Saturday 27 February 2021

ഒരാഴ്ചത്തെ മയ്യിത്തു നിസ്കാരം

 

ഞങ്ങളുടെ ഖത്വീബ് 'ഈ ആഴ്ചയിൽ മരിച്ചവരുടെ മേൽ നിസ്കരിക്കാം' എന്നു പറയും. ഇങ്ങനെ നിസ്കരിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങനെയാണ് ഇമാമിനോടുകൂടെ നിസ്കരിക്കുമ്പോൾ നിയ്യത്തു ചെയ്യുക? ഇങ്ങനെ ഒരാഴ്ചത്തെ മയ്യിത്തിനെ കരുതി നിസ്കരിക്കാൻ പറ്റുമെങ്കിൽ മാസത്തിലോ കൊല്ലത്തിലോ നിസ്കരിച്ചാലും പോരേ?


ഈ ആഴ്ചയിൽ മരിച്ചവരുടെ മേലിലെല്ലാം നമസ്കരിക്കുന്നുവെന്ന കരുത്തോടെ മയ്യിത്തു നമസ്കരിക്കാവതല്ല. കാരണം, ആ ആഴ്ചയിൽ മരിച്ചവരിൽ നമസ്കരിക്കാൻ പറ്റുന്നവരും, പറ്റാത്തവരും  മറഞ്ഞ മയ്യിത്തു നമസ്കാരം അനുവദനീയമാകുന്നതിനുള്ള വ്യവസ്ഥകൾ ഒത്തവരും ഒക്കാത്തവരുമെല്ലാം ഉണ്ടാകുമല്ലോ. അതിനാൽ, ചോദ്യത്തിൽ പറഞ്ഞപകാരം വിളിച്ചറിയിച്ച് നമസ്കരിക്കാനും മറ്റുള്ളവരെക്കൊണ്ടു നമസ്കരിപ്പിക്കാനും പാടില്ല.

എന്നാൽ, ഇന്നു ഭൂമിയിൽ മരണപ്പെട്ടവരിൽ നമസ്കാരം സാധുവാകുന്നവരുടെ മേലിലെല്ലാം കൂടി ഒരാൾ നമസ്കരിച്ചാൽ അത് അനുവദനീയമാണെന്നും സുന്നത്താണെന്നും ഒരു സംഘം ഫുഖഹാഉ പ്രസ് താവിച്ചിട്ടുണ്ട്. ഇമാം നവവി(റ)തന്റെ ശർഹുൽ മുഹദ്ദബിൽ ഇതിനെ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം നമസ്കാരം സാധുവാകുന്ന, എണ്ണവും ആളും അവ്യക്തമായ മയ്യിത്തുകളുടെ മേൽ നമസ്കരിക്കുമ്പോൾ മഅ്മൂമുകൾ 'ഇമാം നമസ്കരിക്കുന്ന മയ്യിത്തുകളുടെ മേൽ' എന്നു നിയ്യത്തു ചെയ്താൽ മതിയാകുന്നതാണ്. ഇമാമിന്നാകട്ടേ, മേൽപ്പറഞ്ഞകരുത്തിലുള്ള വിധം താൻ നമസ്കരിക്കുന്ന മയ്യിത്തുകളെപ്പറ്റി നേരിയ ഒരുതരം തിരിവ് ഉണ്ടല്ലോ. അതു മതിയാകുന്നതാണ്. തുഹ് ഫ:3-133 നോക്കുക.

ഉപര്യുക്ത ഫുഖഹാഉ വ്യക്തമാക്കിയ പോലെ ഒരു നിശ്ചിത ദിവസം മരണപ്പെട്ടവരിൽ നമസ്കാരം സാധുവാകുന്നവർ എന്ന കരുത്തോടെ നമസ്കരിക്കാവുന്നതുപോലെ തന്നെയാണ് ഒരു നിശ്ചിത ആഴ്ചയും നിശ്ചിത മാസവും നിശ്ചിത കൊല്ലവുമെന്നു മനസ്സിലാക്കാവുന്നതാണ്. എന്നുവച്ച് മയ്യിത്തു നമസ്കാരമെന്നതു വെറും ഒരു കുട്ടിക്കളിപോലെ അപഹാസ്യമാക്കാതെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ചോദ്യത്തിൽ പറഞ്ഞ ഖത്വീബ് 'ഈ ആഴ്ച' എന്നു പറയുന്നതു തന്നെ അദ്ദേഹത്തിനു നിജമായി മനസ്സിലുദിച്ചു കാണുകയില്ലല്ലോ. വെളളിയാഴ്ച എഴുന്നേറ്റുനിന്ന് ഒരു ഖത്വീബ് ഈ ആഴ്ച എന്നു പറഞ്ഞാൽ ഏത് ആഴ്ചയായിരിക്കാം ഉദ്ദേശ്യം?! ശർഇൽ ഒരാഴ്ചയുടെ തുടക്കദിവസമാണു വെള്ളിയാഴ്ച. അന്നു തുടങ്ങുന്ന ആഴ്ച എന്നോ അതിനു മുമ്പു വ്യാഴാഴ്ച അസ്തമയത്തോടെ അവസാനിച്ച ആഴ്ച എന്നോ ഏതായിരിക്കാം അയാൾ ഉദ്ദേശിച്ചിരിക്കുക. പണ്ടു നടപ്പില്ലാത്ത ഓരോരോ കാര്യങ്ങൾ ഇഷ്ടാനുസരണം ഓരോരുത്തർ നടപ്പാക്കാൻ തുനിയുമ്പോൾ ഈ വക കാര്യങ്ങളൊന്നും ശ്രദ്ധിച്ചു കൊള്ളണമെന്നില്ല.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 3/146


No comments:

Post a Comment