Saturday 27 February 2021

ഞായർ പൊതുഒഴിവ്

 

നമ്മുടെ നാടുകളിൽ മുസ്ലിംകൾ പണ്ടു കടകളടച്ചിരുന്നതു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്ത്യാനികൾ ഞായറാഴ്ചയും. ഇപ്പോൾ നഗരങ്ങളിലെ പതിവു പ്രകാരം ഞായറാഴ്ച പൊതു ഒഴിവാക്കി കടകളടച്ചും ജോലിയില്ലാതെയും കഴിയുന്ന സമ്പ്രദായം മുസ്ലിംകൾക്കിടയിലും വ്യാപകമായിട്ടുണ്ട്. ഇതിന്റെ വിധിയെന്ത്?


ഈ സമ്പ്രദായം ശരിയല്ല. 50 വർഷം മുമ്പു രാജ്യം ഏതൊരു രാജഭരണത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയോ അതേ ഭരണ കൂടത്തോടും അവരുടെ ആചാരങ്ങളോടും അതു പോലെ ലോകം അടക്കിവാഴുന്ന പാശ്ചാത്യൻ ശക്തികളോടും അവരുടെ ആചാരങ്ങളോടും നമ്മുടെ രാജ്യത്തെ ജനങ്ങൾ വച്ചു പുലർത്തുന്ന വിധേയത്വത്തിന്റെയും അടിമത്ത മനോഭാവത്തിന്റെയും ചിഹ്നമാണു ഞായറാഴ്ചയോടുള്ള ഈ ബഹുമാനവും ആദരവും. ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യർക്കു ഞായറാഴ്ച പുണ്യനാളാണ്. ആരാധനകൾക്കും പള്ളിയിൽ കൂടുന്നതിനുമായി ഒഴിവെടുക്കേണ്ട ദിനം. ഇതു കൊണ്ടാണു ഞായറാഴ്ച പൊതു ഒഴിവു ദിനമായി അവരുടെ ഭരണകാലത്ത് പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ വളരെ കുറഞ്ഞ ന്യൂനപക്ഷത്തിന്റെ ആ പുണ്യദിനം ഇന്നും നാം പൊതു ഒഴിവു ദിനമായി കണക്കാക്കുന്നത് 'യഥാരാജാ തഥാ പ്രജാ' എന്ന തത്വപ്രകാരം നമ്മിൽ അവശേഷിച്ച ആ അടിമത്വമനോഭാവത്തിന്റെ അവശിഷ്ടമാണ്.

ഏതായാലും മുസ്ലിംകൾ കഴിവതും ഞായറാഴ്ചയോടുള്ള അഭിനിവേശം ഒഴിവാക്കുകയാണു വേണ്ടത്. ക്രിസ്ത്യാനികൾ ആദരവോടെ, ബഹുമാനത്തോടെ ആചരിക്കുന്ന പൊതു ഒഴിവെടുക്കൽ സമ്പ്രദായത്തോടു സദൃശമാവുക എന്ന കാരണമുള്ളതു കൊണ്ട് ഞായറാഴ്ച ജോലിയും തൊഴിലും വ്യാപാരവും മറ്റും ഒഴിവാക്കുന്നതു കറാഹത്താണ്. അതായത് വിരോധിക്കപ്പെട്ട തെറ്റാണ്. തുഹ്ഫ: 3-457. നബി(സ) തങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നോമ്പനുഷ്ടിക്കുക അധികവും പതിവാക്കിയിരുന്നുവെന്നും അതിനു കാരണമായി ജൂത ക്രിസ്തീയ ബഹുദൈവാരാധകരുടെ പെരുന്നാൾ ദിനമായ ആ ദിനങ്ങളിൽ അവരോടു വിരോധപ്പെട്ട് ആചാരത്തിൽ മാറാവുക എനിക്കി ഷ്ടമാണെന്ന് അവിടുന്നു പ്രസ്താവിക്കുകയും ചെയ്തതായി നസാഈ (റ) നിവേദനം ചെയ്ത ഹദീസിലുണ്ട്. മുസ്ലിംകൾ ഈ മാതൃക അർഹിക്കുന്ന വിധം ഉൾക്കൊള്ളുകയാണു വേണ്ടത്.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 1/119

No comments:

Post a Comment