Thursday 24 June 2021

ബറാഅ്ബ്നു മാലിക് (റ)

 

ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ ഒരിക്കലും വിജയത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറുണ്ടായിരുന്നില്ല. രക്തസാക്ഷിത്വത്തെക്കുറിച്ച് മാത്രം! രക്തസാക്ഷികൾക്ക് അല്ലാഹു ﷻ ഒരുക്കിവെച്ച അതുല്യമായ പ്രതിഫലം നേടണം. അതിന്നപ്പുറം ബറാഅ് (റ) വിന് ആഗ്രഹിക്കാനൊന്നുമുണ്ടായിരുന്നില്ല.

അനസ് (റ)ഉം ബറാഅ് (റ)ഉം സഹോദരൻമാരായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ധീര വനിതയായ ഉമ്മുസുലൈം (റ) ആയിരുന്നു അവരുടെ മാതാവ്. പിതാവ് മാലിക്കും.

ഉമ്മുസുലൈം (റ) ഒരിക്കൽ തന്റെ പത്തുവയസ്സായ പുത്രൻ അനസിന്റെ കൈപിടിച്ച് നബിﷺയുടെ അടുത്ത് ചെന്നു. നബിﷺയോട് ഇങ്ങനെ പറഞ്ഞു: “ഇതാ എന്റെ മകൻ അനസ്. ഇന്ന് മുതൽ അങ്ങയുടെ സേവകനും ഭൃത്യനുമാകുന്നു. അവന്നു വേണ്ടി അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചാലും...”

നബി ﷺ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു: “നാഥാ, അനസിന് നീ സമ്പത്തും സന്താനങ്ങളും ദീർഘായുസ്സും നൽകേണമേ, അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ...”

ആ പ്രാർത്ഥനയുടെ ഫലം പിന്നീട് അനസ് (റ)വിന്റെ ജീവിതത്തിൽ പ്രകടമായി. നൂറോളം മക്കളും പേരമക്കളുമൊത്ത് അദ്ദേഹം പൂർണ്ണമായ ഒരു നൂറ്റാണ്ട് ക്ഷേമൈശ്വര്യത്തോടെ ജീവിച്ചു...

രണാങ്കണത്തിൽ കരിമ്പുലിപോലെ ജാഗ്രതകാണിച്ചിരുന്ന രണശൂരനായിരുന്നു ബറാഅ് (റ). ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ ഒരിക്കലും വിജയത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറുണ്ടായിരുന്നില്ല. രക്തസാക്ഷിത്വത്തെക്കുറിച്ച് മാത്രം..!!

ബദർ ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. യുദ്ധക്കളത്തിൽ ശത്രുസൈന്യത്തെ കണ്ടുമുട്ടിയാൽ അദ്ദേഹത്തിന്റെ ശരീരത്തിന് ഒരുതരം കിടിലവും കോരിത്തരിപ്പും ബാധിക്കുമായിരുന്നത്രേ! 

അപ്പോൾ കൂടെയുളളവർ അദ്ദേഹത്തെ താങ്ങിനിർത്തും. അൽപം ശാന്തമായാൽ ഒന്ന് മൂത്രിക്കും. മൈലാഞ്ചി നിറമുള്ള മൂത്രം! പിന്നീട് അദ്ദേഹം ഒരു പുലിയെ പോലെ ആയിത്തീരുകയും ചെയ്യും.!!

എപ്പോഴും രക്തസാക്ഷിത്വത്തെ കുറിച്ച് ചിന്തിക്കുകയും അഭിലഷിക്കുകയും ചെയ്തിരുന്ന ബറാഅ് (റ) ഒരിക്കൽ രോഗശയ്യയിലായി. അദ്ദേഹത്തെ ചില സുഹൃത്തുക്കൾ സന്ദർശിക്കാനെത്തി. സന്ദർശകരുടെ മുഖഭാവം വായിച്ച അദ്ദേഹം അവരോട് ചോദിച്ചു: 

“ഈ ശയ്യയിൽ കിടന്ന് ഞാൻ മരണപ്പെടുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടല്ലേ? അതൊരിക്കലുമുണ്ടാവുകയില്ല. അല്ലാഹു ﷻ എനിക്ക് രക്തസാക്ഷിത്വം തടയുകയില്ല. ഞാൻ രണാങ്കണത്തിൽ തന്നെയാവും മരണപ്പെടുക...''

ബറാഅ് (റ) വിന്റെ ആഗ്രഹം പിന്നീട് സാക്ഷാൽക്കരിക്കപ്പെടുക തന്നെ ചെയ്തു. ഇസ്ലാമിന്റെ ചരിത്രത്തിൽ ഭയാനകമായ ഒരു രണാങ്കണത്തിൽ വെച്ച് തന്നെ ബറാഅ് (റ) ധീരരക്തസാക്ഷിയായി.


യമാമ യുദ്ധക്കളത്തിൽ ബറാഅ്(റ) പ്രകടിപ്പിച്ച ധീരത ചരിത്രത്തിൽ ഏറെ ഇടംപിടിച്ചതായിരുന്നു. അല്ലാഹുﷻവിന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വമായിരുന്നല്ലോ അദ്ദേഹത്തിന്റെ ഏകാഭിലാഷം. വിജയനേട്ടങ്ങൾ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമല്ലായിരുന്നുതാനും. അതുകാരണം രണാങ്കണത്തിൽ അദ്ദേഹത്തിന്ന് ഒന്നും പേടിക്കാനുണ്ടായിരുന്നതുമില്ല...

ശത്രുനിരയിലേക്ക് എടുത്തുചാടുകയും കഴിയുന്നത്രപേരെ വകവരുത്തുകയും അവസാനം ഒരിടത്ത് തന്റെ അന്ത്യസങ്കേതം പുണരുകയും വേണം. അതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

യമാമയിൽ അണി ചിതറിയോടുന്ന മുസ്ലിം സൈന്യത്തോട് അദ്ദേഹം വിളിച്ചു പറഞ്ഞു:“മദീനാ നിവാസികളെ, നിങ്ങൾക്ക് ഇന്ന് മദീനയല്ല. അല്ലാഹുﷻവും അവന്റെ സ്വർഗ്ഗലോകവുമാകുന്നു ഉളളത്."

അദ്ദേഹത്തിന്റെ കണ്ണുകൾ ഏതോ ഒരു മഹത്തായ ലക്ഷ്യം പരതുന്നതുപോലെ കാണപ്പെട്ടു. ശത്രുസൈന്യം ഒരു തോട്ടത്തിന്റെ മതിൽകെട്ടിനുള്ളിൽ താവളമടിച്ചു.

അതൊരു സുരക്ഷിതസ്ഥാനമായിരുന്നു. മുസ്ലിം സൈന്യത്തിന്റെ ചുടുനിണം കൊണ്ടു യുദ്ധക്കളം ചെഞ്ചായം പൂശിക്കഴിഞ്ഞിരുന്നു. യുദ്ധത്തിന്റെ കടിഞ്ഞാൺ പലപ്പോഴും ശത്രുക്കളുടെ കയ്യിലായിരുന്നു. പ്രവാചക (സ്വ) യുടെ വഫാത്തിന് ശേഷം ആദ്യമായി.നടന്ന നിർണായകമായ ഒരു യുദ്ധമായിരുന്നു അത്. മുസൈലിയുടെ സൈന്യം എണ്ണത്തിലും വണ്ണത്തിലും വലുതായിരുന്നു.

അവരുടെ സുരക്ഷിത താവളത്തിലേക്ക് അതിക്രമിച്ചു കടക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് മനസ്സിലാക്കിയ ബറാഅ് (റ) ഒരു ഉയർന്ന സ്ഥലത്ത് കയറിനിന്ന് തന്റെ കൂട്ടാളികളോട്, തന്നെ മതിലിനപ്പുറത്തേക്ക് പൊക്കിയിടാൻ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്ന് എന്തിനു പേടിക്കണം! തന്റെ ലക്ഷപ്രാപ്തിക്ക് അതാണല്ലോ എളുപ്പവഴി..!!

ബറാഅ് (റ) തന്നെ സ്വയം മതിലിൽ കയറി. തോട്ടത്തിനുള്ളിലേക്ക് എടുത്തു ചാടി. അതുകണ്ട് കൂട്ടുകാർ ഒന്നൊന്നായി ബറാഅ് (റ) വിനെ അനുഗമിച്ചു. അവർ പുറത്തുള്ള മുസ്ലിം സൈന്യത്തിന് ഉള്ളിൽ നിന്ന് തോട്ടത്തിന്റെ വാതിൽ തുറന്നുകൊടുത്തു. മുസ്ലിം സൈന്യം അവിടെ പ്രവേശിച്ചു. മരണത്തിന്റെ വിളയാട്ടമായിരുന്നു പിന്നീട് അവിടെ നടന്നത്..!!

“മൃത്യുവിന്റെ ആരാമം” എന്നർത്ഥം വരുന്ന “ഹദീഖത്തുൽ മൗത്ത് '' എന്ന പേരിലാണ് പ്രസ്തുത തോട്ടം പിന്നീട് അറിയപ്പെട്ടത്.

യമാമയുദ്ധത്തിൽ ബറാഅ് (റ) വിന്റെ ആഗ്രഹം സാക്ഷാൽക്കരിക്കപ്പെട്ടില്ല. എങ്കിലും ശരീരമാസകലം മുറിവുകൾ ബാധിച്ച അദ്ദേഹം ഒരു മാസത്തിലധികം കിടപ്പിലായിരുന്നു.

റോമാ, പേർഷ്യൻ സാമ്രാജ്യങ്ങൾ ഇസ്ലാമിനെതിരെ പടപ്പുറപ്പാടായി. ഇസ്ലാമിന്റെ സംസ്ഥാപനത്തിന്നു വേണ്ടി ഹോമിക്കപ്പെട്ട മുസ്ലിം സൈന്യം അവരിൽ നിന്ന് അനുഭവിച്ച ക്രൂരതക്ക് കയ്യുംകണക്കുമുണ്ടായിരുന്നില്ല.

ഇറാഖിലെ ഒരു യുദ്ധക്കളത്തിൽ ശത്രുസൈന്യം അവരുടെ കോട്ടയിൽ അഭയംതേടി. ബറാഅ് (റ)വും സഹോദരൻ അനസുബ്നു മാലിക് (റ)വും കോട്ടയ്ക്ക് ചുറ്റും നിലയുറപ്പിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

കോട്ടയ്ക്കുള്ളിൽ നിന്നും ശത്രുക്കൾ ചുട്ടുപഴുപ്പിച്ച ചങ്ങലയിൽ ഘടിപ്പിച്ച ഒരുതരം ഇരുമ്പ് വളയം താഴോട്ടിറക്കുകയും അതിൽ അകപ്പെട്ടുപോകുന്ന മുസ്ലിംകളെ പൊക്കിയെടുത്ത് വകവരുത്തുകയും ചെയ്തുകൊണ്ടിരുന്നു.

ഒരിക്കൽ തന്റെ സഹോദരൻ അനസ് (റ) ഒരു കുരുക്കിൽപെട്ട് മേലോട്ട് ഉയർന്നുപോകുന്നതാണ് ബറാഅ് (റ) കണ്ടത്. അനസ് (റ) അതിൽ നിന്ന് രക്ഷപ്പെടാൻ അശക്തനായിരുന്നു. ബറാഅ് (റ) സഹോദരനെ ചാടിപ്പിടിച്ച് ചങ്ങലയുടെ കുരുക്കഴിച്ചു രക്ഷപ്പെടുത്തി. അപ്പോഴേക്കും ബറാഅ്(റ)വിന്റെ രണ്ടുകൈപ്പത്തികളിൽ നിന്നും മാംസം ഉരുകിപ്പോയിരുന്നു..!!

പേർഷ്യൻ സൈന്യവും ഹമാസിൻ ഗോത്രവും ഇസ്ലാമിനെതിരെ സംഘടിച്ചു പുറപ്പെട്ടു. ഉമർ (റ) കൂഫയിലായിരുന്ന സഅദുബ്നു അബീവഖാസ്‌ (റ)വിന്നും ബസറയിലെ അബൂമൂസൽ അശ്അരി (റ)വിന്നും ഹവാസിൻ ഗോത്രത്തിനെതിരെ ഓരോ സൈന്യത്തെ നിയോഗിക്കാൻ കത്തെഴുതി.

അബൂമുസൽ അശ്അരി (റ)വിനോട് സുഹൈലുബ്നു അദിയ്യിനെ (റ) സേനാനായകനായി നിയമിക്കാനും, ബറാഅ് (റ)വിനെ കൂടെ അയക്കാനും പ്രത്യേകം നിർദ്ദേശിക്കുകയുണ്ടായി.

ഇസ്തറിൽ വെച്ച് മുസ്ലിം സൈന്യം ശത്രുക്കളെ എതിരിട്ടു. രണ്ടു സഹോദരൻമാരും പ്രസ്തുത സൈന്യത്തിലുണ്ടായിരുന്നു.

ബറാഅ് (റ)വിന്റെ അന്തിമ യുദ്ധമായിരുന്നു അത്. ഈ യുദ്ധത്തിൽ എണ്ണമറ്റശത്രുക്കളെ അദ്ദേഹം വകവരുത്തി. ഇരുവിഭാഗത്തിൽ നിന്നും വളരെ പേർ മൃതിയടഞ്ഞു.

യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ചില സഹാബിമാർ ബറാഅ് (റ)വിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “ബറാഅ് , നബി ﷺ നിങ്ങളെക്കുറിച്ച് പറഞ്ഞത് നിങ്ങൾ ഓർക്കുന്നില്ലേ? നിങ്ങൾ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ആളാണല്ലോ. അതു കൊണ്ട് നമ്മുടെ വിജയത്തിന് വേണ്ടി നിങ്ങൾ ഒന്ന് പ്രാർത്ഥിച്ചാലും..!!''

ബറാഅ് (റ) വിനയാന്വിതനായി ഇരുകൈകളും ആകാശത്തിലേക്കുയർത്തി പ്രാർത്ഥിച്ചു "നാഥാ, ശത്രുക്കളെ നീ പരാജയപ്പെടുത്തേണമേ.. ഞങ്ങൾക്ക് വിജയം നൽകേണമേ..

ഇന്ന് എന്നെ നീ നിന്റെ പ്രവാചകന്റെ (സ്വ) സന്നിധിയിലേക്ക് വിളിക്കുകയും ചെയ്യേണമേ..!!''

ബറാഅ് (റ) തന്റെ സഹോദരന്റെ മുഖത്തേക്ക് അന്തിമമായി ഒന്ന് നോക്കി..

യാത്രപറയുന്നത് പോലെ...

അനന്തരം യുദ്ധക്കളത്തിലേക്ക് കുതിക്കുകയും ചെയ്തു. മുസ്ലിംകൾ പ്രസ്തുത യുദ്ധത്തിൽ വിജയം കൈവരിച്ചു. ശത്രുസേന പരാജിതരായി...

യുദ്ധക്കളത്തിൽ രക്തസാക്ഷികൾക്കിടയിൽ, ആ ധീര മുജാഹിദ് വലതു കയ്യിൽ തന്റെ രക്തം പുരണ്ട ഒരുപിടി മണ്ണുമായി, ശാന്തനായി പുഞ്ചിരിതൂകി നിവർന്നു മലർന്നു കിടക്കുന്നു. തന്റെ അഭിലാഷം സാക്ഷാൽക്കരിച്ച നിർവൃതിയോടെ...

“സലാമുൻ അലൈക്ക യാ ബറാഅ് ''



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.


No comments:

Post a Comment