Wednesday 9 June 2021

സംശയവും മറുപടിയും - മരണം

 

മരിച്ചുകൊണ്ടിരിക്കുമ്പോൾ കാണുന്ന അടയാളങ്ങൾ എന്തൊക്കെയാണ്?

 മരിക്കുമ്പോൾ കണ്ണിന്റെ കൃഷ്ണമണികൾ കൺപോളയുടെ മുകൾ ഭാഗത്തേക്ക് ഉയർന്ന് മറയും. ചുണ്ടുകൾ വരണ്ടു ചുരുങ്ങും, നാവ് ഉള്ളിലേക്ക് വലിയും,വൃഷ്ണമണികൾ ഉയരും, വിരൽതുമ്പുകൾ പച്ച നിറമാകും. (ഇഹ്യാ ഉലൂമിദ്ദീൻ 4/446)

മരിക്കുമ്പോൾ ആദ്യമായി റൂഹ് പിരിയൽ ഏത് അവയവത്തിൽ നിന്നാണ്.

കണ്ണിൽ നിന്ന്. (ശർവാനി 3/95)

ആദ്യം ജീർണിക്കുന്ന അവയവമോ?

അതും കണ്ണ്. (ശർവാനി 3/92)

മരിച്ചാൽ ആദ്യം തണുക്കുന്നത് ഏത് അവയവമാണ്

രണ്ട് പാദങ്ങൾ  - (ഇഹ്യാ ഉലൂമിദ്ദീൻ 4/446)

റൂഹ് പിടിക്കുമ്പോൾ ഒച്ചവെക്കുമോ?

ഒച്ചവെക്കാനും കരയാനും സഹായം ചോദിക്കാനും ആഗ്രഹമുണ്ടാകും. പക്ഷെ, സാധിക്കില്ല. അൽപമെങ്കിലും ശേഷിയുണ്ടെങ്കിൽ ഞെരക്കം മാത്രം കേൾക്കാം. (ഇഹ്യാ ഉലൂമിദ്ദീൻ 4/446)

നല്ല മരണം തിരിച്ചറിയാൻ വല്ല അടയാളങ്ങളുമുണ്ടോ?

ഉണ്ട്. നബി(സ) പറയുന്നു; മരണ സമയത്ത് നെറ്റിത്തടം വിയർക്കുകയും കണ്ണ് നിറയുകയും മൂക്കിന്റെ ദ്വാരങ്ങൾ വികസിക്കുകയും ചെയ്യുന്നുവെങ്കിൽ അത് അയാളിൽ ഇറങ്ങിയ അല്ലാഹുവിന്റെ റഹ്മത്താണ്. (തുർമുദി, തദ്കിറ പേജ് 19

ഈ അടയാളങ്ങൾ മൂന്നും ഒരുമിച്ചുണ്ടാവണമെന്നുണ്ടോ?

ഇല്ല. ചിലരിൽ മുഴുവനും കാണാം. ചിലരിൽ ഒന്നോ രണ്ടോ മാത്രവും. ആളുകളുടെ അമലുകളിലെ ഏറ്റ വിത്യാസം പോലെയിരിക്കും. (തദ്കിറ)

ദുർമരണത്തിന്ന് അടയാളങ്ങളുണ്ടോ?

നബി(സ)പറയുന്നു. “മരിക്കുമ്പോൾ കഴുത്ത് ഞെക്കി കൊല്ലപ്പെടുമ്പോലെ ശ്വാസം വലിച്ചു ശബ്ദമുണ്ടാക്കുക, ചുവന്ന നിറമാകുക, ചുണ്ടുകൾ മണ്ണിന്റെ നിറമാകുക എന്നീ അടയാളങ്ങൾ ഉണ്ടെങ്കിൽ അയാളിലിറങ്ങിയ അല്ലാഹുവിന്റെ ശിക്ഷയാണത്' (തുർമുദി തദ്കി 19, ഇഹ്യാ ഉലൂമിദ്ദീൻ 4/450)

ചില മയ്യിത്തുകൾ പുഞ്ചിരിക്കുന്ന മുഖവുമായി കിടക്കുന്നത് കാണാറുണ്ട്. ഇത് ശുഭലക്ഷണമാണോ?

ശുഭലക്ഷണമാണ്. (തദ്കിറ 39) 

മരിക്കുന്നതിന്റെ മുമ്പ് തന്നെ മറവ് ചെയ്യാനുള്ള ഖബർ ചിലർ കുഴിച്ച് വെക്കാറുണ്ട്?ഇത് നല്ലതാണോ?

അതെ. സുന്നത്താണ്. (ശർവാനി 3/127) മരണം ഓർമിക്കാനും നല്ലതാണ്.

ആ ഖബറിൽ മറ്റൊരാളെ മാവ് ചെയ്യാമോ?

ഖബർ പൊതുസ്മശാനത്തിലാണെങ്കിൽ ആവാം.. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്താണെങ്കിൽ പാടില്ല. (ശർവാനി 3/128)

കഫൻ തുണി മരിക്കുന്നതിന്റെ മുമ്പ് വാങ്ങി വെക്കുന്നതോ?

കറാഹത്താണ്.(ശർവാനി 3/127)

ബർക്കത്താക്കപ്പെട്ട വ്യക്തിയിൽ നിന്നോ മറ്റോ ശേഖരിച്ചതാണെങ്കിലോ?

എങ്കിൽ കറാഹത്തില്ല. (ശർവാനി 3/127)

ഈ തുണിയിൽ എന്നെ കഫൻ ചെയ്യണമെന്ന് ഒരാൾ വസ്വിയ്യത്ത് ചെയ്താൽ മരണശേഷം അത് നടപ്പിലാക്കൽ അനന്തരാവകാശികൾക്ക് നിർബന്ധമുണ്ടോ?

ഉണ്ട്. (തുഹ്ഫ, ശർവാനി 3/128)

മരണാസന്നനായ ആളെ എങ്ങനെയാണ് കിടത്തേണ്ടത്?

വലതുഭാഗത്തിലോ അതിനു കഴിയാതെ വന്നാൽ ഇടതു ഭാഗത്തിലോ ചെരിച്ച് ഖിബ്ലക്ക് മുന്നിട്ടുകിടത്തലാണ് സുന്നത്ത്, (തുഹ്ഫ 3/92) 

അതിന്ന് കഴിയുന്നില്ലെങ്കിലോ?

രണ്ട് ഉള്ളം കാലും മുഖവും ഖിബ്ലക്ക് വരത്തക്കവിധം മലർത്തികിടത്തണം. മുഖം ഖിബലക്കുമുന്നിടുന്നതിനു വേണ്ടി തലയണപോലൊത്തത് വെച്ച് തല അൽപം ഉയർത്തുകയും ചെയ്യണം. (തുഹ്ഫ 3/92)

മരിക്കുന്ന ആൾക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കേണ്ടത് എങ്ങിനെയാണ്?

അയാളുടെ അടുത്ത് വെച്ച് നാം ശഹാദത്ത് ചൊല്ലുക. അതുകേട്ട് അയാൾ ഏറ്റു ചൊല്ലിക്കോളും. “ചൊല്ലൂ” എന്ന് കൽപിക്കരുത്. അത് കറാഹത്താണ്. ചൊല്ലുന്നില്ലെങ്കിൽ വീണ്ടും വീണ്ടും നാം സ്വയം ചൊല്ലുക. അയാൾ ചൊല്ലിയാൽ പിന്നെ മറ്റൊന്നും സംസാരിച്ചിട്ടില്ലെങ്കിൽ വീണ്ടും ആവർത്തിക്കേണ്ടതില്ല. (മിൻഹാജ്, തുഹ്ഫ 3/92,93)

മരണ സമയത്ത് നബി(സ)യുടെ അവസാന വാക്ക് "ലാഇലാഹ ഇല്ലല്ലാഹ്' എന്നായിരുന്നോ?

അല്ല. "അർറഫീഖൽ അഅ്ലാ' എന്നാണവിടുന്ന് അവസാനം മൊഴിഞ്ഞത്. (തുഹ്ഫ 3/93)

അപ്പോൾ അതെല്ലെ നമ്മളും ചൊല്ലേണ്ടത്?

നബി(സ) തങ്ങൾ അല്ലാഹുവിനോട് സ്വർഗത്തിലെ ഉന്നതസ്ഥാനം ആവശ്യപ്പെട്ടോ അതോ അല്ലാഹുവിനെ കണ്ടു മുട്ടാൻ ആഗ്രഹം പ്രകടിപ്പിച്ചോ പറഞ്ഞ പ്രത്യേക വാക്കാണിത്. നമ്മൾ ശഹാദത്ത് കലിയമാണ് ചൊല്ലേണ്ടത്. “ആരുടെയെങ്കിലും അവസാന വാക്ക് ' ലാഇലാഹ എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും” എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/92, 93)

ആരാണ് കലിമ ചൊല്ലിക്കൊടുക്കേണ്ടത്?

ശത്രുത, അസൂയ എന്നിവയില്ലാത്ത അനന്തരമെടുക്കാൻ ധൃതികൂട്ടുകയാണോ എന്ന തെറ്റിദ്ധാരണയുടെ സാധ്യതയുമില്ലാത്ത മയ്യിത്തിനോട് സ്നേഹമുള്ള ആളുകളുണ്ടെങ്കിൽ അവരും ഇല്ലെങ്കിൽ മറ്റുള്ളവരുമാണ്  ചൊല്ലികൊടുക്കേണ്ടത്. (തുഹ്ഫ 3/93)

മരണാസന്നനായ ആൾക്ക് ഏത് വെള്ളമാണ് കുടിക്കാൻ കൊടുക്കേണ്ടത്?

പ്രകൃത്യാ തണുത്ത വെള്ളം. (ശർവാനി 3/94)

ആർത്തവകാരികൾ മരണാസന്നരായവരുടെ അടുക്കൽ നിൽക്കരുത് എന്ന് പറയാറുണ്ട്. ഇത് ശരിയാണോ?

ശരിയാണ്. കറാഹത്താണ്. (ശർവാനി 3/94)

ജനാബത്തുകാരോ?

അതും കറാഹത്താണ്. (ശർവാനി 3/94) എന്നാൽ മരിച്ചതിന് ശേഷം അടുത്ത് നിൽക്കലോ മയ്യിത്ത് കുളിപ്പിക്കലോ മറ്റു പരിപാലനങ്ങളോ കറാഹത്തില്ല. മരണവേളയിൽ അടുത്തു നിൽക്കരുതന്നേയുള്ളൂ.

എന്താണിതിന് കാരണം?

ജീവിയുടെ ഫോട്ടോ, നായ, വലിയ അശുദ്ധിയുള്ളവർ എന്നിവ ഏതെങ്കിലും വീട്ടിലുണ്ടെങ്കിൽ ആ വീട്ടിൽ റഹ്മത്തിന്റെ മലക്കുകൾ കടക്കുകയില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. (ശർവാനി 3/94)

തന്റെ മരണം അടുത്തു എന്നു തോന്നുന്നവരും രോഗികളും എന്ത് തയ്യാറെടുപ്പാണ് നടത്തേണ്ടത്?

നഖം വെട്ടുക, ഗുഹ്യരോമം, കക്ഷത്തിലെ രോമം എന്നിവ നീക്കുക. മീശ വെട്ടി ശരിയാക്കുക, പല്ലുതേക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നിവ സുന്നത്തുണ്ട് (ശർവാനി 3/94) വളരെ ചിന്തനീയമായ മസ്അലയാണിത്.കാരണം തന്റെ അന്ത്യയാത്ര വൃത്തിയിലും വെടിപ്പിലുമാവാൻ ഓരോ രോഗിയും ശ്രദ്ധിക്കേണ്ടതാണ്. കാരണം മരിച്ചാൽ പിന്നെ രോമം, നഖം എന്നിവ മുറിക്കൽ കറാഹത്താണ്. വൃത്തിയോടെ ഈമാനോടെ മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ.

മരണത്തെ ഓർക്കൽ എല്ലാവർക്കും സുന്നത്താണോ? പ്രായമായവർ മാത്രം ഓർത്താൽ പോരെ?

എല്ലാ പ്രായപൂർത്തിയായ വ്യക്തിയും മരണത്തെകുറിച്ച് ഓർക്കൽ സുന്നത്താണ്.(തുഹ്ഫ (3/89)

കുട്ടികളോ

വകതിരിവുള്ള കുട്ടിയോട് രക്ഷിതാവ് മരണസ്മരണയുടെ കാര്യം ഓർമിപ്പിക്കണം. (ശർവാനി 3/89)

ഇൽമ് പഠിക്കുന്ന വിദ്യാർത്ഥികളോ?

മരണത്തെ ഓർത്താൽ അറിവ് പഠിക്കലിന് ഭംഗം വരാനിടയുള്ളതിനാൽ മതവിദ്യാർത്ഥികൾക്ക് മരണത്തെ കുറിച്ചോർക്കൽ സുന്നത്തില്ല. (ശർവാനി 3/89)

മരണത്തിനുള്ള മറ്റു തയ്യാറെടുപ്പുകൾ എന്തൊക്കെയാണ്?

തൗബ ചെയ്യുക, കടങ്ങൾ കൊടുത്തു വീട്ടുക, ഖളാആയ നിസ്കാരങ്ങൾ വീട്ടുക, അന്യായമായി കൈവശപ്പെടുത്തിയത് അവകാശിക്ക് തിരിച്ച് കൊടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ തയ്യാറെടുക്കണം (തുഹ്ഫ 3/90,91)

അവകാശി മരിച്ചുപോയി, അല്ലെങ്കിൽ കണ്ടെത്താനായില്ല. അപ്പോൾ എന്ത് ചെയ്യും?

ആ മുതലിന്റെ അതേ അവകാശിയുടെ പേരിൽ സ്വദഖ ചെയ്യുക.(ശർവാനി 3/90)

ഈ പറഞ്ഞ ഒരുക്കം എല്ലാവരും ചെയ്യേണ്ടതല്ലേ?

അതെ. പ്രായപൂർത്തിയായ ഏതൊരാളും. കാരണം മരണം പെട്ടെന്ന് വരാമല്ലോ. അപ്പോൾ ഒരുങ്ങാൻ നേരമുണ്ടാവില്ല.

ഹൈള് കാരികളായ സ്ത്രീകൾ ജനാസ കുളിപ്പിക്കാൻ പറ്റുമോ?

ഹൈള്കാരിക്കും നിഫാസുകാരിക്കും ജനാബത്തുകാരനും മയ്യിത്തിനെ കുളിപ്പിക്കാം. അതില്‍ കറാഹത്ത് പോലുമില്ല. (തുഹ്ഫ 4/166)

No comments:

Post a Comment