേറെ ജ്യോതിഷ പ്രവചനങ്ങൾ പരിശോധിച്ചശേഷം, അവയിൽ 10 ശതമാനം മാത്രമാണു കൃത്യമായി നിറവേറിയതെന്ന് ശാസ്‌ത്രഗവേഷകരായ ആർ. കുൾവെറും ഫിലിപ്‌ അയനായും വിലയിരുത്തി. സമർഥനായ ഏതൊരു നിരൂപകനും അതിലും മെച്ചമായി സംഭവങ്ങൾ മുൻകൂട്ടിപ്പറയാൻ കഴിയും.
ബൈബിൾ പഠിപ്പിക്കലുകൾക്കു വിരുദ്ധം
എന്നിരുന്നാലും ഭാവി കൃത്യമായി പ്രവചിക്കുന്നതിലുള്ള ജ്യോതിഷത്തിന്‍റെ പ്രകടമായ അപ്രാപ്‌തി നിമിത്തം മാത്രമല്ല എബ്രായ പ്രവാചകന്മാർ അതു നിരാകരിച്ചത്‌. 

ദൈവം മോശെക്കു നൽകിയ ന്യായപ്രമാണത്തിൽ, ശകുനം നോക്കരുതെന്ന് ഇസ്രായേല്യരോടു പ്രത്യേകം നിർദേശിച്ചിരുന്നു. അത്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “പ്രശ്‌നക്കാരൻ . . . ആഭിചാരകൻ [‘ശകുനം പറയുന്നവൻ,’ ഓശാന ബൈബിൾ] . . . എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു.”—⁠ആവർത്തനപുസ്‌തകം 18:10-12.

ഈ തിരുവെഴുത്തിൽ ജ്യോതിഷം പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും അതു വിലക്കപ്പെട്ടിരുന്നുവെന്നതു വ്യക്തമാണ്‌. “ഒരു സ്ഥാനത്തുതന്നെ സ്ഥിരമായി കാണപ്പെടുന്ന നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയെ നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലൂടെ ഭൗമികവും മാനുഷവും ആയ സംഭവങ്ങൾ പ്രവചിക്കുന്ന രീതി ഉൾപ്പെട്ട [ഒരു]തരം ഭാവികഥനവിദ്യയാണ്‌” ജ്യോതിഷം എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ചൂണ്ടിക്കാട്ടുന്നു. നക്ഷത്രങ്ങളോ മറ്റേതെങ്കിലും വസ്‌തുക്കളോ അടിസ്ഥാനമാക്കിയുള്ളവ ആയിരുന്നാലും, എല്ലാത്തരം ഭാവികഥന നടപടികളും ദൈവത്തിന്‍റെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്‌. എന്തുകൊണ്ട്? അതിനു തക്ക കാരണമുണ്ട്.

നമ്മുടെ ജയാപജയങ്ങൾക്കു കാരണം നക്ഷത്രങ്ങളാണെന്നു പഠിപ്പിക്കുന്നതിനുപകരം, “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്നു ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു. (ഗലാത്യർ 6:7) ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടെ ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതിനാൽ, നമ്മുടെ പ്രവർത്തനങ്ങൾക്കു നാം തന്നെ ഉത്തരവാദികളാണെന്ന് അവൻ കണക്കാക്കുന്നു. (ആവർത്തനപുസ്‌തകം 30:19, 20; റോമർ 14:12) നമുക്കു നിയന്ത്രിക്കാനാകാത്ത ചില സംഭവങ്ങൾ നിമിത്തം നാം അപകടത്തിൽപ്പെടുകയോ രോഗബാധിതർ ആകുകയോ ചെയ്‌തേക്കാം എന്നതു സത്യമാണ്‌. എന്നാൽ അത്തരം വിപത്തുകൾ സംഭവിക്കുന്നതിനു കാരണം ജാതകം അല്ല, പിന്നെയോ അവ “യാദൃച്ഛികമായി സംഭവിക്കുന്നതാണ്‌” എന്നു തിരുവെഴുത്തുകൾ വിശദമാക്കുന്നു.—⁠സഭാപ്രസംഗി 9:11, പി.ഒ.സി. ബൈ.

മാനുഷ ബന്ധങ്ങളെക്കുറിച്ചു സംസാരിക്കവേ മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ, സ്‌നേഹം എന്നിങ്ങനെയുള്ള ഗുണങ്ങളുള്ളവർ ആയിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:12-14) നിലനിൽക്കുന്ന സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിലും ഇത്തരം ഗുണങ്ങൾ നിർണായക പങ്കുവഹിക്കുന്നു. വിവാഹ ഇണയെ തിരഞ്ഞെടുക്കുന്നതിൽ “ജാതകപ്പൊരുത്തം” ആശ്രയയോഗ്യമായ ഒരു വഴികാട്ടിയല്ല. മനശ്ശാസ്‌ത്രജ്ഞനായ ബർനാർഡ്‌ സിൽവെർമൻ ഏകദേശം 3,500 ദമ്പതികളുടെ ജാതകം വിശകലനം ചെയ്യുകയുണ്ടായി. അവരിൽ 17 ശതമാനം അതിനോടകം വിവാഹമോചിതരായിത്തീർന്നിരുന്നു. ‘ജാതകപ്പൊരുത്തമുള്ള’ ഒരു പങ്കാളിയെ വിവാഹം ചെയ്‌തവർക്കിടയിൽ വിവാഹമോചനനിരക്കിൽ കുറവൊന്നും കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അതേ, ജ്യോതിഷം ആശ്രയയോഗ്യമല്ലാത്തതും വഴിതെറ്റിക്കുന്നതും ആണ്‌. നാം തെറ്റു ചെയ്യുമ്പോൾ സ്വയം കുറ്റപ്പെടുത്തുന്നതിനുപകരം നക്ഷത്രങ്ങളെ പഴിചാരാൻ അതു നമ്മെ പ്രേരിപ്പിച്ചേക്കാം. എല്ലാറ്റിലുമുപരി, ദൈവവചനം അതിനെ സ്‌പഷ്ടമായി കുറ്റം വിധിക്കുന്നു. (g05 8/8)

No comments:

Post a Comment