Wednesday 9 June 2021

സംശയവും മറുപടിയും - ഉള്ഹിയ്യത്ത്

 

ഉള്ഹിയ്യത്ത് എന്നാലെന്ത്?

ബലിപെരുന്നാൾ ദിവസത്തിലോ തൊട്ടടുത്ത മൂന്നു ദിവസത്തിലോ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി പ്രത്യേക നിബന്ധനകളോടെ അറക്കപ്പെടുന്ന മൃഗങ്ങൾക്കുള്ള നാമമാണ് ഉള്ഹിയ്യത്ത് എന്നത് (തുഹ്ഫ: 9/343) 

ഈദുൽ അള്ഹ- വലിയ പെരുന്നാളിന് ആട്, മാട്, ഒട്ടകം എന്നിവയെ ഉളുഹിയ്യത്ത് അറുക്കൽ സുന്നത്താണ് പെരുന്നാൾ ദിനത്തിൽ മനുഷ്യൻ ചെയ്യുന്ന വലിയ പുണ്യകർമവും സ്വദഖകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവുമാണിത് ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: ഇമാം ശാഫിഈ (റ) പറയുന്നു: ഉളുഹിയ്യത്തിന് മാർഗമെത്തിച്ച എല്ലാ മുസ്ലിംമിനും ഇത് സുന്നത്താണ് (ശർഹുൽ മുഹദ്ദബ്: 8/383) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) രേഖപ്പെടുത്തുന്നു: പെരുന്നാൾ രാവും പകലും തനിക്കും താൻ ചെലവ് കൊടുക്കാൻ നിർബന്ധവുമായവർക്കും ചെലവ് കഴിച്ച് മിച്ചം വല്ലതുമുണ്ടെങ്കിൽ പ്രായപൂർത്തിയും ബുദ്ധിയും തന്റേടവുമുള്ളവന് ഉളുഹിയ്യത്ത് സുന്നത്താകുന്നു (തുഹ്ഫ: 9/344) 

ഉളുഹിയ്യത്തിന്റെ അറവ് ഉളുഹിയ്യത്തായി പരിഗണിക്കണമെങ്കിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ അവ സവിസ്തരം വിശദീകരിച്ചിട്ടുണ്ട് 

ഉള്ഹിയ്യത്ത് എന്നു പേര് പറയാൻ കാരണം?

സൂര്യൻ ഉദിച്ച ശേഷമുള്ള ആദ്യ സമയം എന്ന അർത്ഥമുള്ള 'ഉള്ഹിയ്യത്ത് ' എന്ന പദത്തിൽ നിന്നും രൂപംകൊണ്ടതാണ് 'ഉള്ഹിയ്യത്ത് ' എന്ന വാക്ക് ബലിപെരുന്നാൾ ദിനത്തിലെ ളുഹാ നിസ്കാരത്തിന്റെ സമയത്താണ് മൃഗബലിയുടെ ആദ്യസമയം വന്നെത്തുന്നത് എന്ന ബന്ധം പരിഗണിച്ചാണ് ഉള്ഹിയ്യത്ത് എന്ന പേര് വന്നത് (തുഹ്ഫ: 9/343) 

ഉള്ഹിയ്യത്ത് കർമം സുന്നത്ത് ആർക്ക്?

പെരുന്നാൾ ദിനത്തിലെ ചെലവുകൾ കഴിച്ച് ഉള്ഹിയ്യത്തിനു തകുന്ന ധനം വല്ലതും മിച്ചം വന്ന പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിംമിനും ഉള്ഹിയ്യത്ത് കർമം നടത്തൽ എല്ലാ  വർഷവും സുന്നത്താണ് (തുഹ്ഫ: 9/344) 

കഴിവുള്ളവർ ഉള്ഹിയ്യത്ത് ഉപേക്ഷിക്കുന്നതിന്റെ വിധി?

കറാഹത്ത് (തുഹ്ഫ: 9/344) 

മൃഗത്തിന്റെ എണ്ണത്തിൽ പരിധിയുണ്ടോ?

പരിധിയില്ല ഒരാൾക്ക് എത്ര മൃഗങ്ങളെ വേണമെങ്കിലും ഉള്ഹിയ്യത്ത് അറുക്കാം നബി (സ) ഒരു പെരുന്നാൾ ദിവസം നൂറ് ഒട്ടകത്തെ ഉള്ഹിയ്യത്തറുത്തിട്ടുണ്ട് (തുഹ്ഫ: 9 /315) 

തിരുനബി (സ) യുടെ കരംകൊണ്ട് എത്ര അറുത്തു?

നൂറു ഒട്ടകത്തിൽ 63 ഒട്ടകത്തെ നബി (സ) അറുത്തു ബാക്കി 37 ഒട്ടകത്തെ അറവു നടത്താൻ അലി (റ) വിനെ ഏൽപിച്ചു (ഇആനത്ത്: 2/623) 

സുന്നത്തായ ഉള്ഹിയ്യത്ത് എത്രവിധം?

രണ്ടുവിധം സുന്നത്ത് കിഫായ, സുന്നത്ത് ഐൻ എന്നിങ്ങനെ രണ്ടു വിധം ഒരാൾ അറുക്കുന്ന ഉള്ഹിയ്യത്ത് അയാളുടെ ചെലവിൽ ജീവിക്കുന്നവർക്കു കൂടി വകവെക്കപ്പെടും അതായത് അവരിൽ നിന്നെല്ലാം സുന്നത്തായ കൽപന ഒഴിവാകും അതേ സമയം ഉള്ഹിയ്യത്തിന്റെ പ്രതിഫലം അറവു നടത്തി ദാനം ചെയ്തവനിൽ മാത്രം നിക്ഷിപ്തമാകുന്നതാണ് ഇതാണു സുന്നത്തു കിഫായ തന്നെ ആശ്രയിച്ചു  കഴിയുന്നവരില്ലെങ്കിൽ ഉള്ഹിയ്യത്ത് കർമം നടത്തൽ സുന്നത്ത് ഐനാണ് (വ്യക്തിപരമായ സുന്നത്ത്) (തുഹ്ഫ: 9/344) 

ഉള്ഹിയ്യത്തിന്റെ കർമത്തിൽ ഷെയറാക്കാമോ?

അതേ, ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തിൽ മറ്റുള്ളവരെ പങ്കു ചേർക്കാം ഉദാ: എന്റെ ഉള്ഹിയ്യത്തു കർമത്തിന്റെ പ്രതിഫലത്തിൽ എന്റെ കുടുംബത്തിലുള്ളവരെ ഞാൻ പങ്കുചേർക്കുന്നു എന്നു പറയൽ ഇങ്ങനെ പറഞ്ഞാൽ കുടുംബത്തിനും പുണ്യം കിട്ടും  (ശർവാനി: 9/349, ബിഗ്യ, പേജ്:162) 

പ്രതിഫലത്തിൽ പങ്കുചേർക്കൽ മറ്റുള്ളവരുടെ ഉള്ഹിയ്യത്താകുമോ?

ഇല്ല, അതു മറ്റുള്ളവരുടെ ഉള്ഹിയ്യത്തു കർമമായി പരിഗണിക്കില്ല (തുഹ്ഫ: 9/367) 

ഏതു നിറത്തിലുള്ള മൃഗമാണ് നല്ലത്?

യഥാക്രമം വെളുപ്പ്, മഞ്ഞ, മങ്ങിയ വെളുപ്പ്, നീല, ചുവപ്പ്, വെളുപ്പിനോടുകൂടെ കറുപ്പോ ചുവപ്പോ ചേർന്നത്, കറുപ്പ് എന്നീ ക്രമത്തിലാണ് നിറത്തിന്റെ മഹത്വം (തുഹ്ഫ:9/350) 

തടിയുള്ള മൃഗത്തിനു കൂടുതൽ മഹത്വമുണ്ടോ?

അതേ, അതിനാണു ആദ്യ പരിഗണന പിന്നീട് ആൺമൃഗം എന്നതും ശേഷം നിറവും പരിഗണനയാണ് 

ഏറ്റവും മുന്തിയ മൃഗം?

തടിച്ചുകൊഴുത്ത വെളുത്ത ആൺമൃഗം (തുഹ്ഫ: 9/350) 

ഉള്ഹിയ്യത്ത് മൃഗങ്ങൾ ഏതെല്ലാം?

അഞ്ചു വയസ്സായ ഒട്ടകം, രണ്ടു വയസ് പൂറത്തിയായ മാട് (കാള, പശു, എരുമ, പോത്ത്, രണ്ടു വയസ് പൂർത്തിയായ കോലാട്, ഒരു വയസ് പൂർത്തിയാവുകയോ ആറുമാസത്തിനുശേഷം പല്ല് കൊഴിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് ഉള്ഹിയ്യത്ത് മൃഗങ്ങൾ (തുഹ്ഫ: 9/348) 

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ആട് ഏതാണ്?

കോലാട് അതിനു  രണ്ടു വയസ് പൂർത്തിയാവണം 

ഉള്ഹിയ്യത്ത് മൃഗത്തിന്റെ നിബന്ധന?

മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനത മൃഗത്തിൽ ഉണ്ടാവരുത് (തുഹ്ഫ: 9/351) 

ഉടച്ച മൃഗം ഉള്ഹിയ്യത്തിനു പറ്റുമോ?

പറ്റും ഉടച്ച മൃഗമാവുക, വാൽ, അകിട് എന്നിവ സൃഷ്ടിപ്പിൽ തന്നെ ഇല്ലാതിരിക്കുക, കൊമ്പില്ലാതിരിക്കുക എന്നിവയൊന്നും ന്യൂനതയല്ല കൊമ്പുള്ളതിനെ അറുക്കലാണ് ഉത്തമം കൊമ്പ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കിൽ അതു ന്യൂനതയാണ് (തുഹ്ഫ: 9/351-353) 

ഉള്ഹിയ്യത്ത് കർമം നിർവഹിക്കാൻ നബി (സ) ക്ക് നിർബന്ധമായിരുന്നോ?

അതേ, ഒരു തവണ ആ കർമം നിർവഹിക്കൽ നബി (സ) ക്ക് നിർബന്ധമായിന്നു (ഇആനത്ത്: 2/325) 

നജസുള്ള കത്തികൊണ്ട് അറവ് നടത്താമോ?

അതേ, ഒരു മൃഗത്തെ അറത്ത് കത്തി കഴുകാതെ നജസുള്ള ആ കത്തികൊണ്ട് മറ്റൊരു മൃഗത്തെ അറത്താൽ ആ അറവ് സ്വഹീഹാണ് (തുഹ്ഫ: 1/176) 

മറ്റൊരാൾക്കുവേണ്ടി ഉള്ഹിയ്യത്തറുക്കാമോ?

അവന്റെ സമ്മതത്തോടെ അറക്കാം (തുഹ്ഫ: 9/368) 

മരണപ്പെട്ടവർക്കു വേണ്ടി അറക്കാമോ?

മയ്യിത്തിന്റെ വസ്വിയ്യത്തുണ്ടെങ്കിൽ അറക്കാം (തുഹ്ഫ: 9/368) 

ചെറിയ കുട്ടികൾക്കു വേണ്ടി ഉള്ഹിയ്യത്തറക്കാമോ?

പിതാവ്, പിതാമഹൻ എന്നിവർ അവരുടെ ധനത്തിൽ നിന്നു ചെറിയ കുട്ടികൾക്കുവേണ്ടി അറക്കാവുന്നതാണ് കുട്ടികളുടെ ധനം എടുത്തു അറക്കാവതല്ല പിതാവും പിതാമഹനും അല്ലാത്തവർ ചെറിയ കുട്ടികൾക്കുവേണ്ടി ഉള്ഹിയ്യത്ത് അറക്കാവതല്ല (തുഹ്ഫ: 9/344) 

ഉള്ഹിയ്യത്തറത്തവനു അതിന്റെ പേരിൽ സുന്നത്തു നിസ്കാരമുണ്ടോ?

മറുപടി: ഉണ്ട് അറവു നടത്തിയ ഉടനെ രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്താണ് (അൽ ബറക, പേജ്: 411) 

പശു, എരുമ എന്നിവയെ ഉളുഹിയ്യത്ത് അറുക്കാമോ? 

അറുക്കാം പക്ഷെ ആൺമൃഗം ആവലാണ് ശ്രേഷ്ഠത 

ഉളുഹിയ്യത്തിന്റെ മൃഗത്തിന്റെ വയസ്സ് എത്രയായിരിക്കണം? 

ഒട്ടകം: അഞ്ച് വയസ്സ്,മാട്, കോലാട്: രണ്ട് വയസ്സ് നെയ്യാട്: ഒരു വയസ്സ് 

ഉളുഹിയ്യത്തറുക്കുന്ന ദിവസങ്ങൾ എത്രയാണ്? 

നാല് ദിവസം ദുൽഹജ്ജ 10,11, 12,13 

ഉളുഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏതൊക്കെയാണ്? 

മെലിഞ്ഞ് ശുഷ്കിച്ചത്, വാലോ ചെവിയോ അൽപമെങ്കിലും മുറിഞ്ഞത്, മുടന്തുള്ളത്, അന്ധതയുള്ളത്, ചൊറിയുള്ളത് 

ഉളുഹിയ്യത്ത് അറുത്തവന് അതിൽ നിന്ന് തിന്നാൻ പറ്റുമോ? 

തീർച്ചയായും മാത്രമല്ല അത് കരളായിരിക്കലും സുന്നത്താണ് എന്നാൽ നേർച്ചയാക്കിയതാണെങ്കിൽ അറുത്തവനും അവൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും തിന്നാൻ പറ്റുകയില്ല 

നേരിട്ട് അറുക്കലാണോ ഉത്തമം മറ്റൊരാളെ ഏൽപ്പിക്കുന്നതാണോ ഉത്തമം? 

നേരിട്ട് അറുക്കലാണ് ഉത്തമം കഴിയില്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുകയും അവിടെ ഹാജരാവുകയും വേണം 

നിയ്യത്ത് വെക്കേണ്ടതുണ്ടോ? എപ്പോഴാണ് വെക്കേണ്ടത്? 

ഉണ്ട് അറുക്കുമ്പോഴോ അറുക്കാൻ നിജപ്പെടുത്തുമ്പോഴോ നിയ്യത്ത് വെക്കണം 

ഒരാടിനെ അറുക്കലാണോ മാടിന്റെ ഏഴിലൊന്നിൽ ചേരലാണോ കൂടുതൽ ഉത്തമം? 

ഒരാടിനെ അറുക്കലാണ് (തുഹ്ഫ 9/407) 

കൊമ്പ് മുറിഞ്ഞതിനെ അറുക്കാൻ പറ്റുമോ? 

അറുക്കാമെങ്കിലും കൊമ്പുള്ളതാണ് ഉത്തമം (തുഹ്ഫ 9/411) 

ഉളുഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കിയ മൃഗം മോഷണം പോവുകയോ അസുഖം വന്ന് അറുക്കാൻ പറ്റാതാവുകയോ ചെയ്താൽ വേറെ മൃഗം വാങ്ങി അറുക്കേണ്ടതുണ്ടോ? 

തന്റെ പക്കൽ നിന്നുള്ള വീഴ്ച കൂടാതെയാണെങ്കിൽ വേറെ അറുക്കേണ്ടതില്ല (തുഹ്ഫ 9/356) 

ഉളുഹിയ്യത്തിന്റെ മാംസം അമുസ്ലിംമിന് കൊടുക്കാമോ? 

മറുപടി: ഇല്ല 

മരിച്ചു പോയവർക്ക് വേണ്ടി ഉളുഹിയ്യത്ത് അറുക്കാമോ? 

അവർ വസ്വിയ്യത്ത് ചെയ്തെങ്കിൽ മാത്രമേ അറുക്കാവൂ ഇല്ലെങ്കിൽ അനുവദനീയമല്ല എന്നാൽ കടം, സക്കാത്ത്, ഹജ്ജ് തുടങ്ങിയവ വസ്വിയ്യത്ത് ഇല്ലാതെ തന്നെ നമുക്ക് വീട്ടാം കാരണം അലി(റ) നബി(സ) യുടെ വസ്വിയ്യത്ത് പ്രകാരം തങ്ങളുടെ കാലശേഷം തങ്ങൾക്ക് വേണ്ടി ഉളുഹിയ്യത്ത് അറുത്തിരുന്നു (തുഹ്ഫ 9/427) 

ഉളുഹിയ്യത്ത് അറുക്കുന്നവൻ മുടി, നഖം തുടങ്ങിയവ മുറിക്കാൻ പാടില്ലാത്തത് എന്ന് മുതലാണ് 

ദുൽഹിജ്ജ ഒന്നു മുതൽ അറുക്കുന്നതുവരെ 

ഉളുഹിയ്യത്തിനെയും അഖീഖത്തിനെയും കൂടി കരുതി ഒരു ആടിനെ അറുത്താൽ മതിയാകുമോ? 

ഇല്ല മാത്രമല്ല രണ്ടും ലഭിക്കുകയുമില്ല എന്നാൽ മാടാണെങ്കിൽ മതിയാകും (തുഹ്ഫ 9/429) 


സംഘടിത ഉള്ഹിയ്യത്ത്

മാട് വർഗതിൽ പെട്ട  ജീവിയെ രണ്ടുപേർ ചേർന്നു ഉള്ഹിയ്യത്തറക്കാമോ?

അതേ, അറുക്കാം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് പേർ ചേർന്നും അറവ് നടത്താം (തുഹ്ഫ: 9/349) 

രണ്ടുപേർ ചേർന്നു അറക്കുമ്പോൾ തുല്യ സംഖ്യ എടുക്കാമോ?

രണ്ടുപേരും തുല്യ സംഖ്യ എടുക്കണമെന്ന നിയമമൊന്നുമില്ല ഒരു മാട് (കാള, പശു, എരുമ, പോത്ത്) ഏഴു ഉള്ഹിയ്യത്തിന്റെ സ്ഥാനത്താണ് ഉള്ഹിയ്യത്തിൽ ഷെയർ കൂടുന്നവർ നൽകുന്ന കാശ് ആ മൃഗത്തിന്റെ ഏഴിൽ ഒന്നുണ്ടാവണം അതു നിർബന്ധമാണ് അപ്പോഴാണല്ലോ ഏഴിൽ ഒരു ഓഹരിയാവുക 

രണ്ടുപേർ ചേർന്നു ഒരു മാടിനെ ഉള്ഹിയ്യത്തറക്കുമ്പോൾ രണ്ടുപേർക്കും മൂന്നര വീതം ഉള്ഹിയ്യത്താണോ ലഭിക്കുക?

അല്ല അര ഉള്ഹിയ്യത്തില്ലല്ലോ രണ്ടുപേർക്കും മൂന്നു ഉള്ഹിയ്യത്ത് ലഭിക്കും പിന്നെ ഒരു ഏഴിലൊന്നിന്റെ രണ്ടു അരകൾ രണ്ടുപേർക്കും കേവലം സ്വദഖയായും (ഉള്ഹിയ്യത്തായിട്ടല്ല) പരിഗണിക്കും അപ്പോൾ രണ്ടുപേർ ചേർന്നു ഒരു മാട് വർഗത്തിൽ പെട്ടതിനെ അറുക്കുമ്പോൾ ഒരാൾ നാലു ഓഹരിയും മറ്റെയാൾ മൂന്നു ഓഹരിയും എടുത്താൽ ഏഴ് ഉള്ഹിയ്യത്തിന്റെ പ്രതിഫലം ലഭിക്കും ഒരാൾക്ക് നാല്  ഉള്ഹിയ്യത്തും കൂട്ടുകാരനു മൂന്നു ഉള്ഹിയ്യത്തും (ഫതാവൽ കുബ്റ: 4/256) 

ഏഴിലൊന്നിന്റെ അര ഉള്ഹിയ്യത്തായി പരിഗണിക്കാത്തതെന്തുകൊണ്ട്?

ഓരോ ഏഴിലൊന്നും ഓരോ ആടിന്റെ സ്ഥാനത്താണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട് (ഫതാവൽ കുബ്റ: 4/256) അതു തന്നെയാണ് കാരണം ഏഴിലൊന്നിന്റെ പകുതി ഒരു ആടിന്റെ പകുതിയുടെ സ്ഥാനത്താകും അതു ഉള്ഹിയ്യത്താവില്ലല്ലോ 

ഓരോ ഏഴിലൊന്നുകളാണ് പരിഗണനയെങ്കിൽ ഏഴു ഉദ്ദേശ്യത്തോടെ ഒരു മാടിനെ അറക്കാമോ?

അതേ, അറക്കാം ഒരു ഏഴിലൊന്നു ഉള്ഹിയ്യത്തും മറ്റൊരു ഏഴിലൊന്ന് അഖീഖത്തും മറ്റൊരു ഏഴിലൊന്ന് കേവലം ഇറച്ചിയും മറ്റൊരു ഏഴിലൊന്ന് ഹജ്ജുമായി ബന്ധപ്പെട്ട ദണ്ഡവും ഇങ്ങനെ വിവിധ ഉദ്ദേശ്യത്തോടെ അറക്കാം ഏഴുപേർ കൂടി അറക്കുമ്പോൾ ഏഴുപേർക്കും വിവിധ ഉദ്ദേശ്യവും ആകാം കാരണം, ഓരോ ഏഴിലൊന്നുകളാണ് പരിഗണിക്കുക (ഫതാവൽ കുബ്റ: 4/256) 

ഒരാൾക്ക് ആറ് അഖീഖത്തും ഒരു ഉള്ഹിയ്യത്തും കരുതാമോ?

കരുതാം ഒരു വിരോധവുമില്ല അവനു ആറ് അഖീഖത്തിന്റെ പ്രതിഫലവും ഒരു ഉള്ഹിയ്യത്തിന്റെ പ്രതിഫലവും കിട്ടും (തുഹ്ഫ: ശർവാനി: 9/349) 

ഓരോ ഏഴിലൊന്നുകളും വേറെവേറെയാണ് പരിഗണനയെങ്കിൽ ഷെയറുടമകളിൽ ഒരാൾ നിഷിദ്ധമായ അറവ് ഉദ്ദേശിച്ചാലോ?

അങ്ങനെ ഉദ്ദേശിച്ചാലും ഷെയറുടമകളായ മറ്റുള്ളവർക്ക് ഉള്ഹിയ്യത്തിന്റെ പ്രതിഫലം കിട്ടും ഹറാമായ അറവ് ഉദ്ദേശിച്ചവനു ഉള്ഹിയ്യത്ത് കിട്ടുകയുമില്ല പ്രത്യുത കുറ്റം കിട്ടും (ഫതാവൽ കുബ്റ: 4/256) 

ഒരു മാട് ഏഴ് ഉള്ഹിയ്യത്തിന്റെ സ്ഥാനത്താണെങ്കിൽ ഏഴ് ഓഹരി സ്വദഖഃ ചെയ്യൽ നിർബന്ധമാകില്ലേ?

അതേ, ഏഴു പേർ ചേർന്നാണ് മാടിനെ അറുക്കുന്നതെങ്കിൽ ഏഴുപേരും അവരുടെ ഓഹരിയിൽ നിന്നു അൽപം സ്വദഖ ചെയ്യൽ നിർബന്ധമാണ് അതിനു ഇബ്നു ഖാസിം (റ) കാരണം പറഞ്ഞത്, 'ഇതു ഏഴ് ഉള്ഹിയ്യത്തിന്റെ വിധിയിലാണല്ലോ' എന്നാണ് (ഇബ്നു ഖാസിം: 9/349) 

ഒരാൾ മാത്രം ഒരു മാടിനെ അറുക്കുകയാണെങ്കിലോ?

ഒരാളുടെ ഉള്ഹിയ്യത്തു മൃഗമാണല്ലോ അതിനാൽ ആ മൃഗത്തിന്റെ അൽപം സ്വദഖ ചെയ്യലേ നിർബന്ധമുള്ളൂ ഏഴു ഓഹരി സ്വദഖ ചെയ്യൽ നിർബന്ധമില്ല 

ഒരാൾ ഒന്നിലധികം മൃഗത്തെ അറുക്കുകയാണെങ്കിലോ?

പ്രസ്തുത വേളയിൽ ഓരോ മൃഗത്തിൽ നിന്നും അൽപം സ്വദഖ ചെയ്യണം ഒന്നിലധികം മൃഗമാണല്ലോ അതേസമയം ഒരാൾ ഒന്നിലധികം മൃഗത്തെ ഉള്ഹിയ്യത്തറക്കുമ്പോൾ ഏതെങ്കിലും മൃഗത്തിൽനിന്നു അൽപം സ്വദഖഃ ചെയ്താൽ മതി ഓരോ മൃഗത്തിൽനിന്നും സ്വദഖഃ ചെയ്യണമെന്നില്ല എന്ന വീക്ഷണവും ഫുഖഹാഇനുണ്ട് (ഖൽയൂബി: 4/252) 

ഒരു മാടിന്റെ ഒരു ഏഴിലൊന്നിൽ രണ്ടുപേരും മറ്റൊരു ഏഴിലൊന്നിൽ അവർ രണ്ടുപേരും തന്നെ ഷെയറായാലോ?

രണ്ടുപേർക്കും ഉള്ഹിയത്ത് ലഭിക്കില്ല ഒരു മാടിന്റെ ഏഴിലൊന്നു വീതം രണ്ടുപേർക്കും ഈ രൂപത്തിൽ ലഭിക്കുന്നുണ്ടെങ്കിലും ഏഴിലൊന്നിന്റെ 'രണ്ടു അരകൾ' ചേർന്നാണ് ഏഴിലൊന്നായത് അതു പരിഗണനീയമല്ല ഓരോ ഏഴിലൊന്നുകളാണല്ലോ പരിഗണന (അരയും കാലും മുക്കാലുമല്ല) (ഫതാവൽ കുബ്റ: 4/256) 

ഒട്ടകത്തിൽ ഷെയറാവുന്നതിനേക്കാൾ പുണ്യം ഒരു ആടിനെ അറവു നടത്തലാണല്ലോ ഒട്ടകത്തിലെ ഷെയർ ഏഴിലൊന്നിനേക്കാൾ കൂടുതലുണ്ടെങ്കിലും എന്നു ഫുഖഹാഅ് പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ത്?

ഒരാൾ ഒട്ടകത്തിന്റെ ആറു ഓഹരിയിൽ ചേർന്നാലും അതിലേറെ പുണ്യം അത്ര മാംസം വരാത്ത ആടിനെ അറക്കലാണ് എന്നതാണ് ആ പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ വസ്തുത ഫുഖഹാഅ് പറഞ്ഞ ഉദാഹരണത്തിൽ നിന്നു (മുഗ്നി, ശർവാനി: 9/350) സുതരാം വ്യക്തമാണ് ഇത്തരം ഇബാറത്തുകളിലെ  ഒരു സുബ്ഇനേക്കാൾ കൂടുതൽ എന്നതിനു ഒന്നര സുബ്അ്, ഒന്നേമുക്കാൽ സുബ്അ് എന്നിങ്ങനെ അർത്ഥം വ്യാഖ്യാനിച്ച് ഫുഖഹാക്കൾ വ്യക്തമായി പറഞ്ഞ 'ഓരോ സുബ്അ് ഓരോ ആടിന്റെ സ്ഥാനത്താണ് ' എന്ന മസ്അലക്ക് എതിരാക്കരുത് ഫുഖഹാഇന്റെ ഉദ്ധരണിയെ വെറുതെ വൈരുദ്ധ്യത്തിലാക്കരുത് 

ഗൾഫിലുള്ളവന്റെ ഉള്ഹിയ്യത്ത് നാട്ടിൽ അറക്കൽ?

ഗൾഫിലുള്ളവൻ  നാട്ടിൽ ഉള്ഹിയ്യത്തറക്കാൻ വേണ്ടി ഒരാളെ വക്കാലത്താക്കിയാൽ നാട്ടിൽ അറക്കാം ഏൽപിച്ചവന്റെ നാട്ടിലോ മറ്റു നാട്ടിലോ അറക്കാം (ഇആനത്ത്: 2/326) 

വയസ് തികയാത്തതിനെ ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാലോ?

നേർച്ചയാക്കിയ വർഷം ഉള്ഹിയ്യത്തിന്റെ സമയത്തുതന്നെ അതിനെ അറക്കണം വയസ് തികയോളം പിന്തിപ്പിക്കാവതല്ല ഉള്ഹിയ്യത്ത് മൃഗത്തിന്റെ വരസ് തികയാത്തതുകൊണ്ട് അതു ഉള്ഹിയ്യത്തായി പരിഗണിക്കില്ല എങ്കിലും ഉള്ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും അതിനു ബാധകമാണ് അതിനെ അറക്കലോടെ നേർച്ച വീടുന്നതാണ് ഉള്ഹിയ്യത്തിന്റെ സമയത്ത് അറുത്തിട്ടില്ലെങ്കിൽ വേഗത്തിൽ ഖളാഅ് വീട്ടണം അടുത്ത ബലിപെരുന്നാൾ വരെ പിന്തിപ്പിക്കൽ അനുവദനീയമല്ല (തുഹ്ഫ: 9/369) വയസ് തികയാത്തതിനെ നേർച്ചയാക്കിയതിന്റെ പേരിൽ വയസ് തികഞ്ഞതിനെ അറക്കൽ നിർബന്ധമില്ല

ഞാനിതിനെ ഉള്ഹിയ്യത്താക്കി എന്നു പറഞ്ഞാൽ നേർച്ചയാകുമോ?*

അതേ ഒരു മൃഗത്തെ നിർണയിച്ച് ഞാനിതിനെ ഉള്ഹിയ്യത്താക്കി, ഇതു ഉള്ഹിയ്യാത്താണ് എന്നിങ്ങനെ പറഞ്ഞാൽ അതു നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താകും സുന്നത്തായ ഉള്ഹിയ്യത്തുദ്ദേശിച്ച് മൃഗത്തെ വാങ്ങിയവനോട് മറ്റൊരാൾ ഇതു എന്തിനുള്ളതാണെന്ന് ചോദിക്കുകയും 'ഉള്ഹിയ്യത്താണ് ' എന്നു പറയുകയും ചെയ്താൽ അത് നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തായി മാറും ഇതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം (തുഹ്ഫ: 9/350, നിഹായ: 8/137) 

നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മുഴുവനും അറവു നടത്തപ്പെട്ട നാട്ടിലെ ഫഖീർ, മിസ്കീനിനു സ്വദഖ ചെയ്യൽ നിർബന്ധമാണ് ഉള്ഹിയ്യത്തറത്തവനോ തന്റെ നിർബന്ധ ചെലവിൽ കഴിയുന്നവർക്കോ ഭക്ഷിക്കൽ നിഷിദ്ധമാണ് (തുഹ്ഫ: 9/355, നിഹായ: 8/137) അഖീഖത്ത് നേർച്ചയാക്കിയാലും ഈ  കാര്യം ശ്രദ്ധിക്കാണം 

നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് നബികുടുംബഹത്തിനു നൽകാമോ?

നൽകാവതല്ല നൽകൽ നിഷിദ്ധമാണ് (തുഹ്ഫ: 7/161) 

ഉള്ഹിയ്യത്തു മാംസം അമുസ്ലിംകൾക്ക് നൽകാമോ?

മറുപടി: പാടില്ല സുന്നത്തും നേർച്ചകൊണ്ട് നിർബന്ധമാക്കപ്പെട്ടതുമായ ഒരു ഉള്ഹിയ്യത്തു മാംസവും തോലും മറ്റും  അമുസ്ലിംകൾക്ക് നൽകാവതല്ല നൽകൽ നിഷിദ്ധമാണ് (തുഹ്ഫ: 9/363) അഖീഖത്തിലും ഈ വിധിയാണുള്ളത് (ബാജൂരി: 2/313) 

കോഴിയെ ഉള്ഹിയ്യത്തറക്കാമോ?

ആട്, മാട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്ത് മൃഗങ്ങൾ ഇവയല്ലാത്തതിൽ ഉള്ഹിയ്യത്ത് സാധുവല്ല നാലു മദ്ഹബുകളിലും ഇതുതന്നെയാണ് നിയമം  

എന്നാൽ കോഴി, അരയന്നം എന്നിവ അറത്താലും ഉള്ഹിയത്തായി സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) വിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇമാം ബുജൈരിമി (റ) പ്രസ്താവിക്കുന്നു: നിബന്ധനയൊത്ത ആട്, മാട്, ഒട്ടകം എന്നിവയെ അറക്കാൻ കഴിയാത്തവരോട് ഉള്ഹിയ്യത്തിലും അഖീഖത്തിലും ഇബ്നു അബ്ബാസ് (റ) വിനെ അനുകരിച്ച് (തഖ്ലീദ്) കോഴി, അരയന്നം എന്നിവയെ അറക്കാൻ എന്റെ ഉസ്താദ് കൽപിച്ചിരുന്നു (ഹാശിയതുൽ ബുജൈരിമി: 2/304, ബിഗ് യ, പേജ്: 162) 

മുസ്ലിംകളായ മുബ്തദഇനു ഉള്ഹിയത്ത് നൽകാമോ*

നൽകുന്നതുകൊണ്ട് തെറ്റില്ല അവരുടേത് സ്വീകരിക്കുന്നതും തെറ്റല്ല അനുവദനീയമാണ് (മുബാഹ്) സജ്റിന്റെ സ്വഭാവത്തോടെ ഫുഖഹാഅ് പ്രസ്താവിക്കുന്നത് വിധിയാണെന്ന് തെറ്റിദ്ധരിക്കരുത് 

സുന്നത്തായ ഉള്ഹിയത്തിന്റെ മാംസം മറ്റു നാട്ടിലേക്ക് നീക്കാമോ?

സ്വദഖഃ ചെയ്യൽ നിർബന്ധമായ അൽപ മാംസം അറക്കപ്പെട്ട നാട്ടിൽ നൽകൽ മാത്രമേ നിർബന്ധമുള്ളൂ ബാക്കി മറ്റു നാട്ടിലേക്ക് നീക്കംചെയ്യൽ അനുവദനീയമാണ് (ഹാശിയതു നിഹായ) 

ഉള്ഹിയ്യത്തിന്റെ നിയ്യത്ത് എങ്ങനെ?

മറുപടി: സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി എന്നു മതി (ഇആനത്ത്: 2/376) 

മൃഗത്തെ നിജപ്പെടുത്തി ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാൽ പിന്നീട് അറവുവേളയിൽ നിയ്യത്ത് വേണോ?

വേണ്ട, എന്നാൽ നിജപ്പെടുത്താതെ ഒരു മൃഗത്തെ ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാൽ നിയ്യത്ത് അനിവാര്യമാണ് (ഇആനത്ത്: 2/518) 

ഉള്ഹിയ്യത്തിന്റെ നിയ്യത്ത് എപ്പോൾ വേണം?

അറവു നടത്തുമ്പോഴോ ആ ജീവിയെ അതിനായി നിർണയിക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യാം നിയ്യത്ത് ചെയ്യാൻ വേറെ ഒരാളെ ഏൽപിക്കുകയും ചെയ്യാം (തുഹ്ഫ, ശർവാനി, ഇബ്നു ഖാസിം: 9/362) 

നിയ്യത്ത് ചെയ്യാൻ ഒരാളെയും അറവിനു മറ്റൊരാളെയും ഏൽപിക്കാമോ?

ഏൽപിക്കാം, അതുപോലെ രണ്ടിനുംകൂടി ഒരാളെയും ഏൽപിക്കാം രണ്ടു രീതിയും പറ്റും (തുഹ്ഫ, ശർവാനി: 9/362) 

ആധുനിക യന്ത്രം കൊണ്ടുള്ള അറവ് പറ്റുമോ?

പറ്റില്ല അതു അറവായി പരിഗണിക്കില്ല അതുമൂലം ജീവൻ നഷ്ടപ്പെട്ടത് ശവമാണ് ശവം തിന്നൽ ഹറാമാണ് അറവ് സാധുവാകാൻ അറക്കുന്നവൻ, അറവു ജീവി, അറക്കുകയെന്ന കർമം അറക്കാനുപയോഗിക്കുന്ന ആയുധം എന്നിവ അനിവാര്യമാണ് (തുഹ്ഫ: 9/312) യന്ത്ര അറവിൽ ഇവ അംഗീകൃത രീതിയിൽ ഉണ്ടാകുന്നില്ല 

ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണല്ലോ എന്നാൽ അഖീഖത്തിന്റെ മാത്രം ബാധകമായവ ഏതെല്ലാം?

(1) അഖീഖത്തിനു നിശ്ചിത സമയമില്ല കുട്ടി ജനിച്ചതു മുതൽ പ്രായപൂർത്തിയാകും മുമ്പ് എപ്പോൾ വേണമെങ്കിലും അഖീഖത്ത് അറവ് രക്ഷിതാവിനു നടത്താം പ്രായപൂർത്തിയായതിനുശേഷം സ്വശരീരത്തിനുവേണ്ടി എപ്പോൾ വേണമെങ്കിലും അഖീഖത്തറവ് നടത്താം (ഉള്ഹിയ്യത്തിനു നിശ്ചിത സമയമുണ്ട്) 

(2) അഖീഖത്ത് മാംസം ദരിദ്രർക്ക് വേവിക്കാതെ നൽകൽ നിർബന്ധമില്ല (ഉള്ഹിയ്യത്ത് മാംസത്തിൽ അതു നിർബന്ധമാണ്) 

(3) അഖീഖത്ത് മാംസം ധനികർക്ക് ഹദ് യ യായി ലഭിച്ചാൽ  ഉടമസ്ഥാവകാശം വരുന്നതാണ് (ഉള്ഹിയ്യത്ത് മാംസത്തിൽ ഉടമാവകാശം ഉണ്ടാവില്ല) 

(4) അഖീഖത്ത് മൃഗത്തിന്റെ വലതു കുറക് വേവിക്കാതെ പേറ്റിച്ചിക്ക് നൽകൽ സുന്നത്തുണ്ട് 

(5) അഖീഖത്ത് മൃഗത്തിന്റെ എല്ലുകൾ പൊട്ടിക്കാതിരിക്കൽ സുന്നത്തുണ്ട് 

(6) അഖീഖത്ത് മാംസത്തിൽ നിന്നു അൽപം ദരിദ്രർക്ക് നൽകൽ നിർബന്ധവും അതു വേവിച്ച് നൽകൽ സുന്നത്തുമാണ് (തുഹ്ഫ: 9/372) 

ഉള്ഹിയ്യത്തിന്റെ തോല് എന്തു ചെയ്യണം?

സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ സ്വന്തം ആവശ്യത്തിനുപയോഗിക്കുകയോ സ്വദഖഃ നൽകുകയോ ചെയ്യാം നിർബന്ധമായ ഉള്ഹിയ്യത്താണെങ്കിൽ സ്വദഖഃ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ: 9/365) 

ഉള്ഹിയ്യത്തിന്റെ തോലു വിൽക്കാമോ?

പാടില്ല സുന്നത്തും നിർബന്ധവുമായ ഏതു ഉള്ഹിയ്യത്താണെങ്കിലും ആ കർമം നടത്തിയവർക്കും അനന്തരവകാശികൾക്കും ഹറാമാണ് (തുഹ്ഫ: 9/365) 

അറവിന്റെ പ്രതിഫലമായി തോല് നൽകാമോ?

പറ്റില്ല അതും നിഷിദ്ധം തന്നെ തോല് വിറ്റ കാശ് സ്വദഖഃ ചെയ്താലും കുറ്റത്തിൽ നിന്നു ഒഴിവാകില്ല കാരണം, തോല് വിൽക്കുകയെന്ന ഹറാം ചെയ്തു തോല്, ഉള്ഹിയ്യത്തു അറക്കപ്പെട്ട നാട്ടിലെ ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖഃ ചെയ്യുക അവർക്കതു വിൽക്കാമല്ലോ 

യത്തീം കുട്ടികൾക്ക് തോല് സ്വദഖഃ ചെയ്യാമോ?

പറ്റില്ല ഫഖീർ, മിസ്കീൻ എന്നിവർക്കേ പറ്റൂ അതിനു പ്രായം തികയണം യത്തീം കുട്ടി പ്രായം തികഞ്ഞവനല്ലല്ലോ ഫഖീർ, മിസ്കീനിൽ യത്തീം കുട്ടി ഉൾപ്പെടില്ല യത്തീമിന്റെ സംദക്ഷണം മറ്റുള്ളവരുടെ ബാധ്യതയാണ് അതോടെ അവൻ ഫഖീറോ മിസ്കീനോ ആവില്ല യത്തീമിനു സകാത്തു നൽകാനും പറ്റില്ല ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിൽ നിന്നും ഈ വസ്തുത ബോധ്യമാകും 

മഹല്ല് കേന്ദ്രീകരിച്ചുള്ള ഉള്ഹിയ്യത്തറവ് പഴയ കാലത്തുണ്ടോ?

നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലൊന്നും അങ്ങനെ ഒരു സംഘടിത ഉള്ഹിയ്യത്ത് മഹല്ല് കേന്ദ്രീകരിച്ചു നടത്തുന്നത് പറഞ്ഞു കാണുന്നില്ല പഴയ കാലത്ത് ഇല്ലെന്നാണ് അതുകൊണ്ട് വ്യക്തമാവുന്നത് 

സംഘടിത ഉള്ഹിയ്യത്തുകൊണ്ട് പ്രശ്നമുണ്ടോ?

നിബന്ധനകൾ പാലിച്ചാൽ പ്രശ്നമൊന്നുമില്ല ഉള്ഹിയ്യത്ത് സ്വഹീഹാകും വലിയ പുണ്യം നഷ്ടപ്പെട്ടാലും 

വലിയ പുണ്യം എങ്ങനെയാണു നഷ്ടപ്പെടുക?

ആടിനെ അറവു നടത്തലാണ് മാടിൽ ഷെയർ ആവുന്നതിനേക്കാൾ പുണ്യം വീട്ടുകാരുടെ മുന്നിൽവെച്ച് അറവ് നടത്തൽ സുന്നത്തുണ്ട് ഇവയെല്ലാം നഷ്ടപ്പെടുന്നുണ്ടല്ലോ 

മഹല്ല് കമ്മിറ്റിക്കാർ പലരിൽ നിന്നും പണം വാങ്ങി നിരവധി മൃഗങ്ങളെ അറുത്താലോ?

അതു അറവാകും ഉള്ഹിയ്യത്താകില്ല ഉള്ഹിയ്യത്തിന്റെ നിബന്ധനകൾ പലരും നഷ്ടപ്പെടുത്തുന്നുണ്ട് 

സംഘടിത ഉള്ഹിയ്യത്ത് സാധുവാകാൻ എന്തെല്ലാം ശ്രദ്ധിക്കണം?

തന്റെ ഉള്ഹിയ്യത്ത് മൃഗം ഇന്നതാണെന്നു അറിയണം താൻ നൽകിയ സംഖ്യ ആ മൃഗത്തിന്റെ ഏഴിൽ ഒന്നിൽ ചുരുങ്ങരുത് നിയ്യത്ത് സ്വയം ചെയ്യുകയോ അതിനു മറ്റൊരാളെ ഏൽപിക്കുകയോ വേണം ഷെയറുടമകളിൽ ആരെങ്കിലും അറക്കുകയാണെങ്കിൽ മറ്റുള്ളവരുടെ സമ്മതവും പുറമെയുള്ളവർ അറക്കുകയാണെങ്കിൽ ഷെയറുടമകൾ വക്കാലത്താക്കുകയും വേണം 

അറക്കാൻ വന്ന വ്യക്തിയെ ഏഴുപേരും വക്കാലത്താക്കണോ?

ഏഴു പേരും വക്കാലത്താക്കണം ഏഴിൽപെട്ട ഒരാളോട് മറ്റു ആറുപേർ 'നീ സൈദിനോട് അറവു നടത്താൻ പറയൂ, ഞങ്ങൾ അതു പറയാൻ നിന്നെ ഏൽപിക്കുന്നു ' എന്നു പറഞ്ഞാലും വക്കാലത്താകും 

ഇന്നു നടക്കുന്ന സംഘടിത ഇറച്ചി വിതരണത്തിൽ അപാകതയുണ്ടോ?*

ചിലയിടങ്ങളിൽ ഗുരുതരമായ അപകടവും മറ്റു ചിലയിടത്ത് പുണ്യം കുറയുന്ന പ്രശ്നവും ഉണ്ട് 

അപാകത എങ്ങനെ സംഭവിക്കുന്നു?

നിരവധി മൃഗങ്ങളെ അറവു നടത്തി അവനവന്റെ ഓഹരിയിൽ നിന്നു അൽപംപോലും ഫഖീർ, മിസ്കീനിനു വിതരണം ചെയ്യാതെ മറ്റു മാംസങ്ങളുമായി കൂട്ടിക്കലർത്തിയാൽ ഉള്ഹിയ്യത്ത് സ്വഹീഹാണെന്നു ഉറപ്പിക്കാൻ പറ്റില്ല കാരണം, അൽപ മാംസം ഫഖീറിനോ മിസ്കീനിനോ വിതരണം ചെയ്യൽ നിർബന്ധമാണല്ലോ മാംസം കൂട്ടിക്കുഴച്ചു വിതരണം ചെയ്യുമ്പോൾ തന്റെ ഓഹരിയിൽ നിന്നു ഫഖീറിനു കിട്ടിയെന്നുറപ്പിക്കാൻ വഴിയില്ല 

ഉള്ഹിയ്യത്ത് അറുത്തു  മാംസം മറ്റു മാംസവുമായി കൂട്ടിക്കുഴക്കുംമുമ്പ് അൽപം ഫഖീറിനു കൊടുത്താലോ?

ഫഖീറിനു അൽപം കൊടുത്താൽ ഉള്ഹിയ്യത്ത് സാധുവായി ഉള്ഹിയ്യത്തിന്റെ പ്രതിഫലം കിട്ടി അതേസമയം മറ്റു മാംസങ്ങൾക്കും ഉള്ഹിയ്യത്തിന്റെ വിധിയുണ്ട് അംഗീകൃത രീതിയിൽ അവ വിതരണം ചെയ്യണം എങ്കലേ പ്രസ്തുത മാംസങ്ങളിൽ ഉള്ഹിയ്യത്തിന്റെ പ്രതിഫലം ലഭിക്കൂ 

അംഗീകൃത രീതി എങ്ങനെ?

ഉള്ഹിയ്യത്തു മാംസം മുഴുവനും വിതരണം സ്വയം നടത്തുകയോ മറ്റുള്ളവരെ അതിനു വക്കാലത്താക്കുകയോ വേണം (ഇന്നു വക്കാലത്ത്  കൂടാതെ കമ്മിറ്റിക്കാരും നാട്ടിലെ ചെറുപ്പക്കാരും വിതരണം ചെയ്യുകയാണ് അതു കേവലം മാംസ വിതരണമേആകൂ, ഉള്ഹിയ്യത്ത് വിതരണമാകില്ല) 

ഇന്നു പല മാടുകളുടെയും ചെവിയിൽ ദ്വാരമുണ്ടല്ലോ, അതു ഉള്ഹിയ്യത്തിൽ പറ്റുമോ?

മറുപടി: ഉള്ഹിയ്യത്ത് മൃഗത്തിന്റെ ചെവി മുറിക്കപ്പെട്ടാലും ദ്വാരമുണ്ടായാലും (കഷ്ണം മുറിഞ്ഞു പോയിട്ടുണ്ടെങ്കിൽ) അതൽപമാണെങ്കിലും പ്രസ്തുത മൃഗം ഉള്ഹിയ്യത്തിനു പറ്റില്ല ഇതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷമം അൽപം മുറിഞ്ഞാൽ ബുദ്ധിമുട്ടില്ലെന്നാണ് അപ്രബലാഭിപ്രായം ചെവിയിൽ നിന്നു അൽപം പോയാൽ പ്രശ്നമില്ലെന്നാണ് അബൂഹനീഫ (റ), മാലിക് (റ) എന്നിവരുടെ അഭിപ്രായവും (തർശീഹ്, പേജ്: 204) ഇന്നു പല മാടുകളുടെയും ചെവി ഒരുതരം വള കുടുക്കിയതുകൊണ്ട് ചെറിയ ദ്വാരമുണ്ട് അതിനു പ്രശ്നമില്ലെന്ന അഭിപ്രായം കൊണ്ട് പ്രവർത്തിക്കാം 

ഉള്ഹിയ്യത്തിന്റെ മൃഗത്തിനെ കാണുമ്പോൾ തക്ബീർ ചെല്ലൽ സുന്നത്തല്ലേ. ആര്? എപ്പോൾ? എങ്ങനെ ചെല്ലണം ?

ഉള്ഹിയ്യത്തിന്റെ മൃഗം എന്നല്ല. ഉള്ഹിയ്യത്ത് അറുക്കാൻ പറ്റാവുന്ന മൃഗങ്ങൾ (ആട്, മാട്, ഒട്ടകം) ഇവയെ ദുൽ ഹിജ്ജ 1 മുതൽ 10 വരെ കാണുകയോ അല്ലെങ്കിൽ അവയുടെ ശബ്ദം കേൾക്കുയോ ചെയ്താൽ ഹാജിമാർ അല്ലാത്തവർക്ക് 3 പ്രാവശ്യം  الله أكبر എന്ന് പറയൽ സുന്നത്താണ്. 10ന് ശേഷം ചെല്ലൽ സുന്നത്തില്ല. (ജമൽ : 2/101)

ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കിയ മൃഗത്തിന്റെ പാൽ കുടിക്കാൻ പറ്റുമോ ?

കുട്ടിയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് ഉടമസ്ഥന് കുടിക്കാം. പക്ഷേ കറാഹത്താണ്. ദാനം ചെയ്യലാണ് നല്ലത്. (തുഹ്ഫ : 9/366)

ഉള്ഹിയ്യത്തിന്റെ മാംസം മുബ്തദഇകൾക്ക് കൊടുക്കാൻ പറ്റുമോ ?

മുസ് ലിമായ മുബ്തദഇകൾക്ക് നൽകലും  അവരുടേത് സ്വീകരിക്കലും അനുവദനീയമാണ്. 

കാരണം കാഫിറിന് ഉളുഹിയത്ത് മാംസത്തില്‍ നിന്നും ഭക്ഷിക്കല്‍ അനുവദനീയമല്ല.

അത് ലഭിച്ച ഫഖീറിനോ , ഹദിയ നൽകപ്പെട്ടവനോ അതില്‍ നിന്നും കാഫിറിനു  ഭക്ഷിപ്പിക്കാൻ പാടില്ല. 

അതിന്റെ കാരണം ഉളുഹിയ്യത്തിനുള്ള ലഷ്യം ( പെരുന്നാള്‍ ആഘോഷിക്കുന്ന) മുസ്ലിംകള്‍ക്ക് സഹായം ചെയ്യുക എന്നതാണ്. 

അതുകൊണ്ട് മറ്റൊരാള്‍ക്ക് സൗകര്യം ചെയ്യാന്‍ പാടില്ല. (തുഹ്ഫ 9/363) 

ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിമിന് നൽകൽ ഹറാമാണല്ലോ. എന്നാൽ അമുസ്ലിമായ ഒരു വ്യക്തിക്ക് ഉള്ഹിയ്യത്തിന്റെ മാംസമല്ലാതെ വേറെ ഒന്നും കിട്ടിയില്ലെങ്കിൽ അവന് അത്  കൊടുക്കാമോ ?

അതെ. കൊടുക്കാം.! അവന്റെ ബുദ്ധിമുട്ടിനേ  തടയാനവശ്യമായത് നൽകൽ [അത്യാവശ്യമായത് മാത്രം] അനിവാര്യമാണ്. (ശബ്റാമല്ലിസി : 8/141)

( قَوْلُهُ : كَمَا لَا يَجُوزُ إطْعَامُ كَافِرٍ ) دَخَلَ فِي الْإِطْعَامِ مَا لَوْ ضَيَّفَ الْفَقِيرُ أَوْ الْمُهْدَى إلَيْهِ الْغَنِيُّ كَافِرًا فَلَا يَجُوزُ , نَعَمْ لَوْ اضْطَرَّ الْكَافِرُ وَلَمْ يَجِدْ مَا يَدْفَعُ ضَرُورَتَهُ إلَّا لَحْمَ الْأُضْحِيَّةِ فَيَنْبَغِي أَنْ يَدْفَعَ لَهُ مِنْهُ مَا يَدْفَعُ ضَرُورَتَهُ.( حاشية الشبراملسي : ٨/١٤١ )

വിദേശത്തുള്ള ഒരു വ്യക്തി കേരളത്തിൽ അറുക്കപ്പെടുന്ന ഉള്ഹിയ്യത്തിന്റെ ഏഴിലൊരു ഭാഗം പങ്ക് ചേർന്നു. ബലിപെരുന്നാൾ ദിവസം കേരളത്തിൽ അറവ് നടത്തി. പക്ഷേ വിദേശത്ത് അന്ന് പെരുന്നാളായിട്ടില്ല. എന്നാൽ ഈ വിദേശത്തുള്ള വ്യക്തിക്ക് അത് ഉള്ഹിയ്യത്തായി പരിഗണിക്കുമോ ?

ഈ പറയപ്പെട്ട മൃഗത്തിൽ വിദേശത്തുള്ള വ്യക്തിയുടെ ഓഹരി ഉള്ഹിയ്യത്തായി പരിഗണിക്കില്ല. കാരണം ഉള്ഹിയ്യത്തിൽ അത് അറുക്കുന്ന വ്യക്തി അപ്പോൾ എവിടെയാണോ താമസിക്കുന്നത് ആ നാടാണ് പരിഗണിക്കുക. (ഫതാവൽ കുബ്റ : 4/257)

ഉള്ഹിയ്യത്ത് മൃഗത്തിനെ അറുക്കുമ്പോൾ 4 കാലുകളും കൂട്ടി കെട്ടാൻ പാടില്ല എന്ന് പറഞ്ഞു കേട്ടു ശരിയാണോ ?

അതെ ശരിയാണ്. ഉള്ഹിയ്യത്ത് മൃഗത്തെ എന്നല്ല. ആട്, മാട് പോലെയുള്ള മൃഗത്തെ ഏത് സമയത്ത് അറുക്കുകയാണെങ്കിലും ഇടതു ഭാഗത്തിന്റെ മേൽ ചെരിച്ചു കിടത്തുകയും പിൻഭാഗത്തെ വലതു കാൽ ഒഴിച്ച് ബാക്കിയുള്ള 3 കാലുകൾ കൂട്ടിക്കെട്ടി അറുക്കലാണ് സുന്നത്ത്. (തുഹ്ഫ : 9/325) 

ഒരാൾ തന്റെ ഉള്ഹിയ്യത്ത് കർമ്മത്തിന്റെ പ്രതിഫലത്തിൽ ഭാര്യയേയും മക്കളേയും പങ്ക് ചേർത്താൽ അവർക്കും ആ കൂലി കിട്ടുമോ ?

കിട്ടും. എന്റെ ഉള്ഹിയ്യത്ത് കർമ്മത്തിന്റെ പ്രതിഫലത്തിൽ ഞാൻ എന്റെ വീട്ടിലുള്ളവരെ പങ്ക് ചേർത്തു എന്ന് ഒരാൾ പറഞ്ഞാൽ അവന്റെ വീട്ടിലുള്ളവർക്കും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. (തുഹ്ഫ & ശർവാനി : 9/349)

സ്ത്രീകൾക്ക് ഉള്ഹിയ്യത്ത് മൃഗത്തെ സ്വയം അറുക്കാൻ പറ്റുമോ ?

സ്ത്രീകൾക്ക് ഉള്ഹിയ്യത്ത് മൃഗത്തെ സ്വയം അറുക്കാവുന്നതാണ്. എങ്കിലും മറ്റൊരാളെ അറുക്കാൻ ഏൽപ്പിക്കലാണ് സ്ത്രീകൾക്ക് കൂടുതൽ ഉത്തമം. പുരുഷന് സ്വയം അറുക്കലാണ് ഉത്തമം. (തുഹ്ഫ : 9/348)

ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചിവൻ നഖം, മുടി എന്നിവ നീക്കം ചെയ്യാൻ പാടില്ല എന്ന് കേട്ടു. അത് മാത്രമാണോ ഉപേക്ഷിക്കേണ്ടത്? ഒന്നിൽ കൂടുതൽ മൃഗത്തെ അറുക്കുന്നുണ്ടെങ്കിൽ എപ്പോഴാണ് നീക്കം ചെയ്യേണ്ടത് ?

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം, താടി, മീശ, കക്ഷ രോമം, ഗുഹ്യ രോമം, മുടി പോലുള്ള ശരീരത്തിലെ മറ്റു വസ്തുക്കളും നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്.  എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി: 6/124)

ഉള്ഹിയ്യത്ത് എവിടെ വെച്ചാണ് അറുക്കേണ്ടത്. ചില ആളുകൾ പള്ളി പരിസരത്ത് വെച്ചും ചില ആളുകൾ സ്വന്തം വീട്ടിൽ വെച്ചും അറവ് നടത്തുന്നു. ഏതാണ് സുന്നത്ത് ?

ഭരണാധികാരി പൊതുഖജനാവിൽ നിന്ന് മുസ്‌ലിംകളെ തൊട്ട് അറവ് നടത്തുകയാണെങ്കിൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞ ഉടനെ നിസ്കാര സ്ഥലത്ത് വെച്ച് അറുക്കലാണ് സുന്നത്ത്. ഭരണാധികാരി അല്ലാത്തവർ സ്വന്തം വീട്ടിൽ വെച്ച്, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അറവ് നടത്തലാണ് സുന്നത്തുള്ളത്. (തുഹ്ഫ : 9/348)



അലി അഷ്ക്കർ - 9526765555


No comments:

Post a Comment