Saturday 1 June 2019

മദീന




? മദീനയിലേക്കുള്ള ഹിജ്‌റ പോകലിന്റെ തുടക്കം എങ്ങനെയായിരുന്നു?
– നുബുവ്വത്ത് ലഭിച്ച വര്‍ഷം ഹജ്ജ് വേളയില്‍ മദീനക്കാരായ ആറ് ചെറുപ്പക്കാരെ നബി(സ) പരിചയപ്പെടുകയും അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
? തിരിച്ച് നാട്ടിലെത്തിയ അവര്‍ എന്ത് ചെയ്തു?
– മദീനയില്‍ ഇസ്‌ലാം പ്രചരിപ്പിച്ചു.
? അടുത്ത ഹജ്ജ് വര്‍ഷം എത്ര പേരാണ് വന്നത്?
– 12 പേര്‍
? പഴയ എത്ര ആളുകള്‍ അതിലുണ്ടായിരുന്നു?
– 6ല്‍ അഞ്ച് പേരും ഉണ്ടായിരുന്നു
? എവിടെ വെച്ചാണവര്‍ നബി(സ)യോട് ബൈഅത്ത് ചെയ്തത്?
– മിനായില്‍ വെച്ച്
? ഈ സംഘത്തോടൊപ്പം തന്റെ പ്രതിനിധിയായി ആരെയാണ് നബി(സ) മദീനയിലേക്കയച്ചത്?
– മുസ്അബ്(റ)നെ
? മദീനയില്‍ ആരുടെ വീട്ടിലാണ് മുസ്അബ്(റ) താമസിച്ചത്?
– രണ്ട് സംഘത്തിലും അംഗമായിരുന്ന അസ്അദ്ബ്‌നു സുറാറ(റ)ന്റെ വീട്ടില്‍
? മൂന്നാമത്തെ ഹജ്ജ് സീസണില്‍ മദീനയില്‍ നിന്നും എത്ര പേരാണ് എത്തിയത്?
– 70 പേര്‍
? ഇവര്‍ നബി(സ)യോട് സംസാരിച്ചതും സംരക്ഷണം നല്‍കാമെന്ന് പ്രതിജ്ഞ ചെയ്തതും എവിടെ വെച്ച്?
– മിനായില്‍ അഖബ കുന്നിനടുത്ത് വെച്ച്. (ഇതാണ് രണ്ടാം അഖബ ഉടമ്പടി)
? തന്റെ അനുയായികളോട് നബി(സ) നാടും വീടും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യാന്‍ പറഞ്ഞതിന്റെ കാരണമെന്ത്?
– വിരലിലെണ്ണാവുന്ന മുസ്‌ലിംകളുടെ ജീവന്‍ മക്കയില്‍ സുരക്ഷിതമല്ലാത്തതിനാല്‍
? മുസ്‌ലിംകളുടെ പലായനം തടയുവാനും മുഹമ്മദ് നബി(സ)യുടെ പ്രബോധനം അവസാനിപ്പിക്കുവാനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖുറൈശികള്‍ യോഗം ചേര്‍ന്നത് എവിടെ?
– ദാറുന്നദ്‌വത്തില്‍
? നജ്ദ് ദേശക്കാരന്റെ വേഷത്തില്‍ യോഗത്തിനെത്തിയ വൃദ്ധന്‍ ആരായിരുന്നു?
– മനുഷ്യരൂപത്തില്‍ വന്ന ഇബ്‌ലീസ് ആയിരുന്നു.
? ഹിജ്‌റ പോകുമ്പോള്‍ അമാനത്ത് സ്വത്തുക്കള്‍ കൊടുത്തു വീട്ടുവാന്‍ തിരുനബി(സ) ഏല്‍പിച്ചത് ആരെ?
– അലി(റ)നെ
? ഹിജ്‌റ പുറപ്പെടുന്ന രാത്രി തന്റെ വിരിപ്പില്‍ കിടന്നുറങ്ങാന്‍ ആരോടാണ് തിരുനബി(സ) ആവശ്യപ്പെട്ടത്?
– അലി(റ)നോട്
? തിരുനബി(സ)യുടെ ഹിജ്‌റയിലെ കൂട്ടാളി ആരായിരുന്നു?
– അബൂബക്കര്‍ സിദ്ധീഖ്(റ)
? എന്നാണ് നബി(സ)യും സിദ്ധീഖ്(റ)യും ഹിജ്‌റ ആരംഭിച്ചത്?
– നുബുവ്വത്തിന്റെ 13-ാം വര്‍ഷം സഫര്‍ 27ന്
? അന്ന് നബി(സ)യുടെ പ്രായം?
– 53 വയസ്സ്
? ‘ദാതുന്നിത്വാഖൈന്‍’ ഇരട്ടഅരപ്പട്ടക്കാരി എന്ന പേരില്‍ അറിയപ്പെട്ടത് ആര്?
– അബൂബകര്‍ സിദ്ധീഖ്(റ)ന്റെ മകള്‍ അസ്മാഅ്(റ)
? കാരണം എന്തായിരുന്നു?
– ഹിജ്‌റ പുറപ്പെടുന്ന തിരുനബി(സ)ക്കും പിതാവിനുമുള്ള ഭക്ഷണം പൊതിയാന്‍ കയറില്ലാതിരുന്നപ്പോള്‍ തന്റെ അരക്ക് കെട്ടിയ ശീലപ്പട്ട ചീന്തി ഭക്ഷണം പൊതിഞ്ഞു.
? പലായനം ചെയ്ത നബി(സ)യെയും അബൂബക്കര്‍(റ)നെയും പിടികൂടുന്നവര്‍ക്ക് ഖുറൈശികള്‍ പ്രഖ്യാപിച്ച സമ്മാനം എന്തായിരുന്നു?
– 100 ഒട്ടകങ്ങള്‍
? നബി(സ)യും അബൂബക്കറും രാത്രിയില്‍ ഏത് ഗുഹയിലാണ് ഒളിച്ചത്?
– സൗര്‍ ഗുഹയില്‍
? സൗര്‍ ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?
– മക്കയിലെ സൗര്‍ മലയില്‍
? നബി(സ)ക്കും അബൂബക്കര്‍(റ)നും സംരക്ഷണത്തിനായി ഗുഹാമുഖത്ത് ഒരുക്കിയ സംവിധാനങ്ങള്‍ എന്തൊക്കെയായിരുന്നു?
– ഒരു ചെടി, മുട്ടയിട്ട രണ്ട് അരിപ്രാവുകള്‍, ചിലന്തിയും വലയും
? തിരഞ്ഞുവന്ന ഖുറൈശികള്‍ ഗുഹയിലേക്ക് കടക്കാതെ തിരിച്ചുപോകാനുള്ള കാരണമെന്ത്?
– ചെടിയും അരിപ്രാവുകളും ചിലന്തിവലയും അവിടെ മനുഷ്യരില്ല എന്നവര്‍ക്ക് തോന്നിച്ചു.
? എത്ര ദിവസമാണ് നബി(സ)യും സിദ്ധീഖ്(റ)യും ഗുഹയില്‍ താമസിച്ചത്?
– 3 ദിവസം
? സൗര്‍ ഗുഹയിലേക്ക് നാട്ടിലെ വാര്‍ത്തകള്‍ എത്തിച്ചുകൊടുക്കാന്‍ നബി(സ)യും സിദ്ധീഖും ചുമതലപ്പെടുത്തിയത് ആരെ?
– സിദ്ധീഖ്(റ)ന്റെ മകന്‍ അബ്ദുല്ലയെ
? സൗര്‍ ഗുഹയിലേക്ക് പാല്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയത് ആരെ?
– ആമിറുബ്‌നു ഫുഹൈറയെ
? സൗര്‍ ഗുഹയില്‍ നിന്നും യാത്ര തുടര്‍ന്നത് എന്നാണ്?
– റബീഉല്‍ അവ്വല്‍ ഒന്നിന് തിങ്കളാഴ്ച രാവില്‍.
? വാഹനം എന്തായിരുന്നു?
– രണ്ട് ഒട്ടകങ്ങള്‍
? ആരാണ് വാഹനം എത്തിച്ചത്?
– അബ്ദുല്ലാഹിബ്‌നു അരീഖത്ത്
? നബി(സ)യുടെ ഹിജ്‌റയിലെ വഴികാട്ടി ആരായിരുന്നു?
– അബ്ദുല്ലാഹിബ്‌നു അരീഖത്ത്
? ഏതു വഴിയാണ് നബി(സ)യും അബൂബകര്‍(റ)യും മദീനയിലേക്ക് തിരിച്ചത്?
– കടലോരം വഴി
? യാത്രാ മധ്യേ നബി(സ)യെയും അബൂബകറിനെയും കണ്ടെത്തിയ ഖുറൈശി ആര്?
– സുറാഖത്തുബ്‌നു മാലിക്
? എന്തുകൊണ്ടാണ് നബി(സ)യെ കണ്ട വിവരം സുറാഖ ഖുറൈശികളോട് പറയാതിരുന്നത്?
– നബി(സ)യുടെ യാത്രാരഹസ്യം പൊളിക്കാന്‍ തുനിഞ്ഞ സുറാഖയുടെ കുതിരയുടെ മുന്‍കാലുകള്‍ മണലില്‍ ആഴ്ന്നുപോയി. രഹസ്യം പുറത്തു പറയില്ലെന്ന എഗ്രിമെന്റില്‍ തിരുനബി(സ)യോട് കേണപേക്ഷിച്ചപ്പോഴാണ് അദ്ദേഹത്തിന് യാത്ര സാധ്യമായത്.
? ഇസ്‌ലാം വിശ്വസിച്ച സുറാഖത്തുബ്‌നു മാലിക് അബൂ ജഹ്‌ലിനോട് പാടിയ കവിതയുടെ സാരമെന്ത്?
– എന്റെ കുതിരയുടെ കാലുകള്‍ ഭൂമിയില്‍ താണരംഗം താന്‍ കണ്ടിരുന്നെങ്കില്‍ മുഹമ്മദ് നബി(സ) കൊണ്ടുവന്ന പ്രമാണം സത്യമെന്ന് നീ വിശ്വസിക്കുമായിരുന്നു.
? നബി(സ) ഹിജ്‌റ പോയ റൂട്ട് ഏത്?
– മക്ക, ഉസ്ഫാന്‍, അമജ്, ഖുദൈദ്, ഖസ്സാര്‍, സനിയ്യത്തുല്‍ മുര്‍റത്, ലിഖ്ഫാ, മദ്‌ലജത് ലിഖ്ഫ്, മിജാജ്, മര്‍ജിഹ മിജാജ്, ദുല്‍ ഉള്‌വീന്‍, ദീ കശ്‌റ്, ജദാജിദ്, അജ്‌റദ്, ദൂസലം, റിഅ്മ്, ഖുബാഅ്.
? ഏത് ദിവസമാണ് നബി(സ) ഖുബാഇലെത്തിയത്?
– റബീഉല്‍ അവ്വല്‍ 8ന്
? ഖുബാഇല്‍ കാത്തുനിന്ന ജനങ്ങളില്‍ നബി(സ)യെ ആദ്യം ദര്‍ശിച്ചത് ആരാണ്?
– ഒരു ജൂതന്‍
? ഖുബാഇല്‍ നബി(സ) എത്ര ദിവസം തങ്ങി?
– 4 ദിവസം
? ഖുബാഇല്‍ നബി(സ) താമസിച്ചത് ആരുടെ വീട്ടിലായിരുന്നു?
– ബനൂ അംറ് ബ്‌നു ഔഫിന്റെ ഭവനത്തില്‍
? ഖുബാഇല്‍ തിരുനബി(സ) എന്താണ് നിര്‍മ്മിച്ചത്?
– മസ്ജിദുഖുബാ
? ഖുബാഇല്‍ നിന്നും യാത്ര തുടര്‍ന്ന നബി(സ) ഏത് ഗോത്രത്തില്‍ വെച്ചാണ് ജുമുഅ നിസ്‌കരിച്ചത്?
– ബനൂ സാലിം ഗോത്രത്തില്‍
? ഓരോ ഗോത്രക്കാരും നബി(സ)ക്ക് സ്വാഗതമോതുകയും താമസത്തിന് ക്ഷണിക്കുകയും ചെയ്തപ്പോള്‍ നബി(സ) അവരോടെന്ത് പറഞ്ഞു?
– ‘നിങ്ങള്‍ എന്റെ ഈ ഒട്ടകത്തെ വെറുതെ വിടുക. അത് എവിടെ മുട്ടുകുത്തണമെന്ന് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്.’
? ഏത് ഗോത്രത്തിലാണ് തിരുനബി(സ)യുടെ ഒട്ടകം മുട്ട് കുത്തിയത്?
– ബനൂ മാലിക്ബ്‌നു നജ്ജാര്‍ ഗോത്രത്തില്‍
? തിരുനബി(സ) ഇറങ്ങിയ ആ സ്ഥലം എന്തിനുപയോഗിക്കുന്ന സ്ഥലമായിരുന്നു?
– ഈന്തപ്പഴം ഉണക്കുന്ന കളമായിരുന്നു അത്.
? ആരുടെ വീടാണ് തിരുനബി(സ) വിശ്രമത്തിന്നായി തെരഞ്ഞെടുത്തത്?
– അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്.
? അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട് നിര്‍മ്മിച്ചത് ആര്?
– പ്രശസ്ത അറേബ്യന്‍ രാജാവായിരുന്ന തുബ്ബഅ് ഒന്നാമന്‍
? എന്തിനായിരുന്നു തുബ്ബഅ് ഒന്നാമന്‍ വീട് നിര്‍മ്മിച്ചത്?
– വരാനിരിക്കുന്ന പ്രവാചകന് താമസിക്കാന്‍
? തുബ്ബഅ് ഒന്നാമന്‍ ആരുടെ കൈവശമാണ് വീട് ഏല്‍പ്പിച്ചത്?
– അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ പൂര്‍വ്വപിതാക്കളെ
? മദീനയില്‍ അബൂബക്കര്‍ സിദ്ധീഖ്(റ) എവിടെയാണ് താമസിച്ചത്?
– ബനൂല്‍ ഹാരിസ് ബ്‌നു ഖസ്‌റജ് ഗോത്രത്തില്‍
? ആരുടെ ഭവനത്തിലായിരുന്നു സിദ്ധീഖ്(റ)ന്റെ താമസം?
– ഖുബൈബ് ഇബ്‌നു ഇസാഫിന്റെ ഭവനത്തില്‍
? യസ്‌രിബിന് മദീന എന്ന പേര് ലഭിച്ചതെങ്ങനെ?
– തിരുനബി(സ)യുടെ വരവോടെ യസ്‌രിബ് മദീനതുര്‍റസൂല്‍ (തിരുനബി(സ)യുടെ പട്ടണം) ആയി. അത് ചുരുങ്ങി മദീന എന്നുമായി.
? ചരിത്രപണ്ഡിതന്മാര്‍ മദീനക്ക് എത്ര പേരുകളുണ്ടെന്നാണ് പറഞ്ഞത്?
– നൂറോളം
? മദീനയുടെ പേരുകളില്‍ തിരുനബി(സ)ക്ക് ഇഷ്ടപ്പെട്ട പേരുകള്‍ ഏതെല്ലാം?
– ത്വാബ, തൈ്വബ
? മദീനയുടെ പേരുകളില്‍ ചിലത് എഴുതുക?
– ത്വാബ, തൈ്വബ, ത്വയ്യബ, ത്വായിബ, അര്‍ളുല്ലാഹ്, അര്‍ളുല്‍ ഹിജ്‌റ, അര്‍ളുസ്സുന്ന, ബൈത്തുറസൂലില്ലാഹ്, ജാബിറ, ജബ്ബാറ, ജസീറത്തുല്‍ അറബ്, മുഹിബ്ബ, ഹബീബ, മഹ്ബൂബ, ഹുസ്‌ന, ഖൈറ, ശാഫിയ, ഗലബ, ഫാളിയ, മുഅ്മിന, മുബാറക, മര്‍ഹൂമ, മിസ്‌കീന, മുസ്‌ലിമ, മുഖദ്ദിമ, നാജിയ.
? തൗറാത്തില്‍ മദീനയുടെ പേര് എന്താണ്?
– ത്വാബ, ത്വീബ, തയ്യിബ
? മദീനയിലെ കാറ്റിനും മണ്ണിനും സുഗന്ധമില്ലെന്ന് പറഞ്ഞവനെ തുറങ്കിലടക്കണമെന്ന് പറഞ്ഞ ഇമാം?
– ഇമാം മാലിക്(റ)
? കാറ്റടിച്ച് മദീനയിലെ പൊടിപടലങ്ങള്‍ മുഖത്തും ശരീരത്തിലുമായാല്‍ തിരുനബി(സ) പെട്ടെന്ന് കുടഞ്ഞ് വൃത്തിയാക്കാറുണ്ടായിരുന്നില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടാല്‍ എന്താണ് തിരുനബി(സ) പറഞ്ഞിരുന്നത്?
– ”മദീനയുടെ മണ്ണ് രോഗത്തിന് ഔഷധമാണ്.”
? മദീനയില്‍ നിന്ന് പുറത്ത് പോകുന്ന സമയത്ത് മരണം സംഭവിക്കുമോ എന്ന് ഭയന്ന്, ഹജ്ജിന് പോലും ഒരു തവണ മാത്രം പോയി, മദീനയില്‍ സ്ഥിരതാമസമാക്കിയ ഇമാം?
– ഇമാം മാലിക്(റ)
? ഇമാം മാലിക്(റ) വഫാത്തായത് എവിടെ?
– മദീനയില്‍ തന്നെ

No comments:

Post a Comment