Wednesday 10 February 2021

ഹാറൂത്ത് മാറൂത്ത്



ഹാറൂത്ത് മാറൂത്ത് ഈ നാമം കേൾക്കാത്ത മുസ്ലിമീങ്ങളില്ല. മദ്രസാ പഠന കാലങ്ങളിൽ അവിടെ നിന്നും പറയുന്നത് കേട്ടിട്ടുണ്ട് . പക്ഷെ അവർ ആരാണ് എന്താണെന്നൊന്നും പിന്നീട് പലരും കേട്ടിട്ടില്ല.ഇവർ ആരാണെന്നു ചെറിയ ഒരു വിവരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

BC 7000 അടുത്ത കാലഘട്ടത്തിലാണ് ഈ മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങിയതെന്നാണ് അഭിപ്രായം.ഇദ്രീസ് നബി (അ) ജീവിച്ചിരുന്ന കാലഘട്ടമാണിത്.ഇറാഖിന്റെ തലസ്ഥാനമായ ബാബിലോണിയയിലാണ് ഇവർ ഇറങ്ങിയതെന്നു പറയപ്പെടുന്നു.സുലൈമാൻ നബി (അ) ന്റെ കാലത്തെ പിശാചുക്കളെപ്പോലെ ആയിരുന്നില്ല ഇവർ . ഹാറൂത്ത് , മാറൂത്ത് ഇവർ രണ്ടു പേരും മര്യാദക്കാരായിരുന്നു.

ഭാര്യയേയും , ഭർത്താവിനെയും തമ്മിൽ തെറ്റിക്കുക എന്നുള്ളത് ആഭിചാരത്തിൽ പെട്ട ഒരു പ്രക്രിയ ആണ് . ഇത് ജനങ്ങൾ പഠിച്ചെടുത്തത് ഇവരിൽ നിന്നാണ്.ഇവർ ചെയ്ത തെറ്റുകളുടെ ഫലമായി ഇവർ ദുനിയാവിൽ തന്നെ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പിന്നീട് അല്ലാഹു തആല ഇവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.സൂറത്തുൽ ബഖറ 102 മത്തെ ആയത്തിൽ ഇവരെപ്പറ്റി പരാമർശമുണ്ട്.

ബാബിലോണിലുള്ള ഹാറൂത്ത്, മാറൂത്ത് എന്ന രണ്ടു മലക്കുകള്‍ക്ക് അല്ലാഹു ചില കാര്യങ്ങള്‍ ഇറക്കിക്കൊടുത്തിരുന്നു. അവര്‍ക്ക് ചില വിജ്ഞാനം അല്ലാഹു പഠിപ്പിച്ചിരുന്നു. അവര്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുമ്പോള്‍ തുടക്കത്തിലേ പറയും: 'ഞങ്ങള്‍ ഒരു പരീക്ഷണമാണ്. ഈ സിഹ്‌റിന്റെ പ്രവര്‍ത്തനം എന്താണ് എന്ന് പഠിക്കലല്ലാതെ പ്രവര്‍ത്തിച്ചു പോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിഷേധികളാകുന്നതാണ്' എന്നെല്ലാം. 


ഇവർ ഭൂമിയിലേക്ക് ഇറങ്ങി വരാനുള്ള കാരണമായി ഈ വിവരണം മനസ്സിലാക്കിത്തരും.

ഒരിക്കൽ അല്ലാഹുവും , മലക്കുകളും തമ്മിലൊരു സംഭാഷണം നടന്നു . 

മലക്കുകൾ പറഞ്ഞു : പടച്ചവനെ ഒരിക്കൽ പോലും നിനക്ക് ഞങ്ങൾ എതിര് പ്രവർത്തിച്ചിട്ടില്ലലോ , ഞങ്ങൾക്ക് മുമ്പ് ഇദ്രീസ് നബിയെ (അ) നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തില്ലേ .

അല്ലാഹു മലക്കുകളോടായി പറഞ്ഞു : നിങ്ങളെ സൃഷ്ടിച്ചത് എനിക്ക് ദിക്കിർ ചൊല്ലാനും , ഇബാദത്ത് ചെയ്യാനും വേണ്ടിയാണ് . ആ പ്രവൃത്തി ചെയ്യുന്നതിൽ നിങ്ങൾക്ക് ഞാൻ ആനന്ദവും തന്നിട്ടുണ്ട് . നിങ്ങൾക്ക് അതിൽ ഒരു കാലത്തും മടുപ്പോ , ബുദ്ധിമുട്ടോ തോന്നുകയില്ല . അതുമല്ല മനുഷ്യർ ഭക്ഷിക്കുന്ന ആഹാരങ്ങളിലോ , പാനീയങ്ങളിലോ മറ്റു വസ്തുക്കളിലോ ഞാൻ നിങ്ങൾക്ക് ആനന്ദം ചെയ്തു തന്നിട്ടുമില്ല.

കൂടാതെ ഞാൻ ഭൂമിയെ സംവിധാനിച്ചിരിക്കുന്നതു അങ്ങനെയല്ല. ഭൂമിയിൽ ഞാൻ അലങ്കാരം നൽകിയിട്ടുണ്ട് . വികാര വിചാരങ്ങൾ നൽകിയിട്ടുണ്ട് , ഭക്ഷണം , കളി തമാശകൾ , ഹലാൽ - ഹറാം അങ്ങനെ പലതും അവിടുണ്ട്.

ഇത്രയും ഭൂമിയിൽ ഞാൻ നൽകിയിട്ടും ആ സുഖ സൗകര്യങ്ങളൊക്കെ വർജ്ജിച്ചു എനിക്ക് വേണ്ടി ആരാധനകളിൽ ഇദ്രീസ് നബി മുഴുകി. എന്റെ ഇഷ്ടം നബിയുടെ ഇഷ്ടത്തെക്കാൾ തിരഞ്ഞെടുത്തു . സുഖ സൗകര്യങ്ങളും , ഹറാമുകളും പാടെ ഉപേക്ഷിച്ചു. എന്റെ തൃപ്തിക്കും , സ്നേഹത്തിനും വേണ്ടി ജീവിച്ചു. അത് കൊണ്ട് ഇദ്രീസ് നബി (അ) സ്വർഗ്ഗത്തിൽ പ്രവേശിച്ചത് പോലെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ  പ്രവേശിക്കണമെന്നു ആഗ്രഹമുണ്ടെങ്കിൽ ഭൂമിയിലേക്കിറങ്ങി ഇദ്രീസ് നബി ചെയ്തത് പോലെയുള്ള ആരാധനകൾ എനിക്ക് വേണ്ടി ചെയ്തു കൊള്ളുക . അങ്ങനെ ചെയ്താൽ നിങ്ങൾക്കും ഇദ്രീസ് നബിയെപ്പോലെയുള്ള പ്രതിഫലം കരസ്ഥമാക്കാം. ഭൂമിയിൽ ജീവിക്കുന്നവർക്ക് ആഹാരം കഴിക്കണം , മറ്റു കാര്യങ്ങൾ നോക്കണം ഇതിനോടൊപ്പം എനിക്ക് വേണ്ടി ഇബാദത്ത് ചെയ്തു എന്റെ തൃപ്തി കരസ്ഥമാക്കുന്നവർക്ക് ഈ പദവി അലങ്കരിക്കാം.

നിങ്ങളിൽ ആർക്കെങ്കിലും ഭൂമിയിൽ ചെന്ന് ഇപ്രകാരം ജീവിക്കാൻ സാധിച്ചാൽ നിങ്ങൾ ആവശ്യപ്പെട്ട പ്രതിഫലം നൽകും . നേരെ മറിച്ച് ഭൂമിയുടെ അലങ്കാരങ്ങളിൽ മുഴുകി തെറ്റുകളിൽ അകപ്പെട്ടാൽ നിങ്ങളുടെ ഈ പദവി നഷ്ടപ്പെടുകയും അക്രമകാരികൾ വസിക്കുന്ന നരകത്തിൽ പ്രവേശിക്കേണ്ടതായി വരികയും ചെയ്യും.നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

പരാതിപ്പെട്ട മലക്കുകൾ അധികവും പറഞ്ഞു : ഞങ്ങളുടെ തമ്പുരാനേ , ഞങൾ ഇനി പ്രെത്യേകമായൊരു പ്രതിഫലവും തേടുന്നില്ല. നിന്റെ ശിക്ഷ തന്നു ഞങ്ങളെ നീ പരീക്ഷിക്കുകയും ചെയ്യരുതേ. നിന്റെ പൊരുത്തത്തിലായി ഇവിടെ തന്നെ നിനക്ക് ഇബാദത്ത് ചെയ്തു കഴിഞ്ഞു കൊള്ളാം.

പക്ഷെ അതിൽപ്പെട്ട മൂന്നു മലക്കുകൾ പറഞ്ഞു : ഞങ്ങൾ അതിനു തയ്യാറാണ്. ഹാറൂഥ് , മാറൂത്ത് പിന്നെ മറ്റൊരു മലക്കും 

ഞങ്ങൾ അതുപോലെ ഇബാദത്ത് ചെയ്യാൻ തയ്യാറായി ഭൂമിയിലേക്ക് പോകുന്നു . പകരമായി ഇദ്രീസ് നബിക്ക് നൽകിയ സ്വർഗ്ഗ പ്രവേശനം ഞങ്ങൾക്കും എളുപ്പമാക്കിത്തരണം.

ഭൂമിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന മലക്കുകളോടായി അല്ലാഹു പറഞ്ഞു : ഈ തീരുമാനത്തിൽ നിങ്ങൾ ഉറച്ചു നിൽക്കുകയാണെങ്കിൽ നിങ്ങളോട് ഒരു സന്ദേശം പറയാനുണ്ട്. 

നിങ്ങൾ നാല് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അത് നിങ്ങളിൽ വന്നു പോകാതെ സൂക്ഷിക്കണം. ആ നാല് കാര്യങ്ങളും എന്റെ അടുക്കൽ വലിയ ശിക്ഷ കിട്ടുന്ന കാര്യങ്ങളാണ് .ഇതല്ലാതെ വല്ലതും നിങ്ങളിൽ നിന്നും വന്നു പോയാൽ ഞാൻ മാപ്പ് ചെയ്തു തന്നേക്കാം . 

ആ മലക്കുകൾ ചോദിച്ചു : ഏതൊക്കെയാണ് ആ നാല് പാതകങ്ങൾ

1. നിങ്ങൾ ഒരു വിഗ്രഹത്തിനും ആരാധന ചെയ്യരുത് . (എന്നെയല്ലാത്ത മറ്റൊരു വസ്തുവിനും നിങ്ങൾ ഇബാദത്ത് എടുക്കരുത്)  

2. ഭൂമിയിൽ രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കരുത് 

3. കള്ള് കുടിക്കരുത്

4. ഞാൻ നിഷിദ്ധക്കിയ സുഖം ഭൂമിയിൽ ചെന്ന് അനുഭവിക്കരുത് 

ഈ നിർദ്ദേശങ്ങളെല്ലാം മനസ്സിലാക്കി അവർ ഭൂമിയിൽ ഇറങ്ങി കുറച്ചു നാൾ ജീവിച്ചു.അവർ ഇദ്രീസ് നബി (അ) ജീവിച്ചത് പോലെ അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിതമാരംഭിച്ചു.

ഇദ്രീസ് നബി (അ) യുടെ ജീവിതം എന്നത് ആഴ്ചയിൽ നാല് ദിവസം ഭൂമിയിൽ പല ഭാഗങ്ങളിലായി ചുറ്റി സഞ്ചരിക്കും. ജനങ്ങളുടെ ജീവിതവും അവരുടെ മറ്റു ചുറ്റു പാടുകളും മനസ്സിലാക്കും. ബാക്കിയുള്ള മൂന്നു ദിവസം ജനങ്ങൾക്ക് നല്ല കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കും. ഇസ്‌ലാമിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള പ്രബോധനങ്ങൾ നടത്തും.


അങ്ങനെ ആ മലക്കുകൾ ജീവിതമാരംഭിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ അല്ലാഹു ദുനിയാവിലെ ഒരു സ്ത്രീയെക്കൊണ്ട് പരീക്ഷിക്കാൻ ഉദ്ദേശിച്ചു. അതി സുന്ദരിയായ സുഹ്‌റ എന്ന പെണ്ണിനെക്കൊണ്ടായിരുന്നു ആ പരീക്ഷണം. ആ സ്ത്രീയെ കാണുമ്പോഴെല്ലാം ഇവരുടെ നോട്ടം അവളിലേക്ക് വർദ്ധിച്ചു. ആ സ്ത്രീയെ ഭോഗിക്കാൻ അവരിൽ ആഗ്രഹം ഉടലെടുത്തു.

അല്ലാഹു അവരിലേക്ക്‌ പറഞ്ഞു കൊടുത്ത നിർദ്ദേശങ്ങളൊക്കെ ഈ പെണ്ണിനെ കണ്ടപ്പോൾ അവർ മറന്നു പോയി എന്ന് പറയാം.

അവരുടെ ആഗ്രഹങ്ങൾ ആ സ്ത്രീയോട് പറഞ്ഞു .ആ പെണ്ണ് പറഞ്ഞു : എനിക്ക് നിങ്ങളുടെ ആഗ്രഹം സഫലീകരിച്ചു തരാൻ ആഗ്രഹമുണ്ട്. പക്ഷെ ഒരു പ്രശ്നം . ഞാൻ വിവാഹിതയാണ് . ഭർത്താവ് എന്റെയൊപ്പം ഏതു നേരവും ഉണ്ടാകും. അദ്ദേഹമുള്ളപ്പോൾ നിങ്ങളുടെ ആഗ്രഹം നടക്കില്ല.ഇനി അദ്ദഹം എന്റെ അടുക്കൽ നിന്നും മാറി നിൽക്കണം എന്നുണ്ടെങ്കിൽ അദ്ദേഹത്തെ കൊന്നു കളയൽ മാത്രമാണ് ഏക മാർഗ്ഗം.

അവർ പെട്ടെന്ന് അല്ലാഹുവിന്റെ നിർദ്ദേശം ഓർത്തു . ഭൂമിയിൽ നിങ്ങൾ രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കരുത് . ഉടൻ തന്നെ കൊല്ലൽ എന്ന പ്രക്രിയയിൽ നിന്നും അവർ ഒഴിഞ്ഞു മാറി.മാത്രമല്ല നിഷിദ്ധമായ ഒരു സുഖവും നിങ്ങൾ ആസ്വദിക്കാൻ പാടില്ല എന്നൊരു നിർദ്ദേശവും അല്ലാഹു നമ്മോടു പറഞ്ഞിട്ടില്ലേ . നമുക്ക് ഈ ഹറാമുകളിൽ നിന്നും മാറി നിൽക്കാം.  

മൂന്ന് പേരിൽപ്പെട്ട ഒരു മലക്ക് പറഞ്ഞു : നമുക്ക് ആ തെറ്റ് ചെയ്തിട്ട് പശ്ചാത്തപിച്ചാൽപ്പോരേ എന്തിനു ഈ സുഖം വിട്ടു കളയണം ?

ഇത്രയുമായപ്പോൾ ഹാറൂത്തും , മാറൂത്തും അല്ലാത്ത മൂന്നാമത്തെ മലക്ക് ചിന്തിച്ചു : ഈ ചെയ്യാൻ പോകുന്നത് ഒരിക്കലും ന്യായീകരിക്കാൻ ഉതകുന്ന പാതകമല്ല. പടച്ചവനെ ഈ തെറ്റിൽ നിന്നും സംരക്ഷിച്ച് എന്നെ നീ ആകാശത്തിലേക്ക് ഉയർത്തണമേ എന്ന് ദുആ ചെയ്യുകയും , അല്ലാഹു ആ ദുആ സ്വീകരിക്കുകയും ചെയ്തു.

പിന്നെ ഹാറൂത്തും , മാറൂത്തും ഭൂമിയിൽ അവശേഷിച്ചു.ആ പെണ്ണിനോടുള്ള താല്പര്യം വർദ്ധിച്ച് ആ പെണ്ണ് പറഞ്ഞത് പോലെ അവളുടെ ഭർത്താവിനെ അവർ കൊന്നു കളഞ്ഞു.രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കരുത് എന്ന കൽപ്പന അവർ ലംഘിച്ചു.

ഇവിടെ ഒരു കാര്യം മനസ്സിലാക്കാൻ ഉള്ളത് , ഭൂമിയിൽ ഇത്ര ആഡംബരങ്ങളും , സുഖ സൗകര്യങ്ങളും നൽകിയിട്ടും അതിലൊന്നും വീണു പോകാതെ അല്ലാഹുവിന്റെ തൃപ്തിയെ മാത്രം ഉദ്ദേശിച്ചാണ് ഇദ്രീസ് നബി (അ) ഇബാദത്ത് ചെയ്തത്. പക്ഷെ ഒരു പെണ്ണിനെ കണ്ടപ്പോൾ ഭൂമിയിലേക്ക് അവർ ആവശ്യപ്പെട്ട പ്രകാരം ഇറങ്ങി വന്ന മലക്കുകൾക്ക് പിടിച്ചു നിൽക്കാനായില്ല. അവർ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അല്ലാഹുവിന്റെ കൽപ്പനകൾക്ക് വിരുദ്ധമായി കൊല ചെയ്യുകയും , വ്യഭിചാരമെന്ന ഹറാമിലേക്ക് എത്തപ്പെടുകയും ചെയ്തു.

അതാണ് അല്ലാഹു ആദ്യമേ മലക്കുകളോട് പറഞ്ഞത് : ഇദ്രീസ് നബി ചെയ്തതു പോലെ നിങ്ങളും എനിക്ക് ഇബാദത്ത് എടുത്താൽ‌ നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം നിങ്ങൾക്കും സ്വർഗ്ഗ പ്രവേശനം നൽകാം എന്നുള്ളത് . പക്ഷെ മൂന്നു മലക്കുകളൊഴികെ ബാക്കി എല്ലാവരും അതിൽ നിന്നും പിന്മാറിയത് മുകളിൽ സൂചിപ്പിച്ച വിഷയമാണല്ലോ .

അങ്ങനെ ഭർത്താവിനെക്കൊന്ന് അവർ ആ പെണ്ണിനെ വ്യഭിചരിക്കാൻ അവളുടെ അടുക്കലേക്ക് പോയി . അപ്പോൾ ആ സ്ത്രീ പുതിയൊരു നിർദ്ദേശം കൂടി വെച്ചു. ഞാൻ ആരാധിക്കുന്ന ഒരു വിഗ്രഹമുണ്ട് . അതിനെതിര്‌ പ്രവർത്തിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് . അതിനാൽ ആ വിഗ്രഹത്തെ പ്രീതിപ്പെടുത്താൻ ഞാൻ പറയുന്ന കാര്യം കൂടി ചെയ്യുക . എന്നിട്ട് നിങ്ങളുടെ ആഗ്രഹ പൂർത്തീകരണം നമുക്ക് സഫലീകരിക്കാം.

അവർ അതും സമ്മതിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു : ഞാൻ ആരാധിക്കുന്ന വിഗ്രഹത്തിനു നിങ്ങൾ സുജൂദ് ചെയ്യണം.

ഇത് കേട്ടപ്പോൾ മലക്കുകളിൽ നിന്നൊരാൾ പറഞ്ഞു : നമ്മൾ അല്ലാഹു ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ രക്ത ചൊരിച്ചിൽ നടത്തി , വ്യഭിചരിക്കാൻ പാടില്ല എന്ന കരാറും തെറ്റിച്ച് ഇവിടെ എത്തി . ഇനിയും മറ്റൊരു തെറ്റ് ചെയ്യാനോ ?

കൂടെയുള്ള മലക്ക് പറഞ്ഞു : അതിനെന്താണ് , തൗബ ചെയ്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു.

അങ്ങനെ അവർ വിഗ്രഹത്തിനു സുജൂദ് ചെയ്ത് ആ സ്ത്രീയുടെ അടുക്കൽ വീണ്ടുമെത്തി .

അപ്പോൾ ആ സ്ത്രീ ഒരു കരാറുകൂടി വെച്ചു . ഞാൻ ഒരു പാനീയം കുടിക്കാറുണ്ട്. അത് നിങ്ങളെനിക്ക് എത്തിച്ചു തരണം . അതില്ലാതെ എനിക്കൊരു സുഖമില്ല. 

അവർ ചോദിച്ചു : അതെന്തു പാനീയമാണ് .  

അത് കള്ളാണ്

അങ്ങനെ കള്ളും അവർ എത്തിച്ചു . അങ്ങനെ അതിൽ നിന്നും കുടിക്കാൻ ആ പെണ്ണ് അവരോടായി പറഞ്ഞു . അവർ ആ പെണ്ണിന് വേണ്ടി ആ തെറ്റ് കൂടി ചെയ്തു .

ആ പെണ്ണിനെ പ്രാപിക്കാൻ അവർ വന്നപ്പോൾ ആ സ്ത്രീ പറഞ്ഞു : അവസാനമായി ഒരു കരാർ കൂടി എന്റെ ഭാഗത്ത് നിന്നുണ്ട് . അത് കൂടി നിങ്ങൾ നിർവഹിച്ചു തന്നാൽ ഞാൻ നിങ്ങൾക്ക് സ്വന്തമാകും .

അവരുടെ ആവശ്യം എങ്ങനെയെങ്കിലും നടന്നുകിട്ടാനായി അവർ അതിനും സമ്മതിച്ചു .

ആ സ്ത്രീ പറഞ്ഞു: നിങ്ങൾ ആകാശാരോഹണം നടത്തുമ്പോൾ ചില കാര്യങ്ങൾ പറയാറില്ലേ. പ്രെത്യേകമായ ഭാഷയിൽ അല്ലെ അത് ഉച്ചരിക്കാറുള്ളത് . അത് കൂടി നിങ്ങൾ എനിക്ക് പഠിപ്പിച്ചു തരണം ?

അതും അവർ പഠിപ്പിച്ചു കൊടുത്തു. 

ആ പെണ്ണ് ആ കലിമത്തുകൾ ഉച്ചരിച്ചപ്പോൾ അവൾക്കും ആകാശത്തേക്ക് ഉയരാൻ സാധിച്ചു. പക്ഷെ ആകാശത്തേക്ക് എത്തുന്നതിനു മുൻപായി ആ സ്ത്രീയെ ഒരു നക്ഷത്ത്രമായി മാറ്റി മറിക്കപ്പെട്ടു.അതാണ് സുഹുറത്ത് എന്ന് പറയപ്പെടുന്ന നക്ഷത്രം.

ആ സ്ത്രീ പോയതോടു കൂടി അവരുടെ ആഗ്രഹം നടക്കില്ലെന്ന് മനസ്സിലായി.

അങ്ങനെ അവരുടെ തെറ്റുകൾ മനസ്സിലാക്കി അവർ അല്ലാഹുവിലേക്ക് തൗബ ചെയ്യാൻ തുടങ്ങി.   

അല്ലാഹു അവരോടായി പറഞ്ഞു : നിങ്ങൾക്ക് എന്റെ ദേഷ്യം ഇറങ്ങിക്കഴിഞ്ഞു. ഓരോ തെറ്റ് ചെയ്യുമ്പോഴും അത് ഞാൻ വിലക്കിയതാണെന്ന് അറിഞ്ഞിട്ടു കൂടി നിങ്ങളുടെ ശാരീരിക ഇശ്ചയ്ക്ക് നിങ്ങൾ വശം വദരായി ആ തെറ്റുകൾ ചെയ്തു. നിങ്ങൾ ഉന്നത സ്ഥാനമുള്ള മലക്കുകളായിരുന്നു. നിങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഭൂമിയിലേക്ക് അയച്ചു . അവിടെ എത്തി നിങ്ങൾ എന്റെ വിധി വിലക്കുകൾ മറി കടന്നു. നിങ്ങൾ  തെറ്റുകൾ ചെയ്തു .അതിനാൽ നിങ്ങൾ ശിക്ഷക്ക് അർഹരായി മാറിയിരിക്കുന്നു. 

ആയതിനാൽ നിങ്ങൾക്ക് ഒന്നുകിൽ ദുനിയാവിൽ തന്നെ ശിക്ഷകൾ ഏറ്റു വാങ്ങാം. അതല്ല ആഖിറത്തിൽ മതിയെങ്കിൽ അപ്രകാരം നിങ്ങൾക്കതും തിരഞ്ഞെടുക്കാം.

അവർ രണ്ടു പേരും മനസ്സിലാക്കി ദുനിയാവിൽ ലഭിക്കുന്ന ശിക്ഷ ഒരുനാൾ അവസാനിക്കും , പക്ഷെ ഒരിക്കലും അവസാനിക്കാത്ത ആഖിറത്തിലേക്ക്‌ ശിക്ഷകൾ മാറ്റിവെച്ചാൽ ഞങ്ങൾ നഷ്ടക്കാരുടെ കൂട്ടത്തിൽ ആയിപ്പോകും. അതിനാൽ ദുനിയാവിലെ ശിക്ഷ ഞങ്ങൾ ഏറ്റു വാങ്ങുന്നു റബ്ബേ എന്നവർ മറുപടി നൽകി.

ഇമാം സുയൂഥി (റ) രേഖപ്പെടുത്തുന്നു : ആ രണ്ടു മലക്കുകളും ബാബിലോണിൽ കോലം മാറിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് . ഇത് ഖിയാമത്ത് നാളുവരെ തുടർന്ന് കൊണ്ടേയിരിക്കും.



ചില റിപ്പോർട്ടുകൾ അനുസരിച്ച് അവർ ഭൂമിയിലേക്ക് ഇറങ്ങാനുള്ള കാരണം ഇങ്ങനെ മനസിലാക്കാം

ഹാറൂത്തും മാറൂത്തും രണ്ട് മലക്കുകളായിരുന്നു. സലൈമാൻ നബി (അ)ന്റെ കാലത്തെ ജനങ്ങളെ പരീക്ഷിക്കാൻ വേണ്ടിയും അവർക്ക് മുഅ്ജിസത്തും സിഹ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയും അല്ലാഹു തആലാ അവരെ രണ്ടു പേരേയും ഭൂമിയിലേക്കിറക്കിയതായിരുന്നു.സുലൈമാൻ നബി (അ) ന്റെ കാലഘട്ടത്തിലെ ജനങ്ങൾ ആഭിചാരത്തിൽ മുഴുകിയവരായിരുന്നു.


ഹാറൂത്ത്_ മാറൂത്ത് സംഭവം ഒരു ഇസ്‌റാഈലീ കെട്ടുകഥ കടന്നു കൂടിയതാണെന്ന വാദം ചിലർ പ്രചരിപ്പിക്കുന്നു. ഇതിന്റെ ഒരു വിശദീകരണം

നബി (സ്വ) ജൂതന്മാരോട് സുലൈമാൻ നബി അല്ലാഹവിന്റെ റസൂലാണെന്ന് പറഞ്ഞപ്പോൾ അവർ നബി (സ്വ)യെ കളിയാക്കുകയും അങ്ങനെ ഖുർആനിലുണ്ടെങ്കിൽ അത് കെട്ടു കഥയാണെന്ന് പറഞ്ഞ് അവർ വിശുദ്ധ ഖുർആൻ വലിച്ചെറിയുകയും ചെയ്തു. എന്നിട്ട്  സൂലൈമാൻ നബി (അ)ന്റെ കാലത്ത് മനുഷ്യരിലേയും ജിന്നുകളിലേയും പിശാചുക്കൾ വായിക്കുകയും പിന്തുടരുകയും ചെയ്തിരുന്ന സിഹ്റിന്റെ പുസ്തകങ്ങൾ വായിച്ച് സുലൈമാൻ നബിയെക്കുറിച്ച് അവർ അപവാദം പറയാൻ തുടങ്ങി.

അക്കാലത്ത് ജിന്നുകൾക്ക് അദൃശ്യ കാര്യങ്ങളും മാരണവും അറിയുമെന്നും സുലൈമാൻ നബിക്കും ഈ വക കാര്യങ്ങളിൽ വലിയ അവഗാഹമായിരുന്നുവെന്നും അതിന്റെ സഹായത്തോടെയാണ് ബഹുമാനപ്പെട്ടവർ ജിന്നുകളേയും മനുഷ്യരേയും കാറ്റിനേയുമൊക്കെ കീഴ്പ്പെടുത്തിയതെന്നും വരേ അവർ പറഞ്ഞു പരത്തി. അപ്പോൾ ഇക്കാര്യം അല്ലാഹു നിഷേധിക്കുകയും അവരെ തിരുത്തുകയും ചെയ്തു. 

എന്താണ് സിഹ്റ് എന്നും ഇന്ന ഈ രീതിയിൽ ചെയ്താൽ അത് സിഹ്റാകുമെന്നും എന്നാൽ സുൽലൈമാൻ നബിയുടേത് മുഅ്ജിസത്ത് ആണെന്നും അത്  ഈ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്നും ഒന്ന് ദൈവ നിഷേധം കൊണ്ടും മറ്റേത് ദൈവ സഹായം കൊണ്ടു ലഭിക്കുന്നതാണെന്നും വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി അല്ലാഹു ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകളെ അയച്ചു. 

എന്നാൽ ആ സമൂഹത്തിലെ മിക്കവരും ഈ യാഥാർത്ഥ്യം മനസ്സിലാക്കാനോ സ്വീകരിക്കാനോ കൂട്ടാക്കാതെ ആ രണ്ട് മലക്കുകളും അവർക്ക് പരീക്ഷണാർത്ഥം (നിങ്ങളിത് ചെയ്യരുത്, കാരണം ഇത് സത്യ നിഷേധമാണെന്ന് പറഞ്ഞതിന് ശേഷം) ചെയ്ത് കാണിച്ചു കൊടുത്ത ആ സിഹ്റ് മാത്രം അവരിൽ നിന്ന് മനസ്സിലാക്കി അത് ചെയ്ത് അല്ലാഹുവിന്റെ കോപത്തിനിരയാകുകയും ചെയ്തു. ഇതാണ് യാഥാർത്ഥ്യമെന്നും അതിനാൽ സുലൈമാൻ നബി (അ)അല്ല, പിശാചുക്കളായിരുന്നു സത്യ നിഷേധികൾ എന്നും അല്ലാഹുവിന്റെ നല്ല അടിമായായതിനാൽ അല്ലാഹു സുലൈമാൻ നബി (അ)യെ സഹായിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ജിന്നുകളും മനുഷ്യരും കാറ്റുമൊക്കെ കീഴ്പ്പെട്ടതെന്നും മനസ്സിലാക്കണമെന്നും അല്ലാഹു ജൂതന്മാരെ തിരുത്തി. ഇക്കാര്യം സൂറത്തുൽ ബഖറയിൽ അല്ലാഹു വ്യക്തമാക്കിയത് കാണാം.

എന്നാൽ ഈ ഹാറുത്തും മാറൂത്തും മുമ്പ് മലക്കുകളായിരുന്നുവെന്നും പിന്നീട് രണ്ട് മനുഷ്യരായി മാറിയ അവർ ലൈംഗിക വികാരത്തിനടിമപ്പെട്ടുവെന്നും സുഹറഃ എന്ന സ്ത്രീ അവരുടെ ലൈംഗിക തൃഷ്ണയെ മുതലെടുത്ത് വശീകരിച്ച് അവരെ, മദ്യ പാനം, കൊല, ശിർക്ക് തുടങ്ങിയ തെറ്റുകളിലേക്ക് നയിച്ചുവെന്നും അവസാനം അവരുടെ പക്കലുണ്ടായിരുന്ന അഭൌതിക വിദ്യകളും ആകാശത്തേക്ക് ഉയരാനുള്ള മന്ത്രങ്ങളും അവരിൽ നിന്ന് പഠിച്ചെടുത്ത്  അവൾ ആകാശത്തേക്ക് ഉയർന്ന് പോയെന്നും മറ്റുമൊക്കെയുള്ള വിവരണങ്ങൾ ജൂതന്മാരിൽ നിന്ന് ഉദ്ധരിച്ച് പറയപ്പെടുന്നതും അടിസ്ഥാന രഹിതവുമാണ് (ബൈളാവി, ഖുർത്വുബി).


ഹാറൂത്ത്‌, മാറൂത്ത്‌ എന്നീ രണ്ടു മലക്കുകൾ തെറ്റ്‌ ചെയ്തുവെന്നും അതു കാരണമായി അല്ലാഹു അവരെ ശിക്ഷിച്ചുവെന്നുമാണ്‌ യഹൂദികളുടെ വാദം. മലക്കുകൾ തെറ്റു-കുറ്റങ്ങൾ പ്രവർത്തിക്കുകയില്ലെന്ന് അഹ്ലുസ്സുന്നത്തിന്റെ വിശ്വാസവും. അപ്പോൾ ഹാറൂത്ത്‌ - മാറൂത്തിന്റെ കഥ അഹ്ലുസ്സുന്നത്തിന്റെ വിശ്വാസത്തിനു വിരുദ്ധമല്ലേ? ജൂതകൽപ്പിത കഥയാണോ ഇത്‌? അല്ലെങ്കിൽ അവരെ ശിക്ഷിച്ചതെന്തിന്‌? ഇക്കാര്യത്തിൽ അഹ്ലുസ്സുന്നത്തിന്റെ വിശദീകരണമെന്ത്‌?

വിശുദ്ധപ്രവാചകന്മാരിൽ നിന്നും മലക്കുകളിൽ നിന്നുമെല്ലാം തെറ്റു-കുറ്റങ്ങൾ സംഭവിക്കാമെന്നും സംഭവിച്ചിട്ടുണ്ടെന്നുമാണ്‌ ജൂതവാദം. ആ വിശുദ്ധന്മാർ പാപസുരക്ഷിതരായ മഅ്സൂമുകളാണെന്ന് അഹ്ലുസ്സുന്നത്തിന്റെ വിശ്വാസവും. എന്നാൽ പൊതുനിലപാടിന്‌ വിരുദ്ധമായി അസാധാരണമായ നടപടികൾ കൊണ്ട്‌ അല്ലാഹുവിന്റെ പരീക്ഷണം നടക്കുന്നത്‌ ഈ വിശ്വാസത്തിനു വിരുദ്ധമല്ല. മലക്കുകളെ അല്ലാഹു ഇത്തരം പരീക്ഷണങ്ങൾക്ക്‌ വിധേയരാക്കുകയില്ലെന്നു പ്രാമാണിക തത്ത്വമൊന്നുമില്ലല്ലോ.

ആദം നബി (അ) യെ സൃഷ്ടിച്ചപ്പോൾ മനുഷ്യസൃഷ്ടിപ്പിനെതിരെ മലക്കുകൾ പ്രതികരിക്കുകയും, ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന വർഗ്ഗമാണ്‌ മനുഷ്യരെന്നു കുറ്റപ്പെടുത്തുകയും ചെയ്തത്‌ വിശുദ്ധ ഖുർ ആൻ വ്യക്തമാക്കിയ അനിഷേദ്ധ്യ സംഭവമാണല്ലോ. ഇതിന്റെ പേരിൽ അവരെ മര്യാദ പഠിപ്പിക്കുന്നതിനായി അല്ലാഹു നടത്തിയ ഒരു പരീക്ഷണ നടപടിയആദം നബി (അ) യെ സൃഷ്ടിച്ചപ്പോൾ മനുഷ്യസൃഷ്ടിപ്പിനെതിരെ മലക്കുകൾ പ്രതികരിക്കുകയും, ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന വർഗ്ഗമാണ്‌ മനുഷ്യരെന്നു കുറ്റപ്പെടുത്തുകയും ചെയ്തത്‌ വിശുദ്ധ ഖുർ ആൻ വ്യക്തമാക്കിയ അനിഷേദ്ധ്യ സംഭവമാണല്ലോ. ഇതിന്റെ പേരിൽ അവരെ മര്യാദ പഠിപ്പിക്കുന്നതിനായി അല്ലാഹു നടത്തിയ ഒരു പരീക്ഷണ നടപടിയായിരുന്നു ഹാറൂത്ത്‌ - മാറൂത്ത്‌ സംഭവം.

മനുഷ്യപ്രകൃതിയിൽ നിങ്ങളെ സൃഷ്ടിക്കപ്പെട്ടാൽ നിങ്ങളും തെറ്റിൽ വീഴുമെന്നായിരുന്നു അല്ലാഹു അവരോട്‌ വ്യക്തമാക്കിയത്‌. ഇതിൽ കൗതുകം പ്രകടിപ്പിച്ച മലക്കുകളോട്‌ നിങ്ങളിൽ നിന്ന് മൂന്നു പേരെ തിരഞ്ഞെടുത്തു നൽകുക എന്നായിരുന്നു അല്ലാഹുവിന്റെ നിർദ്ദേശം. അവർ മൂന്നു പേരെ തെരഞ്ഞെടുത്തു നൽകുകയും അവരിൽ ഒരു മലക്ക്‌ തന്നെ ഒഴിവാക്കണെന്നപേക്ഷിച്ചപ്പോൾ അല്ലാഹു മാറ്റിനിർത്തുകയും പരീക്ഷണത്തിനു തയ്യാറായ ഹാറൂത്ത്‌ - മാറൂത്ത്‌ എന്നീ മലക്കുകളെ മനുഷ്യപ്രകൃതി നൽകി പരീക്ഷിക്കുകയായിരുന്നു. 'സഹ്‌ റ' എന്ന അതിസുന്ദരിയായ സ്ത്രീയെ ഇറക്കിക്കൊണ്ടുള്ള പരീക്ഷണത്തിൽ മനുഷ്യപ്രകൃതിഗുണമായ ലൈംഗിക വികാരവും തീറ്റ-കുടി മോഹവും നൽകപ്പെട്ട ഹാറൂത്തും മാറൂത്തും വീണുപോകുകയും വ്യഭിചാരവും മദ്യപാനവും അവരിൽ നിന്നു സംഭവിക്കുകയും ചെയ്തു. ഇതാണ്‌ സംഭവം.

സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ട ഈ സംഭവത്തെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യേണ്ട ഗതികേട്‌ നമുക്കില്ല. കാരണം മലക്കുകളുടെ പ്രകൃതിയിൽ നിന്നു ഭിന്നമായി പരീക്ഷണാർത്ഥം മനുഷ്യപ്രകൃതി നൽകപ്പെട്ട ഹാറൂത്തിൽ നിന്നും മാറൂത്തിൽ നിന്നുമാണ്‌ വീഴ്ച്ച സംഭവിച്ചത്‌. ഇത്‌ അസാധാരണമായ ഒരപവാദ സംഭവമാണ്‌. സവിശേഷപ്രകൃതിയുള്ള മലക്കുകളുടെ സമൂഹം പാപസുരക്ഷിതരാണെന്ന പൊതുനിലപാടിന്‌ ഇതു വിരുദ്ധമല്ല. നമ്മുടെ മറ്റേതെങ്കിലും പ്രമാണങ്ങൾക്കോ തത്ത്വങ്ങൾക്കോ ഈ സംഭവം എതിരുമല്ല. എന്നിരിക്കെ സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ട ഈ സംഭവത്തെ തള്ളിപ്പറയുകയോ ദുർ വ്യാഖ്യാനം ചെയ്യുകയോ വേണ്ടതില്ല. ഇതാണ്‌ ഈ വിഷയത്തിൽ പരിണിതപ്രജ്ഞരായ ഇമാമുകളുടെ വിശദീകരണം.

ഹാറൂത്തും മാറൂത്തും മലക്കുകളുടെ സമൂഹത്തിലായിരുന്നുവെങ്കിലും ഇവർ രണ്ടുപേരും ഇബ്‌ ലീസിനെപ്പോലെ ജിന്നുവർഗ്ഗത്തിൽ പെട്ടവരായിരുന്നുവെന്ന് അഭിപ്രായമുള്ളവരുമുണ്ട്‌. അങ്ങനെയെങ്കിൽ ഈ സംഭവത്തെത്തൊട്ട്‌ ഒരു വിശദീകരണവും മറുപടിയും ആവശ്യവുമില്ലല്ലോ. 


മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്

സുലൈമാൻ നബി(അ) വരുന്നതിന് വളരെ മുമ്പ് നടന്ന ചില സംഭവങ്ങൾ ആദ്യം പറയാം

പിശാചുക്കൾ വാനലോകത്തേക്ക് കയറിപ്പോവും മലക്കുകളുടെ സംസാരം കേൾക്കാൻ ഭൂമിയിൽ നടക്കാൻ പോവുന്ന ചില സംഭവങ്ങളെക്കുറിച്ച് മലക്കുകൾ സംസാരിക്കും പിശാചുക്കൾ എങ്ങിനെയെങ്കിലും അത് കേൾക്കും എന്നിട്ട് ഭൂമിയിലേക്ക് മടങ്ങും

പിശാചുക്കളെ പ്രീതിപ്പെടുത്തി ജീവിക്കുന്ന ചില ജോത്സ്യന്മാർ ഭൂമിയിലുണ്ട് അവർക്ക് പിശാചുക്കൾ വിവരം നൽകും നടക്കാൻ പോവുന്ന ചില സംഭവങ്ങൾ ജോത്സ്യന്മാർ പ്രവചിക്കും അതങ്ങിനെ തന്നെ നടക്കും പാമര ജനങ്ങൾ വിശ്വസിക്കും പിന്നെ പിശാചുക്കൾ സംഭവ വിവരണത്തിൽ വ്യാജം കലർത്തും ഓരോ പദത്തിലും എഴുപത് വ്യാജം കലർത്തി അവതരിപ്പിക്കും ഈ വ്യാജങ്ങൾ ചിലർ ഗ്രന്ഥങ്ങളിൽ പകർത്തിവെച്ചു അത് തലമുറകൾ കൈമാറി വിശ്വസിച്ചു വഴിതെറ്റി ജിന്നുകളും പിശാചുക്കളും അദൃശ്യ കാര്യങ്ങൾ അറിയുമെന്ന വിശ്വാസം യഹൂദികളിൽ പരന്നു

പിശാച് ആഭിചാരം പഠിപ്പിച്ചു ആഭിചാരവിദ്യ നാടാകെ പരന്നു അതിലും നിരവധി ഗ്രന്ഥങ്ങളുണ്ടായി സുലൈമാൻ (അ) ഇത്തരം ഗ്രന്ഥങ്ങൾ പിടിച്ചെടുക്കാൻ ആളുകളെ നിയോഗിച്ചു നിരവധി ഗ്രന്ഥങ്ങൾ പിടിച്ചെടുത്തു അവ ഭൂമിയിൽ കുഴിച്ചിട്ടു അതിനു മുകളിൽ തന്റെ സിംഹാസനം സ്ഥാപിച്ചു

സിംഹാസനം സാധാരണ ഇരിപ്പിടമൊന്നുമല്ല ദുഷിച്ച ചിന്തയുമായി അതിനെ സമീപിക്കാനാവില്ല കരിഞ്ഞുപോവും പിശാചുക്കൾ ഭയന്നു വിറച്ചു അവരുടെ കുതന്ത്രങ്ങൾ നടന്നില്ല അടങ്ങിയൊതുങ്ങി ജീവിക്കേണ്ടിവന്നു ആഭിചാരം നടക്കാത്ത കാലം വന്നു എവിടെയും ഈമാനിന്റെ പ്രകാശം ആ നല്ല കാലത്ത് സുലൈമാൻ (അ) മരണപ്പെട്ടു 

മരണപ്പെട്ടപ്പോഴോ? യഹൂദികൾ പഴയ ചിന്തയിലേക്ക് മടങ്ങി വേദഗ്രന്ഥങ്ങൾ കൈവെടിഞ്ഞു പഴയ ആഭിചാര ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനാഗ്രഹിച്ചു അവരെ സഹായിക്കാൻ പിശാചുക്കളെത്തി കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കാൻ ഉപദേശിച്ചു ശക്തമായ ഈമാനുള്ള ആളുകൾ അവരെ തടഞ്ഞു പക്ഷെ എത്ര കാലം ? വർഷങ്ങൾ കടന്നുപോയപ്പോൾ ഈമാനുള്ളവർ മരിച്ചുതീർന്നു

കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കപ്പെട്ടു ആഭിചാരം പഠിക്കാൻ തുടങ്ങി പിശാചുക്കൾ അത് പഠിപ്പിച്ചു യഹൂദികൾ നന്നായി മാരണം ചെയ്യാൻ തുടങ്ങി യഹൂദികൾ മാരണത്തെ ന്യായീകരിച്ചു പറയാൻ പാടില്ലാത്ത കഠിന പദങ്ങൾ പ്രയോഗിച്ചു അവർ പറഞ്ഞു

ഹാറൂത്ത്,മാറൂത്ത് എന്നീ മലക്കുകൾ മാരണം പഠിപ്പിച്ചു അതാണ് ഞങ്ങൾ പഠിപ്പിക്കുന്നത് 


ഹാറൂത്ത് ,മാറൂത്ത് എന്താണ് ചെയ്തത് ? 

അവർ വന്നത് പുരാതന കാലത്താണ് അക്കാലത്തെ നബിമാർ ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചു അവർ മുഹ്ജിസത്തുകൾ കാണിച്ചു അമാനുഷിക കൃത്യങ്ങൾ

പിശാചുക്കളുടെ സഹായത്തോടെ ദുഷിച്ച മനുഷ്യന്മാർ മാരണം ചെയ്തു മാരണമെന്നാൽ സിഹ്റ്

മുഹ്ജിസത്തും. സിഹ്റും ഏത് സത്യം ? ഏത് മിഥ്യ? ഇത് തിരിച്ചറിയാനാവാത്ത കാലം വന്നു ജനം വഴിതെറ്റി അപ്പോൾ രണ്ട് മലക്കുകൾ ഇറങ്ങിവന്നു 

ഹാറൂത്ത് ,മാറൂത്ത് അവർ ബാബിലോണിയായിൽ ഇറങ്ങി അവർ ജനങ്ങളോടിങ്ങനെ പറഞ്ഞു : ജനങ്ങളേ നബിമാർ കാണിക്കുന്നത് മുഹ്ജിസത്താണ് അതാണ് സത്യം സിഹ്റ് തെറ്റാണ് ചെയ്യാൻ പാടില്ല 

എന്താണ് സിഹ്റ് ? ഞങ്ങൾ പഠിപ്പിച്ചുതരാം പക്ഷെ നിങ്ങൾ അത് പ്രയോഗിക്കരുത് പ്രയോഗിച്ചാൽ നിങ്ങൾ പരലോകത്ത് പരാജയപ്പെടും അല്ലാഹുവിന്റെ കോപം നേടും സിഹ്റ് നിങ്ങളെ നശിപ്പിക്കും ഉപകാരമില്ല ഉപദ്രവമുണ്ട് 

ജനങ്ങൾ ഇങ്ങനെ പറഞ്ഞു :ഞങ്ങൾക്ക് സിഹ്റ് പഠിപ്പിച്ചു തരൂ ഞങ്ങളത് പ്രയോഗിക്കില്ല 

വമ്പിച്ച മുന്നറിയിപ്പ് നൽകിയശേഷം സിഹ്റ് എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു 

ആളുകൾ വാക്ക് പാലിച്ചില്ല അവർ സിഹ്റ് പ്രയോഗിച്ചു മാരണ വിദ്യ ഉപയോഗിച്ചു ഭാര്യാഭർത്താക്കന്മാരെ തമ്മിൽ അകറ്റാൻവരെ ശ്രമിച്ചു 

മാരണവിദ്യ വളർന്നു സർവ്വത്ര വ്യാപിച്ചു ഒടുവിൽ ഏറ്റവും മാരകമായ വാചകം മാരണക്കാരുടെ വായിൽ നിന്ന് പുറത്തുവന്നു 

'സുലൈമാൻ മാരണക്കാരനായിരുന്നു '

എത്ര അപകടകരമായ വാചകം 

സുലൈമാൻ ജിന്നുകളെയും പിശാചുക്കളെയും കാറ്റിനെയും അധീനപ്പെടുത്തിയത് മാരണ വിദ്യ ഉപയോഗിച്ചായിരുന്നു

മാരണവിദ്യ നശിപ്പിച്ച മഹാനെ മാരണക്കാരനെന്ന് വിളിച്ചു തലമുറകളിലൂടെ ആ പിഴച്ച വിശ്വാസം തുടർന്നു

മാരണം ഒരു യാഥാർത്ഥ്യമാണ് അല്ലാഹു വേണ്ടുക വെച്ചാലല്ലാതെ അതുകൊണ്ട് ഒന്നും സംഭവിക്കില്ല മാരണക്കാരന് പരലോകത്ത് യാതൊരു വിജയവും ലഭിക്കുകയില്ല ഹാറൂത്ത് മാറൂത്ത് അതാണ് പഠിപ്പിച്ചത് 

അതെല്ലാം യഹൂദികൾ മറച്ചുവെച്ചു മാരണം നടത്തി ധനം സമ്പാദിച്ചു അവർ വൻകിട മുതലാളിമാരായി 

നൂറ്റാണ്ടുകൾ പലത് കടന്നുപോയി അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തങ്ങൾ വന്നു ഇസ്ലാംമതം പ്രചരിപ്പിച്ചുതുടങ്ങി പൂർവ്വ പ്രവാചകന്മാരെക്കുറിച്ചു സംസാരിച്ചു കൂട്ടത്തിൽ സുലൈമാൻ (അ) നെ കുറിച്ചും പറഞ്ഞു

അതുകേട്ട് യഹൂദി പുരോഹിതന്മാർ ഇങ്ങനെ പറഞ്ഞു: 

'ദാവൂദിന്റെ മകൻ പ്രവാചകനാണെന്നാണ് മുഹമ്മദ് പറയുന്നത് സുലൈമാൻ ഒരു ആഭിചാരകൻ ആയിരുന്നു

ഈ സന്ദർഭത്തിൽ അല്ലാഹു വിശുദ്ധ ഖുർആൻ വചനം അവതരിപ്പിച്ചു അൽ ബഖറ സൂറത്തിലെ നൂറ്റി രണ്ടാം വചനം 


وَٱتَّبَعُوا۟ مَا تَتۡلُوا۟ ٱلشَّیَـٰطِینُ عَلَىٰ مُلۡكِ سُلَیۡمَـٰنَۖ وَمَا كَفَرَ سُلَیۡمَـٰنُ وَلَـٰكِنَّ ٱلشَّیَـٰطِینَ كَفَرُوا۟ یُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَاۤ أُنزِلَ عَلَى ٱلۡمَلَكَیۡنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَۚ وَمَا یُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ یَقُولَاۤ إِنَّمَا نَحۡنُ فِتۡنَةࣱ فَلَا تَكۡفُرۡۖ فَیَتَعَلَّمُونَ مِنۡهُمَا مَا یُفَرِّقُونَ بِهِۦ بَیۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَاۤرِّینَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَیَتَعَلَّمُونَ مَا یَضُرُّهُمۡ وَلَا یَنفَعُهُمۡۚ وَلَقَدۡ عَلِمُوا۟ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِی ٱلۡـَٔاخِرَةِ مِنۡ خَلَـٰقࣲۚ وَلَبِئۡسَ مَا شَرَوۡا۟ بِهِۦۤ أَنفُسَهُمۡۚ لَوۡ كَانُوا۟ یَعۡلَمُونَ

'സുലൈമാൻ നബി (അ)യുടെ രാജവാഴചയെക്കുറിച്ച് പിശാചുക്കൾ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു സുലൈമാൻ അവിശ്വസിച്ചിട്ടില്ല പക്ഷെ പിശാചുക്കൾ അവിശ്വസിച്ചു അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു ബാബിലിൽ (ബാബിലോണിയ) ഹാറൂത്ത് ,മാറൂത്ത് എന്നീ രണ്ടു മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു

'ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ് അതിനാൽ നീ സത്യനിഷേധിയാവരുത് ; എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല

അങ്ങനെ ഭാര്യാ-ഭർത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ അതിനെ അവരിരുവരിൽ നിന്നും അവർ പഠിക്കുന്നു അല്ലാഹുവിന്റെ അനുമതി കൂടാതെ അവർ ആരെയും അതുമൂലം ഉപദ്രവിക്കുന്നവരല്ല തങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവർ പഠിക്കുന്നു

അത് കൈകൊണ്ടിട്ടുള്ളവർക്ക് പരലോക സുഖത്തിൽ യാതൊരു പങ്കുമില്ലെന്ന് നിശ്ചയമായും അവർ നല്ലപോലെ അറിഞ്ഞിട്ടുണ്ട് അവർ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അതെത്ര നികൃഷ്ടം അവർ അറിവുള്ളവരായിരുന്നെങ്കിൽ (2:102) 


കൂടുതൽ അറിയുന്നവൻ അല്ലാഹു മാത്രം . ഹാറൂത്തിനെയും , മാറൂത്തിനെയും സംബന്ധിച്ച് ചില പണ്ഡിതർ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ മുകളിൽ പങ്ക് വെച്ചു .

No comments:

Post a Comment